മുന്‍പേ പറക്കുന്ന കാവ്യവലാകകള്‍: പദ്മദാസിന്റെ ആല്‍ബട്രോസിനെ കുറിച്ച്

മുന്‍പേ പറക്കുന്ന കാവ്യവലാകകള്‍: പദ്മദാസിന്റെ ആല്‍ബട്രോസിനെ കുറിച്ച്

'കവിതയെ ജീവിതംകൊണ്ടു നിര്‍ണ്ണയിക്കാനും ജീവിതത്തെ കവിത കൊണ്ടു നിര്‍വ്വചിക്കാനുമുള്ള വിനീതോദ്യമങ്ങള്‍' എന്നാണ് പദ്മദാസിന്റെ 'ആല്‍ബട്രോസ്' എന്ന കാവ്യ സമാഹാരത്തെ അതിന്റെ പുറംകവറില്‍ അടയാളപ്പെടുത്തുന്നത്.
''അതിനിഗൂഢമാം വനസ്ഥലികള്‍ പോല്‍
അപരിമേയമാം വിയല്‍പഥങ്ങള്‍പോല്‍
മതവും മാനുഷവിചാരവീഥിയില്‍
ചരിപ്പൂ ഞാന്‍ സദാ ഗഗനമാര്‍ഗേണ
സമുദ്രയാനം പിന്‍തുടരും പക്ഷിപോല്‍''
ആല്‍ബട്രോസ് ഏറ്റവും വലിപ്പം കൂടിയ ഒരു കടല്‍പ്പക്ഷിയാണ്. വളരെ ദൂരം ആകാശത്തിലൂടെ ഇവ പറന്നുപോകും. നാവികര്‍ക്കു വളരെ ഇഷ്ടപ്പെട്ട ഒരു പക്ഷിയാണിത്. ആല്‍ബട്രോസ് കപ്പലിനെ പിന്തുടരുന്നത് ശുഭസൂചനയാണെന്നും അതിനെ ഉപദ്രവിച്ചാല്‍ തങ്ങള്‍ക്കു ദോഷമുണ്ടാകുമെന്നും സമുദ്രസഞ്ചാരികള്‍ വിശ്വസിക്കുന്നു. പ്രാചീന നാവികന്‍ എന്ന കോളറിഡ്ജിന്റെ കൃതി ഇത്തരമൊരു പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വളരെ പരിചിതമായ ബിംബങ്ങളുപയോഗിച്ച്, കാവ്യസൗന്ദര്യം കുറഞ്ഞ വരികളിലൂടെ ധ്വനിപ്പിക്കാന്‍ പദ്മദാസിന്റെ കവിതകള്‍ക്കു സാധിക്കുന്നുണ്ട്. വളരെ ശാന്തമായി രസനീയമായി സഞ്ചരിക്കുന്നവയാണ് ഈ കവിതകള്‍. നമ്മുടെ പുരാണത്തെക്കുറിച്ചും ദേശത്തെക്കുറിച്ചും ചിന്തകള്‍ പുലര്‍ത്തുമ്പോള്‍ത്തന്നെയും സ്വാതന്ത്ര്യവും ജനാധിപത്യവുമെല്ലാം ഇന്ന് എവിടെയെത്തിനില്‍ക്കുന്നു എന്ന് ആകുലപ്പെടുന്നുമുണ്ട് ഈ കവിതകള്‍.

പദ്മദാസിന്റെ കാവ്യസങ്കല്‍പം
'പിറന്നാളുണ്ണികള്‍' എന്ന കവിത വിഷ്ണുനാരായണന്‍ നമ്പൂതിരിയുടേയും വില്യം ബട്‌ളര്‍ യേറ്റ്‌സിന്റേയും ജന്മദിനങ്ങള്‍ ഒത്തുവന്ന നിമിഷത്തിന്റെ സന്തോഷത്തില്‍ എഴുതപ്പെട്ടതാണ്. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ ഭേദിക്കുന്നതായിരിക്കണം കാവ്യം, സാഹിത്യം എന്ന് ഈ കവിത സൂചിപ്പിക്കുന്നു. സീതായനം എന്ന കവിത സീതയുടെ വിവിധ സ്വത്വങ്ങളെ, അവസ്ഥകളെ അവതരിപ്പിക്കുന്നു. 'ജനകസീത' എന്ന ഭാഗത്ത് ശ്രീരാമന്‍ സീതയെ ഒറ്റക്കുരുക്കില്‍ തളച്ചിട്ടു തന്റെ അധികാരം സ്ഥാപിച്ചതായിട്ടാണ് കവിത പറയുന്നത്. കാഞ്ചനസീത, മായാസീത, അശോകസീത, ക്രീഡാസീത, അവനീസീത, അഗ്‌നിസീത എന്നീ ഭാഗങ്ങളെല്ലാം സീതയെ മുന്‍നിര്‍ത്തിയുള്ള രാമായണ വിമര്‍ശനങ്ങള്‍ തന്നെയാണ്. കാഞ്ചനസീത എന്ന ഭാഗം നോക്കുക:
''അയോദ്ധ്യയുടെ കനക സിംഹാസനം
വലിച്ചെറിഞ്ഞ്, മരവുരിയുടുത്ത്
പ്രിയതമന്റെ കൂടെ
കാന്താരവാസത്തിനിറങ്ങിയവളെ
രത്‌നരൂപയാര്‍ന്ന ഒരു കനകമൃഗം
പ്രലോഭിപ്പിച്ച്
പിറകെ ഓടിപ്പിച്ചുപോലും!
നല്ല കഥ!
കഥയില്‍ ചോദ്യമില്ലാതെപോയ കഥ!''
സീതയെ, പെണ്ണിനെ കേവലം കനകത്തില്‍, ആഭരണത്തില്‍ മോഹപ്പെടുന്ന ഒരുവളായി ചിത്രീകരിക്കുന്ന പുരുഷകാഴ്ചകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കനകമെല്ലാം ഉപേക്ഷിച്ചവള്‍ കനകമൃഗത്തിന്റെ പുറകെ ഭ്രമിച്ച് ഓടിയെന്ന കഥയുടെ സാധുതയാണ് ഇവിടെ പൊളിയുന്നത്. സീതയെ ആഭരണ പണ്ടമായി, കാഴ്ചവസ്തുവായി സ്ഥാനപ്പെടുത്തുന്ന പുരുഷാധിപത്യ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കാഞ്ചനസീതയെ വെച്ച് അശ്വമേധം നടത്തുന്ന ബ്രാഹ്മണ-രാജാധിപത്യത്തിന്റെ യുക്തിയും ഇവിടെ വിമര്‍ശനവിധേയമാകുന്നു.

അനന്തപുരി എന്ന കവിത സ്ഥലവിവരണത്തെയാണ് സൂചിപ്പിക്കുന്നത്. സ്ഥലത്തെ മനുഷ്യ ജീവിതമായും സംസ്‌കാരവുമായും ബന്ധിപ്പിക്കുമ്പോള്‍ കിട്ടുന്ന അര്‍ത്ഥതലങ്ങളാണ് കവിതയുടെ സൗന്ദര്യമെന്നു പറയാം. സ്റ്റാച്ച്യു, പാളയം, വേളി, സെക്രട്ടേറിയേറ്റ്, പദ്മതീര്‍ത്ഥം, മ്യൂസിയം എന്നിങ്ങനെ പലതും ഇതില്‍ കടന്നുവരുന്നുണ്ട്. സ്റ്റാച്ച്യു എന്ന കവിത നോക്കുക:
''അറിയുന്നില്ല
ഔദ്യോഗികക്കെട്ടിടങ്ങളും അവിടത്തെ
മനുഷ്യരും
എപ്പോഴാണ്
പ്രതിമകളായി
മാറിയതെന്ന്!''
തിരുവനന്തപുരത്തെ ഭരണകേന്ദ്ര ഔദ്യോഗിക സ്ഥാപനങ്ങള്‍, മനുഷ്യത്വമില്ലാതെയായിക്കൊണ്ടിരിക്കുന്ന  ഒരു കാലത്തെയാണ് ഈ കവിത ഓര്‍മ്മിപ്പിക്കുന്നത്. ഭൂതകാലത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ് സ്റ്റാച്ച്യുവെങ്കില്‍ അതിന്റെ നിശ്ചലാവസ്ഥയെയാണ് ഇന്നത്തെ ഔദ്യോഗിക മനുഷ്യര്‍ പിന്തുടരുന്നത്. വര്‍ത്തമാനകാലത്തിന് ഒരു പ്രയോജനവുമില്ലാതെ നിലകൊള്ളുന്ന ഔദ്യോഗിക സ്ഥാപനങ്ങളും അധികാരികളുമാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്. ഹൈക്കു കവിതകളുടെ സൗന്ദര്യമാണ് ഈ കവിതകള്‍ പിന്തുടരുന്നത്.

'ചെരിപ്പുകടി' എന്ന കവിത ദളിത് അവസ്ഥയുടെ, പീഡിതമായ ഒരു സമൂഹത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. വളരെ സാധാരണമായി ഒരു ചെറിയ അനുഭവത്തിലൂടെയാണ് ഈ കവിത രൂപപ്പെടുന്നത്. പുതിയ ചെരിപ്പു ധരിക്കുമ്പോള്‍ നമ്മുടെ കാലുകള്‍ക്കുണ്ടാകുന്ന കടിയെ, വേദനയെയാണ് ഈ കവിത ഓര്‍മ്മിപ്പിക്കുന്നത്. ആ കടി, ഓര്‍ക്കാപ്പുറത്ത് തലയ്ക്ക് അടിയേറ്റ് ജീവനറ്റുപോയ മൃഗത്തിന്റെ പ്രതികാരമാണെന്ന് കവി എഴുതുമ്പോള്‍ കവിത അസാമാന്യമായ സൗന്ദര്യശില്പമായി മാറുന്നു.

അധികാരരൂപങ്ങളുടെ അധിനിവേശം
'പ്ലാവില' എന്ന കവിതയിലും ദളിതമായ ഒരു അവസ്ഥ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. പണ്ട് പ്ലാവില പഴുത്ത് നിലത്തു വീഴുമ്പോള്‍ വിശന്നവയറില്‍ കഞ്ഞികുടിപ്പിക്കാമെന്ന ചിന്ത പ്ലാവിലയ്ക്കുണ്ടായിരുന്നു. പ്ലാവിലയിലൂടെ ദരിദ്രമായ ഒരു ജീവിതത്തേയും സമൂഹത്തേയുമാണ് കവി ഇവിടെ അവതരിപ്പിക്കുന്നത്. പ്ലാവില ഉപയോഗിച്ച് കഞ്ഞികുടിക്കുന്ന ഒരുകാലമാണ് ഇവിടെ ഓര്‍മ്മപ്പെടുത്തുന്നത്. ആധുനികമായ, പുതിയ സാങ്കേതികതകള്‍ വരുന്നതോടെ പ്ലാവിലയെ ആശ്രയിക്കേണ്ട അവസ്ഥ വരുന്നില്ല. പ്ലാവിലകള്‍ ചവറുകൂമ്പാരങ്ങളിലേക്ക്  മാറ്റപ്പെടുന്നു. ആധുനികത ഇത്തരത്തില്‍ സാധാരണ മനുഷ്യരെ സാങ്കേതികതയുടെ വരവോടെ ഓരങ്ങളിലേക്ക്, ചേരികളിലേക്ക് പിന്തള്ളിയിരുന്നു. ഇനി ഒരിക്കലും ഉയര്‍ന്നുവരാത്തവിധം അവരുടെ ജീവിതം അടിച്ചമര്‍ത്തപ്പെട്ടിരുന്നു. പ്ലാവിലകള്‍ ഇന്നും 'വെന്തുമലച്ച അന്ന'ത്തിന്റെ ഓര്‍മ്മ പേറുന്നുണ്ടെന്നത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഭാവിസൂചകമാകാം.

അധികാരവും വിധേയത്വവും തമ്മിലുള്ള ബന്ധം എല്ലായ്പോഴും ഒരേപോലെയല്ല പ്രവര്‍ത്തിക്കുന്നത്. അധികാരത്തിനെതിരെ ചിലപ്പോഴെങ്കിലും ചെറിയ ചെറിയ പ്രതിഷേധങ്ങള്‍ ഉണ്ടായെന്നു വരും. 'വാച്ച് ഡോഗ്' എന്ന കവിതയിലെ ആഖ്യാനസ്ഥാനത്ത്  'നായ' വരുന്നത് പ്രത്യേക ഉദ്ദേശ്യത്തോടെയാണ്. എല്ലായ്പോഴും അടിമയായി യജമാനന്‍ പറയുന്നത് അതേപോലെ അനുസരിക്കുന്ന നായയെ ഇവിടെ കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു കിടക്കുന്നവന്റെ പ്രതീകമായി കാണാം.
''ഒരിക്കല്‍
എല്ലാ ആജ്ഞകളും ശിക്ഷണങ്ങളും
കണക്കുകൂട്ടലുകളും തെറ്റിച്ച്,
അടക്കിവെച്ച പ്രതിഷേധത്തിന്റെ
ഒരു കുരച്ചുചാട്ടമുണ്ട്.''
കീഴാളത്തത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് കുതിച്ചുചാടുവാനാണ് ഇതിലെ നായ ശ്രമിക്കുന്നത്. 'ബന്ധനം' എന്ന ചെറിയ കവിതയിലും സ്വാതന്ത്ര്യത്തിന്റെ ത്വരയാണ് കാണുന്നത്.
''തത്ത പറയുന്ന ഭാവിയില്‍
വിശ്വാസമൊന്നുമില്ല.
എങ്കിലും
ഇടയ്ക്കു ഞാനതു നോക്കുന്നു;
ഒരു നിമിഷത്തേക്കെങ്കിലും
ചീട്ടെടുക്കാനായി
കൂട്ടില്‍നിന്ന് അത്
സ്വാതന്ത്ര്യത്തോടെ
പുറത്തേക്കു വരുന്നതു കാണാന്‍.''
സ്വാതന്ത്ര്യത്തിന്റെ അല്പനിമിഷത്തെയാണിവിടെ കാണുന്നത്. മറ്റൊരാളുടെ ഭാവി പറയുന്ന തത്തയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചോര്‍ത്ത്  ഉള്ളില്‍ ചിരി പടര്‍ത്തുവാന്‍ കവിതയ്ക്കാവുന്നുണ്ട്.
കവികള്‍ വാക്കുകള്‍കൊണ്ട് കളിക്കുന്നവരാണ്. അവരുടെ വാക്കുകള്‍ക്ക് അനശ്വരതയുണ്ട്. കവികളും കോപ്പിറൈറ്റേഴ്‌സുമാണ് വാക്കുകളുടെ മൂല്യത്തെ മനസ്സിലാക്കുന്നവര്‍ എന്നു പറയാറുണ്ട്. വാക്കുകള്‍ അടുക്കിയടുക്കി വയ്ക്കുമ്പോള്‍ കിട്ടുന്ന സൗന്ദര്യമാണ് കാവ്യം. 'കവികുലം' എന്ന കവിത നോക്കുക:
''വാക്കടുത്തടുത്തു വെച്ചീടവേ
പ്രകാശവര്‍ഷങ്ങള്‍ തന്‍ ദൂരം പെറും
താരകങ്ങളെയല്ലോ
ചേര്‍ത്തുവെച്ചീടുന്നവര്‍.''
വരും ലോകത്തിനുവേണ്ടിയുള്ള ഊര്‍ജ്ജം സംഭരിച്ചുവയ്ക്കുന്നവരാണ് കവികള്‍. താരകങ്ങളെപ്പോലെ അവരുടെ കവിതകള്‍ ലോകത്തിനു പ്രകാശം നല്‍കുന്നു. ഇരുട്ടിന് വെളിച്ചമേല്‍ക്കുന്നു. കവികളുടെ സമകാലിക പ്രസക്തിയെയാണ് ഈ കവിത വരച്ചുകാണിക്കുന്നത്. വരികള്‍ ഒന്നിനോടൊന്ന് ചേര്‍ത്തുവയ്ക്കുന്നതിലൂടെ ജീവിതത്തെയാണ് അവര്‍ കൂട്ടിയിണക്കുന്നത്. വാക്കുകളുടെ ശക്തിയെ സൂചിപ്പിക്കുന്ന കവതയാണ് 'വാക്ക്.'
''വാക്കു കറന്നര്‍ത്ഥമെടുക്കെ
വാക്കിന്നുയിരിനിയും ബാക്കി.''

കവികളുടെ വാക്കിന്റെ ശക്തിയെത്തന്നെ സൂചിപ്പിക്കുന്ന ഈ കവിത ഘടനാവാദാനന്തര സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തില്‍ നോക്കാവുന്നതാണ്. വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധം സാംസ്‌കാരികമാണ്. അതിനാല്‍ വാക്കിനു നിരവധി അര്‍ത്ഥങ്ങള്‍ ഉണ്ടാകാം. നിരവധി ജന്മങ്ങള്‍ വാക്കിനുണ്ട്. ഉയിര്‍ നീട്ടിവയ്ക്കുന്ന ജന്മമാണല്ലോ വാക്കിന്റേത്.

റിയലിസ്റ്റിക് കവിതകളുടെ രചനാരീതി പിന്തുടരുകയാണ് 'പ്രാന്തത്തി'. ലൈംഗിക അതിക്രമത്തിന്റെ സമകാലിക പരിസരത്തില്‍ തെരുവില്‍ ജീവിക്കുന്നവര്‍ മുഷിഞ്ഞ വസിതങ്ങളോടെ ഭാണ്ഡക്കെട്ടുകളുമായി നടക്കുന്നത് അവര്‍ക്ക് കഴുകന്‍ കണ്ണുകളുമായി നടക്കുന്നവരില്‍നിന്ന് രക്ഷ നേടാനാണ്. 'പ്രാന്തത്തി'യുടെ രൂപത്തില്‍ നടക്കുന്ന സ്ത്രീക്ക് യഥാര്‍ത്ഥത്തില്‍ ഭ്രാന്തില്ലെന്നും കാമവെറിയന്മാര്‍ക്കാണ് ഭ്രാന്തുള്ളതെന്നും കവിത സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കുമേലെയുള്ള അതിക്രമങ്ങളുടെ മറ്റൊരാവിഷ്‌കാരമാണ്  'മൃഗയ' എന്ന കവിത.
''വേട്ട പെണ്ണിവളെന്നു
നീയപേക്ഷിക്കെപ്പോലും
വേട്ടപ്പെണ്ണിവളെന്നെന്‍
ദംഷ്ട്രകള്‍ കയര്‍ക്കുന്നു.''

നിലവിളികളെ പകര്‍ത്തുന്നത്
പെണ്ണിനെ വേട്ടയാടുന്ന കാലത്തെയാണ് കവിത സൂചിപ്പിക്കുന്നത്. വിവാഹവും ഒരു അര്‍ത്ഥത്തില്‍ വേട്ട തന്നെയാണോ എന്നും ആലോചിക്കാവുന്നതാണ്. ഒരു വേട്ടമൃഗത്തെപ്പോലെ സ്ത്രീകള്‍ക്ക് ജീവിക്കേണ്ടിവരുന്ന (സമൂഹത്തിലും കുടുംബത്തിലും) അവസ്ഥയെയാണ് കവിത ഓര്‍മ്മിപ്പിക്കുന്നത്. 'ചരിത്രത്തില്‍നിന്ന് ചില പെണ്‍ചോദ്യങ്ങള്‍' എന്ന കവിത കസ്തൂര്‍ബ, യശോധര, സീത, ആഭ, മനു, മുംതാസ് എന്നിവരുടെ പുരുഷാധിപത്യത്തോടുള്ള വിയോജിപ്പുകളുടെ ആവിഷ്‌കാരമാണ്. സത്യം, അഹിംസ, പ്രേമം, മര്യാദ, ധര്‍മ്മം എന്നിവ സ്ത്രീപക്ഷത്തു നോക്കുമ്പോള്‍ വളരെ വ്യത്യസ്തമാണെന്നാണ് ഈ കവിതകളിലെ ചോദ്യങ്ങള്‍ വ്യക്തമാക്കുന്നത്.

ആധുനിക ദേശരാഷ്ട്ര പുരോഗതിയുടെ ചിഹ്നമായി കാണുന്ന 'തീവണ്ടി' കേരള സംസ്‌കാരത്തില്‍ വളരെയധികം സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ആത്മഹത്യയുടെ ഇടമായി തീവണ്ടിപ്പാളങ്ങള്‍ നമ്മുടെ കലാസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'പാളം മുറിച്ചു കടക്കുന്ന പെണ്‍കുട്ടി' ഇത്തരമൊരു കവിതയാണ്. 'അവക്ഷിപ്തം' എന്ന കവിതയിലും തീവണ്ടിപ്പാളങ്ങളില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളെപ്പറ്റിയാണ് കവി സംസാരിക്കുന്നത്. ഈ കവിതയില്‍ കവി നേരിട്ട് വരുന്നുണ്ട്. തന്റെ കവിതയുടെ ദൗത്യം മണ്ണിനടിയില്‍ കിടക്കുന്ന പെണ്‍കുട്ടികളുടെ നിലവിളി കണ്ടെത്തി പകര്‍ത്തി എഴുതുക എന്നാണെന്നും കവി പറയുന്നു.
സ്‌നേഹത്തിന്റെ നവ്യാനുഭവം ആവിഷ്‌കരിക്കുന്ന കവിതകളാണ് 'ഗന്ധര്‍വ്വനോട്', 'സ്‌നേഹം' എന്നിവ. 'ഗഗനമാര്‍ഗേ ചരിക്കുക നീ സദാ, പ്രണയമൂട്ടുവാന്‍ താഴെയെത്തീടുക.' 'ഗന്ധര്‍വ്വനോട്' എന്ന ഈ രണ്ടുവരി കവിത കാല്പനിക പ്രണയത്തിന്റെ അനുഭവമാണ് കാണിക്കുന്നത്. ആകാശവും ഭൂമിയും ഗന്ധര്‍വ്വനും ചേരുന്ന പ്രണയമുഹൂര്‍ത്തമാണിത്. 'സ്‌നേഹം' എന്ന കവിത നോക്കുക:
''മഞ്ഞുപെയ്കിലും
മാരി പെയ്തീടിലും
കുഞ്ഞുപൂവിന്നുടല്‍
തുവര്‍ത്തീടുവാ-
നെന്നുമെത്തും
സഹസ്രാംശു രശ്മികള്‍.''
സ്‌നേഹത്തിന്റെ ഹൈക്കു കവിതകളാണിവ. കാല്പനികതയുടെ മഞ്ഞും മാരിയുമാണ് 'സ്‌നേഹം.'

പരത്തിപ്പറയാത്ത കവിതകള്‍

പദ്മദാസിന്റെ ഹൈക്കു-1, ഹൈക്കു-2 എന്നീ കവിതകളെ മേല്‍പ്പറഞ്ഞ കവിതകളുടെയൊക്കെ തുടര്‍ച്ചയായി (രൂപത്തില്‍) കാണാവുന്നതാണ്. വാക്കുകളില്‍ പിശുക്കു കാണിക്കുന്ന കാവ്യരൂപമാണ് ഹൈക്കു. ''പരത്തിപ്പറയാന്‍ ശീലിക്കാത്ത പദ്മദാസിന് ലഘുകവിതകളുടെ ഈ വഴി ഒരിക്കലും ദുര്‍ഗ്ഗമമായില്ല എന്നതിലുപരി തന്റേതായ ഒരു മാര്‍ഗ്ഗം കണ്ടെത്താനും കഴിഞ്ഞിരിക്കുന്നു. ആശയങ്ങളുടെ മുറുക്കം, പദസന്നിവേശത്തിന്റെ ഏകാഗ്ര സൂക്ഷ്മത, എല്ലാറ്റിനുമുപരി ധ്വനിയുടെ മുഴക്കം എന്നിവകൊണ്ട് വ്യതിരിക്തമാകുന്നുണ്ട് ഇക്കവിതകള്‍'' എന്ന് എന്‍. രാധാകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നുണ്ട്.
''വെള്ളം കോരുമ്പോള്‍
എണ്ണയിട്ട കപ്പിയില്‍
ഞെരിഞ്ഞമരുന്നു
നിരപരാധികളായ
ചോണനുറുമ്പുകള്‍.''
''കൊന്നുരിഞ്ഞ തോല്‍
വെട്ടിവീഴ്ത്തി തുരന്ന പ്ലാവ്
ചെണ്ടയുടെ ആസുരനാദം
കൊട്ടിയുണര്‍ത്തുമോ
ശ്രീലകത്ത് പള്ളികൊള്ളുന്ന പെരുമാളിനെ.''
ഒരു പ്രവൃത്തിയുടെ മറുവശം കാണിച്ചുതരുന്നതാണ് ഈ കവിതകള്‍. വെള്ളത്തിനുവേണ്ടി ഒരു കൂട്ടര്‍ പരിശ്രമിക്കുമ്പോള്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നു. പെരുമാളിനെ ഉണര്‍ത്താന്‍ 'തിന്മകള്‍'ക്കാവുമോ എന്ന ചോദ്യവും ശ്രദ്ധേയമാണ്. ചെറിയ വരികളിലൂടെ വലിയ ചിന്തയും സൗന്ദര്യവും നല്‍കുന്നവയാണ് ഇത്തരം ഹൈക്കുകള്‍.

ജനാധിപത്യത്തെ സംബന്ധിച്ച ആലോചനകളാണ്  'ന്യായവിധി', 'ജനായത്തം' എന്നീ കവിതകള്‍ മുന്നോട്ടുവയ്ക്കുന്നത്. 'ഐ' എന്ന കവിത തമിഴിലെ 'ഐ' എന്ന സിനിമയെക്കുറിച്ചാണ്. അഴകിനെക്കുറിച്ചുള്ള ഒരു വിചാരണയാണ് ഈ കവിത. 'നടത്തം' എന്ന കവിത അദ്ധ്വാനത്തെക്കുറിച്ചുള്ള പഴയ ഓര്‍മ്മകളെ ഉണര്‍ത്തുന്നു. കാളകള്‍ക്കു പിറകേ നടക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നടക്കുന്നതും രണ്ടു വ്യത്യസ്ത കാലങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. വീടു പറിച്ചുനടുമ്പോള്‍, മേല്‍ക്കൂര, പറിച്ചുനടാന്‍ കഴിയാത്തവ എന്നീ കവിതകളിലെല്ലാം വീട് പ്രമേയമാകുന്നു.
''വീട് പറിച്ചുനടുമ്പോള്‍
നാം കൂടെ കൊണ്ടുപോരുന്നില്ല
വീടിനെ മാത്രം.''
പുതിയ വീട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച പഴയ വീടിന്റെ കിന്നരികളോരോന്നും പഴയ വീട്ടിലേക്കു തിരിച്ചുപോകുന്നതായി അനുഭവപ്പെടുത്തുന്ന കവിതകളാണിവ. ഈ കവിതകളെല്ലാം 'വീടി'നെ ഗൃഹാതുരത്വത്തോടെ സമീപിക്കുന്നവയാണ്. പാരമ്പര്യം, തനത് എന്നിവയെ ഓമനിക്കുന്ന ഘടനയാണിത്. ആദ്യ വീടിനെ കേന്ദ്രസ്ഥാനമായി ഈ കവിതകള്‍ കാണുന്നു. ചുരുക്കത്തില്‍ പദ്മദാസിന്റെ 'ആല്‍ബട്രോസ്' എന്ന കാവ്യസമാഹാരം പാരമ്പര്യത്തിന്റേയും ആധുനികതയുടേയും ജീവിതങ്ങളുടെ സംഘര്‍ഷങ്ങളാണ്. നന്മയുടെ, അവശത അനുഭവിക്കുന്നവരുടെ കൂടെയൊക്കെയാണ് കവിത സഞ്ചരിക്കുന്നത്. കാവ്യപാരമ്പര്യത്തിന്റെയൊപ്പം നടക്കാനും അതിനെ പുതുക്കാനും 'ആല്‍ബട്രോസ്' ശ്രമിച്ചുകൊണ്ടിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com