ആധുനികതയുടെ പാരമ്പര്യം: എം മുകുന്ദന്റെ എഴുത്തുകളെക്കുറിച്ച്

പല കൈവഴികളിലൂടെ സഞ്ചരിച്ച് വീണ്ടും മയ്യഴിയില്‍ അഭയം പ്രാപിക്കുന്നതിന്റെ ചിത്രമാണ് ഒടുവിലത്തെ നോവലില്‍ കാണുന്നത്.
ആധുനികതയുടെ പാരമ്പര്യം: എം മുകുന്ദന്റെ എഴുത്തുകളെക്കുറിച്ച്

എം. മുകുന്ദന്‍ അവസാനമെഴുതിയ നോവലായ 'നൃത്തം ചെയ്യുന്ന കുടകളി'ല്‍ ദേശമാണ് പശ്ചാത്തലം. 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലും ദേശോന്മുഖമായ പ്രമേയ സ്വീകരണമാണ് മുകുന്ദന്‍ സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നോവലുകള്‍ ദേശാന്തരങ്ങളിലേക്ക് തീര്‍ത്ഥാടനം ചെയ്തു, പല കൈവഴികളിലൂടെ സഞ്ചരിച്ച് വീണ്ടും മയ്യഴിയില്‍ അഭയം പ്രാപിക്കുന്നതിന്റെ ചിത്രമാണ് ഒടുവിലത്തെ നോവലില്‍ കാണുന്നത്.  മുകുന്ദ കഥാപാത്രങ്ങളുടെ ദേശയാത്രകളില്‍ അവരില്‍ രൂപപ്പെട്ട ബഹുവിധങ്ങളും ബഹുമുഖങ്ങളുമായ ആതുരതകള്‍ അതതു കാലദേശസന്ധികളുടെ സങ്കീര്‍ണ്ണാവസ്ഥകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആധുനികതയുടെ ചിഹ്നങ്ങള്‍ നിരത്തിയ നോവലുകളില്‍നിന്ന് പാരമ്പര്യത്തിലേക്കുള്ള മടക്കയാത്രയും നാം കാണുന്നു. ഈ കൂട്ടത്തില്‍ സൈബര്‍ അധിഷ്ഠിത പശ്ചാത്തലത്തില്‍ ഭൂപടങ്ങളുടെ അതിരുകള്‍ ലംഘിക്കപ്പെട്ട് എം. മുകുന്ദന്‍ എഴുതിയ നോവല്‍ ആണ്, 'നൃത്തം' ഈ കാലഘട്ടത്തെ (ഇന്നത് കാലഹരണപ്പെട്ടുവെങ്കിലും) സമര്‍ത്ഥമായി ദേശപരവും ലോകാന്തരവുമായി സമഞ്ജസിപ്പിക്കാന്‍ 'നൃത്ത'ത്തിലൂടെ മുകുന്ദനു കഴിഞ്ഞു. നൃത്തം എന്ന നോവലിന്റെ അനന്തവായനാസാധ്യതകളില്‍ ഒന്നാണ് അതിലെ ആതുരാവസ്ഥകളുമായി ബന്ധപ്പെട്ട വിശകലനം. ഇത് 'നൃത്തത്തില്‍' മാത്രമല്ല കാണുന്നത്. 'ഹരിദ്വാറില്‍ മണിമുഴങ്ങുന്നു' എന്ന നോവലിലും പതിറ്റാണ്ടുകള്‍ക്കു ശേഷം എഴുതപ്പെട്ട 'ഡല്‍ഹി ഗാഥ'യിലും 'പ്രവാസ'ത്തിലും ഇതേ ആതുരതയുടെ അസന്ദിഗ്ദ്ധാവസ്ഥകള്‍ നോവലിസ്റ്റ് കൊണ്ടുവരുന്നുണ്ട്; അവ തമ്മില്‍ പാരസ്പര്യവുമുണ്ട്. 

ആധുനികത പാരമ്പര്യത്തിനെതിരാണോ? മുകുന്ദന്റെ നോവലുകളുടെ കാലക്രമമനുസരിച്ച് അദ്ദേഹം ആധുനികതയില്‍നിന്ന് പാരമ്പര്യാധിഷ്ഠിതമായ അന്തരീക്ഷത്തിലേക്ക് ചുവടുമാറുന്നതിന്റെ ദൃഷ്ടാന്ത കൃതി കൂടിയാണ് നൃത്തം. തുടര്‍ നോവലുകളിലും 'നൃത്തം' എന്ന സംജ്ഞ ആവര്‍ത്തിക്കുന്നുണ്ട്. ശരീരത്തിന്റെ ഒരവസ്ഥയാണ് നൃത്തം. മറ്റൊരവസ്ഥയാണ് രോഗം. ഇവ തമ്മില്‍ പ്രത്യക്ഷ ബന്ധമില്ല. എന്നാല്‍, നൃത്താധിഷ്ഠിതമായ ജീവിത പരിസരത്തെ രോഗാവസ്ഥയുടെ കെടുതിയുമായി സമഞ്ജസിപ്പിക്കുന്ന രചനാതന്ത്രമാണ്  ഈ നോവലില്‍ മുകുന്ദന്‍ സ്വീകരിക്കുന്നത്. ''എന്താണ് ആധുനികത'' എന്നു ചോദിച്ച മുകുന്ദന്‍, ആധുനികത എന്ന സങ്കല്പത്തെ തന്റെ കൃതികളിലൂടെ തള്ളിപ്പറയുന്നുണ്ട്. പരോക്ഷമായെങ്കിലും ആധുനികതയ്ക്കപ്പുറം യഥാര്‍ത്ഥ സാഹിത്യം ജീവല്‍സാഹിത്യമാണെന്ന് ഉറപ്പിക്കുന്നുമുണ്ട്. മുകുന്ദന്റെ കഥാപാത്രങ്ങള്‍ പലരും ആധുനികതയുടെ അസ്തിത്വപ്രശ്‌നങ്ങള്‍ പേറുമ്പോള്‍ തന്നെ, തങ്ങളെ ഭരിക്കുന്ന ഈ പൊള്ളയായ ജീവിതസങ്കല്പങ്ങളെക്കുറിച്ചും ജീവിതയഥാര്‍ത്ഥ്യങ്ങളുടെ പച്ചപ്പിനെ തൊടാനുള്ള കെല്പില്ലായ്മയെക്കുറിച്ചും ബോധവാന്മാരുമാണ്. ആദിത്യനും രാധയും മറ്റു ചിലരും, ഒരു ദളിത് യുവതിയുടെ കദനകഥ, ഡല്‍ഹി എന്നീ കൃതികളിലെല്ലാം ജീവിതപ്രഹേളികയുടെ കുഴഞ്ഞുമറിയലുകളും ഉത്തരമില്ലായ്മയും പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നു. നാഗരിക ജീവിതസമസ്യകളുടെ ഉത്തരവാദിത്വം സമൂഹത്തിലും മാറിയ ലോകക്രമങ്ങളിലേക്കും ആരോപിക്കുകയാണ് മുകുന്ദന്‍ ചെയ്യുന്നത്. വ്യഷ്ടിയും സമഷ്ടിയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയിലെ സങ്കീര്‍ണ്ണതകളാണ് മനുഷ്യനിലെ സകല പാപബോധങ്ങളുടേയും ഉറവിടമെന്ന ആധുനികതാ സങ്കല്പത്തെ ആ കൃതികള്‍ പിന്തുടരുന്നുണ്ട്. അതിനുള്ള പരിഹാരമായി, സമഷ്ടിയില്‍നിന്ന് കുതറിമാറി വിടുതല്‍ നേടിയ വ്യക്തിയാവുക എന്നും അത്തരം ജീവിതങ്ങളാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്നും കടിഞ്ഞാണറ്റ ആ സ്വാതന്ത്ര്യമാണ് പരമാനന്ദമായ മോക്ഷമെന്നും ഉള്ള ഉപരിതല സ്പര്‍ശിയായ ജീവിതദര്‍ശനം ആധുനികത മുന്നോട്ടുവെച്ചു. ഈ ജീവിതദാര്‍ശനികതയുടെ വാഹകരാണ് മുകുന്ദന്റെ കഥാപാത്രങ്ങളെല്ലാം എന്ന രീതിയിലുള്ള വായനകളാണ് മുകന്ദന്റെ കൃതികളില്‍ സംഭവിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ആധുനികതയുടെ ഇത്തരം ജാടകളെ കുടഞ്ഞെറിയാനും ഉത്തരം കിട്ടാത്ത ജീവിതപ്രഹേളികകളുടെ ആകെ തുകയായി ആധുനിക സാഹിത്യത്തെ അവരോധിക്കുന്നതിനുമെതിരെ മുകുന്ദന്‍ പൊരുതിയിട്ടുണ്ട്. അതായത് ആധുനികത മുകുന്ദന്‍ കഥാപാത്രങ്ങളുടെ പുറം തൊലിയാണ്. ആധുനികതയുടെ തിരശ്ശീലയ്ക്കു പിന്നില്‍ പാരമ്പര്യത്തിന്റെ ആട്ടം നടത്തിയവരാണ് മുകുന്ദന്റെ കഥാപാത്രങ്ങള്‍.

വി.കെ.എന്‍, ഒ.വി. വിജയന്‍, ആനന്ദ്, സക്കറിയ, പുനത്തില്‍, മുകുന്ദന്‍ എന്നിങ്ങനെ ഒരു കാലഘട്ടം ആധുനികതയുടെ വക്താക്കളായി ആഘോഷിച്ചവരുടെ കൃതികളിലെല്ലാം സൂക്ഷ്മവായനയില്‍ ഇത്തരം കുതറിമാറലുകള്‍ കാണാം. തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന പുതുജീവിതാദര്‍ശങ്ങളില്‍  അവര്‍ക്കു തന്നെ വിശ്വാസം നഷ്ടപ്പെട്ടിരുന്നതായി പല കഥാപാത്രങ്ങളിലൂടെയും അവര്‍ വിളിച്ചുപറയുന്നുണ്ട്. അതിനുമപ്പുറം 'വേരുകള്‍ നഷ്ടപ്പെട്ട' കഥാപാത്രങ്ങള്‍ തങ്ങളുടെ ജീവിതസൗഖ്യത്തെ സ്വന്തം ഗ്രാമവുമായും ദേശവുമായും വേരു കിളിര്‍ത്ത മണ്ണുമായും കൂട്ടിയിണക്കാന്‍ വെമ്പല്‍കൊള്ളുന്നവരുമാണ്. ഡല്‍ഹി, ബോംബെ പോലുള്ള മഹാനഗരങ്ങളില്‍ 'മുഖം നഷ്ടപ്പെടുന്ന' പല കഥാപാത്രങ്ങള്‍ക്കും സ്വന്തം 'മുഖം' തിരിച്ചുകിട്ടുന്നത്, സ്വന്തം ദേശത്തെ കണ്ണാടിയാക്കുമ്പോഴാണ്. മുകുന്ദന്റെ കഥാപാത്രങ്ങള്‍ നാഗരിക സാമൂഹിക നിര്‍മ്മിതിയായ 'അരാജകത്വമെന്ന' അഴുക്കുചാലില്‍ വീണ് അസ്തിത്വദുഃഖത്തിന്റെ രോഗവാഹകരാവുന്നുണ്ട്. ഏതൊരു അരാജകത്വവും ഒരു നാഗരികനിര്‍മ്മിതിയാണെന്ന് മുകുന്ദന്റെ കഥാപാത്രങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നു. നാട്ടിന്‍പുറനന്മകളിലെ ചില കെട്ടുപാടുകളുടെ ബലം പലപ്പോഴും 'താന്തോന്നിത്ത'ത്തെ പുറന്തള്ളി,  സ്‌നേഹപാശത്താല്‍ വ്യക്തിയെ ബന്ധിതനാക്കുന്നു. നാഗരികജീവിതം പഠിപ്പിച്ച മഹാസ്വാതന്ത്ര്യത്തിന്റെ പുളിച്ചുതികട്ടലും വമനേച്ഛയുമായി, ഗ്രാമീണ സ്‌നേഹബന്ധനത്തിന്റെ നനുത്ത സുഖശീതളിമ തേടി തിരിച്ചെത്തുന്നവരാണ് മുകുന്ദന്റെ കഥാപാത്രങ്ങള്‍. അതായത് അനന്തമായ സ്വാതന്ത്ര്യവും അപരിമേയമായ സുഖാസക്തിവാഞ്ഛയുമായി നാട്ടിന്‍പുറത്തുനിന്ന് പുറപ്പെട്ടു പോകുന്നവര്‍, തിരിച്ചെത്തുന്നത് രോഗികളായിട്ടാണ്; മാനസികമായോ ശാരീരികമായോ രണ്ടും ചേര്‍ന്നോ രോഗം അവരെ പീഡിപ്പിക്കുന്നുണ്ട്. പുറപ്പെട്ടുപോകലും തിരിച്ചെത്തലുകള്‍ക്കുമിടയിലുള്ള താളം തെറ്റിയ ജീവിതക്രമം മാത്രമാണ് മുകുന്ദന്‍ കഥാപാത്രങ്ങളുടെ സ്വത്വപ്രതിസന്ധിക്കു കാരണം. അതിനുള്ള ഒരു നിമിത്തമാണ് രോഗം. മുകുന്ദന്റെ കഥകളിലെ ആധുനികത എന്നത് രോഗം സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധിയില്‍ ഒതുങ്ങുന്നു. 

പലതരം രോഗങ്ങളാല്‍ കലുഷിതമാണ് മുകുന്ദന്റെ കഥാലോകം. 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' എന്ന ആദ്യ നോവലില്‍ തന്നെ ചെറുതും വലുതുമായ പലതരം രോഗങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സാമൂഹികനിലയില്‍ താണവര്‍ക്ക് ചൊറിയും ചിരങ്ങും മുടന്തും വിളര്‍ച്ചയും ആണെങ്കില്‍ ലെസ്ലി സായ്പ്പിനെ പോലെയുള്ളവര്‍ക്ക് ഹൃദ്രോഗം, ലൈംഗിക ബലഹീനത എന്നിവയാണെന്നുള്ള  വ്യത്യാസം മാത്രം. രോഗം ഒരു വേള മേലാളനും കീഴാളനും ആയി പകര്‍ന്നാടുന്ന മുകുന്ദന്റെ ആഖ്യാനലോകത്ത് പക്ഷേ, ലൈംഗിക രോഗികളും ഏറെയുണ്ട്. 'ഷണ്ഡന്‍ സായ്പ്പ്' മുതല്‍ രമേശ് പണിക്കരിലൂടെ അത് 'നൃത്ത'ത്തിലെ ബാലകൃഷ്ണന്‍ വരെ നീളുന്നുണ്ട്. ആധുനികതയുടെ കഥാകാലത്ത് 'രോഗം' ഒരു അസ്തിത്വപ്രശ്‌നം തന്നെയായിരുന്നു. ബാഹ്യവ്യവഹാരങ്ങളില്‍നിന്നും വ്യക്തി അന്യവല്‍ക്കരിച്ച് ആന്തരികവും ഏകാന്തവുമായ നിര്‍ജ്ജീവതയിലേക്കുള്ള പലായന രൂപകമായി രോഗം അക്കാലത്തെ കൃതികളില്‍ വ്യംഗ്യപ്പെടുന്നു. എന്നാല്‍, മുകുന്ദന്റെ കൃതികളില്‍ രോഗം ഒരു രൂപകമായല്ല, ഒരന്തരീക്ഷമായാണ് പ്രത്യക്ഷപ്പെടുന്നത്. സ്വദേശവും വിദേശവും പ്രവാസവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ആഴത്തിലുള്ള അടിയൊഴുക്കുകള്‍ വ്യക്തിയില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും പ്രതിരോധങ്ങളും അതിജീവനവും വ്യക്തമാക്കാനുള്ള തീക്ഷ്ണവും ശക്തവുമായ ഒരന്തരീക്ഷമായാണ് രോഗാവസ്ഥയെ മുകുന്ദന്‍ പൊലിപ്പിച്ചെടുക്കുന്നത്. അതിനെ ചെറുക്കാനായി പാരമ്പര്യ ചികിത്സകളും പാരമ്പര്യ ചിട്ടകളും ഒരുക്കുന്നിടത്തും മുകുന്ദന്‍ ശ്രദ്ധിക്കുന്നുണ്ട്. പാരമ്പര്യ കലകളും അഭ്യാസമുറകളും പരിശീലിച്ച് അരോഗദൃഢമായ ശരീരങ്ങളില്‍ നാഗരികതയാണ് രോഗത്തിന്റെ (പലപ്പോഴും പാപത്തിന്റെ) വിത്തുകള്‍ പാകുന്നത്. അവിടെയൊടുങ്ങാതെ ആ ശരീരങ്ങള്‍ വീണ്ടും സ്വദേശത്ത് തിരിച്ചെത്തി രോഗമുക്തരാകുന്ന സന്ദര്‍ഭങ്ങള്‍ മുകുന്ദന്റെ കഥാലോകത്ത് നിരവധിയാണ്. നൃത്തം, പ്രവാസം, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു എന്നിവ രോഗമെന്ന അന്തരീക്ഷത്തിന്റെ പുനര്‍വായനകള്‍ ആവശ്യപ്പെടുന്നവയാണ്; 'നൃത്തം' വിശേഷിച്ചും. 

ലോകം സാങ്കേതികവിദ്യയുടെ പരമാവധിയിലേക്ക് കുതിക്കാന്‍ തയ്യാറെടുത്ത രണ്ടായിരാമാണ്ടിലാണ് മുകുന്ദന്‍ തന്റെ 'സൈബര്‍ നോവല്‍' ആയ 'നൃത്തം' പ്രസിദ്ധീകരിക്കുന്നത്. കാലികമായി തന്റെ രചനാപരിസരങ്ങളെ, പ്രമേയങ്ങളെ പുതുക്കിയെടുക്കുന്നതിലെ സൂക്ഷ്മത ഈ കൃതിയിലും അദ്ദേഹം പാലിക്കുന്നുണ്ട്. വിവരസാങ്കേതികതയുടെ പുതുവാതായനങ്ങള്‍ തുറക്കാനായി ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് കുതിക്കാന്‍ ആരംഭിച്ച കാലം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വിസ്ഫോടനം ആഗോള ഗ്രാമമെന്ന സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ തുടങ്ങിയ കാലം. നവസാങ്കേതികവിദ്യയുടെ സ്വാധീനം ലോകജനതയ്ക്കിടയിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ, ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, കമ്പോളവല്‍ക്കരണം തുടങ്ങിയ സംജ്ഞകള്‍ സാധാരണക്കാരന്റെ ചെവികളില്‍ എത്തിയ കാലം. ഇ-മെയില്‍ അഡ്രസ്സും മൊബൈല്‍ ഫോണും പേര്‍സണല്‍ കംപ്യൂട്ടറും മലയാളിയുടെ ആഢംബര പ്രതിച്ഛായയുടെ ഭാഗമായി മാറിയ കാലം. വിരലനക്കങ്ങളിലേക്ക് ലോകം ഒന്നാകെ പെയ്തിറങ്ങാനും പുറംലോകത്തെ വിട്ട് നാലു ചുമരുകളുടെ സ്വകാര്യതയില്‍ മലയാളി സ്വന്തമായൊരു ലോകം തീര്‍ക്കാനും പഠിച്ചുതുടങ്ങിയ കാലം. സ്വന്തം ആവശ്യങ്ങളും ആസക്തികളും സ്വകാര്യമായിത്തന്നെ ലോകത്തോടു പങ്കുവെയ്ക്കാനും ലോകത്തിന്റെ മറുപടികളിലൂടെ തന്നെ കാണാനും പുതുക്കിപ്പണിയലില്‍ അഭിരമിക്കാനും മലയാളി പരിശീലിച്ചു തുടങ്ങിയ അക്കാലം, ഒരു മധ്യവര്‍ഗ്ഗ മലയാളിയുടെ ജീവിതത്തില്‍ നടത്തിയ മലക്കംമറിച്ചിലുകളും പൊളിച്ചെഴുതലുകളും അമ്പരിപ്പിക്കുന്നതായിരുന്നു. വെറും മലയാളി ആഗോള മലയാളിയായി മാറ്റപ്പെട്ടതിനു പല കാരണമുണ്ടെങ്കിലും പ്രധാനം വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം തന്നെയാണ്. ആ കാലങ്ങളുടെ ഗുണദോഷങ്ങളുടെ ഭാവാത്മകമായ ആഖ്യാനമാണ് 'നൃത്തം' എന്ന നോവല്‍. കേരളീയ ഗ്രാമീണത, കളരി, കല, സ്പോണ്‍സറിങ്ങ്, വൈദേശിക തിയേറ്റര്‍, സ്വവര്‍ഗ്ഗരതി, എയ്ഡ്‌സ് തുടങ്ങി മനുഷ്യന്റെ ജീവിതവ്യാപാരങ്ങളുടെ പോലും ആഗോളവല്‍ക്കരണവും ചരക്കുവല്‍ക്കരണവും വിവരസാങ്കേതികവിദ്യ തുറന്നിട്ട ജാലകങ്ങളിലൂടെ കയറിയിറങ്ങിപ്പോകുന്നതിന്റെ വിസ്മയിപ്പിക്കുന്ന വിഹ്വലതകള്‍ ഈ നോവലിലുണ്ട്. അതേസമയം ഇവയെല്ലാം വ്യക്തിയുടെ ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോകമ്പോള്‍ സ്വയം നിയന്ത്രണത്തിലല്ലാതാവുന്ന പുതുകാല വ്യക്തിജീവിതം നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങളും പതനവുമാണ് 'നൃത്തം'. വിദേശം രോഗവും പ്രവാസം രോഗാവസ്ഥയും സ്വദേശം ഔഷധവുമാകുന്ന ആഖ്യാനചാരുതയാല്‍ ഈ നോവല്‍ വായന ആ നിലയിലും ആസ്വാദ്യമാകുന്നു. 

സൈബര്‍ രോഗാതുരതയുടെ ചികിത്സാവിധി
ഒളിച്ചും മറച്ചും പിടിക്കേണ്ട പലതിനേയും കുറിച്ചുള്ള എക്കാലത്തേയും മനുഷ്യന്റെ സന്ദേഹങ്ങളേയും ഉല്‍ക്കണ്ഠകളേയും പറ്റി ഒട്ടും കൂസലില്ലാതെ അഭിസംബോധന 'ചതുരപ്പെട്ടി' 'സ്വകാര്യത ഒരു അവകാശമാണെന്ന' ന്യായവാദത്തെ നിയമമാക്കി മാറ്റാന്‍ സ്വാധീനിച്ചു. ''ലോകം സ്വന്തം വീടിനുള്ളില്‍ ഉള്ളപ്പോള്‍ എന്തിനു പുറത്തുപോകണം എന്നയാള്‍ സ്വയം ചോദിക്കും. കംപ്യൂട്ടര്‍ വാങ്ങിയതിനു ശേഷമാണ് അയാള്‍ക്ക് ഇത്തരം തോന്നലുകള്‍ ഉണ്ടായിത്തുടങ്ങിയത്. (പുറം 46. ഡി.സി. ബുക്‌സ്) 'സൈബര്‍ സ്പേസ്' (cyber space) എന്ന സ്വതന്ത്രവും സ്വകാര്യവുമായ സാധ്യതയെ തന്റെ സ്വത്വത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഉത്തരാധുനിക മനുഷ്യന്റെ ജൈവികവും ആത്മീയവും സര്‍ഗ്ഗാത്മകവുമായ തേടലുകളാണ് ഈ നോവല്‍ വിശദീകരിക്കുന്നത്. സാങ്കേതികവിദ്യയുടെ മുന്നേറ്റം മനുഷ്യജീവിതത്തെ എത്രത്തോളം സരളവും സ്വച്ഛവും ലളിതവുമാക്കുന്നു എന്ന നിഷ്‌ക്കളങ്കതയില്‍നിന്നു മാറി, ഇതിന്റെ കുത്തൊഴുക്കില്‍പ്പെട്ട്, ആത്മരതിയുടെ നിലകിട്ടാക്കയത്തില്‍ സ്വത്വനഷ്ടം സംഭവിക്കുന്ന വര്‍ത്തമാനകാല വ്യക്തിസ്വകാര്യതയെ ഈ കൃതി പ്രശ്‌നവല്‍ക്കരിക്കുന്നു. ''പുഴയുടെ കരയില്‍ ജനിച്ചുവളര്‍ന്ന, ഒരിടത്തും നില്‍ക്കാനാഗ്രഹിക്കാതെ കാറ്റുപോലെ നടന്ന, തിന്നു നിറയ്ക്കാനും തുണികൊണ്ടു മറയ്ക്കാനുമാണ് ശരീരം'' (പുറം 18- നൃത്തം) എന്നു വിചാരിച്ചിരുന്ന നാട്ടിന്‍പുറത്തുകാരനായ ബാലകൃഷ്ണന്റെ ആകെയുള്ള സ്വത്ത് കരുത്തുള്ള കറുത്ത ശരീരമായിരുന്നു. അതിനെ കണ്ടെടുത്ത്, പൊലിപ്പിച്ച്, പാരീസിലേയും ന്യൂയോര്‍ക്കിലേയും ഡാന്‍സ് ഫ്‌ലോറുകളിലും തിയേറ്റര്‍ പ്ലാറ്റ്‌ഫോമിലും തീപാറുന്ന നൃത്തച്ചുവടുകള്‍ കാഴ്ചവെയ്ക്കുന്ന 'അഗ്‌നി'യായി മാറ്റിപ്പണിതതില്‍ പാട്രിയ റുഡോള്‍ഫ് എന്ന യൂറോപ്യന്‍ ഡാന്‍സര്‍ക്കു മാത്രമല്ല, 'agni@aol.com' എന്ന സാങ്കേതിക മേല്‍വിലാസത്തിനും വ്യക്തമായ പങ്കുണ്ടായിരുന്നു. തന്റെ ശരീരത്തെ ആരാധിക്കാനും ആഘോഷിക്കാനും  സാധ്യതകള്‍ ആരായാനും ഒരുവേള ശരീരത്തെ പരസ്യമായും ഉപഭോഗവസ്തുവായും പരിചരിക്കാന്‍ പോലും മടിയില്ലാത്തവിധം ആത്മരതി ഒരു രോഗം പോലെ ബാലകൃഷ്ണനില്‍ പടരുന്നതിന് സൈബര്‍ ലോകമാണ് ഹേതുവാകുന്നത്.

റുഡോള്‍ഫിന്റെ കാമുകനായും തെരേസയുടെ കൂട്ടുകാരനായും പകര്‍ന്നാടാന്‍ അഗ്‌നിയെ സഹായിക്കുന്നത് കളരി വഴക്കമുള്ള കറുത്ത ശരീരം മാത്രമാണ്. സ്വവര്‍ഗ്ഗരതിയിലും ഉഭയരതിയിലും വേഴ്ച മാത്രമാണ് പ്രധാനമെന്നും ഉപഭോഗസംസ്‌കാരം (use and throw) എന്നത് ലൈംഗിക അരാജകത്വം കൂടിയാണെന്നും 'അഗ്‌നി' തെളിയിക്കുന്നു. സൈബര്‍ ഇടം നല്‍കുന്ന സാധ്യതകളിലൂടെ 'കാറ്റായും തീയായും' സഞ്ചരിച്ച 'അഗ്‌നി' എന്ന ബാലകൃഷ്ണന്  വൈദേശികത സ്വാതന്ത്ര്യം നല്‍കിയ പ്രതിഫലമായാണ് 'എയ്ഡ്‌സ് എന്ന രോഗത്തെ കഥാകാരന്‍ വിലയിരുത്തുന്നത്. അതായത്, സാങ്കേതിക സ്വാതന്ത്ര്യത്തെ വൈദേശികത സാമൂഹിക സ്വാതന്ത്ര്യത്തോടു കണ്ണിചേര്‍ക്കുമ്പോള്‍ കിട്ടുന്ന അതിലൈംഗികതാ സ്വാതന്ത്ര്യം, ഒരു പകര്‍ച്ചവ്യാധിയാണെന്നും ഒരു മലയാളി പ്രവാസിക്ക് ആ പകര്‍ച്ചവ്യാധി ഒരു സാംസ്‌കാരിക സദാചാര പ്രതിസന്ധി സൃഷ്ടിക്കുമെന്നും മുകുന്ദന്‍ കരുതുന്നു. അതിനാല്‍ എയ്ഡ്‌സ് എന്ന 'സ്വാതന്ത്ര്യ തെരഞ്ഞെടുപ്പ് രോഗ'ത്തിന്റെ അശ്ലീലതയെ മറികടക്കാന്‍ ബാലകൃഷ്ണന്‍ വീണ്ടും തന്റെ ഗ്രാമത്തിലേക്ക്... പുഴയോരത്തേക്ക്, വീട്ടിലേക്ക് പ്രണയിനിയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവിടെയൊന്നും താന്‍ തന്റെ മനസ്സ് കൊടുത്തിട്ടില്ലെന്നും ശരീരം കൊണ്ടുമാത്രമേ സഞ്ചരിച്ചിട്ടുള്ളൂ എന്നുമുള്ള തിരിച്ചറിവില്‍ അയാള്‍ പതറുന്നു. നാടിന് ഒരു വ്യക്തിക്കു നല്‍കാവുന്ന സ്‌നേഹസാന്ത്വന ചികിത്സയൊന്നും ഫലിക്കാനാവാത്തവിധം സ്വത്വനഷ്ടം സംഭവിച്ച സൈബര്‍ മനുഷ്യന്റെ  പ്രതിനിധിയാണയാള്‍; സ്വദേശത്തോ വിദേശത്തോ വേരുകളില്ലാത്ത വെറുമൊരു ഇ-മെയില്‍ വിലാസം.

'ആത്മകഥ'യിലെ 'ആത്മ'ത്തെ  സംശയിക്കേണ്ടുന്ന ഇടമാകുന്ന സൈബര്‍ലോകം നല്‍കുന്ന സാധ്യതകള്‍ പലതും രോഗാതുരമാണെന്നും അവയില്‍നിന്നുള്ള മോചനം പുറംലോകത്തേക്കുള്ള ഇറങ്ങിനടപ്പാണെന്നും മുകുന്ദന്‍ കരുതുന്നു. ബന്ധങ്ങളിലേക്കും ഓര്‍മ്മകളിലേക്കുമുള്ള ഇറങ്ങിനടപ്പാണ് സൈബര്‍ രോഗാതുരതയുടെ ചികിത്സാവിധിയായി മുകുന്ദന്‍ നിശ്ചയിക്കുന്നത്. സ്വകാര്യത-സ്വാതന്ത്ര്യം-രോഗം എന്നീ ത്രിത്വത്തിന്റെ ആസുരതയെ മറികടക്കാന്‍ പരസ്യത-സ്വാതന്ത്ര്യം-ശമനം എന്ന സ്വാസ്ഥ്യത്തെ പകരംവെയ്ക്കാമെന്ന് മുകുന്ദന്റെ കഥാപാത്രങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതൊരു പരമ്പരാഗതമായ ചിന്താഗതിയുടേയും ചികിത്സാവിധികളുടേയും പ്രായോഗികതയിലുള്ള കഥാകാരന്റെ വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്. 

'നൃത്തം' ഒരു പുരുഷ പ്രണയകഥയാണ്. പാട്രിക് റുഡോള്‍ഫ് എന്ന യൂറോപ്യനും ബാലകൃഷ്ണന്‍ എന്ന കേരളീയനും തമ്മിലുള്ള ആണ്‍പ്രണയമാണ് 'നൃത്ത'ത്തിന്റെ വൈകാരികാന്തരീക്ഷത്തെ ഉഷ്ണിപ്പിക്കുന്നത്. എന്നാല്‍, ആ പ്രണയം, പാശ്ചാത്യ, പൗരസ്ത്യ സംസ്‌കാരങ്ങളുടെ വിലയനമോ, അവയുടെ കൊടുക്കല്‍ വാങ്ങലുകളിലൂടെ ഉരുത്തിരിയുന്ന പുതിയ സംസ്‌കാരമോ ഒന്നും ആവുന്നില്ല നോവലില്‍. മറിച്ച് ആണ്‍പ്രണയവും ആണ്‍രതിയും സ്വാഭാവികവും സാധാരണവുമായ ജൈവിക ചോദനയാണെന്ന വസ്തുത മാത്രമേ കൃതി മുന്നോട്ടുവെയ്ക്കുന്നുള്ളൂ. ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന നിരവധി സദാചാര സംബന്ധമായ സംശയങ്ങള്‍ നോവല്‍ ഉന്നയിക്കുന്നുണ്ട്.

ഉത്തരാധുനികത എഴുത്തിലും സാമൂഹിക ജീവിതത്തിലും പുലര്‍ത്തിയ ബഹുസ്വരതയുടെ സ്വാഭാവിക വീര്യവും അതോടൊപ്പം അഭിമുഖീകരിച്ച ശാരീരികാധിഷ്ഠിതമായ കാപട്യങ്ങളുടെ വെളിപ്പെടലും ഈ നോവലിലുണ്ട്. അതിലൊന്നാണ് സ്വവര്‍ഗ്ഗരതി. സ്വവര്‍ഗ്ഗരതി അനാവശ്യവും അനാശാസ്യവുമെന്നു കരുതിയ ഒരുകാലത്തെ രചനയാണ് 'നൃത്തം.' ഉഭയരതിപോലെ സ്വവര്‍ഗ്ഗരതിയും മനുഷ്യവര്‍ഗ്ഗത്തിന്റെ ജൈവികതയില്‍ ആദ്യന്തം ഉണ്ടെന്ന വാദത്തെ അവഗണിച്ചിരുന്ന ഒരു സാമൂഹികാന്തരീക്ഷത്തിലാണ് കഥ തുടങ്ങുന്നത്. ബാലകൃഷ്ണനെ നൃത്തത്തില്‍ 'അഗ്‌നി'യാക്കി മാറ്റിപ്പണിത റുഡോള്‍ഫിന്, ഒരു പാശ്ചാത്യ നാഗരികന്റെ ആണ്‍രതിയെ പ്രകടമാക്കാന്‍ സാമൂഹികവും സാംസ്‌കാരികവുമായ തടസ്സമില്ല. എന്നാല്‍, കേരളീയനായ ബാലകൃഷ്ണന് കളരിക്കു പുറത്തെ ഇരുട്ടില്‍ രാജിയെന്ന പെണ്ണിനോടു മാത്രമേ ഇണചേരാനാവൂ എന്ന പൊതുമതം നോവല്‍ പ്രശ്‌നവല്‍ക്കരിക്കുന്നു. സ്വവര്‍ഗ്ഗരതിയുടെ അവസ്ഥാന്തരങ്ങള്‍ സൂക്ഷ്മമായി അനാവരണം ചെയ്യാന്‍ തന്നെയാണ് കഥാകാരന്‍ 'അഗ്‌നി'യെ കേരളത്തില്‍നിന്ന് യൂറോപ്പിലേക്ക് പറിച്ചുനട്ടത്. വര്‍ത്തമാന ഇന്ത്യ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും സ്വവര്‍ഗ്ഗാനുരാഗത്തിന്റെ അശ്ലീലതയെ ആഘോഷിക്കുന്ന മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ മുകുന്ദന്‍ തയ്യാറാവുന്നില്ല. സ്വവര്‍ഗ്ഗ ലൈംഗികതയും രോഗവും കലയും കാമവും കലര്‍ന്ന നോവല്‍ അന്തരീക്ഷം രോഗാതുരമാണ്.  പുതുകാലത്തിന്റെ പുതുശീലനിര്‍മ്മിതിയുടെ പ്രതിഫലം ശാരീരികമോ മാനസികമോ ആയ അനാരോഗ്യമാണെന്ന വാദമാണ് നോവല്‍ മുന്നോട്ടുവെയ്ക്കുന്നത്. 

'അഗ്‌നി' ഊര്‍ജ്ജമാണ്. സൃഷ്ടിസംഹാരങ്ങളുടെ ശക്തിസ്രോതസ്സ്. ചലനത്തിന്റേയും നിശ്ചലതയുടേയും ആധാരം. അതിനാല്‍ത്തന്നെ ജഠരാഗ്‌നിപോലും കാമാഗ്‌നിയും ജീവിതത്തെ ജീവിതവ്യമാക്കുന്ന ആവശ്യകതയാവുന്നു. കെടാത്ത അഗ്‌നിയുടെ സ്ഥിരതയും ആളുന്ന അഗ്‌നിയുടെ തീക്ഷ്ണതയും തമ്മിലുള്ള കലര്‍പ്പാണ് ശരീരം. അഗ്‌നിനാശമാണ് മരണം. ശരീരത്തിലെ സര്‍ഗ്ഗശേഷിയെ ഉണര്‍ത്തുന്നതും വളര്‍ത്തുന്നതുമായ ഊര്‍ജ്ജം അതുകൊണ്ടുതന്നെ ഫ്രോയിഡിയന്‍ തത്ത്വശാസ്ത്ര പ്രകാരമുള്ള 'ലിബിഡോ എനര്‍ജി' എന്നായി ഇവിടെയും വായിച്ചെടുക്കാം. നൃത്തം, കളരി എന്നിവ കായിക ചലനങ്ങളുടെ കൃത്യതയും ചടുലതയും തീര്‍ക്കുന്ന മായികതയിലാണ് വശ്യസുന്ദരമാകുന്നത്. ചലനചടുലതയുടെ പൂര്‍ണ്ണതയാവുന്ന നൃത്തം അതുകൊണ്ടുതന്നെ ശരീരോര്‍ജ്ജത്തിന്റെ പ്രകടനവും പ്രതിഫലനവുമാണ്. അഥവാ മനുഷ്യന്റെ ആത്മീയവും ബൗദ്ധികവും ശാരീരികവുമായ എല്ലാത്തരം വൈകാരികതകളുടേയും തീയാളലാണ് ഏതൊരു കലയും. നൃത്തത്തിലൂടെ വേദിയില്‍ തന്റെ കറുത്ത ശരീരത്താല്‍ തീ പറത്തുന്ന അഗ്‌നി, സദസ്സിനെ ശാരീരികമായും മാനസികമായും ഉത്തേജിപ്പിക്കുകയാണ്. 'കറുത്ത ഉടല്‍' ഒരേസമയം കരുത്തിന്റേയും കീഴാളത്തത്തിന്റേയും നിറമാകുന്നു. 'വര്‍ണ്ണവെറി'യുടെ വര്‍ത്തമാനകാലം വര്‍ണ്ണത്തെ വംശീയതയായും ദേശീയതയുടെ വിപരീതമായും കണക്കാക്കുന്നുണ്ട്. മുതലാളിത്ത രാഷ്ട്രങ്ങള്‍ 'വര്‍ണ്ണവെറി'യുടെ പ്രചാരകരാവുമ്പോള്‍, രാജ്യത്തിന്റെ സമ്പദ്ഘടനയെ വിപുലീകരിക്കാന്‍ കറുത്തവന്റെ കരുത്തിനെ, അധ്വാനവീര്യത്തെ ആശ്രയിക്കേണ്ടിവരുന്ന വിരോധാഭാസവും നിലനില്‍ക്കുന്നുണ്ട്. 'കാരിരുമ്പ്' എന്ന പദം തന്നെ ഈയൊരു വര്‍ണ്ണത്തിലെ കരുത്തിനെ പ്രതിനിധീകരിക്കുന്നു. കറുത്ത ഉടലിന്റെ ചരിത്രപരമായ സാധുത, അത് പ്രകൃതിയോട് പൊരുതിയ ദ്രാവിഡന്റെ വര്‍ണ്ണം കൂടിയാണ്. അതുകൊണ്ടുതന്നെ പ്രപഞ്ചശക്തികളോടെതിരിട്ട് കാലങ്ങളിലൂടെ മുന്നേറിയ മാനവചരിത്ര സാംസ്‌കാരികതകളില്‍ കറുത്തവന്റെ പാദമുദ്രകള്‍ക്ക് കനപ്പും ചുവപ്പും കൂടുതലാണ്. ശ്വേതവര്‍ണ്ണത്തിന്റെ ആര്യ ആഢ്യത്വത്തെ കറുപ്പിന്റെ കരുത്തിനാല്‍ ജയിക്കുന്നതിന്റെ വശ്യതയാണ് അഗ്‌നയും റുഡോള്‍ഫിന്റേയും സ്വവര്‍ഗ്ഗരതിയില്‍ പ്രകടമാവുന്നത്. ലോകം ഭരിക്കുന്നവന്റെ ധവളിമയെ ലോകം നിലനിറുത്തുന്നവന്റെ കാളിമ കീഴടക്കുന്നതിന്റെ സൗന്ദര്യാത്മകതയാണത്. രതിയിലെങ്കിലും അധികാരിയെ കീഴടക്കുന്നവന്റെ പൗരുഷഭംഗി ആ രംഗത്തെ ഉജ്ജ്വലമാക്കുന്നു. നോവലിലെ ഒരു രംഗം നോവലിന്റെ സമഗ്രതയെ ആവാഹിച്ചെടുക്കുന്ന ആഖ്യാനം മലയാള നോവലില്‍ അപൂര്‍വ്വമാണ്. അതേസമയം കറുത്തമണ്ണില്‍ വെളുത്ത വിഷബീജങ്ങളുടെ ആസുരതാണ്ഡവമായും അധിനിവേശ ഭീകരതയായും ഇത് മാറ്റി വായിച്ചാല്‍, ആ ഭീകരതയുടെ സര്‍വ്വനാശോന്മുഖമായ പ്രഹരശേഷിയെയാണ് 'എയ്ഡ്‌സ്' എന്ന രോഗ ചിത്രീകരണത്തിലൂടെ കഥാകാരന്‍ വെളിപ്പെടുത്തുന്നത്. 

'പ്രവാസം' മുകുന്ദന്റെ കഥകളിലെ സ്ഥായിയായ ജീവിതാവസ്ഥയാണ്. ജീവനത്തിനായി ഉപജീവനമാര്‍ഗ്ഗങ്ങള്‍ തേടിപ്പോവുകയും അവയെത്തന്നെ അതിജീവനമായി മാറ്റിപ്പണിയുകയും ചെയ്യുന്നവരാണ് മുകുന്ദന്റെ കഥാമനുഷ്യര്‍. വിദേശത്തെ തൊഴില്‍ നല്‍കുന്ന മാനസികവും ശാരീരികവുമായ രോഗാവസ്ഥകളെ മറികടക്കാന്‍ ദേശസ്മരണകളെ അവര്‍ ഔഷധമാക്കുന്നു. നിത്യവൃത്തികള്‍ രോഗമാവുന്ന പരിതോവസ്ഥകളെ ഓര്‍മ്മകളാല്‍ ലേപനം ചെയ്തുണക്കുന്ന മായികത മുകുന്ദന്‍ കൃതികളുടെ അന്തര്‍ധാരയാണ്. ''മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നിറഞ്ഞൊഴുകുന്ന ആറും അതിലെ വള്ളങ്ങളും കരിമീനും എനിക്കിപ്പോഴും നഷ്ടബോധത്തിന്റെ ആധിയാണ്'' എന്നു പറയുന്ന 'പ്രവാസ'ത്തിലെ (പുറം 34) അമേരിക്കന്‍ മലയാളിയായ വര്‍ഗ്ഗീസ് കുറ്റിക്കാടന്‍, ചെന്നെത്തിയ ഇടത്തില്‍ മുപ്പതുകൊല്ലം കഴിഞ്ഞിട്ടും വേരുപിടിക്കാനാവാത്ത മലയാളി പ്രവാസത്തിന്റെ നോവാണ്. പ്രവാസം നല്‍കുന്ന അന്യവല്‍ക്കരണത്തിന്റെ നീറ്റലുകളെ ശമിപ്പിക്കാന്‍ വേരുകളെ തന്റെ മണ്ണില്‍ത്തന്നെ തെരയേണ്ടതിനെപ്പറ്റി, ഉറപ്പിക്കേണ്ടതിനെപ്പറ്റി അയാള്‍ ബോധവാനാണ്. ''വിളക്കുകാലിനു ചുവട്ടില്‍നിന്ന് മുണ്ടുപൊക്കി മൂത്രമൊഴിക്കുന്ന മധ്യവയസ്‌കനേയും ചുവട്ടില്‍ തളംകെട്ടി കിടക്കുന്ന 'മഞ്ഞമൂത്ര'ത്തേയും കണ്ട് 'ഷൂട്ട് ഹിം, കില്‍ ഹിം' എന്ന് അലറുന്ന മകള്‍ ബിന്‍സിയോട് അയാള്‍ പറയുന്നത് ''മോളേ നമ്മുടേത് ഒരു പുവര്‍ കണ്‍ട്രിയാണ്. എല്ലാവരും പാവങ്ങളും. പട്ടിണികിടക്കുന്നവര്‍ക്ക് വൃത്തീം വെടിപ്പും നോക്കാന്‍ എവിടെ നേരം?'' എന്നാണ്. എങ്കിലും അയാള്‍ ആഗ്രഹിക്കുന്നത് കേരളം എന്ന 'മാലിന്യക്കുഴി'യിലേക്ക് തിരിച്ചുവരാനാണ്. സ്വദേശത്തെ മണ്ണും വായുവും നല്‍കുന്ന 'രസായന ചികിത്സ'യോളം വരുന്നില്ല അയാള്‍ക്ക് തേച്ചുമിനുക്കപ്പെട്ട് അണുവിമുക്തമായ അമേരിക്കന്‍ കാലാവസ്ഥ. വിദേശം നല്‍കുന്ന രോഗാതുര നോവലുകള്‍ക്ക് ഗ്രാമീണ സ്മൃതികള്‍ ശമനൗഷധമാകുന്നതിന്റെ ആര്‍ദ്രസൗന്ദര്യത്തികവു കൂടിയാവുന്നു മുകുന്ദന്റെ നോവലുകള്‍. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ആധുനികതയുടെ സന്ദേഹങ്ങള്‍ക്കും സംത്രാസങ്ങള്‍ക്കുമുള്ള ഒറ്റമൂലികള്‍ പാരമ്പര്യബോധത്തിന്റെ ഭൂമികയില്‍ ഉണ്ടെന്നു വിശ്വസിച്ച കഥാകാരന്‍ കൂടിയാണ് മുകുന്ദന്‍. 

വൈദേശികമായ തുറന്ന സാംസ്‌കാരിക സമീപനത്തേയും ഇടപെടലുകളിലെ സുതാര്യതകളേയും അരാജകത്വ രോഗപ്രവണതകളായി മുകുന്ദന്‍ നിരീക്ഷിക്കുന്നു. 'പ്രവാസ'ത്തില്‍ അമേരിക്കന്‍ മലയാളി പെണ്‍കുട്ടിയായ ബിന്‍സിയുടെ ബാഗില്‍ 'കോണ്‍ഡം' കണ്ട് പൊട്ടിത്തെറിക്കുന്ന, അമേരിക്കന്‍ നേഴ്സെങ്കിലും തനി മലയാളി കുടുംബിനിയും അമ്മയുമായ അച്ചാമ്മയോട്, 'Condoms protect me from HIV infections' എന്നു പറയുന്ന ബിന്‍സിയെ ''ഒരു തല തെറിച്ച പെണ്ണായി''ട്ടാണ്  കഥാകൃത്ത് അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വ്യക്തിശുചിത്വവും ലൈംഗിക ശുചിത്വവും പാലിക്കേണ്ടതിന്റെ പൊതുബോധം ഉള്‍ക്കൊണ്ട പുതുകാല സ്ത്രീയുടെ പ്രായോഗിക ബൗദ്ധിക നിലവാരത്തിന്റേയും ലൈംഗിക സ്വാതന്ത്ര്യത്തിന്റേയും വക്താവാണ് ബിന്‍സി. മുകുന്ദന്റെ കഥാലോകത്തിലെ തികച്ചും വ്യത്യസ്തയും പുതുകാല സ്ത്രീസ്വാതന്ത്ര്യവാദിയുമാണ് ബിന്‍സി കുറ്റിക്കാടന്‍. കൊറ്റിയത്ത് അശോകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍, 'How do you perform in bed? എന്നും, 'It's my life, എനിക്ക് റിസ്‌ക് എടുക്കാനാവില്ല, So you prove it' (പുറം: 352. പ്രവാസം) എന്നുമുള്ള ബിന്‍സിയുടെ വാക്കുകള്‍ക്കു മുന്‍പില്‍ സദാചാര മലയാളി പുരുഷനായ അശോകന്‍ അസ്തപ്രജ്ഞനാവുന്നു. പുതുകാല യുവതയുടെ ഇടയിലെ 'ഡേറ്റിങ്ങ് സമ്പ്രദായ'ത്തെക്കുറിച്ച് പത്തുകൊല്ലം മുന്‍പ് മലയാളി പുരുഷനുണ്ടായിരുന്ന അജ്ഞത എന്നതിനെക്കാള്‍, അത് ''രോഗാതുരമായ സാംസ്‌കാരികതയുടെ ഉല്പന്ന''മാണെന്ന ഒരു ശരാശരി അമേരിക്കന്‍ മലയാളിയുടെ പോലും ചിന്തയാണെന്നതാണ് വാസ്തവം. തുറന്ന ഇടപഴകലുകള്‍ ലോകയൗവ്വനത്തിനു നല്‍കുന്ന 'അശ്ലീല സമ്മാന'മാണ് എയ്ഡ്‌സ് എന്നും ലൈംഗിക അരാജകത്വം നിറഞ്ഞ വൈദേശിക സാമൂഹികാന്തരീക്ഷത്തിന്റെ ബീഭത്സബിംബമാണതെന്നും കേരളീയതയുടെ പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബ ബന്ധങ്ങളില്‍ ഉരുവംകൊള്ളുന്ന ഇഴയടുപ്പമുള്ള ആണ്‍പെണ്‍ ബന്ധം നല്‍കുന്ന ലൈംഗിക സുരക്ഷിതത്വമാണതിനുള്ള ഏക പ്രതിവിധിയെന്നും മുകുന്ദന്‍ ഉറപ്പിക്കുന്നു. അതായത് ആധുനികനായ മുകുന്ദനും ഉത്തരാധുനികനായ മുകുന്ദനും തമ്മിലുള്ള വ്യത്യാസം സദാചാര പാരമ്പര്യമൂല്യങ്ങളിലുള്ള കടുംപിടുത്തത്തിലാണ്. അരാജകവാദിയായ ആധുനിക മുകുന്ദനെ അട്ടിമറിച്ച് പാരമ്പര്യമൂല്യങ്ങളില്‍ സ്വയം ഉറപ്പിച്ചു നിറുത്തുകയാണ് ഉത്തരാധുനികനായ മുകുന്ദന്‍ ഒരിക്കല്‍ താന്‍ ആശ്ലേഷിച്ചതിനെ സമൂലം കുടഞ്ഞെറിഞ്ഞ് തന്നിലെ പാരമ്പര്യവാദിയെ ഉറക്കെ പ്രഖ്യാപിക്കുകയാണ് ആധുനികാനന്തര കാലത്തെ മുകുന്ദന്റെ എഴുത്തുകള്‍. 'അപ്പന്റെ ബ്രാണ്ടിക്കുപ്പി', 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്നീ സമീപകാല രചനകള്‍ പോലും വ്യത്യസ്തമല്ല. 

ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലൂടെയുള്ള നടത്തമാണ് 'ദല്‍ഹി ഗാഥകള്‍.' അതിലെ ശരീരം വിറ്റു ജീവിക്കുന്ന 'റോസി'യുടെ ഓര്‍മ്മകളിലൂടെയുള്ള തീര്‍ത്ഥനത്തിലും സ്വന്തം മണ്ണ് തെളിയുന്നുണ്ട്. ''മണ്ണും പെണ്ണും നമ്മടെ നാട്ടിലേതാണ് നല്ലത്'' എന്ന ഒരുവേള സ്ത്രീ വിരുദ്ധവും സ്ത്രീയെ കുടുംബത്തില്‍ തളച്ചിടുന്നതുമായ പാരമ്പര്യമൂല്യബോധത്തെ തന്നെയാണ് മുകുന്ദന്‍ പിന്തുടര്‍ന്നത്. വിവാഹം എന്ന ബന്ധനം ഇഷ്ടപ്പെടാത്ത, സ്വതന്ത്ര ലൈംഗികത അനുവദിക്കുന്ന ഒരു സൊസൈറ്റിയെ സ്വപ്നം കാണുന്ന, സിഗരറ്റ് വലിച്ച് അമ്മയുടെ മുഖത്തേക്ക് പുകയൂതി വിടുന്ന, കാമുകിയെ സായ്പ് ബലാല്‍ക്കാരം ചെയ്യുന്നതായി ഭാവനയില്‍ കണ്ടു രസിക്കുന്ന രമേശനും (ഹരിദ്വാറില്‍ മണി മുഴങ്ങുന്നു) ഒരു സ്വാതന്ത്ര്യദിനത്തിലെ തിരിച്ചുപോക്കിനെക്കുറിച്ചുള്ള ചിന്തകളില്‍ പച്ചപ്പുകള്‍ നിറഞ്ഞ ഗ്രാമഭംഗി തേടുന്നു. ലഹരിയാല്‍ മലിനീകരിക്കപ്പെട്ട അവന്റെ ബോധത്തെ ഓര്‍മ്മകളിലെ ഹരിതാഭ ശുദ്ധീകരിക്കുന്നു. അസ്തിത്വ ദുഃഖം പേറുന്ന അരാജകവാദികളായ ഒരു കൂട്ടം യുവാക്കളെ പ്രലോഭിപ്പിച്ച്, ജീവിതത്തെ ലഹരിയുടെ ഉന്മാദത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ അനന്തമായ ആഹ്ലാദങ്ങളിലേക്കും  ആകാശങ്ങളിലേക്കും തന്റെ എഴുത്തുകളിലൂടെ നടത്തിച്ച് വിസ്മയിപ്പിച്ച മുകുന്ദന്‍ ആത്യന്തികമായി പാരമ്പര്യ കുടുംബസാമൂഹിക മൂല്യങ്ങളിലായിരുന്നു വിശ്വസിച്ചിരുന്നത്. പിറന്ന നാട്ടിലേക്കുള്ള തിരിച്ചുപോക്ക് നന്മയും സ്‌നേഹവും സുരക്ഷിതത്വവുമായി കഥാപാത്രങ്ങള്‍ അനുഭവിക്കുന്നു. ആത്യന്തികമായി മുകുന്ദന്റെ നോവലുകള്‍ ഉയര്‍ത്തുന്ന ദര്‍ശനസംഹിതകള്‍ പാരമ്പര്യാധിഷ്ഠിതമായ ആധുനികതയുടെ കൊടുക്കല്‍ വാങ്ങലുകളാണെന്ന വായനാപാഠത്തിനും സാംഗത്യം കാണുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com