ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ സത്യാന്വേഷണം: സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയെക്കുറിച്ച്  

ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ സത്യാന്വേഷണം: സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയെക്കുറിച്ച്  

നോവലെഴുത്ത് എന്ന സര്‍ഗ്ഗപ്രക്രിയയെ മുഖ്യ പ്രമേയമാക്കുന്ന ഒരു നോവല്‍ത്രയത്തിലെ രണ്ടാമത്തെ പുസ്തകമാണ് സമുദ്രശിലയെന്ന് സുഭാഷ് ചന്ദ്രന്‍ 'സമുദ്രമഥനം' എന്ന ആമുഖവിചാരത്തില്‍ പറയുന്നുണ്ട്.

സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയുടെ വായനയില്‍ ഭാവനയുടേയും യാഥാര്‍ത്ഥ്യത്തിന്റേയും ഇടയിലുള്ള അന്തരത്തിന് ഒരു നേര്‍ത്ത പാടയുടെ അകലം മാത്രമേയുള്ളൂ എന്ന അനുഭവമുണ്ടാകുന്നു. ഭാവനയേത് യാഥാര്‍ത്ഥ്യമേത് എന്ന ചോദ്യത്തിനുള്ള ഉത്തരം നാം നമ്മുടെ മനസ്സില്‍തന്നെ തിരയാനാരംഭിക്കുന്നു. നോവലിസ്റ്റ് തന്റെ ജീവിതാനുഭവങ്ങളെ അംബയിലേക്ക് പകര്‍ത്തിക്കൊണ്ടാണ് ആ കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ പൂര്‍ണ്ണത തേടുന്നത്. അംബ എന്ന കഥാപാത്രമാകട്ടെ, സ്വന്തം ജീവിതത്തെത്തന്നെ സ്വയം അനാവരണം ചെയ്തുകൊണ്ടാണ് തന്റെ ജനകന്റെ (നോവലിസ്റ്റ്) മനോനിലകളിലേക്ക് പടര്‍ന്നുകയറുന്നത്. ഈ നിലയില്‍ സമുദ്രശിലയിലെ നായക കഥാപാത്രം നോവലിസ്റ്റ് എന്ന യാഥാര്‍ത്ഥ്യമാണെങ്കില്‍ നായിക അംബ എന്ന ഭാവനയാണ്. ഈ അര്‍ത്ഥത്തില്‍ ഈ നോവല്‍ എഴുത്തുരീതിയിലെ ഒരു പരീക്ഷണം കൂടിയാണ്. എഴുത്തിനേയും എഴുത്തുകാരനേയും അഗാധതലത്തില്‍ പ്രണയിക്കുന്ന ഒരു എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രനെന്ന് സമുദ്രശില ഉറപ്പിക്കുന്നുണ്ട്. 

നോവലെഴുത്ത് എന്ന സര്‍ഗ്ഗപ്രക്രിയയെ മുഖ്യ പ്രമേയമാക്കുന്ന ഒരു നോവല്‍ത്രയത്തിലെ രണ്ടാമത്തെ പുസ്തകമാണ് സമുദ്രശിലയെന്ന് സുഭാഷ് ചന്ദ്രന്‍ 'സമുദ്രമഥനം' എന്ന ആമുഖവിചാരത്തില്‍ പറയുന്നുണ്ട്. നോവലെഴുത്ത് എന്ന സര്‍ഗ്ഗപ്രക്രിയയെ മുഖ്യ പ്രമേയമാക്കുക എന്ന അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തലില്‍ത്തന്നെ സമുദ്രശിലയുടെ രചനാഘടന ഒളിഞ്ഞിരിപ്പുണ്ട്. നോവലിസ്റ്റ് കഥാപാത്രമാകുന്നതും മുഖ്യ കഥാപാത്രം അയാളോട് തന്റെ ജീവിതം പറയുന്ന ശൈലിയും ഈ രചനാഘടനയുടെ നട്ടെല്ലാണ്. മിച്ചം വരുന്ന കഥാപാത്രങ്ങളും ഈ നോവലില്‍ ഭാവനയുടേയും യാഥാര്‍ത്ഥ്യത്തിന്റേയും തലങ്ങളിലാണ് അധിവസിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്രന്‍ അനീസ് ബഷീറും കുടുംബവും, സംഗീതസംവിധായകന്‍ ദേവരാജന്‍, വിരലടയാള വിദഗ്ദ്ധന്‍ ദിനേഷ്‌കുമാര്‍ എന്നിവര്‍ ഈ സൃഷ്ടിയില്‍ യാഥാര്‍ത്ഥ്യത്തിന്റെ തലങ്ങളെ പ്രതിനിധീകരിക്കുന്നു. അംബ, അംബയുടെ മകന്‍ അപ്പു, അംബയുടെ അമ്മ ചന്ദ്രികടീച്ചര്‍, അംബയുടെ രണ്ട് കാമുകന്‍മാര്‍, അംബയുടെ കാന്തന്‍ സിദ്ധാര്‍ത്ഥന്‍, വീട്ടുവേലക്കാരി ആഗ്‌നസ്, ശകുന്തള സത്യപാലന്‍ എന്ന കാമരൂപിണി എന്നിവരൊക്കെ നോവലിന്റെ ഭാവനാതലത്തില്‍ ജീവിതം കണ്ടെത്തുന്നവരാണ്. സോഫിയ ആന്റണി എന്ന പെണ്‍കുട്ടിയും ദേവരാജ് എന്ന കുറ്റവാളിയും കഥയുടെ ക്യാമ്പിലേക്ക് എത്തിപ്പെടാതെ ഉപകഥാപാത്രങ്ങളായി നിലകൊള്ളുന്നു. ജീവിതത്തിന്റെ ആകസ്മികഭാവത്തെ പ്രകാശിപ്പിക്കാന്‍ വേണ്ടി മാത്രം ജന്മമെടുത്തവരാണവര്‍. അവര്‍ നോവലിസ്റ്റിന്റെ ഭാവനാസൃഷ്ടിയോ അയാളുടെ യഥാര്‍ത്ഥ ജീവിതത്തിലൂടെ കടന്നുപോയ മനുഷ്യരോ ആകാം. പ്രസക്തരോ അപ്രസക്തരോ ആയ ഇരുവരാണവര്‍ ഈ കഥയില്‍ 

ഉപാധികളില്ലാത്ത സ്‌നേഹം
സ്ത്രീയെ പ്രധാന കഥാപാത്രമാക്കുന്ന നോവല്‍ ഇന്ന് മലയാളത്തില്‍ അപൂര്‍വ്വമല്ല. എന്നാല്‍ സ്ത്രീയുടെ നിഗൂഢതകളേയും അവളുടെ ജന്മ-ജീവിതങ്ങളുടെ ഒറ്റപ്പെട്ട അവസ്ഥാന്തരങ്ങളേയും അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നു എന്നിടത്താണ് സമുദ്രശില വേറിട്ട ആത്മപാത സ്വീകരിക്കുന്നത്. സ്ത്രീയെ ജൈവികസൃഷ്ടി എന്ന നിലയിലും സാമൂഹ്യജീവി എന്ന തരത്തിലും തുല്യമായി അറിഞ്ഞെഴുതിയ ഒരു രചനയാണിത്. ''രൂപമല്ല, വിശ്വാസമാണ് സ്ത്രീയുടെ പ്രണയത്തിന്റെ താക്കോല്‍ എന്ന് അവള്‍ പറഞ്ഞു.'' 'ആണ്' എന്ന അധ്യായത്തിലെ (പേജ്-208)  ഈ ഒരൊറ്റ വാചകം ഒരു പെണ്ണ് ഒരാണിനുവേണ്ടി കരുതിവെയ്ക്കുന്ന സ്‌നേഹത്തിന്റെ മനഃശാസ്ത്രത്തെ കടലളവോളം പ്രകാശിപ്പിക്കുന്നുണ്ട്. ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകനെ ആദ്യമായി കാണാന്‍ കാത്തുനില്‍ക്കുന്ന അംബയുടെ വാക്കുകളാണിവ. ഇതേ അധ്യായത്തില്‍ത്തന്നെ മറ്റൊരു ഭാഗത്ത് അംബ ഉറച്ചു ചിന്തിക്കുന്നു: ''ഒരു മനുഷ്യസ്ത്രീക്കു സാധ്യമായ പരമാവധി സ്‌നേഹത്തില്‍ ഞാന്‍ റൂമിയെ സ്‌നേഹിക്കുന്നു:'' വ്യാകരണപ്പിശകോടെ മനസ്സിലുണര്‍ന്ന ആ വാക്യം അവള്‍ക്കപ്പോള്‍ ഒരു കവിതയായി തോന്നി: ''ഇനി വിമാനത്തില്‍ വന്നിറങ്ങാന്‍ പോകുന്നത് കോട്ടിട്ട ഒരു കുരങ്ങാണെങ്കില്‍പ്പോലും!'' (പേജ് - 209). ഇവിടെ കുരങ്ങന്‍ എന്നല്ല, കുരുങ്ങ് എന്നാണ് പ്രയോഗം. കുരങ്ങന്‍ എന്ന പ്രയോഗമായിരുന്നെങ്കില്‍ തകിടം മറിഞ്ഞ് കുട്ടിച്ചോറാകുമായിരുന്ന ഒരു വാചകത്തേയും അതിലുപരി ആശയത്തേയുമാണ് കുരങ്ങ് എന്ന കിറുകൃത്യമായ പദപ്രയോഗത്തിലൂടെ സുഭാഷ് ചന്ദ്രന്‍ ഈ നോവലിന്റെ തന്നെ ആണിക്കല്ലായ ആശയത്തിലേക്ക് നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നത്. 'ഉപാധികളില്ലാത്ത സ്‌നേഹം' എന്ന ആശയമാണത്. കുരങ്ങനെക്കാള്‍ അസമമാണ് കുരങ്ങ് എന്ന പ്രയോഗം. കോട്ടിട്ട കുരങ്ങന്‍ എന്നാല്‍ വിരൂപനായ മനുഷ്യന്‍ എന്നര്‍ത്ഥം. എന്നാല്‍ കോട്ടിട്ട കുരങ്ങ് അതല്ല. അങ്ങനെയുള്ള ഒരുവന്‍ രൂപത്തിലും ഭാവത്തിലും മനുഷ്യനെക്കാള്‍ കുരങ്ങനോടാണ് സാദൃശ്യം പുലര്‍ത്തുക. കോട്ടിട്ട കുരങ്ങിനെ സ്‌നേഹിക്കാന്‍ തയ്യാറാകുന്ന അംബ ഉപാധികളില്ലാത്ത ആ വികാരത്തെ തന്നെയാണ് അന്വേഷിക്കുന്നതെന്ന് ഉറപ്പാകുന്നു. ഇവിടെ എടുത്തുപറയേണ്ട മറ്റൊരു വിഷയം കൂടിയുണ്ട്. ''ഒരു മനുഷ്യസ്ത്രീക്കു സാധ്യമായ പരമാവധി സ്‌നേഹത്തില്‍ ഞാന്‍ റൂമിയെ സ്‌നേഹിക്കുന്നു'' എന്ന വ്യാകരണപ്പിശകുള്ള വാക്യം അംബയ്ക്ക് ഒരു കവിതയായി തോന്നുന്നത് അവള്‍ റൂമിയെ ഉപാധികളില്ലാതെ സ്‌നേഹിക്കുന്നവളായതുകൊണ്ടാണ്. ഇവിടെ നോവലിസ്റ്റിന്റെ കരവിരുതാണ് ശ്രദ്ധേയം. നൂറു മെഗാവാട്ടില്‍ പ്രകാശിക്കുന്ന 'ഉപാധികളില്ലാത്ത സ്‌നേഹം' എന്ന ആശയം വ്യാകരണപ്പിശകുള്ള ഒരു ഭാഷ സൃഷ്ടിച്ചതിലൂടെ പതിനായിരം മെഗാവാട്ടായി പ്രഭ ചൊരിയുന്നു. ഭാഷയെ മറികടന്നാണ് ആശയം ഈ സന്ദര്‍ഭത്തില്‍ ജ്വലിക്കുന്നത്. എന്നാല്‍, തീര്‍ന്നില്ല വായനക്കാരന്റെ ഈ സന്ദര്‍ഭത്തിലെ ആസ്വാദനാനുഭൂതി. കാമുകന്റെ പേരായ റൂമി ജലാലുദ്ദീന്‍ മഹാനായ ഒരു കവിയുടെ പേര്, ജലാലുദ്ദീന്‍ റൂമി (ജലാലുദ്ദീന്‍ മുഹമ്മദ് റൂമി), മറിച്ചിട്ടതാണെന്ന് നോവലിസ്റ്റ് ആദ്യമേ സൂചിപ്പിക്കുന്നുണ്ട്. പേരിലെ ഈ തലകീഴ്മറിയല്‍ യഥാര്‍ത്ഥത്തില്‍ തലകുത്തിനില്‍ക്കുന്ന അയാളുടെ സ്വഭാവപ്രകൃതിയെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്. കവിയുടെ പേര് തലകീഴ് മറിഞ്ഞുണ്ടായ ഒരുവനെപ്പറ്റിയുള്ള അംബയുടെ വിചാരത്തിലും ഭാഷാവൈകല്യം സംഭവിക്കുന്നു. നോവലുകളെ വായിച്ചാസ്വാദിക്കാന്‍ ഇഷ്ടപ്പെടുന്ന സാഹിത്യപ്രേമിയായ അംബയിലാണ് ഇതുപോലൊരു വ്യാകരണപ്പിശക് സംഭവിക്കുന്നതെന്നതും ഇവിടെ ചേര്‍ത്തുവെയ്ക്കുമ്പോഴാണ് ഈ ഭാഷാവൈകല്യം നോവലിസ്റ്റിന്റെ ഒരു ബൗദ്ധികസൃഷ്ടിയായി മാറുന്നത്. അപ്പോള്‍ അംബ കാമുകനില്‍നിന്ന് നേരിടാന്‍ പോകുന്ന ദുരന്തത്തിന്റെ മുന്‍സൂചനയായിത്തീരുന്നു അവരുടെ വിചാരത്തിലൂടെ നോവലിസ്റ്റ് സൃഷ്ടിക്കുന്ന ഈ ഭാഷാവൈകല്യം. 

'ഉപാധികളില്ലാത്ത സ്‌നേഹം' എന്ന ആശയത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ഈ നോവലിനെ രണ്ട് തലങ്ങളില്‍ പ്രതിഷ്ഠിക്കാം. അതില്‍ ആദ്യതലം ആദ്യത്തെ അദ്ധ്യായമായ 'അഭയം' ആണ്.  അടുത്ത തലം അതിനെത്തുടര്‍ന്നു വരുന്ന മറ്റെല്ലാ അദ്ധ്യായങ്ങളും ചേര്‍ന്നതാണ്. നോവലിസ്റ്റിന്റെ സ്വപ്നദര്‍ശനമാണ് 'അഭയം' എന്ന അധ്യായം. എല്ലാം ഉള്‍ക്കൊണ്ടതെന്ന ഗര്‍വ്വില്‍ രചിക്കപ്പെട്ട ഇതിഹാസകാവ്യത്തില്‍ 'ഉപാധികളില്ലാത്ത സ്‌നേഹം' എവിടെയാണെന്ന് കഥാപാത്രമായ അംബ ചോദിക്കുമ്പോള്‍ സ്രഷ്ടാവായ വ്യാസന്‍ ഉത്തരം പറയാനാകാതെ കുഴങ്ങുകയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണം പുതിയ കാലത്തെ വ്യാസനും അംബയും (നോവലിസ്റ്റ്, സ്ത്രീ) പുതിയ ലോകത്തും ഉപാധികളില്ലാത്ത സ്‌നേഹത്തെ അന്വേഷിക്കുകയും പരാജയമടയുകയും ചെയ്യുന്നതാണ് സമുദ്രശിലയുടെ ഇതിവൃത്തം. 'ഉപാധികളില്ലാത്ത സ്‌നേഹം' എന്നതുപോലും സ്വയമൊരുപാധിയായി പരിണമിക്കുന്ന വിഷമവൃത്തത്തിലാണ് മനുഷ്യജീവിതം എന്ന കാവ്യം എഴുതപ്പെട്ടിരിക്കുന്നതെന്ന് ഇതിഹാസകര്‍ത്താവായ വ്യാസന്‍ കഥാപാത്രമായ അംബയോട് പറയുന്നതുതന്നെ പുതിയ കാലത്തേയും പുതിയ ലോകത്തേയും അംബയുടെ ജീവിതത്തിലും സംഭവിക്കുന്നു. സ്വന്തം പുത്രനെ ഇല്ലായ്മ ചെയ്തശേഷം സ്വയം ജീവനൊടുക്കാന്‍ ഈ അംബയെ പ്രേരിപ്പിക്കുന്നതും ഈ അന്വേഷണത്തിന്റെ അന്ത്യഫലമായ പരാജയമാണ്. സ്വയമൊരുപാധിയായി പരിണമിക്കുന്ന വിഷമവൃത്തത്തിലേക്കാണ് അവളുടെ ജീവിതവും എത്തിപ്പെടുന്നത്. 

ഭാഷയാണ് സമുദ്രശിലയുടെ സൗന്ദര്യഭാവം. ഭാഷയില്‍ സുഭാഷ് ഒരു ജീനിയസ്സാണെന്ന് തെളിയിക്കുന്ന അനേകം സന്ദര്‍ഭങ്ങളുണ്ട് ഈ നോവലില്‍. അംബ കുറച്ചുകൂടി കവിയുടെ അരികിലേക്കു ചേര്‍ന്നുനിന്നു. പിന്നെ ഹൃദയത്തെ നാവാക്കിക്കൊണ്ടു പറഞ്ഞു: ''ഉപാധികളില്ലാത്ത സ്‌നേഹം!'' (പേജ് 21). ഇവിടെ, ഹൃദയത്തെ നാവാക്കിക്കൊണ്ടു പറഞ്ഞു എന്ന പ്രയോഗം അംബയുടെ ഉള്ളിലെ സ്‌നേഹക്കടലിനെ പ്രതിഫലിപ്പിക്കുന്നുണ്ട്. അംബ വാള്‍മുനപോലെ മന്ദഹസിച്ചു (പേജ് 22). തന്റെ ചോദ്യത്തിനു മുന്നില്‍ കൃത്യമായ ഉത്തരമില്ലാതെ പതറുന്ന ഇതിഹാസകവിയെ നോക്കിക്കൊണ്ടാണ് അംബ വാള്‍മുനപോലെ മന്ദഹസിക്കുന്നത്. കവിയില്‍ മുറിവുകള്‍ തീര്‍ക്കാന്‍ തക്ക ശേഷിയുള്ള ഒരു വാളുതന്നെയാണ്. ഈ വാള്‍മുന പ്രയോഗത്തിലൂടെ സുഭാഷ് അവിടെ പ്രതിഷ്ഠിക്കുന്നത് അംബ തന്റെ ജീവിതത്തിലെ രണ്ടാമത്തേയും അവസാനത്തേയുമായ പ്രണയത്തിലേക്ക് കരള്‍തെറ്റി വീണുപോയത് (പേജ് 75) എന്ന് വായിക്കുമ്പോഴാണ് മനുഷ്യര്‍ പ്രണയത്തിലേക്ക് കാലല്ല, കരള്‍ തെറ്റിത്തന്നെയാണ് വീഴേണ്ടത് എന്നു നാം ഓര്‍മ്മിക്കുന്നത്. ''ഒരെഴുത്തുകാരന്റെ ഭാര്യയ്ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല, അയാള്‍ ജനാലയിലൂടെ പുറത്തേക്ക് തുറിച്ചുനോക്കുമ്പോഴും ജോലി ചെയ്യുകയാണെന്ന കാര്യം'' അമേരിക്കന്‍ നിരൂപകനായ ബേര്‍ട്ടന്‍ റാസ്‌കോയുടെ വാക്കുകളാണിത്. ഇതിനു തുല്യമായ ആശയം ധ്വനിപ്പിക്കുംവിധം ഒരെഴുത്തുകാരനെക്കുറിച്ചുള്ള സുഭാഷ് ചന്ദ്രന്റെ വാക്കുകള്‍ ഈ പുസ്തകത്തിലുണ്ട്: ''എപ്പോഴാണ് എഴുതുന്നത് എന്ന് ഒരെഴുത്തുകാരനോടു ചോദിക്കുന്നത് എപ്പോഴാണ് വളരുന്നതെന്ന് ഒരു മരത്തോടു ചോദിക്കുംപോലെയാണ്.'' (പേജ് - 45). 'അതിന്റെ വളര്‍ച്ച നാം കാണുന്നില്ലെന്നേയുള്ളൂ, ഈ സമയങ്ങളിലെല്ലാം ഒരു മരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരെഴുത്തുകാരന്‍ എഴുതുന്നതുപോലെതന്നെ!'' (പേജ് - 46). എഴുത്തുകാരന്റെ സര്‍ഗ്ഗാത്മക ചിന്തകളെ ഒരു മരത്തിന്റെ വളര്‍ച്ചയോട് ഉപമിക്കുന്ന ഭാവനയ്ക്ക് സ്വാഭാവികതയും സൗന്ദര്യവുമുണ്ട്. 

സ്വപ്നത്തെ അക്ഷരത്തിലാക്കുന്നത് ജഡത്തില്‍ പ്രാണന്‍ നിറയ്ക്കുന്നതിനെക്കാള്‍ ദുഷ്‌കരമാണ് (പേജ് - 26). എന്നാല്‍, സ്വപ്നത്തെ ഈ പുസ്തകത്തില്‍ വളരെ മനോഹരമായിത്തന്നെ സുഭാഷ് ചന്ദ്രന്‍ അക്ഷരത്തിലാക്കിയിരിക്കുന്നു. പക്ഷേ, ജഡത്തില്‍ പ്രാണന്‍ നിറയ്ക്കുന്നത് മനുഷ്യന് എന്നും ഒരു സ്വപ്നമാവില്ലേ!

ആത്മാവിന്റെ ഓക്കാനം എന്തെന്നറിഞ്ഞ് അംബ സ്തബ്ധയായി നിന്നു (പേജ് - 218). അംബയുടെ സത്യാന്വേഷണം (ഉപാധികളില്ലാത്ത സ്‌നേഹാന്വേഷണം) പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴുമ്പോള്‍ നോവലില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭാഷയാണിത്. ആത്മാവ് നഷ്ടപ്പെട്ട അംബ പുത്രന്റെ ഈഡിപ്പുസി കോംപ്ലക്സിനു സ്വയം വിധേയമാകുന്നതിലൂടെ ഒരു ജഡമായിത്തീരുകയാണ്. അവളുടെ ആത്മഹത്യ അതിനൊരു ഉപാധി മാത്രമാണ്. 

ബൃഹത്തായൊരു പുസ്തകത്തിലെ അവസാനത്തെ വാചകം പോലെ, അതുവരെ ഒരു നദി കണക്കേ പ്രവഹിച്ചുകൊണ്ടേയിരുന്ന വാക്കുകളുടെ കുത്തൊഴുക്കിനു കുറുകെ സ്വന്തം ശരീരംകൊണ്ട് തടയണ കെട്ടി, അംബ ഇരുട്ടില്‍ കിടന്നു (പേജ് - 291). നോവലിന്റെ അവസാന ഭാഗത്ത് വരുന്ന ഈ വാചകത്തില്‍ പറയുന്ന 'വാക്കുകളുടെ കുത്തൊഴുക്ക്' യഥാര്‍ത്ഥത്തില്‍ ഈ പുസ്തകത്തിന്റെ മൊത്തത്തിലുള്ള മുഖമുദ്രയും സൗന്ദര്യാനുഭൂതിയുമാണ്. സൂര്യന്റെ പ്രകാശംപോലെ ജ്വലിക്കുന്ന ഭാഷയും ചന്ദ്രന്റെ നിലാവുപോലെ മന്ദഹസിക്കുന്ന ഭാവനയും പരസ്പരം, യാഥാര്‍ത്ഥ്യത്തിന്റെ ശിലാജഡത്തില്‍ സമുദ്രഭാവത്തോടെ, ഇണചേരുന്ന അക്ഷര ഭൂമികയാണ് സമുദ്രശില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com