ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വാദങ്ങളും, പ്രതിവാദങ്ങളും

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യവിരുദ്ധമാകുന്നതെങ്ങനെ. കേന്ദ്രീകൃത ഏകാധിപത്യ രാഷ്ട്രീയ സംവിധാനത്തിന് നാന്ദികുറിക്കുന്നതാണോ ഈ തെരഞ്ഞെടുപ്പ് പരിഷ്‌കാരം
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വാദങ്ങളും, പ്രതിവാദങ്ങളും

2016-ല്‍ നരേന്ദ്രമോദി മുന്നോട്ടുവച്ച രാഷ്ട്രീയ അജണ്ടകളിലൊന്നാണ് ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം. യഥാര്‍ത്ഥത്തില്‍ മോദിയല്ല, മോദിയുടെ മുന്‍ഗാമിയായ എല്‍.കെ. അദ്വാനിയടക്കമുള്ളവര്‍ ഒരു ദശാബ്ദക്കാലമായി ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളിലൊന്നാണ് ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഈ ഏകീകരണം. അധികാരത്തിലെത്തിയ ഉടന്‍ ഈ നീക്കം മോദി ശക്തമാക്കുക മാത്രമാണ് ചെയ്തത്. നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഈ ആശയത്തിന്റെ കാതല്‍. അതുവഴി സമയവും പണവും ലാഭിക്കുക. രാഷ്ട്രപുരോഗതിക്കുവേണ്ടി വികസനപ്രവര്‍ത്തനങ്ങള്‍ വിഘാതമില്ലാതെ കൊണ്ടുപോകാനാണ് ഈ നീക്കമെന്നാണ് അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം. 

ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷവും ഈ ആശയം ആവര്‍ത്തിക്കപ്പെട്ടു. പല പ്രഖ്യാപനങ്ങള്‍ പോലെ, വാക്കുകളിലൊതുങ്ങാതെ ഇത്തവണ അതിന്റെ പ്രായോഗിക നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു. ആശയം നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഇതിനൊപ്പം പ്രധാനപ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചു. എന്നാല്‍, പ്രതിപക്ഷം കരുതലോടെയും ജാഗ്രതയോടെയുമാണ് പ്രതികരിച്ചത്. 40 പാര്‍ട്ടികളില്‍ 21 പാര്‍ട്ടികള്‍ മാത്രമാണ് ആ യോഗത്തില്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും മായാവതിയും അഖിലേഷ് യാദവും സ്റ്റാലിനും വരെ വിട്ടുനിന്നു. അതേസമയം, അനുകൂല നിലപാട് സ്വീകരിച്ച പാര്‍ട്ടികളുമുണ്ട്. നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍ അടക്കമുള്ള പാര്‍ട്ടികള്‍ അനുകൂല നിലപാടാണു സ്വീകരിച്ചത്. 
    

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ചയായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികള്‍ ഉയര്‍ന്നു. നിലവിലുള്ള പ്രശ്നങ്ങള്‍ ഒരുപരിധി വരെ പുതിയ ആശയത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അത് പ്രായോഗികമല്ലെന്ന് മറുവിഭാഗം പറയുന്നു. 1983-ലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു നിര്‍ദേശം പുനരവതരിപ്പിക്കുന്നത്.

1990കളോടെ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയസ്വാധീനം നേടിത്തുടങ്ങിയതോടെ ബി.ജെ.പി ഈ ആശയത്തെ പിന്തുണച്ചു. എല്‍.കെ. അദ്വാനിയാണ് ഈ ആശയം നടപ്പാക്കണമെന്ന് പ്രത്യക്ഷത്തില്‍ ആവശ്യപ്പെട്ട ആദ്യ രാഷ്ട്രീയനേതാവ്. ഇതിനിടയില്‍, ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സമയക്രമം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് 1999 മേയില്‍ ജസ്റ്റിസ് ബി.പി. ജീവന്‍ റെഡ്ഡി മേധാവിയായ ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2003-ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വീണ്ടും ഈ വിഷയം ഉന്നയിച്ചു. അന്ന് വാജ്‌പേയി ഈ വിഷയം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി. അനുകൂലമായാണ് അന്ന് സോണിയാഗാന്ധി  പ്രതികരിച്ചത്. പിന്നീട്, 2010ല്‍ എല്‍.കെ. അദ്വാനി ഈ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും ധനമന്ത്രി പ്രണബ് മുഖര്‍ജിയെയും കണ്ടു. അക്കാര്യം ബ്ലോഗെഴുതി പരസ്യമാക്കുകയും ചെയ്തു. 

ചരിത്രത്തിലെ 
ഒറ്റ തെരഞ്ഞെടുപ്പുകള്‍

    ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമല്ല ഒറ്റ തെരഞ്ഞെടുപ്പ്. 1951-52ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചാണ് വോട്ടെടുപ്പ് നടന്നത്. 1957ലും 1962ലും 1967ലും ഈ രീതി തുടര്‍ന്നു. ഈ മൂന്നു ലോക്സഭകളും ഭരണഘടന അനുശാസിക്കുന്ന അഞ്ചു വര്‍ഷക്കാലവധി പൂര്‍ത്തിയാക്കി. എന്നാല്‍, 1968ലും 1969ലും ഒരു തെരഞ്ഞെടുപ്പ് എന്ന രീതി പൂര്‍ണമായും നടക്കാതെയായി. ചില നിയമസഭകള്‍ പിരിച്ചുവിട്ടതായിരുന്നു കാരണം. 1954ല്‍ യുപി നിയമസഭ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. വിമോചനസമരത്തെ തുടര്‍ന്ന് 1959ല്‍ കേരള നിയമസഭയും പിരിച്ചുവിട്ടു. 1970ല്‍ നാലാം ലോക്സഭയ്ക്കു തന്നെ കാലാവധി പൂര്‍ത്തിയാക്കാനുമായില്ല. 1967 മാര്‍ച്ച് 16നു തുടങ്ങിയ നാലാം ലോക്സഭ നിലനിന്നത് മൂന്നു വര്‍ഷവും പത്തുമാസവും മാത്രമായിരുന്നു. 1966നും 1977നുമിടയില്‍ 39തവണയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷവും ഇതു തുടര്‍ന്നു. കോണ്‍ഗ്രസ് ഭരിച്ച ഒമ്പതു സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതോടെ തെരഞ്ഞെടുപ്പുകളുടെ സമയക്രമം താളംതെറ്റി. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 83 പ്രകാരം ലോക്സഭയുടെയും നിയമസഭകളുടെയും കാലാവധി അഞ്ചു കൊല്ലമാണെങ്കിലും പകുതിയോളം സഭകള്‍ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ല. 1952 മുതല്‍, 17 ലോക്സഭകളില്‍ ഒമ്പതു ലോക്സഭകള്‍(1952,1957,1962, 1980,1985,1991,2004,2009,2014) മാത്രമാണ് അഞ്ചുവര്‍ഷം തികച്ചത്. 
    

ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനു ഭരണഘടനാപരമായും പ്രായോഗികവുമായ പല ബുദ്ധിമുട്ടുകളുണ്ട്. അതായത്, ഇനിയുള്ള കാലം ഒറ്റ തെരഞ്ഞെടുപ്പ് നടത്തിയാലും കാലാവധി തികയുന്നതിനു മുമ്പു തന്നെ വീണ്ടും തെരഞ്ഞെടുപ്പുകള്‍ ഉണ്ടാകും. അതിനു സര്‍ക്കാര്‍ കാണുന്ന പോംവഴി ഇതാണ്- ലോക്സഭയ്ക്കും നിയമസഭയ്ക്കും നിശ്ചിത കാലാവധി ഏര്‍പ്പെടുത്തുക. ഇടയ്ക്ക് സര്‍ക്കാര്‍ നിലംപതിച്ചാല്‍ അവശേഷിക്കുന്ന കാലാവധിക്കു വേണ്ടി മാത്രം ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുക. പക്ഷേ, ഇത് നടപ്പാകണമെങ്കില്‍ ഭരണഘടനാഭേദഗതി വേണം. ഭരണഘടനയുടെ 172ാം വകുപ്പ് അനുസരിച്ച് നിയമസഭയുടെ കാലാവധി അഞ്ചു വര്‍ഷമാണ്. അത് മാറ്റാനാകില്ല. അഥവാ, നിയമസഭ പിരിച്ചുവിട്ടാല്‍ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഭരണഘടനയുടെ 143(1) വകുപ്പ് പ്രകാരം സുപ്രീംകോടതി നിര്‍ദേശിച്ചതുമാണ്. എന്നാല്‍, അതൊക്കെ മറികടക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പല വഴികളും തേടാറുണ്ട്. കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പിന്നിടുന്നു. ആറുമാസം കഴിഞ്ഞതിനു ശേഷം പാര്‍ലമെന്റിന്റെ അംഗീകാരം നേടി രാഷ്ട്രപതി ഭരണം ബി.ജെ.പി സര്‍ക്കാര്‍ നീട്ടുകയും ചെയ്തു. 

അഞ്ചു വര്‍ഷത്തെ നിശ്ചിത കാലാവധി എന്ന വകുപ്പ് ഭേദഗതി ചെയ്യാനാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍. ഭരണഘടനാഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നിലവില്‍ എന്‍.ഡി.എക്ക് ഇല്ല. രാജ്യസഭയില്‍ ഭൂരിപക്ഷം പോലുമില്ല. ഈ അനിശ്ചിതത്വത്തെ മറികടക്കാനാണ് എല്ലാപാര്‍ട്ടികളുടെയും പിന്തുണ നരേന്ദ്രമോദി തേടുന്നത്. ഇത്തവണ സാധ്യമായില്ലെങ്കിലും ലോക്സഭയിലും രാജ്യസഭയിലും ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ അംഗബലം കിട്ടുന്ന ഘട്ടത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാനുള്ള അടിത്തറയൊരുക്കുകയാണ് ബിജെപി ഇപ്പോള്‍. ഉദാഹരണത്തിന് ഈ ഭേദഗതി സാധ്യമായാല്‍, 2021ല്‍ കേരളത്തില്‍ നടക്കേണ്ട അടുത്ത തിരഞ്ഞെടുപ്പിനുശേഷം വരുന്ന നിയമസഭയ്ക്കു മൂന്നു വര്‍ഷം മാത്രമാകും കാലാവധി. 2016ല്‍ മോദി ഈ ആശയം പുനരവതരിപ്പിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ഏകീകരണത്തിന് ചില നിര്‍ദേശങ്ങളുണ്ടായിരുന്നു. 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, കര്‍ണാടക, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ കാലാവധി ആറു വര്‍ഷമായി നീട്ടാനായിരുന്നു ലക്ഷ്യം. 2024നു മുന്‍പായി നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനങ്ങളില്‍ അടുത്ത നിയമസഭയുടെ കാലാവധി 2024 വരെയായി നിജപ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. പക്ഷേ ഇതിനൊക്കെ രാഷ്ട്രീയപാര്‍ട്ടികളുടെ സമവായം ആവശ്യമാണ്. 
    

ഒറ്റ തെരഞ്ഞെടുപ്പിലേക്ക് മാറാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ഇതാണ്. 1. ലോക്സഭയിലേക്കും നിയമസഭയിലേക്കും നടക്കുന്ന വ്യത്യസ്ത തെരഞ്ഞെടുപ്പുകള്‍ പൊതുഖജനാവിന് കനത്ത നഷ്ടമുണ്ടാക്കുന്നു. 2. അടിക്കടി തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരുന്നതോടെ ഭരണസ്തംഭനമുണ്ടാകുന്നു. 3. സുരക്ഷാസേനകളുടെ വിലപ്പെട്ട സമയം രണ്ടുഘട്ടങ്ങളിലായി അനാവശ്യമായി ചെലവഴിക്കേണ്ടിവരുന്നു. 4. നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും ഇതിനായി രണ്ടുവട്ടം അവരുടെ പ്രവര്‍ത്തനസമയം ചെലവഴിക്കേണ്ടിവരുന്നു. 5. വ്യത്യസ്ത തെരഞ്ഞെടുപ്പ് രാജ്യത്തെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തുന്നു. ഈ വാദങ്ങള്‍ കുറച്ചു കൂടി വിശദീകരിച്ചു നോക്കാം. ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കാനായി രണ്ടു റിപ്പോര്‍ട്ടുകളിലെ വിശദാംശങ്ങളാണു സര്‍ക്കാര്‍ ആധികാരികമായെടുക്കുന്നത്. ഒന്ന്, നീതി ആയോഗിന്റെ ചര്‍ച്ചാരേഖയും മറ്റൊന്ന് 2015 ഡിസംബര്‍ 17നു രാജ്യസഭയില്‍ വച്ച 79ാം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടും. നീതിആയോഗിന്റെ നോട്ടില്‍ പറയുന്നത് ഇങ്ങനെ. ശരാശരി ഒരു വര്‍ഷം അഞ്ചോളം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഉദാഹരണമായി 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആ വര്‍ഷം ജാര്‍ഖണ്ഡിലും ജമ്മു കശ്മീരിലും മഹരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. ലോകസഭയിലേക്ക് മാര്‍ച്ച്-മേയ് കാലയളവില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സെപ്റ്റംബര്‍- ഡിസംബര്‍ കാലയളവിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നത്. അതായത് അഞ്ചുമാസത്തോളം തെരഞ്ഞെടുപ്പ് പ്രക്രിയ തുടര്‍ന്നു. പെരുമാറ്റച്ചട്ടം വന്ന് കഴിഞ്ഞുള്ള ഈ അഞ്ചുമാസക്കാലയളവില്‍ ഭരണസ്തംഭനമുണ്ടാകുന്നെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഒരു വര്‍ഷം നടപ്പിലാക്കേണ്ട വികസനപ്രക്രിയയുടെ സമയത്തിന്റെ മൂന്നിലൊന്ന് ഇങ്ങനെ നഷ്ടമാകുന്നുവെന്നാണ് വാദം.
  

 എന്നാല്‍, രാജ്യത്തെ മൊത്തം പരിഗണിച്ചാല്‍ നിലവില്‍ പൊതുതെരഞ്ഞെടുപ്പ് ഒരു തവണ നടക്കുന്നതാണ്. നിയമസഭാ തെരഞ്ഞടുപ്പുകള്‍ വിവിധയിടങ്ങളില്‍ വിവിധ സമയത്ത് നടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക്, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ജാഗ്രതയും തിരുത്തലിനുമുള്ള അവസരം നല്‍കുന്നതാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകളെന്നാണ് മറുവാദം. സര്‍ക്കാരിനെയോ ജനപ്രതിനിധിയെയോ തിരിച്ചുവിളിക്കാനുള്ള അവകാശം ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിലില്ല. ആ കുറവ് ഇടവിട്ട തെരഞ്ഞെടുപ്പുകള്‍ ഒരു പരിധിവരെ പരിഹരിക്കുന്നു. മറ്റൊന്ന്, സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയാണ് മാതൃകാ പെരുമാറ്റച്ചട്ടം. പെരുമാറ്റച്ചട്ടങ്ങളില്‍ വിവേചനമനുസരിച്ച് ഇളവുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കാറുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം, മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി ഓഡിനന്‍സ് തുടങ്ങിയവ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള കാരണവും സാഹചര്യവും ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലാത്തതുകൊണ്ട് മാത്രമാണ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ ഇവ ഉള്‍പ്പെട്ടത്. റെയില്‍വേ അടക്കമുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും കമ്മീഷന്‍ ഇത്തവണയും അനുമതി നല്‍കിയിരുന്നു. അതായത്, അടിയന്തര സ്വഭാവമുള്ള, സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ കമ്മീഷന്‍ ശ്രമിക്കാറില്ല. എന്നാല്‍, അതുവച്ചുള്ള രാഷ്ട്രീയവിലപേശലുകള്‍ ഒഴിവാക്കാനാണ് ഈ ചട്ടം ഉപയോഗിക്കുന്നത്.
  

 ജനാധിപത്യം
പരിമിതപ്പെടുന്നതെങ്ങനെ?

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വിശാലമായ ജനാധിപത്യ സങ്കല്‍പ്പത്തെ യഥാര്‍ത്ഥത്തില്‍ പരിമിതപ്പെടുത്തുകയാണെന്ന് വാദിക്കപ്പെടുന്നു. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ജനവികാരത്തെ മാനിക്കുന്നതാകണം, അതത്ര പ്രായോഗികമല്ലെന്ന വാദമുയര്‍ത്തിയാല്‍പ്പോലും. ജനാധിപത്യത്തിലെ റിപ്പബ്ലിക്കില്‍ പരമാധികാരി ജനങ്ങളാണ്. തെരഞ്ഞെടുക്കപ്പെട്ടവരുടെ തെറ്റുകള്‍ തിരുത്തിക്കാന്‍ ജനങ്ങള്‍ അഞ്ചുവര്‍ഷം വരെ കാത്തിരിക്കണം എന്ന് നിയമപ്രകാരം വ്യവസ്ഥ ചെയ്യുന്നത് ജനങ്ങളുടെ ആ പരമാധികാരത്തിന്റെ ലംഘനമാണ്. അഞ്ചുവര്‍ഷത്തില്‍ ഒരിക്കലേ ആരാല്‍ ഭരിക്കപ്പെടണം എന്ന തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുള്ളൂ എന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ജനങ്ങളോട് നിഷ്‌കര്‍ഷിക്കുന്ന അവസ്ഥ. അത് അഴിമതിക്കുള്ള അഞ്ചുവര്‍ഷത്തെ ക്ലീന്‍ ചിറ്റ് നല്‍കലാണ്. അഞ്ചുവര്‍ഷം ആരെയും ഭയക്കേണ്ടതില്ലെന്ന ധൈര്യമാണ് അതു നല്‍കുകയെന്ന് ഇവര്‍ വാദിക്കുന്നു. സ്വേച്ഛാധിപത്യത്തിന്റെ ചെറുപതിപ്പ് തന്നെയാകും അത്. ഏകാധിപത്യം നിലനില്‍ക്കുന്ന, തെരഞ്ഞെടുപ്പുപോലും നടക്കാത്ത ചൈനയിലെയും ഉത്തരകൊറിയയിലെയും സാഹചര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാകും അത്. ജനങ്ങളുമായി സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികളും നിരന്തരം ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കുന്നതാണ് വ്യത്യസ്ത ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പുകളെന്ന വാദം മറുഭാഗം ഉയര്‍ത്തുന്നു.


    തെരഞ്ഞെടുപ്പുകള്‍ ഭാരിച്ച പണച്ചെലവുണ്ടാക്കുന്നു, അതുവഴി പൊതുഖജനാവിനു നഷ്ടമുണ്ടാക്കുന്നുവെന്നാണ് മറ്റൊരു വാദം. നീതി ആയോഗിന്റെ നോട്ടില്‍ പറയുന്നത് പ്രകാരം 2009ല്‍ 1115 കോടിയും 2014ല്‍ 3870 കോടിയുമാണ് ചെലവ്. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവ് 60,000 കോടിയാണെന്നാണ് അനൗദ്യോഗിക കണക്ക്. അതായത് ശരാശരി ഒരു വോട്ടര്‍ക്ക് 700 രൂപ വച്ച്. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും 100 കോടി രൂപ വീതം ചെലവ്. തെരഞ്ഞെടുപ്പുകള്‍ ഏകീകരിച്ചാല്‍ സര്‍ക്കാരിന്റെ ചെലവ് കുറയും. രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിക്കുന്നതും കുറയുമെന്നാണ് നീതി ആയോഗിന്റെ വാദം. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിച്ചത് 30,000 കോടിയായിരുന്നത്രെ. ചെലവഴിച്ചത് തിരിച്ചുപിടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അഴിമതിയിലൂടെ ശ്രമിക്കുമെന്ന് ഈ ചര്‍ച്ചാരേഖയില്‍ പറയുന്നു. 

എന്നാല്‍, ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ് തെരഞ്ഞെടുപ്പ് എന്ന തത്വം ഇവിടെ അവഗണിക്കപ്പെടുന്നു. പൗരന്റെ മൗലികാവകാശമാണ് ജനാധിപത്യാവകാശം വിനിയോഗിക്കുക എന്നത് ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നു. മൗലികാവകാശത്തിന്റെ മൂല്യത്തെ പണച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു ജനാധിപത്യരാജ്യത്തിന് അളക്കാനോ തുലനം ചെയ്യാനോ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റൊരു വാദം മികച്ച ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് പ്രക്രിയ്ക്ക് വിനിയോഗിക്കേണ്ടി വരുന്നുവെന്നതാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ തെരഞ്ഞെടുപ്പിന്റെ അന്തസത്തയെ അപഹസിക്കുകയാണ് ഈ വാദം. നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പിന് അത് അത്യാന്താപേക്ഷിതവുമാണ്. മികച്ച ഉദ്യോഗസ്ഥരെ തന്നെയാണ് ഈ പ്രക്രിയയ്ക്ക് നിയോഗിക്കേണ്ടത്. തെരഞ്ഞെടുപ്പ് ജോലി സര്‍ക്കാരിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് ചെയ്യുന്നതിന് പകരം ഭരണഘടാബാധ്യസ്ഥതയനുസരിച്ച് ചെയ്യാനുള്ള ധാര്‍മികനീതിബോധം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുക മികച്ച ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ്. തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പുസുരക്ഷ റിസര്‍വ് സേനകള്‍ക്കാണ്. അതിര്‍ത്തികാക്കുന്ന സൈനികരെ തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതല ഏല്‍പ്പിക്കാറില്ലെന്നതാണ് വാസ്തവം.
    

ഇനി വ്യത്യസ്ത തെരഞ്ഞെടുപ്പുകള്‍ ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നാണ് മറ്റൊരു വാദം. ഈ വാദം ഉറപ്പിക്കാനായി 2019 ജനുവരി 20ന് സീന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ മോദി ഇങ്ങനെ പറയുന്നു-ത്രിപുരയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട ദുരാരോപണങ്ങള്‍ ഗോവയിലും കേരളത്തിലും ടെലിവിഷന്‍ ചര്‍ച്ചകളില്‍ നടക്കുന്നു. ഇത് ഫെഡറല്‍ ഘടനയെ തകര്‍ക്കും'. എന്നാല്‍, ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫെഡറല്‍ ഘടനയെ ദുരബലപ്പെടുത്തുകയല്ല, പകരം ജാഗ്രതയുള്ളതാക്കി മാറ്റുകയാണ് ചെയ്യുക. പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് ത്രിപുര തെരഞ്ഞെടുപ്പും ഗോവയും കേരളവുമാണ്. ത്രിപുരയിലെ ജനവിധി കേരളത്തില്‍ സിപിഎമ്മിന് രാഷ്ട്രീയ മുന്നറിയിപ്പും ബിജെപിക്ക് ഉണര്‍വും നല്‍കിയതെങ്ങനയെന്ന് വ്യക്തം. അതുകൊണ്ടുതന്നെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തുമെന്ന വാദം വിശാല ജനാധിപത്യ സങ്കല്‍പ്പങ്ങളുടെ അടിസ്ഥാന മൂല്യങ്ങളെ തള്ളിക്കളയുന്നതാണ്.  2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പാണ് അഞ്ച് സംസ്ഥാനനിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവടങ്ങളില്‍ ജനവിധി ബിജെപിക്ക് എതിരെയായി. ആ മുന്നറിയിപ്പില്‍ നിന്നുണര്‍ന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും രാജിസ്ഥാനിലും ബിജെപിക്ക് ശക്തമായ തിരിച്ചുവരവ് സാധ്യമായത്. അതായത് ജാഗ്രതയോടെ തെരഞ്ഞെടുപ്പുകളെ കണ്ടാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അതു ഗുണകരമാകുകയേയുള്ളൂ എന്നതാണ് വസ്തുത. പിഴവുകള്‍ പരിശോധിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതാണ് ജനവിധികള്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഉദാഹരണം. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഇടയിലാണ് ഇത്തവണ ഇവിടെ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്.  ജനവിധി എല്‍ഡിഎഫിന് വിരുദ്ധമായി. കേന്ദ്രസര്‍ക്കാരിനും ഇങ്ങനെ തന്നെയാണ്. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണ്. 2014ല്‍ ബിഹാറും ഡല്‍ഹിയും മറ്റൊരു ഉദാഹരണമാണ്. രണ്ട് സംസ്ഥാനങ്ങളിലും 2014ല്‍ ലോക്സഭയിലേക്ക് ജനങ്ങള്‍ ബിജെപിയെ പിന്തുണച്ചു. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആംആദ്മിക്കും ബിഹാറില്‍ മഹാഗഡ്ബന്ധനും ജനങ്ങള്‍ അവസരം നല്‍കി. കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലമല്ല ഒരു കൊല്ലം പിന്നിടും മുമ്പ്  ലോക്സഭയിലേക്ക് ജനങ്ങള്‍ നല്‍കിയത്. ആരെ തിരഞ്ഞെടുക്കാം എന്ന ഈ വ്യത്യസ്ത സാധ്യത ജനങ്ങളുടെ അവകാശമാണ്.
  

 ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഫലത്തില്‍ രാജ്യസഭയെ അപ്രസക്തമാക്കുന്ന നടപടിയാണ്. രണ്ടാംതവണ അധികാരത്തിലേറിയെങ്കിലും ബിജെപിക്ക് ഇന്നും രാജ്യസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ല. ലോക്സഭയില്‍ മാത്രമാണ് കരുത്ത്. ലോക്സഭ പാസാക്കുന്ന ബില്ലുകള്‍ രാജ്യസഭ കൂടി പാസാകുമ്പോഴാണ് നിയമമാകുന്നത്. രണ്ട് ഘട്ടത്തില്‍ ബില്ലുകള്‍ പരിശോധിക്കപ്പെടുന്നു. ജനാധിപത്യരീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ഉപരിസഭ ഒരു അരിപ്പ പോലെ വര്‍ത്തിക്കുന്നു. ശക്തമായ പ്രതിപക്ഷമാണ് ലോക്സഭയില്‍ നിന്ന് രാജ്യസഭയെ വ്യത്യസ്തമാക്കുന്നത്. ഭരണഘടന പോലും തിരുത്തിയെഴുതാന്‍ ബിജെപി താല്‍പര്യപ്പെടുന്ന ഈ ഘട്ടത്തില്‍ ഇരുസഭകളിലെയും ബലാബലങ്ങള്‍ നിര്‍ണായകമാണ്. പ്രത്യേകിച്ച് വൈവിധ്യതകള്‍ നിറഞ്ഞ ഇന്ത്യയുടെ സാംസ്‌കാരികഭൂമിശാസ്ത്ര ഘടനയുടെ അടിസ്ഥാനത്തില്‍. രണ്ട് വര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ മാറിവരുന്ന രീതിയില്‍ രാജ്യസഭയുടെ ഘടന വിഭാവനം ചെയ്തത് തന്നെ വിവിധ കാലങ്ങളിലെ ജനാഭിലാഷങ്ങളെ ഭരണകൂടം മുഖവിലയ്ക്ക് എടുക്കണം എന്നതുകൊണ്ടുകൂടിയാണ്.

ബി.ജെ.പിക്ക് എന്താണ് താല്‍പ്പര്യം
നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഏകീകരണത്തിലൂടെ രാഷ്ട്രീയ മേല്‍ക്കൈ നേടാന്‍ ബി.ജെ.പിക്ക് കഴിയും. കോണ്‍ഗ്രസ് മുക്ത ഭാരതം, ഏകക്ഷി ഭരണം എന്നിവ ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് തടസമാകുന്നത് പ്രാദേശികപാര്‍ട്ടികളാണ്. ഇണക്കിയും പിണക്കി ഇല്ലാതാക്കിയും ബിജെപി നടത്തുന്ന തന്ത്രം പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കുമെന്ന് കരുതുന്ന രാഷ്ട്രീയ വിശകലനങ്ങളുണ്ട്. ഐ.ഡി.എഫ്.സി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം അനുസരിച്ച് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യാനുള്ള സാധ്യത 77 ശതമാനമാണ്. 1999 മുതല്‍ 2014  വരെയുള്ള നാലു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ നിന്നുള്ള കണക്കുകളെ അധികരിച്ചാണ് ഈ റിപ്പോര്‍ട്ട്. വോട്ടറുടെ സ്വഭാവത്തെ ഒറ്റ തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ കൊണ്ട് സ്വാധീനം ചെലുത്താനാകുമെന്ന് വ്യക്തം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറും ഡീനുമായ ജഗദീപ് ചോകര്‍ നടത്തിയ പഠനം അനുസരിച്ച് ലോക്സഭയിലേക്കും നിയമസഭയിലേക്കും വോട്ടര്‍ വ്യത്യസ്തമായി വോട്ടു ചെയ്തത് അപൂര്‍വമാണ്. 1989 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 31 എണ്ണത്തില്‍ 24 എണ്ണത്തിലും കേന്ദ്രത്തിലും നിയമസഭയിലേക്കും ഒരു പാര്‍ട്ടിക്കാണ് വോട്ടര്‍മാര്‍ വോട്ടു ചെയ്തത് എന്ന് കണക്കാക്കപ്പെടുന്നു. 

ബോക്സ്

വാദം
1 പൊതുഖജനാവിന് കനത്ത നഷ്ടമുണ്ടാക്കുന്നു. 
2. ഭരണസംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നു
3, സുരക്ഷാസേനയുടെ വിലപ്പെട്ട സമയം രണ്ടുഘട്ടങ്ങളിലായി അനാവശ്യമായി ചെലവഴിക്കേണ്ടിവരുന്നു 
4 നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടീച്ചര്‍മാരും ഇതിനായി രണ്ടുവട്ടം സമയം ചെലവഴിക്കേണ്ടിവരുന്നു. 
5. വ്യത്യസ്ത തെരഞ്ഞെടുപ്പ് രാജ്യത്തെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തുന്നു.

പ്രതിവാദം
1. ജനാധിപത്യ അവകാശത്തെ ചെലവിന്റെ യുക്തിയില്‍ അളക്കാനാവില്ല
2. സര്‍ക്കാരിന്റെയും മുന്നണിയുടെയും പിഴവുകള്‍ പരിശോധിക്കാനാകും
3. റിസര്‍വ് സേനകള്‍ക്കാണ് സുരക്ഷാചുമതല
4. സുതാര്യമായ നടത്തിപ്പിന് ഈ ഉദ്യോഗസ്ഥര്‍ ആവശ്യവുമാണ്
5. തിരുത്തലുകളിലൂടെ ഫെഡറല്‍ ഘടനയെ ശക്തിപ്പെടുത്തുകയാണ് 


നിലവില്‍ ലോക്സഭയ്ക്കൊപ്പം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍
1. ആന്ധ്രാപ്രദേശ്
2. ഒഡിഷ
3. അരുണാചല്‍ പ്രദേശ്
5. സിക്കിം


കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നിട്ട് ഒരു വര്‍ഷം
2018 ജൂണ്‍ 20നാണ് ജമ്മു-കശ്മീരില്‍ അന്നത്തെ ഗവര്‍ണര്‍ എന്‍.എന്‍.വോറ നല്‍കിയ ശുപാര്‍ശയില്‍ രാഷ്ട്രപതി ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. സഖ്യകക്ഷി സര്‍ക്കാരില്‍ നിന്ന് ബിജെപി പിന്‍മാറിയതോടെ പിഡിപി നേതാവും മുഖ്യമന്ത്രിയുമായ മെഹബൂബ് മുഫ്തി രാജിവയ്ക്കുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നാലു തവണയാണ് കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ജമ്മു-കശ്മീരിനു പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനാ വകുപ്പുപ്രകാരം നിയമസഭയുടെ കാലാവധി ആറുവര്‍ഷമാണ്. 1976ലെ 42ാം ഭരണഘടനാ ഭേദഗതി പ്രകാരം നിയമസഭകളുടെ കാലാവധി ആറുവര്‍ഷമാക്കിയെങ്കിലും പിന്നീടു വീണ്ടും അഞ്ചുവര്‍ഷമാക്കി ഭേദഗതി ചെയ്തിരുന്നു. എന്നാല്‍ കശ്മീരില്‍ രണ്ടാമത്തെ ഭേദഗതി അംഗീകരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com