ഭൂമി തട്ടിപ്പിന്റെ 'ദാന' വഴികള്‍

 ആചാര്യന്‍ വിനോബ ഭാവെ ഭൂദാനപ്രസ്ഥാനത്തിനു കിട്ടിയ 29,000 ഏക്കറോളം വരുന്ന ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗവും അന്യാധീനപ്പെട്ടിരിക്കുന്നു.
വിനോബ ഭാവെ ആലപ്പുഴയിലെത്തിയപ്പോള്‍
വിനോബ ഭാവെ ആലപ്പുഴയിലെത്തിയപ്പോള്‍

ഭൂമിയില്ലാത്തവര്‍ക്കു കൃഷിക്കും വീടുവയ്ക്കാനും ഭൂദാനപ്രസ്ഥാനത്തിന്റെ ആചാര്യന്‍ വിനോബ ഭാവെ കേരളമാകെ നടന്നു ചോദിച്ചുവാങ്ങിയ 29,000 ഏക്കര്‍ ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗം അന്യാധീനപ്പെട്ടിരിക്കുന്നു. ആരൊക്കെയാണ് കൈവശപ്പെടുത്തിയത് എന്നും ആരൊക്കെയാണ് അതിനു കൂട്ടുനിന്നത് എന്നും വ്യക്തമല്ലാത്തവിധം 20,000 ഏക്കറോളം ഭൂമി ഇന്നു പലരുടെ ഉടമസ്ഥതയില്‍. വിവിധ ഗാന്ധിയന്‍ സംഘടനാ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ അന്വേഷണങ്ങള്‍ പാതിവഴിക്കു നിലച്ചു. ഭൂരഹിതരുടെ പ്രക്ഷോഭങ്ങള്‍ പലവട്ടം കേരളത്തെ പിടിച്ചുലച്ചിട്ടും മാറിവന്ന സര്‍ക്കാരുകള്‍ ഈ ഭൂമി അന്വേഷിക്കാനോ കണ്ടെത്താനോ ശ്രമിച്ചില്ല. 

10,000 ഏക്കറില്‍ താഴെ മാത്രമാണ് അര്‍ഹര്‍ക്കു വിതരണം ചെയ്തത്. ബാക്കി കേരളമാകെയായി പരന്നുകിടക്കുന്നു; ചിലതൊക്കെ ആരുടെ പക്കല്‍ എങ്ങനെ എത്തി എന്ന ചില സൂചനകളുണ്ട്. പക്ഷേ, തിരിച്ചുപിടിക്കാന്‍ സാധിക്കാത്തവിധം കൈവിട്ടുപോയി എന്നാണ് വെളിപ്പെടുത്തലുകള്‍. കേരളത്തില്‍ ആദ്യമായി ഭൂമി ദാനം ചെയ്തവരില്‍ പ്രമുഖനായ കെ. കേളപ്പനും സഹോദരിയും കോഴിക്കോട് ജില്ലയില്‍ നല്‍കിയ 35 ഏക്കറില്‍പ്പെട്ട ഭൂമി മലബാറിലെ പ്രമുഖ സമുദായ സംഘടനയുടെ വിദ്യാഭ്യാസ സ്ഥാപനത്തിനുവേണ്ടിയാണ് പില്‍ക്കാലത്തു വാങ്ങിയത് എന്നു അന്വേഷണത്തില്‍ തെളിഞ്ഞു. മലപ്പുറം ജില്ലയിലെ തവനൂരില്‍ ദാനഭൂമിയിലൊരു ഭാഗം തെക്കന്‍ കേരളത്തിലെ മുന്‍നിര സമുദായ സംഘടന കൈവശപ്പെടുത്തി. കോഴിക്കോട് രാമനാട്ടുകര പെരിങ്ങാവിലെ ദാനഗ്രാമം പൊളിച്ചടുക്കിയത് രാഷ്ട്രീയ നേതൃത്വമാണ്. ഗാന്ധി പാരമ്പര്യത്തിന്റെ കേരളത്തിലെ ഉജ്ജ്വല മാതൃകയായി മാറിയ കെ. രാധാകൃഷ്ണമേനോനും ഭാര്യ നിര്‍മ്മലാ മഞ്ജരേക്കറും ജീവിതം കൊടുത്തു കെട്ടിപ്പടുത്ത രാമനാട്ടുകരയിലെ സേവാമന്ദിരം പോസ്റ്റ് ബേസിക് ഹൈസ്‌കൂളിന്റെ നിയന്ത്രണം ഏകതാ പരിഷത്ത് നേതാവ് പി.വി. രാജഗോപാല്‍ അധ്യക്ഷനായ ട്രസ്റ്റിന്റെ നിയന്ത്രണത്തില്‍. 

''ആളുകള്‍ ഭൂമി സമര്‍പ്പിച്ചത് ഗാന്ധിജിയുടെ സ്‌നേഹസ്മരണകള്‍ക്കു മുന്നിലാണ്. മറ്റൊരര്‍ത്ഥത്തില്‍ അത് ഗാന്ധിജിക്കു നല്‍കിയ ഭൂമിയാണ്. ഗാന്ധിജി രാജ്യത്തിന്റെ പൊതുസ്വത്തായതിനാല്‍ ആ ഭൂമിയും പൊതുസ്വത്തുതന്നെ. ജനങ്ങളെ പ്രതിനിധീകരിച്ച് സര്‍ക്കാരോ ഗാന്ധിയന്‍ സംഘടനകളോ ആ ചുമതല ഏറ്റെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല.'' ഗാന്ധിയന്‍ സാമൂഹിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ വിജയരാഘവന്‍ ചേരിയ പറയുന്നു. ''മൂന്നില്‍ രണ്ടുഭാഗം ഭൂമിയും അന്യാധീനപ്പെട്ടിരിക്കുന്നു എന്നതും അര്‍ഹതപ്പെട്ടവരുടെ പക്കലല്ല ഭൂമി എന്നതും ശരിയാണ്. ഉടമസ്ഥാവകാശ കൈമാറ്റം നടന്നിരിക്കുന്നു.'' കോഴിക്കോട് ജില്ലയില്‍ 27 ഏക്കര്‍ ദാനം ചെയ്ത സ്വാതന്ത്ര്യ സമരസേനാനി വെള്ളാത്തേല്‍ കുഞ്ഞിരാമപ്പണിക്കരുടെ മകനും മുന്‍ കോളേജ് അധ്യാപകനും എഴുത്തുകാരനുമായ പി.എ. വാസുദേവന്‍ പറയുന്നു. അതേസമയം, ദാനം കിട്ടിയ ഭൂമി അര്‍ഹതയുള്ളവരെ കണ്ടെത്തി വേണ്ടവിധം വിതരണം ചെയ്ത അനുഭവങ്ങളുമുണ്ട്. കേരളമാകെ അതു വ്യാപിപ്പിക്കാമായിരുന്നിട്ടും നടക്കാതെ പോയി. 

ഭൂദാനങ്ങളുടെ 
കേരളചരിത്രം

1957 ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് വിനോബ ഭാവെ കേരളത്തില്‍ പദയാത്ര നടത്തിയത്. അതിനു മുന്‍പേ അതിനു പശ്ചാത്തലം ഒരുങ്ങിയിരുന്നു. 1953 ജൂലൈ 29-ന് പയ്യന്നൂരില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കേരളത്തില്‍ ഭൂദാനത്തിനുവേണ്ടിയുള്ള പ്രചാരണം കെ. കേളപ്പന്‍ ഉദ്ഘാടനം ചെയ്തത്. വിനോബ ഭാവെയുടെ സഹപ്രവര്‍ത്തകനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ശങ്കര്‍ റാവു ദേവ് വിനോബ ഭാവെയുടെ നിര്‍ദ്ദേശപ്രകാരം 1953 നവംബറില്‍ കേരളത്തില്‍ ഭൂദാന പദയാത്ര നടത്തി. ദാനഭൂമിയുടേയും വിതരണം ചെയ്ത ഭൂമിയുടേയും 1960 ഫെബ്രുവരി മാസത്തില്‍ തയ്യാറാക്കിയ സ്ഥിതിവിവരം കേരള സര്‍വ്വോദയ മണ്ഡലത്തിന്റെ പക്കലുണ്ട്. അതുതന്നെ ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ സമീപകാലത്ത് അവര്‍ക്കു കിട്ടിയതാണ്. രാജ്യത്ത് അന്നുണ്ടായിരുന്ന 15 സംസ്ഥാനങ്ങളിലും കൂടി 44,12,266.42 ഏക്കര്‍ ഭൂമി ലഭിച്ചുവെന്നും 8,81,366.44 ഏക്കര്‍ വിതരണം ചെയ്തുവെന്നും അതില്‍ പറയുന്നു. 4,629 ഏക്കര്‍ ഭൂമി ദാനഗ്രാമങ്ങളുടെ രൂപീകരണത്തിനായി നല്‍കി. കേരളത്തില്‍ 29,021 ഏക്കറാണ് കിട്ടിയത്. അന്നുവരെ 2,126 ഏക്കര്‍ വിതരണം ചെയ്തു. ഗ്രാമദാനം ചെയ്തത് 543 ഏക്കര്‍. 

നേരിട്ടു ഭൂമി ദാനം ചെയ്തവരില്‍ ഒരാള്‍ പോലും ഇന്നു ജീവിച്ചിരിപ്പില്ല. കേരളത്തില്‍ ഭൂദാന സമിതിക്കു നേതൃത്വം നല്‍കിയവരുടെ തലമുറയും കുറ്റിയറ്റു. വിനോബ ഭാവെയുടെ ആത്മീയപുത്രി എന്നു വിശേഷിപ്പിക്കപ്പെട്ട പരിവ്രാജക രാജമ്മ എന്ന കെ.എ. രാജമ്മ മാത്രമാണ് ജീവിച്ചിരിക്കുന്നത്. 94 വയസ്സായ അവര്‍ക്കും ഭൂമി നഷ്ടപ്പെട്ട വഴികളെക്കുറിച്ചു വ്യക്തതയില്ല. കേരള സര്‍വ്വോദയ മണ്ഡലം ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പലപ്പോഴായി ഇക്കാര്യം അന്വേഷിച്ചവരാണ്. എങ്ങുമെത്തിയില്ലെന്നു മാത്രം. ഐക്യകേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാരിനു നേതൃത്വം നല്‍കിയ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിക്കും മുഖ്യമന്ത്രി ഇ.എം.എസിനും വിനോബ ഭാവെയോട് അനുകൂല നിലപാടാണ് ഉണ്ടായിരുന്നത്. പക്ഷേ, മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തില്‍ ഭൂദാന്‍ ബോര്‍ഡ് രൂപീകരിക്കാനോ പാര്‍ലമെന്റ് പാസ്സാക്കിയ ഭൂദാന നിയമം ശക്തമായി നടപ്പാക്കാനോ കേരളം ശ്രമിച്ചില്ല. ദാനം കിട്ടിയ ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം കൈമാറുന്നതില്‍ സംഭവിച്ച ഈ പിഴവാണ് പിന്നീട് ഭൂമി അന്യാധീനപ്പെടാന്‍ പ്രധാന കാരണമായി മാറിയത്. രണ്ടു വര്‍ഷം മാത്രം ഭരിച്ചു പുറത്തുപോകേണ്ടിവന്ന ആ സര്‍ക്കാരിനുശേഷം വന്നവരും ആ കാര്യത്തില്‍ താല്പര്യം കാട്ടിയില്ല. ഭൂപരിഷ്‌കരണ നിയമവും കാര്‍ഷികബന്ധ നിയമവും നടപ്പാക്കിയ ഇ.എം.എസ്. സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് ഇത്രയധികം ഭൂമി ആളുകള്‍ സൗജന്യമായി ദാനം ചെയ്തതും അതു വേണ്ടവിധം വിനിയോഗിക്കാതെ പാഴായിപ്പോയതും എന്ന വൈരുധ്യം ബാക്കിനില്‍ക്കുന്നു. 

''ദാനം കിട്ടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതിനും ഭൂമി വിതരണം ചെയ്യുന്നതിനുമുള്ള ചുമതല വഹിക്കാന്‍ ദേശീയതലത്തില്‍ ഭൂദാന്‍ ബോര്‍ഡുണ്ടായി. എന്നാല്‍, കേരളത്തിലെ ആദ്യ ഗവണ്‍മെന്റിന്റെ നിലപാട് ഭൂദാന്‍ ബോര്‍ഡിന് എതിരായിരുന്നു. ഇതോടുകൂടി ദാനം കിട്ടിയ ഭൂമിക്ക് ഉടമകള്‍ ഇല്ലാതെ വന്നു. കേരളത്തില്‍ മാത്രമാണ് ഇങ്ങനെ ആ ഭൂമിക്ക് അതോറിറ്റി ഇല്ലാതെ വന്നത്.'' സര്‍വ്വോദയ മണ്ഡലം മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. ജഗദീഷന്‍ പറയുന്നു. മറ്റിടങ്ങളില്‍ മുഴുവന്‍ ബോര്‍ഡും ഭൂദാന്‍ ബോര്‍ഡിന്റെ ഉത്തരവാദിത്തത്തിലാവുകയും ഉടമസ്ഥാവകാശം ബോര്‍ഡിനു കൈമാറുകയും ചെയ്തു. പിന്നീട് ഭൂരഹിതര്‍ക്കുള്ള ഭൂമി വിതരണം ബോര്‍ഡിനു മാത്രമേ സാധിക്കൂ എന്നുവന്നു. കേരളത്തില്‍ ദാനം ചെയ്തയാളില്‍നിന്നു ലഭിച്ച സമ്മതപത്രത്തിനപ്പുറത്തേയ്ക്കു കാര്യങ്ങള്‍ നീങ്ങാതായി. ഭൂദാനസമിതിക്കു ഭൂമി ദാനം ചെയ്തവര്‍ക്ക് ഭൂദാന സമിതി സര്‍ട്ടിഫിക്കറ്റും നല്‍കി. പക്ഷേ, ഭൂമി തന്നവരുടെ ഉടമസ്ഥതയില്‍ത്തന്നെ തുടര്‍ന്നു റവന്യൂ രേഖകളില്‍ മാറ്റമുണ്ടായില്ല. സര്‍വ്വോദയ മണ്ഡലത്തിന്റെ ജില്ലാ ഘടകങ്ങളെയാണ് അതാതു ജില്ലയിലെ ഭൂദാന രേഖ ഏല്‍പ്പിച്ചിരുന്നത്. ''ജില്ലാ മണ്ഡലങ്ങള്‍ സഹജമായ ഏകോപന സ്വഭാവമില്ലായ്മയും അരാജക സ്വഭാവവും മൂലം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല'' എന്നാണ് കെ.ജി. ജഗദീഷന്റെ വെളിപ്പെടുത്തല്‍. ക്രമേണ ദാനം ചെയ്ത ഭൂമിയില്‍ പലതും തന്നവര്‍തന്നെ തിരിച്ചെടുക്കാന്‍ തുടങ്ങി. അതിനു നിയമപരമായ തടസ്സങ്ങളൊന്നുമുണ്ടായിരുന്നുമില്ല. രേഖകളില്‍ ഭൂമി അവരുടേതു തന്നെയായിരുന്നു. ഭൂദാന്‍ പ്രസ്ഥാനത്തിനു കൊടുത്ത സമ്മതിപത്രം ഉപയോഗിച്ച് ഉടമസ്ഥാവകാശം മാറ്റുക എന്ന ഏറ്റവും പ്രധാന ഉത്തരവാദിത്വം നിര്‍വ്വഹിക്കാതിരുന്നതിന്റെ തിരിച്ചടി. പലപ്പോഴും ദാതാക്കള്‍ അറിഞ്ഞിട്ടാണോ തിരിച്ചെടുത്തത് എന്നും വ്യക്തമല്ല.

ഭൂദാന പ്രസ്ഥാനത്തിനു കമ്യൂണിസ്റ്റുകാരില്‍നിന്നു പരക്കെ എതിര്‍പ്പുണ്ടായിരുന്നു എന്നാണ് അന്തരിച്ച പ്രമുഖ ഗാന്ധിയന്‍ എം.പി. മന്മഥന്‍ കെ. കേളപ്പനെക്കുറിച്ചുള്ള പുസ്തകത്തില്‍ എഴുതിയത്. ഗാന്ധിയന്മാര്‍ ഇപ്പോഴും പറയുന്നതും അതുതന്നെ. ഭൂദാനശ്രമം യഥാര്‍ത്ഥ വിപ്ലവത്തിന്റെ വായ്ത്തല മടക്കുമെന്ന് കമ്യൂണിസ്റ്റുകാര്‍ വിശ്വസിച്ചു എന്നാണ് വാദം. എന്നാല്‍, തമിഴ്നാട്ടിലെ പദയാത്ര പൂര്‍ത്തിയാക്കി കേരളത്തിലേയ്ക്കു വന്ന വിനോബ ഭാവേയ്ക്കും സംഘത്തിനും അതിര്‍ത്തിയായ പാറശാലയില്‍ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത് എന്ന വസ്തുതയുമുണ്ട്. ഗവര്‍ണറും മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജമ്മയുടെ തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് ഇരുതലമൂലയിലെ ആശ്രമത്തില്‍ വിനോബ ഭാവെ താമസിച്ചപ്പോള്‍ ഇ.എം.എസ്. അവിടെയെത്തി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു എന്നു പരിവ്രാജക ഓര്‍മ്മിക്കുന്നു. മാത്രമല്ല, വിനോബ ഭാവെ അവിടെയുണ്ടായിരുന്നപ്പോള്‍ ഒരു തവണ മന്ത്രിസഭായോഗം പോലും അവിടെ ചേര്‍ന്നു. വിനോബ ഭാവെ ഗ്രാമവിദ്യാലയത്തിനു തറക്കല്ലിട്ടു. അന്ന് ഇവിടെ സ്‌കൂളും റോഡും പോസ്റ്റോഫീസും ബസുമൊന്നുമില്ല. വനമായിരുന്നു. ആശ്രമത്തിനു കുടില്‍ കെട്ടാന്‍ പാച്ചിയപ്പന്‍ എന്നയാള്‍ 25 സെന്റ് ദാനം ചെയ്തു. പിന്നീട് ഇ.എം.എസ്സ് താല്പര്യമെടുത്ത് ഗാന്ധിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി പാട്ടത്തിനു കൊടുത്ത 13 ഏക്കര്‍ ഭൂമിയിലാണ് വിനോബ നികേതന്‍ തുടങ്ങി. പിന്നീട് അതില്‍നിന്ന് ഒരേക്കര്‍ ഒരു ആശുപത്രി തുടങ്ങാന്‍ മാത്രമായി പഞ്ചായത്തിനു കൈമാറി. ആശുപത്രി ആദ്യം ഒരു 'ദൈ്വവാര' ആശുപത്രിയായിരുന്നു. കിടത്തി ചികിത്സ ഉള്‍പ്പെടെ തുടങ്ങണം എന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്തിനു ഭൂമി കൊടുത്തത്. പക്ഷേ, ഇപ്പോഴും പ്രാഥമികാരോഗ്യകേന്ദ്രം മാത്രം. 

കെഎം രാജമ്മ
കെഎം രാജമ്മ


ഇ.എം.എസ്. സര്‍ക്കാരിനെ വിമോചനസമരത്തെത്തുടര്‍ന്നു കേന്ദ്രം പിരിച്ചുവിട്ടശേഷം വന്ന സര്‍ക്കാരും ഭൂദാന നിയമമുണ്ടാക്കാന്‍ ആത്മാര്‍ത്ഥത കാണിച്ചില്ല. അക്കാര്യത്തില്‍ വന്ധ്യമായ ശ്രമമേ അവരും നടത്തിയുള്ളു എന്നാണ് എം.പി. മന്മഥന്‍ എഴുതിയത്. ഇങ്ങനെയൊക്കെ ആയിട്ടും പല ജില്ലകളിലായി 10,000-ത്തിലധികം ഏക്കര്‍ ഭൂമി വിതരണം ചെയ്യാന്‍ ഭൂദാന സമിതിക്കു കഴിഞ്ഞു എന്നായിരുന്നു അവകാശവാദം. എന്നാല്‍, ദാനം ലഭിച്ച ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും വിതരണം ചെയ്യപ്പെടാതെ ക്രമേണ അന്യാധീനപ്പെട്ടതും ഇതും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ''മലയാളികള്‍ക്ക് ഒരുപാട് കൊടുക്കാന്‍ ഭൂമി ഉണ്ടായിരുന്നില്ല. അങ്ങനെ ചെറുതായിട്ടു കിട്ടിയതാണ് 29,000 ഏക്കര്‍. ദാനം കിട്ടിയ ഭൂമിയുടെ കാര്യങ്ങള്‍ നോക്കിയിരുന്ന പ്രവര്‍ത്തകര്‍ രേഖകള്‍ സൂക്ഷിക്കാനും ജാഗ്രത കാണിച്ചില്ല. ഇന്നത്തെപ്പോലെ ഭൂമിക്ക് അന്നു വിലയും ആവശ്യവും ഉണ്ടായിരുന്നില്ല. കിട്ടിയവര്‍ വില കല്‍പ്പിച്ചുമില്ല'' -രാജമ്മ പറയുന്നു. വിനോബ അദ്ദേഹത്തിന്റെ കര്‍മ്മം ചെയ്‌തെന്നും ആവശ്യക്കാര്‍ സംരക്ഷിച്ചില്ലെന്നും കൂടി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പെരിങ്ങാവിലെ 
രാധേട്ടന്‍ 

കോഴിക്കോട് പെരിങ്ങാവിലെ നവോദയ ദാനഗ്രാമത്തിന്റേയും രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് സ്‌കൂളിന്റേയും സ്ഥാപകന്‍ കെ. രാധാകൃഷ്ണമേനോന്‍ മരിച്ചിട്ട് 12 വര്‍ഷം കഴിഞ്ഞു. 'രാധേട്ടന്‍' ഇന്നും രാമനാട്ടുകരക്കാര്‍ക്കു പ്രകാശം പരത്തുന്ന ഓര്‍മ്മയാണ്. ഭൂദാന പ്രസ്ഥാനത്തിനു സ്വന്തമായി ഉള്ളതത്രയും കൊടുക്കുകയും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്ത അപൂര്‍വ്വ മനുഷ്യന്‍. പക്ഷേ, ജീവിതം കൊടുത്ത്, സ്വന്തം കുടുംബത്തിന്റെ സ്വകാര്യ സന്തോഷങ്ങളും ആവശ്യങ്ങളും പോലും മറ്റുള്ളവരുടേതുമായി ചേര്‍ത്തുമാത്രം കണക്കിലെടുത്ത അദ്ദേഹത്തിനു നോവിക്കുന്ന വലിയ അനുഭവമുണ്ടായി. കേരളത്തിലെ ഭൂദാന പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വല ഗാഥയും ഏറ്റവും വലിയ നന്ദികേടിന്റെ ഓര്‍മ്മയും രാമനാട്ടുകരയും രാധാകൃഷ്ണമേനോനുമായി ബന്ധപ്പെട്ടതാണ്. മുന്‍ കോളേജ് അധ്യാപകനും എഴുത്തുകാരനുമായ പി.എ. വാസുദേവന്റെ വാക്കുകളില്‍ ആ കാലത്തിന്റെ തീക്ഷ്ണത മുഴുവനുണ്ട്. വാസുദേവന്റെ അച്ഛന്‍ കുഞ്ഞിരാമപ്പണിക്കര്‍ വിനോബ ഭാവേയ്ക്കു ദാനം ചെയ്ത 27 ഏക്കറിലാണ് ഭൂദാന ഗ്രാമമുണ്ടായത്. അതിന്റെ ട്രസ്റ്റിയായിരുന്നു രാധാകൃഷ്ണമേനോന്‍. ഒപ്പം കുടുംബസ്വത്തായ തറവാട്ടുവീടും കൂടി അദ്ദേഹം ദാനം ചെയ്തു. വിയോഗത്തിന്റെ പത്താം വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്നു പുറത്തിറക്കിയ പുസ്തകത്തില്‍ മക്കള്‍ എം. ശൈലജാ മണിയും എം. ഗീതാഞ്ജലിയും എഴുതിയ വെവ്വേറെ കുറിപ്പുകളില്‍ അവരുടെ 'ബാബ'യുടെ (അച്ഛനെ അങ്ങനെയാണ് വിളിച്ചിരുന്നത്) ഒട്ടും നിറം കലരാത്ത ജീവിത ചിത്രമുണ്ട്. സ്‌കൂളിന്റേയും ദാനഗ്രാമത്തിന്റേയും മിഴിവുള്ള ചിത്രം കൂടി ചേര്‍ന്നതാണ് അത്. മാധ്യമ പ്രവര്‍ത്തകയായ ഇളയ മകള്‍ എം. സുചിത്ര പുസ്തകത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു. 

''കക്ഷിരാഷ്ട്രീയത്തില്‍നിന്ന് അകന്ന് ഒരു കൂട്ടായ്മയായിട്ടാണ് ദാനഗ്രാമിലെ കുടുംബങ്ങള്‍ ജീവിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കു സ്വാധീനമൊന്നും ഇല്ലാതിരുന്ന ഒരു തുരുത്ത്. ദാനഗ്രാമിലെ ഗ്രാമസഭ വളരെ സജീവമായിരുന്നു, ആദ്യ വര്‍ഷങ്ങളില്‍ പ്രത്യേകിച്ചും. എല്ലാ കുടുംബങ്ങളില്‍നിന്നും ഒരാള്‍ വീതം ഈ സഭയില്‍ അംഗമായിരുന്നു. ഗ്രാമത്തിലെ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നതു ഗ്രാമസഭയായിരുന്നു. കൃഷി, റോഡുനിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം, മറ്റു തൊഴിലുകള്‍ എല്ലാം ഗ്രാമസഭയുടെ മേല്‍നോട്ടത്തിലായിരുന്നു നടന്നത്. കുടുംബങ്ങളും വ്യക്തികളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതെല്ലാം ഗ്രാമസഭാ യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കപ്പെട്ടു. പൊലീസ് സ്റ്റേഷനുകളിലേക്കോ കോടതികളിലേക്കോ ദാനഗ്രാം നിവാസികള്‍ക്കു പോകേണ്ടിവന്നില്ല. ദാനഗ്രാം ഇത്തരത്തില്‍ സ്വയംനിര്‍ണ്ണയാവകാശമുള്ള ഒരു തുരുത്തായി തുടരുന്നതില്‍ ചുറ്റുമുള്ള രാഷ്ട്രീയക്കാര്‍ക്കു വലിയ അസഹിഷ്ണുത ഉണ്ടായിരുന്നു. ദാനഗ്രാം സമുദായത്തിലേക്കും നുഴഞ്ഞുകയറി തങ്ങളുടെ സ്വാധീനം ഉറപ്പിക്കണം എന്ന് അവര്‍ക്കു വാശിയായിരുന്നു. ദാനഗ്രാമിലെ ഭൂമി സംബന്ധമായ അവകാശവും പട്ടയവും വലിയ ഒരു പ്രശ്‌നമാക്കി മാറ്റി അവര്‍. ഭൂദാന യജ്ഞത്തിലൂടെ സ്ഥലം ലഭിച്ചിരുന്ന ദാനഗ്രാം നിവാസികള്‍ക്കു ഭൂദാനപ്പട്ടയമാണ് ഉണ്ടായിരുന്നത്. അതായത്, അവര്‍ക്കു സ്വന്തം സ്ഥലം പുറത്തുള്ളവര്‍ക്കു വില്‍ക്കാന്‍ പറ്റില്ല. തലമുറകളായി വീടുവച്ചും കൃഷിചെയ്തും ജീവിക്കാം. സ്വന്തം മക്കള്‍ക്കു നല്‍കാം. ദാനം കിട്ടിയ ഭൂമിയില്‍ ജീവിക്കേണ്ട എന്നു തോന്നിയാല്‍ അതു ഗ്രാമസമിതിക്കുതന്നെ തിരിച്ചു നല്‍കാം. 

പുറത്തുനിന്നുള്ള രാഷ്ട്രീയക്കാര്‍ക്ക് അവരുടെ മുതലെടുപ്പിനായി വലിയ പഠിപ്പില്ലാത്ത ദാനഗ്രാമിലെ സാധാരണക്കാരെ പറഞ്ഞു പറ്റിക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. ''രാധേട്ടന്‍ മരിച്ചാല്‍ ഈ ഭൂമി മുഴുവന്‍ അയാളുടെ മക്കള്‍ക്കു പോകും. സര്‍ക്കാരിന്റെ പട്ടയം കിട്ടുന്നതിനു വേണ്ടതു ചെയ്യാന്‍ അതാണ് അയാള്‍ക്കു താല്പര്യമില്ലാത്തത്. നിങ്ങള്‍ക്ക് ഒന്നും കിട്ടില്ല. ഇതാണ് അവര്‍ പറഞ്ഞുപരത്തിയിരുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണയോടെയും സഹായത്തോടെയും 1985-ല്‍ ദാനഗ്രാം നിവാസികള്‍ ബാബക്കെതിരെ സംഘടിക്കുകയും ജാഥകളും യോഗങ്ങളും നടത്തുകയും ചെയ്തു. അതുവരെ ഒരു കുടുംബമായി ജീവിച്ച ദാനഗ്രാം സമുദായത്തില്‍ പിളര്‍പ്പ് വന്നതു വലിയ ആഘാതമായി. ഭൂരിപക്ഷം ദാനഗ്രാം നിവാസികളും ബാബക്കെതിരെ തിരിഞ്ഞു.'' ഗീതാഞ്ജലി എഴുതുന്നു. ഇന്ന് ദാനഗ്രാമില്‍ എല്ലാവര്‍ക്കും സ്വന്തം പട്ടയമുണ്ട്. പലരും പുറത്തുള്ളവര്‍ക്കു സ്വന്തം ഭൂമി വിറ്റുപോയി. ദാനഗ്രാം സമുദായ സമ്പ്രദായത്തെക്കുറിച്ച് ഒന്നും അറിയാത്ത ഒരുപാടുപേര്‍ ഈ ഭൂമി വാങ്ങി ഇവിടെ താമസം തുടങ്ങി. പലരും സ്വന്തം ഭൂമിയിലെ മണ്ണ് ഇടിച്ചു വില്‍ക്കാന്‍ തുടങ്ങി. ദാനഗ്രാം കൂട്ടായ്മയും സ്‌നേഹവും കുറേയൊക്കെ അങ്ങനെ ആ മണ്ണോടൊപ്പം ചോര്‍ന്നൊലിച്ചു പോയെന്നും ഗീതാഞ്ജലി സങ്കടത്തോടെ വിശദീകരിക്കുന്നു.

പി.എ. വാസുദേവന്‍ കുറേക്കൂടി തുറന്നാണ് സംസാരിച്ചത്: ''ഭൂമി ആര്‍ക്കാണോ കൊടുത്തത് അവര്‍ക്ക് ഇതിന്റെ പൈതൃകം അറിയില്ലായിരുന്നു. ഒരുപക്ഷേ, അവരുടെ സാംസ്‌കാരിക പശ്ചാത്തലം മോശമായതു കൊണ്ടായിരുന്നിരിക്കാം. അവരുടെ രണ്ടാം തലമുറയെ അദ്ദേഹം അറിവും ആത്മവീര്യവും കൊടുത്തു പഠിപ്പിച്ചുകൊണ്ടുവന്നു. എല്ലാവര്‍ക്കും പലതരത്തിലുള്ള മെച്ചപ്പെട്ട ജോലികള്‍ കിട്ടി. സാമ്പത്തിക സ്വാതന്ത്ര്യം അവരെ കടന്നുവന്ന വഴികള്‍ മറക്കുന്നവരാക്കി. ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശം വേണമെന്ന് അവര്‍ മേനോനോട് ആവശ്യപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിനു പ്രായമായിരുന്നു. നാളെ നിങ്ങള്‍ക്ക് ഈ ഭൂമിയില്‍ ഒരു അവകാശവും ഉണ്ടാകില്ലെന്നു പറഞ്ഞ് അവരെ ആരൊക്കെയോ പറഞ്ഞു തിരിക്കുകയായിരുന്നു. അവര്‍ രാധേട്ടനെതിരെ സമരം തുടങ്ങി. അതോടെ ഭൂമി അവര്‍ക്ക് എഴുതിക്കൊടുത്തു. ''നിങ്ങളെന്തിനാണ് ഇങ്ങനെ നീറുന്നത്. അവര്‍ക്ക് എഴുതിക്കൊടുത്തു സമാധാനമായിരിക്കൂ'' എന്ന് അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു എന്നാണ് മനസ്സിലാകുന്നത്. ഓരോരുത്തര്‍ക്കും അവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം പ്രത്യേകം പ്രത്യേകം കിട്ടിയതോടെ വില്‍ക്കാമെന്നായി. ഭൂമിയുടെ വില ഉയരാന്‍ തുടങ്ങിയ കാലവുമായിരുന്നു. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ വില്‍ക്കുന്നതില്‍ മറ്റുള്ളവര്‍ക്കെന്താ കാര്യം എന്ന മട്ടില്‍ത്തന്നെയാണ് അവര്‍ വിറ്റത്.'' വാസുദേവന്‍ ഓര്‍മ്മിക്കുന്നു.

ഭൂമി ഇല്ലാത്തവര്‍ക്കു ഭൂമി നല്‍കാനും പാവപ്പെട്ടവരെ ജീവിതത്തിലേക്കു പിടിച്ചുയര്‍ത്താനും ചില പദ്ധതികള്‍ രാധാകൃഷ്ണമേനോന്‍ കുഞ്ഞിരാമപ്പണിക്കരോടു പറഞ്ഞതാണ് തുടക്കം. ''ഭാവിയില്‍ ഈ ഭൂമിയൊക്കെ എങ്ങനെ വിനിയോഗിക്കാമെന്നോ സ്വന്തം മക്കള്‍ക്ക് അതൊക്കെ ഉപകാരപ്പെടണമെന്നോ ചിന്തിക്കുന്നവരായിരുന്നില്ല അവര്‍. സ്വത്തിനോടും പണത്തോടുമൊന്നും ആസക്തി ഉണ്ടായിരുന്നില്ല എന്നതാണു കാര്യം'' രാധാകൃഷ്ണമേനോന്റെ ശിഷ്യന്മാരിലൊരാളായ ഡോ. ഗോപി പുതുക്കോട് പറയുന്നു. കെ. രാധാകൃഷ്ണമേനോന്‍: വ്യക്തിയും ജീവിതവും എന്ന പുസ്തകത്തിന്റെ പത്രാധിപസമിതിയില്‍ ഡോ. ഗോപിയുമുണ്ടായിരുന്നു. ''അച്ഛന്‍ ആ ഭൂമിയുടെ രേഖകളെല്ലാം കണ്ടുപിടിച്ചു. വിനോബ ഭാവെ കോഴിക്കോട്ട് വന്നപ്പോള്‍ ആ ആധാരക്കെട്ടെല്ലാം കൂടി അദ്ദേഹത്തേയും രാധാകൃഷ്ണമേനോനേയും ഏല്‍പ്പിച്ചു. മറ്റു ഭൂദാനങ്ങളില്‍നിന്നു വ്യത്യസ്തമായി രേഖകളുള്‍പ്പെടെ കൊടുത്തു എന്നതാണ് പ്രത്യേകത'' എന്ന് പി.എ. വാസുദേവന്‍.

ആ ഭൂമിയില്‍ കുറേ ദളിതുകള്‍ താമസിച്ചിരുന്നു. അവരെ തുടരാന്‍ അനുവദിക്കുകയും പ്രത്യേകമായി ഭൂമി വീതിച്ചു നല്‍കുകയും ചെയ്തു. അവിടെ ഒരു സോപ്പ് നിര്‍മ്മാണശാലയും ഖാദി കേന്ദ്രവും ഉള്‍പ്പെടെ അവരുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള പദ്ധതികള്‍ ഉണ്ടാക്കി. അവരുടെ കുട്ടികളെ പഠിപ്പിച്ചു. പക്ഷേ, 'എം.എക്കാരന്‍ കൂലിക്കാരന്‍' എന്ന് അദ്ദേഹത്തെ പരിഹസിക്കുന്നവരും നാട്ടുംപുറത്ത് ഉണ്ടായിരുന്നു. ഹൈസ്‌കൂള്‍ കുട്ടികള്‍ സാമ്പാറുണ്ടാക്കുന്നു എന്നു കുട്ടികളേയും പരിഹസിച്ചു. പക്ഷേ, ഗാന്ധിജി കക്കൂസ് വൃത്തിയാക്കുകപോലും ചെയ്തിരുന്നതുള്‍പ്പെടെ പറഞ്ഞ് അദ്ദേഹം അവര്‍ക്ക് ആത്മവിശ്വാസം നല്‍കി. 
1947-1948ല്‍ വാര്‍ധയിലെ സേവാമന്ദിരത്തില്‍ സമഗ്ര സേവനത്തിലും അടിസ്ഥാന വിദ്യാഭ്യാസത്തിലും പരിശീലനം നേടിയിട്ടാണ് ഗാന്ധിയുടെ മരണശേഷം മേനോന്‍ നാട്ടിലേക്കു മടങ്ങിയത്. 1949-ല്‍ ഭാര്യ നിര്‍മ്മലയുമൊത്ത് തറവാട്ടു വീട്ടിലാണ് സേവാമന്ദിരം തുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായിരുന്നു കേരളത്തിലെ ആദ്യ അടിസ്ഥാന വിദ്യാലത്തിന്റേയും തുടക്കം. കേരളത്തിലെ ഭൂദാന പ്രസ്ഥാനത്തെക്കുറിച്ചു ഞങ്ങള്‍ ആരോടൊക്കെ ചോദിച്ചറിയാന്‍ ശ്രമിച്ചോ, അവരിലൊരാളും രാധാകൃഷ്ണമേനോനെക്കുറിച്ചു പറയാതിരുന്നില്ല.

ഭൂദാനത്തിന്റെ
കണ്ണൂര്‍ മാതൃക

ഭൂദാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ കേരളത്തില്‍ എന്തെങ്കിലും നടക്കുന്നത് കണ്ണൂരില്‍ എന്ന് കെ.ജി. ജഗദീഷനും സര്‍വ്വോദയ മണ്ഡലം സംസ്ഥാന അധ്യക്ഷന്‍ ജോസ് മാത്യുവും പറഞ്ഞു. നേരിട്ട് അറിഞ്ഞപ്പോള്‍ അത് അങ്ങനെ തന്നെയാണ് എന്ന് ഉറപ്പാവുകയും ചെയ്തു. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ ഗാന്ധിയന്മാരില്‍ പ്രമുഖനായിരുന്ന ടി.വി. അനന്തന്റെ മകന്‍ ടി.വി. സുരേന്ദ്രനാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. കണ്ണൂര്‍ ജില്ലാ സര്‍വ്വോദയ മണ്ഡലത്തിന്റെ നേതാവാണ് അദ്ദേഹം. കണ്ണൂര്‍ ജില്ലയില്‍ ആറ് ഭൂദാന കോളനികളില്‍ ആളുകള്‍ നല്ല നിലയില്‍ ജീവിക്കുന്നു. പ്രധാന ഭൂദാന കോളനികളൊന്നായ വാതില്‍മട കോളനിയില്‍ ആദിവാസികളായ മാവ്ലര്‍ മാത്രം. നൂറ് ഏക്കറാണ് അത്. നൂറിലധികം വീടുകളുണ്ട്. കേരളത്തില്‍ അത്തരമൊരു മാതൃക വേറെയില്ല. ഇവിടെ ഭൂമി നഷ്ടപ്പെട്ടിട്ടുമില്ല. കുടകു മല മുതല്‍ വയനാടു വരെ അലഞ്ഞു ജീവിച്ചു മരത്തില്‍നിന്നു തേനെടുത്തു ജീവിച്ചിരുന്ന, ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെടാതിരുന്നവര്‍. ടി.വി അനന്തനാണ് അവര്‍ക്കു മാത്രമുള്ള ഇടമായി ഭൂദാന കോളനികളില്‍ ഒന്നിനെ മാറ്റിയത്. വിദ്യാഭ്യാസപരമായ വലിയ മാറ്റത്തിന് അതു കളമൊരുക്കി. അതിന്റെ തുടര്‍ച്ചയായി ഇന്ന് അവരില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ബാങ്ക് മാനേജര്‍മാരുമൊക്കെയുണ്ട്. നിരവധി ബിരുദധാരികള്‍. 70 ശതമാനത്തിലധികം പേര്‍ മദ്യപിക്കാത്തവര്‍. ഭൂമികൊടുക്കുക മാത്രമല്ല ചെയ്തത്. എല്ലാവിധ ചൂഷണങ്ങളില്‍നിന്നും അവരെ സംരക്ഷിച്ചു നിര്‍ത്തി പുരോഗതിയിലേക്കു നയിച്ചു. രാമനാട്ടുകരയില്‍ രാധാകൃഷ്ണമേനോന്‍ 'രാധേട്ടന്‍' ആയതുപോലെ ഇവര്‍ക്ക് ടി.വി അനന്തന്‍ 'അച്ഛപ്പന്‍' ആയി മാറി. 


ഉണ്ണാമന്‍ നായനാര്‍ എന്ന ജന്മിയാണ് ഈ ഭൂമി ദാനം ചെയ്തത് എന്ന് കണ്ണൂരിലെ പ്രമുഖ ഗാന്ധിയന്‍ സി.പി. നാരായണന്‍ നമ്പ്യാരും ഓര്‍ക്കുന്നു. ''ആ കോളനിയിലെ ഓരോരുത്തരോടും ചോദിച്ചുനോക്കൂ, ഇപ്പോള്‍ നിങ്ങളെ ആരെങ്കിലും ചൂഷണം ചെയ്യുകയോ മുതലെടുക്കുകയോ ചെയ്യുന്നുണ്ടോ എന്ന്. 'സര്‍വ്വോദയക്കാര്‍' ചെയ്തതു നന്മ മാത്രമെന്നേ അവര്‍ പറയുകയുള്ളൂ'' ടി.വി സുരേന്ദ്രന്‍ പറഞ്ഞു. ശരിയാണ്, അവരുടെ പ്രതികരണം അങ്ങനെതന്നെയാണ്. പക്ഷേ, എല്ലായിടത്തും ഭൂദാനത്തിന്റെ തുടര്‍ച്ച അതേവിധം സംഭവിച്ചില്ല.

കണ്ണൂരിലെത്തന്നെ ചില ഭൂദാന കോളനികള്‍ പ്രതീക്ഷിച്ചവിധം ആളുകള്‍ക്ക് ഉപകാരപ്രദമായില്ല എന്ന് ടി.വി. സുരേന്ദ്രന്‍ സമ്മതിക്കുന്നു. ''ചില കോളനികള്‍ സജീവമല്ല'' എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മട്ടന്നൂരിനടുത്ത് ശിവപുരത്ത് വിനോബാ കോളനി നെയ്ത്തുകാരുടെ മാത്രം കോളനിയായി നല്ല നിലയില്‍ നിലനില്‍ക്കുന്നു. ഏഴ് ഏക്കര്‍ മാത്രമേയുള്ളു. ഏച്ചൂരില്‍ 15 ഏക്കറില്‍ ആരംഭിച്ച ഭൂദാന കോളനിക്ക് ടി.വി അനന്തന്റെ മരണശേഷം നാട്ടുകാര്‍ അദ്ദേഹത്തിന്റെ പേര് നല്‍കി. മറ്റൊന്ന് അഞ്ചേക്കര്‍ ഭൂമിയിലുള്ള കസ്തൂര്‍ബാ കോളനിയാണ്. മറ്റൊന്ന് പാണപ്പുഴ കോളനി. പിന്നെ കേളപ്പജി നഗര്‍ കോളനി. കാസര്‍ഗോഡ് ജില്ലയുടെ കിഴക്കന്‍ മലയില്‍ ആദിവാസികള്‍ മാത്രമുള്ള ഒരു ഭൂദാന കോളനി ഉണ്ടെങ്കിലും അതു വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്ന് സര്‍വ്വോദയ മണ്ഡലം സമ്മതിക്കുന്നു. ദൂരമാണ് പ്രശ്‌നം. സര്‍വ്വോദയ മണ്ഡലത്തിനു പ്രവര്‍ത്തനഫണ്ടില്ലെന്നതും പ്രശ്‌നമായി. കുറേ ഭൂമി ഇപ്പോഴും കൊടുക്കാനായി കണ്ണൂര്‍ ജില്ലയില്‍ സര്‍വ്വോദയ മണ്ഡലത്തിന്റെ പക്കലുണ്ട്. അപേക്ഷ ക്ഷണിച്ച് ഏറ്റവും ദരിദ്രര്‍ക്കു നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 

1957-ലെ ഭൂദാനത്തില്‍ കാടും മലയുമൊക്കെയായി ദാനം ചെയ്ത പല ഭൂമിയും കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. ചിലതു കണ്ടെത്തി. പക്ഷേ, തലമുറകളായി അവിടെ വേറെ കുടുംബങ്ങള്‍ വീടുവച്ചു താമസിക്കുകയും കൃഷി ചെയ്യുകയുമാണ്. അവര്‍ക്കു ഭൂമി വിറ്റവര്‍ ഇന്നു ജീവിച്ചിരിക്കുന്നുമില്ല. അതുകൊണ്ടു നിയമപരമായ നടപടികളിലേക്കു പോയാല്‍ നീളും എന്നതുകൊണ്ടും അത് ഇപ്പോഴത്തെ കൈവശക്കാര്‍ക്കും ബുദ്ധിമുട്ടാണ് എന്നതുകൊണ്ടും പരസ്പര ധാരണയിലെത്തി. ദാനഭൂമിയാണ് എന്ന് അംഗീകരിച്ചു ഭൂമിയുടെ കുറച്ചു ഭാഗം തിരിച്ചു നല്‍കുക എന്നാണ് ധാരണ. പാറശാലയില്‍ വിനോബ ഭാവെയെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ കുട്ടിയാണ് സുരേന്ദ്രന്‍. സ്‌കൂളില്ലാത്തപ്പോള്‍ എവിടെപ്പോയാലും മകനെ കൊണ്ടുപോകുമായിരുന്നു ടി.വി അനന്തന്‍. ഭൂദാന പ്രസ്ഥാനം ഏറ്റവും ഫലപ്രദമായി നടന്നത് മലബാറിലാണ് എന്ന് കോഴിക്കോട്ടെ സര്‍വ്വോദയ സംഘം നേതാവ് ടി.കെ.എ. അസീസും ചൂണ്ടിക്കാണിക്കുന്നു. ''തൃശൂരിനു വടക്കോട്ട് മലബാര്‍ പ്രദേശത്ത് ഭൂദാന പ്രസ്ഥാനത്തിന്റെ ചുമതല കേളപ്പന്റെ അനുയായികളായ ഐ.കെ. കുമാരന്‍ മാസ്റ്റര്‍ക്കും ടി.വി അനന്തനുമായിരുന്നു. പക്ഷേ, ഭൂദാന പ്രസ്ഥാനം തുടങ്ങുന്ന കാലത്ത് കേളപ്പന്‍ അതിലുണ്ടായിരുന്നില്ല. ഇക്കണ്ട വാര്യരായിരുന്നു കണ്‍വീനര്‍. 1957-ല്‍ ലോക്സഭാംഗത്വ കാലാവധി അവസാനിച്ച ശേഷമാണ് കേളപ്പന്‍ ഇതിലേയ്ക്കു വന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ആഹ്വാനപ്രകാരം അനുയായികളില്‍ വലിയൊരു വിഭാഗം ഭൂദാന പ്രസ്ഥാനത്തിലേക്കു പോയി അവര്‍ പ്രസ്ഥാനത്തിനു വലിയ പ്രചാരണം നല്‍കി.''

യഥാര്‍ത്ഥത്തില്‍ ഭൂദാന പ്രസ്ഥാനത്തിനു ലഭിച്ച വാഗ്ദാനങ്ങളുടെ കണക്ക് ലക്ഷക്കണക്ക് ഏക്കറാണ് എന്ന് ടി.വി. സുരേന്ദ്രന്‍ പറയുന്നു. വിനോബ ഭാവെയുടെ യാത്രയില്‍ ഓരോ ദിവസത്തേയും പ്രാര്‍ത്ഥനായോഗത്തില്‍ നിരവധിയാളുകള്‍ എണീറ്റുനിന്നു വാഗ്ദാനം ചെയ്ത ഭൂമിയില്‍ മുഴുവനും കിട്ടിയിട്ടില്ല. പറഞ്ഞവരെല്ലാം പാലിച്ചില്ല; കുറച്ചു പേര്‍ പാലിച്ചു. അതാണ് 29,000 ഏക്കര്‍. വയനാട്ടിലെ പനമരം മുതല്‍ മഞ്ചേശ്വരം വരെയായിരുന്ന അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ആകെ എണ്ണായിരം ഏക്കര്‍ കിട്ടി. പുല്‍പ്പള്ളി ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ കുറച്ചു ഭൂമിയുണ്ട്. 1400 ഏക്കര്‍. ദേവസ്വത്തിന്റെ പക്കലായതുകൊണ്ട് ആരും അതു പ്രശ്‌നമാക്കിയില്ല. കെ. കേളപ്പന്റെ അനുയായികളായിരുന്നു അതിന്റെ ട്രസ്റ്റിമാര്‍. സാമുവല്‍ ആറോണ്‍ എന്ന ബ്രിട്ടീഷുകാരന്‍ സംഭാവന ചെയ്തതാണ് ഇതില്‍ 999 ഏക്കര്‍. കണ്ണൂര്‍ ജില്ലയില്‍ ഒന്നിച്ചു കിട്ടിയതില്‍ വലിയ പ്രദേശം അതാണ്. സാമുവല്‍ ആറോണ്‍ ദാനം ചെയ്ത 999 ഏക്കര്‍ ഭൂമിയില്‍ കുറേ അന്യാധീനപ്പെട്ടു. അതു തിരിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില നീക്കങ്ങളുമുണ്ടായി. ഇന്ന് പരിയാരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടുന്ന ഭൂമി അതില്‍പ്പെട്ടതാണ്. 

എവിടെപ്പോയി 
ആ രേഖകള്‍?

പഴയ കോഴിക്കോട് ജില്ലയില്‍പ്പെട്ട നിലമ്പൂരിലെ കോവിലകം 2000 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. തമ്പുരാട്ടിക്കല്ല് എന്ന സ്ഥലത്താണത്. അതു മുഴുവന്‍ തേക്കിന്‍കാടായിരുന്നു. ഇന്നും അവിടുത്തെ പോസ്റ്റോഫീസിന്റെ പേര് ഭൂദാന്‍ എന്നാണ്. പക്ഷേ, ഒരിഞ്ച് ഭൂമിപോലും ദാനഭൂമി എന്ന നിലയില്‍ കൈമാറിക്കിട്ടിയവരുടെ പക്കല്‍ അവശേഷിക്കുന്നില്ല. അന്യാധീനപ്പെട്ടു. ആ ഭൂമി ആരുടെ കൈവശമായി എന്നു ചോദിച്ചപ്പോള്‍ മലബാറിലെ പ്രമുഖനായ ഒരു ഗാന്ധിയന്‍ ഒറ്റവാചകത്തില്‍ മാത്രം പ്രതികരിച്ചു: ''നേതാക്കന്മാര്‍ എല്ലാവരും ഒരുപോലെയല്ലല്ലോ.'' സാമുവല്‍ ആറോണ്‍ നല്‍കിയ ഭൂമിയുടേയും തമ്പുരാട്ടിക്കല്ലിലെ ഭൂമിയുടേയും മറ്റും രേഖകള്‍ കാണാനില്ല. ആ രേഖകളും ഭൂമിയും ആരുടെ പക്കല്‍ എന്ന അന്വേഷണം എങ്ങുമെത്തുന്നില്ല. ഭൂമിക്കു വിലയേറുകയും അതു വലിയ രാഷ്ട്രീയായുധം തന്നെയായി മാറുകയും ചെയ്തതോടെ പലരും പല കാലങ്ങളിലായി ദാനഭൂമിയുടെ കൈവശാവകാശക്കാരായി മാറാന്‍ പല കുതന്ത്രങ്ങളും പ്രയോഗിച്ചു. ആര്, എങ്ങനെ, ഇപ്പോള്‍ അവരെന്തു നിലയിലാണ് എന്നൊക്കെ അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. ''ആദര്‍ശധീരന്മാരില്‍ ചിലരുടെ ആദര്‍ശ പ്രതിരൂപത്തിനുള്ളില്‍ ആദര്‍ശമല്ല, മറ്റു ചിലതാണ് എന്നുവരെ പറയാന്‍ ടി.വി സുരേന്ദ്രന്‍ തയ്യാറായി. ഇതും കെ.ജി. ജഗദീശനു ലഭിച്ച താക്കീതും പരസ്പരബന്ധമുള്ളതുതന്നെ. ''കണ്ണൂര്‍ ജില്ലാ സര്‍വ്വോദയ മണ്ഡലത്തെക്കുറിച്ച് ആര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല. പക്ഷേ, ഭൂമിക്കുമേല്‍ കഴുകനെപ്പോലെ വട്ടമിട്ടു നടക്കുന്നവരുണ്ട്. ഈ രംഗത്തുതന്നെയുള്ള മറ്റു ചില ശക്തികള്‍'' എന്നു കൃത്യമായ ഉന്നംവച്ച് ടി.വി. സുരേന്ദ്രന്‍ വെളിപ്പെടുത്തുന്നു. അദ്ദേഹം ഒരു വലിയ പേരു പറഞ്ഞു. പക്ഷേ, തല്‍ക്കാലത്തേക്കു മാത്രം ഞങ്ങള്‍ ആ പേര് എഴുതുന്നില്ല. അന്വേഷണങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. ആ ഘട്ടത്തില്‍ അതൊരു വലിയ തെളിവായി മാറാനും ഇടയുണ്ട്. 

കണ്ണൂര്‍ ജില്ലയില്‍ ദാനഭൂമിയുടെ വില്‍പ്പനയും കൈമാറ്റവും സര്‍വ്വോദയ മണ്ഡലത്തിന്റെ ഇടപെടല്‍മൂലം ഇപ്പോള്‍ നിന്നിട്ടുണ്ട്. കൈമാറാന്‍ കഴിയാത്ത ഭൂദാന ഭൂമികളുടെ മുഴുവന്‍ വിവരങ്ങളും നിയമങ്ങളും ജില്ലയിലെ മുഴുവന്‍ രജിസ്ട്രാഫീസുകളിലും വില്ലേജ് ഓഫീസുകളിലും സര്‍വ്വോദയ മണ്ഡലം എത്തിച്ചു. അതുകൊണ്ടു ഭൂമി കൈമാറാന്‍ കഴിയില്ല. പക്ഷേ, അവിടെ താമസിക്കുന്നവരോട് സംഘട്ടനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാതെ ആറ് ഏക്കര്‍ ഭൂമി തിരിച്ചു വാങ്ങി. അതില്‍ ഒന്നര ഏക്കര്‍ ഒരു അന്ധവിദ്യാലയത്തിനു കൊടുക്കാന്‍ പോകുന്നു. 
പക്ഷേ, ഇതേവിധമുള്ള തിരിച്ചെടുക്കല്‍ പ്രായോഗികമല്ലാത്ത സ്ഥലങ്ങള്‍ കണ്ണൂരില്‍ തന്നെയുണ്ട്. ''ഞാന്‍ അടുത്തയിടെ അഞ്ചേക്കര്‍ ഭൂമിയുടെ ദാനസമ്മതിപത്രവുമായി കണ്ണൂര്‍ ജില്ലയിലെ കരിയാട് പോയി. രേഖയിലുള്ള ഭൂമിയില്‍ മനോഹരമായ നിരവധി വീടുകള്‍. എങ്ങനെയാണ് ആ ഭൂമി ഇപ്പോഴുള്ള കൈവശാവകാശികളുടെ കൈയില്‍ എത്തിയത് എന്ന് അന്വേഷിക്കാന്‍ പോയാല്‍ അക്രമമുണ്ടായേക്കും. നമ്മള്‍ ചെന്ന് അവരെ കുഴപ്പത്തിലാക്കാന്‍ പോകുന്നുവെന്നു വരും. വേണമെങ്കില്‍ ചെയ്യാവുന്ന കാര്യമുണ്ട്. ദാനം ചെയ്ത ഭൂമിയില്‍ വീടു വയ്ക്കാന്‍ ഇവര്‍ക്ക് അവകാശം കൊടുത്തത് ആരാണെന്നു കണ്ടെത്താന്‍ കഴിയും. തല്‍ക്കാലം ഒരു നീക്കവും നടത്തിയിട്ടില്ല'' -കെ.ജി. ജഗദീഷന്‍ പറഞ്ഞു.

ആലപ്പുഴ മാരാരിക്കുളത്ത് ഒരു ജന്മി ദാനം ചെയ്ത 14 ഏക്കര്‍ ഭൂമി 54 കുടുംബങ്ങള്‍ക്കു വീതംവച്ചു നല്‍കി. പഞ്ചായത്തിനും ആശുപത്രിക്കും വ്യവസായ സംരംഭത്തിനുമൊക്കെ അതില്‍ നിന്നു ഭൂമി നല്‍കി. സര്‍വ്വോദയ ഗ്രാമമുണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതു പരാജയപ്പെട്ടു. ഓരോ കുടുംബവും അവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ചോദിച്ചു. അതോടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെട്ടില്ല. ഉടസ്ഥാവകാശം ലഭിച്ചവര്‍ പലരും വിറ്റു. സര്‍വ്വോദയപുരം ഇപ്പോഴുമുണ്ടെന്നു മാത്രം. 

ദാതാക്കളാരും ജിവിച്ചിരിപ്പില്ല. ചേര്‍ത്തല മായിക്കരയില്‍ ഭൂദാന്‍ ഭൂമിയാണ് എന്നു വിവരം ലഭിച്ച സ്ഥലത്തിന്റെ വിവരം തിരക്കി സര്‍വ്വോദയ മണ്ഡലം പ്രവര്‍ത്തകര്‍ കോഴിക്കോട് ഗാന്ധി ആശ്രമത്തില്‍ പോയി. അവിടെനിന്നു വിവരം കിട്ടിയില്ല. നേരിട്ട് ആ ഭൂമിയില്‍ ചെന്നപ്പോള്‍ കമ്പിവേലി കെട്ടി വേര്‍തിരിച്ച ഭൂമിയില്‍നിന്നു മണ്ണു വില്‍ക്കുകയുമൊക്കെ ചെയ്യുന്നതാണ് കണ്ടത്. എഴുപുന്ന തരകന്മാര്‍ ദാനം ചെയ്ത ഭൂമിയായിരുന്നു. അവര്‍തന്നെ തിരിച്ചെടുത്ത് വിറ്റതാണ് എന്നു വ്യക്തവുമായി. ദാനം ചെയ്തിട്ടും ഉടമസ്ഥാവകാശം അവരുടെ കൈയില്‍ത്തന്നെ നിലനിന്നതുകൊണ്ടാണ് അത് അവര്‍ക്കു സാധിച്ചത്. ദാനം കിട്ടിയ ഭൂമിയുടെ രേഖകള്‍ സൂക്ഷിക്കാന്‍ ഉത്തരവാദിത്വം ഉണ്ടായിരുന്ന സര്‍വ്വോദയ മണ്ഡലത്തിന് അക്കാലത്ത് ഓഫീസ് പോലുമുണ്ടായിരുന്നില്ല. സര്‍വ്വോദയ മണ്ഡലത്തിന്റേയും ഗാന്ധി പീസ് ഫൗണ്ടേഷന്റേയും ഗാന്ധി സ്മാരക നിധിയുടേയും ആസ്ഥാനം നിര്‍മ്മിക്കാനാണ് തിരുവനന്തപുരം നഗരത്തില്‍ തൈക്കാട് സംഗീത കോളേജിന് എതിര്‍വശം സര്‍ക്കാര്‍ ഒരേക്കര്‍ ഭൂമി നല്‍കിയത്. പക്ഷേ, സര്‍വ്വോദയ മണ്ഡലത്തിന്റെ ഓഫീസ് അവിടെ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടു ദാനം കിട്ടിയ ഭൂമിയുടെ സമ്മതിപത്രങ്ങള്‍ എവിടെ എന്ന് എവിടെ എന്നൊരു വിവരവുമില്ല. കെ. കേളപ്പന്‍ താമസിച്ചിരുന്ന കോഴിക്കോട്ടെ ഗാന്ധി ആശ്രമത്തിലാണ് അവ സൂക്ഷിച്ചിരുന്നത്. കേളപ്പനുശേഷം വന്നവര്‍ അതെന്തു ചെയ്തു എന്നതിനെക്കുറിച്ചു വ്യക്തതയില്ല. മനപ്പൂര്‍വ്വം നശിപ്പിച്ചതാകണം എന്നില്ല. പക്ഷേ, നഷ്ടപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ അന്നു നിയമപിന്തുണ സംരക്ഷിക്കാന്‍ തയ്യാറായെങ്കില്‍ ഭൂമി നഷ്ടപ്പെടില്ലായിരുന്നു എന്നാണ് പരിവ്രാജക രാജമ്മ കരുതുന്നത്. ഭൂപരിഷ്‌കരണത്തിനു പ്രചോദനമായത് ഭൂദാന പ്രസ്ഥാനമാണ് എന്നും അവര്‍ വിശ്വസിക്കുന്നു. 

കൈമാറ്റത്തെക്കുറിച്ചുള്ള
വെളിപ്പെടുത്തലുകള്‍ 

ഭൂദാന പ്രസ്ഥാനത്തിനുവേണ്ടി കേരള സര്‍വ്വോദയ മണ്ഡലം, കേരള സര്‍വ്വോദയ സംഘം, കസ്തൂര്‍ബാ ട്രസ്റ്റ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍, ഗാന്ധി സ്മാരക നിധി, ഹരിജന്‍ സേവകസംഘം തുടങ്ങി വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ സര്‍വ്വോദയ പ്രവര്‍ത്തകരെല്ലാം ഒന്നിച്ചുനിന്നു പ്രവര്‍ത്തിച്ചു. എം.പി. മന്മഥന്‍, എം.വി. ശ്രീകണ്ഠപ്പൊതുവാള്‍, വിഷ്ണു ഭാരതീയന്‍, എ.കെ. രാജമ്മ (പരിവ്രാജക രാജമ്മ), ചെറിയാന്‍, ശാന്തിനികേതനം കൃഷ്ണന്‍ നായര്‍, ഇ.കെ. വാര്യര്‍ തുടങ്ങിയവരുടെ നേതൃനിരയിലെ പങ്കാളിത്തം ഭൂദാനം എന്ന ആശയത്തിനു വലിയ വിശ്വാസ്യത നല്‍കി. ഭൂദാന യജ്ഞത്തിനു മൂന്നു ലക്ഷ്യങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. ഒന്ന്, ധനികരുടെ ത്യാഗം അവരെ ദരിദ്രരോടു കൂടുതല്‍ അടുപ്പിക്കുകയും അവര്‍ക്കിടയിലുള്ള കനത്ത ഭിത്തി തകര്‍ത്തുകളയുകയും ചെയ്യും. രണ്ട്, ഭൂമിയുടെ ഉടമസ്ഥാവകാശം അതിന്റെ പുതിയ ഉടമയെ സന്തോഷിപ്പിക്കുകയും കഠിനാധ്വാനം ചെയ്യാന്‍ പ്രചോദിപ്പിക്കുകയും അങ്ങനെ രാജ്യത്തെ ഭക്ഷ്യോല്പദനം വര്‍ധിക്കുകയും ചെയ്യുന്നു. മൂന്ന്, സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ തികച്ചും സമാധാനപരവും സ്‌നേഹപൂര്‍വ്വവും പരിഹരിക്കാനുള്ള ഒരു മാര്‍ഗ്ഗം അതു ലോകത്തിനു കാണിച്ചുകൊടുക്കുന്നു. 

ഭൂദാന യജ്ഞത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവരുടെ ചുമതലകള്‍ വിനോബ ഭാവേ കൃത്യമായി നിര്‍വ്വചിച്ചിരുന്നു. ആദ്യം സ്വന്തം ഭൂമിയില്‍ ഒരംശം ഉപേക്ഷിക്കുക, മറ്റുള്ളവരെ സേവിക്കുന്നതില്‍ വ്യാപൃതരാവുക, ഈ സേവനത്തില്‍ തങ്ങളുടെ സര്‍വ്വസ്വവും ത്യജിക്കുക. ഈ മൂന്നു ഗുണങ്ങളും ഒത്തുചേര്‍ന്ന സര്‍വ്വോദയ നേതാക്കളുണ്ടായിരുന്നു. ''കേളപ്പജിയുടെ മരണശേഷം കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും ഉണ്ടായി. സര്‍ക്കാരുകള്‍ മാത്രമല്ല, സര്‍വ്വോദയ പ്രസ്ഥാനവും ഈ ഭൂമിയുടെ കാര്യത്തില്‍ ശുഷ്‌കാന്തി കാണിച്ചില്ല. സര്‍വ്വോദയ പ്രസ്ഥാനത്തില്‍ പിന്നീടു വന്നവര്‍ ചടങ്ങുപോലെ പ്രസ്ഥാനത്തെ കൊണ്ടുപോയി. ആദ്യകാല നേതാക്കളുടെ കാഴ്ചപ്പാടിന് അനുസരിച്ചു മുന്നോട്ടു പോയില്ല. അത്തരം വീഴ്ചകൊണ്ടും നോട്ടക്കുറവുകൊണ്ടുമാണ് ഭൂമി അന്യാധീനപ്പെട്ടത്'' -ജോസ് മാത്യു പറയുന്നു. 

ആളുകള്‍ സ്വയം സന്നദ്ധരായി ഭൂമി കൊടുത്ത ചരിത്രസംഭവത്തിന് ഉണ്ടായ തിരിച്ചടിയെക്കുറിച്ച് അന്വേഷിക്കുക തന്നെ വേണമെന്നതില്‍ ഗാന്ധിയന്മാര്‍ക്കു ഭിന്നാഭിപ്രായമില്ല. ''മലപ്പുറം ജില്ലയിലെ തിരുനാവായ്ക്കടുത്ത് തവനൂരില്‍ വാസുദേവന്‍ നമ്പൂതിരി എന്നയാള്‍ നൂറ് ഏക്കര്‍ ദാനം ചെയ്തിരുന്നു. അതില്‍ കുറച്ച് ഇടക്കാലത്തു സംസ്ഥാന സര്‍ക്കാരിനു വിട്ടുകൊടുത്തു. അവിടെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആ ഭൂമിയില്‍ കുറച്ചുഭാഗം ഒരു സമുദായ സംഘടനയുമായി ബന്ധപ്പെട്ട ആളുകള്‍ മറിച്ചുവിറ്റു'' -ജോസ് മാത്യുവിന്റെ വെളിപ്പെടുത്തല്‍. മുന്‍ പൊന്നാനി എം.പി സി. ഹരിദാസ് പ്രസിഡന്റായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. അതിലുള്‍പ്പെട്ട പലരും ഇന്നു ജീവിച്ചിരിപ്പില്ല. 

''രാധാകൃഷ്ണമേനോന്‍ തുടങ്ങിയ സേവാമന്ദിരം പോസ്റ്റ് ബേസിക് സ്‌കൂള്‍ വെറുമൊരു സ്‌കൂളായിരുന്നില്ല'' -രാമനാട്ടുകരയില്‍ ഉണ്ടായ ഇടപെടലിനെക്കുറിച്ച് പി.എ. വാസുദേവന്‍ ചിലതു വെളിപ്പെടുത്തുന്നു. ''അതു വളര്‍ന്നപ്പോള്‍ മെല്ലെ അവകാശികളും വന്നു. അദ്ദേഹം വളര്‍ത്തിക്കൊണ്ടുവന്ന ഒരാള്‍, ആ ആള്‍ ആരാണെന്ന് അറിഞ്ഞാല്‍ ചിരിവരും. പി.വി. രാജഗോപാല്‍ എന്ന ഏകതാ പരിഷത്ത് നേതാവുണ്ടല്ലോ. ആ ആള്‍ തന്നെ. രാജു അവിടെ വളര്‍ന്ന ആളാണ്. രാജുവിന്റെ ജ്യേഷ്ഠന്‍ വേണുഗോപാല്‍ ഖാദികേന്ദ്രത്തില്‍ വന്നുപെട്ടതാണ്. വേണുഗോപാല്‍ രാധേട്ടനെ പറഞ്ഞുപറ്റിച്ച് എല്ലാം കടലാസിലാക്കി. രാധേട്ടന് അവസാനകാലത്തു കുറച്ച് ഓര്‍മ്മത്തെറ്റൊക്കെ വന്നിരുന്നു. ആരോഗ്യക്കുറവു വന്നപ്പോള്‍ സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്തുനിന്നു മാറാന്‍ അദ്ദേഹം താല്പര്യം അറിയിച്ചു. പകരം ഒരാളെ താന്‍ നിര്‍ദ്ദേശിക്കുമെന്നും നിങ്ങള്‍ നടത്തിക്കൊള്ളണം എന്നും പറഞ്ഞ് എന്റെ പേരു നിര്‍ദ്ദേശിച്ചു. രാധേട്ടന്റെ ആ കത്തിന്റെയൊക്കെ കോപ്പി എന്റെ കൈയിലുണ്ട്. രാധേട്ടനോട് വേണുഗോപാല്‍ ചോദിച്ചു, രാധേട്ടന്റെ നിക്ഷേപം എന്താണ് എന്ന്. എന്റെ ജീവിതമാണ് എന്റെ നിക്ഷേപം എന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും ഈ മഹാനായ പി.വി. രാജഗോപാലിന്റെ കൈകളില്‍ എത്തുന്നതോടെ സ്‌കൂളിന്റെ ചരിത്രം മാറുന്നു. ഇപ്പോള്‍ സ്‌കൂള്‍ ഭരിക്കുന്ന ട്രസ്റ്റിന്റെ അധ്യക്ഷന്‍ രാജഗോപാലാണ്. ഇന്നേവരെ ആ സ്‌കൂളുമായി ഒരു ബന്ധവുമില്ലാത്ത ആളുകള്‍ ചേര്‍ന്നു പണം വാങ്ങി നിയമനമൊക്കെ നടത്തി മുന്നോട്ടു പോകുന്നു. വെറും കച്ചവടം. അവര്‍ക്ക് അതുമായി വൈകാരിക ബന്ധമില്ല. സ്‌കൂള്‍ അന്നുതന്നെ എയ്ഡഡ് ആണ്. അംഗീകാരം കിട്ടാനൊക്കെ ബുദ്ധിമുട്ടിയപ്പോള്‍ രാധേട്ടന്റെ സഹപാഠിയായിരുന്ന വി. അബ്ദുല്ല എന്ന വിദ്യാഭ്യാസ സെക്രട്ടറിയാണ് സഹായിച്ചത്.'' 

കെ. കേളപ്പന്‍ ദാനം ചെയ്ത ഭൂമി പോയ വഴിയെക്കുറിച്ച് വിജയരാഘവന്‍ നടത്തുന്നതും വെളിപ്പെടുത്തല്‍ തന്നെ. പക്ഷേ, അതു നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന സത്യമാണ്. ''കോഴിക്കോട് കൊയിലാണ്ടിക്കടുത്തു വലിയമലയിലെ ആ 25 ഏക്കര്‍ പിന്നീട് മുറിച്ചു പലതാക്കി വിറ്റു. പാക്കനാര്‍പുരത്തെ പത്തേക്കറും പലരുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍. മുഴുവന്‍ ഭൂമിയും വിതരണം ചെയ്തിരുന്നു.

പക്ഷേ, ഭൂദാന നിയമപ്രകാരം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ദാനം കിട്ടിയവരുടെ പിന്‍തലമുറക്കാര്‍ വിറ്റു. അങ്ങനെ പലര്‍ ഒന്നിച്ചു വിറ്റ ഭൂമിയില്‍ അധികവും വാങ്ങിയത് മലബാറിലെ പ്രമുഖ സമുദായസംഘടനയാണ്. അവര്‍ അവിടെ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു.'' മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും കയറിക്കിടക്കാന്‍ ഒരു തുണ്ടു ഭൂമിക്കുവേണ്ടി സമരവും പൊലീസ് വെടിവയ്പും രക്തസാക്ഷിത്വവും ഉണ്ടാകുന്ന കാലത്താണ് അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ആരുടെയൊക്കെയോ കയ്യില്‍ ആദായമായി മാറുന്നത്; ഭൂമിയുടെ പേരില്‍ സര്‍ക്കാരുകള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കാലത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com