വിത്തവും വിദ്യയും കരടേറിയ നയവും: പുതിയ വിദ്യാഭ്യാസനയം വര്‍ഗീയ താല്‍പര്യങ്ങള്‍ക്കതീതമോ?

ഭാവിതലമുറയെ സജ്ജരാക്കുന്ന വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വാണിജ്യ വര്‍ഗ്ഗീയ താല്പര്യങ്ങളുടെ കരിനിഴലിലായിരിക്കുന്നെന്നു ള്ള വാദം ശക്തമാവുകയാണ്
വിത്തവും വിദ്യയും കരടേറിയ നയവും: പുതിയ വിദ്യാഭ്യാസനയം വര്‍ഗീയ താല്‍പര്യങ്ങള്‍ക്കതീതമോ?

ട്ടനവധി കൂടിയാലോചനകള്‍ക്കും തലപുകയ്ക്കലുകള്‍ക്കും ശേഷം തയ്യാറാക്കിയ പുത്തന്‍ വിദ്യാഭ്യാസ നയത്തിന്റെ കരട് ജൂണ്‍ ആദ്യവാരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. കസ്തൂരിരംഗന്‍ അധ്യക്ഷനായുള്ള കമ്മിറ്റി തയ്യാറാക്കിയ കരടാണ് മാനവവിഭവശേഷി വികസന മന്ത്രാലയം പുറത്തുവിട്ടത്. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് 2017 ജൂണില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടുരൂപം ആവിഷ്‌കരിക്കുന്നതിനു രൂപീകരിച്ച സമിതി 2018 ഡിസംബറിലാണ് അതിന്റെ റിപ്പോര്‍ട്ട് മന്ത്രാലയത്തിനു സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദി ഇതര പ്രദേശങ്ങളില്‍ ഹിന്ദി ഉള്‍പ്പെടെ മൂന്നു ഭാഷ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ പൊടിപടലമടങ്ങിയത് കേന്ദ്ര ഗവണ്‍മെന്റ് കരട് പുതുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ്. ഹിന്ദി നിര്‍ബ്ബന്ധിതമാക്കുന്ന നിര്‍ദ്ദേശം കമ്മിറ്റി മുന്നോട്ടുവെച്ച നിരവധി പരിഷ്‌കാരങ്ങളിലൊന്നു മാത്രമായിരുന്നു. 

നമ്മുടെ വിദ്യാഭ്യാസമേഖലയുടെ അലകുംപിടിയും മാറ്റാനുതകുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിലുള്ളത്. വിദ്യാഭ്യാസ സമ്പ്രദായത്തിന് അനിവാര്യമായ പശ്ചാത്തലസൗകര്യം, ശിക്ഷണപരവും ബോധനപരവുമായ ഉള്ളടക്കം എന്നിവയില്‍ കരടു റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നുണ്ട്. നമ്മുടെ പഠനസമ്പ്രദായം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്നു വ്യക്തമാക്കുന്ന കരടുരേഖ ഒന്നാം ക്ലാസ്സ് മുതല്‍ ഭാഷാനൈപുണിയും ഗണിതനൈപുണിയും നേടുന്നതിനു ശക്തമായ അടിത്തറ അനിവാര്യമാണെന്നു സ്ഥാപിക്കുന്നുണ്ട്. വളരെ വൈകാതെ ഈ കരടുരേഖ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് ആവശ്യമായ ഭേദഗതികളോടെ നയമാകുമെന്നാണ് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചിട്ടുള്ളത്. 

കരടുരേഖ തയ്യാറാക്കിയ കമ്മിറ്റി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ പ്രശ്‌നങ്ങളുണ്ടെന്നു സമ്മതിക്കുകയും പ്രീ-സ്‌കൂള്‍ തലം തൊട്ട് ഗവേഷണതലം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സാരമായ പരിഷ്‌കാരങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ഒന്നാം ക്ലാസ്സ് മുതല്‍ ഭാഷാനൈപുണിയും ഗണിതനൈപുണിയും നേടുന്നതിനു ഭദ്രമായ അടിത്തറ അനിവാര്യമാണെന്നു അതു കാണുന്നു. ആന്വല്‍ സ്റ്റാറ്റസ് ഒഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം ക്ലാസ്സിലെ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും നേരാംവണ്ണം ടെക്സ്റ്റ് വായിക്കാനാകില്ല. അതായത് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ സംഖ്യാപരമായ നൈപുണിയുടെ കാര്യത്തിലും അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അപര്യാപ്തത നേരിടുന്നുവെന്നര്‍ത്ഥം. 

യുക്ത്യാധിഷ്ഠിത ചിന്തയും ഭാഷാനൈപുണിയും നേടുന്നതിനു പ്രത്യേക പരിശീലനം പ്രൈമറി തലത്തില്‍ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖ വിഭാവനം ചെയ്യുന്നുണ്ട്. കുട്ടി മൂന്നാംഗ്രേഡില്‍ എത്തുമ്പോഴേയ്ക്കും കണക്കിലും ഭാഷയിലും അടിസ്ഥാനപരമായ അറിവ് നേടിയിരിക്കണം. ഇതു ലക്ഷ്യമിട്ട് ഭാഷാവാരം, ഗണിതവാരം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ താഴ്ന്ന ക്ലാസ്സുകളിലുണ്ടാകും. എന്നാല്‍, കര്‍ക്കശമായ രീതികള്‍ ഈ പ്രായത്തില്‍ അധ്യയനത്തിനും അധ്യാപനത്തിനും ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്നു ശിശുമനശ്ശാസ്ത്ര വിദഗ്ദ്ധരും അക്കാദമീഷ്യന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഈ ക്ലാസ്സുകളില്‍ കളികളിലൂടെ പഠനം സാധ്യമാക്കുന്നതാണ് വികസിത രാജ്യങ്ങളിലെ രീതി. ആ രീതി ഇവിടേയും തുടരുമോ എന്നു വ്യക്തമല്ല. അങ്കണവാടികള്‍ പോലെയുള്ള പ്രീ സ്‌കൂള്‍ സമ്പ്രദായങ്ങള്‍ മുഖ്യധാരാ സ്‌കൂള്‍ സമ്പ്രദായവുമായി ഉദ്ഗ്രഥിതമാകുന്നതും കരടുരേഖയിലുണ്ട്. ശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള അങ്കണവാടികളും വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളും ഒരേ സംവിധാനത്തിനു കീഴില്‍ വരുന്നതു ചില സാങ്കേതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നിരിക്കലും. 

പ്രീ പ്രൈമറി തലം മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ വിദ്യാഭ്യാസം മൗലികാവകാശമാക്കുന്നതും കരടുരേഖ വിഭാവനം ചെയ്യുന്നു. ഇപ്പോഴിത് ഒന്നാം ക്ലാസ്സു മുതല്‍ എട്ടാം ക്ലാസ്സ് വരെയാണ്. അതായതു വിദ്യാഭ്യാസ അവകാശനിയമം പ്രീ പ്രൈമറി തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും ബാധകമാകുന്നു എന്നര്‍ത്ഥം. നിലവിലുള്ള സ്‌കൂള്‍ സമ്പ്രദായം 10+2 ആണെങ്കില്‍ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടുപ്രകാരം അത് 5+3+3+4 ആണ്. അതായത് ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസകാലം 15 വര്‍ഷമായി മാറുന്നു. പ്രീ സ്‌കൂള്‍ ഉള്‍പ്പെടെയാണിത്. നേരത്തെ ഇതു 12 വര്‍ഷമായിരുന്നു. വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന കാലയളവ് വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച ഈ ആലോചന ഏതായാലും പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുളള ഒന്നാണ്. എന്നാല്‍, വിദ്യാഭ്യാസ കാലയളവ് ദീര്‍ഘിപ്പിക്കുന്നതെന്തിന് എന്നതു സംബന്ധിച്ച് ഇനിയും വ്യക്തത കൈവരേണ്ടതുണ്ട്.

ഒരു പ്രദേശത്തെ സ്‌കൂളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്‌കൂള്‍ കോംപ്ലക്‌സുകള്‍ രൂപീകരിക്കുകയെന്ന കോത്താരി കമ്മിഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശത്തിന് ഈ കരടു റിപ്പോര്‍ട്ടില്‍ വീണ്ടും ജീവന്‍ വയ്ക്കുന്നുണ്ട്. അധ്യാപകര്‍ കുറവായിരുന്ന കാലത്ത് ആ അവസ്ഥ മറികടക്കാന്‍ ഉണ്ടായ നിര്‍ദ്ദേശം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് എത്രകണ്ടു ചേരുമെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. പ്രത്യേക വിദ്യാഭ്യാസ മേഖലയാണ് മുന്നോട്ടു വയ്ക്കപ്പെട്ട മറ്റൊരു സങ്കല്പം. രാജ്യത്തു വിദ്യാഭ്യാസ സാഹചര്യം എല്ലായിടത്തും ഒരുപോലെയല്ലാത്തതുകൊണ്ട് ഇത് എല്ലായിടവും പ്രസക്തമാകില്ലെന്നും വാദിക്കപ്പെടുന്നു. 

ഉന്നത വിദ്യാഭ്യാസരംഗം 
ഉടച്ചുവാര്‍ക്കുമ്പോള്‍ 

 
രാജ്യത്തെ സര്‍വ്വകലാശാലകളുടെ നടത്തിപ്പും രീതികളും ലക്ഷ്യങ്ങളും കൂടുതല്‍ ലളിതവല്‍ക്കരിക്കാനും ഉന്നത വിദ്യാഭ്യാസരംഗമാകെ ഉടച്ചുവാര്‍ക്കാനും പോരുന്ന സങ്കല്പങ്ങള്‍ ഈ കരടു റിപ്പോര്‍ട്ടിലുണ്ട്. പഴഞ്ചനെന്നു പൊതുവേ വിലയിരുത്തപ്പെടുന്ന അഫിലിയേഷന്‍ സമ്പ്രദായം അവസാനിപ്പിക്കുമെന്നാണ് സുപ്രധാന കാര്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റിസര്‍ച്ച് യൂണിവേഴ്സിറ്റികള്‍, ടീച്ചിങ് യൂണിവേഴ്സിറ്റികള്‍, ഓട്ടോണമസ് കോളേജുകള്‍ എന്നിങ്ങനെ മൂന്നായി മാത്രം തരം തിരിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ള 40,000-ത്തോളം അഫിലിയേറ്റഡ് കോളേജുകള്‍ക്ക് ഒന്നുകില്‍ ഓട്ടോണമസ് കോളേജ് ആകാം, അല്ലെങ്കില്‍ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ ഭാഗമാകാം. ഇതു രണ്ടും ചെയ്യാത്തവ പൂട്ടിക്കളയണം. യൂണിവേഴ്സിറ്റികളുടെ എണ്ണം എണ്ണൂറില്‍നിന്നും രണ്ടായിരം ആകും, ഓട്ടോണമസ് കോളേജുകള്‍ പതിനായിരവും. നാലില്‍ മൂന്നു അഫിലിയേറ്റഡ് കോളേജുകളും പൂട്ടിപ്പോകും എന്നാണ് നയം പ്രതീക്ഷിക്കുന്നത്. ഡിഗ്രി നല്‍കാനുള്ള അവകാശം ഓട്ടോണമസ് കോളേജുകള്‍ക്കു വരെ ഉണ്ടായിരിക്കും. സര്‍വ്വകലാശാലകളുടെ ജോലി പരീക്ഷാ നടത്തിപ്പും കോളേജ് ഭരണവുമല്ല. പകരം ഗവേഷണവും അക്കാദമിക പ്രവര്‍ത്തനങ്ങളുമാണ് ഏറ്റെടുക്കേണ്ടത്. സര്‍വ്വകലാശാലകള്‍ക്ക് അവയുടെ പ്രകടനത്തിനനുസരിച്ചാണ് സഹായധനം അനുവദിക്കുക. മെഡിക്കല്‍ കൗണ്‍സില്‍, നഴ്സിംഗ് കൗണ്‍സില്‍, എ.ഐ.സി.ടി.ഇ എന്നിവയുടെ അധികാരം കുറേയൊക്കെ ഇല്ലാതാകും. പ്രധാനമന്ത്രി അധ്യക്ഷനായുള്ള രാഷ്ട്രീയ ശിക്ഷാ ആയോഗ് പകരം രൂപീകരിക്കപ്പെടും. ഗവേഷണമേഖല നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിനു കീഴിലായിരിക്കും. സ്വകാര്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാം, ഇഷ്ടമുള്ള ഫീസ് നിശ്ചയിക്കുകയും ചെയ്യാം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒരേ മാനദണ്ഡവും സ്വാതന്ത്ര്യവും ആയിരിക്കും. എല്ലാ ബിരുദപഠനവും 'ലിബറല്‍ ആര്‍ട്‌സ്' മാതൃകയില്‍ ആകും. അതായത് മെഡിസിന്‍ പഠനത്തിന്റെ കൂടെ സംഗീതമോ കംപ്യൂട്ടര്‍ സയന്‍സിന്റെ കൂടെ തത്ത്വശാസ്ത്രമോ പഠിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടാകും. ഒറ്റയ്ക്കു നില്‍ക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ്, ലോ കോളേജുകള്‍, കൃഷി ശാസ്ത്ര യൂണിവേഴ്സിറ്റികള്‍ മറ്റു വിഷയങ്ങളും കൂടി പഠിപ്പിക്കാന്‍ പറ്റുന്ന തരത്തിലേയ്ക്കു വികസിപ്പിക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യും. 

ഒളിച്ചുകടത്തപ്പെടുന്ന കമ്പോളതാല്പര്യവും 
സാംസ്‌കാരിക ദേശീയതയും 

കൂടുതല്‍ ക്ലാസ്സുകളെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിക്കു കീഴില്‍ കൊണ്ടുവരല്‍, വിദ്യാഭ്യാസത്തിനു കൂടുതല്‍ പണം ചെലവിടല്‍, അധ്യാപനവൃത്തിയെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ നിരവധി സ്വാഗതാര്‍ഹമായ സംഗതികള്‍ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഒട്ടനവധി വൈരുദ്ധ്യങ്ങളും ഒഴിവാക്കലുകളും കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നു വ്യാപകമായ വിമര്‍ശനമുണ്ട്. ഈ റിപ്പോര്‍ട്ടിലെ ഇത്തരത്തിലുള്ള ന്യൂനതകളും ഇത്തരം റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാതെ പഴയ സമീപനങ്ങള്‍ തുടരുന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ശീലവും കണക്കിലെടുക്കുമ്പോള്‍ ഗുണകരമെന്നു കരുതുന്ന വശങ്ങള്‍ പലതും ഒഴിവാക്കപ്പെടുകയും വാണിജ്യ താല്പര്യങ്ങളേയും വര്‍ഗ്ഗീയവല്‍ക്കരണത്തേയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടിനു വ്യാഖ്യാനങ്ങളുണ്ടാകുകയും അത്തരം നിര്‍ദ്ദേശങ്ങള്‍ മാത്രം നടപ്പാക്കപ്പെടുകയും ചെയ്യുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ഭയക്കുന്നത്. 

എന്നാല്‍, കരടുരേഖകളില്‍ കാണുന്ന പലതും ഒടുവില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന നയരേഖയില്‍ ഉണ്ടാകാറില്ലെന്നതാണ് മുന്‍ അനുഭവങ്ങള്‍. ഇതില്‍ ഇല്ലാത്തതു പലതും ചിലപ്പോള്‍ നയരേഖയിലുണ്ടാകുകയും ചെയ്യാം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സമീപനം സമഗ്രമായി വ്യക്തമാക്കുന്ന ഒരു അടിസ്ഥാനരേഖയല്ല ഇതെന്നു പറയാം. എങ്കിലും വിദ്യാഭ്യാസ മേഖലയില്‍ വരാന്‍പോകുന്ന വലിയ മാറ്റങ്ങളെ ഈ രേഖ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞകാല ഗവണ്‍മെന്റുകള്‍ തുടങ്ങിവെച്ച നിരവധി പ്രതിലോമ പരിഷ്‌കരണോദ്യമങ്ങളുടെ തുടര്‍ച്ച ഈ രേഖയിലുണ്ട്. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റ് നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിദ്യാഭ്യാസവും വാണിജ്യവസ്തുവായി മാറിയിട്ടുണ്ട്. ആ കാലത്തു തുടങ്ങിയ വിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരണം തീവ്രമായി തുടരും എന്നതിനൊപ്പം സാംസ്‌കാരിക ദേശീയതയുടെ പ്രത്യയശാസ്ത്രം കൂടി വിദ്യാഭ്യാസരംഗത്തു പിടിമുറുക്കുമെന്ന സൂചനയും കരടുരേഖ നല്‍കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ ഇനിയും പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസരംഗത്തു പിന്നാക്കാവസ്ഥയുള്ള പ്രത്യേക വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ത്തന്നെ വിദ്യാഭ്യാസരംഗത്തെ അസമത്വത്തെ അഭിസംബോധന ചെയ്യുന്നതില്‍ റിപ്പോര്‍ട്ട് പരാജയപ്പെടുന്നുവെന്നതാണ് മുഖ്യമായ മറ്റൊരു വിമര്‍ശനം. രാജ്യത്തെ ധനിക-ദരിദ്ര വിഭാഗങ്ങള്‍ക്കിടയിലുള്ള വിദ്യാഭ്യാസപരമായ അന്തരത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമം റിപ്പോര്‍ട്ട് നടത്തുന്നില്ലെന്ന് പ്രഭാത് പട്‌നായിക്ക് അടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധരും സാമൂഹ്യചിന്തകരും ചൂണ്ടിക്കാട്ടുന്നു. സാധാരണയായി വേണ്ട അടിസ്ഥാനപശ്ചാത്തല സൗകര്യവും ഒരേ തരത്തിലുള്ള സൗകര്യങ്ങളും എല്ലാ സ്‌കൂളുകളിലും ഉണ്ടാകണം എന്ന പ്രതീക്ഷ വേണ്ടെന്നുതന്നെയാണ് റിപ്പോര്‍ട്ട് നല്‍കുന്ന ശക്തമായ സൂചന. 
നമ്മുടെ സ്‌കൂളുകള്‍ പശ്ചാത്തല സൗകര്യത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ഒറ്റമുറിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവ തൊട്ട് ഹൈ-ടെക് ക്ലാസ്സുകളും സൗകര്യങ്ങളുമുള്ള അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ വരെ ഇന്നു നമ്മുടെ രാജ്യത്തുണ്ട്. എല്ലാ സ്‌കൂളുകള്‍ക്കും ചുരുങ്ങിയ പശ്ചാത്തല സൗകര്യം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ റിപ്പോര്‍ട്ടില്‍ വിഭാവനം ചെയ്യാത്തത് സാര്‍വ്വത്രിക വിദ്യാഭ്യാസത്തിലെ ഗുണനിലവാരത്തിലെ അന്തരം വര്‍ദ്ധിപ്പിക്കുന്നതിനു സഹായകമാകുകയേ ഉള്ളൂ. സ്വകാര്യ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ക്ക് അധികാരം നല്‍കുന്ന സംവിധാനങ്ങള്‍ എടുത്തുകളയാനുള്ള നിര്‍ദ്ദേശങ്ങള്‍ ദരിദ്രരും നവസാക്ഷരരുമായ വിഭാഗങ്ങളെ പ്രതികൂലമായാണ് ബാധിക്കുകയെന്നും വിമര്‍ശനമുണ്ട്.

ഇഷ്ടംപോലെ ഫീസ് നിശ്ചയിക്കാന്‍ അനുവാദം നല്‍കാനും പരീക്ഷാനടത്തിപ്പും മൂല്യ നിര്‍ണ്ണയവുമൊക്കെ സര്‍വ്വകലാശാലകളുടെ ചുമതലയില്‍ നിന്നെടുത്തുമാറ്റി സ്വയംഭരണ കോളേജുകള്‍ക്കു നല്‍കാനുമൊക്കെയുള്ള നീക്കങ്ങള്‍ വിദ്യാഭ്യാസത്തെ പൂര്‍ണ്ണമായും ഒരു കച്ചവടവസ്തുവാക്കി മാറ്റാനേ സഹായകമാകൂ. ഗവണ്‍മെന്റുകളുടെ വിദ്യാഭ്യാസരംഗത്തെ ഉത്തരവാദിത്വം കയ്യൊഴിയാന്‍ പരോക്ഷമായി ആവശ്യപ്പെടുന്ന ഈ റിപ്പോര്‍ട്ട് 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും കുറിപ്പടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ദരിദ്രവിദ്യാര്‍ത്ഥികള്‍ക്കുള്ള 25 ശതമാനം ക്വാട്ട എടുത്തുകളയാനും. ഫലത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും സമ്പന്നര്‍ക്കു മാത്രമായി ഒതുങ്ങാനാണ് സാധ്യത. വിദ്യാഭ്യാസ രംഗത്തെ ഫണ്ടിംഗ് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ഉടനീളം മുഴച്ചുനില്‍ക്കുന്ന അവ്യക്തതയും റിപ്പോര്‍ട്ടിന്റെ കമ്പോള പക്ഷപാതിത്വവും കണക്കിലെടുക്കുമ്പോള്‍ സ്പഷ്ടമാകുന്ന സംഗതി വിദ്യാഭ്യാസം പൂര്‍ണ്ണമായും ഒരു കച്ചവടച്ചരക്കായി മാറുന്നതോടെ അതു ക്രയശേഷി ഇല്ലാത്ത ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന് അപ്രാപ്യമാകുമെന്നുതന്നെയാണ്. ഏതായാലും ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുവേ വിമര്‍ശനപരമായാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ സമീപിക്കുന്നതെന്നു ഭാഷാപഠനം സംബന്ധിച്ച ഭാഗം ഉയര്‍ത്തിയ വിവാദം സൂചിപ്പിക്കുന്നുണ്ട്. 80 കോടി ജനങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ നിഷേധിക്കുന്നതാണ് പുതിയ കരടുനയമെന്നാണ് സി.പി.ഐ.എം സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശനമുയര്‍ത്തിയത്. ഏവര്‍ക്കും വിദ്യാഭ്യാസം എങ്ങനെ സാധ്യമാക്കാമെന്നുള്ള പ്രശ്‌നവും ഗുണനിലവാരത്തെ സംബന്ധിച്ച പ്രശ്‌നവും റിപ്പോര്‍ട്ട് അഭിസംബോധന ചെയ്യുന്നില്ലെന്നാണ് മുന്‍ മാനവശേഷി വിഭവ വികസനമന്ത്രി കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയത്. 484 പേജുള്ള പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു വസ്തുത മതനിരപേക്ഷത എന്ന വാക്ക് ഒറ്റത്തവണപോലും പ്രത്യക്ഷപ്പെടുന്നില്ലായെന്നതാണ്. 1986-ലെ ദേശീയ വിദ്യാഭ്യാസ നയം, 2005-ലെ ദേശീയ കരിക്കുലം ഫ്രെയിംവര്‍ക്ക്, 2009-ലെ അധ്യാപന വിദ്യാഭ്യാസത്തിനായുള്ള ദേശീയ കരിക്കുലം ഫ്രെയിംവര്‍ക്ക് എന്നിവയുടെ പരിശോധന കൂടി ഒപ്പം നടത്തുന്നപക്ഷം പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ ഈ പദത്തിന്റെ അഭാവം ശ്രദ്ധേയമാണ്. എല്ലാ വിദ്യാഭ്യാസ പരിപാടികളും മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് അനുസൃതമായിട്ടുവേണം നടപ്പാക്കാന്‍ എന്ന് 1986-ലെ വിദ്യാഭ്യാസ നയം വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ നയം ലക്ഷ്യമിടേണ്ടത് ജനാധിപത്യം, സമത്വത്തിന്റേയും നീതിയുടേയും സ്വാതന്ത്ര്യത്തിന്റേയും മതനിരപേക്ഷതയുടേയും മനുഷ്യാന്തസ്സിന്റേയും മൂല്യങ്ങള്‍ എന്നിവയോടുള്ള പ്രതിബദ്ധതയും സഹാനുഭൂതിയുമായിരിക്കണമെന്ന് 2005-ലെ ദേശീയ കരിക്കുലം ഫ്രെയിംവര്‍ക്കും നിര്‍ദ്ദേശിക്കുന്നു. 2009-ലെ അധ്യാപന വിദ്യാഭ്യാസത്തെ സംബന്ധിച്ച ഫ്രെയിംവര്‍ക്കിലും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ സ്ഥാനം പിടിക്കുന്നു. ''ചരിത്രപഠനത്തിനു പകരം മിഥോളജിയും തത്ത്വശാസ്ത്ര പഠനത്തിനു പകരം ദൈവശാസ്ത്രവും'' പകരംവയ്ക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഒരു ഭാഗം വിദ്യാഭ്യാസം സംബന്ധിച്ച ആര്‍.എസ്.എസ് രേഖയുടെ പകര്‍പ്പാണ് എന്നാണ് സീതാറാം യെച്ചൂരി ആക്ഷേപിച്ചത്. സമ്പന്നര്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമായുള്ള ഈ വിദ്യാഭ്യാസ നയം വരേണ്യ വിദ്യാഭ്യാസ നയം എന്ന വിശേഷണത്തിനു തീര്‍ത്തും അര്‍ഹമാണെന്നും അദ്ദേഹം പറയുകയും ചെയ്തു. 

''പുതിയ വിദ്യാഭ്യാസ നയം ബ്രാഹ്മണ്യ വിദ്യാഭ്യാസ വ്യവസ്ഥയെ ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയായി വിഭാവനം ചെയ്യുകയാണ് എന്ന് എന്തുകൊണ്ടാണ് ആരും പറയാത്തത്? ലിബറല്‍ എന്ന വാക്കിനു ഈ രേഖ നല്‍കുന്ന അര്‍ത്ഥത്തിന്റെ സാരാംശം ഇതിലുണ്ട്. ഇത്രയും വലിയ രേഖയില്‍ സംവരണം എന്ന വാക്ക് ഒരേയൊരു പ്രാവശ്യം മാത്രമാണ് ഉപയോഗിക്കപ്പെടുന്നത് എന്നത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. അതാവട്ടെ, ഉന്നത വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതില്ല എന്ന നിര്‍ദ്ദേശത്തിന്റെ സന്ദര്‍ഭത്തില്‍ മാത്രമാണ്.'' ചിന്തകനും എഴുത്തുകാരനുമായ ടി.ടി. ശ്രീകുമാര്‍ ചോദിക്കുന്നു. 

ദേശീയ സാംസ്‌കാരിക സങ്കുചിതത്വത്തിലേക്കുള്ള ദിശാസൂചിക 
ടി.ടി. ശ്രീകുമാര്‍ 

കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടുന്ന നിരവധി അടിസ്ഥാന പ്രശ്‌നങ്ങള്‍ ഈ കരടിലുണ്ട്. ഈ രേഖയെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ ദേശീയ സംസ്‌കാര സങ്കുചിതത്വം കലര്‍ന്ന നയമായിരിക്കും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ പോകുന്നത് എന്ന സൂചനയാണ് കരടുരേഖ നല്‍കുന്ന സന്ദേശം. ഒരു മാസത്തെ സമയം മാത്രം നല്‍കി പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനു മുകളിലുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ്. പ്രൈമറി വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള മേഖലകളിലെ പ്രശ്‌നങ്ങള്‍ ഒറ്റ വിദ്യാഭ്യാസ നയംകൊണ്ടു പരിഹരിക്കാം എന്നു കരുതുന്നതില്‍ത്തന്നെ ശരികേടുണ്ട്.

അതേസമയം കരടില്‍ ഗുണപരമായി ഒന്നുമില്ല എന്നു പറയാനാകില്ല. ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കൃതര്‍ക്കും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സമൂര്‍ത്തമായ ചില നിര്‍ദ്ദേശങ്ങള്‍ കരട് മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍, അവയെല്ലാം പ്രാതിനിധ്യക്കുറവ് എന്ന ഒരു പ്രശ്‌നത്തിന്റെ ഭാഗം മാത്രമായിട്ടാണ് കാണുന്നത്. സാമൂഹികവും ചരിത്രപരവുമായ അസമത്വങ്ങളുടേയും പാര്‍ശ്വവല്‍ക്കരണങ്ങളുടേയും പ്രശ്‌നത്തില്‍നിന്ന് ഒളിച്ചോടുകയുമാണ് കരടുരേഖ. ഈ രേഖ ആത്യന്തികമായി ഒരു വരേണ്യവര്‍ഗ്ഗ വീക്ഷണത്തില്‍നിന്നു തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്. ഭരണഘടനാപരമായ സമീപനത്തിനു പകരം ദുര്‍ബ്ബലരെ ഭരണകൂടം സംരക്ഷിക്കണം എന്ന നിലപാടില്‍നിന്നുള്ള സൗജന്യങ്ങള്‍ എന്ന നിലക്കാണ് ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ക്കുള്ള ഇടപെടലുകള്‍. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങളില്‍നിന്നുതന്നെ എന്തെല്ലാം പുതിയ നയത്തില്‍ ഉള്‍ക്കൊള്ളിക്കും എന്നും ഇതിലില്ലാത്ത എന്തെല്ലാം കൂടുതലായി ഉള്‍പ്പെടുത്തുമെന്നും കാത്തിരുന്നു കാണണം. എന്നാല്‍, എന്നെ ഏറെ അദ്ഭുതപ്പെടുത്തുന്നത് ഇങ്ങനെയൊരു പ്രശ്‌നത്തില്‍ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളും വിദ്യാര്‍ത്ഥി-യുവജന സംഘടനകളും പുലര്‍ത്തുന്ന താല്പര്യമില്ലായ്മയാണ്. വിദ്യാഭ്യാസ നയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ ബദല്‍ നിര്‍ദ്ദേശങ്ങളുമായി അവര്‍ കൂടുതല്‍ സജീവമായി ഇടപെട്ടില്ലെങ്കില്‍ അതു വലിയൊരു കീഴടങ്ങലാകും. 

ഈ റിപ്പോര്‍ട്ടില്‍ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെടുന്ന രണ്ടു പദങ്ങള്‍ ഉദാരതയും (ലിബറല്‍) സ്വയംഭരണവും (ഓട്ടോണമി) ആണ്. ലിബറല്‍ ആര്‍ട്‌സ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കരട് ഏറെ വാചാലമാകുന്നു. എന്നാല്‍, ഇതാവട്ടെ, തക്ഷശിലയിലും നളന്ദയിലും മറ്റും നിലനിന്നിരുന്നു എന്ന് സമിതിയംഗങ്ങള്‍ വിശ്വസിക്കുന്ന ഏതോ ആദര്‍ശമാതൃകയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രപഠനവും സാമൂഹികശാസ്ത്ര-മാനവിക വിഷയങ്ങളും എല്ലാം ചേര്‍ന്ന ഒരു അഴകൊഴമ്പന്‍ കാഴ്ചപ്പാടിലാണ്. 'ലിബറല്‍' എന്ന പദവും ഒട്ടനവധി തവണ ആവര്‍ത്തിക്കുന്നു. പക്ഷേ, ഒരിടത്തുപോലും എന്താണ് ഉദ്ദേശിക്കുന്നത് എന്നു വിശദമാക്കുന്ന കൃത്യമായ നിരീക്ഷണങ്ങളില്ല. 110 തവണ ആവര്‍ത്തിക്കുന്ന പദമാണ് 'സ്വയംഭരണം.' അദ്ധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓട്ടോണമി നല്‍കണം എന്നു നിര്‍ദ്ദേശിക്കുന്ന നയരേഖയുടെ സമീപനം രാഷ്ട്രീയമായി നവലിബറല്‍ സാമ്പത്തിക യുക്തിയോടു ചേര്‍ന്നു നില്‍ക്കുന്നതും സ്വയംഭരണത്തെ ഒരു കേവലമൂല്യമായി മാത്രം കണ്ടുകൊണ്ട് ഉയര്‍ത്തിക്കാട്ടുന്നതുമാണ്. സ്ഥാപനങ്ങളുടെ ധനകാര്യ നടത്തിപ്പില്‍നിന്നു ഭരണകൂടം പിന്‍വാങ്ങുന്ന സന്ദര്‍ഭത്തില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെടുന്ന ഒന്നാണ് സ്വയംഭരണം. കഴിഞ്ഞ അഞ്ചുകൊല്ലം എന്താണ് നടന്നതെന്നു പരിശോധിച്ചാല്‍ മാത്രം മതി സ്വയംഭരണത്തെക്കുറിച്ചുള്ള ഈ വാചകമടിയുടെ പൊള്ളത്തരം മനസ്സിലാകാന്‍. ഒരു വശത്തു സ്വന്തമായി സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങുന്നതടക്കമുള്ള സ്വയംഭരണ സാധ്യതകള്‍ പ്രഖ്യാപിക്കുന്നു. മറുവശത്തു കരിക്കുലത്തില്‍ മുതല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വരെ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറുകള്‍ മന്ത്രാലയം പുറത്തിറക്കുന്നു. അവ അനുസരിക്കാന്‍ സര്‍വ്വകലാശാലകളെ നിര്‍ബ്ബന്ധിക്കുന്നു. സര്‍വ്വകലാശാലകളുടെ ജനാധിപത്യസ്വഭാവം ചോര്‍ത്തിക്കളയാനുദ്ദേശിച്ചുള്ള നടപടികളും ഇതിലുണ്ട്. രാഷ്ട്രീയ ശിക്ഷാ ആയോഗിന്റെ ഘടനയെക്കുറിച്ച് ഏറെ പര്യാലോചിക്കുന്നുണ്ട് ഈ കരട്. എന്നാല്‍, അതു ജനാധിപത്യപരമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മിണ്ടുന്നേയില്ല.

അതിയന്ത്രവല്‍ക്കൃത ലോകത്തിന്റെ പല്‍ച്ചക്രങ്ങളാക്കുന്ന നയം 
അമൃത് ജി. കുമാര്‍ 

വ്യവസായവല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ ബുദ്ധിശക്തിയെ (Intelligence) അളന്നിരുന്നത് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലായിരുന്നു. അന്നത്തെ വ്യവസായവല്‍ക്കൃത ലോകത്തിനു യജമാനന്മാരെ അനുസരിക്കലായിരുന്നു, അവരുടെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കലായിരുന്നു ആവശ്യം. അതിനു കഴിവുള്ളവരെ അവര്‍ ബുദ്ധിമാന്മാരായി കണക്കാക്കി. കഴിവുകളേയും ബുദ്ധിയേയുമൊക്കെ അളക്കുന്നത് ഇങ്ങനെ ഓരോ കാലത്തിലും ഘട്ടങ്ങളിലും വ്യത്യസ്ത അളവുകോലുകളെ ആശ്രയിച്ചിട്ടായിരിക്കുമെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 


വ്യവസായ വിപ്ലവത്തിന്റെ നാലാമത്തെ ഘട്ടത്തിന്റെ ഉമ്മറപ്പടിയിലാണ് ലോകമിപ്പോള്‍. ഓട്ടോമേഷനാണ് ഈ വ്യവസായവിപ്ലവത്തിന്റെ മുഖ്യസവിശേഷത. അത്തരമൊരു യുഗത്തില്‍ ഒരു യന്ത്രത്തിലെ പല്‍ച്ചക്രങ്ങളെപ്പോലെയോ പല്‍ച്ചക്രങ്ങളിലെ പല്ലുകളെപ്പോലെയോ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തികളെയാണ് വ്യവസായികള്‍ക്ക് ആവശ്യം. അതുകൊണ്ട് അത്തരം വ്യക്തികളെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ ക്രമത്തില്‍ സൂക്ഷ്മപ്രകൃതത്തേക്കാള്‍ പ്രാധാന്യം സ്ഥൂലതയ്ക്കു ലഭിക്കുന്നു. കാരക്ടര്‍ മോള്‍ഡിംഗിനേക്കാള്‍ പ്രാധാന്യം പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റിനു ലഭിക്കുന്നു. ആഗോളനിലവാരം കൊണ്ട് അളക്കപ്പെടുന്നതാണ് വ്യക്തിത്വം അഥവാ പേഴ്‌സണാലിറ്റി എന്നത്. അതേസമയം കാരക്ടറാകട്ടെ, പ്രാദേശികമായി വ്യത്യാസപ്പെടുന്നു. ഒരു പ്രദേശത്തുകാര്‍ സാംസ്‌കാരികമായി ഉയര്‍ത്തിപ്പിടിക്കുന്ന, നല്ലതെന്നു കരുതുന്ന മൂല്യങ്ങളൊക്കെ അതിലുള്‍ച്ചേര്‍ന്നിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം വിവക്ഷിക്കുന്നത് ഈ മൂല്യങ്ങള്‍ക്കൊന്നും അത്ര പ്രാധാന്യം കൊടുക്കേണ്ടതില്ല, മറിച്ച് ആഗോളനിലവാരം പുലര്‍ത്തുന്ന വ്യക്തികള്‍ സൃഷ്ടിക്കപ്പെട്ടാല്‍ മതി എന്നതാണ്. അതിയന്ത്രവല്‍ക്കൃത സമൂഹത്തില്‍ ഒരു സമ്പൂര്‍ണ്ണ വ്യക്തിയെ ആര്‍ക്കും ആവശ്യമില്ല. അതു ശേഷികളില്‍, ശേഷികളുടെ പെരുക്കത്തില്‍ വിശ്വസിക്കുന്നു. മാറിവരുന്ന പുതിയ ലോകത്തു ശേഷികള്‍ വികസിപ്പിച്ചാല്‍ മതി, അവയുടെ മള്‍ട്ടിപ്ലിസിറ്റി ഉണ്ടായാല്‍ മതി എന്നുതന്നെയാണ് ഈ പുതിയ വിദ്യാഭ്യാസ നയത്തിന്റേയും കാതല്‍. 

കേരളത്തിനു ദോഷകരം 
ഡോ. രാജന്‍ വറുഗീസ് 
മെംബര്‍ സെക്രട്ടറി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, തിരുവനന്തപുരം

പുതിയ വിദ്യാഭ്യാസ കരട് നയം അംഗീകരിക്കപ്പെട്ടാല്‍ എല്ലാ സ്ഥാപനങ്ങളേയും സ്വയംഭരണ സ്ഥാപനങ്ങളായി മാറ്റുന്നതുവഴി ഉന്നത വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണവും വാണിജ്യ വല്‍ക്കരണവും നിയന്ത്രണാതീതമാകും. കേരളത്തിലെപ്പോലെ ഉന്നത വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന സംസ്ഥാനത്തു സാധാരണ ജനങ്ങളെ അമിതമായ ചൂഷണത്തിന് ഇതു വഴിയൊരുക്കും.

ഇത് ഉന്നത വിദ്യാഭ്യാസം ധനികര്‍ക്കു മാത്രം പ്രവേശിക്കാവുന്ന രീതിയില്‍ ചുരുങ്ങും. ഒരു വലിയ വിഭാഗം സാധാരണ ജനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഇല്ലാതാകുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തീര്‍ത്തും ഇല്ലാതാകുകയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എല്ലാവര്‍ക്കും പ്രവേശന അവസരവും സാമൂഹ്യനീതിയും ഗുണനിലവാരവും ഉറപ്പാക്കാനായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പുതിയ വിദ്യാഭ്യാസ നയത്തിലൂടെ തടസ്സപ്പെടും. അതുകൊണ്ട് മുഴുവന്‍ കോളേജുകളേയും ബിരുദം നല്‍കുന്ന സ്വയംഭരണ പദവിയിലേയ്ക്ക് ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ല. സ്വയംഭരണ പദവിയിലേയ്ക്കു വരുന്നതിന് ആവശ്യമായ അധ്യയന-അദ്ധ്യാപന-ഗവേഷണ സൗകര്യങ്ങളും പശ്ചാത്തല-ലബോറട്ടറി-ലൈബ്രറി സൗകര്യങ്ങളും ഇല്ലാത്ത, എന്നാല്‍, വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിനു മുന്നോട്ട് ഇറങ്ങുകയും ചെയ്യുന്ന ധാരാളം സ്ഥാപനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. ഇവയെ കയറൂരിവിട്ടാല്‍ ഉന്നത വിദ്യാഭ്യാസരംഗത്തു വലിയ അക്കാദമിക് അരാജകത്വം നടമാടുമെന്നു പറയേണ്ടതില്ലല്ലോ. സര്‍വ്വകലാശാലകളുടെ നിയന്ത്രണം ഉണ്ടായിട്ടും നിയമലംഘനത്തിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളാണ് പലതും. ഇത്തരം പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുന്ന വിദ്യാഭ്യാസ നയത്തെ വിമര്‍ശലേശമെന്യേ സ്വീകരിക്കാനാകില്ല. 
സ്ഥാപനങ്ങളെ വളര്‍ത്തുന്ന ഗ്രാന്റ് സമ്പ്രദായം നിര്‍ത്തലാക്കി മത്സരോന്മുഖമായ പ്രോജക്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു ഫണ്ട് നല്‍കുന്ന സമ്പ്രദായമാണ് National Research Foundation മുന്നോട്ട് വയ്ക്കുന്നത്. ഇതിന്റെ ഫലമായി നീതിയുക്തമായി ഉന്നത വിദ്യാഭ്യാസ ഗവേഷണ

സ്ഥാപനങ്ങള്‍ക്കു വികസിക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കുന്ന രീതി നിര്‍ത്തലാക്കുമ്പോള്‍ കേരളം പോലുള്ള സംസ്ഥാനത്ത് ഒട്ടുമുക്കാലും സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും സംസ്ഥാന ബജറ്റിനെ മാത്രം ആശ്രയിക്കേണ്ടിവരും. നീതിപൂര്‍വ്വകമായ ഫണ്ട് വിതരണത്തിലൂടെ സ്ഥാപനങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്ന സമീപനമുള്ള കേരളത്തിന് ഇതു വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും.

വൈവിധ്യം കാണാതെ പോകുന്നു
കുങ്കുംറോയ് 
ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല, ന്യൂഡല്‍ഹി

പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ ശ്രദ്ധേയമായ ഒരു ഭാഗം ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയുടെ ചരിത്രത്തെപ്പറ്റി പറയുന്നിടമാണ്. ചരകന്‍, സുശ്രുതന്‍, ആര്യഭട്ടന്‍, ഭാസ്‌കരാചാര്യന്‍, ചാണക്യന്‍, പതഞ്ജലി, പാണിനി എന്നിങ്ങനെ അസംഖ്യം പണ്ഡിതന്മാരെ അതു സൃഷ്ടിച്ചെന്ന് കരട് ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അവര്‍ ലോകത്തിനു ഗണിതം, ജ്യോതിശാസ്ത്രം, ലോഹശാസ്ത്രം, വൈദ്യശാസ്ത്രവും ശസ്ത്രക്രിയയും സിവില്‍ എന്‍ജിനീയറിംഗും വാസ്തുവിദ്യയും കപ്പല്‍ നിര്‍മ്മാണവും സമുദ്രയാത്രയും യോഗ, ലളിതകലകള്‍, ചതുരംഗം തുടങ്ങിയ മേഖലകളില്‍ സാരവത്തായ വൈജ്ഞാനിക സംഭാവനകളും നല്‍കിയെന്നു എടുത്തുപറയുന്നു. എന്നാല്‍, പരാമൃഷ്ട വിഷയങ്ങളും പണ്ഡിതന്മാരുടെ പേരുകളും പലതിലും പൊരുത്തപ്പെടുന്നില്ല. ചാണക്യന്‍, പതഞ്ജലി, പാണിനി എന്നിവരുടെ സംഭാവനകള്‍ ഈ പട്ടികയില്‍ പെടുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ഇതു സംസ്‌കൃതത്തില്‍ എഴുതിയവരുടെ കാര്യം മാത്രം സംസാരിക്കുമ്പോള്‍ മറ്റു ഭാഷകളിലെ പണ്ഡിതന്മാരെക്കുറിച്ച് അതു ബോധപൂര്‍വ്വമുള്ള നിശ്ശബ്ദത പാലിക്കുന്നു. ഭൂതകാലത്തെക്കുറിച്ചു പറയുമ്പോള്‍ ഇന്ത്യാചരിത്രത്തിനു ലഭിക്കുന്നത് ഒരു അലസ പരാമര്‍ശമാണ്. അതേസമയം ഇന്‍ഡോളജിക്കു വലിയ പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com