വൈദികനും സുവിശേഷ പ്രസംഗകനും: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

ന്യൂവെന്നിലെത്തി രണ്ടുകൊല്ലം അവിടെ താമസിക്കുന്നതിനിടയില്‍ സ്വന്തമായൊരു സ്റ്റുഡിയോയും ചിത്രങ്ങള്‍ വരയ്ക്കാന്‍ മോഡലുകളും എന്ന ആഗ്രഹം വിന്‍സന്റ് കൈവിട്ടിരുന്നില്ല.
വൈദികനും സുവിശേഷ പ്രസംഗകനും: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

ന്യൂവെന്നിലെത്തി രണ്ടുകൊല്ലം അവിടെ താമസിക്കുന്നതിനിടയില്‍ സ്വന്തമായൊരു സ്റ്റുഡിയോയും ചിത്രങ്ങള്‍ വരയ്ക്കാന്‍ മോഡലുകളും എന്ന ആഗ്രഹം വിന്‍സന്റ് കൈവിട്ടിരുന്നില്ല.  അതിനുള്ള പണം ആരു നല്‍കുമെന്ന ചിന്തയില്‍ അദ്ദേഹം വെന്തുനീറുന്നതായി തിയോയ്ക്കറിയാമായിരുന്നു. എന്നിട്ടും തന്റെ പരിമിതികള്‍ അറിയാമായിരുന്നിട്ടും ചെലവില്‍ നിയന്ത്രണം പുലര്‍ത്താത്തതില്‍ പരിഭവിച്ചുകൊണ്ട് തിയോ പലവുരു വിന്‍സന്റിന് എഴുതി. അപ്പോഴെല്ലാം നിഷേധാത്മകമായ നിലപാടായിരുന്നു അദ്ദേഹം കൈക്കൊണ്ടത്. വരണ്ടുണങ്ങുന്ന തന്റെ ജീവിതത്തില്‍ തിണര്‍പ്പുണ്ടാക്കേണ്ടത് തിയോ ഉള്‍പ്പെടേണ്ടവരുടെ ബാദ്ധ്യതയാണെന്ന് തെറ്റിദ്ധരിച്ചിരുന്നോ എന്ന തോന്നല്‍ ഉളവാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. പ്രകൃതിയിലേക്ക് മടങ്ങിപ്പോയി ഹൃദ്യമായ ചിത്രങ്ങള്‍ വരയ്ക്കണമെന്നും അത്തരം പെയിന്റിംഗുകള്‍ വാങ്ങാന്‍ ചിത്രകലാ ആസ്വാദകരുണ്ടെന്നും അതു സംഭവിച്ചാല്‍ സാമ്പത്തികമായി അനുഭവിക്കുന്ന വല്ലായ്മകള്‍ക്ക് എത്രയും വേഗം പരിഹാരമുണ്ടാകുമെന്നും തിയോ അഭിപ്രായപ്പെട്ടിരുന്നു. 

ഇങ്ങനെയൊരു നിലപാടെടുക്കാന്‍ തിയോയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വിന്‍സന്റ് വീണ്ടും പാരീസില്‍ വരുന്നത് തടയാന്‍ തിയോ ആഗ്രഹിച്ചു. ക്ഷിപ്രകോപിയെന്നതിനെക്കാള്‍, മറ്റു ചിത്രമെഴുത്തുകാരുമായി ഒത്തുപോകാനുള്ള സമചിത്തത വിന്‍സന്റിനില്ലെന്ന് തിയോ ആശങ്കിച്ചു. ജ്യേഷ്ഠന്റെ സാന്നിധ്യം ഉണ്ടാക്കിയേക്കാവുന്ന താളപ്പിഴകള്‍ അപകടത്തില്‍ കലാശിച്ചേക്കുമെന്നും തിയോ ഭയപ്പെട്ടു. എന്നാല്‍ അതിനെയെല്ലാം തകിടംമറിക്കുന്നതായിരുന്നു, മുന്നറിയിപ്പൊന്നുമില്ലാതെ തിയോയെ തേടിയെത്തിയ വിന്‍സന്റിന്റെ നാലുവരികളുള്ള കത്ത്. ''നീലാകാശത്തുനിന്ന് പൊട്ടിവീഴുന്നതുപോലെ ഞാനെത്തുന്നതില്‍ ദേഷ്യപ്പെടരുത്. വളരെയേറെ ആലോചിച്ച ശേഷമാണിങ്ങനെ തീരുമാനിച്ചത്. തീര്‍ച്ചയായും ഇതില്‍നിന്ന് നമുക്കിരുവര്‍ക്കും മെച്ചമുണ്ടാകും. ഉച്ചയ്ക്കുശേഷം, ലോവ്‌റിയില്‍ (ലോകപ്രസിദ്ധ മ്യൂസിയം) ഞാനെത്തും. എത്രയും വേഗം അവിടെ നിന്റെ സൗകര്യത്തിനെത്തുമല്ലോ. നമുക്കെല്ലാം പരിഹരിക്കാം.'' അങ്ങനെ നാല് കൊല്ലം (1886-1890) അദ്ദേഹം പാരീസില്‍ താമസിച്ചു.

ആന്റ്വെര്‍പ്പില്‍നിന്ന് ട്രെയിനില്‍ വന്നയുടന്‍ കാഴ്ചയ്ക്ക് ഗ്രാമീണനായി തോന്നുമായിരുന്ന തന്റെ വേഷങ്ങളില്‍ മാറ്റം വരുത്തുന്നതിനാണ് വിന്‍സന്റ് ആദ്യം ശ്രദ്ധിച്ചത്. ചിത്രമെഴുത്തുകാരുടെ മെക്കയെന്നതിനു പുറമെ പുത്തന്‍ ഫാഷനുകളുടെ ഈറ്റില്ലവുമായിരുന്നു പാരീസ്. ഒരു ബാര്‍ബര്‍ഷോപ്പില്‍ച്ചെന്ന് താടിയും മുടിയും വെട്ടിയൊതുക്കിയ ശേഷം, നല്ലൊരു സ്യൂട്ട് വാങ്ങി. ആര്‍ട്ട് ഡീലര്‍ എന്ന നിലയില്‍ ബഹുമാനത്തോടെ എല്ലാവരും കണ്ടിരുന്ന തന്റെ അനുജന്റെ ''വിലയ്ക്കും നിലയ്ക്കും'' അനുസൃതമായി രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഒരു ദന്തരോഗ ക്ലിനിക്കില്‍ച്ചെന്ന് ഇളകിത്തുടങ്ങിയ പല്ലുകള്‍ ശരിയാക്കി.

ഭക്ഷണരീതിയിലും മാറ്റം വരുത്തി പരിഷ്‌ക്കാരികളായ പാരീസുകാരിലൊരാളാവാന്‍ അദ്ദേഹം തീരുമാനിച്ചു. റൂലാവലിലെ തിയോയുടെ ഇടുങ്ങിയ വാസസ്ഥലത്തിനു പകരം നാല് നിലകളുള്ള റൂ ലെപിക്കിലെ അന്‍പത്തിനാലാം വീടായിരുന്നു വിന്‍സന്റ് വാടകയ്‌ക്കെടുത്തത്. ചിത്രകാരന്മാര്‍ പതിവായി സന്ദര്‍ശിക്കാറുള്ള മോണ്‍ട് മാര്‍ട്ടിക്കടുത്തായിരുന്നു, കുള്ളനായ പെയിന്റര്‍ ലോട്രക് അവിടെയുള്ള മുലാന്‍ റൂഷ് എന്നറിയപ്പെട്ടിരുന്ന നൈറ്റ് കഫേയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു, ആ വസതി. ഇംപ്രഷണിസ്റ്റ് പ്രസ്ഥാനത്തിലെ കുലപതികളായ മിക്കവാറും എല്ലാ പെയിന്റര്‍മാരുമായി ഇടപഴകി അവരിലൊരാളായി മാറാനായിരുന്നു വിന്‍സന്റ് ആഗ്രഹിച്ചത്. എന്നാല്‍, അതിന് അദ്ദേഹത്തിനു സാധിച്ചില്ല. അവര്‍ക്കിടയില്‍ വിന്‍സന്റ് ഒറ്റപ്പെട്ടു. പാരീസിലെ താമസവും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു പേടിസ്വപ്നമായി മാറുകയായിരുന്നു. മറ്റു സ്ഥലങ്ങളിലെന്നപോലെ മോഡലുകളെ കണ്ടെത്താന്‍ പാരീസിലും വിന്‍സന്റിനു സാധിച്ചില്ല. പലരും അദ്ദേഹത്തെ ഭ്രാന്തനെന്നു പറഞ്ഞ് ആക്ഷേപിച്ചു, അഗോസ്റ്റിന സെഗോത്തേറി എന്ന നാല്പത്തഞ്ചുകാരിയുമായി പരിചയപ്പെടുമ്പോള്‍, അവരിലൂടെ മോഡലുകളിലെത്താന്‍ വഴിതെളിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും അതും വിഫലമായി. അങ്ങനെ മോഡലുകളെ തേടി നടക്കുന്നത് പാഴ് ശ്രമമാണെന്ന് തിരിച്ചറിഞ്ഞ വിന്‍സന്റ് ചായക്കൂട്ടുകളും ക്യാന്‍വാസ്സുമായി തെരുവിലിറങ്ങി വഴിയാത്രക്കാരെ ചിത്രത്തിലാക്കാന്‍ ശ്രമിച്ചു. പൊലീസിന്റെ ഇടപെടല്‍ അതിനും തടസ്സമായി.

പാരീസില്‍ കാത്തിരുന്ന തിരിച്ചടികള്‍
വിന്‍സന്റിന്റെ ആഗമനം തിയോയുടെ ജീവിതത്തേയും അലങ്കോലപ്പെടുത്തുകയുണ്ടായി. ബൂര്‍ഷ്വാരീതികളുടെ ആരാധകനായിരുന്നു തിയോ. പരിഷ്‌കൃതരായവരുടെ ജീവിതരീതി സ്വന്തമാക്കി അവരിലൊരാളായതു വഴിയായിരുന്നു, ആര്‍ട്ട് ഡീലര്‍ എന്ന നിലയില്‍ തിയോയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. സ്വന്തം അഭിപ്രായം പരസ്യമാക്കാതെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ സ്വന്തമായി സ്വീകരിച്ചതിലൂടെ എല്ലാവരുടേയും സ്‌നേഹം തിയോയെ തേടിയെത്തിയപ്പോള്‍, അന്യരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വിഗണിച്ച് സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ഭവിഷ്യത്ത് അവഗണിച്ച് സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുമാണ് വിന്‍സന്റ് ചെയ്തിരുന്നത്. അതിന്റെ ആപത്ത് വളരെ വേഗം അദ്ദേഹം തിരിച്ചറിഞ്ഞു. ആ പശ്ചാത്തലത്തിലാണ് പാരീസ് വിടാന്‍ വിന്‍സന്റ് തീരുമാനിക്കുന്നത്.

പാരീസിലെ ചിത്രകലാ ലോകത്തു വേരുകള്‍ പടര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതിനു വളരെ മുന്‍പ് തന്നെ നിരവധി തിരിച്ചടികള്‍ വിന്‍സന്റിന്റെ ജീവിതത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഏല്പിച്ചിരുന്നു. പാരീസ് വാസം, പ്രകോപനങ്ങളൊന്നുമില്ലാതെ പൊടുന്നനെ അവസാനിപ്പിക്കാന്‍ വിന്‍സന്റിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ ആരും അറിഞ്ഞില്ല. പാരീസ് വിടാന്‍ ആയിരം കാരണങ്ങളുണ്ടായിരുന്നതായി ഏതാനും മാസങ്ങള്‍ക്കു ശേഷം തിയോയ്‌ക്കെഴുതിയ കത്തില്‍ വിന്‍സന്റ് സൂചിപ്പിച്ചു. തിളങ്ങുന്ന ആകാശത്തില്‍ പുതിയ വെളിച്ചം തേടാനുള്ള ശ്രമിത്തിലാണ് താനെന്നു അദ്ദേഹമെഴുതി. പാരീസിനെ ആവരണം ചെയ്തു നില്‍ക്കുന്ന ശൈത്യവും അസഹനീയമായ ശബ്ദവും മാത്രമല്ല, രുചിയില്ലാത്ത വൃത്തികെട്ട വീഞ്ഞും വഴുവഴുപ്പുള്ള ഇറച്ചിയും കാരണങ്ങളായി അദ്ദേഹം പറഞ്ഞിരുന്നു. പാരീസില്‍ തിരക്കുകളില്‍പ്പെടാതെ ജീവിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് വിന്‍സന്റ് പരാതിപ്പെട്ടു. വിന്‍സന്റിന്റെ ജീവിതം നിറുത്തില്ലാത്ത ഓട്ടമായിരുന്നു.


ആര്‍ട്ട് ഡീലറായി ഏഴു വര്‍ഷം ചെലവിട്ട ശേഷം വൈദികനായും സുവിശേഷ പ്രസംഗകനായും ജീവിക്കാന്‍ പരിശ്രമിച്ച് പരാജയപ്പെട്ടതോടെ ചിത്രമെഴുത്തിനുവേണ്ടിയാണ് താന്‍ ജനിച്ചതെന്ന തിരിച്ചറിവ് സാക്ഷാല്‍ക്കരിക്കാനായി സ്വയം സമര്‍പ്പിച്ച വിന്‍സന്റ് അനുഭവിച്ച യാതനകള്‍, നടന്നുവന്ന കനല്‍വഴികള്‍, നേരിട്ട ദുഃഖങ്ങള്‍, നിരാശതകള്‍ സമാനതകളില്ലാത്തവയായിരുന്നു. അവസാനം മുപ്പത്തേഴാമത്തെ വയസ്സില്‍ മരിക്കുമ്പോള്‍, വെളിച്ചമോ കാറ്റോ ഇല്ലാത്ത കറുത്തിരുണ്ട അജ്ഞാതമായ ഒരു ലോകത്തിന്റെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന അനുഭവവും അദ്ദേഹത്തിനുണ്ടായിരുന്നു. ബോറിനേജിലെ കല്‍ക്കരി ഖനിക്കുള്ളില്‍ തൊഴിലാളികളോടൊപ്പം നൂണ്ട് ഇറങ്ങിച്ചെല്ലുമ്പോള്‍ അദ്ദേഹം ഒരു വൈദികനായിരുന്നു. യേശുക്രിസ്തുവിന്റെ ദൂതന്‍. അവിടെനിന്ന് വര്‍ഷങ്ങള്‍ക്കുശേഷം ചിത്രമെഴുത്തുകാരനായി ചിത്രകലാ പ്രപഞ്ചത്തെ തിരുത്തിയെഴുതിയ വിന്‍സന്റ് അര്‍ലിസ് എന്ന സ്ഥലത്തു താമസിക്കുന്നതിനിടയില്‍ ഉന്മാദത്തിന്റെ അജ്ഞാത ലോകത്തില്‍ വഴുതി വീണെങ്കിലും അവിടെനിന്ന് പതുക്കെ കരകയറുകയുണ്ടായി. അങ്ങനെ അതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പോ പുനര്‍ജന്മമോ ആയി.

ഖനിത്തൊഴിലാളികള്‍ക്കിടയില്‍
മാര്‍കാസ്സേയെന്നും ഫ്രാമിയേഴ്സെന്നും പേരിലറിയപ്പെടുന്ന ബോറിനേജിലെ കല്‍ക്കരി ഖനികളുടെ നിഴലിലുള്ള വാസ്മേസ് എന്ന നഗരത്തില്‍ വിന്‍സന്റ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നത് താനേറ്റെടുത്ത വൈദികവൃത്തിയുടെ ഭാഗമായിട്ടായിരുന്നു. അവിടെ പുതുതായി ആരംഭിച്ച പള്ളിയിലെ പുരോഹിതനായി നിയമിക്കപ്പെട്ട വിന്‍സന്റ് ആദ്യം ശ്രദ്ധിച്ചത്, ഖനിത്തൊഴിലാളികളുടെ നിരക്ഷരരായ കുട്ടികളുടെ സംരക്ഷണമായിരുന്നു. അതിന്റെ തുടക്കമായി ആ കുട്ടികള്‍ക്ക് വേദ പുസ്തകത്തില്‍നിന്നുള്ള കഥകള്‍ പറഞ്ഞുകൊടുത്തു. വൈകുന്നേരങ്ങളില്‍ വിന്‍സന്റ് അവരുടെ കിടപ്പാടങ്ങളില്‍ച്ചെന്ന് വേദക്ലാസ്സുകളെടുത്തു. രോഗികളെ സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിക്കുന്നത് ചെറുപ്പക്കാരനായ ആ സുവിശേഷകന്റെ പതിവായി. ''രോഗിയായി കിടക്കുന്ന ഒരു വൃദ്ധയെ സന്ദര്‍ശിച്ച് അവരുടെ അടുത്തിരുന്നു വേദപുസ്തകം ഞാന്‍ വായിച്ച് കേള്‍പ്പിച്ചു. ഭക്തിനിറഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്'' തിയോയെ ജ്യേഷ്ഠന്‍ അറിയിച്ചു. ''അവന്‍ അവിടെ സംതൃപ്തനാണെന്ന് തോന്നുന്നു. ഒടുവില്‍ വിജയിക്കാന്‍ അവന് കഴിയുന്നല്ലോ'' വിന്‍സന്റിന്റെ പിതാവ് തിയോഡോറസ് എഴുതി. ഖനിത്തൊഴിലാളികളുടെ മൃഗതുല്യമായ ജീവിതം അദ്ദേഹം സ്വന്തം അനുഭവമാക്കി. അറുന്നൂറില്‍പ്പരം മീറ്റര്‍ ആഴത്തിലുള്ള ഖനിക്കുള്ളില്‍ തൊട്ടടുത്തു നില്‍ക്കുന്ന മരണത്തെ നേരില്‍ കാണുന്ന അനുഭവമായിരുന്നു ഖനിത്തൊഴിലാളികളോടൊപ്പം ഖനിക്കുള്ളില്‍ പോയപ്പോള്‍ വിന്‍സന്റിനുണ്ടായത്. മറ്റൊരു വിധത്തില്‍ നരകത്തില്‍പ്പോയ അനുഭവം. അതിനുശേഷം വിന്‍സന്റിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നു. അത് തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ പിതാവ് എഴുതി: ''വീണ്ടും അവന്‍ കുഴപ്പത്തിലാവുകയാണെന്നു തോന്നുന്നു.'' 

വൈദികന്റെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടാനോ അയാളെ തങ്ങളില്‍ ഒരാളായി സ്വീകരിക്കാനോ ബോറിനേജുകാര്‍ക്ക് സാധിച്ചില്ല. എങ്കിലും, അവരുടെ യാതനകളും ദുരിതങ്ങളും ഏറ്റെടുത്ത് അവരില്‍ ഒരാളാവാന്‍ വിന്‍സന്റിനു ഒന്നും തടസ്സമായില്ല. കോളറ പടര്‍ന്നുപിടിച്ചപ്പോള്‍ രോഗികളെ ശുശ്രൂഷിക്കുന്നതില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച സ്‌നേഹവാത്സല്യം പക്ഷേ, അവര്‍ക്കു തിരിച്ചറിയാനായില്ല. അവരില്‍ ഒരാളാകുന്നതിനായി വയ്‌ക്കോല്‍ പാകിയ ഒരു കുടിലില്‍ താമസം മാറ്റിയ വിന്‍സന്റ് തന്റെ എല്ലാ സുഖസൗകര്യങ്ങളും സ്വയം ത്യജിച്ചു. ''വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ചു, കയ്യിലുണ്ടായിരുന്ന പണം വിതരണം ചെയ്തു. കയ്യില്‍ കെട്ടിയിരുന്ന വാച്ച് പോലും വേണ്ടെന്നു വെച്ചു. അങ്ങനെ നിസ്വാര്‍ത്ഥ ത്യാഗത്തിന്റെ ആള്‍രൂപമായി മാറിയെങ്കിലും നാട്ടുകാരും പള്ളി അധികൃതരും വിന്‍സന്റിന്റെ പെരുമാറ്റത്തെ സംശയത്തോടെയാണ് വീക്ഷിച്ചത്. എല്ലാവരും അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഖനി അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍പ്പോലും വിന്‍സന്റിനെ തങ്ങളില്‍ ഒരാളായി അവര്‍ സ്വീകരിച്ചില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പള്ളി അധികൃതരും നിഷേധാത്മകമായ നിലപാടിലായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടു. 

പീഡനത്തിന്റെ മുള്ളുകള്‍ കുത്തിത്തറച്ച വിന്‍സന്റ് അക്കാലത്ത് ആത്മഹത്യയെപ്പറ്റി ആലോചിച്ചു. തിയോയ്‌ക്കെഴുതിയ കത്തില്‍ ആ ആലോചനയുടെ നിഴല്‍വീണു കിടന്നു. ''എന്റെ ജീവിതത്തിനു യാതൊരു വിലയുമില്ലാതായിരിക്കുന്നു. സ്വയം നിന്ദ തോന്നുന്ന ദിവസങ്ങള്‍.'' ആ ദുഃഖവുമായാണ് ശാരീരികവും മാനസികവുമായി തളര്‍ന്ന നിലയില്‍ ബോറിനേജിനോട് അദ്ദേഹം യാത്ര പറയുന്നത്. കയ്യിലുണ്ടായിരുന്ന ഏതാനും ഫ്രാങ്കുകള്‍കൊണ്ട് ടിക്കറ്റെടുത്തു, എവിടെയോ പോകുന്ന ഏതോ ട്രെയിനില്‍ കയറി. കൊടിയ ശൈത്യവും മഴയും നേരിട്ട് കയ്യില്‍ പണമൊന്നുമില്ലാതെ, ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതെ കിടന്നുറങ്ങാന്‍ ഒരിടമില്ലാതെ വെറുമൊരു നാടുതെണ്ടിയായി അദ്ദേഹം യാത്ര ചെയ്തു. വയ്‌ക്കോല്‍ കൂനകളിലും ഓടാത്ത ട്രെയിന്‍ വാഗനുകളിലും രാത്രികാലങ്ങള്‍ ചെലവഴിച്ച അദ്ദേഹം അവശനായി. ''ഈ നിലയില്‍ എനിക്കാരും നിസ്സാരമായ ഒരു തൊഴില്‍പോലും നല്‍കുകയില്ല.'' 

ഭ്രാന്തനായി മുദ്രകുത്തപ്പെട്ട കാലം
മൂന്നു ദിവസത്തെ അലച്ചിലില്‍ മരണവുമായി മുഖാമുഖം കണ്ട നിമിഷങ്ങളെപ്പറ്റി പിന്നീട് വിന്‍സന്റ് ഓര്‍മ്മിച്ചിരുന്നു. അങ്ങനെ അനാഥനായി അലഞ്ഞുതിരിഞ്ഞ ശേഷം മടങ്ങിവന്ന വിന്‍സന്റിനെ രക്ഷിക്കുക ദുഷ്‌കരമാണെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് തന്റെ മൂത്തമകനെ ഒരു മനോരോഗാശുപത്രിയിലാക്കുന്നതാണ്  ഉചിതമായ പോംവഴിയെന്ന്  യേശുക്രിസ്തുവിന്റെ അനുയായിയായ വിന്‍സന്റിന്റെ പിതാവ് തിയോഡോറസ് തീരുമാനിച്ചത്. എങ്കിലും അതു നടന്നില്ല. ഒരു ഡോക്ടര്‍ പരിശോധിച്ച് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു മനോരോഗാശുപത്രിയിലെ പ്രവേശനത്തിന്. ഡോക്ടറെ സന്ദര്‍ശിക്കാന്‍ ഹേഗില്‍ പോകാന്‍ സമ്മതിച്ചെങ്കിലും അച്ഛന്റെ ഉദ്ദേശ്യം ഊഹിച്ച വിന്‍സന്റ് അതില്‍നിന്നു അവസാന നിമിഷം പിന്മാറി. അപ്പോള്‍ അവശേഷിക്കുന്ന ഒരു പോംവഴി, കുടുംബത്തിലെ മുതിര്‍ന്നവര്‍ സമ്മേളിച്ച് ഒരു തീരുമാനമെടുക്കുകയെന്നതായിരുന്നു. ''അത്തരമൊരു യോഗത്തിനായി അച്ഛന്‍ മുന്‍കയ്യെടുത്തു. എന്നെ ഭ്രാന്താനാക്കി ആശുപത്രിയില്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനായി'' പിന്നീട് അതെപ്പറ്റി വിന്‍സന്റ് എഴുതിയിട്ടുണ്ട്. അതും നടന്നില്ല. 

ആപല്‍ക്കാരിയായി മാറിയ മകനുമായി ആര്‍ക്കും ഇടപഴകാന്‍ നിവൃത്തിയില്ലാതായിരിക്കുകയാണെന്നു  പറയാന്‍ സന്നദ്ധനായ അച്ഛനുമായി വിന്‍സന്റ് കലഹിച്ചു. അതിനൊടുവില്‍ അദ്ദേഹം വീടുവിട്ടിറങ്ങി. എവിടെ പോകണമെന്ന് നിശ്ചയമില്ലായിരുന്നു. ആ അവസ്ഥ അറിയിച്ചുകൊണ്ട് തിയോയ്ക്ക് വിന്‍സന്റ് എഴുതി: ''ഞാന്‍ വരയ്ക്കാന്‍ തുടങ്ങി.'' ബോറിനേജിലുണ്ടായ ദുരന്താനുഭവങ്ങള്‍ പരിപൂര്‍ണ്ണമായി വിസ്മരിച്ച് ചിത്രരചനയുടെ മായിക ലോകത്തേയ്ക്ക് മടങ്ങിപ്പോയി അവിടെ ശാശ്വതമായൊരിടം സ്ഥാപിക്കാനായിരുന്നു അദ്ദേഹം മോഹിച്ചതെന്ന് തുടര്‍ന്നെഴുതിയ കത്തുകളില്‍ സൂചിപ്പിച്ചിരുന്നു. ഒരു തൊഴില്‍ കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ വിന്‍സന്റിനെ പാകപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍, ബുക്ക് കീപ്പിംഗ്, മരപ്പണി എന്നിവയെപ്പറ്റി തിയോ നിര്‍ദ്ദേശിച്ചെങ്കിലും അതിനോട് വിന്‍സന്റ് മുഖം തിരിച്ചു. ചര്‍ച്ചയ്ക്കിടയിലൊരിക്കല്‍പ്പോലും തന്റെ സഹോദരനോട് ചിത്രമെഴുത്തുകാരനാക്കണമെന്ന് തിയോ അഭിപ്രായപ്പെട്ടിരുന്നില്ല. വിന്‍സന്റ് ചിത്രമെഴുത്തുകാരനാകുമെന്ന് തിയോ കരുതിയിരുന്നേയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനു പാകത്തിലുള്ള മാനസികാവസ്ഥ വിന്‍സന്റിനില്ലെന്ന് അയാള്‍ വിചാരിച്ചിരുന്നു. ആ സാഹചര്യത്തിലാണ് സ്‌കെച്ച് പാഡും വാട്ടര്‍ കളറും ഉപേക്ഷിച്ച് ഒരു തൊഴിലിനാവശ്യമായ പരിചയവും പരിശീലനവും തേടണമെന്ന് തിയോ ഉപദേശിച്ചത്.

ബുക്ക് കീപ്പിംഗിലോ മരപ്പണിയിലോ പരിശീലനം നേടിയാല്‍ അതൊരു ജീവിതമാര്‍ഗ്ഗമാകുമെന്ന തിയോയുടെ നിര്‍ദ്ദേശത്തോട് വിന്‍സന്റ് യോജിച്ചില്ല. പകരം ഭൂപടങ്ങള്‍ ഉണ്ടാക്കുകയും ചെറിയ സ്‌കെച്ചുകള്‍ നിര്‍മ്മിക്കുകയും ചെയ്ത വിന്‍സന്റിന് ആത്മവിശ്വാസം പകര്‍ന്നതായിരുന്നു ഭൂപടങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറായത്. ആ പശ്ചാത്തലത്തില്‍ സ്‌കെച്ചും ബുക്കുമായി തെരുവുകളില്‍ യാത്ര ചെയ്ത് ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയത് ഓര്‍മ്മിക്കവേ, 'മതത്തിലൂടെ എത്താനായി ലക്ഷ്യം വച്ച ഉന്നതങ്ങളിലേക്കുള്ള വഴി തന്നെയാണ് കല'യെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ബോറിനേജിലെ അനുഭവങ്ങള്‍ ഒരു ദുഃസ്വപ്നമായി അവശേഷിച്ചെങ്കിലും അതുണ്ടാക്കിയ വൈകാരികമായ ആഘാതത്തെ അതിജീവിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ചിത്ര രചനയെ ഗൗരവമായെടുത്ത ജ്യേഷ്ഠനോട് സസ്യശ്യാമള തീരമായ ഫ്‌ലോണ്ടിബ്ലൂവിനടുത്തുള്ള ബ്രാബിയോണ്‍ സന്ദര്‍ശിക്കുന്നത് പുതിയ അനുഭവമായിരിക്കുമെന്നും പല ചിത്രമെഴുത്തുകാരും അവിടെപ്പോയി താമസിച്ച് ചിത്രരചനയില്‍ ഏര്‍പ്പെടാറുണ്ടെന്നും തിയോ നിര്‍ദ്ദേശിച്ചു. അതിന്റെ ചെലവിനായി അന്‍പതു ഫ്രാങ്കും അയച്ചുകൊടുത്തു.

കെട്ടുകഥയുടെ ഭാരവുമായി
പതിനഞ്ചാമത്തെ വയസ്സില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മാതുലന്മാരുടെ പ്രേരണയാല്‍ ആര്‍ട്ട് ഡീലര്‍ ആയി ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍, വൈദികനായ തിയോഡറസ് വാന്‍ ഗോയുടേയും അന്ന കോര്‍ണീലിയ കാര്‍ബെന്റ്റസിന്റേയും മൂത്തമകള്‍ എവിടെയൊക്കെ ചെന്നെത്തുമെന്നും നരകതുല്യമായ ഏതൊക്കെ യാതനകള്‍ക്കു വിധേയനാകുമെന്നും ആരും സങ്കല്പിച്ചിരുന്നില്ല. എന്നാല്‍, വിന്‍സന്റിന്റെ ജനനം ഒരിക്കലും ഉത്തരം കണ്ടെത്താനായിട്ടില്ലാത്ത ഒരു കെട്ടുകഥയുമായി ബന്ധപ്പെട്ടതാണെന്നും അതൊരു ശാപമോ പാപമോ ആയി വിന്‍സന്റിനെ വേട്ടയാടിയിരുന്നുവെന്നും ചിലരെങ്കിലും വിശ്വസിച്ചിരുന്നു. 1853 മാര്‍ച്ച് മുപ്പതാം തീയതി നെതര്‍ലാന്റ്‌സിലെ ഗ്രൂട്ട് സുഡേര്‍ട്ടില്‍ വിന്‍സന്റ് ജനിക്കുന്നതിനു ഒരു വര്‍ഷം മുന്‍പ് ഒരു ചാപിള്ളയ്ക്ക് അന്ന ജന്മം നല്‍കിയിരുന്നു. വിന്‍സന്റ് എന്ന് പേരിട്ട് അടക്കം ചെയ്ത ആ കുട്ടിക്ക് പകരക്കാരനായാണ് വിന്‍സന്റ് ജനിച്ചതെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നു. ആ വിവരത്തില്‍നിന്നുളവായ അധമബോധം വിന്‍സന്റിനെ മാനസികമായി വേട്ടയാടിയിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ അതൊരു കാര്‍മേഘമായി നിഴല്‍പരത്തി നിന്നിരുന്നുവെന്നും മനഃശാസ്ത്രജ്ഞര്‍ കരുതുന്നു. തീവ്രവികാരവിക്ഷോഭത്തില്‍പ്പെട്ട് വിന്‍സന്റ് ആടിയുലയുകയും തളരുകയും ചെയ്യുന്നത് പതിവായിരുന്നു. ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹത്തിന്റെ പെയിന്റിംഗുകളുടെ ഉറവിടം ആ വികാരക്ഷോഭമായിരുന്നുവെന്ന് വിന്‍സന്റിന്റെ സ്വഭാവ സവിശേഷതകള്‍ അപഗ്രഥിച്ചു പഠിച്ചിട്ടുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സെവന്‍ബര്‍ഗനിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ രണ്ടു വര്‍ഷം ചെലവിട്ട ശേഷം ടില്‍ബര്‍ഗിലെ കിംങ് വില്യം സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിന്‍സന്റ് തുടര്‍ന്നു പഠിച്ചില്ല. പകരം പതിനഞ്ചു വയസ്സുള്ള ആ ബാലന്‍ ജീവിതായോധനത്തിനു ചുവടുകള്‍ വെച്ചത് പെയിന്റിംഗുകളുടെ കച്ചവടരംഗത്തായിരുന്നു. ഗൂപ്പില്‍ ആന്റ് സീ എന്ന പേരില്‍ ഹേഗില്‍ അറിയപ്പെട്ടിരുന്ന ആര്‍ട്ട് ഡീലര്‍മാരുടെ സ്ഥാപനമായിരുന്നു അത്. വിന്‍സന്റിന്റെ മാതുലന്മാരായ കോര്‍ണിലിയസും വിന്‍സന്റും സ്വന്തം നിലയില്‍ സ്ഥാനം ഉറപ്പിച്ച ആര്‍ട്ട് ഡീലര്‍മാരായിരുന്നു. അങ്ങനെ കലാരംഗവുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് ആദ്യം വിന്‍സന്റും തുടര്‍ന്ന് അനുജനായ തിയോയും ആര്‍ട്ട് ഡീലര്‍മാരായി. ആ രംഗത്ത് വിന്‍സന്റിന്റെ അനുജന്‍ അംഗീകാരം നേടി. 

ലോകത്തിലെ ഏറ്റവും വലിയ നഗരമെന്ന് അറിയപ്പെട്ടിരുന്ന ലണ്ടനിലെ ഗൂപ്പില്‍ ബ്രാഞ്ചിലേക്ക് (1873) സ്ഥലം മാറ്റപ്പെട്ട വിന്‍സന്റ് എത്തപ്പെട്ടത് ഒരു പുത്തന്‍ ലോകത്തായിരുന്നു. സാംസ്‌കാരികമായി, അതുവരെ പരിചയപ്പെട്ടതില്‍നിന്നു ഭിന്നമായ നിറങ്ങളും മണങ്ങളുമുള്ള അന്തരീക്ഷം. കൂട്ടുകാരുമൊത്ത് ക്ലബ്ബുകളും കഫേകളും സന്ദര്‍ശിക്കുന്നതിലോ പല സ്ഥലങ്ങളില്‍ നിന്നുമെത്തിയ സുന്ദരികളുമായി ബന്ധമുണ്ടാക്കുന്നതിലോ ആ ഇരുപതുകാരന് യാതൊരു കൗതുകവുമുണ്ടായിരുന്നില്ല. ഹാക്‌ഫോര്‍ഡ് റോഡിലെ (ബ്രിക്‌സ്ടണ്‍) നാല്പത്തിയേഴാം നമ്പര്‍ വസതിയില്‍ നിസ്സാര വാടകയ്ക്ക് കിട്ടിയ ഒരു മുറിയിലായിരുന്നു വിന്‍സന്റ് താമസിച്ചിരുന്നത്. ആണ്‍കുട്ടികള്‍ക്കുവേണ്ടി ചെറിയൊരു പാഠശാല ആ വസതിയുടെ ഉടമകളായ യൂജിന്‍ ഫോയറും മകള്‍ ഉര്‍സുലയും ചേര്‍ന്ന് നടത്തിയിരുന്നു. ഒച്ചയും ബഹളവുമില്ലാത്ത ശാന്തമായ ആ വസതിയിലെ അന്തരീക്ഷം സ്വന്തം വീട് വിടേണ്ടിവന്ന സങ്കടത്തെ അതിജീവിക്കാന്‍ വിന്‍സന്റിനെ സഹായിച്ചു. പുറമേ വീട്ടുടമകളുടെ സ്‌നേഹ സൗമ്യതയും ആ ചെറുപ്പക്കാരന് ആശ്വാസമായി. ഒരു കൊല്ലം മാത്രമാണ് വിന്‍സന്റ് അവിടെ താമസിച്ചത്.

അപ്രതീക്ഷിതമായിരുന്നു, ആര്‍ട്ട് കളക്ടറായ മാതുലനായ വിന്‍സന്റിന്റെ സഹായം അതിനു പിന്നിലുണ്ടായിരുന്ന വിവരം അറിഞ്ഞിരുന്നില്ല, വിന്‍സന്റിന് പാരീസിലേക്ക് മാറ്റം കിട്ടിയത്. അവിടെയത്തിയ വിന്‍സന്റിനെ വരവേറ്റത്, താന്‍ വിട്ടുപോയ പഴയ നഗരമായിരുന്നില്ല. ഇംപ്രഷണിസ്റ്റ് പെയിന്റര്‍മാര്‍ സൃഷ്ടിച്ച കൊടുങ്കാറ്റില്‍ പാരീസിലെ ചിത്രകലാലോകം ആടി ഉലയുകയായിരുന്നു അപ്പോള്‍. റെന്‍വാറിന്റേയും മോനേയുടേയും സാരഥ്യത്തില്‍ പുതിയ പെയിന്റര്‍മാര്‍ പഴയ ചിത്രരചനാരീതികളെ ചോദ്യം ചെയ്യുകയോ നിരാകരിക്കുകയോ ചെയ്തിരുന്നു. പ്രസന്നമായ നിറങ്ങള്‍ ഉപയോഗിച്ച് അവര്‍ സൃഷ്ടിച്ച ചിത്രലോകം ജീവന്റെ തുടിപ്പുകള്‍ നിറഞ്ഞതായി. എന്നാല്‍, വിന്‍സന്റ് ഈ മാറ്റങ്ങളൊന്നും അറിഞ്ഞതേയില്ല. തന്റെ മുന്‍പില്‍ അരങ്ങേറുന്ന ചരിത്രമാറ്റങ്ങള്‍ക്ക് നിശ്ശബ്ദ സാക്ഷിയാവുക മാത്രം ചെയ്ത വിന്‍സന്റിന്റെ കൗതുകവും താല്പര്യവും മറ്റു ചിലയിടങ്ങളിലായിരുന്നു. ബൈബിളും മറ്റു വിശുദ്ധഗ്രന്ഥങ്ങളും ആ ചെറുപ്പക്കാരനെ പൂര്‍ണ്ണമായി അപഹരിച്ചു. ഗൂപ്പിലുമായി പൊരുത്തപ്പെടാനാവാത്ത സംഭവവികാസങ്ങള്‍ വിന്‍സന്റിന്റെ ഭാവിക്കു നേരെ ചോദ്യചിഹ്നമായി ഉയര്‍ന്നു വരുന്നത് ഈ ഘട്ടത്തിലായിരുന്നു. 

സുവിശേഷകനാകാനുള്ള ശ്രമം
ഏഴ് കൊല്ലത്തെ സേവനം മതിയാക്കി ഗൂപ്പിലില്‍നിന്നു പുറത്തു വരുമ്പോള്‍, എന്തു ചെയ്യണമെന്നോ എവിടെ പോകണമെന്നോ നിശ്ചയമില്ലാതിരുന്ന വിന്‍സന്റിനെ ഏറ്റനിലുള്ള കുടുംബഗൃഹത്തിലേക്കു മടങ്ങാന്‍ മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, അത് സ്വീകരിക്കാതെ, ഇംഗ്ലണ്ടിലേക്കു മടങ്ങിയ വിന്‍സന്റ് റാംസ്‌ഗേറ്റിലുള്ള റവറന്റ് വില്യം സ്റ്റോക്‌സിന്റെ വിദ്യാലയത്തില്‍ അദ്ധ്യാപകനായി. അവിടെനിന്നു ഇന്‍സ്വര്‍ത്തിലുള്ള റവറന്റ് ബ്ലേഡ് ജോണ്‍സിന്റെ വിദ്യാലയത്തിലെത്തിയ വിന്‍സന്റിന്റെ പ്രധാന അഭിലാഷം ഒരു സുവിശേഷ പ്രസംഗകനാവുകയെന്നതായിരുന്നു. അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഗാലറികളും മ്യൂസിയങ്ങളും സന്ദര്‍ശിക്കുക പതിവാക്കി വിന്‍സന്റ്. വായനയിലും ശ്രദ്ധിച്ചു. ജോര്‍ജ് എലിയട്ടിന്റേയും ചാള്‍സ് ഡിക്കന്‍സിന്റേയും നോവലുകളിലൂടെ ഇംഗ്ലീഷ് സാഹിത്യത്തിലെത്തപ്പെട്ട അദ്ദേഹം ബ്രോണ്ടി സഹോദരിമാരുടെ നോവലുകളും ഷെയ്ക്സ്പിയറിന്റെ നാടകങ്ങളും വായിച്ചു. പിന്നീടാണ് എമിലി സോളയിലും വിക്ടര്‍ ഹ്യൂഗോയിലും വിന്‍സന്റെത്തുന്നത്. ഷെയ്ക്സ്പിയറിന്റെ നാടകങ്ങള്‍ വിന്‍സന്റിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴ്പ്പെടുത്തിയെന്നതിന്റെ പ്രഖ്യാപനമായിരുന്നു ആ കൃതികളെപ്പറ്റി നടത്തിയ നിരീക്ഷണം. ''എന്റെ ദൈവമേ, ഷെയ്ക്സ്പിയറിനെപ്പോലെ ആരുണ്ട് എല്ലാം അറിയുന്നവനായി. തീവ്രവികാരം സൃഷ്ടിക്കുന്ന ചലനത്തില്‍പ്പെട്ട് വിറയ്ക്കുന്ന ബ്രഷുമായി നില്‍ക്കുന്ന ഒരാളെയാണ് അദ്ദേഹത്തിന്റെ ആവിഷ്‌കാരസാമര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കുന്നത്.''

റവറന്റ് ജോണ്‍സിന്റെ ഉപദേശം സ്വീകരിച്ച് വൈദികനായും സുവിശേഷ പ്രസംഗകനായും ജീവിക്കാന്‍ തയ്യാറെടുത്തിരുന്നതിനിടയില്‍ ഒരു ഞായറാഴ്ച പ്രസംഗം തയ്യാറാക്കി അദ്ദേഹം നടത്തിയ പ്രഭാഷണം എല്ലാവരേയും നിരാശപ്പെടുത്തി. അങ്ങനെ ആ തൊഴിലുമായി മുന്നോട്ടു പോവുക അസാദ്ധ്യമാണെന്ന തോന്നല്‍ ബലപ്പെട്ട സാഹചര്യത്തില്‍ അവിടം വിട്ട് കല്‍ക്കരി ഖനിത്തൊഴിലാളികളോടൊപ്പം ജീവിച്ച് യേശുവിന്റെ സന്ദേശം അവരിലെത്തിക്കാനായി ബോറിനേജിലേക്ക് അദ്ദേഹം പോയി. ഒടുവില്‍ അവിടുത്തെ അനുഭവവും ദുരന്തത്തില്‍ അവസാനിച്ചു.

ഈശ്വരവിശ്വാസം ഉപേക്ഷിക്കാതെ തന്നെ, ചിത്രകലയിലേക്ക് തിരിയാനും അതില്‍ ആധിപത്യം സ്ഥാപിക്കാനും വിന്‍സന്റ് സ്വന്തം ജീവിതം സമര്‍പ്പിച്ചതും ബ്രസ്സല്‍സില്‍ താമസിക്കവെ ചിത്രരചനയില്‍ പരിശീലനം നേടാന്‍ ശ്രമിച്ചതും അതിനു മുന്‍പ് തിയോളജിയില്‍ ഉന്നത വിദ്യാഭ്യാസം നേടാനുള്ള ശ്രമം വിഫലമായതും ജീവിതത്തെ ആടി ഉലച്ച അനുഭവങ്ങളായിരുന്നു. ജീവിതത്തെ വലിയൊരു പരീക്ഷണം മാത്രമാക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. സ്വന്തം സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരത്തിനായി അദ്ദേഹം കുരിശിലേറി. അതില്‍നിന്നുണ്ടായ ക്ലേശങ്ങളും ദുരിതങ്ങളും സങ്കടങ്ങളും ഒടുവില്‍ വിന്‍സന്റിന്റെ മനസ്സിന്റെ താളം തെറ്റിച്ചു.

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com