കളികള്‍ കാഴ്ചകളും ഓര്‍മ്മകളുമായി മാറുമ്പോള്‍: സേതു എഴുതുന്നു

നാട്ടിന്‍പുറത്തെ സ്‌കൂള്‍ കാലത്ത് സ്വാഭാവികമായും പുല്‍മൈതാനത്ത് പന്ത് തട്ടിയായിരുന്നു തുടക്കം.
കളികള്‍ കാഴ്ചകളും ഓര്‍മ്മകളുമായി മാറുമ്പോള്‍: സേതു എഴുതുന്നു

ളിക്കുന്നതും കളി കാണുന്നതുമായ ഒരു കാലം ഉണ്ടായിരുന്നു, ഒരിക്കല്‍. പിന്നീട് കളി കേള്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ കാണുകയും കേള്‍ക്കുകയും ആവാമെന്നായി. കാലത്തിന്റെയൊരു പോക്ക്!
നാട്ടിന്‍പുറത്തെ സ്‌കൂള്‍ കാലത്ത് സ്വാഭാവികമായും പുല്‍മൈതാനത്ത് പന്ത് തട്ടിയായിരുന്നു തുടക്കം. പിന്നീട് മറ്റൊരു പന്തുകളിയിലേക്ക് തിരിഞ്ഞത് ചേന്ദമംഗലത്ത് ഒരു അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് നടന്നപ്പോഴാണ്. കുറേ കളിപ്രേമികളുടെ ഉത്സാഹത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ വരവില്‍ നാടാകെ ഉണര്‍ന്നതു പെട്ടെന്നാണ്. ഞങ്ങളുടെ മാറ്റപ്പാടത്ത്, നാളിതുവരെ കാണാത്ത തരത്തില്‍ കവുങ്ങിന്റെ, മുളകളുടെ കൂറ്റന്‍ ഗാലറികള്‍ പൊങ്ങി. ചുറ്റും പനമ്പും  ഓലയുമായി മറകള്‍ ഉയര്‍ന്നു. ഉറക്കംതൂങ്ങി നിന്നിരുന്ന ചേന്ദമംഗലം ഇന്ത്യാ മഹാരാജ്യത്തിന്റെ ഒരു കൊച്ചു പതിപ്പായി മാറുകയായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി കുറേ മികച്ച ടീമുകള്‍ അവിടത്തെ താല്‍ക്കാലിക സ്റ്റേഡിയത്തില്‍ അണിനിരന്നപ്പോള്‍ അതൊരു വലിയ ലൈനപ്പായി. തുടുതുടുത്തു ചൊങ്കന്മാരായ പഞ്ചാബികള്‍, പല നിറങ്ങളിലുള്ള തലപ്പാവണിഞ്ഞ സര്‍ദാര്‍മാര്‍, ദീര്‍ഘകായന്മാരായ ഹരിയാനവി ജാട്ടുകള്‍, തമിഴര്‍, തെലുങ്കര്‍, മറാട്ടികള്‍... തീരെ സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് ഒരു ഒഴിഞ്ഞ ഓഫീസ് കെട്ടിടത്തിലും സ്‌കൂളിലെ ക്ലാസ്സുമുറികളിലുമായി അവര്‍ തമ്പടിച്ചു.  ബെഞ്ചുകള്‍ കൂട്ടിയിട്ട് കിട ക്കാനും അവര്‍ മടിച്ചില്ല. അടുക്കള ഇല്ലാതിരുന്നതുകൊണ്ട് പിന്‍വരാന്തകളിലും മുറ്റത്തുമായി അടുപ്പുകല്ലുകള്‍ നിരന്നു. നിലക്കടലയെണ്ണയുടെ, വെളുത്തുള്ളിയുടെ, സവാളയുടെ,  പഴുത്ത ചപ്പാത്തിക്കല്ലിന്റെ മണം കാറ്റിലൂടെ പരന്നപ്പോള്‍ ജനം ആരാധനയോടെ അതേറ്റുവാങ്ങി. വ്യത്യസ്തമായ വേഷമണിഞ്ഞ്, കേട്ടുപരിചയമില്ലാത്ത ഭാഷ പറഞ്ഞ്, ഞങ്ങളുടെ പ്രധാന നിരത്തുകളിലൂടെ അവര്‍ ചുറ്റിനടന്നപ്പോള്‍ ആ അനക്കമറ്റ നാട്ടിന്‍പുറത്തിന് അതൊരു കാഴ്ചയായി. അവരോട് ഹിന്ദി സംസാരിക്കാന്‍ തക്കം കിട്ടിയ മുന്‍ സൈനികരാകട്ടെ, ആ വിലപ്പെട്ട അവസരം പാഴാക്കിയതുമില്ല. 

അന്നത്തെ മുന്‍നിര ഇന്ത്യന്‍ താരങ്ങളായിരുന്ന ഹര്‍ദയാല്‍ സിങ്ങ്, നിപ്പിയെന്ന നൃപജിത്ത് സിങ്ങ്,  ബാവ, ശ്രീകിഷന്‍, ബല്ലു എന്ന ബല്‍വന്ത്,  മുന്ന, ഗോപാല്‍, സുലൈമാന്‍, പളണിസ്വാമി, മലയാളി ഇന്റര്‍നാഷണലുകളായ ഭരതന്‍, ടി.പി. നായര്‍, പപ്പന്‍ എന്ന ടി.ഡി. ജോസഫ്, മല്ലപ്പിള്ളി വര്‍ക്കി... അങ്ങനെ ഒട്ടുമിക്ക വമ്പന്മാരും അവിടെ എത്തിയിരുന്നു. വളരെ എളുപ്പത്തില്‍ അവര്‍ ഞങ്ങളുടെ നാടിന്റെ വീരപുരുഷന്മാരും സുകൃതങ്ങളുമായി മാറി. രണ്ടാമത്തെ വര്‍ഷത്തിലെ സൂപ്പര്‍സ്റ്റാര്‍ വെടിയുണ്ടപോലെ പന്തടിക്കുന്ന പഞ്ചാബ് പൊലീസിലെ നിപ്പിയെന്ന സുന്ദരനായിരുന്നു... 

എന്തായാലും, ആദ്യത്തെ തവണ ടൂര്‍ണമെന്റ് നടത്തി നോക്കിയവര്‍ കൈ പൊള്ളി പിന്‍മാറിയപ്പോള്‍, ഒരു ഇടവേളയ്ക്കു ശേഷം, കളിപ്രേമി കൂടിയായ ഒരു ബിസിനസ്സുകാരന്‍ അത് ഏറ്റെടുത്തു നടത്താന്‍ നോക്കി. അദ്ദേഹത്തിനേറ്റ പൊള്ളല്‍ എത്രകണ്ട് ഗുരുതരമായിരുന്നെന്നറിയില്ല. എന്തായാലും, സംഭവം അതോടെ നിന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ദല്‍ഹിയിലെ റെയില്‍വെ വകുപ്പില്‍ പണിയെടുത്തിരുന്ന കാല ത്തെ ഉച്ചയൊഴിവ് സമയത്ത്, ഇവരില്‍ ചിലരെ അടുത്തുള്ള സെന്‍ട്രല്‍ സെക്രട്ടേറിയറ്റിനു മുന്‍പിലെ കളിക്കളത്തില്‍ കാണാനായപ്പോള്‍ അതൊരു വലിയ ഓര്‍മ്മപുതുക്കലായി. വാശി മൂക്കുമ്പോള്‍ നാട്ടിലെ കളത്തില്‍വച്ചു അവര്‍ തമ്മില്‍ വിളിച്ചുപറഞ്ഞിരുന്ന പുന്നാരവാക്കുകള്‍ പഞ്ചാബിയിലെ മനോഹരമായ തെറികളാണെന്ന് തിരിച്ചറിഞ്ഞത് അവിടെ വച്ചാണ്... പതിറ്റാണ്ടുകള്‍ കഴിഞ്ഞ്, രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, വോളിബോള്‍ കമ്പക്കാരുടെ നാടായ വടകരയിലെ ടൂര്‍ണമെന്റില്‍ കളിക്കാന്‍ വരാറുണ്ടായിരുന്ന നിപ്പിക്ക് അവിടത്തുകാര്‍ ഒരു സ്വീകരണം കൊടുത്തതിനെപ്പറ്റിയുള്ള പത്രറിപ്പോര്‍ട്ട് കണ്ട്, ഞാന്‍ പഴയ വോളി ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് 'മനോരമ'യില്‍ ഒരു 'മിഡില്‍ പീസ്' എഴുതി. അങ്ങനെയിരിക്കെ, ഒരു രാത്രി ഹരിയാനയില്‍നിന്ന് പരിചയമില്ലാത്ത ഒരു വിളി വന്നപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അത് നിപ്പിയായിരുന്നു! പഞ്ചാബ് പൊലീസില്‍ ഡി.വൈ.എസ്.പി. റാങ്കിലെത്തി പെന്‍ഷന്‍ പറ്റിയ അദ്ദേഹം തന്നെപ്പറ്റി പരാമര്‍ശിച്ചതിന്  നന്ദി പറയാനാണ് വിളിച്ചത്. ക്രിക്കറ്റിലെ സില്‍ബ ന്തികള്‍പോലും ലക്ഷങ്ങളുണ്ടാക്കുന്ന കാലത്ത് പാവപ്പെട്ട വോളിബോള്‍ കളിക്കാരെപ്പറ്റി പറയാനും ഒരാളുണ്ടായല്ലോ എന്നു പറയുമ്പോള്‍ വയസ്സായ നിപ്പിയുടെ തൊണ്ടയിടറുന്നതുപോലെ തോന്നി...

ഇന്‍ഡോറിലെ പരിശീലനപരിപാടിക്കിടെ
ഇന്‍ഡോറിലെ പരിശീലനപരിപാടിക്കിടെ

കളിക്കമ്പം വളര്‍ന്നകാലം
എന്തായാലും, ഞങ്ങളില്‍ പലരും വോളിബോള്‍ കളിക്കാന്‍ തുടങ്ങിയത് അക്കാലത്താണ്. പിന്നീട് വളരെക്കാലം കേരളത്തിന്റെ ക്രിക്കറ്റ് ക്യാപ്റ്റനും അന്നാട്ടുകാരനുമായിരുന്ന പാലിയത്തെ രവിയച്ചന്‍ ഞങ്ങളുടെ മാറ്റപ്പാടത്ത്  കോച്ചിങ്ങ് ക്യാമ്പ് നടത്തിയപ്പോള്‍ കാഴ്ചക്കാരനായി നിന്ന എന്റെ കമ്പം പതിയെ ക്രിക്കറ്റിലേക്കു തിരിഞ്ഞു. അങ്ങനെ ആലുവാ കോളേജിലെത്തിയപ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. അസാരം ബാറ്റിങ്ങ്, ലേശം ഓഫ് സ്പിന്‍ ബൗളിങ്ങ് തുടങ്ങിയവയിലായിരുന്നു കൈക്രിയ. ടെസ്റ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ചിലപ്പോഴൊക്കെ ക്ലാസ്സുകള്‍ കട്ട് ചെയ്ത് ചാക്കോ ഹോസ്റ്റലിലെ ഒരു മുറിയിലെ റേഡിയോവില്‍ അത്യാവശ്യം കമന്ററി കേള്‍ക്കാമെന്നുമായി. കണ്ടെത്തിയ വാര്‍ഡന്‍, ഒടുവില്‍ മുറി പൂട്ടി താക്കോല്‍ എളിയില്‍ തിരുകുന്നതുവരെ ഇതു തുടര്‍ന്നു. നാട്ടില്‍ ഞങ്ങളുടെ ഭാഗത്ത് വൈദ്യുതി ഇല്ലാതിരുന്നതുകൊണ്ട് ഒഴിവുദിവസങ്ങളില്‍ ഒരു സുഹൃത്തിന്റെ വീട്ടിലെ റേഡിയോവിന്റെ മുന്‍പിലായിരുന്നു പകല്‍ മുഴുവനും. അക്കാലത്ത് റേഡിയോവില്‍ ക്രിക്കറ്റ് പറഞ്ഞിരുന്നത്  പ്രധാനമായും 'വിസ്സി' എന്ന വിജയനഗരം മഹാരാജകുമാരന്‍, മെല്‍വില്‍ ഡിമെല്ലോ, ആനന്ദറാവു, ചക്രപാണി തുടങ്ങിയവരായിരുന്നു. നര്‍മ്മബോധമുള്ള വിസ്സി രസകരമായ കമന്റുകളിലൂടെ കളി പറഞ്ഞാണ് കേള്‍വിക്കാരെ കീഴ്പെടുത്തിക്കൊണ്ടിരുന്നത്. 

അന്ന് നടന്നുകൊണ്ടിരുന്ന, വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യയിലെ പര്യടനം (1958-'59) പലതു കൊണ്ടും ശ്രദ്ധേയമായി. ഒരു വെറ്ററിനറി ഡോക്ടര്‍ കൂടിയായിരുന്ന, തികഞ്ഞ മാന്യനായിരുന്ന ജെറി അലക്സാണ്ടറെന്ന വെള്ളക്കാരന്‍ വിക്കറ്റ് കീപ്പറായിരുന്നു അന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ ക്യാപ്റ്റന്‍. വളരെയധികം ആക്രമണകാരികളായ റോയ് ഗില്‍ക്രിസ്റ്റ്,  വെസ്ലി ഹാള്‍ എന്നീ ഫാസ്റ്റ് ബൗളര്‍മാര്‍ അന്ന് ലോകത്തെ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചിരുന്ന കാലം. സന്ദര്‍ശകര്‍ക്കു മുന്‍പില്‍ പരുങ്ങിനിന്ന ഇന്ത്യന്‍ ടീമിന് അഞ്ച് ടെസ്റ്റുകളിലേക്ക് നാല്  ക്യാപ്റ്റന്‍മാരെ പരീക്ഷിക്കേണ്ടിവന്നു. മൂന്നെണ്ണം തോറ്റ്, ഒരെണ്ണം തട്ടിമുട്ടി സമനിലയാക്കിയെങ്കിലും  അവസാനത്തെ ഡല്‍ഹി ടെസ്റ്റിലാണ് ഇന്ത്യയ്ക്ക് കാര്യമായൊന്ന് പൊരുതാന്‍ കഴിഞ്ഞത്. മറ്റു പല കാരണങ്ങള്‍കൊണ്ടും ആ കളി ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. ആ പരമ്പരയില്‍ കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിയാതെപോയ ചന്ദു ബോര്‍ഡെ എന്ന തുടക്കക്കാരന്‍  അവസാന ടെസ്റ്റിലെ ഒന്നാം ഇന്നിങ്ങ്‌സില്‍ സെഞ്ച്വറി അടിച്ചെന്നു മാത്രമല്ല, രണ്ടാം ഇന്നിങ്ങ്‌സിലും സെഞ്ച്വറിയെന്ന അപൂര്‍വ്വ നേട്ടത്തിന്റെ വക്കിലെത്തി നില്‍ക്കുകയായിരുന്നു. തൊണ്ണൂറ് കഴിഞ്ഞു നിരങ്ങി നിരങ്ങി ഒരു വിധത്തില്‍ 96-ല്‍ എത്തിയപ്പോഴേക്കും, കന്നിക്കാരന്റെ പരിഭ്രമത്തില്‍ അയാള്‍ പകയ്ക്കുന്നത് വിക്കറ്റിനു പുറകില്‍ നില്‍ക്കുന്ന അലക്സാണ്ടര്‍ ശ്രദ്ധിച്ചു. ഉടനെ തന്നെ അദ്ദേഹം ബൗളറായ ഗില്‍ക്രിസ്റ്റിനോട് എളുപ്പത്തില്‍ അടിക്കാവുന്ന തരത്തില്‍ പന്തെറിഞ്ഞുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. പൊതുവെ വഴക്കാളിയും പര്യടനത്തില്‍ ഉടനീളം പ്രശ്‌നക്കാരനുമായിരുന്ന, ഗില്‍ക്രിസ്റ്റിന് അതു തീരെ പിടിച്ചില്ല. ഒരു ബൗണ്ടറിയോടെ ബോര്‍ഡെ നൂറ് തികച്ചോട്ടെ എന്ന് ക്യാപ്റ്റന്‍ കരുതിയെങ്കിലും, കുപിതനായ ഗില്‍ക്രിസ്റ്റ് ബാറ്റ്‌സ്മാന്റെ തല ഉന്നംവെച്ചുള്ള ഒരു ബൗണ്‍സര്‍ എറിയുകയാണ് ചെയ്തത്. തലയില്‍ ഹെല്‍മെറ്റില്ലാത്ത  കാലം. സ്വരക്ഷയ്ക്കായി വെട്ടിത്തിരിഞ്ഞപ്പോള്‍, 'ഹിറ്റ് വിക്കറ്റായി' പുറത്താകുകയായിരുന്നു സുവര്‍ണ്ണാവസരം നഷ്ടപ്പെട്ട ബോര്‍ഡെ. എന്തായാലും, കാര്യങ്ങള്‍ അവിടെ അവസാനിച്ചില്ല. ക്യാപ്റ്റനെ ധിക്കരിച്ച ഗില്‍ക്രിസ്റ്റിനെ അവരുടെ ബോര്‍ഡ് തിരിച്ചു വിളിച്ചപ്പോള്‍, അത് ലോക ത്തെ മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്ന അയാളുടെ കളിജീവിതത്തിന്റെ അവസാനം കുറിക്കലായിരുന്നു.  

ബോംബെയിലെ കളിക്കാലം
പിന്നീട് ജോലിയുമായി വടക്കേ ഇന്ത്യയിലേക്ക് പോയപ്പോള്‍ താല്പര്യങ്ങള്‍ കുറെക്കൂടി വിശാലമായി.  ബോംബെയിലെ കൊളാബ ഒബ്‌സേര്‍വേറ്ററിയില്‍ ചേര്‍ന്നപ്പോള്‍, താമസം അതേ കോംപൗണ്ടിലായിരുന്നു. അങ്ങനെ അവിടത്തെ ഗ്രൗണ്ടില്‍  ബാഡ്മിന്റണ്‍ കളിക്കാന്‍ തുടങ്ങി. തരക്കേടില്ലാതെ കളി ശീലിച്ച് കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ ചില മത്സരങ്ങളില്‍ വരെ പങ്കെടുക്കാമെന്നായി. ഓഫീസിലെ ഒരു മികച്ച കളിക്കാരന്റെ പിന്തുണയോടെ, ബാക്ക് ഹാന്‍ഡ് ഡ്രോപ്പ് ഷോട്ടിലെ പോരായ്മകള്‍ ഒരുവിധത്തില്‍ പരിഹരിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു, വീണ്ടുമൊരു സ്ഥലം മാറ്റം... ഇതിനിടയില്‍ കളിപ്രേമികളുടെ സ്വര്‍ഗ്ഗലോകമായിരുന്ന നഗരത്തില്‍ ഒട്ടേറെ മികച്ച കളികള്‍ കാണാനായി. രണ്ടു തവണ വിംബിള്‍ഡണ്‍ ടെന്നീസ് സെമിഫൈനല്‍ വരെയെത്തിയ 'ടച്ച് ആര്‍ട്ടിസ്റ്റ്' രാമനാഥന്‍ കൃഷ്ണന്‍, ജയദീപ് മുഖര്‍ജി, ബാഡ്മിന്റണിലെ സൂപ്പര്‍താരമായിരുന്ന നന്ദു നടേക്കര്‍, ദീപു ഘോഷ് തുടങ്ങിയവരുടെ കളികള്‍ കണ്ടത് അവിടെ വച്ചായിരുന്നു. 

പക്ഷേ, ബോംബെയിലെ അന്നത്തെ ശ്രദ്ധാകേന്ദ്രങ്ങള്‍ ഫുട്‌ബോളിന്റെ കൂപ്പറേജും ക്രിക്കറ്റിന്റെ ബ്രേബോണ്‍ സ്റ്റേഡിയവുമായിരുന്നു. നാട്ടില്‍ വച്ചുതന്നെ ഫുട്‌ബോളുമായി  കൂടുതല്‍ അടുക്കുന്നത് പത്രറിപ്പോര്‍ട്ടുകളിലൂടെയും റേഡിയോ കമന്ററികളിലൂടെയുമായിരുന്നു. അതിമനോഹരമായ ഇംഗ്ലീഷില്‍ കളി പറഞ്ഞുകൊണ്ടിരുന്ന കോമാട്ടില്‍ രാമന്‍ മേനോന്‍ എന്ന രാമേട്ടനെ ഇന്നും മറക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ വിവരണങ്ങളിലൂടെ കേട്ട് പരിചയമായ നാരായണ്‍, നെവില്‍ ഡിസൂസ, പി.ആര്‍. ആന്റണി (തൃശ്ശര്‍ക്കാരുടെ കൊച്ചന്തോണി), പവിത്രന്‍, ദേവദാസ് തുടങ്ങിയ കളിക്കാരുടെ വമ്പന്‍ കളി നേരില്‍ കാണാനായത് അന്നു നടന്നിരുന്ന റോവേര്‍സ് കപ്പ് ടൂര്‍ണമെന്റിലൂടെയാണ്,  അവരില്‍ ചിലരെ തൃശൂരിലെ ചാക്കോള ട്രോഫി ടൂര്‍ണമെന്റിലെ കാല്‍ടെക്സ് ടീമില്‍ കണ്ടിരുന്നെങ്കിലും. ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച സെന്റര്‍ ഫോര്‍വേഡെന്ന താരമൂല്യമുണ്ടായിരുന്ന കൊച്ചന്തോണിയുടെ പില്‍ക്കാല ജീവിതം ദുരന്തപൂര്‍ണ്ണമായിരുന്നുവെന്ന് മനസ്സിലായത് ഒരു നിര്‍മ്മാണ സൈറ്റില്‍ കമ്പി വളച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രം കണ്ടപ്പോഴാണ്... പിന്നീട്, പല ലോക കപ്പും ടിവിയില്‍ കണ്ടിട്ടുണ്ട്. മാഞ്ഞു പോകാത്ത ചില ചിത്രങ്ങളുമുണ്ട്. ദൈവത്തിന്റെ കൈകൊണ്ട് ഗോളടിപ്പിച്ച മറഡോണ തൊട്ട് പെനാല്‍റ്റി പാഴാക്കിയ ശേഷം കരഞ്ഞുകൊണ്ട് താനിനി കളിക്കാനില്ലെന്നു പറഞ്ഞ മെസ്സി വരെ. ആ കോപ്പ ഫൈനല്‍ ടിവിയില്‍ കണ്ടത് അമേരിക്കയില്‍ വച്ചാണ്. 

പൂനയിലായിരുന്നപ്പോള്‍  ടെഡ് ഡെക്സ്റ്റാറുടെ നേതൃത്വത്തില്‍ ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമും ഇന്ത്യന്‍ യൂണിവേഴ്സിറ്റികളും തമ്മിലുള്ള മത്സരമാണ് ഞാന്‍ കണ്ട ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. ഇംഗ്ലീഷ് ടീമില്‍ പ്രസിദ്ധരായ ബാറിങ്ങ്ടണ്‍, ടോണി ലോക്ക്, എം.ജെ.കെ. സ്മിത്ത് തുടങ്ങിയവരുണ്ടായിരുന്നപ്പോള്‍ നമ്മുടെ ടീമിനെ നയിച്ചത് പില്‍ക്കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായ അജിത്ത് വാഡേക്കറായിരുന്നു. അദ്ദേഹത്തിന്റെ അരങ്ങേറ്റമായിരുന്നു അവിടെ... പിന്നീട്, പൂനയില്‍നിന്ന് ബോംബെയിലെത്തിയപ്പോള്‍ ഞാന്‍ അവിടത്തെ  ബ്രാബോണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഒരു സ്ഥിരം സന്ദര്‍ശകനായി. കാലാവസ്ഥാ വകുപ്പില്‍ മൂന്ന് ഷിഫ്റ്റുകളുള്ള ജോലിയായിരുന്നതുകൊണ്ട് കളി കാണാവുന്ന തരത്തില്‍ ഡ്യൂട്ടികള്‍ മാറ്റിയെടുക്കാമെന്ന സൗകര്യമുണ്ടായിരുന്നു. അങ്ങനെ രാത്രി ഡ്യൂട്ടി കഴിഞ്ഞ്, എത്രയോ തവണ രാവിലെ ബ്രേബോണില്‍ ഹാജരായിരിക്കുന്നു. അല്ലെങ്കില്‍, വൈകുന്നേരം കൂപ്പറേജിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍. പ്രധാന മത്സരങ്ങളാണെങ്കില്‍ ബ്രാബോണിലെ നോര്‍ത്ത് സ്റ്റാന്‍ഡില്‍, ബൗളറുടെ പുറകിലായി തന്നെ ഇരിപ്പിടം ഒപ്പിക്കണം. എന്നാലേ പന്തിന്റെ സ്പിന്‍ ശരിക്ക് കാണാന്‍ പറ്റൂ. ഇന്നത്തെപ്പോലെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലാതിരുന്നതുകൊണ്ട് ചിലപ്പോള്‍ വെളപ്പിനേ പോയി ക്യൂ നില്‍ക്കേണ്ടിവന്നിട്ടുണ്ട്! 

(അതിനിടയില്‍ ബ്ലിറ്റ്‌സ് നാഷണല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലോ മറ്റോ അന്നത്തെ യുവ തുര്‍ക്കികളായിരുന്ന ചന്ദ്രശേഖര്‍, മോഹന്‍ ധാരിയ, കുമരമംഗലം തുടങ്ങിയവരുടെ തീപ്പൊരി പ്രസംഗങ്ങളുണ്ടാകും.... പിന്നെ മെട്രോ, ഈറോസ്, റീഗല്‍, മറാത്ത മന്ദിര്‍, ഡിഫന്‍സ് തുടങ്ങിയ തിയേറ്ററുകളില്‍ പടം മാറുമ്പോള്‍ അവിടെയും ഞാന്‍ തന്നെ എത്തിച്ചേരണ്ടേ? ആകെക്കൂടി സംഭവബഹുലമായ ഒരു കാലഘട്ടം). 

അങ്ങനെ ബ്രാബോണില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍തൊട്ട് രഞ്ജിട്രോഫി വരെ എത്രയോ കളികള്‍. ആസ്ട്രേലിയന്‍ ക്യാപ്റ്റനും  പ്രസിദ്ധ ബൗളറുമായിരുന്ന റിച്ചി ബെനോവിന്റെ  നേതൃത്വത്തില്‍ ഒരു കോമണ്‍വെല്‍ത്ത് ക്രിക്കറ്റ് ടീം ഇവിടെ കളിക്കാന്‍ വന്നപ്പോള്‍ അതില്‍ എവര്‍ട്ടണ്‍ വീക്ക്‌സ്, രാമന്‍ സുബ്ബറാവു, രോഹന്‍ കന്‍ഹായ് തുടങ്ങിയ പ്രശസ്തര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനെ നയിച്ചത് രാംചന്ദായിരുന്നുവെന്നാണ് ഓര്‍മ്മ. അതുപോലെ നമ്മുടെ എക്കാലത്തേയും വലിയ പ്രതിഭകളായിരുന്ന പോളി ഉമ്രിഗര്‍, വിജയ് മാഞ്ച്രേക്കര്‍, ചാന്ദു ബോര്‍ഡേ, സുഭാഷ് ഗുപ്തെ, രമാകാന്ത് ദേശായി, തമാനെ തുടങ്ങിയവര്‍ കളിക്കുന്നതും കാണാനായി. ദശകങ്ങള്‍ കഴിഞ്ഞ്, ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്ത്, ഒരു ഔദ്യോഗിക സമ്മേളനത്തിനായി ആസ്ട്രേലിയയിലെ സിഡ്‌നിയില്‍ പോയപ്പോള്‍ ഞങ്ങളുടെ ആതിഥേയരില്‍ ഒരാളായ ജോണ്‍ റൈറ്റിന്റെ സഹായത്തോടെ (മുന്‍പത്തെ ഇന്ത്യന്‍ കോച്ച്) സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പോകാനായി. അവിടത്തെ പവിലിയനിലെ ലൗഞ്ചില്‍ ബ്രാഡ്മാന്‍, മില്ലര്‍, ബെനോ തുടങ്ങിയവരുടെ പ്രതിമകളിലൂടെ അവരുടെ യഥാര്‍ത്ഥ ശബ്ദം കേള്‍പ്പിക്കുന്ന പ്രദര്‍ശനം വലിയൊരു അനുഭവമായി.  

സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ പ്രോബേഷണറി ഓഫീസറായി ഞാന്‍ ആദ്യമായി ചേരുന്നത് പഞ്ചാബിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാലയിലാണ്. ഞങ്ങളുടെ ആദ്യത്തെ ട്രെയിനിങ്ങ്, ഇന്ദോറിലെ സ്റ്റാഫ് ട്രെയിനിങ്ങ് സെന്ററിലായിരുന്നു. അന്ന് ഞങ്ങളുടെ ഗ്രൂപ്പിലെ താരം ബാങ്കില്‍ ആയിടെ ഓഫീസറായി ചേര്‍ന്ന ബിഷന്‍സിങ്ങ് ബേദിയായിരുന്നു. ഇന്ത്യക്കുവേണ്ടി കളിച്ചു തുടങ്ങിയിരുന്നതുകൊണ്ട് ബേദിക്ക് പ്രത്യേക ആഹാരവും മറ്റു ചിട്ടകളുമുണ്ടായിരുന്നു. എന്തായാലും, അവിടെ ഉണ്ടായിരുന്ന ഒന്നര മാസക്കാലത്തോളം തൊട്ടടുത്ത മുറിയിലെ താമസക്കാരനായിരുന്ന ബേദിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു, പിന്നീട് അത് തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നു മാത്രം. വൈകിട്ടത്തെ വിശ്രമവേളകളില്‍ ടേബിള്‍ ടെന്നീസ് കളിക്കാന്‍ കൂടുമ്പോള്‍, കൂട്ടത്തിലെ ഏറ്റവും നല്ല കളിക്കാരനോടുള്ള ബേദിയുടെ  വെല്ലുവിളി കേള്‍ക്കാം, ഒരു കൈ നോക്കുന്നോയെന്ന്. എതിരാളിക്ക് ഗെയിംപോയിന്റില്‍ (20-0) കളി തുടങ്ങാം. പക്ഷേ, നമ്മെ അമ്പരപ്പിച്ചുകൊണ്ട് ബേദി തന്നെ കളി ജയിക്കും. കാരണം, അയാളുടെ കൈക്കുഴ 360 ഡിഗ്രി വരെ തിരിയും. അന്നു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്പിന്‍ ബൗളറായിരുന്ന ബേദിയോട് ദിവസവും ടേബിള്‍ ടെന്നീസ് പ്രാക്റ്റീസ് ചെയ്യാന്‍ കോച്ച് നിര്‍ദ്ദേശിച്ചിട്ടുണ്ടത്രെ. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഹൈദരാബാദിലെ പ്രസിദ്ധമായ സ്റ്റാഫ് കോളേജില്‍ പരിശീലനത്തിനു പോയപ്പോള്‍ ബാച്ച്‌മേറ്റായി ഉണ്ടായിരുന്നത് വളരെക്കാലം ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന ഉഷാ സുന്ദര്‍രാജായിരുന്നു. എന്നും മികച്ച കളിക്കാര്‍ക്ക് ബാങ്കില്‍ ജോലി കൊടുത്തിരുന്നു...

അങ്ങനെ എന്തൊക്കെ കളിയോര്‍മ്മകള്‍. ഫുട്‌ബോള്‍ ലോക കപ്പ് കഴിയുമ്പോള്‍ ക്രിക്കറ്റ് കപ്പിന്റെ വരവായി. ഓരോ കൊല്ലവും ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സീസണ്‍ കഴിയുമ്പോഴേക്കും വിംബിള്‍ഡണ്‍ പുല്‍ക്കോര്‍ട്ടിലെ ടെന്നീസ് തുടങ്ങും. അതുകഴിഞ്ഞ് പാരീസിലെ കളിമണ്‍ കോര്‍ട്ടില്‍ ഫ്രെഞ്ച് ഓപ്പണ്‍. ഗ്രാന്‍ഡ് സ്ലാം സീരീസില്‍ ഒടുവില്‍ വരുന്നത് അമേരിക്കയിലെ ഫ്‌ലഷിങ്ങ് മെഡോസിലെ ബില്ലി ജീന്‍ കിങ്ങ് സ്റ്റേഡിയത്തില്‍ നടക്കുന്ന യു.എസ്. ഓപ്പണാണ്. പക്ഷേ, അവിടത്തെ കളിസമയവുമായി പൊരുത്തപ്പെടാനാവാത്തതുകൊണ്ട് അത് ഒഴിവാക്കാം. പക്ഷേ, ഒരു അമേരിക്കന്‍ യാത്രയില്‍ ആ സ്റ്റേഡിയത്തിന്റെ മുന്‍പിലും ചെല്ലാനായി!... പിന്നെ ഒളിംപിക്സ്, ഏഷ്യാഡ്... എന്തൊക്കെ കളികള്‍. ഇന്നത്തെ കാലത്ത്, ലോകത്തെ മുഴുവന്‍ ഒറ്റ കളിക്കളമാക്കുന്നത് ടെലിവിഷന്‍ ചങ്ങലകളാണ്. അങ്ങനെ പല കളിക്കാരേയും ടെലിവിഷനില്‍ കണ്ടിട്ടുണ്ടെങ്കിലും എന്നെ ഏറ്റവും മോഹിപ്പിച്ചത് ടെന്നീസില്‍ ഇന്നുമൊരു സജീവ സാന്നിദ്ധ്യമായ ഫെഡറര്‍ തന്നെയാണ്.  

(അനുബന്ധം: കാലമിത്ര കഴിഞ്ഞശേഷം, ഓരോന്ന് ഓര്‍ത്തുപോകുമ്പോള്‍ ചിരി വരാറുണ്ട്. താല്പര്യങ്ങള്‍ നിരവധി. സാഹിത്യം, സിനിമ, സംഗീതം, ചിത്രകല, കഥകളിയും വാദ്യമേളവും തൊട്ട് പല കലകള്‍, സകലമാന കളികള്‍, സമകാലീന രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍... പിന്നെ യാത്രകള്‍, യാത്രകള്‍... ചുരുക്കത്തില്‍ താല്പര്യമില്ലാത്തത് ഒന്നുമില്ലായിരുന്നുവെന്നര്‍ത്ഥം. അതിനിടയില്‍     ഉയിരെടുക്കുന്ന ഒരു ജോലിയും. ആകെക്കൂടിയുള്ളത് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ തീര്‍ന്നുപോകുന്ന ഒരു ജീവിതം മാത്രം... അതിനിടയിലൂടെ എങ്ങനെയോ നൂണ്ടു കടന്നുപോയി ഈ വാഴ്വ്!)    
                                                    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com