നായാടി ക്രിസ്ത്യാനികളും ബാസല്‍ മിഷനും: വിനില്‍ പോള്‍ എഴുതുന്നു

അസ്പൃശ്യരായിരുന്ന കേരളത്തിലെ വിവിധ ജാതികള്‍ക്ക് വ്യത്യസ്ത അളവിലും തോതിലുമുള്ള സാമൂഹിക അനുഭവങ്ങളുടെ കഥകളാണ് കൊളോണിയലിസവുമായി ബന്ധപ്പെടുത്തി പറയാനുള്ളത്.
ഓല മെടയുന്ന സ്ത്രീകള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലബാര്‍ കാഴ്ച
ഓല മെടയുന്ന സ്ത്രീകള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലബാര്‍ കാഴ്ച

കേരളത്തിലെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ കോളനികാല ക്രിസ്തുമതവുമായുള്ള ബന്ധപ്പെടലിന്റെ ചരിത്രരചനകളില്‍ കൂട്ട പരിവര്‍ത്തനം (Mass Movement) നടത്തിയ വിഭാഗങ്ങളുടെ ചരിത്രമാണ് മേല്‍ക്കൈനേടിയിട്ടുള്ളത്. പ്രത്യേകിച്ച് തിരുവിതാംകൂറില്‍നിന്നും കൂട്ട പരിവര്‍ത്തനം നടത്തിയ ദളിത് വിഭാഗത്തിലെ പുലയ-പറയ ജാതികളുടേയും ആദിവാസി വിഭാഗത്തില്‍നിന്നും മലയരയ ക്രിസ്ത്യാനികളുടെ ചരിത്രവുമാണ് ബഹുഭൂരിപക്ഷത്തിലും പഠിക്കപ്പെട്ടത്. ക്രിസ്തുമതത്തിലെ പരിവര്‍ത്തിത വിഭാഗങ്ങളിലെ ഭൂരിപക്ഷമെന്ന കാരണവും സമ്പന്നമായ പുരാശേഖരണങ്ങളുടെ പിന്തുണയും കേരളരൂപീകരണാനന്തര കാലത്തെ പിന്തുടര്‍ച്ചയിലെ ദൃശ്യതയും തുടങ്ങിയ പല കാരണങ്ങള്‍ പുലയരുടേയും മലയരയരുടേയും ക്രിസ്തുമത ചരിത്രരചനകളെ വളരെ വേഗത്തിലാക്കി. തിരുവിതാംകൂറില്‍ സജീവമായിരുന്ന കേവലം രണ്ടു മിഷനറി സംഘത്തിന്റെ മാത്രം ചരിത്രം (ഘങട & ഇങട), ഇതര സഭാവിഭാഗങ്ങളിലേക്കു നടന്ന മതപരിവര്‍ത്തന ചരിത്രത്തിന്റെ അഭാവം, കുറവര്‍, നായാടി, ഉള്ളാടന്‍, മുതുവാന്‍, കാണി തുടങ്ങിയ ജാതികളുടെ ചരിത്രം പറയുകയോ, അവയെക്കുറിച്ചു സൂചനകള്‍പോലും നല്‍കാതെയുള്ള ചരിത്രമെഴുത്തുരീതി തുടങ്ങിയവയെല്ലാം നിലവിലെ ചരിത്ര രചനകള്‍ നേരിടുന്ന വിമര്‍ശനങ്ങളാണ്. മുന്‍കാല അടിമവിഭാഗത്തില്‍നിന്നും ക്രിസ്തുമതം സ്വീകരിച്ച വിഭിന്ന ജാതികളുടേയും ചരിത്രാഖ്യാനങ്ങള്‍ വരേണ്ടതാണ്. കാരണം, ഈ പുതു ആഖ്യാനങ്ങള്‍ ഒരു വശത്തു നിലവിലെ ദളിത് ആദിവാസി ചരിത്രങ്ങളോട് ചിലതു കൂട്ടിച്ചേര്‍ക്കുമ്പോള്‍ മറുവശത്തു ചരിത്രമെഴുത്തിലെ ചില വാര്‍പ്പുമാതൃകകള്‍ക്കു നേരെ ചില വിമര്‍ശനങ്ങളും ഉന്നയിക്കുന്നു.

അസ്പൃശ്യരായിരുന്ന കേരളത്തിലെ വിവിധ ജാതികള്‍ക്ക് വ്യത്യസ്ത അളവിലും തോതിലുമുള്ള സാമൂഹിക അനുഭവങ്ങളുടെ കഥകളാണ് കൊളോണിയലിസവുമായി ബന്ധപ്പെടുത്തി പറയാനുള്ളത്. പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുന്‍കാല അയിത്ത ജാതിക്കാരുടെ ഭൂതകാല ആഖ്യാനങ്ങളാകട്ടെ, മലബാര്‍ മേഖലയില്‍ ദൃഢമായിരിക്കുന്ന കോളനി വിരുദ്ധവും ഏകവല്‍ക്കരിക്കപ്പെട്ടതുമായ ചരിത്രധാരയോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉതകുന്നതാണ്. മലബാറിലെ സാമൂഹിക സാഹചര്യങ്ങളില്‍ അസ്പര്‍ശ്യരായവരുടെ അനുഭവതലങ്ങള്‍ വേറിട്ട് നില്‍ക്കുന്നവയാണ്, ഈ കാരണത്താല്‍ അവയുടെ ഭൂതകാല ആഖ്യാനങ്ങള്‍ അതിന്റെ സങ്കീര്‍ണ്ണതയോടുകൂടിത്തന്നെ പറയപ്പെടേണ്ടതാണ്.

എങ്കില്‍ മാത്രമേ കൊളോണിയല്‍ വാഴ്ചക്കാലത്ത് അടിമജാതികള്‍ക്കുണ്ടായ രൂപപരിണാമങ്ങളേയും കൊളോണിയല്‍ ആധുനികതയിലേക്കുള്ള അവരുടെ കടന്നുവരവിന്റേയും ബഹുമുഖങ്ങളായ ചരിത്രങ്ങള്‍ നമ്മള്‍ക്ക് അടുത്തറിയാന്‍ സാധിക്കൂ. ഇത്തരം ഒരു ചരിത്രരചന പശ്ചാത്തലത്തില്‍നിന്നുകൊണ്ട് കേരളത്തിലെ നായാടി വിഭാഗത്തിന്റെ ഇടയില്‍നിന്നുമുണ്ടായ ക്രിസ്തുമത സ്വീകരണത്തിന്റെ ചരിത്രശകലങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പേപ്പര്‍. നായാടികളുടെ പക്ഷംചേര്‍ന്നുള്ള ഈ ആഖ്യാനംവഴി മലബാറിലെ കൊളോണിയല്‍ വിരുദ്ധ ബൃഹത് ആഖ്യാനങ്ങള്‍ കോളനികാല കീഴാള ജീവിതങ്ങളെ ചരിത്രമെഴുത്തുകളില്‍നിന്നും ഒഴിവാക്കുന്നതിന്റെ കാരണം കൂടി നമ്മള്‍ക്കു വ്യക്തമായി മനസ്സിലാക്കാനും സാധിക്കുന്നു. ഇത് ഒരേസമയം തന്നെ നിലവിലെ ദളിത് ആദിവാസി ചരിത്രങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതും ചില ചരിത്രധാരകള്‍ക്കു വിമര്‍ശനം ഉന്നയിക്കുന്നതുമായ ചരിത്രശകലങ്ങളാണ്. മുഖ്യമായും ബാസല്‍ മിഷന്‍ രേഖകളുടെ സഹായത്താല്‍ രൂപംകൊണ്ട ഈ പേപ്പറില്‍ നായാടി വിഭാഗത്തിനെ സൂക്ഷ്മമായി പിന്തുടരാന്‍ ശ്രമിക്കുന്നില്ലായെന്നു ആദ്യമേ പറയട്ടെ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം അനന്തകൃഷ്ണ അയ്യര്‍, എ. അയ്യപ്പന്‍ തുടങ്ങിയ നരവംശ ശാസ്ത്രജ്ഞര്‍ ഒരുപാടു നിരീക്ഷണങ്ങള്‍ നായാടികളെ കേന്ദ്രീകരിച്ചു നടത്തിയിട്ടുണ്ട് എന്ന കാരണത്താല്‍ ജീവിത സാഹചര്യങ്ങളുടെ സൂക്ഷ്മതലത്തിലേക്കു പ്രവേശിക്കുന്നില്ല. നായാടികളുടെ സാമൂഹിക സാഹചര്യങ്ങളിലും വ്യക്തി ജീവിതങ്ങളിലും ക്രിസ്തുമത ഇടപെടല്‍ മൂലമുണ്ടായ മാറ്റങ്ങളുടെ അളവിനേയും അത്ര കാര്യമായി ഇതില്‍ വിശദീകരിക്കുന്നുമില്ല. നിലവില്‍ പറയപ്പെടാത്ത കാര്യങ്ങളെ പറയുകയെന്ന ഏക ദൗത്യം മാത്രമാണ് പ്രാഥമികമായി ഇതിനുള്ളത്.

നായാടി ജീവിതവും മലബാര്‍ ചരിത്രരചനകളും
ജര്‍മന്‍ മിഷനറി പ്രസ്ഥാനമായിരുന്നു ബാസല്‍ മിഷനറിമാര്‍. 1842 മെയ് പതിന്നാലിന് കോഴിക്കോട് കേന്ദ്രമാക്കി അവരുടെ പ്രവര്‍ത്തനം ആരംഭിച്ചത് മലബാര്‍ മേഖലയില്‍ ജീവിക്കുന്ന നായാടി വിഭാഗത്തിനിടയില്‍ സാമൂഹിക പരിഷ്‌കരണം ഉണ്ടാക്കണമെന്ന ലക്ഷ്യവുമായിട്ടായിരുന്നു.  മിഖായേല്‍ ഫ്രിത്സ് എന്ന ബാസല്‍ മിഷനറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട് മിഷനില്‍നിന്നും നായാടികള്‍ക്കിടയില്‍ ആദ്യം ഇറങ്ങിച്ചെന്നതാകട്ടെ, തിരുനെല്‍വേലി സ്വദേശിയും, അഞ്ചരക്കണ്ടിയിലെ പുലയരുടെ ഉപദേശിയുമായ മിഖായേലെന്ന തമിഴ് സ്വദേശിയായിരുന്നു. ബാസല്‍ മിഷനറിമാര്‍ മലബാറില്‍ വരുന്നതിനു മുന്‍പുതന്നെ അഞ്ചരക്കണ്ടി തോട്ടത്തിലെ പുലയരുടേയും വേട്ടുവരുടേയും ഇടയില്‍ ക്രിസ്തീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി തോട്ടം ഉടമകള്‍ 1835-ല്‍ തിരുനെല്‍വേലിയില്‍നിന്നും പ്രത്യേകം കൊണ്ടുവന്നതായിരുന്നു മിഖായേല്‍ ഉപദേശിയെ (ഒമഹഹശറമ്യ 1876:77). മിഖായേലിനെ പിന്തുടര്‍ന്ന് തോട്ടത്തില്‍ വന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മംഗലാപുരത്തു പ്രവര്‍ത്തിച്ച സാമുവേല്‍ ഹെബിക് എന്ന ബാസല്‍ മിഷനറിയുടെ നിര്‍ബന്ധത്താല്‍ പിന്നീട് മലബാര്‍ (മലയാള നാട്ടില്‍) ദേശത്തു 1839 ല്‍ ബാസല്‍ മിഷന്‍ പ്രവര്‍ത്തനം നെട്ടൂരില്‍ ആരംഭിച്ചു (ഋ ണ ഠ 1934: 18). ബാസല്‍ മിഷന്‍ തലശ്ശേരിയില്‍ കേന്ദ്രം ആരംഭിച്ചപ്പോള്‍ മിഖായേല്‍ ഉപദേശിയേയും അഞ്ചരക്കണ്ടി സഭയേയും ബാസല്‍ മിഷന്റെ ഭാഗമാക്കി തീര്‍ത്തു. 
1800-കളില്‍ മലബാര്‍ സന്ദര്‍ശിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിനു വലിയ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഫ്രാന്‍സിസ് ബുക്കാനന്റെ എഴുത്തുകളുടെ അടിസ്ഥാനത്തിലാണ് ബാസല്‍ മിഷനറിമാര്‍ കോഴിക്കോട് നായാടികള്‍ക്കിടയില്‍ ഒരു മിഷന്‍ കേന്ദ്രം ആരംഭിക്കുന്നത്. ബുക്കാനന്റെ എഴുത്തുകളുടെ അടിസ്ഥാനത്തില്‍ വളരെ മോശമായ ജീവിത സാഹചര്യമായിരുന്നു മലബാറിലെ നായാടികളുടേത്. ബുക്കാനന്‍ എഴുതുന്നു: ''അശുദ്ധി കല്പിച്ചിരിക്കുന്നതിനാല്‍ മറ്റുള്ളവരുടെ സമീപത്തുനിന്നും ഒരുപാടു അകലെയാണ് അവര്‍ കഴിഞ്ഞിരുന്നത്. വേട്ടക്കാര്‍ മാത്രമാണ് അവരെ ചിലപ്പോള്‍ സഹായത്തിനു വിളിക്കുന്നത്. വേട്ടയാടി കിട്ടുന്നതിന്റെ നാലിലൊന്നു അവര്‍ക്കു കൊടുക്കാറുമുണ്ട്. ഇവര്‍ കാടുകളില്‍നിന്നും പഴവര്‍ഗ്ഗങ്ങള്‍ ശേഖരിക്കുമെന്നല്ലാതെ മത്സ്യബന്ധനമോ, കൃഷിയോ ഒന്നും തന്നെ ഇവര്‍ക്കില്ല. ആമകളേയും ചീങ്കണ്ണിയേയും ചൂണ്ടയിട്ട് ഇവര്‍ പിടിക്കാറുണ്ട്, അതാണ് അവരുടെ ഒരു മുഖ്യ ഭക്ഷണം. ആഹാരം വേണ്ടവിധേന ലഭ്യമല്ലാത്തതിനാല്‍ പിച്ചയെടുക്കലാണ് ഇവരുടെ മുഖ്യ തൊഴില്‍. ഇത്തരത്തില്‍ എല്ലാവരാലും വെറുക്കപ്പെട്ടു ജീവിക്കുന്ന ഇവരെപ്പോലെയുള്ളവര്‍ ഏതൊരു നാടിനും അപമാനമേ ഉണ്ടാക്കൂ. മിഷനറിമാര്‍ക്കു ചുരുങ്ങിയ ചെലവില്‍ വിജയകരമായി അലഞ്ഞുതിരിയുന്ന അപരിഷ്‌കൃതരായ ഇവരെ പരിഷ്‌കൃതരാക്കാന്‍ സാധിക്കും. ഈ പരിപാടികള്‍ നടപ്പാക്കുമ്പോള്‍ നായാടികളെ മലബാറിനു കിഴക്കുള്ള ഏതെങ്കിലും ഒരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണം. മറ്റുള്ള ജാതിക്കാര്‍ എക്കാലവും ഇവരോട് കാണിക്കുന്ന വെറുപ്പില്‍നിന്നും ഇവരെ രക്ഷിക്കാന്‍ അത് ഉപകരിക്കും.'' ഇതിനു തൊട്ടുപിന്നാലെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മദ്രാസിലെ സേനാവിഭാഗം ഉദ്യോഗസ്ഥനായ ജെയിംസ് വെല്‍ഷ് 1818-കളില്‍ മലബാറിലെ നായാടികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിനെക്കുറിച്ചു രേഖപ്പെടുത്തിയതും യൂറോപ്യന്മാരുടെ ഇടയില്‍ വലിയ ചര്‍ച്ചാവിഷയമായി. നൂറ്റാണ്ടുകളോളം ജാതി അടിമത്തത്തില്‍ കഴിഞ്ഞിരുന്ന കേരളത്തിലെ അടിമജാതികളുടെ ദുരിതപൂര്‍ണ്ണമായ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ക്കു സാക്ഷ്യം വഹിച്ച യൂറോപ്യന്മാര്‍ മാത്രമാണ് അവരെ അതില്‍നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചത്. മധ്യകേരളത്തില്‍ ഒരു പുലയനെ പോത്തിനോടൊപ്പം ചേര്‍ത്ത് നിലം ഉഴുന്ന കാഴ്ചയാണ് പുലയര്‍ക്കിടയില്‍ 1852- കള്‍ മുതല്‍ ക്രിസ്തുമതം പ്രചരിപ്പിക്കണമെന്ന ആശയത്തിലേക്ക് സി.എം.എസ് മിഷനറിമാരെ എത്തിച്ചത്. കേരളത്തിലെ  കീഴാള വിഭാഗങ്ങളുടെ ചരിത്രത്തില്‍ ബ്രിട്ടീഷ് വരവിനുശേഷം മാത്രമാണ് അവരില്‍ ഒരു സാമൂഹിക മാറ്റം കാണപ്പെട്ടത്,  അഥവാ ജാതി ആചാരം എന്ന നിര്‍ബന്ധിത വ്യവസ്ഥകളെ ഇല്ലാതാക്കുന്നത് ബ്രിട്ടീഷ് കൊളോണിയലിസം മാത്രമാണ്. ഈ കാരണത്താല്‍ കീഴാള വിഭാഗങ്ങളുടെ ഭൂതകാലം പറച്ചിലുകളില്‍ ബ്രിട്ടീഷ് വിരുദ്ധതയുടെ അളവ് വളരെ കുറവായിരിക്കും.

ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ആദ്യകാല എഴുത്തുകളില്‍ വളരെ ദയനീയമായി പരാമര്‍ശിച്ചിരിക്കുന്ന നായാടി വിഭാഗത്തിനിടയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തണമെന്ന ആലോചന പിന്നീട് വന്ന മലബാറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ മലബാറിലെ കലക്ടര്‍ ആയിരുന്ന പി. തോംപ്സണ്‍ (1839'40) നായാടികള്‍ക്കു സാമൂഹിക മാറ്റം ഉണ്ടാക്കണം എന്ന പേരില്‍ ഒരു പണപ്പിരിവ് നടത്തുകയും അതിലേക്കായി കുറച്ചു പണം ശേഖരിക്കുകയും ചെയ്തു. ഈ കാലത്ത് ബാസല്‍ മിഷനറിമാര്‍ തലശ്ശേരി/കണ്ണൂര്‍ ഭാഗങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. ഒരിക്കല്‍ കൊയിലാണ്ടി ഭാഗത്തു വന്ന ബാസല്‍ മിഷനിലെ ഗുണ്ടര്‍ട്ടിനേയും മിഖായേല്‍ ഫ്രിത്സിനേയും മലബാര്‍ കലക്ടര്‍ നായാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുകയും അവര്‍ക്കുവേണ്ടി കോഴിക്കോട് കേന്ദ്രമാക്കി ഒരു മിഷന്‍ ആരംഭിക്കണമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാസല്‍ മിഷനറിമാര്‍ കോഴിക്കോട് കേന്ദ്രമാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ബാസല്‍ മിഷനറിമാര്‍ കോഴിക്കോട് വരുന്നതിനു മുന്‍പ് തോംപ്സണ്‍ കളക്ടര്‍ക്ക് സ്ഥലമാറ്റം ഉണ്ടാകുകയും അതിനുശേഷം ഇടക്കാലത്തേക്കുവന്ന ക്ലെമന്‍സിനെ നായാടികള്‍ക്കുവേണ്ടി ശേഖരിച്ച തുക കൈമാറുകയും ചെയ്തു. ഏകദേശം 1500 രൂപയോളം ക്ലെമന്‍സിന്റെ ചെറിയ കാലഘട്ടത്തില്‍ പിരിച്ചെടുക്കുകയുണ്ടായി. സ്വകാര്യ കാരണങ്ങളാല്‍ അവധിയെടുത്ത ക്ലെമന്‍സിനു പകരം വന്ന ഹെന്റി വി. കനോലിയെ (18411855) അദ്ദേഹം ഈ തുക ഏല്‍പ്പിക്കുകയും നായാടികളുടെ ഇടയിലെ പ്രവര്‍ത്തനമെന്ന വിഷയത്തിനുവേണ്ട നിര്‍ദ്ദേശങ്ങളും നല്‍കുകയുണ്ടായി (ഋ ണ ഠ 1934: 91). കനോലി 1841-ല്‍ തന്നെ പൊന്നാനി താലൂക്കിലെ തഹസീല്‍ദാര്‍ മുഖാന്തരം കൊടക്കലില്‍ (ഇപ്പോള്‍ തിരൂര്‍ താലൂക്ക്) മുപ്പതു നായാടിക്കുടുംബങ്ങള്‍ക്കുവേണ്ടി ഒരു കൃഷി സ്ഥലം വാങ്ങുകയും കൃഷി ചെയ്യാന്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. അവരെ കൃഷിയെക്കുറിച്ചും മറ്റു ഉപകാരപ്രദമായ തൊഴിലുകളെക്കുറിച്ചും ബോധവാന്മാര്‍ ആക്കുന്നതിനും വേണ്ടി ഒരു മുസ്ലിം സമുദായക്കാരനെ കനോലി ഏര്‍പ്പാടും ചെയ്തു. എന്നാല്‍, ഇത് ഒരുതരത്തിലും വിജയിച്ചിരുന്നില്ല എന്നായിരുന്നു കനോലിയുടെ പിന്നീടുള്ള എഴുത്തുകള്‍ കാണിക്കുന്നത്. ''അവരുടെ യാചനയെന്ന ജാതീയ ആചാരം അവരില്‍ ബഹുഭൂരിപക്ഷവും വീണ്ടും തുടങ്ങി. ഇതേ സമയത്തു ബാസല്‍ മിഷനറിമാര്‍ കൊടക്കലില്‍ വരികയും നായാടികള്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയുമുണ്ടായി. കൃഷിസ്ഥലത്തിനു സമീപം താമസിക്കുന്നവര്‍ക്കുവേണ്ടി ബാസല്‍ മിഷന്‍ ഒരു ചെറിയ സ്‌കൂള്‍ സ്ഥാപിക്കുകയും ഗുണ്ടര്‍ട്ടിന്റെ ഇഷ്ട ശിഷ്യനായ തീത്തൂസ് പാറക്കണ്ടി എന്ന ഉപദേശിയെ അവിടത്തെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു (ഋ ണ ഠ 1934: 92). 1844 ആയപ്പോള്‍ ഒന്‍പതു കുടുംബവും അതിലെ അന്‍പതു ആളുകളും മാത്രമാണ് അവിടെ അവശേഷിച്ചത്. അവര്‍ അവരുടെ ഭൂമിയില്‍ കൃഷി ചെയ്യുകയും ക്രിസ്തീയ ആരാധനയില്‍ കൃത്യമായി പങ്കെടുത്തിരുന്നെന്നു ബാസല്‍ മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു. അവരുടെ താമസയിടത്തിനു തെക്കുവശത്തായി ഒരു സ്‌കൂള്‍ ഷെഡും പണികഴിപ്പിച്ചിരുന്നു (ഞഏങ 1844: 4647). ഭിക്ഷയാചനയില്‍നിന്നും നായാടികളെ ഒരു തൊഴിലാളിയാക്കി മാറ്റുക, അവരുടെ ഭക്ഷണം അവര്‍ തന്നെ നിര്‍മ്മിക്കുക  എന്നിങ്ങനെ ദൈനംദിന ആവശ്യങ്ങള്‍ സ്വയം നിറവേറ്റുന്ന ഒരു വിഭാഗമാക്കി തീര്‍ക്കുക എന്നതായിരുന്നു ബാസല്‍ മിഷന്റെ ലക്ഷ്യം (ഞഏങ 1845: 56). 1846ലെ ബാസല്‍ മിഷന്‍ റിപ്പോര്‍ട്ട് പറയുന്നത് കൊടയ്ക്കലെ നായാടികള്‍ക്കിടയിലെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ മുന്‍പോട്ടുപോകുന്നു എന്നാണ്. സ്‌കൂളിലെ കുട്ടികള്‍ എഴുതാനും വായിക്കാനും നന്നായി പഠിച്ചെന്നും അവരുടെ നെല്‍ക്കൃഷി മോശമല്ലാത്ത അവസ്ഥയില്‍ മുന്‍പോട്ടു പോകുന്നെന്നും പറയുന്നു (ഞഏങ 1846: 62). 1847ലെ റിപ്പോര്‍ട്ടില്‍ കൊടയ്ക്കലെ നായാടികളുടെ ഇടയില്‍ കോളറ പടര്‍ന്നു ആറുപേര്‍ മരിച്ചെന്നും നായാടികളുടെ ഇടയിലെ പ്രവര്‍ത്തനം വളരെ ദുഷ്‌ക്കരമാണ് എന്നുള്ള വരികളാണ് ഈ റിപ്പോര്‍ട്ടില്‍ വീണ്ടും പറയുന്നത്. അവര്‍ക്ക് എല്ലാം വളരെ കുറച്ചു മതി, വലിയ ഒരു അറ നിറയ്ക്കുവാനുള്ള സാധനങ്ങള്‍ ഉണ്ടെങ്കിലും അവര്‍ ഒരു തലച്ചുമട് സാധനം മാത്രമേ കൊണ്ടുപോകൂ എന്നാണ് സഭാ പ്രവര്‍ത്തകന്‍ നായാടികളെക്കുറിച്ചു പറയുന്ന പരാതി (ഞഏങ 1847: 47). 1844ല്‍ പത്തു കുട്ടികളും അതിനടുത്ത വര്‍ഷം എട്ടു കുട്ടികളേയും പഠിപ്പിച്ചിരുന്ന കൊടയ്ക്കലെ നായാടി സ്‌കൂളില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. 1850-കളാകുമ്പോള്‍ പന്ത്രണ്ടു നായാടിക്കുട്ടികള്‍ അവിടെ വിദ്യാഭ്യാസം ചെയ്തിരുന്നു. 1850-ലെ ബാസല്‍ മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് നായാടികളുടെ കൊടയ്ക്കല്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി പഠനത്തില്‍ വളരെ അധികം മികവ് കാണിക്കുന്നുണ്ടെന്നും അവനെ സ്‌കൂള്‍ മാഷിന്റെ സഹായിയായി നിയമിക്കുകയും ചെയ്തു (ഞഏങ 1850: 22).  ബാസല്‍ മിഷന്റെ മലബാറിലെ മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ചു നായാടികള്‍ക്കിടയിലെ പ്രവര്‍ത്തനം വിജയകരമായില്ല എന്നാണ് ബാസല്‍ റിപ്പോര്‍ട്ടുകളില്‍നിന്നും നമുക്ക് വളരെ വേഗം മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍, ഈ ശകലങ്ങളായ കുറിപ്പുകള്‍ ബാസല്‍ മിഷന് നല്‍കിയിരിക്കുന്ന സാഹിത്യ- സാമ്പത്തിക മിഷനറി പ്രസ്ഥാനമെന്ന വാര്‍പ്പ് മാതൃകയോടും മലബാറില്‍ ശക്തമായി നിലനില്‍ക്കുന്ന കൊളോണിയല്‍ വിരുദ്ധ ചരിത്രരചനകളോടും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

മലബാറിലെ ബാസല്‍ മിഷന്‍ പ്രവര്‍ത്തന ചരിത്രരചനകളില്‍ കൃത്യമായി ഒഴിവാക്കപ്പെട്ടിരുന്നവയാണ് അഞ്ചരക്കണ്ടിയിലെ പുലയര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന മിഖായേല്‍ ഉപദേശിയെ പിന്തുടര്‍ന്നു വന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ആദ്യകാല പ്രവര്‍ത്തന ചരിത്രവും കോഴിക്കോട്ടെ മിഷനറി പ്രസ്ഥാനത്തിന്റെ തുടക്കവും. ഇവ രണ്ടും മലബാറിലെ മുന്‍കാല അടിമജാതികളെ തേടിവന്ന കോളനികാല നീക്കങ്ങളായിരുന്നെന്ന് ബാസല്‍ മിഷന്‍ രേഖകള്‍ തന്നെ പറയുന്നു. മലബാറില്‍ അവര്‍ മുന്‍പോട്ടുവെച്ച ദൗത്യം പരാജയപ്പെടുന്ന സാഹചര്യത്തിലും അതിനോട് അനുബന്ധിച്ചുള്ള മറ്റു സാമൂഹിക ഇടപെടലുകളുടെ മധ്യത്തിലുമാണ് ഇതര വിഭാഗങ്ങള്‍ ബാസല്‍ മിഷനിലേക്കു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതെന്ന ചരിത്രത്തിനെ പലപ്പോഴും മറയ്ക്കപ്പെടുകയാണ്. ഒരു പ്രത്യേക ജാതിയെ മാത്രം തേടിവന്ന ചര്‍ച്ച് മിഷന്‍ സംഘംപോലെ അല്ലായിരുന്നു ബാസല്‍ മിഷനെന്ന കാരണത്താല്‍ ഇതര ജാതിവിഭാഗങ്ങള്‍ക്കു വളരെ വേഗത്തില്‍ മിഷനില്‍ ലയിക്കാന്‍ സാധിച്ചു. അതോടൊപ്പം തന്നെ ഈ രേഖകള്‍ മുന്‍പോട്ടുവെയ്ക്കുന്നത് മലബാറിലെ കീഴാള ജാതികളുടെ കൊളോണിയലിസവുമായുള്ള ബന്ധത്തിനെക്കൂടിയാണ്. പ്രത്യേകിച്ച് കനോലിപോലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ചരിത്രം കേവലം കൊളോണിയല്‍ വിരുദ്ധ ഉള്ളടക്കത്തില്‍നിന്നും മാറി രേഖപ്പെടുത്തണമെന്നും ബഹു ആഖ്യാനങ്ങള്‍ അവയ്ക്കു നല്‍കണമെന്നും ഈ രേഖകള്‍ പറയുന്നു. ഉദാഹരണമായി നോക്കിയാല്‍, മലബാറിലെ നായാടികള്‍ക്കും ചെറുമര്‍ക്കും മറ്റു കീഴാള വിഭാഗങ്ങള്‍ക്കു കോഴിക്കോട്, പാലക്കാട്, ഏറനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി സ്‌കൂള്‍ തുടങ്ങിയ വ്യക്തിയായിരുന്നു കനോലി (ഒഷലഷഹല 1967: 99100). മലബാറിലെ നിരവധി ഭാഗങ്ങളില്‍ സ്ഥലം വാങ്ങി അന്നോളം സ്ഥിരത്താമസം അനുവദിച്ചിട്ടില്ലാത്ത, അലഞ്ഞുതിരിഞ്ഞു ജീവിക്കേണ്ടി വന്ന താഴ്ന്നജാതി വിഭാഗത്തിനെ സ്ഥിരമായൊരിടത്തു താമസിപ്പിച്ച ചരിത്രംകൂടിയുള്ളതാണ് മലബാറിലെ കൊളോണിയലിസം. കൊടയ്ക്കല്‍ അല്ലാതെ മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ കൊയിലാണ്ടിക്കു സമീപമുള്ള പാതിരിക്കാട് എന്ന സ്ഥലം ഇത്തരത്തില്‍ കനോലിയുടെ സഹായത്താല്‍ വാങ്ങി വീതിച്ചുകൊടുത്ത ഇടമായിരുന്നു (ഋണഠ 1934: 91). അടിമത്തത്തില്‍ കഴിഞ്ഞവരുടേയും അലഞ്ഞുതിരഞ്ഞു നടന്നവരുടേയും തീണ്ടല്‍ അനുഭവങ്ങള്‍ നേരിട്ടവരുടേയും സാമൂഹിക മാറ്റത്തിനായി നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു മതവും അന്നോളം യാതൊന്നും ചെയ്തിരുന്നില്ല എന്നയിടത്തിലാണ് മലബാറിലെ കോളനികാല ചരിത്രത്തിന്റെ അടിയാള വീക്ഷണം ബ്രിട്ടീഷ് വിരുദ്ധമല്ലാതെയായിത്തീരുന്നത്. ഈ കൊളോണിയല്‍ ഇടപെടലുകള്‍ക്കുശേഷമാണ് മലബാറിലെ ചെറുമരും നായാടികളും വ്യാപകമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുപോലും. എന്തായാലും നിലവില്‍ മലബാറില്‍നിന്നും ഉയരുന്ന കൊളോണിയല്‍ വിരുദ്ധ എഴുത്തുകള്‍ക്കു കേവലം അടിമകളായി/അസ്പര്‍ശ്യരായി കഴിഞ്ഞിരുന്ന ജനവിഭാഗത്തിന്റെ സാമൂഹിക മാറ്റത്തിനെ ഉള്‍ക്കൊള്ളാനോ വ്യത്യസ്തമായ കൊളോണിയല്‍കാല ബഹുമുഖ ആഖ്യാനങ്ങള്‍ അവതരിപ്പിക്കാനോ സാധിച്ചിട്ടില്ല.

നായാടികള്‍, മറ്റു ചില കാഴ്ചകള്‍
നായാടികളില്‍ ഭൂരിഭാഗവും കൊടയ്ക്കല്‍ സഭ വിട്ടുപോകുകയാണ് ഉണ്ടായത്. സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കുന്നതിനോടുള്ള വിരക്തി, ബാസല്‍ മിഷനിലെ നിയമങ്ങളോടും ചിട്ടകളോടുമുള്ള എതിര്‍പ്പ്, നിരന്തരം വരുന്ന മാരകരോഗങ്ങള്‍ തുടങ്ങിയ പല കാരണങ്ങളാല്‍ അവരില്‍ ഭൂരിഭാഗം ആളുകളും പലയിടങ്ങളിലേക്കു മാറി (ഋണഠ 1934: 135). അതോടൊപ്പം തന്നെ ചില നായാടികള്‍ മുസ്ലിം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയുണ്ടായി. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത നായാടികളെ വളരെ വലിയ ആഘോഷങ്ങളോടുകൂടിയാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്. 1900-ല്‍ പതിമൂന്നു പേരാണ് കൊടയ്ക്കല്‍ സഭയില്‍നിന്നും ഇസ്ലാം മതത്തിലേക്ക് പോയത് (ഋണഠ 1934: 141). നായാടികളില്‍ വളരെ ചുരുക്കം കുടുംബങ്ങള്‍ മാത്രം അതില്‍ തുടര്‍ന്നുവരുന്ന സമയത്തു നായര്‍, തിയ്യര്‍ തുടങ്ങിയ ജാതികള്‍ കൊടയ്ക്കല്‍ സഭയില്‍ ചേരുകയുണ്ടായി. പിന്നീട് കൃഷിയും അനുബന്ധ തൊഴിലുകള്‍ എല്ലാവരും ഒരുമിച്ചു ചേര്‍ന്നാണ് നടത്തിയിരുന്നത്. 1863-ല്‍ കൊടയ്ക്കല്‍ സഭ കോഴിക്കോട് മിഷനു കീഴില്‍നിന്നും മാറുകയും ഒരു സഭയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. കാലക്രമേണ സഭയിലെ ജനസംഖ്യ വര്‍ദ്ധിക്കുകയും ഒരു വലിയ കേന്ദ്രമായി കൊടയ്ക്കല്‍ മാറ്റപ്പെടുകയുണ്ടായി. ഇതിനോടനുബന്ധമായി പരപ്പേരിയില്‍ (തൃപ്രങ്ങോട്) പുതിയ ഒരു ക്രിസ്തീയ സഭയും സ്‌കൂളും അനാഥമന്ദിരവും മറ്റും ബാസല്‍ മിഷനറിമാര്‍ ആരംഭിക്കുകയുണ്ടായി. പിന്നീട് മഞ്ചേരി, മലപ്പുറം, പൊന്നാനി, നിലമ്പൂര്‍ തുടങ്ങിയ സഭകള്‍ സ്ഥാപിതമായി. പാലക്കാടിന്റെ വിവിധ ഇടങ്ങളിലും വാണിയക്കുളം പോലുള്ള സ്ഥലങ്ങളില്‍ പിന്നീട് ചെറിയ തോതിലുള്ള നായാടി പരിവര്‍ത്തനങ്ങള്‍ നടന്നിരുന്നു.   

പ്രശസ്ത ആന്ത്രോപോളജിസ്റ്റ് എ. അയ്യപ്പന്‍ പറയുന്നത്, ബാസല്‍ മിഷന്‍ സൊസൈറ്റിയാണ് ആദ്യമായി മലബാറിലെ നായാടികള്‍ക്കിടയില്‍ ഒരു സാമൂഹിക മാറ്റത്തിനായി പരിശ്രമിച്ചതെന്നാണ്. അവരുടെ വരവിനു മുന്‍പ് മലബാറില്‍ ഉണ്ടായിരുന്ന ഒരു മേല്‍ജാതി വിഭാഗവും നായാടികളുടെ ജീവിത സാഹചര്യം മാറ്റുന്നതിനായി ശ്രമിച്ചതായി കാണുന്നില്ല. ബാസല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടുകൊണ്ടു ചില മുസ്ലിങ്ങള്‍ നായാടികളെ ബലമായി ഇസ്ലാം മതം സ്വീകരിപ്പിക്കുകയുണ്ടായി. അതിനുശേഷം നായാടികള്‍ വ്യാപകമായി ഇസ്ലാം മതം സ്വീകരിച്ചുവരുന്നതായി അയ്യപ്പന്‍ തന്റെ ടീരശമഹ മിറ ജവ്യശെരമഹ അിവേൃീുീഹീഴ്യ ീള വേല ചമ്യമറശ െീള ങമഹമയമൃ (1937) എന്ന പഠനത്തില്‍ പറയുന്നു. പ്രത്യേകിച്ച് പൊന്നാനിയിലാണ് ഏറ്റവുമധികം നായാടി മുസ്ലിങ്ങള്‍ താമസിക്കുന്നതെന്ന് അദ്ദേഹം ഫീല്‍ഡ് വര്‍ക്കിലൂടെ കണ്ടെത്തിയിരുന്നു. തൊപ്പിയിട്ട നായാടികള്‍ എന്ന് അറിയപ്പെടുന്ന അവര്‍ ബഹുഭൂരിപക്ഷവും ഭൂ ഉടമസ്ഥരായ മുസ്ലിങ്ങളുടെ പറമ്പുകളില്‍ കഴിഞ്ഞിരുന്നവരാണത്രേ. ക്രിസ്ത്യന്‍ നായാടികളെ അപേക്ഷിച്ച് മുസ്ലിം നായാടികള്‍ക്കാണ് വിശ്വാസപരമായി ഒരുപാടു മാറ്റം വന്നതെന്നും അയ്യപ്പന്‍ സൂചിപ്പിക്കുന്നു (അശ്യമുുമി 2002 ധ1937പ 9091). ബ്രിട്ടീഷ് ഇടപെടലുകള്‍ക്കു ശേഷമാണ് നായാടികള്‍ കൃത്യമായ ഒരു സാന്നിധ്യമായി ഇസ്ലാം, ക്രിസ്ത്യന്‍ പോലുള്ള സംഘടിത മതങ്ങളില്‍ കണ്ടുവരാന്‍ തുടങ്ങിയത്. കൊടയ്ക്കലില്‍ ബാസല്‍ മിഷനറിമാര്‍ പ്രവര്‍ത്തനം ആദ്യമായി തുടങ്ങിയതിനുശേഷം 1843-ല്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റി (ഇങട) അംഗമായ ഹെന്റി ഹാര്‍ലി എന്ന മിഷനറി തൃശൂര്‍ ഭാഗത്തുള്ള നായാടികള്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുന്നംകുളം, ചേറ്റുവാ, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ നായാടികളെ ഹാര്‍ലി കണ്ടെത്തുകയും അവരോടു സംസാരിക്കാനും തുടങ്ങിയിരുന്നതായി അദ്ദേഹം ചര്‍ച്ച് മിഷന്‍ റിപ്പോര്‍ട്ടുകളില്‍ എഴുതുന്നു. ഇതിന്റെ ഭാഗമായി തൃശൂര്‍ ഭാഗത്തുനിന്നും കുറേ നായാടികളെ ചര്‍ച്ച് മിഷനറി പ്രസ്ഥാനത്തിലേക്ക് ചേര്‍ക്കുന്നു. പാലക്കാടു ജില്ലയുടെ വിവിധ ഇടങ്ങളിലെ ക്രൈസ്തവ സഭകളിലെ ഒരു പ്രധാന ദളിത് വിഭാഗംകൂടിയാണ് നായാടി ക്രിസ്ത്യാനികള്‍. കൊച്ചിന്‍ സ്റ്റേറ്റിനു കീഴില്‍ വരുന്ന ഭാഗങ്ങളിലെ നായാടികള്‍, പ്രത്യേകിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ ജീവിതനിലവാരമായിരുന്നു ഏറ്റവും ഉയര്‍ന്നതായി കാണുന്നതെന്ന് അയ്യപ്പന്‍ അഭിപ്രായപ്പെടുന്നു. കൊച്ചിയുടെ ചരിത്രത്തിലാദ്യമായി സര്‍ക്കാരിനു കീഴില്‍ വരുന്ന ഒരു ആശുപത്രിയില്‍ കൊമ്പൗണ്ടര്‍ ഉദ്യോഗത്തില്‍ ഒരു നായാടി ക്രിസ്ത്യാനിയെ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊച്ചി രാജ്യത്ത്, വിജയരാഘവാചാര്യ ദിവാന്റെ കാലത്തു (1911 1922) നായാടികള്‍ക്കുവേണ്ടി രണ്ടു കോളനികള്‍ കുന്നംകുളത്തും പഴയന്നൂരും സ്ഥാപിക്കുകയുണ്ടായി. വീടുകളും കൃഷി ഇടങ്ങളും സ്‌കൂളും അതിനോടനുബന്ധിച്ച് അവര്‍ക്കുവേണ്ടി തുടങ്ങുകയും ചെയ്തു. ബ്രിട്ടീഷ് ഇടപെടലുകള്‍ക്കു ശേഷമാണ് നായാടി ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ആധുനിക ജീവിതരീതിയിലേക്ക് തിരിയുന്നത്. ഇത്തരത്തില്‍ അലഞ്ഞുതിരിയേണ്ടിവന്നതും അസ്പര്‍ശിത നേരിടേണ്ടിവന്നതുമായ ജാതികളുടെ ഭൂതകാലത്തെ ആചാര അനുഷ്ഠാനങ്ങളുടെ പേരുപറഞ്ഞു അതിന്റെ സങ്കീര്‍ണ്ണതകളിലേക്കു കടക്കാതെ പലപ്പോഴും മാറ്റിനിര്‍ത്തുന്ന ചരിത്രമെഴുത്തു രീതികളാണ് തുടര്‍ന്നു വന്നിരുന്നത്.


ഇതോടൊപ്പംതന്നെയുള്ള മറ്റൊരു പ്രതിസന്ധിയാണ് ദളിത് ക്രിസ്ത്യാനി ചരിത്രം പറച്ചിലുകളിലും ഒഴിവാക്കിനിര്‍ത്തപ്പെട്ടിരിക്കുന്ന നായാടി വിഭാഗത്തിന്റെ അവസ്ഥ. മധ്യ കേരളത്തിനെ കേന്ദ്രീകരിച്ചു ശക്തമായി നില്‍ക്കുന്ന ദളിത് ക്രിസ്ത്യാനികളുടെ ചരിത്രമെഴുത്തില്‍ അവര്‍ക്കു മുന്‍പേ ക്രിസ്തുമതത്തില്‍ ചേര്‍ന്ന മലബാറിലെ പുലയരുടേയും മറ്റ് ഇതര അടിമജാതികളുടേയും ചരിത്രം കീഴേക്കിടയിലാക്കപ്പെട്ടിരിക്കുകയാണ്. ആദിവാസി ക്രിസ്ത്യാനികളുടെ കാര്യത്തിലാകട്ടെ, മലയരയരുടെ ചരിത്രം മാത്രമാണ് പലപ്പോഴും പുറത്തേയ്ക്കു കേള്‍ക്കപ്പെടുന്നത്. മലയരയരുടെ താമസയിടങ്ങളുടെ സമീപത്തുള്ള 'ഹില്‍ നായര്‍' (ഒശഹഹ ചമശൃ) എന്ന് മിഷനറി എഴുത്തുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഉള്ളാടന്മാര്‍ പലപ്പോഴും ചര്‍ച്ച് മിഷനറിമാരെ വന്നു കണ്ടിരുന്നു. അതിന്റെ  അടിസ്ഥാനത്തില്‍  1887-ല്‍ മാവടിയെന്ന സ്ഥലത്തു അവര്‍ക്കുവേണ്ടി ആദ്യമായി ഒരു പള്ളിയും സ്ഥാപിച്ചു. ചര്‍ച്ച് മിഷനറിയായ എ.എഫ് പെയിന്റെറാണ് ഉള്ളാടന്മാരുടെ ഇടയിലെ പ്രവര്‍ത്തനം ആദ്യമായി തുടങ്ങിയത്. 1887 മാര്‍ച്ച് ഒന്നിന് മാവടിയിലെ ഒരു ഉള്ളാടന്‍ മൂപ്പനെ അദ്ദേഹം ക്രിസ്ത്യാനിയായി സ്നാനപ്പെടുത്തി. ഉള്ളാട മൂപ്പനാകട്ടെ, സമുദായത്തിലെ ഒരു വെളിച്ചപ്പാടുമായിരുന്നു (ജഇങട 1887: 176). എന്നാല്‍ അതിനു ഒരു വര്‍ഷം മുന്‍പ് ജോണ്‍ കെയിലി എന്ന ചര്‍ച്ച് മിഷനറി കൂത്താട്ടുകുളം ഭാഗത്തെ ഉള്ളാട കുടിലുകള്‍ സന്ദര്‍ശിക്കുകയും അതിനെക്കുറിച്ച് ചര്‍ച്ച് മിഷന്‍ കേന്ദ്രത്തില്‍ അറിയിക്കുകയും ചെയ്തു. അതിനുശേഷം ജോണ്‍ ഹെന്റി ഓസ്റ്റ്മാസ്റ്റന്‍ എന്ന ചര്‍ച്ച് മിഷനറി കോതമംഗലം, മൂന്നാര്‍ തുടങ്ങിയ ഭാഗങ്ങളിലെ ഉള്ളാടന്‍, മുതുവാന്‍ വിഭാഗങ്ങള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു. വിദഗ്ദ്ധനായ ഫോട്ടോഗ്രാഫര്‍ കൂടിയായ ഓസ്റ്റ്മാസ്റ്റന്‍ 1919 ഡിസംബര്‍ 31-നു മൂന്നാറില്‍വെച്ച് ഫോട്ടോ എടുക്കുവാനായി ഇറങ്ങി അപകടത്തില്‍പ്പെട്ട് മരണപ്പെടുകയായിരുന്നു. തിരുവിതാംകൂറിലെ ആദിവാസി വിഭാഗങ്ങളുടെ ഒരുപാടു ഫോട്ടോസ് ഇദ്ദേഹത്തിന്റേതായി മിഷനറി മാസികകളില്‍ പലപ്പോഴും വന്നിരുന്നു. കോളനിക്കാലത്തു നിലനിന്നിരുന്ന ആദിവാസി വിഭാഗങ്ങളുടെ വിവിധങ്ങളായ ഇടപെടലുകളെ കേരളത്തില്‍ വേണ്ടവിധേന പഠനമാക്കിയിട്ടില്ല. അവരുടെ ക്രിസ്തുമതവുമായുള്ള ഇടപെടലുകളെ മോശം ഭൂതകാലത്തിന്റെ ഭാഗമാക്കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്.  മിഷനറി രേഖകള്‍ ഉപയോഗിച്ചുള്ള പഠനങ്ങളാകട്ടെ, കേവലം മലയരയരുടെ ജീവിതത്തിനെ വിവരിക്കാന്‍ മാത്രമാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. തിരുവിതാംകൂറില്‍ ക്രിസ്തുമതം സ്വീകരിച്ചതും അല്ലാത്തതുമായ ആദിവാസി വിഭാഗങ്ങളുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍, അവരെക്കുറിച്ചുള്ള എഴുത്തുകള്‍ തുടങ്ങിയവ ഒന്നുംതന്നെ വേണ്ടവിധേന ഗവേഷണങ്ങളില്‍ ഇതുവരെ കടന്നുവന്നിട്ടില്ല. കേരളത്തിലെ മുന്‍കാല അയിത്തജാതിക്കാരുടെ ചരിത്രരചനകളില്‍ ബ്രിട്ടീഷ് വിഭാഗവുമായുള്ള അവരുടെ ഇടപെടലുകള്‍ പ്രധാനപ്പെട്ടതാണ്. കീഴാളരുടെ ജീവിതം മനസ്സിലാക്കാന്‍ ഈ ആധികാരികമായ രേഖകളെ അപഗ്രഥിക്കാതെ പറ്റില്ല. ചിലയിടങ്ങളില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായുള്ള സമ്പര്‍ക്കമാകാം, അല്ലെങ്കില്‍ മിഷനറി പ്രസ്ഥാനവുമായുള്ള നേരിട്ടുള്ള സംഭാഷണമാകാം നമ്മള്‍ക്ക് പുരാശേഖരങ്ങളില്‍ കാണാന്‍ കഴിയുന്നത്. വികാരവിചാരങ്ങളും ചിന്താശേഷിയുമുള്ള ഒരു വിഭാഗം മനുഷ്യജീവികളുടെ യോജിപ്പിന്റേയും വിയോജിപ്പിന്റേയും നേര്‍രേഖകളാണ് നാം അവിടെ കാണുന്നത്. ഒരു വിഭാഗം കീഴാളര്‍ കൊളോണിയല്‍ ഏജന്‍സികളുടെ ഭാഗമാകുമ്പോള്‍ മറ്റൊരു വിഭാഗം അതിനെ നിരസിക്കുന്ന ഭൂതകാല അവസ്ഥയെയാണ് നാം മനസ്സിലാക്കേണ്ടത്. അതിലെ ശരിയും തെറ്റും കണ്ടുപിടിക്കലല്ല ഒരു ചരിത്രഗവേഷണത്തിന്റെ ധര്‍മ്മം. അതുകൊണ്ടു കോളനി വിരുദ്ധത മുന്‍പോട്ടുവെച്ചുകൊണ്ടു കേരളത്തിലെ കീഴാളരുടെ ജീവിതത്തെ മനസ്സിലാക്കാനുള്ള പരിശ്രമങ്ങള്‍ വിജയകരമായിരിക്കില്ല. അതുപോലെതന്നെ കീഴാളരുടെ ജീവിതമണ്ഡലങ്ങളില്‍ അരങ്ങേറുന്ന പലതരം ചരിത്രങ്ങളേയും തെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയതയേയും അവയ്ക്കു വേണ്ടവിധേന മനസ്സിലാക്കാനും സാധിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com