നിന്ദിതരുടെ നവോത്ഥാനം: കെജിഎസിന്റെ കവിതയെക്കുറിച്ച് 

നിന്ദിതരുടെ പ്രതിരോധത്തേയും ആരോഹണത്തേയും സംബന്ധിച്ച ഒരു പുതിയ തീസിസ്സാണ് കെ.ജി.എസ്സിന്റെ 'നിന്ദിതര്‍' എന്ന കവിത.
നിന്ദിതരുടെ നവോത്ഥാനം: കെജിഎസിന്റെ കവിതയെക്കുറിച്ച് 

നിന്ദിതരുടെ പ്രതിരോധത്തേയും ആരോഹണത്തേയും സംബന്ധിച്ച ഒരു പുതിയ തീസിസ്സാണ് കെ.ജി.എസ്സിന്റെ 'നിന്ദിതര്‍' (മാതൃഭൂമി ഓണപ്പതിപ്പ്, 2018) എന്ന കവിത. 'മാനവികത'യുടേയും 'വൈരുദ്ധ്യാത്മകത'യുടേയും ദുരന്ത യുദ്ധവ്യവഹാരങ്ങളില്‍നിന്നുള്ള പൂര്‍ണ്ണ വിച്ഛേദനം ഈ തീസിസ്സിനെ നിര്‍ണ്ണായകമാക്കുന്നു. നിന്ദിതരുടെ രാഷ്ട്രീയത്തെ ഇരയുടേയും വേട്ടയുടേയും യുദ്ധത്തിന്റേയും മരണത്തിന്റേയും ആഖ്യാനങ്ങളില്‍നിന്നു മോചിപ്പിച്ച് ജീവിതത്തിന്റേയും അതിവര്‍ത്തനത്തിന്റേയും ദിശകളിലേക്കു തിരിച്ചുവിടുന്നു ഈ കവിത. 

നിന്ദിതരുടെ സ്വപ്നം വിഫലമോ?
സ്വപ്നവും തപസ്സുമാണ് നിന്ദിതരുടെ രാഷ്ട്രീയത്തെ, ജ്ഞാനശാസ്ത്രത്തെ, സമരതന്ത്രത്തെ, ആത്മവിമോചകവും ലോക സംഗ്രഹകവും ആക്കുന്നത് എന്നത്രെ കവിത ബഹു വ്യവഹാരങ്ങളിലൂടെ സമര്‍ത്ഥിക്കുന്നത്. സ്വപ്നം വെളിപാടും തപസ്സ് നിരാസവും പ്രതിരോധവും സൃഷ്ടിയും ആണ്. ദുര്‍ബ്ബലന്റെ സ്വപ്നം ദുര്‍ബ്ബലമല്ലെന്നും നിന്ദിതരുടെ തപസ്സ് നിസ്സാരമെല്ലെന്നും കവിത പ്രഖ്യാപിക്കുന്നു. 

ഭാവുകത്വം മരണത്തിന്റേയും ദുരന്തത്തിന്റേയും ദാസ്യത്തിന്റേയും ഉത്സവമാകുന്ന ഈ നീച സന്ധിയില്‍, നിന്ദിതരുടെ ഈ സ്വപ്ന-തപനങ്ങള്‍ സാരവത്തോ എന്ന ചോദ്യം കവിതയ്ക്കുള്ളില്‍നിന്നുതന്നെ ഉയര്‍ന്നുവരുന്നുണ്ട്. 'കീട' സാഹിത്യത്തിനാണ് ഇന്ന് ഗ്ലാമര്‍. ഫ്രാന്‍സ് കാഫ്കയുടെ 'കീട'ഗാഥകള്‍, വികൃതവായനയ്ക്കിരയായി സാഹിത്യത്തില്‍, ദര്‍ശനത്തില്‍ ബാധയായി, ബാധ്യതയായി, സൗന്ദര്യ ആജ്ഞയായി മാറി എന്ന സത്യം കവിത രേഖപ്പെടുത്തുന്നു. കാഫ്കയുടെ പാരഡി എന്നോണം ആദര്‍ശത്തിന്റെ ചിറകുകള്‍ കത്രിച്ച് കീടരൂപികളായി (സാംസ്‌കാരിക?) 'നായക' കവികള്‍പോലും നിര്‍ലജ്ജം നിലത്തിഴയുന്നതാണ് മലയാള കാവ്യ സന്ദര്‍ഭം. 

വിനാശകരമായ യുദ്ധങ്ങള്‍, ആഗോള താപനങ്ങള്‍, 'തേനില്ലാ തീപ്പൂവായി ഭൂമിയെ ചുട്ടുമലര്‍ത്തുന്ന'താണ് ലോകസന്ദര്‍ഭം. ശലഭങ്ങളും ശലഭപ്പാട്ടുകളും വംശനാശഭീതിയിലാണ്. നിന്ദിതരുടെ സ്വപ്നങ്ങളെല്ലാം ചതഞ്ഞരയുന്ന ഈ ചരമസന്ധിയില്‍ ഈ പൂമ്പാറ്റ പ്രമേയം സംഗതമോ? 'സ്വര്‍ഗ്ഗീയ വാഗ്ദാനങ്ങളുടെ ഗര്‍ഭത്തില്‍ നരകബീജങ്ങള്‍ മുളയ്ക്കുന്നു'. 'അഭയാര്‍ത്ഥിക്കുഞ്ഞുങ്ങള്‍ക്കുമേല്‍ അമേരിക്കന്‍ റോളര്‍ ഉരുളുന്നു.' വ്യാകുല മാതാക്കളെ 'വര്‍ഗ്ഗീയ വംശീയ ദേശീയ ബുള്ളെറ്റുകള്‍' തുളയ്ക്കുന്നു. ഈ തിരിച്ചറിവ് സ്വപ്നങ്ങളെ അപ്രസക്തമാക്കുകയല്ലേ ചെയ്യുന്നത്?

അതേ, വര്‍ത്തമാനകാല (സ്ഥൂല) യാഥാര്‍ത്ഥ്യവും ദുരന്തദര്‍ശനങ്ങളും സ്വപ്നങ്ങളെ മുളയിലേ നുള്ളുന്നു. നിന്ദിതരുടെ ശക്തിയേയും ആരോഹണത്തേയും സംബന്ധിച്ച ഈ ശലഭസ്വപ്നങ്ങള്‍ അസാധ്യവും, 'അകാലിക'വുമാ(untimely)ണെന്ന എതിര്‍വാദത്തെ കവിത തള്ളുന്നില്ല. മറിച്ച്, ഈ 'അസാധ്യത' (impossibility), ഈ 'അകാലികത' തന്നെയാണ്, നിന്ദിതരുടെ സ്വപ്നത്തേയും തപസ്സിനേയും സാരഗര്‍ഭമാക്കുന്നത്, അനുപേക്ഷണീയവുമാക്കുന്നത് എന്നത്രേ കവിതയുടെ നിലപാട്. അസാധ്യത്തിന്റെ വ്യവഹാരമാണ് കവിത. 'സാധ്യ'ത്തെ സാധിക്കലല്ല, 'അസാധ്യ'ത്തെ സാധിക്കലാണ് കവിത. 'അസാധ്യ-സാധ്യ'ത്തിന്റെ, 'അകാലിക'ത്തിന്റെ പ്രാക്തനവും അഭിനവവുമായ പ്രയോഗമുറകളത്രേ സ്വപ്നവും വെളിപാടും തപസ്സും സൃഷ്ടിയും. നിന്ദിതരുടെ ആരോഹണം 'അസാധ്യ'മെങ്കിലും 'സാധ്യ'മാണെന്ന ഈ ശുഭ നിര്‍ണ്ണയനമാണ് തീസിസ്സിനെ കവിതയും കവിതയെ വിമോചനത്തിന്റെ തീസിസ്സും ആക്കി മാറ്റുന്നത്. 
സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്കും സാധ്യത്തില്‍നിന്ന് അസാധ്യ-സാധ്യത്തിലേക്കും മാനവികതയില്‍നിന്ന് അമാനവികതയിലേക്കും 'അതിമാനവീയത'യിലേക്കും ഉള്ള നിര്‍ണ്ണായകമായ തിരിയല്‍, കുതിക്കല്‍, പറക്കല്‍... ഭാവുകത്വത്തിലും ദര്‍ശനത്തിലും ജ്ഞാനത്തിലും ദിശാമാറ്റമാകുന്നു ഈ ശലഭയാനങ്ങള്‍. സ്വപ്നത്തിന്റേയും തപസ്സിന്റേയും വ്യവഹാരങ്ങള്‍ അപസ്ഥലീകരിക്കപ്പെടുന്നു, അപമാനവീകരിക്കപ്പെടുകയും 'അതിമാനവീകരിക്കപ്പെടുകയും' ചെയ്യുന്നു. അതീതത്തിന്റെ മണ്ഡലത്തില്‍നിന്ന് അന്തസ്ഥിതതലത്തിലേക്ക്, മതത്തില്‍നിന്നു മതേതരത്തിലേക്ക് തപസ്സിന്റെ സങ്കല്പം വിമോചിതമാവുന്നു. 

പുഴുവിന്റെ തപസ്സ് 
മള്‍ബറിത്തണ്ടില്‍ പൂമ്പാറ്റയാവാന്‍ തപം ചെയ്യുന്ന പുഴുവാണ് നിന്ദിതരുടെ ആദിഗുരു, അഭിനവഗുരുവും. നിന്ദിതരുടെ ആരോഹണത്തെ സംബന്ധിച്ച പ്രബന്ധം മനുഷ്യനില്‍ നിന്നല്ല പുഴുവിന്റെ തപസ്സില്‍നിന്നാണ് ആരംഭിക്കുന്നത് എന്നത് ശ്രദ്ധേയമത്രേ. മാനവന്റെ വ്യവഹാരത്തില്‍നിന്നു വിട്ടുമാറി പുഴുവിന്റെ പൂവിന്റെ, പൂമ്പാറ്റയുടെ പരിപ്രേക്ഷ്യത്തില്‍ നിലയുറപ്പിക്കുന്ന കവിത 'അതിമാനവ' ദര്‍ശനങ്ങളുമായി അതിനെ സംയോജിപ്പിക്കുന്നു. മാനവികതയെ അതിവര്‍ത്തിക്കുന്നവന്‍ എന്ന നീത്ചെയെന്‍ വിവക്ഷയിലാണ് 'അതിമാനവന്‍' എന്ന സങ്കല്പം ഇവിടെ പ്രയോഗിക്കുന്നത്. ഗാന്ധി, ബുദ്ധന്‍, യേശു, നാരായണഗുരു എന്ന 'അതി മാനവികര്‍' പ്രതിനിധീകരിക്കുന്ന ഗുരുപരമ്പരയുമായി പുഴു-പൂമ്പാറ്റ പരമ്പര ബന്ധിപ്പിക്കപ്പെടുന്നു. 

മള്‍ബറിത്തണ്ടിലെ പട്ടുനൂല്‍ക്കൂടില്‍ 
തപസ്സിലാണൊരാള്‍. 
...നൂലു നൂലായി മെടഞ്ഞ ഈ നന്മ ഗാന്ധിയെപ്പോലെ
നീ നിന്നെ കടഞ്ഞ് നൂറ്റ സത്യമോ?
നിന്നില്‍ നിന്നെ ഉദിപ്പിക്കാനുള്ള വസതിവിദ്യയ്ക്ക്
യോഗവിദ്യയുടെ ഛായ. 

ആദി തപസ്വിയും ആദിയോഗിയും ആദി സത്യാഗ്രഹിയും ആദി ശില്പിയും ആദി വൈമാനികനുമാണ് ഈ പട്ടുനൂല്‍പ്പുഴു. പതഞ്ജലിക്കും വേദവേദാന്തങ്ങള്‍ക്കും മുന്‍പേ, ചരിത്രം പിറക്കും മുന്‍പേ, യോഗവിദ്യയും വസതിവിദ്യയും തപോവിദ്യയും കണ്ടുപിടിച്ച മഹാചാര്യ/ന്‍. മള്‍ബറിത്തണ്ടിലെ പട്ടുനൂല്‍ക്കുടില്‍ പുഴുവിന്റെ തപസ്സറയാണ്. ഈ തപസ്സറയുടെ നിര്‍മ്മാണ രഹസ്യമാണ് കവിത ആരായുന്നത്. നൂലു നൂലായി മെടഞ്ഞ നന്മയാണ് തപസ്സിന്റെ ഈ രഹസ്യ വിശുദ്ധ അറ. സത്യാഗ്രഹിയുടെ നൂല്‍നൂല്‍പ്പുപോലെ തന്നെത്തന്നെ കടഞ്ഞ് സത്യം നൂല്‍ക്കലാണ് പുഴുവിന്റെ തപസ്സ്. 'തന്നില്‍ തന്നെത്തന്നെ ഉദിപ്പിക്കുന്ന' പുഴുവിന്റെ ഈ വസതി നിര്‍മ്മാണ വൈഭവത്തില്‍ ആദിമമായ ഒരു യോഗവിദ്യയുടെ ഛായ കണ്ടെത്തുന്നു കവിത. 

നിന്ദിതരുടെ എതിര്‍തപസ്സ് 
പുഴുക്കളുടേയും ഗുരുക്കളുടേയും തപസ്സിനെ നിന്ദിതരുടെ സൂക്ഷ്മരാഷ്ട്രീയ തപസ്സുമായി ബന്ധിപ്പിക്കലാണ് അടുത്ത സിന്തസിസ്സ്.

നിസ്സാരമല്ല, നിസ്സാരമല്ല, നിന്ദിതര്‍ 
അതിരിനും മുള്ളിനും ബുള്ളറ്റിനും 
എതിര്‍ പാറാന്‍ ചിറകിനായ് 
നൂല്‍ക്കുടില്‍ കെട്ടിച്ചെയ്യുന്ന തപസ്സ്. 
...സൂക്ഷ്മസാരങ്ങള്‍ നെയ്യും ആ തപസ്സിലല്ലാതെ 
ഏതഴകില്‍ അറിവില്‍, വിശ്വാസത്തില്‍,
നിന്ദിതരുടെ ആരോഹണം?

നിന്ദിതരുടെ 'എതിര്‍'തപസ്സാണിത്. തപസ്സ് പ്രതിരോധത്തിന്റേയും അതിവര്‍ത്തനത്തിന്റേയും നവലോക നിര്‍മ്മിതിയുടേയും സൂക്ഷ്മപ്രവര്‍ത്തനമാണ് ഇവിടെ. 'അതിരിനും' 'മുള്ളിനും' 'ബുള്ളറ്റിനും' എതിരെ പാറുവാനുള്ള ചിറകിനായാണ് നിന്ദിത കര്‍ത്തൃത്വങ്ങള്‍ 'ഇന്ന് നൂല്‍ക്കുടില്‍ കെട്ടി തപസ്സ് ചെയ്യുന്നത്.' നീതി വിളയിക്കുവാന്‍ 'സൂക്ഷ്മം അറിയുന്നവര്‍' നടത്തുന്ന തപസ്സ്. 'സൂക്ഷ്മസാരങ്ങള്‍ നെയ്യുന്ന' ഈ എതിര്‍തപസ്സാണ് നിന്ദിതരുടെ 'അഴകും അറിവും വിശ്വാസവും.' നിസ്സാരരുടെ ആരോഹണത്തെ അസാധ്യ-സാധ്യമാക്കുന്നത് മതേതരമായ ഈ എതിര്‍തപസ്സാണെന്നു കവിത പ്രഖ്യാപിക്കുന്നു. നാരായണഗുരുവും ജ്യോതിര്‍മയി ഫൂലെയും അംബേദ്ക്കറും അയ്യന്‍കാളിയും കുമാരശാനുമൊക്കെ ഈ 'എതിര്‍-തപസ്വി' വംശത്തില്‍പ്പെടുന്നവരാണ്.

പുഴുവിന്റെ വെളിപാട് 

തപസ്സില്ലാതെ പുഴു പൂമ്പാറ്റയാവില്ലെന്നാരു് കാണിച്ചു?
ബുദ്ധനോ യേശുവോ ഗുരുവോ വാകച്ചില്ലയോ?
ഇല്ല, അങ്ങനെ വലിയ റഫറന്‍സൊന്നുമില്ല. 
ഉള്‍വിളിയല്ലാതൊരു ദര്‍ശനമില്ല; ഗുരുവുമില്ല.

തപസ്സില്‍നിന്നാണ് പുഴു പൂമ്പാറ്റയാകുന്നതെന്ന ഈ തീസിസ്സിന്, സിന്തെസിസിന് ജ്ഞാന ശാസ്ത്രപരമായ പ്രമാണ ഗ്രന്ഥങ്ങളോ, റിഫറന്‍സ് മെറ്റീരിയലോ, സൂപ്പര്‍വൈസറോ, ആചാര്യ പരമ്പരകളോ ഇല്ല എന്നു കാവ്യം നമ്മെ മുന്നറിയിക്കുന്നുണ്ട്. ബുദ്ധനും യേശുവും നാരായണ ഗുരുവും വാകച്ചില്ലയും ഒന്നും തന്നെ ഇവിടെ പ്രമാണമാവുന്നില്ല.  ഉള്‍വിളിയാണ് യഥാര്‍ത്ഥ ഗുരുവും ദര്‍ശനവും എന്നു കവിത വെളിപാട് കൊള്ളുന്നു. ജ്ഞാനത്തിന്റെ അന്തര്‍വര്‍ത്തിത്വത്തെയാണ് (immanence) ഈ ഉള്‍വെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. കാമനയാണ് അറിവിന്റെ ഹൃദയം എന്നും ആത്മാനുഭവമാണ് ഗുരുവും പ്രമാണവുമെന്നും സിദ്ധാന്തിക്കുന്ന നവീനമായ ഒരു ജ്ഞാനമീമാംസയുടെ തുടക്കമാണിത്. ആത്മബാഹ്യവും അനുഭവബാഹ്യവുമായ സര്‍വ്വ സിദ്ധാന്തങ്ങളും ഈ 'എതിര്‍'ജ്ഞാനദര്‍ശനത്തില്‍നിന്നു പുറത്താക്കപ്പെടുന്നു. 
സ്വന്തം ജീവിതാനുഭവത്തില്‍നിന്നുതന്നെയാണ് പുഴു പൂമ്പാറ്റയാകുന്ന ഈ തീസിസ്സുദിക്കുന്നത്.

ജോതിബ ഫൂലെ
ജോതിബ ഫൂലെ

നിസ്വമന്ദതയായ്  ജീവിതം 
നിലത്തിഴഞ്ഞ കാലം 
ഞാനെന്ന നിലമ്പരിശ് റിയലിസ്റ്റിനൊരു 
വെളിപാടുണ്ടായി

സമകാലീന (സര്‍?)റിയലിസത്തില്‍നിന്നുള്ള വിച്ഛേദനമാണ് വെളിപാട്. പുഴുവില്‍ കിളിര്‍ക്കുന്ന ചിറക്. കാമനയുടെ ആദ്യത്തെ ചിറകടി. കാമനയേയും സ്വപ്നത്തേയും പ്രത്യാശയേയും അന്തരാനിരോധിക്കുന്ന ഭാവുകത്വത്തിന്റെ ഒരു പൊലീസാണ് ഈ നിലമ്പരിശ് റിയലിസം എന്നു കീടകവി തിരിച്ചറിയുന്നു. സമകാലീന സാഹിത്യത്തേയും രാഷ്ട്രീയത്തേയും ഭാവുകത്വത്തേയും ഭരിക്കുന്ന പരാജയ, ദുരന്ത വിഷാദ മരണ ദര്‍ശനത്തെയാണ് ഈ 'നിലം പരിശ്' യാഥാര്‍ത്ഥ്യവാദം പ്രതിനിധീകരിക്കുന്നത്. അതിയാഥാര്‍ത്ഥ്യത്തിന്റെ ഫണ്ടമെന്റലിസം. സമകാലീന സര്‍ഗ്ഗാത്മകതയെ നിലത്തിഴയിക്കുന്ന ഈ കീട ഭാവുകത്വത്തെ ഭേദിച്ചുയരുന്നു നിന്ദിതരുടെ പൂമ്പാറ്റക്കിനാവ്, പൂന്തേന്‍ വെളിവ്. 

നിലമ്പരിശ് വാദിയായി, മന്ദകാലനായി, കീടരൂപിയായി നിലത്തിഴയുന്ന കാലത്ത് കവിക്കുണ്ടായ ഈ വെളിപാടാണ് എല്ലാം കീഴ്മേല്‍ മറിക്കുന്നത്. ഈ പൂമ്പാറ്റസ്വപ്നമാണ് കവിതയിലെ ആദിസംഭവം. ശലഭകാമന കീടയാഥാര്‍ത്ഥ്യത്തെ ഭേദിച്ചുകൊണ്ടുണരുന്നതിന്റെ ആദ്യത്തെ ചിറകനക്കം. എല്ലാം ഇവിടെനിന്നു തുടങ്ങുന്നു. 
വെളിപാട് ഒരു     പൂപ്പൊലിപ്പാട്ടും പൂന്തേന്‍ പാട്ടും ആണ്, ഒരു വീരാനുരാഗഗീതവും. മധുപാനത്തിന്റേയും നവകുസുമചുംബനത്തിന്റേയും ഉന്മാദത്തിലേക്കാണ് വെളിപാട് പുഴുക്കവിയെ വിളിക്കുന്നത്. സ്വേച്ഛാചാരിയാകുക, ഉന്മത്തനാവുക ഇതാണ് സ്വപ്ന നിദേശം. അതിയാഥാര്‍ത്ഥ്യത്തിന്റെ, അധികാരത്തിന്റെ വാഴ്ചയില്‍നിന്നു തെറ്റിമാറുന്ന ഒരു പലായന രേഖയിലേക്ക് (line of flight) വഴിതുറക്കുന്നു ഈ പൂന്തേന്‍ വിളി. 

നിനച്ചാല്‍ നിനക്കും നാളെ സ്വേച്ഛാചാരിയാകാം. 
...മരണം വിരിയും നേരം വരുമിനിയെന്നോര്‍ക്കാതെ
പൂവിനെ പൂവിനെ ചുംബിക്കാം.
മണം, മാര്‍ദ്ദവം, മാധുര്യവുമെന്ന 
ത്രിമാനകാല്പനികത നുകരാം.
തേനും തേനും തേനും കുടിച്ചുന്മത്തനാവാം.

ഡോ. ബിആര്‍ അംബേദ്കര്‍
ഡോ. ബിആര്‍ അംബേദ്കര്‍

'പുല്‍നിലം വിട്ട് പൂനിലയിലേക്കുയരുക', 'ചവിട്ടാനുയര്‍ന്ന കാലിനു മീതേ', 'തൊടാനറച്ച കൈകള്‍ക്കു മീതേ പാറുക', വീട്ടുമുറ്റം വിട്ട് പറന്നുയര്‍ന്ന് സൂര്യമിറ്റത്ത് വിഹരിക്കുക, പാറിപ്പറക്കുന്ന ഒരു പൂവാകുക, പാല്‍ മണം തൂവുന്ന ഒരു പൂമ്പാറ്റച്ചിന്ത് കുട്ടിയെക്കൊണ്ട് കുമാരകവിയെപ്പോലെ പാടിക്കുക, മരണപുഷ്പം വിരിയുമെന്നോര്‍ക്കാതെ ജീവിതത്തിന്റെ വിടരുന്ന പൂവിനെ ചുംബിക്കുക, 'പൂമണം, മാര്‍ദ്ദവം, മാധുര്യം' എന്നിങ്ങനെ, ആനന്ദത്തിന്റെ ത്രിമാനുഭൂതി നുകരുക, തേങ്കുടിച്ചുന്മത്തനാകുക-ഇതാണ് പുഴുവിന്റെ ദിവാസ്വപ്നം. ദൃശ്യാനുഭൂതിക്കുമപ്പുറത്ത് രുചിയുടേയും ഗന്ധത്തിന്റേയും സ്പര്‍ശത്തിന്റേയും ത്രിമാനമധുരാനുഭൂതിയായി പൂവിനെ അറിയുക, നുകരുക. 'പൂവിനെ പൂവിനെ ചുംബിച്ച്', പൂന്തേന്‍ നുകര്‍ന്ന് മധുമത്തനാവുന്ന ഒരു ശലഭമായിത്തീരുക. മനുഷ്യകല്പിതമായ സര്‍വ്വ നിരോധനങ്ങളും ലംഘിച്ചുകൊണ്ട് അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് കാമന സ്വച്ഛന്ദയാനം ചെയ്യുന്നതാണ് വെളിപാട്. അധീശജ്ഞാന സമ്പ്രദായത്തെ പിളര്‍ന്നുയരുന്ന ഒരു പുതിയ ബോധോദയം. പുഴുവിന്റെ ജ്ഞാനോദയം. 

ഉന്മത്തരല്ലാതെ താണ്ടുന്നതാര്‍
ജന്മത്തിന്റെ അതിരുകള്‍? 

ജന്മത്തിന്റെ അതിരുകള്‍ താണ്ടാന്‍ ഉന്മാദികള്‍ക്കു മാത്രമേ കഴിയൂ എന്ന ദാര്‍ശനികമായ ഈ പ്രസ്താവം ഒരു സ്വപ്നവിശകലനവും ഉന്മാദവിശകലനവും ആകുന്നു. വെളിപാടിന്റെ ഉന്മാദം ജ്ഞാനവും വിവേകവും ആത്മബോധവുമായിത്തീരുന്നതിനെ സൂചിപ്പിക്കുന്നു അത്. വ്യവസ്ഥിതി സൃഷ്ടിക്കുന്ന കര്‍ത്തൃപരമായ ഒരു പാരനോയിയയെ സ്‌നേഹത്തിന്റേയും ദുഃഖത്തിന്റേയും സത്യത്തിന്റേയും രോഷത്തിന്റേയും ഗൂഢമായ വിനിമയങ്ങളിലൂടെ ചെറുക്കുകയും 'അതിനാല്‍ ഞാന്‍ ഭ്രാന്തനായില്ല' എന്ന് ആശ്വാസം കൊള്ളുകയും ചെയ്യുന്നുണ്ട് കെ.ജി.എസ്സിന്റെ മറ്റൊരു കവിത (അതിനാല്‍ ഞാന്‍ ഭ്രാന്തനായില്ല, മാതൃഭൂമി ബുക്‌സ് 2012). എന്നാലിവിടെ മലയാളിയുടെ രോഗാതുരമായ ഈ ഭ്രാന്തിനെ മറ്റൊരു ഭ്രാന്തുകൊണ്ട് മറികടക്കുകയാണ് കവിത ചെയ്യുന്നത്. ഒരു പൂന്തേന്‍ ഭ്രാന്ത്. സ്വാതന്ത്ര്യവും ആനന്ദവും, 'മഹാരോഗ്യ'വുമാകുന്ന ഒരു 'ഉന്മത്തത'യെ ജ്ഞാനശാസ്ത്രത്തിന്റെ, ദര്‍ശനത്തിന്റെ നാഭിയില്‍ പ്രതിഷ്ഠിക്കുന്നു കവിത. ക്ലിനിക്കല്‍ ഉന്മാദമല്ല. സ്വേച്ഛാചാരിത്വത്തില്‍നിന്നുല്‍ഭൂതമാവുന്ന പ്രബുദ്ധവും ഉദാത്തവുമായ ഉന്മാദം. സ്വപ്നം ഇവിടെ ഫാന്റസിയല്ല, ഉന്മാദം സ്‌കിസോഫ്രെനിയയോ ന്യൂറോസിസ്സോ അല്ല, അതിര്‍ത്തിലംഘനത്തിന്റേയും ദിശാമാറ്റത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും തീരുമാനമാണ്, തെരഞ്ഞെടുപ്പാണ്. 

നാരായണഗുരു
നാരായണഗുരു

നവലോക സംരചന 
സൃഷ്ടിയുടേയും തപസ്സിന്റേയും കണ്ടെത്തലിന്റേയും വിമോചനത്തിന്റേയും ആത്മരൂപാന്തരീകരണത്തിന്റേയും സര്‍വ്വസംഭവ മുഹൂര്‍ത്തങ്ങളും മള്‍ബറിക്കുടിലിലെ മഹാതപസ്സിലേക്ക് സംഗ്രഹിക്കപ്പെടുകയാണ്. സര്‍വ്വകാലങ്ങളും വ്യവഹാരങ്ങളും പ്രതിഭാസൃഷ്ടികളും ഈ ശലഭകാലത്തില്‍ ഒരു ബഹുസിംഫണിയിലെന്നപോലെ ഏകോപിതമാവുന്നു. കവിതയുടെ ശലഭചക്ഷുസ്സുകള്‍ സ്ഥൂലചരിത്രത്തിനും പ്രത്യക്ഷ യാഥാര്‍ത്ഥ്യത്തിനുമടിയില്‍, സൂക്ഷ്മകണികാതലങ്ങളില്‍ ഭാവിയെ വിരിയിച്ചെടുക്കാന്‍ നിരവധി ലോകപ്രതിഭകള്‍ ഒറ്റയ്ക്കും കൂട്ടായും ഏര്‍പ്പെടുന്ന ഒരു മഹായോഗ തപോയജ്ഞത്തെ നമുക്കു കാട്ടിത്തരുന്നു. നവലോകത്തിന്റെ ഗര്‍ഭമുറിയായി, നവാവതാരങ്ങള്‍ ജന്മം കൊള്ളുന്ന കാലിത്തൊഴുത്തായി, ശാസ്ത്രീയവും സാങ്കേതികവും സര്‍ഗ്ഗാത്മകവുമായ പരീക്ഷണങ്ങളുടേയും കണ്ടെത്തലുകളുടേയും ഒറ്റമുറി ലാബറട്ടറിയായി, നിന്ദിതന്റെ/യുടെ ഈ മുനിയറ, ലോകത്തിന്റെ ഗുരുത്വകേന്ദ്രമാവുന്നു. 

തിരക്കിലാണ് രാപകല്‍ 
മള്‍ബറിയിലെ നൂല്‍ക്കുടിലില്‍ 
പഴയൊരു കാലിത്തൊഴുത്തിലെന്നപോലെ
പ്രകൃതിയും പ്രതിഭയുമായി ലോകം.

ലോക പൈതൃകമായി ലഭിച്ച സര്‍വ്വ തപഃശക്തികളും യോഗവൈഭവങ്ങളും ശാസ്ത്ര-സാങ്കേതിക സിദ്ധികളും കണ്ടെത്തലുകളും പ്രതിഭാസ്ഫുലനങ്ങളും ഈ ശലഭയോഗത്തില്‍ സമാഹരിക്കപ്പെടുന്നുണ്ട്. ചരിത്രത്തിന്റെ രേഖീയ കാലത്തെ തകര്‍ത്തുകൊണ്ട് വിമോചനത്തിന്റെ സര്‍വ്വകാലങ്ങളും ലോകങ്ങളും കലകളും ശാസ്ത്രങ്ങളും ദര്‍ശനങ്ങളും ഈ നൂല്‍ക്കൂടില്‍ വിരിഞ്ഞുവരുന്ന ശലഭകാലത്തില്‍ നിക്ഷിപ്തമാവുന്നു. പട്ടുനൂല്‍ക്കുടിലിലെ ഒറ്റമുറി ലാബില്‍, ജാതിമതഹിംസകളില്ലാത്ത ഒരു നവ'വിശുദ്ധി'യുടെ നിര്‍മ്മിതിക്കായി നിരവധി സിംഫണി പ്രതിഭകള്‍ നടത്തുന്ന തപസ്സാണ് ലോകത്തിന്റെ 'ഭാവി' എന്നു ശലഭപ്രബന്ധം നിര്‍ദ്ദേശിക്കുന്നു.

സമന്വയനത്തിന്റെ നവസംശ്ലേഷണങ്ങള്‍ 

പലരൊന്നിച്ചാലുണ്ടാവുന്ന 
ഏകാഗ്രയോഗത്തിന്റെ ഗരിമയില്‍
ചിറകുപണിക്കാര്‍, രുചിശില്പികള്‍, ചിത്രകാരര്‍, 
വൈമാനികര്‍, പുഷ്പശാസ്ത്രജ്ഞര്‍, അന്തരീക്ഷത്തിലെ
ശീത താപ ഭാവഭേദ പാരായണ വിദഗ്ധര്‍, 
തേന്‍ ഘടനാവിശാരദര്‍, നര്‍ത്തകര്‍,
സ്വാതന്ത്ര്യവാദികള്‍, മാധുര്യവിമര്‍ശകര്‍ തുടങ്ങി
ലോകസ്ഥൂലത മറന്ന് രചനയുടെ
സൂക്ഷ്മതയില്‍ മുഴുകിയ 
എത്രയെത്ര സിംഫണിപ്രതിഭകളും
തിരക്കിലാണ് പട്ടുനൂല്‍ക്കുടിലിലെ 
ആ ഒറ്റമുറി ലാബില്‍, തപസ്സറയില്‍. 
മതവും ജാതിയും ഹിംസയും
ഭാവിഭീതിയുമില്ലാത്തൊരു 
വിശുദ്ധിയുടെ നിര്‍മ്മിതിയില്‍.

അന്തര്‍വിജ്ഞാനീയമായ ഒരു പ്രതിഭാസമ്മേളനമാണ് ഈ തപസ്സറയില്‍ നടക്കുന്നത്. ചിറകുപണിക്കാര്‍, രുചിശില്പികള്‍, ചിത്രകാരന്മാര്‍, വൈമാനികര്‍, പുഷ്പശാസ്ത്രജ്ഞര്‍, അന്തരീക്ഷ പാരായണ വിദഗ്ധര്‍, തേന്‍ ഘടനാവിശാരദര്‍, നര്‍ത്തകര്‍, സ്വാതന്ത്ര്യവാദികള്‍, മാധുര്യവിമര്‍ശകര്‍, സിംഫണി പ്രതിഭകള്‍ ഇവരെല്ലാം നൂല്‍ക്കുടിലിന്റെ പേറ്റില്ലത്തില്‍ മതാതീതമായ ഒരു മധുര വിശുദ്ധി നിര്‍മ്മിക്കുകയാണ്. 

വൈരുദ്ധ്യാത്മക സംശ്ലേഷണത്തെ നിരാകരിച്ചുകൊണ്ട് നവീനമായ ഒരു 'അദൈ്വത' സംശ്ലേഷണം അവതരിപ്പിച്ചു നവോത്ഥാനത്തിന്റെ ആദിനേരങ്ങളില്‍ നാരായണഗുരു. വീരപ്രേമ സംശ്ലേഷണത്തിലൂടെ സി.വി. രാമന്‍ പിള്ളയുടെ കല ചരിത്രത്തിന്റെ ഡയലക്റ്റിക്ക്സിനെ തകര്‍ക്കുന്നതും ഇതേ കാലത്തുതന്നെ. നവോത്ഥാനത്തിന്റെ 'നവാദൈ്വത' സമന്വയനങ്ങളെ വീണ്ടെടുക്കുന്നു, വിപുലമാക്കുന്നു ഈ കവിതയിലെ ശലഭസംശ്ലേഷണങ്ങള്‍. 

'നവ'മാകുന്ന നവോത്ഥാനം 
കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ചയും വിടര്‍ച്ചയും നമുക്കീ കവിതയില്‍, തീസിസ്സില്‍ ദര്‍ശിക്കാം. നവോത്ഥാനം വീണ്ടും 'നവ'മാകുന്നു, ഉത്ഥാനത്തിന്റെ 'സംഭവ'മാകുന്നു ഇവിടെ. നവോത്ഥാനപ്പൊരുളിന്റെ, വെളിവിന്റെ പെരുക്കവും മുറുക്കവും പുതുക്കവും ആണ് ഈ 'നവ'നവോത്ഥാനത്തിന്റെ കാതല്‍. നിലത്തിഴയുന്ന കീട കര്‍ത്തൃത്വങ്ങള്‍ക്കു മീതെ 'അതിരിനും' 'മുള്ളിനും' 'ബുള്ളറ്റിനും' മീതെ, 'എതിര്‍പാറുന്ന' ശലഭ കര്‍ത്തൃത്വങ്ങളെ വിന്യസിക്കുന്നു കവിത. മതേതരവും ദൈവേതരവും സദാചാരേതരവുമായ, നൈതികമായ ഒരു 'വിശുദ്ധി'യുടെ നിര്‍മ്മിതിക്കായി തപം ചെയ്യുന്ന ബഹുമുഖ പ്രതിഭകള്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, കവികള്‍, സാങ്കേതിക വിദഗ്ദ്ധര്‍, മാനിഫെസ്റ്റോകാരന്മാര്‍, സിംഫണികാരന്മാര്‍, ഇതിഹാസകാരകന്മാര്‍, കലാകാരന്മാര്‍, വിമാനശില്പികള്‍, രുചി ശില്പികള്‍, മധുശാസ്ത്രജ്ഞന്മാര്‍, മധുര വിമര്‍ശകര്‍, പുഷ്പശാസ്ത്രജ്ഞന്മാര്‍, അന്തരീക്ഷ ശാസ്ത്രജ്ഞന്മാര്‍, ചിറകു നിര്‍മ്മാതാക്കള്‍ ഇവരെല്ലാം പ്രതിനിധാനം ചെയ്യുന്നത് ഈ നവശലഭകര്‍ത്തൃത്വത്തെയാണ്. ഇവരാണ് ഭാവിയുടെ കര്‍ത്തൃസ്വരൂപങ്ങള്‍. നിന്ദിതരുടെ ശലഭാവതാരങ്ങള്‍. 

നവോത്ഥാനം ഇവിടെ ശലഭോത്ഥാനമാകുന്നു. ബഹുപ്രതിഭകള്‍ കൂട്ടായി നടത്തുന്ന 'ലോകാഗ്ര'മായ ഈ മഹായോഗ 'വ്യതിര്‍'-തപസ്സിന്റെ സൂക്ഷ്മ രാഷ്ട്രീയമാണ് നവോത്ഥാനത്തിന്റെ രണ്ടാം കാലത്തെ, രണ്ടാം വരവിനെ നിര്‍വ്വചിക്കുന്നത്. നവോത്ഥാനം ഭൂതകാല ചരിത്രത്തിലെ കൊഴിഞ്ഞ ഏടല്ല, ഭൂതത്തിലും വര്‍ത്തമാനത്തിലും ഭാവിയുടെ, നവത്തിന്റെ, നീതിയുടെ നിരന്തര നിര്‍മ്മിതിയാകുന്നു എന്നിത് സൂചിപ്പിക്കുന്നു. പുഴു പൂമ്പാറ്റയാകുന്ന, മാനവന്‍ അമാനവനും അതിമാനവനുമാകുന്ന, കര്‍ത്തൃ രൂപാന്തരീകരണത്തിന്റെ സൂക്ഷ്മ സംഭവമാകുന്നു നിന്ദിതരുടെ നവോത്ഥാനം ഈ കവിതയില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com