സെന്റ് റെമിയില്‍ ഒരു കൊല്ലം: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

ന്യൂവെന്നിലെത്തി രണ്ടുകൊല്ലം അവിടെ താമസിക്കുന്നതിനിടയില്‍ സ്വന്തമായൊരു സ്റ്റുഡിയോയും ചിത്രങ്ങള്‍ വരയ്ക്കാന്‍ മോഡലുകളും എന്ന ആഗ്രഹം വിന്‍സന്റ് കൈവിട്ടിരുന്നില്ല.  
സെന്റ് റെമിയില്‍ ഒരു കൊല്ലം: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)


''എന്നെ മടങ്ങാന്‍ അനുവദിക്കൂ'' എന്ന അപേക്ഷ മാനിച്ച് യാത്ര പൂര്‍ത്തിയാക്കാതെ വിന്‍സന്റുമായി സെന്റ് റെമിയിലെത്തുമ്പോള്‍, ഫ്രെഡറിക് സാലീസ് താനേറ്റെടുത്ത ചുമതല നിര്‍വ്വഹിക്കാനാവാത്തതില്‍ കുണ്ഠിതനായിരുന്നു. ആശുപത്രിയില്‍നിന്നിറങ്ങുമ്പോള്‍ ചെറിയൊരു വീടാണെങ്കിലും ആരുടേയും ശല്യമില്ലാതെ വിന്‍സന്റിനു സ്വാതന്ത്ര്യത്തോടെ താമസിക്കാനും ചിത്രമെഴുത്തില്‍ മുഴുകാനും സാധിക്കുമെന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചത്. പക്ഷേ, സാലീസിന്റെ കണക്കുക്കൂട്ടലുകള്‍ പിഴച്ചു. ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടിവരുമെന്ന വിചാരം പേടിസ്വപ്നം പോലെ വിന്‍സന്റിനെ ഉലച്ചു. അപ്പോഴാണ് മടങ്ങിപ്പോകണമെന്ന് അദ്ദേഹം ശഠിച്ചത്.

ആല്‍പ്സ് മലനിരകളുടെ ഹൃദയതടത്തിലുള്ള പുരാതനമായ സന്ന്യാസമഠമായിരുന്നു സെന്റ് പോള്‍ മഠം. ''കാറ്റും വെളിച്ചവും തുറസ്സുകളും മനോഹരങ്ങളായ മരങ്ങളും. മലനിരകളില്‍ നിന്നൊഴുകിയെത്തുന്ന തണുത്ത ശുദ്ധജലം. ജനനിബിഡങ്ങളായ സ്ഥലങ്ങളില്‍നിന്ന് അകലെയുള്ള ആശുപത്രിയും വിശ്രമസങ്കേതവും സെന്റ് റെമിയുടെ ഭാഗമായിരുന്നു. സെന്റ് പോളിന്റെ നാമധേയത്തിലുള്ളതായിരുന്നു ആ സ്ഥാപനം. മനസ്സിന്റെ താളം തെറ്റിയവരെ പരിചരിച്ച്, സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിപ്പോകാനുള്ള രാജപാത ഒരുക്കുന്നതാണ് ഈ മഠത്തില്‍ സേവനമനുഷ്ഠിക്കുന്നവരുടെ ധര്‍മ്മവും കര്‍മ്മവുമെന്ന് അവര്‍ അവകാശപ്പെട്ടു.

രണ്ടു മണിക്കൂര്‍ നീണ്ട, ദുര്‍ഘടങ്ങള്‍ നിറഞ്ഞ ട്രെയിന്‍ യാത്രയ്ക്കുശേഷം വിന്‍സന്റുമായി സെന്റ് റെമിയിലെത്തിയ സാലീസ് ഒരു കത്തിലൂടെ തിയോയെ ഇങ്ങനെ അറിയിച്ചു: ''യാത്രയ്ക്കിടയില്‍ വിഷമങ്ങളൊന്നുമുണ്ടായില്ല. വിന്‍സന്റ് തന്റെ അവസ്ഥ ഡയറക്ടറോട് വിശദീകരിച്ചു. യാത്ര പറഞ്ഞ് പിരിയുന്നതുവരെ എന്നോടൊപ്പമുണ്ടായിരുന്ന അദ്ദേഹം, ഞാന്‍ പുറത്തിറങ്ങുമ്പോള്‍ വല്ലാത്ത സങ്കടത്തിലാവുകയാണെന്ന് എനിക്കു തോന്നി. തന്നെ കാത്തിരിക്കുന്ന പുതിയ അനുഭവങ്ങള്‍ ഓര്‍മ്മിച്ചായിരിക്കാം പെട്ടെന്ന് അദ്ദേഹം മൂകനായി. ഇവിടത്തെ താമസം വിന്‍സന്റിനു ഗുണകരമാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. അതിന്റെ ഫലമായി സ്വതന്ത്രമായി ജീവിതം നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. വിന്‍സന്റിന്റെ അവസ്ഥ കണക്കിലെടുത്ത് എല്ലാ സഹായവും ലഭ്യമാക്കാമെന്ന് മി. പെയ്‌റോണ്‍ എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.''

1874 മുതല്‍ സെന്റ് പോള്‍ മഠത്തില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍ തിയോഫൈന്‍ സാക്കറേ പെയ്‌റോണി (1827-95)നെ വിന്‍സന്റ് വിശേഷിപ്പിച്ചത് ഒരു വാതരോഗിയെന്നായിരുന്നു. ''കറുത്ത കണ്ണട ധരിച്ച, വിഭാര്യനായിരുന്നു അദ്ദേഹം. തന്റെ ജോലിയില്‍ സന്തോഷമൊന്നും അദ്ദേഹത്തിനു കിട്ടിയിരുന്നില്ലെന്നാണ് തോന്നുന്നത്.'' ചികിത്സയ്ക്കും പരിചരണത്തിനുമെത്തുന്നവരുടെ സാമ്പത്തികസ്ഥിതി അനുസരിച്ചുള്ളതായിരുന്നു അവിടത്തെ താമസ സൗകര്യം. സ്വിസ്സ് പശുക്കളില്‍നിന്ന് കിട്ടിയിരുന്ന പാല്‍ സുലഭമായി എല്ലാവര്‍ക്കും ലഭ്യമാക്കിയിരുന്നു. തുന്നല്‍പോലുള്ള ആയാസമില്ലാത്ത ജോലികള്‍ക്ക് സ്ത്രീകള്‍ നിയോഗിക്കപ്പെട്ടു. വിശ്രമിക്കുന്നതിനിടയില്‍ ബില്ലിയാര്‍ഡ് കളിക്കാനുള്ള സൗകര്യം പുരുഷന്മാര്‍ക്കു കിട്ടിയിരുന്നു. സംഗീതമഭ്യസിക്കാനും എഴുതാനും ചിത്രങ്ങള്‍ വരയ്ക്കാനുള്ള സജ്ജീകരണങ്ങളും ഒരു പ്രത്യേകതയായാണ് വിന്‍സന്റിനു തോന്നിയത്. 

നല്ല ചിട്ടയും ഒതുക്കവുമുള്ള അന്തരീക്ഷവുമായി ഇണങ്ങാന്‍ സാധിച്ചതില്‍ ആഹ്ലാദം രേഖപ്പെടുത്തവേ ''ഇവിടെ വന്നത് നന്നായി'' എന്ന് എഴുതിയ അദ്ദേഹം സ്വയം ആശ്വസിച്ചു: ''മുന്‍പെങ്ങും അനുഭവിച്ചിട്ടില്ലാത്ത ശാന്തത കൈവന്നിരിക്കുന്നു. നിറയെ വെളിച്ചമുള്ള ചെറുതെങ്കിലും നല്ല മുറി, ഇളം തവിട്ടുനിറം കലര്‍ന്ന പച്ചനിറത്തിലുള്ള വാള്‍ പേപ്പര്‍ ഭിത്തിക്കു ഭംഗി നല്‍കുന്നു. നല്ല കര്‍ട്ടന്‍. ഇരിക്കാന്‍ കയ്യുള്ള കസേര.'' പൊലീസിന്റേയും ഉത്തമര്‍ണ്ണന്മാരുടേയും വീട്ടുടമകളുടേയും തെരുവുപിള്ളാരുടേയും നുണയന്മാരായ അയല്‍ക്കാരുടേയും നിന്ദയും പീഡനവുമില്ലാതെ, ഏറെക്കാലമായി കൊതിച്ചിരുന്ന മനശ്ശാന്തി കിട്ടിയിരിക്കുകയാണെന്ന് തിയോയെ അറിയിച്ചിട്ട് വിന്‍സന്റ് എഴുതി. ''പ്രകൃതിഭംഗി നോക്കി ഇവിടെ ഞാനിരിക്കുന്നു. നീലാകാശം നോക്കിയിരിക്കുന്നത് ഒരിക്കലും മുഷിയുന്നതല്ല.'' ആഴ്ചയില്‍ രണ്ടു പ്രാവശ്യം, പലതരം ഔഷധങ്ങള്‍ ചേര്‍ത്ത ജലസ്‌നാനം സുഖപ്രദമായിരുന്നതായി അദ്ദേഹം ഓര്‍മ്മിച്ചിരുന്നു. ''എനിക്കെന്റെ ഇടം കണ്ടെത്താന്‍ കഴിഞ്ഞു'' എന്ന് എഴുതുമ്പോള്‍ ആരും അറിഞ്ഞില്ല, ഒറ്റപ്പെടലിന്റെ വേദനയിലുള്ള വിന്‍സന്റിന്റെ മനസ്സിലെ നീറ്റല്‍.

വീണ്ടും ചിത്ര രചനയിലേക്ക് 
ചുറ്റുപാടുകളുമായി ഇണങ്ങിത്തുടങ്ങിയതോടൊപ്പം ചിത്രരചനയിലേയ്ക്ക് മടങ്ങിയ വിന്‍സന്റിന്, അവിടെ വലിയ ഒരു മുറി സ്റ്റുഡിയോയായി ഉപയോഗിക്കാനുള്ള അനുമതി കിട്ടി. അര്‍ലിസില്‍ തുടങ്ങിയ 'ഗാര്‍ഡന്‍ കോര്‍ണേഴ്‌സ്' എന്ന് പേരിട്ട ചിത്ര പരമ്പരയിലൂടെ പ്രകൃതിയുടെ ഭിന്നഭാവങ്ങളും താളങ്ങളും നിറക്കൂട്ടിലൂടെ ആവിഷ്‌കരിച്ചതിലൊന്നയിരുന്നു പില്‍ക്കാലത്ത് ആസ്വാദക ലോകത്തെ വിഭ്രമിപ്പിച്ച 'ഐറിസിസ്.' അക്കാര്യം തിയോയെ അറിയിച്ചുകൊണ്ട്, ''തോട്ടത്തിലുള്ള രണ്ടു സസ്യജാലങ്ങള്‍ ചിത്രത്തിലാക്കാനുള്ള ശ്രമത്തിലാണെന്ന്'' വിന്‍സന്റ് എഴുതി. ''ഐറിസിസുകളും ലില്ലികളും. ലില്ലിച്ചെടികളോടൊപ്പമാണ് ഐറിസിസുകള്‍ വളര്‍ന്നു നില്‍ക്കുന്നത്.'' രണ്ടാഴ്ചയ്ക്കു ശേഷം രണ്ടു ചിത്രങ്ങള്‍ കൂടി അദ്ദേഹം വരച്ചു തുടങ്ങി. പുരുഷന്മാരായ രോഗികള്‍ താമസിക്കുന്ന കെട്ടിടത്തിനടുത്തുള്ള പൂന്തോട്ടത്തിലെ ചെടികളാണ് ചിത്രത്തിലാക്കിയത്. ഈ വിധത്തില്‍ ഒരു ഡസന്‍ ഗാര്‍ഡന്‍ പരമ്പരകള്‍ അദ്ദേഹം വരച്ചു. ഐറിസിസ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ മിക്കവയും വയലറ്റ് നിറത്തിനു പ്രാമുഖ്യം നല്‍കിയവയായിരുന്നു. തീക്ഷ്ണമായ സൂര്യവെളിച്ചം നിറഞ്ഞ അര്‍ലിസിലെ കടും മഞ്ഞ നിറമുപേക്ഷിച്ച്, സെന്റ് പോളിലെ സന്ന്യാസമഠ ജീവിതത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വയലറ്റും ലാവന്‍ഡറും ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചതിനു പിന്നില്‍ തനിക്കു കൈവന്ന മാനസികമായ സൗമ്യത നിലനിറുത്താനുള്ള  ആഗ്രഹം പ്രകടമായിരുന്നു.

കര്‍ക്കശമായ ചികിത്സയ്ക്കു പുറമെ വാത്സല്യപൂര്‍ണ്ണമായ പരിചരണം വിന്‍സന്റില്‍ അദ്ഭുതകരങ്ങളായ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഭയം മാറിയതോടെ വിന്‍സന്റിന്റെ പരിക്ഷീണമായ ശരീരം, മഴനനഞ്ഞു വിത്തു കിളിര്‍ക്കുന്നതുപോലെ പ്രസരിപ്പും ചൈതന്യവും വീണ്ടെടുത്തു തുടങ്ങി. അതു ശ്രദ്ധാപൂര്‍വ്വം പെയ്‌റോണ്‍, നിരീക്ഷിക്കുന്നുണ്ടായിരുന്നു. ''വിന്‍സന്റ് ശാന്തത വീണ്ടെടുത്തു തുടങ്ങി.'' വിവരങ്ങള്‍ തിയോയ്‌ക്കെഴുതിയ ഡോക്ടര്‍, ''പ്രകൃതിദൃശ്യം തേടി പുറത്തുപോകാന്‍ ഞാന്‍ അദ്ദേഹത്തിനു അനുമതി നല്‍കിയിട്ടുണ്ട്'' എന്നുകൂടി അറിയിച്ചു. സന്ധ്യയാകുന്നതോടെ മടങ്ങുമെന്ന വ്യവസ്ഥയില്‍, ഒരു വാര്‍ഡന്റെ മേല്‍നോട്ടത്തോടെയായിരുന്നു ചിത്രരചനയ്ക്കുള്ള പ്രമേയങ്ങള്‍ തേടുന്നതിനു പുറത്തുപോകാന്‍ അദ്ദേഹത്തെ അനുവദിച്ചത്. മലകളും മരങ്ങളും പുഴകളും നിറഞ്ഞ താഴ്വരയില്‍ സൈപ്രസ്സ് മരങ്ങള്‍ ഒരു സാധാരണ കാഴ്ചയായിരുന്നുവെന്ന് വിന്‍സന്റ് ഓര്‍മ്മിച്ചിരുന്നു. പൊടുന്നനെയാണ്, ആ മരങ്ങളുടെ പ്രത്യേകതയില്‍ അദ്ദേഹത്തിനു കൗതുകം ഉണര്‍ന്നത്. ''സൂര്യകാന്തിപ്പൂക്കള്‍ വരച്ചതുപോലെ ആ മരങ്ങളുടെ ചിത്രം വരയ്ക്കണം. ഇത്രയും കാലം അവ എന്റെ ശ്രദ്ധയില്‍ നിന്നകന്നു നിന്നത് അദ്ഭുതകരമായി തോന്നുന്നു.'' നീണ്ടു കൂര്‍ത്ത് മുകളിലേക്ക് വളര്‍ന്നുയരുന്ന സൈപ്രസ്സുകളുടെ ഭംഗിയും ഇടതൂര്‍ന്ന ഇലകളും കാറ്റില്‍ ചലിക്കാത്ത തീജ്വാലകളായി വിന്‍സന്റിനു അനുഭവപ്പെട്ടിരുന്നു. ഏതാണ്ട് ഒരു ഡസനോളം സൈപ്രസ്സ് ചിത്രങ്ങള്‍ ഈ കാലഘട്ടത്തില്‍ വിന്‍സന്റ് വരച്ചു പൂര്‍ത്തിയാക്കുകയുണ്ടായി. നേരത്തെ വരച്ചു പൂര്‍ത്തിയാക്കിയ ചിത്രങ്ങളുടെ ചായം ഉണങ്ങാനായി പുറത്തു വെയിലത്ത് അവ സൂക്ഷിച്ചിരുന്നു. സ്വര്‍ഗ്ഗീയമായ അനുഭൂതി ഉളവാക്കുന്ന ഒറ്റമര ചിത്രമായിരുന്നു അവയിലൊന്ന്. ''സൈപ്രസ്സുകള്‍ വരയ്ക്കുന്നതിനിടയില്‍ മറ്റൊരു ചിത്രം ഞാന്‍ വരച്ചു. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. (ദ സ്റ്റാറിനൈറ്റ് എന്നു പേരിട്ട ആ പെയിന്റിംഗ് വിന്‍സന്റിന്റെ മാസ്റ്റര്‍പീസുകളിലൊന്നായി വിശേഷിപ്പിക്കപ്പെട്ടു.) റോനേ നദിക്കരയില്‍ വെച്ച്, രാത്രി ആകാശം ചിത്രത്തിലാക്കിയ അനുഭവം നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം വരയ്ക്കാന്‍ വിന്‍സന്റിനു മാതൃകയായി.

സന്ധ്യയാകുന്നതോടെ മടങ്ങിയെത്തണമെന്ന വ്യവസ്ഥ ഭേദിച്ച്, മുന്‍കാലത്തെന്നപോലെ വിഹരിക്കാന്‍ തനിക്കു സ്വാതന്ത്ര്യമില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കമ്പിത്തടികള്‍ക്കൊണ്ട് ഭദ്രമാക്കിയിരുന്ന ജാലകത്തിലൂടെ മാത്രം കാണാന്‍ കഴിയുമായിരുന്ന രാത്രി ആകാശത്തില്‍ കത്തുകയും അണയുകയും ചെയ്തിരുന്ന നക്ഷത്രങ്ങളുടെ രഹസ്യകാമുകനാവുകയായി അദ്ദേഹം, തന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ ചാള്‍സ് ഡിക്കന്‍സ് വിശേഷിപ്പിച്ചതുപോലെ, ''മഹത്വത്തോടൊപ്പം നിസ്സാരതകള്‍ നിറഞ്ഞ ഈ പ്രപഞ്ച''ത്തെ തന്റെ ക്യാന്‍വാസിലെത്തിക്കാന്‍ പരിശ്രമിച്ചു. സ്‌കെച്ചുകളുടെ സഹായമോ മാതൃകകളോ കൂടാതെ അതിര്‍ത്തികളില്ലാത്ത, ആഴങ്ങള്‍ അളക്കാന്‍ സാധിക്കാത്ത ആകാശത്തെ ചായങ്ങള്‍ കൊണ്ട് അദ്ദേഹം ആവിഷ്‌കരിച്ചു. ഇരുട്ടിനിടെ മിന്നുകയും കത്തുകയും അണയുകയും ചെയ്യുന്ന താര ജാലങ്ങള്‍. അവയില്‍ പൊട്ടിച്ചിതറുന്ന രശ്മികള്‍ ചരിഞ്ഞും ചരിയാതേയും പ്രതലത്തില്‍ തിരമാലകള്‍ സൃഷ്ടിക്കുന്ന അസാധാരണമായ ആ കാഴ്ച, അതിന്റെയെല്ലാം ഗംഭീരതയോടെ വിന്‍സന്റ് ചായത്തില്‍ പകര്‍ത്തി. പ്രസിദ്ധ മനോരോഗ ശാസ്ത്രജ്ഞനായ വില്യം ജെയിംസ് വിശേഷിപ്പിച്ച 'സിരകളിലെ കൊടുങ്കാറ്റി'ന്റെ അത്യപൂര്‍വ്വമായ ദൃഷ്ടാന്തമായി ആ ചിത്രം ചൂണ്ടിക്കാണിക്കപ്പെടുന്നു. 

നവോത്ഥാന കാലത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന ഡാവിഞ്ചിയുടെ മോണാലിസയ്ക്ക് തുല്യമായ സ്ഥാനമാണ്, അനിശ്ചിതത്വത്തിന്റേയും ഒറ്റപ്പെടലിന്റേയും മുദ്ര പേറുന്ന ആധുനിക കാലത്തിന്റെ പ്രതിനിധിയായി വിന്‍സന്റിന്റെ സ്റ്റാറി നൈറ്റ് വിശേഷിപ്പിക്കപ്പെടാറുള്ളത്. ന്യൂയോര്‍ക്ക് സിറ്റിയിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ അപൂര്‍വ്വ രചനയ്ക്ക് നൂറു മില്യണ്‍ ഡോളര്‍. തിളയ്ക്കുന്ന വെള്ളം സൃഷ്ടിക്കുന്ന ചലനത്തെ മാനസികമായ പ്രക്ഷുബ്ധതയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ശാസ്ത്രജ്ഞനായ ആന്ദ്രേ കോള്‍മഗറോവ് നടത്തിയ നിരീക്ഷണങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതാണ്  സ്റ്റാറി നൈറ്റ് എന്നും വിശേഷിപ്പിക്കാറുണ്ട്.

ഒളിഞ്ഞിരിക്കുന്ന ഭയത്തിന്റെ നിഴലുകള്‍
ചിരകാലമായി ആഗ്രഹിക്കുകയും കൈവരിക്കാന്‍ സാധിക്കാതെ വരികയും ചെയ്തിരുന്ന പ്രശാന്തതയിലേയ്ക്ക് സൈപ്രസ്സുകളും നക്ഷത്രനിബിഡമായ ആകാശവും തന്നെ നയിച്ചിരുന്നതായി അവകാശപ്പെട്ടെങ്കിലും മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന പ്രേതം ഏതു നിമിഷവും തന്നെ ആക്രമിച്ചു വീഴ്ത്തുമെന്ന ഭയത്തില്‍നിന്ന് അദ്ദേഹം മോചിതനായിരുന്നില്ല. ഡോ. പെയ്‌റോണിന്റെ അനുമതിയോടെ, ഒരു വാര്‍ഡന്റെ അകമ്പടിയില്‍ ചിത്രരചനയ്ക്കായി സെന്റ് പോള്‍ മഠത്തിനു പുറത്തു പോകുമ്പോഴും അദ്ദേഹത്തെ പഴയ പേടികള്‍ പിന്തുടര്‍ന്നു. ''പുറത്തു നടക്കുന്നതിനിടയില്‍ യാദൃച്ഛികമായി കണ്ടുമുട്ടാറുള്ള അപരിചിതര്‍പോലും എന്നെ ഭയപ്പെടുത്തുന്നു. അപ്പോഴെല്ലാം ഓര്‍മ്മ നഷ്ടപ്പെട്ട് നിലത്തു വീണുപോകുമെന്ന് തോന്നാറുണ്ട്'' എന്ന് തിയോയ്‌ക്കെഴുതിയ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ''എന്നെ ശല്യപ്പെടുത്തുന്ന ഏതോ എന്തോ വികാരം ഒളിഞ്ഞിരിക്കുകയാണെന്ന് തോന്നാറുണ്ട്. എന്താണതെന്ന് ഇനിയും തിരിച്ചറിയാന്‍ എനിക്കു സാധിച്ചിട്ടില്ല.'' 

ഡോക്ടറുടെ അനുമതിയോടുകൂടി ഇടയ്‌ക്കൊരു ദിവസം അര്‍ലിസിലെ മഞ്ഞ വീട്ടില്‍ അദ്ദേഹം പോയിരുന്നു. അവിടെ സൂക്ഷിച്ചിട്ടുള്ള ഫര്‍ണിച്ചര്‍ കൊണ്ടുവരാന്‍. ''ഒരു കൊല്ലമെങ്കിലും കാത്തിരിക്കേണ്ടിവരും, പഴയതുപോലെയാകാന്‍.'' തിയോയ്ക്ക് അദ്ദേഹമെഴുതി. എന്നാല്‍, ആ പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍. വിന്‍സന്റ് വീണ്ടും അവശനായി. അതോടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കാതെ വന്നു. ''ഒറ്റപ്പെടുകയാണെന്ന വേദന കഠിനമാവുകയായിരുന്നു. പ്രശാന്തത പ്രദാനം ചെയ്തിരുന്ന പ്രകൃതി ക്രൂരമായി മാറുകയാണെന്ന് തോന്നിയ താന്‍ ''ഭയം മൂലം തണുത്തുറഞ്ഞ് എല്ലാ ചലനവും നഷ്ടപ്പെട്ട് വിറങ്ങലിക്കുകയാണെന്ന്'' അദ്ദേഹം പരാതിപ്പെട്ടു. ഏതാണ്ട് ഒരു മാസക്കാലം ഈ അവസ്ഥ തുടര്‍ന്നു. ആരെയും കാണാനോ ആരെങ്കിലുമായി സംസാരിക്കാനോ ഇഷ്ടപ്പെടാനാവാതെ വിന്‍സന്റ് ഒറ്റപ്പെട്ടു. ശാരീരികമെന്നതിനെക്കാള്‍ മാനസികമായ സമ്മര്‍ദ്ദമായിരുന്നു അദ്ദേഹത്തെ പീഡിപ്പിച്ചത്. ചില അവസരങ്ങളില്‍ കാലിടറി വീഴുകപോലുമുണ്ടായി. പുറത്തിറങ്ങാനാവാതെ മുറിക്കുള്ളില്‍ത്തന്നെ അടച്ചിരിക്കുകയായിരുന്നു അപ്പോള്‍ അദ്ദേഹം.

നാമ്പിടുന്ന ആത്മഹത്യാ വാസന
''ആദ്യ ദിവസങ്ങളില്‍ ആത്മഹത്യാ വാസന അദ്ദേഹത്തില്‍ പ്രത്യക്ഷത്തില്‍ ശക്തിപ്പെടുകയുണ്ടായി. അത് അതിജീവിക്കാന്‍ വിന്‍സന്റിനു സാധിച്ചു.'' ചിത്രരചനയ്ക്കുള്ള പെയിന്റ് അദ്ദേഹം തിന്നുന്നതും മണ്ണെണ്ണ കുടിക്കുന്നതും വാര്‍ഡന്മാര്‍ കണ്ടുപിടിച്ചു. അപ്പോള്‍ അവയെല്ലാം വിന്‍സന്റിന്റെ കയ്യെത്താ ദൂരത്തിലാക്കി മുന്‍കരുതലെടുത്തു. അങ്ങനെ ഇടയ്ക്കിടെ ഇരുട്ടിന്റെ തടവുകാരനായിരുന്ന വിന്‍സന്റ് ശാരീരികമായി പരിക്ഷീണനാകുകയും ചിത്രരചന തുടരാനാവാതെ നിരാശതയില്‍ നിപതിക്കുകയും ചെയ്തു. എങ്കിലും ഉന്മാദത്തിന്റെ പരിരംഭണത്തിലാണ് അദ്ദേഹമെന്ന് ഡോക്ടര്‍ പെയ്‌റോണ്‍ കരുതിയില്ല. പാരീസ് സന്ദര്‍ശനവേളയില്‍ ഇക്കാര്യം അദ്ദേഹം തിയോയുമായി പങ്കുവെച്ചിരുന്നു. ഡോക്ടര്‍ ഫെലിക്‌സ് പറഞ്ഞതുപോലെ വിന്‍സന്റ് അപസ്മാരരോഗ രോഗബാധിതനാണെന്നാണ് ഡോക്ടര്‍ പെയ്‌റോണ്‍ അഭിപ്രായപ്പെട്ടത്. ശാരീരികമായി ക്ഷീണിച്ചിരുന്നതിനാല്‍ പച്ചക്കറികളോടൊപ്പം മാംസവും വീണ്ടും വിന്‍സന്റിനു നല്‍കി.

വസന്തകാലം ആഗതമാകുന്നതുവരെ സെന്റ് റെമില്‍ ചികിത്സയ്ക്കു പുറമെ വിശ്രമവുമായി താമസിക്കാന്‍ വിന്‍സന്റ് തീരുമാനിച്ചു. തിയോയെ അക്കാര്യം അറിയിക്കവെ, ''ഡോക്ടര്‍ പെയ്‌റോണ്‍ നിരീക്ഷിക്കുന്നതുപോലെ ഞാന്‍ ഭ്രാന്തനായിട്ടില്ലെന്ന്'' വിന്‍സന്റെഴുതി. ഇടയ്ക്കുവെച്ച് മനസ്സ് പൂര്‍ണ്ണമായി പ്രശാന്തമാകുന്നു. മുന്‍പെന്നത്തെക്കാള്‍ സ്വച്ഛത. എന്നാല്‍, പൊടുന്നനെയായിരിക്കും ആ അവസ്ഥ തകര്‍ന്നടിയുന്നത്. അതോടെ എനിക്ക് ബോധം നഷ്ടപ്പെടുന്നു.''

ഇടയ്‌ക്കൊരു ദിവസം സന്ദര്‍ശിക്കാനെത്തിയ വൈദികന്‍ സാലീസിനോട് തന്റെ അവശതകള്‍ വിവരിച്ച വിന്‍സന്റ്, ''മഠത്തില്‍ ചികിത്സയില്‍ക്കഴിയുന്നവര്‍  തന്നെപ്പോലെ എല്ലാം നഷ്ടപ്പെട്ടവരായ തന്റെ കൂട്ടുകാരാണെന്ന്'' സങ്കടത്തോടെ അറിയിക്കുകയുണ്ടായി. വീണ്ടും അര്‍ലിസില്‍പ്പോയി അവിടെ സൂക്ഷിച്ചിച്ചിട്ടുള്ള പെയിന്റിംഗുകള്‍ ആശുപത്രി അധികൃതരുടെ അനുമതിയോടെ കൊണ്ടുവരാന്‍ വിന്‍സന്റ് ആലോചിച്ചു. പക്ഷേ, അതിനിടയില്‍ വീണ്ടും അദ്ദേഹം രോഗാതുരനായി. എങ്കിലും അത് അധികനാള്‍ നീണ്ടില്ല. അക്കാര്യം ഡോക്ടറില്‍നിന്നറിഞ്ഞ് തിയോ കഠിനമായി വിഷാദിച്ചു. തിരിച്ചടികള്‍ താല്‍ക്കാലികമാണെന്ന് വിന്‍സന്റിനെ സമാശ്വസിപ്പിച്ചുകൊണ്ടെഴുതിയ കത്തില്‍ താനൊരു പിതാവായ സന്തോഷവിവരം തിയോ അറിയിച്ചു. ''ആണ്‍കുഞ്ഞാണ്. വിന്‍സന്റ് എന്ന് അവന് പേരിടാന്‍ ഞാനും ജോയും തീരുമാനിച്ചിരിക്കുകയാണ്.''

സെന്റ് റെമിയിലെ വാസക്കാലത്തായിരുന്നു വിന്‍സന്റിന്റെ ഏതാനും പെയിന്റിംഗുകള്‍ 'ഇന്‍ഡിപെന്‍ഡന്റ്‌സ്' എന്ന പേരില്‍ നടത്തിയ ഒരു ചിത്രകലാ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ആ പ്രദര്‍ശനം കാണാനെത്തിയവരെയെന്നപോലെ കലാനിരൂപകരേയും അദ്ദേഹത്തിന്റെ പെയിന്റിംഗുകള്‍ ആകര്‍ഷിക്കുകയുണ്ടായി. പുതുതലമുറക്കാരായ കലാനിരൂപകരില്‍ ശ്രദ്ധേയനായ ആറിയേര്‍ എഴുതിയ ലേഖനത്തില്‍ വിന്‍സന്റിന്റെ പെയിന്റിംഗുകളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. ''മയില്‍പ്പീലിയെ ഓര്‍മ്മിപ്പിക്കുന്ന സൈപ്രസ്സുകള്‍'' എന്ന അയാളുടെ വിശേഷണം വിന്‍സന്റിനെ സന്തോഷിപ്പിച്ചു. ചിത്രകാരന്മാരായ ഏണസ്റ്റ് ആന്‍ഗേഡയസ്റ്റും (താങ്കളുടെ സഹോദരന്റെ പെയിന്റിംഗുകള്‍ ശ്രദ്ധേയമായിട്ടുള്ളതാണെന്ന് അദ്ദേഹത്തെ അറിയിക്കുക), മോനേയും (പ്രദര്‍ശന പെയിന്റിംഗുകളില്‍ ഏറ്റവും നല്ല ചിത്രങ്ങള്‍ വിന്‍സന്റിന്റേതായിരുന്നു) പ്രശംസിച്ചപ്പോള്‍, ആ പെയിന്റിംഗുകള്‍ നോക്കിനിന്ന താന്‍ ഹര്‍ഷോന്മാദിതനായെന്ന് ചാള്‍സ് ഇമ്മാനുവേല്‍ സെററ്റ് എന്ന പെയിന്റര്‍ അഭിപ്രായപ്പെട്ടു. ''അദ്ദേഹത്തിന്റെ ശൈലിയില്‍ എനിക്കു ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിച്ചെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു'' എന്നും ആ ചിത്രകാരന്‍ തിയോയെ അറിയിച്ചു.

മാനസികമായ സ്വാസ്ഥ്യം വീണ്ടെടുക്കുന്നതിനിടയിലാണ് തന്റെ പെയിന്റിംഗുകള്‍ പലരുടേയും, വിശേഷിച്ച് കലാനിരൂപകരുടേയും ചിത്രകാരന്മാരുടേയും മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായിയെന്ന വിവരം വിന്‍സന്റ് അറിഞ്ഞത്. കൂടെക്കൂടെയുണ്ടാകുന്ന വൈഷമ്യങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന അഭിപ്രായക്കാരനായിരുന്നു ഡോക്ടര്‍ പെയ്‌റോണ്‍. ''ക്രമേണ അതിന്റെ കാഠിന്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ അദ്ദേഹം അതില്‍നിന്ന് പൂര്‍ണ്ണമായി മോചിതനാകും.'' ഡോക്ടര്‍ തന്റെ വിശ്വാസം ആവര്‍ത്തിച്ചു.

ഇതിനിടയില്‍ വിന്‍സന്റിന്റെ മുപ്പത്തിയേഴാമത്തെ (മാര്‍ച്ച് മുപ്പത്) ജന്മദിനാശംസകള്‍ അറിയിച്ചതിനോടൊപ്പം, ഡോക്ടര്‍ ഗാച്ചെറ്റിനെ സന്ദര്‍ശിച്ച് സംസാരിച്ച വിവരവും തിയോ എഴുതി. ''ഉന്മാദവുമായി ബന്ധമില്ലാത്തതാണ് ഇതെന്നു മാത്രമല്ല, അതില്‍നിന്നുള്ള പൂര്‍ണ്ണമോചനം താന്‍ ഉറപ്പു ചെയ്യാമെന്നും'' അദ്ദേഹം എന്നോട് പറഞ്ഞു (മേയ് ഒന്നാം തീയതിയിരുന്നു തിയോയുടെ മുപ്പത്തിമൂന്നാം ജന്മദിനം).

നൂറ്റി അന്‍പത് ഫ്രാങ്കിനു പുറമേ ചായവും ക്യാന്‍വാസും കിട്ടിയ വിവരം അറിയിച്ചിട്ട് വിന്‍സന്റ് ഇങ്ങനെ എഴുതി: ''ഇടിയും മഴയും കലര്‍ന്ന കൊടുങ്കാറ്റിനെ പിന്നിട്ട് പഴയ ഉത്സാഹത്തോടുകൂടി ഞാന്‍, മുഴുമിപ്പിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്ന പെയിന്റിംഗുകള്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ്. റോസാപ്പൂക്കളാണ് അതിലൊന്ന്. പുറമെ വയലറ്റ് നിറത്തിലുള്ള ഐറിസ് പൂക്കളും. ഈ ചിത്രങ്ങളുടെ ചായം ഉണങ്ങാന്‍ ഒരു മാസം വേണ്ടിവരുമെന്നാണ് തോന്നുന്നത്. ഞാന്‍ ഇവിടം വിടുമ്പോള്‍, ആ ചിത്രങ്ങള്‍ അയച്ചുതരാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.''

1890 മേയ് പതിനാറാം തീയതി വിന്‍സന്റ് സെന്റ് റെമിയില്‍നിന്ന് പാരീസിലേക്ക് പോയി (ഇതിനിടയില്‍ ഒരു കൊല്ലം പൂര്‍ത്തിയായിരുന്നു അദ്ദേഹം അവിടെ താമസം തുടങ്ങിയിട്ട്. 1889 മേയ് എട്ടാം തീയതിയായിരുന്നു വിന്‍സന്റ് അവിടെയെത്തിയത്). അപ്പോള്‍ ഡോക്ടര്‍ പെയ്‌റോണ്‍ രജിസ്റ്ററില്‍ ഇങ്ങനെ രേഖപ്പെടുത്തി: ''മാനസികമായി ശാന്തത കൈവരിച്ച രോഗി ഇടയ്ക്ക് പ്രതിസന്ധിയില്‍ അകപ്പെട്ടു കിടപ്പിലാകാറുണ്ടെങ്കിലും ആശങ്ക ഉണ്ടാക്കുന്നതല്ല പൊതു സ്ഥിതി. രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ, ചിലയവസരങ്ങളില്‍ അസുഖം നീണ്ടു പോകാറുണ്ടായിരുന്നു. അപ്പോള്‍ കഠിനമായ ഭയത്തിന്റെ പിടിയിലായിരുന്ന രോഗി പെയിന്റ് തിന്നുന്നതും മണ്ണെണ്ണ കുടിക്കുന്നതും കണ്ടുപിടിച്ച് അതില്‍നിന്ന് രോഗിയെ മാറ്റുകയും ചെയ്തു. സ്വച്ഛമായ മനോനില വീണ്ടെടുക്കുമ്പോള്‍, മുഴുസമയവും ചിത്ര രചനയ്ക്കായി ചെലവിടുന്നത്, അദ്ദേഹത്തിന്റെ പതിവും ശീലവുമാണ്. വൈഷമ്യങ്ങളെ അതിജീവിച്ച സാഹചര്യത്തില്‍ ഫ്രാന്‍സിന് വടക്ക് താമസിക്കാന്‍ തീരുമാനിച്ചതനുസരിച്ച് രോഗിയെ ചികിത്സയില്‍നിന്ന് വിടുതല്‍ ചെയ്യുന്നു. പൂര്‍ണ്ണസുഖം പ്രാപിച്ചു എന്ന നിലയില്‍.''

സെന്റ് റെമിയില്‍ നിന്നെത്തിയ വിന്‍സന്റിനെ സ്വീകരിക്കാനായി ഗാരേ ലിയോണില്‍ തിയോ എത്തിയിരുന്നു. വിന്‍സന്റിനെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്ത ജോ അപ്രതീക്ഷിതമായി സംഭവിച്ച ആ സമാഗമത്തെക്കുറിച്ച് പിന്നീട് ഇങ്ങനെ എഴുതി: ''ആഹ്ലാദകരമായ ഒരു കൂടിച്ചേരലായി അത്. വിന്‍സന്റ് പ്രസന്നനായിരിക്കുന്നു. തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ നോക്കിനില്‍ക്കുമ്പോള്‍ വിന്‍സന്റിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നതായി തിയോ ഓര്‍മ്മിച്ചു.

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com