ഭൂപടത്തില്‍ നിന്ന് മായിച്ചുകളഞ്ഞ വയലിടങ്ങള്‍: ഒരു ദേശത്തിന്റെ കാര്‍ഷിക സംസ്‌കാരം പാടേ ഇല്ലാതാക്കിയ കഥ

ഒരു കാര്‍ഷികോദ്ധാരണ പദ്ധതി കാട്ടാമ്പള്ളിയെന്ന ഒരു ദേശത്തിന്റെ കാര്‍ഷിക സംസ്‌കാരം പാടേ ഇല്ലാതാക്കിയതിന്റേയും തുടര്‍ഭൂവിനിയോഗ വ്യതിയാനത്തിന്റേയും കൂടി ചരിത്രം
ചിത്രങ്ങള്‍: പ്രസൂണ്‍ കിരണ്‍
ചിത്രങ്ങള്‍: പ്രസൂണ്‍ കിരണ്‍

കാര്‍ഷിക വിപ്ലവവീര്യം നിറഞ്ഞ വടക്കിന്റെ ഏറ്റവും വലിയ നെല്‍വയല്‍ തണ്ണീര്‍ത്തട മേഖലയാണ് കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളി. കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തില്‍ത്തന്നെ രേഖപ്പെടുത്തപ്പെട്ട സുപ്രധാന നെല്ലറ. പശ്ചിമഘട്ടത്തില്‍നിന്നുത്ഭവിച്ച് അറബിക്കടലില്‍ ചേരുന്ന വളപട്ടണം പുഴയുടെ ഗര്‍ഭപാത്രംപോലെ അതീവ ലോല പാരിസ്ഥിതികപ്രജ്ഞ പേറുന്ന തണ്ണീരിടങ്ങള്‍. മയ്യില്‍, കുറ്റിയാട്ടൂര്‍ മേഖലകളിലെ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളില്‍നിന്നുത്ഭവിച്ചു മയ്യില്‍ പാറക്കുളത്തിലേക്കെത്തി മുണ്ടേരിപ്പുഴയായി പരിണമിച്ചു വീണ്ടും ദീര്‍ഘസഞ്ചാരം നടത്തിയാണ് കാട്ടാമ്പള്ളി വളപട്ടണം പുഴയോട് ചേരുന്നത്. എണ്‍പതോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപരിച്ചു കിടക്കുന്ന ഈ അതിവിശാല തണ്ണീര്‍ത്തട പക്ഷിസങ്കേതം, പശ്ചിമഘട്ടവും ഇടനാടന്‍ ചെങ്കല്‍ക്കുന്നും അറബിക്കടലും തമ്മിലുള്ള ജൈവബന്ധത്തിന്റെ അസാധാരണവും അപൂര്‍വ്വവുമായ സംഗമസ്ഥാനം കൂടിയാണ്. ചെങ്കല്‍ക്കുന്നിലെ ശുദ്ധജലമൊഴുകുന്ന കൈത്തോടുകളും പാറക്കുളങ്ങളും വയല്‍ വിസ്താരങ്ങളും കടന്നു ചെറുതടാകങ്ങളായും ചതുപ്പ്‌നിലങ്ങളായും അതിവിസ്താരമുള്ള കൈപ്പാടുകളായും നിരവധി ചെറുനാട്ടുപുഴകളായും ചിറക്കല്‍, പുഴാതി, നാറാത്ത്, മയ്യില്‍ തുടങ്ങി ഒന്‍പത് പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന കാട്ടാമ്പള്ളി, സംസ്ഥാനത്ത് ദിനംപ്രതി നഷ്ടമായിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് ഏക്കര്‍ വയല്‍വിതാനങ്ങളെ വായിച്ചെടുക്കാവുന്ന അനുഭവപാഠമാണ്.
         
കാര്‍ഷിക ചരിത്രം
ദുരന്തങ്ങളുടെയും

പ്രകൃതിയോട് ചേര്‍ന്നുള്ള കൈപ്പാട് കൃഷിരീതിയായിരുന്നു കാട്ടാമ്പള്ളിയിലെ കര്‍ഷകരുടേത്. വേലിയേറ്റ വേലിയിറക്കങ്ങളെ അനുബന്ധമാക്കി, തലമുറകളായി കൈമാറപ്പെട്ട, കാര്‍ഷികസംസ്‌കാരം. അയ്യായിരത്തിലധികം ഏക്കര്‍ കൃഷിയിടങ്ങളില്‍ കൈപ്പാട് കൃഷിയായിരുന്നു ഭൂരിഭാഗവും. 9000 ടണ്ണോളം ഉല്പാദനശേഷി. ആറായിരത്തിലധികം കര്‍ഷക-കര്‍ഷകത്തൊഴിലാളികള്‍. ആവശ്യമറിഞ്ഞു മാത്രം വലയെറിയുമായിരുന്ന ആയിരത്തിലധികം വരുന്ന നാടന്‍ മത്സ്യത്തൊഴിലാളികള്‍, ചെമ്മീനും ഞണ്ടും പിടിക്കുന്ന സ്ത്രീകള്‍, പുഴയോര അങ്ങാടികളിലേക്കുള്ള ജലഗതാഗതം, നെല്ല് ശേഖരിക്കാനും പുനഃസംസ്‌കരിക്കാനുമായി മില്ലുകള്‍. എല്ലാറ്റിനേയും സജീവമായി ഏകോപിപ്പിച്ചിരുന്ന നാട്ടുചന്തകള്‍. അറുപതുകള്‍ക്കു മുന്‍പുള്ള പഴമക്കാരുടെ ഓര്‍മ്മകളാണിവ.

1966-ല്‍ മള്‍ട്ടി പര്‍പ്പസ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രോജക്ട് പ്രാവര്‍ത്തികമായതോടെ ഒരു വിളയെന്ന സ്വാഭാവികതയെ മൂന്നുവിളയെന്ന ആസ്വാഭാവികതയിലേക്കു പറിച്ചുനട്ടതോടെ പാരിസ്ഥിതിക ദുരന്തമായി മാറി കാട്ടാമ്പള്ളി. പുഴകടന്ന് ഇരുവശങ്ങളിലേക്കുമുള്ള പാലം എന്നതില്‍ കവിഞ്ഞ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നത്, കൈപ്പാട് കൃഷിയുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുകയായിരുന്നു ആയിരക്കണക്കിനു ജനങ്ങളുടെ വിദൂര ചിന്തകളില്‍പ്പോലുമുണ്ടായിരുന്നില്ല. മദ്രാസ് പ്രവിശ്യയുടെ കാലം തൊട്ടുള്ള പാലം എന്ന ആവശ്യത്തിനു ജീവന്‍ വെക്കുന്നത് 1957-ലെ ആദ്യ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. നിര്‍ദ്ദേശിക്കപ്പെട്ട 367 മീറ്റര്‍ നീളമുള്ള പാലവും 2.6 കിലോമീറ്റര്‍ നീളമുള്ള അനുബന്ധ റോഡും സാമ്പത്തികമായി അക്കാലത്ത് അപ്രാപ്യമായിരുന്നു.

എന്നാല്‍, കൃഷിയാവശ്യമാക്കി മാറ്റിയാല്‍ വിവിധ ഫണ്ടുകളുടെ ഏകോപനം സാധ്യമാണെന്നു കണ്ടാണ് ഗതാഗത സൗകര്യത്തിനുള്ള പാലം എന്നതു വേലിയേറ്റ വേലിയിറക്കം തടയാനുള്ള റഗുലേറ്ററായി പരിവര്‍ത്തനപ്പെടുന്നത്. പദ്ധതി വന്നാല്‍ ആയിരക്കണക്കിന് ഏക്കറിലെ വേലിയേറ്റ പ്രക്രിയ നിയന്ത്രിക്കുക വഴി, ഒന്നിനു പകരം മൂന്നു വിള സാധ്യമാകുമെന്നും അതു കര്‍ഷകരുടെ അതിവേഗ സാമ്പത്തിക വളര്‍ച്ചയ്ക്കു വഴിവെക്കുമെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അങ്ങനെ, കൈപ്പാട് കൃഷിയെ ജീവശ്വാസമായി കണ്ടിരുന്ന ഒരു കാര്‍ഷിക ജനതയില്‍ ആദ്യമായി വേലിയേറ്റ ജലമെന്നത് അന്യവല്‍ക്കരിക്കപ്പെട്ടു തുടങ്ങി. 

രണ്ടു വര്‍ഷങ്ങള്‍കൊണ്ടുതന്നെ വെളിപ്പെട്ട കാര്‍ഷിക ദുരന്തമായിരുന്നു യഥാര്‍ത്ഥത്തില്‍ പദ്ധതിയുടെ ആത്യന്തിക ഫലം. അറുപതുകളുടെ അവസാനം തൊട്ട് കാട്ടാമ്പള്ളിയില്‍ കാര്‍ഷികതയുടേയും അവസാനമായി. സ്വാഭാവിക വേലിയേറ്റ വേലിയിറക്കങ്ങള്‍ നിലച്ച മണ്ണ് ഓരോ വര്‍ഷം കൂടുമ്പോഴും ജലാംശം നിലച്ച് കാഠിന്യം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. കല്ലുപോലുറച്ച മണ്ണിളക്കാന്‍ ഓരോ കര്‍ഷകനും ഓരോ വിധത്തില്‍ പരീക്ഷണങ്ങളുമായി മല്ലിട്ടു. എഴുപതുകളുടെ തുടക്കത്തില്‍ കാര്‍ഷിക ദുരന്തം ദ്രുതവേഗം പടര്‍ന്നുകയറി. പൊരുതാനുറച്ചവര്‍ എണ്‍പതുകളുടെ പാതിയില്‍ യന്ത്രസഹായത്തോടെ നിലമുഴുതാന്‍ ശ്രമിച്ചു. എന്നാല്‍, ഉപ്പ് വെള്ളത്തിനാല്‍ മാത്രം പരുവപ്പെട്ടിരുന്ന മണ്ണിന്റെ ഘടന മറ്റൊന്നിനും കീഴ്പെടുകയില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു.  അങ്ങനെ, കൈപ്പാട് കൃഷി കാട്ടാമ്പള്ളിയില്‍ പൂര്‍ണ്ണമായും നിലച്ചു.

നെല്‍ക്കര്‍ഷകര്‍ കൂട്ടത്തോടെ നാണ്യവിളകളിലേക്കു കൂടുമാറി. വയലുകളില്‍ തെങ്ങും കമുകും വാഴയും വ്യാപകമായി. ഉണങ്ങിവരണ്ട കൈപ്പാട് നിലങ്ങളില്‍ ഇതിന്റെ പേരില്‍ വ്യാപകമായി മണ്ണ് വീണുതുടങ്ങി. വലിയ വിഭാഗം കര്‍ഷകത്തൊഴിലാളികളും  നിര്‍മ്മാണമേഖലകളിലേക്കും  ബീഡി, നെയ്ത്ത് തുടങ്ങിയ ജോലികളിലേക്കും ചേക്കേറപ്പെട്ടു. പുത്തന്‍ പണക്കാരുടെ കാല്‍ക്കലേക്കു വയല്‍വിതാനങ്ങള്‍ ചെന്നെത്തിയ വില്‍പ്പന കാലം കൂടിയായിരുന്നു അത്. അറബിക്കടല്‍ ചേരുന്ന അഴീക്കല്‍ അഴിമുഖവും ബ്രഹ്മഗിരിയില്‍നിന്നുത്ഭവിക്കുന്ന വളപട്ടണം പുഴയും ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളിലെ നീരുറവകള്‍ സന്ധിചെയ്യുന്ന കാട്ടാമ്പള്ളിയും ചേരുന്ന അസാധാരണമായ ജലാധിഷ്ഠിത ജൈവഭൂഘടനയാണ് യഥാര്‍ത്ഥത്തില്‍ കാട്ടാമ്പള്ളി തണ്ണീരിടങ്ങളുടെ സ്വത്വം. കോടാനുകോടി മത്സ്യങ്ങള്‍ പ്രാചീനകാലം തൊട്ട് പ്രജനനം നിര്‍വ്വഹിച്ചുപോന്നിരുന്നതും ഇവിടത്തെ വയലിടങ്ങളില്‍ത്തന്നെയാണ്. അതാണ് പെട്ടെന്നൊരുനാള്‍ അപ്പാടെ തകിടംമറിഞ്ഞത്.

തണ്ണീര്‍ത്തടമെന്ന സ്വാഭാവിക ജലസംഭരണി ഓരോ വയല്‍വിതാനങ്ങളിലും ചെറുകൈത്തോടുകളുടെ രൂപത്തില്‍ അതിന്റെ തുടുഞരമ്പുകള്‍ പാകിയിരുന്നു. അഴിമുഖം കടന്നെത്തുന്ന ജലസമ്മര്‍ദ്ദങ്ങളാല്‍ ഇവ നിരന്തരം ശുദ്ധീകരിക്കപ്പെട്ടുമിരുന്നു.  മലിനജലനിക്ഷേപം കാട്ടാമ്പള്ളിയിലെ തണ്ണീരിടങ്ങള്‍ക്ക് അജ്ഞാതമായിരുന്നു. എന്നാല്‍, ഷട്ടര്‍ കാലംമുതല്‍ക്കു ചലനം നിലച്ച ചെറുതും വലുതുമായ ജലമേഖലകള്‍ മലിനമയമായി കുന്നിന്‍പ്രദേശത്തെ കടുംമാലിന്യങ്ങള്‍ കെട്ടിക്കിടന്നു. അമിതവര്‍ഷം വരുമ്പോളത് മലവെള്ളമായി. നിരവധി പക്ഷിവര്‍ഗ്ഗങ്ങളുടെ നൂറ്റാണ്ടുകളായുള്ള ദേശാന്തരഗമനങ്ങള്‍ പുനഃക്രമീകരിക്കപ്പെടുന്നതും പലതും ഇല്ലാതാവുന്നതും അപൂര്‍വ്വം മനുഷ്യര്‍ മാത്രം കണ്ടെടുത്തു.


1970-കളുടെ ആദ്യപാദം തൊട്ട് കര്‍ഷകരുടെ അസഹിഷ്ണുത അണപൊട്ടിയിരുന്നു.  കര്‍ഷകനായിരുന്ന വി.സി. അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ കാട്ടാമ്പള്ളി പ്രോജക്ട് ഏരിയ കര്‍ഷകസമിതി എന്ന പേരില്‍ നിരവധി പേര്‍ സംഘടിച്ചു. പദ്ധതി പിന്‍വലിക്കണമെന്നും പഴയ കൃഷിസമ്പ്രദായം തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നു. പരിസ്ഥിതി ശാസ്ത്രജ്ഞരും അധ്യാപകരും പ്രകൃതിസ്‌നേഹികളും കര്‍ഷകരുടെ പിന്നില്‍ അണിനിരന്നു. കാലങ്ങളോളം പാരിസ്ഥിതിക കാര്‍ഷിക സംവാദങ്ങളും സമരങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. പരിസ്ഥിതി സംഘടനയായ സീക്കും ജില്ലാ പരിസ്ഥിതി സമിതിയും കാട്ടാമ്പള്ളി കര്‍ഷക-കര്‍ഷകത്തൊഴിലാളി സംരക്ഷണ സമിതിയും 1997 മെയ് 25-നാണ് 2000 കര്‍ഷകര്‍ ഒപ്പുവച്ച പരാതി ജനകീയ ഹരിത കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ചത്. (ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ ചെയര്‍മാനായുള്ള പ്രൊഫ. എം.കെ. പ്രസാദ്, ഡോ. എ. കുസുമം എന്നിവര്‍ വിദഗ്ധസമിതിയായുള്ള ജനകീയ ഹരിത കോടതിയായിരുന്നു അത്. പിന്നീട് പാര്‍ലമെന്റ് പാസ്സാക്കിയ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിനു പ്രചോദനമായത് ഒരുപക്ഷേ, ഈ ജനകീയ ഹരിത കോടതിയായിരിക്കാം.) എ.കെ. മാധവന്‍, കെ. കുഞ്ഞിമാമു മാസ്റ്റര്‍ തുടങ്ങിയ പഴയകാല കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്ന നിരന്തര സമരങ്ങളുടെ ഫലമായാണ് നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം 2009-ല്‍ വീണ്ടും ഷട്ടര്‍ തുറക്കുന്നത്. എന്നാല്‍, സമ്പൂര്‍ണ്ണ കാര്‍ഷിക നാശമായിരുന്നു ബാക്കിപത്രം.  

എഴുപതുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ലുല്പാദനം നടന്ന കാലമായിരുന്നു എന്നോര്‍ക്കണം. 8.75 ലക്ഷം ഹെക്ടറില്‍ 13.76 ലക്ഷം ടണ്‍ വിളവ്. അപ്പോഴാണ് ഭൂരിഭാഗം കൈപ്പാട് കൃഷി നടന്നിരുന്ന വലിയൊരു പ്രദേശം വകുപ്പുതല സാമ്പത്തിക ഏകോപനം മാത്രം ലക്ഷ്യമിട്ട് റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന രീതിയിലേക്കു മാറ്റപ്പെടുന്നത്. സംഭവിക്കാന്‍ പോകുന്ന പാരിസ്ഥിതികാബദ്ധം സാമാന്യ പരിസ്ഥിതി ബോധമുള്ളവര്‍ അന്നേ തിരിച്ചറിഞ്ഞിരിക്കണം. അരനൂറ്റാണ്ടിനിപ്പുറം 8.75 ലക്ഷം ഹെക്ടറില്‍നിന്നും വെറും ഒന്നരലക്ഷം ഹെക്ടറിനു കീഴെയായി നമ്മുടെ കൃഷിയിടങ്ങള്‍ ചുരുങ്ങി. ക്രമാതീതമായി വര്‍ദ്ധിച്ച ജനസംഖ്യയും വീട് വ്യവസായ വികസനങ്ങള്‍ക്കുമൊപ്പം ഭൂമിവ്യവഹാരക്കൂട്ടങ്ങളും അണയൊഴുകിയ ഈ കാലയളവില്‍ 70 ശതമാനത്തിലധികം തണ്ണീരിടങ്ങളും നഷ്ടമായിക്കഴിഞ്ഞു. യഥാര്‍ത്ഥ കണക്കുകള്‍ക്കപ്പുറത്തേയ്ക്കു ഷട്ടര്‍ പരാജയകാലം മുതല്‍ക്ക് ഭീമമായ പരിസ്ഥിതി നശീകരണങ്ങളാണ് കാട്ടാമ്പള്ളിയില്‍ നടന്നിട്ടുള്ളത്. അന്നുണ്ടായിരുന്ന കൃഷിഭൂമിയുടെ പാതിയും നഷ്ടമായെന്നുറപ്പാണ്. ഇതില്‍ ആറ് സ്‌ക്വയര്‍ കിലോമീറ്റര്‍ കൃഷിഭൂമി പൂര്‍ണ്ണമായും രൂപമാറ്റം സംഭവിച്ച പഞ്ചായത്ത് പോലുമുണ്ട്. അത്തരത്തില്‍ ഒന്‍പത് പഞ്ചായത്തുകളുടെ അവലോകനത്തിനൊടുവില്‍ ഒരു തണ്ണീര്‍ത്തട ദുരന്തമാകും വെളിപ്പെടുക. ''അനന്തമായ ജീവന്റെ ആത്മാവാണ് മണ്ണ്, അതിന്റെ സ്വത്വമാണ് കാട്ടാമ്പള്ളിയില്‍ ഷട്ടര്‍ സംവിധാനം നശിപ്പിച്ചത്'' -മുതിര്‍ന്ന പരിസ്ഥിതി ചിന്തകന്‍ ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ ഇതു പറയുമ്പോള്‍ അതിനര്‍ത്ഥമൊന്നല്ല.

അപൂര്‍വ്വ പക്ഷിസങ്കേതം 
കാര്‍ഷിക മണ്ണെന്നതിനപ്പുറം അതീവ പ്രാധാന്യമര്‍ഹിക്കുന്ന തണ്ണീര്‍ത്തട പക്ഷിസങ്കേതം കൂടിയാണ് കാട്ടാമ്പള്ളി. ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണലും ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും ചേര്‍ന്നു തിരഞ്ഞെടുത്ത കേരളത്തിലെ 24 'ഐ.ബി.എ' (Important Bird Area)കളില്‍ ഒന്നാണ് കാട്ടാമ്പള്ളി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശാടനപ്പക്ഷികള്‍ വന്നുപോകുന്ന പക്ഷിസങ്കേതങ്ങളില്‍ ഒന്നാണിതെന്നതിന്  I B A സാക്ഷ്യം. വിശാലമായ നീര്‍ത്തടമേഖലയും ഭക്ഷ്യലഭ്യതയുമാണ് ദേശാടനപ്പക്ഷികള്‍ ഇത്രയധികം ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണം. എരണ്ടകള്‍ (Ducks), ആളകള്‍ (Terns), കടല്‍ക്കാക്കകള്‍ (Seagulls), മണല്‍ക്കോഴികള്‍ (Sand plovers) മണല്‍ക്കാടകള്‍ (Sandpipers) വാള്‍ക്കൊക്കന്‍ (Ibis) തുടങ്ങിയ ഇനങ്ങളില്‍പ്പെട്ടവയാണ് പ്രധാന ദേശാടകര്‍. റഷ്യ, സൈബീരിയ, ആര്‍ട്ടിക്ക് പ്രദേശങ്ങള്‍, ഹിമാലയന്‍ മേഖലകള്‍ തുടങ്ങിയിടങ്ങളില്‍നിന്നുമാണ് ദേശാടകര്‍ പ്രധാനമായും വന്നെത്തുന്നത്. ഇതിനു പുറമെ അനേകം പ്രാദേശിക ദേശാടകരുമുണ്ട്. തങ്കത്താറാവ്, കുടുമത്താറാവ്, മഞ്ഞക്കുറിയന്‍ താറാവ് എന്നീ അപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പെടെ പന്ത്രണ്ടിനം എരണ്ടകളെ കാണാവുന്ന കേരളത്തിലെ ഏക പക്ഷികേന്ദ്രമാണ് കാട്ടാമ്പള്ളി. മറ്റു പ്രധാന ദേശാടകരായ സ്റ്റോര്‍ക്കുകള്‍, ഷാങ്കുകള്‍, സ്റ്റില്‍റ്റുകള്‍ തുടങ്ങി 212 ഇനം പക്ഷികളെ കാട്ടാമ്പള്ളിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. Greater Spotted Eagle, Indian Spotted Eagle, Imperial Eagle, Steppe Eagle തുടങ്ങി അത്യപൂര്‍വ്വമായ നാലിനം നീര്‍പ്പരുന്തുകളേയും (Aquila Eagles) കാണാവുന്ന ഏക ഇടം കൂടിയായ കാട്ടാമ്പള്ളിയില്‍ ഇവയുടെ സാന്നിധ്യമാണ് ഐ.ബി.എ പദവിക്കു കാരണമായത്. കൂടാതെ Booted Eagle, Honey Buzzard, Peregrine Falcon, Montagu's Harrier തുടങ്ങിയവ ഉള്‍പ്പെടെ 18 ഇനം ഇരപിടിയന്‍മാരേയും ഇവിടെ കാണാം.


വംശനാശഭീഷണി നേരിടുന്ന ചേരക്കോഴി (Darter) വാലന്‍ താമരക്കോഴി (Pheasant tailed Jacana) എന്നീ നീര്‍പ്പക്ഷികള്‍ ഇവിടങ്ങളിലെ പതിവ് കാഴ്ചയാണ്. അത്യപൂര്‍വ്വവും ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്നതുമായ വെള്ളവയറന്‍ കടല്‍പ്പരുന്തിനെ (White bellied Sea Eagle) അനേക വര്‍ഷങ്ങളായി ഇവിടെ നിരീക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. കേരളത്തില്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ മാത്രം കാണപ്പെടുന്ന ഇവ അതീവ സംരക്ഷണം അര്‍ഹിക്കുന്ന ഒരു കടല്‍പ്പക്ഷിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സര്‍വ്വേയില്‍ 22 ഇണകളെ മാത്രം രേഖപ്പെടുത്തിയ ഇവയുടെ ഒരു കൂട് കാട്ടാമ്പള്ളി പ്രദേശത്തെ പുഴാതി കുഞ്ഞിപ്പള്ളിയില്‍ മുന്‍പ് രേഖപ്പെടുത്തിയിട്ടുണ്ട്. മുനിയകളുടേയും തൂക്കണാം കുരുവികളുടേയും വേലിത്തത്തകളുടേയും ആയിരക്കണക്കിനു വരുന്ന വന്‍കൂട്ടങ്ങളേയും കാണാനാവുന്ന കാട്ടാമ്പള്ളിയില്‍ 'ഓറിയന്റല്‍ പ്രാറ്റിന്‍കോള്‍' എന്ന പക്ഷിയുടെ കൂടും കണ്ടെത്തിയിട്ടുണ്ട്. ദേശാടകരായ കാവി (Indian Pitta), നാകമോഹന്‍ (Paradise Flycatcher), തവിട്ടുപാറ്റപിടിയന്‍ (Brown breasted Flycatcher) എന്നിവയെ കൂടാതെ, നിത്യഹരിത വനങ്ങളില്‍ മാത്രം കാണപ്പെടുന്ന ചൂളക്കാക്ക (Malabar whistling Thrush)യേയും പ്രാദേശിക ദേശാടകനായി സങ്കേതത്തിന്റെ വിവിധ ഓരങ്ങളില്‍ കണ്ടുവരുന്നുണ്ട്.

ഒരു പക്ഷിസങ്കേതത്തിന്റെ പ്രാധാന്യം നമുക്കു വ്യക്തമാകുന്നത് വിദൂര ദേശങ്ങളില്‍നിന്നും അവിടങ്ങളില്‍ നിരന്തരം വന്നെത്തുന്ന അപൂര്‍വ്വ പക്ഷികളുടെ വൈവിധ്യത്താലാണ്. പ്രശസ്ത പക്ഷി നിരീക്ഷകരായ സി. ശശികുമാര്‍, പി.സി. രാജീവന്‍, പി.കെ. ഉത്തമന്‍, ഡോ. ഖലീല്‍ ചൊവ്വ, ഡോ. ജയന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ടെത്തിയ തങ്കത്താറാവ് (Brahmini Shellduck), കുടുമത്താറാവ് (Tuffted Duck), മഞ്ഞക്കുറിയന്‍ താറാവ് (Eurasian Vegion), ചെറുചുണ്ടന്‍ പുല്‍ക്കിളി (Bristled Grass Bird), ചാരക്കഴുത്തന്‍ ബണ്ടിങ് (Grey Neck Bunding), കരിന്തലയന്‍ ബണ്ടിങ് (Black Headed Bunding), പുള്ളിച്ചോരക്കാലി (Spotted Red Shank), ചാരത്തലയന്‍ തിത്തിരി (Grey Headed Lapwing) എന്നിവയെ അപൂര്‍വ്വമായാണ് മറ്റിടങ്ങളില്‍ ഇതേവരെ രേഖപ്പെടുത്തിയത്. അതിനാല്‍ത്തന്നെ കേരളത്തിലെ ഏറ്റവും സുപ്രധാനമായ പക്ഷി സങ്കേതമാണ് കാട്ടാമ്പള്ളിയെന്നു പ്രമുഖ പക്ഷിനിരീക്ഷകരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലാശയത്തില്‍ ഇരതേടുന്ന കടല്‍ക്കാക്കകള്‍, ആളകള്‍, ചെളിപ്പാടങ്ങളില്‍ കാണപ്പെടുന്ന വാള്‍ക്കൊക്കന്മാര്‍, സ്റ്റോര്‍ക്കുകള്‍, കാടക്കൊക്കുകള്‍, മണല്‍ക്കോഴികള്‍, വരണ്ട പാടങ്ങളില്‍ ഇരതേടുന്ന വാനമ്പാടികള്‍, വരമ്പന്മാര്‍, കുറ്റിക്കാടുകളില്‍ ജീവിക്കുന്ന ചിലപ്പന്മാര്‍, മുനിയകള്‍, ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളില്‍ കാണപ്പെടുന്ന കുയില്‍ വര്‍ഗ്ഗക്കാര്‍, മത്സ്യങ്ങളേയും ചെറുജീവികളേയും ആഹരിക്കുന്ന പരുന്തിനങ്ങള്‍ തുടങ്ങിയവയെ കാട്ടാമ്പള്ളിയില്‍ കാണാം. 
         
കൊട്ടിയടച്ച മത്സ്യസമ്പത്ത് 
ഷട്ടറിന്റെ വരവിനാല്‍ നശിപ്പിക്കപ്പെട്ട പ്രധാന കാര്‍ഷിക മേഖല പരമ്പരാഗത മത്സ്യബന്ധനമാണ്. വളപട്ടണം പുഴയില്‍നിന്നും കാട്ടാമ്പള്ളിയുടെ ഓരങ്ങളിലേക്കു നിരന്തരം സഞ്ചരിച്ചിരുന്നവര്‍ തരംതിരിക്കപ്പെട്ട ജലോപരിതലങ്ങളില്‍ ഇരുവിഭാഗങ്ങളായി മാറി.  സ്വാഭാവിക വേലിയേറ്റ പ്രക്രിയയില്‍ അതിവിശാലമായ നീര്‍ത്തടങ്ങളില്‍ മുട്ടയിടാനെത്തുന്ന കോടിക്കണക്കായ മത്സ്യങ്ങളുടെ വന്‍സഞ്ചാരങ്ങളിലേയ്ക്കു കൂടിയായിരുന്നു ഷട്ടറിന്റെ ചതുരയളവുകള്‍ നിര്‍മ്മിക്കപ്പെട്ടത്. രണ്ടു കിലോമീറ്ററോളം വീതിയില്‍ പരന്നുകിടന്നിരുന്ന ജലചംക്രമണ പ്രദേശത്തെ 13 ഷട്ടര്‍ ദ്വാരങ്ങളുടെ ഔദാര്യത്തിലേയ്ക്കു ചുരുക്കിക്കെട്ടിയപ്പോള്‍, സൂക്ഷ്മ മൂലകങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ കൂടിയാണിവിടെ മുറിഞ്ഞുപോയത്. ആ കാലാനുക്രമമായ വിനിമയ സമ്പ്രദായം ഇല്ലാതാകുമ്പോള്‍ ഏതൊക്കെയിനം മത്സ്യങ്ങളും ജലജീവികളുമാണ് വംശനാശത്തിലേയ്ക്കു ചെന്നെത്തിയതെന്നും ഇന്നേവരെ ആരും തിരഞ്ഞുപോയിട്ടുമില്ല. കാട്ടാമ്പള്ളി ഷട്ടറിനു തൊട്ടുമുന്നില്‍ നിരവധി മരക്കാലുകള്‍ നാട്ടിയുള്ള അനധികൃത വലവിരിക്കല്‍ ഇപ്പോഴും കാണാം. തികച്ചും അശാസ്ത്രീയമായുള്ള ഈ മത്സ്യബന്ധനരീതി നടക്കുന്നത് നിരോധിത അളവുകളിലുള്ള പൊടിവലകള്‍ ഉപയോഗിച്ചാണ്. തണ്ണീര്‍ത്തടങ്ങളിലേയ്ക്കു ജലജീവസഞ്ചാരം നടക്കുന്ന ഏകവഴിയായ പാലത്തിനു തൊട്ടുമുന്നിലാണ് ഈ വലകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നതിനാല്‍ വേലിയിറക്കത്തിന് ഒഴുക്കില്‍ കടന്നുവരുന്ന കോടിക്കണക്കായ കുഞ്ഞു മീനുകളും പൊടിച്ചെമ്മീനുകളും മുഴുവനായും കുരുക്കുവലയില്‍ കുരുങ്ങും. ഷട്ടറിനു വെറും മീറ്ററുകള്‍ക്കടുത്തായി പുഴയുടെ വീതിയില്‍ മരക്കാലുകള്‍ നാട്ടിക്കൊണ്ട് പുഴയടച്ചുള്ള ഈവിധ മീന്‍പിടുത്തം മത്സ്യകുലം മുച്ചൂടും മുടിക്കുന്ന ദുര്‍പ്രവൃത്തിയാണ്. 

ഊത്തകയറ്റം എന്നറിയപ്പെടുന്ന മത്സ്യങ്ങളുടെ പ്രജനന യാത്രകള്‍ക്കു വിലങ്ങായി അനവധി അശാസ്ത്രീയ ബണ്ടുകള്‍ കാട്ടാമ്പള്ളിയില്‍ ഉടനീളം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് ഏക്കര്‍ വയലുകളിലേക്കുള്ള ഈ പ്രവേശന ദ്വാരം പലപ്പോഴും ഒന്നോ രണ്ടോ മീറ്റര്‍ മാത്രം വീതിയുള്ള കലുങ്ക് ദ്വാരങ്ങളാണ്. ജൂലൈ തുടങ്ങി ഇത്രയായിട്ടും ആ വഴികളില്‍ത്തന്നെ പലതും മണ്ണിട്ടും പലക നിരത്തിയും അടച്ചുവച്ച നിലയിലുമാണ്. മഴയാരംഭം മുതല്‍ക്കു നാട്ടുമത്സ്യങ്ങള്‍ പുളച്ചിരുന്ന തോടുകളും വയലുകളും മൃതസമാനമായ അവസ്ഥയിലുമായി. വര്‍ഷം തോറും ശുചീകരണം നടന്നിരുന്ന തോടുകള്‍ തിരിഞ്ഞുനോക്കാനാളില്ലാതെ ഏറിയ പങ്കും നികന്നു തീരാറുമായി. ഉപ്പുവെള്ളം കയറുന്നുവെന്ന ആരോപണത്താല്‍ മുന്‍പിന്‍ നോക്കാതെ ചെയ്യുന്ന ഇത്തരം കെടുതികളുടെ പാര്‍ശ്വഫലങ്ങള്‍, ഒരു പ്രാപഞ്ചിക പ്രക്രിയയെ അപ്പാടെ അട്ടിമറിക്കുകയാണ്. ജലജീവികളുടെ അതിജീവനതന്ത്രത്തെ മുച്ചൂടും മുടിക്കുന്ന ഇവ്വിധ പ്രവൃത്തികളെ എന്തുകൊണ്ട് ഉപമിക്കുവാനാണ്.
        
കുന്നിന്റെ മൃതഗന്ധമുള്ള വയലുകള്‍ 
ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമാണ് കാട്ടാമ്പള്ളിയുടെ ശരവേഗത്തിലുള്ള നാശം നടന്നിരിക്കുക. ഭൂ മാഫിയകളുടെ രാഷ്ട്രീയ സ്വാധീനം, അനധികൃതമായ പണവ്യവഹാരങ്ങള്‍, അധികൃതരുടെ ഒത്താശകള്‍, ജെസിബി, ടിപ്പര്‍ ലോറികളുടെ വര്‍ദ്ധനവ് എന്നിവയെല്ലാം ഇക്കാലയളവിലായിരുന്നു. അനധികൃത സമ്പത്ത് നിക്ഷേപങ്ങള്‍ക്കുള്ള ഉപാധിയായും, നിയമസാധുതയുള്ള പണവ്യവഹാരങ്ങള്‍ക്കുള്ള എളുപ്പമാര്‍ഗ്ഗങ്ങളായും ഇക്കാലയളവില്‍ കൈപ്പാടുകളും വയലുകളും മാറി. എല്ലാ തണ്ണീര്‍ത്തടങ്ങളുമെന്നപോലെ കാട്ടാമ്പള്ളിയും ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി മണ്ണിട്ട് നികത്തലുകളാണ്. കൂടാതെ അനധികൃതമായ ഭൂമി കയ്യേറ്റവും ഗുരുതരമായ മാലിന്യനിക്ഷേപവും വര്‍ദ്ധിതമായി.

കാട്ടാമ്പള്ളി ഷട്ടര്‍ പ്രോജക്ടിനാല്‍ വേലിയേറ്റം നിലച്ച, കൃഷി നിലച്ച, ജലാംശം നഷ്ടമായി വരണ്ടുകിടന്ന, അതിവിസ്തൃത കൈപ്പാട് വയലിടങ്ങള്‍ തുച്ഛമായ വിലയ്ക്ക് കൈവശപ്പെടുത്തുകയാണ് ഭൂ മാഫിയകള്‍ ആദ്യം ചെയ്ത നടപടി. നിരന്തര പ്രക്ഷോഭങ്ങള്‍ക്കുശേഷം ഷട്ടര്‍ തുറന്ന 2009-നു മുന്‍പുള്ള ഒരു പതിറ്റാണ്ട് കാലത്താണ് ഇത്തരം വ്യവഹാരങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളതെന്ന് ഇടനിലക്കാര്‍തന്നെ പറയുന്നു. ശേഷം, പലയിടങ്ങളില്‍നിന്നും സൗജന്യമായി ഒഴിവാക്കപ്പെടുന്ന മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നു. പ്ലാസ്റ്റിക്ക്, കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ കൈപ്പാട് കൃഷിഭൂമിയില്‍ ഏറ്റവും നല്ല അടിത്തറയാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. എതിര്‍പ്പുകള്‍ ഉയര്‍ന്നില്ലെങ്കില്‍ ഒറ്റദിവസം കൊണ്ട് 150-200 ലോഡ് മണ്ണ് വന്നുവീഴും. എതിര്‍ത്താല്‍ കായികമായും ഉദ്യോഗസ്ഥ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും നേരിടും. ജില്ലയിലെ പ്രധാന പരിസ്ഥിതി പ്രവര്‍ത്തകരും അധ്യാപകരും ഇത്തരക്കാരുടെ ശാരീരിക, മാനസിക ആക്രമണങ്ങള്‍ നിരന്തരം ഏല്‍ക്കുന്നവരാണ്. പരാതികളില്ലാതെ തന്നെ സ്വമേധയാ കേസെടുക്കാന്‍ അധികാരമുള്ളവര്‍ മൗനം പാലിക്കുന്നത് മേലധികാരികളില്‍നിന്നും പരിഹാസം കേട്ട് മടുത്തിട്ടാണെന്നു പറയുന്നത് ഒരു കൃഷി ഓഫീസറാണ്. അനധികൃത മണല്‍ കടത്തിനെതിരെ ധൈര്യപൂര്‍വ്വം നടപടിയെടുത്ത ഒരു വില്ലേജ് ഓഫീസര്‍ മണല്‍മാഫിയകളാല്‍ ബന്ധിയാക്കപ്പെട്ടതും നിരന്തര വധഭീഷണി നേരിട്ടതും വെറും മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു.


തണ്ണീര്‍ത്തടങ്ങള്‍ക്കു കുറുകെ നൂറുകണക്കിന് റോഡുകള്‍ കാട്ടാമ്പള്ളിയിലുടനീളം കാണാം. റോഡ് വന്നാല്‍ തങ്ങള്‍ മുന്‍കൂട്ടി കൈവശപ്പെടുത്തിയ ഭൂമിക്കു നല്ല വിലകിട്ടുമെന്നതിനാല്‍ മാത്രം ഭരണതലത്തില്‍ നിരന്തര സ്വാധീനം ചെലുത്താറുണ്ട്. മറ്റു റോഡുകളുണ്ടായിട്ടും ആയിരക്കണക്കിനു ലോഡ് മണ്ണിട്ട് നികത്തിയുണ്ടാക്കിയ നൂറുകണക്കിനു റോഡുകള്‍ കാട്ടാമ്പള്ളിയിലുണ്ട്. നികന്ന തണ്ണീര്‍ത്തടങ്ങള്‍ക്കു മീതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിലനില്‍ക്കുന്നുണ്ട്. 

കാട്ടാമ്പള്ളി പദ്ധതിയാല്‍ നശിപ്പിക്കപ്പെട്ട പുഴയിലൊന്ന് കക്കാട് പുഴയാണ്. നൂറു രൂപ പാട്ടത്തുകയിട്ട് പുഴ നശിപ്പിച്ച ചരിത്രമുള്ള ഇവിടെ വളപട്ടണം, പറശ്ശിനി, അഴീക്കല്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നും ആറോളം ബോട്ട് സര്‍വ്വീസുകളാണ് നടന്നിരുന്നത്. പുഴനികത്തിയും കൈപ്പാട് കൃഷിഭൂമി നികത്തിയും മൈതാനങ്ങളും ഫാക്ടറികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ്ങ് കോംപ്ലക്‌സുകളും പണിതുയര്‍ത്തി. കൂടാതെ പുഴ നികത്തി ഇന്റര്‍ലോക്കുകള്‍ പാകി സ്വിമ്മിങ്പൂള്‍ നിര്‍മ്മിച്ച ലോകത്തിലെ ഒരേയൊരു അതിശയ കാഴ്ചയും ഇവിടെ കാണാനാവും. മലവെള്ളം കയറുമ്പോള്‍ റോഡും പുഴയും സ്വിമ്മിങ്പൂളും ഒന്നാവുന്ന ഇന്നത്തെ കക്കാടിനെ മാലിന്യം നിറഞ്ഞ അഴുക്കുചാല്‍ എന്നു മാത്രമേ വിശേഷിപ്പിക്കാനാകുകയുള്ളു. 2003-ലേയും 2017-ലേയും സാറ്റലൈറ്റ് ഇമേജുകളില്‍ കക്കാട് കടന്നുവന്ന വഴികള്‍ കാണാനാകും. സമാനമായ മറ്റു മുഖ്യ പ്രശ്നങ്ങളിലൊന്നാണ് മാലിന്യ നിക്ഷേപം. 


കാട്ടാമ്പള്ളി തണ്ണീര്‍ത്തടങ്ങള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി കുന്നുകളില്‍നിന്നും സ്വാംശീകരിക്കപ്പെടേണ്ടുന്ന ശുദ്ധജല ലഭ്യത ഭീദിതമായി കുറഞ്ഞു എന്നതുകൂടിയാണ്. ഇതു സ്വാഭാവിക ജലവിസ്താരങ്ങള്‍ ചുരുങ്ങി ഓരുജലസമ്പര്‍ക്കം വര്‍ദ്ധിതമാക്കുവാന്‍ കാരണമായി. ഇടനാടന്‍ കുന്നിന്‍പ്രദേശങ്ങളില്‍ നടക്കുന്ന അമിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വ്യാപകമായ വെട്ടിവെളുപ്പിക്കലും കാരണം ശുദ്ധജലം നീരുറവകളായി വയലുകള്‍ കടന്ന്, പുഴ കടന്ന് അഴിമുഖം വരേയ്ക്കും നടത്തുന്ന ജലത്തള്ളലുകള്‍ ഏറിയപങ്കും ഇന്നില്ലാതായി. അതിന്റെ ഫലമായാണ് കടല്‍ത്തള്ളിച്ച നമ്മുടെ അഴിമുഖങ്ങളും കടന്ന് അകത്തേയ്ക്കു കടന്നുതുടങ്ങിയത്. വനാന്തര്‍ഭാഗത്തുനിന്നും ഒഴുകുന്ന പുഴകളിലെ ജലശേഖരമാകട്ടെ, മനുഷ്യബന്ധിത കാരണങ്ങളാല്‍ത്തന്നെ അഴിമുഖത്തെത്തുവാന്‍ പ്രാപ്തവുമല്ലാതായി. പാടിക്കുന്നിലെ അപൂര്‍വ്വമായ ഗുഹയില്‍നിന്നുറവചെയ്യുന്ന പാടിതീര്‍ത്ഥവും ഒഴുകിയെത്തുന്നത് കാട്ടാമ്പള്ളിയുടെ നീര്‍മറി പ്രദേശത്തേയ്ക്കു തന്നെയാണ്.

കുന്നിന്‍പ്രദേശങ്ങളില്‍നിന്നും അണമുറിയാതെ പ്രവഹിക്കുന്ന വന്‍ ജലശേഖരമൊഴുകിയ കൈത്തോടുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍ദ്ദാക്ഷിണ്യം നശിപ്പിക്കപ്പെട്ടു. ഇതു തണ്ണീര്‍ത്തടങ്ങളിലേയ്ക്കു നിലയ്ക്കാതെ ശുദ്ധജലം കൊണ്ടെത്തിച്ചിരുന്ന സമാനമായ നൂറുകണക്കിന് ഉറവകേന്ദ്രങ്ങളുടെ നാശങ്ങളില്‍ ഒന്നുമാത്രമായിരുന്നപ്പൊഴും, അതിവിശാലമായ നീര്‍ത്തടവിസ്താരങ്ങളുടെ ജീവസ്സുകൂടിയാണതെന്ന് ഏറിയ പങ്ക് ആളുകളും ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. ആദ്യ ഉറവയുണര്‍ന്ന്, പലതായ് ചേര്‍ന്നു വളഞ്ഞും പുളഞ്ഞും നാല്‍പ്പതിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചു കാട്ടാമ്പള്ളിയിലെത്തുന്ന ശുദ്ധജലശേഖരം കടുംവേനലിലും പതിനായിരക്കണക്കിനു വീടുകളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കിയിരുന്നു. വരള്‍ച്ചയെ കാര്യക്ഷമമായി തടഞ്ഞിരുന്ന, മഴജലത്തെ അതിസൂക്ഷ്മം വിനിമയം ചെയ്ത ഇത്തരം നീര്‍ച്ചാലുകളുടെ സംരക്ഷണത്തിനോ പരിഗണനയ്‌ക്കോ ഇന്നും യാതൊരു വ്യവസ്ഥയും നിലവിലില്ലയെന്നതു മറ്റൊരു ദയനീയത. ഇവിടങ്ങളില്‍ നശിപ്പിക്കപ്പെട്ട നീരുറവകള്‍ക്കും കൈത്തോടുകള്‍ക്കും എണ്ണമില്ലാത്തപ്പോഴും, പാരമ്പര്യ സ്വത്തുവകകളായ് ബാക്കിനില്‍ക്കുന്ന മണ്ണില്‍ നിന്നുയിര്‍ക്കുന്ന പ്രതീക്ഷയുടെ തെളിനീര്‍ത്തുള്ളികളാണ് കാട്ടാമ്പള്ളിയുടെ ജീവന്‍ ഇന്നും നിലനിര്‍ത്തുന്നത്.

ഇത്രമേല്‍ പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്ന കാട്ടാമ്പള്ളിയെ വേണ്ടവിധത്തില്‍ പരിഗണിക്കാനോ, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നിയമപരമായ മുന്‍ഗണന നല്‍കുവാനോ ഇതേവരെ സാധിച്ചിട്ടില്ല. കാട്ടാമ്പള്ളിയുടെ നേരിയ ശതമാനം മാത്രമുള്ള മുണ്ടേരിക്കടവിനെ പ്രാദേശികതലത്തില്‍ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചു എന്നല്ലാതെ മറ്റു യാതൊരു പരിഗണനയും നല്‍കപ്പെട്ടിട്ടില്ല. എല്ലാ ശ്രദ്ധയും മുണ്ടേരിക്കടവിലെ നാലോ അഞ്ചോ ചതുരശ്ര കിലോമീറ്റര്‍ വിസ്താരത്തില്‍ ഒതുങ്ങുമ്പോള്‍ സകല കയ്യേറ്റങ്ങളും നികത്തലുകളും സങ്കേതത്തിനു പുറത്താണെന്നു ലളിതവല്‍ക്കരിക്കാനും ബുദ്ധിപൂര്‍വ്വം കയ്യൊഴിയാനും ഇതിടയാക്കും.

പണ്ടു മുതല്‍ക്കുള്ള കാട്ടാമ്പള്ളി പക്ഷിസങ്കേതമെന്നാല്‍ ഒന്‍പത് പഞ്ചായത്തുകളിലായി അതിവിസ്തൃതമായി പരന്നുകിടക്കുന്നതായിരുന്നുവെങ്കില്‍, ഇന്നത് മുണ്ടേരിക്കടവില്‍ കേവലം ഒരു ഇരുമ്പ് ഗേറ്റും കവാടവും 1000 ലോഡ് മണ്‍നികന്ന ചെമ്മണ്‍ റോഡും ഏതാനും മരക്കുറ്റികളും മാത്രമാക്കപ്പെട്ടു. കാട്ടാമ്പള്ളിയെ പക്ഷി കേന്ദ്രമാക്കി പ്രഖ്യാപിക്കാന്‍ കാരണമായ അപൂര്‍വ്വ പക്ഷികളെയെല്ലാം തന്നെ മുണ്ടെരിക്കടവെന്ന ആ ചെറുവൃത്തത്തിനു പുറത്താണ് കണ്ടെത്തിയിട്ടുള്ളതും. യഥാര്‍ത്ഥത്തില്‍ ഒരു പക്ഷിസങ്കേതത്തിനും ഒരു രൂപയുടെ പോലും വികസനം ആവശ്യമില്ലയെന്നതാണ് വസ്തുത. പകരം, സ്വാഭാവികമായ തനത് പരിസ്ഥിതി അതേപടി കോട്ടമില്ലാതെ നിലനില്‍ക്കുക മാത്രമാണ് വേണ്ടത്. ദുരമൂത്തവരുടെ ചെയ്തികള്‍ കാരണം അനേകായിരം വര്‍ഷങ്ങള്‍കൊണ്ട് പരിണമിച്ചുണ്ടായ പ്രകൃതിവ്യവസ്ഥകള്‍ ഏതാനും മണിക്കൂറുകള്‍കൊണ്ടു മായ്ചു കളയുന്ന കുടിലതകള്‍ പലയളവില്‍ ഇന്നും തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com