കഥയിഴകളും മണ്ണിഴകളും: മണ്ണുമായി ഇഴയടുപ്പമുള്ള നാലുകഥകളുടെ വായന

''എന്റെ വയറില്‍ വെടിയുണ്ടകള്‍ നിറച്ചിരിക്കുന്നതായി അനുഭവപ്പെടുന്നു. അവ അന്നനാളത്തിലൂടെ ഉയര്‍ന്നുവന്ന് എന്റെ നെഞ്ചില്‍ പൊട്ടിക്കൊണ്ടിരിക്കുന്നത് ആരും കേള്‍ക്കുന്നില്ലെന്ന്''
കഥയിഴകളും മണ്ണിഴകളും: മണ്ണുമായി ഇഴയടുപ്പമുള്ള നാലുകഥകളുടെ വായന

കഥയിഴകള്‍ മണ്ണിഴകളുമായി കൂടിച്ചേരുന്നത് മലയാളത്തിലോ ഇതര ഭാഷകളിലോ അപൂര്‍വ്വമല്ല. മലയാളത്തിലെ നാലു കഥകള്‍ എങ്ങനെ മണ്ണിനെ സ്പര്‍ശിക്കുന്നുയെന്ന് അപഗ്രഥിക്കുകയാണ് ഈ ലേഖനം. നാല് കഥാകാരന്മാരില്‍ ഒരാള്‍ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ രണ്ട് പതിറ്റാണ്ടായി എഴുതിക്കൊണ്ടിരിക്കുന്നു. മറ്റു മൂന്നുപേര്‍ മുഖ്യധാരകളില്‍ വരാത്തവരാണ്. കഥയുടെ സാംസ്‌കാരിക ജീനുകളില്‍ മണ്ണെന്ന ജൈവധാതു നാലു കഥകളിലും ഉണ്ടെന്നുള്ളതാണ് ഈ കഥകള്‍ ഒരേ ലേഖനത്തില്‍ നിരീക്ഷിക്കാന്‍ ഇടയാക്കുന്നത്. തീര്‍ച്ചയായും മണ്ണുമായി ഇഴയടുപ്പമുള്ള ധാരാളം കഥകള്‍ ഇന്നു മലയാളത്തില്‍ രൂപപ്പെടുന്നുണ്ട്. ആകസ്മികമായി ഈ നാല് കഥകള്‍ വന്നുചേര്‍ന്നുയെന്നല്ലാതെ, മറ്റുള്ളവ ഇവിടെ പരാമര്‍ശിക്കപ്പെടാതിരിക്കാന്‍ വേറൊരു കാരണവുമില്ല.

ഇവരില്‍ ഇന്ദുചൂഡന്‍ കിഴക്കേടം വളരെ ശ്രദ്ധേയമായ കഥകളെഴുതിയിട്ടുണ്ട്. അന്‍പതോളം കഥകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അവ സമാന സ്വഭാവമുള്ളവയല്ല. ഓരോന്നും വ്യത്യസ്തമാണ്. മൗലികവുമാണ്. ഭാഷയിലെ സമാനത എഴുത്തുകാരന്റെ കയ്യൊപ്പാണ്.

''എന്റെ വയറില്‍ വെടിയുണ്ടകള്‍ നിറച്ചിരിക്കുന്നതായി അനുഭവപ്പെടുന്നു. അവ അന്നനാളത്തിലൂടെ ഉയര്‍ന്നുവന്ന് എന്റെ നെഞ്ചില്‍ പൊട്ടിക്കൊണ്ടിരിക്കുന്നത് ആരും കേള്‍ക്കുന്നില്ലെന്ന്'' ആദ്യ കഥകളിലൊന്നായ  'അക്കീലസിന്റെ മരണമൊഴി'യിലൂടെ ഇന്ദുചൂഡന്‍ സൂചിപ്പിക്കുന്നുണ്ട്. ശത്രുവിനും ഉറ്റവനും ഒരേ മുഖമെന്നു കണ്ട് ശത്രുവിനെ സ്വന്തം തോക്കില്‍നിന്നും വിടര്‍ത്തി സ്വയം മരണക്കുരുക്ക് ചോദിച്ചു വാങ്ങുന്നവന്റെ കറുത്ത ദുര്‍വിധി. അക്രമിക്കപ്പെടുന്നവന്റെ കഥയില്‍നിന്നും എത്രയോ വിഭിന്നമാവും അക്രമിക്കപ്പെടുന്നവളുടെ നേര് എന്ന ഉള്‍ക്കിടിലം. അനീതിക്കും അസത്യത്തിനും കൊടുംചതിക്കും ആത്മവഞ്ചനയ്ക്കും പ്രായമേറുന്നതേയില്ലെന്ന തിരിച്ചറിവിന്റെ ഞെട്ടല്‍. ആദ്യം വിദേശികള്‍ക്കെതിരെ പിന്നെ അന്യസംസ്ഥാനക്കാര്‍ക്കെതിരെ, പിന്നെപ്പിന്നെ അവനവനെതിരെ എന്ന ആഗോള സ്‌നേഹത്തിന്റെ പുതിയ കത്തിമുന. കൈവേലക്കാരന്റെ പ്രാരാബ്ധങ്ങളും യന്ത്രങ്ങളുടെ കണിശവും തമ്മിലുള്ള സംഘര്‍ഷം. നിന്ദ്യവും ക്രൂരവുമായ ആസക്തികളുടെ വേട്ട. ചോദ്യങ്ങളുടെ വാള്‍മുനകളില്‍നിന്നു രക്ഷപ്പെടാനായിട്ടാവാം ഇന്ദുചൂഡന്‍ പെരിയാറിന്റെ തീരത്തുള്ള തന്റെ കോടനാടന്‍ ഗ്രാമത്തില്‍നിന്നും യാത്ര തിരിക്കുന്നത്. ഉത്തരേന്ത്യന്‍ നഗരങ്ങളിലൂടെ, വരണ്ട ഗ്രാമങ്ങളിലൂടെ, ചരിത്രവും അസ്ഥികൂടങ്ങളും തടയുന്ന സമതലങ്ങളിലൂടെ, വടക്കു കിഴക്കന്‍ കുന്നുകളിലൂടെ, മഞ്ഞുറയുന്ന മലകളിലൂടെ, തമിഴ്നാടിന്റേയും കര്‍ണാടകത്തിന്റേയും ചരിത്ര സ്മൃതികളിലൂടെ, വര്‍ത്തമാനത്തിന്റെ എരിവെയിലിലൂടെ. ഒരു യാത്രയും അയാളില്‍ അവസാനമല്ല. തുടക്കം മാത്രമാണ്. കുറെക്കൂടി തീക്ഷ്ണമായ ചോദ്യങ്ങളിലേയ്ക്ക്. തന്റെ ഉള്ളിലെ കെട്ടുപിണഞ്ഞു കിടക്കുന്ന വഴികളിലൂടെ.

ഇന്ദുചൂഡന്‍ കഥകളിലെ അന്തരീക്ഷം

ഇന്ദുചൂഡന്‍ കഥകളിലെ അന്തരീക്ഷം പ്രാദേശിക പരിസരങ്ങളില്‍ ഒതുങ്ങിനില്‍ക്കാറില്ല. ഓരോ കഥയ്ക്കും ദേശീയമായ അന്തരീക്ഷമാണുള്ളത്. അവ വടക്കുകിഴക്കന്‍ പ്രവിശ്യകളിലോ ഉത്തരേന്ത്യന്‍ നഗരങ്ങളിലോ തഴിഴ്നാട് ഗ്രാമങ്ങളിലോ, ചിലപ്പോള്‍ കോടനാടിലോ ആകാം. സൂര്യകാന്തിപ്പൂക്കളുടെ വര്‍ണ്ണവും കടുകെണ്ണയുടെ മണവും ഗോതമ്പ് പാടങ്ങളും അപാര വിസ്തൃതികളില്‍ ഒഴുകുന്ന പുഴകളും ലോഡ്ജ് മുറികളിലെ ഗന്ധങ്ങളും അതാണ് സൂചിപ്പിക്കുന്നത്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന 'മേല്‍മണ്ണും കുളപ്പാറയും' (ഭാഷാപോഷിണി: നവംബര്‍: 2018) തമിഴ്നാട്ടിലോ കേരളത്തിലോ ആകാം സംഭവിക്കുന്നത്. അതിന്റെ അന്തസ്സത്തയ്ക്ക് അന്തര്‍ദ്ദേശീയമായ മാനമുള്ളത്. ഭൂമിയില്ലാത്തവന്റേയും സ്വന്തം മണ്ണില്‍നിന്ന് പറിച്ചെറിയപ്പെടുന്നവന്റേയും വേദന എല്‍ സല്‍വോദറിലുമാകാം. അവിടെനിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറുകയും ഡൊണാള്‍ഡ് ട്രമ്പിന്റെ പുറത്താക്കന്‍ ഭീഷണിയില്‍ എവിടെ പോകുമെന്ന വ്യഥയില്‍ ജീവിക്കുന്നവളുടെയുമാകാം.

വിഎച്ച് ദിരാര്‍
വിഎച്ച് ദിരാര്‍

എള്ളിന്റെ വില കുറഞ്ഞിട്ടും മണിയപ്പന്റെ പാട്ടഭൂമിയില്‍ തങ്കയ്യന്‍ എള്ളുകൃഷി ചെയ്യുന്നത് എള്ളിനോടുള്ള സ്‌നേഹം കൊണ്ടാണ്. എള്ള് എന്ന സ്‌നേഹത്തോടുള്ള ബന്ധം തങ്കയ്യനില്‍ നാമ്പിടുന്നത് കുട്ടിക്കാലത്താണ്. എള്ളെണ്ണയുടെ നറുമണം വാണിയുമായുള്ള ഗന്ധമായി വീര്‍പ്പുമുട്ടിച്ചപ്പോള്‍ അയാളറിഞ്ഞു, എള്ളുകൃഷി വെറുതെയായില്ല. എള്ളിന്റെ പൂമൂക്കുകളും നനുത്ത രോമം പൊതിഞ്ഞ അതിന്റെ തണ്ടുകളും പൂവും ഇലയും നിറഞ്ഞ പാട്ടഭൂമിയും ജൈവികമായ ചോദനയും ലൈംഗികമായ തൃഷ്ണയും അതിജീവനത്തിന്റെ ഇടവും ചെറിയ സന്തോഷങ്ങളുടെ ഇളം നിലാവുമാണ്. ഭാര്യ വാണി വേലു ഒരുക്കുന്ന അപകട കെണിയില്‍ കൊല്ലപ്പെട്ടു. പോസ്റ്റ്മാര്‍ട്ടത്തിനുശേഷം വാണിയെ നീളക്കൂടുതലുള്ള (നീളക്കുറവോ) കാലുള്ള കൊച്ചപ്പു എന്ന മകനെക്കൊണ്ട് എള്ളും പൂവും കൊടുത്ത് യാത്രയാക്കിയ ശേഷവും എള്ളിന്‍ ഗന്ധം തങ്കയ്യനെ പാട്ടഭൂമിയില്‍ത്തന്നെ പിടിച്ചുനിര്‍ത്തി. എള്ളിന്റെ ഗന്ധത്തില്‍നിന്ന് തങ്കയ്യനേയും മകനേയും പിഴുതുമാറ്റി കൂമന്‍ തുറ എന്ന സ്വപ്ന (ഊഷര) ഭൂമിയിലേയ്ക്ക് നിര്‍ബ്ബന്ധപൂര്‍വ്വം യാത്രയാക്കുന്നു മണിയപ്പന്‍ എന്ന ചെറുകിട ഭൂവുടമ. കൂമന്‍ തുറയാകട്ടെ കാര്‍ഷിക സംസ്‌കൃതിയുടേയും നാട്ടറിവിന്റേയും ഗ്രാമമല്ല ഇന്ന്. മണിയപ്പന്റെ പാട്ടഭൂമി വാങ്ങിയ കൂമന്‍ തുറയിലെ കുഞ്ഞുണ്ണിയുടെ അടുത്തേയ്ക്കാണ് തങ്കയ്യനെ മണിയപ്പന്‍ പറഞ്ഞുവിടുന്നത്. തങ്കയ്യന് അവിടെ പാട്ടത്തിന് കൃഷി ചെയ്യാന്‍ ഭൂമി ഉറപ്പാക്കിയിട്ടുണ്ടെന്നാണ് മണിയപ്പന്‍ അയാളെ വിശ്വസിപ്പിച്ചത്. ഒരു പകല്‍ മുഴുവന്‍ നടന്ന് തളര്‍ന്ന് അയാളും മകനും കൂമന്‍ തുറയിലെത്തുമ്പോള്‍, മേല്‍മണ്ണു നീങ്ങിയ കുളപ്പാറ തെളിഞ്ഞ പറമ്പാണ് അയാള്‍ക്ക് മുന്‍പില്‍. അവിടെ എവിടെയാണ് വിത്തെറിയേണ്ടതെന്നറിയാതെ തങ്കയ്യന്‍ ഇരുട്ടില്‍ വാപിളര്‍ത്തി നില്‍ക്കുന്നിടത്ത് കഥ തല്‍ക്കാലം അവസാനിക്കുന്നു. ഒപ്പം ഞൊണ്ടിക്കാലുള്ള മകന്‍ കൊച്ചപ്പു എന്ന പുതുതലമുറയുമുണ്ട്.

ഇന്ദുചൂടര്‍ കിഴക്കേടം
ഇന്ദുചൂടര്‍ കിഴക്കേടം

പാട്ടക്കൃഷിക്കാരനും കുടിയേറ്റക്കാരനും ആഗോള അഭയാര്‍ത്ഥിയും ഇന്നു നേരിടുന്ന ഭയാനകമായ ശൂന്യതയാണ് ഇന്ദുചൂഡന്‍ പതിഞ്ഞ ശബ്ദത്തിലൂടെ, സൗമ്യമായ വാക്കുകളിലൂടെ, ലളിതമായ ബിംബങ്ങളിലൂടെ നമ്മോട് മന്ത്രിക്കുന്നത്. മനുഷ്യനടക്കമുള്ള ജീവലോകത്തെ പ്രതിനിധാനം ചെയ്യുന്ന മാനവികത ഇന്ദുചൂഡന്റെ എല്ലാ കഥകളിലും നിശ്ശബ്ദമായി പ്രതിഫലിക്കുന്നുണ്ട്. സൂക്ഷ്മവായനകളിലൂടെയാണ്  അത് തെളിയുക.

സുരേന്ദ്രന്‍ മങ്ങാടിന്റെ 'ഇരുളന്‍' (എരിഞ്ഞടങ്ങാത്ത പകല്‍: ഫിംഗര്‍ ബുക്സ്: 2018) എന്ന കഥ കറുത്തവനും വെളുത്തവനും തമ്മിലുള്ള സംഘര്‍ഷമാണ്. കഴിഞ്ഞ അരസഹസ്രാബ്ദങ്ങളായി ഭൂമിയിലെവിടേയും തുടരുന്ന സംഘര്‍ഷം. ഭൂമിയാണ്, മണ്ണാണ് ഇവിടെയും വിഷയം. കാട് ആരുടേതാണ്? സ്ത്രീകളും കുട്ടികളും മുതിര്‍ന്ന ആണുങ്ങളും നിറഞ്ഞ ഊരുസഭയില്‍ മൂപ്പന്റെ 'നീ ഇത്രനാളെവിടെ പോയി?' എന്ന ചോദ്യത്തിന് മുന്‍പില്‍ നടുവളച്ചു നിന്നുകൊണ്ട് മൂപ്പന്റെ പെങ്ങളുടെ മകനായ ഇരുളന്‍ താന്‍ ചെയ്ത തെറ്റെന്താണെന്ന് ഏറ്റുപറയുകയാണിവിടെ. അതിലൂടെ അനാവൃതമാകുന്ന കാടും ഊരിന്റെ ജൈവികതയും കൃഷിയും പാട്ടും ആട്ടവുമാണ്. ഊരില്‍നിന്ന് പത്ത് പന്ത്രണ്ട് മൈല്‍ അകലെ തങ്ങള്‍ക്കുള്ള പള്ളിക്കൂടമുണ്ടെന്നും അവിടെ ഊരിലെ അഞ്ചാറ് കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവര്‍ ഊരില്‍ വരുമ്പോള്‍ ബഹുമാനിതരാകുന്നുണ്ടെന്നും അറിഞ്ഞ് എഴുത്തും വായനയും അറിയാത്ത ഇരുളന്‍ യാത്രയാവുന്നിടത്താണ് കഥ വഴിത്തിരിവിലെത്തുന്നത്. മുതുവമല താണ്ടുമ്പോള്‍ ഈറ്റ മുളങ്കാടിന്റെ ഞരക്കത്തോടൊപ്പം ഇരുളന്‍ മനുഷ്യന്റേതായ ഒരപശബ്ദം കേള്‍ക്കുന്നു. അയാള്‍ സഹജമായ മനുഷ്യസ്‌നേഹത്തില്‍ ആ മനുഷ്യനെ അഗാധതയില്‍നിന്നു പൊക്കിയെടുത്ത് പുറത്തു വന്നു. അപ്പോള്‍ ആദിമുഖന്റെ വാഹനമായ മൂങ്ങ ഭീതിപ്പെടുത്തുന്ന ശബ്ദമുയര്‍ത്തി ചിറകിട്ടടിച്ച് ഇരുളന് അപായസൂചന നല്‍കുന്നുണ്ട്. എന്നിട്ടും ഇരുളന്‍ താന്‍ രക്ഷപ്പെടുത്തിയ 'വെളുത്തോനെ' ശുശ്രൂഷിക്കാനായി ഊരിലെത്തിക്കുന്നു.

സുരേന്ദ്രന്‍ മങ്ങാട്
 

നാടന്‍ മരുന്നുകളും സ്‌നേഹവും നിറഞ്ഞ ഊരിന്റെ ശുശ്രൂഷയില്‍ വെളുത്തോന്‍ ആരോഗ്യത്തിലേയ്ക്ക് തിരിച്ചെത്തുന്നു. തന്റെ രക്ഷകനോടുള്ള നാഗരിക സ്‌നേഹം വെളുത്തോനില്‍ സാവകാശം അധീശത്ത്വത്തിന്റേയും അധികാരത്തിന്റേയും ഭാവങ്ങളായി മാറുന്നു. ഊരില്‍ അതിര്‍ത്തികള്‍ നിര്‍മ്മിക്കപ്പെടുന്നു. ഇരുളന്റെ ഭാര്യ കനിപോലും വെളുത്തവന്റെ കരുവായി മാറുന്നു. ജീവജാലങ്ങളുടെ ആദിമ ചിറകടിയുമായി ആദിമുഖനായ മൂങ്ങ ഇരുളനില്‍ സൃഷ്ടിയുടെ പുരാവൃത്തമായി പുന:സൃഷ്ടിക്കപ്പെടുന്നു. ''തായേ.... എന്റെ കനി, എന്റെ കാട്... എല്ലാം പോണ്'' എന്ന് സന്നിപാതജ്വരത്തില്‍ ഇരുളന്‍ നിലവിളിക്കുന്നു. ഇതിനകം വെളുത്തോന്‍ കാടിനെ നാഗരിക ആസക്തിയുടെ വിപണിയാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇരുളനില്‍ തന്റെ കാട് തിളച്ചു പൊങ്ങിയപ്പോള്‍ അവന്‍ വെളുത്തോനെ കീഴ്പെടുത്തി മഴയിലൂടെ മുതുവമലയിലേയ്ക്ക് നടന്ന്, വെളുത്തോനെ താന്‍ രക്ഷിച്ച അതേ കൊല്ലിയിലേയ്ക്ക് തന്നെ വലിച്ചെറിയുന്നു... ഊരുമൂപ്പനും ഊരു സഭയ്ക്കും മുന്‍പില്‍ താനാരേയും കൊന്നിട്ടില്ലെന്നു നിലവിളിക്കുന്നു, ഇരുളന്‍. മുള്ളുക്കുറുമരുടെ ഊരില്‍ ഏറെ കാലത്തിനുശേഷം മഴ തിമിര്‍ത്തുപെയ്തു എഴുതി കഥാകൃത്ത് കഥയവസാനിപ്പിക്കുന്നു.

ഷീന്‍ അഗസ്റ്റിന്‍
ഷീന്‍ അഗസ്റ്റിന്‍

ഇത്രയും ഗുണപരമായ പരിണാമം ഇന്ത്യയില്‍ ഏതെങ്കിലും തദ്ദേശീയനോ ആദിവാസിക്കോ സംഭവിക്കുമോയെന്ന ചോദ്യം വായനക്കാരനു ചോദിക്കാം. അതൊരു പാഴ്കിനാവാണെന്നും ഉത്തരമാകാം. എഴുത്തിന് ക്ഷമാപൂര്‍വ്വമായ ഒരു ചെറിയ കാത്തിരിപ്പ് നല്‍കിയിരുന്നെങ്കില്‍ സുരേന്ദ്രന് ഈ ചോദ്യം മറികടക്കാനായേനെ. അക്ഷമ കഥാന്ത്യത്തില്‍ മാത്രമല്ല, ഭേദപ്പെട്ട ഈ കഥാപുസ്തകത്തിന്റെ നിര്‍മ്മിതിയിലും കാണാം. 'എരിഞ്ഞടങ്ങാത്ത പകല്‍' എന്ന കഥാസമാഹാരത്തിന്റെ കവര്‍ കഥാകൃത്തായ സുരേന്ദ്രന്റെ ഫോട്ടോ തന്നെയാണ്. ഇതില്‍ തെറ്റൊന്നുമില്ല; പുസ്തകത്തിന്റെ കവര്‍ പ്രസാധകന് ഏതു രീതിയിലും നിര്‍വ്വഹിക്കാം. വിശേഷിച്ചും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ എഴുത്തുകാര്‍ സ്വയം പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും ഒരുങ്ങി നില്‍ക്കുന്ന സത്യാനന്തര കാലത്ത്. 

വൃക്ഷശിഖരത്തിലെ ഉയരത്തിലെ നിബിഡമായ പച്ചിലകള്‍ക്കുള്ളില്‍ മറഞ്ഞിരുന്നു പാടുന്ന കുയിലിന്റെ പാട്ടാണ് എഴുത്ത്. കുയില്‍ ഒരിക്കലും കേള്‍വിക്കാരനു പിടിതരേണ്ടതില്ല. എഴുത്തിന് കാമ്പുണ്ടെങ്കില്‍, ഏതെങ്കിലുമൊരു വായനക്കാരന്‍, എന്നെങ്കിലും നിങ്ങളുടെ കഥ തേടിയെത്തും. എഴുത്തുകാരന്റെ നിശ്ശബ്ദത എഴുത്തിനു ശക്തിയേറ്റും എന്നാണ് അനുഭവം.

വയനാടിന്റെയും അട്ടപ്പാടിയുടെയും ജീവിതം
'ഒരിടവഴി പെരുവഴിയില്‍ അന്ധാളിച്ചപ്പോള്‍' (ഫാമിലി ട്രീ: മണ്‍സൂണ്‍ ബുക്‌സ്; 2019) എന്ന കഥയെഴുതിയ വി.എച്ച്. ദിരാര്‍ വയനാടിന്റേയും അട്ടപ്പാടിയുടേയും ജീവിതവും പ്രകൃതിയും അടുത്തറിഞ്ഞവനാണ്. അതിന്റെ രാഷ്ട്രീയ സാംസ്‌കാരിക പരിസരവും അദ്ദേഹത്തിനു വളരെ പരിചിതമാണ്. വയനാട്ടില്‍ കുടിയേറിയെത്തി ഭൂപ്രഭുക്കളായിത്തീര്‍ന്നവരില്‍ മൈസൂരില്‍നിന്നുള്ള ജൈനന്മാരും വടക്കേ മലബാറില്‍നിന്നുള്ള തീയ്യന്മാരും മാപ്ലമാരും ഉണ്ടെന്നുള്ള നിരീക്ഷണം, അച്ചായന്മാരാണ് എവിടെയും ഭൂമി കയ്യേറ്റക്കാരും കുടിയേറ്റക്കാരുമെന്നുമുള്ള മലയാളി പൊതുബോധത്തിനുള്ള തിരുത്താണ്. ദിരാറിന്റെ കഥയില്‍ കഥയ്ക്കനുയോജ്യമായ ക്രാഫ്റ്റുണ്ട്. ക്രാഫ്റ്റ് പാളിപ്പോയിരുന്നെങ്കില്‍ ഈ കഥ നന്നാകുമായിരുന്നില്ല. പ്രവാസിയുടേയും കുടിയേറ്റക്കാരന്റേയും മണ്ണിന്റെ കഥയാണ് ദിരാര്‍ വ്യത്യസ്ത നൂലിഴകളിലൂടെ നെയ്‌തെടുക്കുന്നത്. ദുബായിലെ വിഷ്വല്‍ പ്ലസ് പരസ്യക്കമ്പനിയുടെ സജീവന്‍ ഒരു നോവലിസ്റ്റും കൂടിയാണ്. രാത്രിയില്‍ അയാളുടെ ഗ്രാഫിക് ഡിസൈന്‍ കമ്പനിയില്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന സാന്ദീപിന്റെ തുടരെയുള്ള മൊബൈല്‍ വിളികള്‍ സജീവനെ തേടിയെത്തുന്നു. സജീവിന്റെ നോവലിന്റെ ഡി.ടി.പി. ചെയ്യുന്നതും സാന്ദീപ് തന്നെ. നോവലില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ എം. ഡിയെ അടിച്ച് താഴെയിട്ട ശേഷം കേന്ദ്ര കഥാപാത്രമായ താഹിര്‍ രാത്രിയിലൂടെ മരുഭൂമിയിലേയ്ക്ക് ഓടിപ്പോകുന്നു. അന്ന് മണല്‍ക്കാറ്റും ഇടിമിന്നലോടുകൂടിയ മഴയുമുണ്ടായിരുന്നു... ഇനിയെങ്ങനെയാണ് താഹീറിനെ കൊണ്ടുപോകുന്നത്? അതോടെ താഹീര്‍ സാന്ദീപായി സജീവന്റെ മുന്‍പിലെത്തുകയാണ്. താഹിറിനെ ദുബായ് പൊലീസ് പിന്തുടരുന്നുണ്ട്. ആട്ടിടയന്മാരായ ബദുക്കളുടെ ഇടയിലേയ്ക്ക് തള്ളിയിടണോ താഹിര്‍ എന്ന പ്രവാസിയെ. അയാള്‍ മരുഭൂമിയില്‍ ദാഹാര്‍ത്തനായി മരിച്ചു വീഴണോ? അങ്ങനെ കുറേ ചോദ്യങ്ങള്‍ സജീവെന്ന നോവലിസ്റ്റിലെത്തുന്നു. സജീവന്‍ സാന്ദീപിലെത്തുന്നു. സാന്ദീപിന് ദുബായില്‍ ഒരു പണി തരപ്പെടുത്താന്‍ സജീവനോടാവശ്യപ്പെടുന്നത്  പ്രകൃതി സംരക്ഷണസമിതിയുടെ പ്രവര്‍ത്തകനായ ടൈപ്പ്റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയിരുന്ന സതീശന്‍ മാഷാണ്. അവിടെ പഠിക്കാനെത്തിയിരുന്ന ആദിവാസി കുട്ടികളില്‍നിന്ന് മാഷ് ഫീസ് വാങ്ങിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സജീവന്‍ തിരുനെല്ലിയിലെത്തുമ്പോള്‍ സതീശന്‍ മാഷിന്റെ ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട് കംപ്യൂട്ടര്‍ സെന്ററായി മാറിയിരുന്നു. പരുക്കന്‍ ഖദര്‍ ധരിച്ച മാഷും പാന്റിലേയ്ക്ക് കൂടുമാറിയിരിക്കുന്നു. സാന്ദീപനെ മാഷ് സജീവനു പരിചയപ്പെടുത്തുന്നു.

സാന്ദീപന്റെ അച്ഛന്‍ വയനാട്ടില്‍ കുടിയേറിയ നാരായണന്‍കുട്ടിയാണ്. അമ്മ, അയാള്‍ പ്രേമിച്ചു കെട്ടിയ ബോളിയെന്ന ആദിവാസിയും. എന്നാല്‍, ഒരു ദിവസം രാവിലെ തിരുനെല്ലി കവലയിലെ നമ്പ്യാരുടെ ചായക്കടയില്‍ നാലുവയസ്സായ സാന്ദീപനേയും കൂട്ടി എത്തിയ നാരായണന്‍കുട്ടി, അച്ഛനിപ്പോള്‍ വരാം എന്നു പറഞ്ഞു മുന്‍പിലുള്ള പാപനാശിനി പുഴകടന്ന് ബ്രഹ്മഗിരി മലകളില്‍ അപ്രത്യക്ഷനായി.

സങ്കര ജീനില്‍ സാന്ദീപനു പ്രായം കുറവേ തോന്നൂ. മുഖത്തോ ശരീരത്തിലോ ആദിവാസി അടയാളങ്ങളൊന്നുമില്ല. അവന്‍ വീട്ടില്‍ അടിയ ഭാഷ സംസാരിക്കുന്നു. പുറമെ സാധാരണ വയനാട്ടുകാരന്റെ തിരുവിതാംകൂര്‍ - വടക്കന്‍ മലബാര്‍ സങ്കരഭാഷ. അവന്റെ കണ്ണിലെ ദൈന്യത്തിലും മുഖത്തെ അമ്പരപ്പിലും ആദിവാസിയുടെ മിന്നലാട്ടമുണ്ടെന്ന് കഥാകൃത്ത് പറയുന്നു. അവന്‍ പൊതുവെ നിശ്ശബ്ദനാണ്. അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട, നാഗരികതയാല്‍ അധിനിവേശപ്പെട്ട ആദിവാസിയുടെ നിരാലംബത്തമാവാം. ദുബായില്‍ തന്റെ അസിസ്റ്റന്റായി ജോലിക്കെത്തിയ ആദ്യ ദിവസം തന്നെ സാന്ദീപന്റെ രണ്ട് ലോകങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവന്റെ സന്ദിഗ്ദ്ധത, അനാഥത്തം വെളിവായി. സജീവന്‍ ലിഫ്റ്റില്‍ കയറി പതിനാറാം നിലയിലെ ഓഫീസിലെത്തി സാന്ദീപനെ തിരക്കി നില്‍ക്കുമ്പോള്‍, സാന്ദീപന്‍ കോണിപ്പടികള്‍ കയറി വിയര്‍പ്പില്‍ കുളിച്ചുവരുന്നു. അവന്‍ പറഞ്ഞു: ''സജീവേട്ടാ, ലിഫ്റ്റില്‍ ഞാനിതുവരെ കയറിയിട്ടില്ല. എനിക്ക് പേടിയാണ്.'' ഈ ഭയമാണ് സാന്ദീപനെ താഹിറിന്റെ ആത്മാവുമായി ലയിപ്പിക്കുന്നത്; അങ്ങനെയാണ് സജീവന്റെ നോവല്‍ കഥാപാത്രം അവന്റെ ശരീരത്തിനേയും മനസ്സിനേയും ചുട്ട് പൊള്ളിക്കുന്നത്.

സജീവന്‍ സാന്ദീപിന്റെ പണിയന്വേഷിച്ച് അവന്റെ മുറിയിലെത്തുന്നു. ക്ഷീണിച്ചവശനായ സാന്ദീപന്‍ കണ്ണീരില്‍ വിതുമ്പി: ''ഇന്നലെ ഉറക്കം വന്നില്ല. ദുഃസ്വപ്നങ്ങള്‍. മരുഭൂമിയിലൂടെ നടന്നുപോകുന്ന താഹിറിനു പിറകില്‍ ഞാനും കുറേ ദൂരം നടന്നു സജീവേട്ടാ. നടന്നു നടന്നു ഞാന്‍ തിരുനെല്ലിയിലെത്തി. അവിടെ പാപനാശിനി പുഴ കടന്ന് ബ്രഹ്മമലനിരകള്‍ കടന്ന് കാട്ടുപാതയിലൂടെ പോകുന്ന എന്റെ അച്ഛനെ കണ്ടു. ഞാന്‍ കരഞ്ഞു വിളിച്ചിട്ടും അച്ഛന്‍ നിന്നില്ല. തിരിഞ്ഞുനോക്കുകപോലും  ചെയ്തില്ല.'' 

അഭയാര്‍ത്ഥികളായ ആദിവാസിയുടേയും അനാഥരായ കുടിയേറ്റക്കാരുടേയും നിലവിളികള്‍ ആരുടെയും കാതുകളില്‍ പതിയുന്നില്ല. ഭൂമിയിന്ന് ഇത്തരം നിലവിളികള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. ആരും തിരിഞ്ഞുനോക്കുന്നില്ല. ഒരച്ഛനും.

കഥ പിന്നെയും ഒരു പാരഗ്രാഫ് കൂടി വലിച്ചുനീട്ടുന്നുണ്ട് ദിരാര്‍. കഥയുടെ ശക്തി അല്പം കെടുത്തിക്കളയാനേ അതുപകരിച്ചുള്ളൂ. കഥയെഴുത്തുകാര്‍ ഒരു വാക്ക് അധികമായി ഉപയോഗിച്ചാല്‍ അത് എഴുത്തിന്റെ ശോഭ മങ്ങാന്‍ ഇടയാക്കും. ഈ വസ്തുത, ദിരാര്‍ മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നു. ആധുനിക മലയാള കഥയുടെ മുത്തച്ഛനായ കാരൂരിന്റെ 'പൂവമ്പഴവും' 'മരപ്പാവകളും' വായിച്ചാലറിയാം, എത്ര ശ്രദ്ധയോടെയാണ് അദ്ദേഹം വാക്കുകള്‍ ഉപയോഗിക്കുന്നത്. 'പൂവമ്പഴ'ത്തിന്റെ ഭാവതലങ്ങള്‍ സ്ഫുരിക്കുന്ന ഒരു കഥ മലയാളത്തില്‍ അപൂര്‍വ്വമാണ്. 'മരപ്പാവക'ളുടേയും. കാരൂരിന്റെ 'ഉതുപ്പാന്റെ കിണറി'നു പകരം മലയാളി കൊണ്ടാടിയത് സുന്ദരരാമസ്വാമിയുടെ 'ഉഴവുകാള'യാണ്. എം.ടിയുടെ കഥാശില്പം എത്ര അന്യൂനമാണ്! ഒരു വാക്ക് അതില്‍നിന്ന് അടര്‍ത്തിമാറ്റാനാവില്ല. അതുപോലെത്തന്നെയാണ് സക്കറിയയുടെ ലോകനിലവാരത്തിലുള്ള മികച്ച കഥകളും.

ഇരുപത്തിനാലാം വയസ്സിലാണ് ഷീന്‍ അഗസ്റ്റിന്‍ 'ദയാവധം' എന്ന കഥ എഴുതുന്നത്. (പൂര്‍ണ്ണോദയ സംസ്‌കാരിക പത്രിക: ത്രൈമാസികം: 1993) ആകെ ഇരുപതോളം കഥകളേ ഷീന്‍ എഴുതിയിട്ടുള്ളൂ. അറിയപ്പെടാനാഗ്രഹിക്കാത്ത നിശ്ശബ്ദനായ കഥാകൃത്താണ് ഷീന്‍. 'ദയാവധം' ഉള്‍പ്പെടുത്തിയിട്ടുള്ള 'പ്രച്ഛന്നവേഷം' (ലൈഫ് ബുക്‌സ്: 2016) എന്ന ഷീനിന്റെ കഥാസമാഹാരം പ്രസാധകര്‍ അവതരിപ്പിക്കുന്നത് 'മറഞ്ഞിരുന്ന എഴുത്തുകാരന്‍' എന്ന കുറിപ്പോടെയാണ്. 'ദയാവധം' മികച്ച കഥയാണ്. ഈ സമാഹാരത്തിലെ 'പുഴവയ്പും.' ഷീനിന്റെ അട്ടപ്പാടി ജീവിതാനുഭവങ്ങളാണ് 'ദയാവധ'ത്തിന്റെ പശ്ചാത്തലം. മനുഷ്യത്വത്തിനുമേലുള്ള മത്സരവണ്ടിയോട്ടമാണ് കുടിയേറ്റത്തിന്റെ ആഘോഷങ്ങളായി മാറുന്നത്. അരനൂറ്റാണ്ടുമുന്‍പ് കുടിയേറ്റക്കാരനായെത്തിയ കാലത്ത് മനുഷ്യരെ കാണുമ്പോള്‍ കൂട്ടത്തോടെ ഓടിയകലുന്ന കാട്ടുകോഴികള്‍ സാധാരണ കാഴ്ചയായിരുന്നു. 50 വര്‍ഷത്തെ കുടിയേറ്റത്തിന്റെ രത്‌നച്ചുരുക്കമാണ് 1992-ല്‍ അവശേഷിച്ച ഏക കാട്ടുപൂവന്‍ കോഴി. വംശത്തിന്റെ കഥ പറയാന്‍ ഒരു കണ്ണി. അതിന്റെ ചെറിയ മിഴികളും എടുത്തുപിടിച്ചുള്ള നോട്ടവും കുടിയേറ്റക്കാരനെ അസ്വസ്ഥനാക്കി. ''കുടിയേറ്റക്കാരെ മുഴുവനുമല്ല ഞാന്‍ എതിര്‍ക്കുന്നത്. എന്റെത്തന്നെ ഭൂതകാലത്തെ ഞാന്‍ എങ്ങനെയാണ് കയ്യൊഴിയുക? പിന്നെ മനസ്സുകളുടെ കുടിയേറ്റമല്ലേ തലമുറകളെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും! അതിനടിയില്‍ തകര്‍ക്കപ്പെട്ട വേലിക്കെട്ടുകള്‍ എത്രയോ! അല്ലെങ്കില്‍ത്തന്നെ ഏത് ജനതയാണ് ഒരു ഘട്ടത്തിലെങ്കിലും അഭയാര്‍ത്ഥികളാകാതിരുന്നിട്ടുള്ളത്?'' ടോണി ജോസഫിന്റെ ഇന്ത്യയുടെ ജനിതക ചരിത്രം രേഖപ്പെടുത്തുന്ന 'THE EARLY INDIANS' (2018) സമര്‍ത്ഥിക്കുന്നത് അനേകം കുടിയേറ്റത്തിരകളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനസമൂഹങ്ങളെ സൃഷ്ടിച്ചതെന്നാണ്.

വംശത്തിന്റെ അവസാന കണ്ണിയായ കാട്ടുകോഴി പൂവനെന്ന അവര്‍ണ്ണനെ ഒരു കോഴിയും കൂട്ടത്തില്‍ കൂട്ടിയില്ല. അതിജീവനശേഷി നഷ്ടപ്പെട്ട കാട്ടുകോഴി കുടിയേറ്റക്കാരന്റെ മനസ്സിന്റെ താളവും തെറ്റിക്കുന്നു. അയാള്‍ ഒറ്റപ്പെടലിലേയ്ക്കും മാനസിക വിഭ്രാന്തികളിലേയ്ക്കും വീഴുന്നു. അയാളതിന്റെ അവസാന നിശ്വാസം മനസ്സില്‍ ഒപ്പിയെടുക്കാനായി 'ദയാവധ'ത്തിലൂടെ വംശീയവും ജൈവികവുമായ എല്ലാ ദു:ഖങ്ങളില്‍നിന്നും അതിനെ വിമുക്തമാക്കുന്നു. ഹ്രസ്വമായ ഒരിടവേളയ്ക്കുശേഷം ''പ്രപഞ്ചത്തിലെ കോടാനുകോടി ജീവികളുടെ അദൃശ്യകണ്ഠങ്ങളില്‍ നിന്നുമുയരുന്നു, വംശത്തെത്തേടിയുള്ള ആ വിളി...'' ''ഈ വിളിക്ക് എന്താണ് മറുവിളി?'' എന്ന് പ്രപഞ്ചത്തോട് ചോദിച്ചുകൊണ്ട് ഷീന്‍ കഥയവസാനിപ്പിക്കുന്നു. ഷീനിന്റെ ചോദ്യത്തിന് ആരും ഇന്നുവരെ മറുപടി നല്‍കിയിട്ടില്ല. ഭൂമിക്കടിയില്‍നിന്നും ആധുനിക നാഗരികത തമസ്‌കരിച്ച പതിനായിരക്കണക്കിന് ജീവിവംശങ്ങളുടെ, തദ്ദേശീയരുടെ, ആദിവാസികളുടെ, ദളിതരുടെ നിലവിളികള്‍ ഇന്നും ഉയരുന്നുണ്ട്. ഈ നിലവിളികളിലെ വിഹ്വലത ഷീനിന്റേയും മനസ്സിന്റെ താളം തെറ്റിക്കുന്നുണ്ട്.

ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായ ജീവികളെപ്പറ്റിയുള്ള അന്വേഷണമാണ് ഡേവിഡ് ക്വാമ്മെന്റെ 'ഡോഡോവിന്റെ പാട്ട്' (THE SONG OF THE DODO) എന്ന ഗ്രന്ഥം. ഇന്ത്യന്‍ സമുദ്രത്തിലെ മൊറീഷ്യസ് ദ്വീപില്‍ ജീവിച്ചിരുന്ന ഡോഡോവിന്റെ വംശനാശം ഷീനിന്റെ 'കാട്ടുപൂവന്‍കോഴി'യെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

''അവസാനത്തെ കൊലയാളിയല്ല വംശനാശം സംഭവിക്കുന്ന ജീവിയുടെ ഘാതകന്‍: ഡോഡോയുടേയും. അവസാനത്തെ ജീവിയുടെ അന്ത്യം ഒരു യാഥാര്‍ത്ഥ്യമാകുന്നതോടെ.... ആ ജീവിവംശം ഒരുപാട് അതിജീവന സംഘര്‍ഷങ്ങളില്‍പ്പെട്ട് പരാജയപ്പെട്ടിട്ടുണ്ടാകും.... കാഴ്ചപോയ, വൃദ്ധനായ ഒരു ഡോഡോ പക്ഷിയെ മൊറീഷ്യസ് ദ്വീപിന്റെ ഏതെങ്കിലുമൊരു പ്രാതസന്ധ്യയില്‍ സങ്കല്പിക്കുക. തണുപ്പും മഴയും സഹിക്കാതെ ഏതെങ്കിലും പാറയുടെ തണലില്‍ അതൊതുങ്ങി കൂനിക്കൂടിയിരിക്കും. ഏകയായി. വന്യമായ ഏകാന്തതയില്‍, അന്ധതമസ്സിനെ വൃഥാ നേരിട്ടുകൊണ്ട്. നില്‍ക്കാന്‍ കെല്‍പ്പില്ലാതെ തല നെഞ്ചിലേയ്‌ക്കൊതുക്കി അത് മണ്ണിലേയ്ക്ക് ഒടിഞ്ഞു വീണിട്ടുണ്ടാകാം. ക്ഷമയോടെ തന്റെ വംശത്തിന്റെ ദുരന്തം ഏറ്റുവാങ്ങിക്കൊണ്ട്. ഒന്നുറക്കെ കരയാന്‍ കൂടി ശക്തിയില്ലാതെ, അതിന്റെ നിഷ്ഫലതയോര്‍ത്ത്.'' (പുറം-87: അധികാരത്തിന്റെ ആസക്തികള്‍ - 2012 - കെ. അരവിന്ദാക്ഷന്‍)

ഷീന്‍ അഗസ്റ്റിന്‍ 'ദയാവധ'ത്തിലൂടെ കാട്ടുപൂവന്റെ വംശീയവും ജൈവികവുമായ വേദന എന്നന്നേയ്ക്കുമായി അതിന്റെ കഴുത്ത് ഞെരിച്ചമര്‍ത്തി അവസാനിപ്പിക്കുന്നു, ഭ്രാന്തമായ ഉള്‍ക്കിടിലത്തോടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com