ക്ഷണിക്കപ്പെടാത്ത അതിഥി: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

വഴിയാത്രക്കാരുടെ പരിഹാസത്തിനു പാത്രനാകാതെ റോഡിലൂടെ നടക്കാന്‍ സാധിച്ചത് അദ്ദേഹത്തിന് ആശ്വാസമായി അനുഭവപ്പെട്ടു.
ക്ഷണിക്കപ്പെടാത്ത അതിഥി: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

സെന്റ് റെമിയില്‍നിന്ന് പാരീസിലെത്തി മൂന്നു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, അവിടെനിന്ന് ഇരുപതു മൈലകലെയുള്ള അവേഴ്സ് സൂര്‍ ഒയ്‌സി എന്ന സ്ഥലത്ത് പോകുന്ന കാര്യം, തിയോ ഉള്‍പ്പെടെ ആരോടും വിന്‍സന്റ് അറിയിച്ചിരുന്നില്ല. ''പാരീസിലെ ശബ്ദം എനിക്കു സഹിക്കാനാവില്ല.'' പിന്നീടൊരിക്കല്‍ തിയോയ്‌ക്കെഴുതിയ കത്തില്‍, ''നിങ്ങളോടൊപ്പം ഞാന്‍ ചെലവിട്ട മണിക്കൂറുകള്‍ എനിക്കും നിങ്ങള്‍ക്കുമെല്ലാം പ്രയാസങ്ങള്‍ നിറഞ്ഞവയായിരുന്നു. അതൊന്നും ഇനി ആവര്‍ത്തിക്കാന്‍ വയ്യ.'' ആ കത്തിനൊടുവില്‍ പാരീസില്‍ ചെലവിട്ട ദിവസങ്ങളിലുണ്ടായ അനുഭവങ്ങള്‍ ഒറ്റ വാചകത്തില്‍ വിന്‍സന്റ് രേഖപ്പെടുത്തി-മരണവേദന പോലെ. തിയോയും കുടുംബവും തന്നെ ഒരു ഭാരമായാണ്, പേടി ജനിപ്പിക്കുന്ന ഭാരം, കാണുന്നതെന്ന വിചാരം അദ്ദേഹത്തെ തളര്‍ത്തി. ആര്‍ക്കും ഒഴിവാക്കാനാകാത്ത അനാവശ്യ സാന്നിദ്ധ്യമായി താന്‍ മാറിയിരിക്കുകയാണോ? ചിത്രരചനയില്‍ മുഴുകാന്‍ ആ തോന്നല്‍ തടസ്സമാകുമെന്ന ദുഃഖവുമായി, പാരീസില്‍നിന്ന് ആരെയും അറിയിക്കാതേയും ആരും അറിയാതേയും അദ്ദേഹം ഒളിച്ചോടുകയാണ് ചെയ്തത്.

ഗ്രാമശാലീനത നിറഞ്ഞ അവേഴ്സിലെ അന്തരീക്ഷം പതുക്കെപ്പതുക്കെ അദ്ദേഹത്തിനു സാന്ത്വനമായി. വഴിയാത്രക്കാരുടെ പരിഹാസത്തിനു പാത്രനാകാതെ റോഡിലൂടെ നടക്കാന്‍ സാധിച്ചത് അദ്ദേഹത്തിന് ആശ്വാസമായി അനുഭവപ്പെട്ടു. സെന്റ് റെമിയില്‍നിന്ന് കൊണ്ടുവന്ന നാല് ക്യാന്‍വാസ്സുകള്‍ മാത്രം പാരീസ് വിടുമ്പോള്‍ അദ്ദേഹമെടുത്തു. അവേഴ്സിലെത്തിയ ദിവസം തന്നെ ഡോക്ടര്‍ പോള്‍ ഗാച്ചെറ്റിനെ സന്ദര്‍ശിച്ചു. ഹോമിയോ ഡോക്ടറായി നാല്‍പ്പതു കൊല്ലമായി പ്രവര്‍ത്തിക്കുകയായിരുന്ന അദ്ദേഹം വിഭാര്യനായിരുന്നു. പതിനാറും (പോള്‍) ഇരുപത്തി ഒന്നും (മാര്‍ഗററ്റ്) വയസ്സുള്ള മക്കളുമായി സംതൃപ്തമായ വിശ്രമ ജീവിതം നയിച്ചിരുന്ന അദ്ദേഹം നിരവധി ചിത്രമെഴുത്തുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. സ്വന്തം ജോലിയില്‍ പൂര്‍ണ്ണമായി ജീവിതം സമര്‍പ്പിക്കുകയാണ്, ഏതു തരം ചികിത്സയെക്കാളും ഫലപ്രദമെന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് വലിയ മതിപ്പൊന്നും അദ്ദേഹത്തെക്കുറിച്ച് തനിക്കു തോന്നുന്നില്ലെന്ന് തിയോയെ അറിയിക്കവെ ''എന്നെപ്പോലെ മാനസികമായ അസ്വസ്ഥതകള്‍ക്ക് ഗാച്ചെറ്റും വിധേയനാണെന്ന്'' വിന്‍സന്റ് എഴുതി. സെന്റ് ഓബിനിലെ കഫേ-ഓബറേജിലെ ലോഡ്ജിലെ മുറി വിന്‍സന്റിന്റെ താമസത്തിനായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രതിദിനം ആറു ഫ്രാങ്ക് വാടക കൂടുതലായതിനാല്‍ പകരം ടൗണ്‍ഹാളിന് എതിരെയുള്ള പ്ലാസ ഡി ലാമേരിയിലെ ഒരു മുറി മൂന്നര ഫ്രാങ്കിനെടുത്ത് വിന്‍സന്റ് അവിടെ താമസം തുടങ്ങി. ആ താമസക്കാലത്ത്, പല പ്രാവശ്യം ഡോക്ടര്‍ ഗാച്ചെറ്റിന്റെ വസതി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അപ്പോഴെല്ലാം അതിഥിക്കുവേണ്ടി ഡോക്ടര്‍ സദ്യ ഒരുക്കിയിരുന്നു. തനിക്ക് അപ്രാപ്യമായിരുന്ന കുടുംബ ജീവിതത്തിന്റെ ഊഷ്മളത അതുവഴി അനുഭവിക്കാന്‍ കഴിഞ്ഞതിനെപ്പറ്റി വിന്‍സന്റ് ഓര്‍മ്മിച്ചിരുന്നു. ഹോളണ്ടിലേയ്ക്കള്ള യാത്രയ്ക്കിടയില്‍ ഏതാനും ദിവസങ്ങള്‍ വിന്‍സന്റിനോടൊപ്പം ചെലവിടാനായി കുടുംബസമേതം തിയോ അവേഴ്സിലെത്തിയിരുന്നു. ''വിന്‍സന്റ് പൂര്‍ണ്ണമായും രോഗമുക്തനാണെന്ന്'' പാരീസ് സന്ദര്‍ശനത്തിനിടയില്‍ ഡോക്ടര്‍ ഗാച്ചെറ്റ് ഉറപ്പു നല്‍കിയിരുന്നതും തിയോയുടെ സന്ദര്‍ശനത്തിനുള്ള കാരണമായി.

പേ പിടിച്ച കഴിഞ്ഞകാല ഓര്‍മ്മകള്‍
പാരീസുകാരനായ ആര്‍തര്‍ ഗുസ്താവ് റവോനയുടെ ഉടമസ്ഥതയിലുള്ള കഫേയിലെ മുറിയിലായിരുന്നു താമസമെങ്കിലും പകല്‍ സമയം മുഴുവന്‍ ചിത്രം വരയ്ക്കാനായി വിന്‍സന്റ് അവേഴ്സില്‍ ചുറ്റിക്കറങ്ങി. പൂക്കളും പൂന്തോട്ടങ്ങളും നിറഞ്ഞ താഴ്വരകളിലും പുഴക്കരയിലും അലസമായി ചുറ്റിക്കറങ്ങിയ അദ്ദേഹം പതുക്കെയെങ്കിലും മാനസികമായ സ്വാസ്ഥ്യതയിലേക്ക് മടങ്ങിയെത്തിയിരുന്നു. ജ്വരബാധിതമായ ദിവസങ്ങള്‍ പേടിസ്വപ്നമായി അവശേഷിക്കുമ്പോഴും അത്തരം പ്രതിസന്ധികള്‍ ആവര്‍ത്തിച്ചേക്കുമെന്ന ഉല്‍ക്കണ്ഠയെ അതിജീവിക്കാന്‍ ബോധപൂര്‍വ്വം യത്‌നിച്ചിരുന്നെങ്കിലും അതിന് അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. എങ്കിലും ഇനിയുള്ള ദിവസങ്ങള്‍ ശാന്തമായിരിക്കുമെന്ന പ്രത്യാശയുമായി അദ്ദേഹം ജീവിച്ചു. അര്‍ലിസില്‍നിന്ന്, ദീര്‍ഘമായ കത്തിടപാടുകള്‍ക്കു ശേഷം, ഫര്‍ണിച്ചര്‍ എത്തിയ പശ്ചാത്തലത്തില്‍ ''പേ പിടിച്ച കഴിഞ്ഞ കാല''ത്തിന്റെ നേര്‍ക്ക് തിരശ്ശീല വീണിരിക്കുകയാണെന്ന തോന്നലും അദ്ദേഹത്തില്‍ സജീവമായി.

ജ്വരബാധിതങ്ങളായ ദിവസങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലുകളെടുക്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന വിന്‍സന്റ് പലപ്പോഴും ഉല്‍ക്കണ്ഠ കനക്കുമ്പോള്‍ മദ്യത്തെ ആശ്രയിക്കുന്നത് പതിവാക്കി. താല്‍ക്കാലികമായ ആശ്വാസമാണെന്നറിയാമായിരുന്നുവെങ്കിലും  അതൊഴിവാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ''ചിത്രങ്ങള്‍ രചിക്കുന്നതിനായി കൂടുതല്‍ കൂടുതല്‍ സമയം ചെലവാക്കുക മാത്രമാണ് രക്ഷാമാര്‍ഗ്ഗമെന്ന്'' തനിക്കറിയാമെന്ന് ആ ദിവസങ്ങളിലെ അനുഭവങ്ങള്‍ വിവരിക്കവെ തിയോയ്ക്ക് വിന്‍സന്റ് എഴുതി. ''സെന്റ് റെമിയില്‍ സൂക്ഷിച്ചിരുന്ന ക്യാന്‍വാസുകളും എത്തി. 'ഐറിസിസി'ലെ ചായം ഉണങ്ങി. അതിഷ്ടമാകുമെന്നാണ് എനിക്ക് തോന്നുന്നത്. പുറമെ റോസാപ്പൂക്കള്‍, ഗോതമ്പു പാടം, ചെറിയ ഒരു മല-മൂന്നു ചിത്രങ്ങള്‍ കൂടിയുണ്ട്. തിളക്കം നഷ്ടപ്പെട്ട ചന്ദ്രനില്ലാത്ത രാത്രി ആകാശം. അകലെ ഉദിച്ചുയരുന്ന ചന്ദ്രക്കലയുടെ അവ്യക്ത രൂപം. ഒറ്റ നക്ഷത്രത്തിനു താഴെ ഉയരങ്ങളിലെത്തുന്ന സൈപ്രസ്സ്. ആ മരത്തിനു മുകളില്‍ അഗാധ നീലിമ അതിലേയ്ക്ക് നീങ്ങിവരുന്ന മേഘപാളികള്‍. ആല്‍പ്സ് മലനിരകളും മഞ്ഞവെളിച്ചം നിറയുന്ന ജാലകങ്ങളും. ഒരുപക്ഷേ, കാവ്യാത്മകമായി അത് അനുഭവപ്പെട്ടെന്നിരിക്കാം. ഇതിനിടയില്‍ ഡോക്ടര്‍ ഗാച്ചെറ്റിന്റെ ഒരു പോര്‍ട്രെയിറ്റ് ഞാന്‍ വരച്ചു. അതിന് മുന്‍പൊരു ദിവസം പിയാനോ വാദനം നടത്തുന്ന മാഡം ഗാച്ചെറ്റി(മാര്‍ഗററ്റ്)ന്റെ ചിത്രവും വരച്ചു. ഉടനെ ഗോതമ്പു പാടങ്ങളുടെ ചിത്രങ്ങള്‍ വരച്ചുതുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അത്തരം ആലോചനകള്‍ക്കിടയിലാണ്, കുഞ്ഞിന് (തിയോയുടെ മകന്‍) അസുഖമാണെന്ന നിന്റെ കത്ത് എന്നെ ഉല്‍ക്കണ്ഠാഭരിതനാക്കുന്നത്.'' അങ്ങനെ ചിത്രരചനയ്ക്കായി അവേഴ്സില്‍ ചുറ്റിക്കറങ്ങുന്നത് പതിവാക്കിയ അദ്ദേഹം ഇടയ്‌ക്കൊരു ദിവസം ഉച്ചയ്ക്ക് ആഹാരം കഴിക്കാനായി റവോനയുടെ കോഫി ഷോപ്പില്‍ വന്നു. ഭക്ഷണശേഷം ചായപ്പെട്ടിയും ക്യാന്‍വാസ്സും വരയ്ക്കാനുപയോഗിക്കുന്ന ചിത്രത്തട്ടുമായി പുറത്തേയ്ക്ക് പോയി.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
സായാഹ്നം രാത്രിക്ക് വഴിമാറിക്കൊടുത്തിരുന്നില്ല. വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നതേയുള്ളൂ. അകലെനിന്ന് വിന്‍സന്റ് വേച്ചുവേച്ചു നടന്നുവരുന്നത് കഫേയുടെ മട്ടുപ്പാവില്‍ നില്‍ക്കുകയായിരുന്നവര്‍ കണ്ടു. ''ഒരു കൈകൊണ്ട് വയറ്റില്‍ അമര്‍ത്തിപ്പിടിച്ച് ഏന്തി വലിഞ്ഞാണ് അദ്ദേഹം നടന്നിരുന്നത്.'' അതു നോക്കിനിന്ന ഒരാള്‍ പിന്നീട് ഓര്‍മ്മിച്ചു. മടങ്ങി വന്ന്, അദ്ദേഹം ആരോടും മിണ്ടാതെ മുറിയില്‍ കയറി കതകടച്ചു. കഫേയുടെ ഉടമ റവോ അതു കണ്ടു. തന്റെ വാടകക്കാരനായ വിന്‍സന്റിന്റെ അസാധാരണമായ പെരുമാറ്റത്തില്‍ സംശയം തോന്നിയെങ്കിലും ഒന്നും പറയാതെ അയാള്‍ അവിടെ നിന്നതേയുള്ളൂ. മുറിക്കു താഴെ കോവണിച്ചുവട്ടില്‍ നില്‍ക്കുകയായിരുന്ന റവോ മുകളില്‍നിന്നു ഞരക്കവും അമര്‍ത്തിയ കരച്ചില്‍ ശബ്ദവും കേട്ട് അകത്തു കയറി മുറി തുറന്നു നോക്കുമ്പോള്‍ കണ്ടത്, കിടക്കയില്‍ ചുരുണ്ടുകിടക്കുന്ന വിന്‍സന്റിനെയായിരുന്നു. അടുത്തു ചെന്ന് ആരാഞ്ഞ റവോയോട് അദ്ദേഹം പറഞ്ഞു: ''ഞാന്‍ എന്നെ മുറിവേല്പിച്ചു.''

ഉച്ചഭക്ഷണത്തിനും സായാഹ്നത്തിനുമിടയ്ക്കുള്ള ഏതാനും മണിക്കൂറുകളില്‍ എന്തു സംഭവിച്ചുവെന്ന് ആരും അറിഞ്ഞില്ല, ആരും തിരക്കിയതുമില്ല. എന്തെങ്കിലും അപകടം ഉണ്ടാകുന്നതൊഴിവാക്കണമെന്ന നിലയില്‍, മുറിയില്‍നിന്ന് റവോ താഴെ വന്ന്, ആ പ്രദേശത്തുകാരെ ചികിത്സിക്കുന്ന ഡോക്ടര്‍ മസേറിയെ വിളിച്ചുവരുത്തി. അയാളോടൊപ്പം ഡോക്ടര്‍ ഗാച്ചെറ്റും എത്തി. അവര്‍ മൂവരും മുറിയില്‍ ചെന്നു, അവശനായി ബോധത്തിനും ബോധരാഹിത്യത്തിനും ഇടയിലൂടെ യാത്ര ചെയ്യുകയായിരുന്ന വിന്‍സന്റിനെ പരിശോധിച്ചു. അപ്പോഴാണ് അവര്‍ അറിയുന്നത്, അദ്ദേഹത്തിന്റെ വയറ്റില്‍ വെടിയേറ്റിരിക്കുന്നു. പിന്നെ വൈകിയില്ല, പാരീസിലുള്ള തിയോയെ ഡോക്ടര്‍ ഗാച്ചെറ്റ് വിവരമറിയിച്ചു.

പ്രാഥമിക പരിശോധനയില്‍ത്തന്നെ ചെറിയതരം പിസ്റ്റല്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് ഡോക്ടര്‍ മസേറി ഊഹിച്ചു. ''വിന്‍സന്റിന്റെ അസ്ഥികള്‍ക്കിടയിലൂടെ പാഞ്ഞ വെടിയുണ്ട നെല്ലിക്കാ വലുപ്പത്തിലുള്ളതായിരിക്കാം. വെടിയുണ്ടയേറ്റിടത്തുനിന്ന് ചെറുതായ നിലയില്‍ ചോര ഒലിക്കുന്നുണ്ടായിരുന്നു. രക്തധമനികള്‍ക്കോ മറ്റു പ്രധാന അവയവങ്ങള്‍ക്കോ മുറിവേറ്റിരുന്നില്ല. ആമാശയത്തിനു താഴെയെത്തിയ വെടിയുണ്ട പുറത്തുപോകാതെ അകത്തു തറച്ചിരിക്കുകയായിരുന്നു. ''ഡോക്ടറുടെ നിഗമനത്തെ ആരും ചോദ്യം ചെയ്തില്ല. മുറിവേറ്റ വിന്‍സന്റിനെ ആശുപത്രിയിലെത്തിച്ച് വെടിയുണ്ട നീക്കാനുള്ള ശ്രമമൊന്നുമുണ്ടായില്ല. അപകടവിവരമറിഞ്ഞ് അവിടയെത്തിയ ഒരു പൊലീസുകാരന്‍ കൂടുതല്‍ അന്വേഷണമൊന്നും നടത്താതെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി അധികൃതര്‍ക്ക് അയച്ചു. സംഭവത്തെപ്പറ്റി ആരും ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയില്ലെന്നതിനെക്കാള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ പരിശ്രമങ്ങളൊന്നും ഉണ്ടായില്ലെന്നതാണ് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? ആര്‍ക്കും ഉത്തരമില്ല.''


ഡോക്ടര്‍ ഗാച്ചെറ്റില്‍നിന്നുള്ള സന്ദേശം കിട്ടിയ ഉടന്‍ പാരീസില്‍നിന്ന് യാത്ര തിരിച്ച തിയോ അടുത്ത ദിവസം ഉച്ചയോടുകൂടി അവേഴ്സിലെത്തി. അപ്രതീക്ഷിതമായി അപകടം സംഭവിച്ചതിലുള്ള ആശങ്കയുമായി, വിന്‍സന്റിന്റെ മുറിയില്‍ കയറിച്ചെന്ന തിയോ, പരിഭ്രമിച്ചുപോയി. താന്‍ ആകുലപ്പെട്ടത് വെറുതെയായിരുന്നുവെന്ന ആശ്വാസം അയാള്‍ക്കനുഭവപ്പെട്ടു. പുകയും വലിച്ച് വിന്‍സന്റ് കിടക്കുകയായിരുന്നു. അതിനുശേഷം ജോയ്‌ക്കെഴുതിയ കത്തില്‍, ''തീരെ അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച. അവശനായിരുന്നുവെങ്കിലും'' (അപ്പോള്‍ അവര്‍ സംസാരിച്ചത്, മാതൃഭാഷയായ ഡച്ചിലായിരുന്നു) വിന്‍സന്റിനെ കണ്ട മാത്രയില്‍ വികാരാധീനനായ തിയോ ജ്യേഷ്ഠനെ ആശ്ലേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്കായിരുന്നു തിയോയെത്തിയത്. സന്ധ്യവരെ അവര്‍ സംസാരിച്ചിരുന്നു. കിടക്കയില്‍ ചാഞ്ഞു കിടക്കുകയായിരുന്ന വിന്‍സന്റിന്റെ അരികിലേയ്ക്ക് കസേരയിലിരുന്നായിരുന്നു തിയോ സംസാരിച്ചത്. സംസാരത്തിനിടയില്‍, വേദന കടിച്ചമര്‍ത്തിയിരുന്ന വിന്‍സന്റ് അമര്‍ത്തുന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നു. ഇടയ്ക്കുവെച്ച് വിന്‍സന്റ് മയങ്ങിപ്പോയി. മറ്റു ചിലപ്പോള്‍ ചെറിയ തോതില്‍ ഭക്ഷണം കഴിച്ചു. അതെല്ലാം വിവരിക്കവെ, ''എത്ര പാവപ്പെട്ടവനാണ് വിന്‍സന്റ്. ജീവിതത്തില്‍ ഒരിക്കലും ആനന്ദം കണ്ടെത്താനാകാതെ പോയ മനുഷ്യന്‍.'' തിയോ എഴുതി: ''കൊച്ചുകുട്ടിയുടെ ആരോഗ്യത്തെപ്പറ്റി അറിയാന്‍ വിന്‍സന്റിനു വലിയ ആകാംക്ഷയായിരുന്നുവെന്നും'' തിയോ ഓര്‍മ്മിച്ചു. സംസാരത്തിനിടയില്‍ ഒരു പ്രാവശ്യം പോലും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായോ അതിനുവേണ്ടി തോക്കുപയോഗിച്ചതായോ വിന്‍സന്റ് സൂചിപ്പിച്ചതേയില്ല. മുന്‍പൊരിക്കല്‍ സംഭാഷണത്തിനിടയില്‍, ''ഞാനൊരിക്കലും മരണത്തെ തേടുകയില്ലെന്നും എന്നാല്‍, മരണമെത്തിയാല്‍ അതിനെ നിരാകരിക്കുകയില്ലെന്നും'' വിന്‍സന്റ് പറഞ്ഞത് തിയോ മറന്നിരുന്നില്ല. അങ്ങനെ ജീവിതത്തെ അതിന്റെ എല്ലാ ക്ലേശങ്ങളോടും കൂടി വാരിപ്പുണരുന്നതില്‍ ഒരിക്കലും വൈമനസ്യം പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത അദ്ദേഹം എന്തിനായിരുന്നു ജീവനൊടുക്കാന്‍ ശ്രമിച്ചത്? സെന്റ് റെമിയില്‍നിന്ന് പാരീസിലേയ്ക്കും അവിടെനിന്നു അവേഴ്സിലേക്കും താമസിക്കുന്നതിനിടയില്‍ അര്‍ലിസിലെ പേടിപ്പെടുത്തുന്ന ദിവസങ്ങളോട് അദ്ദേഹം വിടപറഞ്ഞിരുന്നു. മാനസികമായ തകര്‍ച്ച സംഭവിക്കുമെന്ന് അദ്ദേഹം പേടിച്ചിരുന്നു. അതൊരു പേടിസ്വപ്നം പോലെ അദ്ദേഹത്തെ അനുധാവനം ചെയ്തു. എങ്കിലും ജ്വരബാധിത ദിവസങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടിവരില്ലെന്ന വിശ്വാസം പതുക്കെയെങ്കിലും ദൃഢമായിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ എങ്ങനെ ഇതു സംഭവിച്ചു? ഭക്ഷണത്തിനുശേഷം, ചായപ്പെട്ടിയും ക്യാന്‍വാസ്സുകളുമായി നടന്നുപോയ അദ്ദേഹം മടങ്ങുമ്പോള്‍ അവയൊക്കെ ഉപേക്ഷിച്ചതാണോ, അതോ ആരെങ്കിലും അവ അപഹരിച്ചതാണോ? വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ വിന്‍സന്റിന് എവിടെനിന്ന് തോക്കു കിട്ടി? മുന്‍പൊരിക്കലും, ഏതെങ്കിലും തരത്തിലുള്ള ആയുധം അദ്ദേഹം സൂക്ഷിച്ചിരുന്നതായി അടുപ്പമുള്ള ആരും അറിഞ്ഞിരുന്നില്ല. എന്നിട്ടും ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്തായിരുന്നു?

മാറില്‍ ചേര്‍ന്ന് കിടന്ന്...
സംസാരിക്കുകയും ഇടയ്ക്കുവെച്ച് മൗനത്തിലേയ്ക്ക് മടങ്ങുകയും ചെയ്തിരുന്ന വിന്‍സന്റിന്റെ ശ്വാസഗതി മന്ദമാകുന്നുണ്ടായിരുന്നു. കടുത്ത വേദന അമര്‍ത്താനുള്ള ശ്രമം പലപ്പോഴും വിഫലമായതിന്റെ സൂചനയായിരുന്നു അദ്ദേഹം പുറപ്പെടുവിച്ചിരുന്ന അസാധാരണമായ ശബ്ദം. പെട്ടെന്നു നിശ്ശബ്ദനായിരുന്ന വിന്‍സന്റിനു തന്റെ അന്ത്യം അടുത്തുവെന്ന ബോധമുണ്ടായിരുന്നതായി തിയോ പിന്നീട് ഓര്‍മ്മിക്കുകയുണ്ടായി. ''വിന്‍സന്റ് മരണം സ്വയം വരിച്ചു കഴിഞ്ഞതായി എനിക്കു തോന്നി. വൈഷമ്യങ്ങള്‍ തരണം ചെയ്ത് ആരോഗ്യം വീണ്ടെടുക്കുമെന്ന് ആശ്വസിപ്പിക്കുന്നത് കേട്ടു കിടക്കുകയായിരുന്ന വിന്‍സന്റ് പതുക്കെപ്പറയുന്നുണ്ടായിരുന്നു: ഇല്ല, ദുഃഖം സ്ഥായിയാണ്. അച്ഛന്റെ മരണശയ്യയ്ക്ക് അരികിലിരിക്കെ മരിക്കുക ദുഃഖകരമെന്നതുപോലെ മരിക്കാതിരിക്കുകയെന്നത് അതിനെക്കാള്‍ ദുഷ്‌കരമാണെന്ന് വിന്‍സന്റ് പറഞ്ഞതാണപ്പോള്‍ ഞാനോര്‍ത്തത്.''

അര്‍ദ്ധരാത്രിയായി. അനുജന്റെ മാറില്‍ അമര്‍ന്നുകിടക്കുകയായിരുന്ന വിന്‍സന്റ് മരണത്തിലേയ്ക്ക് നിശ്ശബ്ദം യാത്രയാവുകയായിരുന്നു. ''ഈ വിധത്തില്‍ത്തന്നെയാണ് മരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത്.'' ദുര്‍ബ്ബലമായ ശബ്ദത്തില്‍ അപ്പോള്‍ വിന്‍സന്റ് പറഞ്ഞു.

പുലര്‍ച്ചയോടെ ശ്വാസം നിലച്ച്, വിന്‍സന്റിന്റെ കണ്ണുകള്‍ അടഞ്ഞു. ഒരു മഹാജീവിതം, വെന്ത് വെന്ത് കരിഞ്ഞു അവസാനിക്കുകയായിരുന്നു. ജ്യേഷ്ഠന്റെ മരണവൃത്താന്തം അമ്മയെ അറിയിക്കവെ തിയോ പറഞ്ഞു: ''വിന്‍സന്റ് ആഗ്രഹിച്ച വിശ്രമം അവസാനമെത്തി. എന്റെ അമ്മേ, എന്റെ ജ്യേഷ്ഠന്‍...''

അനുശോചനം അറിയിക്കാനായി ഓരോരുത്തരായി എത്തിത്തുടങ്ങിയപ്പോഴാണ് അവേഴ്സിലെ പള്ളിയില്‍ വെച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്താനുള്ള അനുമതി പുരോഹിതന്‍ നിഷേധിച്ചത്. മുന്‍പ് വിന്‍സന്റ് ചിത്രത്തിലാക്കിയിരുന്ന പള്ളിക്ക് അല്പം അകലെയായി, വിജനമായ ഒരു കുന്നിന്‍ മുകളില്‍ ഒരിടം വിലയ്ക്കു വാങ്ങി അവിടെയായിരുന്നു വിന്‍സന്റിന്റെ മൃതദേഹം അടക്കിയത്.


വിന്‍സന്റിന്റെ സ്‌നേഹിതനായിരുന്ന എമിലി ബെര്‍ണാഡ് ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ഓര്‍മ്മ പിന്നീട് ഇങ്ങനെ രേഖപ്പെടുത്തി: ''വീണ്ടും കാണാമെന്ന പ്രതീക്ഷയുമായി നാല് കൊല്ലങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞശേഷം അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ഞാനെത്തുമ്പോഴേയ്ക്കും വളരെ വൈകിയിരുന്നു. ശവപേടകം അടച്ചിരുന്നു. അവസാനമായി വരച്ചതുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം മൃതദേഹം കിടത്തിയിരുന്ന മുറിയിലെ ഭിത്തികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രതിഭയുടെ തീക്ഷ്ണത പ്രസരിപ്പിക്കുന്ന ആ ചിത്രങ്ങളിലൂടെ, ഞങ്ങളെപ്പോലുള്ള ചിത്രമെഴുത്തുകാരെ വേദനിപ്പിച്ചുകൊണ്ട് ആ മരണം കണ്‍മുന്‍പില്‍ നിറഞ്ഞുനിന്നു. ശവപേടകത്തിനു മുകളില്‍ ഒരു വെള്ളത്തുണി വിരിച്ചിരുന്നു. അതിനു ചുറ്റുമായി പൂക്കള്‍. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സൂര്യകാന്തിപ്പൂക്കള്‍. മഞ്ഞ നിറത്തിലുള്ള ഡാലിയകള്‍. എങ്ങും മഞ്ഞപ്പൂക്കള്‍. മനുഷ്യഹൃദയങ്ങളിലും കലാരചനയിലും താന്‍ സ്വപ്നം കണ്ട പ്രകാശത്തിന്റെ പ്രതീകമായിരുന്നു, അദ്ദേഹത്തിന് മഞ്ഞനിറം. ശവപേടകത്തിന് തൊട്ടടുത്തായി അദ്ദേഹത്തിന്റെ ബ്രഷുകളും മടക്കു സ്റ്റൂളും ചിത്രപീഠവും.

നിരവധി പേര്‍ എത്തിക്കൊണ്ടിരുന്നു. കൂടുതലും കലാകാരന്മാര്‍. ലൂഷ്യന്‍ പിസാരോയേയും ലാസേയേയും അവരില്‍ ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ പരിചയക്കാരായ നാട്ടുകാരും അവരില്‍ ഉണ്ടായിരുന്നു.
എല്ലാവരും നിശ്ശബ്ദരായി, ശവപേടകത്തിന് ചുറ്റുമായി നിന്നു.
മൂന്നു മണിയോടുകൂടി ശവപേടകം പുറത്തെടുത്തു. പലരും കരയുന്നുണ്ടായിരുന്നു. ജ്യേഷ്ഠന്റെ നിഴലായി മാറിയിരുന്ന തിയോഡോര്‍ വാന്‍ഗോ നിശ്ശബ്ദമായി കരയുന്നുണ്ടായിരുന്നു.
പുറത്ത് വെയിലിനു നല്ല ചൂടുണ്ടായിരുന്നു. അവേഴ്സില്‍നിന്ന് അല്പം അകലെയുള്ള കുന്നിലേയ്ക്ക് നടക്കുകയായിരുന്ന ഞങ്ങള്‍, വിന്‍സന്റിനെ ഓര്‍മ്മിക്കുകയും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
പുതിയ സ്മാരകശിലകള്‍ പാകിയ സെമിത്തേരിയില്‍ ഞങ്ങളെത്തി. ചെറിയ ഒരു കുന്ന്. നാല് വശത്തും പഴുത്ത വിളവെടുക്കാന്‍ പാകത്തിലുള്ള ഗോതമ്പു പാടങ്ങള്‍. ഒരുപക്ഷേ, ഈ പാടങ്ങള്‍ ചിത്രത്തിലാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരിക്കും.

മൃതദേഹം അടക്കം ചെയ്ത ശവപേടകം, പതുക്കെ സാവധാനം കുഴിയിലെടുത്തുവെച്ചു. ആരെയും കരയിക്കുന്നതായിരുന്നു ആ മുഹൂര്‍ത്തം. തന്റെ സ്‌നേഹിതനെ ഓര്‍മ്മിച്ചുകൊണ്ട് ഏതാനും വാക്കുകള്‍, ചരമപ്രസംഗം എന്ന നിലയില്‍ പറയാന്‍ ഡോക്ടര്‍ ഗാച്ചെറ്റ് ശ്രമിച്ചു. പക്ഷേ, കണ്ണീരില്‍ ആ വാക്കുകള്‍ മുങ്ങിപ്പോയി. ഞങ്ങള്‍ മടങ്ങി.

വിന്‍സന്റിന്റെ മരണം സംഭവിച്ച് ആറുമാസം പിന്നിട്ടപ്പോള്‍ തിയോ അന്തരിച്ചു. യൂട്രെക്കില്‍ അടക്കം ചെയ്ത തിയോയുടെ മൃതദേഹം, അദ്ദേഹത്തിന്റെ പത്‌നി ജോയുടെ ശ്രമഫലമായി 1914-ല്‍ അവേഴ്സില്‍ വിന്‍സന്റിനെ അടക്കം ചെയ്തതിനടുത്തായി സംസ്‌കരിച്ചു. ഡോക്ടര്‍ ഗാച്ചെറ്റിന്റെ പൂന്തോട്ടത്തില്‍നിന്ന് ഒരു ഐവിച്ചെടി കൊണ്ടുവന്ന് അവിടെ നട്ടു. അതിപ്പോഴും അവിടെ വളര്‍ന്നു നില്‍ക്കുന്നു.

വിന്‍സന്റിന്റെ മരണം ആത്മഹത്യയാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട യാഥാര്‍ത്ഥ്യമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്താനായിട്ടില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ചതായി, അവശനായി കിടപ്പിലായ വിന്‍സന്റ് പറഞ്ഞിരുന്നു. എന്നാല്‍, അതിനുള്ള തോക്ക് എവിടെനിന്നു കിട്ടി, അതെവിടെപ്പോയി എന്നീ കാര്യങ്ങളുടെ നേര്‍ക്ക് അദ്ദേഹം മൗനം പുലര്‍ത്തുകയുണ്ടായി. വെടിവച്ച് ജീവിതം അവസാനിപ്പിക്കാന്‍ താന്‍ സ്വമേധയാ ശ്രമിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയത് ബോധപൂര്‍വ്വമായിരുന്നുവെന്നും  ആരെയോ രക്ഷിക്കാനുള്ള ശ്രമം അതിനു പിന്നിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറയാതെ പറഞ്ഞിരുന്നു. മുന്‍പും ഇത്തരത്തില്‍ അദ്ദേഹം പെരുമാറിയിരുന്നു. കലഹത്തിനിടയില്‍ കോപാകുലനായ പോള്‍ ഗോഗിന്‍ വാളുപയോഗിച്ചാണ് തന്റെ ഇടതു ചെവി മുറിച്ചതെന്ന് വിന്‍സന്റ് വെളിപ്പെടുത്തിയില്ല. അങ്ങനെ സംഭവിച്ചാല്‍, സ്‌നേഹിതനായ ഗോഗിന്‍ അപകടത്തിലാകുമെന്ന  ഉല്‍ക്കണ്ഠയായിരുന്നു, ആത്മനിയന്ത്രണം കൈമോശം വന്ന ഒരു നിമിഷത്തില്‍ തന്റെ ഇടതുചെവി സ്വയം മുറിച്ചതെന്ന് പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് ആ സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയ കലാനിരൂപകര്‍ കണ്ടെത്തിയിരുന്നു. ആ ദുഃഖസത്യത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു  വിന്‍സന്റിന്റെ ജീവന്‍ അപഹരിച്ച ആത്മഹത്യാ ശ്രമമെന്ന കഥ.

ചായപ്പെട്ടിയും ചിത്രപീഠവും ക്യാന്‍വാസുകളുമായി ചിത്രം വരയ്ക്കാനായി പതിവുപോലെ പുറത്തുപോകുന്നതും സായംസന്ധ്യയോടെ വേച്ചു വേച്ചു അദ്ദേഹം മടങ്ങിവരുന്നതും നിരവധി പേര്‍ കണ്ടിരുന്നു. ഒരു കൈകൊണ്ട് വയര്‍ അമര്‍ത്തിപ്പിടിച്ച് മടങ്ങിവന്ന അദ്ദേഹം ആരോടും ഒന്നും സംസാരിക്കാതെ മുറിയില്‍ക്കയറി കതകടച്ചു കിടന്നു. കുറച്ചു നേരത്തിനുശേഷം വേദന കടിച്ചമര്‍ത്തുന്ന ശബ്ദം കേട്ട് മുറിയില്‍ കയറി നോക്കുമ്പോഴാണ്, അവശനായി വിന്‍സന്റ് കിടക്കുന്നത് ഹോട്ടല്‍ ഉടമ കണ്ടത്. കാരണം തിരക്കിയ അയാളോട്, ഞാനെന്നെ മുറിവേല്പിച്ചു എന്നു മാത്രം വിന്‍സന്റ് വെളിപ്പെടുത്തി. രണ്ടു ദിവസം നീണ്ട യാതനയ്‌ക്കൊടുവില്‍ ചികിത്സയോ പരിചരണമോ കിട്ടാതെ ആ ദീപം അണഞ്ഞതോടെ വിന്‍സന്റ് ആത്മഹത്യ ചെയ്തതായി കഥ പ്രചരിച്ചു. അതു നടന്ന് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടപ്പോഴാണ്, ആത്മഹത്യയെന്നത് ഒരു കഥയായിരുന്നുവെന്ന്  വിശ്വസിക്കാവുന്ന തെളിവുകള്‍ പുറത്തുവരുന്നത്.

വിന്‍സന്റിന്റെ ജീവിതത്തെ ഉപജീവിച്ചെഴുതപ്പെട്ട ലസ്റ്റ് ഫോര്‍ ലൈഫ് എന്ന നോവല്‍ ചലച്ചിത്രമായി പ്രദര്‍ശനത്തിനെത്തിയ  1956-ലാണ്, പാരീസുകാരനായ റെനി സെക്രിട്ടിന്‍ എന്ന എണ്‍പത്തിരണ്ടുകാരന്‍ വിന്‍സന്റുമായി പരിചയമുണ്ടായിരുന്നുവെന്നും 'ചെമ്പന്‍ മുടിക്കാരനായ ആ ഡച്ചുകാരനുമായി ഇടപഴകിയിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്. 1890 ഗ്രീഷ്മകാലത്ത് അവേഴ്‌സില്‍ വച്ച് വിന്‍സന്റ് മരണപ്പെടുമ്പോള്‍ സെക്രിട്ടിന് പതിനാറ് വയസ്സുണ്ടായിരുന്നു. സഹോദരനായ ഗാസ്റ്റനുമൊത്ത് അവേഴ്സ് സന്ദര്‍ശിച്ചിരുന്ന ആ ചെറുപ്പക്കാരന്‍ കൂട്ടുകാരുമൊത്ത് പുഴമീന്‍ പിടിച്ചും വേട്ടയാടിയും അവധിക്കാലം ആഘോഷമാക്കിയിരുന്നു. മരക്കൂട്ടങ്ങള്‍ക്കിടയിലിരുന്ന് ചിത്രം വരച്ചിരുന്ന വിന്‍സന്റ് ആ തെമ്മാടിക്കൂട്ടത്തിന് കൗതുകകരമായ ഒരു കാഴ്ചയായിരുന്നു. അദ്ദേഹത്തെ അവര്‍ പരിഹസിക്കുകയും ചിത്രരചനയെ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഹോട്ടലുടമയായ റാവോയില്‍നിന്ന് വിലയ്ക്കു വാങ്ങിയ തോക്കുമായാണ് സെക്രിട്ടിനും കൂട്ടുകാരും മുയല്‍ വേട്ട നടത്തിയിരുന്നത്. ഒരു ചിത്രമെഴുത്തുകാരനെന്ന നിലയില്‍ വിന്‍സന്റിനോട് അവര്‍ക്ക് ബഹുമാനമോ സ്‌നേഹമോ തോന്നിയിരുന്നില്ല. വിചിത്ര വേഷധാരിയായ അദ്ദേഹം അവര്‍ക്ക് ഒരു ജോക്കര്‍ മാത്രമായിരുന്നു. അത്തരം കാര്യങ്ങള്‍ പറഞ്ഞ അയാള്‍ വിന്‍സന്റിന്റെ മരണം സംഭവിച്ചതിനെപ്പറ്റി പക്ഷേ, അര്‍ത്ഥവത്തായ നിശ്ശബ്ദത പുലര്‍ത്തുകയാണ് ചെയ്തത്.

ചോരയൊലിക്കുന്ന വയറും താങ്ങി മടങ്ങിവന്ന വിന്‍സന്റിനെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ആമാശയത്തില്‍ വെടിയുണ്ടകള്‍ തറച്ചിരിക്കുകയാണെന്ന് കണ്ടെത്തിയെങ്കിലും അതു നീക്കം ചെയ്യാന്‍ യാതൊരു നടപടിയും എടുത്തില്ല. അപകട വിവരം അറിഞ്ഞെത്തിയ പൊലീസുകാരനും കൂടുതല്‍ അന്വേഷണമൊന്നും നടത്താതെ ഒരു റിപ്പോര്‍ട്ട് എഴുതി, അതില്‍നിന്നും കൈ കഴുകുകയാണ് ചെയ്തത്.

പാരീസില്‍ നിന്നെത്തിയ സഹോദരന്‍ തിയോയുമായി സംസാരിച്ചപ്പോള്‍ അപകട കാര്യത്തില്‍ വിന്‍സന്റ് മൗനം പുലര്‍ത്തുകയാണുണ്ടായത്. എന്തായിരുന്നു അതിനു കാരണം? നിരാശതയിലും യാതനകളിലും നിന്നുള്ള മോചനമെത്തിയെന്ന വിചാരമായിരുന്നോ അതേപ്പറ്റി അദ്ദേഹം മിണ്ടാതിരുന്നത്?

ആരും ഒന്നും പറയുന്നില്ല. മുപ്പത്തിയേഴാമത്തെ വയസ്സില്‍, ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത അസാധാരണങ്ങളായ കുറേ ചിത്ര ടാജ്മഹലുകള്‍ നല്‍കിയ ശേഷം വിടപറഞ്ഞ വിന്‍സന്റ് വാന്‍ഗോ മനുഷ്യചരിത്രത്തിലെ ദുഃഖനിര്‍ഭരമായ ഒരു അദ്ധ്യായമായി നമ്മോടൊപ്പം ജീവിക്കുന്നു.

(അവസാനിച്ചു)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com