'ഇനി ശ്രീധരന്‍ പിള്ള വിളിച്ചാല്‍ മകനെ വിടരുത് എന്നു പറഞ്ഞു' ; ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ആശ ലോറന്‍സ്‌

'ഇനി ശ്രീധരന്‍ പിള്ള വിളിച്ചാല്‍ മകനെ വിടരുത് എന്നു പറഞ്ഞു' ; ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ആശ ലോറന്‍സ്‌

ന്റെ അന്നത്തില്‍ മണ്ണുവാരിയിട്ടവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. പക്ഷേ, ഇനി എന്തു ചെയ്യുമെന്നും എങ്ങനെ ജീവിക്കുമെന്നും തല്‍ക്കാലത്തേക്കെങ്കിലും എനിക്കും മകന്‍ മിലനും മുന്നില്‍ ഇരുട്ടാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ സിഡ്കോയില്‍ 2012-ല്‍ കരാറടിസ്ഥാനത്തില്‍ കിട്ടിയ ജോലി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആദ്യം ദിവസവേതന ജോലിയാക്കി മാറ്റി; കഴിഞ്ഞ മേയില്‍ പിരിച്ചും വിട്ടു. മിലന്‍ ബി.ജെ.പിയുമായി അടുത്തതും സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ആര്‍.എസ്.എസ് പ്രസിദ്ധീകരണത്തില്‍ ഞാന്‍ ലേഖനമെഴുതിയതുമാണ് കണ്‍മുന്നിലുള്ള കാരണങ്ങള്‍. പക്ഷേ, എന്നെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നിലപാടെടുത്തതുകൊണ്ടുകൂടിയാണ് പിരിച്ചുവിട്ടതെന്ന് ഉറപ്പാണ്. ഒരേ ഇലപ്പൊതി പങ്കിട്ടു കഴിച്ച സഹപ്രവര്‍ത്തകയെ ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന പരാതി കൂടി അഭിമുഖീകരിക്കുകയാണ് ഞാന്‍. എന്നാല്‍, അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. 

ഡല്‍ഹിയില്‍ ഡിസൈനറായി ജോലി ചെയ്തിരുന്ന ഞാന്‍ അവിടുത്തെ കാലാവസ്ഥയും ഉയര്‍ന്ന വീട്ടുവാടകയും താങ്ങാനാകാതെ തിരിച്ചുവന്നപ്പോഴാണ് സിഡ്കോയില്‍ ജോലി കിട്ടിയത്. ഡല്‍ഹിയിലുള്ളപ്പോള്‍ത്തന്നെ കേരളത്തില്‍ ഒരു ജോലി തേടി ആദ്യം വിളിച്ചത് വി.എസ്. സര്‍ക്കാരിലെ വ്യവസായമന്ത്രി എളമരം കരീമിനെയാണ്. ലോറന്‍സ് സഖാവ് വിളിച്ചു പറഞ്ഞാല്‍ ജോലി തരാം എന്നായിരുന്നു മറുപടി. എന്നാല്‍, കുടുംബക്കാര്യത്തില്‍ അപ്പച്ചനും ഞാനും തമ്മില്‍ അകല്‍ച്ച നിലനിന്നിരുന്നു. മാത്രമല്ല, കുറച്ചുകാലമായി പാര്‍ട്ടിയില്‍ ഒന്നുമല്ലാത്ത സ്ഥിതിയില്‍ നില്‍ക്കുന്ന അപ്പച്ചന്‍ പാര്‍ട്ടിയിലെ ആരുടെയെങ്കിലും മുന്നില്‍ മകളുടെ ജോലിക്കുവേണ്ടി യാചിക്കുന്നതില്‍ താല്പര്യവുമില്ലായിരുന്നു. 

സിഡ്കോയില്‍ നിയമന ഉത്തരവുമായി ചെന്ന അന്നു മുതല്‍ മോശം അനുഭവങ്ങളായിരുന്നു. അതിനൊടുവിലാണ് പിരിച്ചുവിടലും കള്ളക്കേസുമൊക്കെ ഉണ്ടായത്. ആരുടെ മുന്നിലും മാനേജര്‍ ജോസഫ് മാത്യു പരിചയപ്പെടുത്തുന്നത് വിവാഹമോചിത എന്നുകൂടി ചേര്‍ത്തായിരുന്നു. എന്നിട്ട് പൊട്ടിച്ചിരിക്കും. അപ്പച്ചന്റെ പേര് എനിക്ക് ഗുണവും ദോഷവും ചെയ്തിട്ടുണ്ട്്. ലോറന്‍സിന്റെ മകള്‍ എന്നു പരിചയപ്പെടുത്തിയാല്‍പ്പിന്നെ ആരുടേയും മറ്റൊരു ചോദ്യവും നേരിടേണ്ടിവരാത്തവിധം പരിഗണന കിട്ടാറുണ്ട്്. എന്നാല്‍, കേളത്തില്‍ കൂടുതലാളുകള്‍ക്കും രാഷ്ട്രീയമായി കൃത്യം നിലപാടുകള്‍ ഉള്ളതുകൊണ്ട ് സി.പി.എം നേതാവായ ലോറന്‍സിനെ ഇഷ്ടമുള്ളവരും ഇല്ലാത്തവരുമുണ്ട്. അപ്പച്ചന്റെ പേരുകൊണ്ടുള്ള സംരക്ഷണമാണ് കുട്ടിക്കാലം മുതല്‍ കിട്ടിയത്. വളര്‍ത്തിയത് അമ്മയാണ്. പേരിന്റെ പ്രൊട്ടക്ഷനേക്കാള്‍ വീടിനൊരു കാവല്‍ വേണമല്ലോ. അത് അമ്മയായിരുന്നു. ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലൊന്നും അപ്പച്ചനും അമ്മയും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഒരുപാടു വേദനകളും ഒറ്റപ്പെടലുമൊക്കെ പിന്നീടു പറയാനുണ്ട്്. ഇതിപ്പോള്‍ ജോലി നഷ്ടപ്പെട്ടതും ഇപ്പോഴത്തെ ഒറ്റപ്പെടലും എന്റെയും മിലന്റേയും മനസ്സിന്റെ നീറ്റലുമൊക്കെ കേരളം അറിയണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

അനുഭവപ്പെരുമഴ 
ഞങ്ങളെങ്ങനെ വളര്‍ന്നു, എങ്ങനെ ജീവിച്ചു എന്ന് അറിയാവുന്ന നേതാക്കളൊക്കെ മണ്‍മറഞ്ഞുപോയി, അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തായി, വേറെ പാര്‍ട്ടിയിലായി, വേറെ ഗ്രൂപ്പിലായി. ഞാനും അപ്പച്ചനും തമ്മില്‍ ഉണ്ടായ പ്രശ്‌നത്തില്‍ ഞങ്ങളെ അടുപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിക്കാരന്‍ ഇ. ബാലാനന്ദന്‍ സഖാവ് മാത്രമാണ്. ഇതിങ്ങനെ പോയാല്‍ പറ്റില്ല എന്നു പറഞ്ഞ് അദ്ദേഹം എന്റെ കൈപിടിച്ച് അപ്പച്ചന്റെ അടുത്ത് കൊണ്ടുപോവുകയായിരുന്നു. 

ഞാനെന്റെ കുട്ടിക്കാലത്ത് കണ്ട  പാര്‍ട്ടിയോ പാര്‍ട്ടി സഖാക്കളോ പാര്‍ട്ടി രീതികളോ അല്ല ഇപ്പോഴുള്ളത്. വീട്ടില്‍ എന്തു പ്രശ്‌നമുണ്ടെങ്കിലും എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണ് അറിയിക്കാറുണ്ടായിരുന്നത്. അതായിരുന്നു അപ്പച്ചന്റെ നിര്‍ദ്ദേശം. എല്ലാക്കാര്യത്തിനും ഞങ്ങള്‍ക്കു സമീപിക്കാവുന്നത് ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. അപ്പച്ചന്‍ സ്ഥലത്തില്ല, നാളെ ഫീസ് കൊടുക്കണം അല്ലെങ്കില്‍ പെന്‍സില്‍ വേണം അങ്ങനെ എന്തു കാര്യവും അവിടെയാണ് പറഞ്ഞിരുന്നത്. ബോറടിച്ചാല്‍പോലും പാര്‍ട്ടി ഓഫീസിലേക്കാണ് ഓടിപ്പോകുന്നത്. വെറുതെ ഒന്നു പോയി ചുറ്റിക്കറങ്ങി വരും. സ്വന്തം വീടുപോലെയായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ജീവിക്കുന്ന ഒരാളുടെ കുടുംബത്തോടുള്ള കരുതല്‍ അന്നൊക്കെ പാര്‍ട്ടിക്കുമുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ പാര്‍ട്ടി അലവന്‍സുകൊണ്ടു മാത്രം ജീവിച്ച കുടുംബമല്ല. അമ്മയുടെ വീട്ടില്‍ നിന്നു സഹായം കിട്ടുന്നുണ്ടായിരുന്നു. കല്യാണം കഴിച്ച കാലം മുതല്‍ അമ്മയുടെ അമ്മയൊക്കെ നല്ല സാമ്പത്തിക സഹായം ചെയ്തിരുന്നു. 1959-ലായിരുന്നു അവരുടെ കല്യാണം. 1962-ല്‍ തന്നെ വീടുവച്ചു. അന്ന് അപ്പച്ചന്റെ സ്ഥാനമെന്തായിരുന്നു? അമ്മയെ കല്യാണം കഴിക്കുമ്പോള്‍ ഇടപ്പള്ളി കേസിലെ പ്രതി എന്നതു മാത്രമാണ് അപ്പച്ചന്റെ ലേബല്‍. കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഇന്നത്തെപ്പോലെ കാര്യം കാണാനുള്ള സ്ഥിതിയൊന്നുമില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം മാത്രമായിരുന്ന ഒരാള്‍, കേരളം മുഴുവന്‍ അറിയുകപോലുമില്ല. കൈക്കൂലിയൊന്നും വാങ്ങിയല്ല, ഹൗസിംഗ് ലോണ്‍ എടുത്താണ് വീടുവച്ചത്. ആ വീട് വാടകയ്ക്കു കൊടുത്തിട്ട് വേറൊരു വീട്ടില്‍ വാടകയ്ക്കാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ആ വാടക കിട്ടിയിരുന്നത് ഞങ്ങള്‍ക്കൊരു ബലമായിരുന്നു. അപ്പച്ചന്‍ മധ്യവര്‍ഗ്ഗ കുടുംബത്തിലുള്ള ആളായിട്ടും അമ്മ നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ ആയിട്ടും അപ്പച്ചന്‍ സ്വയം ഡീ ക്ലാസ് ചെയ്യുകയായിരുന്നു. അദ്ദേഹം ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞപ്പോഴാണ് ഞാനതു മനസ്സിലാക്കുന്നത്. ആളുകള്‍ക്കിടയില്‍ പാവപ്പെട്ട ആളായിരിക്കാന്‍ മുഷിഞ്ഞ വസ്ത്രമൊക്കെ ഇട്ടു നടക്കുകയായിരുന്നു വഴി. അപ്പച്ചന്‍ പാര്‍ട്ടിക്കു വേണ്ടി ചെയ്തു. ഞങ്ങളുടെ കാര്യത്തിലും അതു നടപ്പാക്കി. കൈക്കൂലി വാങ്ങിച്ചു ജീവിക്കുന്നതും നമുക്ക് ഉള്ളത് ഉപയോഗിക്കുന്നതും രണ്ടാണല്ലോ. പക്ഷേ, പാര്‍ട്ടി ലൈന്‍ വിട്ട് ഞങ്ങളേയും വളര്‍ത്തിയിട്ടില്ല; ഒന്നും ചെയ്യാന്‍ അനുവദിച്ചില്ല. ഇല്ലായ്മയുണ്ടെങ്കിലും മക്കള്‍ക്കു സ്വാതന്ത്ര്യം തന്നാണ് വളര്‍ത്തിയത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ക്കും ആഘോഷമായിരുന്നു. 

സെന്റ് തെരേസാസ് സ്‌കൂളില്‍ നിന്നു മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നയുടനെ എസ്.എഫ്.ഐയില്‍ അംഗത്വമെടുത്തു. ആരും പറഞ്ഞിട്ടല്ല. പക്ഷേ, പ്രകടനത്തിനും യോഗത്തിനുമൊന്നും പോകാന്‍ എനിക്കു താല്പര്യമില്ലായിരുന്നു. മീറ്റിംഗിനൊന്നും പോകുന്നില്ലെന്ന് അടുത്ത ദിവസംതന്നെ വീട്ടില്‍ പരാതി എത്തി. തുടര്‍ച്ചയായ സമരങ്ങളുണ്ടായപ്പോള്‍ ഞാന്‍ തന്നെ പ്രത്യേകം താല്പര്യപ്പെട്ടാണ് സെന്റ് തെരേസാസ് കോളേജില്‍ ചേര്‍ന്നത്. അതോടെ എസ്.എഫ്.ഐ ഒഴിഞ്ഞു. പിന്നീട് എറണാകുളം ലോ കോളേജില്‍ ചേര്‍ന്നപ്പോള്‍ വീണ്ടും എസ്.എഫ്.ഐ. സഹോദരന്‍ അബിയുടെ സ്‌നേഹ നിര്‍ബ്ബന്ധത്തില്‍ ഇഷ്ടമില്ലാതെ മുഖം വീര്‍പ്പിച്ച് ബസ് തടയാന്‍ റോഡില്‍ പോയി ഇരുന്നിട്ടുണ്ട്്.

2016 മെയ് രണ്ടിന് സിഡ്കോ കോഴിക്കോട് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടന്നു. ആറു പേരെ പിടിച്ചു. റെയ്ഡിനു പിന്നില്‍ ഞാനാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഭയങ്കരമായി ഒറ്റപ്പെടുത്തി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുമൊക്കെ കഴിഞ്ഞവര്‍ ഞാന്‍ കഴിച്ചോ എന്നുപോലും ചോദിക്കാതായി. അവിടെ അഴിമതിപ്പണം വീതംവയ്ക്കലൊക്കെ ഉണ്ടായിരുന്നു. ഞാന്‍ കൂട്ടുനിന്നില്ല. അതാണ് എന്നെ സംശയിക്കാന്‍ കാരണം. 2016 മെയ് രണ്ട്  എന്നത് പ്രത്യേകം ഓര്‍ക്കണം. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്. അവിടെ കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു നേതാവിന്റെ മകള്‍ അപര്‍ണ അവിടെ ജോലി ചെയ്തിരുന്നു. അവര്‍ക്കു തീരെ ഇഷ്ടമില്ലായിരുന്നു എന്നെ. നേതാക്കന്മാരുടെ മക്കള്‍ക്കു പാര്‍ട്ടിയെക്കുറിച്ച് അറിയില്ല എന്നു പരിഹസിക്കും. ഞങ്ങള്‍ എങ്ങനെ വളര്‍ന്നുവെന്നും എന്തൊക്കെ അനുഭവങ്ങളുണ്ട്  എന്നും അവര്‍ക്കറിയില്ലല്ലോ. മെയ് 20-നു ഫലം വന്നു. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും. ഉമ്മന്‍ ചാണ്ടി നിയമിച്ചവരൊക്കെ വീട്ടിലിരിക്കും എന്നു തലേന്നു തന്നെ ഓഫീസില്‍ സംസാരമുണ്ടായിരുന്നു. ഈ സി.ഐ.ടി.യു നേതാവിന്റെ മകളും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനം സ്ഥിരപ്പെടുത്തി എടുത്ത ആളാണ്. 21-ന് എന്റെ കരാര്‍ നിയമന കാലാവധി തീരുകയായിരുന്നു. അന്നു രാവിലെ മുതല്‍ അപര്‍ണ എന്നെ പലതും പറഞ്ഞുകൊണ്ടിരുന്നു. ഇവിടെ ചിലരൊക്കെ അലവലാതി സഖാക്കളെയേ കണ്ടിട്ടുള്ളൂ എന്നു പലവട്ടം പറഞ്ഞു. നിന്നെത്തന്നെയാണെടീ എന്നും പറഞ്ഞു. വാക്കുതര്‍ക്കമായപ്പോള്‍ അവര്‍ ഓഫീസ് ലെഡ്ജര്‍ എടുത്ത് എന്റെ തലയ്ക്കടിച്ചു. കാലാവധി തീരുകയാണല്ലോ. ഒരു അടിയും തന്നു വിടാം എന്നത് ആസൂത്രണമായിരുന്നു. ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്നും നിനക്ക് ഞാന്‍ ആണുങ്ങളെ കാണിച്ചുതരാമെന്നും ഡ്രൈവര്‍ സുജീഷ് പറഞ്ഞിരുന്നു. അതില്‍ ഞാന്‍ പൊലീസില്‍ പരാതി കൊടുത്തിരുന്നു. കേസ് നിലവിലുണ്ട്്. ഞാന്‍ പൊലീസില്‍ പരാതി കൊടുത്ത് ആശുപത്രിയില്‍ എത്തുമ്പോഴേയ്ക്കും അവര്‍ മുന്‍കൂട്ടി അവിടെയെത്തി അഡ്മിറ്റായിരുന്നു. ഞാന്‍ ഇരുമ്പു കസേരകൊണ്ട് അടിച്ചു എന്നായിരുന്നു പരാതി. എനിക്കു തരാന്‍ അവരുദ്ദേശിച്ചതു തന്നുവിട്ടു. ഭരണം വന്നതിന്റെ ധൈര്യംകൊണ്ട് കൂടിയായിരുന്നു അത്. ഇനിയിപ്പോള്‍ അതിന്റെ കേസൊക്കെ എന്താകാന്‍. എന്നോട് മോശമായി പെരുമാറിയ ജോസഫ് മാത്യുവിനെതിരെപ്പോലും പരാതി കൊടുത്തതല്ലാതെ ആരെയും പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. അച്ഛന്റെ പേരില്‍ ആരുമായുമുള്ള അടുപ്പം ദുരുപയോഗം ചെയ്ത് ആരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുമില്ല. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്കു പരാതി കൊടുത്തപ്പോള്‍ അയാളെ ആ ഓഫീസില്‍നിന്നു മാറ്റുകയാണ് ചെയ്തത്. 

മൂന്നു മാസം കഴിഞ്ഞാണ് വീണ്ടും കരാര്‍ പുതുക്കിത്തന്നത്, ഓഗസ്റ്റ് 31-ന്. ഡോ. ശ്രീകുമാറായിരുന്നു അപ്പോള്‍ എം.ഡി. അതുകഴിഞ്ഞാണ് ഇപ്പോഴത്തെ എം.ഡി ജയകുമാര്‍ വന്നത്. ഒക്ടോബറില്‍ ബന്ധുനിയമന വിവാദമുണ്ടായപ്പോള്‍ എന്റേതും ബന്ധുനിയമനമാണ് എന്ന് ഓഫീസിനു മുന്നില്‍ ആരോ ഫ്‌ലക്‌സ് വച്ചു. ചില ചാനലുകാര്‍ വന്ന് എന്നോടത് ചോദിക്കുകയും ചെയ്തു. ഞാന്‍ ഫയലെടുത്ത് എന്റെ നിയമനത്തിന്റെ വിശദാംശങ്ങള്‍ കാണിച്ചുകൊടുത്തു. അവര്‍ക്ക് ഒന്നും മിണ്ടാനുണ്ടായിരുന്നില്ല. അപമാനിക്കുന്ന ഫ്‌ലെക്‌സ് വച്ചതിനെതിരെ കസബ പൊലീസില്‍ പരാതി കൊടുത്തു. ഒന്നുമുണ്ടായില്ല. 

കസേരയ്ക്ക് അടിച്ചുവെന്ന കേസ് നിലനില്‍ക്കാതെ വന്നപ്പോള്‍ ഞാന്‍ അവരെ അപമാനിക്കുന്ന വാക്കു പറഞ്ഞെന്നു പരാതി കൊടുത്തു. ജീവിതത്തില്‍ ഞാന്‍ ഇതുവരെ പറയാത്ത വാക്കാണ് ഞാനുപയോഗിച്ചതായി ആരോപിച്ചത്. ആ കേസ് ഇപ്പോഴും നിലനില്‍ക്കുന്നു. എനിക്കെതിരെ കേസുണ്ടെന്നു പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് സിഡ്കോ കോടതിയില്‍ പറഞ്ഞത് ആ കേസിന്റെ കൂടി കാര്യമാണ്. ഞാന്‍ കാരണം ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്നില്ലെന്നാണ് അവര്‍ പറയുന്നത്. 2012 മുതല്‍ ഇതുവരെ ഓഫീസ് പ്രവര്‍ത്തനത്തിന് എന്നെക്കൊണ്ട്  ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലല്ലോ. 2016 വരെ എനിക്കെതിരെ ഒരു പരാതിയും ഉണ്ടായിരുന്നില്ല. എന്നെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ ഞാനാണ് പരാതികള്‍ കൊടുത്തിരുന്നത്. എന്നെ അടിച്ചവരുള്‍പ്പെടെയാണ് വിജിലന്‍സ് കേസില്‍പ്പെട്ടത്. അവരെയൊക്കെ വിജിലന്‍സ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശമനുസരിച്ചു സ്ഥലം മാറ്റി. 

വേദനകളുടെ തലസ്ഥാനം 

മിലന്റെ പത്താംക്ലാസ് പഠനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്കു മാറാന്‍ തീരുമാനിച്ചിരുന്നു. 2018 ജൂണ്‍ നാലിനാണ് തിരുവനന്തപുരം ഓഫീസില്‍ എത്തുന്നത്. നാലാം ദിവസം ഒരു വനിതാ ജീവനക്കാരിയെ ചൂണ്ടിക്കാണിച്ചിട്ട് ഷാഹിദ എന്ന സഹപ്രവര്‍ത്തക ചോദിച്ചു: നിങ്ങള്‍ ഇവരോട് മിണ്ടിയില്ലേ എന്ന്. അവരെന്നോട് മിണ്ടിയില്ല, ഞാനും മിണ്ടിയില്ല എന്നു മറുപടി നല്‍കി. ആരാണെന്ന് അറിയാമോന്നു ചോദിച്ചു. കോടിയേരിയുടെ ഭാര്യയുടെ അനിയത്തിയാണ്. പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. മാനേജരും അവരും തമ്മില്‍ വഴക്ക് നിന്നിരുന്നു. അവിടെ മൂന്നു ഗ്രൂപ്പാണ്. മാനേജരുടെ ഗ്രൂപ്പ്, ഈ സ്ത്രീയുടെ ഗ്രൂപ്പ്, രണ്ടിടത്തും നില്‍ക്കുന്ന ഒരു കൂട്ടര്‍. ഇതിലൊന്നും പെടാത്തയാള്‍ ഞാന്‍ മാത്രമായിരുന്നു. അത് എന്റെ തീരുമാനമായിരുന്നു. വിവാഹമോചിതയായ എന്നോട് വിവാഹസാരി ഉടുത്തുകൊണ്ടു വരണമെന്നു വരെ പറഞ്ഞ് ഷാഹിദയും ലില്ലിയും മറ്റും പരിഹസിക്കുകയും മറ്റുള്ളവര്‍ അതുകേട്ട് പരിഹസിച്ചു ചിരിക്കുകയും ചെയ്ത അനുഭവമുണ്ട്.  

ജൂണിലെ ശമ്പളം വൈകി. പുതിയ ആളെ എടുത്തതുകൊണ്ടാണ് ശമ്പളം കിട്ടാത്തത് എന്ന് ഷാഹിദ പറഞ്ഞു. അതായത് ഞാന്‍ കാരണം ശമ്പളം മുടങ്ങിയെന്ന്. എനിക്കു കൂടിയുള്ള ശമ്പളം കണ്ടെത്തേണ്ടതുകൊണ്ട്  എല്ലാവരുടേയും മുടങ്ങി എന്ന്. ഈ ഓഫീസില്‍ നിന്നു പ്രതിമാസ വിഹിതം കൊടുത്തിട്ടില്ലെന്നു ഞാന്‍ ഡിവിഷണല്‍ ഓഫീസില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അറിഞ്ഞു. ഓരോ ഓഫീസില്‍ നിന്നും ഹെഡ് ഓഫീസിലേക്ക് ഒരു വിഹിതം കൊടുക്കണം. അതു വൈകിയതിന്റെ പേരിലാണ് ശമ്പളം വൈകിയത്. ഞാന്‍ വന്നതുകൊണ്ടാണെന്നു വരുത്താനാണ് ശ്രമിച്ചത്. ജൂലൈയില്‍ എല്ലാവര്‍ക്കും ശമ്പളം കൊടുത്തിട്ടും എനിക്കു തന്നില്ല. ശമ്പളം അക്കൗണ്ടില്‍ വന്നതിന്റെ മെസ്സേജ് വന്നുവെന്നു പറഞ്ഞ് ഓരോരുത്തരായി പുറത്തുപോയി. ഓണം വരികയാണ്, സാധനങ്ങള്‍ വാങ്ങണം. ഞാന്‍ മാത്രം ഇതെല്ലാം നോക്കിയിരിക്കുന്നു. മാനേജരോട് പറഞ്ഞപ്പോള്‍ മറുപടിയൊന്നുമില്ല. ശമ്പളം കിട്ടാതെ വീട്ടില്‍ പോകില്ലെന്ന് എം.ഡിയേയും എം.ഡിയുടെ സെക്രട്ടറിയേയും അറിയിച്ചു. എന്നെ കാത്ത് ഒരു മകന്‍ ഇരിക്കുന്നില്ലേ, ഞങ്ങള്‍ക്കുമില്ലേ ആവശ്യങ്ങള്‍. വീട്ടുവാടക കൊടുക്കണം. എനിക്കു മാത്രം പിറ്റേന്നാണ് തന്നത്. പിറ്റേമാസം എനിക്കു മാത്രം ആദ്യം തന്നു. പത്മ എന്ന സഹപ്രവര്‍ത്തക വന്നു ചോദിച്ചു, ആശാ ലോറന്‍സിന് എന്താ പ്രത്യേകത? ആരും ഒന്നും മിണ്ടുന്നില്ല. കഴിഞ്ഞ മാസം എല്ലാവരുടേയും കൂടെ എനിക്കു തരാതിരുന്നപ്പോള്‍ എന്താ അവര്‍ക്കു മാത്രം കൊടുക്കാതിരുന്നതെന്ന് ഈ ഓഫീസിലെ ഒരാളും ചോദിച്ചില്ലല്ലോ എന്നു ഞാന്‍ പറഞ്ഞു. ഞാന്‍ ആദ്യം ശമ്പളം വേണമെന്നു പറഞ്ഞിട്ടില്ല. പക്ഷേ, ഞാന്‍ വഴക്കാളിയും പ്രശ്‌നക്കാരിയുമാണെന്നു വരുത്താന്‍ മനപ്പൂര്‍വം ചെയ്തതാണ്. ആദ്യമാസം എല്ലാവര്‍ക്കും വൈകുന്നു, പിന്നെ എനിക്കു മാത്രം വൈകുന്നു, അതുകഴിഞ്ഞ് എനിക്കു മാത്രം നേരത്തെ ആദ്യം തരുന്നു. ഒന്നും യാദൃച്ഛികമല്ല. 

ഒക്ടോബറില്‍ ഒരു ദിവസം വൈകുന്നേരം മറ്റെല്ലാവരും ചായ കുടിക്കാന്‍ പുറത്തു പോയിരുന്നപ്പോള്‍ ഓഫീസ് ഫോണില്‍ ആരോ വിളിച്ചു. മാനേജരുടെ മേശപ്പുറത്താണ് ഫോണ്‍. എടുക്കാന്‍ ഒരാളുമില്ല. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ അങ്ങനെ ഓഫീസ് സമയത്ത് ഫോണ്‍ എടുക്കാതിരിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് ഞാന്‍ എടുത്തു. അത്യാവശ്യമായി മാനേജരെ കിട്ടണമെന്നു പറഞ്ഞു. പാലക്കാട് ഓഫീസിലെ മാര്‍ക്കറ്റിംഗ് സെക്ഷനില്‍ നിന്നാണ്. ഒന്നര ലക്ഷം രൂപ ക്രെഡിറ്റ് ചെയ്യണം എന്ന് മാനേജരോടു പറഞ്ഞിരുന്നുവെന്ന് വിളിച്ച സ്ത്രീ പറഞ്ഞു. അത്യാവശ്യമാണ്, മാനേജരെ അറിയിക്കണമെന്നും പറഞ്ഞു. മാനേജരെ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ കമല്‍ എന്ന ജീവനക്കാരനെ വിളിച്ചു. മാനേജര്‍ ഇല്ലാത്തപ്പോള്‍ എന്തെങ്കിലും കാര്യത്തിനു വിളിക്കാന്‍ ഏല്പിച്ചിരിക്കുന്ന രണ്ടു പേരിലൊരാളാണ് കമല്‍. മാനേജര്‍ക്ക് ഈ കാര്യം അറിയാമെന്നും ഇനി ഫോണ്‍ വന്നാല്‍ മേഡം എടുക്കേണ്ടെന്നും അയാള്‍ പറഞ്ഞു. എല്ലാവരുംകൂടി എന്താ പുറത്തുപോയതെന്നു ചായ കുടിക്കാന്‍ പോയവര്‍ തിരിച്ചു വരുന്നതിനിടയില്‍ മാനേജര്‍ വിവരമറിഞ്ഞു വിളിച്ചു ചോദിക്കുകയോ മറ്റോ ചെയ്തു. അങ്ങനെയൊരു ഫോണ്‍ വിളി വന്നിട്ടില്ലെന്നു പറഞ്ഞ് എല്ലാവരും എന്നെ പരിഹസിക്കാന്‍ തുടങ്ങി. ഹെഡ് ഓഫീസില്‍ അറിയാതെ നടക്കുന്ന തിരിമറി. അവിടെ കാശിനു കുറവ് വരുമ്പോള്‍ ഇവിടുന്നു വാങ്ങും. തിരിച്ചും കൊടുക്കും. അങ്ങനെയൊരു വിളി വന്നില്ലെന്നു വരുത്തി ആ ഇടപാട് പുറത്തു വരാതിരിക്കാനായിരുന്നു ശ്രമം. ഉണ്ടായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീട്ടിലെത്തിയ ശേഷം മാനേജര്‍ക്ക് ഞാന്‍ മെസ്സേജ് അയച്ചു. മര്യാദയുടെ പേരില്‍ ഒരു മറുപടിപോലും അയച്ചില്ല. 

പിറ്റേന്ന് ഓഫീസില്‍ എത്തിയപ്പോള്‍ ഫയാസ് എന്ന ജീവനക്കാരന്‍ എന്നെക്കുറിച്ചു കുറേ പരാതികള്‍ ഉണ്ടെന്നു പറഞ്ഞ് എത്തി. മാനേജരോടാണ് അയാള്‍ പറയുന്നത്. ഇന്നലെ ഇവരെന്നെ ചീത്തവിളിച്ചു, വീട്ടുകാരെ മോശമായി പറഞ്ഞു എന്നൊക്കെ. പിന്നാലെ ഷാഹിദയും പത്മയും വന്നു. മൂന്നു പേരുംകൂടി പരാതികള്‍ പറഞ്ഞുതുടങ്ങി. മതപരമായി ആക്ഷേപിച്ചുവെന്നാണ് ഫയാസും ഷാഹിദയും പറയുന്നത്. എന്നെ അവിടുന്നു മാറ്റുകയാണ് അവരുടെ ലക്ഷ്യം. ഒന്നുകില്‍ ഇവരെ മാറ്റണം അല്ലെങ്കില്‍ ഞങ്ങളെ മാറ്റണമെന്നാണ് പറയുന്നത്. എന്താണ് ഇന്നലെ സംഭവിച്ചതെന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു. പക്ഷേ, മാനേജര്‍ എന്നെക്കൊണ്ടു സംസാരിപ്പിക്കുന്നില്ല. അതുകഴിഞ്ഞ് എല്ലാവരും സീറ്റില്‍ പോയി ഇരുന്നുകഴിഞ്ഞ് പത്മ എന്നെക്കുറിച്ചു വളരെ മോശമായി സംസാരിച്ചു. കരണത്തൊരു അടിയാണ് അര്‍ഹിക്കുന്നതെങ്കിലും അതു ചെയ്യാതെ ഞാന്‍ മിലനെ വിളിച്ചുപറഞ്ഞു. മോന്‍ നേരെ ഹെഡ് ഓഫീസില്‍ പോയി. ഞാനും ചെന്നു. എം.ഡിക്കു പരാതി കൊടുത്തു. ഗുരുതരമാണ് ഈ പരാതിയെന്നു വളരെ അനുഭാവപൂര്‍വ്വമാണ് എം.ഡി സംസാരിച്ചത്. പറയാത്ത കാര്യങ്ങള്‍ എന്റെ പേരില്‍ ആരോപിക്കുകയും എന്നെക്കുറിച്ചു മോശമായി സംസാരിക്കുകയും ചെയ്തതിനെതിരെ നടപടി വേണമെന്നു ഞാന്‍ പറഞ്ഞു. 22-നാണ് സംസാരമുണ്ടായത്. 23-നു പരാതി കൊടുത്തു. 25-ന് ഡി.ജി.എം ഗോപീകൃഷ്ണനും വേറെ രണ്ടുപേരും കൂടി ഹെഡ് ഓഫീസില്‍ നിന്ന് അന്വേഷിക്കാന്‍ വന്നു. കോടിയേരിയുടെ ഭാര്യാസഹോദരി ലില്ലി പറഞ്ഞതു ഞാന്‍ എല്ലാം സങ്കല്പിച്ചുണ്ടാക്കിയതാണ് എന്നാണ്. എന്റെ സേവനം അവിടെ ആവശ്യമില്ലെന്നും മൊഴി കൊടുത്തു. പത്മയും ഫയാസും ഷാഹിദയും എനിക്കെതിരെ മൊഴി കൊടുത്തു. ഞാന്‍ മൊഴി കൊടുത്തിട്ട് സീറ്റില്‍ ചെന്നിരുന്നപ്പോള്‍ എതിരെ ഇരുന്ന് പത്മ എനിക്കു നേരെ കാണിച്ച വൃത്തികെട്ട ആംഗ്യങ്ങള്‍ ഏറ്റവും തരംതാഴ്ന്ന ആളുകള്‍പോലും കാണിക്കില്ല. ഇത് മാനേജരുടെ ക്യാബിനിലിരുന്നു മൊഴിയെടുത്തിരുന്ന ഡി.ജി.എം അടക്കമുള്ളവര്‍ കാണുന്നുണ്ടായിരുന്നു. പിറ്റേന്നു രാവിലെ ഞാന്‍ നേരെ എം.ഡിയുടെ ഓഫീസിലെത്തി. നടപടി എടുക്കാതെ പറ്റില്ലെന്ന് ആവശ്യപ്പെട്ടു. നടപടി ഉറപ്പുതന്നു. അവിടുന്ന് ഓഫീസില്‍ എത്തിയപ്പോള്‍ എനിക്ക് അറ്റന്‍ഡന്റ്സ് ബുക്ക് തരുന്നില്ല. ദിവസവേതനക്കാര്‍ക്ക് പഞ്ചിംഗ് ഇല്ല. ഓഫീസില്‍ വന്നതിന് ആകെയുള്ള തെളിവ് ബുക്കിലെ ഒപ്പാണ്. ബുക്ക് കണ്ടവര്‍ ആരുമില്ല. മുന്‍പ് കോഴിക്കോട് ഓഫീസിലെ സ്ത്രീ എന്നെ അടിച്ചതുപോലെ ഷാഹിദയും പത്മയും കൂടി ആക്രമിക്കാനും ഞാനവിടെ എത്തിയിട്ടില്ല എന്നു വരുത്താനുമാണ് ശ്രമം എന്നു ഭയപ്പെട്ടു. ഞാന്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു. ഓഫീസ് കാര്യമല്ലേ എന്നു മറുപടി. പിങ്ക് പൊലീസില്‍ വിളിച്ചപ്പോള്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ അറിയിക്കാന്‍ പറഞ്ഞു. ഹെഡ് ഓഫീസില്‍ അറിയിച്ചപ്പോള്‍ എബിന്‍ ഇപ്പോള്‍ വരുമെന്നു പറഞ്ഞു. എം.ഡിക്ക് വാട്സാപ്പ് മെസ്സേജ് അയച്ചു. ഒടുവില്‍ മിലന്‍ ഡി.ജി.പിക്ക് മെസ്സേജ് അയയ്ക്കുകയും ഞാന്‍ വിളിക്കുകയും ചെയ്തു. അവിടെ നിന്നു പറഞ്ഞപ്പോഴാണ് കന്റോണ്‍മെന്റ് എസ്.ഐയും വനിതാ പൊലീസും വന്നത്. ഞാന്‍ പരാതി എഴുതി. എസ്.ഐ ഷാഫി പറഞ്ഞത്, നിങ്ങളിന്ന് ഓഫീസില്‍ വന്നല്ലോ, ഞങ്ങള്‍ കണ്ടല്ലോ നിങ്ങളിവിടെ ഇരുന്നു ജോലി ചെയ്യുന്നത്, മിണ്ടാതിരുന്നു ജോലി ചെയ്‌തോണം, മിണ്ടിപ്പോകരുത് എന്നാണ്. ഇനി നിങ്ങള്‍ കാരണം പൊലീസ് ഇവിടെ വരാന്‍ ഇടയാകരുത്. 
അന്നുതന്നെ എബിന്‍ പുതിയ ബുക്ക് കൊണ്ടുവന്നു തന്നിട്ട് അതില്‍ ഒപ്പിട്ടുകൊള്ളാന്‍ പറഞ്ഞു. മൂന്നാം ദിവസം അലമാരയുടെ പിറകില്‍നിന്നാണ് അറ്റന്‍ഡന്റ്സ് ബുക്ക് കിട്ടുന്നത്. 

ആരുടെ മതില്‍ 

 ആ മാസം 30-നാണ് മിലന്‍ ബി.ജെ.പിയുടെ ശബരിമല സമരപ്പന്തലില്‍ പോകുന്നത്. ശ്രീധരന്‍ പിള്ളയോ കുമ്മനമോ ആരും പറഞ്ഞിട്ടല്ല പോയത്. സ്ത്രീകള്‍ ശബരിമലയില്‍ പോകുന്ന കാര്യത്തില്‍ വ്യക്തിപരമായി എനിക്കു വിയോജിപ്പാണ്. ഞാനതു പറഞ്ഞിട്ടുമുണ്ട്. മിലന്‍ ഹരിവരാസനം കുഞ്ഞിലേ മുതല്‍ കേട്ടു വളര്‍ന്ന മകനാണ്, അവനതു കേട്ടാണ് ഉറങ്ങിയിരുന്നത്. അമ്മയ്ക്ക് അത് ഇഷ്ടമായിരുന്നതുകൊണ്ട് വീട്ടില്‍ വയ്ക്കുമായിരുന്നു. ശബരിമലയില്‍ പോയി അയ്യപ്പനെ കാണാനുള്ള ആഗ്രഹം നാല് വര്‍ഷം മുന്‍പ് എന്നോട് പറഞ്ഞിരുന്നു. പൊയ്ക്കോളാനാണ് ഞാന്‍ പറഞ്ഞത്. 

സമരപ്പന്തലില്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു. ഇവിടെ ടി.വി ഇല്ലാത്തതുകൊണ്ട് ഞാന്‍ വാര്‍ത്ത കണ്ടില്ല. ഓഫീസിലെ കാര്യം ഒരു സുഹൃത്തിന്റെ അടുത്തു ഫോണിലൂടെ സങ്കടം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കു മകന്‍ എവിടെപ്പോയെന്ന് അവര്‍ ചോദിച്ചു. എവിടെയാണ് പോയതെന്നു പ്രത്യേകം പറയാതെ പുറത്തുപോയെന്നു മാത്രം പറഞ്ഞപ്പോള്‍ നമ്മുടെ കുഞ്ഞ് ദേ ടി.വിയില്‍ ശ്രീധരന്‍പിള്ളയുടെ കൂടെ ഇരിക്കുന്നു എന്നു പറഞ്ഞു. അവന്‍ അതിനാണ് പോയതെന്ന് അപ്പോള്‍ ഞാനും പറഞ്ഞു. പുറത്തു നടന്ന പുകില് മുഴുവന്‍ ഞാനറിയുന്നത് പിറ്റേ ദിവസമാണ്. 31-ന് ഹെഡ് ഓഫീസില്‍ ചെന്നപ്പോള്‍ എം.ഡിയുടെ മുഖമാകെ മാറി. ടി.വിയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നല്ലോ എന്നുപറഞ്ഞു. ഞാനല്ലല്ലോ മോനല്ലേ എന്നു ഞാനും പറഞ്ഞു. എന്തായി പരാതി എന്ന് അന്വേഷിച്ചപ്പോള്‍ നോക്കുന്നുണ്ട് ഞങ്ങള്‍ എന്നാണ് മറുപടി. ഗൗരവമുള്ളതാണ്, നടപടിയെടുക്കും എന്നു തൊട്ടുമുന്‍പത്തെ ദിവസം വരെ പറഞ്ഞിരുന്നയാളുടെ സ്വരം മാറി. ''എനിക്കൊന്ന് ആലോചിക്കണം. നിങ്ങള്‍ രണ്ടും പാര്‍ട്ടിയുടെ രണ്ട് ഘടകങ്ങളല്ലേ'' എന്നെയും ലില്ലിയേയും കുറിച്ചാണ് പറയുന്നത്. മന്ത്രി പറയണം നടപടിയുടെ കാര്യമെന്നും ഇതിനുവേണ്ടി സെക്രട്ടേറിയറ്റിലേയ്ക്കു പോവുകയാണെന്നും എം.ഡി പറഞ്ഞു. അതിനു മുന്‍പ് 29-ന് എം.വി. ജയരാജനെ കണ്ട് മുഖ്യമന്ത്രിക്കുള്ള പരാതി ഏല്പിച്ചിരുന്നു. അതിനൊപ്പം വ്യവസായമന്ത്രിക്കുള്ളത് അദ്ദേഹത്തിന്റെ സെക്രട്ടറിക്കും കൊടുത്തു. നടപടിയുണ്ടാകും, എളുപ്പമൊന്നുമല്ല എന്നായിരുന്നു പ്രതികരണം. 31-ന് വീണ്ടും ഞാന്‍ എം.വി. ജയരാജനെ കാണാന്‍ പോയി. അദ്ദേഹം എപ്പോഴും വളരെ കാര്യമായും കരുതലോടെയുമാണ് പെരുമാറിയിട്ടുള്ളത്. അന്നു പതിവിലും സ്‌നേഹമായിരുന്നു. മുഖ്യമന്ത്രി ഇപ്പോള്‍ വരുമെന്നു പറഞ്ഞു. അതിനിടെ ജയരാജന്‍ അപ്പുറത്തേയ്ക്കു പോയപ്പോള്‍ ടി.വി രാജേഷ് എം.എല്‍.എ വന്നു. എനിക്ക് നല്ല മുഖപരിചയം തോന്നിയതല്ലാതെ പേര് ഓര്‍മ്മ വന്നില്ല. ഏതോ എം.എല്‍.എ അല്ലേ എന്നു പറഞ്ഞുപോയി. അത് എം.എല്‍.എ ജയരാജനോട് പറഞ്ഞു. അദ്ദേഹം ചോദിച്ചപ്പോഴും പേര് ഓര്‍മ്മ വരാത്തതുകൊണ്ട്  എം.എല്‍.എ ആണെന്നു മാത്രമറിയാം എന്നു പറഞ്ഞു. വീട്ടില്‍ ടി.വി ഇല്ലാത്തതുകൊണ്ട് വാര്‍ത്തയൊന്നും സ്ഥിരമായി കാണാറില്ലെന്നും പറഞ്ഞു. ''ടി.വിയും കാണില്ല, രാഷ്ട്രീയവും അറിയില്ല. ബി.ജെ.പിയുടെ പരിപാടിക്ക് മകനെ വിട്ടിരിക്കുകയായിരുന്നു'' എന്ന് ജയരാജന്‍ പറഞ്ഞു. ഇനി ശ്രീധരന്‍പിള്ള വിളിച്ചാല്‍ മകനെ വിടരുത് എന്ന് എന്നോടും പോകരുത് എന്ന് മിലനോടും പറഞ്ഞു. ചിരിച്ചുകൊണ്ട്  സൗമ്യമായിട്ടാണ് പറഞ്ഞത്. ഞാനൊന്നും എതിര്‍ത്തു പറഞ്ഞില്ല. എം.വി. ജയരാജനോട് അങ്ങനെ പറയേണ്ട ഒരാളല്ല. വാത്സല്യത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മുഖ്യമന്ത്രി തിരക്കിട്ട് മറ്റേതോ മീറ്റിംഗിനു പോയതുകൊണ്ട്  കാണാന്‍ പറ്റിയില്ല. അദ്ദേഹം പറയാന്‍ ഏല്പിച്ചതാണ് പറയുന്നത് എന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും ജയരാജന്‍ അറിയിച്ചു. എ.കെ.ജി സെന്ററിലേയ്ക്ക് വരണം എന്നു ക്ഷണിക്കുകയും ചെയ്തു. ഞാന്‍ പോയില്ല. 

പിറ്റേന്ന് ഹെഡ് ഓഫീസില്‍ പോയപ്പോള്‍ എം.ഡിയില്ല. എം.ഡി പോയെന്ന് സെക്രട്ടറി പറഞ്ഞു. അങ്ങനെ പോയാല്‍ പറ്റില്ല, നടപടി എടുക്കണമെന്നു പറഞ്ഞു ഞാന്‍ അവിടെ ഇരുന്നു. എം.ഡിയെ ഫോണില്‍ വിളിച്ചപ്പോള്‍ ''നാളെത്തൊട്ട് നിങ്ങളുടെ ജോലിയില്ല. പിരിച്ചുവിട്ടിരിക്കുന്നു. ഇപ്പോള്‍ ഓഫീസില്‍ നിന്നു പോകണം'' എന്നായിരുന്നു പ്രതികരണം. നവംബര്‍ ഒന്നായിരുന്നു അന്ന്. ഫോണില്‍ കൂടിയല്ലല്ലോ എന്നെ ജോലിക്കെടുത്തത്. അതുകൊണ്ട് ഫോണില്‍ കൂടിയല്ല പിരിച്ചുവിടേണ്ടത് എന്നു പറഞ്ഞു ഞാനവിടെത്തന്നെ ഇരുന്നു. കുറേക്കഴിഞ്ഞു പൊലീസ് വന്നു. രാത്രി പതിനൊന്നേകാല്‍ വരെ അവിടെ ഇരുന്നു. അതിനിടയില്‍ കുറേ ഒച്ചയും ബഹളവുമൊക്കെ അവിടെയുള്ളവര്‍ വച്ചു. അറസ്റ്റ് ചെയ്യിക്കാന്‍ വനിതാ പൊലീസിനെ കൊണ്ടു വന്നു. എന്തുവന്നാലും പോകില്ല എന്നു വാശിപിടിച്ചതോടെ കമ്മിഷണര്‍ ഇടപെട്ട് സി.ഐയുമായി സംസാരിച്ചു. നാളെ രാവിലെ എം.ഡിയുമായി സംസാരിക്കാമെന്നു സി.ഐയും വരാമെന്നു പറഞ്ഞു. ഞങ്ങള്‍ മാത്രമല്ല, അവരും ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞതു വിശ്വസിച്ചു മടങ്ങി. പൊലീസ് തന്നെ ഓട്ടോയില്‍ കയറ്റിവിടുകയായിരുന്നു. 

വിശ്വാസവും വിശ്വാസമില്ലായ്മയും
പിറ്റേന്ന് ഓഫീസില്‍ ചെന്നപ്പോള്‍ ഹെഡ് ഓഫീസില്‍ ചെല്ലാന്‍ മാനേജര്‍ പറഞ്ഞു. അവിടെച്ചെന്നപ്പോള്‍ എം.ഡി കാണാന്‍ അനുവദിച്ചില്ല. വൈകുന്നേരം നാലായപ്പോള്‍ ഡി.ജി.എം വന്നിട്ട് പത്മ, ഷാഹിദ, ഫയാസ് എന്നിവരെ അവിടെനിന്നു മാറ്റിക്കൊണ്ടുള്ള ഉത്തരവ് വായിക്കാന്‍ തന്നു. ആശയെ പിരിച്ചുവിട്ടിട്ടില്ല എന്നും പറഞ്ഞു. നാലരയ്ക്കു ഞാന്‍ ഓഫീസില്‍ച്ചെന്ന് ഒപ്പിട്ടു. അന്നു വൈകിട്ട് ഞാന്‍ വീട്ടിലെത്തിയ ശേഷമാണ് ഞങ്ങള്‍ ഭക്ഷണം കഴിച്ചത്. 
നവംബര്‍ ഏഴിന് ഹെഡ് ഓഫീസില്‍ നിന്നു നാലു പേര്‍ വന്നു. എനിക്കെതിരെ 11 പേര്‍ ഒപ്പിട്ട പരാതി ഉണ്ടെന്നു പറഞ്ഞു. അതില്‍ ഞാന്‍ മതപരമായി ആക്ഷേപിച്ചുവെന്ന് അവരും ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് പത്മയും പറഞ്ഞിരിക്കുന്നു. രണ്ടും ശരിയല്ല. ഞാനാരെയും മതവും ജാതിയും നോക്കിയല്ല കാണുന്നത്. അങ്ങനെയല്ല അപ്പച്ചന്‍ ഞങ്ങളെ പഠിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ പത്മ ഹിന്ദുവാണ് എന്നല്ലാതെ ജാതി ഏതാണെന്ന് എനിക്കറിയില്ലായിരുന്നു, അതിന്റെ ആവശ്യവുമില്ല. ഒരിക്കല്‍ ഞങ്ങള്‍ രണ്ടുപേരും ഭക്ഷണം കൊണ്ടുവരാതിരുന്നപ്പോള്‍ ഒരു പൊതി വാങ്ങി ഒന്നിച്ചു കഴിച്ചവരാണ്. അവരാണ് ഞാന്‍ ജാതി പറഞ്ഞുവെന്ന് ഇല്ലാക്കഥ പറഞ്ഞത്. അതു വല്ലാതെ വേദനിപ്പിച്ചു. 

ഞങ്ങള്‍ ഗവര്‍ണറുടെ അനുമതി വാങ്ങി ഈ വിവരങ്ങളെല്ലാം നവംബര്‍ ഒമ്പതിനു നേരിട്ട് പറയുകയും പരാതി നല്‍കുകയും ചെയ്തു. അദ്ദേഹം എല്ലാം വിശദമായി കേട്ടിട്ട് പരാതി സര്‍ക്കാരിനു കൊടുക്കാമെന്നു പറഞ്ഞു. 
ആരും എന്നോട് സംസാരിക്കാത്ത ഓഫീസില്‍ ഞാനെന്റെ ജോലി തുടര്‍ന്നു. അങ്ങനെയിരിക്കെയാണ് ഏപ്രില്‍ 19-ന് ആര്‍.എസ്.എസ്സിന്റെ വാരിക കേസരിയില്‍ എന്റെ ലേഖനം വന്നത്. വിശ്വാസമില്ലായ്മയില്‍ നിന്നു വിശ്വാസത്തിലേക്ക് എത്തിയതിനെപ്പറ്റിയും ഓഫീസില്‍ ഞാന്‍ അനുഭവിച്ച വിഷമങ്ങളെപ്പറ്റിയുമൊക്കെയാണ് അതില്‍ പറഞ്ഞത്. മെയ് ആറിന് മാനേജര്‍ പറഞ്ഞു, പറഞ്ഞുവിടുകയാണ്, നാളെ മുതല്‍ വരണ്ട എന്ന്. നോട്ടീസ് തരണം എന്നു പറഞ്ഞപ്പോള്‍ ഹെഡ് ഓഫീസില്‍ പോയി ചോദിക്കാന്‍ നിര്‍ദ്ദേശിച്ചു. അവിടെച്ചെന്നപ്പോള്‍ എം.ഡി അവിടെയുണ്ടായിരുന്നില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രീത ഈ കാര്യങ്ങളൊന്നും അറിയാത്തതുപോലെ ഏതോഫീസിലാണ് എന്നു ചോദിച്ചു. കാര്യം പറഞ്ഞപ്പോള്‍ വെയിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നിയമോപദേശം ചോദിച്ചെന്നും ദിവസവേതനക്കാരെ പിരിച്ചുവിടാന്‍ നോട്ടീസ് വേണ്ടെന്നും കുറേക്കഴിഞ്ഞു പറഞ്ഞു. ഇ.പി. ജയരാജനെ അന്നുതന്നെ പോയി കണ്ടെങ്കിലും പരിഹാസച്ചിരിയായിരുന്നു മറുപടി. പി.കെ. ശശി എം.എല്‍.എയും അവിടെ ഉണ്ടായിരുന്നു. 

പത്മയുടെ പരാതിയില്‍ ജൂണ്‍ 11-നു പട്ടികജാതി-വര്‍ഗ്ഗ കമ്മിഷന്‍ വിളിപ്പിച്ചു. പത്മ, മാനേജര്‍, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരുടെ മുന്നില്‍വച്ച് കമ്മിഷന്‍ അംഗം അഡ്വ. സിജ ചോദിച്ചു: എല്ലാവര്‍ക്കും പരാതി അയയ്ക്കലാണോ നിങ്ങളുടെ പണി. 
പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും ഉള്‍പ്പെടെ ഞാന്‍ പരാതി നല്‍കിയതാണ് അവരുദ്ദേശിക്കുന്നത്. എന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് അയയ്ക്കുന്നത് എന്നു ഞാന്‍ പറഞ്ഞു. 

ഇനി ഇവരെ ബുദ്ധിമുട്ടിക്കുകയോ ആര്‍ക്കെങ്കിലും പരാതി കൊടുക്കുകയോ ചെയ്യരുത് എന്നു നിര്‍ദ്ദേശിക്കുകയും വിധവയായതുകൊണ്ടു നിങ്ങള്‍ക്കുള്ള പ്രശ്‌നങ്ങളാണ് ഇതൊക്കെയെന്നും പറഞ്ഞു കുറേ അപമാനിച്ചു. എന്നിട്ട് പത്മയോടു ചോദിച്ചു ഇതു പോരേ എന്ന്. അവര്‍ തലകുലുക്കി. എന്നിട്ട് അസിസ്റ്റന്റ് കമ്മിഷണറോട് കമ്മിഷന്‍ അംഗം നിര്‍ദ്ദേശിക്കുകയാണ്, ഇവരിനി ആര്‍ക്കെങ്കിലും പരാതി അയച്ചാല്‍ ഉടനെ എഫ്.ഐ.ആര്‍ ഇട്ടേക്കണമെന്ന്. അദ്ദേഹം സമ്മതിച്ചു. ശരി മേഡം എന്ന്.

ഇതെന്തൊരു നീതിയാണ്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നതു സത്യമല്ല എന്ന് കന്റോണ്‍മെന്റ് പൊലീസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടുണ്ട്. എന്നിട്ടാണ് ഈ സ്ഥിതി. ഞാന്‍ എം.എം. ലോറന്‍സിന്റെ മകള്‍ എന്നതു മാറ്റിവയ്ക്ക്. ഈ വനിതാ മതില് കെട്ടിയവര്‍ എന്തു സംരക്ഷണമാണ് സ്ത്രീക്കു നല്‍കുന്നത്?
(മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മകളാണ് ആശ)

തയ്യാറാക്കിയത് - പി.എസ്. റംഷാദ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com