കേരളം വോട്ടു ചെയ്തത് ഇങ്ങനെ

മുന്‍കാലങ്ങളില്‍ നിന്നു ഭിന്നമായി കേരളത്തില്‍ മതവും രാഷ്ട്രീയവും മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായപ്പോള്‍ വോട്ടര്‍മാര്‍ ചിന്തിച്ചതിങ്ങനെ?
കേരളം വോട്ടു ചെയ്തത് ഇങ്ങനെ

18 സീറ്റില്‍ വിജയം അവകാശപ്പെട്ട ഇടതുപക്ഷം പരാജയപ്പെട്ടത് 19 സീറ്റില്‍. രണ്ടു സീറ്റില്‍ ജയവും 20 ശതമാനം വോട്ടും 10 നിയമസഭാമണ്ഡലങ്ങളില്‍ ലീഡും പ്രതീക്ഷിച്ച ബിജെപിക്ക് കിട്ടയത് ശക്തമായ തിരിച്ചടി. ശബരിമല അടക്കം അനുകൂല സാഹചര്യങ്ങള്‍ വോട്ടാക്കി മാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാതെ  പാര്‍ട്ടി പരാജയപ്പെട്ടു. കേരളത്തിലെ വോട്ടര്‍മാര്‍ എടുത്ത തീരുമാനത്തിനു പൊതുവായ പേര് മോദി വിരുദ്ധ തരംഗം എന്നാണ്. ആറു മാസത്തിലധികം കേരളത്തെ പിടിച്ചുകുലുക്കിയ ആ വിഷയം തെരഞ്ഞെടുപ്പു ഫലത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. യുവതീപ്രവേശന വിഷയത്തിലെ വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം തെറ്റിദ്ധാരണയ്ക്കും എല്‍.ഡി.എഫിനു തിരിച്ചടിയുമായി. എന്‍.ഡി.എയുടെ താരസ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും 2019-ല്‍ തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍ ഉണ്ടാക്കിയ കുതിപ്പ് സാധ്യമായില്ല. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി. 

123 നിയമസഭാമണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനേക്കാള്‍ മുന്നിലാണ് യു.ഡി.എഫ്. പതിനാറിടത്തു മാത്രമാണ് എല്‍.ഡി.എഫ് ഭൂരിപക്ഷം നിലനിര്‍ത്തുന്നത്. ഈ കണക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിപക്ഷം കാരണമാക്കുന്നത്. നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് ബി.ജെ.പി ഇത്തവണ ഒന്നാമതെത്തിയത്. 2014-ല്‍ നേമത്തിനു പുറമേ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലും ബി.ജെ.പി ഒന്നാമതായിരുന്നു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 12 സീറ്റു നേടിയ യു.ഡി.എഫ് 80 നിയമസഭാ സീറ്റുകളില്‍ ഒന്നാമതായിരുന്നു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 47 ആയി. അതുകൊണ്ട് പിണറായി വിജയന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും ഇതു സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയല്ല എന്നുമാണ് എല്‍.ഡി.എഫ് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ എന്‍.ഡി.എയില്‍ ബി.ജെ.പിയുടെ മുഖ്യ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നാമാവശേഷമായി എന്നതാണ്  മറ്റൊരു പ്രത്യേകത. ബി.ഡി.ജെ.എസ് അധ്യക്ഷനും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട് മണ്ഡലത്തില്‍ കെട്ടിവച്ച തുക നഷ്ടമായി. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ ആറിലൊന്നെങ്കിലും കിട്ടിയിരിക്കണം എന്നിരിക്കെ 78,816 വോട്ടുകള്‍ മാത്രമാണ് തുഷാറിനു കിട്ടിയത്. 

ഒന്നില്‍ അവസാനിപ്പിച്ച്
ഇടതുമുന്നേറ്റം

ആലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടാന്‍ കാരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് ലീഡ് കുറഞ്ഞതായിരുന്നു. കേരളമാകെയുണ്ടായ തരംഗത്തില്‍ തനിക്കു മാത്രമുണ്ടായ തോല്‍വി വ്യക്തിപരമാണെന്ന് ഷാനിമോള്‍ പ്രതികരിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു ശേഷം ചെന്നിത്തല പറഞ്ഞത് ''പാര്‍ട്ടി പരിശോധിക്കും'' എന്നാണ്.  ആരിഫിന്റെ സ്വന്തം മണ്ഡലമായ അരൂരിനു പുറമേ തോമസ് ഐസക്കിന്റെ ആലപ്പുഴ, ജി. സുധാകരന്റെ അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളിലുള്‍പ്പെടെ ഭൂരിപക്ഷം കിട്ടിയപ്പോഴാണ് ഹരിപ്പാട് 'ചതിച്ചത്'. 2014-ല്‍ കെ.സി. വേണുഗോപാല്‍ 8,865 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹരിപ്പാട്ട് നേടിയത്. ഇത്തവണ ഷാനിമോള്‍ക്ക് അതിലും ഉയര്‍ന്ന ലീഡ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, 5844 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കിട്ടിയത്. 

കോണ്‍ഗ്രസ്സ് ഭരിക്കുന്ന ആലപ്പുഴ നഗരസഭാ പരിധിയിലും ഷാനിമോള്‍ വീണു. അവിടെ 69 വോട്ടിന്റെ ലീഡ് മാത്രം. ആഴ്ചകള്‍ക്കു മുന്‍പു മാത്രം ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണനായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. രണ്ടു മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍നിന്നു ധീവര സമുദായാംഗമായ രാധാകൃഷ്ണന്‍ പിടിച്ച 1.8 ലക്ഷം വോട്ടുകളും യു.ഡി.എഫിന്റെ തകര്‍ച്ചയ്ക്കു വേഗം കൂട്ടി. 2014-ല്‍ എന്‍.ഡി.എയുടെ എ.വി. താമരാക്ഷന്‍ അരലക്ഷം വോട്ടു തികച്ചു പിടിച്ചിരുന്നില്ല. സംസ്ഥാനത്തെ മുസ്ലിം സമുദായം ഒറ്റക്കെട്ടായി മോദിവിരുദ്ധ വികാരം കോണ്‍ഗ്രസ്സിന് അനുകൂലമാക്കിയ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് കോണ്‍ഗ്രസ്സിന് ഒരു മുസ്ലിം എം.പി പോലും ഇല്ലാതെയാകാന്‍ ഷാനിമോളുടെ തോല്‍വി കാരണമായി. ടി. സിദ്ദീഖിനെ മാറ്റി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിച്ചപ്പോള്‍ 'ഗത്യന്തരമില്ലാതെ ക്ഷമിച്ച' ഇ.കെ. വിഭാഗം സുന്നി നേതൃത്വം സിദ്ദീഖിനു മുന്‍പ് ഷാനിമോളെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ചപ്പോള്‍ എതിര്‍ത്തിരുന്നു തട്ടമിടാത്ത സ്ത്രീ എന്നതായിരുന്നു അവരുടെ അയോഗ്യത. 

മോദി തരംഗവും ശബരിമല അജന്‍ഡയും വഴി കേരളത്തില്‍ ചലനമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചപ്പോള്‍ കുമ്മനത്തിന്റെ ദയനീയ പരാജയം അവര്‍ക്ക് തിരിച്ചടിയായി. മിസോറാം ഗവര്‍ണര്‍ പദവി രാജിവയ്പിച്ച് തിരുവനന്തപുരം പിടിക്കാന്‍ കൊണ്ടുവന്നു എന്നതും അതൊരു മാസ് എന്‍ട്രിയായി ഉയര്‍ത്തിക്കാട്ടി എന്നതുകൊണ്ടും മാത്രമല്ല തോല്‍വിയുടെ ആക്കം വര്‍ദ്ധിച്ചത് എന്നാല്‍, 2014-ലെ കണക്കുകളുമായുള്ള താരതമ്യം കൂടുതല്‍ പ്രസക്തമാണ്. കുമ്മനത്തിനു കിട്ടിയത് 316142 വോട്ട് (31.3%). ശശി തരൂരിന് 416131 (41.19%). സി. ദിവാകരന് 258556 (25.6%). 2014-ല്‍ ആകെ വോട്ടര്‍മാര്‍ 1267456 . പോളിങ് ശതമാനം 68.69. ശശി തരൂരിന് 297806 വോട്ട്, ഒ. രാജഗോപാലിന് 282336 വോട്ട്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നറ്റ് ഏബ്രഹാമിനു കിട്ടിയത് 248941 വോട്ട്. അന്ന് തരൂരിന്റെ ഭൂരിപക്ഷം 15470 വോട്ട്. 

ഇത്തവണ ആകെ വോട്ടര്‍മാര്‍ 1367523. പോളിംഗ് ശതമാനം 73.45. അതായത് കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ 100067 വോട്ടര്‍മാര്‍ അധികമുണ്ടാവുകയും പോളിങ് കഴിഞ്ഞ തവണത്തേക്കാള്‍ 4.76 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടും ഒ. രാജഗോപാലിനു കിട്ടിയതിനേക്കാള്‍ കൂടുതലായി കുമ്മനത്തിനു കിട്ടിയത് 33806 വോട്ട് മാത്രം. രാജഗോപാല്‍ നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതായ സ്ഥാനത്താണ് കുമ്മനം നേമത്ത് മാത്രം ഒന്നാമതെത്തിയത്. കേരളത്തില്‍ ബി.ജെ.പിക്കു ലഭിച്ച വോട്ട് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ 10.53 ശതമാനത്തില്‍നിന്ന് 12.93 ശതമാനമായി ഉയര്‍ന്നപ്പോഴും കുമ്മനത്തിന്റെ തോല്‍വി അഭിമാനക്ഷതമായി. ബെന്നറ്റ് ഏബ്രഹാം രണ്ടാമത് എത്തിയ പാറശാല, കോവളം, നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് ഇത്തവണ സി. ദിവാകരനും രണ്ടാമതെത്തിയത്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ കുമ്മനവും നേമത്ത് തരൂരും രണ്ടാം സ്ഥാനത്തെത്തി. പക്ഷേ, തോല്‍വി കൂടുതല്‍ ദയനീയം. വോട്ടര്‍മാരുടെ എണ്ണവും പോളിംഗ് ശതമാനവും വര്‍ദ്ധിച്ചിട്ടും ദിവാകരന് ബെന്നറ്റിനേക്കാള്‍ നേടാനായത് 9615 വോട്ട് മാത്രം. സ്വാശ്രയ മുതലാളിയുടെ പെയ്ഡ് സീറ്റില്‍നിന്ന് സി.പി.ഐയുടെ ഉന്നത നേതാവിലേക്കുള്ള മാറ്റം പ്രതിഫലിച്ചില്ല. 

സി.പി.എം ഉറച്ച പ്രതീക്ഷ വച്ച ആറ്റിങ്ങലില്‍ യു.ഡി.എഫിലെ അടൂര്‍ പ്രകാശ് വിജയിച്ചതിന്റെ തുടര്‍ച്ചയായി ഉണ്ടാകാന്‍ പോകുന്ന കോന്നി ഉപതെരഞ്ഞെടുപ്പിന്റെ ഫലം ആര്‍ക്ക് അനുകൂലമാകും എന്നതിനു രാഷ്ട്രീയ പ്രാധാന്യമുണ്ട്. കോന്നി പത്തനംതിട്ടയിലാണ്. ആറ്റിങ്ങലില്‍ വെള്ളാപ്പള്ളിയുടെ പിന്തുണ യഥാര്‍ത്ഥത്തില്‍ കിട്ടിയത് സമ്പത്തിനല്ല അടൂര്‍ പ്രകാശിനായിരുന്നു. ഈ അടിയൊഴുക്ക് മനസ്സിലാക്കുന്നതില്‍ സി.പി.എം പരാജയപ്പെട്ടു. അതിന്റെ ഉത്തരമാണ് അവിടത്തെ ഫലം. പക്ഷേ, ശോഭാ സുരേന്ദ്രന്‍ അവിടെ ബി.ജെ.പിയുടെ മാനം കാത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന എസ്. ഗിരിജാകുമാരി ഒരു ലക്ഷം വോട്ട് തികച്ചു നേടിയിരുന്നില്ല (90528). ഗിരിജാകുമാരിയില്‍നിന്ന് ശോഭാ സുരേന്ദ്രനിലേക്കു വന്നപ്പോള്‍ കിട്ടിയ വോട്ടുകളുടെ എണ്ണം 24,8081 ആയി കുതിച്ചു. വ്യത്യാസം 157553. അതേസമയം, സമ്പത്തിന് ഈഴവ വോട്ടുകള്‍ക്കൊപ്പം മുസ്ലിം വോട്ടുകളും നഷ്ടമായി. എന്നിട്ടും സമ്പത്തിനു കഴിഞ്ഞ തവണ കിട്ടിയ 69,378 വോട്ടുകളുടെ ഭൂരിപക്ഷത്തിന്റെ സ്ഥാനത്ത് അടൂര്‍ പ്രകാശിനു ഭൂരിപക്ഷം 38,247 മാത്രം. 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഒരൊറ്റ സീറ്റുപോലും നല്‍കാതിരുന്ന ജില്ലയാണ് കൊല്ലം. ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ മണ്ഡലങ്ങളിലെല്ലാം എല്‍.ഡി.എഫ് എം.എല്‍.എമാര്‍. പക്ഷേ, 2014ല്‍ എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ പോയ ആര്‍.എസ്.പിയുടെ സ്ഥാനാര്‍ത്ഥിയായി 37649 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രേമചന്ദ്രന്‍ 2019-ല്‍ ബഹുദൂരം മുന്നിലായി. ഭൂരിപക്ഷം 148856. ഇടയ്ക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ഈ തെരഞ്ഞെടുപ്പിന്റെ ഫലവും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത സ്ഥിതി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ഒന്നാമതും എല്‍.ഡി.എഫ് രണ്ടാമതും. ഇത്തവണ ആകെ വോട്ട് 12,96720. 74.36 ശതമാനമായിരുന്നു പോളിംഗ്. പോള്‍ ചെയ്തത് 968123. 2014-ല്‍ ആകെ വോട്ട് 1214984, പോളിംഗ് ശതമാനം 72.09, പോള്‍ ചെയ്തത് 875922 വോട്ടുകള്‍. 2014-ല്‍ സി.പി.എം പി.ബി അംഗം എം.എ. ബേബിയെയാണ് തോല്‍പ്പിച്ചതെങ്കില്‍ ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എന്‍. ബാലഗോപാലിനെയാണ് എന്നുമാത്രം. സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം ചെറുതായപ്പോള്‍ തോല്‍വിയുടെ ആഘാതം കൂടുതലായി. 

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതിനും അപ്പുറമായി. 2014-ലെ 32737-ന്റെ സ്ഥാനത്ത് കിട്ടിയത് 61138. അന്നു തോറ്റ ചെങ്ങറ സുരേന്ദ്രനേക്കാള്‍ സീറ്റ് പിടിച്ചെടുക്കാന്‍ യോഗ്യന്‍ എന്നുറപ്പിച്ചാണ് എല്‍.ഡി.എഫ് (സി.പി.ഐ) അവിടെ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെ മത്സരിപ്പിച്ചത്. കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയില്ലെങ്കിലും രാഹുല്‍ പ്രധാനമന്ത്രിയായില്ലെങ്കിലും തരംഗത്തില്‍പ്പെട്ട് കൊടിക്കുന്നില്‍ കരകയറി. 2014-ല്‍ മാവേലിക്കര ഒഴികെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമത് എത്തിയതെങ്കില്‍ ഇത്തവണ ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ ഏഴ് മണ്ഡലങ്ങളിലും ഒന്നാമതെത്തി. കുട്ടനാട്ടില്‍ മാത്രം മത്സരം ഇഞ്ചോടിഞ്ചായി. ഗോപകുമാറും കൊടിക്കുന്നിലും തമ്മിലുള്ള വ്യത്യാസം അവിടെ 2623 വോട്ടു മാത്രം. കഴിഞ്ഞ തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന പി. സുധീര്‍ 79743 വോട്ടു നേടി. ഇത്തവണ ബി.ഡി.ജെ.എസ്സിന്റെ തഴവ സഹദേവനാണ് മത്സരിച്ചത്. നേടിയത് 132323 വോട്ടുകള്‍. ഒരുപക്ഷേ, ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ ഗുണഫലം പ്രതീക്ഷിച്ചതിലുമധികം വോട്ടായി മാറിയ സ്ഥലമായി മാവേലിക്കര സംവരണ മണ്ഡലം. 

ഇടതുമുന്നണി ഘടക കക്ഷിയായി മാറിയ കേരള കോണ്‍ഗ്രസ്സ് ബിയുടേയും ആര്‍. ബാലകൃഷ്ണ പിള്ളയുടേയും ശക്തികേന്ദ്രമായ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളൊന്നും എല്‍.ഡി.എഫിനു ഭൂരിപക്ഷം നല്‍കിയില്ല. എന്‍.എസ്.എസ്സിന് ഈ മണ്ഡലങ്ങള്‍ക്കു പുറമേ അവരുടെ ആസ്ഥാനമായ ചങ്ങനാശേരിയില്‍ ഉള്‍പ്പെടെ ഉള്ള സ്വാധീനം കൊടിക്കുന്നിലിന് അനുകൂലമായി മാറിയതില്‍ പിള്ളയും എന്‍.എസ്.എസ്സും തമ്മില്‍ തെരഞ്ഞെടുപ്പുകാലത്തുണ്ടായ അകല്‍ച്ചയും കാരണമായി എന്നാണ് മനസ്സിലാകുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ശബരിമലയുടെ പേരില്‍ എല്‍.ഡി.എഫിനെ പിള്ള തളളിപ്പറഞ്ഞു. എന്‍.എസ്.എസ് നിലപാടാണ് ശരി എന്ന് തെളിഞ്ഞതായി പരസ്യപ്രസ്താവന നടത്തി സ്വന്തം കളം തിരിച്ചുപിടിക്കാനാണ് പിള്ള ശ്രമിച്ചത്. 

പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വന്ന വരവ് കേരളം മറന്നിട്ടില്ല. താടിയും കറുത്ത വേഷവും സാത്വിക ഭാവവും. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ജയിക്കാന്‍ പിന്തുണ നല്‍കിയത് ആര്‍.എസ്.എസ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയും എം.ടി. രമേശും മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കിലും സുരേന്ദ്രന് തുണയായത് ആര്‍.എസ്.എസ് പിന്തുണ തന്നെ. അതു നേരത്തെ പുറത്തുവന്ന കാര്യമാണ്. അനുകൂല ഘടകങ്ങളായി പലതും അവരും സുരേന്ദ്രനും കണ്ടു. എല്ലാം ശബരിമലയുമായി ബന്ധപ്പെട്ടത്. ശബരിമല പ്രക്ഷോഭങ്ങളുടെ ഭാഗമായി അറസ്റ്റും ജയില്‍വാസവും ഉണ്ടായ നേതാവ്, എന്‍.എസ്.എസ്സിന്റെ പിന്തുണ കൂടി ലഭിക്കാന്‍ ഇടയുള്ള ഈഴവ സമുദായാംഗം, എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ക്രിസ്ത്യാനികള്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി സ്വന്തം പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിനുതന്നെ അനഭിമതന്‍, ഏറ്റവുമൊടുവില്‍ പി.സി. ജോര്‍ജ്ജിന്റെ പിന്തുണയും. 

2014-ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മുന്‍ കോണ്‍ഗ്രസ്സ് നേതാവ് പീലിപ്പോസ് തോമസും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എം.ടി. രമേശും മത്സരിച്ചപ്പോള്‍ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം 56191 വോട്ടായിരുന്നു. ആന്റോ 358842 വോട്ടും പീലിപ്പോസ് തോമസ് 302651 വോട്ടും രമേശ് 138954 വോട്ടും നേടി. ആകെ വോട്ടര്‍മാര്‍ 13,17,851-ഉം പോളിംഗ് 66.02 ശതമാനവും. നിയമസഭാമണ്ഡലങ്ങളായ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫ് തന്നെ മുന്നിലെത്തി. അടൂരില്‍ മാത്രമാണ് വോട്ടു വ്യത്യാസം നേര്‍ത്തതായത്: 1958. ഇത്തവണ വോട്ടര്‍മാരുടെ എണ്ണം 13,78,587 ആയും പോളിംഗ് ശതമാനം 74.19 ആയും ഉയര്‍ന്നു. ശബരിമല വിഷയം കത്തിനില്‍ക്കുകയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് മൂന്നാമതാവുകയേ ഉള്ളൂവെന്ന പ്രചാരണം കൊടുമ്പിരിക്കൊള്ളുകയും ചെയ്ത തെരഞ്ഞെടുപ്പ്. ഫലം വന്നപ്പോള്‍ വീണ രണ്ടാമതും സുരേന്ദ്രന്‍ മൂന്നാമതുമായെന്നു മാത്രമല്ല, തരംഗത്തിന്റെ ഭാഗമായി മാറിയ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം 44,243 മാത്രം. അതായത് 2014-ലേക്കാള്‍ 11,948 വോട്ട് കുറവ്. വീണാ ജോര്‍ജ്ജ് അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒന്നാമതായി. അവിടെ കെ. സുരേന്ദ്രന്‍ രണ്ടാമതും ആന്റോ ആന്റണി മൂന്നാമതും. വീണ ആകെ നേടിയ 3,36,684 വോട്ട് 2014-ല്‍ എല്‍.ഡി.എഫ് നേടിയതിനേക്കാള്‍ 34,033 വോട്ട് കൂടുതല്‍. കെ. സുരേന്ദ്രന്‍ പൊരുതി നേടിയ 2,97,396 വോട്ടിന് മൂന്നാം സ്ഥാനത്തേക്കുള്ള വീഴ്ചയില്‍ തിളക്കം നഷ്ടപ്പെട്ടു. പക്ഷേ, വോട്ട് വോട്ടു തന്നെയാണ്. അതായത് 2014-ല്‍ എം.ടി. രമേശ് നേടിയതിനേക്കാള്‍ 1,58,442 വോട്ട് കൂടുതല്‍. 

കോട്ടയത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള നിയോഗം തോമസ് ചാഴികാടനെ തേടിയെത്തിയത് 1991-ല്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ലഭിച്ച അവസരം പോലെ തന്നെ യാദൃച്ഛികം. പക്ഷേ, ആദ്യ ജയം പോലെ ഇത്തവണ വിജയം ഉറപ്പാണെന്ന് കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗവും യു.ഡി.എഫും പ്രതീക്ഷിച്ചില്ല. കാരണങ്ങള്‍ പലതായിരുന്നു. കേരള കോണ്‍ഗ്രസ്സിനുള്ളിലെ പോര്, പി.ജെ. ജോസഫിന്റെ ഉടക്ക്, കോണ്‍ഗ്രസ്സിന്റെ അതൃപ്തി, മുന്‍ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം നേതാവ് പി.സി. തോമസ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായത് അങ്ങനെ പലതും. പക്ഷേ, കേരളം യു.ഡി.എഫിനെ ജയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ തോമസ് ചാഴികാടന് നിന്നുകൊടുക്കുകയേ വേണ്ടിവന്നുള്ളു. ഭൂരിപക്ഷം 1,06,259. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്ക് ലഭിച്ചത് 4,24,194 വോട്ടും 1,20,599-ന്റെ ഭൂരിപക്ഷവും. വോട്ടര്‍മാരുടെ എണ്ണവും പോളിംഗ് ശതമാനവും കൂടിയിട്ടും ചാഴികാടന്റെ ഭൂരിപക്ഷം അവിടെത്തിയില്ല. പക്ഷേ, മറ്റൊന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജനാതദളിലെ മാത്യു ടി. തോമസായിരുന്നു. 3,03,595 വോട്ട് അദ്ദേഹം നേടി. സി.പി.എം സീറ്റെടുത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ പ്രതീക്ഷയോടെയാണ് ഇറക്കിയത്. പക്ഷേ, 11192 വോട്ടു മാത്രമാണ് അധികം കിട്ടിയത്. പി.സി. തോമസ് 155135 വോട്ട് പിടിച്ചിട്ടും അത് ഇടതുമുന്നണിക്കു വിജയവാതില്‍ തുറന്നില്ല. 1205376 വോട്ടുകളുള്ളതില്‍ 910648 വോട്ടുകള്‍ പോള്‍ ചെയ്തു. അതില്‍നിന്ന് വി.എന്‍. വാസവന്‍ 314787 വോട്ടു നേടിയിട്ടും കരപറ്റിയില്ല. 421046 വോട്ട് നേടി ചാഴികാടന്‍ ജയിച്ചു. കോണ്‍ഗ്രസ്സ് അല്ലാതിരുന്നിട്ടും യു.ഡി.എഫിന്റെ ഭാഗമായ എല്ലാവര്‍ക്കും ഇത്തവണ ലഭിച്ച ആനുകൂല്യം ചാഴികാടനു കിട്ടി. പിറവം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, കോട്ടയം, പാലാ, പുതുപ്പള്ളി എന്നീ നിയമസഭാമണ്ഡലങ്ങളില്‍ ഏറ്റുമാനൂര്‍ ഒഴികെ ആറിലും 2016-ല്‍ യു.ഡി.എഫാണ് ജയിച്ചത്. ഇത്തവണ ഏഴ് മണ്ഡലങ്ങളും യു.ഡി.എഫിന് ലീഡ് നല്‍കി. 

ഇടുക്കി പിടിക്കാന്‍ ഡീന്‍ കുര്യാക്കോസ് ഒഴുക്കിയ അഞ്ചു വര്‍ഷത്തെ വിയര്‍പ്പിന്റെ ഫലമാണ് അദ്ദേഹത്തിനു കിട്ടിയ മികച്ച വിജയം. 2014-ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് (സി.പി.എം) സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജ്ജിനോട് ഡീന്‍ തോറ്റത് 50,542 വോട്ടിനാണ്. ഇത്തവണ അതേ ജോയ്സിനോട് ജയിച്ചത് 171053 വോട്ടിന്. ഈ മധുരപ്രതികാരത്തിന് അവസരമൊരുക്കാനാണ് ഡീന്‍ മണ്ഡലത്തില്‍നിന്നു മാറാതെ നിന്നത്. തോറ്റപ്പോഴും 2014-ല്‍ കോതമംഗലം, തൊടുപുഴ നിയമസഭാമണ്ഡലങ്ങളില്‍ ഡീന്‍ മുന്നിലായിരുന്നു. മൂവാറ്റുപുഴ, ദേവികുളം, ഉടുമ്പഞ്ചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലാണ് ജോയ്സ് ഒന്നാമതെത്തിയത്. എന്നാല്‍ ഇത്തവണ ഏഴിടത്തും ഡീന്‍ തന്നെ ഒന്നാമതായത് ജോയ്സിന്റെ തോല്‍വിയുടെ ആക്കം കൂട്ടി. 2014-ലെ എന്‍.ഡി.എ (ബി.ജെ.പി) സ്ഥാനാര്‍ത്ഥി സാബു വര്‍ഗ്ഗീസ് 50,438 വോട്ടാണ് നേടിയത്. ഇത്തവണ ബിജു കൃഷ്ണന്‍ (ബി.ഡി.ജെ.എസ്) നേടിയത് 78,648 വോട്ട്. വോട്ടര്‍മാരുടെ എണ്ണവും പോളിംഗ് ശതമാനവും ഇടുക്കിയിലും കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ദ്ധിച്ചു.

എറണാകുളം യു.ഡി.എഫ് ചായ്വുള്ള മണ്ഡലമാണ്. കോണ്‍ഗ്രസ്സ് കെ.വി. തോമസില്‍നിന്നു സീറ്റെടുത്ത് ഹൈബി ഈഡനു കൊടുത്ത ഈ തെരഞ്ഞെടുപ്പില്‍ അത് പി. രാജീവിലൂടെ മണ്ഡലം പിടിക്കാനാണ് സി.പി.എം ശ്രമിച്ചത്. രാജീവ് ജയിക്കും എന്ന് എല്‍.ഡി.എഫിനു വലിയ പ്രതീക്ഷ തന്നെയാണ് ഉണ്ടായിരുന്നത്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ രാജീവ് മണ്ഡലത്തിലും പുറത്തും സ്വീകാര്യനാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ പൊതു മോദിവിരുദ്ധ വികാരം പക്ഷേ ഹൈബി ഈഡനെയാണ് തുണച്ചത്. ഹൈബി 1,69,153 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.വി. തോമസ് നേടിയ 87047 നേക്കാള്‍ തിളക്കമുള്ള ഭൂരിപക്ഷം. അന്ന് എല്‍.ഡി.എഫ് സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനു കിട്ടിയതിനേക്കാള്‍ 55,316 വോട്ട് കൂടുതല്‍ രാജീവ് നേടിയിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് കിട്ടിയ 99003-നേക്കാള്‍ 38746 വോട്ട് കൂടുതല്‍ അല്‍ഫോണ്‍സ് കണ്ണന്താനം പിടിച്ചു. പ്രശസ്ത മാധ്യമപ്രവര്‍ത്തക അനിതാ പ്രതാപ് അന്ന് എ.എ.പി സ്ഥാനാര്‍ത്ഥിയായി 51517 വോട്ട് നേടിയിരുന്നു. ഇത്തവണ അത്തരമൊരു സാന്നിധ്യം ഉണ്ടായില്ല. അതില്‍ വലിയൊരു പങ്ക് യു.ഡി.എഫിനു ലഭിച്ചിരിക്കാനാണു സാധ്യത. അതിനു പുറമേയാണ് എസ്.ഡി.പി.ഐയുടെ വോട്ട് 2014-ലേക്കാള്‍ മൂന്നിലൊന്നായി കുറഞ്ഞത്. സുല്‍ഫിക്കര്‍ അലിക്കു കിട്ടിയ 14825-ന്റെ സ്ഥാനത്ത് ഇത്തവണ വി.എം. ഫൈസലിനു കിട്ടിയത് 4309 വോട്ട് മാത്രം. കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ ഏഴ് നിയമസഭാമണ്ഡലങ്ങളിലും 2014ലെപ്പോലെ യു.ഡി.എഫ് തന്നെ ലീഡ് ചെയ്തു. 

സി.പി.എമ്മിന്റെ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ച് പൊതുവേ വിമര്‍ശനം കേട്ടത് രണ്ടു പേരുടെ കാര്യത്തിലാണ്. ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിച്ചതും പൊന്നാനിയില്‍ പി.വി. അന്‍വറിനെ ഇറക്കിയതും. ഇന്നസെന്റിന് പാര്‍ട്ടി ചിഹ്നം നല്‍കി സ്വന്തം സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ വോട്ടര്‍മാര്‍ രാഷ്ട്രീയമായി തിരിഞ്ഞുകുത്തി. ബെന്നി ബഹനാന്‍ ഇന്നസെന്റിനെ വീഴ്ത്തിയത് 1,32,274 വോട്ടിനാണ്. അടിസ്ഥാനപരമായി ചാലക്കുടി എന്ന പഴയ മുകുന്ദപുരം യു.ഡി.എഫ് അനുകൂല മണ്ഡലമാണ്. തരംഗത്തിന്റെ ഭാഗമായി അതിലേക്കു കനത്ത ഭൂരിപക്ഷവും ചെന്നുചേര്‍ന്നു. 2014-ലെ ആദ്യ മത്സരത്തില്‍ പി.സി. ചാക്കോയെ 13884 വോട്ടിനു തോല്‍പ്പിക്കാന്‍ ഇന്നസെന്റിനെ സഹായിച്ച കോണ്‍ഗ്രസ്സിലെ തമ്മിലടി ഇത്തവണ ഉണ്ടായില്ല എന്നതും ശ്രദ്ധേയം. ചാക്കോയ്ക്കും കെ.പി. ധനപാലനും തൃശൂരും ചാലക്കുടിയും വച്ചുമാറിയതും അതുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയും അതൃപ്തിയും ഇന്നസെന്റിനെ സഹായിച്ചിരുന്നു. എറണാകുളത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ വോട്ട് കുത്തനേ കുറഞ്ഞ് യു.ഡി.എഫിനെ സഹായിച്ച അതേ പ്രവണത ചാലക്കുടിയിലും പ്രകടം. അവര്‍ക്ക് അന്നു കിട്ടിയത് 14,386. ഇത്തവണ 4687. 2014-ല്‍ 35,189 വോട്ടു പിടിച്ച എ.എ.പി സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യവും 3102 വോട്ടു കിട്ടിയ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാന്നിധ്യവും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. ചാലക്കുടി, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളില്‍ പി.സി. ചാക്കോയാണ് ലീഡ് നേടിയത്. കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു ഇന്നസെന്റ് മുന്നില്‍. എന്നാല്‍, ഇത്തവണ ഏഴിടത്തും ബെന്നി ബഹനാന്‍ ഒന്നാം സ്ഥാനത്തെത്തി. പക്ഷേ, കൈപ്പമംഗലത്ത് മാത്രം ഇരുവരും തമ്മിലുള്ള വ്യത്യാസം നേര്‍ത്തതായി. ബെന്നി ബഹനാന് 51,212, ഇന്നസെന്റിന് 51,154. ഭൂരിപക്ഷം വെറും 58 വോട്ടു മാത്രം. 2014-ല്‍ ബി. ഗോപാലകൃഷ്ണനു കിട്ടിയ 92,848 വോട്ടിന്റെ സ്ഥാനത്ത് ഇത്തവണ എ.എന്‍. രാധാകൃഷ്ണന്‍ 1,54,159 വോട്ട് നേടി. 

തൃശൂരില്‍ ടി.എന്‍. പ്രതാപന്‍ ജയിച്ചുകയറിയത് സ്ഥാനാര്‍ത്ഥിയെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലാണ്. തെരഞ്ഞെടുപ്പുഫലം അനുകൂലമായേക്കില്ലെന്ന സൂചന കെ.പി.സി.സി യോഗത്തില്‍ നല്‍കിയ പ്രതാപന്‍ പിന്നീട് തിരുത്തി. പ്രതാപന്റെ ഭൂരിപക്ഷം 93633. 2014-ല്‍ സി.പി.ഐക്ക് ഇന്ത്യയില്‍ ഉണ്ടായിരുന്ന ഒരേയൊരു സീറ്റ് അങ്ങനെ കോണ്‍ഗ്രസ്സിന്റേതായി. 38,227 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ്സിലെ കെ.പി. ധനപാലനെ തോല്‍പ്പിച്ച സി.എന്‍. ജയദേവനെ മാറ്റി സി.പി.ഐ പരീക്ഷിച്ച രാജാജി മാത്യു തോമസ് ധനപാലന്റെയത്രപോലും വോട്ടു നേടിയുമില്ല. ധനപാലനു കിട്ടിയത് 350982. രാജാജിക്ക് 321456. 2014-ല്‍ കെ.പി. ശ്രീശനു കിട്ടിയ 1,02,681 വോട്ടിന്റെ സ്ഥാനത്ത് 2,93,822 വോട്ട് നേടിയപ്പോഴും സുരേഷ് ഗോപിയിലൂടെ ബി.ജെ.പിക്കു രണ്ടാം സ്ഥാനത്ത് എത്താനും സാധിച്ചില്ല. താരപ്രഭ, ശബരിമല വിഷയത്തിന്റെ സ്വാധീനം എന്നിവയൊക്കെ ബി.ജെ.പിക്ക് അനുകൂലമാകുമെന്ന പ്രചണ്ഡ പ്രചാരണത്തിനു ശേഷമാണ് ഇതു സംഭവിച്ചത്. കഴിഞ്ഞ തവണ തൃശൂരിലും എ.എ.പി മത്സരിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ്. അവര്‍ 44,638 വോട്ട് നേടി. ഇത്തവണ എ.എ.പി മാത്രമല്ല, എസ്.ഡി.പി.ഐയും ഉണ്ടായില്ല. എസ്.ഡി.പി.ഐക്ക് അന്നു കിട്ടിയത് 6,894 വോട്ട്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹി ജാസ്മിന്‍ ഷാ ആ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് 3959 വോട്ട് നേടിയിരുന്നു.
സംവരണ മണ്ഡലമായ ആലത്തൂരില്‍ 'പാട്ടുംപാടി' ജയിച്ച രമ്യാ ഹരിദാസിന് 1,58,968 വോട്ടാണ് ഭൂരിപക്ഷം. 2009-ലും 2014-ലും ആലത്തൂരില്‍നിന്നു ജയിച്ച സി.പി.എം സ്ഥാനാര്‍ത്ഥി പി.കെ. ബിജുവിനു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37312 വോട്ടായിരുന്നു ഭൂരിപക്ഷം. കോണ്‍ഗ്രസ്സിലെ ഷീബ നേടിയത് 374496 വോട്ട്. ഇത്തവണ ബിജുവിനു ലഭിച്ചത് അന്നത്തെ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ കൂടുതലായി ലഭിച്ചത് 351 വോട്ട് മാത്രം: 374847.  ആലത്തൂരിലെ ഫലത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം എന്‍.ഡി.എയ്ക്ക് നിന്ന നില്‍പ്പില്‍ത്തന്നെ നില്‍ക്കേണ്ടിവന്നു എന്നതാണ്. വോട്ടര്‍മാരുടെ എണ്ണവും പോളിംഗ് ശതമാനവും കൂടിയിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ 2034 വോട്ട് മാത്രമാണ് കൂടുതല്‍. അന്നു മത്സരിച്ചത് ബി.ജെ.പിയുടെ സാധാരണ സ്ഥാനാര്‍ത്ഥിയായ ഷാജുമോന്‍ വട്ടേക്കാട്ട്. ഇത്തവണ ബി.ഡി.ജെ.എസിന്റെ ടി.വി. ബാബുവിനെത്തന്നെ മത്സരിപ്പിച്ചു. ഷാജുമോനു കിട്ടിയത് 87803, ബാബുവിന് 89837. 7820 കഴിഞ്ഞ തവണ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്ദംകുളം, വടക്കാഞ്ചേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിന് ഭൂരിപക്ഷം നല്‍കിയ സ്ഥാനത്ത് ഇത്തവണ അവിടെയെല്ലാം യു.ഡി.എഫ് മുന്നിലെത്തി. 

പാലക്കാട് എം.ബി. രാജേഷിന്റെ തോല്‍വി പ്രതീക്ഷിക്കാതിരുന്നത് പാര്‍ട്ടി മാത്രമല്ല, യു.ഡി.എഫിന് കേരളമാകെ വലിയ വിജയം പ്രവചിച്ച സര്‍വ്വേകള്‍ കൂടിയാണ്. പക്ഷേ, ഫലം വന്നപ്പോള്‍ വി.കെ. ശ്രീകണ്ഠന്‍ 11637 വോട്ടിനു ജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വലിയ ഭൂരിപക്ഷത്തിനൊപ്പം എത്തിയില്ല എന്നതു ശരി. പക്ഷേ, ഒരു വോട്ടിനെങ്കിലും ശ്രീകണ്ഠന്‍ ജയിക്കുമെന്ന് കോണ്‍ഗ്രസ്സും പ്രതീക്ഷിച്ചതല്ല. കാരണങ്ങളില്‍ രാജേഷിന്റെ മികച്ച വ്യക്തിത്വവും പൊതുസ്വീകാര്യതയും എം.പി എന്ന നിലയിലുള്ള നല്ല പ്രവര്‍ത്തനവും. പക്ഷേ, തരംഗത്തിന്റെ പൊതുസ്വഭാവത്തില്‍നിന്നു വേറിട്ടൊരുജയം ശ്രീകണ്ഠനു കിട്ടിയതില്‍ അടിയൊഴുക്കുകള്‍ക്കു പങ്കുണ്ട്. തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് രാജേഷിനെപ്പോലെ വിടുവായത്തം പറയാറില്ലാത്ത ഒരാള്‍ പറഞ്ഞത് തോല്‍വിയുടെ താല്‍ക്കാലിക വികാരത്തിലാകില്ല. ചെര്‍പ്പുളശ്ശേരിയിലെ സി.പി.എം പ്രാദേശിക ഓഫീസില്‍ ലൈംഗിക പീഡനം നടന്നുവെന്ന വാര്‍ത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ പ്രചരിച്ചതിന്റെ സത്യാവസ്ഥയും സംശയത്തിന്റെ മുനയിലാണ്. ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ. ശശിക്കെതിരേ പാര്‍ട്ടി നടപടിക്ക് ഇടയാക്കിയ പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ രാജേഷ് നിന്നത് പരാതിക്കാരിക്കൊപ്പമാണെന്നു കേട്ടിരുന്നു. പുറമേയ്ക്ക് അതിന്റെ സൂചനകളൊന്നും വന്നിരുന്നില്ല. എങ്കിലും സ്വാഭാവികമായും രാജേഷിന്റെ നിലപാട് അതായിരിക്കാനുള്ള സാധ്യത അദ്ദേഹത്തെ അറിയുന്നവര്‍ തള്ളുന്നില്ല. ആ നിലപാട് രാജേഷിന്റെ തോല്‍വിയെ സ്വാധീനിച്ചു എന്ന അഭ്യൂഹം സജീവമാണ്, പി.കെ. ശശി നിഷേധിച്ചെങ്കിലും. കഴിഞ്ഞ തവണ എം.പി. വീരേന്ദ്രകുമാറിനോട് നേടിയ മികച്ച വിജയം 2009-ല്‍ കോണ്‍ഗ്രസ്സിലെ സതീശന്‍ പാച്ചേനിയോടു ലഭിച്ചില്ല എന്നതു ശരിയാണ്. 2014-ല്‍ 105300 ആയിരുന്നു ഭൂരിപക്ഷം. എം.പി എന്ന നിലയില്‍ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ച ശേഷമായിരുന്നു അത്. ആ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് വീരേന്ദ്രകുമാറും രാജേഷും തൊട്ടടുത്ത് എത്തി എന്നതൊഴിച്ചാല്‍ മറ്റ് ആറ് നിയമസഭാമണ്ഡലങ്ങളിലും രാജേഷിന് മോശമല്ലാത്ത ലീഡുണ്ടായി. ഇത്തവണ തോറ്റപ്പോഴും ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങളില്‍ രാജേഷാണ് മുന്നില്‍. പട്ടാമ്പി, മണ്ണാര്‍ക്കാട്, പാലക്കാട് മണ്ഡലങ്ങളിലാണ് ശ്രീകണ്ഠന്‍ ലീഡ് നേടിയത്. ഇതില്‍ മലമ്പുഴയിലും പാലക്കാട്ടും 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാമതെത്തി. പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിനു താഴെ സി.പി.എമ്മിലെ എന്‍.എന്‍. കൃഷ്ണദാസിനു മുകളില്‍ 40076 വോട്ടു നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ 2014-ല്‍ ലോക്സഭയിലേക്കു മല്‍സരിച്ചപ്പോള്‍ 136587 വോട്ട് നേടി. ആ സ്ഥാനത്ത് ഇത്തവണ സി. കൃഷ്ണകുമാറിനു 218556 വോട്ട് കിട്ടി. പാലക്കാട് അവരുടെ അഭിമാന പോരാട്ടങ്ങളിലൊന്നായിരുന്നു. ത്രികോണ മത്സര പ്രതീതി ഉണ്ടായ മണ്ഡലം. പക്ഷേ, കൃഷ്ണകുമാറും രണ്ടാമതെത്തിയ രാജേഷും തമ്മിലുള്ള വോട്ട് വ്യത്യാസം 169081 ആണ്. മലമ്പുഴയില്‍ വി.എസ്സിനു താഴെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. ജോയിയേക്കാള്‍ മുന്നില്‍ എത്തിയ കൃഷ്ണകുമാര്‍ പ്രതീക്ഷിച്ചത്ര മിന്നിയില്ല എന്നതിന് തെളിവ്. കഴിഞ്ഞ തവണ പാലക്കാട്ട് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി ഇ.എസ്. ഖാജാ ഹുസൈന്‍ നേടിയത് 12504 വോട്ട്. ഇത്തവണ തുളസീധരനു കിട്ടിയത് 5749. വ്യത്യാസം 6755 ആണെങ്കിലും വോട്ടര്‍മാരുടെ എണ്ണം കൂടുകയും പോളിംഗ് ഉയരുകയും ചെയ്തതിന്റെ ആനുപാതിക വര്‍ധന കൂടി കണക്കിലെടുക്കണം. അങ്ങനെ വരുമ്പോള്‍ വി.കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷവും എസ്.ഡി.പി.ഐ വോട്ടും തമ്മിലുള്ള അകലം കുറയും. കഴിഞ്ഞ തവണ 8667 വോട്ട് നേടിയ വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചു. 2014-ല്‍ 4933 വോട്ട് നേടിയ എ.എ.പിക്കും ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായില്ല.

ഇളകാത്ത ലീഗ് കോട്ടകള്‍
പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ തോറ്റിരുന്നെങ്കില്‍ മലപ്പുറം ജില്ലയില്‍ ഉറപ്പായും ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എയാണ്. പക്ഷേ, ബഷീര്‍ ജയിച്ചാലാകും ഉപതെരഞ്ഞെടുപ്പ് എന്ന സൂചനയാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അന്‍വര്‍ നല്‍കിയത്. തോറ്റാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അത്രയ്ക്ക് ആത്മവിശ്വാസത്തിലായിരുന്നു അന്‍വറും എല്‍.ഡി.എഫും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബഷീറിനു കിട്ടിയ കുറഞ്ഞ ഭൂരിപക്ഷം (25410) അതിന് ഒരു കാരണമായി. അന്‍വറിന്റെ കോണ്‍ഗ്രസ്സ് കുടുംബ പശ്ചാത്തലമായിരുന്നു മറ്റൊന്ന്. പക്ഷേ, കോണ്‍ഗ്രസ്സും ലീഗും ബഷീറിനെയാണ് പിന്തുണച്ചതെന്നു ഫലം വന്നപ്പോള്‍ ഉറപ്പായി. ഭൂരിപക്ഷം 193230. ബഷീര്‍ 508352 വോട്ട് നേടിയപ്പോള്‍ അന്‍വറിനു കിട്ടിയത് 320809. 2014-ല്‍ ഇപ്പോഴത്തെ താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ കിട്ടിയതിനേക്കാള്‍ (353093) കുറവ്. ലീഗുമായി കൂട്ടുകെട്ട് ആരോപിക്കപ്പെട്ടതുകൊണ്ട് മത്സരിക്കാന്‍ നിര്‍ബന്ധിതമായ എസ്.ഡി.പി.ഐക്കു കിട്ടിയ 18114 വോട്ടും പി.ഡി.പിക്കു കിട്ടിയ 6122 വോട്ടുമൊക്കെ വലിയ ഭൂരിപക്ഷത്തിനു മുന്നില്‍ നിഷ്പ്രഭം. മാത്രമല്ല, കഴിഞ്ഞ തവണ എസ്.ഡി.പി.ഐക്കു കിട്ടിയ 26640 വോട്ടിനേക്കാള്‍ ഇത്തവണ കുറയുകയും ചെയ്തു. തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, തൃത്താല മണ്ഡലങ്ങളിലൊക്കെ ബഷീര്‍ ഒന്നാമതെത്തി. 2014-ലും അങ്ങനെ തന്നെയായിരുന്നു. ബി.ജെ.പിയുടെ നാരായണന്‍ മാസ്റ്റര്‍ അന്ന് നേടിയത് 75212 വോട്ട്. ഇത്തവണ വി.ടി. രമ അത് 108975 ആക്കി നില ഉയര്‍ത്തി. 
മലപ്പുറത്ത് 2014-ല്‍ ജയിച്ച ഇ. അഹമ്മദിന്റെ വിയോഗത്തെത്തുടര്‍ന്ന് ഉണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി അന്നത്തെ ഭൂരിപക്ഷം മാത്രമല്ല, മറികടന്നത്; ഇ. അഹമ്മദിന്റെ റെക്കോഡ് കൂടിയാണ്. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു 2014-ല്‍ അഹമ്മദ് നേടിയ 194739. 2017-ലെ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 171038 വോട്ട്. ഇത്തവണ 260153. പി.കെ. സൈനബ ആയിരുന്നു 2014-ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. അവര്‍ 242984 വോട്ട് നേടി. ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിച്ച എം.ബി. ഫൈസലിന് 344287 ആയി അത് ഉയര്‍ത്തി. ഇത്തവണ സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി നേതാവ് വി.പി. സാനുവിനു കിട്ടിയത് 329103 വോട്ട്.

ഉപതെരഞ്ഞെടുപ്പിലെ അത്ര എത്തിയില്ല. സി.പി.എമ്മിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്‍പെന്നത്തേക്കാള്‍ മികച്ചതായിരുന്നു. വിദ്യാര്‍ത്ഥി, യുവജന സ്‌ക്വാഡുകള്‍ മണ്ഡലം ഇളക്കിമറിച്ചത് മുസ്ലിം ലീഗിനെ മലപ്പുറത്ത് തോല്‍പ്പിക്കാനാകുമെന്നു പ്രതീക്ഷിച്ചല്ല. ഭൂരിപക്ഷം കുറയ്ക്കുക എന്നത് ലക്ഷ്യമായി മാറി. അതു സാധിച്ചില്ലെങ്കിലും 2014-ലേക്കാള്‍ വോട്ട് വര്‍ധിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസിക്ക് കിട്ടിയത് 2014-ല്‍ അവരുടെ പ്രമുഖ നേതാവ് നാസിറുദ്ദീന്‍ എളമരത്തിനു കിട്ടിയതിനേക്കാള്‍ വളരെ കുറവ്. ഫൈസിക്ക് 19095, എളമരത്തിന് 47853. 2014-ല്‍ 29216 വോട്ട് നേടിയ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചില്ല. പി.ഡി.പിക്കു കിട്ടിയത് 3685. ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശിന് 2014-ല്‍ 64705 വോട്ടു കിട്ടി. ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹംതന്നെ മത്സരിച്ചപ്പോള്‍ അത് 65662 ആയി. ഇത്തവണ ഉണ്ണിക്കൃഷ്ണന്‍ നേടിയത് 82087. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വളളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങളിലെല്ലാം ലീഗ് വന്‍ ലീഡ് നേടി. 

കോഴിക്കോട്ട് മൂന്നാം തവണയും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരായ ഒളിക്യാമറ വെളിപ്പെടുത്തല്‍ കേസ് ഇനി എന്താകും എന്നറിയില്ല. മോദി വിരുദ്ധ തരംഗത്തില്‍ 85225 വോട്ട് നേടിയ രാഘവന്‍ പത്രസമ്മേളനത്തില്‍ കരഞ്ഞുപോയതും ഫലം കണ്ടു. രാഘവനെ ഇത്തവണ തളച്ചേ തീരൂ എന്നുറപ്പിച്ചാണ് എ. പ്രദീപ്കുമാര്‍ എം.എല്‍.എയെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയത്. രാഘവന്‍ 493444 വോട്ടു നേടിയപ്പോള്‍ പ്രദീപ് കുമാറിന് 408219 വോട്ടു കിട്ടി. കഴിഞ്ഞ തവണ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എ. വിജയരാഘവനു കിട്ടിയതിനേക്കാള്‍ (380732) കൂടുതല്‍. അന്ന് 397615 വോട്ടു കിട്ടിയ രാഘവന്റെ ഭൂരിപക്ഷം 16883 മാത്രമായിരുന്നു. വോട്ടര്‍മാരുടെ എണ്ണവും പോളിംഗ് ശതമാനവും കൂടിയിട്ടുണ്ട്. പക്ഷേ, അതിനു ആനുപാതികമല്ല ഇത്തവണത്തെ ഭൂരിപക്ഷം. കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോയവരില്‍ പ്രദീപ് കുമാറും പെട്ടപ്പോള്‍ രാഘവന്റെ വിജയത്തിനു തിളക്കം വര്‍ദ്ധിച്ചു. എലത്തൂര്‍, ബേപ്പൂര്‍, കുന്ദമംഗലം നിയമസഭാ മണ്ഡലങ്ങളില്‍ വിജയരാഘവന്‍ ഒന്നാമതെത്തിയിരുന്നു. ബാലുശ്ശേരിയിലും കോഴിക്കോട് നോര്‍ത്തിലും സൗത്തിലും കൊടുവള്ളിയിലും രാഘവനും ലീഡ് നേടി. എന്നാല്‍, ഇത്തവണ ഏഴിടത്തും രാഘവന്‍ തന്നെയായി മുന്നില്‍. എലത്തൂരില്‍ വ്യാത്യാസം 103 വോട്ട് മാത്രം. രാഘവന് 67280, പ്രദീപ് കുമാറിന് 67177. ശബരിമല സമരത്തില്‍ പ്രതിയായി തെരഞ്ഞെടുപ്പു പ്രചാരണത്തുടക്കത്തില്‍ കുറച്ചു ദിവസം റിമാന്‍ഡിലായിരുന്ന എന്‍.ഡി.എ (ബി.ജെ.പി ) സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു 161216 വോട്ട് നേടി. കഴിഞ്ഞ തവണ മുന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ സി.കെ. പത്മനാഭനു കിട്ടിയത് 115760. എസ്.ഡി.പി.ഐക്ക് സ്ഥാനാര്‍ത്ഥിയുണ്ടായില്ല. കഴിഞ്ഞ തവണ അവര്‍ക്കു കിട്ടിയത് 10596. അന്ന് 13934 വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടിയും ഇത്തവണ ഉണ്ടായില്ല. 

വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിച്ചത് കേരളത്തിലാകെ തരംഗമുണ്ടാക്കി ഇടതുപക്ഷത്തെ തകര്‍ക്കാനായിരുന്നോ എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഇപ്പോഴുമുണ്ട്. അമേഠിയില്‍ തോറ്റെങ്കിലും വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തിനു രാഹുല്‍ ജയിച്ചു. മറ്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ സ്വാധീനിക്കുകയും ചെയ്തു. ഇരുപത് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമായാണ് രാഹുലിനേയും കാണുന്നത് എന്ന് ആദ്യം പിണറായി വിജയന്‍ പറഞ്ഞെങ്കിലും പിന്നീട് സി.പി.എം നേതൃത്വം നിലവിട്ട് വിമര്‍ശിച്ചിരുന്നു. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം അമേഠിയിലെ ദുസ്സൂചന മനസ്സിലാക്കിയായിരുന്നു എന്ന് ഇന്ത്യയ്ക്ക് അറിയാം. പക്ഷേ, അന്നത്തെ വ്യാഖ്യാനവും വിശദീകരണവും രാജ്യത്തിന്റെ വടക്കിനേയും തെക്കിനേയും ഒരുപോലെ കാണാനാണ് എന്നായിരുന്നു. 

431770 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് വയനാട് നല്‍കിയത്. 706367 വോട്ട് രാഹുലും 274597 വോട്ട് എല്‍.ഡി.എഫ് (സി.പി.ഐ) സ്ഥാനാര്‍ത്ഥി പി.പി. സുനീറും നേടി. തൃശൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ച ശേഷം രാഹുലിന്റെ എതിരാളിയായി ദേശീയ ശ്രദ്ധ നേടാന്‍ വയനാട്ടിലേക്ക് മാറിയ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് കിട്ടിയത് 78816. കഴിഞ്ഞ തവണ പി.ആര്‍. രശ്മില്‍ നാഥിനു കിട്ടിയത് 80752. പക്ഷേ, അന്നത്തേയും ഇപ്പോഴത്തേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ തമ്മില്‍ താരതമ്യമില്ല. 2014ല്‍ എം.ഐ. ഷാനവാസിനു കിട്ടിയത് 20870 വോട്ടിന്റെ ഭൂരിപക്ഷം. സത്യന്‍ മൊകേരിയായിരുന്നു സി.പി.ഐ സ്ഥാനാര്‍ത്ഥി. നേടിയത് 356165 വോട്ട്. എസ്.ഡി.പി.ഐ 14327 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടി 12645 വോട്ടും എ.എ.പി 10684 വോട്ടും നേടിയിരുന്നു. ഇത്തവണ എസ്.ഡി.പി.ഐക്കു കിട്ടിയത് 5426. മറ്റു രണ്ടു പാര്‍ട്ടികളും മത്സരിച്ചില്ല. 

വടകരയില്‍ കെ. മുരളീധരന്‍ ജയിച്ചപ്പോള്‍ മുതല്‍ കേരളം തലപുകയ്ക്കുന്ന രണ്ടു ചോദ്യങ്ങളുണ്ട്. പി. ജയരാജന് ഇനി സി.പി.എമ്മില്‍ എന്തു സ്ഥാനം കിട്ടും എന്നതാണ് ആദ്യത്തേത്. മുരളീധരന്റെ ജയത്തോടെ ഒഴിവ് വരുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലത്തില്‍ എന്തു സംഭവിക്കും എന്നത് രണ്ടാമത്തേതും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനു പകരം എം.വി. ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയാണ് ചെയ്തത്. കോട്ടയത്ത് വി.എന്‍. വാസന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ എ.വി. റസലിന് ചുമതല നല്‍കിയതുപോലുള്ള നടപടിയല്ല അത്. അതുകൊണ്ട് സെക്രട്ടറി സ്ഥാനത്തേക്കൊരു മടക്കത്തിനു സാധ്യതയില്ല. 
84663 വോട്ടാണ് മുരളീധരന്റെ ഭൂരിപക്ഷം. പോള്‍ ചെയ്ത 1065619 വോട്ടില്‍ മുരളീധരന് 526755, ജയരാജന് 442092 എന്ന ക്രമത്തിലാണ് കിട്ടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ. സജീവന് 80128 വോട്ട് കിട്ടി. 2014-ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എ.എന്‍. ഷംസീറിനോട് വെറും 3306 വോട്ടിനു മാത്രമാണ് ഇവിടെ ജയിച്ചത്. അന്ന് 416479 വോട്ട് മുല്ലപ്പള്ളിക്കും 413173 വോട്ട് ഷംസീറിനും കിട്ടി. വി.കെ. സജീവന്‍ തന്നെയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. കിട്ടിയത് 76313 വോട്ട്. ഇത്തവണ കിട്ടിയതുമായുള്ള വ്യത്യാസം 3815 മാത്രം. 82.48 ആയിരുന്നു ഇത്തവണ പോളിംഗ് ശതമാനം. ആകെ വോട്ടര്‍മാര്‍ 1286250 (സ്ത്രീകള്‍ 669223, പുരുഷന്മാര്‍ 617009). തലശേരി 168132, കൂത്തുപറമ്പ് 184382, വടകര 158665, കുറ്റിയാടി 189576, നാദാപുരം 203245, കൊയിലാണ്ടി 193999, പേരാമ്പ്ര 188251 എന്നിങ്ങനെയാണ് നിയമസഭാമണ്ഡലം തിരിച്ചുള്ള കണക്ക്. മുരളീധരന്‍ മുന്നിലെത്തിയ കൂത്തുപറമ്പില്‍ ബി.ജെ.പിക്ക് 15303, വടകരയില്‍ 9469, കുറ്റിയാടിയില്‍ 7851, നാദാപുരത്ത് 8408, കൊയിലാണ്ടിയില്‍ 16588, പേരാമ്പ്രയില്‍ 8505, ജയരാജന്‍ ലീഡ് നിലനിര്‍ത്തിയ തലശേരിയില്‍ ബി.ജെ.പിക്ക് 13456. 

2014-ല്‍ തലശേരിയിലും കൂത്തുപറമ്പിലും ഷംസീറായിരുന്നു മുന്നില്‍. ബാക്കി അഞ്ചിലും മുന്നില്‍ മുല്ലപ്പള്ളി. അന്നത്തെ ബി.ജെ.പി വോട്ടുനില: തലശേരി 11780, കൂത്തുപറമ്പ് 14774, വടകര 9061, കുറ്റിയാടി 8087, നാദാപുരം 9107, കൊയിലാണ്ടി 14093, പേരാമ്പ്ര 9325. ആ തെരഞ്ഞെടുപ്പില്‍ 81.24 ആയിരുന്നു പോളിംഗ് ശതമാനം. ആകെ വോട്ടര്‍മാര്‍ 1178888, പോള്‍ ചെയ്തത് 957782. തലശേരിയില്‍ 124214, കൂത്തുപറമ്പില്‍ 134901, വടകരയില്‍ 121909, കുറ്റിയാടിയില്‍ 144625, നാദാപുരത്ത് 151505, കൊയിലാണ്ടിയില്‍ 138942, പേരാമ്പ്രയില്‍ 141686. 
ഇത്തവണ പോളിംഗ് ഉയരുകയും വോട്ടര്‍മാരുടെ എണ്ണം കൂടുകയും ചെയ്തതു പ്രകടം. 107837 പേര്‍ അധികം വോട്ടു ചെയ്തു. അതിന് ആനുപാതികമായി ബി.ജെ.പി വോട്ട് വര്‍ദ്ധിച്ചില്ല. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ 15058 വോട്ട് നേടിയ സ്ഥാനത്ത് ഇത്തവണ മുസ്തഫ കൊമ്മേരിക്ക് കിട്ടിയത് 5544 വോട്ടു മാത്രം. എ.എ.പിയും 2014ല്‍ 6245 വോട്ട് പിടിച്ചു. അവരും ഇത്തവണ മത്സരിച്ചില്ല. 

കണ്ണൂരില്‍ കെ. സുധാകരന്‍ പി.കെ. ശ്രീമതിയെ തോല്‍പ്പിച്ചത് 94559 വോട്ടിന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുധാകരനെ ശ്രീമതി ടീച്ചര്‍ തോല്‍പ്പിച്ചത് 6566 വോട്ടിന്. പി.സി. മോഹനന്‍ മാസ്റ്ററായിരുന്നു അന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി. അദ്ദേഹം 51636 വോട്ട് നേടി. ഇത്തവണ സി.കെ. പത്മനാഭനു കിട്ടിയത് 68509. എസ്.ഡി.പി.ഐ അന്ന് 19170 വോട്ടും ഇത്തവണ 8142 വോട്ടും നേടി. ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ സുധാകരനാണ് 2014ല്‍ ലീഡ് നേടിയത്. തളിപ്പറമ്പ്, ധര്‍മടം, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ ശ്രീമതിയും. ഇത്തവണ പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്ന ധര്‍മടം, ഇ.പി. ജയരാജന്റെ മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളിലൊഴികെ കെ. സുധാകരന്‍ മുന്നിലെത്തി. അതില്‍ തളിപ്പറമ്പിലെ വ്യത്യാസം വളരെ നേര്‍ത്തതാണ്. 725 വോട്ട് മാത്രം. സുധാകരന്‍ 81444, ശ്രീമതി 80719. പോളിംഗ ശതമാനം കഴിഞ്ഞ തവണ 81.33, പോള്‍ ചെയ്ത വോട്ട് 945884. ഇത്തവണ 83.05, പോള്‍ ചെയ്ത വോട്ട് 1054746. 
കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ജയിച്ചപ്പോള്‍ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായത് പുതിയ വഴിത്തിരിവ്. ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. തലശേരിയില്‍ കോടിയേരി ബാലകൃഷ്ണനോടും കുണ്ടറയില്‍ ജെ. മേഴ്സിക്കുട്ടിയമ്മയോടും തോറ്റ ഉണ്ണിത്താനെ സി.പി.എം കോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന കാസര്‍ഗോട്ട് സ്ഥാനാര്‍ത്ഥിയാക്കിയത് സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പരീക്ഷണമായിരുന്നു. തരംഗത്തില്‍ ഉണ്ണിത്താന്‍ കര പറ്റിയപ്പോള്‍ സി.പി.എമ്മിന്റെ ജനകീയ മുഖം കെ.പി. സതീഷ് ചന്ദ്രന് കാലിടറി. മോദി വിരുദ്ധ തരംഗം, രാഹുല്‍ പ്രഭാവം എന്നതിനൊപ്പമോ അധികമോ ഉണ്ണിത്താനെ സഹായിച്ചത് പെരിയ ഇരട്ടക്കൊലയിലെ സി.പി.എം പങ്ക്. ഉണ്ണിത്താന് 474961 വോട്ടും സതീഷ് ചന്ദ്രന് 434523 വോട്ടും കിട്ടി. ഭൂരിപക്ഷം 40438. ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ നേടിയത് 176049 വോട്ട്. 2014-ല്‍ സി.പി.എമ്മിന്റെ പി. കരുണാകരന്‍ ടി. സിദ്ദീഖിനെ തോല്‍പ്പിച്ചത് 6921 വോട്ടിനാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് 172826 വോട്ട് കിട്ടി. 9713 വോട്ട് കിട്ടിയ എസ്.ഡി.പി.ഐയും 4996 വോട്ടു കിട്ടിയ എ.എ.പിയും ഇത്തവണ മത്സരിച്ചില്ല. തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി നിയമസഭാമണ്ഡലങ്ങളില്‍ മാത്രമാണ് പി. കരുണാകരന്‍ ലീഡ് നേടിയത്. മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ടി. സിദ്ദീഖ് മുന്നിലെത്തി. ഇത്തവണ കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനു പിന്നില്‍ രണ്ടാമതെത്തിയത് രവീശ തന്ത്രി. ഉണ്ണിത്താന്‍ ലീഡ് ചെയ്തത് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ മാത്രം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി മണ്ഡങ്ങളില്‍ സതീഷ് ചന്ദ്രന്‍ മുന്നിലെത്തി. 78.48 ആയിരുന്നു പോളിംഗ് ശതമാനം. 973613 പേര്‍ വോട്ടു ചെയ്തു. ഇത്തവണ 1096118 പേര്‍ വോട്ടു ചെയ്തു, പോളിംഗ് ശതമാനം 80.57. 


ഇടതുപക്ഷ അസാന്നിധ്യം അപകടകരം

ഡോ. സെബാസ്റ്റ്യന്‍ പോള്‍ 

സി.പി.എമ്മിനു വലിയ പരാജയമുണ്ടായി എന്ന് ആക്ഷേപിക്കേണ്ട കാര്യമില്ല. കേരളം മുന്‍പും വിചിത്രമായ രീതിയില്‍ വോട്ടു ചെയ്തിട്ടുണ്ട്. 1977-ല്‍ ഇന്ത്യ മുഴുവന്‍ അടിയന്തരാവസ്ഥക്കെതിരേ വോട്ടു ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ സംസ്ഥാനമാണ് കേരളം. അന്നും സി.പി.മ്മിന്, ഇടതുപക്ഷത്തിന് ഇവിടെ പൂജ്യമായിരുന്നു. പക്ഷേ, സ്ഥിരമായി ആ അവസ്ഥ നിന്നില്ല. അതില്‍നിന്നാണ് 2004 എത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് പൂജ്യമായി. ഇരുപതില്‍ പതിനെട്ടു സീറ്റും എല്‍.ഡി.എഫിനു കിട്ടി. അതങ്ങനെ മാറി മാറി വന്നുകൊണ്ടിരിക്കും. രാജ്യം ചിന്തിക്കുന്നതില്‍നിന്നു വ്യത്യസ്തമായി ചിന്തിക്കുന്ന പ്രദേശമാണ് കേരളം. ഇന്ന് ബംഗാള്‍ ചിന്തിക്കുന്നതുപോലെ നാളെ ഇന്ത്യ ചിന്തിക്കും എന്നൊരു ചൊല്ലുണ്ട്. നമ്മുടെ കാര്യത്തില്‍ നേരെ തിരിച്ചാണ്. ഇന്ന് ഇന്ത്യ ചിന്തിക്കുന്നത് നാളെ നമ്മള്‍ ഇന്ത്യ ആലോചിക്കും. അതുകൊണ്ട് ഇപ്പോള്‍ സംഭവിച്ചത് ക്ഷണികമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വിഷയങ്ങള്‍ മാറും, നിലപാടുകള്‍ മാറും, അവസ്ഥയും മാറും. പക്ഷേ, ഇപ്പോള്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പരിശോധന ആവശ്യമാണ്. അത് പൊതുവേ എല്ലാവരും പറയുന്നതുപോലെ ശബരിമലയെ മുന്‍നിര്‍ത്തിയുള്ള ഒരു തിരിച്ചടിയാണ് എന്നു ഞാന്‍ കരുതുന്നില്ല. ശബരിമല ഒരു വോട്ടു വിഷയമാണെങ്കില്‍ അതിന്റെ ഏറ്റവുമധികം ഗുണഫലം കിട്ടേണ്ടിയിരുന്നത് ബി.ജെ.പിക്കാണ്. ബി.ജെ.പിയുടെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി കറുത്ത വേഷമൊക്കെ ധരിച്ചു വന്നു, തൃശൂരില്‍ സുരേഷ് ഗോപി അയ്യന്റെ പേരില്‍ വോട്ടു ചോദിച്ചു. ആ ഒരു വികാരത്തെ അടിസ്ഥാനമാക്കി വോട്ടു ചോദിച്ചത് ബി.ജെ.പിയാണ്. അവര്‍ക്ക് കരുത്തുള്ള സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും ഉണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി ഇവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ, അവര്‍ക്കാര്‍ക്കും ജയിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ അര്‍ത്ഥം ശബരിമലയുടെ ഫലപ്രാപ്തി വളരെ കുറവായിരുന്നു എന്നുതന്നെയാണ്. കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം മാറണം എന്ന് കേരളജനത ആഗ്രഹിച്ചു. ആ ആഗ്രഹത്തിനു ശക്തിപകരുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് നടത്തുകയും ചെയ്തു. പക്ഷേ, കേന്ദ്രത്തില്‍ ഭരണമാറ്റമെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്സിന്റെ ഭരണം, രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുന്ന പുതിയ ഭരണം ഉണ്ടാകും എന്നാണ് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിച്ചത്. അതിനുവേണ്ടി അവര്‍ വോട്ടു ചെയ്തു. പക്ഷേ, കേന്ദ്രത്തില്‍ സംഭവിച്ചത് മറ്റൊന്നായിപ്പോയി എന്നുമാത്രം.

വാസ്തവത്തില്‍ ദേശീയ തലത്തില്‍ എല്‍.ഡി.എഫിന്റെ അസാന്നിധ്യം, സി.പി.എമ്മിന്റെ അസാന്നിധ്യം എത്രമാത്രം അപകടകരമാണ് എന്നു വരുംദിവസങ്ങളില്‍ ജനങ്ങള്‍ക്കു ബോധ്യപ്പെടുകയും ചെയ്യും. ബി.ജെ.പിയുടേയും ആവശ്യം കേരളത്തില്‍ സി.പി.എമ്മിനെ പരമാവധി പരാജയപ്പെടുത്തുക എന്നതായിരുന്നു. കോണ്‍ഗ്രസ്സ് ഒരു ഭീഷണിയല്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നു. സി.പി.എം ഇല്ലെങ്കില്‍ അവര്‍ക്ക് പിന്നെ ആരോടും ഏറ്റുമുട്ടേണ്ട ആവശ്യമില്ല. പാര്‍ലമെന്റിലും പുറത്തും ഇടതുപക്ഷ സാന്നിധ്യം പ്രധാനമാണ്. കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന് ബി.ജെ.പി ആദ്യം പറഞ്ഞല്ലോ. 2019-ല്‍ അവര്‍ ലക്ഷ്യം വച്ചത് ഇടതുപക്ഷ വിമുക്ത ഭാരതം എന്നതായിരുന്നു. അതില്‍ അവര്‍ വിജയിച്ചു. പക്ഷേ, ആ വിജയം ശാശ്വതമായി നില്‍ക്കുമെന്നു കരുതാനാകില്ല. ഇടതുപക്ഷ സാന്നിധ്യം ആവശ്യമാകുന്ന സന്ദര്‍ഭങ്ങള്‍ ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തെവിടെയും ഉണ്ടാകും. 


 ലോക്സഭ 2019

1. കാസര്‍ഗോഡ്
സ്ഥാനാര്‍ത്ഥി    പാര്‍ട്ടി    വോട്ട്    ശതമാനം
രാജ്‌മോഹന്‍ ഉണ്ണിത്താന്‍    യു.ഡി.എഫ്    474961    43.18
കെ.പി. സതീഷ്ചന്ദ്രന്‍    എല്‍.ഡി.എഫ്    434523    39.5
രവീശ തന്ത്രി കുണ്ടാര്‍    എന്‍.ഡി.എ    176049    16

2. കണ്ണൂര്‍
കെ. സുധാകരന്‍    യു.ഡി.എഫ്    529741    50.27
പി.കെ. ശ്രീമതി    എല്‍.ഡി.എഫ്    435182    41.29
സി.കെ. പത്മനാഭന്‍    എന്‍.ഡി.എ    68509    6.5

3. വയനാട്
രാഹുല്‍ ഗാന്ധി    യു.ഡി.എഫ്    706367    64.67
പി.പി. സുനീര്‍    എല്‍.ഡി.എഫ്    274597    25.14
തുഷാര്‍ വെള്ളാപ്പള്ളി    എന്‍.ഡി.എ    78816    7.22

4. കോഴിക്കോട്
എം.കെ. രാഘവന്‍    യു.ഡി.എഫ്    493444    45.85
എ. പ്രദീപ്കുമാര്‍    എല്‍.ഡി.എഫ്    408219    37.93
അഡ്വ. പ്രകാശ് ബാബു    എന്‍.ഡി.എ    161216    14.98

5. വടകര
കെ. മുരളീധരന്‍    യു.ഡി.എഫ്    526755    49.43
പി. ജയരാജന്‍    എല്‍.ഡി.എഫ്    442092    41.49
അഡ്വ. വി.കെ. സജീവന്‍    എന്‍.ഡി.എ    80128    7.52

6. മലപ്പുറം
പി.കെ. കുഞ്ഞാലിക്കുട്ടി    മുസ്ലിംലീഗ്    589873    57.01
വി.പി. സാനു    എല്‍.ഡി.എഫ്    329720    31.87
ഉണ്ണിക്കൃഷ്ണന്‍    എന്‍.ഡി.എ    82332    7.96

7. പൊന്നാനി
ഇ.ടി. മുഹമ്മദ് ബഷീര്‍    മുസ്ലിംലീഗ്    521824    51.3
പി.വി. അന്‍വര്‍    എല്‍.ഡി.എഫ്    328551    32.3 
രമ    എന്‍.ഡി.എ    110603    10.87

8. പാലക്കാട്
വി.കെ. ശ്രീകണ്ഠന്‍    യു.ഡി.എഫ്    399274    38.83
എം.ബി. രാജേഷ്    എല്‍.ഡി.എഫ്    387637    37.7
കൃഷ്ണകുമാര്‍ സി.     എന്‍.ഡി.എ    218556    21.26

9. തൃശൂര്‍
ടി.എന്‍. പ്രതാപന്‍    യു.ഡി.എഫ്    415089    39.84
രാജാജി മാത്യു തോമസ്     എല്‍.ഡി.എഫ്    321456    30.85
സുരേഷ് ഗോപി    എന്‍.ഡി.എ    293822    28.2

10. ആലത്തൂര്‍
രമ്യ ഹരിദാസ്    യു.ഡി.എഫ്    533815    52.4
പി.ജെ. ബിജു    എല്‍.ഡി.എഫ്    374847    36.8
ടി.വി. ബാബു    എന്‍.ഡി.എ    89837    8.82

11. ചാലക്കുടി
ബെന്നി ബെഹനാന്‍    യു.ഡി.എഫ്    473444    47.81
ഇന്നസെന്റ്    എല്‍.ഡി.എഫ്    341170    34.45
എ.എന്‍. രാധാകൃഷ്ണന്‍    എന്‍.ഡി.എ    154159    15.57

12. എറണാകുളം
ഹൈബി ഈഡന്‍    യു.ഡി.എഫ്    491263    50.79
പി. രാജീവ്    എല്‍.ഡി.എഫ്    322110    33.3
അല്‍ഫോന്‍സ് കണ്ണന്താനം    എന്‍.ഡി.എ    137749    14.24

13. ഇടുക്കി
അഡ്വ. ഡീന്‍ കുര്യാക്കോസ്    യു.ഡി.എഫ്    498493    54.23
അഡ്വ. ജോയ്‌സ് ജോര്‍ജ്    എല്‍.ഡി.എഫ്     327440    35.62
    (സ്വതന്ത്രന്‍)        
ബിജു കൃഷ്ണന്‍    എന്‍.ഡി.എ    78648    8.56
ഗോമതി    (സ്വതന്ത്ര)    1985    0.22

14. കോട്ടയം
തോമസ് ചാഴിക്കാടന്‍    യു.ഡി.എഫ്    421046    46.25
വി.എന്‍. വാസവന്‍    എല്‍.ഡി.എഫ്    314787    34.58
അഡ്വ. പി.സി. തോമസ്    എന്‍.ഡി.എ    155135    17.04

15. ആലപ്പുഴ
അഡ്വ. എ.എം. ആരിഫ്    എല്‍.ഡി.എഫ്    445970    40.96
അഡ്വ. ഷാനിമോള്‍ ഉസ്മാന്‍    യു.ഡി.എഫ്    435496    40
ഡോ. കെ.എസ്. രാധാകൃഷ്ണന്‍    എന്‍.ഡി.എ    187729    17.24

16. മാവേലിക്കര
കൊടിക്കുന്നില്‍ സുരേഷ്    യു.ഡി.എഫ്    440415    45.36
ചിറ്റയം ഗോപകുമാര്‍    എല്‍.ഡി.എഫ്    379277    39.06
തഴവ സഹദേവന്‍    എന്‍.ഡി.എ    133546    13.75

17. പത്തനംതിട്ട
ആന്റോ ആന്റണി    യു.ഡി.എഫ്    380927    37.11
വീണാ ജോര്‍ജ്    എല്‍.ഡി.എഫ്    336684    32.8
കെ. സുരേന്ദ്രന്‍    എന്‍.ഡി.എ    297396    28.97

18. കൊല്ലം
എന്‍.കെ. പ്രേമചന്ദ്രന്‍    യു.ഡി.എഫ്    499677    51.61
കെ.എന്‍. ബാലഗോപാല്‍    എല്‍.ഡി.എഫ്    350821    36.24
അഡ്വ. കെ.വി. സാബു    എന്‍.ഡി.എ    103339    10.67

19. ആറ്റിങ്ങല്‍
അഡ്വ. അടൂര്‍ പ്രകാശ്    യു.ഡി.എഫ്    380995    37.91
ഡോ. എ. സമ്പത്ത്    എല്‍.ഡി.എഫ്    342748    34.11
ശോഭാ സുരേന്ദ്രന്‍    എന്‍.ഡി.എ    248081    24.69

20. തിരുവനന്തപുരം
ഡോ. ശശി തരൂര്‍    യു.ഡി.എഫ്    416131    41.19
കുമ്മനം രാജശേഖരന്‍    എന്‍.ഡി.എ    316142    31.3
സി. ദിവാകരന്‍    എല്‍.ഡി.എഫ്    258556    25.6

ഇളകാത്ത ലീഗ് കോട്ടകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com