പുരുഷാര്‍ത്ഥക്കൂത്ത്: വികെഎന്നിനെക്കുറിച്ച് 

അശനം, വഞ്ചനം, സ്ത്രീസേവ, രാജസേവ എന്നീ പുരുഷാര്‍ത്ഥങ്ങളും പദകേളിയും ആണ് ചാക്യാരെപ്പോലെ വി.കെ.എന്നും കൈകാര്യം ചെയ്തത് എന്ന ലിസ്സിയുടെ കണ്ടെത്തല്‍ സത്യമാണ്.
പുരുഷാര്‍ത്ഥക്കൂത്ത്: വികെഎന്നിനെക്കുറിച്ച് 

വി.കെ.എന്‍ എന്ന അസാധാരണനായ എഴുത്തുകാരനെ പല തവണ കണ്ടിട്ടുണ്ട് എങ്കിലും നേരിട്ട് പരിചയപ്പെടാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല. വി.കെ.എന്‍ കൃതികളിലെ ഹാസ്യത്തെപ്പറ്റി ലിസ്സി മാത്യു നടത്തിയ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ടിവന്നപ്പോള്‍ ആ രചനകള്‍ ആവര്‍ത്തിച്ചു വായിച്ച് അത്ഭുതം കൂറിയിട്ടുണ്ട്. അശനം, വഞ്ചനം, സ്ത്രീസേവ, രാജസേവ എന്നീ പുരുഷാര്‍ത്ഥങ്ങളും പദകേളിയും ആണ് ചാക്യാരെപ്പോലെ വി.കെ.എന്നും കൈകാര്യം ചെയ്തത് എന്ന ലിസ്സിയുടെ കണ്ടെത്തല്‍ സത്യമാണ്. വി.കെ.എന്നുമായി ബന്ധപ്പെട്ട ചില ഓര്‍മ്മകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. 

ഒരുകാലത്ത് ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍, സജീവമായിരുന്നു. ഞാന്‍ അതിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നു. അക്കാലത്ത് കുറേ കുറുംകഥകള്‍ എഴുതി. അവയില്‍ ചിലതൊക്കെ ദേശാഭിമാനി വാരികയില്‍ വന്നു. 'തലമുറകളുടെ വിടവ്' എന്നൊരു കഥ- അല്പം അശ്ലീലച്ചുവയുള്ള ഒന്ന്- അക്കാലത്ത് വാരികയില്‍ പ്രസിദ്ധീകൃതം ആയി. തലമുറകളുടെ വിടവിനെ അനുകൂലിച്ചും എതിര്‍ത്തും സദസ്സു നോക്കി ചിലര്‍ പ്രസംഗിക്കുന്നതു കേട്ടപ്പോഴാണ് അങ്ങനെ ഒന്ന് എഴുതിയത്. പുരുഷന്മാര്‍ക്കിടയിലല്ല, സ്ത്രീകള്‍ക്കിടയിലാണ് വിടവ് എന്നോ മറ്റോ ഒരു വാചകം അതിലുണ്ട്. ആ കഥ വാരികയില്‍ വന്ന ശേഷം രണ്ടു മൂന്നാഴ്ച കഴിഞ്ഞ് എന്തോ കാര്യത്തിന് ഞാന്‍ ദേശാഭിമാനി ഓഫീസില്‍ ചെന്നു. അന്ന് വാരിക എറണാകുളത്തുനിന്നാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത്. സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടും ആയി സംസാരിച്ചുകൊണ്ടിരിക്കവെ, പത്രാധിപര്‍ എം.എന്‍. കുറുപ്പ് ഒരു കാര്‍ഡ് എന്നെ കാണിച്ചു തന്നു. എന്റെ കഥയുടെ ശീര്‍ഷകം എഴുതി അതിനു താഴെ ഒരു വാചകവും വി.കെ.എന്റെ ഒപ്പും. വാചകം ഇതാണ് ''ഇവന്‍ എന്റെ മരുമഹന്‍!''

മറ്റൊരു രംഗം സാഹിത്യ അക്കാദമിയിലാണ് അരങ്ങേറിയത്. ഗുപ്തന്‍നായര്‍ സാറാണ് അക്കാദമി പ്രസിഡന്റ്. ആ കാലത്ത് ഞാന്‍ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ ഒരംഗം. പവനനാണ് സെക്രട്ടറി. അക്കാദമിയുടെ ഒരു കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ എത്തിയതാണ്. രാവിലെ 10-10½ ആയിട്ടുണ്ടാവും സമയം. അക്കാദമിയുടെ മുന്നിലുള്ള ഹോളില്‍ ഇരുന്ന് വി.കെ.എന്‍ എന്തോ വായിച്ച് തിരുത്തുന്നു. മറ്റെ അറ്റത്ത് ഒരു കസേരയില്‍ ഞാനും ഇരുന്നു. അങ്ങോട്ടു കടന്നുവന്ന ഗുപ്തന്‍നായര്‍ സാര്‍ പറഞ്ഞു: ''വി.കെ.എന്‍, അക്കാദമി വിശിഷ്ടാംഗങ്ങള്‍, ഫെല്ലോസ് എന്നൊക്കെ ആണ് പറയുന്നത്. ദാറ്റ് ഫെല്ലോ എന്നു പറയുമ്പോള്‍ ഒരു ദുരര്‍ത്ഥ പ്രതീതി വരും. വിശിഷ്ടാംഗം തനി സംസ്‌കൃതം. നമുക്ക് ഇതിന് നല്ലൊരു മലയാളം വാക്കുവേണ്ടേ?'' വി.കെ.എന്‍ മറുപടി പറഞ്ഞില്ല. ഗുപ്തന്‍നായര്‍ സാറിന്റെ വാക്ക് ശ്രദ്ധിക്കാത്ത മട്ടില്‍ വായന തുടര്‍ന്നു. അപ്പോള്‍ ഗുപ്തന്‍നായര്‍ സാര്‍ എന്നോടു പറഞ്ഞു: ''തനിക്കും പറയാം പറ്റിയ വാക്കുണ്ടെങ്കില്‍.'' നാക്കില്‍ ഗുളികന്‍ കയറിക്കൂടിയ സമയമായിരുന്നു എന്നു തോന്നുന്നു. ഞാന്‍ ചോദിച്ചു ''വേന്ദ്രന്‍ എന്നായാലോ?''
വി.കെ.എന്‍ ചിരിച്ച ഒരു ചിരി. അദ്ദേഹം ഗുപ്തന്‍നായര്‍ സാറിനോടു പറഞ്ഞു: ''ഇതിലും നല്ല ഒരു വാക്ക് വേറെ കിട്ടാനില്ല.'' അദ്ദേഹം വായനയും തിരുത്തും തുടര്‍ന്നു. 

മൂന്നാമത്തെ അനുഭവം വി.കെ.എന്നും വൈലോപ്പിള്ളി മാഷും തമ്മിലുണ്ടായതാണ്. വൈലോപ്പിള്ളി മാഷ് പറഞ്ഞുകേട്ടതാണ്. 
ഒരു ദിവസം ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വി.കെ.എന്‍ കൂടെ ഒരാളുമായി ദേവസ്വം ക്വാര്‍ട്ടേഴ്സില്‍ വൈലോപ്പിള്ളിയെ സന്ദര്‍ശിക്കുന്നു. കൂടെ ഉള്ള ആളെ കവിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു ''ഇത് ചാത്തന്‍സ്.'' കുറച്ചു കഴിഞ്ഞപ്പോള്‍ ടൗണില്‍ പോയി ചില സാധനങ്ങള്‍ വാങ്ങിവരാം എന്നു പറഞ്ഞ് ചാത്തന്‍സ് അരങ്ങൊഴിയുന്നു. മാഷും വി.കെ.എന്നും മാത്രം. 
തനിക്ക് അനുവദിച്ച 'സുര' നിഷേധിച്ചപ്പോള്‍ പിണങ്ങിയ അഗ്‌നി, ഹവിസ്സു വഹിക്കാതെ പണിമുടക്കി. പരിഭ്രാന്തനായ ഇന്ദ്രന്‍ മുട്ടുമടക്കി, വീണ്ടും സുര അനുവദിച്ചു എന്നൊരു കഥ വേദത്തിലുണ്ട് എന്ന് വി.കെ.എന്‍. തനിക്ക് അനുവദിച്ചിട്ടുള്ള മദ്യത്തിന്റെ അളവു കൂട്ടിയില്ലെങ്കില്‍ മേലാല്‍ കൊട്ടാരം ആഘോഷങ്ങള്‍ക്ക് കവിത എഴുതുകയില്ല എന്ന് ഭീഷണിപ്പെടുത്തിയത്രെ ഇംഗ്ലണ്ടിലെ ഒരാസ്ഥാന മഹാകവി ചക്രവര്‍ത്തിയെ.
കഥകളുടെ അവസാനം വി.കെ.എന്‍ സഞ്ചിയില്‍നിന്നും ഒരു കുപ്പി പുറത്തെടുത്തു. അതു മേശപ്പുറത്തുവച്ചിട്ട് പറഞ്ഞുവത്രേ ''മാഷ് ക്ഷമിക്കണം. ഇവന്‍ തനി മലയാളിയാണ്. പാലക്കാട്ടുകാരന്‍. തറവാടി. പാലക്കാടന്‍ മട്ടയാണ് ഗോത്രം. കത്തിച്ചാല്‍ കത്തും. ഹൈലി ഇന്‍ ഫ്‌ലേമബിള്‍. ഇതൊഴിച്ച് വിമാനം പറപ്പിക്കാം. നിറമില്ല, മണമില്ല, രുചിയില്ല. ഗുണാതീതന്‍. പരബ്രഹ്മം.''
മാഷ് ചോദിച്ചുവത്രെ. ''ശ്രീ'' എന്നും പറയാം അല്ലേ? ശ്രീക്ക് വിഷം എന്നു അര്‍ത്ഥമുണ്ടല്ലോ.
വി.കെ.എന്‍ ''റാന്‍. അങ്ങിനേയും പറയാം.'' തുടര്‍ന്നു. 
''മാഷ് തീര്‍ത്ഥം പോലെ അല്പം...?''
''വേണ്ട'' മാഷ്. 
കഥ പറയുന്നതിനിടയില്‍ മാഷ് കൂട്ടിച്ചേര്‍ത്തു: ''വേണ്ട എന്നു ഞാന്‍ പറഞ്ഞു. ഉപയോഗിച്ചും ഇല്ല.'' എന്നാല്‍ അയാള്‍ പറഞ്ഞതു ശരിയാണ്. ''ഇപ്പോള്‍ ഇവിടെ ഞാനും മാഷും മാത്രമേ ഉള്ളൂ. ഇതിന്റെ ഗുണം അറിയാന്‍ ഇതിലും നല്ല ഒരവസരം കിട്ടില്ല.''
''പിന്നെ എന്തേ മാഷ് ഒരു പുതിയ അനുഭവം വേണ്ട എന്നു വച്ചത്?'' ഞാന്‍ ചോദിച്ചു. 
''അതോ? പിറ്റേന്ന് അയാള്‍ എന്റെ മദ്യപാനത്തെപ്പറ്റിയാവും കൂത്തു നടത്തുക! അതുവേണ്ട.''
മാഷോട് അനുവാദം വാങ്ങി വി.കെ.എന്‍ കുടിച്ചു. 
''ഇതിങ്ങനെ കഴിച്ചാല്‍ കുടലു കരിയും. കൂടെ ഭക്ഷണം വേണം.'' മാഷ്.
''വയ്യ, വയ്യ. ഇത് ആഴ്വാഞ്ചേരി തമ്പ്രാക്കളാണ്. ശുദ്ധം മാറാന്‍ വയ്യ.'' വി.കെ.എന്‍.
''തെറ്റാണ് മാഷെ ഞാന്‍ ചെയ്യുന്നത്.'' വി.കെ.എന്‍ പറഞ്ഞുവത്രെ. ''അതെനിക്ക് അറിയുകയും ചെയ്യാം.''

പഴയ ഹെഡ്മാസ്റ്റര്‍ ഉണര്‍ന്നു, കവിയുടെ ഉള്ളില്‍. വികൃതി കാട്ടിയ കുട്ടിയെ ശാസിച്ചും ഉപദേശിച്ചും സമാധാനിപ്പിച്ചും വൈലോപ്പിള്ളി സംസാരിച്ചു. വി.കെ.എന്‍. തലകുനിച്ച് നിശ്ശബ്ദനായി കേട്ടിരുന്നു. 
കവി എന്നോടു പറഞ്ഞു: ''പത്തു പതിനഞ്ച് മിനിറ്റ് ഞാന്‍ ഉപദേശിച്ചിട്ടുണ്ടാവും. അവനവന്റെ ആരോഗ്യത്തെപ്പറ്റി, സ്വന്തം കുടുംബത്തെപ്പറ്റി ഓര്‍ക്കണ്ടേ എന്നൊക്കെ ചോദിച്ചു. അയാള്‍ തലകുനിച്ച് ഇരിപ്പാണ്. ഉരിയാട്ടമില്ല. എന്തായാലും ഞാന്‍ പറഞ്ഞത് അയാളുടെ മനസ്സില്‍ തട്ടിയല്ലോ എന്ന സമാധാനമായിരുന്നു എനിക്ക്.''
''പിന്നെ എന്തുണ്ടായി?'' ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു. 
''എന്തുണ്ടാവാന്‍?'' മാഷ് ഉറക്കെ ചിരിച്ചു. ''ഞാന്‍ നോക്കുമ്പോള്‍ അയാള്‍ അസ്സല്‍ ഉറക്കം. ഞാന്‍ പറഞ്ഞതൊന്നും കേട്ടിട്ടേ ഇല്ല.'' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com