ഭാഗവതര്‍ കണ്ടെത്തിയ മിസ് കുമാരി: ജോണ്‍ പോള്‍ എഴുതുന്നു

മിസ് കുമാരിയുടെ അന്‍പതാം ചരമവാര്‍ഷികം ജൂണ്‍ ആദ്യം
ഭാഗവതര്‍ കണ്ടെത്തിയ മിസ് കുമാരി: ജോണ്‍ പോള്‍ എഴുതുന്നു

ടുത്തയിടെ പോയകാല ചലച്ചിത്ര നായിക മിസ് കുമാരിയുടെ അന്‍പതാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട അനൗപചാരിക ചര്‍ച്ചകളില്‍നിന്നാണ് കുമാരിക്ക് ത്രേസ്യാമ്മയായിരുന്ന പൂര്‍വ്വാശ്രമ നാളുകളില്‍ ഒരു നാടകപശ്ചാത്തലം ഉണ്ടായിരുന്നു എന്നറിയുന്നത്. 

അഭിനയാര്‍ത്ഥിനിയായി ഉദയാ സ്റ്റുഡിയോയില്‍ 'വെള്ളിനക്ഷത്ര'ത്തിന്റെ സെറ്റിലെത്തിയതും ആ ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചതും തുടര്‍ന്ന് കുഞ്ചാക്കോയും കെ.വി. കോശിയും ചേര്‍ന്നു നിര്‍മ്മിച്ച 'നല്ല തങ്ക'യില്‍ നായികാവേഷമഭിനയിച്ചതും തൊട്ടുള്ള കുമാരീവൃത്താന്തമേ ഇതുവരെ ജീവചിത്ര സൂചനകളില്‍ കണ്ടിട്ടുള്ളൂ. അഭിനയകാണ്ഡം അതിനു മുന്‍പേ ആരംഭിച്ചിരുന്നു എന്നതു ഒരു പുതിയ അറിവാണ്.

'നാടകഭ്രാന്തന്മാര്‍' തന്നെയായിരുന്നുവത്രെ ത്രേസ്യാമ്മയുടെ വീട്ടുകാര്‍. ആ ഭ്രാന്തില്‍ ഒരോഹരി കുട്ടിക്കാലം തൊട്ടേ അരങ്ങിന്റെ തുടിതാളങ്ങള്‍ കേട്ടുവളര്‍ന്ന ത്രേസ്യാമ്മയിലും പകരുക സ്വാഭാവികം. 
പാലായ്ക്കടുത്തുള്ള ഭരണങ്ങാനം ഇന്നറിയപ്പെടുന്നത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മനാടും അതിനാല്‍ തീര്‍ത്ഥാടനകേന്ദ്രവും എന്ന നിലയിലാണ്. അല്‍ഫോന്‍സാമ്മ അദ്ധ്യാപികയായിരുന്ന സ്‌കൂളില്‍ അവരുടെ വിദ്യാര്‍ത്ഥിനിയായിരുന്ന ത്രേസ്യാമ്മ പിന്നീടവിടെ അദ്ധ്യാപികയുമായി. 
വീട്ടില്‍ അപ്പനും മറ്റു മുതിര്‍ന്നവരും ഉപജീവനബദ്ധത കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ആവേശത്തോടെ മുഴുകിയിരുന്നത് നാടകശ്രമങ്ങളിലായിരുന്നു. അറിയപ്പെടുന്ന ഏത് ട്രൂപ്പും പുതിയ നാടകമിറക്കിയാല്‍ എത്രയും നേരത്തെ അതു ബുക്ക് ചെയ്തു നാട്ടില്‍ കൊണ്ടുവന്നു അവതരിപ്പിക്കും. നാട്ടുകാരുടെ വലിയ പിന്തുണയും ഈ നാടകാവതരണഘോഷങ്ങള്‍ക്കു ലഭിച്ചുപോന്നു. പുറത്തുനിന്നും ഇപ്രകാരം നാടകങ്ങള്‍ വന്നുചേരാത്ത ഇടവേള നാളുകളിലും നാടകങ്ങള്‍ കൂടാതെ വയ്യ. അതിനായി സ്വയം മുന്നിട്ട് അവര്‍ നാടകങ്ങള്‍ തീര്‍ത്തു. അവതരിപ്പിച്ചു. അതിനായി വീട്ടുവളപ്പിനോടു ചേര്‍ന്ന് ഒരു സ്ഥിരം അരങ്ങും സ്ഥാപിച്ചു. 

അതാതു കാലത്തെ നാടകപ്രഭുക്കളുമായി ഈ കുടുംബം അടുത്ത ബന്ധം പുലര്‍ത്തി പോന്നിരുന്നു. 
സെബാസ്റ്റിന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ഇവരുടെ വീട്ടിലെ പതിവു സന്ദര്‍ശകനായിരുന്നു. ഇവരുടെ നാടകോത്സാഹത്തെപ്പറ്റി അദ്ദേഹത്തിനു വാത്സല്യപൂര്‍ണ്ണമായ മതിപ്പുമായിരുന്നു. പല നിര്‍ദ്ദേശങ്ങളും നല്‍കി അദ്ദേഹം ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടു വന്ന തലമുറകളിലെ നാടകാചാര്യന്മാരും ഇതേ വിധം ഇവരുമായി സഹവര്‍ത്തിച്ചുപോന്നിരുന്നുവത്രെ. വീട്ടുവളപ്പിലെ സ്ഥിരം സ്റ്റേജില്‍ പ്രൊഫഷണലും അല്ലാത്തതുമായ നാടകങ്ങള്‍ അവതരിപ്പിക്കുന്നതിന് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത് എന്‍.എന്‍. പിള്ളയായിരുന്നു!

സെബാസ്റ്റിന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ അരങ്ങുവാണ വലിയ താരസാന്നിദ്ധ്യമായിരുന്നു. സിനിമയിലും അതേ പ്രഭാവം ആ നാളുകളില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഉദയാ സ്ഥാപിക്കുമ്പോള്‍ ഭരണസാരഥ്യമേറ്റ ഡയറക്ടര്‍ ബോര്‍ഡില്‍ ഭാഗവതരും അദ്ദേഹത്തിന്റെ അനുജന്‍ ആലപ്പി വിന്‍സന്റും അംഗങ്ങളായിരുന്നു. ഉദയായുടേയും പിന്തുടര്‍ന്നുവന്ന അക്കാലത്തെ ഇതര നിര്‍മ്മാതാക്കളുടേയും കഥാചര്‍ച്ചകളിലും പിന്നൊരുക്കങ്ങളിലും ഭാഗവതര്‍ നിര്‍ണ്ണായക സാന്നിദ്ധ്യവുമായിരുന്നു. 
ഇത്രയും പ്രമുഖനായ ഒരു കലാകാരനാണ് പാലായില്‍ കുമാരിയുടെ പൂര്‍വ്വാശ്രമ നാളുകളിലെ നാടകപരിശ്രമങ്ങള്‍ വന്നു കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. അതിനദ്ദേഹത്തെ പ്രേരിപ്പിക്കാന്‍ മാത്രം നാടക ഉണര്‍വ്വ് അക്കാലത്ത് പാലാ പോലൊരു നാട്ടില്‍ ഉണ്ടായിരുന്നു എന്നുകൂടിയാണ് അതിനര്‍ത്ഥം. 

നമ്മുടെ നാടകചരിത്രകാരന്മാരാരും ഇതെവിടെയും പരാമര്‍ശിച്ചോ രേഖപ്പെടുത്തിയോ കണ്ടിട്ടില്ല. സെബാസ്റ്റിന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ജീവിതരേഖയോടനുബന്ധമായും ഇങ്ങനെയൊരു നാടകവേഴ്ചയെക്കുറിച്ചൊരു പരാമര്‍ശം നാം വായിക്കുന്നില്ല. 

ചരിത്രത്തിന്റെ അന്വേഷണ മുനകള്‍ ചെന്നെത്താത്ത ഇടങ്ങള്‍ ഏറെ ബാക്കി എന്ന വസ്തുതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. നാടകം സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്ന ഒരു കാലമായിരുന്നു അത്. നാടക ഉണര്‍വ്വ് സ്വാഭാവികമായും സാമൂഹികാവബോധത്തില്‍ പുതുധാരകള്‍ നാമ്പെടുക്കുന്നതിനു നിമിത്തമായിട്ടുണ്ട്. പാലായുടെ സാമൂഹികാവസ്ഥകളുടെ പരിണാമഘട്ടങ്ങള്‍ അടയാളപ്പെടുത്തിയവരാരും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നതും തേടിച്ചെന്നില്ലെന്നതും വിചിത്രമായിരിക്കുന്നു!

ത്രേസ്യാമ്മയുടെ രൂപഭംഗിയും നാടകരംഗത്തെ കുട്ടിക്കാലം തൊട്ടുള്ള സഹവര്‍ത്തിത്വവും മനസ്സില്‍ ഊന്നിക്കൊണ്ടാവണം അദ്ദേഹം സിനിമയിലഭിനയിക്കുന്നോ എന്ന് അവരോടു ചോദിച്ചത്. ഞാറയ്ക്കലില്‍ പി.ജെ. ചെറിയാന്റെ നാടകട്രൂപ്പില്‍ കുടുംബാംഗങ്ങളായ പെണ്‍കുട്ടികള്‍ അഭിനയിച്ചിരുന്നതും അതേ സമീപനം താന്‍ നിര്‍മ്മിച്ച 'നിര്‍മ്മല' എന്ന  ചിത്രത്തില്‍ അദ്ദേഹം പാലിച്ചതും അങ്ങു പാലായിലും അറിഞ്ഞിരിക്കുമല്ലോ. നാടകത്തില്‍ അവര്‍ അനുവര്‍ത്തിച്ചു പോന്ന സമീപനവും സമാനമായിരുന്നു. അതുകൊണ്ട് ചലച്ചിത്രരംഗത്തേക്കൊരു ക്ഷണം വന്നപ്പോള്‍ സ്വീകരിക്കുന്നതില്‍ ത്രേസ്യാമ്മയ്‌ക്കോ വീട്ടുകാര്‍ക്കോ സങ്കോചം തോന്നേണ്ട ന്യായവുമില്ല. 
ക്ഷണിക്കുന്നത് ഭാഗവതരാണ്. അദ്ദേഹം ആ കുടുംബത്തിന് ഏറെ ആദരമുള്ള ഉന്നത കലാകാരനാണ്. 

കഴിവുള്ള പ്രതിഭകള്‍ക്കു സിനിമയില്‍ സ്ഥാനം നേടുന്നതിനു ഒത്താശ ചെയ്യുക ഭാഗവതരുടെ ശീലവുമായിരുന്നു സത്യനേശ നാടാര്‍ പൊലീസ് ഓഫീസറായിരുന്ന നാളുകളില്‍ അദ്ദേഹത്തിന് സിനിമയില്‍ അവസരങ്ങള്‍ ശുപാര്‍ശ ചെയ്തുകൊണ്ട് പലര്‍ക്കും സെബാസ്റ്റിന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ കത്തെഴുതിയിരുന്ന പുരാവൃത്തം 'സത്യന്‍' എന്ന പേരില്‍ മലയാള സിനിമയില്‍ മുന്‍നിര നായകനായി പ്രതിഷ്ഠ നേടിയശേഷം സത്യന്‍ നന്ദിപൂര്‍വ്വം സ്മരിച്ചിട്ടുണ്ട്. 

നാടകത്തിലായാലും സിനിമയിലായാലും അഭിനയം അടിസ്ഥാനപരമായി അഭിനയം തന്നെയാണെന്നും ഭേദാന്തരങ്ങള്‍ സാങ്കേതികം മാത്രമാണെന്നും ത്രേസ്യാമ്മ മനസ്സിലാക്കിയിരുന്നു. 

പി. ഭാസ്‌കരനും രാമുകാര്യാട്ടും ചേര്‍ന്ന് ഉറൂബിന്റെ രചനയില്‍ 'നീലക്കുയില്‍' ഒരുക്കുന്ന കാലം. നായികയായി ആരു വേണം എന്നായി ചിന്ത. അതിനകം തെന്നിന്ത്യയില്‍ ഒന്നാകെ പ്രശസ്തി നേടിക്കഴിഞ്ഞ പലരും, കാമുകന്‍ ചതിച്ചു തിരസ്‌കരിച്ചു ഗര്‍ഭിണിയായി സമൂഹത്തിന്റെ പഴിയത്രയും കേട്ടു ഒടുവില്‍ കുഞ്ഞിനു ജന്മം നല്‍കിയ ശേഷം ആത്മഹത്യ ചെയ്യുന്ന 'അവര്‍ണ്ണ' യുവതിയുടെ വേഷം തങ്ങളുടെ ഇമേജിനു ദോഷം ചെയ്യുമെന്ന് ഭയന്ന് തങ്ങളുടെ 'സവര്‍ണ്ണക്കൂറ്' വെളിപ്പെടുത്തിയപ്പോള്‍ കഥാപാത്രത്തിന്റെ ജാതിയല്ല, കഥാപാത്രമാണ് പ്രധാനമെന്നു പറഞ്ഞ് ചിത്രത്തിലെ ദളിത് വംശജയായ നായിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കുമാരി തയ്യാറായി. അതിനവരെ പ്രേരിപ്പിച്ചതും ഈ നാടകാവബോധം തന്നെയാവണം. 
തുടര്‍ന്ന് മറ്റൊരു ദളിത് കഥാപാത്രത്തെക്കൂടി അവര്‍ അവിസ്മരണീയമാംവിധം സ്‌ക്രീനില്‍ അവതരിപ്പിച്ചു. തോപ്പില്‍ ഭാസിയുടെ രചനയില്‍ രാമുകാര്യാട്ടു തന്നെ ഒരുക്കിയ 'മുടിയനായ പുത്രനി'ല്‍. 

മലയാള നാടകവേദിയുടെ ആദ്യപാദത്തിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ചു പൊതുവായും മലയാള സിനിമയുടെ ആദ്യപര്‍വ്വത്തിലെ സ്ത്രീ പങ്കാളിത്തത്തെ പ്രത്യേകമായും അടയാളപ്പെടുത്തുമ്പോള്‍ മിസ് കുമാരിക്കു നിശ്ചയമായും അതിലൊരിടമുണ്ട്; പ്രമുഖവും പ്രസക്തവുമായ ഒരിടം തന്നെ!
അങ്ങനെയൊരു അന്വേഷണവും പുനരടയാളപ്പെടുത്തലും തന്നെയാവട്ടെ, വെള്ളിത്തിരയില്‍ നായികാപദവിയില്‍ നിറസാന്നിദ്ധ്യമായിരുന്നപ്പോള്‍ സിനിമ വിട്ട് കുടുംബജീവിതത്തിലേക്കു കൊതിയോടെ കടന്നുവന്ന് ആറേഴു വര്‍ഷങ്ങളുടെ ദുരന്തകാണ്ഡത്തിനുശേഷം പൊടുന്നനെ  മരണത്തിനു കീഴടങ്ങി പിന്‍വാങ്ങിയ മിസ് കുമാരിക്കു അന്‍പതാം ചരമവാര്‍ഷികത്തില്‍ നല്‍കുന്ന നൈവേദ്യാര്‍ച്ചന!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com