ഉയരങ്ങള്‍ മാത്രം സ്വപ്നം കണ്ട ഒരു മലയാളി: സേതു എഴുതുന്നു

പലതും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചെങ്കിലും, അതേപ്പറ്റി മുന്‍പ് കേട്ടിരുന്നത് മിക്കതും ശരിയായിരുന്നുവെന്ന് വ്യക്തമായി.
ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ക്കൊപ്പം സേതു
ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ക്കൊപ്പം സേതു

ലോകത്തെ തന്നെ പ്രധാന ഹോട്ടല്‍ ശൃംഖലയില്‍ പെടുന്ന ലീലാ ഗ്രൂപ്പ് അവരുടെ നാല് പ്രധാനപ്പെട്ട ഹോട്ടലുകള്‍ ഒരു കനേഡിയന്‍ ഗ്രൂപ്പിനു വില്‍ക്കാന്‍ പോകുന്നുവെന്ന  പത്രവാര്‍ത്ത തെല്ലൊരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. കാരണം, അതിന്റെ ആദ്യകാല ചരിത്രം കുറച്ചൊക്കെ അറിയാവുന്ന ഒരാളെന്ന നിലയില്‍ മലയാളികള്‍ക്കു പൊതുവെ അഭിമാനിക്കാവുന്ന ഇങ്ങനെയൊരു വലിയ സ്ഥാപനം ഒരു വിദേശകമ്പനിക്ക് കൈമാറേണ്ടിവന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായൊരു കാര്യമായിരുന്നു. സ്വാഭാവികമായും എന്റെ ചില ഓര്‍മ്മകള്‍ പതിറ്റാണ്ടുകള്‍ പിറകിലേക്കു പോയി.

ലീലാ ഗ്രൂപ്പിന്റെ ആദ്യ  ഹോട്ടലായ മുംബൈയിലെ ലീല കെംപിന്‍സ്‌കിക്ക് തുടക്കക്കാലത്ത് ആ മഹാനഗരത്തില്‍ കടക്കേണ്ടിവന്ന ഒട്ടേറെ കടമ്പകളെപ്പറ്റി ധാരാളം കേട്ടറിവുണ്ടായിരുന്നെങ്കിലും, അതേപ്പറ്റി കൂടുതല്‍ അറിയാനായത് എന്റെ ബാങ്കിങ്ങ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്. എണ്‍പതുകളുടെ നടുവില്‍ ഞാന്‍ എസ്.ബി.ടിയുടെ വിദേശവിനിമയ വിഭാഗത്തിന്റെ തലവനായിരുന്ന കാലത്ത് ഹോട്ടലിലെ ഉപയോഗത്തിനായി അവര്‍ക്കു വേണ്ട കുറേയേറെ ഉപകരണങ്ങളും മറ്റു സാമഗ്രികളും ഇറക്കുമതി ചെയ്യേണ്ടി  വന്നിരുന്നു. അതിന്റെ ചര്‍ച്ചകള്‍ക്കായാണ്, പണി പൂര്‍ത്തിയാകാറായ ആ ഹോട്ടലില്‍ ഞാന്‍ ആദ്യമായി കയറിച്ചെല്ലുന്നത്. ചെയര്‍മാനായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ആ സ്വപ്നപദ്ധതിക്ക് ചുക്കാന്‍ പിടിച്ചിരുന്നത് മൂത്ത മകനായ വിവേക് നായരായിരുന്നു. അദ്ദേഹവുമായുള്ള ദീര്‍ഘസംഭാഷണത്തിലാണ് ആ സ്ഥാപനം നേരിടേണ്ടിവന്ന പ്രയാസങ്ങളെപ്പറ്റി ചെറിയൊരു രൂപം കിട്ടിയത്.

പലതും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചെങ്കിലും, അതേപ്പറ്റി മുന്‍പ് കേട്ടിരുന്നത് മിക്കതും ശരിയായിരുന്നുവെന്ന് വ്യക്തമായി. തുടക്കത്തില്‍ ആ സ്ഥാപനത്തിനു നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ അത്രയേറെ ശക്തമായിരുന്നു. തൊട്ടടുത്തായി 'ലീലാ ലേസ്' എന്ന, വിദേശ വിപണിയെ ലക്ഷ്യമാക്കിയുള്ള അവരുടെ വസ്ത്രസ്ഥാപനം വളരെ കാലങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കുത്തകയായ രംഗത്തേക്ക് താരതമ്യേന അപരിചിതനായ ഒരു തെന്നിന്ത്യക്കാരന്റെ കടന്നുവരവ് അവിടത്തെ ഹോട്ടല്‍ ലോബിക്ക് തീരെ സഹിക്കാനായില്ല. 'ലീലാ ലേസിന്' തൊട്ടടുത്ത് തന്നെ ഈ പഞ്ചനക്ഷത്ര ഹോട്ടലിനു പറ്റിയ സ്ഥലം ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ നേരത്തെ കണ്ടെത്തിയിരുന്നു. മറ്റുള്ളവര്‍ അസാദ്ധ്യമാണെന്നു കരുതുന്നത് പലതും സാദ്ധ്യമാണെന്നു വിശ്വസിക്കുന്ന, വലിയ സ്വപ്നങ്ങള്‍ മാത്രം കാണുന്ന ക്യാപ്റ്റന്‍ നായരെ സംബന്ധിച്ചിടത്തോളം അപാരമായ വികസനസാദ്ധ്യതയുള്ള സ്ഥലമായിരുന്നു അത്. മാത്രമല്ല, തൊട്ടടുത്താണ് സഹാര്‍ അന്താരാഷ്ട്ര വിമാനത്താവളവും. അങ്ങനെ ഈ രംഗത്തെ വമ്പന്മാരെ വല്ലാതെ ഞെട്ടിച്ച ഒരു കടന്നുവരവ്. അതുകൊണ്ട് പ്രബലരായ ഹോട്ടല്‍ ലോബി തങ്ങളെ ക്കൊണ്ടാവുന്ന തടസ്സങ്ങളെല്ലാം കൊണ്ടുവന്നു, നേരിട്ടും അല്ലാതെയും. ഏറ്റവുമൊടുവില്‍ രംഗത്ത് വന്നത് എയര്‍പോര്‍ട്ട് അതോറിറ്റിയായിരുന്നുവത്രെ. സഹാര്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയിലാണ് ഹോട്ടലിന്റെ സ്ഥാനം എന്നായിരുന്നുവത്രെ അവരുടെ വാദം. എന്തായാലും, അന്നത്തെ മുഖ്യമന്ത്രിയായ വസന്ത് ദാദാ പാട്ടീലുമായി കൃഷ്ണന്‍ നായര്‍ക്കുണ്ടായിരുന്ന സൗഹൃദമാണ് ഒടുവില്‍ തടസ്സങ്ങളെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. അദ്ദേഹത്തിലൂടെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പോയി കണ്ടപ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പമായി. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുണ്ടായിരുന്ന, ഒരു മുന്‍ പൈലറ്റ് കൂടിയായിരുന്ന രാജീവിന് ആ തടസ്സവാദങ്ങളില്‍ യാതൊരു  കഴമ്പുമില്ലെന്ന് പെട്ടെന്നു മനസ്സിലായി. പക്ഷേ, ആ ഹോട്ടല്‍ തുടങ്ങിയതിനു ശേഷവും അതിന്റെ വികസനത്തിനായി തൊട്ടടുത്ത ഭൂമി വാങ്ങാന്‍ തുടങ്ങിയപ്പോള്‍  അതിനു  തടയിടാനും ചില തല്‍പ്പരകക്ഷികളുണ്ടായിരുന്നു. അതായത്, ഈ ഹോട്ടല്‍ ഒരുതരത്തിലും വലുതാകരുതെന്ന് ആഗ്രഹിച്ചവര്‍. 

ആദ്യകാലത്തൊന്നും ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരെ പരിചയപ്പെടാനുള്ള അവസരമുണ്ടായില്ലെങ്കിലും, ഒരു നിയോഗം പോലെ അതിനുള്ള അവസരം കിട്ടിയത് അദ്ദേഹം മരിക്കുന്നതിന് ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് മാത്രമാണ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ അദ്ദേഹത്തെ മറക്കാനാവില്ലെന്നും ആ 'വശ്യമായ എളിമ' നമ്മെ വല്ലാതെ കീഴ്‌പെടുത്തുമെന്നും പലരും പറഞ്ഞിരുന്നുവെങ്കിലും അതിനുള്ള അവസരങ്ങള്‍ കിട്ടിയില്ലെന്നു മാത്രം. അങ്ങനെയിരിക്കെ എന്‍.ബി.ടിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് മുംബൈയില്‍ ഒരു പുസ്തകോത്സവം നടത്തിയ സമയത്താണ് അങ്ങനെയൊരു അവസരം വീണുകിട്ടിയത്.

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍
ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍

ഒരു സര്‍ക്കാര്‍ സ്ഥാപനമായതു കൊണ്ട്, എവിടെ പോയാലും, ഹോട്ടലുകള്‍ ആവുന്നത്ര ഒഴിവാക്കി, ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ ഗസ്റ്റ്ഹൗസിലാണ് ഞങ്ങള്‍ പൊതുവെ താമസിക്കാറ്. അങ്ങനെ ഞങ്ങളുടെ അവിടത്തെ ഓഫീസര്‍മാര്‍ വേറെ എവിടെയോ താമസിക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നെങ്കിലും, പുറപ്പെടുന്നതിന് തലേന്ന് എന്നെ അത്ഭുതപ്പെടുത്തിയ ഒരു സന്ദേശം കിട്ടി. അവിടത്തെ ലീലാഹോട്ടലില്‍ താമസിക്കുന്നതിനു വല്ല വിരോധവുമുണ്ടോയെന്ന്. ഞങ്ങള്‍ക്ക് അനുവദനീയമായ വാടക വളരെ കുറവാണെന്നു സൂചിപ്പിച്ചപ്പോള്‍ അത്രയും തുക കൊടുത്താല്‍ മതിയെന്നും ചെയര്‍മാന്റെ പ്രത്യേക അതിഥിയായിരിക്കുമെന്നും അവര്‍ പറഞ്ഞു. പിറ്റേന്ന് ആ ഹോട്ടലില്‍ ചെക്കിന്‍ ചെയ്യാന്‍ പോയപ്പോള്‍ പിന്നെയുമൊരു അത്ഭുതം എന്നെ കാത്തിരിപ്പുണ്ടായിരുന്നു. ടൈപ്പ് ചെയ്ത ഒരു ക്ഷണക്കത്തായിരുന്നു അത്.

പിറ്റേന്ന് രാവിലെ എട്ടര മണിക്ക് നീന്തല്‍ക്കുളത്തിന് സമീപത്ത് ചെയര്‍മാനോടൊപ്പം ലഘുഭക്ഷണം കഴിക്കാനുള്ള ക്ഷണം.
പിറ്റേന്ന് രാവിലെ കൃത്യം എട്ടരക്ക് നീന്തല്‍ക്കുളത്തിന്റെ മുന്‍പിലെത്തിയപ്പോള്‍ രാവിലത്തെ യോഗയും നീണ്ട നടപ്പും കഴിഞ്ഞ് ഒരു അരമതിലില്‍ എന്നെ കാത്തിരിപ്പുണ്ട് ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍. ഒപ്പം പരിവാരങ്ങളായി അദ്ദേഹത്തിന്റെ സെക്രട്ടറിയും ഡോക്ടറും യൂണിഫോമിലുള്ള സെക്യൂരിറ്റിക്കാരനും. ഞങ്ങള്‍ മേശക്കരികിലെ കസേരകളിലിരുന്നപ്പോള്‍ അവര്‍ ഉപചാരപൂര്‍വ്വം ദൂരെ മാറി നില്‍ക്കുന്നതു കണ്ടു. അപ്പോഴേക്കും അദ്ദേഹത്തിന്റെ വിശ്വസ്തനായ പാചകക്കാരനും ബട്‌ലറുമെത്തി. തൊട്ടടുത്തു തന്നെ പ്രത്യേകം സജ്ജീകരിച്ച ഒരു അടുക്കളയുണ്ട്. അദ്ദേഹത്തിന്റെ രാവിലത്തെ മെനു കണിശമായിരുന്നു. രണ്ടു മുട്ടയുടെ ബുള്‍സ്‌ഐ, രണ്ട് ഇടിയപ്പം, കുറച്ച് ഉരുളക്കിഴങ്ങ് സ്റ്റൂ, ഒരു കപ്പ് മധുരമില്ലാത്ത ചായ, അത്രയും മാത്രം. മിക്ക ദിവസവും ഇത് തന്നെയാണത്രെ ഇനങ്ങള്‍! എനിക്ക് എന്തുവേണമെങ്കിലും ഓര്‍ഡര്‍ ചെയ്യാമെന്ന് ഷെഫ് പറഞ്ഞെങ്കിലും എനിക്കും ഇഷ്ടമായിരുന്നു ഇടിയപ്പം. പ്ലേറ്റില്‍ ഇടിയപ്പമെത്തിയപ്പോള്‍ അദ്ദേഹമൊരു കുസൃതി കാട്ടി. ഞാന്‍ പകച്ചുനോക്കിയിരിക്കെ, അദ്ദേഹം മേശപ്പുറത്തിരുന്ന തേനിന്റെ കുപ്പി തുറന്ന് ഇടിയപ്പത്തിന്റെ മീതെയ്ക്ക് കമിഴ്ത്തി. പിന്നീട് കണ്ണിറുക്കിക്കൊണ്ട് എന്നോട് പറയുകയായി, മധുരം തീരെ പാടില്ലെന്നാ ഡോക്ടറുടെ കല്പന, പക്ഷേ, സേതു മുന്‍പിലുള്ളതു കൊണ്ട് വഴക്ക് പറയില്ലാട്ടോ. പിന്നീട് അതൊക്കെ തീര്‍ന്നപ്പോള്‍ ബട്ട്ലറോടുള്ള കെഞ്ചല്‍. ''ഒരു ഇടിയപ്പം കൂടി തര്വോ? തേന്‍ എടുക്കില്ലാട്ടൊ.'' ഒരു ശതകോടീശ്വരന്റെ ദയനീയമായ ചോദ്യം. ഡോക്ടര്‍ ചിരിച്ചപ്പോള്‍ ബട്‌ലര്‍ അതും വിളമ്പുന്നതും അദ്ദേഹം ആര്‍ത്തിയോടെ കഴിക്കുന്നതും കണ്ടു. 

ലഘുഭക്ഷണം കഴിഞ്ഞ് പിന്നെ ഏതാണ്ട് ഒരു മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. ആ വലിയ മനുഷ്യന്റെ പലരും പറഞ്ഞുകേട്ട 'വശ്യമായ എളിമ' എന്നെ ശരിക്കും കീഴ്‌പെടുത്തിയെന്ന് പറയാതെ വയ്യ. സംഭാഷണം പടര്‍ന്ന് പല വിഷയങ്ങളിലേക്കും കടന്നുചെന്നപ്പോള്‍ ഇടയ്ക്കിടെ സെക്രട്ടറി സമയം വൈകുന്നതിനെപ്പറ്റി സൂചിപ്പിച്ചുകൊണ്ടിരുന്നു. വാസ്തവത്തില്‍  ഇന്ത്യയിലേയും വിദേശത്തേയും പല പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും കലാകാരന്മാരും മറ്റു സെലിബ്രിറ്റികളുമടക്കം അദ്ദേഹത്തിന്റെ ആതിഥ്യം സീകരിക്കാത്തവര്‍ കുറവായിരുന്നു. എന്റെ ബാങ്കിങ്ങ് പശ്ചാത്തലത്തെപ്പറ്റി ഒന്നുമറിയാത്ത അദ്ദേഹത്തിനു മുന്‍പില്‍ ഞാന്‍ വെറുമൊരു എഴുത്തുകാരന്‍ മാത്രമായിരുന്നു. അല്ലെങ്കില്‍ തന്നെ എത്രയോ വലിയ ബാങ്കിങ്ങ് പ്രമാണികളെ കണ്ടിട്ടുള്ള അദ്ദേഹത്തിന് ഞാന്‍ ഒന്നുമല്ലല്ലോ. പക്ഷേ, അദ്ദേഹത്തിന്റെ നാട്ടുകാരനും അടുത്ത സുഹൃത്തും മുന്‍ ചെയര്‍മാനുമായിരുന്ന സുകുമാര്‍ അഴീക്കോട് പറഞ്ഞ് എന്‍.ബി.ടിയെപ്പറ്റി കുറേയൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു. മാത്രമല്ല, അദ്ദേഹവുമായി നല്ല സൗഹൃദമുണ്ടായിരുന്ന മുന്‍പത്തെ മാനവശേഷി വികസന മന്ത്രി അര്‍ജ്ജുന്‍ സിങ്ങും എന്‍.ബി.ടിയെപ്പറ്റി അഭിമാനത്തോടെ പലതും പറഞ്ഞിട്ടുണ്ടത്രെ.

കണ്ണൂരിനടുത്തുള്ള കുന്നാവ് എന്ന ദേശത്ത് ഒരു അംശം കോല്‍ക്കാരന്റെ മകനായി, ഓലമേഞ്ഞ ഒരു സാധാരണ വാണിയ കുടുംബത്തിലായിരുന്നു കൃഷ്ണന്‍നായരുടെ ജനനം. എണ്ണയാട്ടിലൂടെയാണ് അമ്മ  വരുമാനം കണ്ടെത്തിയിരുന്നത്. പഠിക്കാന്‍ പോലും ഏറെ ബുദ്ധിമുട്ടേണ്ടിവന്ന ഒരുപാട് ദുരിതങ്ങള്‍ നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്ത് സഹായിക്കാനെത്തിയ ചിറക്കല്‍ രാജാവിനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നനയുന്നത് കണ്ടു. ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത്, ഒരു സ്‌കൂള്‍ വാര്‍ഷികത്തിന് രാജാവ് മുഖ്യാതിഥിയായി എത്തിയിരുന്നു. പ്രസംഗമദ്ധ്യേ അദ്ദേഹം  ടാഗോറിന്റെ ഒരു കവിത മനോഹരമായി ആലപിച്ചത് കേട്ട് ആവേശം കൊണ്ട കൃഷ്ണന്‍ എന്ന കുട്ടി, പ്രസംഗം കഴിഞ്ഞ് അദ്ദേഹം സ്റ്റേജിലിരിക്കുമ്പോള്‍, ധൈര്യപൂര്‍വ്വം കയറിച്ചെന്ന് പെട്ടെന്ന് തോന്നിയ സ്വന്തമായ നാലു വരി കവിത ചൊല്ലിയത്രെ. അതു കേട്ട സന്തോഷത്തില്‍ കുട്ടിയുടെ പഠനകാലത്തെ എല്ലാ ചെലവുകളും പുസ്തകങ്ങളും വസ്ത്രങ്ങളുമടക്കം അദ്ദേഹം തന്നെ വഹിക്കാമെന്ന് വാക്ക് കൊടുത്തു.  പില്‍ക്കാലത്ത് എത്രയോ രാജാക്കന്മാരെയും വിദേശത്തെ ചില ചക്രവര്‍ത്തിമാരെയും കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ ചിറക്കല്‍ രാജാവിനോടുണ്ടായിരുന്ന  ആദരം മറക്കാനാകുന്നില്ല കൃഷ്ണന്‍നായര്‍ക്ക്.  

സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ആലോചനയായി. കേരളത്തിലെ കോളേജുകളിലൊന്നും അന്ന് പ്രവേശനം കിട്ടിയില്ല. എന്തായാലും, നാട്ടില്‍ത്തന്നെ ഒരു സാധാരണ വാണിയന്‍ നായരായി കഴിഞ്ഞുകൂടാന്‍ തയ്യാറായിരുന്നില്ല അദ്ദേഹം. പക്ഷേ, അമ്മയുടെ എണ്ണയാട്ടലില്‍ നിന്നുള്ള പരിമിതമായ വരുമാനം കൊണ്ട് കോളേജ് പഠിത്തം പൂര്‍ത്തിയാക്കുകയെന്നത് അസാദ്ധ്യമായിരുന്നു. അങ്ങനെ പണ്ട് വാക്ക് കൊടുത്ത ചിറക്കല്‍ രാജാവിനെത്തന്നെ പോയി കാണേണ്ടിവന്നു. അപ്പോഴേക്കും അല്പം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അദ്ദേഹം തന്റെ വാഗ്ദാനം എങ്ങനെ നിറവേറ്റുമെന്ന ആലോചനയിലായി. ഒടുവില്‍ തന്റെ വിരലില്‍ കിടന്നിരുന്ന വൈരമോതിരം മടിയില്ലാതെ ഊരിക്കൊടുക്കുകയായിരുന്നു. അത് വിറ്റുകിട്ടിയ 4500 രൂപ കൊണ്ടാണത്രെ കൃഷ്ണന്‍നായര്‍ മദ്രാസിലെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രാജാവിന്റെ സ്ഥാനത്ത് താനാ യിരുന്നുവെങ്കില്‍ ഇന്നത് ചെയ്യുമായിരുന്നോയെന്ന് സംശയമുണ്ട്  അദ്ദേഹത്തിന്. എന്തായാലും, പിന്നീടങ്ങോട്ട് സംഭവബഹുലമായൊരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ചെല്ലുന്നയിടങ്ങളിലെല്ലാം തന്റെ വിരല്‍പ്പാടുകള്‍ വീഴ്ത്താന്‍ കഴിവുണ്ടായിരുന്ന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എന്തിലും ഏതിലും ആകാശമായിരുന്നു അതിര്‍ത്തി. എത്രയെത്ര വ്യത്യസ്തമായ ജീവിതാനുഭവങ്ങള്‍, ഒന്‍പത് പതിറ്റാണ്ടുകള്‍ നീണ്ട ജീവിതയാത്രയില്‍ കണ്ടു മുട്ടാനിടയായ മഹാരഥന്മാര്‍....

അദ്ദേഹത്തിന്റെ എക്കാലത്തേയും വലിയ രണ്ടു ആരാധനാമൂര്‍ത്തികള്‍ നേതാജി സുഭാഷ്ചന്ദ്രബോസും എ.കെ.ജിയുമായിരുന്നു. ചിറക്കല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എ.കെ.ജി ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം അവിടെ ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ ഉണ്ടാക്കുകയും അതിന്റെ ആദ്യ സെക്രട്ടറിയാകുകയും ചെയ്തു. നേതാജിയെക്കുറിച്ചു കുറേ പ്രിയപ്പെട്ട ഓര്‍മ്മകളുണ്ട് അദ്ദേഹത്തിന്. സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ഹരിപുരയില്‍ ചേര്‍ന്ന സ്വാതന്ത്യ്രസമര സമ്മേളനത്തില്‍ വളണ്ടീയര്‍മാരില്‍ ഒരാളായി എ.കെ.ജിയോടൊപ്പം പോയപ്പോഴാണ് കൃഷ്ണന്‍നായര്‍ക്ക് സുഭാഷ്‌ബോസിന്റെ പ്രസംഗം ആദ്യമായി കേള്‍ക്കാനായത്. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്ന ശേഷം അബോട്ടാബാദില്‍ സിവിലിയന്‍ വയര്‍ലെസ് ഓഫീസറായിരിക്കെ നേതാജിയുടെ മെസ്സേജുകള്‍ ഡീകോഡ് ചെയ്യാനും സിംഗപ്പൂര്‍ റേഡിയോ പ്രക്ഷേപണം ചെയ്ത അദ്ദേഹത്തിന്റെ ഒട്ടേറെ പ്രസംഗങ്ങള്‍ കേള്‍ക്കാനും  കഴിഞ്ഞു.

ഒരിക്കല്‍ ജ്യോതിബാസു അദ്ദേഹത്തിന്റെ ഹോട്ടലില്‍ താമസിക്കാന്‍ വന്നപ്പോള്‍ പറഞ്ഞ ഒരു അഭിപ്രായത്തെപ്പറ്റി ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ തന്റെ ആത്മകഥയില്‍ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: 
''ക്യാപ്റ്റന്‍, ഇ.എം.എസിനു പകരം എ.കെ.ജിയായിരുന്നു നിങ്ങളുടെ മുഖ്യമന്ത്രിയായതെങ്കില്‍ 30 വര്‍ഷത്തോളം മറ്റൊരു പാര്‍ട്ടിക്കും കേരളത്തില്‍ ഭരണത്തില്‍ വരാന്‍ കഴിയില്ലായിരുന്നു.''

ഈ അഭിപ്രായത്തോട് തികഞ്ഞ യോജിപ്പാണ് ക്യാപ്റ്റന്‍ നായര്‍ക്കും. ഇ.എം.എസ് വലിയ ബുദ്ധിജീവിയും രാഷ്ട്രീയ ചാണക്യനുമൊക്കെയായിരുന്നെങ്കിലും കേരളത്തിലെ സാധാരണക്കാരന്റെ മനസ്സിനെ തൊട്ടറിയാന്‍ കഴിവുള്ള, തികച്ചും ജനകീയനായ എ.കെ.ജിക്ക് കേരളത്തിനു യോജിക്കുന്ന ഒരു വികസന മാത്യക കൊണ്ടുവരാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മാത്രമല്ല, എ.കെ.ജിയുടെ നിരയിലേക്ക് വരാവുന്ന ഒരൊറ്റ നേതാവ് പോലും പില്‍ക്കാലത്ത് കേരളത്തില്‍ ഉണ്ടായിട്ടില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. 
ആദ്യമായി പരിചയപ്പെടുന്നവരെക്കൂടി തന്റെ ആകര്‍ഷണവലയത്തില്‍പ്പെടുത്തി, അടുപ്പക്കാരാക്കാനുള്ള ഒരു പ്രത്യേക വൈഭവം ക്യാപ്റ്റന്‍ നായര്‍ക്കുണ്ടായിരുന്നു. ഒരു മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഉരുത്തിരിയുന്ന ബന്ധങ്ങളിലൂടെ തികച്ചും  വ്യത്യസ്തമായ മറ്റൊരു മേഖലയിലേക്കുള്ള പകര്‍ന്നാട്ടം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണമായിരുന്നെങ്കിലും, മറ്റുള്ളവരെ അതിശയിപ്പിക്കുന്ന ഒന്നുതന്നെയാണ്. ചുരുക്കത്തില്‍ താന്‍ വ്യാപരിക്കുന്ന ഒരു മേഖലയില്‍ത്തന്നെ മാത്രം ഒതുങ്ങിക്കൂടാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്നതുതന്നെ. നാല് ചുറ്റും കണ്ണുകളുള്ള, അസാധാരണമായ സ്വപ്നങ്ങള്‍ കാണുന്ന ആളായിരുന്നു ക്യാപ്റ്റന്‍ നായര്‍. ബില്‍ഗേറ്റ്‌സും അംബാനിയും തൊട്ട് നാരായണമൂര്‍ത്തി വരെ, ഒന്നുമില്ലായ്മയില്‍നിന്ന് തുടങ്ങി വലിയ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ വരെ കെട്ടിപ്പൊക്കിയവരെല്ലാം ഇത്തരം അതിസൂക്ഷ്മമായ നിരീക്ഷണ ശക്തിയുള്ളവരും അസാദ്ധ്യമായ സ്വപ്നങ്ങള്‍ കണ്ടവരുമായിരുന്നുവെന്നു മാത്രമല്ല, അവ പ്രാവര്‍ത്തികമാക്കാനുള്ള ത്രാണിയുള്ളവരുമായിരുന്നു. 

പട്ടാളത്തില്‍നിന്നു പിരിഞ്ഞു നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷം അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും നമ്മുടെ പരമ്പരാഗതമായ കൈത്തറി വ്യവസായത്തിലായിരുന്നു.  കേന്ദ്രത്തിലെ ഹാന്റ്ലൂം ബോര്‍ഡിലെ അംഗമെന്ന നിലയില്‍ ഒട്ടേറെ തൊഴില്‍സാദ്ധ്യതകളുള്ള ആ മേഖലയുടെ വികാസത്തിനായി കുറേയേറെ ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിനിടയിലാണ്  പ്രസിദ്ധമായ 'ബ്ലീഡിങ്ങ് മദ്രാസ്' എന്ന തുണിത്തരങ്ങളിലൂടെ ലോകവിപണിയിലേക്ക് ശക്തമായി കടന്നുചെല്ലാനും അദ്ദേഹത്തിന് കഴിഞ്ഞത്. അതു സംബന്ധമായ ബിസിനസ് യാത്രകള്‍ക്കിടയിലാണ് വിദേശത്തെ മുന്തിയ ബിസിനസ്സുകാരെ കൈയിലെടുക്കുന്ന വിദ്യ അദ്ദേഹം വശമാക്കിയതും. മാത്രമല്ല, അത്തരം യാത്രകളില്‍ താമസിക്കാനിടയായ പ്രസിദ്ധ ഹോട്ടലുകളായ അമേരിക്കയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ, ജര്‍മനിയിലെ കെംപിന്‍സ്‌കി തുടങ്ങിയവയിലെ അനുഭവങ്ങളിലൂടെ ഹോട്ടല്‍ വ്യവസായം അദ്ദേഹത്തിന്റെ പുതിയൊരു മോഹമായി മാറുകയും ചെയ്തു. പിന്നീടുള്ളതെല്ലാം ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. എന്തായാലും, അദ്ദേഹവുമായുള്ള സംഭാഷണത്തില്‍ തെളിഞ്ഞു നിന്ന ഒരു കാര്യം, എന്തിലും ഏതിലും വ്യത്യസ്തനും ഒന്നാം നമ്പറുമാകാനുള്ള ആ ആവേശമായിരുന്നു. വിദേശയാത്രകളില്‍, ഇന്ത്യക്കാരെ ചെറിയൊരു പുച്ഛത്തോടെ നോക്കിക്കാണുന്ന വെള്ളക്കാരന്റെ സ്വഭാവം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ തന്റെ ഹോട്ടല്‍ തികച്ചും അന്താരാഷ്ട്ര നിലവാരത്തിലുള്ളതാകണമെന്നും     അവിടെ താമസിക്കാന്‍ വരുന്ന വിദേശികളെ അക്കാര്യം ബോദ്ധ്യപ്പെടുത്തണമെന്നുമുള്ള വാശിയുണ്ടായിരുന്നു അദ്ദേഹത്തിന്. അങ്ങനെ അവിടത്തെ ഓരോ കൊച്ചു കൊച്ചു ഉപകരണങ്ങളും മുന്തിയ നിലവാരമുള്ളതായിരുന്നു. കൂടാതെ ലീല ഗ്രൂപ്പ് പില്‍ക്കാലത്ത് രൂപകല്പന ചെയ്ത പല ഹോട്ടലുകളിലും ഭാരതീയ സംസ്‌കാരത്തിന്റെ തനിമ കൂടി വെളിവായിരുന്നു.


ഞങ്ങളുടെ സംഭാഷണം നീണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ഇടയ്ക്കൊക്കെ  ചെറിയൊരു അസ്വസ്ഥതയോടെ വാച്ച് നോക്കുന്നുണ്ടായിരുന്നു. പൊതുവെ ദിനചര്യകളുടെ കാര്യത്തില്‍ അങ്ങേയറ്റം കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്ന ആളായിരുന്നു ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍. കൃത്യസമയത്ത് തന്നെ അദ്ദേഹത്തെ ഓഫീസ്മുറിയില്‍ എത്തിക്കേണ്ട ചുമതല സ്വാഭാവികമായും സെക്രട്ടറിക്കായിരുന്നു. അത്യാവശ്യ ശ്രദ്ധ ആവശ്യമുള്ള പല കടലാസുകളും അവിടെ അദ്ദേഹത്തെ കാത്തിരിപ്പുണ്ടാകും. പിന്നെ കുറേ അപ്പോയിന്റ്‌മെന്റുകളും. അങ്ങനെ ഉച്ചവരെ ജോലി, പിന്നെ ഉച്ചഭക്ഷണം കഴിഞ്ഞ് കുറേ നേരം ചെയര്‍മാന്റെ ഓഫീസിനോട് ചേര്‍ന്നുള്ള മുറിയില്‍ത്തന്നെ വിശ്രമം. അതുകഴിഞ്ഞ് പത്‌നിയായ ലീലയോടൊപ്പം ഒരു നഗരപ്രദക്ഷിണം. ഈ സമയത്തായിരിക്കണം അവര്‍ കുടുംബസംബന്ധമായ  കാര്യങ്ങള്‍ പലതും സംസാരിച്ചിരുന്നതെന്നു തോന്നുന്നു.  രാത്രിയില്‍ കൃത്യസമയത്തുതന്നെ അത്താഴം, അതു കഴിഞ്ഞ് പ്രിയപ്പെട്ട 'സ്വാമി അയ്യപ്പന്‍' എന്ന മലയാളം സീരിയല്‍. പിന്നെ ഉറക്കം... 

സെക്രട്ടറിയുടെ സൂചനയനുസരിച്ച് ഞാന്‍ സംഭാഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം തന്റെ ആത്മകഥയുടെ ഒരു കോപ്പി ഒപ്പിട്ടു തന്നു.  കൂടെ മറ്റൊരു ക്ഷണവും. അവരുടെ ഏറ്റവും പുതിയതും മനോഹരവുമായ ഉദയ്പൂരിലെ അത്യാധുനിക ഹോട്ടലില്‍ ഒരു ദിവസം അദ്ദേഹത്തിന്റെ അതിഥിയായി താമസിക്കാനുള്ള ക്ഷണം. സ്‌നേഹപൂര്‍വ്വമായ ആ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ വയ്യെന്ന് പറയുമ്പോള്‍ തന്നെ ആ നല്ല മനുഷ്യനെ അത്രയേറെ ചൂഷണം ചെയ്യാനാവില്ലെന്നു ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. 
മടങ്ങി മുറിയിലെത്തിയപ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നതും അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റിയായിരുന്നു. ഭാര്യ ലീലയില്‍നിന്ന് വേര്‍പെട്ടൊരു ജീവിതം അദ്ദേഹത്തിനില്ലായിരുന്നു. കണ്ണൂരിലെ പ്രസിദ്ധമായ രാജരാജേശ്വരി മില്‍സിന്റെ ഉടമയായ എ.കെ. നായരുടെ മകളായ ലീലയാണ് തന്റെ എല്ലാ ഐശ്വര്യത്തിനും കാരണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എവിടെ പോകുമ്പോഴും അവര്‍ കൂടെയുണ്ടാകുകയും ചെയ്യും. അതുകൊണ്ടു തന്നെ അവരുടെ എല്ലാ സ്ഥാപനങ്ങളുടേയും പേരിന്റെ തുടക്കം 'ലീല' എന്ന പേരോടെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗോവയിലെ പേരുകേട്ട 'ലീല ഗോവ' എന്ന ഹോട്ടലിന്റെ കഥ പ്രസിദ്ധമാണ്. അതില്‍ പാര്‍ട്ടണറാകാനുള്ള അമേരിക്കയിലെ പ്രമുഖ ഹോട്ടല്‍ ചെയിനായ 'ഫോര്‍ സീസണ്‍സുമായുള്ള' ചര്‍ച്ചകള്‍ അവസാനഘട്ടം വരെ എത്തിയതാണ്. രണ്ടു പേര്‍ക്കും ഒരു പോലെ മെച്ചമുണ്ടാകുന്ന ഏര്‍പ്പാട്. അവരുടെ ആവശ്യമനുസരിച്ച് ആ കെട്ടിടത്തിന്റെ ഡിസൈനില്‍ത്തന്നെ  ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. ആ ലോബി തന്നെ ഇടിച്ചു പൊളിച്ചു പുതുതായി കെട്ടേണ്ടിവന്നു. അങ്ങനെ എല്ലാം കഴിഞ്ഞപ്പോഴാണ് സായിപ്പ് പുതിയൊരു ആവശ്യം കൊണ്ടുവരുന്നത്. ഹോട്ടലിന്റെ പേരിലെ 'ലീല' എന്നത് മാറ്റിയേ പറ്റൂ. അവരുടെ ഈ ചതിയില്‍ ക്ഷുഭിതനായ ക്യാപ്റ്റന്‍ നായര്‍ അതിനു കൂട്ടാക്കിയില്ലെന്നു മാത്രമല്ല, സായിപ്പിനെ കരാറില്‍നിന്നു പുറത്താക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ തനിക്കു സംഭവിച്ച ആ വലിയ നഷ്ടം സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു.

ആ മുറിയില്‍ വച്ചു തന്നെ ഞാന്‍ ആ ആത്മകഥ മുഴുവനും വായിച്ചു തീര്‍ത്തു. താഹ മാടായിയുടെ സഹകരണത്തോടെ തയ്യാറാക്കിയ രസകരമായ ഒരു ആത്മകഥ. കുന്നാവ് ദേശത്തെ അംശം കോല്‍ക്കാരന്റെ മകനായി ഒരു ഓലമേഞ്ഞ വീട്ടില്‍ പിറന്നുവീണ വാണിയന്‍ ബാലന്‍ പിന്നീട് ലോകം മുഴുവനുമറിയുന്ന ഒരു ഹോട്ടല്‍ ശൃംഖലയുടെ ഉടമയായി മാറിയ കഥ, ഉയരങ്ങള്‍ സ്വപ്നം കാണാന്‍ മടിക്കാത്ത ഏത് ഇന്ത്യക്കാരനേയും, പ്രത്യേകിച്ച് മലയാളിയേയും പ്രചോദിപ്പിക്കേണ്ടതാണ്. കാരണം, അസാദ്ധ്യമെന്ന ഒരു വാക്ക് തന്നെ ക്യാപ്റ്റന്‍ നായരുടെ നിഘണ്ടുവിലില്ലായിരുന്നുവെന്ന് ഈ ആത്മകഥ വിളിച്ചുപറയുന്നു. 

(അനുബന്ധം: ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ ഒരു പിന്തിരിപ്പന്‍ മുതലാളിയാണ്. പക്ഷേ, എ.കെ.ജിയേയും  പി. കൃഷ്ണപിള്ളയേയും നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്ന അദ്ദേഹത്തിലെ     മനുഷ്യസ്‌നേഹിയെക്കുറിച്ച് എത്ര പേര്‍ക്കറിയാം?)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com