ഒരു ശ്വാസവും പാഴാക്കിക്കളയരുത്: ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യന്‍ ഹിമാന്‍ശു നന്ദ സംസാരിക്കുന്നു

പെരുമണ്‍ തീവണ്ടി ദുരന്തം നടന്ന അഷ്ടമുടിക്കായലിന്റെ തീരത്തുള്ള  സംഗീതപഠന കേന്ദ്രത്തില്‍ വെച്ച് നടന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.  
ഒരു ശ്വാസവും പാഴാക്കിക്കളയരുത്: ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യന്‍ ഹിമാന്‍ശു നന്ദ സംസാരിക്കുന്നു

ബാന്‍സുരി വാദനരംഗത്തെ അസാമാന്യ പ്രതിഭയാണ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനായ പണ്ഡിറ്റ് ഹിമാന്‍ശു നന്ദ. ചൗരസ്യ കഴിഞ്ഞാല്‍ ഇപ്പോള്‍ ബാന്‍സുരി വാദനത്തിലെ കുലപതി.  ഇന്ത്യക്ക് അകത്തും പുറത്തും  ശിഷ്യന്മാരുള്ള അദ്ദേഹം  ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുന്ന  പൂനയിലെ ചിന്മയനാദ ബിന്ദുവിന്റെ ഡയറക്ടര്‍ കൂടിയാണ്. കൊല്ലം ജില്ലയിലെ പനയം പഞ്ചായത്തില്‍  ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കാനുള്ള പദ്ധതിയുടെ  ഭാഗമായി ഹിമാന്‍ശു നന്ദ  ഒരു വര്‍ഷമായി കേരളത്തില്‍ വന്ന് ബാന്‍സുരി പഠിപ്പിക്കുന്നു. 
പെരുമണ്‍ തീവണ്ടി ദുരന്തം നടന്ന അഷ്ടമുടിക്കായലിന്റെ തീരത്തുള്ള  സംഗീതപഠന കേന്ദ്രത്തില്‍ വെച്ച് നടന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.        

എപ്പോഴാണ് താങ്കള്‍ സംഗീതം പഠിച്ചു തുടങ്ങിയത്?
എന്റെ മുത്തച്ഛന്‍ കവിതകള്‍ എഴുതാറുണ്ടായിരുന്നു. അത് അദ്ദേഹത്തിനു സ്വയം ആസ്വദിക്കാന്‍ വേണ്ടിയായിരുന്നു. ചിലപ്പോള്‍ അദ്ദേഹം തന്നെ പാടും. കുട്ടിക്കാലത്ത് അത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ അമ്മാവന്റെ കൈയില്‍ ഒരു ചെറിയ ഫ്‌ലൂട്ട് ഉണ്ടായിരുന്നു. അതൊരു ക്ലാസ്സിക്കല്‍ സംഗീതോപകരണമാണെന്നോ സ്റ്റേജില്‍  വായിക്കുന്നതാണന്നോ  എനിക്ക് അറിയില്ലായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഞാന്‍ പാടുമായിരുന്നു.  മത്സരത്തില്‍ പങ്കെടുത്തു സമ്മാനങ്ങളും നേടിയിരുന്നു. വലുതായപ്പോള്‍  സംഗീതം പഠിക്കണമെന്ന് മോഹം ഉദിച്ചു. ഒഡിഷയില്‍ കാലഹണ്ടി ജില്ലയിലെ ഭവാനി പട്ടണ എന്ന കൊച്ചു ഗ്രാമത്തിലാണ്  ഞാന്‍ ജനിച്ചത്. അവിടെ സംഗീതം പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒട്ടും തന്നെയില്ല. ഹൈസ്‌കൂള്‍ വരെ ഞാന്‍ പാടുമായിരുന്നു. പത്താം തരത്തില്‍ എത്തിയപ്പോള്‍ എന്റെ ശബ്ദത്തിനു മാറ്റം വന്നു, എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ പാടുന്നത് അവസാനിപ്പിച്ചു. ആ സമയത്താണ് എന്റെ ഒരു സുഹൃത്ത് നഗരത്തില്‍ ഒരു സംഗീത സ്‌കൂള്‍ തുടങ്ങിയ വിവരം പറയുന്നത്. ഞാന്‍ അവിടെ ചേര്‍ന്നു. എന്ത് പഠിക്കണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു ഉപകരണം തിരഞ്ഞെടുക്കാന്‍ ഗുരു പറഞ്ഞപ്പോള്‍ ഞാന്‍ ഫ്‌ലൂട്ട് തിരഞ്ഞെടുത്തു. കാരണം എനിക്ക് കുട്ടിക്കാലം മുതല്‍ തന്നെ അത് കണ്ടു പരിചയം ഉണ്ടായിരുന്നു. അങ്ങനെ 1991 ആഗസ്റ്റ് 20-ന് ഗുരു നരേന്ദ്ര പാണ്ടയുടെ കീഴില്‍ എന്റെ പഠനം തുടങ്ങി. കോളേജില്‍ പഠിക്കുമ്പോഴും പരിശീലനം തുടര്‍ന്നു. കോളേജില്‍ നടന്ന മത്സരത്തില്‍ എനിക്ക് ഒന്നാം സമ്മാനം കിട്ടി. പിന്നെ ഇന്റര്‍ കോളേജ് മത്സരത്തിലും സമ്മാനം കിട്ടി. അത് സംസ്ഥാനത്തെ  ഏറ്റവും വലിയ മത്സരമായിരുന്നു. അടുത്ത മൂന്നു വര്‍ഷവും എനിക്കായിരുന്നു ഒന്നാം സമ്മാനം. അതു വലിയ പ്രചോദനമായി. പിന്നീട് പത്മചരണ്‍ പാത്ര എന്ന ഗുരുവിന്റെ കീഴില്‍ പഠനം തുടര്‍ന്നു. 

പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ അടുത്ത്  എത്തുന്നത് എങ്ങനെയാണ്?
ഇതിനിടെ ഞാന്‍ ആകാശവാണിയിലും ചെറിയ പരിപാടികളിലും  വായിച്ചു തുടങ്ങിയിരുന്നു. കോളേജ് പഠനത്തിനു ശേഷം ഭുവനേശ്വറില്‍ എം.ബി.എ പഠിക്കാന്‍ പോയി. അവിടെ വെച്ച് മോഹിനിമോഹന്‍ പട്‌നായിക് എന്ന ഗുരുവിനെ കണ്ടുമുട്ടി. അദ്ദേഹം യൂണിവേഴ്സിറ്റിയില്‍ ബാന്‍സുരി പ്രൊഫസര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള  മൂന്നു മാസത്തെ പഠനം എന്റെ കണ്ണ് തുറപ്പിച്ചു. ക്ലാസ്സിക്കല്‍ മ്യൂസിക് എന്താണെന്ന് അദ്ദേഹത്തില്‍നിന്ന് പഠിച്ചു. 1995-2000 കാലഘട്ടം ഞാന്‍ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന സമയമായിരുന്നു. 2000-ല്‍ അച്ഛന് ബൈപ്പാസ് ഓപ്പറേഷനു വേണ്ടി ഡല്‍ഹിയില്‍ വന്നു. ഒരു ദിവസം പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ബാന്‍സുരി കച്ചേരി ഉണ്ടെന്നു പത്രവാര്‍ത്ത കണ്ടു. അന്നുതന്നെ പോകണമെന്ന് തീരുമാനിച്ചു.  എങ്ങനെയോ ഒരു പാസ് സംഘടിപ്പിച്ച് കച്ചേരി കേട്ടു. ചൗരസ്യജിയുടെ വായനയില്‍ ഞാന്‍ മതിമറന്നു ഇരുന്നുപോയി. പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു പോയി എനിക്ക് അങ്ങയുടെ കീഴില്‍ പഠിക്കണമെന്ന് പറഞ്ഞു. ''ഞാന്‍ തന്നെ പഠിച്ചുകൊണ്ടിരിക്കുകയാണ് പിന്നെ  എന്താണ് ഞാന്‍ പഠിപ്പിക്കേണ്ടത്'' എന്ന് അദ്ദേഹം ചോദിച്ചു. എന്നെ കൈവിടരുത് എന്ന് ഞാന്‍ അപേക്ഷിച്ചപ്പോള്‍ മുംബൈയിലേക്ക് വരാന്‍ പറഞ്ഞു.

മുംബൈയില്‍ ഞാന്‍ ചൗരസ്യജിയുടെ അടുത്തുപോയി, അദ്ദേഹം എനിക്ക് ആഹിര്‍ ഭൈരവ് വായിക്കാന്‍ അറിയുമോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ വായന    അദ്ദേഹത്തിന് ഇഷ്ടമായി. പിറ്റേ ദിവസം വരാന്‍ പറഞ്ഞു. 
വലിയൊരു നദിയുടെ മുന്‍പില്‍ പകച്ചുനില്‍ക്കുന്ന കുട്ടിയെപ്പോലെ ആയിരുന്നു ക്ലാസ്സിലെ എന്റെ ആദ്യ ദിനങ്ങള്‍. ക്രമേണ കുറേശ്ശെ കാര്യങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി.

അപ്പോള്‍ ഞാന്‍ ചിന്മയ ആശ്രമത്തില്‍ താമസിച്ചുവരികയായിരുന്നു. പിന്നെ ഞാന്‍ ഒരു വീട് വാടകയ്ക്ക് എടുത്തു മാറി. വീട്ടുകാര്‍ക്ക് എപ്പോഴും എന്നെ നോക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഞാന്‍ ജോലികള്‍ക്ക് ശ്രമിക്കാന്‍ തുടങ്ങി. മുംബൈ ഐ.ഐ.ടിയില്‍  സംഗീതവകുപ്പില്‍   വിസിറ്റിംഗ് പ്രൊഫസര്‍ ആയി  ജോലി കിട്ടി.  മറ്റു പല സ്ഥലങ്ങളിലും ജോലി ചെയ്തു. ഞാന്‍ ധാരാളം പണം സമ്പാദിക്കുകയും കൃത്യമായി  ഞാന്‍ ചൗരസ്യജിയുടെ ക്ലാസ്സില്‍ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, പ്രാക്ടീസ് ചെയ്യാന്‍ മാത്രം സമയമില്ലായിരുന്നു. ഞാന്‍ ആകെ അസ്വസ്ഥനായി.  കുറച്ച് സമയം അവധി  എടുത്ത് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു.  എന്റെ മനസ്സ് പറയുന്നത് കേള്‍ക്കുകയായിരുന്നു ലക്ഷ്യം.  യാത്ര കഴിഞ്ഞ് ഞാന്‍ തിരിച്ച് ഗുരുജിയുടെ  അടുത്ത് എത്തി. ആ കാലത്ത് ഗുരുജി വൃന്ദാവന്‍ ഗുരുകുലം തുടങ്ങിയ സമയമായിരുന്നു. എനിക്ക് അവിടെ താമസിച്ചു പഠിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. പഠിക്കാം; പക്ഷേ, നീ എല്ലാം ഉപേക്ഷിക്കണം എന്നായിരുന്നു ഗുരുവിന്റെ മറുപടി. എന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന സമയം ആയിരുന്നെങ്കിലും എല്ലാം ഉപേക്ഷിക്കാമെന്ന് ഞാന്‍ ഗുരുജിയോട് പറഞ്ഞു. ഗുരുജിയുടെ കൂടെ താമസിച്ച ആ അഞ്ചു വര്‍ഷങ്ങള്‍  എന്റെ ജീവിതത്തില്‍ വളരെ പ്രധാനമായിരുന്നു. പൂര്‍ണ്ണമായി ഉപേക്ഷിക്കാതെ  സംഗീതത്തിനായി സമര്‍പ്പിക്കാന്‍ പറ്റില്ല എന്നെനിക്കു ബോധ്യമായി.

വളരെ പഴക്കമുള്ള  ഒരു സംഗീതോപകരണമാണ് ബാന്‍സുരി.  നാടോടി സംഗീതത്തില്‍നിന്ന്  ക്ലാസ്സിക്കല്‍ സംഗീതത്തിലേക്കുള്ള ബാന്‍സുരിയുടെ  യാത്രയെപ്പറ്റി പറയാമോ?     
ബാന്‍സുരി ഒരു ക്ലാസ്സിക്കല്‍ സംഗീതോപകരണം ആയിട്ട്  അധികകാലമായിട്ടില്ല. പണ്ഡിറ്റ് പന്നാലാല്‍ ഘോഷ് ആണ് ബാന്‍സുരിയെ  ഈ പദവിയിലേക്ക് എത്തിച്ചത്. സാധാരണ ഫ്‌ലൂട്ടില്‍ രാഗത്തിന്റെ അഗാധത സൃഷ്ടിക്കാന്‍ പറ്റാതെ പോയപ്പോള്‍  അദ്ദേഹം വലിയ ഫ്‌ലൂട്ട് നിര്‍മ്മിച്ചു. അദ്ദേഹം അത് അവതരിപ്പിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. പിന്നെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ അത് ഏറ്റെടുത്തു. അതിനുശേഷം  പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ഈ ഉപകരണത്തെ ലോകം മുഴുവന്‍ പ്രചരിപ്പിച്ചു. അദ്ദേഹം സിനിമയ്ക്കുവേണ്ടിയും വായിക്കാന്‍ തുടങ്ങി. 

വളരെ കുറച്ച് പ്രതിഭകള്‍ മാത്രമാണ്  ബാന്‍സുരി വാദനരംഗത്തുനിന്നു ഉയര്‍ന്നുവന്നത്. എന്തായിരിക്കും കാരണം?  
ഈ ഉപകരണത്തിന് അധികം പഴക്കമില്ല എന്നതു തന്നെയാണ് കാരണം. തബലയോ സിതാറോ എടുത്താല്‍ അതിനു നൂറില്‍ ഏറെ വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് എന്നു കാണാം. ബാന്‍സുരിക്ക്  കഷ്ടിച്ച് എഴുപതോ എണ്‍പതോ വര്‍ഷങ്ങളുടെ പഴക്കം മാത്രമേ കാണുകയുളളൂ. 

താങ്കള്‍ മൈഹര്‍ ഖരാനയാണല്ലോ പിന്തുടരുന്നത്, ഈ ഖരാനയുടെ  പ്രത്യേകത എന്താണ്? ഖരാനകളുടെ പിന്‍വാങ്ങല്‍  സംഗീതത്തിന് ഏതെങ്കിലും രീതിയിലുള്ള നഷ്ടം ഉണ്ടാക്കിയിട്ടുണ്ടോ? 
പഴയകാലത്ത് വിദ്യാര്‍ത്ഥികള്‍ ഗുരുവിന്റെ അടുത്തുപോവുകയും അവിടെ താമസിച്ചു പഠിക്കുകയും ചെയ്യുന്നു, ഇതാണ് ഖരാനയുടെ അടിസ്ഥാനം. ഖരാന സംഗീതത്തിനു നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്. മിക്ക ഖരാനകളും സംഗീതം  ഒരു കുടുംബസ്വത്താക്കി വെച്ചു. അവര്‍ പുറത്തുനിന്നുള്ളവരെ പഠിപ്പിക്കാന്‍ താല്പര്യം കാണിച്ചിരുന്നില്ല. സംഗീതത്തിനുവേണ്ട അര്‍പ്പണം ഖരാനയില്‍ ഉണ്ടായിരുന്നു എന്നതാണ് നല്ലവശം. എന്നാല്‍, ഉസ്താദ് അലാവുദ്ദീന്‍ ഖാന്റെ മൈഹര്‍ ഖരാന ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. അദ്ദേഹം പതിമൂന്നോ പതിന്നാലോ വയസ്സ് പ്രായമുള്ളപ്പോള്‍ വീട് വിട്ടുപോയി. കുറച്ചു കഴിഞ്ഞപ്പോള്‍  മടങ്ങിവന്നു.  അദ്ദേഹം വിവാഹം കഴിച്ച ദിവസം തന്നെ നാട് വിട്ടു. പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് തിരിച്ചു വന്നത്. അദ്ദേഹത്തിന്റെ ഭാര്യ അത്രയും കാലം കാത്തിരുന്നു. പിന്നെയാണ് കുടുംബമായി ജീവിക്കാന്‍ തുടങ്ങിയത്. അദ്ദേഹം ഒരുപാട്  പ്രതിഭകളെ  സൃഷ്ടിച്ചു. അദ്ദേഹം സ്വന്തമായി ഒന്നും കരുതിവെച്ചില്ല. അതുകൊണ്ടാണ് ഒരു യഥാര്‍ത്ഥ ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തെ ആദരവോടെ മാത്രമേ കാണാന്‍ പറ്റൂ.

ഹിന്ദുസ്ഥാനി സംഗീതത്തിലെ പല മഹാരഥന്മാരും അവരുടെ കാലത്ത്  ടെക്നോളജിയോട് മുഖം തിരിച്ചു നിന്നിട്ടുണ്ട്. ഗ്രാമഫോണ്‍ റെക്കോര്‍ഡ് വന്നപ്പോള്‍ അതില്‍ തങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ പലരും വിമുഖത കാണിച്ചു. താങ്കളുടെ നിലപാട് എന്താണ്? താങ്കള്‍  ടെക്നോളജി ഉപയോഗിക്കാറുണ്ടോ?  
തീര്‍ച്ചയായും. ഞാന്‍ ടെക്നോളജി വളരെയധികം ഉപയോഗിക്കാറുണ്ട്. ഞാന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുക്കാറുണ്ട്. ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്നായി ഇരുപതോളം കുട്ടികളെ പഠിപ്പിക്കുന്നു. കൂടാതെ ഞാന്‍ മിസ്റ്റിക് ബാംബൂ ഡോട്ട്‌കോം എന്ന ഒരു വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ബാന്‍സുരി വിശദമായി പഠിപ്പിക്കാനുള്ള ഒരു പദ്ധതിയാണ്. ബാന്‍സുരി എങ്ങനെ പിടിക്കണം എന്നറിയാത്ത ഒരു കുട്ടി മുതല്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടവര്‍ക്കു വരെ ക്ലാസ്സുകള്‍  കൊടുക്കുന്നു. ഒരു ഗുരുവിനെ ലഭിക്കാത്തവര്‍ക്ക് ഇതു വളരെ ഉപകാരപ്രദമാണ്. എല്ലാ മാസവും സൗജന്യ വെബിനാറുകള്‍ നടത്തുന്നു. അതില്‍ സംശയങ്ങള്‍  ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും.  എന്റെ ഗുരു എന്നെ പഠിപ്പിച്ചത് ഞാന്‍ പഠിച്ചത് ഒന്നും എന്റേതല്ല അതുകൊണ്ട്  മറ്റുള്ളവര്‍ക്ക് അത് പകര്‍ന്നു കൊടുക്കുക എന്നാണ്.
  
ബാന്‍സുരിയുടെ ആത്മീയബന്ധത്തെക്കുറിച്ച് പല കലാകാരന്മാരും പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?  
മനുഷ്യശരീരത്തില്‍ ഒന്‍പത് ദ്വാരങ്ങളാണ് ഉള്ളത്. അതുപോലെ ബാന്‍സുരിയിലും ഒന്‍പത് സുഷിരങ്ങളുണ്ട്. അതുകൊണ്ട് രണ്ടും തമ്മില്‍ നല്ല സാമ്യമുണ്ട്. യോഗയില്‍ കുണ്ഡലിനി ശക്തി ഉണര്‍ത്തുന്നതിനെപ്പറ്റി പറയുന്നുണ്ടല്ലോ. ഇവിടെ സ്വരം ഊര്‍ജ്ജ പ്രഭവകേന്ദ്രമാണ്. നിങ്ങള്‍ കുണ്ഡലിനി ഉണര്‍ത്തുന്നതുപോലെ  ഊര്‍ജ്ജ പ്രഭവകേന്ദ്രവുമായി ബന്ധിപ്പിക്കുകയാണ്. ഈ ഊര്‍ജ്ജ പ്രഭവകേന്ദ്രങ്ങള്‍ക്ക് ശമന ശക്തിയുണ്ട്. നിങ്ങള്‍ കൃത്യമായി വായിക്കുന്ന സ്വരങ്ങള്‍ അതിന്റെ ഉദ്ദേശിച്ച ഫലം നല്‍കുന്നു. എന്റെ ഗുരുവിന്റെ കച്ചേരിയില്‍ ആളുകള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ക്ലാസ്സ് എടുക്കുമ്പോള്‍ പെട്ടെന്ന് ഗുരു ക്ലാസ്സ് നിറുത്തി. അദ്ദേഹം പറഞ്ഞു: ''ഒരു ശ്വാസവും  പാഴാക്കിക്കളയരുത്.'' എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സംഗീതം ആനന്ദിക്കാനുള്ളതല്ല. അത് ആത്മീയമായ ഒരു സാധനയാണ്.

പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ  താങ്കള്‍ എങ്ങനെ കാണുന്നു. ബാന്‍സുരി വാദനരംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്തൊക്കെയാണ്?
എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു അവതാരപുരുഷനെപ്പോലെയാണ്. അദ്ദേഹത്തിന് ദൈവികമായ ചില ഗുണങ്ങള്‍ ഉണ്ട്. എത്ര പരിപാടികളില്‍ പങ്കെടുത്താലും അദ്ദേഹം ക്ഷീണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല, ക്ലാസ്സുകള്‍ ഒഴിവാക്കുകയുമില്ല. പരിപാടി കഴിഞ്ഞാല്‍  നേരെ ക്ലാസ്സിലേക്കു വരും. ഈ വയസ്സിലും അദ്ദേഹം ക്ഷീണിക്കുന്നത്  കണ്ടിട്ടില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ക്ക് ചെറുതായി വിറയലുകള്‍ ഉണ്ടെങ്കിലും ക്ലാസ്സ് എടുക്കാറുണ്ട്. ഒരിക്കല്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ കാറില്‍ ട്രക്ക് ഇടിച്ചു. പക്ഷേ, അദ്ദേഹം പരിപാടി റദ്ദാക്കിയില്ല. വേദന സഹിച്ച് പരിപാടിയില്‍ വായിച്ചു. അത് കഴിഞ്ഞാണ് ആശുപത്രിയില്‍ പോയത്. 
അദ്ദേഹത്തിന്റെ സംഭാവനകള്‍ ഒരുപാടുണ്ട്. ബാന്‍സുരി ലോകത്താകെ പ്രചരിപ്പിച്ചത് ഗുരുജിയാണ്. അദ്ദേഹം ബാന്‍സുരി വാദനത്തില്‍ തന്റേതായ ഒരു ശൈലി ഉണ്ടാക്കി, അത് പന്നാലാല്‍ ഘോഷില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ അദ്ദേഹം ശിഷ്യന്മാരെ സൃഷ്ടിച്ചു. ബാന്‍സുരി പഠിപ്പിക്കാന്‍ അദ്ദേഹം മുംബൈയിലും  ഭുവനേശ്വറിലും  രണ്ട് ഗുരുകുലങ്ങള്‍ സ്ഥാപിച്ചു. അത് ലോകത്തെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളാണ്. സിനിമാ സംഗീതത്തിലും അദ്ദേഹം സംഭാവനകള്‍ നല്‍കി. അദ്ദേഹം സംഗീതം നല്‍കിയ എല്ലാ സിനിമാ ഗാനങ്ങളും ഹിറ്റായിരുന്നു. പാശ്ചാത്യ സംഗീതകാരന്മാരുടെ  കൂടെയും കര്‍ണാട്ടിക് സംഗീതകാരന്മാരുടെ  കൂടെയും അദ്ദേഹം നിരവധി പരിപാടികള്‍ അവതരിപ്പിച്ചു. 

കേരളത്തില്‍ പരിപാടികള്‍ നടത്തിയപ്പോള്‍ ആസ്വാദകരുടെ പ്രതികരണം എങ്ങനെയായിരുന്നു?
അത്  എവിടെയാണ് പരിപാടി നടത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. എന്റെ പരിപാടികളില്‍  ചിലയിടങ്ങളില്‍ ആളുകള്‍ വളരെ നന്നായി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്. തിങ്ങിനിറഞ്ഞ സദസ്സും ഇരുപതോ മുപ്പതോ  ആളുകള്‍ മാത്രം ഇരിക്കുന്ന സദസ്സും കണ്ടിട്ടുണ്ട്. അതുപോലെ പരിപാടിയുടെ വിജയം അത് സംഘടിപ്പിക്കുന്നവരേയും  ആശ്രയിച്ചിരിക്കുന്നു. ഒരു പരിപാടിയില്‍ ആളുകള്‍ വന്നില്ല എന്നതുകൊണ്ട് ഒരു ജനവിഭാഗത്തെയാകെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. 

കേരളത്തില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ ഒരു പഞ്ചായത്ത് മുന്‍കൈ എടുത്തു നടത്തുന്ന പദ്ധതിയില്‍  താങ്കള്‍ ക്ലാസ്സ് എടുക്കാന്‍ വരാറുണ്ടല്ലോ.  അതിനെപ്പറ്റി വിശദമാക്കാമോ? 
കൊല്ലം ജില്ലയിലെ പനയം  പഞ്ചായത്തിലാണ് ഹിന്ദുസ്ഥാനി സംഗീതം പഠിക്കാനുള്ള  പദ്ധതി കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാവര്‍ത്തികമായി തുടങ്ങിയത്. അവിടെ ഞാന്‍ മാസത്തില്‍ രണ്ടു ദിവസം  ബാന്‍സുരി ക്ലാസ്സ് എടുക്കുന്നുണ്ട്. ബാന്‍സുരി പഠിക്കാന്‍ അധികം അവസരമില്ലാത്തവര്‍ക്ക് പ്രയോജനം  ചെയ്യുന്ന  പദ്ധതിയാണിത്. ഈ ആശയം മുന്നോട്ടുവെയ്ക്കുകയും  അത് നടപ്പിലാക്കുകയും ചെയ്ത പഞ്ചായത്ത് സെക്രട്ടറി സുനീഷിനോട് എനിക്ക് കടപ്പാടുണ്ട്. മൈഹര്‍ ഖരാന സമ്പ്രദായത്തില്‍ ബാന്‍സുരി പഠിക്കാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് കിട്ടുന്നത്. അതും പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ  വാദനരീതി അഭ്യസിക്കാനുള്ള ഒരു അപൂര്‍വ്വ അവസരമാണ്.

താങ്കള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ധാരാളം ശിഷ്യന്മാര്‍ ഉണ്ടല്ലോ. എങ്ങനെയാണ് കേരളവുമായി ആദ്യം ബന്ധപ്പെടുന്നത്?
കേരളവുമായി ബന്ധപ്പെടാന്‍ കാരണം കോഴിക്കോട്ടുകാരനായ എന്റെ പ്രഥമ ശിഷ്യന്‍ പ്രശാന്ത് ആണ്. കേരളത്തില്‍നിന്ന് ബാന്‍സുരി പഠിക്കാന്‍ താല്പര്യമുള്ള നിരവധി പേരെ അദ്ദേഹം പൂനെയിലെ എന്റെ ഗുരുകുലത്തിലേക്ക് കൊണ്ടുവന്നു. കേരളത്തിലെ എന്റെ കച്ചേരികളും ശില്പശാലകളും  സംഘടിപ്പിക്കുന്നത്  പ്രശാന്ത് ആണ്.  

താങ്കള്‍ സൃഷ്ടിച്ച രാഗങ്ങള്‍ ? 
സമാഹിതയും സ്‌നേഹരഞ്ജിനിയും. അവ ഞാന്‍ സൃഷ്ടിച്ച രാഗങ്ങള്‍ അല്ല, എന്നിലേക്കു വന്ന രാഗങ്ങളാണ്. ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍നിന്ന് സരസ്വതിയും  ഹിന്ദുസ്ഥാനി സംഗീതത്തില്‍നിന്ന് ദേശും കൂട്ടിയോജിപ്പിച്ചാണ് സമാഹിത ഉണ്ടാക്കിയത്. മറ്റൊരു രാഗം സ്‌നേഹരഞ്ജിനിയാണ്. ഞാന്‍ ഈ രണ്ടു രാഗങ്ങളും കച്ചേരികളില്‍ അവതരിപ്പിക്കാറുണ്ട്.

പരിപാടികളില്‍ കൂടുതലായി വായിക്കുന്ന രാഗങ്ങള്‍ ? 
മാരുബിഹാഗ്, യമന്‍, മാല്‍കൊന്‍സ്, ജോഗ്, ബാഗേശ്രീ, ആഹിര്‍ ഭൈരവ്, സ്‌നേഹരഞ്ജിനി, മധുവന്തി. 

താങ്കള്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അറിഞ്ഞു? 
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സംഗീത ചികിത്സ എങ്ങനെ ഉപയോഗപ്പെടുത്താന്‍ പറ്റും എന്ന ഗവേഷണത്തിലാണ് ഞാന്‍. പാശ്ചാത്യ നാടുകളില്‍  ഇതിനെക്കുറിച്ച് ഒരുപാട്  പഠനങ്ങള്‍  നടന്നിട്ടുണ്ട്. ഇന്ത്യയിലും നിരവധി പേര്‍ ഇതിനെപ്പറ്റി പഠിക്കുന്നുണ്ട്. രോഗം ഭേദമാക്കാനുള്ള ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കഴിവിനെപ്പറ്റി നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ അറിയാം. പക്ഷേ, കൃത്യമായ തെളിവുകള്‍ അടിസ്ഥാനമാക്കിയിട്ടുള്ള ഗവേഷണങ്ങള്‍ വളരെ അപൂര്‍വ്വമാണ്. ഞാന്‍ ഇതേറ്റെടുത്ത് ഇവിടുത്തെ ശാസ്ത്രസമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചാല്‍ അതൊരു വലിയ നേട്ടമാവും. അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

കുടുംബം?
അച്ഛനും അമ്മയും മൂന്നു മക്കളും. അച്ഛന്‍ ആര്‍മിയിലായിരുന്നു. ജീവിച്ചിരിപ്പില്ല. അമ്മ അധ്യാപികയായിരുന്നു. സര്‍വ്വീസില്‍നിന്ന് വിരമിച്ചു. സഹോദരന്മാരില്‍ ഒരാള്‍ വക്കീലായി ഒഡീഷയിലും മറ്റെയാള്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി മുംബൈയിലും ജോലി ചെയ്യുന്നു.

വിവാഹിതനാണോ?
അതെ. ഭാര്യ ജയലക്ഷ്മി നന്ദ. വീട് തിരുവനന്തപുരത്താണ്. അവള്‍ പൂനെയിലെ ചിന്മയ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്നു.  
   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com