കിഴക്കും പടിഞ്ഞാറും വയലിന്‍ സംഗീതം കൊണ്ട് കെട്ടിപ്പിടിച്ചപ്പോള്‍

വലിച്ചുകെട്ടിയ ഞാണിന്മേല്‍ വിരലുകള്‍ തൊടുമ്പോള്‍ പ്രാചീന മനുഷ്യന്‍ ഇമ്പമുള്ള ശബ്ദം കേട്ടിട്ടുണ്ടാകണം.
കിഴക്കും പടിഞ്ഞാറും വയലിന്‍ സംഗീതം കൊണ്ട് കെട്ടിപ്പിടിച്ചപ്പോള്‍

''A table, a chair, a bowl of fruits and a violin, what else does a man need to be happy' 
                                                        -Albert Einstein
ലിച്ചുകെട്ടിയ ഞാണിന്മേല്‍ വിരലുകള്‍ തൊടുമ്പോള്‍ പ്രാചീന മനുഷ്യന്‍ ഇമ്പമുള്ള ശബ്ദം കേട്ടിട്ടുണ്ടാകണം. വീണ്ടും കേള്‍ക്കാന്‍ വിരല്‍കൊണ്ടോ അമ്പ്‌കൊണ്ടോ ഞാണിന്മേല്‍ തുടര്‍ച്ചയായി തഴുകിയിട്ടുണ്ടാകാം. അനുസ്യൂത നാദപ്രവാഹം സൃഷ്ടിച്ച ആ പ്രാക്തനസംഗീതം അവള്‍/അവന്‍ ആസ്വദിച്ചിട്ടുമുണ്ടാവണം. വേട്ടയ്ക്കുവേണ്ടി പ്രാചീന മനുഷ്യന്‍ കുലച്ച 'വില്ല്' തന്നെയാവാം ആദ്യത്തെ തന്ത്രിവാദ്യം. സരസ്വതിദേവിയുടെ കച്ഛപി വീണയും നാരദ വീണയും പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ആദിമ തന്ത്രിവാദ്യങ്ങളാണ്. രാമായണത്തിലെ പ്രതിനായകനുമായി ബന്ധപ്പെട്ട ഉത്ഭവകഥയുള്ള 'രാവണഹസ്ത' എന്ന ചെറുവീണ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഇന്നും പ്രചാരത്തിലുണ്ട്. തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തില്‍ സൂചിതമാവുന്ന 'യാഴ്' എന്ന തന്ത്രിവാദ്യത്തിന്റെ വിവിധ രൂപങ്ങള്‍ തമിഴ്നാട്ടില്‍ നിലനിന്നിരുന്നു. ഏക് താര, ദോ താര, ദില്‍ റുബ, യസ് രാജ്, സാരംഗി, സിതാര്‍ തുടങ്ങിയ വിരല്‍കൊണ്ടും ദണ്ഡുകള്‍കൊണ്ടും മീട്ടാവുന്ന തന്ത്രിവാദ്യങ്ങള്‍ ഇന്ത്യയില്‍ പണ്ടുകാലം മുതലേ ഉപയോഗിച്ചു വരുന്നു. ബംഗാളിലെ ബാവുല്‍ ഗായകര്‍ ആലാപനത്തിനിടയില്‍ ഒറ്റക്കമ്പി വീണയായ ഏക്താര മീട്ടുന്നു. കേരളത്തിലെ പുള്ളുവ വീണയെ വീണക്കുഞ്ഞ് എന്നാണ് വിളിക്കുന്നത്. പഴയകാലത്ത് വലിയ ചിരട്ടയും മുളന്തണ്ടും കൊണ്ട് നിര്‍മ്മിച്ചിരുന്ന പുള്ളുവീണയില്‍ ചിറ്റമൃത് വള്ളി ചതച്ച് സവിശേഷമായി രൂപപ്പെടുത്തിയ തന്ത്രികളാണ് ഉപയോഗിച്ചിരുന്നത്. പ്രത്യേകം രൂപകല്പന ചെയ്ത നീളമുള്ള നേര്‍ത്ത ദണ്ഡുകള്‍ (bowട) തന്ത്രികളില്‍ ഉരസി മീട്ടുന്ന എല്ലാ സംഗീതോപകരണങ്ങളുടേയും ഉറവിടം ഇന്ത്യയാണെന്ന് ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. 10-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വിജയവാഡയിലെ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലും 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ചിദംബരത്തെ നടരാജ ക്ഷേത്രത്തിലും വയലിനോട് സാമ്യമുള്ള സംഗീതോപകരണം വാദനം ചെയ്യുന്നത് ചിത്രീകരിക്കുന്ന ചുവര്‍ശില്പങ്ങളുണ്ട്. എന്നാല്‍, ഇന്നു നാം ഉപയോഗിക്കുന്ന വയലിന്‍ (violin) ഭാരതീയ സംഗീതത്തിലേക്ക് സഹര്‍ഷം സ്വീകരിക്കപ്പെട്ട പാശ്ചാത്യ സംഗീതോപകരണമാണ്.

തന്ത്രിവാദ്യങ്ങളുടെ റാണി വീണയാണെങ്കില്‍ രാജാവ് വയലിന്‍ ആണ്. ആധുനിക വയലിന്റെ ഇന്നത്തെ രൂപ-നാദ സംവിധാനത്തിനു നിരവധി സംഗീതോപകരണങ്ങളോട് കടപ്പാടുണ്ട്. പതിമൂന്നാം നൂറ്റാണ്ട് വരെ യൂറോപ്പില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന 'ഫിഡില്‍' (fiddle) വയലിന്റെ പൊതു പൂര്‍വ്വികനാണ്. മധ്യകാലഘട്ടത്തിലെ 'റബക്ക്' (rebec) വയലിന്റെ പരിണാമത്തില്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇറ്റലിയിലും ഫ്രാന്‍സിലും പാട്ടു പാടിയും നൃത്തം ചെയ്തും നാടുകള്‍ തോറും സഞ്ചരിച്ചിരുന്ന ഗായകകവികളുടെ വാദ്യോപകരണമായിരുന്നു റബക്. പതിനാറാം നൂറ്റാണ്ടില്‍ 'റബക്കു'കള്‍ വയലിനോട് വിദൂര സാമ്യമുള്ള നവീനഘടനയും നാദമധുരിമയും സ്വീകരിച്ചു. മൂന്നു തന്ത്രികള്‍ മാത്രമുണ്ടായിരുന്ന വയലിന്, നാലാമത്തെ തന്ത്രി കൂട്ടിച്ചേര്‍ക്കുന്നത് 16-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്. ലോകത്തിലെ വയലിന്‍ നിര്‍മ്മാണത്തിന്റെ കേന്ദ്രമായിരുന്നു ഇറ്റലിയിലെ ക്രിമോണ. ആധുനിക വയലിന്റെ പിതാവായ ആന്ദ്രേ അമേദിയുടെ (Andrea Ameti) കുടുംബ പരമ്പരയ്ക്കായിരുന്നു ഒരു നൂറ്റാണ്ടുകാലം (1535-1611) യൂറോപ്പിലെ വയലിന്‍ നിര്‍മ്മാണത്തിന്റെ കുത്തക. വാസ്തവത്തില്‍ അവരായിരുന്നു വയലിന്റെ ക്ലാസ്സിക്കല്‍ രൂപം സൃഷ്ടിച്ചത്. അമേദി കുടുംബത്തിന്റെ ശിഷ്യനായ അന്റോണിയോ സ്ട്രാദിവേരി (Antonio Stradiveri) പ്രതിഭാശാലിയായ വയലിന്‍ നിര്‍മ്മാതാവായിരുന്നു. വയലിന്റെ ഘടനയിലും സ്വരസംവിധാനത്തിലും അദ്ദേഹം നിരന്തരം മാറ്റങ്ങള്‍ വരുത്തി. സ്ട്രാദിവേരി നിര്‍മ്മിച്ച 'ദ ഹാമ്മര്‍' എന്ന വയലിന്‍ 3.5 മില്യന്‍ ഡോളറിനാണ് അടുത്തകാലത്ത് ലേലത്തില്‍ വിറ്റത്.
18-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ വയലിന്റെ രൂപഘടനയില്‍ വീണ്ടും മാറ്റങ്ങള്‍ വന്നു. ബ്രിഡ്ജ് കൂടുതല്‍ ഉയര്‍ന്നു. തന്ത്രികള്‍ ലോലമായി. 'ബാസ് ബാര്‍' (Bass bar) കൂടുതല്‍ ഭാരവത്തായി. വിഖ്യാത സംഗീതജ്ഞര്‍ വിവാല്‍ഡി, ടര്‍ട്ടീനി എന്നിവര്‍ വയലിന്‍ വാദനത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിയതും ഇതേ കാലത്തായിരുന്നു. പഴയകാലത്തെ 'ബോ' (bow), പേര് സൂചിപ്പിക്കുന്നതുപോലെ വളഞ്ഞ ദണ്ഡിന്റെ അഗ്രങ്ങള്‍ ബലവത്തായ തന്തുവിനാല്‍ ബന്ധിച്ച 'വില്ല്' ആയിരുന്നു. ഋജുവായ ദണ്ഡില്‍ 'പ്ലേയിംഗ് ഹെയര്‍' ഘടിപ്പിച്ച വയലിന്‍ ബോയുടെ ഇന്നത്തെ രൂപഘടന ഫ്രെഞ്ച് ശില്പി ഫ്രാഗ് കോസ് ടര്‍ട്ടി(Frag corട Tourte)യുടേതാണ്. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രെഞ്ചുകാരും ഇന്ത്യയിലെ അവരുടെ അധിനിവേശ പ്രദേശങ്ങളില്‍ വയലിന്‍ ഉപയോഗിച്ചിരുന്നെങ്കിലും വയലിന്‍ സംഗീതത്തെ പൊതുധാരയിലേക്ക് കൊണ്ടുവരികയും പ്രചരിപ്പിക്കുകയും ചെയ്തില്ല. ഇന്ത്യയില്‍ ആദ്യമായി വയലിന്‍ പൊതുമണ്ഡലത്തില്‍ പരിചയപ്പെടുത്തിയത് ബ്രിട്ടീഷുകാരാണ്. കല്‍ക്കത്തയിലെ 'ഹാര്‍മ്മോണിക് സൊസൈറ്റി', ക്ലബ്ബുകളിലെ ആനന്ദനൃത്ത(gigs and reels)ത്തിനായി മൊസാര്‍ട്ടിന്റേയും കൊറേലിയുടേയും ഹാന്‍ഡെലിന്റേയും മറ്റും സംഗീതരചനകള്‍ വയലിനില്‍ വായിച്ചു. 1760-കളിലായിരുന്നു ഇത്. സംഗീതോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കല്‍ക്കത്തയില്‍ തുറന്നു. പ്രസിദ്ധമായ കല്‍ക്കത്ത ബാന്‍ഡ് ഓര്‍ക്കസ്ട്ര 1785-ല്‍ സ്ഥാപിതമായി. ഇന്ത്യന്‍ സംഗീതജ്ഞരുമായി സംഗീത തല്പരരായ ഇംഗ്ലീഷുകാര്‍ ആശയവിനിമയം നടത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ രൂപംകൊടുത്ത മ്യൂസിക്കല്‍ ബാന്‍ഡുകളിലും ഓര്‍ക്കസ്ട്രകളിലും ബ്രിട്ടീഷുകാര്‍ മാത്രമല്ല ഉണ്ടായിരുന്നത്. ചിലപ്പോഴൊക്കെ ആംഗ്ലോ ഇന്ത്യക്കാരേയും ഇന്ത്യാക്കാരേയും അവര്‍ അതില്‍ ഉള്‍പ്പെടുത്തുകയും യൂറോപ്യന്‍ സംഗീതം പരിശീലിപ്പിക്കുകയും ചെയ്തു. നാട്ടുരാജാക്കന്മാര്‍ സംഗീതജ്ഞരെ കൊട്ടാരങ്ങളില്‍ നിയമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാലമായിരുന്നു. ചില രാജാക്കന്മാര്‍ പാശ്ചാത്യ സംഗീതം അവതരിപ്പിക്കുന്ന തദ്ദേശീയരുടെ ഓര്‍ക്കസ്ട്രകളെ കൊട്ടാരത്തില്‍ നിലനിര്‍ത്തിയിരുന്നു. വയലിന്റെ വശ്യസംഗീതത്തില്‍ മുങ്ങിയ ഫ്രെഞ്ചു രാജാവ് ചാള്‍സ് ഒമ്പതാമന്‍ 24 വയലിനുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ അമേദിയോട് ആവശ്യപ്പെട്ടുവെന്നാണ് ചരിത്രം. അവയിലൊന്ന് ഇന്നും ചാള്‍സ് രാജാവിന്റെ സ്മരണാര്‍ത്ഥം ഫ്രാന്‍സില്‍ സംരക്ഷിക്കുന്നു.

ദക്ഷിണേന്ത്യയിലേക്ക് വയലിന്‍ കൊണ്ടുവന്നതും കര്‍ണാടക സംഗീതത്തിന് അനുരൂപമായ മാറ്റങ്ങള്‍ വരുത്തി വികസിപ്പിച്ചതും ആരാണെന്നത് തര്‍ക്കവിഷയമാണ്. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ സംഗീതപ്രേമികളായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരിലൂടെ വയലിന്‍ മദ്രാസിലെത്തിയെന്നു കരുതാം. മുത്തുസ്വാമി ദീക്ഷിതരുടെ ഇളയസഹോദരനായ ബാലുസ്വാമി ദീക്ഷിതര്‍ മദ്രാസിലെ സെന്റ് ജോര്‍ജ് കോട്ടയിലെ ഇംഗ്ലീഷ് ബാന്‍ഡ് മ്യൂസിക്കില്‍ ആകൃഷ്ടനായി. യൂറോപ്യന്‍ സംഗീതം പഠിക്കണമെന്ന ആഗ്രഹം ബാലു സ്വാമി പ്രകടിപ്പിച്ചപ്പോള്‍ മനാലി ചിന്നയ്യ മുതലിയാര്‍ ബാലുസ്വാമിയെ വയലിന്‍ പഠിപ്പിക്കുന്നതിനായി മദ്രാസിലെ ഇംഗ്ലീഷുകാരനായ ഒരു വയലിനിസ്റ്റിനെ ഏര്‍പ്പെടുത്തി. മൂന്നു വര്‍ഷക്കാലം ബാലു സ്വാമി ദീക്ഷിതര്‍ യൂറോപ്യന്‍ സംഗീതം അഭ്യസിച്ചു. അക്കാത്ത് കര്‍ണാടക സംഗീതത്തിനു ചേര്‍ന്ന വിധത്തില്‍ വയലിന്റെ ശബ്ദസംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചു. ബാലു സ്വാമിയുടെ അവതരണങ്ങളിലൂടെയാണ് ദക്ഷിണേന്ത്യയില്‍ വയലിന്‍ പ്രചാരമാര്‍ജ്ജിക്കുന്നത്. അക്കാലത്ത് കര്‍ണ്ണാടക സംഗീതത്തിന്റെ ആസ്ഥാനമായിരുന്ന തഞ്ചാവൂരിനടുത്തുള്ള തിരുവാരൂരിലേക്ക് കുടിയേറിയതായിരുന്നു ബാലുസ്വാമിയുടെ കുടുംബം. മധുരയ്ക്ക് സമീപമുള്ള നാട്ടുരാജ്യമായ എട്ടയപുരത്തെ രാജാവ് ബാലുസ്വാമിയുടെ വയലിന്‍ വാദനം ഇഷ്ടപ്പെടുകയും അദ്ദേഹത്തെ കൊട്ടാരം സംഗീതവിദ്വാനായി നിയമിക്കുകയും ചെയ്തു. ബാലുസ്വാമിയിലൂടെ മുത്തുസ്വാമി ദീക്ഷിതര്‍ യൂറോപ്യന്‍ സംഗീതവും വയലിനും പരിചയപ്പെട്ടു.

ദക്ഷിണേന്ത്യന്‍ സംഗീതത്തിലേക്ക് വയലിന്‍ ദത്തെടുക്കപ്പെടുന്നത് തഞ്ചാവൂരിലായിരുന്നുവെന്ന് മറ്റൊരു കഥയുണ്ട്. തഞ്ചാവൂര്‍ രാജാവ്, പൊന്നയ്യ സഹോദരന്മാരെ (തഞ്ചാവൂര്‍ നാല്‍വര്‍ സംഘം) കൊട്ടാരത്തില്‍ നൃത്ത സംഗീത പരിശീലകരായി നിയമിച്ചു. അവരില്‍ ഏറ്റവും ഇളയവനായിരുന്നു വടിവേലു. തഞ്ചാവൂരില്‍ പ്രൊട്ടസ്റ്റന്റ് മിഷന്‍ സ്ഥാപിച്ച ക്രിസ്റ്റ്യന്‍ മിഷണറി ഫ്രീഡ്രിച്ച് ഷ്വാര്‍ട്ട്സ് (Friedrich Schwarts) വടിവേലുവിനെ വയലിന്‍ അഭ്യസിപ്പിച്ചു. മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യനായിരുന്ന വടിവേലുവാണ് ത്യാഗരാജ സ്വാമികള്‍ക്ക് വയലിന്‍ പരിചയപ്പെടുത്തിയത്. കച്ചേരികള്‍ക്ക് വയലിന്‍ വായിക്കാന്‍ ത്യാഗരാജ സ്വാമികള്‍ വടിവേലുവിനെ കൂടെ കൂട്ടി. വായ്പാട്ടിന്റെയോ വാദ്യോപകരണങ്ങളുടേയോ പിന്തുണയില്ലാതെ വയലിന്‍ മാത്രമായി വായിച്ചു കേള്‍ക്കാന്‍ ത്യാഗരാജ സ്വാമികള്‍ താല്പര്യപ്പെട്ടിരുന്നു. വടിവേലു വയലിന്‍ സംഗീതത്തെ ജനപ്രിയമാക്കി. വയലിന്‍ പഠിക്കാന്‍ വളരെയേറെ പേര്‍ മുന്നോട്ട് വന്നു. ശ്യാമശാസ്ത്രിയുടെ വാഗ്വേയകാരനായ മകന്‍ സുബ്ബരായ ശാസ്ത്രി, ത്യാഗരാജന്റെ ശിഷ്യനായ വീണാ കുപ്പയ്യര്‍, ഫിഡില്‍ സുബ്ബരായര്‍, ഫിഡില്‍ രംഗചാരലു എന്നിവരെല്ലാം വയലിനില്‍ വൈദഗ്ദ്ധ്യം നേടിയവരായിരുന്നു. തഞ്ചാവൂര്‍ ക്ഷേത്രത്തിന്റെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് രാജാവിന് പൊന്നയ്യ സഹോദരന്മാരുമായി അഭിപ്രായ വ്യത്യാസമുണ്ടാവുകയും കൊട്ടാരത്തില്‍നിന്നു പുറത്താക്കുകയും ചെയ്തു. 1830-ല്‍ തന്റെ ഇരുപതാമത്തെ വയസ്സില്‍ തിരുവിതാംകൂറിലെ സ്വാതിതിരുനാളിന്റെ കൊട്ടാരത്തിലെത്തിയ വടിവേലു രാജാവിന്റെ സഹചാരിയായിത്തീര്‍ന്നു. അക്കാലത്ത് തിരുവിതാംകൂറിലെ ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 40 രൂപയായിരുന്നു ശമ്പളം. എന്നാല്‍, വടിവേലുവിന് സ്വാതി തിരുനാള്‍ 100 രൂപയാണ് പ്രതിമാസവേതനം നല്‍കിയിരുന്നത്. 1834-ല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അടയാളമായ ഗരുഡന്റെ രൂപം കൊത്തിയ ആനക്കൊമ്പില്‍ തീര്‍ത്ത വയലിന്‍ സ്വാതി തിരുനാള്‍ വടിവേലുവിനു സമ്മാനിച്ചു.

തഞ്ചാവൂര്‍ രാജാവിന്റെ കൊട്ടാരത്തിലെ സംഗീത വിദുഷികളുടെ അധിപനും മന്ത്രിയുമായിരുന്ന വരഹപ്പയ്യരുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. ബ്രിട്ടീഷ്‌കാരോടുള്ള രാഷ്ട്രീയ അനുരഞ്ജന സംഭാഷണങ്ങള്‍ക്കായി ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുണ്ടായിരുന്ന വരഹപ്പയ്യരെ രാജാവ് മദ്രാസ് പ്രസിഡന്‍സിയിലേക്കയച്ചു. മദ്രാസ് ഗവര്‍ണര്‍ വരഹപ്പയ്യരെ തന്റെ സ്വകാര്യ മുറിയിലെ സംഗീതോപകരണങ്ങള്‍ കാണിച്ചുകൊടുത്തു. വയലിനിലും പിയാനോയിലും വരഹപ്പയ്യര്‍ ദക്ഷിണേന്ത്യന്‍ സംഗീതം അവതരിപ്പിച്ചു. ഗവര്‍ണര്‍ അദ്ദേഹത്തിന് വയലിനും പിയാനോയും ഉപഹാരമായി നല്‍കി. തഞ്ചാവൂരില്‍ തിരിച്ചെത്തിയ വരഹപ്പയ്യര്‍ മറ്റ് സംഗീതജ്ഞരെ വയലിന്‍ അഭ്യസിപ്പിച്ചു. വയലിന്റെ ശക്തിയും സൗന്ദര്യവും ആഴത്തില്‍ തിരിച്ചറിഞ്ഞ വരഹപ്പയ്യരുടെ പ്രിയശിഷ്യനായിരുന്നു വടിവേലു. മദ്രാസില്‍നിന്നു കൂടുതല്‍ വയലിനുകള്‍ തഞ്ചാവൂരിലേക്ക് കൊണ്ടുവരികയും പ്രചരിപ്പിക്കുകയും ചെയ്തു.

18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മൈസൂരിലെ ടിപ്പു സുല്‍ത്താന്റെ ഗ്രീഷ്മകാല വസതിയില്‍ ആലേഖനം ചെയ്യപ്പെട്ട ഒരു ചുവര്‍ചിത്രം, ബാലുസ്വാമിയുടേയും വരഹപ്പയ്യരുടേയും വടിവേലുവിന്റേയും ബാല്യകാലത്തു തന്നെ കര്‍ണാടകത്തില്‍ വയലിന്‍ പ്രചാരത്തിലുണ്ടായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നതായി സംഗീത ചരിത്രകാരനായ ആര്‍. സത്യനാരായണ പറയുന്നു. നൃത്തസദസ്സില്‍ വയലിന്‍ വായിക്കുന്ന യുവതിയെ ചിത്രീകരിക്കുന്നതാണ് ചുവര്‍ചിത്രം. ഫ്രെഞ്ച് സൈനിക ഉദ്യോഗസ്ഥരായിരിക്കാം കന്നട ദേശത്ത് വയലിന്‍ പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം കരുതുന്നു.
കൊളോണിയല്‍ ആധുനികത സമ്മാനിച്ച സംഗീതോപകരണമാണ് വയലിന്‍. അതുകൊണ്ട് തന്നെ ജാതിയുടേയും മതത്തിന്റേയും അതിരുകള്‍ ഭേദിക്കാന്‍ അതിനു കഴിഞ്ഞു. ഹിന്ദുമതത്തില്‍ ബ്രാഹ്മണരും അബ്രാഹ്മണരും വയലിന്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. മദ്രാസില്‍നിന്നും തഞ്ചാവൂരിലേക്കും അവിടെനിന്ന് എട്ടയപുരം വഴി തിരുവനന്തപുരത്തേക്കും കൊട്ടാരം സംഗീതജ്ഞരിലൂടെ വയലിന്‍ സഞ്ചരിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യവും റെയില്‍വേയുമായിരുന്നു വയലിന്റെ പ്രചാരത്തില്‍ പ്രധാന പങ്കുവഹിച്ച സ്ഥാപനങ്ങള്‍. 20-ാം നൂറ്റാണ്ടിലെ വിഖ്യാത വയലിന്‍ വിദ്വാനായിരുന്നു ദ്വരം വെങ്കിട സ്വാമി നായിഡു (1893-1964). അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തിലായിരുന്നു. രണ്ടു പേരും പട്ടാള ഉദ്യോഗസ്ഥരില്‍നിന്നും വയലിന്‍ പഠിക്കുകയും വായിച്ച് ആസ്വദിക്കുകയും ചെയ്തിരുന്നു. വയലിന്‍ സംഗീതത്തില്‍ വളരെയേറെ പഠനങ്ങള്‍ നടത്തിയ സി. സുബ്രമണ്യ അയ്യര്‍ ബ്രിട്ടീഷ് ഇന്ത്യന്‍ റെയില്‍വേയില്‍ ചീഫ് അക്കൗണ്ടന്റായിരുന്നു. 30 വര്‍ഷം ഇന്ത്യയുടെ വവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന കാലയളവിലാണ് ഇംഗ്ലീഷുകാരായ സഹപ്രവര്‍ത്തകരില്‍നിന്നും അദ്ദേഹം വയലിന്‍ അഭ്യസിച്ചത്.

ദക്ഷിണേന്ത്യയിലെ സംഗീതജ്ഞര്‍ പാശ്ചാത്യ സംഗീതം പരിചയപ്പെട്ടത് സ്വാഭാവികമായും ബ്രിട്ടീഷ് ഇന്ത്യയിലെ ഇംഗ്ലീഷുകാരായ ഉദ്യോഗസ്ഥരില്‍നിന്നുമായിരുന്നു. ക്ലാസ്സിക്കല്‍ വയലിനിലെ സംഗീതശില്പങ്ങളും സൊനാറ്റകളുമായിരുന്നില്ല; കൂടുതല്‍ ജനകീയമായ ഐറിഷ് -സ്‌ക്വാട്ടിഷ് ഫിഡ്ലിംഗ് സംഗീതമായിരുന്നു അവര്‍ പരിചയിച്ചത്. 'റീല്‍സ് ആന്റ് ജിഗ്സ്' (Reels and gigs) ആയിരുന്നു ഇന്ത്യാക്കാരുടെ ആദ്യകാല വയലിന്‍ സംഗീതാനുഭവം. യൂറോപ്യന്‍ ഗാനങ്ങളുടെ സ്വാധീനമുള്ള, മുത്തുസ്വാമി ദീക്ഷിതരുടെ ചില രചനകള്‍ ഇതിന് ഉദാഹരണമാണ്. ദീക്ഷിതരുടെ മുപ്പതോളം രചനകളില്‍ യൂറോപ്യന്‍ ഗാനങ്ങളായ 'Limerick', 'Castilian Maid', 'Lord MacDonald's Reel', 'Voules-vous Dancer', 'God save the Queen' എന്നിവയുടെ സ്വാധീനം കാണാം. സഹോദരനായ ബാലുസ്വാമിയും മറ്റ് കൊട്ടാരം വയലിന്‍ വിദ്വാന്മാരും ആവര്‍ത്തിച്ച് അവതരിപ്പിക്കാറുള്ള ഈ യൂറോപ്യന്‍ ഗാനങ്ങള്‍ തീര്‍ച്ചയായും മുത്തുസ്വാമി ദീക്ഷിതര്‍ കേട്ടിട്ടുണ്ടാവണം. ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ ആടയാഭരണങ്ങളായി വര്‍ത്തിക്കുന്ന 'ഗമക' ങ്ങള്‍ തീരെ കുറവാണ് ദീക്ഷിതരുടെ കൃതികളില്‍. പാശ്ചാത്യ ഈണങ്ങളില്‍ വരികള്‍ ചേര്‍ത്തു വച്ചിരിക്കുകയാണെന്ന്  ആ രചനകളുടെ സൂക്ഷ്മമായ കേള്‍വിയില്‍ മനസ്സിലാക്കാനാവും. 

സ്വാതിതിരുനാളിന്റെ സംഗീതരചനകളിലും പാശ്ചാത്യസംഗീതത്തിന്റെ സ്വാധീനം സുവ്യക്തമാണ്. കൊട്ടാരം സംഗീതജ്ഞനായിരുന്ന വയലിന്‍ വിദ്വാന്‍ വടിവേലുവിനെ കൂടാതെ പാശ്ചാത്യസംഗീത പരിചയമുള്ള മറ്റ് സംഗീതജ്ഞരും സ്വാതിതിരുനാളിന്റെ സദസ്സിലുണ്ടായിരുന്നു. ശങ്കരാഭരണ രാഗത്തിലുള്ള സ്വാതിതിരുനാളിന്റെ പ്രസിദ്ധമായ 'വര്‍ണ്ണം' കേള്‍ക്കുക. അതിന്റെ പിച്ച് ഇടവേളകള്‍ (Pitch intervals) പാശ്ചാത്യ, 'മേജര്‍ സ്‌കെയിലിന്' സമാനമാണ്. ചിലയിടങ്ങളില്‍ പാശ്ചാത്യ മാര്‍ച്ചിംഗ് ബാന്‍ഡിന്റെ പ്രതിഫലനമുണ്ട്. മറ്റു ഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായി അവസാന ഭാഗത്ത് 'ഗമക'ങ്ങള്‍ തീരെ കുറച്ച് വലിയ ഇടവേളകള്‍ക്കു ശേഷമുള്ള സത്വരഗതി വേഗങ്ങള്‍ (intervellic leapട) നല്‍കിയിരിക്കുന്നു. വാസ്തവത്തില്‍ സ്വാതിതിരുനാളിന്റെ ഈ 'വര്‍ണ്ണം' ഒരു അര്‍ദ്ധ പാശ്ചാത്യ സംഗീതമാണ്. ഈ രീതിയില്‍ ത്യാഗരാജ സ്വാമികളും സ്‌ക്വാട്ടിഷ് റീല്‍സ് (reels) വാല്‍റ്റ്സ് (Waltzes) സംഗീത ഛായയിലുള്ള 'ജിംഗ്ല' (jingla) പോലെയുള്ള രാഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ത്യാഗരാജന്റെ ശിഷ്യനായ പത്തനം സുബ്രമണ്യ അയ്യരുടെ 'രഘുവംശ സുധ' എന്നു തുടങ്ങുന്ന കദനകുതൂഹല രാഗത്തിലെ കൃതിയില്‍ പാശ്ചാത്യ മേജര്‍ സ്‌കെയിലിന്റെ പരിഷ്‌കരിച്ച രീതി അവലംബിച്ചിരിക്കുന്നു 'സങ്കര'മല്ലാത്ത സംസ്‌കാരമില്ലാത്തതിനാല്‍ സംസ്‌കാരത്തിന്റെ ഉള്ളടക്കമായ 'കല'യില്‍ പരസ്പര സല്ലയനം അനിവാര്യമാണ്. പാരമ്പര്യവാദികളുടെ ശുദ്ധസംഗീതം 'ആകാശപുഷ്പം' മാത്രമാണ്.

കൊട്ടാരക്കെട്ടിനുള്ളില്‍നിന്നും സംഗീതം തെരുവിലേക്കെത്തിയപ്പോള്‍ ശബ്ദത്തെ കൂടുതല്‍ പൊലിപ്പിക്കാതെ (amplification) മദ്രാസ് പോലെ ഒരു നഗരത്തില്‍ സംഗീതക്കച്ചേരി കൂടുതല്‍ ആസ്വാദകരിലേക്ക് എത്തിക്കുക സാധ്യമല്ലായിരുന്നു. 'നാദ'ത്തിന്റെ സൗകുമാര്യം നഷ്ടപ്പെടാതെ നഗരത്തിന്റെ കോലാഹലങ്ങള്‍ക്കുമപ്പുറത്ത് പ്രക്ഷേപിക്കാന്‍ കഴിയുന്ന ഒരു വാദ്യോപകരണത്തിന്റെ ആവശ്യകത ഉയര്‍ന്നുവന്നു. ഇതിനകം ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലായിക്കഴിഞ്ഞ വയലിന്‍ തന്നെയായിരുന്നു എതിരില്ലാത്ത പരിഹാരമാര്‍ഗ്ഗം. വായ്പാട്ടിനെ അനുകരിക്കുന്നതിനുള്ള അതുല്യമായ കഴിവായിരുന്നു വയലിനെ സംഗീതക്കച്ചേരികളുടെ അനിവാര്യ ഘടകമാക്കി തീര്‍ത്തത്. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കച്ചേരികള്‍ക്ക് പക്കവാദ്യമെന്ന നിലയില്‍ വയലിന്‍ പ്രസിദ്ധമായി. വായ്പാട്ട് കച്ചേരിക്ക് പക്കം വായിച്ച ഇന്ത്യയിലെ ആദ്യ വയലിനിസ്റ്റ് തിരുക്കൊടിക്കാവല്‍ കൃഷ്ണയ്യരാണെന്ന് എസ്.ആര്‍. രാമചന്ദ്രറാവു സൂചിപ്പിക്കുന്നു. വയലിന്റെ പിന്തുണ കച്ചേരികളുടെ സ്വകാര്യതയേയും സംഗീതപരമായ ഉള്ളടക്കത്തേയും പരിപോഷിപ്പിച്ചു. അതിനാല്‍ ദക്ഷിണേന്ത്യയില്‍;  പ്രത്യേകിച്ച് മദ്രാസില്‍ അനേകം പ്രൊഫഷണല്‍ വയലിനിസ്റ്റുകളുണ്ടായി. ഫിഡില്‍ സുബ്ബരായരുടെ ശിഷ്യനായ തിരുക്കൊടിക്കാവല്‍ കൃഷ്ണയ്യര്‍ വയലിന്‍ വാദനരീതികളില്‍ വിസ്മയകരമായ പരീക്ഷണങ്ങള്‍ നടത്തി. മന്ദ്രസ്ഥായിയിലുള്ള അദ്ദേഹത്തിന്റെ വയലിന്‍വാദനം അനുവാചകര്‍ക്ക് നവ്യാനുഭവമായിരുന്നു. വയലിനിന്റെ പര്യായമായി മാറിയ ദക്ഷിണേന്ത്യന്‍ സംഗീതജ്ഞനായിരുന്നു മൈസൂര്‍ ചൗഡയ്യ. ശബ്ദത്തെ ഉച്ചത്തിലാക്കുന്ന വൈദ്യുത സംവിധാനങ്ങളുടെ അഭാവമുണ്ടായിരുന്ന കാലത്ത്, ചൗഡയ്യ സദസ്സിന്റെ പിന്നിലെ അവസാനത്തെ ആസ്വാദകനിലേക്കും വയലിന്‍ നാദത്തെ എത്തിക്കുന്നതിനായി മൂന്ന് തന്ത്രികള്‍ കൂട്ടിച്ചേര്‍ത്ത് ഏഴു തന്ത്രികളുള്ള വയലിന്‍ വായിച്ചിരുന്നു! ദ്വരം വെങ്കിട സ്വാമിനായിഡുവും ചൗഡയ്യയുമെല്ലാം അതിപ്രശസ്തരായ സംഗീതജ്ഞര്‍ക്ക് പക്കം വായിക്കുന്നതു കൂടാതെ 'വയലിന്‍ സോളോ' സംഗീത അവതരണങ്ങള്‍ക്കും തുടക്കം കുറിച്ചു.
കര്‍ണാടകസംഗീതത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ ഗണനീയമായ പങ്കുവഹിച്ച പി. സാംബമൂര്‍ത്തി അദ്ദേഹത്തിന്റെ 'കച്ചേരി ധര്‍മ്മം' എന്ന ലേഖനത്തില്‍ കച്ചേരിയില്‍ വയലിന്‍ വാദകരുടെ ധര്‍മ്മത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആലാപനത്തെ സംഗീതത്തിന്റെ സവിശേഷ അലങ്കാരങ്ങള്‍കൊണ്ട് പരിശോഭിപ്പിക്കുകയാണ് വയലിന്‍വാദകരുടെ പ്രധാന ധര്‍മ്മം. 'സംഗതി'കള്‍ക്കും 'ഗമക'ങ്ങള്‍ക്കും ഔചിത്യപൂര്‍ണ്ണമായ ഊന്നലുകള്‍ നല്‍കി ആലാപനത്തെ സമ്മോഹനമാക്കുകയാണ് അവള്‍/അയാള്‍ ചെയ്യേണ്ടത്. അപൂര്‍വ്വങ്ങളായ രാഗങ്ങളേയോ എടുപ്പുകളേയോ അനാവശ്യമായി അനുകരിക്കാന്‍ മുതിരേണ്ടതില്ല. 1941-ല്‍ സി. സുബ്രമണ്യ അയ്യര്‍ രചിച്ച 'വയലിന്‍ വാദനത്തിന്റെ കലയും സങ്കേതവും' (The art and technique of violin play) എന്ന കൃതിയുടെ ലക്ഷ്യം; പുതിയ തലമുറയ്ക്ക് വയലിന്റെ കൂടുതല്‍ മെച്ചപ്പെട്ട പ്രയോഗരീതികള്‍ പരിചയപ്പെടുത്തുകയായിരുന്നു. മദ്രാസ് സര്‍വ്വകലാശാലയിലെ സംഗീത വിദ്യാര്‍ത്ഥികള്‍ക്കായി സുബ്രമണ്യ അയ്യര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ സമാഹാരമാണ് ഈ കൃതി. സുബ്രമണ്യ അയ്യരുടെ ജ്യേഷ്ഠസഹോദരന്‍ നൊബേല്‍ സമ്മാനിതനായ ഭൗതിക ശാസ്ത്രജ്ഞന്‍ സി.വി. രാമന്‍ 'വയലിന്റെ ശബ്ദശാസ്ത്രം' (Acoustics of the violin) എന്ന വിഷയത്തില്‍ മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട്. 1918-ല്‍ അദ്ദേഹം വയലിന്‍ ഉള്‍പ്പെടെയുള്ള തന്ത്രിവാദ്യങ്ങളുടെ ശബ്ദശാസ്ത്ര തത്ത്വങ്ങളെക്കുറിച്ച് ഗവേഷണം നടത്തി ഒരു പ്രബന്ധം (Experiments with mechanically played violins - by C. V Raman) പ്രസിദ്ധപ്പെടുത്തിയിരുന്നു. വയലിന്‍ വാദനത്തില്‍ 'ബോ'യുടെ പ്രയോഗരീതികളെക്കുറിച്ചും തന്ത്രിവാദ്യങ്ങളുടെ ധ്വനിശാസ്ത്രത്തെക്കുറിച്ചും കൂടുതല്‍ അറിവ് നല്‍കുന്നതാണ് ഈ പ്രബന്ധം.
ആദിമ മനുഷ്യന്‍ അതിജീവനത്തിനായി കയ്യിലേന്തിയ 'അമ്പും വില്ലും' ഒറ്റക്കമ്പിയുള്ള വയലിനാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ പലതരം ദേശങ്ങളിലൂടെ സംസ്‌കാരങ്ങളിലൂടെ അത് സഞ്ചരിച്ചു. നാദ-രൂപങ്ങള്‍ മാത്രമേ മാറുന്നുള്ളൂ; പൊരുള്‍ മാറുന്നില്ല. അത് സംഗീതമാണ്.

അവലംബം: Singing the Classical, Voicing the modern: The post colonial politics of music in South India. - Amanda J. Weidman, Published Duke University Press.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com