മഞ്ഞ വീടും പോള്‍ ഗോഗിനും: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടായിരുന്നു, വിന്‍സന്റിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയായ 'മഞ്ഞ വീട്.'
മഞ്ഞ വീടും പോള്‍ ഗോഗിനും: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

ള്‍ഡ് സിറ്റി എന്നു വിശേഷിപ്പിക്കാറുള്ള പുരാതനമായ നഗരത്തിനും ട്രെയിന്‍ സ്റ്റേഷനുമിടയില്‍ അര്‍ലിസിന് വടക്കായി ത്രികോണാകൃതിയിലുള്ള പാര്‍ക്കിനടുത്തുള്ള ലാമാര്‍ട്ടിനരികിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടായിരുന്നു, വിന്‍സന്റിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയായ 'മഞ്ഞ വീട്.' ആ മന്ദിരത്തിലെ ഒരു ഭാഗത്തുള്ള രണ്ടു നിലകള്‍, പ്രതിമാസം അന്‍പതു ഫ്രാങ്ക് വാടക നിശ്ചയിച്ച് വിന്‍സന്റെടുത്തു. നിരവധി വര്‍ഷങ്ങളായി അവിടെ ആള്‍പ്പാര്‍പ്പില്ലാതിരുന്നതുമൂലം ഭിത്തിയിലേയും കതകുകളിലേയും പെയിന്റ് മങ്ങുകയോ ഇളകിപ്പോവുകയോ ചെയ്തിരുന്നു. ശൈത്യകാലത്ത് ചൂടാക്കാനുള്ള സജ്ജീകരണങ്ങളോ അടുക്കളയില്‍ ഗ്യാസോ ഇലക്ട്രിസിറ്റിയോ ഇല്ലായിരുന്നു. കുളിമുറി ഇല്ലാത്തതായിരുന്നു ആ വീട്. അതിന്റെ ഒരു വശത്ത് ഒരു പലചരക്കു കടയുണ്ടായിരുന്നു. (രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബാക്രമണത്തില്‍ ആ വീട് പൂര്‍ണ്ണമായി നശിച്ചുപോയി) വഴിയാത്രക്കാര്‍ പോലും അവജ്ഞയോടെ നോക്കിയിരുന്ന ആ വീട്, പക്ഷേ, വിന്‍സന്റിന് സ്വര്‍ഗ്ഗമായി. ''ഇവിടെ എനിക്ക് സ്വസ്ഥമായിരിക്കാനും ചിത്രങ്ങള്‍ വരയ്ക്കാനും ധ്യാനിക്കാനും സാധിക്കും.'' തിയോയുടെ അനുമതിക്കായി കാത്തിരിക്കാതെ കരാറെഴുതി, വാടകയ്‌ക്കെടുത്ത ആ വീട് പുതുക്കാനുള്ള പണി വിന്‍സന്റ് തുടങ്ങി. വീടിന്റെ ഉള്‍വശത്തെ കേടുപാടുകള്‍ നീക്കി, പുറം വശം പെയിന്റ് ചെയ്തു. പുതിയ വെണ്ണയുടെ മഞ്ഞനിറം ഭിത്തികള്‍ക്കും കടും പച്ചനിറം ഷട്ടറുകള്‍ക്കും. ഇളകിയാടിയിരുന്ന കതകുകളും ജനാലകളും നേരെയാക്കി, ഗ്യാസ് സ്ഥാപിച്ചു. അങ്ങനെ പിശുക്കനല്ലാത്ത ധനികനെപ്പോലെ ആ വീട് വിന്‍സന്റ് പുതുക്കി.

സ്ഥിരമായൊരു സ്റ്റുഡിയോ എന്ന തന്റെ ചിരകാല സങ്കല്പം സാക്ഷാല്‍ക്കരിക്കുകയാണെന്ന വിശ്വാസത്തിനു പുറമെ തന്നെപ്പോലുള്ള ചിത്രമെഴുത്തുകാര്‍ക്കു കൂടിച്ചേരാനും കൂട്ടായി പാര്‍ക്കാനും 'മഞ്ഞ വീട്' മാതൃകയാവുമെന്ന് വിന്‍സന്റ് പ്രതീക്ഷിച്ചു. അതു മുന്‍നിറുത്തി പല ചിത്രകാരന്മാരുമായി അദ്ദേഹം കത്തിടപാടുകള്‍ നടത്തി. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്രകാരന്മാരുടെ കൂട്ടായ്മയുണ്ടാക്കാനുള്ള പരിശ്രമത്തില്‍ കൈപൊള്ളിയതൊന്നും പുതിയ സംരംഭത്തില്‍ വിന്‍സന്റിനെ നിരുത്സാഹപ്പെടുത്തിയില്ല. പാരീസില്‍ വെച്ച് പരിചയത്തിലായ പത്തൊന്‍പതുകാരനായ എമിലി ബെര്‍ണാര്‍ഡിനെ 'മഞ്ഞ വീട്ടി'ലേയ്ക്ക് ക്ഷണിച്ചെങ്കിലും അയാളത് സ്വീകരിച്ചില്ല. അതില്‍ നിരാശനാവാതെ സ്വന്തം നാട്ടുകാരനായ മൗറിയര്‍-പെറ്റേര്‍സനേയും ഫോണ്ട് വില്ലേയില്‍ താമസിക്കുകയായിരുന്ന ജോണ്‍ പീറ്റര്‍ റസ്സലിനേയും വിന്‍സന്റ് മാറി മാറി ക്ഷണിച്ചെങ്കിലും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവരും ഒഴിഞ്ഞുമാറി. അങ്ങനെയാണ് പോള്‍ ഗോഗിനെ മഞ്ഞ വീട്ടിലെത്തിച്ച്, ഒരുമിച്ച് താമസിക്കുന്നതിനുള്ള പദ്ധതി വിന്‍സന്റ് ആസൂത്രണം ചെയ്തത്.

അഞ്ചു മക്കളും വഴക്കാളിയായ ഭാര്യയും ഉള്‍പ്പെടെ വലിയൊരു കുടുംബത്തെ നാല്പത്താറുകാരനായ ഗോഗിന് പോറ്റേണ്ടതുണ്ടായിരുന്നു. ഷെയര്‍ ബ്രോക്കറായി സാമാന്യം മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്നതിനിടയിലാണ് എല്ലാം വിട്ടെറിഞ്ഞ് ചിത്രകലയെന്ന കരകാണാക്കടലില്‍ അദ്ദേഹം എടുത്തു ചാടിയത്. ചിത്രകാരനാകാനുള്ള പരിശീലനം അദ്ദേഹത്തിനുണ്ടായിരുന്നില്ല. യാഥാസ്ഥിതികതയെ ചോദ്യം ചെയ്ത് ചിത്രകലയുടെ ചരിത്രം തിരുത്തിയ ഇംപ്രഷണിസ്റ്റ് ചിത്രകാരില്‍ ഒരാളാവുകയെന്നതായിരുന്നില്ല ഗോഗിന്റെ സ്വപ്നം. തന്റേതായ ഒരു ചിത്രകലാ പ്രപഞ്ചം. അത് കണ്ടെത്താന്‍ ഫ്രാന്‍സില്‍നിന്ന് അന്യസ്ഥലങ്ങളില്‍പ്പോയ അദ്ദേഹം പില്‍ക്കാലത്ത് താഹിതി ദ്വീപ് സ്ഥിരമായ പാര്‍പ്പിടമാക്കി.

പുതു തലമുറക്കാരായ ചിത്രമെഴുത്തുകാരെക്കാള്‍ ശൈലിയിലും ആവിഷ്‌കാരത്തിലും ശരാശരികളെ ഉല്ലംഘിച്ച് തന്റേതായ ചിത്രകലാശൈലി രൂപീകരിച്ച ഗോഗിന്റെ രചനകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഗ്യാലറികള്‍ തയ്യാറായി എന്നുതന്നെയല്ല, ആകര്‍ഷകമായ വിലയ്ക്ക് അവ വാങ്ങാന്‍ ചിത്രകലാ പ്രേമികള്‍ മുന്നോട്ടു വരികയും ചെയ്തു. അങ്ങനെ നല്ലൊരു വരുമാന സ്രോതസ്സായി അതു മാറാന്‍ ദീര്‍ഘകാലം അദ്ദേഹത്തിനു കാത്തിരിക്കേണ്ടിവന്നില്ല.

പാരീസിലെ തലമുതിര്‍ന്ന ആര്‍ട്ട് ഡീലര്‍ എന്ന നിലയില്‍ സ്വന്തം മേല്‍വിലാസം സ്ഥാപിച്ച വിന്‍സന്റിന്റെ സഹോദരന്‍ തിയോ, പോള്‍ ഗോഗിന്റെ പെയിന്റിംഗുകള്‍ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും അയാള്‍ വാങ്ങി പ്രദര്‍ശിപ്പിച്ചു. ആ വിധം ഗോഗിനുമായി തിയോ ഉണ്ടാക്കിയിരുന്ന സൗഹൃദം തനിക്കു പ്രയോജനപ്പെടുമെന്ന് വിന്‍സന്റ് കരുതി. മഞ്ഞ വീട്ടിലേയ്ക്ക് ഗോഗിനെ ക്ഷണിക്കുമ്പോള്‍ ഈ വസ്തുതയും വിന്‍സന്റിനെ സ്വാധീനിച്ചിരുന്നു. ''എന്റെ പ്രിയപ്പെട്ട സഖാവ് ഗോഗിന്‍'' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് വിന്‍സന്റ് അയച്ച കത്തില്‍ പ്രധാനമായും പ്രതിപാദിച്ചത് മഞ്ഞ വീടിനെപ്പറ്റിയായിരുന്നു.

''അര്‍ലിസില്‍, നാലു മുറികളുള്ള ഒരു വീട് ഞാന്‍ വാടകയ്‌ക്കെടുത്ത വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. രണ്ടാഴ്ചകള്‍ക്കൊരിക്കല്‍ മാത്രം വേശ്യാലയം സന്ദര്‍ശിക്കുകയെന്നത് പരിമിതപ്പെടുത്തി, ചിത്രരചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ചിത്രമെഴുത്തുകാരനെ കണ്ടെത്താനാവുമോ എന്ന അന്വേഷണത്തിലാണ്. പ്രതിമാസം ഇരുന്നൂറ്റി അന്‍പതു ഫ്രാങ്ക് എന്റെ സഹോദരന്‍ അയച്ചുതരും. അത് നമുക്ക് പങ്കിടാം. എന്നിട്ട് മാസത്തില്‍ ഒരു ചിത്രം താങ്കള്‍, എന്റെ സഹോദരന് നല്‍കണം.'' സൂര്യവെളിച്ചം നിറഞ്ഞതാണ് അര്‍ലിസിലെ അന്തരീക്ഷമെന്നും അവിടെ തുറന്ന നിരവധി സ്ഥലങ്ങളുള്ളതിനാല്‍ അവിടെ ചെന്നിരുന്ന് ചിത്രങ്ങള്‍ വരയ്ക്കാനുള്ള സൗകര്യവും അന്തരീക്ഷവും ഉണ്ടെന്നും ആ കത്തില്‍ വിന്‍സന്റ് എഴുതി. ''ഈവിധം സ്വതന്ത്രമായി ജീവിക്കുന്നതുവഴി ആരോഗ്യവും മെച്ചപ്പെടും.''

ചിത്രരചനയിലേയ്ക്ക് മടങ്ങിയ വിന്‍സന്റ്, ഇതിനിടയില്‍ പുതിയ ഇതിവൃത്തങ്ങള്‍ തേടിത്തുടങ്ങിയിരുന്നു. അങ്ങനെയാണ് പുരാതന ഗ്രാമമായ സെയിന്റ്‌സ് മേരി മാറില്‍ മൂന്നാല് ദിവസം താമസിച്ചതും കരയിലിരിക്കുന്ന തോണികളുടെ ചിത്രം വരച്ചതും. മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തുള്ള ആ ഗ്രാമത്തില്‍നിന്ന് ട്രാന്‍സ്‌കനിലെത്തി, റോണ്‍ നദിയുടെ താഴ്വരയില്‍ നൂറ്റമ്പതടി ഉയരമുള്ള മലയില്‍ക്കയറി ആ ഉയരങ്ങളില്‍ ഇരുന്ന് ഏതാനും ചിത്രങ്ങള്‍ വരച്ചശേഷം, റോണ്‍ നദിക്കരയിലിരുന്ന് രാത്രി ആകാശത്തിന്റെ ചിത്രവും അദ്ദേഹം വരച്ചു. മടങ്ങിയെത്തിയ വിന്‍സന്റിന്റെ നോട്ടമെത്തിയത് വിളഞ്ഞു പഴുത്തു, കൊയ്യാന്‍ പാകത്തിലായ ഗോതമ്പു വയലുകളിലായിരുന്നു. ''സ്വര്‍ണ്ണനിറമാണ് ഗോതമ്പുകള്‍ക്ക്. ചിലപ്പോള്‍ ചെമ്പു നിറത്തില്‍ അവ തിളങ്ങും. വെളിച്ചം പരക്കുന്നതോടെ സ്വര്‍ണ്ണം കത്തിത്തുടങ്ങുമ്പോലെ. മഞ്ഞ നിറത്തിലുള്ള സ്വര്‍ണ്ണം. സൂര്യാസ്തമനത്തിന്റെ മങ്ങുന്ന പ്രഭയിലും കത്തിനില്‍ക്കുന്ന സൂര്യവെളിച്ചത്തിലും ജ്വലിക്കുന്ന വയലേലകളെ ചായത്തില്‍ അദ്ദേഹം പകര്‍ത്തി. കൊയ്ത്തുകാരനെ കാത്തിരിക്കുകയാണെന്ന പ്രതീതി ജനിപ്പിക്കും വിധമായിരുന്നു പഴുത്തു കനത്ത ആ ഗോതമ്പു വയലുകളുടെ ചിത്രം അദ്ദേഹം വരഞ്ഞത്. ആ വയലേലകളില്‍നിന്ന് ചക്രവാളം വരെ നീണ്ടുപരന്നു കിടക്കുന്ന, നിമ്നോന്നതങ്ങളുടെ അലകള്‍ സൃഷ്ടിക്കുന്ന പരന്ന ഭൂമി ചിത്രത്തിലാക്കുമ്പോള്‍ ''വിശാലമായ ആ ഭൂപരപ്പില്‍ അവശേഷിക്കുന്നത് അനശ്വരത'' മാത്രമാണെന്ന് വിന്‍സന്റ് രേഖപ്പെടുത്തി.

ഗോഗിനെ കാത്ത് മഞ്ഞ വീട് 
അര്‍ലിസിലെ താമസക്കാലത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മോഡലുകളാക്കാന്‍ കഴിയുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ പൊലിഞ്ഞുപോയി. മുന്‍പൊരിക്കല്‍ അനുജത്തി വില്ലിന്, ''ഇവിടെയുള്ളവര്‍ കാഴ്ചയ്ക്ക് ഭംഗിയുള്ളവരാണെന്ന്'' അദ്ദേഹം എഴുതിയിരുന്നു. ''പെയിന്റിംഗുകളില്‍ നിന്ന് ഇറങ്ങിവരുന്നതുപോലെ നിരവധി സ്ത്രീകളെ നടക്കുന്നതിനിടയില്‍ കണ്ടുമുട്ടാറുണ്ട്. ഗോയയുടേയും വെലാസ്‌ക്വയുടേയും ചിത്രങ്ങളെ ഓര്‍മ്മയില്‍ കൊണ്ടുവരുന്ന പെണ്‍കുട്ടികള്‍.''

മഞ്ഞ വീട്ടില്‍ നല്ലൊരു സ്റ്റുഡിയോ സജ്ജമാക്കിയത് മോഡലുകളായി എത്തുന്ന സ്ത്രീകളുടെ സൗകര്യം കൂടി ഉദ്ദേശിച്ചായിരുന്നു. പക്ഷേ, പ്രായമുള്ള ഒരു സ്ത്രീയല്ലാതെ മറ്റാരേയും മോഡലാക്കാന്‍ വിന്‍സന്റിന് കിട്ടിയില്ല. ഇടയ്ക്കുവെച്ച് അദ്ദേഹം തന്നെ വിശേഷിപ്പിച്ച 'വൃത്തികെട്ട ഒരു പെണ്‍കുട്ടി' മോഡലാവാന്‍ എത്തുകയുണ്ടായി. എന്നാല്‍, ഒരു മണിക്കൂറിനുശേഷം ഇറങ്ങിപ്പോയ അവള്‍ മടങ്ങിവന്നില്ല. അവളെ കാത്തിരിക്കുന്നതിനിടയില്‍, യാദൃച്ഛികമായി അവിടെ വന്ന സുവാനോ എന്ന പേരുള്ള അള്‍ജീരിയക്കാരന്റെ പോര്‍ ട്രെയിറ്റ് വരച്ചു. ഏതാണ്ട് മുപ്പതു പെയിന്റിംഗുകള്‍ ഗോഗിനെ കാത്തിരിക്കുന്നതിനിടയില്‍  വിന്‍സന്റ് വരച്ചു പൂര്‍ത്തിയാക്കി.

പോള്‍ ഗോഗിന്‍
പോള്‍ ഗോഗിന്‍


''ഞാനൊരു സഞ്ചാരിയാണെന്ന് എപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഏതോ ലക്ഷ്യം മുന്‍നിറുത്തിയുള്ള യാത്ര. യാത്രചെയ്ത്, യാത്രചെയ്ത് എവിടെയോ എത്തപ്പെടുന്നു. ലക്ഷ്യസ്ഥാനമെന്നത് ഒരു സങ്കല്പമല്ലേ? ഇല്ലെന്നാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മടങ്ങിവരാന്‍ സാധിക്കാത്ത യാത്ര''. ഈ ചിന്തകള്‍ക്കിടയിലാണ് കൊയ്യുന്നവന്‍ എന്ന പേരിട്ട വലിയ ഒരു പെയിന്റിംഗ് അദ്ദേഹം വരച്ചു പൂര്‍ത്തിയാക്കിയത്.

വിളഞ്ഞു പഴുത്ത ഗോതമ്പു പാടങ്ങളും കൊയ്തുകഴിഞ്ഞ പാടശേഖരങ്ങളും ചിത്രങ്ങളാക്കുന്നതിനിടയില്‍ വേശ്യാലയങ്ങള്‍ കയറിയിറങ്ങുന്നത് പതിവാക്കിയപ്പോഴും മഞ്ഞ നിറത്തില്‍ കുളിച്ചുനില്‍ക്കുന്ന പൂക്കളില്‍നിന്ന് തനിക്ക് മോചനമില്ലെന്ന് വിന്‍സന്റ് തിരിച്ചറിഞ്ഞു. ''ആ പൂക്കളെ ചായത്തില്‍ പുനര്‍ജീവിപ്പിക്കാന്‍ വൈകുന്നതില്‍ സ്വയം ഞാന്‍ കുറ്റപ്പെടുത്തി.'' അദ്ദേഹമെഴുതി: ''നീലാകാശത്തിനു താഴെ മഞ്ഞയും ഇളം ചുവപ്പും കടും ചുവപ്പും ഇടകലര്‍ന്ന പൂക്കള്‍ പ്രദാനം ചെയ്യുന്ന കാഴ്ച എത്രമാത്രം ഹൃദയാഭിരാമമായിട്ടുള്ളതാണ്.'' ''മൊട്ടുകള്‍ വീണ്ടും പൊട്ടിവിടര്‍ന്ന പൂക്കളെ വരച്ചു തുടങ്ങി. അര ഡസന്‍ സൂര്യകാന്തിപ്പൂക്കള്‍കൊണ്ട് സ്റ്റുഡിയോ അലങ്കരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.'' പ്രാചീനങ്ങളായ പള്ളിമേടകളിലെ വര്‍ണ്ണഭംഗിയുള്ള സ്ഫടിക ജാലകങ്ങളെപ്പോലെ, ആ പൂക്കളുടെ ചിത്രങ്ങള്‍കൊണ്ട് സ്റ്റുഡിയോയുടെ ഭിത്തികളെ മനോഹരമാക്കാനുള്ള ഉദ്ദേശ്യം ഒരു കത്തിലൂടെ ബര്‍ണാഡിനെ അദ്ദേഹം അറിയിച്ചു.

''മഞ്ഞ വീട്ടിലെ അന്തേവാസിയാവാന്‍ വൈകാതെ ഗോഗിനെത്തും. അതിനു മുന്‍പേ സ്റ്റുഡിയോ അലങ്കരിക്കണം. അവിടെ മുഴുവന്‍ സൂര്യകാന്തിപ്പൂക്കള്‍.'' ആ ആഗ്രഹം മുന്‍നിറുത്തി ചിത്ര രചനയില്‍ മുഴുകിയപ്പോഴാണ് സൂര്യകാന്തിപ്പൂക്കള്‍ വരയ്ക്കുന്നത് ദുര്‍ഘടം നിറഞ്ഞതാണെന്നു തനിക്ക് അനുഭവപ്പെട്ടതെന്ന് വിന്‍സന്റിനെഴുതുന്നത്. ''പുലര്‍ച്ചയ്ക്ക് സൂര്യനുദിക്കുമ്പോഴേയ്ക്കും സൂര്യകാന്തിപ്പൂക്കളുടെ ചിത്രരചനയില്‍ മുഴുകിത്തുടങ്ങിയിരുന്നു. പെട്ടെന്ന് അവയുടെ നിറം മങ്ങുന്നതിനാല്‍ എല്ലാം എത്രയും വേഗത്തിലാക്കേണ്ടിവന്നു.'' തിയോയെ വിന്‍സന്റ് അറിയിച്ചു. ''ശിരസ്സില്‍ സൂര്യനും ഹൃദയത്തില്‍ ഇടിമുഴക്ക''വുമായി മരണമടഞ്ഞ ഡെല്‍ക്രോയിയേയായിരുന്നു ഇക്കാര്യത്തില്‍ വിന്‍സന്റ് ഓര്‍മ്മിപ്പിച്ചത്. ചിത്രം വരയ്ക്കുമ്പോള്‍ പ്രമേയത്തെ സ്‌നേഹപൂര്‍വ്വം വശപ്പെടുത്തി കീഴടക്കുന്നതിനു പകരം അവയെ ബലാല്‍ക്കാരം ചെയ്യുന്നതുപോലെയാണ് വിന്‍സന്റ് ചിത്രങ്ങള്‍ വരക്കുന്നതെന്ന് ഒരു ചിത്രകാരന്‍ വിശേഷിപ്പിക്കാന്‍ കാരണം ചിത്രം വരയ്ക്കുമ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന വികാരതീവ്രതയായിരുന്നു. ''പുകയും വലിച്ച് കിടക്കയില്‍ അലസമായി കിടന്ന് സ്വപ്നത്തില്‍ വരയ്ക്കുന്നതുപോലെയല്ല ചിത്രരചന''യെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുള്ളതാണ്. ശ്വസിക്കുകയും ഉറങ്ങുകയും ചെയ്യുന്നതുപോലെ സ്വാഭാവികമായ പ്രവര്‍ത്തിയായിരുന്നു വിന്‍സന്റിന് ചിത്രരചന.
''അപൂര്‍വ്വം അവസരങ്ങളില്‍ ഞാന്‍ ആവേശഭരിതനാകുന്നു. അതുണ്ടാക്കുന്ന തിരത്തള്ളലില്‍ ഞാന്‍ ഒഴുകിപ്പോകും. ഉന്മാദിയേയോ മദ്യപനേയോ ഓര്‍മ്മിപ്പിക്കുന്നതാണ് ചിത്രരചനയില്‍ മുഴുകുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ.''
ആറടി പൊക്കമുള്ള പോസ്റ്റുമാന്‍ റൂലന്റേയും അയാളുടെ ഭാര്യയുടേയും പോര്‍ട്രെയിറ്റുകള്‍ക്കു പുറമെ മുന്‍പ് വരച്ച ബൈബിള്‍ എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹം വരച്ച ബെഡ്‌റൂം.

ഈശ്വരനിലെത്താന്‍ നക്ഷത്രരാത്രി
യേശുവിലേയ്ക്കും ക്രൈസ്തവ വിശ്വാസത്തിലേക്കും മടങ്ങുന്നത് ആശ്വാസം നല്‍കുന്നതാണെന്ന വിചാരം ഈ സാഹചര്യങ്ങളില്‍ വിന്‍സന്റില്‍ ശക്തിപ്പെടുകയുണ്ടായി. 'ക്രൈസ്റ്റ് ഇന്‍ ഗാര്‍ഡന്‍' വരച്ച ശേഷം നക്ഷത്ര രാത്രിയെന്ന സങ്കല്പത്തെ പെയിന്റിംഗിലൂടെ സാക്ഷാത്ക്കരിക്കുന്നതിനായി അദ്ദഹം ശ്രമിച്ചു. ''നമ്മോടുള്ള ഈശ്വരന്റെ കാരുണ്യവും സ്‌നേഹവും പ്രദര്‍ശിപ്പിക്കുന്നവയാണ്, രാത്രികളില്‍ ആകാശത്തു തിളങ്ങുന്ന നക്ഷത്രങ്ങളെന്ന്'' അമ്മ അന്ന പറയാറുള്ളത് വിന്‍സന്റ് ഓര്‍മ്മിച്ചിരുന്നു. ''അന്ധകാരത്തില്‍നിന്ന് മോചിപ്പിക്കാമെന്ന ഈശ്വരന്റെ വാഗ്ദാനം ആവര്‍ത്തിക്കുക മാത്രമല്ല, പ്രതിസന്ധികള്‍ക്കു പകരം നല്ല കാര്യങ്ങള്‍ നല്‍കാമെന്ന് നക്ഷത്രങ്ങള്‍ നമ്മോട് മൗനമായി പറയുന്നു.'' താരനിബിഡമായ ആകാശവും നോക്കി തന്റെ പിതാവ്, രാത്രി വൈകിയ ശേഷം നടക്കാറുണ്ടായിരുന്നത് വിന്‍സന്റ് ഓര്‍മ്മിച്ചു. ''നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം പ്രിയപ്പെട്ടവരെയാണ് ഓര്‍മ്മിപ്പിക്കുന്നത്'' സഹോദരി ലീ പറയുമായിരുന്നു.

മുന്‍പ് ആംസ്റ്റര്‍ ഡാമില്‍ പുഴവക്കത്തുകൂടി നടക്കുമ്പോഴെല്ലാം നക്ഷത്രങ്ങളിലൂടെ ഈശ്വരന്‍ സംസാരിക്കുന്നത് വിന്‍സന്റ് കേട്ടിരുന്നു. അതും ഒരു കാരണമായി, ''ആശിസ്സുകള്‍ വര്‍ഷിക്കുന്ന രാത്രികളില്‍ ഈശ്വരന്റെ ശബ്ദമായി മാറിയ നക്ഷത്രങ്ങളെ ക്യാന്‍വാസിലെത്തിക്കാനുള്ള ശ്രമത്തിന്. 'എനിക്കൊരു നക്ഷത്ര രാത്രി' വേണമെന്ന് തിയോയെഴുതിയതിന് പിന്നാലെ 'താരനിബിഡമായ രാത്രി' വരയ്ക്കാനുള്ള മോഹം ബര്‍ണാഡിനെ വിന്‍സന്റ് അറിയിച്ചു. കടല്‍ത്തീരത്തിലൂടെ ഒരു രാത്രി ഉലാത്തുന്നതിനിടയിലായിരുന്നു ഇനി ആ ചിത്രത്തിന്റെ രചന മാറ്റിവയ്ക്കാനാവില്ലെന്ന തോന്നല്‍ വിന്‍സന്റില്‍ ദൃഢമായത്. ''ആഴത്തിലുള്ള നീല നിറത്തിനിടയില്‍ മേഘങ്ങള്‍ നിറഞ്ഞ ആകാശത്തില്‍ ജ്വലിക്കുന്ന നക്ഷത്രങ്ങളില്‍ നീലനിറവും മഞ്ഞനിറവും ഇളം ചുവപ്പുനിറവും ലയിച്ചു ചേര്‍ന്നിരിക്കുകയാണെന്ന വിചാരം ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്.'' സെപ്റ്റംബര്‍ ആദ്യ ദിവസങ്ങളില്‍ കടല്‍ക്കരയിലെത്തിയ വിന്‍സന്റ് ആ വികാരത്തിന്റെ പിടിയിലായിരുന്നു. നീണ്ട രാത്രികള്‍ അദ്ദേഹം, അവിടെ ചെലവിട്ടു. ഏതാണ്ട് ഒരു മാസക്കാലം.
''വൈകാതെ ഞാന്‍ വരുന്നു'' വെന്ന് ഒക്ടോബറില്‍ തിയോയുടെ കത്തു കിട്ടിയതിനു പിന്നാലെ ''മാസാവസാനം ഞാന്‍ അര്‍ലിസി''ലെത്തുമെന്ന ഗോഗിന്റെ സന്ദേശം വിന്‍സന്റിനെ ആഹ്ലാദവാനാക്കി. വിന്‍സന്റ് ആവശ്യപ്പെട്ടതനുസരിച്ചെന്നു രേഖപ്പെടുത്തിയ ഒരു പോര്‍ട്രെയിറ്റ് തിയോയ്ക്ക് ഗോഗിന്‍ അയച്ചുകൊടുക്കുകയുണ്ടായി. ''ഒടുവില്‍ നല്ലതെന്തോ സംഭവിച്ചു തുടങ്ങുകയാണെന്ന്'' സന്തോഷിച്ച ജ്യേഷ്ഠനെ പുതിയ സംഭവ വികാസത്തിലുള്ള ആശങ്ക തിയോ അറിയിച്ചു.

ഗോഗിന്റെ ചിത്രരചനാശൈലി
ഇംപ്രഷണനിസം ഉപേക്ഷിച്ച് സിംബോളിസത്തിലേയ്ക്കുള്ള പകര്‍ന്നാട്ടത്തിനു അരങ്ങൊരുക്കുകയാണ് തന്റെ ദൗത്യമെന്നു ആവര്‍ത്തിച്ചിരുന്ന ഗോഗിന്‍ പുതിയ അനുഭവങ്ങള്‍ക്കായി സ്‌നേഹിതനും ശിഷ്യനുമായ ചാറത്സ് ലാവല്‍ എന്ന ചെറുപ്പക്കാരനായ ചിത്രകാരനുമായി കടലിനക്കരെയുള്ള മാര്‍ട്ടിനിക്കേയില്‍ പോയി ഏതാനും മാസങ്ങള്‍ അവിടെ ചെലവിട്ടിരുന്നു. അതിനിടയില്‍ തന്റെ വേരുകള്‍ പെറുവിലാണെന്നു കണ്ടെത്തിയ അദ്ദേഹം അവിടെപ്പോയി. പനാമ സിറ്റിയില്‍ ഒരു ബന്ധുവിനെ കണ്ടെത്തിയെങ്കിലും അവിടെ തുടരുക അസാദ്ധ്യമാണെന്ന് മനസ്സിലാക്കി മടങ്ങിയ അദ്ദേഹം വേരുകള്‍ കണ്ടെത്താനുള്ള ഉദ്യമം ഉപേക്ഷിച്ച് തന്റെ ചിത്രങ്ങളെ പ്രഹേളികാരൂപത്തിലാക്കാനുള്ള യത്‌നങ്ങളില്‍ വ്യാപൃതനാവുകയുണ്ടായി. ''അവ കൂടുതല്‍ ആത്മീയവും ഗൂഢാത്മകവുമാകണം.'' പിസ്സാറേയും സെസ്സാനും സൂററ്റും അടിത്തറ ഉറപ്പിച്ച ഇംപ്രഷണിസത്തെ നിരാകരിക്കുകയാണ് താന്‍ ആവിഷ്‌കരിക്കുന്ന സിംബോളിസത്തിന്റെ ലക്ഷ്യമെന്നു ഗോഗിന്‍ പറഞ്ഞിരുന്നു.

തിയോയുടെ അഭ്യര്‍ത്ഥന മാനിച്ച് അര്‍ലിസില്‍ കുറച്ചുകാലം ചെലവിടാനുള്ള ഗോഗിന്റെ തീരുമാനത്തെ വിലമതിക്കാനാവാത്ത സാഹോദര്യത്തിന്റെ പ്രതീകമായി വിന്‍സന്റ് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, അത്തരം വൈകാരികതകളെ നിരാകരിച്ച ഗോഗിന്‍ 'ഒരു മത്സരമാണി'തെന്ന് തുടക്കത്തിലേ വിശേഷിപ്പിച്ചിരുന്നു. അതിന്റെ സൂചന നല്‍കുന്നതായിരുന്നു മഞ്ഞ വീട്ടിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. രോഗവിവശനായ ഒരാളെ കാത്തിരുന്ന വിന്‍സന്റിനെ അദ്ഭുത പരതന്ത്രനാക്കിയതായിരുന്നു, അരോഗദൃഢഗാത്രനായ ഊര്‍ജ്ജവും പ്രസരിപ്പും നിറഞ്ഞ ഗോഗിന്‍. ''എന്നേക്കാള്‍ എത്ര ആരോഗ്യവാനാണ്'' ഗോഗിന്റെ ആഗമന വിവരമറിയിച്ചുകൊണ്ട് തിയോയ്ക്ക് വിന്‍സന്റെഴുതി.
മഞ്ഞ വീട്ടില്‍ താമസം തുടങ്ങിയ ആദ്യനാള്‍ മുതലേ വിന്‍സന്റുമായി തനിക്ക് പൊരുത്തപ്പെടാനാവില്ലെന്ന് ഗോഗിന്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍, പതുക്കെ അതെല്ലാം മാറി, തന്റെ സ്വപ്നമായ കൂട്ടായ്മ സഫലമാക്കാമന്‍ അദ്ദേഹം സഹകരിക്കുമെന്ന് വിന്‍സന്റ് വിശ്വസിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്തതായിരുന്നു ആ വിശ്വാസം. വീടിനു പുറത്തുപോയി ചിത്രരചനയ്ക്ക് അനുയോജ്യമായ ഇടങ്ങള്‍ കണ്ടെത്തുന്നതില്‍നിന്ന് തുടങ്ങുന്നതായിരുന്നു അവര്‍ തമ്മിലുള്ള വിയോജിപ്പ്. ക്രൗവിലെ വറ്റിവരണ്ട ഇടങ്ങളില്‍ പോകാമെന്ന വിന്‍സന്റിന്റെ നിര്‍ദ്ദേശം അവഗണിച്ച ഗോഗിന്‍ തെരഞ്ഞെടുത്തത്, അര്‍ലിസിന്റെ റൊമാന്റിക് ഹൃദയമെന്ന് കരുതിയിരുന്ന ആലിസ് ക്യാമ്പസ്സായിരുന്നു. വസന്തത്തിന്റെ സൗന്ദര്യം നിറഞ്ഞ ആ സ്ഥലത്തിന് ചരിത്ര പ്രാധാന്യമുണ്ടായിരുന്നു.

ഓര്‍മ്മയില്‍നിന്നു വേണം പെയിന്റിംഗുകള്‍ സൃഷ്ടിക്കേണ്ടതെന്ന ഗോഗിന്റെ അഭിപ്രായവും ചിത്രകലയെ സംബന്ധിച്ച വിന്‍സന്റിന്റെ സമീപനത്തേയും വീക്ഷണത്തേയും ചോദ്യം ചെയ്യുന്നതായി. മഞ്ഞ വീടിനടുത്തു താമസിക്കുന്ന ഹോട്ടലുടമയായ ജോസഫ് ഗിനോക്‌സിന്റെ നാല്പതുകാരിയായ ഭാര്യയെ ഗോഗിന്‍ വശീകരിച്ചത്, വരാന്‍ പോകുന്ന കൊടുങ്കാറ്റുകളുടെ കേളികൊട്ടാണെന്ന് വിന്‍സന്റ് തിരിച്ചറിഞ്ഞു. അണിഞ്ഞൊരുങ്ങി സ്റ്റുഡിയോയിലെത്തിയ ആ മദ്ധ്യവയസ്‌കയ്ക്കു പുറമെ അര്‍ലിസിലെ പല സ്ത്രീകളും ഗോഗിന്റെ കാടത്തത്തിനു കീഴടങ്ങുകയുണ്ടായി.
മഞ്ഞ വീട്ടിലെ അന്തരീക്ഷവുമായി ഇണങ്ങാന്‍ കഴിയാത്തതിനു പ്രധാന കാരണം, കാറ്റും വെളിച്ചവുമില്ലാത്ത മുറികള്‍ക്കു പുറമെ ഇടുങ്ങിയ ഇടങ്ങളുമായിരുന്നുവെന്ന് ഗോഗിന്‍ പരാതിപ്പെട്ടു. തന്റെ സ്‌നേഹിതന്റെ സൗഖ്യത്തിനായി പ്രത്യേക കിടക്കയും വിരിയും വിന്‍സന്റ് കരുതിയിരുന്നു. അതൊന്നും ഇഷ്ടമായില്ലെന്ന് അവ എടുത്തുകളഞ്ഞതു വഴി ഗോഗിന്‍ സ്പഷ്ടമാക്കി.

ദിവസച്ചെലവിന്റെ കാര്യത്തില്‍പ്പോലും വിന്‍സന്റിന്റെ രീതികള്‍ അദ്ദേഹത്തിന് സ്വീകാര്യമായില്ല. മേശപ്പുറത്ത് ഒരു നോട്ട് ബുക്ക് സൂക്ഷിച്ച് ദിവസച്ചെലവ് രേഖപ്പെടുത്തണമെന്ന ഗോഗിന്റെ നിര്‍ദ്ദേശം മനസ്സില്ലാ മനസ്സോടെ അനുസരിച്ചത് അതിന്റെ പേരില്‍ കലഹിച്ചു പിരിയാതിരിക്കാനായിരുന്നുവെന്ന് തിയോയെ വിന്‍സന്റ് അറിയിച്ചു! എല്ലാത്തിനുമുപരി, തിയോയുടെ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഗോഗിന്റെ പെയിന്റിംഗുകള്‍ ആകര്‍ഷകമായ വിലയ്ക്ക് വിറ്റിരുന്നുവെന്ന വിവരം വിന്‍സന്റിനെ മാനസികമായി ശല്യപ്പെടുത്തുന്നതായി. അപ്പോള്‍ അദ്ദേഹം തിയോയ്‌ക്കെഴുതി: ''എന്റെ പെയിന്റിംഗുകള്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിക്കരുത്. ആരും അവ വാങ്ങുകയില്ല. അതിനാല്‍ സ്വകാര്യ ശേഖരത്തില്‍ അവ സൂക്ഷിക്കുന്നതാണ് നല്ലത്.''

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന് ഇരുവര്‍ക്കും തോന്നിത്തുടങ്ങിയപ്പോഴാണ്, ''പാരീസിലേക്ക് എനിക്ക് മടങ്ങാനുള്ള സമയമായിയെന്ന്'' ഗോഗിന്‍ വിന്‍സന്റിനെ അറിയിക്കുന്നത്. നേരത്തെ മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായി ബര്‍ണാര്‍ഡിനെഴുതിയ കത്തില്‍, ''പുഴയില്‍നിന്ന് കരയില്‍ തെറിച്ചുവീണ മീനിനെപ്പോലെയാണ് താനെന്ന്'' ഗോഗിന്‍ വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗോഗിന്‍ ഇങ്ങനെ എഴുതി: ''ഞാന്‍ പെയിന്റു ചെയ്തു തുടങ്ങുമ്പോഴായിരിക്കും എന്തെങ്കിലും പറഞ്ഞ് വാക്കുതര്‍ക്കത്തിന് വിന്‍സന്റെത്തുക. അതില്‍ നിന്ന് രക്ഷപ്പെടാന്‍ താല്‍ക്കാലികമായി ഒരു വഴി ഞാന്‍ കണ്ടുപിടിച്ചു. അയാള്‍ക്കു വരയ്ക്കാനുള്ള ഇടം അടുക്കളയാണെന്ന് തീരുമാനിച്ചു. എങ്കിലും അതുകൊണ്ടൊന്നും അവസാനിക്കുന്നതായിരുന്നില്ല അയാളുടെ ഇടപെടലുകള്‍. അത്താഴത്തിനിരിക്കുമ്പോഴും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും അയാള്‍ എന്തെങ്കിലും പറഞ്ഞു ശല്യമുണ്ടാക്കുന്നത് പതിവായിരിക്കുകയാണ്.''

ചിത്രരചനയുടെ കാര്യത്തിലായാലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലായാലും ധ്രുവ വ്യത്യാസമുള്ളവരായിരുന്നു അവര്‍. വിന്‍സന്റിന് അതില്‍ യാതൊരു സംശയവുമില്ലായിരുന്നു. എന്നാല്‍, ഏറെ കാത്തിരിപ്പിനുശേഷം തന്നോടൊപ്പം മഞ്ഞ വീട്ടില്‍ താമസിക്കാനെത്തിയ ഗോഗിനുമായി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ കലഹിച്ചു പിരിയാതിരിക്കാന്‍ അദ്ദേഹം പരമാവധി പരിശ്രമിച്ചിരുന്നു; പക്ഷേ, അതു നടന്നില്ല. തന്നെ ഉപേക്ഷിച്ചു ഗോഗിന്‍ മടങ്ങുമെന്ന വിചാരം വിന്‍സന്റിനെ തളര്‍ത്തുകയുണ്ടായി. ''അയാളുടെ പെരുമാറ്റം വിചിത്രമായിട്ടുള്ളതാണ്.'' ബെര്‍ണാഡിനോട് ഗോഗിന്‍ ഇങ്ങനെ വിശദീകരിച്ചു: ''പൊടുന്നനെയായിരിക്കും അയാളില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. സന്തോഷത്തോടെ പെരുമാറുന്നതിനിടയില്‍ അപ്രതീക്ഷിതമായി ദേഷ്യവും നീരസവും അയാളില്‍ പതഞ്ഞു പുകയും. അതുകൊണ്ടു രാത്രി ഉറങ്ങാന്‍ പോകുന്നതുപോലും പേടിച്ചാണ്.''

കലുഷമായ ദിവസങ്ങള്‍
ക്രിസ്മസ്സിനു മുന്‍പിലത്തെ ഞായറാഴ്ച വിന്‍സന്റിന് മറക്കാനാവാത്ത അനുഭവമായി. പതിവുപോലെ പുറത്തു നടക്കാനിറങ്ങിയ ഗോഗിന്‍ മഞ്ഞ വീടും അതുവഴി അര്‍ലിസും ഉപേക്ഷിക്കുമോയെന്ന ഉല്‍ക്കണ്ഠയിലായിരുന്നു അപ്പോള്‍ വിന്‍സന്റ്. തൊട്ടുമുന്‍പുള്ള ദിവസങ്ങള്‍ കലഹങ്ങളാല്‍ കലുഷിതങ്ങളായിരുന്നു. മോശപ്പെട്ട കാലാവസ്ഥമൂലം രണ്ടു പേര്‍ക്കും വീടുവിട്ട് പുറത്തിറങ്ങാനായില്ല.

റൂലന്റെ ഭാര്യയെ മോഡലാക്കി വരച്ച പോര്‍ട്രെയിറ്റില്‍ വിന്‍സന്റ് അസ്വസ്ഥനാണെന്ന് ഗോഗിനറിയാമായിരുന്നു. അതുകൊണ്ട് തന്നെ അതേപ്പറ്റി സംസാരിച്ച് വിന്‍സന്റിനെ ശല്യപ്പെടുത്തി സ്വയം രസിക്കുകയായിരുന്നു ഗോഗിന്‍. പെട്ടെന്ന് വിന്‍സന്റ് ബഹളമുണ്ടാക്കും. ഗോഗിന്റെ സ്‌നേഹരാഹിത്യത്തെപ്പറ്റിയായിരുന്നു അപ്പോള്‍ അദ്ദേഹം പരാതിപ്പെടുന്നത്. ഉച്ചത്തില്‍ കോപാകുലനായി എന്തെങ്കിലും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. വിന്‍സന്റിന് ആത്മനിയന്ത്രണം കൈമോശം വന്നാല്‍ അത് അനാവശ്യമായ രംഗങ്ങള്‍ക്ക് വഴിതെളിച്ചേക്കുമെന്ന ആശങ്കയായിരുന്നു വീടിനു പുറത്തിറങ്ങി നടക്കാന്‍ ഗോഗിനെ അപ്പോള്‍ പ്രേരിപ്പിച്ചത്. ശാരീരികമായ രക്ഷ അപകടത്തിലാവാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയായിരുന്നു അതെന്ന് അപ്പോള്‍ വിന്‍സന്റ് സംശയിച്ചിരിക്കണം. അതൊന്നുമല്ല, എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാനോ, പതിവായി സന്ദര്‍ശിക്കാറുള്ള ലാ ഗാറേ കഫേയില്‍ പോകാനോ അല്ലെങ്കില്‍ മഞ്ഞ വീടിനു അല്പം അകലെയുള്ള വേശ്യാലയത്തിലെ തന്റെ പ്രിയപ്പെട്ടവളെ സന്ദര്‍ശിക്കാനോ ആയിരിക്കാം ഗോഗിന്‍ പുറത്തിറങ്ങിയതെന്ന് വിന്‍സന്റ് ഊഹിച്ചു. എങ്കിലും പെട്ടെന്ന് വീട്ടില്‍ നിന്നിറങ്ങി അയാള്‍ പോയതില്‍ അദ്ദേഹം അപകടം മണത്തു. ഗോഗിന്‍ തന്നെ ഉപേക്ഷിക്കുകയാണോ? വിന്‍സന്റിനു പരിഭ്രമമായി. അപ്പോഴേയ്ക്കും ഗോഗിന്‍ അവിടെ താമസം തുടങ്ങിയിട്ട് ഒന്‍പതു ആഴ്ചകള്‍ പൂര്‍ത്തിയായിരുന്നു.

വീട്ടില്‍ നിന്നിറങ്ങി പാര്‍ക്കിനടുത്തുള്ള വഴിയിലൂടെ നടക്കുകയായിരുന്ന ഗോഗിന്‍ പിന്നിലൂടെ ആരോ തിരക്കിട്ട് നടന്നുവരുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. ''വിന്‍സന്റ് എന്റെ പിന്നിലൂടെ ഓടിവരികയായിരുന്നു.'' ആ സംഭവത്തെപ്പറ്റി സ്‌നേഹിതനോട് പിന്നീട് ഗോഗിന്‍ വിശദീകരിച്ചു. ''ഞാന്‍ തിരിഞ്ഞു നോക്കി. കുറേ ദിവസങ്ങളായി അയാളുടെ പെരുമാറ്റം വളരെ വിചിത്രമായിരുന്നു. അതുകൊണ്ട് എനിക്കയാളെ വിശ്വസിക്കാനാവുമായിരുന്നില്ല.'' ''നിങ്ങള്‍ പോവുകയാണോ'' എന്ന വിന്‍സന്റിന്റെ ചോദ്യത്തിന് ''അതേ'' എന്നായിരുന്നു ഗോഗിന്റെ മറുപടി. അതുകേട്ട് വിന്‍സന്റ് മടങ്ങി.

പിന്നീടുണ്ടായ സംഭവങ്ങള്‍ വളരെ നാടകീയമായിട്ടുള്ളതായിരുന്നു. കഠിനമായ വൈകാരിക സമ്മര്‍ദ്ദത്തിലായ വിന്‍സന്റ് വീട്ടില്‍ മടങ്ങിയെത്തി. വാഷ് സ്റ്റാന്‍ഡില്‍നിന്ന് കത്തിയെടുത്തു. ഒരു നിമിഷം കൊണ്ട് ഒരു ചെവി മുറിച്ചു. മുറിവില്‍നിന്ന് വാര്‍ന്നൊഴുകിയ ചോര ടവല്‍ കൊണ്ട് തുടച്ച ശേഷം, മുറിച്ചെടുത്ത ചെവി കടലാസില്‍ പൊതിഞ്ഞ് പുറത്തിറങ്ങി. സ്‌നേഹത്തിന്റെ വിലയായി ആ മാംസക്കഷണം ഗോഗിനു നല്‍കാന്‍. ഗോഗിന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള റൂ ദ ബൗട്ട് എന്നറിയപ്പെടുന്ന വേശ്യാലയത്തില്‍ച്ചെന്ന് 'ഗാബി'യെ കാണണമെന്ന് കാവല്‍ക്കാരനോട് വിന്‍സന്റ് ആവശ്യപ്പെട്ടു. ഗോഗിന്റെ പ്രിയപ്പെട്ട റേച്ചലിനെ ഗാബിയെന്നായിരുന്നു വിളിച്ചിരുന്നത്.


കാവല്‍ക്കാരന്‍ പ്രവേശനം നിഷേധിച്ചു. അപ്പോള്‍ താന്‍ കൊണ്ടുവന്ന പൊതി അയാളെ ഏല്പിച്ചിട്ട് ''എന്നെ മറക്കരുത്'' എന്ന് പറഞ്ഞ് അത് ഗോഗിനു കൊടുക്കാന്‍ ഏര്‍പ്പാടാക്കിയിട്ട് മഞ്ഞ വീട്ടിലേക്ക് വിന്‍സന്റ് മടങ്ങി.

അതിനുശേഷം, എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടു. പൊതുജന മനസ്സില്‍ വേരോടിയ ആ സംഭവം യഥാര്‍ത്ഥമല്ലായിരുന്നുവെന്നും അതൊരു കെട്ടുകഥയായിരുന്നുവെന്നും ദീര്‍ഘകാലത്തെ അന്വേഷണങ്ങള്‍ക്കുശേഷം, ജര്‍മന്‍കാരായ രണ്ടു കലാചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്. ''വാന്‍ ഗോയുടെ ചെവി: പോള്‍ ഗോഗിനും മൗനത്തിന്റെ സഖ്യവും'' എന്ന ശീര്‍ഷകത്തില്‍ ഹാന്‍സ് കാഫ്മാനും റീത്ത വൈല്‍ഡ് ഗാന്‍സും ചേര്‍ന്നെഴുതിയ കൃതിയിലാണ് പൊതുവിശ്വാസത്തെ ചോദ്യം ചെയ്യുന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.

ഈ നിഗമനം യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാവുന്നതിനുള്ള പ്രധാന ആധാരം എന്തും സഹിക്കാനുള്ള വിന്‍സന്റിന്റെ മനോഭാവമാണ്. ജീവിതം മുഴുവന്‍, മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടയുന്നതുവരെ ചെമ്പന്‍മുടിക്കാരനായ ഭ്രാന്തനെന്ന് പലരും പരിഹസിച്ചിരുന്ന ആ ചിത്രമെഴുത്തുകാരന്‍ അനുഭവിച്ച സങ്കടങ്ങള്‍, ദുരിതങ്ങള്‍, യാതനകള്‍ അസാധാരണങ്ങളായിരുന്നു. അവയെല്ലാം അനുഭവിക്കാന്‍ താന്‍ ബാദ്ധ്യസ്ഥനാണെന്നു മാത്രമല്ല, അതില്‍ അദ്ദേഹം ആരോടും പരാതിപ്പെട്ടിരുന്നുമില്ല. ചിത്രമെഴുത്തു മാത്രമായിരുന്നു വിന്‍സന്റിന് ജീവിതം. മറ്റെല്ലാം അതിനു പുറത്തുള്ളതായിരുന്നു.

1888 ഡിസംബര്‍ ഇരുപത്തിമൂന്നാം തിയതി രാത്രിയുണ്ടായ ഉന്മാദത്തിന്റെ ആക്രമണത്തില്‍പ്പെട്ട് സ്വന്തം ചെവി മുറിച്ചതിനെത്തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് സൂര്യകാന്തിപ്പൂക്കളും പൊട്ടറ്റോ ഈറ്റേഴ്സും വരച്ച ഡച്ചുകാരനായ ആ ചിത്രമെഴുത്തുകാരനെ ആത്യന്തികമായി മരണത്തിലെത്തിച്ചതെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. എന്നാല്‍, ഹാംബര്‍ഗ്(ജര്‍മനി)കാരും കലാനിരൂപകരുമായ കാഫ്മാനും  ഗാന്‍സും ചേര്‍ന്നു നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍, വളരെ വ്യത്യസ്തമായ നിഗമനമാണ് ആ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

സമര്‍ത്ഥനായൊരു വാള്‍പ്പയറ്റുകാരന്‍ കൂടിയായിരുന്നു ചിത്രമെഴുത്തുകാരനായ പോള്‍ ഗോഗിന്‍. ഏതാനും ദിവസത്തെ താമസത്തിനുശേഷം, വിന്‍സന്റിനോട് യാത്ര പറയാതെ അദ്ദേഹം മഞ്ഞ വീട്ടില്‍നിന്ന് പുറത്തിറങ്ങി നടന്നു. വസ്ത്രങ്ങള്‍ നിറച്ച പെട്ടിയും കയ്യില്‍, സ്ഥിരമായി കൊണ്ടുനടക്കാറുള്ള വാളുമായി നടക്കുകയായിരുന്ന അദ്ദേഹത്തിന്റെ പിന്നാലെ വരികയായിരുന്നു അപ്പോള്‍ വിന്‍സന്റ്. നേരത്തെ വഴക്കിനിടയില്‍ ഗോഗിന് നേര്‍ക്ക് അദ്ദേഹം ഒരു ഗ്ലാസ്സെടുത്തെറിഞ്ഞിരുന്നു. അന്യോന്യം കുറ്റപ്പെടുത്തിക്കൊണ്ട് നടന്ന് ബോര്‍ദെല്ലോ(വേശ്യാലയം)യിലെത്തിയപ്പോഴേയ്ക്കും വഴക്ക് തീക്ഷ്ണമായി. കോപാവിഷ്ടനായ ഗോഗിന്‍ വാള്‍ വീശി വിന്‍സന്റിന്റെ ഇടത്തെ ചെവി മുറിച്ചു. ഒരുപക്ഷേ, വിന്‍സന്റില്‍നിന്ന് ആക്രമണമുണ്ടാകുമെന്ന ഭയത്തില്‍ സ്വയരക്ഷയ്ക്കുവേണ്ടിയായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്തത്. ചെവി വെട്ടിയയുടനെ, അടുത്തുള്ള റോണ്‍പുഴയിലേക്ക് ഗോഗിന്‍ വാളെടുത്തെറിഞ്ഞു. അറ്റുവീണ ചെവി അഭിസാരികയ്ക്കു കൊടുത്തിട്ട് കവിളില്‍നിന്ന് വാര്‍ന്നൊഴുകുന്ന ചോരയുമായി വിന്‍സന്റ് മടങ്ങി. അടുത്ത ദിവസമാണ്, അവശനായ വിന്‍സന്റിനെ പൊലീസ് കണ്ടെത്തിയത്. വിന്‍സന്റുമായി പിണങ്ങി ഗോഗിന്‍ അര്‍ലിസ് വിട്ടുപോയതായി പൊതുവെ കരുതുന്നത് ശരിയല്ലെന്നും സംഭവത്തിനുശേഷവും ഗോഗിന്‍ മഞ്ഞ വീട്ടിലുണ്ടായിരുന്നുവെന്നും അപ്പോള്‍ താന്‍ ആരെയും ഇക്കാര്യം അറിയിക്കില്ലെന്ന് വിന്‍സന്റ് ഉറപ്പ് നല്‍കിയതായും മൗനത്തിന്റെ സഖ്യത്തില്‍ അവര്‍ എത്തിച്ചേര്‍ന്നതായുമാണ് പുതിയ കണ്ടെത്തല്‍.

എന്നാല്‍, വിന്‍സന്റിന്റെ ചെവി മുറിച്ച സംഭവത്തില്‍നിന്ന് ഗോഗിനെ പൂര്‍ണ്ണമായി കുറ്റവിമുക്തനാക്കുന്നതാണ് ബെര്‍ണാദത്തെ മര്‍ഫിയുടെ കണ്ടെത്തല്‍. റേസര്‍ ബ്ലേഡ് കൊണ്ട് ഇടതുവശത്തെ ചെവിയുടെ ഒരറ്റം മാത്രമല്ല, ആ ചെവി മുഴുവന്‍ മുറിച്ച് ഒരു തുണിക്കഷണത്തില്‍ പൊതിഞ്ഞ് ''എന്റെ ഓര്‍മ്മയ്ക്കായി ഇതു സൂക്ഷിക്കൂ'' എന്നു പറഞ്ഞ് വിന്‍സന്റ് കൊടുത്തതായാണ് 'വാന്‍ഗോസ് ഇയര്‍' എന്ന കൃതിയില്‍ അവര്‍ എഴുതുന്നത്. ആ നിഗമനത്തിലെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ തേടി താന്‍ നടത്തിയ അന്വേഷണങ്ങള്‍ ഒരു കുറ്റാന്വേഷണ നോവലിലെന്നപോലെ ഉദ്വേഗജനകമായി ഗ്രന്ഥകര്‍ത്രി പ്രതിപാദിക്കുന്നു. പുറമെ മറ്റൊരു രഹസ്യം കൂടി അവര്‍ വെളിപ്പെടുത്തുന്നുണ്ട്. റേച്ചലെന്നും ഗാബിയെന്നും അറിയപ്പെട്ടിരുന്ന പതിനാറുകാരിയുടെ യഥാര്‍ത്ഥ നാമധേയം ഗബ്രിയേല എന്നായിരുന്നുവെന്നും ഗോഗിനും വിന്‍സന്റും സന്ദര്‍ശിച്ചിരുന്ന വേശ്യാലയത്തില്‍ സഹായിയായാണ് അവള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ആ പെണ്‍കുട്ടിയുടെ ചെറുമകന്‍ വെളിപ്പെടുത്തി. ഇടത്തരക്കാരായിരുന്നു അവളുടെ കുടുംബം. അവള്‍ യുവതിയായിരുന്നപ്പോള്‍ എടുത്ത ഒരു ഫോട്ടോ, വയോവൃദ്ധനായ ആ ചെറുമകനെ സന്ദര്‍ശിച്ചപ്പോള്‍ ഗ്രന്ഥകര്‍ത്രി കണ്ടിരുന്നു. എന്നാല്‍, വിന്‍സന്റിന്റെ ചെവിയുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും അയാള്‍ അറിഞ്ഞിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com