സി അയ്യപ്പന്റെ കഥകളുടെ ചരിത്ര ദൗത്യം

പ്രൊഫ. കെ. സദാനന്ദന്റെ 'രോഷത്തിന്റെ മറുഭാഷയും സംസ്‌കാരത്തിന്റെ പ്രതിബോധവും' എന്ന പുസ്തകത്തെക്കുറിച്ചുള്ള നിരൂപണം
സി അയ്യപ്പന്റെ കഥകളുടെ ചരിത്ര ദൗത്യം

ധുനികാനന്തര മലയാള സാഹിത്യത്തില്‍ അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ  ജീവിതങ്ങള്‍ക്ക് ഇടം ലഭിക്കുന്നുണ്ട്. കീഴാളജീവിതവും സംസ്‌കാരവും പ്രത്യേക പഠനശാഖയായി രൂപപ്പെടുന്നതിന് മുന്‍പേ അധഃകൃതരുടെ സംഘര്‍ഷങ്ങള്‍ ചെറുകഥകളിലൂടെ ആവിഷ്‌കരിച്ചവരായിരുന്നു ടി.കെ.സി. വടുതലയും സി. അയ്യപ്പനും. മതപരിവര്‍ത്തനം ചെയ്യപ്പെട്ട കീഴാളരുടെ ജീവിതപ്രശ്‌നങ്ങളാണ് ടി.കെ.സി. തന്റെ കഥകളില്‍ ഏറെയും പ്രമേയമാക്കിയത്. എന്നാല്‍, സി. അയ്യപ്പനാകട്ടെ, താന്‍ ഉള്‍പ്പെടുന്ന കീഴാള സമുദായത്തിന് ഉന്നത കുല ജാതരില്‍നിന്നു നേരിടേണ്ടിവന്ന ചൂഷണങ്ങളേയും പീഡനങ്ങളേയും വ്യത്യസ്തമായ ആഖ്യാന മാതൃകകളിലൂടെ ആവിഷ്‌കരിച്ചു. റിയലിസത്തിന്റെ ഭാഷാക്രമങ്ങളെ അയ്യപ്പന്‍ പലപ്പോഴും തിരസ്‌കരിച്ചു. പ്രേതം കൂടിയ വ്യക്തിയുടെ ഭാഷണമായി, ഭ്രാന്തുള്ള ആളിന്റെ പറച്ചിലുകളായി, വിചിത്രങ്ങളായ സ്വപ്നങ്ങളായി, പിറുപിറുക്കലായി അയ്യപ്പന്റെ കഥകളില്‍ ഭാഷ തന്നെ സവിശേഷ ആഖ്യാന മാതൃകകളായി മാറുന്നു. ഈ ആഖ്യാനങ്ങളെല്ലാം കീഴാളജീവിതവുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്ര സൂചനകളും സാംസ്‌കാരിക സൂചനകളും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായവയാണ്. മുപ്പതോളം കഥകള്‍ മാത്രമെഴുതി മലയാള ചെറുകഥയില്‍ തന്റെ അനന്യത്വം പ്രകടിപ്പിച്ച അയ്യപ്പന്റെ കഥകളെക്കുറിച്ച് പ്രൊഫ. കെ. സദാനന്ദന്‍ എഴുതിയ പഠനമാണ് 'രോഷത്തിന്റെ മറുഭാഷയും സംസ്‌കാരത്തിന്റെ പ്രതിബോധവും.' അയ്യപ്പന്റെ കഥകളെക്കുറിച്ചുള്ള സമഗ്ര പഠനമല്ല; മറിച്ച് തെരഞ്ഞെടുത്ത എട്ട് കഥകളിലൂടെ അയ്യപ്പന്റെ കഥാലോകത്തേക്കുള്ള സൂക്ഷ്മ സഞ്ചാരങ്ങളാണ് ഈ പ്രബന്ധങ്ങള്‍, കഥകളുടെ ധ്വനികളിലൂടെ സഞ്ചരിച്ച് സാംസ്‌കാരിക പഠനമായിട്ടാണ് ഗ്രന്ഥം അവസാനിക്കുന്നത്.

പ്രേതഭാഷണങ്ങളും മറുഭാഷയും 
സി. അയ്യപ്പന്റെ കഥകള്‍ പലതും പ്രേതഭാഷണങ്ങള്‍ ആണ്. ചങ്ങലയില്‍ കിടക്കുന്ന ഒരു സ്ത്രീയോട് ഒരു പ്രേതാത്മാവ് സംസാരിക്കുന്ന രീതിയിലാണ്  'പ്രേതഭാഷണം' എന്ന കഥയുടെ ആഖ്യാനം. 'കാവല്‍ഭൂത'ത്തില്‍ പ്രേതമായി തീര്‍ന്ന് ദേവിക്ക് കാവല്‍നില്‍ക്കുന്ന ശങ്കുണ്ണിയുടെ കഥ പറച്ചിലാണ്. ഈ പ്രേതഭാഷണങ്ങളുടെ കാരണം കണ്ടെത്താന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. ഇഹലോകജീവിതത്തിലെ നിയമങ്ങള്‍ പലപ്പോഴും കീഴാളന് എതിരാണ്. അതിനാല്‍ മരണം അയ്യപ്പന്‍ കഥകളില്‍ പുതുജന്മത്തിന്റെ നിമിത്തമായി തീരുന്നു. അയ്യപ്പന്റെ കഥകളിലൊന്നും മരണത്തെപ്രതി വൈകാരികതയുടെ കുത്തിയൊഴുക്ക് കാണാനില്ല. ''മരണാനന്തരം ഒരു നന്മയെ കണ്ടെടുക്കുക എന്നത് മുജ്ജന്മത്തില്‍ നിറവേറ്റാനാവാത്ത ഒരു സ്വപ്നമാണെന്നതുപോലെ മരണാനന്തരമുള്ള രൂപാന്തരപ്രാപ്തി പണ്ടത്തെ സഫലമാക്കാനുള്ള ഇച്ഛയുടെ വെളിപ്പെടുത്തലുകളാണ്.'' 'അരുന്ധതീ ദര്‍ശനന്യായ'ത്തില്‍ നായകന്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നത് മരിച്ചുപോയ ഗീതുവിനെ അവളെ ബലമായി പിടിച്ചുവെച്ചിരിക്കുന്ന ദുഷ്ടാത്മാവിന്റെ കയ്യില്‍നിന്ന് മോചിപ്പിക്കാനാണ്. 'കാവല്‍ഭൂത'ത്തിലെ ശങ്കുണ്ണിയാകട്ടെ, വാസുവിന്റെ ആത്മാവിനോട് ചില കാര്യങ്ങള്‍ തിരക്കാനാണ് സ്വയംഹത്യ ചെയ്തത്. ഇഹലോക ജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കാതെ പോയ ചില കാര്യങ്ങള്‍ നേടാന്‍ വേണ്ടിയാണ് അയ്യപ്പന്റെ കഥാപാത്രങ്ങള്‍ മരിക്കുന്നത്. ഇതിന്റെ സാമൂഹ്യശാസ്ത്രപരമായ കാരണങ്ങള്‍ ഗ്രന്ഥകാരന്‍ പരിശോധിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്നത് കീഴാളനു പലപ്പോഴും മരണത്തേക്കാള്‍ ഭയാനകമാണ്.

മാറുന്ന സമൂഹത്തില്‍ ഓരോ കാലഘട്ടത്തിലും ഭാഷ അധികാര ചിഹ്നമായിട്ടാണ് വര്‍ത്തിക്കുന്നത്. അതിനാല്‍ പീഡിതരും ചൂഷിതരുമായ ജനതയ്ക്ക് ഒരു ബദല്‍ഭാഷ ആവശ്യമായി വരുന്നു. ഈ പ്രതിഭാഷയ്ക്ക് കലഹത്തിന്റെ സ്വഭാവം കൂടിയുണ്ടെന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നുണ്ട്. നിലവിലുള്ള ജാതിവിഭാഗീയതയ്ക്കും അനീതിക്കുമെതിരായ രോഷം തന്നെയാണ് ഈ അപരഭാഷയില്‍ ഉള്ളതെന്ന് സി. അയ്യപ്പന്റെ ആദ്യകാല കഥയായ 'അരുന്ധതീ ന്യായദര്‍ശനം' വിശകലനം ചെയ്ത് വ്യക്തമാക്കുന്നുണ്ട്. കഥാനായകനെ 'പെലനാടി' എന്നു വിളിച്ച് ആക്ഷേപിക്കുന്നുണ്ട്. ഒരാള്‍ പെലനാടി ആവുകയെന്നാല്‍ സമുദായഭ്രഷ്ടനാവുക എന്നാണര്‍ത്ഥം. പുലയക്കുടിലില്‍ തീ വാങ്ങാന്‍ വന്നു മീന്‍ ചുടുന്ന മണം ആസ്വദിച്ചതിനാല്‍ സമുദായ ഭ്രഷ്ടരായ ദേവിമാരുടെ  മിത്ത് ഈ കഥയിലുണ്ട്. ഇത്തരത്തില്‍ ഭ്രഷ്ടരാക്കപ്പെടുന്നവര്‍ക്ക്  ഒരു പ്രതിഭാഷ സൃഷ്ടിക്കേണ്ടതായി വരുന്നു. ചരിത്രത്തില്‍നിന്നു പുറത്താക്കപ്പെടുന്നവന് സ്വന്തം ചരിത്രം സൃഷ്ടിക്കേണ്ടതുണ്ട്. കഥയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഇരുട്ടും ആത്മഹത്യാ ത്വരയും പ്രതിഭാഷയായി പരിണമിക്കുന്നതായി ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നുണ്ട്.

അയ്യപ്പന്‍ കഥകളില്‍ പലതിലും മന്ത്രവാദം കടന്നുവരുന്നുണ്ട്. അതിനു പിന്നിലുള്ള കാരണമെന്തെന്നും ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നുണ്ട്. ''കേരളത്തിലെ ഗ്രാമങ്ങളിലെ പുലയരുടെ ജീവിതത്തില്‍ മന്ത്രവാദ ചിത്രീകരണം ഒരു വിവരണകഥനത്തിനപ്പുറം സ്വതന്ത്രവും മാന്യവും നീതിയുക്തവുമായ സാമൂഹ്യജീവിതത്തിനു വേണ്ടിയുള്ള പ്രാക്തനമായ ചികിത്സയായി മാറുന്നു. അത് ഒരുതരത്തിലുള്ള മറികടക്കലാണ്... സനാഥമാകാത്ത ജീവിതത്തിന്റെ ആകുലതകളാണ് മന്ത്രവാദമെന്ന രൂപകം പ്രകടമാക്കുന്നത്. മരുന്നും മന്ത്രവാദവും വേര്‍പിരിയാത്ത ഒരുകാലത്തിന്റെ പൈതൃക സംസ്‌കാര പ്രതിനിധാനവും ഇത്തരം കഥകള്‍ക്കുണ്ട്.'' ഇത്തരത്തില്‍ ദളിതജീവിതത്തിലെ ദമിതമായ പല സംഘര്‍ഷങ്ങളും കണ്ടെത്താന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്.

ഫാന്റസിയും മിത്തും 
സി. അയ്യപ്പന്റെ രചനാരീതിയുടെ സവിശേഷതകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നത് ഫാന്റസിയെ മിത്തുകളുമായി കൂട്ടിക്കലര്‍ത്തുന്ന രചനാതന്ത്രമാണ്. അതിനാല്‍ ഫാന്റസിക്ക് മിത്തിനു തുല്യമായ പരിവേഷം കിട്ടുന്നു. നാട്ടുമ്പുറത്തെ മന്ത്രവാദങ്ങളും ഭയം നിറഞ്ഞ കെട്ടുകഥകളും പുരാവൃത്തങ്ങളുമെല്ലാം കഥകള്‍ക്ക് ഒരു മായികാന്തരീക്ഷം നല്‍കുന്നു. 'അരുന്ധതീ ന്യായദര്‍ശനം' എന്ന കഥയില്‍ ''രണ്ട് ഭഗവതിമാരുടെ മിത്തും അവരിലൂടെ സൃഷ്ടിക്കപ്പെടുന്ന ഗ്രാമീണകഥയും നാട്ടുവഴക്കത്തിന്റെ പുരാവൃത്ത സാരള്യം വെളിപ്പെടുത്തുമ്പോള്‍ മറുഭാഷാ നിര്‍മ്മിതി ഊടും പാവുമായി ചേര്‍ന്ന് അപരലോകസൃഷ്ടിക്ക് വഴിയൊരുക്കുന്നു.''
ജീവിത യാഥാര്‍ത്ഥ്യങ്ങളേയും മിത്തുമായി കൂട്ടിയിണക്കുന്ന രീതി അയ്യപ്പനുണ്ട്. 'നിരവത്ത് കയ്യാണി' എന്ന കഥയില്‍ ഇണ്ണൂലിയുടേയും ശാരദയുടേയും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക്  മിത്തിന്റെ പരിവേഷം നല്‍കുകയും അവയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇണ്ണൂലിയില്‍ കണ്ട ദംഷ്ട്രകള്‍ 'ശാരദയുടെ വായില്‍ നിന്നാണ് അടര്‍ന്നുവീണത്' എന്ന പ്രസ്താവനയെ ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നുണ്ട്. ശാരദയുടെ കഥ ഇപ്പോഴും ഉണ്ടെന്നുറപ്പുണ്ട് എന്നു പറയുന്നതിലൂടെ, ദളിത് ജീവിതത്തിനുമേലുള്ള സവര്‍ണ്ണാധീശത്വം തന്നെയാണ് പരാമര്‍ശിക്കപ്പെടുന്നത്.

''ആത്മാഭിമാനത്തിനുവേണ്ടിയുള്ള കരച്ചിലും പല്ലുകടിയും ആണ്'' തന്റെ കഥകളെന്ന് സി. അയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. അയ്യപ്പന്റെ പല കഥകളിലും ആവര്‍ത്തിച്ചുവരുന്ന 'കരച്ചിലും പല്ലുകടിയും' എന്ന പ്രയോഗത്തെ ഗ്രന്ഥകാരന്‍ വിലയിരുത്തുന്നുണ്ട്. ദംഷ്ട്രകള്‍ ഇറങ്ങിവരുന്ന ചില കഥാപാത്രങ്ങള്‍ ആത്മാഭിമാനത്തിന്റെ പ്രതിരോധ ബിംബങ്ങളാണ്. ദംഷ്ട്ര അഭിമാനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രതിനിധാനം മാത്രമല്ല, രോഷത്തിന്റേയും മറുഭാഷാചിഹ്നമായി ഗ്രന്ഥകാരന്‍ പരിഗണിക്കുന്നു.
അയ്യപ്പന്‍ കഥകളിലെ ദൈവം കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് കൂട്ടു നില്‍ക്കുന്നവനാണ്. പരമ്പരാഗത ദൈവസങ്കല്പത്തിന്റെ പൊളിച്ചെഴുത്താണിത്. ദൈവത്തെ ചോദ്യം ചെയ്യുന്നവരാണ് പല കഥാപാത്രങ്ങളും ദൈവത്തിന്റെ ഒരു കണ്ണ് 'കാവല്‍ഭൂത'ത്തിലെ ശങ്കുണ്ണി പൊട്ടിക്കുന്നു. അതുപോലെ ഒരു പ്രേതാത്മാവും ദൈവത്തെ ആട്ടുന്നുണ്ട്. ''ക്രിസ്ത്യാനിക്ക് എങ്ങനെയാണ് പെലക്കള്ളി പെങ്ങളാകുന്നതെന്ന'' ചോദ്യത്തിന് ദൈവം മറുപടി നല്‍കുന്നില്ല. ദൈവതിരസ്‌കാരമോ ദൈവഹിംസയോ കീഴാളദര്‍ശനത്തിലില്ല. അവിടെ ദൈവം എപ്പോഴും വിചാരണ നേരിടാന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവനാണ്. ദൈവത്തെ തിരസ്‌കരിക്കുന്നതിലല്ല, ദൈവദൂഷണത്തിലാണ് കഥയുടെ ദര്‍ശനമെന്നും ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നുണ്ട്.
അയ്യപ്പന്റെ കഥകളിലെ ദളിത് സംസ്‌കാരത്തെ ഗ്രന്ഥകാരന്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. 'ഭൂതബലി' എന്ന കഥയില്‍ അധീശ സംസ്‌കാരത്തിനു കീഴ്പ്പെട്ടു ജീവിക്കുന്ന ദളിതനായ കണ്ടങ്കോരന്‍ മാസ്റ്ററുടെ ജീവിതം കാണാം. അച്ചടിഭാഷയില്‍ സംസാരിക്കുകയും അശ്ലീലം കേട്ടാല്‍ ചെവി പൊത്തുകയും സെപ്റ്റിക് ടാങ്കുള്ള കക്കൂസിന്റെ ഏക ഉടമ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കണ്ടങ്കോരന്‍ മാസ്റ്റര്‍ ദയനീയമായ സാംസ്‌കാരികാശ്രിതത്വത്തിന്റെ പ്രതിനിധിയാണ്. നാട്ടുമൊഴികളെ ഉപേക്ഷിച്ച് അച്ചടിഭാഷ സ്വീകരിച്ചിരിക്കുകയാണ്  അയാള്‍. അച്ചടിഭാഷയാണ്  സവര്‍ണ്ണത്വത്തിന്റേയും ആഢ്യത്വത്തിന്റേയും മാന്യതാമാതൃക എന്നാണയാള്‍ ധരിച്ചിരിക്കുന്നത്. മാസ്റ്ററെ അധിക്ഷേപിക്കാന്‍ ക്ലാസ്സ്മുറിയിലാരോ തൂമ്പകൊണ്ട് വയ്ക്കുന്നുണ്ട്. എന്നാല്‍, അതാരാണ് കൊണ്ടുവെച്ചതെന്നോ ആ അധിക്ഷേപത്തേയോ അയാള്‍ ചോദ്യം ചെയ്യുന്നില്ല. തൂമ്പ പണിയായുധം എന്നതിലുപരി ദളിത് സ്വത്വ പ്രതീകമാണ്. എന്നാല്‍ ക്ലാസ്സ്മുറിയില്‍ വച്ച് തൂമ്പയുടെ സംസ്‌കാരം പ്രതിസംസ്‌കാരമായി മാറുന്നുവെന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം അര്‍ത്ഥവത്താണ്. ഇത്തരത്തില്‍ പ്രതിബോധത്തിന്റെ സംസ്‌കാരത്തെ വ്യഞ്ജിപ്പിക്കുന്ന പല സൂചകങ്ങളും കഥയില്‍നിന്ന് ഗ്രന്ഥകാരന്‍ കണ്ടെത്തുന്നുണ്ട്.

തന്റെ സ്വത്വമെന്തെന്ന് തിരിച്ചറിയാതെ സവര്‍ണ്ണാധിപത്യ മൂല്യങ്ങളില്‍ ജീവിക്കുന്ന മറ്റൊരു കഥാപാത്രമാണ് 'ഭ്രാന്ത്' എന്ന കഥയിലെ കൃഷ്ണന്‍മാഷ്. ജാതീയമായ അപകര്‍ഷതയുടേയും സാംസ്‌കാരികാടിമത്തത്തിന്റേയും  ഇരയാണ് അയാള്‍. ഭ്രാന്തുള്ള സ്വന്തം സഹോദരിയെ ഒരു നോക്ക് കാണാന്‍ പോലും കൂട്ടാക്കാതെ വാതില്‍ കൊട്ടിയടച്ചതിന്റെ സാമൂഹ്യശാസ്ത്ര അപഗ്രഥനമാണ് ഗ്രന്ഥകാരന്‍ നടത്തുന്നത്. പുതിയ തലമുറയിലെ ദളിതര്‍ വിദ്യാഭ്യാസം നേടിയെങ്കിലും അതവരെ മിഥ്യാഭിമാനത്തിലേക്കും സ്വാര്‍ത്ഥതയിലേക്കും നയിച്ചുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ദളിതരില്‍ത്തന്നെ ഇത്തരം ഒരു പുതിയ വര്‍ഗ്ഗം രൂപപ്പെട്ടുവെന്നും അവര്‍ തങ്ങളുടെ സ്വത്വം മറച്ചുവെച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും  കഥയില്‍ സൂചനകളുണ്ട്. സാമാന്യം നല്ലൊരു ജോലിയും സുന്ദരിയും ഉദ്യോഗസ്ഥയുമായ ഭാര്യയുമുള്ള അയാള്‍, താനോ ഭാര്യയോ ആശുപത്രിയില്‍ പെങ്ങളെ കാണാന്‍ പോകാത്തതില്‍ തെറ്റ് കാണുന്നില്ല. ജാതിയില്‍നിന്ന് പുറത്തു കടക്കുകയല്ല, ജാതിയുടെ മറവില്‍ പ്രച്ഛന്നനായിരിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. വിദ്യാസമ്പന്നരായ കീഴാളരില്‍ പോലുമുള്ള അപകര്‍ഷബോധത്തെയാണ്  ഇത് വെളിവാക്കുന്നത്.

ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്ന  ദളിത് സ്ത്രീകള്‍ അയ്യപ്പന്റെ പല കഥകളിലും കഥാപാത്രങ്ങളാകുന്നുണ്ട്. 'കാവല്‍ഭൂത'ത്തില്‍ പെണ്‍ശരീരത്തെ മുഴുവന്‍ ഇറച്ചിയായി കാണുന്ന ഐസക്കും അയാളുടെ സഹോദരനും ഹിംസയുടെ രാഷ്ട്രീയം അംഗീകരിച്ചവരാണ്. ആട്ടിറച്ചിയേക്കാള്‍ വിലകുറഞ്ഞ പശുവിറച്ചിയായിട്ടാണ് പുലയപ്പെണ്‍ക്കിടാങ്ങളുടെ ശരീരത്തെ അയാള്‍ കാണുന്നത്. അധികാരത്തിനു പുറത്തു നില്‍ക്കുന്നതുകൊണ്ടാണ് ദളിത് ശരീരങ്ങളെ വിലകുറഞ്ഞവരായി കാണുന്നത്. ഇത്തരത്തിലുള്ള സാംസ്‌കാരികമായ വിശകലനങ്ങള്‍ ഈ പ്രബന്ധസമാഹാരത്തിന്റെ സവിശേഷതയാണ്.

അയ്യപ്പന്‍ കഥകളിലെ ഭാഷാപരമായ സവിശേഷതകളെക്കുറിച്ചും ഗ്രന്ഥകാരന്‍ പഠിച്ചിട്ടുണ്ട്. ദളിത് ജീവിതത്തില്‍നിന്നുള്ള ശൈലികളും പ്രയോഗങ്ങളും കഥകളെ അനുവാചക മനസ്സുകളില്‍ സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. 'വട്ടക്കൊട്ടകയില്‍ വെള്ളം കോരുക', 'അച്ചാലും മുച്ചാലും', 'കല്ലേലിട്ട കലം പോലെ', 'ആട്ടിന്‍കാട്ടവും കൂര്‍ക്കക്കിഴങ്ങും തിരിച്ചറിയാതെ', 'തീറ് തട്ടുക', 'നെല്ലും മന്നലയും', 'മനസ്സ് വരാല്‍ പോലെ വഴുതി' തുടങ്ങി ധാരാളം പ്രയോഗങ്ങള്‍ കീഴാളജീവിതത്തിന്റെ സാക്ഷ്യപ്പെടുത്തലുകളാണ്.
അയ്യപ്പന്‍ കഥകളിലെ പുരാവൃത്തങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. അപൂര്‍വ്വമായി വരുന്ന പുരാവൃത്തങ്ങളിലെ പുരുഷന്മാര്‍ അധികാരസ്വരൂപങ്ങളാണ്.  ''അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ ഗോത്രസ്മൃതിയും സംസ്‌കാരവും അമ്മ ദൈവങ്ങളോടുള്ള ആരാധനയിലേക്കു നയിച്ച പ്രാപഞ്ചിക വീക്ഷണവുമായിരിക്കാം മിത്തുകളിലെ സ്ത്രീകഥാപാത്രങ്ങളിലേക്ക് കഥാകാരനെ ആനയിക്കുന്നത്'' എന്നാണ് ഇതിനെക്കുറിച്ച് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നത്.

'രോഷത്തിന്റെ മറുഭാഷയും സംസ്‌കാരത്തിന്റെ പ്രതിബോധവും' എന്ന കഥാപഠനം ദളിത് ജീവിതത്തിലേക്കുള്ള സാംസ്‌കാരിക പഠനമായി മാറുന്നു. ദളിതരുടെ സ്വത്വാവബോധത്തെ ജാതിസ്വത്വത്തില്‍നിന്ന് വേറിട്ടു കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രന്ഥകാരന്‍ അടിവരയിട്ടു പറയുന്നുണ്ട്. അയ്യപ്പന്‍ കഥകളുടെ ചരിത്രപരമായ ദൗത്യത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ''മലയാളത്തില്‍ വന്ന ആധുനികാവബോധം കൊളോണിയല്‍  ആധുനികതയുടെ സ്വത്വത്തെ സ്പര്‍ശിക്കാതെ പോയതുകൊണ്ട് നിമ്‌നതല ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഈ വിധം ഒരു റിയാക്ഷനായി ആവിഷ്‌കൃതമാവുക ചരിത്രപരമായ അനിവാര്യതയാണ്. ആ കൃത്യനിര്‍വ്വഹണത്തിലൂടെ അയ്യപ്പന്‍ കഥകള്‍, മലയാളത്തിലെ ആദ്യത്തെ ആധുനികാനന്തര പ്രതികരണ സാഹിത്യമായി തീരുകയാണ് ചെയ്യുന്നത്.'' മൗലികതയുള്ള ഇത്തരം ചില നിരീക്ഷണങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. കുറച്ചുകൂടി കഥകള്‍ തെരഞ്ഞെടുത്ത് ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇതു തികച്ചും പ്രൗഢമായ ഒരു ഗ്രന്ഥമാകുമായിരുന്നു എന്നതില്‍ സംശയമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com