അരുന്ധതി റോയിയുടെ തെരഞ്ഞെടുപ്പ് വിഡംബനം: ടിപി രാജീവന്‍ എഴുതുന്നു 

പാറപ്പുറത്തും ഒഴിഞ്ഞ കടവരാന്തകളിലുമിരുന്ന്  ശീട്ടുകളിക്കുക, കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്നു വില പങ്കിട്ട് മദ്യപിക്കുക തുടങ്ങിയ പരിപാടികളില്‍ അയാളെ കാണാത്തതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്.
അരുന്ധതി റോയിയുടെ തെരഞ്ഞെടുപ്പ് വിഡംബനം: ടിപി രാജീവന്‍ എഴുതുന്നു 

ല്ല വായനാശീലവും ബുദ്ധിവിശേഷവുമുള്ള, നാട്ടിന്‍പുറത്തുകാരനായ ഒരു ചെറുപ്പക്കാരനോട് അയാളുടെ വൈകുന്നേരങ്ങള്‍ എങ്ങനെയാണ് ചെലവഴിക്കുന്നത് എന്ന് കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ചോദിച്ചു. ആ നാട്ടിലെ ചെറുപ്പക്കാരുടെ സാധാരണ സായാഹ്ന വിനോദങ്ങളായ, പണം വെച്ചും വെറുതേയും പാറപ്പുറത്തും ഒഴിഞ്ഞ കടവരാന്തകളിലുമിരുന്ന്  ശീട്ടുകളിക്കുക, കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്നു വില പങ്കിട്ട് മദ്യപിക്കുക തുടങ്ങിയ പരിപാടികളില്‍ അയാളെ കാണാത്തതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. ''ഞങ്ങള്‍ കുറേ പേര്‍ രാത്രി വൈകുന്നതുവരെ ബസ് സ്റ്റോപ്പിലിരുന്ന്, ഉറക്കെയുറക്കെ രാഷ്ട്രീയം പറയും'' അയാള്‍ പറഞ്ഞു.
''എന്തു രാഷ്ട്രീയം?'' ഞാന്‍ ചോദിച്ചു.
''കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും കോണ്‍ഗ്രസ്സിന്റേയും മറ്റു പാര്‍ട്ടികളുടേയും രാഷ്ട്രീയം'' അയാള്‍ പറഞ്ഞു.
''അതിനു നിങ്ങളുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ്സുകാരും മറ്റു രാഷ്ട്രീയപ്പാര്‍ട്ടിക്കാരുമില്ലല്ലോ'', അയാള്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് എന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ ചോദിച്ചു.
''തര്‍ക്കിക്കാന്‍ വേണ്ടി, ഞങ്ങളില്‍ ചിലര്‍ തല്‍ക്കാലം കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും മുസ്ലിം ലീഗും, എന്തിന് ഫോര്‍വേഡ് ബ്ലോക്ക് വരെയാകും'' അയാള്‍ പറഞ്ഞു.
''ആ തര്‍ക്കം കഴിഞ്ഞാലോ?'' ഞാന്‍ ചോദിച്ചു.
''തര്‍ക്കം കഴിഞ്ഞ്, പാതിരാത്രി പിരിയാന്‍ നേരത്ത് എല്ലാവരും പഴയപോലെ കമ്യൂണിസ്റ്റുകാര്‍ തന്നെയാകും'', അയാള്‍ പറഞ്ഞു.
''തര്‍ക്കത്തില്‍ ആരാണ് ജയിക്കുക?'' സംഭാഷണം അവസാനിപ്പിക്കാന്‍ ഞാന്‍ ചോദിച്ചു.
''അതെന്ത് സംശയം? കമ്യൂണിസ്റ്റ് പക്ഷം നിന്നവര്‍ തന്നെ'' അയാള്‍ തീര്‍ത്തു പറഞ്ഞു.
ഈ സംഭാഷണം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അതിനിടയില്‍ തെരഞ്ഞെടുപ്പ് വന്നു. ഫലപ്രഖ്യാപന ദിവസമായി. അന്നു വേകുന്നേരം കോഴിക്കോട് നഗരത്തില്‍, ഞാന്‍ താമസിക്കുന്ന ഹൗസിങ്ങ് കോളനിയിലെ അയല്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന വോട്ടവകാശമുള്ള എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയോട്, അവന്‍ തിരക്കിട്ടു പോകുന്നതിനിടയില്‍  ഞാന്‍ ചോദിച്ചു: ''റിസള്‍ട്ട് എല്ലാം വന്നു, അല്ലേ?''
''അറിയില്ല അങ്കിള്‍'', അവന്‍ അത്ര തിരക്കില്‍ പറഞ്ഞു. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കു കാത്തു നില്‍ക്കാതെ, മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്ത് അവന്‍ കണ്ണില്‍നിന്നു മറഞ്ഞു. നഗരത്തില്‍ പുതുതായി വന്നുകൊണ്ടിരിക്കുന്ന ആധുനിക കളിസ്ഥലങ്ങളിലെവിടെയോ  ടെന്നിസോ, ക്രിക്കറ്റോ, നീന്തലോ പരിശീലിക്കാന്‍ ധൃതിയില്‍ പോകുകയായിരുന്നു, പ്രവേശന പരീക്ഷകളിലെല്ലാം ഉയര്‍ന്ന റാങ്കു നേടി, എന്‍ജിനീയറിങ് ബിരുദധാരിയാകാന്‍ പോകുന്ന, അതുവഴി രാഷ്ട്രത്തെ സേവിക്കാന്‍ തയ്യാറാകുന്ന, മിടുക്കനായ ആ ചെറുപ്പക്കാരന്‍. അവനുമായി ഒരു സംഭാഷണത്തിലേര്‍പ്പെടാനുള്ള എന്റെ എല്ലാ ശ്രമങ്ങളും 'ഹു കേയേഴ്‌സ് (Who Cares)' എന്ന ഒറ്റ മുഖഭാവം കൊണ്ട് അവന്‍ നിരുത്സാഹപ്പെടുത്തി. രാഷ്ട്രീയം മാത്രമല്ല, യേശുദാസിന്റേയും പി. സുശീലയുടേയും പാട്ട്, എം.ടി. വാസുദേവന്‍ നായരുടേയും മാധവിക്കുട്ടിയുടേയും കഥകള്‍, വരണ്ടു മെലിഞ്ഞ് ഇല്ലാതാകുന്ന ഭാരതപ്പുഴ, അരവിന്ദന്റേയും അടൂര്‍ ഗോപാലകൃഷ്ണന്റേയും സിനിമകള്‍, കലാമണ്ഡലം ആശാന്മാരുടെ വേഷങ്ങളും പാട്ടും; അങ്ങനെ എന്റെ കേരളത്തെ നിര്‍ണ്ണയിച്ചതൊന്നുമല്ല അവന്റെ താല്പര്യം.

അവനു വായനയില്ല, സാംസ്‌കാരിക ബോധമില്ല, അവന്‍ 'പൊള്ളയായ യുവതലമുറയുടെ പ്രതിനിധിയാണ്' എന്നൊന്നും കുറ്റപ്പെടുത്താന്‍ കഴിയില്ല. അവന്‍ വായിക്കുന്നുണ്ട്, സംഗീതം ആസ്വദിക്കുന്നുണ്ട്, മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. സംസ്ഥാന എന്‍ജിനീയറിങ് ഫെസ്റ്റിവലിനു കഴിഞ്ഞ വര്‍ഷം ചേതന്‍ ഭഗത് വന്നു എന്നു പറഞ്ഞപ്പോഴും, ഈ വര്‍ഷം അര്‍ണാബ് ഗോസ്വാമിയോ പ്രീതി ഷെണോയിയോ വരും എന്നു പറഞ്ഞപ്പോഴും അവന്റെ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടതാണ്.

ആര് ജയിക്കാന്‍? 
ആര് തോല്‍ക്കാന്‍?

ആര്‍ക്കായിരിക്കും, ഏത് മുന്നണിക്കായിരിക്കും, പാര്‍ട്ടിക്കായിരിക്കും അവന്‍ വോട്ടു ചെയ്തിട്ടുണ്ടാവുക. തെരഞ്ഞെടുപ്പു ദിവസം, ഉച്ചകഴിഞ്ഞ്, അച്ഛനുമമ്മയ്ക്കുമൊപ്പം പോളിങ്ങ് ബൂത്തിലേക്കു അവന്‍ പോകുന്നതു കണ്ടതുകൊണ്ട്, അവന്‍ വോട്ടു ചെയ്തു എന്ന് ഞാന്‍ അനുമാനിക്കുന്നു. പക്ഷേ, ആരു ജയിക്കാന്‍? ആരു തോല്‍ക്കാന്‍? സമകാലികമായ യാതൊരു വിഷയത്തിലും, വര്‍ഗ്ഗീയത, മതതീവ്രവാദം, ഫാഷിസം തുടങ്ങിയവയൊന്നിലും തല്പരനല്ലാത്ത, സ്വന്തം പഠനത്തിലും കളികളിലും, അത്തരം കാര്യങ്ങളില്‍ അഭിരമിക്കുന്ന കൂട്ടുകാരിലും മാത്രം ശ്രദ്ധിക്കുന്ന ആ ചെറുപ്പക്കാരനും അതുപോലുള്ളവരും ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ക്കായിരിക്കും വോട്ടു ചെയ്തിട്ടുണ്ടാവുക? തെരഞ്ഞെടുപ്പു ഫലം വന്നശേഷവും അവന്റെ മുഖത്ത് അമിതാഹ്ലാദമോ നൈരാശ്യമോ ഞാന്‍ കണ്ടിട്ടില്ല.

നാട്ടിന്‍പുറത്തെ ആ രാഷ്ട്രീയ പ്രബുദ്ധ യുവാവിലേക്കു തിരിച്ചുപോകുക. ഇടതുപക്ഷ ജനാധിപത്യ സ്ഥാനാര്‍ത്ഥിക്കു മാത്രമേ അയാള്‍ വോട്ടു ചെയ്തിരിക്കാന്‍ സാധ്യതയുള്ളൂ. പക്ഷേ, ആ സ്ഥാനാര്‍ത്ഥി തോറ്റു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നു ചോദിച്ചപ്പോള്‍, നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരുടെ ജാതി, മതം, വിശ്വാസം എന്നിവ തിരിച്ചുള്ള ഒരു വിശദീകരണം അയാള്‍ തന്നു. സങ്കീര്‍ണ്ണമായ ശതമാനക്കണക്കുകള്‍ ആയതിനാല്‍ ഒന്നും  മനസ്സിലായില്ല. എങ്കിലും മനസ്സിലായതായി ഞാന്‍ അഭിനയിച്ചു. തെരഞ്ഞെടുപ്പിനു മുന്‍പുള്ള വിജയസാദ്ധ്യതാ വിശകലനങ്ങള്‍ പോലെ തന്നെയുള്ള പരാജയ പഠനങ്ങളായിരുന്നു തെരഞ്ഞെടുപ്പു ഫലം അറിഞ്ഞശേഷം തോറ്റവര്‍ നടത്തിയത്. ഇതു കേട്ടും വായിച്ചും, ഇപ്പോള്‍ രാത്രി ചീവീടോ തവളയോ ശബ്ദിച്ചാല്‍ പോലും അത് തെരഞ്ഞെടുപ്പ് ഫല വിശകലനമാണോ എന്ന സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

തോല്‍വിയുടെ കാരണമായി തോറ്റവര്‍ പറയുന്നവയില്‍ ആവര്‍ത്തിച്ചു വരുന്നതാണ് ന്യൂനപക്ഷം, ജാതി, സമുദായം എന്നീ പദങ്ങള്‍. അതായത് ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കപ്പെട്ടു, സമുദായങ്ങള്‍ മാറി ചിന്തിച്ചു, ജാതിവോട്ടുകള്‍ മറുപക്ഷത്തേക്കു ഒഴുകി എന്നിങ്ങനെയുള്ള വാദങ്ങള്‍. ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളുമാണ് ഈ വിശകലന ന്യായീകരണവുമായി കൂടുതല്‍ രംഗത്തുവരുന്നത്. ഇത്തരം യുക്തികള്‍ക്കുപോലും ശക്തിയില്ലാത്ത ദുര്‍ബ്ബല ബുദ്ധിജീവികള്‍ പണ്ട് ആത്മഹത്യ ചെയ്ത കവി സുബ്രഹ്മണ്യദാസിന്റെ കുറിപ്പുകള്‍ അനുകരിച്ച് 'നാം തോറ്റ ജനതയാണെന്ന്' ഫേസ്ബുക്ക് കുറിപ്പെഴുതുന്നു. പേടിക്കേണ്ട, ആരും ആത്മഹത്യ ചെയ്തിട്ടില്ല.

മലയാള പത്രങ്ങളിലും ചാനലുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും ലഭ്യമായിട്ടുള്ള അറിവുകളില്‍നിന്നാണ് ഇത്രയും പറഞ്ഞത്. അതെല്ലാം നടത്തിയത് പ്രാദേശിക ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളുമാണ്. ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ നോക്കിയാല്‍ എടുത്തുപറയേണ്ടത് മൂന്നുപേരുടെ പ്രതികരണങ്ങളാണ്. അവയില്‍ പ്രകോപന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിച്ചത് അരുന്ധതി റോയ് എന്ന വിശ്വപ്രസിദ്ധ എഴുത്തുകാരിയുടെ ധാര്‍മ്മിക രോഷമാണ്. അമേരിക്കയിലെ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി എന്നീ നഗരങ്ങള്‍ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ദ ന്യൂ റിപ്പബ്ലിക്കില്‍ സാമുവല്‍ ഏര്‍ലെക്ക് നല്‍കിയ ഒരു ഇ-മെയില്‍ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത് ''എന്തായിരിക്കണം ജനാധിപത്യം എന്നതിന്റെ ഒരു വിഡംബനമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് എന്നാണ്. ഇതിനു കാരണമായി എഴുത്തുകാരി പറഞ്ഞത് താഴെ കൊടുത്ത കാര്യങ്ങളാണ്:

തീര്‍ച്ചായും തെരഞ്ഞെടുപ്പ് എന്നാല്‍ ഇന്ത്യയില്‍ സമ്പത്തിന്റേയും കെട്ടുകാഴ്ചകളുടേയും മുഖ്യധാരാ-സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന്റേയും വിഷയവുമായി ബന്ധപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് കമ്മിഷനടക്കം-ആര്‍ക്കറിയാം, ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളടക്കം-രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും അവരുടെ (ബി.ജെ.പിയുടെ) ആഗ്രഹത്തിനു വഴങ്ങി. അതായത്, പതിനായിരക്കണക്കിന് ഐ.ടി വിദഗ്ദ്ധരേയും സാമൂഹ്യ മാധ്യമപ്രവര്‍ത്തകരേയും അവര്‍ പണം കൊടുത്തു വിലയ്ക്കു വാങ്ങി. അവര്‍ ആയിരക്കണക്കിന് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സ്ഥാപിച്ച്, മതം, ജാതി, വര്‍ഗ്ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും ബൂത്തുതലം വരെ ശ്രദ്ധാപൂര്‍വ്വം  മെനഞ്ഞെടുത്ത പ്രചാരണം നടത്തി.

ബി.ജെ.പിയുടെ പ്രചാരണപരിപാടികളെക്കുറിച്ചുള്ള അരുന്ധതി റോയിയുടെ ഈ വിലയിരുത്തല്‍ തികച്ചും ശരിയാണ്. അതേസമയം, ആശയവിനിമയത്തിനും മാധ്യമ സ്വാധീനത്തിനുമുള്ള ആധുനിക സംവിധാനം ഉപയോഗിക്കുന്ന ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടിയാണോ ബി.ജെ.പി? സഹായത്തിനു കോര്‍പ്പറേറ്റുകളെ സമീപിക്കാത്ത, അവരുടെ സഹായം ഏറിയും കുറഞ്ഞും സ്വീകരിക്കാത്ത ഏത് ദേശീയ പാര്‍ട്ടിയുണ്ട് ഇന്ത്യയില്‍? ബി.ജെ.പി മാത്രമാണോ ഈ 'വിഡംബന'ത്തിലെ വേഷക്കാര്‍? ഒന്നുകൂടി ആലോചിച്ചാല്‍, മാധ്യമ കോര്‍പ്പറേറ്റുകളെ ആശ്രയിച്ചല്ലേ അരുന്ധതി റോയ് എന്ന എഴുത്തുകാരിയും രംഗപ്രവേശം ചെയ്തത്? വിലയ്ക്കുവാങ്ങിയ ഗവേഷണസംഘം, എഡിറ്റര്‍മാര്‍, ലണ്ടനില്‍നിന്നു പറന്നെത്തുന്ന, ഡേവിഡ് ഗോഡ്വിനെപ്പോലുള്ള സാഹിത്യ ഏജന്റുമാര്‍, പുസ്തകം ഇറങ്ങുന്നതിനു മുന്‍പേ സ്തുതിക്കുന്ന നിരൂപക വൃന്ദങ്ങള്‍, അഭിമുഖവിശാരദര്‍, പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍, ഹാഷറ്റ് പോലുള്ള കോര്‍പ്പറേറ്റ് ഭീമന്‍ പ്രസാധകര്‍, ബുക്കറിനും നോബലിനും വേണ്ടി അവര്‍ നടത്തുന്ന, ലണ്ടന്‍, ന്യൂയോര്‍ക്ക് കേന്ദ്രമാക്കിയുള്ള അന്താരാഷ്ട്ര സമ്മാന ചരടുവലികള്‍, ഇവയെല്ലാം തന്നെയാണ് എഴുത്തുകാരി എന്ന നിലയില്‍ അരുന്ധതിറോയിയുടെ വിജയത്തിനു പിന്നിലുമുള്ളത്. അപ്പോള്‍ അവരുടെ സാഹിത്യവും ഇന്ത്യന്‍ തെരഞ്ഞെടുപ്പുപോലെ ഒരു 'വിഡംബന'മല്ലേ?

നരേന്ദ്ര മോദിയുടെ രണ്ടാം വിജയത്തോടെ, ഇന്ത്യയിലെ മതേതര സംസ്‌കാരം തകര്‍ന്നു എന്നും ജനങ്ങള്‍ പരാജയപ്പെട്ടുവെന്നും നിരാശപ്പെടുന്നവര്‍  വായിക്കേണ്ടതാണ് അമേരിക്കയിലെ ജോണ്‍ ഹോപ്പ്കിന്‍സ് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡിസീലെ ദക്ഷിണേഷ്യന്‍ സ്റ്റഡീസ് വിഭാഗം പ്രൊഫസറും വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞനുമായ വാള്‍ട്ടര്‍ ആന്റേഴ്‌സണ്‍ നടത്തിയ നിരീക്ഷണം. അദ്ദേഹം പറയുന്നു:

രാജ്യത്തെ (ഇന്ത്യയെ) സംബന്ധിച്ചിടത്തോളം സുദൃഢമായ ഒരു ഘട്ടമാണ് ഈ ജനവിധി എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍. ചില വിഷയങ്ങളില്‍ ഹിന്ദുമതാനുകൂലമായ ഊന്നലുകള്‍ ഉണ്ടായേക്കാം. പക്ഷേ, ചിലര്‍ ഭയപ്പെടുന്നതുപോലെ അത് മതേതരത്വത്തിന്റെ അവസാനമല്ല. അത്തരം നാടകീയമായ മാറ്റങ്ങള്‍ക്കു സാധ്യമാകാത്തത്ര സങ്കീര്‍ണ്ണവും വൈവിധ്യം നിറഞ്ഞതുമാണ് ഇന്ത്യ. ഈ സങ്കീര്‍ണ്ണതയാണ് അതിന്റെ ശക്തി. സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന മെല്ലെയാണ് ഇന്ത്യയില്‍ മാറ്റങ്ങള്‍ സംഭവിക്കുക, നാടകീയമായിട്ടല്ല. പക്ഷേ, അത് സുസ്ഥിരമായിരിക്കും. (bit.ly/walter Anderson Interview).

നമ്മുടെ രാജ്യത്തിന്റെ ചരിത്രം, സംസ്‌കാരം എന്നിവയെല്ലാം പറഞ്ഞുതരാനും നമ്മളില്‍ ആത്മവിശ്വാസവും ധൈര്യവും പകരാനും ഒരു അമേരിക്കന്‍ പ്രൊഫസര്‍ തന്നെ വേണ്ടിവരുന്നു. നമ്മുടെ വലിയ എഴുത്തുകാര്‍ ചെയ്യുന്നതോ, അമേരിക്കയില്‍ ചെന്നു ജനാഭിപ്രായത്തെ 'വിഡംബനം' എന്ന് അവമതിക്കുക.

ആരു ജയിച്ചു, ആരു തോറ്റു എന്നു ശ്രദ്ധിക്കാത്ത നഗരവാസിയായ ആ എന്‍ജിനീയറിംങ് വിദ്യാര്‍ത്ഥിയിലേക്കു തിരിച്ചുവരിക. അവന്റെ ജാതി, വിഭാഗം, രാഷ്ട്രീയം, മതം ഒന്നും ചിത്രത്തിലില്ല. ഒരു തലമുറയെയാണ്  അവന്‍ പ്രതിനിധാനം ചെയ്യുന്നത്. പരാജയത്തിന്റെ കണക്കെടുപ്പുകളിലൊന്നും ഈ തലമുറയില്ല. ഈ തലമുറ ആര്‍ക്കായിരിക്കും വോട്ടു ചെയ്തിട്ടുണ്ടായിരിക്കുക? ആഗോള നിക്ഷേപകനും 'ജനാധിപത്യത്തിന്റെ പാതയില്‍: ഇന്ത്യയിലൂടെ 25 വര്‍ഷത്തെ യാത്ര (Democracy on the Road: A 25 year Journey Through India) എന്ന പുസ്തകത്തിന്റെ രചയിതാവുമായ രുചിര്‍ ശര്‍മ്മ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നുണ്ട്.

രുചിര്‍ ശര്‍മ്മയുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികള്‍ക്കും ക്ഷേമമനസ്സുള്ള സോഷ്യലിസ്റ്റ് ചിന്താരീതിയാണ് ഉള്ളത്. ഇടതു-വലത് അതിര്‍വരമ്പുകള്‍ ഇവിടെ മാഞ്ഞുപോയിരിക്കുന്നു. ''ദേശീയതലത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ ജനവിധി സൂചിപ്പിക്കുന്നത് ധാരാളം പുതിയ വോട്ടര്‍മാര്‍-യുവതലമുറ-ആ പാര്‍ട്ടിക്ക് അനുകൂലമായി വോട്ടുചെയ്തു എന്നാണ്.  മോദിയുടെ വ്യക്തിപ്രഭാവത്തിന്റെ പേരിലാണ് അതു സംഭവിച്ചത്. അല്ലാതെ ജാതിയുടേയോ സമുദായത്തിന്റേയോ അടിസ്ഥാനത്തിലല്ല.''

ഈ തലമുറയെയാണ് പരാജയപ്പെട്ട പാര്‍ട്ടികളുടെ നേതാക്കളും വക്താക്കളും ബുദ്ധിജീവികളും കാണാതേയും അറിയാതേയും പോയത്. ബസ് സ്റ്റോപ്പിലും ഫേസ്ബുക്കിലും രാത്രി ഉറക്കമൊഴിച്ചിരുന്നു രാഷ്ട്രീയം പറയുന്നതല്ല ഈ തലമുറ. അവര്‍ അങ്ങനെ ചിന്തിച്ചുവെങ്കില്‍ അതിനു തെരഞ്ഞെടുപ്പ് കമ്മിഷനേയും വോട്ടിങ്ങ് യന്ത്രത്തേയും പഴിചാരിയിട്ടു കാര്യമില്ല. അതാണ് വിഡംബനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com