തിരികെയെത്തുമോ അറേബ്യന്‍ കൊടുങ്കാറ്റ്?: സിദ്ധീഖ് കണ്ണൂര്‍ എഴുതുന്നു

അറബ് മേഖലകളിലെങ്ങും ജനാധിപത്യ മുറവിളികള്‍ക്ക് ആക്കം കൂട്ടിയ 'മുല്ലപ്പൂവസന്തം' അഥവാ 'ജനാധിപത്യ വിപ്ലവം' ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.
തിരികെയെത്തുമോ അറേബ്യന്‍ കൊടുങ്കാറ്റ്?: സിദ്ധീഖ് കണ്ണൂര്‍ എഴുതുന്നു

റബ് മേഖലകളിലെങ്ങും ജനാധിപത്യ മുറവിളികള്‍ക്ക് ആക്കം കൂട്ടിയ 'മുല്ലപ്പൂവസന്തം' അഥവാ 'ജനാധിപത്യ വിപ്ലവം' ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.
2010-ല്‍ ടുണീഷ്യയിലെ തെരുവ് കച്ചവടക്കാരന്‍ മുഹമ്മദ് ബു അസീസിയുടെ ജീവത്യാഗമായിരുന്നു തുടര്‍ന്നിങ്ങോട്ടുള്ള രാഷ്ട്രീയ വിപ്ലവങ്ങള്‍ക്കു വഴിയൊരുക്കിയത്. അന്ന് 26 കാരനായ ബു അസീസി, തന്റെ സ്ഥാപനത്തിനു മുന്നില്‍ നടത്തിയ ആത്മാഹുതിയില്‍ നിന്നുമാണ് 'അറേബ്യന്‍ വസന്തം' അഥവാ 'അറേബ്യന്‍ നവോത്ഥാനം' തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടുവരുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കു വിത്തുപാകിയത്. അറബ് രാജ്യങ്ങളില്‍ മാത്രമല്ല, അങ്ങകലെ, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ വിപ്ലവത്തിന്റെ ആഘാതങ്ങള്‍ ശക്തി പ്രാപിച്ചുകഴിഞ്ഞു. ഇപ്പോള്‍ അത്, നിരവധി രാജ്യങ്ങള്‍ പിന്നിട്ട് സുഡാനിലെ രാഷ്ട്രീയ അട്ടിമറികളില്‍ വരെ എത്തിനില്‍ക്കുന്നു. മൊറോക്കോ, സിറിയ, ലിബിയ, ഈജിപ്ത്, ബഹ്‌റൈന്‍. അള്‍ജീരിയ, സുഡാന്‍... അങ്ങനെ നീളുന്നു ഈ രാജ്യങ്ങളുടെ പട്ടിക.                                                                                                                

ടുണീഷ്യന്‍ ഏകാധിപതിയായിരുന്ന സൈനുല്‍ ആബിദീന്‍ ബെന്‍ അലിയുടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ജനവിരുദ്ധ ഭരണമാണ് ബു അസീസി ആത്മാഹുതിയിലൂടെ തകിടം മറിച്ചത്. ജനങ്ങളെ നിരന്തരമായി അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന പൊലീസ് നടപടികളോടുള്ള പ്രതികാരമായാണ് ഈ ചെറുപ്പക്കാരന്‍ തന്റെ സ്ഥാപനത്തിനു മുന്നില്‍വച്ച് തീകൊളുത്തി മരിച്ചത്. വ്യാപാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ ഇയാള്‍ പലപ്പോഴായി അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഇതിനെത്തുടര്‍ന്ന്, ജീവിതം വഴിമുട്ടിയതോടെയാണ് അസീസി ജീവിതം തന്നെ അവസാനിപ്പിച്ചത്. ഇതോടെ, ബെന്‍ അലിക്കെതിരെയുള്ള ജനവികാരം കരുത്താര്‍ജ്ജിക്കുകയും ജനലക്ഷങ്ങള്‍ അണിനിരന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. വര്‍ദ്ധിച്ചുവരുന്ന അഴിമതികള്‍, തൊഴിലില്ലായ്മ, കുറഞ്ഞ കൂലി, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കനത്ത വിലക്കുകള്‍ തുടങ്ങിയവയാണ് ജനരോഷം ആളിപ്പടരാന്‍ കാരണമായത്. ബു അസീസി അതിനൊരു നിമിത്തമായെന്നു മാത്രം. ഇതോടെ, 'തുനീഷ്യയുടെ വിപ്ലവ നേതാവ്' എന്ന പേരാണ് ഈ യുവാവ് സ്വന്തമാക്കിയത്. 

ടുണീഷ്യയില്‍ രൂപം കൊണ്ട രാഷ്ട്രീയ കൊടുങ്കാറ്റ് തകിടംമറിച്ചത് അറബ് മേഖലയിലെ നിരവധി ഭരണകൂടങ്ങളെയാണ്. പതിറ്റാണ്ടുകള്‍ നീണ്ട ജനദ്രോഹപരമായ ഭരണങ്ങള്‍ നടത്തിവന്ന സ്വേച്ഛാധിപതികള്‍ക്ക് അധികാരക്കസേരകള്‍ ഒഴിയേണ്ടിവന്നുവെന്നു മാത്രമല്ല, ചിലര്‍ക്ക് മറ്റു രാജ്യങ്ങളില്‍ അഭയം തേടേണ്ടിയും വന്നു.

ടുണീഷ്യയില്‍ അഴിമതിഭരണം നടത്തിയ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ ബെന്‍ അലി, പൊതുജനപ്രക്ഷോഭങ്ങളെ നേരിടാനാവാത്തവിധം ദുര്‍ബ്ബലനായിക്കഴിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ഭാര്യാസമേതം സൗദി അറേബ്യയിലേക്കു രക്ഷപ്പെടുകയാണുണ്ടായത്. പിന്നീട് അധികാരത്തില്‍ വന്ന ജനാധിപത്യ സര്‍ക്കാറിന്റെ കോടതി ബെന്‍ അലിക്ക് 35 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. എന്നാല്‍, പ്രതിയെ വിട്ടുനല്‍കാന്‍ സൗദി തയ്യാറാവാത്തതിനാല്‍, കോടതിവിധി നടപ്പിലാക്കാന്‍ കഴിഞ്ഞതുമില്ല.

അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് ബൂത്ത്ഫ്‌ലിക്ക
അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് ബൂത്ത്ഫ്‌ലിക്ക

2017 ഡിസംബറില്‍ ആദ്യ ജനാധിപത്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിലുണ്ടായ കാലതാമസം ടുണീഷ്യയില്‍ തുടര്‍ച്ചയായ ഭരണസ്തംഭനത്തിനും കാരണമായി. പല തവണകളായി മാറ്റിവയ്ക്കപ്പെട്ട പൊതുതെരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍, അറബ് മേഖലയിലെ ആദ്യത്തെ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ടുണീഷ്യയിലെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വച്ചുപുലര്‍ത്തുന്നത്. 

ആദ്യത്തെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പില്‍ ബെജി സിദ് എസ്സബ്‌സി പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭരണരംഗത്ത് വേണ്ടത്ര ചലനങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ഇസ്ലാമിക് അല്‍ നഹ്ദ, തഹ്യാ ട്യൂണിസ്, നിദാ ട്യൂണിസ് എന്നീ മൂന്നു പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഭരണമായിരുന്നു എന്നതിനാല്‍, പരസ്പരം പോരടിക്കുന്ന പാര്‍ട്ടിനേതാക്കള്‍ക്കിടയില്‍ സമവായം ഉണ്ടാക്കുക എന്നുള്ളത് എസ്സബ്‌സിയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു.
ആദ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിച്ചെങ്കിലും ടുണീഷ്യന്‍ ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങളിപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി നടക്കുമെന്നാണറിയുന്നത്. എന്നാല്‍, ഇതെഴുതുമ്പോഴും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആരും തയ്യാറായിട്ടുമില്ല.

യമനില്‍ ദുര്‍ഭരണം നടത്തിയ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനു ഭരണ വിരാമത്തോടൊപ്പം സ്വന്തം ജീവന്‍ തന്നെ ബലികൊടുക്കേണ്ടിവന്നു.
1978 മുതല്‍ വടക്കന്‍ യമനിലെ ഭരണം ഏറ്റെടുത്ത സാലിഹ്, 1990-ല്‍ ഐക്യ യമന്‍ നിലവില്‍ വന്നതോടെ ആ രാജ്യത്തിന്റെ പ്രസിഡന്റായി അധികാരം ഏറ്റെടുത്തു. 2012 വരെ തികഞ്ഞ ഏകാധിപതിയായി വാണിരുന്ന ഇദ്ദേഹത്തിനെതിരെ സംഘടിക്കാന്‍ ആ രാജ്യത്തെ ജനങ്ങള്‍ക്കു പ്രചോദനമായത് ടുണീഷ്യന്‍ വിപ്ലവവീര്യമായിരുന്നു. എന്നാല്‍, ശത്രുപക്ഷത്തുണ്ടായിരുന്ന ഹൂതികളുടെ അപ്രതീക്ഷിതാക്രമണം ഈ സ്വേച്ഛാധിപതിയുടെ ദിനങ്ങള്‍ അവസാനിപ്പിച്ചു.

ടുണീഷ്യയിലെ രാഷ്ട്രീയ വിപ്ലവം തൊട്ടടുത്ത രാജ്യമായ ഈജിപ്തിലേയ്ക്ക് പടര്‍ന്നതു വളരെ പെട്ടെന്നായിരുന്നു. 1981 മുതല്‍ അധികാരം ദുര്‍വ്വിനിയോഗം ചെയ്തുവന്നിരുന്ന പ്രസിഡന്റ് ഹുസ്നി മുബാറക്കിനെ പുറത്താക്കാന്‍ നിരവധി കാരണങ്ങള്‍ ഈജിപ്ഷ്യന്‍ ജനതയ്ക്കു മുന്‍പിലുണ്ടായിരുന്നു. രാജ്യത്തിന്റെ സമ്പത്തും പൊതുമുതലുകളും വന്‍തോതില്‍ കൊള്ളയടിക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കാനിടയാക്കുകയും ചെയ്ത ഹുസ്‌നി ഭരണം ജനങ്ങള്‍ക്ക് അത്രയേറെ മടുത്തിരുന്നുവെന്ന് അവിടുത്തെ കലാപങ്ങളുടെ വ്യാപ്തി തെളിയിക്കുന്നു.
പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഹുസ്‌നി മുബാറക്കിനെതിരെ നിരവധി കേസുകളാണ് ചുമത്തിയത്. അഴിമതിക്കു പുറമെ, തെരുവിലിറങ്ങിയ പൊതുജനങ്ങളെ കൂട്ടക്കൊലചെയ്തുവന്നതും വന്‍ പാതകമായി കോടതി കണ്ടെത്തി. 2012-ല്‍ കോടതി, അദ്ദേഹത്തിനു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍, പിന്നീട് നടന്ന പുനര്‍വിചാരണയില്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചെങ്കിലും, അദ്ദേഹത്തിന്റെ രണ്ടു മക്കളെക്കൂടി അഴിമതിക്കേസില്‍ കോടതി ശിക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ 90 വയസ്സ് പൂര്‍ത്തിയായ, രോഗബാധിതനായ മുബാറക് ഈജിപ്തില്‍ ശിഷ്ടജീവിതം തള്ളിനീക്കുകയാണ്.

ട്യുണീഷ്യയിലേയും ഈജിപ്തിലേയും യമനിലേയും സ്വേച്ഛാധിപതികളുടെ പതനങ്ങള്‍ അറബ് -ആഫ്രിക്കന്‍ മേഖലയിലെ പല രാജ്യങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. സിറിയ, മൊറോക്കോ, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ ഉദാഹരണങ്ങള്‍. ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും രാഷ്ട്രീയ വിപ്ലവങ്ങളുടെ അലയൊലികള്‍ പ്രകടമായെങ്കിലും വളരെ പെട്ടെന്ന് ഇത് അമര്‍ച്ച ചെയ്യാന്‍ ആ രാജ്യങ്ങള്‍ക്കു കഴിഞ്ഞു. അനിവാര്യവും കാലോചിതവുമായ മാറ്റങ്ങള്‍ വരുത്താന്‍ ഭരണകൂടങ്ങള്‍ തയ്യാറായതോടെയാണ് അവിടങ്ങളില്‍ സമാധാന രാഷ്ട്രീയാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്.

ലിബിയന്‍ ഭരണാധികാരി കേണല്‍ ഗദ്ദാഫിയുടെ അന്ത്യം അത്യന്തം ദയനീയമായിരുന്നു. പതിറ്റാണ്ടുകളോളം പൊതുജനങ്ങളെ അടക്കിഭരിച്ച ഗദ്ദാഫിയെ കലാപകാരികള്‍ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതും പിന്നീട് ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതുമൊക്കെ ലോക ജനത കണ്ടു ഞെട്ടിയ കാഴ്ചകളാണ്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയും പൊതുസമ്പത്ത് കൊള്ളയടിച്ചും മുന്നോട്ടു പോകുന്ന പല സ്വേച്ഛാധിപതികള്‍ക്കുമുള്ള താക്കീതു കൂടിയായിരുന്നു ഗദ്ദാഫിക്കു നല്‍കപ്പെട്ട ശിക്ഷ. എന്നാല്‍, എരിതീയില്‍നിന്നും എടുത്തു വറചട്ടിയിലേക്കിട്ട അവസ്ഥയിലാണിപ്പോള്‍ ലിബിയന്‍ ജനതയുടെ അവസ്ഥ.

ഗദ്ദാഫിക്കു ശേഷം പല പ്രാദേശിക സംഘടനകള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും അത് രാജ്യത്തെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കു നയിക്കുകയാണ് ചെയ്തത്. തൊഴില്‍ രാഹിത്യവും പട്ടിണിയും തകര്‍ന്ന സമ്പദ്വ്യവസ്ഥകളുമെല്ലാം ഇപ്പോഴും ലിബിയന്‍ തെരുവുകളില്‍ മുദ്രാവാക്യങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സുസ്ഥിരമായ ഒരു ഭരണം അടുത്തകാലത്തൊന്നും സാധ്യമാകാത്ത വിധമാണ് ലിബിയയിലെ രാഷ്ട്രീയാന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നത്.

2011 ജനുവരിയില്‍ കെയ്‌റോയിലെ തഹ്വിര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍
2011 ജനുവരിയില്‍ കെയ്‌റോയിലെ തഹ്വിര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍

അടുത്തിടെയായി ലിബിയയില്‍നിന്നുള്ള അഭയാര്‍ത്ഥിപ്രവാഹം ഏറെ ശക്തിപ്രാപിച്ചിട്ടുണ്ട്. മെഡിറ്റേറിയന്‍ കടലിടുക്കുകള്‍ വഴി ബോട്ടുകളിലും മറ്റുമായി ദിനംപ്രതി ആയിരങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പലായനം ചെയ്തുവരുന്നു. വളരെയേറെ അപകടങ്ങള്‍ നിറഞ്ഞ ഈ പലായനങ്ങള്‍ക്കിടെ നൂറുകണക്കിനു പേര്‍ക്കാണ് ജീവഹാനി സംഭവിക്കുന്നത്.
'അറബ് വസന്തം' ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയ മറ്റൊരു രാജ്യം ഈജിപ്ത് ആയിരുന്നു. 

അറബ് മേഖലയില്‍ 'ജനാധിപത്യം' എന്ന ആശയം രൂപപ്പെട്ടത് ട്യുണീഷ്യയിലാണെങ്കിലും അതിന്റെ പരീക്ഷണശാലയായത് ഈജിപ്ത് ആയിരുന്നുവെന്നു പറയാം.
മുന്‍ ഭരണാധികാരി ഹുസ്നി മുബാറക്കിനെ താഴെയിറക്കിയ ഈജിപ്ഷ്യന്‍ ജനത, ഏറെ പ്രതീക്ഷയോടെയാണ് ആദ്യമായി ജനാധിപത്യ രീതിയില്‍ വിധിയെഴുത്ത് നടത്തിയത്. 2012-ല്‍ അവര്‍ ആദ്യത്തെ ജനകീയ ഭരണാധികാരിയായി മുഹമ്മദ് മുര്‍സിയെ തെരഞ്ഞെടുത്തു. എന്നാല്‍, അല്പായുസ്സായിരുന്നു ആദ്യ സര്‍ക്കാരിന്. മുര്‍സിയുടെ ആഭ്യന്തര സുരക്ഷാവകുപ്പ് മന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സിസി തികച്ചും അപ്രതീക്ഷിതമായ നീക്കങ്ങളിലൂടെ മുര്‍സി സര്‍ക്കാരിനെ തകിടംമറിക്കുകയും പ്രസിഡന്റായി അധികാരം ഏറ്റെടുക്കുകയും ചെയ്തു. ചില ഭരണഘടനാ ഭേദഗതികളിലൂടെ 2030 വരെ ഭരണം തുടരാനുള്ള അധികാരം അബ്ദുല്‍ ഫത്താഹ് സിസി നേടിയെടുത്തത് ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു.

ജനാധിപത്യവിപ്ലവങ്ങള്‍ക്ക് ഏറ്റവും കനത്ത വില നല്‍കേണ്ടിവന്ന രാജ്യം സിറിയ ആയിരുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം ദുരന്തങ്ങളും യാതനകളും നഷ്ടങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സിറിയന്‍ ജനതയുടെ നിലവിളികള്‍ ഒന്‍പതുവര്‍ഷമായി തുടരുന്നു. പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കി പകരം ജനാധിപത്യ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനുള്ള സിറിയന്‍ ജനതയുടെ അഭിവാഞ്ഛ അവരെക്കൊണ്ടെത്തിച്ചത് ആര്‍ക്കും പ്രവചിക്കാനാവാത്തവിധമുള്ള വന്‍ ആപത്തുകളിലേക്കാണ്. ദുരന്തങ്ങളില്‍നിന്നും അതീവ ദുരന്തങ്ങളിലേയ്ക്ക് ആണ്ടുപോകുന്ന സിറിയ ഇന്ന്, ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ള രാജ്യം എന്ന പേരിലും അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ആഭ്യന്തര യുദ്ധം അടിക്കടി ശക്തിപ്രാപിച്ചുവരുന്ന സിറിയയില്‍നിന്നും പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് പലായനം ചെയ്തുവരുന്നത്. തുര്‍ക്കിയും ഗ്രീസും ചില യൂറോപ്യന്‍ രാജ്യങ്ങളും ഇവര്‍ക്ക് അഭയം നല്‍കിവരുന്നുണ്ടെങ്കിലും വര്‍ധിച്ചുവരുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ഇത്തരം രാജ്യങ്ങള്‍ക്കും വലിയ ബാധ്യതകളായി മാറിയിട്ടുണ്ട്. വന്‍തോതിലുള്ള അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനു പുറമെ, അനുബന്ധ സംവിധാനങ്ങളും തൊഴിലും നല്‍കുകയെന്നതാണ് അഭയം നല്‍കിയ രാജ്യങ്ങള്‍ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.

ആഭ്യന്തര യുദ്ധങ്ങളില്‍ പൊറുതിമുട്ടിക്കഴിയുന്ന സിറിയയുടെമേല്‍ ആഞ്ഞടിച്ച മറ്റൊരു കൊടുങ്കാറ്റായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദവും അവര്‍ അഴിച്ചുവിട്ട കൊടും ക്രൂരതകളും.     
ചുരുങ്ങിയ കാലംകൊണ്ട് ലക്ഷക്കണക്കിനു നിരപരാധികളെയാണ് ഐ.എസ് കലാപകാരികള്‍ കൊന്നൊടുക്കിയത്. തിരിച്ചറിയാനാവാത്തവിധം വികൃതമാക്കപ്പെട്ട മൃതദേഹങ്ങളുടെ കൂമ്പാരങ്ങള്‍ നഗരങ്ങളിലെ കെട്ടിടങ്ങള്‍ക്കകത്തും പുറത്തും കുന്നുകൂടിക്കിടക്കുന്ന ഭീകരങ്ങളായ കാഴ്ചകള്‍!

സിറിയ ആസ്ഥാനമാക്കി സ്വന്തം സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ ഗ്രൂപ്പ് വര്‍ഷങ്ങളായി ലോകത്തിന്റെ മൊത്തം സ്വാസ്ഥ്യം കെടുത്തും വിധമാണ് പ്രവര്‍ത്തിച്ചുവരുന്നത്.

മുഅമ്മര്‍ അല്‍ ഗദ്ദാഫി
മുഅമ്മര്‍ അല്‍ ഗദ്ദാഫി


അടുത്തിടെയായി, ഇവരെ അമര്‍ച്ച ചെയ്തതായും ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരികെ പിടിച്ചതായും അമേരിക്കന്‍ സുരക്ഷാവൃത്തങ്ങളും മറ്റും അവകാശപ്പെടുന്നുണ്ടെങ്കിലും പലയിടങ്ങളിലായി ഇവരുടെ രഹസ്യ കേന്ദ്രങ്ങള്‍ ഇപ്പോഴും സജീവമാണെന്നാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തമായ ഒരു തിരിച്ചുവരവിനുള്ള സാധ്യതകളും ആഗോള മാധ്യമങ്ങള്‍ തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ, പലായനം ചെയ്യപ്പെട്ട ദശലക്ഷങ്ങളുടെ തിരിച്ചുവരവും സമീപകാല ഭാവിയിലൊന്നും സാധ്യമല്ല എന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

അറബ് വസന്തം തുടങ്ങിയ ശേഷം ഏതാണ്ട് പത്തു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും രാജ്യത്തെ പൗരന്മാരില്‍ പകുതിയിലേറെപ്പേര്‍ പലായനം ചെയ്യപ്പെടുകയും അവശേഷിക്കുന്നവരില്‍ നല്ലൊരു ഭാഗം പേര്‍ ഭവനരഹിതരായി രാജ്യത്തിന്റെ പലയിടങ്ങളിലായി താല്‍ക്കാലിക കേന്ദ്രങ്ങളില്‍ താമസിക്കുകയും ചെയ്തുവരുന്നതായാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, അറബ് വിപ്ലവങ്ങള്‍ അരങ്ങേറിയ മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളെ അപേക്ഷിച്ച്, സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദ് ഇപ്പോഴും അധികാരത്തില്‍ തുടരുന്നുവെന്നത് വലിയൊരു അതിശയോക്തിയായി തുടരുന്നു. 

കരിന്തിരി കത്തിയ വിപ്ലവശ്രമങ്ങള്‍
വര്‍ഷങ്ങള്‍ക്കു മുന്‍പ്, മുവാവിയ സയസനാഹ് എന്ന 15 കാരന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു സ്‌കൂള്‍ ചുമരില്‍ ചില മുദ്രാവാക്യങ്ങള്‍ എഴുതിവെച്ച സംഭവമായിരുന്നു സിറിയന്‍ ജനാധിപത്യവിപ്ലവങ്ങള്‍ക്കു കാരണമായത്. തങ്ങളുടെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു ആ ചെറുപ്പക്കാര്‍ പ്രകടിപ്പിച്ചത്. എന്നാല്‍, വിവരമറിഞ്ഞെത്തിയ പൊലീസുകാര്‍, ഇവരെ പിടിച്ചുകൊണ്ടുപോയി തടവറകളില്‍ പാര്‍പ്പിക്കുകയും കൊടിയ പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്തു. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം നരനായാട്ട് നടന്നുവരുന്ന സിറിയയുടെ കൊടിയ ദുരന്തങ്ങള്‍ക്കു വഴിമരുന്നിട്ടത് ഈ ചെറുപ്പക്കാരായിരുന്നു. ഇപ്പോള്‍ ഇവരില്‍ ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നറിയില്ല. ജീവനുള്ളവര്‍ തന്നെ എവിടെയാണെന്നും.

ഒന്‍പതാം വര്‍ഷത്തിലേക്കു കടന്ന സിറിയയിലെ ആഭ്യന്തര യുദ്ധങ്ങള്‍ക്കു മുന്നില്‍ ഒന്നും ചെയ്യാനാവാതെ പകച്ചുനില്‍ക്കുകയാണ് ഐക്യരാഷ്ട്ര സഭയുള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളും ലോക നേതാക്കളും. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അറബ് പോരാട്ടങ്ങളുടെ നേര്‍ക്കാഴ്ചകളാണ് സിറിയയുടെ ഇന്നത്തെ അവസ്ഥകള്‍.

അറബ് വസന്തങ്ങളുടെ തുടര്‍ച്ചയെന്നോണം ദുരന്തങ്ങള്‍ മാത്രം ഏറ്റുവാങ്ങിയ മറ്റൊരു രാജ്യമാണ് യമന്‍. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ കാലശേഷം അവിടെ ഒരു ദിവസം പോലും സമാധാനം പുലര്‍ന്നിട്ടില്ല എന്നതാണ് സത്യം. ആഭ്യന്തര യുദ്ധങ്ങള്‍ക്കു പുറമെ, അയല്‍രാജ്യങ്ങളില്‍നിന്നുമുള്ള ആക്രമണങ്ങള്‍ യമന്‍ എന്ന രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ചുടലക്കളമാക്കിയിരിക്കുന്നു. മിസൈല്‍ ആക്രമണങ്ങളിലും മറ്റും മരിച്ചുവീണുകൊണ്ടിരിക്കുന്ന മറവുചെയ്യാത്ത ലക്ഷക്കണക്കിനു ശരീരങ്ങള്‍ ഭീകരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

2011-ലെ രാഷ്ട്രീയവിപ്ലവങ്ങള്‍ക്കു ശേഷം അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയിലേക്ക് പ്രസിഡന്റ് സ്ഥാനം കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും രാജ്യത്ത് നിലനിന്നിരുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ഇത്, തക്കം പാര്‍ത്തിരുന്ന ഹൂതി ഷിയാ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം നല്ലൊരവസരവുമായി. വളരെ എളുപ്പത്തില്‍ തന്നെ യമന്റെ പ്രധാന പ്രവിശ്യകളെല്ലാം പിടിച്ചെടുക്കാന്‍ ഹൂതികള്‍ക്കു സഹായകമായത് പ്രസിഡന്റിന്റെ ഈ ദൗര്‍ബ്ബല്യമായിരുന്നു. ഇവരില്‍നിന്നും പഴയ പ്രവിശ്യകളെല്ലാം തിരികെ പിടിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സുന്നി രാജ്യങ്ങള്‍ ആരംഭിച്ച തിരിച്ചടികളുടെ തുടര്‍ച്ചയാണ് ഇന്ന് കാണുന്ന യമനിലെ ഭീകരക്കാഴ്ചകള്‍.

ഈജിപ്തില്‍ നടന്ന തെരുവു കലാപങ്ങള്‍
ഈജിപ്തില്‍ നടന്ന തെരുവു കലാപങ്ങള്‍


അല്പനാളത്തെ ഇടവേളയ്ക്കുശേഷം, 'അറേബ്യന്‍ കൊടുംകാറ്റ്' വീണ്ടും ശക്തിയാര്‍ജ്ജിക്കുമെന്ന മുന്നറിയിപ്പാണ് അള്‍ജീരിയയിലേയും സുഡാനിലേയും ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നല്‍കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ആദ്യവാരത്തില്‍ അരങ്ങേറിയ സമാന സ്വഭാവമുള്ള സംഭവവികാസങ്ങള്‍ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് അള്‍ജീരിയയിലേയും സുഡാനിലേയും സ്വേച്ഛാധിപത്യ ഭരണങ്ങള്‍ തകിടംമറിച്ചത്. ട്യൂണിഷ്യയിലേയും ഈജിപ്തിലേയും വിപ്ലവങ്ങളില്‍നിന്നും ഏറെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട ജനലക്ഷങ്ങള്‍ തികച്ചും സമാധാനപരമായ നീക്കങ്ങളിലൂടെയാണ് നേതാക്കളെ പാഠം പഠിപ്പിച്ചത്. വര്‍ഷങ്ങളായി ഉരുണ്ടുകൂടിയ രാഷ്ട്രീയ അസ്വസ്ഥതകള്‍ ഇരുരാജ്യങ്ങളിലേയും ജനലക്ഷങ്ങളെ മണിക്കൂറുകള്‍ക്കകം തെരുവീഥികളിലും മറ്റും ഒന്നിപ്പിച്ചു. എന്നാല്‍, ഇതര രാജ്യങ്ങളെയപേക്ഷിച്ചു കൂടുതല്‍ രക്തം വീഴാതെയുള്ള പോരാട്ടങ്ങളായിരുന്നു അള്‍ജീരിയയിലും സുഡാനിലും അരങ്ങേറിയത്. 

അള്‍ജീരിയയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഈ വര്‍ഷം തുടക്കത്തോടെയാണ് തന്നെ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേയ്ക്കു നീങ്ങിയത്. ഇക്കഴിഞ്ഞ മെയ് മാസം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അഞ്ചാം തവണയും ജനവിധി തേടുമെന്ന് പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൗത്ഫ്ലിക്ക പ്രഖ്യാപിച്ചതോടെയാണ് പുതിയ പ്രക്ഷോഭങ്ങള്‍ക്കു കാരണമായത്. പ്രായാധിക്യം മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചുവരുന്ന ബൗത്ഫ്‌ലിക്കയുടെ ഈ പ്രഖ്യാപനത്തെ ജനങ്ങള്‍ എതിരേറ്റത് കടുത്ത പ്രതിഷേധങ്ങളോടെയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ദുര്‍ഭരണം നടത്തിവന്ന പ്രസിഡന്റിനെ ഇനിയും അംഗീകരിക്കാന്‍ തയ്യാറല്ലെന്നു ജനങ്ങള്‍ ഉറക്കെ പ്രഖ്യാപിച്ചതോടെ അള്‍ജീരിയയുടെ ഭരണം ത്രിശങ്കുവിലുമായി. 

ബൗത്ഫ്‌ലിക്ക ഇത്തവണയും ജനവിധി നേടുകയാണെങ്കില്‍ 2024-ല്‍ അടുത്ത തെരഞ്ഞെടുപ്പുവരെ ഭരിക്കാനുള്ള യോഗ്യത നേടും. എന്നാല്‍, 83 പിന്നിട്ട ഇദ്ദേഹത്തെ ഇനിയും ഒരു കാരണവശാലും അധികാരത്തില്‍ തുടരാന്‍ സമ്മതിക്കില്ലെന്നതാണ് പൊതുജനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

പ്രസിഡന്റിനെ താഴെയിറക്കുക മാത്രമല്ല, പ്രധാനമന്ത്രി അഹമ്മദ് ഔയാഹിയ സ്ഥാനം രാജിവയ്ക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും വേണം എന്നതാണ് അള്‍ജീരിയന്‍ ജനതയുടെ ആവശ്യം.
 'ആലിബാബ പോയി, ഇനി 40 കള്ളന്മാര്‍ ബാക്കിയുണ്ട്' എന്നും മറ്റും എഴുതിയ ബാനറുകള്‍ ഇതിനകം തന്നെ രാജ്യത്തിന്റെ പ്രധാന വേദികളിലെങ്ങും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. അള്‍ജീരിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൊതുജനങ്ങള്‍ ഇത്രത്തോളം ശുഭാപ്തിവിശ്വാസത്തോടേയും അതിലേറെ കരുതലോടേയും തെരുവിലിറങ്ങി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്.

ടുണീഷ്യന്‍ പ്രസിഡന്റ് സൈന്‍ എല്‍ അബിദിന്‍ ബെന്‍ അലി
ടുണീഷ്യന്‍ പ്രസിഡന്റ് സൈന്‍ എല്‍ അബിദിന്‍ ബെന്‍ അലി

പൊതുജന പ്രക്ഷോഭങ്ങള്‍ തുടക്കം മുതല്‍ തന്നെ വിജയം കണ്ടു. ശക്തമായ ജനമുന്നേറ്റം തടയാനാവാതെ വന്നപ്പോള്‍, താന്‍ ഹിതപരിശോധനയില്‍നിന്നും പിന്മാറുകയാണെന്നു ബൗത്ഫ്ലിക്കയ്ക്കു പ്രഖ്യാപിക്കേണ്ടിവന്നു. എന്നാല്‍, പുതിയ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതുവരെ രാജ്യത്തെ ആരു നയിക്കും എന്ന സങ്കീര്‍ണമായ ചോദ്യം ബാക്കി നില്‍ക്കുന്നു. അള്‍ജീരിയന്‍ ഭരണഘടനയിലെ 102, 104 വകുപ്പുകള്‍ പ്രകാരം താല്‍ക്കാലിക ഭരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതും അസാധ്യമാണ്. ഏതെങ്കിലും അടിയന്തര ഘട്ടത്തില്‍ രാഷ്ട്രത്തലവന്‍ നീക്കം ചെയ്യപ്പെടുന്നപക്ഷം, തല്‍സ്ഥാനത്തേക്കുള്ള പുതിയ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാടില്ലെന്നതാണ് വ്യവസ്ഥ. ഈ അവസരം മുതലെടുക്കാന്‍ ബൗത്ഫ്‌ലിക്ക നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.

ഏതാണ്ട് 27 പേര്‍ ഉള്‍പ്പെടുന്ന കാവല്‍ മന്ത്രിസഭ രൂപീകരിച്ചതായി അധികാരം ഒഴിയുന്നതിനു തൊട്ടുമുന്‍പായി അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ പ്രഖ്യാപനത്തെ പുച്ഛിച്ചു തള്ളി. പുതുതായി നിയമിതനായ പ്രധാനമന്ത്രി നൂറുദ്ദീന്‍ ബദാവിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് പൊതുജന പ്രക്ഷോഭങ്ങള്‍ക്കിടെ തകര്‍ന്നടിഞ്ഞത്. ബൗത്ഫ്‌ലിക്കയുടെ സന്തത സഹചാരിയായിരുന്നു പുതിയ പ്രധാനമന്ത്രി എന്നതായിരുന്നു കാരണം.

മുന്‍ പ്രസിഡണ്ടുമായി ബന്ധപ്പെട്ട ഒന്നിനേയും തങ്ങള്‍ക്കു സ്വീകാര്യമല്ലെന്നും സമൂലമായതും ജനാധിപത്യ രീതിയിലുള്ളതുമായ ഭരണസംവിധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നുമാണ് അള്‍ജീരിയക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ, പരമോന്നത സഭയിലെ സ്പീക്കര്‍ അബ്ദുല്‍ ഖാദര്‍ ബെന്‍സലാഹിനെ താല്‍ക്കാലിക പ്രസിഡന്റ് ആയി വാഴിക്കാനുള്ള നീക്കങ്ങളും പരാജയപ്പെട്ടു. ബെന്‍സലാഹും മുന്‍ പ്രസിഡണ്ട് ബൗത്ഫ്‌ലിക്കയുടെ സ്വന്തക്കാരനായിരുന്നു.

സമൂലമായ ഭരണമാറ്റം ആവശ്യപ്പെട്ട് അടുത്തിടെ ഇവിടുത്തെ തെരുവിലും നഗരവീഥികളിലും നടന്ന പ്രക്ഷോഭത്തില്‍ ജനലക്ഷങ്ങളാണ് അണിനിരന്നത്. 
132 വര്‍ഷങ്ങള്‍ നീണ്ട ഫ്രെഞ്ച് ഭരണവും എട്ടുവര്‍ഷത്തോളം നീണ്ട സ്വാതന്ത്ര്യ പോരാട്ടങ്ങളും പത്തു വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധങ്ങളേയും അതിജീവിച്ച അള്‍ജീരിയന്‍ മണ്ണില്‍ പുത്തന്‍ ജനാധിപത്യം പുലരുന്നതും കാത്തിരിക്കുകയാണ് ലോകം. എന്നാല്‍, ജനാധിപത്യത്തിനായി ദാഹിച്ചു നടന്നിരുന്ന സിറിയയിലേയും ട്യുണീഷ്യയിലേയും യമനിലേയും അനുഭവങ്ങള്‍ വലിയ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

പ്രസിഡന്റിന്റെ അനിവാര്യമായ പതനമായിരുന്നു സുഡാനില്‍ സംഭവിച്ചത്.     മൂന്നു പതിറ്റാണ്ടിലേറെക്കാലം 'ഏകാധിപതി' എന്ന നിലയിലുള്ള മുഴുവന്‍ അധികാരങ്ങളും ദുരുപയോഗപ്പെടുത്തിയ ഒമര്‍ അല്‍ ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ജനങ്ങളുടെ പിന്തുണയോടെ സൈന്യം തന്നെ മുന്നോട്ടുവന്നു. ആഭ്യന്തര യുദ്ധങ്ങളെ പ്രോത്സാഹിപ്പിച്ചും സാധാരണക്കാരെ രാഷ്ട്രീയത്തടവുകാരായി ജയിലില്‍ അടച്ചും രാജ്യത്തിന്റെ സമ്പത്തുകള്‍ വന്‍തോതില്‍ കൊള്ളയടിച്ചും മറ്റും ഭരണം നടത്തിയിരുന്ന ഒമര്‍ ബഷീറിന് 'വരമ്പത്തു തന്നെയാണ് കൂലി' ലഭിച്ചത്. സ്വേച്ഛാധിപതിയായ പ്രസിഡന്റിനെ പുറത്താക്കണമെന്നുള്ള മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ ആയിരങ്ങള്‍ ഇപ്പോഴും ജയിലുകളില്‍ വിചാരണപോലും ഇല്ലാതെ കഴിയുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് സുഡാനിലെ രാഷ്ട്രീയം പൊടുന്നനെ മാറിമറിഞ്ഞത്. അധികാരം നഷ്ടമായി മണിക്കൂറുകള്‍ക്കകംതന്നെ ഒമര്‍ ബഷീര്‍ അറസ്റ്റു ചെയ്യപ്പെട്ടു.
അധികാരം നിലനിര്‍ത്താനായി എന്തും ചെയ്യാന്‍ മടിക്കാതിരുന്ന ഒമര്‍ ബഷീര്‍ രാജ്യത്ത് വന്‍തോതില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ച വ്യക്തിയായിരുന്നു. വിദേശ രാജ്യങ്ങളില്‍നിന്നുമുള്ള ഭീകരപ്രവര്‍ത്തകര്‍ക്കു സ്വന്തം രാജ്യത്ത് അഭയം നല്‍കിയും മറ്റുമാണ് ആഭ്യന്തരയുദ്ധം ശക്തിപ്പെടുത്തിയത്.


അമേരിക്കന്‍ ഭരണകൂടം പുറത്തിറക്കിയ, തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയതോടെയാണ് സുഡാന്‍ പ്രസിഡണ്ട് കൂടുതല്‍ കുപ്രസിദ്ധി നേടുന്നത്. തീവ്രവാദികള്‍ക്കു നല്‍കിയ സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങളും അമേരിക്ക പുറത്തിറക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും സുഡാനുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ ആ രാജ്യത്തെ വളരെയധികം ബാധിച്ചു തുടങ്ങിയത് വന്‍ പ്രത്യാഘാതങ്ങള്‍ക്കു കാരണമായി. രാഷ്ട്രീയ അരാജകത്വവും സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങളും രാജ്യത്തിനകത്തും പുറത്തും ഏറെ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിച്ചു. 
രണ്ടായിരമാണ്ടില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറത്തിറക്കിയ കുറ്റപത്രത്തില്‍ ഒമര്‍ അല്‍ ബഷീറിനെതിരെ ചാര്‍ത്തപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏതാണ്ട് എല്ലാ വകുപ്പുകളും ഉണ്ടായിരുന്നു.  കൂട്ടക്കൊല, കൊടിയ പീഡനങ്ങള്‍, ബലാത്സംഗം, വംശഹത്യ, കാരണമില്ലാതെ പൗരന്മാരെ ജയിലിലടക്കല്‍, അങ്ങനെ പോകുന്നു കുറ്റകൃത്യങ്ങളുടെ നിര. ഇതിനെല്ലാം പുറമെ നിരവധി ഗോത്രവര്‍ഗ്ഗക്കാരെ ഇല്ലായ്മ ചെയ്തുവെന്ന കുറ്റം വേറെയുമുണ്ട്.

മൂന്നു പതിറ്റാണ്ടു കാലത്തിലേറെ രാജ്യത്തിന്റെ സര്‍വ്വ മേഖലകളേയും തകര്‍ത്ത പ്രസിഡന്റിന്റെ പതനം സുഡാന്‍ ജനത വളരെ ആവേശപൂര്‍വ്വമാണ് ആഘോഷിച്ചത്. തലസ്ഥാന നഗരമായ ഖാര്‍ത്തൂമില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ലക്ഷങ്ങളാണ് അണിചേര്‍ന്നത്. സുഡാനിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു പിന്നില്‍ സ്ത്രീകളുടെ പങ്കാളിത്തം ആഗോള മാധ്യമ ശ്രദ്ധ നേടിയ സംഭവമായിരുന്നു.

ബഷീറില്‍നിന്നും പിടിച്ചെടുത്ത സുഡാന്റെ പരമാധികാരം ഇപ്പോള്‍ ലെഫ്റ്റനന്റ് ജനറല്‍ അബ്ദല്‍ ഫതാഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ കയ്യിലാണ്. ഭരണം ഏറ്റെടുത്ത മിലിട്ടറി കൗണ്‍സില്‍ ആദ്യം സ്വീകരിച്ചത്, വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരെ വിട്ടയക്കാനുള്ള നടപടികളായിരുന്നു. നിലവിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ മൂന്നുമാസത്തേയ്ക്കുള്ള അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാനും അവര്‍ക്കു മുന്നില്‍ ജനാധിപത്യ ഭാവിയുടെ വാതിലുകള്‍ തുറന്നിടാനും സൈന്യത്തിനു കഴിഞ്ഞുവെന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതോടെ സുഡാനില്‍ പുതിയ ജനാധിപത്യ നീക്കങ്ങള്‍ക്കും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏകാധിപത്യം, അഴിമതി, അളവറ്റ മനുഷ്യാവകാശ ലംഘനങ്ങള്‍, തൊഴിലില്ലായ്മ, പണപ്പെരുപ്പം, ദാരിദ്ര്യം തുടങ്ങിയവയായിരുന്നു അറബ്-ആഫ്രിക്കന്‍ വിപ്ലവങ്ങള്‍ക്കു കാരണമായിത്തീര്‍ന്ന പൊതുഘടകങ്ങള്‍. എന്നാല്‍, ഇതിനായി തെരുവോരങ്ങളില്‍ അണിചേരുകയും ചോരയും നീരും കൊടുത്ത് ഏകാധിപതികളെ പുറത്താക്കുകയും ചെയ്ത ജനലക്ഷങ്ങളുടെ ജീവത്യാഗങ്ങള്‍ക്കു ഫലമുണ്ടായില്ല എന്നു മാത്രമല്ല, നേരത്തെ അനുഭവിച്ചിരുന്ന സാധാരണ ജീവിതം പോലും ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം അസാധ്യമായിരിക്കുകയുമാണ് മിക്ക രാജ്യങ്ങളിലും. പലപ്പോഴായി നടന്ന പൊതു തെരഞ്ഞെടുപ്പുകളിലൂടെ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ പുതിയ ഭരണകൂടങ്ങള്‍ അധികാരത്തിലെത്തിയെങ്കിലും 'ജനാധിപത്യം' എന്നത് ഇപ്പോഴും ഒരു വിദൂരസ്വപ്നമായി നിലനില്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com