നക്ഷത്രങ്ങള്‍ ഉദിക്കുന്നതും പൊലിയുന്നതും

പ്രണയം, പ്രശസ്തി, സംഗീതം, സാഹസികത, മരണം തുടങ്ങിയ സാര്‍വ്വകാലികമായ വിഷയങ്ങളെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ രീതി
നക്ഷത്രങ്ങള്‍ ഉദിക്കുന്നതും പൊലിയുന്നതും

ട്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കു നിര്‍ദ്ദേശിക്കപ്പെടുകയും (ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് അഞ്ചും) മികച്ച ചലച്ചിത്രത്തിനും മികച്ച നടിക്കുമുള്ള സമ്മാനം ഏറെക്കുറെ ഉറപ്പാണെന്നു പരക്കെ വിശ്വസിക്കുകയും ചെയ്ത 'എ സ്റ്റാര്‍ ഈസ് ബോണ്‍' മരണത്തിലെത്തുന്ന പ്രണയത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണ്. ഹോളിവുഡ് നടനായ ബ്രാഡ്‌ലി കൂപ്പര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രസിദ്ധ പോപ്പ് ഗായിക ലേഡി ഗാഗ പാടി അഭിനയിക്കുകയുംകൂടി ചെയ്തത് അതിന്റെ ജനപ്രീതിയെ വര്‍ദ്ധിപ്പിച്ചു. 2018-ല്‍ അമേരിക്കയിലെ ഡോള്‍ബി തിയേറ്ററിലെ ചടങ്ങില്‍ മികച്ച ഗാനത്തിനുള്ള (ഒര്‍ജിനല്‍ സ്‌കോര്‍) ഒരേ ഒരു ഓസ്‌കാര്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും 'ഒരു താരം ജനിക്കുന്നു' 2018-ലെ ഹോളിവുഡിലെ മികച്ച 10 സിനിമകളിലൊന്നായിട്ടാണ് അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിലയിരുത്തുന്നത്. ഒന്നാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ വൈമാനികനും പരിശീലകനും ആയിരിക്കുകയും പിന്നീട് ചലച്ചിത്ര സംവിധായകനായി തീരുകയും ചെയ്ത വില്യം എ. വെല്‍മാന്‍ 1937-ല്‍ സംവിധാനം ചെയ്ത ചലച്ചിത്രത്തിന്റെ 2018-ലെ പതിപ്പാണ് ബ്രാഡ്‌ലി കൂപ്പറുടേത്.  ഡോറോത്തി പാര്‍ക്കര്‍, അലന്‍ കാമ്പെല്‍, റോബെര്‍ട്ട് കാഴ്സണ്‍ എന്നിവരോടൊപ്പം ചേര്‍ന്ന് വില്യം വെല്‍മാന്‍ എഴുതിയതാണ് ചിത്രത്തിന്റെ കഥ. ഈ ചിത്രത്തിന് 1954-ലും 1976-ലും രണ്ട് പുനര്‍നിര്‍മ്മിതികള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ ആ തുടര്‍ച്ചയില്‍ ആകെ നാലു ചിത്രങ്ങള്‍. പേരുകളെല്ലാം ഒന്നുതന്നെ. 

സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീര്‍ണ്ണത ജനപ്രിയ ചലച്ചിത്രങ്ങളിലെ സംഘര്‍ഷ തീവ്രതയ്ക്കുള്ള എക്കാലത്തേയും കൂട്ടുചായമാണ്. പങ്കാളികളിലൊരാളുടെ മരണത്തിലെത്തുന്ന പ്രണയത്തിലാവട്ടെ, വൈകാരികതയ്ക്ക് ഏറ്റം കൂടുകയും ചെയ്യും. പ്രണയവും സ്‌നേഹവുമൊക്കെ ജീവിതത്തെ കൂടുതല്‍ പ്രിയപ്പെട്ടതാക്കാനുള്ള ഉപാധിയായിരിക്കെ, അവയെങ്ങനെ മരണത്തിനും ക്രൂരതയ്ക്കുമുള്ള ചുറ്റുവള്ളികളാകുന്നു എന്നത് പ്രഹേളികാസ്വഭാവമുള്ള വൈരുദ്ധ്യമാണ്. വ്യക്തിമനസ്സുകളിലെ ദുരൂഹമായ ഇരുട്ടുമുറികളിലേക്കു നോക്കി താല്‍ക്കാലികമായ സമാധാനങ്ങളിലെത്താമെങ്കിലും ബന്ധങ്ങളെ നിര്‍വ്വചിക്കുന്നതിലും അവയില്‍ വിള്ളല്‍ വീഴ്ത്തുന്നതിലും സാമൂഹിക സാഹചര്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പൊതുവായ വിശ്വാസ സംഹിതകള്‍ക്കും സമൂഹം അനുശീലിച്ചുവരുന്ന ധാരണകള്‍ക്കുമൊക്കെയുള്ള പങ്ക് പല സന്ദര്‍ഭങ്ങളിലും നിര്‍ണ്ണായകമാണ്. 

ദാമ്പത്യത്തിന്റെ അര്‍ത്ഥരാഹിത്യവും മഹത്വവും
പ്രണയം, പ്രശസ്തി, സംഗീതം, സാഹസികത, മരണം തുടങ്ങിയ സാര്‍വ്വകാലികമായ വിഷയങ്ങളെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ രീതിയായിരിക്കാം അവയിലെ പ്രമേയത്തിന്റെ പ്രകാശം മങ്ങാതെയുള്ള ഈ കാലസഞ്ചാരത്തിനു കാരണം. 1937 മുതല്‍ 2018 വരെയുള്ള കാലയളവില്‍ അമേരിക്കന്‍ സമൂഹത്തിനുണ്ടായ മാറ്റങ്ങളെ കഥാപരിസരത്തിനൊത്ത് ഇണക്കിക്കൊണ്ടാണ് ചിത്രങ്ങളോരോന്നും പുറത്തിറങ്ങിയത്. കാലം മാറുമ്പോഴും സാമൂഹിക സാഹചര്യങ്ങള്‍ വ്യത്യസ്തമാകുമ്പോഴും മനുഷ്യബന്ധങ്ങളിലെ ചില വശങ്ങള്‍ക്കു മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന മുന്‍ധാരണകളെ വൈകാരികമായി വിപുലപ്പെടുത്തിയെടുത്തതാണ് കഥാതന്തുവിന്റെ വിജയം. ഒരര്‍ത്ഥത്തില്‍ ഇതു പ്രണയം, ത്യാഗം തുടങ്ങിയ ശാശ്വതമൂല്യങ്ങളെപ്പറ്റിയുള്ള വിഭാവനയുമാണ്. ദാമ്പത്യ ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെപ്പറ്റി കാര്യമായ ആലോചനകളുണ്ടായ സമൂഹത്തില്‍നിന്നാണ് അതേ സ്ഥാപനത്തിന്റെ മഹത്വത്തെ അബോധത്തില്‍ ശരിവയ്ക്കുന്ന രചനകളായി ഒരേ കഥ ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്നത്. ഈ വൈരുദ്ധ്യത്തെ അവയുടെ കലാപരമായ ഒരു അടിക്കുറിപ്പായി എടുക്കാം.

വളരെ എളിയ സാഹചര്യത്തില്‍ വലിയ മോഹങ്ങളുമായി ജീവിക്കുന്ന നായികയെ അവളുടെ പ്രണയം ഉയരത്തില്‍ എത്തിക്കുന്നതിനെക്കുറിച്ചുള്ള  കഥയാണ് 'എ സ്റ്റാര്‍ ഈസ് ബോണി'ന്റേത്. 1937-ല്‍ വില്യം എ. വെല്‍മാന്‍ സംവിധാനം ചെയ്ത, ഈ തുടര്‍ച്ചയിലെ ആദ്യ ചിത്രത്തില്‍, ജാനെറ്റ് ഗെയ്നെര്‍ അഭിനയിച്ച നായികാ കഥാപാത്രത്തിന്റെ പേര് എസ്തര്‍ വിക്ടോറിയ ബ്ലോഡ്ഗെറ്റെന്നായിരുന്നു. ഹോളിവുഡ് താരമാവുക എന്ന സ്വപ്നവുമായി അമേരിക്കന്‍ ഉള്‍പ്രദേശത്തെ ഫാം ഹൗസില്‍ ജോലി ചെയ്യുന്ന അവളെ അച്ഛന്‍ നിരുത്സാഹപ്പെടുത്തുന്നുവെങ്കിലും മുത്തശ്ശി പ്രോത്സാഹിപ്പിക്കുകയും അവളുടെ അഭിലാഷം യാഥാര്‍ത്ഥ്യമാക്കുന്നതിനു സ്വന്തം സമ്പാദ്യം നല്‍കുകയും ചെയ്യുന്നു. ചലച്ചിത്രമേഖലയില്‍ കാര്യങ്ങള്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. കൂട്ടുകാരനായ ഡാനി മഗ്വയറിന്റെ സഹായത്തോടെ ഒരു പാര്‍ട്ടിയില്‍ വിളമ്പുകാരിയായി ജോലി ചെയ്യുന്നതിനിടയില്‍ എസ്തര്‍, പ്രസിദ്ധ നടനും അപ്പോഴേക്കും മദ്യത്തിനടിമയായി ജീവിതം താറുമാറായിക്കൊണ്ടിരുന്ന നോര്‍മാന്‍ മെയിനെ കണ്ടുമുട്ടുന്നു. അവര്‍ തമ്മില്‍ പ്രണയത്തിലാവുകയും ചെയ്യുന്നു. നോര്‍മാനുമായുള്ള പരിചയം എസ്തറിന് അമേരിക്കന്‍ ചലച്ചിത്രലോകത്തിലേക്കുള്ള വാതില്‍ തുറന്നു. അയാളുടെ സിനിമയില്‍ നായികയായി അവര്‍ക്ക് അവസരം ലഭിച്ചു. കണ്ണടച്ചുതുറക്കുന്ന സമയംകൊണ്ട് അവര്‍ പ്രസിദ്ധയായി. 

ബഹളങ്ങളില്‍നിന്നൊഴിഞ്ഞു വിവാഹം കഴിഞ്ഞു രഹസ്യമായി മധുവിധുവും ആഘോഷിച്ചു തിരിച്ചുവരുമ്പോഴേക്കും കാര്യങ്ങള്‍ തകിടംമറിഞ്ഞു കഴിഞ്ഞിരുന്നു. എസ്‌തെര്‍ അമേരിക്കയിലെമ്പാടും പ്രശസ്തയായപ്പോള്‍ നോര്‍മാന്‍ ഇന്‍ഡസ്ട്രിക്കു വേണ്ടാത്ത ആളുമായി. വിവാഹം നല്‍കിയ താല്‍ക്കാലിക സന്തോഷത്തില്‍നിന്നും അതയാളെ കഠിനമായ ഇച്ഛാഭംഗത്തിലേക്കും വീണ്ടും മദ്യപാനത്തിലേക്കും കൂട്ടിക്കൊണ്ടുപോയി. എസ്തറിനു മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ് കിട്ടുന്ന വേദിയില്‍ അയാള്‍ ചെന്നു പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്നു. തന്റെ അഭിനയജീവിതം മതിയാക്കി നോര്‍മാനെ കൂടുതല്‍ ശ്രദ്ധിക്കാനും പരിചരിക്കാനുമായിരുന്നു എസ്തറിന്റെ പിന്നീടുള്ള തീരുമാനം. എസ്തറിന്റെ തീരുമാനമറിഞ്ഞ അയാള്‍, താന്‍ അവളുടെ ജീവിതത്തേയും നശിപ്പിക്കുകയാണെന്നു മനസ്സിലാക്കിക്കൊണ്ട് കടലില്‍ ജീവിതം ഒടുക്കുകയാണ് ചെയ്തത്. നോര്‍മാന്റെ മരണത്തോടെ ചലച്ചിത്രജീവിതം മതിയാക്കാന്‍ തീരുമാനിച്ച എസ്തറിനു മുന്നില്‍ അവളുടെ മുത്തശ്ശി വരുന്നു. നോര്‍മാന്‍ ഒരു അഭിനേത്രിയെന്ന നിലയില്‍ എസ്തറിനെ എത്രമാത്രം ബഹുമാനിച്ചിരുന്നു എന്ന കാര്യം പഴയ ഒരു കത്തു കാണിച്ചു ബോധ്യപ്പെടുത്തുന്നു. എസ്തര്‍ അഭിനയിച്ച സിനിമയുടെ പ്രദര്‍ശനച്ചടങ്ങിനൊത്തു കൂടിയവര്‍ക്കു മുന്നില്‍ സംസാരിക്കാന്‍ ക്ഷണിക്കുമ്പോള്‍ നോര്‍മാന്റെ മരണത്തില്‍ ദുഃഖിതയെങ്കിലും എസ്തര്‍ ഉറച്ച സ്വരത്തില്‍, 'ഞാന്‍ നോര്‍മാന്‍ മെയിലറുടെ ഭാര്യ'യാണെന്നു പറഞ്ഞുകൊണ്ട് പ്രസംഗം തുടങ്ങുന്നിടത്ത് സിനിമ അവസാനിക്കുന്നു. 

സ്ത്രീയുടെ പ്രണയസ്ഥൈര്യത്തെ അടിവരയിട്ട് അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ആകര്‍ഷകമായ ഘടകം. ഈ ചിത്രത്തിനുണ്ടായ റീമേക്കുകളെല്ലാം ഏറെക്കുറെ ഇക്കാര്യത്തിനു കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള ഉപാധികള്‍ മാത്രമായി ബന്ധങ്ങള്‍ വ്യാപകമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഹൃദയവതിയും മികച്ച വ്യക്തിത്വത്തിനുടമയും പ്രതിഭാശാലിയുമായ സ്ത്രീ അവളുടെ ഉയര്‍ച്ചയെ സഹായിച്ചതിനു പകരം നല്‍കുന്ന പ്രതിഫലമാണ് സത്യസന്ധവും ഭാവസ്ഥിരവുമായ പ്രണയം. സഹനത്തില്‍ ചാലിച്ചാണ് ഈ ഘടകത്തെ കഥ പൊലിപ്പിക്കുന്നത്. 1954-ല്‍ ഇതേ ചിത്രം ജോര്‍ജ്ജ് കുക്കോര്‍ പുനര്‍നിര്‍മ്മിച്ചപ്പോള്‍ പുറത്തിറക്കിയ പരസ്യത്തില്‍ നായികയായ എസ്‌തെര്‍ ബ്ലോഡ്ഗെറ്റിനെ 'മഹത്തായ ശബ്ദത്തിന്റേയും (അവര്‍ പാട്ടുകാരിയുമാണ്) ഹൃദയത്തിന്റേയും വ്യക്തിത്വത്തിന്റേയും ഉടമ'യായിട്ടാണ് അവതരിപ്പിക്കുന്നത്. നാല്‍പ്പതുകളില്‍ ഗാര്‍ഹിക-നാടക ഗണത്തില്‍പ്പെട്ട അമേരിക്കന്‍ ചലച്ചിത്രങ്ങളുടെ പ്രിയപ്പെട്ട വിഷയമായിരുന്നു ഭര്‍ത്താക്കന്മാരുടെ വഞ്ചന. നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും സൗന്ദര്യവും സമ്പത്തും കൈമുതലായുള്ള സ്ത്രീകളെ അടുത്തുകൂടി ചതിച്ചു കുടുംബം എന്ന പറുദീസയെ പല നിലയ്ക്ക് അവിശുദ്ധമാക്കിത്തീര്‍ക്കുകയായിരുന്നു അവരുടെ പ്രധാന ജോലികളിലൊന്ന്. 'നിങ്ങളുടെ ഭര്‍ത്താക്കന്മാരെ കണ്ണടച്ച് വിശ്വസിക്കരുത്' എന്ന ഗുണപാഠം ചലച്ചിത്രങ്ങള്‍ സ്ത്രീകള്‍ക്കു നല്‍കിക്കൊണ്ടിരുന്നു. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട സ്ഥാനം 1944-ല്‍ പുറത്തിറങ്ങിയ 'ഗ്യാസ്ലൈറ്റ്' എന്ന ചിത്രത്തിനുണ്ട്. താന്‍ കൊലചെയ്ത സ്ത്രീ ആലിസ് അല്‍ക്വിസ്റ്റ് ഒളിപ്പിച്ചുവച്ചിരിക്കുന്ന രത്‌നക്കല്ലുകള്‍ മോഹിച്ച്, അവരുടെ സഹോദരിയുടെ മകളെ വര്‍ഷങ്ങള്‍ കാത്തിരുന്നു വിവാഹം ചെയ്യുക മാത്രമല്ല, തന്റെ ഗൂഢോദ്ദേശ്യം പുറത്താരും അറിയാതിരിക്കാന്‍ ബുദ്ധിപരമായ നീക്കത്തിലൂടെ അനാഥയായ അവരെ മാനസികരോഗിയാക്കാനും ശ്രമിക്കുകയാണ് 'ഗ്യാസ് ലൈറ്റി'ലെ കഥാപാത്രം, ഗ്രിഗറി ആന്റണ്‍. 'ഗ്യാസ്ലൈറ്റ്' സംവിധാനം ചെയ്ത ജോര്‍ജ്ജ് കുക്കോറാണ് ആ സിനിമയുടെ പ്രമേയത്തിന്റെ നേരെ എതിര്‍ ഭാഗത്ത് നില്‍ക്കുന്ന 'എ സ്റ്റാര്‍ ഈസ് ബോണ്‍'-രണ്ടാമതായി സംവിധാനം ചെയ്തത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. പ്രായോഗികത ഉണക്കിക്കളഞ്ഞ ബന്ധങ്ങളെ ഭാവസ്ഥിരമായ പ്രണയംകൊണ്ട് ഉയിര്‍പ്പിക്കാനുള്ള കലാപരമായ ഔത്സുക്യമായിരിക്കണം കുക്കോറിനെ ഈ ചിത്രത്തിലേക്കടുപ്പിച്ചത്. 

ചിത്രങ്ങളിലെ സമാനതകള്‍

1976-ല്‍ ഫ്രാങ്ക് പിയേഴ്സണ്‍ വീണ്ടും ഈ കഥയെ കാലഘട്ടത്തിനു യോജിച്ചവിധം പശ്ചാത്തലം മാറ്റി അവതരിപ്പിച്ചു. ഫ്രാങ്ക് പിയേഴ്സന്റെ ചിത്രത്തിനും 2018-ല്‍ ബ്രാഡ്‌ലി കൂപ്പര്‍ സംവിധാനം ചെയ്ത ചിത്രത്തിനും സമാനതകളുണ്ട്. കൂട്ടത്തില്‍ തികഞ്ഞ പരാജയമായിരുന്ന പിയേഴ്സന്റെ ചിത്രത്തെ ഒരര്‍ത്ഥത്തില്‍; കൂപ്പര്‍, പ്രമേയപരമായി കൂടുതല്‍ പിന്‍പറ്റി എന്നു പറയുന്നതാവും ശരി. എസ്‌തെറിന്റെ സിനിമാമോഹത്തിന്റെ പശ്ചാത്തലം ഈ രണ്ടു ചിത്രത്തിലും പോപ്പ് സംഗീതത്തിനു വഴിമാറിക്കൊടുക്കുന്നു. ചലച്ചിത്രങ്ങളുടെ വെള്ളി വെളിച്ചത്തേക്കാള്‍, സംഗീതത്തിന്റെ കേവല വൈകാരികതയ്ക്കു പ്രണയഭാവങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയുമെന്നതായിരിക്കാം അതിന്റെ യുക്തി. 1970-കളോടെ അമേരിക്കയില്‍ തരംഗവും കള്‍ട്ടുമൊക്കെയായി മാറിയ സംഗീതസംഘങ്ങളുടെ സാംസ്‌കാരികതയേയും രാഷ്ട്രീയത്തേയും ചിത്രത്തിന്റെ പുനരവതരണങ്ങള്‍ കൂട്ടുപിടിച്ചതാണ്. വഴിവിട്ട ജീവിതരീതികള്‍, റോക്ക് സംഗീതം, തൊട്ടാല്‍ പൊട്ടുന്ന വൈകാരിക ക്ഷോഭങ്ങള്‍ എന്നിങ്ങനെ എഴുപതുകളിലെ ബദല്‍സമൂഹങ്ങളുടെ കെട്ടുംമട്ടും പശ്ചാത്തലമാക്കിയാണ് ഫ്രാങ്ക് പിയേഴ്സണ്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നായികാനായകന്മാരുടെ വേഷവിതാനങ്ങളും രൂപവും അതിനനുസരിച്ചുള്ളതാണ്. ജോണ്‍ നോര്‍മാന്‍ ഹൊവാര്‍ഡ് എന്ന റോക്ക് ഗായകന്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്ന ചുവന്ന സ്പോര്‍ട്സ് കാര്‍ അവിടെ ലക്കില്ലാത്ത ജീവിതവേഗതയുടേയും പരിണാമത്തിന്റേയും പ്രതീകമാണ്. എസ്‌തെറുടെ അഭിമുഖം ലഭിക്കാന്‍വേണ്ടി നോര്‍മാനുമായി ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറായി വന്ന, പത്രപ്രവര്‍ത്തകയായ ക്വന്റീനുമായി നോര്‍മാന്‍ കിടക്ക പങ്കിടുന്നത് എസ്തര്‍ കാണുന്ന രംഗവും അതിലുണ്ട്. മുന്‍ചിത്രങ്ങളെപ്പോലെ എസ്തര്‍ താന്‍ നോര്‍മാന്റെ ഭാര്യയാണെന്നു പ്രഖ്യാപിക്കുന്നിടത്തല്ല ആ ചലച്ചിത്രം അവസാനിക്കുന്നത്; നോര്‍മാന്റെ അനുസ്മരണ ചടങ്ങില്‍ എസ്തര്‍ പാടുന്ന നീണ്ട ഗാനത്തോടെയാണ്. ജോണ്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്ന ഗാനത്തിന്റേയും മരണസമയത്ത് കാറില്‍ അയാള്‍ കേട്ടുകൊണ്ടിരുന്ന എസ്തറിന്റേയും ഗാനത്തിന്റേയും മിശ്രിതമാണ് അത്. താന്‍ നോര്‍മാന്റെ ഭാര്യയാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന എസ്തറില്‍നിന്നും ജോണിന്റേയും തന്റേയും പാട്ടുകള്‍ ചേര്‍ത്തുവച്ചു നീട്ടിപ്പാടുന്ന എസ്തറിലേക്കുള്ള ദൂരം പ്രതീകാത്മകമായി കുറവാണെങ്കിലും വൈകാരികമായി കൂടുതലാണ്. ഈ രീതിയാണ് ബ്രാഡ്‌ലി കൂപ്പറുടെ നായിക എല്ലി മെയിനും തുടരുന്നത്, താന്‍ എല്ലി കമ്പാനയല്ല, എല്ലി മെയിനാണ് (ജാക്സണ്‍ മെയിന്റെ ഭാര്യ) എന്ന് ജാക്കിനു ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങില്‍ വ്യക്തമാക്കിയ ശേഷം, അയാള്‍ തയ്യാറാക്കി വച്ചതും അതുവരെ അവതരിപ്പിച്ചിട്ടില്ലാത്തതുമായ പാട്ട് അവള്‍ പാടുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. ഈ രണ്ടു ചിത്രത്തിനും മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ കിട്ടിയെന്നതും (എവെര്‍ ഗ്രീന്‍, ഷാലോ എന്നീ ഗാനങ്ങള്‍ക്ക്) രണ്ടിലേയും നായികമാര്‍ പാട്ടുകാരികളാണെന്നതും (ബാര്‍ബറാ സ്‌റ്റ്രെയിന്‍സാന്‍ഡും ലേഡി ഗാഗായും) ഈ ചലച്ചിത്രങ്ങള്‍ പിന്തുടര്‍ന്ന വഴിയുടെ സമാനത മറ്റൊരു തരത്തില്‍ വ്യക്തമാക്കിത്തരുന്നു.

നാലു ചിത്രങ്ങളിലേയും നായകകഥാപാത്രങ്ങളുടെ മരണങ്ങള്‍കൂടി നോക്കുക. ആണത്തത്തിന്റെ പ്രതിസന്ധികളേയും ആത്മഹത്യയേയും സിനിമകളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താന്‍ ശ്രമിച്ചവര്‍ പലരും സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉയര്‍ച്ചയും സ്ഥാനമാറ്റങ്ങളുമായി ബന്ധപ്പെടുത്തി അവയെ വിശകലനം ചെയ്തിട്ടുണ്ട്. പുരുഷന്മാരുടെ ഹിംസാത്മകമായ പ്രതികരണത്തിന്റെ ആവിഷ്‌കാരമാണ് അതിലൊന്ന്. ലോകയുദ്ധങ്ങള്‍ അതിന്റെ പങ്കാളി രാജ്യങ്ങളില്‍ നേരിട്ടും അല്ലാതെയും ഉണ്ടാക്കിയ സാമൂഹിക പ്രതിസന്ധികള്‍ സ്ത്രീകളെ അതുവരെ ഇല്ലാത്ത രീതിയില്‍ പൊതുമണ്ഡലത്തിലേക്കിറക്കുകയും പുരുഷന്മാരുടെ കുത്തകയായിരുന്ന പല തൊഴിലുകളിലും വിന്യസിക്കുകയും ചെയ്തപ്പോള്‍ യുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങിയ ആണുങ്ങള്‍ക്കു യുദ്ധാനന്തര ആലസ്യത്തിന്റെ ഭാഗമായി സ്വന്തം ലക്ഷ്യത്തിലും കഴിവിലും വിശ്വാസം നഷ്ടപ്പെട്ടതായി ആദ്യകാല ജര്‍മന്‍ ചിത്രങ്ങളിലെ ആണത്ത പ്രതിസന്ധികളേയും യുദ്ധകാല മാനസികാഘാതങ്ങളേയും ബന്ധപ്പെടുത്തി പഠിച്ച പിങ്കെര്‍ട്ട് നിരീക്ഷിക്കുന്നു. അസ്ഥിരമായ സ്വഭാവത്തോടുകൂടിയ ഡൗണ്‍ സിന്‍ഡ്രോം ഉള്ള നായകന്മാരുടെ പിറവിയുടെ സാമൂഹിക പ്രേരണ അതാണ്. പുതിയ സാമൂഹിക സാഹചര്യങ്ങള്‍ മാറ്റിയെഴുതിയ സ്ത്രീ സ്വത്വത്തോട് എങ്ങനെ പെരുമാറണം, അവരെ എങ്ങനെ സമീപിക്കണം, അവരെ വൈകാരികമായി അനുഭവിക്കുന്നതെങ്ങനെ എന്നൊന്നും മനസ്സിലാവാത്തതിന്റെ കുഴമറിച്ചില്‍ വേട്ടയാടുന്ന കഥാപാത്രങ്ങളുടെ മാതൃകകളാണ് 'ഒരു താരം ജനിക്കുന്നു' സിനിമകളിലെ നായകന്മാര്‍. വില്യമിന്റേയും ജോര്‍ജ്ജ് കുക്കോറിന്റേയും നോര്‍മാന്മാര്‍ മരിക്കാന്‍ കടലിനെയാണ് ആശ്രയിക്കുന്നത്. അവരുടെ പ്രണയത്തേയും സംഘര്‍ഷങ്ങളേയും ഏറ്റുവാങ്ങാന്‍ കടലുപോലെയുള്ള പ്രകൃതിപ്രതിഭാസംതന്നെ ആവശ്യമാണെന്നു സംവിധായകരുടെ ബോധ്യം അതിനു പിന്നിലുണ്ട്. 


ഫ്രാങ്ക് പിയേഴ്സന്റെ ജോണ്‍ നോര്‍മാന്‍ കാര്‍ അപകടത്തില്‍പ്പെട്ടാണ് മരിക്കുന്നത്. മദ്യപനായ അയാളുടെ പ്രവൃത്തികള്‍ സ്വയം നാശത്തെ വിളിച്ചുവരുത്തുന്ന തരത്തിലുള്ളതാണെങ്കിലും അവിടെ സംവിധായകന്‍ അത് ആത്മഹത്യയാവാനുള്ള സാധ്യതയെ സംശയാസ്പദമാക്കിയിരിക്കുകയാണ്. ബ്രാഡ്‌ലി കൂപ്പറുടെ ജാക്സണ്‍ മെയ്ന്‍, എല്ലിയുടെ സംഗീതപരിപാടി നടക്കുന്ന സമയത്ത് അവിടെയെത്താം എന്ന് അവള്‍ക്കു വാക്കു കൊടുത്തിട്ട് ഗ്യാരേജില്‍ തൂങ്ങിമരിക്കുകയാണ് ചിത്രത്തില്‍. മറ്റു മരണങ്ങളെപ്പോലെയല്ല ഇത്. മൂന്ന് ആത്മഹത്യകളും കടലുകളിലും റോഡിലുമായി പുറത്തുവച്ചു നടക്കുമ്പോള്‍ കൂപ്പറുടെ ജാക്സന്റെ മരണം അയാളുടെ പ്രോപ്പര്‍ട്ടിക്കകത്താണ്. നടനായ കൂപ്പര്‍ ആദ്യമായി സംവിധായകനായപ്പോള്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനു നല്‍കിയ കനപ്പെട്ട മാറ്റങ്ങളിലൊന്നു കഥാപാത്രത്തിന്റെ മരണത്തിനു നല്‍കിയ ഈ ആന്തരികത്വമാണ്. എല്ലിയുടെ സംഗീതവേദിയുടെ ഒച്ചയും അയാളുടെ വീടിന്റെ വിമൂകതയും മാറിമാറി കാണിച്ചുകൊണ്ട് അയാളുടെ മരണത്തെ ചലച്ചിത്രം ഭാവതീവ്രമാക്കുന്നു. ആത്മനാശത്തിനുള്ള ആഗ്രഹം ബാല്യകാലം മുതല്‍ അയാളെ വിടാതെ പിന്തുടര്‍ന്നിരുന്നുവത്രേ. പതിമൂന്നാം വയസ്സില്‍ അതിനൊരു ശ്രമം അയാള്‍ നടത്തിയതായി പരാമര്‍ശമുണ്ട്. അപരിചിത ശബ്ദങ്ങള്‍ കേള്‍ക്കുന്ന (ടിനിറ്റസ്) പതിവുണ്ടെന്നും മദ്യപാനാസക്തി കുറയ്ക്കാന്‍ പ്രവേശിപ്പിച്ച സെന്ററിലെ കൗണ്‍സിലറോട് വ്യക്തമാക്കുന്നു. അയാളുടെ മരണം കേവലമായ പ്രണയനഷ്ടത്തിന്റേയോ പ്രശസ്തിനഷ്ടത്തിന്റേയോ മദ്യാപാനാസക്തിയുടേയോ കുറ്റബോധത്തിന്റേയോ മാത്രം ഫലമല്ല; അയാളിലെ ആത്മഘാതക ചോദനകളെ അവ ഉണര്‍ത്തിവിട്ടിരിക്കാമെങ്കിലും. വിഷാദം കൂടുകെട്ടിയ മനസ്സുമായി അയാള്‍ നടത്തിയ യാത്രകളുടെ ലക്ഷ്യമായിരുന്നു മരണം. ആ നിലയ്ക്കാണ് അയാളുടെ കഥാപാത്ര ചിത്രീകരണം. ചരിത്രത്തിന്റേയോ സാമൂഹിക സമ്മര്‍ദ്ദങ്ങളുടേയോ ഭാരം അയാളില്‍ ആരോപിക്കുക എളുപ്പമല്ല. ആള്‍ക്കൂട്ടങ്ങള്‍ ഒഴിഞ്ഞുപോയ ഇടത്ത് ഒറ്റയ്ക്കുനിന്ന് അയാള്‍ കാണിക്കുന്ന അവസാനത്തെ പ്രകടനമാണ് അയാളുടെ മരണം. പ്രണയത്തിനുള്ള ശ്രദ്ധാഞ്ജലി എന്ന നിലയ്ക്കും അയാളിലെ ചോദനകളുടെ അനിവാര്യമായ ആവിഷ്‌കാരം എന്ന നിലയ്ക്കുമാണ് ബ്രാഡ്‌ലി കൂപ്പര്‍ അതിനെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. 

'ഒരു താരം ജനിക്കുന്നു' ചലച്ചിത്രങ്ങളില്‍ നായകന്മാരുടെ ജീവിതത്തില്‍ സംവിധായകരാരും ഒഴിവാക്കാത്ത, സമാനമായ ഒരു കാര്യം കൂടിയുണ്ട്. പൊതുജനം നോക്കിനില്‍ക്കെ, ഓസ്‌കാര്‍ അവാര്‍ഡ് വേദിയിലും ഗ്രാമി അവാര്‍ഡ്ദാന ചടങ്ങിലും നായികമാര്‍ക്കു ലഭിക്കുന്ന അംഗീകാരത്തെ സ്വബോധം നഷ്ടപ്പെട്ട ഈ നായകന്മാര്‍ തുലയ്ക്കുന്നു. അതിന്റെ പേരില്‍ തീവ്രതരമാകുന്ന കുറ്റബോധം അവരെ ആത്മനാശത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണമായി സിനിമകള്‍ എടുത്തുകാട്ടുകയും ചെയ്യുന്നു. നായകന്മാര്‍ അവരുടെ പ്രണയസംബന്ധിയായി അനുഭവിക്കുന്ന കുറ്റബോധം സിനിമകളിലെ എസ്തര്‍/എല്ലി നായികമാരില്‍ അത്ര പ്രകടമല്ല, മാത്രമല്ല, അവര്‍ക്ക് അവരുടെ ഉയര്‍ച്ചയിലേക്കുള്ള വഴികളെപ്പറ്റി വിശ്വാസം ഉണ്ടുതാനും. എസ്തറിന്റെ മുത്തശ്ശി മുതല്‍ ക്രമമായി നായികമാരെ ചുറ്റി പ്രചോദകരുടേയും പ്രോത്സാഹകരുടേയും ഒരു സംഘത്തെ കാണാം. നേരെ തിരിച്ചാണ് നോര്‍മാന്‍/മെയിന്‍ കഥാപാത്രങ്ങളുടെ കാര്യം. ഒറ്റപ്പെടലും കുറ്റപ്പെടുത്തലും കുഴമറിച്ചിലും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയും ചേര്‍ന്നാണ് ആ കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെ പാകപ്പെടുത്തിയിരിക്കുന്നത്. ജോര്‍ജ്ജ് കുക്കോറിന്റെ സിനിമയുടെ തുടക്കത്തില്‍ മദ്യപിച്ച് ഉന്മത്തനായി പൊതുവേദിയില്‍ വന്നു കൂത്താടുന്ന സമയത്ത് നോര്‍മാനെ അപമാനിതനാവാതെ തന്ത്രപരമായി എസ്തര്‍ രക്ഷിക്കുന്ന സന്ദര്‍ഭമുണ്ട്. അവരെ ഒരുമിപ്പിക്കുന്ന ഘടകം ആ രക്ഷപ്പെടുത്തലാണ്. പൊതുവേദിയില്‍ നായികയെ അപമാനിക്കുന്ന നായകന്‍ ഈ സിനിമകളുടെ പൊതുതന്തുവായിരിക്കെ, കുക്കോര്‍ തന്റെ സിനിമയില്‍ ആ സംഭവത്തിനു സമാന്തരമായി നായകനെ അപമാനത്തില്‍നിന്നു രക്ഷിക്കുന്ന നായികയെ ചേര്‍ത്തുവച്ചിരിക്കുന്നു. (ഇതിനു നേരെ വിപരീതമാണ് മനു അശോകിന്റെ 'ഉയരെ'യില്‍ പല്ലവിയെ കൗമാരത്തില്‍ അപമാനത്തില്‍നിന്നു രക്ഷപ്പെടുത്തുന്ന ഗോവിന്ദിന്റെ പിന്നീടുള്ള പ്രവൃത്തി എന്നു കൗതുകത്തിനുവേണ്ടി ഇവിടെ ഓര്‍ക്കാം) നോര്‍മാന്റെ വാക്കു കേട്ട് വാദ്യസംഘത്തോടൊപ്പമുള്ള ജോലി കളഞ്ഞ് ലോസ് ഏഞ്ചല്‍സിലെത്തിയ എസ്തര്‍, നോര്‍മാന്റെ വിവരമൊന്നും ഇല്ലാതായതിനെ തുടര്‍ന്നു സ്വയം ടി.വി വാണിജ്യപരിപാടിയില്‍ പാട്ടുകാരിയായി സ്വയം ജോലി കണ്ടെത്തുകയും ചെയ്യുന്നു. മറ്റു ചിത്രങ്ങളില്‍ എസ്തറിന്റെ ഉയര്‍ച്ച നോര്‍മാന്റെ പ്രണയത്തിന്റെ സൗജന്യമായിരിക്കെ, ജോര്‍ജ്ജ് കുക്കോര്‍ ഇക്കാര്യത്തെ എസ്തറിന്റെ സ്വാവലംബത്വവുമായി ചേര്‍ത്തു വച്ചിരിക്കുകയാണ്. ഇതു പ്രധാനമാണ്. പ്രണയം മാത്രമല്ല, 1950-കളിലെ അമേരിക്കന്‍ സ്ത്രീയെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള തന്റേടവും ചേര്‍ന്നാണ് രൂപപ്പെടുത്തിയതെന്നു സംശയലേശമില്ലാതെ കുക്കോര്‍ വാദിക്കുകയാണ് ചെയ്തത്. ജോലിയിലെ തകര്‍ച്ചയ്ക്ക് ആണത്തത്തിന്റെ തകര്‍ച്ചയുമായി പ്രതീകാത്മക ബന്ധമുണ്ടെന്ന വിന്‍ലോയുടെ (Bad fellas: Crime, Tradition and New Masculinities) വാദത്തെ ശരിവയ്ക്കുന്നുണ്ട് ഈ വസ്തുത. നോര്‍മാന്റെ മരണത്തെ തുടര്‍ന്നു തകര്‍ന്നുപോവുകയും മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ വയ്യാതെ കുഴയുകയും ചായാന്‍ ചുമലന്വേഷിക്കുകയും ചെയ്യുന്ന 'ദുര്‍ബ്ബലയായ' സ്ത്രീ 1937-ലെ സിനിമയോടെ തീര്‍ന്നു പോകുന്നു. 1954 മുതല്‍ അവള്‍ക്കു തലയെടുപ്പുള്ള വേറൊരു പദവിയാണ്. 

പ്രണയബന്ധങ്ങളും ദാമ്പത്യവും അടുത്തകാലത്താണ് ഗൗരവത്തോടെ മലയാളത്തില്‍ വിചാരണയ്ക്കും വീണ്ടുവിചാരത്തിനും വിധേയമാകുന്നത്. പ്രണയാഭിലാഷ സാക്ഷാല്‍ക്കാരമായി സ്ത്രീ-പുരുഷ ബന്ധങ്ങളെ നേര്‍രേഖയില്‍ വരച്ച് വിവാഹത്തില്‍ കൊണ്ടെത്തിക്കുന്ന പതിവിന്, ആഷിക് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം' മുതല്‍ കാര്യമായ കോട്ടം തട്ടിയിട്ടുണ്ട്. ആഷിക്കിന്റെ തന്നെ 'മായാനദി', മനു അശോകിന്റെ 'ഉയരെ', അനുരാജ് മനോഹറിന്റെ 'ഇഷ്‌ക്ക്' വരെയുള്ള സിനിമകള്‍ പരിശോധിച്ചാല്‍ സ്ത്രീ-പുരുഷ പ്രണയബന്ധങ്ങള്‍, അനുഭൂതികളെ ലോലമായി തഴുകിയൊഴുക്കുന്നവയല്ലെന്ന വാസ്തവത്തെ പരുഷമായി ആവിഷ്‌കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. (പ്രമേയത്തിന്റെ ഊന്നല്‍ പരമ്പരാഗത വഴിക്കാണെങ്കിലും സാന്ദര്‍ഭികമായി ഇതേ പ്രശ്‌നം ലാല്‍ ജോസിന്റെ 'ഡയമണ്ട് നെക്ലേസ്', സമീര്‍ താഹിറിന്റെ 'ചാപ്പാകുരിശ്' തുടങ്ങി പല ചിത്രങ്ങളിലും കടന്നുവന്നിട്ടുണ്ട്). ഒരുപക്ഷേ, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മലയാള സാഹിത്യവും മറ്റ് ആവിഷ്‌കാരങ്ങളും ഏകപക്ഷീയമായി പ്രണയത്തെ സ്ത്രീകളുടെ ബാധ്യതയും വിമോചനവുമായി ആവര്‍ത്തിച്ചു കൈകാര്യം ചെയ്തു ചെടിപ്പിച്ചതിന്റെ പകരംവീട്ടലുകൂടിയാവാം ഈ ചലച്ചിത്രങ്ങളിലെ നായികമാര്‍ നിര്‍മ്മിക്കുന്ന തന്റേടങ്ങള്‍. അവരുള്‍പ്പെട്ട സമൂഹത്തെ നാളിതുവരെ കുടുക്കിയിട്ടിരുന്ന പ്രണയസ്ഥിരതയെന്ന വൈകാരിക കെണിയില്‍നിന്നു സ്വയം മുക്തി നേടല്‍ അത്ര എളുപ്പപ്പണിയല്ല. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ആരണ്യകാണ്ഡത്തിന്റെ (2011) അവസാനം നായിക സുബ്ബു കാമുകനെ വെടിവച്ചുകൊന്നിട്ട് പണം നിറച്ച ബാഗുമെടുത്ത് നടന്നുപോകുന്നതിനിടയില്‍ നടത്തുന്ന ആത്മഗതത്തില്‍ ഈ റിപ്പബ്ലിക്കിന്റെ നീതിസംഗ്രഹമുണ്ട്. സിങ്കപ്പെരുമാളെന്ന ശാരീരികമായി കഴിവുകെട്ടവനും ക്രൂരനുമായ ഗുണ്ടാനേതാവിന്റെ കീഴില്‍ മിണ്ടാപ്രാണിയായി കഴിഞ്ഞിരുന്നവനാണ് ശപ്പന്‍. സിങ്കപ്പെരുമാളെ കൊന്നു പണവും അയാളുടെ വെപ്പാട്ടിയായ സുബ്ബുവിനേയും കൈക്കലാക്കുന്ന ഒന്നിനും കൊള്ളാത്ത ശപ്പന്‍, നാളെ മറ്റൊരു സിങ്കപ്പെരുമാളാകുമെന്ന കാര്യത്തില്‍ എന്താണ് സംശയം? സുബ്ബു അവന്റെ അധികാരത്തിന്റെ കീഴിലും പീഡനങ്ങള്‍ക്കിരയായി അപമാനിതയായി ജീവിക്കേണ്ടിവരും. അതുകൊണ്ടാണ് നിര്‍ണ്ണായക നിമിഷത്തില്‍ അവളവനെ കൊല്ലുന്നത്. ''ഏതു തേവയോ അതുവേ ധര്‍മ്മം'' എന്ന ചാണക്യതന്ത്രത്തെ സുബ്ബുവിന്റെ പെണ്ണുലകത്തിനു കൂടി ബാധകമാക്കുകയാണ് സംവിധായകന്‍ അതില്‍ ചെയ്തത്.  അതൊരു അട്ടിമറിയാണ്. 22 ഫീമെയിലില്‍ പ്രണയവഞ്ചന നടത്തിയ കാമുകന്റെ ലിംഗം ഛേദിക്കുന്നതിലും മായാനദിയില്‍ ക്രിമിനലായ നായകനെ പൊലീസിനു ഒറ്റിക്കൊടുക്കുന്നതിലും ഇഷ്‌ക്കില്‍ വിവാഹമോതിരവുമായി വരുന്ന കാമുകനു നേരെ നടുവിരല്‍ ഉയര്‍ത്തുന്നതിലും കാണുന്ന സ്വാഭിമാന ഇടങ്ങള്‍ സുബ്ബുവിന്റെ അത്ര ക്രൂരമല്ലെങ്കില്‍പ്പോലും അവയ്ക്കു ചാര്‍ച്ചകളുണ്ട്. 'ഉയരെ'യില്‍ പല്ലവി അത്രയും പോകുന്നില്ലെങ്കില്‍ക്കൂടി, ജീവിതത്തില്‍ പ്രണയത്തിന്റെ മൃദുലഭാവങ്ങള്‍ക്ക് ഇനി ഒരിക്കലും വഴങ്ങില്ലെന്ന ഉറപ്പോടെ ഭൂതകാലത്തെ കഴുകി വെടിപ്പാക്കി ഒറ്റയ്ക്കു നില്‍ക്കാന്‍ അവള്‍ തീരുമാനിക്കുന്നുണ്ട്. 
തികച്ചും പരസ്പരവിരുദ്ധമായ സാംസ്‌കാരിക വഴക്കങ്ങളുള്ള ഭൂഖണ്ഡങ്ങള്‍ നമ്മുടെ സാമാന്യ ധാരണകളെ തകിടംമറിക്കുന്ന മട്ടില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളെ കൈകാര്യം ചെയ്തപ്പോള്‍ വന്ന പ്രധാന വ്യത്യാസം, പ്രണയത്തെ മുന്‍നിര്‍ത്തിയുള്ള ആത്മത്യാഗങ്ങള്‍ പുരുഷന്റെ കാര്യമായി തീര്‍ന്നു എന്നതാണ്. അരവിന്ദന്റെ ചിദംബരത്തിലേയും മോഹന്റെ ശാലിനി എന്റെ കൂട്ടുകാരിയിലേയും ആണുങ്ങളുടെ ആത്മഹത്യകള്‍ തീര്‍ത്തും പ്രണയനഷ്ടത്തിന്റേതല്ല. അവ അവരുടേതു മാത്രമായ മുന്‍ധാരണകളുടെ വൈകാരിക സ്ഫോടനങ്ങളാണ്. 'ഒരു താരം ജനിക്കുന്നു' സിനിമകളില്‍ മരണം തെരഞ്ഞെടുക്കുന്ന നായകന്മാരെല്ലാവരും സ്വയം വിചാരണയ്ക്കും വിധി നടപ്പാക്കലിനും വിധേയരാവുന്നവരാണ്. അതൊരു വീണ്ടുവിചാരത്തിന്റെ ഉല്പന്നമാണ്. പലതരത്തിലുള്ള സൗജന്യങ്ങള്‍ വച്ചനുഭവിച്ചുകൊണ്ടിരിക്കുന്ന ആണ്‍ലോകം അവരുടെ ചെയ്തികളുടെ ഫലമായി സ്ത്രീസമൂഹത്തിനുണ്ടാവുന്ന പതര്‍ച്ചകളെ കുറ്റബോധത്തോടെ നോക്കിക്കാണുന്നതിന്റെ ഭാവനാത്മകമായ ആവിഷ്‌കാരമാണ് നായകന്മാരുടെ ആത്മഹത്യകള്‍. രക്ഷാകര്‍ത്താവാകാനുള്ള ശ്രമം അവിടെ തീരെയില്ല. ഭാരതീയവും കേരളീയവുമായ സാഹചര്യത്തില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്.

മാംസബദ്ധമല്ലാത്ത പ്രണയത്തിന്റേയും സഹനങ്ങളിലും ത്യാഗങ്ങളിലും അധിഷ്ഠിതമായ ദീര്‍ഘ ദാമ്പത്യത്തിന്റേയും പതിവ്രതാശീലങ്ങളുടേയും ഭാവനാലോകത്ത് ഉടനീളമുള്ള ഏകപക്ഷീയമായ വിശുദ്ധികളുടെ ഉദാഹരണങ്ങളെ റദ്ദു ചെയ്യാനുള്ള ശ്രമമാണ് 22 ഫീമെയിലും ഇഷ്‌ക്കും ഉള്‍പ്പെടെയുള്ള മലയാള സിനിമകള്‍ നടത്തുന്നത്. ആണ്‍സൃഷ്ടികളാണവയെല്ലാം എന്ന നിലയ്ക്ക് ഒരര്‍ത്ഥത്തില്‍ അവയില്‍ മുന്നിട്ടു നില്‍ക്കുന്നത് പ്രബോധനാംശങ്ങളാണ്. തുറന്നുപറച്ചിലുകളുടെ മീടുകളും സദാചാര പൊലീസിങ്ങിനും ആര്‍ത്തവ അയിത്താചരണങ്ങള്‍ക്കുമെതിരെ സ്ത്രീപക്ഷത്തുനിന്നുണ്ടായ പ്രതിഷേധങ്ങളും വുമണ്‍ ഇന്‍ സിനിമാ കളക്ടീവു പോലുള്ള സംഘങ്ങളുടെ ഉന്നയിക്കല്‍ രാഷ്ട്രീയവും ഇവിടെ ഉണ്ടാക്കിയ ഒച്ചകള്‍ ഇളക്കിമറിച്ചു തുടങ്ങിയ കാലാവസ്ഥയോടുള്ള താദാത്മ്യപ്പെടലാണ് ഈ സാംസ്‌കാരിക പ്രബോധനങ്ങള്‍ക്കു പിന്നിലുള്ളത്.

ഭര്‍ത്താക്കന്മാരെപ്പറ്റി 1940-കളില്‍ ഹോളിവുഡ് ഉയര്‍ത്തിയതുപോലെ, ''കാമുകന്മാരെ (രക്ഷകരെ) നിങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുകയാണോ'' എന്ന ചോദ്യം അവ കലാപരമായി ഉയര്‍ത്തുന്നു. (ഇന്നും നമുക്കു കുടുംബം അസ്വീകാര്യമായ സ്ഥാപനമായിട്ടില്ല) ''ചീത്തക്കാലങ്ങളിലും കവിതയുണ്ടാകും; ചീത്തക്കവിതകള്‍'' എന്ന് ബ്രഹ്റ്റ് പാടിയതുപോലെ സമാന സംഭവങ്ങളും അതിനുള്ള തപ്പുതാളങ്ങളുമായി നമ്മുടെ കാലം അതനുസരിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളെ വാര്‍ത്തകളായി അരങ്ങേറ്റുകയും ചെയ്യുന്നു.

ഒരുപക്ഷേ, മാറിയ കാലത്തില്‍ ആണത്തത്തിന്റെ പടം കൊഴിഞ്ഞു നാനാവിധമാവുകയും കുറ്റബോധംകൊണ്ട് കലുഷിതരാവുകയും ചെയ്യുന്ന നായകന്മാരായിരിക്കും ഇനി വരുന്ന സിനിമകളില്‍ നാടകീയത നിറയ്ക്കാന്‍ പോകുന്നത്. തൊട്ടടുത്തുള്ള ഭൂതകാലത്തിലെ നായകന്മാരുടെ എടുത്തുപിടിച്ച ചെയ്തികള്‍ക്കും പ്രദര്‍ശനപരതകള്‍ക്കും ഗ്വാഗ്വാ വിളികള്‍ക്കും സ്ത്രീവിരുദ്ധതകള്‍ക്കും ഇവര്‍ക്ക് പിഴയൊടുക്കേണ്ടി വരുമെന്നതിന്റെ സൂചനകളാണ് പ്രണയത്തെ കൈയൊഴിയുന്ന നായികമാരില്‍നിന്ന് ഇവിടെ ചിറകു വിരിച്ചു പറക്കുന്നത്.
  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com