ആഴമേറിയ തമാശ: പികെ ശ്യാംകൃഷ്ണന്‍ എഴുതുന്നു

ജീവിതത്തില്‍ നമ്മള്‍ ആര്‍ത്തു ചിരിച്ച ചില തമാശകളെ അല്പം വേദനയോടെ ഒരിക്കലെങ്കിലും ഓര്‍ത്തെടുക്കും. അത്ര നേരം ചിരിച്ചതൊക്കെയും കുറ്റബോധത്തിന്റെ ചെറുകനലായി വിങ്ങും.
ആഴമേറിയ തമാശ: പികെ ശ്യാംകൃഷ്ണന്‍ എഴുതുന്നു

'തമാശ' ആദ്യാവസാനം നമ്മെ ചിരിപ്പിക്കും. തിയ്യേറ്റര്‍ വിട്ട് ഇറങ്ങിയാല്‍ ജീവിതത്തില്‍ നമ്മള്‍ ആര്‍ത്തു ചിരിച്ച ചില തമാശകളെ അല്പം വേദനയോടെ ഒരിക്കലെങ്കിലും ഓര്‍ത്തെടുക്കും. അത്ര നേരം ചിരിച്ചതൊക്കെയും കുറ്റബോധത്തിന്റെ ചെറുകനലായി വിങ്ങും.

ഈ വൈരുദ്ധ്യമാണ് തമാശയെ വേറിട്ടതാക്കുന്നത്. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് ആഘോഷിക്കാനുള്ള തമാശയല്ല, മറ്റുള്ളവരുടെ ജീവിതം നമുക്ക് ആക്ഷേപിച്ച് ഇല്ലാതാക്കാനുള്ള തമാശയുമല്ല എന്ന് ഈ കുഞ്ഞ് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ ഇത്ര സൂക്ഷ്മതയോടെ ചേര്‍ത്തുവെച്ച, വൈകല്യമെന്ന് പൊതുസമൂഹം കരുതുന്ന ചില ശാരീരിക ധാരണകളെ അത്രത്തോളം കോംപ്ലക്സായി ഉള്ളിലൊതുക്കി തല താഴ്ത്തി ജീവിക്കണോ, അതോ എന്റെ തടികൊണ്ട് എനിക്കില്ലാത്ത ബുദ്ധിമുട്ട് നിങ്ങള്‍ക്കെന്തിനാണ്? തടികുറക്കാന്‍ കുമ്പളങ്ങ നീര് ഉപദേശിക്കുന്നവരോട് കുമ്പളങ്ങ നീരല്ല ഫലൂദയാണ് എനിക്കിഷ്ടം എന്ന തന്റേടത്തോടെ ജീവിക്കണോ എന്ന നിസ്സാരമെന്ന് തോന്നാവുന്ന അത്രമേല്‍ ഗൗരവമുള്ള തന്റേടമാണ് തമാശ. അതാകട്ടെ, പ്രൊഫസര്‍ ശ്രീനിവാസന്‍ (വിനയ് ഫോര്‍ട്ട്) എന്ന നായകന്റെ തന്റേടമേയല്ല. മറിച്ച് തടിച്ച ശരീരമുള്ള ചിരിമായാത്ത മുഖമുള്ള ചിന്നുവിന്റെ നിലപാടാണ്. അഥവാ തമാശ കേവലം ബോഡിഷെയിമിങ്ങ് എന്ന ഫ്രെയിമില്‍പ്പെട്ടുപോയ രണ്ട് പേരുടെ കഥയല്ല. മറിച്ച് ഈ ഫ്രെയിമിനെ പൊളിച്ചടുക്കുന്ന പെണ്‍തന്റേടത്തിന്റെ കഥയാണ്. അഷറഫ് ഹംസ എന്ന പൊന്നാനിക്കാരനായ നവാഗത സംവിധായകന്‍ ചിന്നുവിലൂടെ സമകാലിക സിനിമകളുടെ മുന്‍നിരയിലേക്ക് നിലപാടുള്ള തമാശയുമായാണ് സ്വയം അടയാളപ്പെടുത്തുന്നത്. സര്‍വ്വം സഹകളായ നായികമാരെ ആട്ടിയോടിച്ച് നിലപാടും തന്റേടവുമുള്ള  പെണ്ണുങ്ങളിലേക്ക് എത്ര വിദഗ്ദ്ധമായാണ് സമീപകാല സിനിമകള്‍ ക്യാമറ തിരിക്കുന്നത്. നിങ്ങള്‍ നിശ്ചയിക്കുന്ന ജീവിതമല്ല, ഞാന്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കണം എന്ന 'ഉയരെ'യിലെ പല്ലവി രവീന്ദ്രന്റെ ദൃഢനിശ്ചയം, സ്ത്രീ ശരീരത്തെക്കുറിച്ച് സംശയിക്കാന്‍ മാത്രമറിയുന്ന പുരുഷതോന്നലുകളിലേക്ക് നടുവിരല്‍ നീട്ടുന്ന 'ഇഷ്‌ക്കി'ലെ  വസുധ, പ്രതികാരത്തിന്റെ വാത്സല്യത്തിന്റെ പെണ്‍രൂപമായി 'തൊട്ടപ്പനി'ലെ സാറ, അപ്പൊ ഈ ട്രൂ ലൗ എന്നൊന്നില്ലല്ലേ എന്ന്  'കുമ്പളങ്ങി നൈറ്റ്സി'ലെ ബേബിയുടെ ഉള്ളുപൊള്ളിക്കുന്ന ചോദ്യം, മീന്‍പിടുത്തം മോശം തൊഴിലല്ലെ എന്ന ബോബിയുടെ സന്ദേഹത്തോട് ഇന്ന് രാവിലേംകൂടി മഞ്ഞക്കൂരികൂട്ടി കഞ്ഞികുടിച്ച എന്നോടോ ബാലാ എന്ന  ഒറ്റ ചോദ്യത്തിലൂടെ അവന്റെ കോംപ്ലക്സിനെ ഇല്ലാതാക്കുന്ന അവളാണ് ബേബി, ഇങ്ങനെ പുതുതലമുറ പെണ്‍കുട്ടികളുടെ നിലപാടുകളോടൊപ്പം അഷറഫ് ഹംസയും ഐക്യപ്പെടുന്നു. കഷണ്ടിയില്‍ മനംനൊന്ത് ബ്രഹ്മസൂത്രത്തിലേക്കുള്ള എസ്‌ക്കേപ്പിസ്റ്റ് ശ്രീനിവാസന്‍ മാഷല്ല, തന്റെ ജീവിതം തന്റേടത്തോടെ നിശ്ചയിക്കുന്ന ചിന്നുവിന്റേതാണ് തമാശ എന്ന ചിത്രം.

അതിപ്രതാപ ഗുണവാന്‍
അഥവാ
ശ്രീനിവാസന്‍ മാഷുടെ കോംപ്ലക്സുകള്‍

സിനിമയ്ക്ക് തമാശ എന്ന് പേരിട്ടെങ്കിലും കോമിക്ക് ലറ്ററിങ്ങിലേ അല്ല ടൈറ്റില്‍. കറുപ്പില്‍ വെള്ള അക്ഷരങ്ങള്‍ പറയാനിരിക്കുന്ന തമാശ ഗൗരവമുള്ളതാണ് എന്ന് അഷറഫ് ഹംസ തുടക്കത്തിലേ അടിവരയിടുന്നു. കഷണ്ടിയായ മലയാളം പ്രൊഫസര്‍ ശ്രീനിവാസന്‍ മാഷുടെ കാരിക്കേച്ചറിലൂടെ പുരോഗമിക്കുന്ന ടൈറ്റില്‍ സീന്‍ ക്ലാസ്സുമുറിയിലേക്കും ചിത്രം വരക്കുന്ന വിദ്യാര്‍ത്ഥിയുടെ നോട്ട് ബുക്കിലേക്കും എന്റ് ചെയ്യുന്നതില്‍ തന്നെയുണ്ട് അതിസൂക്ഷ്മത. ശ്രീനിവാസന്‍ മാഷുടെ ദശരൂപകത്തിലെ നായക വര്‍ണ്ണനയിലൂടെയാണ് ക്ലാസ്സ്‌റൂം(സിനിമ) തുടങ്ങുന്നത്. ധീരോദാത്തന്‍, അതിപ്രതാപഗുണവാന്‍, ഇവനാണ് വീരന്‍ എന്ന് ബോര്‍ഡിലെഴുതി വിവരിക്കുമ്പോഴേക്കും ശ്രീനിവാസന്‍ മാഷുടെ കോംപ്ലക്സിലേക്ക് ആദ്യ മൊട്ടേ വിളി എത്തി. അവഗണിക്കാവുന്ന ആ പിന്‍വിളിയെ ചൂണ്ടിയെടുത്ത് തന്റെ കാരിക്കേച്ചര്‍ വരച്ച വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കുന്നതിനു പകരം പ്രിന്‍സിപ്പലിനു മുന്നിലേക്ക് പരാതിയുമായെത്തുന്ന ശ്രീനിവാസന്‍ മാഷെ ആദ്യ ഷോട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ട് സംവിധായകന്‍. മുടിയിലാണ് മെച്ചുരിറ്റി എന്ന ശ്രീനിവാസന്‍ മാഷുടെ കോംപ്ലക്സ് തുടക്കത്തിലേ പറഞ്ഞുവെക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍, സമൂഹം, വീട് ഇങ്ങനെ അയാളിടപെടുന്നിടത്തെല്ലാം ഉള്ളിലെ അപകര്‍ഷതയെ ഊട്ടി ഉറപ്പിക്കുന്നവര്‍ മാത്രം. ശ്രീനിവാസന്‍ മാഷുടെ ശരീരഭാഷയില്‍പ്പോലും ഈ കോംപ്ലക്സ് ബാധിക്കുന്നുണ്ട്. പെണ്ണുകാണല്‍ ചടങ്ങില്‍ തനിക്കു കിട്ടിയ ജ്യൂസില്‍ ഈച്ച വീണെന്ന്  പുറത്ത് പറയാന്‍ പറ്റാതെ പരുങ്ങുന്ന ശ്രീനിവാസന്‍ മാഷെ കാണാം. ആ പരുങ്ങലിലാണ് പ്രേക്ഷകന്റെ ചിരി, ഒടുവില്‍ അനുജനാണ് ചെക്കനെന്ന് തെറ്റിദ്ധരിക്കുന്ന പെണ്‍കുട്ടിയും ശ്രീനിവാസന്‍ മാഷുടെ നിസ്സഹായതയും തിയ്യേറ്ററിലെ ചിരിക്ക് ആക്കം കൂട്ടും. നിങ്ങളിത്ര നേരം ചിരിച്ചില്ലെ? അത് അത്ര നിഷ്‌കളങ്കമല്ല എന്ന് ഓര്‍മ്മപ്പെടുത്തുന്നതിലേക്കാണ് തമാശ സരസമായി ഗൗരവത്തോടെ പുരോഗമിക്കുന്നത്.

പൊണ്ണത്തടിയന്‍, കരിമ്പന്‍, മൊട്ടത്തലയന്‍, കഷണ്ടി ഇങ്ങനെ നമ്മളറിയാതെ ആക്ഷേപിക്കുകയും ആക്ഷേപിക്കപ്പെടുകയും ചിരിക്കുകയും കൂട്ടത്തില്‍നിന്ന് മാറിനില്‍ക്കാന്‍ തോന്നുകയും നിശ്ശബ്ദ സഹനത്തോടെ കൂട്ടത്തില്‍ ചേരുകയും ചെയ്യാത്തവര്‍ കുറവായിരിക്കും. ശാരീരികാവസ്ഥകളെ ആക്ഷേപിക്കുന്നത് ഒരാളുടെ ആത്മവിശ്വാസം എത്രമാത്രം ഇല്ലാതാക്കുന്നു എന്നതിന്റെ തെളിവാണ് ശ്രീനിവാസന്‍ മാഷ്. മലയാളം പ്രൊഫസറാണ്, പക്ഷേ, പൊതുസമൂഹം അടിച്ചേല്‍പ്പിച്ച കോംപ്ലക്സില്‍നിന്ന് പുറത്തുകടക്കാനേ പറ്റുന്നില്ല. മാഷുടെ പ്രണയശ്രമങ്ങളില്‍ പോലും ഈ കോംപ്ലക്സാണ് മുന്നില്‍ നില്‍ക്കുന്നത്. തന്റെ കോംപ്ലക്സിനെ മറികടക്കാവുന്ന ഒരു ശ്രമവും മാഷുടെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. ചാള്‍സ് ഡാര്‍വിന്‍, വില്യം ഷേക്സ്പിയര്‍, വൈക്കം മുഹമ്മദ് ബഷീര്‍ ഇവരൊക്കെ കഷണ്ടിയല്ലെ എന്ന് വാദിക്കുന്നുണ്ടങ്കിലും ആക്ഷേപിക്കപ്പെടുമ്പോള്‍ ബ്രഹ്മസൂത്രത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത്രയും അരാഷ്ട്രീയമാണ് ശ്രീനിവാസന്‍ മാഷുടെ മനസ്സ്. റഹിം (നവാസ് വള്ളിക്കുന്ന്) പേറ്റന്റുള്ള തന്റെ പ്രണയരഹസ്യം വെളിപ്പെടുത്തുന്നത് കൗതുകത്തോടെ മാഷ് കേട്ടിരിക്കുന്നുണ്ട്. പൊന്നാനിയിലെ രുചികരമായ വിഭവങ്ങളില്‍ അമീറയെ തനിക്ക് കിട്ടുമെന്ന് റഹിമിന് ഉറപ്പായിരുന്നു. സ്‌നേഹത്തിലും സ്വാദിലും റഹിമിന് അത്ര വിശ്വാസമുണ്ട്. ഉറച്ചുനില്‍ക്കണം മാഷെ എന്ന് പലതവണ റഹിം ഉപദേശിക്കുന്നുണ്ട്.

എന്നാല്‍, ഒരു കട്ടന്‍ചായ പോലും സ്വന്തമായുണ്ടാക്കിയ ശീലം ശ്രീനിവാസന്‍ മാഷ്‌ക്ക് ഇല്ലെന്ന് ഉറപ്പ്. പാചകപുസ്തകമൊക്കെ വായിച്ചിട്ടും അമ്മയോട് പുലാവുണ്ടാക്കാനറിയുമോ എന്ന് ചോദിക്കുന്നുണ്ട്. അമ്മയുടെ മുന്നിലേക്ക് ബബിത ടീച്ചര്‍ക്കുള്ള പാത്രവും നീക്കിവെക്കുന്നിടത്തുണ്ട് ശ്രീനിവാസന്‍ മാഷെന്ന കോംപ്ലക്സുകളില്‍ തളച്ചിടപ്പെടുന്ന പുരുഷന്‍.

മറ്റുള്ളവരെന്തു പറയും എന്ന പേടി ഈ പുരുഷന് ചുറ്റുമുണ്ട്, സ്‌കൂട്ടറില്‍ കയറിക്കോളാന്‍ പറയുന്ന സഫിയയോട് അടുത്ത സ്റ്റോപ്പില്‍ തന്റെ കുട്ടികളില്ലാത്തിടത്ത് നിന്നാകാം എന്ന് പതറുന്നുണ്ട് മാഷ്, ബേക്കറിയില്‍ തന്റെ വിദ്യാര്‍ത്ഥികളെ കാണുന്ന നിമിഷം സഫിയയെ ഒട്ടും സന്ദര്‍ഭോചിതമല്ലാതെ ഉപദേശിക്കുന്ന എസ്‌ക്കേപ്പിസമുണ്ട് അയാളുടെ മാനറിസങ്ങളില്‍.

കൊച്ചിയില്‍ ബിനാലെ കണ്ടാല്‍ മനസ്സിലാകുമോ എന്ന് ചോദിക്കുന്ന മലയാളം അധ്യാപകന്‍ ലുലുമാളിനെക്കുറിച്ച് പറയുമ്പോള്‍ വാചാലനാണ്. മലയാളം മാഷ്‌ക്ക് പ്രായോഗിക പ്രേമലേഖനമെഴുതാന്‍ പ്യൂണ്‍ റഹിം പഠിപ്പിക്കുന്നതാണ് സിനിമയിലെ ക്ലാസ്സ് സീന്‍.
ഒരു സെല്‍ഫിയുണ്ടാക്കുന്ന പുലിവാലില്‍ എല്ലാ തന്റേടവും നഷ്ടപ്പെട്ട് അയാള്‍ പൊതുസമൂഹത്തിന്റെ പാവയാകുന്നുണ്ട്. ചിന്നുവിനോട് പൊട്ടിത്തെറിക്കുന്ന ശ്രീനിവാസന്‍ മാഷ് നമ്മുടെ നാട്ടിലെ സ്ഥിരം കുലപുരുഷന്‍ തന്നെയാണ്. വിനയ് ഫോര്‍ട്ട് മികച്ച നടനാകുന്നതും കഥാപാത്രത്തിന്റെ ഈ സ്വാഭാവികതയെ, പരിണാമത്തെ അത്ര തന്‍മയത്തത്തോടെ അവതരിപ്പിച്ചതുകൊണ്ടാണ്. മലയാള സിനിമയില്‍ നവാസ് വള്ളിക്കുന്നിന് ഇനിയും അവസരങ്ങള്‍ ഉറപ്പ്. അത്ര കൃത്യമാണ് റഹിമെന്ന കഥാപാത്രം.

അമീറ ഓരോ സമയവും എന്ത് പറയുമെന്ന് എനിക്കറിയാം അതിനുള്ള മറുപടി ഞാനിങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ മതി മാഷെ, പിന്നെ മറ്റുള്ളവര്‍ എന്ത് പറയുമെന്ന് നമ്മളെന്തിന് ആലോചിക്കണമെന്ന റഹിമിന്റെ ചോദ്യമുണ്ട്. ഇയാള്‍ ഇത്രകാലം എവിടെയായിരുന്നു എന്ന് ആരും ഓര്‍ത്തുപോകും.

വൈരുദ്ധ്യങ്ങളില്‍ കോര്‍ത്ത
കഥാപാത്രങ്ങള്‍

അഷറഫ് ഹംസയുടെ കഥപറച്ചില്‍ മലയാളിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കുന്നതാണ്. സന്ന്യാസം മോശമാണോ എന്ന് ചോദിച്ച് നാവെടുക്കുന്നതിന് മുന്‍പ് മുന്നിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടിയിലേക്ക് ഒളിച്ചുനോക്കുന്ന ശ്രീനിവാസന്‍ മാഷില്‍ തുടങ്ങി ജീവിതത്തില്‍ നമ്മളിലോരോരുത്തരിലേക്കും അത് ക്യാമറ തിരിച്ചുവെക്കുന്നുണ്ട്. ബാഹ്യ സൗന്ദര്യത്തിലല്ല ഇന്നര്‍ ബ്യൂട്ടിയിലാണ് എനിക്ക് വിശ്വാസം. അമ്മ അതിനെന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന് പറയുന്നിടത്തേക്കാണ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ സുന്ദരനായ ഒരു മാഷ് ജോയിന്‍ ചെയ്തിട്ടുണ്ട് എന്ന വിശേഷവുമായി സഹ അദ്ധ്യാപിക എത്തുന്നത്. എത്ര പെട്ടന്നാണ് ബബിത ടീച്ചറുടെ മുഖഭാവം മാറുന്നത്.

തട്ടംകൊണ്ട് മുടി പൂര്‍ണ്ണമായും മറച്ച സഫിയ ഹെയര്‍ഫിക്സിങ്ങ് സ്ഥാപനത്തിലെ എക്സിക്യൂട്ടീവാകുന്ന വൈരുദ്ധ്യവും തമാശ മാത്രമല്ല.
ചിന്നുവാണ് തമാശയിലെ സെന്റര്‍ കാരക്റ്റര്‍. തടിച്ച ശരീരം അവര്‍ക്ക് ഭാരമേയല്ല. തന്റെ ഒരിഷ്ടങ്ങളും മാറ്റിവെക്കാനും അവര്‍ തയ്യാറല്ല.
താന്‍ അവനെക്കാള്‍ വളര്‍ന്നെന്ന അവന്റെ തോന്നലില്‍ പ്രണയം പരാജയപ്പെട്ടപ്പോഴും ബാക്കി കേക്ക് പൊതിഞ്ഞെടുത്ത തന്റേടമുണ്ട് ചിന്നുവിന്. ചിന്നുവിന്റെ സാന്നിദ്ധ്യമാണ് ശ്രീനിവാസന്‍ മാഷെ മാറ്റുന്നത്. തുടക്കത്തില്‍ ദശരൂപകത്തിലെ നായക വര്‍ണ്ണന അപകര്‍ഷതയോടെ ക്ലാസ്സെടുക്കുന്ന ശ്രീനിവാസന്‍ മാഷല്ല സി. അയ്യപ്പന്റെ കവിത പഠിപ്പിക്കുന്ന ശ്രീനിവാസന്‍ മാഷ്.
മിണ്ടരുത് 
രാത്രികളുടെ രാത്രിയില്‍ 
ഇരുട്ടിന്റെ ശവക്കുഴിയില്‍ 
അതിരവലം പോലെ ഞാന്‍ 
വീര്‍ത്തെഴുന്നേല്‍ക്കുന്നത്
നിങ്ങളുടെയൊന്നും വാചകമടി കേള്‍ക്കാനല്ല എന്ന കരുത്തിലേക്ക് മാഷുടെ വളര്‍ച്ചയാണ് തമാശ. അതിനു കാരണമാകുന്നത് തന്റേടമുള്ള പെണ്‍സാന്നിദ്ധ്യവും.

മനുഷ്യരുടെ മോഹങ്ങള്‍
അത്ര ചെറിയ തമാശയല്ല

സ്‌കൂട്ടര്‍ ആക്സിഡന്റില്‍ പരിക്കുപറ്റുന്ന വൃദ്ധകഥാപാത്രത്തെ അവതരിപ്പിച്ച പൊന്നാനിയിലെ ഉണ്ണിക്കൃഷ്ണന്‍ അതിശയിപ്പിച്ചു. ആശുപത്രിയില്‍ നിലത്ത് കൂട്ടുകിടക്കുന്ന ശ്രീനിവാസന്‍ മാഷെ  കിടക്കയിലേക്ക് കൈപിടിക്കുന്നുണ്ട് അയാള്‍. വീട്ടിലേക്കുള്ള ബസ് റൂട്ട് അറിയാമെങ്കിലും കാറ് വേണം എന്ന നിര്‍ബന്ധത്തിന്റെ കാരണം അവസാനമാണ് വെളിപ്പെടുന്നത്. കൂട്ടുകാരുടെ മുന്നില്‍ കാറില്‍ വന്നിറങ്ങണമെന്നുള്ള അതിയായ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം, എത്ര നിഷ്‌കളങ്കരായ മനുഷ്യരെയാണ് ഈ പൊന്നാനിക്കാരന്‍ ഫ്രെയിമിലേക്ക് കൊണ്ടുവരുന്നത്. മുഹസിന്‍ പെരാരി എഴുതി ഷഹബാസ് തകര്‍ത്താലപിച്ച കുന്നോളം കിനാവോളം ഒരു പൂതി പൂത്താകെ എന്ന ഗാനം പൊന്നാനിയുടെ ചേരുവകളോട് ചേര്‍ന്നു നില്‍ക്കുന്നു. ഇപ്പൊ ഉള്ളില്‍ തോന്നുന്ന ആ ഒരിത് അനുഭവിച്ചവര്‍ക്കേ അറിയൂ എന്ന റഹിമിന്റെ പ്രണയ വിശകലനത്തിലുമുണ്ട് ഒരു നാട്ടുനന്മ.
ഇങ്ങനെ മനുഷ്യരിലൂടെ, അവരുടെ ചെറിയ മോഹങ്ങളിലൂടെ, കോംപ്ലക്സിലൂടെ, നമ്മുടെ തന്നെ ആക്ഷേപങ്ങളിലൂടെ കണ്ണാടി കാട്ടി ചിരിപ്പിക്കുകയാണ് തമാശ. അത്ര സ്വാഭാവികമാണ് ഈ ചെറിയ സിനിമ.

സോഷ്യല്‍ മീഡിയ
എന്ന സ്പെയ്‌സും ശരീരവും

ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ശരീരം എന്നത് ഇത്രമാത്രം കണ്‍സേണാകുന്നത് എങ്ങനെ എന്ന രാഷ്ട്രീയ വൈരുദ്ധ്യത്തേയും തമാശ അഭിമുഖീകരിക്കുന്നുണ്ട്. കമ്പോളവും പാരമ്പര്യവും സൃഷ്ടിച്ച ചില ശരീരബോധ്യങ്ങളില്‍നിന്ന് വിദ്യാസമ്പന്നരായി എന്ന് അഹങ്കരിക്കുന്ന മലയാളി അത്രയൊന്നും മാറിയിട്ടില്ല. സോഷ്യല്‍ മീഡിയയിലെ സ്ത്രീവിരുദ്ധ കമന്റുകളുടേയും പോസ്റ്റുകളുടേയും അശ്ലീലം മാത്രം മതി നമ്മുടെ ജനാധിപത്യം എത്രമാത്രം അപഹാസ്യമാണെന്നറിയാന്‍. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് കടന്നുകയറി ആക്ഷേപിക്കുന്നതിലാണ് പലരുടേയും ആത്മരതി. സാമൂഹ്യമാധ്യമങ്ങളില്‍ ഗൗരവമേറിയ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന സ്ത്രീകള്‍ക്കെതിരെ ശരീരം ചൂണ്ടിയും അശ്ലീല കഥകള്‍ സൃഷ്ടിച്ചും കൂട്ടം കൂടി ആക്രമിക്കുന്ന ആണ്‍ബോധത്തെ സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം കാണാം. ബിനാലെ വേദിയില്‍ ചിന്നു ശ്രീനിവാസന്‍ മാഷുമായി ചേര്‍ന്നെടുത്ത സെല്‍ഫിക്ക് താഴെവന്ന കമന്റുകള്‍ സമകാലിക മലയാളിയുടെ ഈ ഇരട്ടത്താപ്പിനെ പൊളിക്കുന്നതാണ്. 'വടക്കുനോക്കിയന്ത്ര'ത്തിലെ തടത്തില്‍ ദിനേശന്‍ നിങ്ങള്‍ക്കിപ്പോഴും തമാശയാണോ എന്ന ചിന്നുവിന്റെ ഒറ്റ ചോദ്യത്തിലുണ്ട് സകല പുരുഷധാരണകളേയും പൊള്ളിക്കുന്ന മറുപടി.
അവിടെയും ശ്രീനിവാസന്‍ മാഷാണ് പിന്‍മാറുന്നത്. നിലപാടുള്ളത് അവള്‍ക്കാണ്.

ശ്രീനിവാസന്‍ സിനിമകളിലാണ് ഇതിനു മുന്‍പ് മലയാളി ഏറ്റവും കൂടുതല്‍ ശരീര അപകര്‍ഷത കണ്ടിട്ടുള്ളത്. എന്നാല്‍ ആ കഥാപാത്രങ്ങളൊക്കെയും ശാരീരിക പരിമിതിയെ അപലപിച്ച് പ്രേക്ഷകനെ ചിരിപ്പിക്കുക മാത്രമാണ് ചെയ്തത്. അഷറഫ് ഹംസയ്ക്ക് ഈ ബോഡി ഷെയ്മിങ്ങ് വെറുതെ ചിരിക്കാനും ചിരിപ്പിക്കാനുമുള്ള തമാശയല്ല, ഇനിയും ചര്‍ച്ചചെയ്യപ്പെടേണ്ട രാഷ്ട്രീയം തന്നെയാണ്.

എന്നാല്‍, ചിന്നുവിനെപ്പോലെ നിലപാടും ധൈര്യവും തന്റേടവുമുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ്  ശ്രീനിവാസന്‍ മാഷുമായി അടുത്ത സൗഹൃദമോ പ്രണയമോ സാധ്യമാകുന്നത്. തടി/കഷണ്ടി പൊതുബോധത്തിലെ ഒരു വൈകല്യം മറ്റൊരു വൈകല്യത്തെ കേവലമായി റദ്ദ് ചെയ്യുന്നതാണോ എന്ന സംശയം തമാശ കണ്ടിറങ്ങുമ്പോഴുണ്ടായിരുന്നു.

സമീര്‍ താഹിറിന്റെ ക്യാമറ, റക്സ് വിജയന്റെ സംഗീതം, മുഹമ്മദ് ഷഫീഖ് അലിയുടെ എഡിറ്റിങ്ങ് എല്ലാം ചേര്‍ന്നപ്പോള്‍ ഒരു ചെറിയ സിനിമ വലിയ അനുഭവമായി. ചിന്നുവായി തന്റേടത്തോടെ കടന്നുവന്ന ചിന്നുചാന്ദ്നി അതിശയിപ്പിച്ചു. വിനയ് ഫോര്‍ട്ടിനെ മാറ്റിനിര്‍ത്താന്‍ സിനിമാലോകത്തിനാകില്ല എന്ന് തെളിയിക്കുന്നതു കൂടിയായി തമാശ. 'ഒണ്ടു മൊട്ടേയേ കഥേ' എന്ന കന്നട ചിത്രത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാകുമ്പോള്‍ തന്നെ സമകാലിക കേരള പശ്ചാത്തലത്തിലേക്ക് അത്രമേല്‍ ആഴത്തിലിറങ്ങി ചിരിക്കാനും ചിന്തിപ്പിക്കാനും അവസരമൊരുക്കി തമാശ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com