ഓളങ്ങളുതിരുന്ന പൂക്കളുടെ പരവതാനി: ഇ ഹരികുമാറിന്റെ കഥകളെക്കുറിച്ച്

കഥയില്‍ നഗരവും നാഗരിക ജീവിത പരിസരത്തിന്റെ വിധ്വംസതകളും പലമട്ടിലും കെട്ടിലും രൂപഭാവങ്ങള്‍ സ്വീകരിച്ച് ആസുരമായിക്കൊണ്ടിരുന്ന കാലം.
ഇ ഹരികുമാര്‍
ഇ ഹരികുമാര്‍

ഥയില്‍ കസര്‍ത്തു വേണ്ടെന്നു തീരുമാനിച്ചുറപ്പിച്ച എഴുത്തുകാരനാണ്  ഇ. ഹരികുമാര്‍. മലയാള കഥയില്‍ ആധുനികതയുടെ പ്രചണ്ഡവേഷങ്ങള്‍ ആഘോഷിക്കപ്പെടാന്‍ തുടങ്ങിയ അറുപതുകളിലാണ് ഈ കഥാകൃത്ത് മറ്റൊരര്‍ത്ഥത്തില്‍ കാലംതെറ്റി പൂക്കുന്നത്. കഥ ജീവിതഗന്ധിയാവണമെന്നും അതില്‍ മനുഷ്യരും മാനുഷികബന്ധങ്ങളും അടിസ്ഥാനശിലയായി വേണമെന്നും ഈ കഥാകൃത്തിനു നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ എഴുത്തില്‍ പെട്ടെന്നു ശ്രദ്ധ നേടാമായിരുന്ന പ്രചാരണ തന്ത്രങ്ങളില്‍ ഇയാള്‍ വ്യാമുഗ്ധനായില്ല. കോലാഹലങ്ങളില്‍ അംഗബലം കൂട്ടിയില്ല. അക്കാലത്തെ നടപ്പുശീലങ്ങളെ അവഗണിക്കാനുള്ള ത്രാണി തന്റെ നാട്ടുമ്പുറ ജീവിത സംസ്‌കാരത്തില്‍നിന്നാണ് ഹരികുമാര്‍ സ്വാംശീകരിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യനില്‍ ഊന്നിയുള്ള പ്രതീക്ഷാനിര്‍ഭരമായ അഭിവീക്ഷണം എഴുത്തില്‍ ഉള്ളുറച്ചതായി. ആശിച്ചാലും മാറ്റിപ്പണിയാന്‍ നിവൃത്തിയില്ലാത്തവിധം അതു തന്റെ ആത്മവത്തയുടെ അവിഭാജ്യതയായി. 

കഥയില്‍ നഗരവും നാഗരിക ജീവിത പരിസരത്തിന്റെ വിധ്വംസതകളും പലമട്ടിലും കെട്ടിലും രൂപഭാവങ്ങള്‍ സ്വീകരിച്ച് ആസുരമായിക്കൊണ്ടിരുന്ന കാലം. പറിച്ചുനടപ്പെട്ടവരുടെ വേരുകളന്വേഷിച്ചുള്ള പ്രയാണങ്ങളും ബന്ധങ്ങളില പുറംപൂച്ചുകളും ജീവിതത്തിന്റെ അര്‍ത്ഥംതേടലും കഥാപ്രമേയങ്ങളായി. സാങ്കേതികമായും ഭൗതികതലത്തിലും നഗരവല്‍ക്കരണം പൂര്‍ണ്ണമായും കീഴ്പെടുത്തിയിട്ടില്ലാത്ത അന്നത്തെ കേരളത്തില്‍ അതിനെ ശരിയാംവിധം മനസ്സിലാക്കുകയോ അനുഭവിക്കുയോ ചെയ്തിട്ടില്ലാത്ത മലയാള വായനക്കാര്‍ കഥയില്‍ സംഭവിച്ച വിച്ഛേദനങ്ങളോട് പതുക്കെയെങ്കിലും സന്ധിചെയ്യാന്‍ നിര്‍ബ്ബന്ധിതരാവുകയായിരുന്നു. 
എന്നാല്‍, ആധുനികത ഭാഷയില്‍ വരുത്തിയ പുതുക്കലും ചെത്തലും പദപ്രയോഗസാധ്യതകളും ക്ഷണികമെങ്കിലും വിസ്മയിപ്പിക്കുന്ന ആഹ്ലാദങ്ങളായി മാറിയെന്നത് തിരിഞ്ഞുനോക്കുമ്പോള്‍ നിഷേധിക്കാനാവാത്ത വാസ്തവം. അകക്കാമ്പിനേക്കാള്‍ ബാഹ്യമായ ആടയാഭരണങ്ങളുടെ തിരത്തള്ളലില്‍ പക്ഷേ, കഥകള്‍ ആഘോഷിക്കപ്പെട്ടു. ഉറക്കെ വിളിച്ചുകൂവുന്ന, കൊട്ടിഘോഷിക്കപ്പെടുന്ന ദര്‍ശനസമൃദ്ധിയാണ് കഥയുടെ മേന്മയെന്നു വന്നു. കഥക്കിണങ്ങാത്ത ഏച്ചുകെട്ടലുകള്‍ കഥാപാത്രഭാഷണമായി പ്രഘോഷണങ്ങളോ പ്രഭാഷണങ്ങളോ ആയി കഥയെ കെട്ടുകാഴ്ചയാക്കി. അക്കാല കഥാകൃത്തുക്കളെ പേരടെുത്തു പറഞ്ഞു കൂടുതല്‍ ഇഴകീറേണ്ട ആവശ്യം ഈ സന്ദര്‍ഭത്തിലില്ല. സമഗ്രമായല്ലെങ്കിലും ഹരികുമാര്‍ കഥകളിലൂടെയുള്ള ഈ ക്ഷിപ്ര സഞ്ചാരത്തില്‍ ഒരു എഴുത്തുകാരന്‍ എഴുതിത്തുടങ്ങിയ കാലപരിസരത്തെ ചേര്‍ത്തുനിര്‍ത്തേണ്ടത് അനിവാര്യതയായി തോന്നിയതുകൊണ്ടുമാത്രം ഇത്രയും പറഞ്ഞുവെച്ചതാണ്.

നഗരയാത്രകള്‍ 
തൊഴിലന്വേഷിച്ചു നാടിനോടും വീടിനോടും യാത്ര പറഞ്ഞു പോരേണ്ടിവന്ന അറുപതുകളിലെ ഗ്രാമീണ യൗവ്വനമാണ് ഹരികുമാറിന്റേയും ആദ്യകാല കഥകളിലെ അടിസ്ഥാന വിഷയവും വിഷാദവും. ദാരിദ്ര്യവും കഷ്ടപ്പാടും പൊരുത്തക്കേടുകളും നിറഞ്ഞ ലോകത്തില്‍നിന്നുള്ള വിടുതി ഒരേസമയം സാഹചര്യം അനിവാര്യമാക്കുന്നതും സ്വകാര്യമായി ആശിക്കുന്നതുമാണ്. വിട്ടുപോരുന്ന ലോകത്തിലാണ് പ്രിയപ്പെട്ടതെല്ലാം. വീട്. പ്രകൃതി. ബന്ധങ്ങള്‍. അതിന്റെ നനവൂറുന്ന ഓര്‍മ്മകള്‍. അനുരണനങ്ങളായി പശ്ചാത്തലത്തില്‍ വരുന്ന ആഘോഷങ്ങള്‍ ഒക്കെ.

എന്നാല്‍, ആ ലോകത്തിന്റെ സ്വച്ഛതയില്‍ പറ്റിച്ചേര്‍ന്നു പോകാന്‍ വയ്യാത്തവിധം നാനാതലങ്ങളില്‍ വരിഞ്ഞുമുറുക്കുന്ന സാമ്പത്തിക ക്ലേശമാണ് ചെറുപ്പക്കാരെ എക്കാലത്തും പ്രവാസിയാക്കുന്നത്. ഇല്ലായ്മയും കഷ്ടപ്പാടുകളും മാറ്റി താന്‍ സ്‌നേഹിക്കുന്നവര്‍ക്ക്, തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഏതുവിധമെങ്കിലും ഒരത്താണിയാവുക എന്ന ഏകലക്ഷ്യം മാത്രമായിരിക്കും നഗരസാഗരങ്ങളില്‍ കൂപ്പുകുത്തുന്നവര്‍ക്കുള്ളത്. അതിനിടെ തന്റെ ചെറിയ മോഹങ്ങളും സ്വപ്നങ്ങളും നിസ്സാരമാണ്. ബലികൊടുക്കാനുള്ള ആത്മഹവിസുകളാണവ. ചിലവേള തന്നെത്തന്നെ. 

പത്തു പാസ്സായി ടൈപ്പ്‌റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്റും പഠിച്ച് ബോംബെയിലും കല്‍ക്കത്തയിലും ദില്ലിയിലും മദിരാശിയിലുമായി തൊഴിലന്വേഷിച്ചു പോയവരുടെ ഘോഷയാത്രയാണ് അക്കാലത്തെ കഥകളിലേറേയും. ഒട്ടുമിക്കപ്പോഴും ഇവരൊക്കെ നേരിട്ടത് ചതിയും വഞ്ചനയും നിറഞ്ഞ തിന്മയുടെ കരിപുരണ്ട ലോകത്തെ. തൊഴിലെന്ന വ്യാജേന കച്ചവടത്തിലെ കൂട്ടിക്കൊടുപ്പുകള്‍ക്കുവരെ പലര്‍ക്കും ഒത്താശ ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ സാക്ഷിയാവേണ്ടിവരുന്നു. നിലനില്‍പ്പിനായുള്ള ഹിംസാത്മകതയുടെ നീരാളിപ്പിടുത്തത്തില്‍നിന്നു പലര്‍ക്കും മുക്തികിട്ടാറില്ല. അവരതില്‍ മുങ്ങിക്കുളിച്ച് അതേ വഴിയില്‍ പുതിയ ലോകങ്ങള്‍ വെട്ടിപ്പിടിക്കാന്‍ തത്രപ്പെടുന്നു. പിന്നെ പഴയ, ആ യാത്ര പറഞ്ഞുപോന്ന ഞാനില്ല. പഴയ മൂല്യങ്ങള്‍, വിശ്വാസങ്ങള്‍ ഒക്കെ പാഴ്സ്വപ്നങ്ങളായി. ചിലപ്പോളത് ആന്തരിക സംഘര്‍ഷങ്ങളുടെ മരുഭൂമിയുണ്ടാക്കും. നേടിയത് എന്താണെന്ന വിഫലമായ തിരിഞ്ഞുനോട്ടം. കൈവിട്ടുപോയ സുന്ദരസുരഭില ഭൂതകാലത്തെക്കുറിച്ചുള്ള നെടുവീര്‍പ്പുകള്‍. അത്തരം ആത്മവിചാരങ്ങളും മലയാളത്തില്‍ മികച്ച കഥകളായിട്ടുണ്ട്.

ഇത്തരം സ്വകാര്യവും സാമൂഹികവുമായ പൊതുപരിസരങ്ങളില്‍ വ്യാപരിക്കുമ്പോഴും ഹരികുമാര്‍ തന്റേതായൊരു തട്ടകം കഥയില്‍ സൃഷ്ടിക്കുന്നു എന്നിടത്താണ് ഈ കഥാകൃത്ത് വ്യത്യസ്തനാവുന്നത്. 
വലിയ ഒച്ചപ്പാടില്ലാതെ താന്‍ നേരിടേണ്ടിവരുന്ന യാഥാര്‍ത്ഥ്യങ്ങളോട് അനുതാപപൂര്‍വ്വം പ്രതികരിച്ചവരാണ് ഹരികുമാറിന്റെ കൂടുതലും കഥാപാത്രങ്ങള്‍. അവരൊന്നും നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഒട്ടും തിരക്കുകൂട്ടിയവരല്ല. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള വീറോ വാശിയോ സ്വഭാവ വൈശിഷ്ട്യമായി കണക്കാക്കിയവരുമല്ല. നഗരജീവിതവുമായി പെട്ടെന്നു രമ്യതയിലായവയാണ് ഹരികുമാര്‍ കഥകളിലേറെയും. അതിന്റെ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോഴും പ്രലോഭനങ്ങളില്‍ വീണുപോയവര്‍. ഈയൊരു തലത്തില്‍ ഹരികുമാര്‍ തന്റെ സമകാലികരില്‍നിന്നു തുടക്കത്തിലേ വേറിട്ടുനിന്നു.

സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വര്‍ണ്ണരാജി 
സ്ത്രീ-പുരുഷ ബന്ധങ്ങളുടെ വര്‍ണ്ണരാജിയാണ് ഒരോ കഥയുടേയും അടിസ്ഥാന ശ്രുതി. ഒറ്റമുറി ഫ്‌ലാറ്റുകളിലെ കുടുസുലോകത്തിലും ജീവിതം വിരസമാകാതെ നിലനിര്‍ത്തുന്നത് വ്യത്യസ്ത വിതാനങ്ങളിലെ സ്ത്രീ സാന്നിധ്യമാണ്. ഭാര്യ, കാമുകി, സഹപ്രവര്‍ത്തക, അയല്‍ക്കാരി, സഹയാത്രിക എന്നിങ്ങനെ നാനാതുറകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ജീവത്തായ ചൈതന്യമാണ് ഒരര്‍ത്ഥത്തില്‍ കഥയുടെ വെളിവും വാഴ്വും. കൂടുതലും ജീവിതപങ്കാളിയെന്ന നിലയ്ക്ക് ഭാര്യതന്നെയാണ്. മറച്ചുകെട്ടില്ലാതെ ഒന്നിച്ചു കഴിയുമ്പോഴും തങ്ങളുടേതായ അസ്തിത്വവും വ്യക്തിത്വവും ഹരികുമാര്‍ കഥകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ നിഷ്‌കര്‍ഷയോടെ പുലര്‍ത്തുന്നുണ്ട്. അഭ്യസ്തവിദ്യകളാണവര്‍. നഗരത്തില്‍ എത്തിപ്പെട്ടതുകൊണ്ടുതന്നെ അവര്‍ക്കൊക്കെ സ്ത്രീ സഹജമെന്നു പതിവുമട്ടില്‍ ആരോപിക്കാവുന്ന ദൗര്‍ബ്ബല്യങ്ങള്‍ കുറവ്. അറിഞ്ഞുകൊണ്ടുതന്നെയാണ്  ഇവരിലേറെയും പുരുഷനു കീഴ്പെടുന്നത്. ചതിക്കപ്പെട്ടിട്ടല്ല.

കേവല പ്രണയങ്ങളോ നഷ്ടകാമുകിമാരെക്കുറിച്ചോര്‍ത്തുള്ള ശ്ലഥചിത്രങ്ങളോ ഈ കഥകളില്‍ ദുര്‍ലഭമാണ്. പുരുഷകഥാപാത്രങ്ങളുടെ താങ്ങും തണലുമാവുന്നത് എപ്പോഴും സ്ത്രീകളാണ്. പുരുഷന്‍ തളര്‍ന്നുപോവുന്നിടത്തു ജയിച്ചുകേറുന്ന സ്ത്രീകള്‍ ഈ കഥാലോകത്ത് സമൃദ്ധം. ഒറ്റയ്ക്കാവുന്ന വേളയില്‍, സ്ത്രീ സാന്നിധ്യമില്ലാത്ത നിമിഷങ്ങള്‍ക്ക് അതുകൊണ്ടാണ് നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യവും കനവും അനുഭവപ്പെടുന്നത്. മാതൃഭാവത്തേക്കാള്‍ സ്ത്രീത്വം ശക്തമാവുന്നത് കൂട്ടുകാരിയുടെ സ്‌നേഹമസൃണമായ പരിലാളനയിലും ആശ്വാസത്തിലുമാണ്. സ്‌നേഹം മറയില്ലാതെ ആവശ്യപ്പെടുന്നവരാണ് ഇതിലെ മിക്കവാറും പേര്‍. അതു ശരീരബാഹ്യമായ ആദര്‍ശാത്മക പ്രണയവുമല്ല. മനസ്സിന്റെയെന്നപോലെ ശരീരങ്ങളുടേയും ജൈവികമായ തൃഷ്ണകളെ ആരും അടച്ചുവെയ്ക്കുന്നില്ല. വഴിവിട്ട ബന്ധങ്ങളാണെങ്കില്‍ക്കൂടി അതിലൊട്ടും കുറ്റബോധമോ സദാചാരപ്പേടിയോ അലട്ടാത്തവരാണിതിലെ സ്ത്രീപുരുഷന്മാര്‍. സുരതശേഷമുള്ള തളര്‍ച്ചയിലും സുഖാലസ്യത്തിലും ആ നിമിഷങ്ങളുടെ തൃപ്തിയിലാഴ്ന്ന സമ്പൂര്‍ണ്ണതയിലും പലപ്പോഴും ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്ന ഇണകള്‍. ലൈംഗികതയെ പാപബോധവുമായി കൂട്ടിക്കെട്ടുന്ന പതിവ് മാമൂല്‍ പാരമ്പര്യത്തെയാണ് ഇവിടെ തകര്‍ക്കുന്നത്. ഭോഗാലസ്യത്തില്‍ പുരുഷന്റെ മാറിലോ കൈത്തണ്ടയിലോ വിശ്രമിക്കുന്ന സ്ത്രീകള്‍, തുടര്‍ന്നുള്ള അവരുടെ മനോവിചാരങ്ങള്‍ പല കഥകളിലും ആവര്‍ത്തിക്കപ്പെടുന്നു. 

തീര്‍ച്ചയായും ഈയൊരു പശ്ചാത്തലം നഗരജീവിതാനുഭവങ്ങളില്‍ നിന്നുള്ളതാണ്. 
ആദ്യ സമാഹാരമായ കുങ്കുമം വിതറിയ വഴികളിലെ മൂന്നു കഥകള്‍ക്കും ഏറിയും കുറഞ്ഞും ഈയൊരു പ്രമേയം അടിസ്ഥാനമായി വന്നത് ആകസ്മികമാകാനിടയില്ല. എന്നാല്‍, സ്ത്രീസ്വഭാവങ്ങള്‍ക്കു വൈജാത്യമുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം തന്നെ കീഴടക്കാനുള്ള ഒരേയൊരു തൃഷ്ണയുമായി വന്നുകയറുന്ന കാമുകനൊപ്പം എതിര്‍പ്പേതുമില്ലാതെ കിടന്നുകൊടുക്കുന്ന സുധ, തൊട്ടടുത്ത നിമിഷം ഓഫീസില്‍നിന്നു വരാനിരിക്കുന്ന ഭര്‍ത്താവിനെ അറിഞ്ഞുകൊണ്ട് വിസ്മരിക്കുന്നവളാണ്. 'ആശ്വാസം തേടി' എന്ന അതേ സമാഹാരത്തിലെ അടുത്ത കഥയിലെത്തുമ്പോള്‍ ചിത്രം മറ്റൊന്നാണ്. നിതയെന്ന പരിഷ്‌കാരി സുന്ദരിപ്പെണ്ണിനെ പ്രലോഭനങ്ങളില്‍ കുടുക്കാന്‍ രോഹിത് വേട്ടക്കാരനെപ്പോലെ ഉപായങ്ങള്‍ മാറിമാറി സ്വീകരിക്കുന്നു. റസ്റ്റോറന്റിലെ രുചികരമായ ഭക്ഷണവും സിനിമയും സംഗീതവും എന്നല്ല അയാളുടെ ചായംപുരട്ടിയ വാക്കുകള്‍വരെ നിതയെ കീഴ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ മുനകൂര്‍ത്തതാണ്. എന്നാല്‍, സുധയെപ്പോലെയല്ല നിത. നിത പറയുന്നു: രോഹിത്, നമുക്കിതു ചെയ്യാതിരിക്കുക. നമ്മള്‍ പിന്നീടു ദു:ഖിക്കും. പ്ലീസ്. കഥാന്ത്യത്തിലാവട്ടെ, രോഹിത് ഭാര്യ സുജാതയെ ഓര്‍ക്കുന്നുണ്ട്. പോകുന്നതിന്റെ തലേ ദിവസം വീര്‍ത്ത വയറും വിളറിയ മുഖവുമായി അവള്‍ തന്റെ മാറില്‍ ചാരിയിരുന്നു ചോദിച്ചു: എന്നെ സ്‌നേഹമുണ്ടോ? എന്താണ് മറുപടി പറഞ്ഞതെന്ന് രോഹിത് അപ്പോള്‍ ഓര്‍ത്തില്ല. 

അതേസമയം തൊട്ടടുത്ത കഥയായ തിമാര്‍പൂര്‍ മറ്റൊരു കാഴ്ചയാണ്. നഗരത്തിന്റെ ഇരുണ്ടുനാറിയ തെരുവില്‍നിന്നാണ് ഇതിലെ പാവം സ്ത്രീ പ്രത്യക്ഷപ്പെടുന്നത്. ഓടയുടെ ഗന്ധമുള്ള സ്ത്രീ. അവള്‍ക്ക് ദില്ലിയില്‍ത്തന്നെയുള്ള തിമാര്‍പൂരിലെത്തണം. അവിടെയാണ് അവളുടെ ഭര്‍ത്താവുള്ളത്. അതിനുള്ള ബസ് കൂലിയില്ല. ആ ദാരിദ്ര്യത്തെ ശാരീരികമായി ചൂഷണം ചെയ്യാന്‍ അറപ്പില്ലാത്തവനാണ് നഗരത്തിലെ പരിഷ്‌കാരിയായ ഇടത്തരക്കാരന്‍. അയാളാ തെരുവുപെണ്ണിനെ സ്വന്തം ഫ്‌ലാറ്റിലേക്കു കൂട്ടിക്കൊണ്ടുവരുന്നു. ആദ്യം കുളിച്ചു വൃത്തിയാവാന്‍ പറയുന്നു. ഭാണ്ഡത്തില്‍ വിഴുപ്പല്ലാതെ മറ്റൊന്നുമില്ലാത്ത അവള്‍ക്കു തന്റെ പൈജാമയും കുര്‍ത്തയും നീട്ടുന്നു. അപ്പോളവള്‍ ചന്തക്കാരിയായി. പിന്നീടാണയാള്‍ അവള്‍ വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കുന്നത്. ഇന്നലെ വൈകിട്ട് റൊട്ടിതിന്നു ബാബുജീ എന്നാണ് മറുപടി. 24 മണിക്കൂര്‍. അതിനകം തിന്നുതീര്‍ത്ത ഭക്ഷണത്തേയും കുടിച്ചുതീര്‍ത്ത മദ്യത്തെപ്പറ്റിയും അയാള്‍ ആലോചിച്ചു. ഇങ്ങനെ സ്ത്രീകളുടെ നിസ്സഹായതയും ഇല്ലായ്മയും ഉളവാക്കുന്ന അവരോടുള്ള ഉള്ളിലെ നേര്‍ത്ത അനുതാപങ്ങള്‍ക്കൊപ്പംതന്നെ അതിനെ മറികടക്കുന്ന ജ്വരബാധപോലുള്ള പുരുഷാസക്തികളും ഹരികുമാര്‍ കഥകളില്‍ ഇടവിട്ടു കടന്നുവരുന്നു. 

അടഞ്ഞ വാതിലുകള്‍, 
ഒളിഞ്ഞുനോട്ടങ്ങളിലെ പുറംകാഴ്ചകള്‍ 

ഹരികുമാറിന്റെ കഥാപരിസരം അടഞ്ഞ വാതിലുകള്‍ക്കുള്ളിലെ ഇടുങ്ങിയ ലോകമാണ്. മിക്കവാറും അതു നഗരത്തിലെ ഫ്‌ലാറ്റ് ജീവിതങ്ങളുടെ പരിച്ഛേദവുമാണ്. രണ്ടുമുറി ഫ്‌ലാറ്റിലെ ഏകാന്തതയും വിരസതയും ചെറിയ സന്തോഷങ്ങളും പരിഭവങ്ങളും പിണക്കവും ചതികളും വഞ്ചനയും കാമാര്‍ത്തികളും പരാതികൂടാതെ ഏറ്റെടുക്കുന്നവര്‍. പുറംലോകവുമായുള്ള അവരുടെ സമ്പര്‍ക്കം പലപ്പോഴും വാതിലിന്റെ പീപ്‌ഹോളിലൂടെ കാണുന്ന കാഴ്ചകളാണ്. ഒളിച്ചുനോട്ടത്തിന്റെ രഹസ്യാത്മകത സൂക്ഷിച്ചാണ് കഥ പറയുന്നവര്‍ മറ്റുള്ളവരെ ശ്രദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ജീവിതം ലാഘവത്തോടെ കഥയായി പറയാനോ ഓര്‍മ്മിക്കാനോ മാത്രമാണ് അന്യവല്‍ക്കരിക്കപ്പെട്ട നഗരവാസികളായ ഇടത്തട്ടുകാരുടെ നിയോഗം. പൊതുജീവിത പരിസരങ്ങളിലേക്ക് ഇറങ്ങിനില്‍ക്കാന്‍ മടിയും പേടിയും ഉള്ള മലയാളി മധ്യവര്‍ത്തി സമൂഹത്തിന്റെ ശരിയായ പ്രതിനിധികളായും ഇതിലെ ഒട്ടെല്ലാ കഥാപാത്രങ്ങളും മാറുന്നുണ്ട്. അയല്‍ക്കാരി എന്ന ഒറ്റ കഥമതി ഇക്കാര്യം വിശദീകരിക്കാന്‍. അതേസമയം ആദ്യകാല കഥകളിലൊന്നായ കൂറകളിലെ സ്ത്രീക്കു കുറേക്കൂടി തന്റേടവും യാഥാര്‍ത്ഥ്യബോധവുമുണ്ട്. കല്‍ക്കത്ത നഗരത്തിന്റെ അപരിചിതത്വമോ തിരക്കോ അവളെ പേടിപ്പിക്കുന്നില്ല. ധൈര്യപൂര്‍വ്വം പുറത്തുവരാനും ഭാഷയറിയില്ലെങ്കിലും കൂറകള്‍ക്കുള്ള വിഷം ചോദിച്ചുവാങ്ങാനും നഗരവഴിയിലെ തൊഴിലാളികളുടെ ജാഥ നോക്കി നില്‍ക്കാനും ആ ജാഥയില്‍ കാണുന്ന ദൈന്യമുഖങ്ങളെ പിന്നീട് വിഷംതിന്ന് ചത്തൊടുങ്ങുന്ന കൂറകളുടെ വംശാവലിയായി തുലനം ചെയ്യാനും മാത്രം അവള്‍ വളരുന്നുണ്ട്. കൂറകള്‍ക്കു വിഷം കൊടുത്തു കൊല്ലുന്നതിനേക്കാള്‍ ക്രൂരതയോടെ സ്വന്തം ജീവന്റെ പൊടിപ്പിനെ ഉദരത്തില്‍നിന്നു കൊന്നുതള്ളിയവളാണ് ഇതിലെ സ്ത്രീ. രണ്ടുമക്കളില്‍ കൂടുതല്‍ പേരെ പോറ്റാനാവില്ലെന്ന പിടിപ്പുകെട്ട ഭര്‍ത്താവിന്റെ നിശ്ശബ്ദമായ ആജ്ഞയ്ക്കു മുന്നില്‍ നിസ്സഹായയായി പോയവളാണവള്‍. കഥ തീരുന്നത് ഇങ്ങനെ: അവള്‍ വളരെ നേരം ഉറങ്ങി. ഉണര്‍ന്നപ്പോള്‍ സൂര്യകിരണങ്ങള്‍ മുറിയിലേക്ക് അരിച്ചുവന്നു തുടങ്ങിയിരുന്നു. നിലത്ത് അവള്‍ കൂറകളെ കണ്ടു. ചത്തുമലച്ച കൂറകള്‍. അവള്‍ ശൈത്യകാലത്തു മരങ്ങളില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന കരിയിലകളെക്കുറിച്ചും വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചുപോയ അമ്മയെക്കുറിച്ചും മക്കളെക്കുറിച്ചും ജീവിക്കാനുള്ള അവകാശം നിഷേധിച്ചു കഴിഞ്ഞ പുതിയ ജീവന്റെ കണികയെക്കുറിച്ചും ഓര്‍ത്തു. അവള്‍ വ്യസനിച്ചു. 

ഇങ്ങനെ വ്യസനവും ആഘാതങ്ങളും ധര്‍മ്മസങ്കടങ്ങളും നീതിനിഷേധങ്ങളും ഒട്ടും ഒച്ചയില്ലാതെ ഒതുക്കിപ്പിടിക്കുന്നവരാണ് കൂടുതല്‍ സ്ത്രീകഥാപാത്രങ്ങളും. അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കുന്നവര്‍. അവര്‍ പുറത്തേയ്ക്കു കരയുന്നത് വളരെകുറച്ചുമാത്രമാണ്. പക്ഷേ, അവരുടെ ചെറിയ തോല്‍വികള്‍ക്ക് ആണുങ്ങളുടെ വലിയ വിജയങ്ങളേക്കാള്‍ മുഴക്കവും മഹത്വവുമുണ്ട്.

കുട്ടികള്‍ കാണുന്ന ലോകം  
കുട്ടികളുടെ ലോകത്തുനിന്നു മുതിര്‍ന്നവരുടെ കഥപറയാനുള്ള വശ്യത ഹരികുമാര്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന രചനാരീതിയാണ്. ശൈശവ നിഷ്‌കളങ്കതയോടുള്ള ആരാധനകലര്‍ന്ന ആഭിമുഖ്യം ഈ എഴുത്തുകാരന്റെ അടിസ്ഥാന സ്വഭാവവിശേഷമാണ്. ഒരുപക്ഷേ, ഈ കഥാകൃത്തിന്റെ എക്കാലത്തേയും മികച്ച കഥകളായി എന്റെ വായനയെ ആഹ്ലാദിപ്പിച്ചിട്ടുള്ളതും കുട്ടികളുടെ ലോകത്തുനിന്നു കണ്ട മുതിര്‍ന്നവരുടെ ജീവിതാഖ്യാനങ്ങളെയാണ്. തൊഴില്‍പരമായ തകര്‍ച്ചകളും ഇല്ലായ്മകളും കടക്കെണിയും അലട്ടുമ്പോഴും ജീവിതം പ്രസാദാത്മകമാണെന്ന് അവരെ ഓര്‍മ്മിപ്പിക്കുന്നത് കുട്ടികളുടെ നിര്‍ദ്ദോഷമായ ഇടപെടലുകളാണ്. 

ആദ്യകഥയായ കുങ്കുമം വിതറിയ വഴികളില്‍ തുടങ്ങി തന്റെ മികച്ച കഥകളില്‍ ചിലതായ ഡോക്ടര്‍ ഗുറാമിയുടെ ആശുപത്രി, ദിനോസറിന്റെ കുട്ടി, ഒരു കങ്ഫു ഫൈറ്റര്‍, കാനഡയില്‍നിന്നുള്ള രാജകുമാരി, ശ്രീപാര്‍വ്വതിയുടെ പാദം തുടങ്ങി ഒട്ടെല്ലാ കഥകളുടേയും കേന്ദ്രസ്ഥാനത്ത് കുട്ടികളാണ്. (ശ്രീപാര്‍വ്വതിയിലത് കുട്ടികളേക്കാള്‍ വിലോല ഭാവങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന, കുറച്ചുകൂടി മുതിര്‍ന്ന, രണ്ടു കുട്ടികളുടെ അമ്മയും ഭാര്യയുമായ മാധവിയായെന്നു മാത്രം) കുട്ടികളാണ് കഥ നിയന്ത്രിക്കുന്നതും കൊണ്ടുപോവുന്നതും. അവരുടെ നിഷ്‌കളങ്കമായ ഇടപെടലാണ് കഥയില്‍ വലിയ വഴിത്തിരിവുകളാവുന്നത്. കുട്ടികളുടെ അസ്ഥാനത്തുള്ള ചോദ്യങ്ങളിലോ സംശയങ്ങളിലോ കുരുങ്ങി മുതിര്‍ന്നവര്‍ തകര്‍ന്നുപോവുകയാണ്. അതുവരെ പരസ്പരം കണ്ടില്ലെന്നു നടിക്കുന്ന ചതികളും ദൗര്‍ബ്ബല്യങ്ങളും ഒളിച്ചുവെച്ച സ്വാര്‍ത്ഥങ്ങളും ചലവും പഴുപ്പുംപോലെ പുറത്തുചാടി അകം വികൃതമാവുന്നത് മുതിര്‍ന്നവര്‍ ഞെട്ടലോടെ തിരിച്ചറിയുന്നു. അതൊന്നുമറിയാതെ കുട്ടികളപ്പോഴും സ്വാഭാവികതയോടെ അവരുടെ ലോകത്തെ ചെറിയ കളികളിലേക്കോ കാര്‍ട്ടൂണുകളിലേക്കോ ചായപ്പെന്‍സിലുകള്‍ തിരഞ്ഞുള്ള നെട്ടോട്ടത്തിലേക്കോ ഉറക്കത്തില്‍ വന്നുപോവുന്ന കുട്ടിദിനോസറിനെക്കുറിച്ചുള്ള  ആശങ്കയിലേക്കോ ഉള്‍വലിഞ്ഞിട്ടുണ്ടാവും. 

കുങ്കുമം വിതറിയ വഴികളിലെ കാമുകന്‍ അങ്കിള്‍, സംഗീതയുടെ അമ്മ സുധയെ പ്രാപിക്കുന്നതിലെ ആഘാതം തീര്‍ച്ചയായും ആ കുട്ടികൂടി അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മണത്തറിയാന്‍ തുടങ്ങിയല്ലോ എന്ന സന്ദിഗ്ദ്ധതയില്‍ എത്തുമ്പോഴാണ്. 
എന്തു പറയുന്നു മമ്മി, അങ്കിള്‍ നല്ല ആളാണോ? 
അങ്ങനെ ചോദിക്കുമ്പോള്‍ ഡാഡിയുടെ കണ്‍കോണില്‍ കുസൃതിയുണ്ടായിരുന്നു. 
മോളെ, അങ്കിള്‍ കൊണ്ടുവന്ന റോസാപ്പൂക്കള്‍ എനിക്കു കാണിച്ചുതരില്ലേ? 
തീര്‍ച്ചയായും. അവള്‍ ചാടിയെഴുന്നേറ്റ് കിടപ്പറയിലേക്കോടി. കിടപ്പറയിലെത്തിയപ്പോള്‍ അവള്‍ പെട്ടെന്നു നിന്നു. 
അങ്കിള്‍ റോസാപ്പൂക്കള്‍ കൊണ്ടന്നത് ഡാഡിക്കെങ്ങനെ മനസ്സിലായി? അടഞ്ഞുകിടന്ന ഒരു വാതില്‍ അവളുടെ ഓര്‍മ്മയിലെത്തി. അവളുടെ കൊച്ചുമനസ്സില്‍ പതഞ്ഞുവരുന്ന സാന്ദ്രത അവള്‍ അറിഞ്ഞു. വൈകുന്നേരം സ്‌കൂള്‍വിട്ട് കൂട്ടുകാരികളെല്ലാം പോയി ഒറ്റയ്ക്കു ബസു കാത്തുനില്‍ക്കുമ്പോള്‍ ഉണ്ടാകാറുള്ള ഏകാന്തത അവള്‍ക്കു വീണ്ടും അനുഭവപ്പെട്ടു. 
അച്ഛന്റെ സാന്ത്വനങ്ങളോ അമ്മയുടെ എന്തേ ഉണ്ടായത് എന്ന അന്വേഷണങ്ങളോ തീരെ സഹായകരമായിരുന്നില്ല. അവള്‍ക്കുണ്ടായ നഷ്ടം അപാരമായിരുന്നു.

ഇത്തരം കൊച്ചുവാക്യങ്ങളോടെയാണ് തികച്ചും സാധാരണമെന്നപോലെ അസാധാരണമായ ആ കഥ പര്യവസാനിക്കുന്നത്. മറ്റൊരു തലത്തില്‍ പറയുമ്പോള്‍ സാധാരണതകളിലെ അസാധാരണത്വമാണ് ഹരികുമാര്‍ കഥകളിലെ കാന്തികസ്പര്‍ശം. കഥയുടെ ഭ്രമണപഥങ്ങളിലേക്കെന്നപോലെ ഇത്തരം ഗുരുത്വാകര്‍ഷണങ്ങള്‍ വായനക്കാരെ കഥ വായിച്ചു തീര്‍ത്താലും കഥക്കു വെളിയില്‍ പോകാന്‍ അനുവദിക്കാതെ അവിടെത്തന്നെ കെട്ടിയിടുന്നു. ചുറ്റിത്തിരിയാന്‍ നിര്‍ബന്ധിക്കുന്നു. 

കടം പെറ്റുപെരുകി ജീവിതം വഴിമുട്ടിപ്പോവുന്ന ഇടത്തരക്കാരുടേയും ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തവിധം എല്ലാം പൊയ്‌പ്പോയ പാവങ്ങളുടേയും ചങ്കുകീറുന്ന ധര്‍മ്മസങ്കടങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴാണ് ഹരികുമാര്‍ കഥകളുടെ കൈയൊതുക്കവും ശില്പഭദ്രതയും കൂടുതല്‍ തെളിമയോടെ സന്ധ്യാകാശത്തെ മഴവില്ലുപോലെ വിഷാദമധുരമാവുക. അസൂയപ്പെടുത്തുന്ന കൈയൊതുക്കമാണപ്പോള്‍. ആവശ്യത്തില്‍ കൂടുതല്‍ ഒരുവരിപോലും കുറിക്കാതെ ആ ദീനത മുഴുവന്‍ ആവാഹിക്കാനുള്ള വൈഭവം ആദ്യകാല കഥകളായ ദിനോസറിന്റെ കുട്ടിയിലും ഒരു കുങ്ഫു ഫൈറ്ററിലും എന്നപോലെ ഉന്നൈ കാണാതെ കണ്ണും എന്ന സമീപകാല കഥയിലും ഉച്ചസ്ഥായിയിലാണ്. മഴച്ചാറ്റല്‍പോലെ താഴ്ന്ന ശ്രുതിയിലെ സംഗീതധാരയും വാക്കുകള്‍ സൃഷ്ടിക്കുന്ന മന്ദ്രമായ താളവും കാതോര്‍ത്താല്‍ ആ കഥകളില്‍ കേള്‍ക്കാം. 

ഇതേ താരള്യമാണ് സ്‌നേഹത്തെക്കുറിച്ചു പറയുമ്പോഴും. ശരീരാസക്തമായ കാമാതുരതകളിലല്ല, ലാഭചേതങ്ങളെ കാര്യമാക്കാത്ത, കണക്കുപറയാത്ത, ഉപാധികളില്ലാത്ത, വെറും സ്‌നേഹത്തിന്റെ തെളിമ കാട്ടിത്തരുമ്പോളത് ഹിമകണങ്ങളില്‍ പ്രതിഫലിക്കുന്ന അരുണകാന്തിയാവും. ഏതു വരള്‍ച്ചയിലും ഏതൊരാളുടേയും ഉള്ളില്‍ കൈത്തോടുപോലെ ഓരം ചേര്‍ന്നൊഴുകുന്ന ജീവജലത്തിന്റെ കുളിരും വശ്യതയും കണ്ണീരുപോലെ അടിത്തട്ടു കാണാവുന്ന ഭാഷയില്‍ വെളിവാകുമ്പോള്‍ ജീവിതം അത്ര വെറുക്കപ്പെടേണ്ടതല്ലെന്ന ബോധ്യം പകര്‍ന്നുകിട്ടും. എല്ലാ ഊഷരതകള്‍ക്കിടയിലും നിധിപോലെ സൂക്ഷിച്ചുവെക്കാനൊരു മയില്‍പ്പീലി ഹരികുമാര്‍ കഥകളില്‍ എവിടെനിന്നെങ്കിലും അപ്രതീക്ഷിതമായി വീണുകിട്ടാതിരിക്കില്ല. ജീവിതത്തോടുള്ള പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പിന് അതു വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യും. 
ആദ്യകാല കഥകളിലൊന്നായ സൂര്യകാന്തിപ്പൂക്കള്‍ തരുന്ന വായനാനുഭവം ഇത്തരത്തിലൊന്നാണ്. 
''ഇപ്പോള്‍, ചെമ്പൂരിലെ ഫ്‌ലാറ്റുകളിലൊന്നില്‍ താമസിക്കുന്ന ഇരുനിറമുള്ള മെലിഞ്ഞ പെണ്‍കുട്ടി അയാളുടെ സ്വകാര്യസ്വത്തായി മാറിയിരിക്കുന്നു.'' അവളാണ് ഭാവിവധുവെന്നറിയാതെ പണ്ടൊരു കുട്ടിക്കാലത്ത് ആ വീട്ടുകാരോട് യാത്രപറഞ്ഞുപോന്ന വേളയില്‍ അവളുടെ അമ്മതന്ന സൂര്യകാന്തിവിത്തുകള്‍ കുട്ടിയായ അയാളുടെ കൈയില്‍നിന്നു യാത്രയ്ക്കിടെ വീണുപോയിട്ടുണ്ട്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതയാള്‍ ഓര്‍ക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍, വിത്തു നഷ്ടപ്പെട്ടെന്ന് ഓര്‍ത്തുവെയ്ക്കുന്ന സ്ഥലമെത്തിയപ്പോള്‍ അയാള്‍ കാണുന്ന കാഴ്ച അവിടെ കുന്നിന്റെ ചായ്വില്‍, താഴ്വരയില്‍ ഒരു വലിയ സൂര്യകാന്തിത്തോട്ടമാണ്. മഞ്ഞയുടെ പരവതാനി വിരിച്ചിട്ടപോലെ. കാറ്റടിക്കുമ്പോള്‍ പൂക്കളുടെ പരവതാനിയില്‍ ഓളങ്ങളുണ്ടാവുന്നു. ആ കാഴ്ച മറയരുതേ എന്നായാള്‍ പ്രാര്‍ത്ഥിച്ചു. 

ജീവിതത്തോടുള്ള വര്‍ണ്ണാഭവും പ്രത്യാശാഭരിതവുമായ ഒരു ദൂരക്കാഴ്ചയാണത്. ഒരു വിത്തില്‍നിന്ന് അനേക വര്‍ഷങ്ങളിലെ കാറ്റിലും മഴയിലും മഞ്ഞിലും പെറ്റുപെരുകി പൊട്ടിമുളച്ചുണ്ടായ പൂക്കളുടെ താഴ്വര പോലെ ജീവിതം ഋതുഭേദങ്ങളിലൂടെയുള്ള അവിരാമമായ യാത്രകളിലൂടെ സുരഭിലമാവുമെന്ന ശുഭസൂചന. തീവണ്ടിയാത്രയിലെ ഗതിവേഗങ്ങള്‍ക്കൊപ്പം മിന്നിമറയുന്ന ജീവിതചിത്രങ്ങള്‍ക്ക് ആ താളംകൂടി ഇണക്കമായി കിട്ടുന്നുണ്ട്. അത്രമേല്‍ സൂക്ഷ്മധ്വനികളുണര്‍ത്തുന്ന  പദകല്പനകളാണതില്‍.
തുമ്പപ്പൂക്കളുടെ ചാരുതയാര്‍ന്ന ശ്രീപാര്‍വ്വതിയുടെ പാദത്തിലും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴപിരിയാ ബന്ധങ്ങളെ വഴക്കത്തോടെ ഒട്ടും അത്യുക്തിയില്ലാതെ കാട്ടിത്തരുന്നു. മണങ്ങളുടെ, വാസനയുടെ, ഗന്ധങ്ങളുടെ അതിവിപുലമായൊരു ലോകം ശ്രീപാര്‍വ്വതിയുടെ വായന മനസ്സിനെ എപ്പോഴും പ്രസാദാത്മകമാക്കുന്നു. ഒന്നു നീന്തിക്കുളിച്ചു കയറിവന്നപോലെ. മടിവിട്ടുണരുന്ന ഒരു പുലര്‍ക്കാല നടത്തത്തിന്റെ  ഉന്മേഷവും വശ്യതയും അത് ഉള്ളില്‍ നിറയ്ക്കുന്നു. 


ഭാഗത്തിന്റെ വിശദാംശം പറയാനോ കണക്കു ചോദിക്കാനോ ആണ് അനുജത്തിയുടെ വരവെന്ന് ഊഹിച്ചുപോയെങ്കിലും ശാരദേച്ചിയുടെ ഉള്ളിലും അനുജത്തി മാധവിയോടുള്ള സ്‌നേഹം തുടിക്കുന്നുണ്ട്. മഴയുടെ ഇരമ്പവും കാറ്റും, നനച്ച രാമച്ച വീശറികൊണ്ട് വീശിത്തരുന്ന ഒരമ്മയുടെ താരാട്ടുപോലെ ഉറക്കത്തിലേക്കു ക്ഷണിച്ചിരുന്ന ആ പഴയ വീട്ടില്‍ അവള്‍ അപ്രതീക്ഷിതമായി കയറിച്ചെല്ലുന്നത് അവള്‍ക്കുപോലും പിടികിട്ടാത്ത മനസ്സിന്റെ ചില ഭാവങ്ങളെ തേടിയാണ്. ഒരുപക്ഷേ, അവളുടെതന്നെ തിരിച്ചുകിട്ടാത്ത നഷ്ടബാല്യത്തെ തേടി. അതിന്റെ കുതൂഹങ്ങള്‍. അവളുടെ ആത്മീയ യാത്രകളെന്നാണ് അത്തരം തിരിച്ചുപോക്കുകളെ ഭര്‍ത്താവ് രവി വിശേഷിപ്പിക്കാറ്.
എന്തിനാണ് വന്നത്? തനിക്കു തന്നെ അറിയില്ല. 
നമ്മള്‍ ഇമ്മാതിരി മഴയുള്ള ദിവസങ്ങളില്‍ ഈ ജനലിന്റെ അറ്റത്തിരുന്ന് കൊത്തങ്കല്ലാടീത് ശാരദേച്ചിക്ക് ഓര്‍മ്മേണ്ടൊ? 
എനിക്കറിയാം നീ എന്തിനാ വന്നതെന്ന്. ശാരദേച്ചി പറഞ്ഞു. 
നിങ്ങടെ തൃശൂരുള്ള വീടും 25 സെന്റ് പറമ്പുംകൂടി ചുരുങ്ങിയത് അഞ്ച് ലക്ഷം ഉറുപ്പികയെങ്കിലും വരുംന്നാ രാമേട്ടന്‍ പറയണത്. 
ശാരദേച്ചീ, മുത്തശ്ശി നമുക്ക് ശ്രീപാര്‍വ്വതിയുടെ പാദം കാണിച്ചുതന്നതോര്‍മ്മേണ്ടോ?
ഊംങും. ഇവിടെ ഈ പറമ്പും നെലോം ഒക്കെ കൂടിയാല്‍ രണ്ടു ലക്ഷം കിട്ടുമെന്നു തോന്ന്ണില്ല. 

തുമ്പപ്പൂ കമിഴ്ത്തിവെച്ച് കാണിച്ചു തന്നത് ഓര്‍മ്മല്യേ? നമ്മള് ഓണത്തിന് പൂവിടുമ്പോ നടുവില് വെക്കാറുണ്ട്. 
നീ എന്തൊക്കെയാണ് പറയണത്? ശാരദേച്ചി ചോദിച്ചു.
ശാരദേച്ചിക്കു മാത്രമല്ല, ദൈനംദിന ജീവിതത്തിന്റെ പ്രയാസങ്ങളിലും കണക്കുകൂട്ടലിലും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്കാര്‍ക്കും മാധവി പറയുന്നതു മനസ്സിലായിക്കൊള്ളണമെന്നില്ല. അതു സ്‌നേഹത്തിന്റെ ഭാഷയാണ്. മനുഷ്യരോടുള്ള അടുപ്പത്തിന്റേയും മണ്ണിനോടും പൂക്കളോടും കിളികളോടുമുള്ള അനുരാഗത്തിന്റേയും ഭാഷയാണ്. കാണുന്ന കാഴ്ചയില്‍ മാത്രമല്ല, ചിലരുടെയെങ്കിലും ലോകങ്ങളെന്ന്, അങ്ങനെ പറയുന്നുവെന്ന ഒരു നാട്യവും ഇല്ലാതെ ഈ കഥ പറഞ്ഞുവെക്കുകയാണ്. അതാണ് വര്‍ഷങ്ങളുടെ പഴക്കം ഈ കഥയെ ബാധിക്കാത്തത്. അതാണ് പേരറിയാത്ത ഏതെല്ലാമോ പച്ചപ്പുല്ലിന്റെ മണംപോലെ ഈ കഥയുടെ വായന എനിക്കെന്നും ഇഷ്ടമാവുന്നത്.

തികച്ചും സ്വാഭാവികമായ ജീവിത പരിസരങ്ങളില്‍നിന്നാണ് ഒരോ കഥയുടേയും ഉത്ഭവം. അത്രമേല്‍ അനായാസകരവും നൈസര്‍ഗ്ഗികവുമാണവ. 55 വര്‍ഷത്തിലേറെയായുള്ള എഴുത്തു ജീവിതത്തില്‍ 1525 പുറങ്ങളിലായി നാല് വാല്യങ്ങളില്‍ 166 കഥകളാണ് ഹരികുമാറിന്റേതായി മലയാളത്തിനു കിട്ടിയിട്ടുള്ളത്. ആ കണക്കില്‍ ഒരാണ്ടില്‍ ശരാശരി മൂന്ന് കഥ മാത്രം. ഒന്‍പത് ചെറുനോവലും അഞ്ച് തിരക്കഥയും ഒരു നാടകവും വേറെയുണ്ട്. 
ഒപ്പം പല കാലങ്ങളിലായി എഴുതപ്പെട്ട സാഹിത്യസംബന്ധിയും അല്ലാത്തതുമായ ഓര്‍മ്മകളും ലേഖനങ്ങളും ചേര്‍ന്ന മറ്റൊരു സമാഹാരവും അദ്ദേഹത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഇത്തരമൊരു കുറിപ്പില്‍ ആറ്റിക്കുറുക്കിപ്പോലും പരാമര്‍ശിക്കാനാവില്ല. കഥാചുരുക്കം പറഞ്ഞ് കൃതികളുടെ പട്ടിക നിരത്തലാവരുത് ഈ കുറിപ്പെന്നും നിര്‍ബ്ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വായന കഴിഞ്ഞിട്ടും മനസ്സില്‍ ഉടക്കിയ ഏതാനും കഥകളെ ഈ എഴുത്തുകാരന്റെ ചില പൊതു സ്വഭാവസവിശേഷത വിശദീകരിക്കുന്നതിനായി സാന്ദര്‍ഭികമായി സൂചിപ്പിക്കുക മാത്രമെ ചെയ്തിട്ടുള്ളു. ഹരികുമാറിന്റെ സാഹിത്യ ജീവിതത്തെ പ്രാതിനിധ്യസ്വഭാവത്തോടെ വേര്‍തിരിക്കാനുതകുന്ന ചില കഥകളേയും ഉപജീവിച്ചു. അതാകട്ടെ, കൂടുതലും ആദ്യകാല കഥകളായിപ്പോയി എന്നൊരു ന്യൂനത, പുതിയ കഥകളില്‍ വേണ്ടത്ര ശ്രദ്ധവെച്ചില്ല എന്നൊരു സൂചന ഈ കുറിപ്പ് പ്രസിദ്ധീകരിക്കും മുന്‍പേ വായിച്ച എഴുത്തുകാരന്‍ തന്നെ രേഖപ്പെടുത്തുകയും ചെയ്തത് ഞാനിവിടെ പറയട്ടെ. ആ അഭിപ്രായം ശരിയാണ്. എന്നാല്‍, ഏതൊരാളുടേയും ഒരുപക്ഷേ, അവരത്രയൊന്നും ഇഷ്ടപ്പെടാത്ത കഥകളായിരിക്കും വായനക്കാരുടെ ഉള്ളില്‍ക്കയറി ഇരിക്കുക. ഗാഢനിദ്രയ്ക്കിടെ വിളിച്ചുണര്‍ത്തി അപ്രതീക്ഷിതമായി ഒരാള്‍ ഹരികുമാര്‍ കഥകളെക്കുറിച്ച് എന്നോട് നാലു വരി ചോദിച്ചാലും ദിനോസറിന്റെ കുട്ടിയും ശ്രീപാര്‍വ്വതിയുടെ പാദവും എന്റെ മറുപടിയിലുണ്ടാവും. 
കഥയെ വെല്ലുന്ന നേരനുഭവങ്ങളാണ് എട്ടാം വാല്യത്തില്‍ ''നീ എവിടെയാണെങ്കിലും'' എന്ന ഭാഗത്തില്‍ ചേര്‍ത്തിട്ടുള്ളത്. കഥയായി മാറിയ ജീവിതസന്ദര്‍ഭങ്ങളും കഥയില്‍ ഇനിയും ആവിഷ്‌കരിക്കപ്പെടാത്ത അനുഭവങ്ങളും ഇവിടെ തുറന്നെഴുതിയിരിക്കുന്നു. ഈ എഴുത്തുകാരനു വായനക്കാരോട് ഒളിക്കാന്‍ ഒന്നുമില്ല എന്നതാണ് ഈ കുറിപ്പുകളുടെ ആന്തരാര്‍ത്ഥം. കഥകളെന്ന സങ്കേതത്തില്‍ ഒതുങ്ങാത്തതുകൊണ്ടുമാത്രം ആ കുറിപ്പുകള്‍ തന്ന വായനാനുഭവത്തെ ഞാനിവിടെ ഒഴിവാക്കുകയാണ്. എങ്കിലും അക്കൂട്ടത്തിലെ ഒരു വിരുന്നിന്റെ ഓര്‍മ്മയും പ്രണയം യാത്രയില്‍, നീ എവിടെയാണെങ്കിലും എന്നീ കുറിപ്പുകള്‍ കഥയേക്കാള്‍ മഥിപ്പിച്ചു എന്നു പറയാതെ പോവാനാവില്ല. 

ഈ സമാഹാരങ്ങളിലെ നാലാം വാല്യത്തിലുള്ള നഗരവാസിയായ ഒരു കുട്ടി, വെള്ളിത്തിരയിലെന്നപോലെ, ഉമ്മുക്കുല്‍സൂന്റെ വീട് എന്നീ ഭാഗങ്ങള്‍ക്ക് ഹരികുമാര്‍ തന്നെ അവതാരികയെഴുതിയിട്ടുണ്ട്. സാഹിത്യത്തോടും ജീവിതത്തോടും പൊതുവേയും തന്റെ കഥകളോട് തനിക്കു തന്നെയും ഉള്ള നിലപാടുകളെ, കാഴ്ചപ്പാടുകളെ, കഥപോലെ ലളിതമായി ഹരികുമാര്‍ പറഞ്ഞുവെക്കുന്നു. ഏതൊരു എഴുത്തുകാരനും എഴുത്തിന്റെ എല്ലാ ഘട്ടങ്ങളിലും നേരിടുന്ന, എന്തിന് എഴുതുന്നു എന്ന അടിസ്ഥാനപരമായ ചോദ്യത്തിനുള്ള ഉത്തരങ്ങളാണതില്‍. എക്കാലത്തേയും സാഹിത്യ സിദ്ധാന്തങ്ങളുടേയും സൗന്ദര്യശാസ്ത്ര ദര്‍ശനങ്ങളുടേയും പശ്ചാത്തലത്തില്‍ വേണമെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരാള്‍ക്ക് ആവോളം തന്നെ മറ്റൊന്നായി മാറ്റിപ്പണിയാനുള്ള സാവകാശവും അവസരങ്ങളും അനവധിയാണ്. എന്നാല്‍, ഹരികുമാര്‍ ഇത്രമാത്രമേ പറയുന്നുള്ളു: ''ക്ഷതത്തില്‍ തേനിടുന്ന അന്‍പിനെത്തന്നെയാണ് ഞാനും അന്വേഷിക്കുന്നത്. സാഹിത്യരചന എന്നെ സംബന്ധിച്ച് ഈ അന്വേഷണമാണ്. ദീര്‍ഘകാലമായുള്ള, എവിടെയും എത്തിയിട്ടില്ലാത്ത അന്വേഷണം. ജന്മാന്തരങ്ങളില്‍ ഞാന്‍ കണ്ടുമുട്ടുകയോ പരിചയപ്പെടുകയോ ചെയ്യുകയും പിന്നീട് മറവിയുടെ ആഴങ്ങളിലെവിടെയോ നഷ്ടപ്പെടുകയും ചെയ്ത സംഭവങ്ങളോ വ്യക്തികളോ ആയിരിക്കണം പിന്നീട് കഥാബീജമായും അതിലെ കഥാപാത്രങ്ങളായും എന്റെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്നത്. ക്ഷണിക്കാതെ കടന്നുവന്ന അതിഥികള്‍ എന്റെ അബോധമനസ്സില്‍ സ്വന്തമായ ഒരു ജീവിതം നയിക്കാന്‍ തുടങ്ങുകയും മനസ്സിനു അതു താങ്ങാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ ഞാന്‍ കടലാസും പേനയുമെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ എന്തെഴുതാനാണ് ആദ്യം ശ്രമിച്ചത്, എന്താണ് എഴുതപ്പെട്ടത്, ഇവ തമ്മില്‍ വളരെ വ്യത്യാസമുണ്ടാവും. തുടക്കത്തില്‍ മനസ്സിലുണ്ടായിരുന്ന കഥയേ ആവണമെന്നില്ല എഴുതിക്കഴിയുമ്പോള്‍. കാരണം കഥാപാത്രങ്ങള്‍ ജീവനുള്ളവയാണ്. അവര്‍ക്ക് അവരുടേതായ ഒരു ജീവിതമുണ്ട്. ഒരിക്കല്‍ എഴുതപ്പെട്ടാല്‍ അതിനു മാറ്റവുമില്ല.''
എഴുതാന്‍വേണ്ടി മാത്രം ഒന്നും എഴുതിയില്ല എന്നാണ് ഈ സത്യവാങ്മൂലം സൂചിപ്പിക്കുന്നത്. പത്രാധിപന്മാര്‍ ആവശ്യപ്പെടുന്ന മുറയ്‌ക്കോ തരത്തിനോ തഞ്ചത്തിനോ എഴുതാന്‍ ഈ എഴുത്തുകാരനു കഴിഞ്ഞില്ല. എഴുത്തിനോടു പുലര്‍ത്തിയ ആത്മഹത്യാപരമായ സത്യസന്ധതയും തന്റെ ആര്‍ജ്ജവത്വത്തോടുള്ള അതിരറ്റ ആത്മവിശ്വാസവുമാണ് ഒരര്‍ത്ഥത്തില്‍ ഈ എഴുത്തുകാരനെ ഒറ്റപ്പെടുത്തിയിരിക്കുക. 

ഈ സമാഹരങ്ങള്‍ക്കു മുന്നിലിരിക്കുമ്പോള്‍ എപ്പോഴും ആവര്‍ത്തിച്ചു കടന്നുവന്ന ഒരു സന്ദേഹം എന്തേ, ഇത്രയേറെ എഴുതിയിട്ടും ഇ. ഹരികുമാര്‍ എന്ന എഴുത്തുകാരനെ ശരിയാംവിധം വിലയിരുത്താനോ, എന്തിനു വിമര്‍ശനവിധേയമാക്കാനോപോലും നമ്മുടെ വ്യവസ്ഥാപിതമായ വരേണ്യ സാഹിത്യലോകം മടിച്ചു? പ്രതിഷ്ഠാപിതരും തുടക്കക്കാരുമായ എത്രയോ പറ്റം നിരൂപകവൃന്ദം ഇക്കാലയളവിനുള്ളില്‍ മലയാളത്തില്‍ ഉയര്‍ന്നും താഴ്ന്നും വന്നുപോയി? എന്തേ ഈ എഴുത്തുകാരനെ വേണ്ട മട്ടില്‍ കണ്ടില്ല? ഉത്തരം ഏതുമാവാം. വ്യാഖ്യാനങ്ങള്‍ പലതാവാം. ഈ കുറിപ്പ് അതിനൊന്നും പകരമല്ല. എങ്കിലും ചില പ്രായശ്ചിത്തങ്ങള്‍ മറ്റുള്ളവര്‍ക്കായി ആരെങ്കിലും ഒരാള്‍ എപ്പോഴെങ്കിലും ചെയ്തിരിക്കണമെന്നു തോന്നി. അതെത്രമേല്‍ ദുര്‍ബ്ബലവും ബാലിശവും നിസ്സാരവുമാണെങ്കില്‍പ്പോലും, ആ ധന്യത മതിയാവും ഈ വരികളുടെ സാഫല്യത്തിന്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com