കത്തുകളും നോവലുകളും പിന്നെ സൂര്യകാന്തിപ്പൂക്കളും: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

നിരാശയില്‍ നീറി നീറി ഒടുവില്‍ ആപല്‍ക്കരമായി വെടിയേറ്റ് മുപ്പത്തിയേഴാമത്തെ വയസ്സിലായിരുന്നു വിന്‍സന്റ് മരിക്കുന്നത്.
കത്തുകളും നോവലുകളും പിന്നെ സൂര്യകാന്തിപ്പൂക്കളും: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

നിക്കു ചുറ്റുമുള്ളവരുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാനും സമൂഹത്തിന് പ്രയോജനകരമായ എന്തെങ്കിലും ചെയ്യാനും സര്‍വ്വോപരി ദുഃഖതപ്തമായ മനസ്സുകള്‍ക്ക് ആശ്വാസം പകരാനും ഉള്‍ക്കടമായ മോഹവുമായാണ് വിന്‍സന്റ് ജീവിച്ചത്. അതിനായി സ്വന്തം ജീവിതം അദ്ദേഹം സമര്‍പ്പിച്ചു. യേശുക്രിസ്തുവിന്റെ ജീവചരിത്രകാരനായ ഏണസ്റ്റ് റെനാന്റെ നിരീക്ഷണം അതിന് ആധാരമായി വിന്‍സന്റ് ഉദ്ധരിക്കുമായിരുന്നു. ''സന്തോഷഭരിതനായി ജീവിക്കാനോ മാന്യമായി പെരുമാറാനോ മാത്രമല്ല മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. സമൂഹത്തിലൂടെ ഉന്നതങ്ങളായ നേട്ടങ്ങള്‍ കൈവരിക്കാനും ജീവിതത്തെ അഭിജാതമാക്കാനും വൈകൃതങ്ങളില്‍ കെട്ടിക്കിടക്കുന്ന വ്യക്തിസത്തയെ മോചിപ്പിച്ച് ഉയര്‍ത്താനും മനുഷ്യന്‍ ബാദ്ധ്യസ്ഥനാണ്.'' ആ ദൗത്യത്തില്‍ വിന്‍സന്റ് വിജയിച്ചോ? എന്നാല്‍, താന്‍ അര്‍ഹിക്കുന്ന ആത്മസംതൃപ്തി അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു എന്നത് ചോദ്യം ചെയ്യപ്പെടാനാവാത്ത യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. 

നിരാശയില്‍ നീറി നീറി ഒടുവില്‍ ആപല്‍ക്കരമായി വെടിയേറ്റ് മുപ്പത്തിയേഴാമത്തെ വയസ്സിലായിരുന്നു വിന്‍സന്റ് മരിക്കുന്നത്. അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം അപ്പോള്‍ കിട്ടിയില്ലെന്നു തന്നെയല്ല, അദ്ദേഹത്തിന്റെ അനശ്വര രചനകള്‍ ആസ്വദിക്കാന്‍ സമൂഹം തയ്യാറായില്ലെന്നത് ചരിത്രത്തിലെ മായാത്ത കളങ്കമായി നിലനില്‍ക്കുന്നു. വളരെ ചെറിയ ആ സംഘം മാത്രമാണ്, വിന്‍സന്റിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ചിത്രരചനകള്‍ അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്തത്. അതിനുശേഷം, നിരവധി വര്‍ഷങ്ങള്‍ക്കുശേഷം, മരണാനന്തര ബഹുമതിയെന്ന നിലയില്‍ ഇരുപതാം നൂറ്റാണ്ട് പിറന്നത് വിന്‍സന്റിന്റെ രചനകളെക്കുറിച്ചുള്ള പാടിപ്പുകഴ്ത്തലുകളുമായിട്ടായിരുന്നു. ചിത്രകലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരു കലാനിരൂപകന്‍ വിലയിരുത്തിയത് ഇങ്ങനെയാണ്: ''രണ്ടു സ്തംഭനങ്ങളിലാണ് അദ്ദേഹത്തിന്റെ അതിശയനീയമായ യശസ്സ് സ്ഥാപിതമായിട്ടുള്ളത്. നൈസര്‍ഗ്ഗികമായ പ്രതിഭയില്‍ രൂപം കൊണ്ട രചനകള്‍, കലയ്ക്കും തനിക്ക് പിന്നാലെ വന്ന കലാകാരന്മാര്‍ക്കും അവ പ്രദാനം ചെയ്ത പ്രചോദനം വിസ്മയകരമായിട്ടുള്ളതാണ്. ആത്മപ്രചോദിതമായിട്ടുള്ളതാണ് അദ്ദേഹത്തിന്റെ രചനാശൈലി. നിത്യജീവിതത്തിലെ പരിചിതകാര്യങ്ങള്‍, പാദരക്ഷകളും തപാല്‍ ശിപായിയും പോലുള്ളത്, പെയിന്റിംഗിനുള്ള മോട്ടീഫുകളായി. അതിസൂക്ഷ്മമായ രേഖാവിന്യാസവും വൈകാരികമായി പ്രകമ്പനം സൃഷ്ടിക്കുന്ന ചായങ്ങളും പൊട്ടറ്റോ ഈറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ രചനയ്ക്കുപയോഗിച്ച ഇരുണ്ടനിറമായാലും സൂര്യകാന്തിപ്പൂക്കള്‍ക്കും ഐറീസുകള്‍ക്കും സൈപ്രസ്സുകള്‍ക്കും വേണ്ടി കണ്ടെത്തിയ പുതിയ നിറക്കൂട്ടുകളായാലും, വിന്‍സന്റിന്റെ രചനകളെ അനശ്വരമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു.''

വിന്‍സെന്റ് വാന്‍ഗോഗ് തിയോയ്ക്കയയ്ച്ച ഒരു കത്ത്
വിന്‍സെന്റ് വാന്‍ഗോഗ് തിയോയ്ക്കയയ്ച്ച ഒരു കത്ത്

അതിനു പുറമേയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ജൈവഘടകമായ മിത്ത്. കലയ്ക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തിയവന്‍. അതിന്റെ ഭാഗമായി പട്ടിണി സ്വയം വരിച്ചവന്‍. അതിശയനീയങ്ങളായ പെയിന്റിംഗുകള്‍ സൃഷ്ടിച്ചെങ്കിലും അവയില്‍നിന്ന് ചില്ലറകള്‍ പോലും നേടാത്തവന്‍. (ജീവിച്ചിരുന്നപ്പോള്‍ ഒറ്റ പ്രാവശ്യമാണ് നാന്നൂറ് ഫ്രാങ്കിന് അദ്ദേഹം വരച്ച രണ്ടു പെയിന്റിംഗുകള്‍ വിറ്റത്) വൈകാരിക സംഘര്‍ഷത്തില്‍പ്പെട്ട് മാസ്റ്റര്‍പീസുകള്‍ രചിച്ചവന്‍. അതുവഴി അനശ്വരതയ്ക്ക് അവകാശപ്പെട്ടവന്‍. ഒടുവില്‍ നിരാശതയില്‍ ജീവിതം ഹോമിച്ചവന്‍. അങ്ങനെ യാഥാര്‍ത്ഥ്യങ്ങളും കെട്ടുകഥകളും കൂട്ടിക്കുഴഞ്ഞ ഒരു ജീവിതകഥയിലെ അവിഭാജ്യ ഭാഗമായി മാറിയതായിരുന്നു അദ്ദേഹത്തെ ആവരണം ചെയ്തു  നില്‍ക്കുന്ന മിത്തുകളും അവയ്ക്ക് ഇതിഹാസമാനം നല്‍കുന്ന കത്തുകളും. സ്വന്തം വ്യക്തിത്വത്തിന്റെ ആയിരം മുഖങ്ങള്‍ കാണിക്കുന്നവയായിരുന്നു അദ്ദേഹമെഴുതിയ കത്തുകള്‍.

ആത്മഭാഷണമാകുന്ന കത്തുകള്‍
പതിനാറാമത്തെ വയസ്സില്‍ മാതാപിതാക്കളെ വിട്ട് സ്വന്തം ഭാഗധേയം തേടി നെതര്‍ലാന്റ്‌സിലും ഇംഗ്ലണ്ടിലും ബെല്‍ജിയത്തിലും ഫ്രാന്‍സിലും യാത്രചെയ്ത് അവിടെയെവിടെയെങ്കിലും ഇടം കണ്ടെത്താന്‍ അദ്ദേഹം പരിശ്രമിച്ചു. സ്‌നേഹിതന്മാരും കുടുംബാംഗങ്ങളുമായി ബന്ധം പുലര്‍ത്താനും നിലനിര്‍ത്താനും കത്തുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രധാന വിനിമയ ഉപാധിയായിരുന്നു. അങ്ങനെ വിനിമയ ഉപാധിയെന്നതിനേക്കാള്‍ ചരിത്ര പ്രാധാന്യമുള്ളതാണ് അദ്ദേഹമെഴുതിയ കത്തുകള്‍. പരമ്പരാഗതമായ വിനിമയ മാര്‍ഗ്ഗമെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് സാമൂഹികമായ യാഥാര്‍ത്ഥ്യങ്ങള്‍ നിരാകരിക്കാതെ തന്റെ ചിന്തകള്‍ സ്ഫുടം ചെയ്‌തെടുക്കാനും അതുവഴി തന്റേതായ ഇടം ഉറപ്പിക്കാനും കത്തുകളെ അദ്ദേഹം വാഹനമാക്കി. ജീവിതത്തില്‍ ഏറ്റെടുത്ത സംരംഭങ്ങള്‍, അവയില്‍നിന്നുണ്ടായ തിരിച്ചടികള്‍, നേട്ടങ്ങള്‍ എല്ലാം കത്തുകളിലൂടെ രേഖപ്പെടുത്തിയ വിന്‍സന്റിന്, കത്തുകള്‍ ആത്മഭാഷണങ്ങള്‍ കൂടിയായി. 

നല്ലൊരു വായനക്കാരനെന്നപോലെ അതിസൂക്ഷ്മമായി കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും അദ്ദേഹം നിപുണനായിരുന്നു. അതുപോലെ വികാരങ്ങളെ അക്ഷരങ്ങളിലൂടെ പകര്‍ത്തുന്നതിലും വിന്‍സന്റിന്റെ കഴിവ് അപാരമായിരുന്നു. 'പരസ്പരം കാര്യങ്ങള്‍ വിനിമയം ചെയ്യുന്നതില്‍ എഴുത്തുകള്‍ ഫലപ്രദമായ മാര്‍ഗ്ഗ'മാണെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. തന്റെ കലാപരമായ ദര്‍ശനങ്ങളും തത്വചിന്താപരമായ വീക്ഷണങ്ങളും സുവ്യക്തമായി വിനിമയം ചെയ്യാന്‍ അദ്ദേഹത്തിനു അങ്ങനെ സാധിച്ചു. ഒരു നിരൂപകന്‍ ഇങ്ങനെ നിരീക്ഷിച്ചു: ''അദ്ദേഹത്തിന്റെ ചിന്തകളും അനുഭവങ്ങളും ഹൃദയസ്പൃക്കായിട്ടുള്ളവയാണ്. കത്തുകളെഴുതുന്നതില്‍ അസാധാരണമായ പാടവം തനിക്കുള്ളതായി അദ്ദേഹം ഏവരേയും കൊണ്ട് സമ്മതിപ്പിക്കുക മാത്രമല്ല, അവയുടെ പ്രസിദ്ധീകരണത്തോടെ, അവ ഉന്നത സാഹിത്യമാണെന്നത് ലോകം അംഗീകരിക്കുകയും ചെയ്തു.''

വിന്‍സന്റിനേയും അദ്ദേഹത്തിന്റെ രചനകളേയും ബന്ധപ്പെടുത്തുന്ന പാലമായി കത്തുകള്‍ വളരുകയുണ്ടായി. ഹ്രസ്വമായ തന്റെ ജീവിതകാലത്തിനിടയില്‍ ഏതാണ്ട് രണ്ടായിരത്തോളം കത്തുകള്‍ അദ്ദേഹമെഴുതിയിരുന്നതായി കണക്കാക്കിയിട്ടുണ്ട്. ആംസ്റ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയത്തില്‍ അവയുടെ തൊണ്ണൂറുശതമാനവും സൂക്ഷിച്ചിരിക്കുന്നു. സ്‌നേഹിതനായ എമിലി ബെര്‍ണാഡിനെഴുതിയ ഇരുപത്തിയൊന്ന് കത്തുകള്‍ക്കു പുറമെ പോള്‍ ഗോഗിനയച്ച ഒരെണ്ണവും ന്യൂയോര്‍ക്കിലെ മോര്‍ഗന്‍ ലൈബ്രറി ആന്റ് മ്യൂസിയത്തിലും ബാക്കിയുള്ള ഏതാനും എഴുത്തുകള്‍ മറ്റു ചില മ്യൂസിയങ്ങളിലും ആര്‍ക്കൈവുകളിലും വ്യക്തികളിലുമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടെക്കൂടെ പാര്‍പ്പിടങ്ങള്‍ മാറിക്കൊണ്ടിരുന്നതിനാല്‍ പല കത്തുകളും വിന്‍സന്റ് നശിപ്പിക്കുകയുണ്ടായി. അദ്ദേഹമെഴുതിയ കത്തുകളില്‍ പലതും അവസാന നാളുകളില്‍ കിട്ടിയവയാണ്. വിന്‍സന്റിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളായ ആ കത്തുകളില്‍ മിക്കവയും ഹൃദയഭേദകമായിട്ടുള്ളവ കൂടിയാണ്. ആവേഴ്സില്‍ വെച്ച് മരണമടയുമ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന കത്തുകള്‍ തിയോയുടെ കൈവശമെത്തിച്ചേര്‍ന്നു.

തന്നെക്കാള്‍ നാല് വയസ്സിന് ഇളപ്പമുണ്ടായിരുന്ന സഹോദരനായ തിയോയ്ക്കയച്ച എഴുത്തുകള്‍ അവര്‍ തമ്മിലുള്ള ഹൃദ്യവും അഗാധവുമായ ബന്ധത്തിന്റെ തിളങ്ങുന്ന സ്മാരകങ്ങള്‍ കൂടിയാണ്. 1872 മുതല്‍ തുടങ്ങിയതാണ് അവര്‍ തമ്മിലുള്ള കത്തിടപാടുകള്‍.

ആര്‍ട്ട് ഡീലറായി തുടക്കം
ഒരു ജീവചരിത്രകാരന്‍ ആ കാലത്തെക്കുറിച്ച് എഴുതിയതിങ്ങനെയാണ്: മാതുലന്മാരില്‍ ഒരാള്‍ ഏര്‍പ്പാടു ചെയ്തതനുസരിച്ച് പതിനാറാമത്തെ വയസ്സില്‍ ആര്‍ട്ട് ഡീലറായി വിന്‍സന്റ് ജോലി തുടങ്ങി മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് തിയോ ആ രംഗത്തെത്തിയത്. അന്തര്‍ദ്ദേശീയ തലത്തില്‍ ബന്ധങ്ങളുണ്ടായിരുന്ന ഗൂപ്പില്‍ ആന്റ് സി എന്ന കമ്പനിയുടെ മുഖ്യ വരുമാനസ്രോതസ്സ് പെയിന്റിംഗുകളായിരുന്നു. പാരീസുള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളില്‍ അവര്‍ക്ക് ഗാലറികളുണ്ടായിരുന്നു. ചിത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ അതില്‍ ആകൃഷ്ടരാകുന്നവര്‍ വിലപേശി അവ സ്വന്തമാക്കുന്നു. ചിത്രകലാ പ്രപഞ്ചത്തില്‍ തിരയടിച്ചുയരുന്ന പ്രവണതകളുടെ പ്രതിഫലനമാകാറുണ്ടായിരുന്നെങ്കിലും  അവര്‍ പ്രധാനമായി ശ്രദ്ധിച്ചിരുന്നത്, ഗൃഹഭിത്തികളെ ആകര്‍ഷകമാക്കുന്ന പ്രകൃതിദൃശ്യങ്ങള്‍ രേഖപ്പെടുത്തുന്ന പെയിന്റിംഗുകളായിരുന്നു. ആ ഗാലറികള്‍ വഴി ചിത്രങ്ങള്‍ വില്‍ക്കുന്നത്, പലപ്പോഴും ചിത്രമെഴുത്തുകാരുടെ ജീവിതം നിര്‍ണ്ണയിക്കുന്ന ഘടകമായിരുന്നു. ആര്‍ട്ട് ഡീലറാകുന്നതിനുള്ള പരിശീലനത്തിന്റെ മുന്നോടിയായി ഗാലറിയുടെ സഹായി(അറ്റന്‍ഡര്‍)കളായാണ് അവര്‍ പ്രവര്‍ത്തിച്ചത്. ജോലിയില്‍ സമര്‍ത്ഥരായിരുന്ന അവര്‍ വിശ്രമസമയം വായനയ്ക്കായി ചെലവിട്ടു. അനുജന്‍ എന്നതിനോടൊപ്പം സ്‌നേഹിതനായി കരുതി വായിക്കേണ്ട പുസ്തകങ്ങളെപ്പറ്റിയും പെയിന്റിംഗുകളെ വിലയിരുത്തുന്ന മാനദണ്ഡങ്ങളെപ്പറ്റിയും വിന്‍സന്റ് തിയോയ്ക്ക് പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍, ആര്‍ട്ട് ഡീലറായി ജീവിതം കരുപ്പിടിപ്പിക്കുന്നത് വ്യര്‍ത്ഥമായിരിക്കുമെന്ന ചിന്ത ആ രംഗം ഉപേക്ഷിക്കാന്‍ വിന്‍സന്റിനെ പ്രേരിപ്പിക്കുകയുണ്ടായി.

വിന്‍സെന്റ് വാന്‍ഗോഗിന്റെ സഹോദരന്‍ തിയോയുടെ ഭാര്യ ജോ എന്ന ജോഹന്ന ബോന്‍ഗെന്‍ കുട്ടിയുമായി. വിന്‍സെന്റിന്റെ കത്തുകള്‍ സൂക്ഷിച്ച് വെച്ചത് ജോയാണ്. 
വിന്‍സെന്റ് വാന്‍ഗോഗിന്റെ സഹോദരന്‍ തിയോയുടെ ഭാര്യ ജോ എന്ന ജോഹന്ന ബോന്‍ഗെന്‍ കുട്ടിയുമായി. വിന്‍സെന്റിന്റെ കത്തുകള്‍ സൂക്ഷിച്ച് വെച്ചത് ജോയാണ്. 


മതകാര്യങ്ങളിലുള്ള താല്പര്യമായിരുന്നു അതിനൊരു പ്രധാന കാരണം. 1875 ആകുമ്പോഴേയ്ക്ക് കുടുംബാംഗങ്ങള്‍ക്ക് കത്തുകളെഴുതുന്നതില്‍നിന്ന് വിന്‍സന്റ് സ്വയം വിരമിച്ചു. 1880-ല്‍ ചിത്രമെഴുത്തുകാരനാവാന്‍ തീരുമാനിക്കുന്നതിനു മുന്‍പായി മൂത്ത മകന്‍ എന്ന നിലയ്ക്കുള്ള കുടുംബ ബാദ്ധ്യതകള്‍ ഉപേക്ഷിച്ചതോടൊപ്പം സ്വന്തം ഭാഗധേയം കണ്ടെത്താനുള്ള അന്വേഷണത്തില്‍ അദ്ദേഹം മുഴുകാനും തീരുമാനിച്ചു.

ആദ്യകാലം മുതല്‍ക്കേ, ബാല്യം പിന്നിട്ടതു മുതല്‍ മതകാര്യങ്ങള്‍ വിന്‍സന്റിന്റെ ജീവിതത്തിലെ നിര്‍ണ്ണായക ഘടകമായിരുന്നു. അങ്ങനെ ആ മതാദ്ധ്യാപകനാകാനോ വൈദികന്റെ സഹായിയാവാനോ വേണ്ടി തിയോളജിയില്‍ പരിശീലനം തേടാന്‍ ഉദ്യമിച്ചെങ്കിലും പാതിവഴിയില്‍ വെച്ച് അതുപേക്ഷിച്ചു. ആ രംഗത്തെക്കുറിച്ച് പുലര്‍ത്തിയിരുന്ന പല സങ്കല്പങ്ങളും പ്രായോഗിക ജീവിതവുമായി പൊരുത്തപ്പെടുന്നതല്ലെന്ന വിചാരം വിന്‍സന്റിനെ ശല്യപ്പെടുത്തിയിരുന്നു. അതിനിടയിലാണ് അശാന്തമായ അന്വേഷണം വിന്‍സന്റിനെ പട്ടിണിക്കാരായ ഖനിത്തൊഴിലാളികളുടെ ഗ്രാമത്തിലെത്തിക്കുന്നത്. വിക്ടര്‍ ഹ്യൂഗോയിലേയ്ക്കും ജൂള്‍സ് മിഷേലിലേയ്ക്കും ഏണസ്റ്റ് റെനാനിലേയ്ക്കും ആ യുവാവെത്തുന്നതും ഈ കാലഘട്ടത്തിലായിരുന്നു. അക്കാലത്തെഴുതിയ കത്തുകളിലെല്ലാം അദ്ദഹത്തെ മഥിച്ചിരുന്ന ആലോചനകളും സ്വപ്നങ്ങളും മോഹങ്ങളും പ്രതിധ്വനിക്കുന്നുണ്ട്. വ്യക്തിപരമായ ആവശ്യങ്ങളും സുഖാസുഖങ്ങളും കത്തുകള്‍ വഴി കുടുംബാംഗങ്ങളുമായി പങ്കുവെയ്ക്കുന്നത് അവസാനിപ്പിച്ച വിന്‍സന്റ്, അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ തിയോയ്‌ക്കെഴുതുമ്പോള്‍ മാത്രമായി തന്റെ കാര്യങ്ങള്‍  പരിമിതപ്പെടുത്തി.

1880-ല്‍ എഴുതിയ കത്തുകള്‍ ഒരു ചിത്രമെഴുത്തുകാരനായി വിന്‍സന്റ് രൂപപ്പെട്ടതെങ്ങനെയെന്നതിലേയ്ക്ക് വെളിച്ചം വീശുന്നു. അദ്ദേഹത്തിന്റെ കലാദര്‍ശനത്തിന് ആധാരമായ നൈതികവും ബൗദ്ധികവുമായ സ്വാധീനം ആ കത്തുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ചിത്ര കലാ പാരമ്പര്യത്തിലെ ഹേഗ് ശൈലിയും ബാര്‍ബിസോണ്‍ ശൈലിയും പതിനേഴാം നൂറ്റാണ്ടയിലെ ഡച്ചുകാരായ ചിത്രകാരന്മാരും ഗൂപ്പിലിന്റെ വരുമാനമാര്‍ഗ്ഗമായ സലൂണ്‍ ചിത്രകാരന്മാരും വിന്‍സന്റിന്റെ ചിത്രകലാ സങ്കല്പത്തിലെ ഭാഗമായിരുന്നു. പെന്‍സിലും പേനയും ബ്രഷും ഉപയോഗിച്ച് ചിത്രകലാ മാദ്ധ്യമത്തെ കീഴടക്കാന്‍ നടത്തിയ കഠിനമായ അദ്ധ്വാനവും വരച്ചു പൂര്‍ത്തിയാക്കുന്ന ചിത്രങ്ങള്‍ വില്‍ക്കാന്‍ സാധിക്കാത്തതിലുള്ള നിരാശയും സങ്കടവും ആര്‍ട്ട് ഡീലര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങളെ നിരാകരിച്ചുകൊണ്ട് ചിത്രകാരന്മാരുടെ കൂട്ടായ്മയിലൂടെ പുതിയൊരു ചിത്രകലാ സംസ്‌കാരം കരുപ്പിടിപ്പിക്കാനുള്ള പരിശ്രമങ്ങളും ആ കത്തുകളില്‍ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. വായിച്ച പുസ്തകങ്ങള്‍, സൗഹൃദങ്ങള്‍, ദുര്‍ഘടങ്ങള്‍ നിറഞ്ഞ പ്രണയബന്ധങ്ങള്‍, കീഴ്വഴക്കങ്ങള്‍ക്കെതിരെയുള്ള പ്രതിരോധങ്ങള്‍-ആ കത്തുകളിലെ സ്ഥിരം പ്രമേയങ്ങളായിരുന്നു.

പത്തു കൊല്ലത്തോളം തിയോയുടെ ധനസഹായം കൊണ്ടാണ് വിന്‍സന്റ് ജീവിച്ചത്. തന്റെ വരുമാനത്തിന്റെ പതിനഞ്ചു ശതമാനം എല്ലാ മാസവും തിയോ അയച്ചുകൊടുത്തു. പുറമേ ചായക്കൂട്ടുകളും ബ്രഷുകളും ക്യാന്‍വാസുകളും. സ്ഥിരമായി അയച്ചു കിട്ടുന്നതിനു പുറമെ കൂടുതല്‍ ധനസഹായത്തിനായി തിയോയെ അദ്ദേഹം സമീപിക്കാറുണ്ടായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്കിടയിലും മറ്റുള്ളവരേയും അവരുടെ അഭിപ്രായങ്ങളേയും അംഗീകരിക്കാനുള്ള ഹൃദയവിശാലതയും അനുതാപവും പ്രതിഫലിക്കുന്ന അക്കാലത്തെ കത്തുകള്‍ വ്യക്തമാകുന്നത് സ്വന്തം ഇച്ഛയനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സ്വതന്ത്രനായ വ്യക്തിയെയാണ്. രോഗിയായി അവശനാകുമ്പോഴും അതിന്റെ ഫലമായി ആശുപത്രിയിലാകുമ്പോഴും നഷ്ടപ്പെടുന്നത് തന്റെ സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം ഉല്‍ക്കണ്ഠപ്പെട്ടിരുന്നു. അങ്ങനെ സംഭവിക്കാന്‍ കാരണം അജ്ഞാതരായ ശത്രുക്കളുടെ ഗൂഢാലോചനയാണെന്ന്  വിന്‍സന്റ് സംശയിച്ചു.

ചിത്രമെഴുത്തെന്ന യുദ്ധം
ഒന്നുമില്ലാത്തവന് സൗഖ്യം നല്‍കാന്‍ വൈദികവൃത്തി സഹായിക്കുമെന്ന ആഗ്രഹം വിഫലമായ പശ്ചാത്തലത്തില്‍ ഒരിക്കലും തളരാത്ത ഇച്ഛാശക്തിമാത്രം മൂലധനമാക്കിയായിരുന്നു ചിത്രമെഴുത്തുകാരനാവാനുള്ള യുദ്ധത്തില്‍ അദ്ദേഹം ആമഗ്‌നനാകുന്നത്. ചിത്രമെഴുത്തില്‍ പ്രത്യേകമായ കഴിവ് അദ്ദേഹത്തിനില്ലായിരുന്നു. എന്നാല്‍, കര്‍ക്കശമായ അച്ചടക്കവുമായി, കടലാസിനോടും ക്യാന്‍വാസിനോടും നിരന്തരമായ പോരാട്ടത്തിലേര്‍പ്പെടുമ്പോള്‍ ഒരേ ഒരു ഉന്നമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ - തന്റെ ചിത്രങ്ങള്‍ അതു കാണാനെത്തുന്നവര്‍ക്ക് ആനന്ദവും മനസ്വാസ്ഥ്യവും നല്‍കണം. തിയോയ്‌ക്കെഴുതിയ മിക്കവാറും കത്തുകളില്‍ തന്റെ ആഗ്രഹം അദ്ദേഹം സ്പഷ്ടമാക്കിയിരുന്നു.

താനെഴുതിയ കത്തുകള്‍ ആരെങ്കിലും സൂക്ഷിക്കുമെന്നോ അവ പ്രസിദ്ധീകരിക്കുമെന്നോ വിന്‍സന്റ് സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. അത് സാദ്ധ്യമായത് കത്തുകള്‍ സൂക്ഷിച്ചുവെച്ച തിയോയും അദ്ദേഹത്തിന്റെ പത്‌നി ജോയെന്ന് വിളിച്ചിരുന്ന ജോന്ന ബോന്‍ഗെറുയുമായിരുന്നു.
'തിയോയ്ക്ക് വിന്‍സന്റ് എഴുതിയ കത്തുകള്‍' എന്ന പുസ്തകരൂപത്തില്‍ 1914-ല്‍ അവ പുറത്തുവന്നു. ഒപ്പം വിന്‍സന്റിന്റെ ജീവിതകഥയും. വിന്‍സന്റിന്റെ കലാജീവിതത്തിലെ പ്രധാന സ്വാധീനങ്ങളും മുഖ്യധാരകളും ആ കത്തുകള്‍ വിശദമാക്കുന്നുണ്ട്. 

ദ ഗ്രാഫിക്, ദ ഇല്ലസ്‌ട്രേറ്റഡ് ലണ്ടന്‍ ന്യൂസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ ചിത്രങ്ങള്‍ വരച്ചിരുന്ന ഇംഗ്ലീഷുകാരായ എന്‍ഗ്രേവന്മാരേയും ഡ്രാഫ്റ്റ്‌സ്മാന്മാരേയും പറ്റി ബ്രിട്ടീഷുകാരനായ ഹ്യൂബര്‍ട്ട് വോണ്‍ ഹെര്‍ കോമറെഴുതിയ ലേഖനത്തിന്റെ പകര്‍പ്പ് സ്‌നേഹിതനും ചിത്രകാരനുമായ ആന്റണ്‍ വോണ്‍ റപ്പാര്‍ഡ് 1882 ഒക്ടോബറില്‍ വിന്‍സന്റിന് അയച്ചുകൊടുത്തു. ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളുമായി  മുന്‍പ് വിന്‍സന്റ് പരിചിതപ്പെട്ടിരുന്നതാണ്.

ഹെര്‍കോമര്‍ എഴുതിയ ലേഖനം വിന്‍സന്റിനെ ഗാഢമായി സ്പര്‍ശിക്കുകയുണ്ടായി. ഒരു കത്തില്‍ അക്കാര്യം പരാമര്‍ശിക്കവെ അതില്‍നിന്നുള്ള ആ വാചകം അദ്ദേഹം ഉദ്ധരിച്ചു. ''ഒരു തൊഴിലാളി താന്‍ ജോലി ചെയ്യുന്ന മുറിയിലെ ഭിത്തിയില്‍ എന്റെ രചനകളുടെ ഒരു പ്രിന്റ് സൂക്ഷിക്കുന്നതിനെക്കാള്‍ വലുതായി യാതൊന്നും എനിക്ക് കിട്ടാനില്ല'' അതായിരുന്നു ആ വാചകം. ''അത് എത്ര ശരിയാണ്. പൊതുജനങ്ങള്‍ക്കുള്ളതാണ് അതെല്ലാം.'' ജനങ്ങള്‍ക്കുള്ളതാണ് കലയെന്ന് ഹെര്‍കോമര്‍ എഴുതുമ്പോള്‍ ''അത് തെരുവിലുള്ളവര്‍ക്കുള്ളതാണ്'' എന്നു വായിക്കണമെന്ന് വിന്‍സന്റ് തിരുത്തി. കലയെ സംബന്ധിച്ച അദ്ദേഹത്തിന്റെ വിശ്വാസപ്രമാണമായിരുന്നു ആ നിരീക്ഷണം. അത് സാര്‍ത്ഥകമാക്കുന്നതിനായി തന്റെ ജീവിത സാഹചര്യങ്ങളില്‍നിന്ന് മാറി നടക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് സഹജീവികള്‍ക്ക് പ്രയോജനപ്രദമായി എന്തെങ്കിലും ചെയ്യണമെന്ന അഭിലാഷമായിരുന്നു. ആദ്യകാലത്ത് താന്‍ ജോലി ചെയ്തിരുന്ന കാലത്ത് ഗൂപ്പില്‍ എന്ന സ്ഥാപനം പുലര്‍ത്തിയിരുന്ന അയഥാര്‍ത്ഥങ്ങളായ നിലപാടുകള്‍ അദ്ദേഹത്തെ നിരാശപ്പെടുത്തുകയുണ്ടായി. ആ സ്ഥാപനത്തോട്  വിടപറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച പല ഘടകങ്ങളില്‍ ഒന്നായിരുന്നു ഇത്.

അങ്ങനെയാണ് ഗ്രാമങ്ങളിലെ കൃഷിത്തൊഴിലാളികളുടേയും നെയ്ത്തുകാരുടേയും നിരാധാരമായ ജീവിതത്തില്‍ പൗരോഹിത്യ വൃത്തിയിലൂടെ പങ്കാളിയായ തന്റെ അച്ഛനെ ഇക്കാര്യത്തില്‍ വിന്‍സന്റ് മാതൃകയാക്കുന്നത്. ഗൂപ്പില്‍നിന്ന് പിരിഞ്ഞ് പാവങ്ങളുടെ ലളിത ജീവിതം സ്വീകരിച്ചതോടൊപ്പം വേഷത്തിലും മാറ്റം വരുത്തി. ബോറിനേജിലെ കല്‍ക്കരിത്തൊഴിലാളികളായിരുന്നു അതിന് വിന്‍സന്റിന്റെ മാതൃക. വൈദികനാകാനുള്ള പരിശ്രമം ഉപേക്ഷിച്ച ശേഷം ഇല്ലസ്‌ട്രേറ്ററായി ജീവിക്കാനുള്ള ശ്രമത്തിനൊടുവിലാണ് വിന്‍സന്റ് ചിത്രമെഴുത്തുകാരനാകുന്നത്.

ഇംഗ്ലീഷിലും ഫ്രഞ്ചിലുമുള്ള പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങളുമായി പരിചയത്തിലായ അദ്ദേഹം, അവയെ അനുകരിച്ചാണെങ്കിലും സ്വന്തം രീതിയില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. ചിത്രമെഴുത്തുകാരനായി വളര്‍ന്ന വിന്‍സന്റിന്റെ ജീവിതത്തിലെ ഞാറ്റടിയായിത്തീര്‍ന്നതാണ് ഇക്കാലം. ചിത്രമെഴുത്തുകാരനാവുകയെന്ന മോഹം ജീവിതദൗത്യമായി അദ്ദേഹത്തില്‍ വേരോടാന്‍ പിന്നെ അധികകാലം വേണ്ടിവന്നില്ല. കൃഷിത്തൊഴിലാളികളും മീന്‍പിടുത്തക്കാരും നെയ്ത്തുകാരും കരകൗശലത്തൊഴിലാളികളും ദരിദ്രരായ വയോവൃദ്ധന്മാരും അദ്ദേഹത്തിന്റെ ചിത്രലോകത്തിലെ കഥാപാത്രങ്ങളായി.
കൃഷിക്കാരുടെ ജീവിതത്തെ ഉപജീവിച്ച് ചിത്രങ്ങള്‍ വരച്ച ജീന്‍ ഫ്രാന്‍ കോയ്‌സ് മില്ലറ്റായിരുന്നു ഈ രംഗത്ത് വിന്‍സന്റിനു വഴികാട്ടിയായത്. അതോടൊപ്പം ലിത്തോഗ്രാഫുകള്‍ നിര്‍മ്മിക്കുന്നതിനായി ഹേഗ് ചിത്രരചനാശൈലിയിലും അദ്ദേഹം കൈവച്ചു. ന്യൂയനിലേയും ബ്രബാന്റിലേയും താമസത്തിനിടയില്‍ കൃഷിത്തൊഴിലാളികളുടെ അനവധി ചിത്രങ്ങള്‍ അദ്ദേഹം വരച്ചിരുന്നു. അവരുടെ പരുക്കന്‍ ജീവിതരീതികളും അനാകര്‍ഷകങ്ങളായ ശരീരപ്രകൃതിയും, പലപ്പോഴും അവരുടെ പെരുമാറ്റത്തില്‍ ക്രൂരത നിറഞ്ഞിരുന്നു, വിന്‍സന്റിന്റെ ചിത്രങ്ങള്‍ക്കു സ്വാഭാവികതയുടെ പരിവേഷം നല്‍കി. അതിനു ശേഷമാണ് ആന്റ് വെര്‍പ്പിലെ താമസത്തിനിടയില്‍ തുറമുഖത്തൊഴിലാളികളും തെരുവു പെണ്ണുങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങളാകുന്നത്.

വാന്‍ഗോഗ് രചിച്ച അമ്മയുടെ പോര്‍ട്രെയ്റ്റ്
വാന്‍ഗോഗ് രചിച്ച അമ്മയുടെ പോര്‍ട്രെയ്റ്റ്

കലയും ജീവിതവും തമ്മിലുള്ള ബന്ധം അദ്ദേഹത്തിന്റെ ചിന്തയില്‍ പ്രമുഖ സ്ഥാനം കൈവരിച്ചിരുന്നതായി തെളിയിക്കുന്നതാണ് കത്തുകള്‍. 'പുസ്തകങ്ങളും യാഥാര്‍ത്ഥ്യവും കലയും' എനിക്ക് ഒരുപോലെയാണെന്ന് ഒരു കത്തില്‍ അദ്ദേഹം എഴുതി. നിരക്ഷയായ സിന്‍ ഹൂര്‍ണിക്കുമായുള്ള തന്റെ ജീവിതത്തെ ന്യായീകരിക്കവെ കലയെപ്പറ്റിയോ സാഹിത്യത്തെപ്പറ്റിയോ ഒന്നുമറിയാത്ത ആ സ്ത്രീ തന്റെ ജീവിതദര്‍ശനത്തെ പ്രതിനിധാനം ചെയ്യുന്നതായി വിന്‍സന്റ് കരുതി. താനുള്‍പ്പെടെയുള്ളവരെ വിലയിരുത്താനുള്ള നല്ല മാര്‍ഗ്ഗം കലയോടും സാഹിത്യത്തോടും ഒരാള്‍ പുലര്‍ത്തുന്ന സമീപനമാണെന്ന് ആവര്‍ത്തിച്ചിരുന്ന അദ്ദേഹം റെംബ്രാന്റിന്റെ പല ചിത്രങ്ങളും ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരുന്നു. ജോര്‍ജ് എലിയറ്റിന്റെ നോവലുകള്‍ ആകര്‍ഷിച്ചിരുന്നുവെങ്കിലും വിന്‍സന്റിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എമിലി സോളയായിരുന്നു. മനസ്സിനെ പവിത്രമാക്കുന്നതിന് സോളയെ വായിക്കണമെന്ന് അദ്ദേഹം അനുജനെ നിരന്തരം പ്രേരിപ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. 

ഫോട്ടോഗ്രാഫിയല്ല കലയെന്നും ആധികാരികതയും യാഥാര്‍ത്ഥ്യബോധവും വഹിക്കുന്നത് മാത്രമേ കലയാവൂവെന്നും ഉറച്ചു വിശ്വസിച്ച അദ്ദേഹം അതിന്റെ പേരില്‍ പോള്‍ ഗോഗിനുമായി കലഹിച്ചിരുന്നു. സത്യസന്ധമായ കലയിലെത്താന്‍ കഠിനമായ ക്ലേശങ്ങളെ തരണം ചെയ്യേണ്ടതുണ്ട്. ലക്ഷ്യത്തിലെത്തുക ദുര്‍ഘടപൂര്‍ണ്ണമാണെങ്കിലും ''വികാരപരമായി ദ്രഷ്ടാക്കളെ സ്വാധീനിക്കുന്നതാവണം ചിത്രങ്ങള്‍'' എന്ന് അദ്ദേഹം എഴുതി. യാഥാര്‍ത്ഥ്യബോധം സൃഷ്ടിക്കുന്ന കല സാര്‍വ്വജനീനമാവണം. വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' എന്ന നോവല്‍ അതിന് അദ്ദേഹം ഉദാഹരണമാക്കി. ആ നോവലിലെ ഫാന്റ്റീന്‍ എന്ന കഥാപാത്രം വിന്‍സന്റിനെ ഗാഢമായി സ്പര്‍ശിച്ചിരുന്നു. ''ഫാന്റ്റീന്‍ എന്ന കഥാപാത്രം യാഥാര്‍ത്ഥ്യത്തിന്റെ പ്രതിരൂപമായാണ് എനിക്കനുഭവപ്പെട്ടത്. സത്യത്തെക്കാള്‍ യഥാര്‍ത്ഥമാണ് കലയെന്ന് സ്ഥാപിക്കുന്നതാണ്  ആ കഥാപാത്രം.''

സാഹിത്യത്തെ പ്രണയിച്ച ചിത്രകാരന്‍
ബ്രബാന്റിലെ വാസക്കാലത്ത് വരച്ച കൃഷിത്തൊഴിലാളികള്‍ക്കു പുറമെ തപാല്‍ക്കാരനായ റൂലനും ഡോക്ടര്‍ പോള്‍ ഗാച്ചെറ്റും വ്യക്തിഗതങ്ങളായ തന്റെ കാഴ്ചപ്പാടിന്റെ പ്രതിനിധികളാണെന്ന് രേഖപ്പെടുത്തവെ അദ്ദേഹം ഇങ്ങനെ എഴുതി: ''അതിഭാവുകതയും വിഷാദവുമല്ല, ആഴമുള്ള സങ്കടം ചിത്രത്തിലാക്കാന്‍ ഞാനാഗ്രഹിക്കുന്നു. അത്തരം ചിത്രങ്ങള്‍ പരുക്കനാണെന്നു തോന്നാം. എങ്കിലും അവ നിങ്ങളെ വൈകാരികമായി ഉലയ്ക്കുന്നതാണെങ്കില്‍ ഞാനതില്‍ തൃപ്തനാണ്.'' 

കാരിക്കേച്ചറിന്റെ നിലയിലേയ്ക്ക് തരംതാണതാണ് 'പൊട്ടറ്റോ ഈറ്റേഴ്‌സ്' എന്ന ചിത്രമെന്ന് ആക്ഷേപിച്ച റപ്പാര്‍ഡുമായി കലഹിച്ചു പിരിഞ്ഞ വിന്‍സന്റ് സഹോദരനെഴുതി: ''സാങ്കേതികതയുടെ പേരില്‍ ഒരു ചിത്രം പുകഴ്ത്തപ്പെടുമ്പോള്‍ അതില്‍ ആലേഖനം ചെയ്യപ്പെടുന്ന കഥാപാത്രം ഏതു തരക്കാരനാണെന്ന് ആരും ചോദിക്കുന്നില്ല. എന്നാല്‍, ചിലര്‍ വരയ്ക്കുന്ന ചിത്രങ്ങളിലൂടെ രൂപം കൊള്ളുന്നവര്‍ ഇച്ഛാശക്തിയുള്ളവരാണെന്ന് അവ കാണുന്നവര്‍ക്ക് തോന്നാറുണ്ട്. അതല്ലേ കല കൊണ്ടുദ്ദേശിക്കുന്നത്.'' 1888-ല്‍ തിയോയ്‌ക്കെഴുതിയ കത്തില്‍, തന്റെ ഈ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ''വളരെ ധൃതിപിടിച്ചാണ് ഞാന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതെന്ന് പറയുന്നതില്‍ യാതൊരു കഴമ്പുമില്ല. അത് വിശ്വസിക്കരുത്. നമ്മിലുള്ള വികാരം, പ്രകൃതിയോടുള്ള നമ്മുടെ സ്‌നേഹം നിറഞ്ഞ അടുപ്പം, അതൊക്കെയല്ലേ നമ്മെ നയിക്കുന്നത്?'' വ്യക്തിഗതങ്ങളായ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം വികാരം കൊള്ളുന്നവനായാലേ മനുഷ്യന്റെ യഥാര്‍ത്ഥ പ്രകൃതി ഒരു കലാകാരന് കണ്ടെത്താനാവൂയെന്നും അദ്ദേഹം വിശ്വസിച്ചു. ചിത്രകലയോടുള്ള തന്റെ സമീപനം വിശദീകരിക്കുന്നതിനോടൊപ്പം താന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നിലുള്ള ഉദ്ദേശ്യങ്ങളും അദ്ദേഹം വ്യക്തമാക്കാറുണ്ടായിരുന്നു. 

രണ്ടായിരത്തില്‍പ്പരം ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. അവയില്‍ അറുന്നൂറെണ്ണങ്ങള്‍ മാത്രമാണ് കത്തുകളില്‍ പരാമര്‍ശിക്കപ്പെട്ടത്. ചിലവ അതിവിശദമായി പ്രതിപാദിക്കപ്പെട്ടു. മറ്റു ചിലവ, ചെറിയ പരാമര്‍ശങ്ങളില്‍ ഒതുങ്ങി. ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിച്ച സാധന സാമഗ്രികള്‍ക്കു പുറമെ, വിവിധതരം ചായങ്ങളും കത്തുകളിലൂടെ വിന്‍സന്റ് ചര്‍ച്ചാവിഷയമാക്കുമായിരുന്നു. ഊത നിറത്തിനു പുറമെ തവിട്ടുനിറവും പച്ചനിറവും കലര്‍ന്നതായിരുന്നു, ഹേഗ് കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. വികാരങ്ങളും മനോനിലയും പ്രകടിപ്പിക്കാന്‍ ആ നിറങ്ങള്‍ ഫലപ്രദങ്ങളാണെന്ന് അദ്ദേഹം കരുതി. പ്രസിദ്ധമായ 'പൊട്ടറ്റോ ഈറ്റേഴ്‌സ്' വരയ്ക്കുന്നതിനു മുന്‍പായി, അതിനുവേണ്ടി താന്‍ ശേഖരിച്ച രേഖകളെപ്പറ്റി അദ്ദേഹം എഴിതിയിട്ടുണ്ട്. ആ ചിത്രത്തിലെ കഥാപാത്രങ്ങളുടെ കൈകളും മുഖങ്ങളും വരഞ്ഞതിനെപ്പറ്റി അദ്ദേഹം എഴുതി: ''ചെളിയും പൊടിയും നിറഞ്ഞ തൊലി ഇളകാത്ത ഉരുളക്കിഴങ്ങിന്റെ നിറമാണ് അവര്‍ക്ക്.'' പാവപ്പെട്ട കൃഷിക്കാരന്റെ ജീവിതദൈന്യത അതുവഴി രേഖപ്പെടുത്തപ്പെട്ടു.

ചിത്രീകരിക്കപ്പെടുന്ന ഇമേജുമായി ബന്ധപ്പെടാതെയുള്ള നിലനില്പ് നിറങ്ങള്‍ക്കുണ്ടെന്ന വിശ്വാസം സ്ഥാപിക്കാനായി തന്റെ പല പെയിന്റിംഗുകളും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കാറുണ്ടായിരുന്നു. പാരീസിലെ വാസക്കാലത്ത് തെളിച്ചമുള്ള നിറങ്ങള്‍ ഉപയോഗിച്ച അദ്ദേഹം അര്‍ലിസില്‍ ചെലവിട്ട നാളുകളില്‍ വരച്ച ചിത്രങ്ങളില്‍ പരസ്പരം വൈരുദ്ധ്യമുള്ള കൂടുതല്‍ ശക്തി പ്രദാനം ചെയ്യുന്ന നിറങ്ങള്‍ ഉപയോഗിച്ചു. അക്കാലത്താണ് ജപ്പാനില്‍ നിന്നെത്തിയ ചിത്രങ്ങളില്‍ വിന്‍സന്റ് ആകൃഷ്ടനാകുന്നത്. കരുത്ത് ദ്യോതിപ്പിക്കുന്നതോടൊപ്പം പരപ്പും ആഴവും പെയിന്റിംഗുകള്‍ക്ക് നല്‍കാന്‍ അതു കാരണമായി. 

യാതൊരു പ്രാധാന്യവും തോന്നാത്ത, രണ്ടുപേര്‍ മടുപ്പോടെയിരിക്കുന്ന ദ നൈറ്റ് കഫേയിലൂടെ അജ്ഞാതമായ ദുഃഖം പ്രസരിപ്പിക്കാന്‍ പാകത്തിലായിരുന്നു അതില്‍ നിറങ്ങള്‍ വിന്യസിച്ചത്. ''സ്വയം നഷ്ടപ്പെടാനും ഭ്രാന്തനാവാനോ കുറ്റകൃത്യങ്ങള്‍ നടത്താനോ പ്രേരിപ്പിക്കുന്ന അന്തരീക്ഷമാണ് ആ രാത്രി കാപ്പിക്കടയിലൂടെ പ്രകാശിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചത്'' അദ്ദേഹമെഴുതി. 'വില്ലോ ട്രീ', 'ദ ഗാര്‍ഡന്‍ ഓഫ് ദ അസൈലം' എന്നീ പെയിന്റിംഗുകള്‍ വരയ്ക്കുമ്പോഴും പ്രത്യേകമായ ഒരു വികാരം അവ സൃഷ്ടിച്ചു. അതിനു പാകത്തിലുള്ള ചായങ്ങളായിരുന്നു അദ്ദേഹം ഉപയോഗിച്ചത്. ഇതേ വികാരമാണ് 'ഗോഗിന്റെ കസേര'യും ഉല്പാദിപ്പിക്കുന്നത്. ''ഞങ്ങള്‍ പിരിയുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, ആശുപത്രിയില്‍ പ്രവേശിച്ചിരുന്നല്ലോ, അപ്പോള്‍ ആള്‍ ഇരിക്കാത്ത ശൂന്യമായൊരു കസേരയാണ് ഞാന്‍ വരച്ചത്. ഇരുണ്ട കൈപ്പിടിയും, ചുവപ്പും തവിട്ടും നിറമുള്ള തടി. പച്ചനിറത്തിലുള്ള ഇരിപ്പിടം. ആളില്ലാതെ ശൂന്യമായിരുന്ന ഇരിപ്പിടത്തില്‍ ഒരു മെഴുകുതിരിയും ഏതാനും നോവലുകളും വരച്ചു.'' കസേരയുടെ ചിത്രം വരയ്ക്കുമ്പോള്‍ അതിലൂടെ ചിത്രകാരന്റെ വ്യക്തിത്വം സ്ഥാപിക്കാനാണ് വിന്‍സന്റ് ശ്രമിച്ചത്.

സാഹിത്യത്തോട് പ്രണയമായിരുന്നു തനിക്കെന്ന് കത്തുകളിലൂടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എണ്ണൂറോളം പുസ്തകങ്ങളേയും നൂറ്റി അന്‍പതോളം എഴുത്തുകാരേയും  കത്തുകളില്‍ വിന്‍സന്റ് പരാമര്‍ശിച്ചിരുന്നു. ഡച്ചു ഭാഷയ്ക്കു പുറമെ ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളുമായും അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. ചിന്തകളെ കൂടുതല്‍ സുവ്യക്തമാക്കാനും സ്വന്തം നിലപാടുകള്‍ക്ക് ശക്തിപകരാനും സാഹിത്യത്തെ അദ്ദേഹം ഉപയോഗിച്ചു. അനുഭവങ്ങള്‍ക്കു ഉപോല്‍ബലകമായി സാഹിത്യഗ്രന്ഥങ്ങള്‍ ഉദ്ധരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിമ്നോന്നതകള്‍ വായനയിലും പ്രതിഫലിച്ചിരുന്നു. ഡച്ച് റിഫോംസ് ചര്‍ച്ചയിലെ വൈദികന്റെ മകനെന്ന നിലയ്ക്ക് ബാല്യം ചെലവിട്ട അദ്ദേഹത്തെ പ്രധാനമായും ആകര്‍ഷിച്ചത് ബൈബിളായിരുന്നു. അതില്‍നിന്നു സ്വായത്തമാക്കിയ, സുവിശേഷ ഭാഷ വിന്‍സന്റിന്റെ സാഹിത്യ ചിന്തകളിലും അത് രേഖപ്പെടുത്തിയ കത്തുകളിലും പ്രതിഫലിച്ചു. 1873-നും 1879-നുമിടയ്ക്ക് ലണ്ടന്‍ വാസക്കാലത്താണ് മതപരമായ വിശ്വാസം തീവ്രമാകുന്നത്. ബൈബിളിനു പുറമെ തോമസ് കെമ്പിന്റെ ദ ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്, ജോണ്‍ ബനിയന്റെ എ പില്‍ഗ്രിംസ് പ്രോഗ്രസ്സ് എന്നിവയ്ക്കു പുറമെ സ്‌കോട്ട്ലന്റുകാരനായ തോമസ് കാര്‍ലൈയിലേയ്ക്കും ജോര്‍ജ് എലിയറ്റ്, ചാള്‍സ് ഡിക്കന്‍സ് എന്നിവരുടെ നോവലുകളിലേയ്ക്കും അദ്ദേഹം എത്തപ്പെട്ടു. അടിമത്തത്തിനെതിരെ എഴുതപ്പെട്ട ഹാരിയറ്റ് ബീച്ചര്‍ സ്റ്റോയുടെ അങ്കിള്‍ ടോംസ് ക്യാബിന്‍ എന്ന നോവല്‍ വിന്‍സന്റിന്റെ പ്രിയപ്പെട്ട കൃതികളിലൊന്നായിരുന്നു. വൈകിയാണ്, ഷെയ്ക്സ്പിയറിന്റെ നാടകങ്ങളില്‍ അദ്ദേഹമെത്തിയത്. ആ നാടകങ്ങള്‍ തനിക്കു പുതിയൊരു അനുഭവമണ്ഡലം സമ്മാനിച്ചതായി വിന്‍സന്റ് ആവര്‍ത്തിച്ചു.

പ്രകൃതിയുടെ അനുഗ്രഹങ്ങളായ ചിത്രങ്ങള്‍
1880 ആകുമ്പോഴേയ്ക്കും മതവിശ്വാസത്തിലുള്ള തീവ്രത ദുര്‍ബ്ബലമായത് വായനയിലും പ്രതിഫലിച്ചു. തുകല്‍കൊണ്ട് പൊതിഞ്ഞ കുടുംബത്തിന്റെ വേദപുസ്തകമായ ബൈബിളിന്റെ ചിത്രം വരച്ച ശേഷം വിന്‍സന്റിനെ ആകര്‍ഷിച്ചത് ഫ്രഞ്ചു സാഹിത്യത്തിലൂടെ അക്കാലത്തെ ശ്രദ്ധേയ എഴുത്തുകാരനായ എമിലി സോളയായിരുന്നു. ഗൊണ്‍കോര്‍ട്ട് സഹോദരന്മാര്‍, ഫ്‌ലാബര്‍, ബല്‍സാക്ക്, അല്‍ഫോന്‍സ് ദാദെ എന്നിവരുടെ നോവലുകള്‍ അദ്ദേഹം വായിച്ചു.  മാനസികമായി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും അവിടെ ഒറ്റപ്പെടലിന്റെ തീവ്രവേദനയില്‍ നീറിക്കരയുകയും ചെയ്തിരുന്ന അവസാന ദിവസങ്ങളില്‍ അങ്കിള്‍ ടോംസ് ക്യാബിനിയിലേക്കും ക്രിസ്മസ് കഥകളിലേക്കും മടങ്ങിപ്പോയെങ്കിലും ചിതറിപ്പോയ മനസ്സ് വായനയില്‍ രമിക്കാന്‍ വിസമ്മതിച്ചു. ആ നഷ്ടം അദ്ദേഹം തിരിച്ചറിഞ്ഞു. ഒപ്പം അതിനു പരിഹാരമില്ലെന്നും വേദനയോടെ വിന്‍സന്റ് മനസ്സിലാക്കുകയുണ്ടായി.

വിന്‍സെന്റ് വാന്‍ഗോഗിന്റെ സൈപ്രസ് പരമ്പരയിലെ ഒരു ചിത്രം
വിന്‍സെന്റ് വാന്‍ഗോഗിന്റെ സൈപ്രസ് പരമ്പരയിലെ ഒരു ചിത്രം


നിരാശകൊണ്ട് കലുഷമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന പതിനഞ്ചു മാസങ്ങള്‍. സെന്റ് റെമിയിലെ സെന്റ് പോള്‍ മഠം എന്ന പേരിലറിയപ്പെടുന്ന മനോരോഗ ചികിത്സാ ക്ലിനിക്കില്‍ 1889 മേയ് മുതല്‍ 1890 മേയ് വരെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം, ആ കാലത്തായിരുന്നു അതിപ്രശസ്തങ്ങളായ പെയിന്റിംഗുകള്‍ വരച്ചത്. അക്കാലത്ത് എഴുതിയ കത്തുകളിലെല്ലാം നഷ്ടപ്പെട്ട സ്വപ്നങ്ങളുടെ വിങ്ങലുകള്‍ നിറഞ്ഞുനില്‍ക്കുന്നതായി അനുഭവപ്പെടും. ചെറിയൊരു സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ബ്രസ്സല്‍സിലെ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും പരാജയബോധം അദ്ദേഹത്തെ ഉലച്ചിരുന്നു. അതുവഴി ശാരീരികവും മാനസികവുമായി ഉണ്ടായ അസ്‌കിതകള്‍ തന്റെ രചനാജീവിതത്തെ തകിടംമറിച്ചതായി കത്തുകളിലൂടെ വിന്‍സന്റ് പരാതിപ്പെടുകയുണ്ടായി. സെന്റ് റെമിയില്‍നിന്ന് തിയോയ്ക്ക് അദ്ദേഹം ഇങ്ങനെ എഴുതി: ''ഈ വര്‍ഷത്തിന്റെ അവസാനത്തോടുകൂടി എനിക്ക് എന്തു ചെയ്യാനാവും, എന്തു വേണം എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കണം. പതുക്കെപ്പതുക്കെ, ആഗ്രഹിക്കുന്നതുപോലെ എല്ലാം ചെയ്തു തുടങ്ങണം.'' എന്നാല്‍, പത്തു ദിവസങ്ങള്‍ക്കുശേഷം വീണ്ടും അദ്ദേഹമെഴുതി: ''എന്റെ സ്വപ്നങ്ങള്‍ക്ക് അനുസൃതമായി എനിക്കൊന്നും ചെയ്യാനായില്ലല്ലോ എന്ന പശ്ചാത്താപത്തിലാണ് ഞാന്‍, എങ്കിലും ഒടുവില്‍ എല്ലാം ശരിയാവും, അല്ലേ?'' മുന്‍പെന്നപോലെ പരീക്ഷണങ്ങളില്‍ വ്യാപൃതനാകാനോ കടുത്ത നിറങ്ങള്‍ ഉപയോഗിക്കാനോ മുതിരാതെ, 'ലളിതമായ ചായങ്ങള്‍' ഉപയോഗിച്ച് അദ്ദേഹം ചിത്രങ്ങള്‍ വരച്ചു തുടങ്ങി.

പ്രകൃതിയിലും പ്രകൃതിദൃശ്യങ്ങളിലും അപ്പോള്‍ ഒതുങ്ങി ചിത്രങ്ങള്‍ വരയ്ക്കാന്‍ അപ്പോള്‍ അദ്ദേഹം നിര്‍ബ്ബന്ധിതനായി. സെന്റ് റെമിയില്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ തിയോഫൈന്‍ പെയ്‌റോണ്‍ ക്ലിനിക്കിനു പുറത്തുപോകാന്‍ വിന്‍സന്റിനെ അനുവദിച്ചില്ല. കൂടെക്കൂടെ അസുഖബാധിതനാകുന്നതുകൊണ്ടായിരുന്നു സ്വതന്ത്രമായ ചലനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ അക്കാലത്ത് അദ്ദേഹം വരച്ചിരുന്ന ചിത്രങ്ങള്‍, നാല് ചുവരുകള്‍ക്കപ്പുറമുള്ള കാഴ്ചകളായിരുന്നു. മറ്റൊരു വിധത്തില്‍, ജാലകക്കാഴ്ചകള്‍. പൈന്‍ മരങ്ങളും മറ്റു സസ്യജാലങ്ങളും പെയിന്റു ചെയ്യുന്നതിനിടയില്‍ ഷേയ്ക്‌സ്പിയര്‍ കൃതികളുടെ വായനയില്‍ ആവേശഭരിതനായി സഹോദരി വില്ലിനു അദ്ദേഹമെഴുതി: ''വായന പൂര്‍ത്തിയാക്കിയശേഷം ഞാന്‍ ചിത്രമെഴുത്തിലേക്ക് മടങ്ങുകയാണ്. പുല്‍ത്തുമ്പും പൈന്‍മര ഇലകളും വിളഞ്ഞു പഴുത്ത ഗോതമ്പിന്റെ മണികളും എനിക്ക് സ്വാസ്ഥ്യം നല്‍കുന്നു. ചിത്രമെഴുത്തുകാര്‍ ചെയ്യുന്നതുപോലെ, വെള്ളയും ചുവപ്പും കലര്‍ന്ന പൂക്കള്‍ നിറഞ്ഞ ചെടികള്‍ നിനക്കും നോക്കിയിരിക്കാവുന്നതാണ്. അതിലൂടെ അസ്വസ്ഥതകള്‍ പതുക്കെ മാഞ്ഞുപോകും.'' 

അക്ഷരാര്‍ത്ഥത്തില്‍ താനൊരു തടവുകാരനായിരിക്കയാണെന്ന് അക്കാലത്ത് അദ്ദേഹം പരിഭവിച്ചിരുന്നു. ''തുറസ്സുകള്‍ എനിക്കു അന്യമായിരിക്കയാണ്. പുറത്തിറങ്ങി സ്വാതന്ത്ര്യത്തോടെ നടക്കാനും തോന്നുംപോലെ ചിത്രങ്ങള്‍ വരയ്ക്കാനും സാധിക്കുന്നില്ല.'' അതിനിടയിലാണ് സെന്റ് റെമിയുടെ അതിര്‍ത്തിയില്‍ വളര്‍ന്നു നില്‍ക്കുന്ന 'സൈപ്രസ്സ് മരങ്ങള്‍' അദ്ദേഹം ചിത്രത്തിലാക്കുന്നത്. ''പ്രകൃതിദൃശ്യങ്ങളുടെ തനിമ ചായത്തിലൂടെ ആവാഹിക്കുമ്പോള്‍ യഥാതഥ്യതയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് അവയുടെ സ്വഭാവത്തിനാണ്.'' അങ്ങനെ ചെറുതും വലുതുമായ ചിത്രരചനയ്ക്കിടയില്‍ 'നക്ഷത്രരാത്രി' വരച്ചത് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ അസുലഭമായ നേട്ടമായി. ''ഇരുട്ടുനിറഞ്ഞ ആകാശത്തെ പ്രഭാപൂര്‍ണ്ണമാക്കിക്കൊണ്ട് കണ്ണുമിഴിക്കുന്ന താരജാലങ്ങള്‍'' ആത്മീയതയുടെ അനുഗ്രഹമായാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്.

'സൂര്യകാന്തിപ്പൂക്കളി'ല്‍ നിന്നു 'സൈപ്രസ്സി'ലെത്തിയ വിന്‍സന്റിന്റെ ചിത്രരചനാ കാലം അതീവ നിര്‍ണ്ണായകമായി മാറുകയുണ്ടായി. ഒരു കലാനിരൂപകന്‍ ആ കാലം വിലയിരുത്തിയതിങ്ങനെയാണ്: ''സെന്റ് റെമിയിലെ വാസക്കാലത്ത് ബ്രഷിലും പെയിന്റിലും കാന്‍വാസിലും തന്റെ ആധിപത്യം സ്ഥാപിക്കാന്‍ വിന്‍സന്റിനായി. മറ്റൊരു വിധത്തില്‍ അക്കാലത്ത് അദ്ദേഹം വരച്ച ചിത്രങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പാരമ്യത പ്രഖ്യാപിക്കുന്നവയാണ്.'' 

ഇടയ്ക്കുവെച്ച് മാനസികമായ അസ്വാസ്ഥ്യങ്ങള്‍ അദ്ദേഹത്തെ ദുര്‍ബ്ബലനാക്കുകയും സഹായത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ട നിസ്സഹായതയില്‍ നിപതിക്കുകയും ചെയ്തിരുന്നുവെങ്കിലും 1890 മേയ് മാസം, ഒരു കൊല്ലത്തിനുശേഷം സെന്റ് റെമിയോട് അദ്ദേഹം വിടപറഞ്ഞു. അപ്പോള്‍ തിയോയ്ക്ക് ഇങ്ങനെ എഴുതി: ''ഞാനൊരു പരാജയമായിരിക്കുന്നു. അതെന്റെ വിധിയാണ്. അത് അംഗീകരിക്കാതെ മറ്റെന്ത് ചെയ്യാന്‍? അതൊന്നും മാറുകയില്ല. വേറൊരു കാരണം കൂടിയുണ്ട് അതിന്. എല്ലാത്തരം മോഹങ്ങളും സ്വയം ഉപേക്ഷിക്കുക എന്നതാണ് അത്.'' കടുത്ത നിരാശയായിരിക്കണം അങ്ങനെ എഴുതാന്‍ വിന്‍സന്റിനെ പ്രേരിപ്പിച്ചത്. എന്നാല്‍, ഒരു ദിവസം ഒരു പെയിന്റിംഗ് എന്ന കണക്കില്‍ എഴുപതു പെയിന്റിംഗുകള്‍ അത്രയും ദിവസങ്ങള്‍ കൊണ്ട് അദ്ദേഹം വരച്ചു എന്നത് അതിശയമാണ്. എങ്കിലും വിന്‍സന്റിന് തന്നെ ആവരണം ചെയ്യുന്ന നിരാശയില്‍നിന്ന് മോചനം തേടാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com