കൊളോണിയല്‍ കാലത്തെ ഒരു വംശീയ ദുരന്തം: സേതു എഴുതുന്നു

രാഷ്ട്രീയക്കാരുടെ പതിവുതന്ത്രങ്ങളിലൊന്നായ 'ഖേദപ്രകടനങ്ങളില്‍' ഇതൊക്കെ ഒതുക്കിവയ്ക്കുന്ന രീതി കണ്ടുശീലിച്ചവരാണല്ലോ നമ്മള്‍.
കൊളോണിയല്‍ കാലത്തെ ഒരു വംശീയ ദുരന്തം: സേതു എഴുതുന്നു

യിടെ ജാലിയന്‍വാലാ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ആചരിച്ചപ്പോഴെങ്കിലും, ഒരു ഇരുണ്ട കാലഘട്ടത്തിന്റെ നടുക്കുന്ന ഓര്‍മ്മകളിലൊന്നായി  അവശേഷിക്കുന്ന ആ സംഭവത്തിന്റെ പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മാപ്പ് പറയുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രാഷ്ട്രീയക്കാരുടെ പതിവുതന്ത്രങ്ങളിലൊന്നായ 'ഖേദപ്രകടനങ്ങളില്‍' ഇതൊക്കെ ഒതുക്കിവയ്ക്കുന്ന രീതി കണ്ടുശീലിച്ചവരാണല്ലോ നമ്മള്‍. പക്ഷേ, തുറന്ന പാര്‍ലമെന്റില്‍ അത്തരമൊരു മാപ്പപേക്ഷ നടത്താന്‍ ഒരു ചെറുപ്പക്കാരനായ പ്രധാനമന്ത്രി തയ്യാറായി, കാനഡയില്‍. 1914-ല്‍ 'കൊമഗാത മാറുവെന്ന' ചരക്കു കപ്പലില്‍ കുടിയേറ്റത്തിനു ശ്രമിച്ച ഒരു സംഘം ഏഷ്യന്‍ വംശജരോട് കാട്ടിയ  ക്രൂരതയുടെ പേരില്‍ 2016-ല്‍ കനേഡിയന്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയതിലൂടെ ലോകത്തിനുതന്നെ വലിയൊരു മാതൃക കാട്ടുകയായിരുന്നു അവിടത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.  

അന്ന് പീഡിപ്പിക്കപ്പെട്ടവരില്‍ മിക്കവരും പഞ്ചാബിലെ പാവപ്പെട്ട സിഖ്കാരായിരുന്നുവെങ്കില്‍ ഇന്ന് കാനഡയിലെ ഏഷ്യന്‍ കുടിയേറ്റക്കാരില്‍ വലിയൊരു ശതമാനം അഞ്ച് ലക്ഷത്തോളം വരുന്ന സിഖുകാരാണെന്നത് ശ്രദ്ധേയമാണ്. നൂറാം വാര്‍ഷികത്തിന്റെ അവസരത്തില്‍ കാനഡയില്‍ പ്രതിരോധമന്ത്രിയടക്കം നാല് സിഖ് മന്ത്രിമാരുണ്ടായിരുന്നെന്നു മാത്രമല്ല, ആ പ്രതിരോധമന്ത്രിയാകട്ടെ, ഒരുകാലത്ത് ഒരു റെജിമെന്റിനെ മുഴുവന്‍ നയിച്ച പട്ടാള ഉദ്യോഗസ്ഥനുമായിരുന്നു. കൂടാതെ, ഇന്നവിടെ പൗരത്വത്തിനും സാംസ്‌കാരിക വൈവിദ്ധ്യത്തിനുമായി ഒരു മന്ത്രിയുണ്ട്; കുറച്ചു കാലം ആ പദവിയിലുണ്ടായിരുന്നത് ഒരു സിഖുകാരനുമായിരുന്നു. ഇതൊക്കെ ചരിത്രത്തിന്റെ ചില സ്വയം തിരുത്തലുകളോ സമരസപ്പെടലോ ഒക്കെയായി കാണാവുന്നതാണ്. 

കൊമഗാത മാറു ദുരന്തത്തെ അടിസ്ഥാനമാക്കി ഹോളിവുഡില്‍ ഒരു സിനിമയൊരുങ്ങുന്നുവെ ന്നും സംവിധായിക ദീപാ മേത്ത അതിനായി അമിതാഭ് ബച്ചനേയും അക്ഷയ്കുമാറേയുമൊക്കെ  സമീപിച്ചിരുന്നുവെന്നുമൊക്കെ ഒരിക്കല്‍ കേട്ടിരുന്നുവെങ്കിലും അതേപ്പറ്റി കൂടുതലറിയാന്‍ കഴിഞ്ഞത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. കാനഡയിലും ഇന്ത്യയിലുമായി ഇരട്ട പൗരത്വമുള്ള നടനാണല്ലോ അക്ഷയ്കുമാര്‍. പല ഭാഷകളില്‍നിന്നുമുള്ള ഒരു സംഘം സാഹിത്യകാരന്മാരോടൊപ്പം മൂന്ന് കനേഡിയന്‍ സര്‍വ്വകലാശാലകളിലൂടെയുള്ള ഒരു പ്രസംഗപര്യടനത്തിനാണ് ഞങ്ങള്‍ കാനഡയിലെത്തിയത്. അതില്‍ അവസാനത്തേത് ഇന്ത്യക്കാരുടെ  പ്രധാന കേന്ദ്രങ്ങളിലൊന്നായ വാന്‍കൂവറിലായിരുന്നു. 

ഒടുവിലത്തെ ദിവസം നഗരത്തിനു വെളിയിലുള്ള ഫ്രേസര്‍വാലി സര്‍വ്വകലാശാലയില്‍വച്ചു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏഷ്യന്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒരു പുസ്തകപ്രകാശനം മറക്കാനാവാത്തൊരു അനുഭവമായി മാറി. 'അനഭിമതര്‍' (Undesirables) എന്ന പേരില്‍ അലി കാസിമി എഴുതിയ ആ ചരിത്രഗവേഷണ ഗ്രന്ഥം കേട്ടുപരിയമില്ലാത്ത ഒരു ചരിത്രസന്ധിയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. കൊളോണിയല്‍ കാലഘട്ടത്തിന്റെ ഇരുണ്ട നാളുകള്‍. വംശീയതയുടെ നീക്കുപോക്കില്ലാത്ത നീരാളിപ്പിടുത്തത്തില്‍ കുരുങ്ങിപ്പോയ ഒരുപറ്റം സാധാരണ മനുഷ്യര്‍. അലി വരച്ചിട്ട ചിത്രങ്ങള്‍ ഭീകരവും അലട്ടുന്നവയുമായിരുന്നു.

കൊമഗാത മാറുവിലെ യാത്രക്കാര്‍
കൊമഗാത മാറുവിലെ യാത്രക്കാര്‍

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നു, നാല് പതിറ്റാണ്ടുകളിലേറെയായി കാനഡയില്‍ കഴിയുന്ന, അറിയ പ്പെടുന്ന ഡോക്യുമെന്ററി സംവിധായകനും യോര്‍ക്ക് സര്‍വ്വകലാശാലയിലെ സിനിമാവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറുമാണ് അലി കാസിമി. നീണ്ടനാളത്തെ അന്വേഷണങ്ങള്‍ക്കു ശേഷം അലി തയ്യാറാക്കിയ Continuous Journey എന്ന ഡോക്യുമെന്ററി 2004-ല്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കനേഡിയന്‍ കുടിയേറ്റ ചരിത്രത്തിലെ ഒരു ദുരന്ത കാലഘട്ടത്തെക്കുറിച്ച് ഒരു ഏഷ്യന്‍ വംശജന്റെ ഓര്‍മ്മപ്പെടുത്തലെന്ന നിലയില്‍ അതു  പല അന്താരാഷ്ട്ര വേദികളിലും പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. 

ഇത്തരമൊരു വാര്‍ത്താച്ചിത്രത്തിന്റെ പരിമിതികള്‍ നന്നായി അറിയാവുന്നതുകൊണ്ടാകാം, വരും തലമുറകളിലേക്കുള്ള  ശേഷിപ്പെന്ന നിലയില്‍ ആ വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഗ്രന്ഥം തന്നെ തയ്യാറാക്കാന്‍ അലി കാസിമി മുതിര്‍ന്നത്. ആ ചിത്രത്തിനു വേണ്ടി വര്‍ഷങ്ങളുടെ നീണ്ട പ്രയത്‌നത്തിലൂടെ ശേഖരിച്ചെടുത്ത ഒട്ടേറെ വിലപ്പെട്ട രേഖകളും വാര്‍ത്താശകലങ്ങളും അഭിമുഖങ്ങളും അത്യപൂര്‍വ്വമായ ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് ആധികാരികമായൊരു ചരിത്ര ഗ്രന്ഥം തന്നെ അദ്ദേഹം തയ്യാറാക്കിയിരുന്നു. അതുകൊണ്ടുതന്നെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള  പ്രവാസി സമൂഹങ്ങളടക്കം വലിയൊരു സദസ്സ് ആ പുസ്തകപ്രസാധനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രകാശനത്തിനു മുന്‍പു തന്നെ പുസ്തകത്തിന്റെ ഒരു സാധാരണ പതിപ്പിന്റെ ആയിരത്തഞ്ഞൂറ് കോപ്പിയോളം മുന്‍കൂട്ടി തയ്യാറാക്കി ഗ്രന്ഥകാരന്‍ തന്നെ കാനഡ യിലെ സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്സിറ്റികളിലും സൗജന്യമായി വിതരണം ചെയ്തിരുന്നതുകൊണ്ട് ആ പുസ്തകം ഇതിനകം വേണ്ടത്ര ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരുന്നു. 
ഒരു നൂറ്റാണ്ടു മുന്‍പ് കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിച്ച ഒരു സംഘം ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടിവന്ന ലോകമനസ്സാക്ഷിയെത്തന്നെ ഞെട്ടിക്കാന്‍ കെല്പുള്ള ഈ ദുരനുഭവങ്ങളുടെ നേര്‍ച്ചിത്രം പുതിയ തലമുറയും കണ്ടിരിക്കണമെന്ന താല്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രകാശനത്തിനും ഡോക്യുമെന്ററി പ്രദര്‍ശനത്തിനും ശേഷം, അദ്ദേഹത്തോട് ഒട്ടേറെ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വലിയ ആവേശമായിരുന്നു സദസ്സിലുള്ള ചെറുപ്പക്കാര്‍ക്ക്.     

വംശവിദ്വേഷത്തിന്റെ, വര്‍ണ്ണവിവേചനത്തിന്റെ ഒരു നെറികെട്ട അധ്യായം അവിടെ ചുരുള്‍ നിവരുകയായിരുന്നു. അവിശ്വസനീയമായൊരു സത്യസന്ധതയോടെ അലി ആ ഇരുണ്ട ചിത്രം വരച്ചിട്ടപ്പോള്‍, അന്നത്തെ പീഡാനുഭവങ്ങളിലൂടെ കടന്നുപോയവര്‍ പ്രധാനമായും തങ്ങളുടെ പൂര്‍വ്വികരായ സിഖുകാരാണെന്ന തിരിച്ചറിവില്‍, സദസ്സിലെ ചെറുപ്പക്കാരായ സിഖുകാര്‍ തെല്ലൊരു വീര്‍പ്പുമുട്ടലോടെയാണ് ആ പ്രസംഗം കേട്ടുകൊണ്ടിരുന്നത്. ഒരുപക്ഷേ, പരിഷ്‌കൃതരെന്ന് അഭിമാനിക്കുന്ന പുതിയ തലമുറയ്ക്ക് അവിശ്വസനീയമായൊരു കാലഘട്ടം. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമയെപ്പറ്റിയുള്ള  പഠനത്തിനായി  വിദ്യാര്‍ത്ഥി വിസയില്‍ കാനഡ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങളും അദ്ദേഹം വിവരിച്ചു. മുഖാമുഖത്തിനു ചെന്നപ്പോള്‍ എവിടന്നു കിട്ടി ഈ വ്യാജരേഖകള്‍ എന്നായിരുന്നത്രെ ബന്ധപ്പെട്ട ഉദ്യോഗ സ്ഥന്റെ ആദ്യത്തെ ചോദ്യം. അതായത് തന്റെ കൈയിലുള്ള കടലാസുകളെല്ലാം ശരിയായവയാണെന്നു തെളിയിക്കേണ്ട ചുമതല ആ ചെറുപ്പക്കാരനായിരുന്നെന്നു തന്നെ. പിന്നീട് ഏറെ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം കടത്തിവിട്ടെങ്കിലും ആ സംഭവം ഉണ്ടാക്കിയ ആഴത്തിലുള്ള മുറിവ് തന്നെയാകണം അലി കാസിമിയെ ഒരു നൂറ്റാണ്ടു പഴക്കമുള്ള കൊമഗാത മാറു സംഭവത്തിലേക്ക് ചികഞ്ഞു പോകാന്‍ പ്രേരിപ്പിച്ചത്. 
എന്തായാലും, അലിയുടെ പ്രസംഗം കേള്‍ക്കുകയും ആ സിനിമ കാണുകയും ചെയ്ത ഞങ്ങളുടെ ഉള്ളിലേക്ക് കൊളോണിയല്‍ ഭരണകാലത്തെ കേട്ടറിവുള്ള ഒട്ടേറെ ക്രൂരതകള്‍ നിരയിട്ടു വരികയായിരുന്നു. കൊമഗാത മാറു  എന്ന ജാപ്പനീസ് ചരക്കുകപ്പലിന്റെ, അവിശ്വസനീയമായൊരു ജനമുന്നേറ്റത്തെ നയിച്ച ഗുര്‍ദിത് സിങ്ങിന്റെ, ഹുസൈന്‍ റഹീമിന്റെ, സ്വന്തം നാട്ടുകാരുടെ ഭീഷണികള്‍ക്കു മുന്‍പിലും കുലുങ്ങാതെ കറുത്തവരുടെ കേസ് വാദിക്കാനായി പണിപ്പെട്ട എഡ്വേര്‍ഡ്‌ബേര്‍ഡ് എന്ന വെള്ളക്കാരന്‍ വക്കീലിന്റെ...
ഇവിടെ അല്പം പഴയ ചരിത്രം കൂടി.

അലി കാസിമി
അലി കാസിമി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലം. വറുതിയും ക്ഷാമവുംകൊണ്ടു കഷ്ടപ്പെടുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ സാധാരണക്കാര്‍ ജീവിക്കാനായി പച്ചപ്പുള്ള ഇടങ്ങള്‍ തേടിക്കൊണ്ടിരുന്ന കാലം. അതുകൊണ്ടുതന്നെ സ്വാഭാവികമായും ജനസംഖ്യ കുറവുള്ള കാനഡ അവരുടെ കണ്ണില്‍പ്പെട്ടു. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള കാനഡയുടെ ജനസംഖ്യ അന്നു വെറും 54 ലക്ഷമായിരുന്നു; ഇന്ത്യയുടേത് 24 കോടിയും. അക്കാലത്തു തന്നെ ഏതാണ്ട് രണ്ടായിരത്തോളം ഇന്ത്യക്കാര്‍, പ്രത്യേകിച്ചും പഞ്ചാബികള്‍, ആ രാജ്യത്തുണ്ടായിരുന്നെന്നാണ് കണക്ക്. പോരാട്ടവീര്യമുള്ളവരുടെ വംശമെന്നു വിശേഷിക്കപ്പെടുന്ന സിഖുകാരും പഞ്ചാബി മുസ്ലിങ്ങളും പഖ്തൂണുകളും അക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തിലെ ഏറ്റവും വിശ്വസ്ത സൈനികരായി കണക്കാക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പട്ടാളത്തില്‍നിന്നു പിരിഞ്ഞുവരുന്ന അക്കൂട്ടര്‍ക്ക് കാനഡയടക്കമുള്ള ബ്രിട്ടീഷ് കോളണികളിലേക്ക് കുടിയേറാന്‍ പ്രത്യേക താല്പര്യമുണ്ടായിരുന്നു. അങ്ങനെ കാനഡയിലേക്ക് ആദ്യകാലത്ത് കുടിയേറിയവര്‍ സൈന്യത്തിലും പൊലീസിലും പലവിധ സുരക്ഷാ ഏജന്‍സികളിലും കയറിക്കൂടി. ദുരഭിമാനികളായ സവര്‍ണ്ണഹിന്ദുക്കളില്‍ പലരും 'കാലാപാനി' കടക്കാന്‍ മടിയുള്ളവരായിരുന്നെങ്കിലും പിന്നാക്ക ജാതിക്കാരായ  ഹിന്ദുക്കള്‍ ജീവിക്കാന്‍ വേണ്ടി ലോകത്തിന്റെ ഏതറ്റം വരെ വേണമെങ്കിലും പോകാന്‍ തയ്യാറായിരുന്നു. അങ്ങനെ മേലാളരായ വെള്ളക്കാര്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന ചെറുതരം പണികള്‍ ഏറ്റെടുക്കാനായി,  നിസ്സാര കൂലിയില്‍ മൂന്നാംലോക രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ അണിനിരന്നു. 
പക്ഷേ,    പതിയെ കാറ്റു മാറിവീശി. 

ജനസംഖ്യ കൂടുതലുള്ള ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും കുടിയേറ്റ ശ്രമങ്ങള്‍ വ്യാപകമായതോടെ സര്‍ക്കാര്‍ ഉണര്‍ന്നെണീറ്റു. ഇത് വംശീയസന്തുലനം അവതാളത്തിലാക്കി വെള്ളക്കാരുടേതായ രാഷ്ട്രം എന്ന തങ്ങളുടെ സങ്കല്പം തകര്‍ക്കുമോയെന്ന പേടിയായി കനേഡിയന്‍ ഭരണകൂടത്തിന്.  വെള്ളക്കാരായ നാട്ടുകാരും ഏഷ്യന്‍ കുടിയേറ്റങ്ങള്‍ക്ക് എതിരായിരുന്നു. താഴ്ന്ന ജോലികള്‍ക്കായി വന്നെത്തുന്ന താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ, തങ്ങളുടെ ഭാഷയും സംസ്‌കാരവും അറിയാത്ത  കുടിയേറ്റക്കാര്‍ ഭാവിയില്‍ നാട്ടിലെ ക്രമസമാധാനം തകര്‍ക്കുമോയെന്ന പുതിയൊരു പേടി എങ്ങനെയോ പൊങ്ങിവന്നു. പില്‍ക്കാലത്ത് ഇങ്ങനെയൊരു സ്ഥിതി ആസ്ട്രേലിയയിലുമുണ്ടായെന്നത് ശ്രദ്ധേയമാണ്.  
ബ്രിട്ടീഷ് സാമ്രാജ്യത്തിലെ പ്രജകളെന്ന നിലയില്‍ ഈ കുടിയേറ്റക്കാര്‍ക്ക് അതിന്റെ അതിരുകള്‍ക്കകത്ത് എവിടെ വേണമെങ്കിലും പോകാമെന്നിരിക്കെ, അതിന് തടയിടാനായി കനേഡിയന്‍ സര്‍ക്കാര്‍ 'തുടര്‍ച്ചയായ യാത്ര' (continuous journey) എന്ന പുതിയൊരു വകുപ്പ് അവരുടെ കുടിയേറ്റ നിയമങ്ങളില്‍ കൂട്ടിച്ചേര്‍ത്തു. അതായത്, ഇവര്‍ സ്വന്തം രാജ്യത്തുനിന്ന് മറ്റു രാജ്യങ്ങള്‍ വഴിയല്ലാതെ നേരിട്ടു യാത്ര ചെയ്ത് കാനഡയില്‍ വന്നെത്തണമെന്നതായിരുന്നു ആ വ്യവസ്ഥ. മാത്രമല്ല, കൈയില്‍ ചുരുങ്ങിയത് ഇരുന്നൂറ് ഡോളറെങ്കിലും കരുതുകയും വേണം. ചുരുക്കത്തില്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്കു വേണ്ടിയുള്ള നിബന്ധനകളായിരുന്നു ഇവ.  ഇന്ത്യയടക്കമുള്ള പല ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും കാനഡയിലേക്ക് നേരിട്ടുള്ള സര്‍വ്വീസില്ലാതിരുന്നതുകൊണ്ട് ഈ യാത്രക്കാര്‍ക്ക് മറ്റേതെങ്കിലും തുറമുഖങ്ങളില്‍ കപ്പല്‍ മാറിക്കേറാതെ വഴിയില്ലായിരുന്നു. അങ്ങനെ വെളുത്ത തൊലിയുള്ളവരു ടേതു മാത്രമായ ഒരു ഭാവി കാനഡയാണ് തങ്ങള്‍ക്കു വേണ്ടതെന്നു പറയാതെ പറയുകയായിരുന്നു അവര്‍.

പ്രകടമായ ഈ വര്‍ണ്ണവിവേനം കാനഡയിലെ ഇന്ത്യക്കാരുടെ ഇടയില്‍ വലിയ തിരയിളക്ക മുണ്ടാക്കി. ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്തും തങ്ങള്‍ രണ്ടാംതരം പൗരന്മാരാകുന്നതിലെ പ്രതിഷേധം പതിയെ പുകഞ്ഞുകയറി. ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പല മേഖലകളിലും ദീര്‍ഘകാലം വിശ്വസ്ത സേവനം അനുഷ്ഠിച്ചിട്ടുള്ള ഒരു കൂട്ടം വിമുക്തഭടന്മാര്‍ ഒരു ദിവസം കാനഡയിലെ  ഒരു ഗുരുദ്വാരയില്‍ ഒത്തുകൂടി തങ്ങളുടെ പഴയ പട്ടാള യൂണിഫോമും മെഡലുകളും ചുട്ടുകരിച്ചതോടെ അവരുടെ പ്രതിഷേധം പ്രകടമായി പുറത്തുവന്നു. 
പിന്നീട് കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനായി കാനഡയില്‍ യുണൈറ്റഡ് ഇന്ത്യാ ലീഗ് എന്ന സംഘടന രൂപംകൊണ്ടു. തലപ്പത്തുണ്ടായിരുന്ന ഊര്‍ജ്ജസ്വലനും സ്വാധീനശക്തിയുള്ള ബിസിനസ്സുകാരനുമായിരുന്ന ഹുസൈന്‍ റഹീമിന്റെ നേതൃത്വത്തില്‍ പുറത്തുവന്ന ഹിന്ദുസ്ഥാനി എന്ന പത്രവും പ്രവാസികളുടെ ഇടയില്‍ പ്രചാരം നേടി. ആ കാലഘട്ടത്തില്‍ത്തന്നെ ചൈനക്കാരുടെ ബോധവല്‍ക്കരണത്തിനായി സണ്‍യാറ്റ് സെന്‍ പലതവണ കാനഡ സന്ദര്‍ശിക്കുകയും ചെയ്തു. ഇത്തരം നീക്കങ്ങള്‍  കനേഡിയന്‍ ഭരണകൂടത്തെ വല്ലാതെ ചൊടിപ്പിച്ചു. ബ്രിട്ടീഷ് രാജ്യത്തിനെതിരായി പോരാടുന്ന ഗദ്ദര്‍ പാര്‍ട്ടിയാണ് ഈ പ്രതിഷേധങ്ങള്‍ക്കു പുറകിലെന്നായിരുന്നു അവരുടെ ആരോപണം. 

അങ്ങനെയിരിക്കെ, 'തുടര്‍ച്ചയായ യാത്ര' എന്ന വ്യവസ്ഥയെ വെല്ലുവിളിക്കുകയെന്ന ഉദ്ദേശ്യ ത്തോടെ സിംഗപ്പൂരിലെ ഒരു പ്രധാന ബിസിനസ്സുകാരനായ ഗുര്‍ദിത്സിങ്ങ് ഒരുമ്പെട്ടിറങ്ങി. കൊമഗാത മാറു എന്ന ജാപ്പനീസ് കപ്പല്‍ വാടകയ്‌ക്കെടുത്ത് അഞ്ഞൂറോളം ഇന്ത്യന്‍ കുടിയേറ്റക്കാരെ കാനഡയിലേക്ക് കൊണ്ടുപോകാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. അങ്ങനെ ഒരു വശത്തേക്കുള്ള ടിക്കറ്റെടുത്ത് പോകാന്‍ ധാരാളം ആളുകള്‍ മുന്നോട്ടുവന്നെങ്കിലും അതിനെതിരായി പലതരം തടസ്സവാദങ്ങളുമായി ബ്രിട്ടീഷ് ഭരണകൂടം രംഗത്തുവന്നതോടെ കുറേപ്പേര്‍ പേടിച്ചു പിന്മാറി. എന്നിട്ടും നിയമയുദ്ധത്തിലൂടെ തന്റെ പരിപാടിയുമായി ഗുര്‍ദിത്സിങ്ങ് മുന്നോട്ടു പോയപ്പോള്‍ ഹോങ്ങ്‌കോങ്ങില്‍നിന്നു കപ്പല്‍ കയറാന്‍ 165 പേരെ കിട്ടി. അങ്ങനെ 1914 ഏപ്രില്‍ നാലിന് പുറപ്പെട്ട സംഘത്തില്‍ പിന്നീട് ജപ്പാനിലേയും ചൈനയിലേയും ചില തുറമുഖങ്ങളില്‍നിന്നു കുറേപ്പേര്‍ കൂടി ചേര്‍ന്നപ്പോള്‍ തലവനായ ഗുര്‍ദിത്സിങ്ങടക്കം 376 പേരായി. ടിക്കറ്റില്‍നിന്നുള്ള വരുമാനം  കപ്പല്‍ക്കൂലിക്കും മറ്റു ചെലവുകള്‍ക്കും തികയാത്തതു കൊണ്ട് 1500 ടണ്‍ കല്‍ക്കരിയും ഗുര്‍ദിത് കപ്പലില്‍ കരുതിയിരുന്നു. അതു വാന്‍കൂവറില്‍ വിറ്റു അത്യാവശ്യത്തിനുള്ള പണം സ്വരൂപിക്കാനായിരുന്നു അദ്ദേഹത്തിന്റെ  പരിപാടി. 

ഏഷ്യന്‍ കുടിയേറ്റങ്ങളെ അങ്ങേയറ്റം വിമര്‍ശിച്ചിരുന്ന വാന്‍കൂവറിലെ പത്രങ്ങള്‍ ഇതിനെ വല്ലാതെ പെരുപ്പിച്ചു, 'വാന്‍കൂവര്‍ തുറമുഖത്ത് ഹിന്ദു ആക്രമണം' എന്ന വലിയ തലക്കെട്ടുകളോടെ വാര്‍ത്തകള്‍ പടച്ചിറക്കി. അങ്ങനെ നീണ്ട യാത്രയ്ക്കു ശേഷം കൊമഗാത മാറു വാന്‍കൂവര്‍ കടല്‍ത്തീരത്തിനടുത്തെത്തിയപ്പോഴേക്കും പ്രതിരോധത്തിനായി അധികാരികള്‍ വേണ്ടത്ര ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞിരുന്നു.  നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടു കപ്പലിനെ കരയില്‍നിന്നു അരനാഴിക അകലെ പുറംകടലില്‍ തടഞ്ഞിടാനായിരുന്നു അവരുടെ തീരുമാനം. ഈ കടുത്ത നടപടിയിലൂടെ ഒരു മറുനാടന്‍ കപ്പല്‍ വാടകയ്‌ക്കെടുത്ത് ഇങ്ങനെയൊരു സാഹസത്തിനു തുനിഞ്ഞ ഗുര്‍ദിത്സിങ്ങിനെ ഒതുക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. വാടകയിനത്തില്‍ ഇനിയും കുറേ തുക കപ്പല്‍ക്കമ്പനിക്ക് കൊടുക്കാനുണ്ടെന്നും കരയിലിറങ്ങി കല്‍ക്കരി വില്‍ക്കാതെ അദ്ദേഹത്തിനു അതു കഴിയില്ലെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. 

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ കാനഡയില്‍ ശക്തമായൊരു നിയമവ്യവസ്ഥ നിലവിലുള്ളതുകൊണ്ട് വാന്‍കൂവറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയോടെ യാത്രക്കാര്‍ കോടതിയില്‍നിന്നു അനുകൂല വിധി സമ്പാദിക്കുമോയെന്ന പേടി അവര്‍ക്കുണ്ടായിരുന്നു.  ഇത്തരം  കാര്യങ്ങളില്‍ നിഷ്പക്ഷമായ തീരുമാനങ്ങളെടുക്കുന്ന  ഒരു ന്യായാധിപന്‍ അന്നു ആ കോടതിയിലുണ്ടായിരുന്നുതാനും. അതുകൊണ്ട് എന്തുവന്നാലും യാത്രക്കാരെ കര കാണിക്കുകയില്ലെന്ന തീരുമാനത്തില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനിന്നു. 
അങ്ങനെ  ഓരോരോ മുട്ടുന്യായങ്ങള്‍ പറഞ്ഞു കുടിയേറ്റ ഉദ്യോഗസ്ഥര്‍ തീരുമാനം വൈകിച്ചു കൊണ്ടിരുന്നു. പതിയെ കപ്പലിലെ അന്തരീക്ഷം ചൂട് പിടിക്കാന്‍ തുടങ്ങി. മാസങ്ങളായി കടലില്‍ കഴിഞ്ഞവര്‍ വല്ലവിധവും കരപിടിക്കാനുള്ള തത്രപ്പാടിലായി. സ്വന്തം ഉത്തരവാദിത്വത്തില്‍ കൊണ്ടുവന്ന വലിയൊരു ആള്‍ക്കൂട്ടത്തെ സമാധാനിപ്പിച്ചു ഒപ്പം നിറുത്തുകയെന്നത് ഗുര്‍ദിത്സിങ്ങിന്റെ ചുമതലയായി. ഇതിനിടയില്‍ കടല്‍യാത്രയ്ക്കു മാത്രമായി കരുതിയിരുന്ന ആഹാരസാധനങ്ങളുടെ സ്റ്റോക്കും തീരാറായിരുന്നു. പുറങ്കടലില്‍ കിടക്കുന്ന 'അനഭിമത'രായ മറുനാട്ടുകാരെ തീറ്റിപ്പോറ്റാനുള്ള ചുമതല അവരെ കൊണ്ടുവന്നവര്‍ക്കാണെന്ന വാദത്തില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനിന്നപ്പോള്‍ ജപ്പാന്‍കാരായ ജോലിക്കാര്‍ക്കുള്ള മുന്തിയ ആഹാരവും വെള്ളവും കപ്പലില്‍ മുറപോലെ വന്നുകയറുന്നത് കൊതിയോടെ നോക്കിനില്‍ക്കേണ്ട ഗതികേടിലായി അശരണരായ സഞ്ചാരികള്‍. 

ആ ശല്യക്കാരായ ആള്‍ക്കൂട്ടത്തെ എങ്ങനെയെങ്കിലും ശ്വാസംമുട്ടിച്ചു മടക്കി അയക്കുക എന്നതായിരുന്നു ഉദ്യോഗസ്ഥന്മാരുടെ തന്ത്രം. ഇക്കാര്യത്തില്‍ അവര്‍ക്ക് സര്‍ക്കാരിന്റെ പരോക്ഷമായ പിന്തുണയുമുണ്ടായിരുന്നു. കപ്പല്‍ക്കൂലിയില്‍ ബാക്കിയുള്ള പതിനയ്യായിരം ഡോളര്‍  കൊടുത്തില്ലെങ്കില്‍ ജാപ്പനീസ് കമ്പനി കപ്പല്‍ തിരിച്ചുവിളിക്കുമെന്ന് സര്‍ക്കാരിനു വിവരം കിട്ടിയിരുന്നു. അതുകൊണ്ട് നടപടിക്രമങ്ങള്‍ ആവുന്നത്ര വൈകിക്കാനായി അവരുടെ ശ്രമം. അതിനായി അവര്‍ കണ്ടുപിടിച്ച വഴിയായിരുന്നു യാത്രക്കാരുടെ നിയമപ്രകാരമുള്ള ആരോഗ്യ പരിശോധന താളത്തിലാക്കുകയെന്നത്. ഓരോരുത്തരെയായി ബോട്ടില്‍ കരയ്ക്കിറക്കി പരിശോധിച്ചു ഓരോ കാരണങ്ങള്‍ പറഞ്ഞു മടക്കിവിടുകയെന്ന സമര്‍ത്ഥമായ തന്ത്രമാണ് അവര്‍ പ്രയോഗിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായിരുന്ന കൊക്കപ്പുഴു  രോഗം അപകടകരവും പകരുന്നതുമാണെന്നും അത് പരിശോധിക്കാന്‍ ഒരു സ്പെഷ്യലിസ്റ്റ് വേണമെന്നുമായിരുന്നു ഇതിലൊന്ന്.  
ഇന്ത്യയില്‍ സ്വാതന്ത്യ്രസമരം ചൂടിപിടിച്ചു വന്നിരുന്ന കാലമായിരുന്നതുകൊണ്ട് കൊമഗാത മാറുവില്‍ കുടുങ്ങിപ്പോയ നാനൂറോളം പാവപ്പെട്ട  യാത്രക്കാരും ലോകശ്രദ്ധ പിടിച്ചെടുത്തുവെന്നു മാത്രമല്ല, അവരുടെ ധീരമായ ചെറുത്തുനില്പ് ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള ജനകീയ മുന്നേറ്റത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു. പിന്നീട് സമ്മര്‍ദ്ദം ശക്തമായപ്പോള്‍  ഏതെങ്കിലും ഒരു യാത്രക്കാരന്റെ  കാര്യം ഒരു പരീക്ഷണമെന്ന നിലയില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വിടാമെന്നു സര്‍ക്കാര്‍ സമ്മതിച്ചു. ഈ കേസില്‍ തീരുമാനമാകുന്നതുവരെ കപ്പല്‍ എങ്ങനെയെങ്കിലും പിടിച്ചുനിറുത്താനായി യാത്രക്കാരുടെ പിന്നീടുള്ള ശ്രമം. അതിനുവേണ്ട പതിനയ്യായിരം ഡോളര്‍ സ്വരൂപിക്കാനായി കാനഡയിലെ സിഖ് സമൂഹവും മറ്റു ഇന്ത്യാക്കാരും ഒത്തുകൂടി.  ഹുസൈന്റഹീമിന്റെ ഉത്സാഹത്തില്‍ നടന്ന ആ ശ്രമത്തില്‍ അയ്യായിരത്തോളം ഡോളര്‍ ശേഖരിക്കാനായെന്നു മാത്രമല്ല, കുറേ വാഗ്ദാനങ്ങളും അതോടൊപ്പം കിട്ടുകയും ചെയ്തു. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ അതു പോരായിരുന്നു. യാത്രക്കാരുടെ ഈ വലിയ സംഘത്തിനു ഭക്ഷണത്തിനുള്ള തുക കണ്ടെത്തുകയെന്നത് തന്നെ എളുപ്പമായിരുന്നില്ല.  

ഈ കേസ് സ്വയം ഏറ്റെടുത്തു വാദിക്കാനായി എഡ്വേര്‍ഡ് ബേര്‍ഡ് എന്ന വെള്ളക്കാരനായ വക്കീല്‍ തയ്യാറായെങ്കിലും അദ്ദേഹത്തിനു പല കോണുകളില്‍നിന്നും നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ നിരവധിയായിരുന്നു. ഇതിനിടയില്‍ കപ്പലിലെ വിമുക്തഭടന്മാരെ കലാപത്തിനായി ഗദ്ദര്‍ പാര്‍ട്ടിയുടെ അനുഭാവികള്‍ പ്രേരിപ്പിച്ചുവെങ്കിലും ബ്രിട്ടീഷ് സൈന്യത്തിലെ പഴയകാല വിശ്വസ്തര്‍ അതിനു തയ്യാറായില്ല. 
ഒടുവില്‍ മുന്‍പ് കാനഡയില്‍ താമസിച്ചതിന്റെ രേഖകളുള്ള ഇരുപത്തിരണ്ടു പേരെ കരയ്ക്കിറങ്ങാന്‍ അനുവദിച്ചെങ്കിലും മറ്റുള്ളവരുടെ നരകയാതനകള്‍ തുടരുകയായിരുന്നു. 
സുപ്രീംകോടതിയില്‍ കേസിന്റെ വാദം തുടര്‍ന്നുകൊണ്ടിരിക്കെ കപ്പലിലെ ഭക്ഷണപ്രശ്‌നം രൂക്ഷ മായി. കുടിവെള്ളം കൂടി മുട്ടിയപ്പോള്‍ കപ്പലില്‍ കലാപമായി. ദാഹം സഹിക്കവയ്യാതെ യാത്രക്കാര്‍ കപ്പല്‍ ജോലിക്കാരായ ജപ്പാന്‍കാരുടെ വെള്ളപ്പാത്രങ്ങള്‍ തട്ടിപ്പറിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ബഹളത്തിനിടയില്‍ താഴെ ചൊരിഞ്ഞ വെള്ളം നക്കിക്കുടിക്കാനായി വെപ്രാളപ്പെട്ടവരുടെ കൂട്ടത്തില്‍ വൃദ്ധരും കുട്ടികളുമുണ്ടായിരുന്നു. ഈ വിവരങ്ങള്‍ കുറേയൊക്കെ കരയിലും കിട്ടിക്കൊണ്ടിരുന്നെങ്കിലും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. കുറേക്കൂടി കഴിഞ്ഞപ്പോള്‍ വിശന്നുപൊരിയുന്നവരുടെ മുന്‍പില്‍ എല്ലാ ന്യായവാദങ്ങളും തോറ്റുപോകുമെന്ന തിരിച്ചറിവില്‍  കമ്മിറ്റിക്കാര്‍ തളര്‍ന്നു. പുറംകടലില്‍ തടഞ്ഞുവയ്ക്കപ്പെട്ട ശരണാര്‍ത്ഥികളുടെ ജീവന്‍ നില നിറുത്താന്‍ വേണ്ട ആഹാരവും വെള്ളവും എത്തിക്കുകയെന്ന മാനുഷിക പരിഗണന പോലും കാണിക്കാതെ കോടതിയിലെ വാദങ്ങള്‍ നീണ്ടുപോകുകയായിരുന്നു. 
ഇതിനിടയില്‍ വക്കീലിനും കുടുംബത്തിനും വധഭീഷണികളടക്കമുള്ള ഒട്ടേറെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നിരുന്നു. അദ്ദേഹത്തിന്റെ ഇന്‍ഷ്വറന്‍സ് പോളിസി കൂടി റദ്ദാക്കപ്പെട്ടു. കപ്പലിലെ കലാപം നിയന്ത്രണാതീതമായപ്പോള്‍ ഇടപെടാനുള്ള തയ്യാറെടുപ്പുകളോടെ സായുധസൈന്യം തുറമുഖത്ത് ഒരുങ്ങിനിന്നെങ്കിലും അത് വലിയൊരു ചോരച്ചൊരിച്ചിലിലേ അവസാനിക്കൂ എന്ന ഭീതിയില്‍ അധികാരികള്‍ തെല്ലൊന്നു മടിച്ചുനിന്നു. 
ഇതിനിടയില്‍ സുപ്രീംകോടതിയിലെ കേസും തോറ്റപ്പോള്‍ അടിയറവ് പറയേണ്ടിവന്ന വെള്ള ക്കാരന്‍ വക്കീലിനും കുടുംബത്തിനും നാട്വിട്ടു പോകേണ്ടിവന്നു. ഒടുവില്‍ ഭരണകൂടത്തിന്റെ പിടിവാശിക്കു മുന്‍പില്‍ തലകുനിക്കാതെ നിവൃത്തിയില്ലെന്ന അവസ്ഥയിലായി ഗുര്‍ദിത്സിങ്ങും കരയിലെ ഇന്ത്യന്‍ സമൂഹവും. തിരിച്ചുപോകാമെങ്കില്‍ യാത്രയ്ക്കാവശ്യമായ ഭക്ഷണവും വെള്ളവും കൊടുക്കാമെന്നു  സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.  കമ്മിറ്റിക്കാര്‍ പലപ്പോഴായി പിരിച്ചെടുത്ത ഇരുപത്തയ്യായിരം ഡോളറും നഷ്ടപരിഹാരമായി കൊടുക്കണമെന്ന ഹുസൈന്റെ വാദം അധികാരികള്‍ ആദ്യം വാക്കാല്‍ അംഗീകരിച്ചെങ്കിലും കപ്പല്‍ അതിര്‍ത്തിവിട്ട ശേഷം അവര്‍ തന്ത്രപൂര്‍വ്വം അതില്‍നിന്നു പിന്മാറുകയാണ് ചെയ്തത്. 

പരിചയമില്ലാത്ത നാട്ടില്‍ ഇത്രയേറെ അപമാനവും കഷ്ടപ്പാടും സഹിക്കേണ്ടിവന്നിട്ടും തിരിച്ചു പോകാന്‍ മടിക്കുന്നവരായിരുന്നു കപ്പലിലെ യാത്രക്കാരില്‍ മിക്കവരും. എല്ലാം ഇട്ടെറിഞ്ഞു പോന്നവര്‍ ഇനി എങ്ങോട്ടു തിരിച്ചുപോകാനാണ്? ഇന്ത്യയില്‍ മടങ്ങിയെത്തിയാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലടയ്ക്കില്ലെന്ന് എന്താണുറപ്പ്? അതിലും ഭേദം ഈ കടലില്‍ തന്നെ കിടന്നു മരിക്കുകയല്ലേ? അങ്ങനെ പോയി ചിലരുടെ ചിന്തകള്‍. 
എന്തായാലും, അവസാനം ഗതികെട്ട് ജൂലൈ 23-നു കൊമഗാത മാറു മടക്കയാത്ര തുടങ്ങി.  രണ്ടുമാസത്തെ യാത്രയ്ക്കു ശേഷം അവര്‍ ഇന്ത്യന്‍ തീരത്തെത്തിയെങ്കിലും അവിടെയും വലിയൊരു ചതി അവരെ കാത്തുനില്‍പ്പുണ്ടായിരുന്നു. കുഴപ്പം ഒഴിവാക്കാനായി യാതൊരു മുന്നറിയിപ്പുമില്ലാതെ അവരുടെ കപ്പല്‍  കല്‍ക്കത്തയ്ക്കു പകരം തൊട്ടപ്പുറത്തുള്ള ഒരു ചെറുതുറമുഖത്ത് അടുപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.  അവിടെ വലിയൊരു പൊലീസ് സന്നാഹവുമുണ്ടായിരുന്നു. പ്രതിഷേധവുമായി പുറത്തിറങ്ങിയ അവശരായ യാത്രക്കാരും പൊലീസുമായുണ്ടായ  ഏറ്റുമുട്ടലില്‍ നടന്ന വെടിവെയ്പില്‍ 22 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട ഗുര്‍ദിത്സിങ്ങാകട്ടെ, ഒളിവിലും പോയി. 

പില്‍ക്കാലത്ത് കൊമഗാത മാറു അതിക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന ഹോപ്കിന്‍സെന്ന ഉദ്യോഗസ്ഥന്‍ കാനഡയില്‍വെച്ചു മേവാസിങ്ങെന്ന  ഗദ്ദര്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ വെടിയേറ്റു കൊല്ലപ്പെട്ടു.  തൂക്കിലേറ്റപ്പെട്ട മേവാസിങ്ങിനാകട്ടെ, അവസാന നിമിഷം വരെ പശ്ചാത്താപമുണ്ടായിരുന്നില്ല. ഒടുവില്‍, ഗുര്‍ദിത്സിങ്ങും അറസ്റ്റ് ചെയ്യപ്പെട്ടു. അഞ്ചു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു ശേഷം അറുപത്തെട്ടാം വയസ്സില്‍ പുറത്തുവന്ന അദ്ദേഹം കൊമഗാത മാറുവിന്റെ നീറുന്ന ഓര്‍മ്മകളും പേറി പിന്നെയും പന്ത്രണ്ടു വര്‍ഷത്തോളം ജീവിച്ചു. അടുത്ത കാലത്ത് കാനഡയിലേക്ക് കുടിയേറിയ ഗുര്‍ദിത്സിങ്ങിന്റെ പിന്‍തലമുറയില്‍പ്പെട്ട പെണ്‍കുട്ടിയെ സ്വീകരിച്ചത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവായിരുന്നുവെന്നത് മറ്റൊരു ചരിത്ര നിയോഗം. 
ചരിത്രത്തിന്റെ ഏതോ പഴയ ഏടുകളിലേക്കു ഒതുങ്ങിപ്പോയ ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. കൊളോണിയല്‍ കാലഘട്ടത്തിന്റെ ഇരുണ്ട നാളുകളില്‍ സര്‍വ്വസാധാരണമായിരുന്ന വംശീയതയും വര്‍ണ്ണവെറിയും പലതരം രൂപങ്ങളില്‍ ഇന്നും പ്രത്യക്ഷപ്പെടുന്നുണ്ട്.  ജനസംഖ്യകൊണ്ടു പൊറുതിമുട്ടുന്ന ചൈനയും ഇന്ത്യയുമടക്കമുള്ള പല ആഫ്രോ ഏഷ്യന്‍  രാജ്യങ്ങളിലേയും  പുതിയ തലമുറ മെച്ചപ്പെട്ട സാധ്യതകള്‍ തേടി കടലുകള്‍ കടക്കാന്‍ വെപ്രാളപ്പെടുമ്പോള്‍ അതിനെ ചെറുക്കാനായി തങ്ങളുടെ കുടിയേറ്റ നിയമങ്ങള്‍ പടിപടിയായി കര്‍ശനമാക്കി വരികയാണ് വികസിത രാജ്യങ്ങള്‍.  ഒരുകാലത്തു വിദേശ കുടിയേറ്റങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്ന ആസ്ട്രേലിയയിലേയും മറ്റു ചില പാശ്ചാത്യ രാജ്യങ്ങളിലേയും ഇന്നത്തെ ഭരണാധികാരികളുടെ സമീപനം തന്നെ ഇതിനു ഉദാഹരണമാണ്. 

(അനുബന്ധം: ഇതേപ്പറ്റി വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറിച്ചിരുന്നുവെങ്കിലും മതദേശീയതയും ജാതിവെറിയും വല്ലാതെ പെരുകിവരുന്ന ഇക്കാലത്ത്, അധികമാരും അറിയാത്ത ഈ ദുരന്തത്തെക്കുറിച്ച് ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടുതല്‍ പ്രസക്തമാകുമെന്ന്     തോന്നി.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com