ചിന്താവിഷ്ടയുടെ കരുണതാളം: ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു

ചിന്താവിഷ്ടയുടെ കരുണതാളം: ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു

വാല്മീകിയുടെ രാമായണത്തില്‍നിന്നും മഹാകവി കുമാരനാശാന്‍ കണ്ടെടുത്ത ഒരു ആത്യന്തിക സന്ദര്‍ഭമാണ് ചിന്താവിഷ്ടയായ സീത.



സീതാപരിത്യാഗം നടന്നിട്ടു പതിനഞ്ചോളം സംവത്സരം കഴിഞ്ഞതിനുശേഷമുള്ളതാണ് ഈ സന്ദര്‍ഭമെന്ന് ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (അവതാരിക, 1920) വിശദമാക്കുന്നുണ്ട്. ''ശ്രീരാമന്റെ അശ്വമേധയാഗത്തില്‍ സംബന്ധിക്കുന്നതിനായി വാല്മീകി മഹര്‍ഷി കുശലവന്മാരോടുകൂടി അയോധ്യയ്ക്കുപോയി വളരെ ദിവസം കഴിഞ്ഞിരിക്കുന്നു. തപസ്വിനിയായ സീത അപ്രകാരം ശൂന്യപ്രായമായ ആശ്രമത്തില്‍ താമസിക്കുന്നു. ഈ അവസ്ഥ സ്വാഭാവികമായി സീതയ്ക്കു ചിന്തയെ ഉദ്ദീഭവിപ്പിക്കാവുന്നതാണല്ലോ'' എന്ന് കാവ്യത്തിനു ടിപ്പണിയെഴുതിയ വിദ്വാന്‍ വി.കെ. കേശവന്‍ സമര്‍ത്ഥിക്കുന്നു. ആരോഹണാവരോഹണങ്ങളോടേയും നാടക സന്ധികളോടേയുമുള്ള സീതയുടെ ചിന്താപ്രക്രിയയെ സുകുമാര്‍ അഴീക്കോട് വിശകലനം ചെയ്തതും ഓര്‍ക്കുക (ആശാന്റെ സീതാകാവ്യം). മക്കള്‍ മാമുനിയോടൊപ്പം അയോധ്യയിലേയ്ക്ക് പോയിരിക്കയാണ്. ശ്രീരാമന്‍ മക്കളെ തിരിച്ചറിയും. ഉടനെ കൂട്ടിക്കൊണ്ടുപോകാനുള്ള രാമസന്ദേശവുമായി കുലപതി തിരിച്ചുവരും - ഈ അവസ്ഥ മറികടക്കാനുള്ള വ്യഗ്രതയില്‍ തന്റെ ഭൂതവര്‍ത്തമാനഭാവി കാലങ്ങളെ അഴിച്ചെടുത്തു പരിശോധിക്കുകയാണ് സീത. വേണമോ വേണ്ടയോ - വേണ്ട എന്ന നിലപാടിലുറച്ചു നില്‍ക്കുന്ന സീത, പിന്നെ ശ്രീരാമസവിധത്തില്‍ വെച്ച് ഭൂഹൃദയത്തിലേക്ക് അന്തര്‍ധാനം ചെയ്യുന്നു.

''ഇതിനു മുന്‍പും ചിന്ത ചെയ്തിട്ടുണ്ടെങ്കിലും ഇത്രത്തോളം ഗാഢമായി വിചാരിക്കേണ്ട അവസരം മുന്‍പു വന്നിട്ടില്ല. ഇപ്പോഴാകട്ടെ, അയോധ്യയില്‍നിന്ന് ഉടനെ ആളു വന്നേക്കാമെന്നൂഹിക്കാന്‍ ഇടയായതുകൊണ്ട്, മുന്‍പു കഴിഞ്ഞ സംഭവങ്ങളെല്ലാം ഗാഢമായ ചിന്തയ്ക്കു വിഷയമായിത്തീര്‍ന്നതാണ്. മേലാല്‍ എന്തുചെയ്യണമെന്നു തീര്‍ച്ചപ്പെടുത്തേണ്ട ഘട്ടവുമായിരിക്കുന്നു.
ഈ സമാധാനം ഉള്ളില്‍വെച്ചുംകൊണ്ടുതന്നെയാണ്,
സ്മൃതിധാരയുപേക്ഷയാം തമോ -
വൃതി നീങ്ങിച്ചിലനാള്‍ സ്ഫുരിക്കയാം
എന്നും മറ്റും പ്രസ്താവിച്ചിട്ടുള്ളതെന്നും സൂക്ഷിച്ചു നോക്കിയാല്‍ അറിയാവുന്നതുമാണ്'' (അവതാരിക, 1920). 
ഇങ്ങനെ യോഗ - വിയോഗങ്ങളുടേതായ ഈ കാവ്യം വിന്യസിച്ചിട്ടുള്ളത് വിവിധ ഭാവരസങ്ങളുടെ സമന്വയമായിട്ടാണ്. ആധാരശ്രുതി കരുണം തന്നെ. അതിന്റെ വിവര്‍ത്തഭേദങ്ങളെല്ലാം പരിത്യാഗസഹനത്തിന്റേയും ആസന്നമായ ആത്യന്തികവിയോഗത്തിന്റേയും തിരയടികള്‍ അനുഭവപ്പെടുത്തുന്നു. അനുഭവം സ്വം ആയാലും പരാപരങ്ങളായാലും ആസ്വാദനജന്യമായാലും ഏതുതരത്തിലായാലും അതിനെ സാംസ്‌കാരിക ഉള്ളടക്കമാക്കി സംക്രമിപ്പിക്കുന്നതിന് ഉചിതമായൊരു ഈണതാള ഉരുവം ഉണ്ടാവുക എന്നത് പ്രധാനം. 

അടുപ്പം/അകല്‍ച്ച, രഞ്ജന/ഭിന്നത, യോഗം/വിയോഗം, സ്വീകാരം/പരിത്യാഗം എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളുടെ ആവിഷ്‌കരണമായ ചിന്താവിഷ്ടയായ സീതയില്‍ സമവിഷമങ്ങളുടെ കലഹമുണ്ട്. അതുകൊണ്ടുകൂടിയാകാം വിഷമസമപാദങ്ങളുടെ ഛന്ദസ്സില്‍ ഉരുവം കൊണ്ട വിയോഗിനി വൃത്തത്തില്‍ കവി വിയോഗകാവ്യത്തെ നിബന്ധിച്ചത്. (1 മുതല്‍ 189 വരെയുള്ള ശ്ലോകങ്ങള്‍). ''സീതാദേവി അന്തര്‍ധാനം ചെയ്യുന്നതിന്റെ തലേന്നാള്‍ രാത്രി വാല്മീകിയുടെ ആശ്രമത്തില്‍ ഒരു ഏകാന്തസ്ഥലത്തിരുന്നു തന്റെ പൂര്‍വ്വാനുഭവങ്ങളേയും ആസന്നമായ ഭാവിയേയും മറ്റും പറ്റി ചെയ്യുന്ന ചിന്തകളാണ് ഈ കൃതിയുടെ പ്രധാന വിഷയം.'' (ആശാന്‍ മുഖവുര, 1919) അസ്വാസ്ഥ്യജനകമാണ് ആ ചിന്താധാര. മനുഷ്യവ്യക്തിയായി സീത നടത്തുന്ന സ്വാഗതാഖ്യാനത്തില്‍ സ്മൃതിധാരയുടെ ഛന്ദസ്സ് ആവാഹിക്കാന്‍ ഫലപ്രദമായത് വിയോഗിനിയുടെ വിഷമസമഘടനയും വാമൊഴിഗദ്യത്തിനോടടുത്തു നില്‍ക്കുന്ന ഭാഷണസമ്പ്രദായവുമാണെന്ന് കവിക്കു ബോധ്യപ്പെട്ടിരിക്കണം. 
നിലയെന്നിയെദേവിയാള്‍ക്കക -
ത്തലതല്ലുന്നൊരു ചിന്തയാംകടല്‍
പലഭാവമണച്ചു മെല്ലെ നിര്‍ -
മ്മലമാം ചാരുകവിള്‍ത്തടങ്ങളില്‍.   (ശ്ലോകം 10)

ഉഴലും മനതാരടക്കുവാന്‍
വഴികാണാതെ വിചാരഭാഷയില്‍
അഴലാര്‍ന്നരുള്‍ ചെയ്തിതന്തരാ -
മൊഴിയോരോന്നു മഹാമനസ്വിനി  (ശ്ലോകം 11)
വിചാരഭാഷയുടെ, ആന്തരികമൊഴിയുടെ, വാക്യവിന്യാസങ്ങളാണ് കവി ഘനീഭവിപ്പിച്ചിട്ടുള്ളത്.
ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ,
തിരിയാ ലോകരഹസ്യമാര്‍ക്കുമേ  (ശ്ലോകം 12)
ഇവിടം തൊട്ടുതുടങ്ങുന്നു ആ വിചാരഭാഷയുടെ ഗതിവൈചിത്ര്യങ്ങള്‍ ഒന്ന് - മൂന്ന് പാദങ്ങളില്‍ (വിഷമപാദങ്ങളില്‍) സ, സ, ജ ഗണങ്ങളും ഒരു ഗുരുവും, രണ്ട് - നാല് പാദങ്ങളില്‍ സ,ഭ,ര ഗണങ്ങളും ഒരു ലഘു, ഒരു ഗുരുവും : ഇതാണ് വിചാരഭാഷയുടെ ഗണവിന്യാസ ലഘുഗുരുമാത്രാഘടന. ഒരേസമയം ഗദ്യവടിവും ഈണതാളവടിവും ആവാഹിക്കുന്ന സിന്റാക്‌സ് ആണിത്. വിരയലും തിരിയലും അത് അനുഭവവേദ്യമാക്കുന്നുണ്ട്.
തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും 
ഇരിയാതെ മനം ചലിപ്പു, ഹാ
ഗുരുവായും ലഘുവായുമാര്‍ത്തിയാല്‍   (ശ്ലോകം 13)
സീതാഹൃദയത്തിന്റെ തിളനില അനുഭവപ്പെടുത്തുന്നതിനു പാകത്തിലാണ് ആര്‍ത്തിയുടെ ഗുരുലഘുക്കള്‍ വിയോഗിനി ഛന്ദസ്സില്‍ നിക്ഷിപ്തമായിട്ടുള്ളത്. ആ ഛന്ദസ്സിന് ഒരു ഗദ്യാത്മകതയുണ്ട്. സ്വാഗതാഖ്യാനം ചമയ്ക്കുന്നതിലും ഭാവവിനിമയം സാധിക്കുന്നതിലും അതു വലിയ പങ്കാണ് വഹിക്കുന്നത്. ഭാഷണതാളത്തിലൂടെ കവിയുടെ ഭാവനാപരമായ ഉക്തിവൈചിത്ര്യങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്നു. 'പ്രാക്കള്‍ വെടിഞ്ഞ കൂട്' (ശ്ലോകം 21) പോലെയുള്ള പരിചിത സാമ്യമൂലകങ്ങളുടെ ഭാവതാളം കവിതയുടെ ഭാഷണശൈലീതാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ (ശ്ലോകം 31)
വിയോഗത്തിന്റെ ഭാവികമായ അന്തര്‍ധാര സ്ഫുരിക്കുന്നതാണ് സീതയുടെ സ്മൃതിധാര. അതില്‍ ഇടയ്ക്കിടെ ദുരന്താത്മകമായ പ്രതീക്ഷയും മിന്നിമറയുന്നുണ്ട്. ഇവിടെ കവി, ആര്‍ജ്ജവവും ലാളിത്യവും തികഞ്ഞ സിന്റാക്‌സിലൂടെ വിയോഗിനി ഛന്ദസ്സിന്റെ വിനിമയക്ഷമത കാട്ടിത്തരുന്നു. സംക്ഷിപ്തത, സാന്ദ്രത, സുതാര്യത എന്നിവ ഈ അര്‍ദ്ധസമവൃത്തത്തിന്റെ പ്രകാശനഫലങ്ങളാണ്.
അരുതോര്‍പ്പതിനിന്നു കാര്‍നിറ-
ഞ്ഞിരുളാമെന്‍ഹൃദയാങ്കണങ്ങളില്‍
ഉരുചിന്തകള്‍ പൊങ്ങിടുന്നുചൂഴ് -
ന്നൊരുമിച്ചീയല്‍ കണക്കെമേല്‍ക്കുമേല്‍ (ശ്ലോകം 43)
സീതാവിചാരങ്ങളുടെ ആവേഗവും അപ്രതീക്ഷിതഗതിയും നിവേദിപ്പിക്കാന്‍ ഈ ഛന്ദസ്സിന്റെ പ്രാസഫലമായ പാദരഞ്ജനയ്ക്ക് സാധിച്ചിരിക്കുന്നു. ഇരുള്‍ നിറഞ്ഞ ഹൃദയാങ്കണങ്ങളില്‍നിന്ന് ഒരുമിച്ച് ഈയല്‍ കണക്കെ മേല്‍ക്കുമേല്‍ ഉയര്‍ന്നുവരുന്നൂ ആ ചിന്തകള്‍. ഭാഷണവിന്യാസത്തേയും സാദൃശ്യമൂലകകല്പനയേയും രഞ്ജിപ്പിക്കുന്ന ഒരു ഭാവനാതാനമാണ് വിയോഗിനി ഛന്ദസ്സിനുള്ളത്.
തരളഭാവങ്ങളും പേലവരൂപകങ്ങളും കൊണ്ടുള്ള ഒരു ലിറിക്കല്‍ കാവ്യരൂപം ചമയ്ക്കുന്നതിനു മാത്രമല്ല, തനതായ സാമൂഹിക പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിനും വിയോഗിനിയുടെ അര്‍ധസമമായ ഫ്രെയിം ഏറ്റവും ഉചിതമാണെന്ന് ആശാന്‍ തെളിയിക്കുന്നുണ്ട്. (ഉദാ ശ്ലോകം 68 - 99)
കൊടിതേര്‍പട കോട്ട കൊത്തളം
കൊടിയോരായുധമൊന്നുമെന്നിയേ
നൊടിയില്‍ ഖലജിഹ്വകൊള്ളിപോ -
  ലടിയേ വൈരിവനം ദഹിക്കുമേ  (ശ്ലോകം 80)
ഇങ്ങനെയുള്ള കാവ്യഭാഗങ്ങളില്‍ വിയോഗിനിയുടെ പ്രത്യക്ഷമായ വിലാപസ്വരത്തെ, വിയോഗസ്വരത്തെ, കവി പരുഷവിമര്‍ശനത്തിലൂടെ മറികടക്കുന്നു. സീതാസ്വരത്തില്‍ കവിയുടെ ആത്മോപാഖ്യാനമോ ഇടപെടലോ അന്തസ്സന്നിവ്വേശം ചെയ്തിരിക്കുന്നുവെന്ന് പ്രതീതമാകുന്നു.
ഘനഗര്‍ഭദുര്‍വഹം, സരളസ്‌നേഹരസം, അനലാര്‍ക്കവിധുക്കള്‍, ശ്രുതിമന്ദാരമനോജ്ഞപുഷ്പം, ശിശുലാഭോത്സവം, അയഥായോഗസമജ്ജനങ്ങള്‍, വിയദാലയവാതില്‍, തടിനീജലബിംബിതാംഗി എന്നിങ്ങനെയുള്ള സമസ്ത പദങ്ങള്‍ ഈ വിയോഗഛന്ദസ്സില്‍ കവി ഘടിപ്പിച്ചിട്ടുള്ളത് നൈസര്‍ഗ്ഗികമായിട്ടാണെന്ന് അനുഭവപ്പെടും. അര്‍ത്ഥഭാവഗ്രഹണത്തിന് വിഘ്നമുണ്ടാക്കുന്നതുമല്ല അവ. ഛന്ദസ്സിന്റെ ഗണങ്ങളും പാദാന്ത്യങ്ങളിലെ ലഘുഗുരുമാത്രകളും ഒന്നിപ്പിക്കുന്നതിനു വേണ്ടിയാണ് സമസ്തപദ പ്രയോഗം എന്നു കൃത്രിമ ബുദ്ധികള്‍ക്കു തോന്നാം. എന്നാല്‍ പല ഉചിത ഭാവപദങ്ങള്‍ സംയോഗം കൊള്ളുമ്പോഴുള്ള ഭാവസമസ്തതയാണ് അത്തരം പ്രകരണങ്ങളില്‍ ലക്ഷ്യമാക്കുന്നത്. 
പദങ്ങള്‍ കൊരുത്തുമെടഞ്ഞ് ആവേഗം കൂട്ടിക്കൂട്ടിപ്പറയുവാനുള്ള ഗതികോര്‍ജ്ജവും ഈ ഛന്ദസ്സിനുണ്ട്.
അപകീര്‍ത്തിഭയാന്ധനീവിധം
സ്വപരിക്ഷാളനതല്പരന്‍ നൃപന്‍
കൃപണോചിതവൃത്തിമൂലമെ-
  ന്നപവാദം ദൃഢമാക്കിയില്ലയോ  (ശ്ലോകം 105)
സംസ്‌കൃതസമസ്തപദവൃത്തിയാണ് ഇവിടെ ഛന്ദസ്സിന്റെ വിനിയോഗത്തില്‍ ദ്രുതിദീപ്തിവികാസങ്ങള്‍ സാധിക്കുന്നത്. കൊരുത്തു കൂട്ടിപ്പറയുന്ന രീതിയില്‍നിന്നു മാറി നില്‍ക്കുന്ന ഉദീരണങ്ങളും സീതയുടെ ആത്മോപാഖ്യാനത്തിലുണ്ട്.-
അതിവത്സല/ഞാനുരച്ചിതെന്‍
കൊതി/വിശ്വാസമൊടന്നു ഗര്‍ഭിണി/
അതിലേ പദമൂന്നിയല്ലി/യി-
ച്ചതി ചെയ്തു നൃപ/നോര്‍ക്കവയ്യ താന്‍
ഇങ്ങനെ യതി പാലിച്ചുകൊണ്ടുള്ള, നിര്‍ത്തിനിര്‍ത്തിയുള്ള ഉദീരണങ്ങളിലൂടെ വിയോഗിനിഛന്ദസ്സിന്റെ വാമൊഴി വ്യവഹാരതാളവും ഗദ്യാത്മകവിനിമയ ക്ഷമതയും ഇവിടെ വെളിപ്പെടുന്നു.
ഇനി യാത്ര പറഞ്ഞിടട്ടെ ഹാ
ദിനസാമ്രാജ്യപതേ, ദിവസ്പദേ
അനിയന്ത്രിതദീപ്തിയാം കതിര്‍-
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാന്‍
എന്ന 171-ാം ശ്ലോകം മുതല്‍         
അനഘാശയ ഹാ! ക്ഷമിക്ക! എന്‍
മനവും ചേതനയും വഴങ്ങിടാ;
നിനയായ്ക മറിച്ചു, പോന്നിടാം
വിനയത്തിന്നു വിധേയമാമുടല്‍ 
എന്ന 188-ാം ശ്ലോകം വരെയുള്ള ഭാഗങ്ങള്‍ സീതാഹൃദയത്തില്‍ നിന്നുയരുന്ന അന്ത്യയാത്രാസൂചകങ്ങളാണ്. കര്‍മ്മസാക്ഷികളോടും രാഘവനോടും വിടപറയുകയാണ് സീത. ഇവിടെ ഒരു വിലാപകാവ്യം (Elegy) രൂപം കൊള്ളുകയാണ്. കൃതിയില്‍ ബഹിരന്തര്‍സ്പര്‍ശിയായി ഈ വിലാപതാനം ആദ്യന്തം പ്രസരിക്കുന്നുമുണ്ട്. ഈ ഘട്ടത്തില്‍ ഒരു ദീര്‍ഘ ലിറിക്കിന്റെ ശില്പമായിത്തീരുന്നു ചിന്താവിഷ്ടയായ സീത.
ജനയിത്രി! വസുന്ധരേ/പരം
തനയസ്‌നേഹമൊടെന്നെയേന്തിനീ/
തനതുജ്ജ്വലമഞ്ചഭൂവിലേ-
യ്ക്കനഘേ! / പോവതു ഹന്ത! കാണ്‍മുഞാന്‍ (ശ്ലോകം 177)

പ്രിയരാഘവ / വന്ദനം ഭവാ - /
നുയരുന്നൂ ഭുജശാഖവിട്ടു ഞാന്‍/
ഭയമറ്റു പറന്നുപോയിടാം/
സ്വയമിദ്യോവി/ലൊരാശ്രയം വിനാ (ശ്ലോകം 183)
ഭൂഹൃദയത്തിലേക്കുള്ള തന്റെ അന്തര്‍ധാനത്തെ സീത മുന്‍കൂട്ടി ഉപദര്‍ശിക്കുന്നു. 'ഇരുമെയ്യാര്‍ന്നൊരു ജീവിപോലവേ' രാമനോടൊത്ത് ജീവിക്കുകയും പില്‍ക്കാലത്ത്, മര്യാദാപുരുഷോത്തമന്റെ രാജാധികാര പ്രതാപച്ചൂടില്‍ വെന്തുപോവുകയും ചെയ്ത സീതയാണിവിടെ സംസാരിക്കുന്നത്. വസുന്ധരയുടെ കൈകള്‍, തന്നെ താങ്ങിയെടുത്ത് ആഴങ്ങളിലേക്കു കൊണ്ടുപോകുന്നതും തന്റെ ആത്മാവ് നിരാലംബമായി ആകാശത്തേക്കുയരുന്നതും ഭാവികദര്‍ശനമാണ്; ഗതകാലത്തിലേയോ വരുംകാലത്തിലേയോ സംഗതികളെ പ്രത്യക്ഷാനുഭവ പ്രതീതിയില്‍ അവതരിപ്പിക്കുന്നതാണല്ലോ 'ഭാവികം' എന്ന ഭാഷാവിന്യാസം. അന്വയപ്രശ്‌നമില്ലാതെ, വാക്കുകള്‍ ഹൃദയത്തില്‍നിന്നുയരുന്ന മട്ടിലും ചേലിലും തന്നെ അവതരിപ്പിക്കാന്‍ ഇവിടെയൊക്കെ സാധിച്ചിരിക്കുന്നു. അത് വിയോഗിനി ഛന്ദസ്സിന്റെ ഭാഷണരീതി കൊണ്ടാണെന്നും കാണാം.
'പുടവയ്ക്കു പിടിച്ച തീ ചുഴന്നുടല്‍കത്തുന്നൊരുബാല' പോലെയായ സീത, അയോധ്യയിലേയ്ക്കു തിരിച്ചുചെല്ലാനുള്ള സന്ദേശം ഉടനെത്തുമെന്ന് ഊഹിക്കുന്നു. അവള്‍ തീരുമാനിച്ചിരിക്കുന്നു:
അരുതെന്തയി! വീണ്ടുമെത്തി ഞാന്‍
തിരുമുമ്പില്‍ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവന്‍
കരുതുന്നോ? ശരി! പാവയോയിവള്‍  (ശ്ലോകം. 187)
സ്വത്വശക്തിയാര്‍ജ്ജിച്ച സീതയുടെ അന്തിമ തീരുമാനമാണിത്. ആ സുനിശ്ചിത മനസ്സിന്റെ ഊക്ക് വിയോഗിനിഛന്ദസ്സിന്റെ ഗതിതാളത്തില്‍ അനുഭവവേദ്യമാകുന്നു. 189-ാം ശ്ലോകം വരെ മാത്രമേ നാനാഭാവ രസാവിഷ്‌കാരത്തിനുള്ള ഈ അര്‍ദ്ധസമഛന്ദസ്സ് കവി വിനിയോഗിക്കുന്നുള്ളു; സ്മൃതിധാരയുടെ പര്യവസാനമായി. തദനന്തരം എന്തു സംഭവിച്ചുവെന്നതിന്റെ വസ്തുതാ വിവരണമാണ് തൊട്ടടുത്ത മൂന്നു ശ്ലോകങ്ങളില്‍ ഉള്ളത്.
''അന്തിക്കുപൊങ്ങി വിലസീടിന താരജാലം
പന്തിക്കു പശ്ചിമപയോധിയണഞ്ഞുമുങ്ങി
പൊന്തിത്തുടങ്ങിയിതരോഡുഗണങ്ങള്‍, സീതേ
എന്തിങ്ങിതെ'' -ന്നൊരു തപസ്വിനിയോടിവന്നാള്‍
രാത്രിയായിത്തുടങ്ങിയിട്ടും ആശ്രമത്തിനകത്തേയ്ക്കു കടക്കാതെ ഉടജാന്തവാടിയില്‍ത്തന്നെ ചിന്താവിഷ്ടയായി സീത ഒരേ ഇരിപ്പിലാണ്. അന്വേഷിച്ചുവന്ന തപസ്വിനി കാണുന്നത് ചിന്താമൂര്‍ച്ഛയില്‍പ്പെട്ട സീതയെയാണ്. ഈ ശ്ലോകം വസന്തതിലകം എന്ന സംസ്‌കൃതവൃത്തത്തിലാണ് രചിച്ചിരിക്കുന്നത്. 

പലവുരുവവള്‍ തീര്‍ത്ഥപ്രോക്ഷണം ചെയ്തുതാങ്ങി - 
ച്ചലമിഴിയെയകായില്‍ കൊണ്ടുപോയിക്കിടത്തി
പുലര്‍സമയമടുത്തൂ കോസലത്തിങ്കല്‍നിന്ന -
ക്കുലപതിയുമണഞ്ഞൂ രാമസന്ദേശമോടും - ഈ ശ്ലോകം മാലിനി വൃത്തത്തിലാണ് രചിച്ചിരിക്കുന്നത്. 

കുമാരനാശാന്‍
കുമാരനാശാന്‍


പിന്നെ എന്തു സംഭവിച്ചുവെന്നാണ് അവസാന ശ്ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്:
'വേണ്ടാ ഖേദമെടോ സുതേ വരിക'യെ-
ന്നോതും മുനീന്ദ്രന്റെ കാല്‍-
ത്തണ്ടാര്‍നോക്കിനടന്നധോവദനയായ്
ചെന്നസ്സഭാവേദിയില്‍
മിണ്ടാതന്തികമെത്തി, യൊന്നനുശയ-
ക്ലാന്താസ്യനാം കാന്തനെ -
ക്കണ്ടാള്‍ പൗരസമക്ഷ, മന്നിലയിലീ-
ലോകം വെടിഞ്ഞാള്‍ സതി
- ഈ ശ്ലോകം ശാര്‍ദ്ദൂലവിക്രീഡിത വൃത്തത്തിലാണ് രചിച്ചിട്ടുള്ളത്.
ഭാവഗീതാത്മകമായ ഒരു താനമാണ് വിയോഗിനിഛന്ദസ്സിനുള്ളത്. വസ്തുനിഷ്ഠമോ കേവലം വസ്തുതാപരമോ ആയ വിവരണത്തില്‍ കൂടുതല്‍ പദങ്ങളും പാദങ്ങളും വേണമല്ലോ. അതുകൊണ്ടാണ് അവസാന രംഗത്തില്‍ ദൈര്‍ഘ്യമുള്ള ഛന്ദസ്സുകള്‍ കവി വിനിയോഗിച്ചത്. ശ്ലോകം 190-ലെ പ്രകൃത്യവസ്ഥ വസ്തുതാപരമാണ്. ശ്ലോകം 191-ലെ ക്രിയാപരമായ ഝടുത്യവസ്ഥയ്ക്കു യോജിച്ചതാണ് മാലിനിയുടെ താളം. ഈ രണ്ടു ശ്ലോകങ്ങളില്‍ ഉള്ളതിനേക്കാള്‍ അവസ്ഥാവ്യാപാരവും ക്രിയാവ്യാപാരവും അവസാന ശ്ലോകത്തിലുണ്ട്. അതുകൊണ്ടാണ് ശാര്‍ദ്ദൂലവിക്രീഡിതമെന്ന ദീര്‍ഘവൃത്തതാളത്തിലൂടെ അവയുടെ ചടുലഗതി സാധ്യമാക്കിയിട്ടുള്ളത്. ശ്ലോകം 188 വരെയുള്ള ചിന്താവിഷ്ടമാത്രകളിലെ സ്മൃതിസൂചകതാനം പോലെത്തന്നെ ശ്രദ്ധേയമാണ് അവസാനത്തെ മൂന്ന് ശ്ലോകങ്ങളിലെ തത്സമയ-സംഭവ- സൂചകതാനവും. ഈ പാറ്റേണ്‍ ആശാന്റെ മറ്റു മിക്ക കാവ്യങ്ങളിലും കാണാനുണ്ടല്ലോ.

വിയോഗിനിയുടെ വിനിയോഗം

കാവ്യവിശേഷങ്ങള്‍ക്കൊത്ത് വ്യത്യസ്ത വൃത്തങ്ങള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ച് കവികളും പ്രാചീനാചാര്യന്മാരും ചിന്തിച്ചിട്ടുണ്ട് - (സുവൃത്തതിലകം- ക്ഷേമേന്ദ്രന്‍). പൂര്‍വ്വിക കവികളില്‍ പലര്‍ക്കും ചില വൃത്തങ്ങള്‍ പ്രയോഗിക്കുന്നതില്‍ അസാധാരണ സാമര്‍ത്ഥ്യമുണ്ട്.

വംശസ്ഥവൃത്തത്തെ വൈചിത്ര്യത്തോടെ പ്രയോഗിക്കുന്നു, ഭാരവി. രത്‌നാകരന്‍ വസന്തതിലകവൃത്തത്തിനോട് കൂടുതല്‍ ആഭിമുഖ്യം പ്രദര്‍ശിപ്പിക്കുന്നു. ഭവഭൂതിക്ക് ശിഖരിണി പ്രിയംകരമാകുന്നു. കാളിദാസന്‍ മന്ദാക്രാന്തവൃത്തത്തിന്റെ വിനിയോഗത്തില്‍ മികച്ചുനില്‍ക്കുന്നു, രാജശേഖരന്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ വിന്യാസത്തിലും മുന്തിനില്‍ക്കുന്നു. ഏതായാലും ആ കവികളുടെ ഔചിത്യബോധവും അതിസൂക്ഷ്മ പ്രതിഭയുമാണ് ആ വൃത്തങ്ങളുടെ ഭാവാനുരോധമായ വിനിയോഗത്തില്‍ ശ്രദ്ധേയം.
ഛന്ദസ്സിന് അക്ഷരസംഖ്യാനിയമം ഉണ്ട്. അത് വൃത്തപാകത്തിലെത്തുമ്പോള്‍ ഗുരുലഘുക്രമംകൂടിയുണ്ടെന്നു മനസ്സിലാക്കണം.
രസഭാവാദി താല്പര്യമാശ്രിത്യവിനിവേശനം
അലംകൃതീനാം സര്‍വ്വാസാമലങ്കാരത്വസാധനം
(ആനന്ദവര്‍ദ്ധനന്‍, ധ്വന്വാലോകം III,6)
കാവ്യം പ്രകാശമയമാകുന്നത് ഭാവനാവ്യാപാരത്തിലൂടെയുള്ള അലംകൃതികള്‍ കൊണ്ടാണ്. ഭാവരസാദികളെ പരിപോഷിപ്പിക്കുന്നതാണ് ഇമേജുകളും സിംബലുകളുമൊക്കെയായ അലംകൃതികള്‍. അങ്ങനെ വരുമ്പോള്‍ ഭാവത്തിനു ചേര്‍ന്ന ഈണതാളമുള്ള ഛന്ദസ്സും ഭാവരസപോഷകമാണ്  എന്നു കാണാം.
കാവ്യേ രസാനുസാരേണ വര്‍ണ്ണനാനുഗുണേനച
കുര്‍വീത സര്‍വവൃത്താനാം വിനിയോഗം വിഭാഗവിത്  (സുവൃത്തതിലകം)
കാവ്യത്തില്‍ രസാദികളെ അനുസരിച്ചും വര്‍ണ്ണനകള്‍ക്ക് അനുഗുണമായും വിഭാഗജ്ഞാനിയായ കവി, വൃത്തങ്ങളുടെ മുഴുവന്‍ വിനിയോഗവും ചെയ്യേണ്ടതാണ് എന്ന് കാരികാസാരം. കുമാരനാശാന്റെ മിക്ക കാവ്യങ്ങളും പ്രത്യേകിച്ച് ചിന്താവിഷ്ടയായ സീത രസാനുസാരേണയുള്ള വൃത്തവിനിയോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്നുവെന്ന് രസഭാവപഠനത്തിലൂടെ വ്യക്തമാകും.
വൃത്തങ്ങളുടെ സംജ്ഞകള്‍കൊണ്ടുതന്നെ അവയുടെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടും. വിപ്രലംഭ ഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നതിന് അനുഗുണമത്രെ മന്ദാക്രാന്ത (കാളിദാസന്‍-മേഘസന്ദേശം) (രതിവിലാപം - കുമാരസംഭവം നാലാം സര്‍ഗ്ഗം), അജവിലാപം (രഘുവംശം) മുതലായവ വിയോഗിനി വൃത്തത്തിലാണ്. ഹൃദയത്വരകളുടെ വിയോഗവിലാപസ്വരത്തിനു പറ്റിയ അതേ വൃത്തമാണ് സീതയുടെ വ്യഥകളുടെ വാഹകം. ഔചിത്യപൂര്‍വ്വമായ ഒരു വൃത്തസ്വീകാരമാണ് ഇത്. കാളിദാസ മഹാകവിയിലൂടെ പ്രതിഷ്ഠനേടിയ വിയോഗിനിയെ വൃത്തശാസ്ത്രകാരന്മാരില്‍ പലരും അവഗണിച്ചതെന്തുകൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു. നാരായണീയത്തിലെ 46-ാം ദശകവും 60-ാം ദശകവും വിയോഗിനി വൃത്തത്തിലാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നു കൂടി ഓര്‍ക്കുക. ഛന്ദോമജ്ഞരീകാരന്‍ 'സുന്ദരി' എന്ന സംജ്ഞ കൊടുത്താണ് വിയോഗിനീതാളത്തെ നിര്‍വ്വചിച്ചിട്ടുള്ളതെന്നും കാണുക. സീതാകാവ്യത്തില്‍ നാനാവിധമായ ഭാവരസങ്ങളുണ്ട്, വൈയക്തികവും സാമൂഹികവുമായ സാംസ്‌കാരിക ത്വരകളുണ്ട്. സീതയില്‍നിന്നുയരുന്ന ആ സ്മൃതിധാരകള്‍ നിരന്തരം ആര്‍ദ്രമായി ത്രസിച്ച് ഒടുവില്‍ കരുണം നിറഞ്ഞ നിശ്ശബ്ദതയില്‍ വിലയം പ്രാപിക്കുന്നു. ''ആശാനെ സംബന്ധിച്ചിടത്തോളം ദാര്‍ശനികമായ സ്‌നേഹവായ്പിന്റെ സ്വാഭാവികമായ പ്രകാശനമീഡിയം വിയോഗിനി പോലുള്ള ഹ്രസ്വതാളങ്ങളായിരുന്നു'' വെന്ന കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ അഭിപ്രായം ഇവിടെ സംഗതമാവുന്നു (കവിതയുടെ ഡിഎന്‍എ, ലിറ്റില്‍ പ്രിന്‍സ്, 1985 - 38).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com