തൊട്ടപ്പനിലെ അധോതല ഭൂമിക

നിര്‍ജ്ജലീകരണം സംഭവിച്ച അച്ഛന്‍-മകള്‍ മനോഭാവത്തെ വിശ്വമാനവികതയുടെ ജലസമൃദ്ധിയിലേക്കുയര്‍ത്തുക എന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ് തൊട്ടപ്പന്‍ മലയാള സിനിമയില്‍ മുഖ്യമായും നടത്തുന്നത്.
തൊട്ടപ്പനിലെ അധോതല ഭൂമിക

''ഇടഭിത്തിയേല്‍ കൈകുത്തി പൊന്തി പള്ളിക്കുള്ളിലേക്കു മറയുന്ന തൊട്ടപ്പന്റെ ഇരുട്ടുനിറഞ്ഞ ആകാരം ഒരു മിന്നായംപോലെ ഉള്ള് പൊള്ളിച്ചോണ്ടിരുന്നു. പുണ്യാളച്ചന്റെ കുത്തിത്തുറന്ന നേര്‍ച്ചപ്പെട്ടിക്കടുത്തുനിന്നു മഴ തിമര്‍ത്ത രാത്രിയില്‍ തൊട്ടപ്പനെങ്ങനെയാണ് പുഴയിലേക്കൊഴുകിപ്പോയത്... ആരോട് ചോദിക്കാന്‍?''
        -ഫ്രാന്‍സിസ് നൊറോണ (തൊട്ടപ്പന്‍)

'ദ്വീപ് എന്നാല്‍ പാലങ്ങളില്ലാത്ത അവസ്ഥയാണ്' എന്ന് എന്‍.എസ് മാധവന്‍ 'ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍' എന്ന നോവലില്‍ എഴുതുന്നുണ്ട്. കായലിറമ്പിലെ വിദഗ്ദ്ധരായ മീന്‍പിടുത്തക്കാര്‍ മത്സ്യങ്ങളെ പ്രത്യേക പരിതസ്ഥിതിയിലേക്കു പാര്‍ശ്വവല്‍ക്കരിച്ചു കാര്യം സാധിക്കുന്നതിനായി ഉപയോഗിക്കുന്ന ടെക്നിക്കിന് 'തുരുത്തി' എന്നൊരു ഭാഷാഭേദമുണ്ട്. ദ്വീപായാലും തുരുത്തിയായാലും നമ്മള്‍ ഉപജീവിക്കുന്ന പരിഷ്‌കൃത ജീവിതത്തിന് അതൊരു തിരുത്താണ്. തൃശൂരിന്റെ ശരികളും നീതിബോധവുമല്ല കോക്കാഞ്ചിറയുടേതെന്ന ആലാഹയുടെ പെണ്‍മക്കളിലൂടെ സ്ഥാപിക്കപ്പെട്ട ആ പരിഷ്‌കാരത്തോടുള്ള കടുംവെട്ടാണത്. അത്തരത്തില്‍ ചായം തേച്ച ചുണ്ട് പൊഴിക്കുന്ന കുലീനമാം കള്ളങ്ങളില്‍നിന്ന് അടര്‍ന്നുമാറി തുരുത്തിന്റെ/പ്രദേശത്തിന്റെ നെഞ്ചുകീറി നേരിനെ കാട്ടലാണ് ജീവിതമെന്ന സാര്‍വ്വവികത്വമെന്നു പുതിയ കാലത്ത് മലയാള സിനിമ ഇടയ്ക്കിടെ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നുണ്ട്. കുടുംബം എന്ന വ്യവസ്ഥാപിത ചട്ടക്കൂട് പണിയുന്ന തികച്ചും സങ്കുചിതമായ തുരുത്തുകളിലേക്കു നടവരമ്പ് തുറന്ന് അതിനെ ജലാശയത്തിന്റെ ലോകവ്യാപനത്തിലേക്ക്, രക്തരഹിത വിശാല ഹൃദയബന്ധങ്ങളിലേക്കു ലയിപ്പിക്കുക എന്ന കലയുടെ കാലികബോധം പ്രത്യക്ഷവല്‍ക്കരിക്കുന്ന സിനിമയാണ് ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത 'തൊട്ടപ്പന്‍.'

ബയോളജിക്കല്‍ ഫാദര്‍ എന്ന എന്നേ അന്യംനില്‍ക്കേണ്ട സാമൂഹ്യസദാചാര പൊതുധാരണയെ അപനിര്‍മ്മിച്ചു ജീവന്‍ പിറവിയെടുക്കുന്നത് നൈതികതയാണെന്നും ശിരസ്സ്തൊട്ട് സംരക്ഷിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ പിതാവെന്നും അയാള്‍ക്കു സംരക്ഷകന്‍ എന്നാണ് പര്യായമെന്നും ഈ സിനിമ വ്യക്തമാക്കുന്നു. നിര്‍ജ്ജലീകരണം സംഭവിച്ച അച്ഛന്‍-മകള്‍ മനോഭാവത്തെ വിശ്വമാനവികതയുടെ ജലസമൃദ്ധിയിലേക്കുയര്‍ത്തുക എന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ് തൊട്ടപ്പന്‍ മലയാള സിനിമയില്‍ മുഖ്യമായും നടത്തുന്നത്.

ഇത്താക്ക് (വിനായകന്‍), ജോണപ്പന്‍ (ദിലീഷ് പോത്തന്‍) എന്നീ തുരുത്തിന്റെ കള്ളന്മാരിലൂടെ ജോണപ്പന്റെ മകള്‍ സാറ(പ്രിയംവദ കൃഷ്ണന്‍)യിലേക്കു കഥ ചാലുകീറുകയാണ് സിനിമയില്‍. ജോണപ്പന്റെ തിരോധാനാനന്തരം തലതൊട്ടപ്പനായ ഇത്താക്ക് സാറയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയാണ്. ചെമ്മീന്‍ കെട്ടിലെ പണിക്കായി വരത്തനും മേത്തനുമായ ഇസ്മയില്‍ എന്ന ഇസ്മു (റോഷന്‍ മാത്യു) എത്തുന്നതോടെ സാറയില്‍ കെട്ടിനിര്‍ത്തിയ പണപ്പുകളിലേക്കെല്ലാം വെള്ളം കയറുന്നു. തടം നിറയുമ്പോഴേക്കും ജലത്തിന്റെ നിറത്തിനും സ്വഭാവത്തിനും മാറ്റം സംഭവിക്കുന്നു. സാറ അതിലൊന്നും മോഹാലസ്യപ്പെടാത്തവളാകയാല്‍ തൊട്ടപ്പന്റെ കഥയില്‍ തുടങ്ങുന്ന സിനിമ സാറയുടെ അനിഷേധ്യ പ്രതിരോധത്തില്‍ അവസാനിക്കുന്നു.

തുരുത്തിലെ ഇരുളും ഹരിതപ്രപഞ്ചവും  
ഇരുട്ടാണ് തൊട്ടപ്പന്റെ ആത്മാവ്. ഇത്താക്കിനെപ്പോലെ ഇരുണ്ട വരമ്പുകള്‍ നിറഞ്ഞ പ്രദേശത്ത് തൊണ്ണൂറുകളുടെ മധ്യത്തില്‍ നടക്കുന്ന കഥയാണിത്. പ്രഥമ സീനില്‍ മോഷണമാവിഷ്‌കരിക്കുന്നത് ശ്രദ്ധിക്കുക. കവര്‍ച്ച നടത്തിയതിനു ശേഷം ഇത്താക്കും ജോണപ്പനും ഇരുളില്‍ മറഞ്ഞുനില്‍ക്കുന്ന ഷോട്ടിലുണ്ട് സിനിമയുടെ നിറം. അനന്തരം ഓടി രക്ഷപ്പെടുന്ന ഇരുവരും കായലിലേക്കു ചാടുകയാണ്. പിന്നീട് കായലവരെ വിഴുങ്ങുകയാണ്. കായലിലൂടെ മുങ്ങാംകുഴിയിട്ട് കണ്ടല്‍ തണ്ടില്‍ തൊണ്ടിയൊളിപ്പിച്ചു പുറംജീവിതത്തിലേക്കു പൊങ്ങുന്ന ഈ സീനില്‍ സ്ഥാപിച്ചുകഴിഞ്ഞു തൊട്ടപ്പനിലെ അധോതല ഭൂമിക.

ഇരുട്ടാണ്, ഉദിച്ചിട്ടുണ്ട് എന്ന പോസ്റ്റര്‍ പരസ്യവാചകത്തെ കടമെടുത്താല്‍ കറുപ്പും വെളുപ്പും കളറിടതൂര്‍ന്ന ജീവിതപ്രദേശമാണ് കഥ നടക്കുന്ന തുരുത്ത്. വൈഡ് ഷോട്ടില്‍ നിറഞ്ഞുനില്‍ക്കുന്ന രാത്രി സീക്വന്‍സുകളുടെ സമ്പന്നതയാല്‍ തൊട്ടപ്പന്‍ ഇരുട്ടിനെ, നിലാവില്‍ കവിഞ്ഞ് അതുല്പാദിപ്പിക്കുന്ന ദുരൂഹതയെ അടയാളപ്പെടുത്തുകയാണ്. കരവരമ്പ് പോലെ നായകന്റെ കടും കറുപ്പിലും കായല്‍ജലം പോലെ നായികയുടെ ഇളം കറുപ്പിലും നിഴലിട്ടതാണ് അടിമുടി ഈ സിനിമ. പരിഷ്‌കൃത നേത്രോന്മീലനം നടത്തിയാല്‍ ദാരിദ്ര്യം തുരുത്തിന്റെ ഉപോല്പന്നങ്ങളിലൊന്നാണ്. നിറമില്ലാത്ത ജീവിതമെന്നു ധ്വനി ചേര്‍ക്കാവുന്നതാണ്. ഇരുട്ട് സകലതിനേയും ആവിഷ്‌കരിക്കാന്‍ തക്ക ബാഹുബലമുള്ള ബിംബവുമാണ്. 

ഷാനവാസ് കെ ബാവക്കുട്ടി
ഷാനവാസ് കെ ബാവക്കുട്ടി

തുരുത്തിന്റെ മറ്റൊരു പ്രത്യേകത മുറ്റിത്തഴച്ചുനില്‍ക്കുന്ന ഹരിതപ്രതലങ്ങളാണ്. ഏതിരുളിനു വഴങ്ങാത്ത സ്വാഭാവികതയുടെ, അലങ്കാരരാഹിത്യങ്ങളുടെ ജീവിതപ്പച്ച വിളയിക്കുന്ന കാര്‍ഷിക ഭൂമി കൂടിയാണത്. വാര്‍ദ്ധക്യത്തിന്റെ തളര്‍ച്ച ബാധിക്കാത്ത പ്രണയക്കരുത്തിന്റെ ഹരിതാഭമാണവിടെ മുഴുവന്‍. പ്ലമേന അമ്മായിക്കും വയസ്സന്‍ കാമുകനും പ്രാന്തന്‍ കണ്ടലിന്റെ കീഴെവെച്ചു കാണാനും ഏതു പ്രതിസന്ധികളോടും പോടാ ചുള്ളിക്കണ്ടലേയെന്നു പറയാനും വള്ളിക്കണ്ടല് പന്തലിട്ട തോട്ടിലൊത്ത് തുഴയാനും വീര്‍പ്പ് കണ്ടത്തിലുപ്പുകണ്ടല് വേര്‍പ്പിലൊട്ടിക്കെടക്കാനും മുതുകുപൊള്ളണ വെയില്‍ ചായുമ്പൊ ചാകാനും (അന്‍വറലിയുടെ വരികള്‍) പര്യാപ്തമാകുന്ന സ്‌നേഹത്തിന്റെ ഉള്ളടരുകളാണാ ഹൃദയപ്പച്ച. സ്വന്തം അപ്പന്‍ വന്നു പറഞ്ഞാലും ശരി തൊട്ടപ്പന്‍ പറയുന്നതിലപ്പുറം ചെയ്യില്ലെന്ന് സാറയെക്കൊണ്ട് പറയിപ്പിക്കുന്ന ജഗദ്സത്യവും അതായിരിക്കണം. 

പിഎസ് റഫീഖ്
പിഎസ് റഫീഖ്

ചെമ്മീന്‍കെട്ടുകളുടെ സമൃദ്ധിക്കിടയില്‍ 'ചാരായക്കട ലോകം, ഇവിടെ കോലാഹലം സൗഹൃദം' എന്നോര്‍മ്മിപ്പിക്കുന്ന കള്ള് ഷാപ്പ് കാണാം. തുരുത്തിലെ മുതലാളിയും റിട്ട. പൊലീസുകാരനും ഇത്താക്കിന്റെ അഭ്യുദയകാംക്ഷിയുമായ കോര സാറ് (സുനില്‍ സുഖദ) ഇത്താക്കിനോട് കാര്യം പറയുന്ന സ്ഥലമാണാ ഷാപ്പ്. ഇത്താക്ക് മകള്‍ സാറയെ ഇസ്മുവിനെക്കൊണ്ട് കെട്ടിക്കുമെന്നു കട്ടായം പറയുന്ന/പ്രഖ്യാപിക്കുന്ന ഫങ്ഷന്‍ ഹാള്‍ കൂടിയാണത്. അഭിമാന സംരക്ഷിണിയായും ആഘോഷകേന്ദ്രമായും ചര്‍ച്ചാ സദസ്സായും രൂപമാറ്റം സംഭവിക്കുന്ന ഈ കള്ള് ഷാപ്പ് തുരുത്തിലെ, സിനിമയിലെ പ്രധാന കഥാപാത്രമാണ്. അദ്രമാന്റെ (രഘുനാഥ് പലേരി) പീടികയാണ് മറ്റൊരിടം. അയാള്‍ അന്ധനാണ്. എന്നാല്‍, ആര്‍ക്കുമയാളെ എളുപ്പത്തില്‍ കബളിപ്പിക്കാനാകില്ല. കളവിനുള്ള ബാലപാഠങ്ങളുമായി ചുവടുവെയ്ക്കുന്ന കുഞ്ഞാടും ജോയ്മോനും അതിനു ശ്രമിക്കുന്നുണ്ട്. കളവ് നടക്കുമെങ്കിലും അയാളതു പിടികൂടുന്നതു കാണാം. തുരുത്തിലെ ദാരിദ്ര്യത്തെ പലതരത്തില്‍ മറികടക്കാനുപയോഗിക്കുന്ന ഈ പീടികയ്ക്ക് സിനിമയില്‍ മികച്ച എസ്റ്റാബ്ലിഷ്മെന്റുകളില്ല. എങ്കിലും പ്രദേശത്തെ പതിക്കാനുള്ള പ്രധാന പലകയായാണ് കട സിനിമയില്‍ കടന്നുവരുന്നത്. 

ഫ്രാന്‍സിസ് നെറോണ
ഫ്രാന്‍സിസ് നെറോണ


തുരുത്തിന്റെ എക്സ്ട്രീം വൈഡ് ഷോട്ടുകള്‍ സിനിമയില്‍ പലയിടത്തായി ഉപയോഗിച്ചിരിക്കുന്നു. പശ്ചാത്തലത്തിന്റെ ആഴവും പരപ്പും സൂക്ഷ്മമായും സ്ഥൂലമായും പ്രേക്ഷകനിലേക്കെത്തിക്കുകയെന്നതാണ് അത്തരം ലോങ്ങുകളുടെ ഉദ്ദേശ്യം. അതിനു മികച്ച ഫലമുണ്ട്. ജോണപ്പനും തൊട്ടപ്പനും നടത്തുന്ന ഹ്രസ്വവിനിമയത്തിന്റെ ക്ലോസ്സപ്പിലും പ്രേക്ഷകനില്‍ ഭൂമികയുടെ എക്സ്ട്രീം ലോങ് അടങ്ങിയിരിക്കുന്നത് അതിനാലാണ്. സിനിമയില്‍ അതിസുന്ദരമായി പാകിയിരിക്കുന്നത് കുടിലുകളാണ്. ഇത്താക്കിന്റെ കുടില്‍, സാറയുടെ കുടില്‍, പെട്രീഷ്യയുടേത്. ആംഗ്ലോ ഇന്ത്യന്‍ ദ്വീപ് ജീവിതത്തിന്റെ അരവും കത്തിയും അടയാളപ്പെടുത്താന്‍ കലാസംവിധായകന് നൂറാവര്‍ത്തി സാധിച്ചിട്ടുണ്ട്. കഥയെ അതിതീവ്രമാക്കുന്ന കെട്ടുവരമ്പുകളാണ് തൊട്ടപ്പന്റെ സിരാഞരമ്പുകള്‍.

സുരേഷ് രാജന്‍
സുരേഷ് രാജന്‍

തൊട്ടപ്പന്‍ എന്ന പാലം 
'മനുഷ്യന്മാരുടെ മൊതല് ഇത്താക്ക് കക്കൂല, വല്ല പള്ളീലേം അമ്പലത്തിലേമാണേ പറ' ഈ സംഭാഷണത്തില്‍ ഇത്താക്കിലെ കള്ളനെ പിടികൂടാം. തന്നെ കക്കരുതെന്ന് ഉപദേശിക്കാത്തത് എന്താണെന്ന് അയാള്‍ പീറ്ററച്ചനോട് (മനോജ് കെ. ജയന്‍) അന്വേഷിക്കുന്നുണ്ട്. 'സകല മുതലുകളും കര്‍ത്താവിന്റേതാണ്, ഇവിടെ മനുഷ്യരുടേതായി ഒന്നുമില്ല' എന്നാണ് ലഭിക്കുന്ന മറുപടി. അതാണയാളെ നയിക്കുന്ന വേദവാക്യം. മോഷ്ടിച്ചു ലഭിക്കുന്ന പണം അനാഥക്കുട്ടികളുടെ ആരോഗ്യത്തിനുവേണ്ടി ഇത്താക്ക് ചെലവഴിക്കുന്നു. 
പാതിരിയുടെ തിരുമുറിയിലിരുന്നാണ് മോഷണത്തിന് ഇത്താക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. മോഷണമുതല്‍ ഏതേതു പരുവത്തില്‍ എങ്ങോട്ടൊക്കെയെത്തുമെന്ന് അച്ഛനറിയാം. അതായത്, പീറ്ററച്ഛനറിയാവുന്ന ഒരു ഇത്താക്കുണ്ട്. അന്ത്രപ്പേര്‍ (ലാല്‍) ആഖ്യാനത്തില്‍ വല്ലപ്പോഴും അവതരിക്കുന്ന കഥാപാത്രമാണ്. റാവുത്തര്‍ക്ക് തൊണ്ടിമുതല്‍ കച്ചോടം ചെയ്യല്‍ മുതല്‍ പീഡിപ്പിക്കപ്പെട്ട തമിഴ് പെണ്‍കുട്ടിക്കായി പ്രതികാരം ചെയ്യാന്‍ ആവശ്യപ്പെടുന്നതുള്‍പ്പെടെ കഥാപരിസരത്തിന്റെ നങ്കൂരമായാണ് അയാള്‍ പ്രത്യക്ഷപ്പെടുന്നതത്രയും. അയാളുടെ ആശ്രിതനായാണ് ഇത്താക്കിന്റെ നില്‍പ്പ്. അയാള്‍ക്കായി ഇത്താക്ക് എന്തും ചെയ്യും. അന്ത്രപ്പേറിനറിയാവുന്ന ഒരു ഇത്താക്കുണ്ട്. പൈലിസാര്‍ തുരുത്തിലെ പ്രമുഖനാണ്. അവരുടെ എന്തെന്ത് പ്രതിസന്ധികളിലും അയാളുണ്ട്. പൈലി ന്യായമായ ആവശ്യങ്ങള്‍ക്കു സമീപിക്കുന്നത് ഇത്താക്കിനെയാണ്. അയാളുടെ ചെമ്മീന്‍ കെട്ടില്‍ പണിക്കു വരുന്നവനാണ് ഇസ്മു. തൊട്ടപ്പന്റെ കഥയില്‍ നായകനായും വില്ലനായും നിഴലിക്കുന്ന ഇസ്മു ഇത്താക്കിന് അനഭിമതനാകുമ്പോള്‍ മുന്‍പിന്‍ നോക്കാതെ പൈലി പറഞ്ഞുവിടുന്നതു കാണാം. പൈലിക്ക് ഇത്താക്കിനെ അത്രമേല്‍ ആവശ്യമാണ്. അപ്പോള്‍, പൈലിക്കറിയാവുന്ന ഒരു ഇത്താക്കുണ്ട്. വെള്ളത്തില്‍ മുങ്ങിക്കിടന്ന് തൊണ്ടിമുതലൊളിപ്പിക്കുന്നതിലെ പ്രതിഭ ദര്‍ശിച്ചാണ് ജോണപ്പന്‍ ഇത്താക്കിനെ മകളുടെ തൊട്ടപ്പനാക്കുന്നത്. ഭാര്യയുടെ വിമര്‍ശനമൊന്നും ജോണപ്പനെ ബാധിക്കുന്നേയില്ല. തീര്‍ച്ചയായും ജോണപ്പനറിയാവുന്ന ഒരു ഇത്താക്കുണ്ട്. ഭാര്യയുമായി മറ്റാര്‍ക്കോ ബന്ധമുണ്ടെന്നു തീര്‍ച്ചപ്പെടുത്തിയ അന്ധനായ അദ്രുമാന്‍ ആളെ കിട്ടാനായി ആശ്രയിക്കുന്നത് ഇത്താക്കിനെയാണ്. വേദന മറ്റാരോടും പറയുവാനില്ലെന്ന് അയാള്‍ ഉള്ളുതുറന്ന് പറയുന്നു. അദ്രുമാനറിയാവുന്ന ഒരു ഇത്താക്കുണ്ട്. സൂചിതമായ വികാസങ്ങളില്‍നിന്നു വ്യക്തമാകുന്നതാണ് തുരുത്തില്‍ പലയിടത്ത് പടര്‍ന്നുകിടക്കുന്ന ഇത്താക്ക് എന്ന പാലം. 

ഇത്താക്കാകുന്ന പാലത്തില്‍നിന്നു തുരുത്തിലേക്കു വൈവിധ്യമാര്‍ന്ന പന്ഥാവുകളുണ്ട്. എല്ലാ ഊടുവഴികളും കൂടിച്ചേരുന്ന ഒരു ജംങ്ഷനാണ് അയാള്‍. ചിലര്‍ക്കയാള്‍ ഭാര്യയുടെ സ്വര്‍ണ്ണം മോഷ്ടിച്ചു കടം തീര്‍ക്കാന്‍ സഹായിക്കേണ്ട കള്ളനാണ്. ചിലര്‍ക്കയാള്‍ തന്റെ പൂര്‍വ്വകാമുകനുള്ള സന്ദേശവാഹകനാണ്. മോഷ്ടിക്കാന്‍ പോകുന്ന വഴിയാണ് പ്ലമേന അമ്മായി വേളാങ്കണ്ണിയില്‍നിന്നു വരുത്തിച്ച കൊന്ത ഇത്താക്ക് കാമുകനെത്തിക്കുന്നത്. പ്രണയസമ്മാനം പോലെയൊന്നിനെ മോഷണവുമായി കൂട്ടിക്കെട്ടുമ്പോള്‍ വഴിപിഴപ്പുകള്‍ക്കിടയിലും ഇത്താക്കിലെ നന്മയെ ആഗിരണം ചെയ്യുകയാണ്  'തൊട്ടപ്പന്‍.'

സാറക്കൊച്ചിന് ഇത്താക്ക് തലതൊട്ടപ്പനാണ്. അയാളാണ് അവളുടെ ഉയിര്‍. അയാള്‍ പറഞ്ഞാല്‍ അവളെന്തും പുലമ്പും. അയാള്‍ക്കായി ആരെയും പുലഭ്യം പറയും, ഇടിച്ച് ചപ്ലിങ്ങയാക്കും. ഇസ്മു ചതിയനാണെന്നു തിരിച്ചറിയുന്നതു മുതല്‍ ഇത്താക്കിനൊരു പതര്‍ച്ച കയറുന്നുണ്ട്. തെറ്റുതിരുത്താമെന്ന മോഹനസുന്ദര പശ്ചാത്താപവുമായി കാലുപിടിക്കുന്ന ഇസ്മുവിനോട് 'സാറയ്ക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്, എന്റെ കൊച്ചിനെന്തേലും സംഭവിച്ചാലുണ്ടല്ലോ' എന്ന് ഇത്താക്ക് ക്ഷുഭിതനാകുന്നതു കാണാം. അതന്വര്‍ത്ഥമാണ്. അയാളുടെ ആരംഭവും അന്ത്യവുമെല്ലാം സാറയ്ക്കുവേണ്ടി മാത്രമാണ്. അങ്ങനെയൊക്കെയാണെങ്കിലും സാറയും ഇത്താക്കും തമ്മിലുള്ള അതിഗംഭീര കോമ്പിനേഷന്‍ സീക്വന്‍സുകളുടെ അഭാവം ഈ സിനിമയിലെ പ്രധാന കല്ലുകടിയാണ്. സാറയെക്കുറിച്ച് ഇത്താക്കിന്റെ ഇസ്മുവിനോടുള്ള പ്രസ്താവവും രണ്ടാം പകുതിയിലൊരിടത്ത് രാത്രി തോണി തുഴഞ്ഞ് ഇരുവരും ഇസ്മുവിനെ കാണാന്‍ പോകുന്നതുമൊഴികെ അവരുടെ തുരുത്തുപോലെ കനത്ത ആ സ്നേഹം അവതരിപ്പിക്കാന്‍ സിനിമയ്ക്ക് കഴിയുന്നില്ലെന്നത് പ്രധാന വിമര്‍ശനമാണ്. 

പെണ്ണ് പൂക്കുന്ന കെട്ടുകള്‍  
തൊട്ടപ്പന്റെ കഥ പറഞ്ഞു പറഞ്ഞ് സാറയുടെ കഥയാക്കുന്ന ആഖ്യാന തന്ത്രമാണ് 'തൊട്ടപ്പന്‍' എന്ന സിനിമയുടെ അഴക്. സാറാ ജോസഫിന്റെ പാപത്തറ എന്ന കഥയില്‍ 'പെണ്ണുപെറണ കൊടിച്ചി' ഒടുവില്‍ പെണ്ണ് പൂക്കണ നാട്ടിലേക്കു തന്നെ കൊണ്ടുപോകാന്‍ ആവശ്യപ്പെടുന്നുണ്ട്. ആ നാടാണിത്, കെട്ടുകള്‍ വലതുന്നിയ ഈ തുരുത്ത്. അവിടുത്തെ പെണ്ണുങ്ങളെ പരിചയപ്പെടാം.

സിനിമയില്‍ ഏറ്റവും മിഴിവുള്ള സ്ത്രീ സാറക്കൊച്ചാണ്. കൊച്ചിലേ പിതാവ് നഷ്ടപ്പെടുകയും മാതാവ് മരം കണക്ക് വെറുങ്ങലിക്കുകയും ചെയ്ത അവള്‍ ജീവിതത്തോട് ഏറ്റുമുട്ടിയാണ് നിലനില്‍ക്കുന്നത്. ഹോട്ടലുടമയും ബൈക്കുകാരനും ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ ചെപ്പക്കുറ്റി കലക്കുന്ന ചെറുത്തുനില്‍പ്പാണത്. സ്‌കൂളിലും ടീച്ചര്‍മാരുടെ വീട്ടിലും അവള്‍ അടുക്കളപ്പണിക്കാരിയാണ്. പണം സമ്പാദിക്കുന്നുണ്ട്. അദ്രുമാന്റെ പീടികയില്‍നിന്നും വെടിപ്പായി മോഷ്ടിക്കുന്നുണ്ട്. എന്തുചെയ്തും നിലനില്‍ക്കാനുള്ള ശേഷി സാറ ആ പ്രായത്തിലേ ആര്‍ജ്ജിച്ചതാണ്. സൈക്കിളിലിടിക്കുന്ന ഇസ്മുവിനോട് തട്ടിക്കയറാനും അങ്ങോട്ട് കയറി നെഞ്ചില്‍ തള്ളാനും ചങ്കൂറ്റമുള്ള പെണ്ണാണവള്‍. അമ്മ മൗനിയായതൊന്നും അവളെ ബാധിക്കുന്നതല്ല. ഇങ്ങോട്ട് ഏക്കാന്‍ വരുന്ന പെട്രീഷ്യയെ ഉരുളയ്ക്കുപ്പേരി നല്‍കി സ്തബ്ധയാക്കുന്ന നാക്കാണ് സാറ. ഇത്താക്ക് നിനക്കിനി ഇസ്മു വേണ്ടെന്ന് ഒറ്റവാക്കില്‍ കടുപ്പിച്ചപ്പോള്‍ മറ്റൊന്നും നോക്കാതെ അവളതനുസരിക്കുന്നു. 'നാലുകെട്ടിലെ' സുമിത്രയെപ്പോലെ അവള്‍ അവളെ സ്നേഹിച്ച സ്ത്രീയാണ്. അച്ഛനെ കാണാന്‍ തോന്നുമ്പോള്‍ കായലില്‍ മുങ്ങി അതിന്റെ അധോതലത്തിലേക്കിറങ്ങിപ്പോകുന്നവള്‍. ഒന്നിനും പരസഹായം ആവശ്യമില്ലാത്തവള്‍. ഇങ്ങനെയുള്ള സാറയാണ് ഇസ്മുവിനോട് പ്രതികാരം ചെയ്യുന്നത്. തനിക്കുവേണ്ടിയാണ് തൊട്ടപ്പനെ ഇല്ലാതാക്കിയതെന്ന വാസ്തവം ഹൃദയം പിടഞ്ഞ് കേള്‍ക്കേണ്ടി വരുന്ന സാറ അനുനിമിഷത്തിലെടുക്കുന്ന ദുരൂഹമായൊരു വൈകാരികതയുണ്ട് സിനിമയിലൊടുക്കം. അത്രമേല്‍ ലക്ഷ്യബോധമുള്ളവര്‍ക്ക് മാത്രം എടുക്കാവുന്ന ഭാവമാറ്റമാണത്. സാറയാണ് തുരുത്തിന്റെ/തൊട്ടപ്പന്റെ ജീവനാഡി. 

പ്ലമേന അമ്മായിയിലേക്ക് വരാം. ഭര്‍ത്താവിന്റെ അവലംബിത പരികല്പനയില്‍ കാലം കഴിക്കേണ്ടിവന്നവളെങ്കിലും ബാല്യകാല സഖാവിന്റെ മാന്ത്രികയോര്‍മ്മകളില്‍ ജീവിക്കുന്ന വൃദ്ധയാണവര്‍. ആരൊക്കെ ഇഴയടര്‍ത്താന്‍ ശ്രമിച്ചാലും പിരിയാത്ത കണ്ടല്‍വേരാണ് തങ്ങളെന്ന് ബോധ്യമുള്ള സ്ത്രീ. പ്രണയമെല്ലാം പമ്പകടക്കുമെന്നു പൊതുധാരണയുള്ള വാര്‍ദ്ധക്യത്തില്‍ കാമുകനുവേണ്ടിയുള്ള അവരുടെ സ്‌നേഹവും കരുതലും 'തൊട്ടപ്പനെ' ആനന്ദത്തിന്റെ അഗാധതലത്തിലെത്തിക്കുന്നു. സാറയുടെ അമ്മയെ ശ്രദ്ധിച്ചാലറിയാം, ഭര്‍ത്താവുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇരട്ടജീവിതമാണവര്‍ക്ക്. ജോണപ്പന്റെ ദാര്‍ഷ്ട്യത്തില്‍ ഇല്ലാതാകുമായിരുന്നുവെങ്കിലും സ്വന്തമായി അഭിപ്രായങ്ങളുണ്ടായിരുന്ന സ്ത്രീയാണവര്‍. ഭര്‍ത്താവിന്റെ മരണശേഷം ആരോടും മിണ്ടില്ലെന്നവര്‍ തീരുമാനിക്കുകയാണ്. എന്നാല്‍ തന്റെ മകള്‍ക്ക് ഏറ്റവും ആവശ്യമുണ്ടെന്ന് തിരിച്ചറിയുന്ന സന്ദര്‍ഭത്തില്‍ അവര്‍ സംസാരിക്കുക തന്നെ ചെയ്യുന്നു. ഭര്‍ത്തൃ സംരക്ഷണ മേധാവിത്വ ബോധത്തില്‍ അഭിരമിക്കുന്ന സ്ത്രീയെങ്കിലും എപ്പോഴത് ലംഘിക്കണമെന്ന ബോധ്യം അവരെ നയിക്കുന്നുണ്ട്. 

കക്കവാരുന്ന പെണ്ണുങ്ങളെ കുഞ്ഞുസീനിലായാണെങ്കിലും സിനിമയില്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ ആര്‍ത്തിടപഴകലുകളും പൊടിപ്പും തൊങ്ങലും തേച്ചുള്ള മൂര്‍ച്ചയേറിയ സംസാരവും മാറ്റേറെയുള്ളതാണ്. പാട്രീഷ്യയും വൃദ്ധനായ അദ്രുമാന്റെ യുവതിയായ ഭാര്യ നൂര്‍ജയും മലയാള സിനിമയില്‍ രൂപപ്പെടുത്തി ദൃഢമാക്കിയ വാര്‍പ്പുമാതൃകയില്‍ തീര്‍ത്തവരാണ്. ലൈംഗീക ദാരിദ്ര്യമാണ് ഇരുവരേയും താരതമ്യപ്പെടുത്താവുന്ന മുഖ്യ കണ്ണി. പ്രായമേറിയ മുസ്ലിം പുരുഷനു യുവതിയും സുന്ദരിയുമായ ഭാര്യയെന്നതും നൈറ്റ് ഡ്യൂട്ടിയുള്ള ഭര്‍ത്താവിനു ജാരനുള്ള കെട്ടിയോളെന്നതും ഇവിടെ കാച്ചിപ്പഴകിയ മോരാണ്, മനംപിരട്ടുന്നതുമാണ്.

ഫ്രാന്‍സിസ് നൊറോണയുടെ 'തൊട്ടപ്പന്‍' എന്ന ചെറുകഥയെ ഉപജീവിച്ചാണ് പി.എസ്. റഫീഖ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. തൊട്ടപ്പന്‍-സാറ എലമെന്റ് ഒഴിച്ചുനിര്‍ത്തിയാല്‍ മൂലകഥയുമായി തിരക്കഥയ്ക്ക് ബന്ധമൊന്നുമില്ല. കഥയിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍നിന്നു സംവിധായകന്‍ സിനിമ ഇളക്കിയെടുത്തിരിക്കുകയാണ്. എന്നാല്‍, കഥയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആംഗ്ലോ ഇന്ത്യന്‍ സംസ്‌കാരവും തുരുത്തിലെ അധോതല ഭാഷയും കൃത്യതയോടെ നിലനിര്‍ത്താന്‍ പടത്തിനു സാധിച്ചു. പശ്ചിമ കൊച്ചിയുടെ ഹൃദയത്തെ തൊടുന്ന ഭാഷ ചെറുകഥയിലെന്നപോലെ ഇവിടെയും മനോഹരമാണ്. തൂറല്‍, അപ്പി പോലുള്ള വാക്കുകള്‍ പരിഷ്‌കൃത പ്രേക്ഷകന് അരോചകമാകാമെങ്കിലും അധോതല ഭാഷയുടെ ആവിഷ്‌കാരത്തിലെ തനിമയെ അതു സത്യസന്ധതയോടെ നിലനിര്‍ത്തുന്നു. 

കാസ്റ്റിങ്ങിലാണ് സിനിമയുടെ ഊര്‍ജ്ജം മുഴുവന്‍ ഉള്‍ക്കൊള്ളുന്നത്. വിനായകന്‍ മുഖ്യ കഥാപാത്രമായി/ടൈറ്റില്‍റോളില്‍ മലയാളത്തില്‍ സംഭവിക്കുന്ന പ്രഥമ സിനിമയാണിത്. അയാളിലെ 'അണ്‍പോപ്പുലര്‍ ആറ്റിറ്റിയൂഡിനെ' മറ്റൊരു തലത്തില്‍ ഈ സിനിമ അവതരിപ്പിക്കുന്നുണ്ട്. വിനായകനെപ്പോലെ ഏത് ശ്വാനമുഖവും ശരതാപത്താല്‍ റദ്ദ് ചെയ്യുന്ന, ഏതു പെരുവിരലുകളും ആര്‍ക്കും അറുത്തുനല്‍കാന്‍ മാത്രം പ്രഹരശേഷിയുള്ള പോരാളിയാണ് ഇത്താക്കെന്നതിനാല്‍ ഈ കാസ്റ്റിങ്ങിനു മുഴുവന്‍ മാര്‍ക്കും നല്‍കാം. പ്രിയംവദ കൃഷ്ണനും റോഷന്‍ മാത്യുവും പാകതയേടെ കഥാപാത്രങ്ങള്‍ ഭദ്രമാക്കി. അദ്രുമാനായി തിരക്കഥാകൃത്ത് രഘുനാഥ് പലേരി മികച്ചുനിന്നു.

ലോങ് ഷോട്ടുകളുടെ നിമ്നോന്നതികളിലായി അതിതീവ്രമായാണ് സുരേഷ് രാജന്‍ ക്യാമറയൊഴുക്കിയിരിക്കുന്നത്. ദേശം കൂടി ക്യാരക്റ്ററാകുന്നതോടെ, വിഷയനിഷ്ഠമാണ് ഫ്രെയിമുകള്‍, അതിനാല്‍ ക്ലോസ്സുകള്‍ സിനിമയില്‍ കുറവാണ്. മിഡുകളുടേയും വൈഡുകളുടേയും തുരുത്തുവിഹായസ്സാണ് ഇവിടെ മേക്കിങിന്റെ സുപ്രധാന തുറസ്സ്. ലീല ഗിരീഷ് കുട്ടന്റെ പശ്ചാത്തല സംഗീതം കായലോളങ്ങള്‍ പോല്‍ അനുഭൂതി പകരുന്നതാണ്. അങ്ങനെ വരുമ്പോള്‍, ഇതൊരു മേക്കറുടെ ക്രാന്തദര്‍ശിത്വമാണ്. തനിക്കു തീര്‍ത്തും അപരിചിതമായ ഒരു ലോകവും പശ്ചാത്തലവും തീര്‍ത്തും മൗലികമായി നവഭാവനയോടെ ആലേഖനം ചെയ്യാന്‍ ഷാനവാസ് കെ. ബാവക്കുട്ടിക്കായിട്ടുണ്ട്. അതിലയാള്‍ പരിപൂര്‍ണ്ണമായി വിജയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com