നാടിന്നകം കണ്ട നാടകക്കാരന്‍: ഗിരീഷ് കര്‍ണാടിനെക്കുറിച്ച്

ജീവിതത്തിന്റെ സുഖശീതള മേഖലയില്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ചയാളായിരുന്നില്ല ബഹുമുഖ പ്രതിഭയായ ഗിരീഷ് കര്‍ണാട് എന്ന കലാകാരന്‍
നാടിന്നകം കണ്ട നാടകക്കാരന്‍: ഗിരീഷ് കര്‍ണാടിനെക്കുറിച്ച്

ഗിരീഷ് കര്‍ണാടിന്റെ 13 സീനുകളിലുള്ള 'തുഗ്ലക്ക്' എന്ന നാടകം ഒരു അന്യാപദേശമാണ്. പതിന്നാലാം നൂറ്റാണ്ടിലെ ആദര്‍ശവാദിയായ ദില്ലി ഭരണാധികാരിയെത്തന്നെ നെഹ്രുവിയന്‍ യുഗത്തിന്റെ ആദര്‍ശപരതയെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുത്തത് നാടകകൃത്തിന്റെ രാഷ്ട്രീയമായ സൂക്ഷ്മതകളെ സൂചിപ്പിക്കുന്നു. രാഷ്ട്രീയത്തില്‍ നെഹ്രുവിനെ വിമര്‍ശിച്ചിരുന്നയാളും സോഷ്യലിസ്റ്റുമായ രാം മനോഹര്‍ ലോഹ്യയാല്‍ സ്വാധീനിക്കപ്പെട്ടതായിരുന്നു കര്‍ണാടിന്റെ ചിന്ത. എന്നാല്‍, സോഷ്യലിസത്തിന്റെ നെഹ്രുവിയന്‍ പാതയില്‍നിന്നു മാറിസഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ട സോഷ്യലിസ്റ്റുകളില്‍ പലരും പില്‍ക്കാലത്ത് വലതുഹിന്ദുത്വത്തിന്റെ സഹചാരികളായി മാറിയതുപോലെ ഗിരീഷ് കര്‍ണാടിന് ഹിന്ദുത്വം എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തെ പൊറുത്തുകൊടുക്കാന്‍ കഴിയുമായിരുന്നില്ല. നെഹ്രു വിരുദ്ധനുമായില്ല. ഫലമോ, ഗൗരി ലങ്കേഷിന്റേയും എം.എം. കല്‍ബുര്‍ഗിയുടേയും വധം അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ വിശദീകരണ പ്രകാരം ഹിന്ദുത്വഭീകരര്‍ തയ്യാറാക്കിയ ഉന്മൂലനം ചെയ്യപ്പെടേണ്ടവരുടെ പട്ടികയില്‍ ഒന്നാമത്തെ പേരുകാരന്‍ കര്‍ണാട് എന്നുവന്നു. പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം കുറച്ചു കാലങ്ങളായി അദ്ദേഹത്തിന് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. 

ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നം മുറുകിയ കാലത്താണ് ആക്ടിവിസം ആരംഭിക്കുന്നതെങ്കിലും സര്‍ഗ്ഗാത്മകതയുടെ ലോകത്ത് തന്റെ രാഷ്ട്രീയബോധ്യങ്ങള്‍ വെളിപ്പെടുത്താന്‍ കര്‍ണാടിന് ഒട്ടും മടിയുണ്ടായിരുന്നില്ല. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ യു.ആര്‍. അനന്തമൂര്‍ത്തിയേയും പി. ലങ്കേഷിനേയും പോലെ സര്‍ഗ്ഗാത്മക ഇടങ്ങള്‍ തന്റെ രാഷ്ട്രീയത്തിന്റെ പ്രകാശനത്തിനുള്ള വേദികളാക്കി മാറ്റാന്‍ അദ്ദേഹം തയ്യാറായിരുന്നു. 

പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്താധാരകളുടെ സ്വാധീനം അദ്ദേഹം രചനകളുടെ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍വരെ പ്രകടമായിരുന്നു. സി. രാജഗോപാലാചാരിയുടെ മഹാഭാരത സംഗ്രഹം വായിച്ചതില്‍നിന്നുള്ള പ്രചോദനമായിരുന്നത്രെ 'യയാതി' എന്ന ആദ്യ നാടകത്തിനു പിറകില്‍. മരണം എന്ന ദാര്‍ശനിക സമസ്യയാലും അസ്തിത്വവാദത്താലും ആദ്യകാലത്ത് സ്വാധീനിക്കപ്പെട്ടയാളായിരുന്നു ഗിരീഷ് കര്‍ണാട്. തുഗ്ലക്കിനുശേഷം അദ്ദേഹമെഴുതിയ ഹയവദനയില്‍ സ്വത്വപ്രതിസന്ധി എന്ന ആശയത്തിന്റെ പ്രകാശനങ്ങള്‍ കാണാം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബസവണ്ണ എന്ന കലാപകാരിയായ നവോത്ഥാന നായകന്റെ ജീവിതം ആവിഷ്‌കരിക്കുന്ന 'തലേദണ്ഡ', 'അഗ്‌നിമട്ടുമളൈ' എന്നീ നാടകങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കി. പ്രതിഭാശാലികളായ സംവിധായകരുടെ പരിചരണം കൂടിയായപ്പോള്‍ ആ നാടകങ്ങള്‍ ഉജ്ജ്വലങ്ങളായ നാടകാനുഭവങ്ങളായിത്തീര്‍ന്നു. നാടോടി വിശ്വാസങ്ങളുടേയും ഫാന്റസിയുടേയും ഒളിയിളക്കങ്ങള്‍ ശക്തമായി പ്രകടമാകുന്ന രചനയാണ് കര്‍ണാടിന്റെ നാഗമണ്ഡല. 

അഭിനേതാവ്, സിനിമാ സംവിധായകന്‍, നാടകകൃത്ത്, ആക്ടിവിസ്റ്റ് എന്നിങ്ങനെ വിവിധ മുഖങ്ങളുള്ള പ്രതിഭാശാലിയായിരുന്നു കര്‍ണാട്. ശൂദ്രകന്‍ എഴുതിയ സംസ്‌കൃതനാടകമായ 'മൃച്ഛഘടികത്തിന്റെ അഭ്രപാളികളിലെ ആവിഷ്‌കാരമായ ഉത്സവ്' എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തത് കര്‍ണാട് ആയിരുന്നു. പൗരാണിക പ്രമേയങ്ങളില്‍പ്പോലും ആധുനികമായ ജീവിത മുഹൂര്‍ത്തങ്ങളുടേയും ആശയങ്ങളുടേയും തിരനോട്ടങ്ങള്‍ ദര്‍ശിക്കാനുള്ള ശ്രമങ്ങളായിരുന്നു കലാലോകത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളേറെയും. യു.ആര്‍. അനന്തമൂര്‍ത്തിയുടെ സംസ്‌കാര എന്ന കൃതിയെ ആസ്പദമാക്കിയെടുത്ത സിനിമയുടെ തിരക്കഥ പട്ടാഭിരാമ റെഡ്ഡിയുമായി ചേര്‍ന്നു തയ്യാറാക്കിയത് കര്‍ണാട് ആയിരുന്നു. ജാതിവ്യവസ്ഥയുടെ നിശിതമായ വിമര്‍ശനമായിരുന്നു ആ സിനിമ. ബി.വി. കാരന്തിന്റെ സഹസംവിധായകനായിട്ട് വംശവൃക്ഷയിലൂടെയാണ് സംവിധാനരംഗത്തേയ്ക്കുള്ള കര്‍ണാടിന്റെ പ്രവേശനം. ഗോധൂളി എന്ന ഹിന്ദിപ്പതിപ്പു കൂടിയുള്ള കന്നഡയിലെ മറ്റൊരു കാരന്ത് ചിത്രത്തിലും (തബ്ബലിയു നീനഡെ മഗനെ-1977) അദ്ദേഹം സഹസംവിധായകനായി. 
സമാന്തര ഹിന്ദി സിനിമയില്‍ ശ്യാം ബെനഗലിന്റെ നിശാന്ത്, മന്ഥന്‍ തുടങ്ങിയ സിനിമകളിലൂടെയായിരുന്നു കര്‍ണാട് സ്ഥാനമുറപ്പിച്ചത്. സാമൂഹ്യപ്രസക്തിയുള്ള പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കഥാപാത്രങ്ങളായിട്ടാണ് ഇരുസിനിമകളിലും കര്‍ണാട് വേഷമിട്ടത്. 2017 വരെ മുഖ്യധാരാ സിനിമയിലും അദ്ദേഹമുണ്ടായിരുന്നു. 
 

മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത 

മനുഷ്യ സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ഛ, ഉന്നതമായ ജനാധിപത്യബോധം, സമത്വമെന്ന ആശയത്തിലുള്ള വിശ്വാസം എന്നിവയില്‍ അടിയുറച്ചതായിരുന്നു കര്‍ണാടിന്റെ ജീവിതവീക്ഷണം. അക്കാരണം ഒന്നുകൊണ്ടുമാത്രം തന്നെ അദ്ദേഹം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിമര്‍ശകനായിരിക്കുകയും ചെയ്തു. ബാബറിപ്പള്ളി തകര്‍ക്കപ്പെട്ട കാലത്ത് ആ നടപടിക്കെതിരേയും ഇരകളാക്കപ്പെടുന്ന മുസ്ലിം ജനവിഭാഗത്തിനുവേണ്ടിയും ശക്തമായി ഉയര്‍ന്ന ശബ്ദങ്ങളിലൊന്നാണ് കര്‍ണാടിന്റേത്. ഹസ്രത് ദാദാ ഹയാത്ത് ഖലാന്തര്‍ എന്ന സൂഫിവര്യന്റെ ഹിന്ദുക്കളും മുസ്ലിങ്ങളുമടങ്ങുന്ന ഭക്തരുടെ തീര്‍ത്ഥാടന കേന്ദ്രമായ ബാബാ ബുധന്‍ ഗിരി ഹിന്ദുക്കളുടേതു മാത്രമാണെന്ന വാദം ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ ഉയര്‍ത്തിയ സന്ദര്‍ഭത്തില്‍ നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണ സമിതിയില്‍ ലങ്കേഷിനുമൊപ്പം കര്‍ണാടും അംഗമായിരുന്നു. 2003-ല്‍ ബുധന്‍ ഗിരിയിലേക്ക് ഒരു മതസൗഹാര്‍ദ്ദ റാലി നയിക്കാനെത്തിയ കര്‍ണാടിനേയും ലങ്കേഷിനേയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. 

തുടര്‍ന്നു മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നിരവധി സമരങ്ങളില്‍ അദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചു. ഹിന്ദുത്വ രാഷ്ട്രീയം ക്രമേണ ഉച്ചസ്ഥായിയെ പ്രാപിക്കുകയായിരുന്ന ഒരുകാലത്ത് ദളിതരും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു നിരന്തരം വിധേയമായിക്കൊണ്ടിരുന്നപ്പോള്‍ രാജ്യത്തെ കലാകാരന്മാരില്‍നിന്നും ബുദ്ധിജീവികളില്‍നിന്നും ഉയര്‍ന്ന പ്രതിഷേധശബ്ദങ്ങളില്‍ കര്‍ണാടിന്റെ ശബ്ദം വ്യതിരിക്തതയോടെ മുഴങ്ങിക്കേട്ടു. ആശയപരമായ തെളിമയായിരുന്നു ആ വ്യതിരിക്തതയ്ക്കു നിദാനം. 2012-ല്‍ കര്‍ണാടകത്തിലെ ബി.ജെ.പി ഗവണ്‍മെന്റ് ഗോവധനിരോധനം സംബന്ധിച്ച നിയമം കൊണ്ടുവന്നപ്പോള്‍ അതിനെതിരെ പ്രതിഷേധിച്ചവരില്‍ മുന്‍നിരയിലുണ്ടായിരുന്നു കര്‍ണാട്. മാട്ടിറച്ചി ഭക്ഷിക്കുന്നയാളായിരുന്നില്ല കര്‍ണാട്. എന്നാല്‍, ഗോവധനിരോധനത്തിന്റെ രാഷ്ട്രീയത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. 


മഹാരാഷ്ട്രയിലെ മാട്ടിറച്ചി നിരോധനത്തെ എതിര്‍ത്ത് മുന്നോട്ടുവന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിനെ ആദ്യമായി ഹിന്ദുത്വശക്തികള്‍ ലക്ഷ്യമിടാന്‍ തുടങ്ങിയത്. അദ്ദേഹം ഉദ്ഘാടനം ചെയ്യാനെത്തിയ, ബാംഗ്ലൂരില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവല്‍ ഹിന്ദുത്വവാദികള്‍ അലങ്കോലപ്പെടുത്തിയെങ്കിലും അദ്ദേഹം സംസാരിക്കുക തന്നെ ചെയ്തു. കെംപഗൗഡയ്ക്ക് പകരം ടിപ്പുവിന്റെ പേരാണ് ബാംഗ്ലൂര്‍ വിമാനത്താവളത്തിനു നല്‍കേണ്ടതെന്ന അദ്ദേഹത്തിന്റെ അഭിപ്രായവും ഹിന്ദുത്വ രാഷ്ട്രീയക്കാരെ പ്രകോപിപ്പിച്ചു. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനം ശക്തമായ എതിര്‍പ്പ് ഏറ്റുവാങ്ങിയ സന്ദര്‍ഭത്തിലായിരുന്നു കര്‍ണാടിന്റെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. തുടര്‍ന്നു സംസ്ഥാനമൊട്ടാകെ അദ്ദേഹത്തിനെതിരെ സംഘ്പരിവാര്‍ ശക്തികള്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. കല്‍ബുര്‍ഗിയുടെ അതേ ഗതി നേരിടേണ്ടിവരുമെന്ന ഭീഷണിയുമുണ്ടായി. 

ഭീഷണികള്‍ വകവയ്ക്കാതെ
എന്നാല്‍, ഇത്തരം ഭീഷണികള്‍ക്കു മുന്‍പില്‍ മുട്ടുമടക്കാന്‍ തയ്യാറുള്ള ആളായിരുന്നില്ല ഗിരീഷ് കര്‍ണാട്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇരകള്‍ക്കൊപ്പം തുടര്‍ന്നും നിലകൊള്ളാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. മഹാരാഷ്ട്രയിലെ ഏഴു സാമൂഹ്യപ്രവര്‍ത്തകരെ അര്‍ബന്‍ നക്‌സലുകളെന്നാരോപിച്ചു തടവിലാക്കിയപ്പോള്‍ ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വ വാര്‍ഷിക ചടങ്ങില്‍ 'ഞാനും ഒരു അര്‍ബന്‍ നക്‌സലൈറ്റാണ' എന്ന പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കിയാണ് അദ്ദേഹമെത്തിയത്. 

ജീവിതത്തിന്റെ സുഖകരമായ ഒരു മേഖലയില്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി കഴിയാന്‍ തീരുമാനിച്ചയാളായിരുന്നില്ല സര്‍ഗ്ഗധനനായ ഈ കലാകാരന്‍. സാമൂഹ്യമായ ജീര്‍ണ്ണതകളില്‍നിന്നും അനീതികളിലും നിന്നു സമൂഹത്തെ രക്ഷിക്കാന്‍ കൂട്ടായി ശ്രമിക്കണമെന്ന കാഴ്ചപ്പാടു വെച്ചുപുലര്‍ത്തിയിരുന്ന ആളായിരുന്നു കര്‍ണാട്. കവിയായിത്തീരുക എന്നതായിരുന്നു ചെറുപ്പത്തില്‍ തന്റെ ആഗ്രഹമെന്ന് കര്‍ണാട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, എത്തിച്ചേര്‍ന്നതാകട്ടെ, നാടകത്തിലും. നാടകത്തില്‍ അദ്ദേഹം നാടിന്നകം കണ്ടു. നാടിന്റെ പൗരാണികതയേയും ആധുനികമായ സമസ്യകളേയും ദര്‍ശിച്ചു. നാടോടി വിജ്ഞാനീയത്തേയും ക്ലാസ്സിക്കല്‍ അറിവുകളേയും മിത്തുകളേയും ചരിത്രത്തേയും മനുഷ്യജീവിതത്തെ തന്നെയും അദ്ദേഹം പുതിയ വെളിച്ചത്തില്‍ കണ്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com