ബിജെപിയുടെ ശത്രു ഗാന്ധിയോ നെഹ്‌റുവോ?: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ അവിടെ ഗാന്ധിവധം പുനരാവിഷ്‌കരിക്കപ്പെട്ടു. ഹിന്ദുമഹാസഭയാണ് ആ കുടിലകൃത്യം ചെയ്തത്.
ബിജെപിയുടെ ശത്രു ഗാന്ധിയോ നെഹ്‌റുവോ?: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

രാജ്യത്തിനു നാണക്കേടുണ്ടാക്കിയ സംഭവം ഇക്കഴിഞ്ഞ ജനുവരി 30-ന് അലിഗഢില്‍ അരങ്ങേറി. മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ അവിടെ ഗാന്ധിവധം പുനരാവിഷ്‌കരിക്കപ്പെട്ടു. ഹിന്ദുമഹാസഭയാണ് ആ കുടിലകൃത്യം ചെയ്തത്. സഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിയുടെ രൂപത്തിനു നേരെ കൃത്രിമ തോക്കുപയോഗിച്ചു വെടിവെക്കുകയായിരുന്നു. തുടര്‍ന്നു രൂപം കത്തിക്കുകയും ചെയ്തു. ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ മാലചാര്‍ത്താനും കൂടിനിന്നവര്‍ക്കു മധുരപലഹാരം നല്‍കാനും മഹാസഭക്കാര്‍ മറന്നില്ല.

ശ്രീമതി പാണ്ഡെയുടെ അതേ വിചാരരീതി പിന്തുടരുന്ന മറ്റൊരു കക്ഷിയാണ് പ്രജ്ഞാസിംഗ് ഠാക്കൂര്‍. അവര്‍ ഗോഡ്‌സെയെ ദേശഭക്തനായി ചിത്രീകരിച്ചു രംഗത്തു വന്നത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ക്കിടയിലാണ്. ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയായിരിക്കെയാണ്  ഗാന്ധി ഘാതകനെ പ്രജ്ഞാസിംഗ് വാനോളം വാഴ്ത്തുകയും കറപുരളാത്ത രാജ്യസ്‌നേഹിയെന്നു വിശേഷിപ്പിക്കുകയും ചെയ്തത്.

ഹിന്ദുമഹാസഭക്കാരിയായ ശകുന്‍ പാണ്ഡെയുടേയും ആര്‍.എസ്.എസ് പൈതൃകമുള്ള പ്രജ്ഞാസിംഗിന്റേയും തിളച്ചുമറിയുന്ന ഗാന്ധിദ്വേഷം കാണുമ്പോള്‍ ഹൈന്ദവ വലതുപക്ഷത്തിന്റെ കൊടുംവൈരി മഹാത്മാഗാന്ധിയാണെന്ന തോന്നല്‍ നിശ്ചയമായുമുണ്ടാവും. 'വിഭജനാനന്തരം പാകിസ്താന്‍ അനുകൂല നിലപാട് സ്വീകരിച്ച' ഗാന്ധി മഹാത്മാവല്ല എന്നു ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചുപോന്ന ചിലര്‍ ഹിന്ദുത്വാ കൂടാരത്തില്‍ നെടുനാളായി നിലനില്‍ക്കെ അതു സ്വാഭാവികവുമാണ്.
എന്നാല്‍, പൂജ ശകുനേയും പ്രജ്ഞാസിംഗിനേയും വിട്ട് മറ്റൊരു സിനാറിയോയിലേക്ക് കണ്ണയച്ചു നോക്കൂ. അവിടെ നാം കാണുന്നത് രണ്ടാംവട്ടം പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര ദാമോദര്‍ദാസ് മോദി തന്റെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷം, ഓഫീസിലെ മഹാത്മാ ഗാന്ധിയുടേയും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റേയും പ്രതിമകള്‍ക്കു മുന്നില്‍ കൂപ്പുകൈകളോടെ നില്‍ക്കുന്നതാണ്. ആ ചിത്രം മേയ് 31-നു പ്രമുഖ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത ഫോട്ടോയില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ ഒരു വ്യക്തിയുണ്ട്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്പികളില്‍ പ്രമുഖനുമായ ജവഹര്‍ലാല്‍ നെഹ്‌റുവാണത്.

ഹിന്ദുമഹാസഭയുടെ ദേശീയ കാര്യദര്‍ശി ഗാന്ധിയെ 'വീണ്ടും കൊന്നു കത്തിച്ച്' ആഹ്ലാദിക്കുകയും മാലെഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതയായ പ്രജ്ഞാസിംഗ് ഠാക്കൂര്‍ ഗാന്ധിയുടെ കൊലയാളിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ പ്രധാനമന്ത്രി മോദിയുടെ ഓഫീസില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കു മാത്രമല്ല, ഗാന്ധിയുടെ പ്രതിമയ്ക്കും ഇടം ലഭിച്ചിട്ടുണ്ട്. അതേസമയം, ആ രണ്ട് ദേശീയ നേതാക്കളെപ്പോലെത്തന്നെ ആധുനിക ഭാരതം ആദരിക്കുന്ന നെഹ്‌റുവിന്റെ പ്രതിമ അവിടെയില്ല. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സമൂഹസ്മൃതിയില്‍നിന്നു തുടച്ചുമാറ്റപ്പെടേണ്ടത് ഗാന്ധിയല്ല, നെഹ്‌റുവാണ് എന്നത്രേ അതു നല്‍കുന്ന സൂചന. വേറൊരു മട്ടില്‍ പറഞ്ഞാല്‍, ഹൈന്ദവ വലതുപക്ഷം ഏറ്റവും കൂടുതല്‍ വെറുക്കുന്നതും ഭയക്കുന്നതും നെഹ്‌റുവിനെയാണ്.
എന്തുകൊണ്ട്? ഇന്ത്യയുടെ ഭൂതകാലചരിത്രത്തേയും സംസ്‌കാരത്തേയും വൈകാരികമായി വിലയിരുത്തുന്നതിനു പകരം വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്നതില്‍  നിഷ്ഠ പുലര്‍ത്തിയ രാഷ്ട്രനായകനും പണ്ഡിതനുമായിരുന്നു നെഹ്‌റു. ആധുനിക കാലഘട്ടത്തോടും സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങളോടും പൊരുത്തപ്പെടാത്ത വല്ലതും പ്രാചീന-മധ്യകാല ഭാരതത്തിന്റെ പാരമ്പര്യങ്ങളിലുണ്ടെങ്കില്‍  അവ തിരസ്‌കരിക്കപ്പെടണമെന്ന ഉറച്ച മനഃസ്ഥിതിക്കാരനായിരുന്നു അദ്ദേഹം. എല്ലാറ്റിനുമുപരി ശാസ്ത്രീയ വീക്ഷണത്തിന്റേയും മനോഭാവത്തിന്റേയും നീക്കുപോക്കില്ലാത്ത വക്താവ് കൂടിയായിരുന്നു രാജ്യത്തിന്റെ ഒന്നാമത്തെ പ്രധാനമന്ത്രി.

നെഹ്‌റുവിന്റെ  മേല്‍ച്ചൊന്ന സ്വഭാവ വിശേഷങ്ങളൊന്നും ഹൈന്ദവ വലതുപക്ഷത്തിനോ അതിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ട്ടിക്കോ രുചിക്കുന്നതല്ല. ആ പാര്‍ട്ടിയും അതിന്റെ പ്രത്യയശാസ്ത്ര ദാതാവായ ആര്‍.എസ്.എസ്സും ഭാരതീയ പാരമ്പര്യ-സംസ്‌കാരാദികളെക്കുറിച്ചു വെച്ചുപുലര്‍ത്തുന്ന ആശയങ്ങളും സങ്കല്പങ്ങളും നെഹ്‌റുവിയന്‍ ചിന്തകളോട് അനുരഞ്ജനമൊട്ടുമില്ലാത്തവിധം ഏറ്റുമുട്ടുന്നവയാണ്. സോഷ്യലിസ്റ്റാശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയ ജവഹര്‍ലാല്‍ നവഭാരതത്തിന്റെ രാഷ്ട്രീയഹൃദയത്തെ ത്രസിപ്പിക്കേണ്ടത് മതനിരപേക്ഷ, ബഹുസ്വര, ജനാധിപത്യ മൂല്യങ്ങള്‍ എന്ന ഓക്‌സിജനായിരിക്കണം എന്നു നിഷ്‌കര്‍ഷിച്ചത് തീവ്ര വലതുപക്ഷ ചിന്താഗതിക്കാര്‍ക്ക് ഒരളവിലും ദഹിക്കുന്നതായിരുന്നില്ല.

അതിനാല്‍ത്തന്നെ നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടേയും ദൃഷ്ടിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നികൃഷ്ട വൈരി നെഹ്‌റുവാണ്. സ്വതന്ത്ര ഇന്ത്യയുടെ ശാപം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നുവെന്നു പല സന്ദര്‍ഭങ്ങളില്‍, പല ശൈലികളില്‍ ആര്‍.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും വക്താക്കള്‍ ആലോചിച്ചു പോന്നത് കാണാം. ഇന്ത്യയുടെ ഒന്നാം പ്രധാനമന്ത്രിയാകേണ്ടിയിരുന്നത്  നെഹ്‌റുവല്ല, സര്‍ക്കാര്‍ പട്ടേലായിരുന്നുവെന്ന വീക്ഷണം പോലും അത്തരക്കാര്‍ പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ആ വീക്ഷണത്തിന്റെ യുക്തിസഹമായ പരിണാമമായി വേണം ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ ബി.ജെ.പി സര്‍ക്കാര്‍ 597 അടി പൊക്കത്തില്‍ പണിത വല്ലഭ്ഭായി പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമയെ കാണാന്‍.

ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രഘോഷകനും മതമൈത്രിയുടെ പ്രവാചകനുമായിരുന്ന ഗാന്ധിയേക്കാള്‍ വലിയ ശത്രുവായി ബി.ജെ.പി നെഹ്‌റുവിനെ വിലയിരുത്തുന്നു എന്ന വാദം ശരിയോ എന്ന സംശയം പലര്‍ക്കുമുണ്ടാവാം. മാധവ സദാശിവ ഗോള്‍വല്‍ക്കറുടെ 'വിചാരധാര'യില്‍ ശത്രുപട്ടികയില്‍ ഇസ്ലാം സ്ഥാനം പിടിച്ചിരിക്കെ, 'ഈശ്വര്‍-അള്ളാ തേരെ നാം' എന്ന വാക്യത്തിലൂടെ ഇസ്ലാമിനെക്കൂടി മാറോട് ചേര്‍ത്തുപിടിച്ച ഗാന്ധി തന്നെയല്ലേ ഹൈന്ദവ വലതുപക്ഷത്തിന്റെ ഒന്നാം നമ്പര്‍ ശത്രു എന്നവര്‍ ചോദിച്ചെന്നു വരും. ആ ഗണത്തില്‍പ്പെട്ടവര്‍ ഒരു കാര്യം വിസ്മരിക്കുകയാണ്. ചില ഗാന്ധിയന്‍ ആശയങ്ങളും പരികല്പനകളും സംജ്ഞകളും സംഘ്പരിവാറിനു സമര്‍ത്ഥമായുപയോഗിക്കാന്‍ സാധിക്കുമാറുള്ളവയാണ് എന്നതാണത്.

ഉദാഹരണങ്ങളിലൊന്ന്  'രാമരാജ്യം' തന്നെ. സംഘ്പരിവാറുകാരുടെ രാമരാജ്യമല്ല ഗാന്ധിയുടെ വിഭാവനയിലുള്ള രാമരാജ്യം എന്നത് ശരിയാണെങ്കിലും തങ്ങളുടെ രാമരാജ്യ സങ്കല്പത്തിനു ഗാന്ധിയന്‍ പിന്‍ബലം നല്‍കാന്‍ ഹിന്ദുത്വവാദികള്‍ക്കു കഴിയുമെന്നത് വസ്തുതയാണ്. താനൊരു സനാതന ഹിന്ദുവാണെന്നും താന്‍ വര്‍ണ്ണാശ്രമ ധര്‍മ്മത്തില്‍ വിശ്വസിക്കുന്നുവെന്നും 'യംഗ് ഇന്ത്യ'യില്‍ (6-10-1921) മഹാത്മജി എഴുതിയതും താനൊരു യാഥാസ്ഥിതിക ഹിന്ദുവാണെന്ന് അദ്ദേഹം അവകാശപ്പെട്ടതും (യംഗ് ഇന്ത്യ, 15-12-1927) ഹൈന്ദവ വലതുപക്ഷത്തിനു സന്ദര്‍ഭനിരപേക്ഷമായി ഉപയോഗിക്കാന്‍ ഉതകുന്ന ഗാന്ധിയന്‍ പ്രസ്താവനകളുമാണ്. പശു സംരക്ഷണ(ഗോ സേവ)ത്തെക്കുറിച്ച് ഗാന്ധി പറഞ്ഞതുപോലും പശുരാഷ്ട്രീയ തല്പരര്‍ക്കു വളച്ചൊടിക്കാന്‍ കഴിയും. ആദ്യകാല ഗാന്ധിയെ സര്‍വ്വകാല ഗാന്ധിയായി അവതരിപ്പിച്ച് തങ്ങളുടെ 'ഇസ'ത്തെ ഗാന്ധിസവുമായി വിളക്കിച്ചേര്‍ക്കുന്ന കുടിലതന്ത്രം പ്രയോഗിക്കാന്‍ സംഘ്പരിവാറിനു വലിയ പ്രയാസമനുഭവപ്പെടില്ല എന്നു ചുരുക്കം.

എന്നാല്‍, നെഹ്‌റുവിലേക്ക് വന്നാലോ? അദ്ദേഹം ഒരിക്കലും 'രാമരാജ്യ'ത്തിന്റേയോ വര്‍ണ്ണാശ്രമ ധര്‍മ്മത്തിന്റേയോ വക്താവായിരുന്നില്ല. മതേതര ജനാധിപത്യ ഇന്ത്യയെക്കുറിച്ച് സംസാരിച്ച അദ്ദേഹം താനൊരു സനാതന ഹിന്ദുവാണെന്നു അവകാശപ്പെടാന്‍ പോയിട്ടുമില്ല. ഒരു തീവ്ര മതാത്മക രാഷ്ട്രത്തില്‍ (മതം ജനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒരു രാഷ്ട്രത്തില്‍) മതേതര ഭരണം  നടത്തുക എന്നതാണ് തന്റെ കടമയും കര്‍ത്തവ്യവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയെ മതേതരത്വത്തില്‍നിന്നു വിമോചിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് ഒട്ടും ഇഷ്ടപ്പെടാനാവാത്തതാണ് ആ നെഹ്‌റുവിയന്‍ സമീപനം. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളിലോ പ്രസംഗങ്ങളിലോ സംഘ്പരിവാറിനു സ്വീകാര്യമായ ആശയങ്ങളോ സംജ്ഞകളോ കണ്ടെത്താനാവില്ല. 'ഭാരത് മാതാ' എന്ന സങ്കല്പത്തെപ്പോലും 1936 ജൂണില്‍, ന്യൂയോര്‍ക്കില്‍നിന്നു പ്രസിദ്ധീകരിച്ചുപോന്ന 'ഏഷ്യ' മാഗസിനില്‍ വിമര്‍ശനാത്മകമായി സമീപിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹൈന്ദവ വര്‍ഗ്ഗീയതയാണെന്നു വെട്ടിത്തുറന്നു പറഞ്ഞിട്ടുമുണ്ട് നെഹ്‌റു. അതുകൊണ്ടത്രേ പ്രധാനമന്ത്രി മോദിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് അയിത്തം കല്പിക്കപ്പെട്ടിരിക്കുന്നത്. എങ്ങനെ നോക്കിയാലും ബി.ജെ.പിയുടെ കണ്ണില്‍ ഗാന്ധിയേക്കാള്‍ വലിയ ശത്രു നെഹ്‌റു തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com