റേഡിയോ പ്രിയപ്പെട്ട റേഡിയോ; ചില റേഡിയോ വിചാരങ്ങള്‍ 

റേഡിയോ നേരിട്ടു കേള്‍ക്കാനുള്ള സുവര്‍ണ്ണാവസരം കിട്ടുന്നത് എറണാകുളത്തെ മുത്തിയമ്മൂമ്മയുടെ വീട്ടില്‍ ചെല്ലുമ്പോള്‍. അവിടെ  നെല്‍ക്കോയുടെ ഒരു വാല്‍വ് റേഡിയോ ഉണ്ടായിരുന്നു.
റേഡിയോ പ്രിയപ്പെട്ട റേഡിയോ; ചില റേഡിയോ വിചാരങ്ങള്‍ 

വീട്ടില്‍ റേഡിയോ ഇല്ലായിരുന്നു. ഇന്ന്, പിന്തിരിഞ്ഞു നോക്കുമ്പോള്‍ അതിനു കാരണം സാമ്പത്തികത്തെക്കാള്‍ സാമൂഹികമായിരുന്നു. എന്റെ  കുട്ടിക്കാലം. 1960-കള്‍. അക്കാലത്തൊക്കെ ഗ്രാമപ്രദേശങ്ങളില്‍ റേഡിയോ, ആകെയുള്ള ഒരു വിനോദോപാധി പോലും വിരളം. എന്റെ സ്വദേശം മൂക്കന്നൂര്‍ എന്ന അക്കാലത്തെ കുഗ്രാമം. അക്കാലത്ത് വൈദ്യുതിയുള്ള വീടുകള്‍ തന്നെ വിരളം. എന്റെ വീട്ടിലും വൈദ്യുതി എത്തിയിരുന്നില്ല. 
റേഡിയോ ഇല്ലെങ്കിലും വീട്ടില്‍ എല്ലാവരും പാട്ടുപ്രേമികള്‍. ശരാശരിയില്‍ താഴെ നില്‍ക്കുന്ന പാട്ടുകാര്‍. തമ്മില്‍ ഭേദം അപ്പന്റെ പാട്ടായിരുന്നു. അപ്പന്റെ പ്രിയ ഗായകന്‍- സൈഗാള്‍.

റേഡിയോ ഇല്ലെങ്കിലും പാട്ടുകേള്‍ക്കാന്‍ എത്രയെത്ര വഴികള്‍! അയല്‍പക്കത്തുനിന്നുയര്‍ന്നു കേള്‍ക്കുന്ന റേഡിയോപ്പാട്ടുകള്‍, ഉത്സവം, പെരുന്നാള്‍, സ്‌കൂള്‍ വാര്‍ഷികം എന്നു തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ഉച്ചഭാഷിണിയിലൂടെ ഒഴുകിവരുന്ന മഞ്ജുഭാഷിണികള്‍! പിന്നെ, സിനിമാക്കൊട്ടകയില്‍നിന്ന് ഓരോ കളിക്കു മുന്‍പും പുറത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പാട്ടുകള്‍. കുട്ടിക്കാലം മുതല്‍ക്കുള്ള ഒരു മധുരസ്മരണ: വരാപ്പുഴ പുത്തന്‍പള്ളിയിലെ അമ്മവീട്ടില്‍ ചെന്നാല്‍ അടുത്തുള്ള ചെട്ടിഭാഗം ശ്രീദുര്‍ഗ്ഗ തിയേറ്ററില്‍നിന്നുയര്‍ന്നു കേട്ടിരുന്ന പാട്ടുകള്‍. പിന്നെ, അമ്പലത്തില്‍നിന്നും പള്ളിയില്‍നിന്നും രാവിലെ ഉയര്‍ന്നുകേട്ടിരുന്ന പാട്ടുകള്‍. പിന്നെ, പള്ളിപ്പെരുന്നാളിനും ക്രിസ്തുമസിനും മറ്റും കേട്ടിരുന്ന ബാന്റുസെറ്റ് പാട്ടുകള്‍. അക്കാലത്തൊക്കെ ബാന്റ് സെറ്റിനു ചുറ്റും വലിയ ആള്‍ക്കൂട്ടമായിരുന്നു. ബാന്റ് സെറ്റുകള്‍ പാട്ടുമാത്രമല്ല, ബി.ജി.എം, പശ്ചാത്തലസംഗീതം കൂടി വായിക്കും. എന്റെ കൂട്ടുകാരന്‍, നല്ല ഒന്നാംതരം  പാട്ടുകാരന്‍ ശൗര്യാര്‍, ബി.ജി.എം തുടങ്ങുമ്പോള്‍ത്തന്നെ അത് ഏതു പാട്ടാണെന്നു പറയും. അവന്റെ സംഗീതജ്ഞാനത്തിനു മുന്‍പില്‍ എന്റെ തലകുനിയും. 

റേഡിയോ നേരിട്ടു കേള്‍ക്കാനുള്ള സുവര്‍ണ്ണാവസരം കിട്ടുന്നത് എറണാകുളത്തെ മുത്തിയമ്മൂമ്മയുടെ വീട്ടില്‍ ചെല്ലുമ്പോള്‍. അവിടെ  നെല്‍ക്കോയുടെ ഒരു വാല്‍വ് റേഡിയോ ഉണ്ടായിരുന്നു. ഓണ്‍ ചെയ്താല്‍, ശബ്ദം കേള്‍ക്കാന്‍ ഒരു ചെറിയ ദീര്‍ഘചതുരക്കള്ളിയില്‍ പച്ചലൈറ്റ് തെളിഞ്ഞു നിറയുന്നതുവരെ കാക്കണം. പിന്നീടാണറിഞ്ഞത് അതിനകത്തുള്ള വാല്‍വുകള്‍ ചൂടായി അതിനകത്തുള്ള ഫിലമെന്റുകള്‍ തെളിയാനെടുക്കുന്ന സമയമാണതെന്ന്. ചുരുക്കിപ്പറഞ്ഞാല്‍ റേഡിയോ ഓണ്‍ ചെയ്താലും ഒരു മിനിട്ടു കഴിഞ്ഞേ ശബ്ദം കേള്‍ക്കൂ. പിന്നീട് ട്രെയില്‍ യാത്ര നടത്തുമ്പോള്‍ രാത്രിയില്‍ പച്ച ലൈറ്റ് സിഗ്‌നല്‍ കാണുമ്പോഴെല്ലാം, ആ വാല്‍വ് റേഡിയോയുടെ പച്ചലൈറ്റ് ഓര്‍മ്മവരും. ഇവിടെ പച്ചലൈറ്റ് ട്രെയിന്‍ കടന്നുപോകാന്‍. അവിടെ പച്ചലൈറ്റ് ശബ്ദം കടന്നുവരാന്‍. ആ വാല്‍വ് റേഡിയോ ഒരു വലിയ ചതുരപ്പെട്ടി. കുട്ടിയായ ഞാന്‍ അത്ഭുതപ്പെട്ടു, ഇതില്‍നിന്ന് എങ്ങനെ ശബ്ദം - പാട്ടും ഉപകരണ സംഗീതവും പ്രസംഗവും നാടകവും ചലച്ചിത്ര ശബ്ദരേഖകളും തുടങ്ങി എല്ലാമെല്ലാം  - പുറത്തേക്കൊഴുകിയിറങ്ങി വരുന്നു! ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. പിന്നെ കരുതി ഈ വലിയ പെട്ടിക്കുള്ളില്‍ ഏതോ മായാജാലത്താല്‍ ചുങ്ങിച്ചുരുങ്ങി ചെറുതായി കുഞ്ഞുമനുഷ്യരായി കലാകാരന്മാര്‍ അകത്തുകയറിക്കൂടി നിരന്നിരുന്നും നിന്നും കലാപ്രകടനം നടത്തുകയായിരിക്കും. (ക്ലാസ്സില്‍, നല്ല ഒന്നാംതരം കഥപറച്ചിലുകാരനായ പീറ്റര്‍ മാഷ് പറഞ്ഞുതന്ന ജോനാഥന്‍ സ്വിഫ്റ്റിന്റെ 'ഗള്ളിവറുടെ യാത്രകളിലെ' കുഞ്ഞുമനുഷ്യരെ ഓര്‍ത്തുപോയി.) എന്നാലിനി അതൊന്നു പരിശോധിച്ചിട്ടുതന്നെ കാര്യം. 

അന്നുച്ചകഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോള്‍, ഞാന്‍ റേഡിയോ ഓണ്‍ ചെയ്ത് ചെറിയ ശബ്ദത്തില്‍ പാട്ടു വച്ചു. എന്നിട്ട് റേഡിയോയുടെ പുറകിലേയ്‌ക്കെത്തിനോക്കി. ചുമരും റേഡിയോയും തമ്മില്‍ ഒരിഞ്ച് അകലം മാത്രം. ഞാന്‍ മെല്ലെ മെല്ലെ റേഡിയോയുടെ ഒരു വശം തള്ളി നീക്കി നീക്കി, പുറകിലൂടെ അകത്തേക്കു നോക്കി. റേഡിയോയുടെ പുറകില്‍ തുളകളുള്ള ഒരു  പലകയോ ഹാര്‍ഡ് ബോര്‍ഡോ മറ്റോ ഫിറ്റു ചെയ്തിരിക്കുന്നു. ആ തുളകളിലൂടെ നോക്കിയപ്പോള്‍ കണ്ടത് കത്തിനില്‍ക്കുന്ന ബള്‍ബുകള്‍ പോലെയുള്ള കട്ടകളും പിന്നെ കുറേ ഉരുപ്പടികളും വയറുകളും എന്നു തുടങ്ങി എന്തൊക്കെയോ. പക്ഷേ, എന്റെ കുഞ്ഞുമനസ്സിന് അവയൊക്കെ രൂപം മാറി പാടുന്നവരും ഉപകരണ സംഗീതം കൈകാര്യം ചെയ്യുന്നവരും പ്രസംഗിക്കുന്നവരും, അഭിനയിക്കുന്നവരും ഒക്കെയായി. (ഹോ! ശിശുമനസ്സിന്റെ സജീവമായ ഭാവന! എന്തിനേയും തന്നിഷ്ടം പോലെ രൂപമാറ്റം വരുത്താനുള്ള കഴിവ്! ഈ കഴിവ് വളര്‍ന്നു വലുതാകുന്നതോടെ നഷ്ടപ്പെടുന്നു. അതെ, കുട്ടികളാണ് ഏറ്റവും വലിയ കവികള്‍!) പിന്നീട്, വര്‍ഷങ്ങള്‍ക്കിപ്പുറം വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകന്‍' വായിച്ചപ്പോള്‍; മദം പൊട്ടിയ ആനയ്ക്കു ഉത്സവപ്പറമ്പ് കാടായി തോന്നുന്നത് ശ്രദ്ധിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മവന്നത് ഈ റേഡിയോ രൂപാന്തരാനുഭവം. 

പെട്ടെന്ന് പിന്നില്‍ ഒരു കാല്‍പ്പെരുമാറ്റം. ആ വീട്ടിലെ കാരണവര്‍, മഹാഗൗരവക്കാരന്‍ കൊച്ചുമാത്തു വല്യപ്പന്‍, എന്റെ ചെവി പിടിച്ചു തിരുമ്മി വേദനിപ്പിച്ചു ചോദിച്ചത്: നീ എന്തു കുരുത്തക്കേടാ ഈ ഒപ്പിക്കുന്നോ? എന്നെ തള്ളിമാറ്റി അദ്ദേഹം റേഡിയോ നേരെ വച്ച്, ഓഫ് ചെയ്തു എന്നോട്; പോയി കിടന്നുറങ്ങടാ. 

ടിവി, റേഡിയോ എന്നിവയെ താരതമ്യപ്പെടുത്തി ചിലര്‍ ടിവിയെ വിഡ്ഢിപ്പെട്ടി എന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്. അതിനുള്ള മറുപടി: ബുദ്ധിയുണ്ടെങ്കില്‍, ഒരു പെട്ടിക്കും നിങ്ങളെ വിഡ്ഢിയാക്കാന്‍ പറ്റില്ല. നിങ്ങളുടെ വിഡ്ഢിത്തം ടിവിയില്‍ ചാരി രക്ഷപ്പെടാന്‍ നോക്കുന്ന നിങ്ങളുടെ പരമവിഡ്ഢിത്തം! ബുദ്ധിപൂര്‍വ്വം, ഔചിത്യബോധത്തോടെ സമീപിച്ചാല്‍ ഒരു മാധ്യമത്തിനും നിങ്ങളെ വിഡ്ഢിയാക്കാന്‍ പറ്റില്ല. അതവിടെ നില്‍ക്കട്ടെ. 

എങ്കിലും, എല്ലാം പറഞ്ഞു കഴിയുമ്പോള്‍ എനിക്ക് പ്രിയം കൂടുതല്‍ റേഡിയോയോട്. പല പല കാരണങ്ങള്‍, റേഡിയോ നിങ്ങളുടെ കേള്‍വിയെ മാത്രം ബാധിക്കുന്നു, ടിവി കാഴ്ചയേയും കേള്‍വിയേയും ബാധിക്കുന്നു. സംഗീതം കേള്‍ക്കാന്‍ ഉത്തമ മാധ്യമം റേഡിയോ. കാരണം, നിശ്ശബ്ദതയില്‍ കൂരിരുട്ടിലായാല്‍ ഏറ്റവും നന്ന്, സംഗീതം കേള്‍ക്കുന്നത് നിങ്ങളുടെ ഭാവനയെ ഉണര്‍ത്തുന്നു. ഭാവനയുടെ സൈ്വരവിഹാരത്തിന് റേഡിയോ സംഗീതം പോലെ ഒരുത്തമ മാധ്യമം വേറെയില്ല. അതുകൊണ്ടുതന്നെ ടിവി ഇത്രമാത്രം കടന്നുകയറിയിട്ടും റേഡിയോ കേള്‍ക്കുന്നവര്‍ ഇന്നും അനേകമനേകം!
ഇന്ന് റേഡിയോലോകം വൈവിധ്യം കൊണ്ടു സമ്പന്നവും സമൃദ്ധവും! പഴയ, ആകാശവാണി നിലയങ്ങളില്‍നിന്ന് എത്രയെത്ര പരിപാടികള്‍: ചലച്ചിത്രഗാനങ്ങള്‍, നാടകഗാനങ്ങള്‍, നാടന്‍പാട്ടുകള്‍, നാടകം, കഥാപ്രസംഗം, കഥകളിപ്പദങ്ങള്‍, കൂത്ത്, വിദ്യാഭ്യാസരംഗം, സാഹിത്യലോകം, യുവവാണി, ശിശുലോകം, മഹിളാലോകം തുടങ്ങിയ പരിപാടികള്‍ . ഇവയില്‍ എടുത്തു അടിവരയിട്ടു പറയേണ്ടതാണ് ദേശീയ സംഗീത പരിപാടി. കര്‍ണ്ണാടക, ഹിന്ദുസ്ഥാനി ശൈലികളിലുള്ള മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എത്രയെത്ര ഇതിഹാസങ്ങളെ കേള്‍ക്കാനുള്ള സുവര്‍ണ്ണാവസരം! അങ്ങനെ ശാസ്ത്രീയ സംഗീതപ്രേമികളായവരെത്രയെത്ര!
ഇവിടെ, ന്യൂ ജനറേഷന്‍ റേഡിയോ തരംഗത്തെ കേള്‍ക്കാതെ പോകുന്നത് ശരിയല്ല. ന്യൂ ജനറേഷന്റെം ഹരമായ എത്രയെത്ര എഫ്.എം സ്റ്റേഷനുകള്‍. അവയില്‍നിന്ന് നിരന്തരം കേള്‍ക്കുന്ന പാട്ടുകളും കമന്ററികളും. എ.എം. നിലയങ്ങളായിരുന്ന പഴയ ആകാശവാണി നിലയങ്ങളും എഫ്.എം. ആയി മാറുന്നതും കാണാതിരുന്നുകൂടാ. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന എഫ്.എം. സ്റ്റേഷന്‍: 91.9 - റേഡിയോ മാംഗോ. 
റോമിയോ പ്രിയപ്പെട്ട റോമിയോ: എന്ന് ജൂലിയറ്റ് .
(ഷേയ്ക് സ്പിയറുടെ 'റോമിയോ ആന്‍ഡ് ജൂലിയറ്റ്!)
റേഡിയോ പ്രിയപ്പെട്ട റേഡിയോ: എന്ന് ബേബി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com