വൈദ്യനായ രാജാവ്: കേരളവര്‍മ്മ കൊച്ചുണ്ണി തമ്പുരാനെക്കുറിച്ച് 

കവിയോ സംഗീതജ്ഞനോ ആയ രാജാക്കന്മാരെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ചികിത്സകനായ രാജാവിനെപ്പറ്റി ഇന്ത്യാചരിത്രത്തില്‍ രേഖപ്പെടുത്തി കാണുന്നില്ല.
വൈദ്യനായ രാജാവ്: കേരളവര്‍മ്മ കൊച്ചുണ്ണി തമ്പുരാനെക്കുറിച്ച് 

വിയോ സംഗീതജ്ഞനോ ആയ രാജാക്കന്മാരെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ചികിത്സകനായ രാജാവിനെപ്പറ്റി ഇന്ത്യാചരിത്രത്തില്‍ രേഖപ്പെടുത്തി കാണുന്നില്ല. ശ്രീലങ്കയില്‍ ബുദ്ധമതാനുയായികളായ രാജാക്കന്മാരില്‍ പലരും വൈദ്യന്മാര്‍ കൂടിയായിരുന്നു. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബുദ്ധദാസ എന്ന രാജാവ്1 'സാരാര്‍ത്ഥസംഗ്രഹയ' എന്ന വൈദ്യഗ്രന്ഥം തന്നെ രചിച്ചു. ഇത് ഇന്നും അവിടുത്തെ ആയുര്‍വ്വേദക്കാര്‍ ഉപയോഗിക്കുന്നുണ്ടത്രേ. പ്രസിദ്ധമായ ഗീതാഗോവിന്ദ(അഷ്ടപദി)ത്തിന്റെ കര്‍ത്താവ് ജയദേവകവിയുടെ പ്രോത്സാഹകനായി ലക്ഷ്മണസേനന്‍ എന്ന ഒരു ബംഗാള്‍ രാജാവുമുണ്ട്. ഇദ്ദേഹത്തെ വൈദ്യരാജാവ് എന്ന് പരാമര്‍ശിച്ച് കാണുന്നുണ്ടെങ്കിലും അത് ജാതിപ്പേരാണ്. എന്നാല്‍ നമ്മുടെ കേരളത്തില്‍, വൈദ്യം പഠിച്ച് രാജ്യം ഭരിക്കുമ്പോഴും ചികിത്സാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു രാജാവുണ്ടായിരുന്നു. തൃപ്പൂണിത്തുറക്കാരുടെ ഓര്‍മ്മയില്‍നിന്നും ഇപ്പോഴും വിസ്മൃതനായിട്ടില്ലാത്ത അദ്ദേഹത്തെ മിടുക്കന്‍ തമ്പുരാന്‍, വിഷവൈദ്യത്തമ്പുരാന്‍ എന്നൊക്കെയാണ് വിളിച്ചിരുന്നത്. ആ ചരിത്രപുരുഷനെ സമൂഹസ്മൃതിയില്‍ നിലനിര്‍ത്താനാണ് ഈ എഴുത്ത്. രേഖകള്‍ക്കൊപ്പം കേട്ടുകേള്‍വികള്‍ക്കും പരിഗണന നല്‍കിക്കൊണ്ടാണ് ഈ ലേഖനത്തിന്റെ പോക്ക്.
മിടുക്കന്‍ തമ്പുരാന്റെ ശരിയായ പേര് കേരളവര്‍മ്മ കൊച്ചുണ്ണി തമ്പുരാന്‍ (1863-1943) എന്നതാണ്. എഴുപത്തിയെട്ടാം വയസ്സിലാണ് 1941-ല്‍ അദ്ദേഹം രാജാവാകുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ദിവംഗതനാവുകയും ചെയ്തു. കൊച്ചി രാജകുടുംബത്തിലെ പടിഞ്ഞാറെ കോവിലകമാണ് തമ്പുരാന്റെ താവഴി. കാവുത്തമ്പുരാന്റേയും പനമന ഇല്ലത്തെ അഷ്ടമൂര്‍ത്തി കുട്ടന്‍നമ്പൂതിരിയുടേയും രണ്ടാമത്തെ പുത്രന്‍. ചേട്ടന്‍ രാമവര്‍മ്മ കുഞ്ഞിക്കിടാവു തമ്പുരാനും രാജാവായിരുന്നു (1914-1932). അതിനുശേഷം രാമവര്‍മ്മ കുഞ്ഞുണ്ണിത്തമ്പുരാന്റേയും ഭരണകാലം (1932-1941) കഴിഞ്ഞാണ്, മിടുക്കന്‍ തമ്പുരാന്‍ അധികാരമേല്‍ക്കുന്നത്. മറ്റൊരു കൊച്ചി രാജാവിനും ഇല്ലാത്ത രീതിയില്‍ ഒരു വിളിപ്പേരും അദ്ദഹത്തിന് വന്നത് കുട്ടിക്കാലം മുതലേ ഉള്ളതത്രേ. പഠിക്കാന്‍ അതീവ സമര്‍ത്ഥനായിരുന്നു. ഒരിക്കല്‍ കോവിലകം സന്ദര്‍ശിച്ച പണ്ഡിതന്‍ കുട്ടിയുടെ അറിവ് മനസ്സിലാക്കി അത്ഭുതപ്പെട്ടത്രേ. പണ്ഡിതന്മാര്‍ വായിച്ചു രസിച്ചിരുന്ന നൈഷധീയചരിതമെന്ന കാവ്യത്തിലെ വരികളാണ്, രാജകുമാരന്‍ ചൊല്ലി അര്‍ത്ഥം പറഞ്ഞത്. ''മിടുക്കന്‍, മിടുക്കന്‍'' എന്ന ആ പണ്ഡിതന്റെ ഉറക്കെയുള്ള അഭിനന്ദനമാണ് വിളിപ്പേരിന് കാരണമായതെന്ന് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ പറയുന്നു. വളരെ ആകര്‍ഷകമായ രീതിയില്‍ ഇംഗ്ലീഷും മിടുക്കന്‍ തമ്പുരാന്‍ കൈകാര്യം ചെയ്തിരുന്നു.
മിടുക്കന്‍ തമ്പുരാന്‍ രാജാവായതോടെ അതുവരെ ദിവാനായിരുന്ന (1935-1941) ഷണ്മുഖം ചെട്ടി സ്ഥാനമൊഴിഞ്ഞു.2 പിന്നീടദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങി. പൂതപ്പിള്ളി നീലകണ്ഠമേനോനെ ദിവാനാക്കണമെന്നായിരുന്നു തമ്പുരാന്റെ ആഗ്രഹം. അതിനായി ബ്രിട്ടീഷ് സര്‍ക്കാരുമായി എഴുത്തുകുത്തുകള്‍ നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. 1800-ലുള്ള കരാറനുസരിച്ച് ദിവാന്റേയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടേയും നിയമനം, പുതിയ നികുതികളും നിയമങ്ങളും, ജീവപര്യന്തം തടവ്, വധശിക്ഷ, വലിയ മരാമത്ത് പണികള്‍ തുടങ്ങിയവയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുവാദം വേണം. തുടര്‍ന്ന് തൃശൂരിലെ പ്രശസ്ത നിയമജ്ഞനായ കോമാട്ടില്‍ അച്യുതമേനോന്‍ ദിവാനായി നിയമിക്കപ്പെട്ടു. എന്നാല്‍, നാല് മാസത്തിനു ശേഷം ഒരു ബ്രിട്ടീഷുകാരന്‍ (എ.എഫ്.ഡബ്ല്യു. ഡിക്സന്‍) തന്നെ ആ സ്ഥാനത്തെത്തി. 
ലോകമഹായുദ്ധം തന്നെയായിരുന്നു അതിന് സാഹചര്യം ഉണ്ടാക്കിയത്. 1939-ല്‍ തുടങ്ങിയ യുദ്ധത്തിന്റെ ഉച്ചാവസ്ഥ തന്നെയായിരുന്നു, അക്കാലം. ഓപ്പറേഷന്‍ ബാര്‍ബറോസ എന്ന പേരിട്ട ജര്‍മനിയുടെ ശക്തമായ ബോംബാക്രമണം ബ്രിട്ടന്‍ നേരിടാന്‍ തുടങ്ങി. കുറച്ചു മാസങ്ങള്‍ക്ക് ശേഷം ജപ്പാന്‍കാര്‍ ബര്‍മ്മയിലുമെത്തി. യുദ്ധസന്നദ്ധത അനിവാര്യമായി തോന്നിയ ബ്രിട്ടീഷുകാര്‍ ആയുധം ശേഖരിച്ച് വെക്കുവാനായി കൊച്ചിയില്‍ ബങ്കറുകളുണ്ടാക്കി.3 സ്വാതന്ത്ര്യസമരമാകട്ടെ, ഒരു പ്രത്യേക ഘട്ടത്തിലേക്ക് തിരിയുകയായിരുന്നു. ഹരിപുര സമ്മേളനത്തോടെ നാട്ടുരാജ്യങ്ങളിലേക്കും സമരം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ട് നാട്ടുരാജ്യങ്ങളില്‍ വ്യക്തമായ നിയന്ത്രണം വേണമെന്നുള്ളതുകൊണ്ടാണ് ഒരു ബ്രിട്ടീഷ്‌കാരന്‍ തന്നെ ദിവാനായി വരുന്നത്.
കോളനിരാജ്യമായ ഇന്ത്യയും യുദ്ധത്തിന്റെ കെടുതികള്‍ ഏറെ അനുഭവിച്ചു. വറുതിയുടെ ആ കാലത്ത് കൊച്ചിരാജ്യത്തെ നയിച്ചതിന്റെ പേരിലാണ് മിടുക്കന്‍ തമ്പുരാന്‍ ഓര്‍ക്കപ്പെടുന്നത്. കിരീടധാരണവേള(1941 മെയ് 23)യില്‍ നല്‍കിയ സന്ദേശത്തിലും തമ്പുരാന്‍ യുദ്ധത്തെ പരാമര്‍ശിച്ചിരുന്നു- ഈ ''ധര്‍മ്മസമരത്തില്‍ നീതിയുടേയും സ്വാതന്ത്ര്യത്തിന്റേയും പക്ഷത്തുതന്നെ വിജയം അനിവാര്യമായും സംഭവിക്കും.'' കിംവദന്തികളും പരിഭ്രാന്തിയും ഒഴിവാക്കി സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ കൊച്ചി സര്‍ക്കാര്‍ ഔദ്യോഗികമായിത്തന്നെ സംവിധാനമൊരുക്കി. ഈ സെന്‍ട്രല്‍ വാര്‍ കമ്മിറ്റിയുടെ പ്രസിഡന്റ് ദിവാനും പബ്ലിസിറ്റി ഓഫീസര്‍ തമ്പുരാന്റെ പുത്രനായ വി.കെ. കൃഷ്ണമേനോനുമായിരുന്നു. 1942 ജൂലൈ 27-ന് കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ബജറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ദിവാന്‍ ചെയ്ത പ്രസംഗത്തില്‍ മഹായുദ്ധകാലത്തെ രാജ്യസ്ഥിതിയെ പരാമര്‍ശിച്ചു കാണാം. യുദ്ധത്തിന്റെ സാഹചര്യങ്ങളോടൊപ്പം മറ്റ് പല പ്രതികൂലാവസ്ഥകളും കൊച്ചിക്ക് അനുഭവിക്കേണ്ടിവന്നു. മെയ് 1941-ല്‍ ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ ഒട്ടേറെ തെങ്ങുകള്‍ക്ക് നാശം സംഭവിച്ചു. ജപ്പാന്‍കാര്‍ ബര്‍മ്മ ആക്രമിച്ചതോടെ അവിടെനിന്നുള്ള അരിയുടെ വരവും നിലച്ചു. ആ രാജ്യത്തിലേക്കുള്ള ചെമ്മീനിന്റെ കയറ്റുമതി നിന്നുപോയതും കൊച്ചിയുടെ വരുമാനത്തെ ബാധിച്ചു. അരിയുടെ ക്ഷാമം ബഹുമുഖമായ നടപടികളിലൂടെയാണ് രാജ്യം നേരിട്ടത്. തഞ്ചാവൂരില്‍ നിന്നുള്ള ഇറക്കുമതിക്ക് പുറമെ തിരുവിതാംകൂറിന്റെ സഹായവും ഇക്കാര്യത്തിലുണ്ടായി. നെല്‍ക്കൃഷി ഊര്‍ജ്ജിതമാക്കാന്‍ വേണ്ടി വിത്തും തൈകളും വിതരണം ചെയ്തു. ജന്മിമാരെ കൃഷിക്ക് പ്രേരിപ്പിക്കുകയും സര്‍ക്കാര്‍ ഭൂമിപോലും പാട്ടത്തിനു നല്‍കുകയും ചെയ്തു.
റേഷന്‍ സമ്പ്രദായം ആരംഭിക്കുന്നതും ഈ സന്ദര്‍ഭത്തിലാണ്. അരിക്കും മണ്ണെണ്ണയ്ക്കും പഞ്ചസാരയ്ക്കും വിലനിയന്ത്രണം ഏര്‍പ്പെടുത്തി. സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും ഉദ്യോഗസ്ഥന്മാര്‍ക്ക് വിലവര്‍ദ്ധനവിനെ നേരിടാന്‍ ക്ഷാമബത്ത നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇരുപത്തഞ്ചു രൂപയോ അതില്‍ താഴെയോ ശമ്പളമുള്ളവര്‍ക്ക് ഒരു രൂപയായിരുന്നു, ക്ഷാമബത്ത. അടുത്ത വര്‍ഷം അത് രണ്ടുരൂപയാക്കി.
ബ്രിട്ടന്റെ കീഴിലുള്ള നാട്ടുരാജ്യമെന്ന നിലയില്‍ യുദ്ധത്തില്‍ അവരെ തുണക്കേണ്ടത് ഒരു കര്‍ത്തവ്യമായി തമ്പുരാന്‍ കരുതി. ഇത്തരമൊരു അടിയന്തര സാഹചര്യം മൂലമാണ് സമൂഹം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവരുന്നതെന്ന് മനസ്സിലാക്കി അത് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചു. ജനങ്ങള്‍ കഴിച്ചിരുന്ന അതേ റേഷന്‍ അരിയുടെ കഞ്ഞി തന്നെയാണ് രാജാവും കഴിച്ചിരുന്നതത്രേ. രാജകൊട്ടാരമായിരുന്ന ഹില്‍പ്പാലസ്സിന് മുന്നിലെ പനിനീര്‍ പൂന്തോട്ടം വെട്ടിമാറ്റി അവിടെ അദ്ദേഹം മരച്ചീനി കൃഷി തുടങ്ങി. ക്ഷാമകാലത്ത് ഭക്ഷണമാണ് ആവശ്യമെന്നായിരുന്നു രാജാവിന്റെ നിലപാട്. 
കൊച്ചിയിലെ റേഷനിങ്ങ് വളരെ ചിട്ടയൊത്തതും അഴിമതിക്ക് ഇടം നല്‍കാത്തതുമായിരുന്നു. ഇക്കാര്യം 1950 മാര്‍ച്ച് 11-ലെ 'മലയാള മനോരമ' പത്രത്തിലെ 'നെല്ലെടുപ്പും റേഷനിങ്ങും - കൊച്ചിയിലെ വിജയപ്രദമായ രീതിയില്‍ സാര്‍വ്വത്രികമായി സ്വീകരിക്കണം' എന്ന ലേഖനത്തില്‍ കാണാം. തിരുവിതാംകൂറും കൊച്ചിയും യോജിച്ചശേഷവും ഭരണസംവിധാനവും മറ്റും രണ്ടിടത്തും രണ്ടുരീതിയില്‍ തന്നെ തുടര്‍ന്നുപോയിരുന്ന പശ്ചാത്തലത്തിലാണ് ഈ ലേഖനം സ്വന്തം ലേഖകന്‍ എഴുതിയിരിക്കുന്നത്. കൊച്ചിയില്‍ റേഷന്‍ സമ്പ്രദായം ആരംഭിച്ചപ്പോള്‍ മുതലേ തന്നെയുള്ള കാര്യങ്ങള്‍ ഇതില്‍ വിവരിക്കുന്നു. കര്‍ഷകര്‍ക്ക് കൃഷിച്ചെലവിനും കുടുംബാവശ്യങ്ങള്‍ക്കും വേണ്ടിയിരുന്ന ന്യായമായ ചെലവ് അനുവദിച്ചുകൊണ്ടാണ്, ബാക്കിയുള്ള നെല്ല് മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്. തിരുവിതാംകൂറില്‍ ഇല്ലാത്ത ഒരു രീതിയാണ്, റേഷന്‍കാര്‍ഡുകാരന്‍ വാങ്ങുന്ന സാധനങ്ങളും അളവും കൃത്യമായി കാര്‍ഡിലും രജിസ്ട്രറിലും രേഖപ്പെടുത്തുക എന്നത്. കൊച്ചയില്‍ ഇത് പാലിക്കപ്പെടുന്നുണ്ട്. അതുപോലെ കാര്‍ഡുകളുടെ സമൂലപരിശോധന സാധാരണ ഉദ്യോഗസ്ഥര്‍ക്കു പുറമെ രഹസ്യാന്വേഷണ ഇന്‍സ്പെക്ടര്‍മാരും നടത്തുന്നുണ്ട്, കൊച്ചിയില്‍. തിരുവിതാംകൂറിലെ റേഷന്‍ സമ്പ്രദായം കരിഞ്ചന്തയും അഴിമതിയും നിറഞ്ഞതാണെന്ന് പറയുന്ന ലേഖനം സി.പി. രാമസ്വാമി അയ്യരേയും വിമര്‍ശിക്കുന്നുണ്ട്.
കൊച്ചിയിലെ രാഷ്ട്രീയരംഗവും ഇക്കാലത്ത് കലങ്ങിമറിഞ്ഞിരുന്നു. 1938-ല്‍ തന്നെ ജനാധിപത്യത്തിന് കുറച്ചൊരു ഇടം കൊടുത്തുകൊണ്ട് ദ്വിഭരണസമ്പ്രദായം തുടങ്ങിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും രാജാവ് വിട്ടുകൊടുത്ത രണ്ടോ മൂന്നോ വകുപ്പുകള്‍ മാത്രം കയ്യാളുന്ന മന്ത്രിസഭയുമാണ് അതിന്റെ ഘടന. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രതിരൂപമായ കൊച്ചിന്‍ കോണ്‍ഗ്രസ്സും മറ്റൊരു കക്ഷിയായ സ്റ്റേറ്റ് കോണ്‍ഗ്രസ്സുമായിരുന്നു, പ്രധാന രാഷ്ട്രീയകക്ഷികള്‍. സഹജമായ ന്യൂനതകള്‍ നിമിത്തം ദ്വിഭരണസമ്പ്രദായം പരാജയപ്പെട്ടു. അതുകൊണ്ട് ഉത്തരവാദിത്തഭരണം ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ ഉണ്ടായി. എന്നാല്‍, കൊച്ചിന്‍ കോണ്‍ഗ്രസ് ദ്വിഭരണസമ്പ്രദായത്തിനു വേണ്ടി നിലകൊണ്ടപ്പോള്‍ അതില്‍നിന്നുമാറി വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണ്, കൊച്ചി രാജ്യ പ്രജാമണ്ഡലം. ഇതിന്റെ ഇരിങ്ങാലക്കുടയില്‍ കൂടാനുള്ള ആദ്യ സമ്മേളനം തന്നെ നിരോധിക്കപ്പെട്ടു. പല നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുകൂടി നിരോധനാജ്ഞയെ അതിജീവിച്ചുകൊണ്ട് സമ്മേളനം നടന്നു. ദിവസങ്ങള്‍ക്കു ശേഷം ബഹുജന സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കൊച്ചി സര്‍ക്കാര്‍ നിരോധനാജ്ഞ പിന്‍വലിച്ച് നേതാക്കളെ വിട്ടയച്ചു. 1942 ആഗസ്റ്റില്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ അലയൊളികള്‍ കൊച്ചിയിലുമുണ്ടായി. പ്രജാമണ്ഡലം തന്നെയാണ് ഈ പ്രക്ഷോഭത്തിലും മുന്നിട്ടു നിന്നത്. എറണാകുളം, മട്ടാഞ്ചേരി, തൃശൂര്‍ തുടങ്ങി പലേടത്തും പ്രകടനങ്ങളും ലാത്തിച്ചാര്‍ജ്ജുമുണ്ടായി. 'സ്വതന്ത്രഭാരതം', 'സമരകാഹളം' തുടങ്ങിയ രഹസ്യ പ്രസിദ്ധീകരണങ്ങള്‍ ഇക്കാലത്തിറങ്ങി. കര്‍ശന നടപടികളോടെയാണ് ദിവാന്‍ ഡിക്സണ്‍ ഇവയെ നേരിട്ടത്. ഇദ്ദേഹത്തിന്റെ എ.എഫ്.ഡബ്ല്യു എന്ന ഇനീഷ്യലുകള്‍ക്ക് 'ഓള്‍ ഫോര്‍ വാര്‍' എന്നാണ് നാട്ടുകാര്‍ നല്‍കിയ വിശദീകരണം. സമരങ്ങളിലെ ഒരു പൊതു മുദ്രാവാക്യമായിരുന്നു 'ഡിക്സണ്‍ ഗോ ബാക്ക്' എന്നത്.
    ചികിത്സകനായിരുന്നു, മിടുക്കന്‍ തമ്പുരാന്‍ എന്ന് സൂചിപ്പിച്ചല്ലോ. എന്നാല്‍, രാജകുടുംബത്തിന്റെ ഈ പാരമ്പര്യത്തിന്റെ തുടക്കക്കാരന്‍ 1914 -1932 കാലത്ത് രാജാവായിരുന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ രാമവര്‍മ്മയായിരുന്നു. ഈ രാജാവ് വിഷചികിത്സ പഠിച്ചത് തരണനെല്ലൂര്‍ നമ്പൂതിരിയില്‍ നിന്നാണെന്ന് ജീവചരിത്രത്തില്‍ കാണുന്നു. അധികാരത്തിലേറിയതോടെ ഇദ്ദേഹം ചികിത്സ നിര്‍ത്തി. അതുവരെ സഹോദരന്മാര്‍ ഒരുമിച്ചിരുന്നായിരുന്നു, ചികിത്സ. ദീര്‍ഘകാലം വൈദ്യവൃത്തിയിലേര്‍പ്പെട്ടതുകൊണ്ട് ചികിത്സകന്‍ എന്ന പ്രശസ്തി മിടുക്കന്‍ തമ്പുരാന് തന്നെയായിരുന്നു. എങ്കിലും പലപ്പോഴും വൈദ്യസംബന്ധമായ സംശയങ്ങള്‍ അനുജന്‍ ജ്യേഷ്ഠനോട് ചോദിച്ച് നിവൃത്തിച്ചിരുന്നത്രേ. 
ദിവാന്റെ ഉരുക്കുമുഷ്ടി തെളിഞ്ഞുകണ്ട മറ്റൊരു സന്ദര്‍ഭമാണ്, പൊലീസ് സമരം. ശമ്പളവര്‍ദ്ധനവിനു വേണ്ടി 1941 ആണ് കൊച്ചി പൊലീസ് സേനാംഗങ്ങള്‍ പണിമുടക്കിയത്. അന്ന് കൊച്ചിയില്‍ തമ്പടിച്ചിരുന്ന പഞ്ചാബ് പൊലീസിനെ ഉപയോഗിച്ചാണ് ദിവാന്‍ സമരം അടിച്ചമര്‍ത്തിയത്. പൊലീസുകാര്‍ പലരും ജയിലിലായി. നിരവധി പേര്‍ പിരിച്ചുവിടപ്പെട്ടു. 
ചെറുപ്പത്തില്‍ത്തന്നെ മിടുക്കന്‍ തമ്പുരാന്‍ ചികിത്സ പഠിച്ചിരുന്നിരിക്കാം. വിഷചികിത്സയായിരുന്നു, അദ്ദേഹം കൈകാര്യം ചെയ്തിരുന്ന മേഖല. കേരളീയ വിഷചികിത്സയുടെ ഉപജ്ഞാതാക്കളില്‍ ഒരാളായ കൊക്കരെ നമ്പൂതിരിയുടെ അടുത്തുനിന്നാണ് രാജകുമാരന്‍ പഠിച്ചത്. ഒപ്പം പഠിക്കാന്‍ മൂന്ന് പേര്‍കൂടി ഉണ്ടായിരുന്നു. പടുതോള്‍, മുല്ലപ്പള്ളി ഇല്ലങ്ങളില്‍നിന്ന് രണ്ട് നമ്പൂതിരിമാര്‍, മറ്റൊരാള്‍ പുല്ലൂറ്റ് ആശാന്‍ എന്ന് പ്രസിദ്ധി നേടിയ ചേന്നാട്ട് കൊച്ചുണ്ണി മേനോന്‍ ആശാന്‍. പഠിച്ചു തുടങ്ങുന്നതിന് മുന്‍പ് നാല് ശിഷ്യന്മാരെക്കൊണ്ടും ഗുരു ഒരു സത്യം ചെയ്യിപ്പിച്ചു. ചികിത്സയ്ക്കായി ആരില്‍നിന്നും പ്രതിഫലം വാങ്ങില്ലെന്ന്. എന്നാല്‍, രാജകുമാരനെ അങ്ങനെമാത്രം പ്രതിജ്ഞ ചെയ്യിച്ചാല്‍ പോര എന്ന് കൊക്കരെ നമ്പൂതിരിക്കു തോന്നി. ആര് വന്ന് എപ്പോള്‍ ആവശ്യപ്പെട്ടാലും ചികിത്സിച്ചോളാം എന്നാണ് തമ്പുരാനെക്കൊണ്ട് ചെയ്യിച്ച അധികപ്രതിജ്ഞ. അതദ്ദേഹം എക്കാലവും പാലിച്ചിരുന്നുവെന്ന് തൃപ്പൂണിത്തുറയിലെ പഴമക്കാരൊക്കെ വാചാലതയോടെ പറയും. രണ്ട് നേരം മാത്രം ഭക്ഷണം കഴിച്ചിരുന്ന മിടുക്കന്‍ തമ്പുരാന്‍ ഒരിക്കല്‍ ഊണ് കഴിക്കാനിരിക്കെയാണ് ഒരു രോഗി വന്നത്. ഉടനെ എഴുന്നേറ്റ അദ്ദേഹം പിന്നെ അന്ന് ഭക്ഷണം കഴിച്ചില്ലത്രേ. 
പൊതുവെ ആരോഗ്യം കുറഞ്ഞ ഒരാളായിരുന്നു മിടുക്കന്‍ തമ്പുരാന്‍. അതുകൊണ്ട് കഞ്ഞിയുള്‍പ്പെടെ പഥ്യമായ ഭക്ഷണക്രമമായിരുന്നു, അദ്ദേഹത്തിന്റേത്. അന്തര്‍മുഖനും മിതഭാഷിയുമായ തമ്പുരാന്റെ പെരുമാറ്റം പരുക്കനായിത്തന്നെ പലര്‍ക്കും തോന്നിയിരുന്നു. പക്ഷേ, രോഗികളോടും വൈദ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരുന്നവരോടും അദ്ദേഹം സ്‌നേഹപൂര്‍വ്വം പെരുമാറിയിരുന്നു. 
പുത്തേഴത്ത് രാമമേനോന്‍ 'ശക്തന്‍ തമ്പുരാന്‍' എഴുതിത്തീര്‍ന്നപ്പോഴേക്കും ആ ദൗത്യം ഏല്പിച്ച മഹാരാജാവ് രാമവര്‍മ്മ കുഞ്ഞുണ്ണിത്തമ്പുരാന്‍ ദിവംഗതനായിരുന്നു.4 അതുകൊണ്ട് മേനോന്‍ നേരിട്ടുവന്ന് പുസ്തകം സമര്‍പ്പിച്ചത് മിടുക്കന്‍ തമ്പുരാന്റെ സമക്ഷത്തിലായിരുന്നു. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ തമ്പുരാന്‍ വാക്കുകൊണ്ടോ മുഖംകൊണ്ടോ ഒന്നും ഉരിയാടാതിരുന്നത് രാമമേനോനെ അങ്ങേയറ്റം നിരാശാഭരിതനാക്കി. 
സഫലമായ ഒരു കുടുംബജീവിതമായിരുന്നു, മിടുക്കന്‍ തമ്പുരാന്റേത്. തൃശൂര്‍ വടക്കേ കരിമ്പറ്റത്തറവാട്ടിലെ ലക്ഷ്മിക്കുട്ടിയായിരുന്നു, അദ്ദേഹത്തിന്റെ നേത്യാരമ്മ. സാമൂഹിക-സാമുദായികരംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ഇംഗ്ലീഷും മലയാളവും നന്നായി കൈകാര്യം ചെയ്തിരുന്നു. അതുകൊണ്ട് പല പരിപാടികള്‍ക്കും സംഘടനകള്‍ ഇവരെ താല്പര്യപ്പെട്ട് ക്ഷണിച്ചിരുന്നു. തമ്പുരാന്‍ ചില പരിപാടികള്‍ക്കു പോകാതെ ആ ദൗത്യം നേത്യാരമ്മയെ ഏല്പിച്ചിരുന്നു. എറണാകുളത്തെ വിമന്‍സ് അസോസിയേഷന്‍ കേന്ദ്രീകരിച്ച് ഇവര്‍ പല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. മിടുക്കന്‍ തമ്പുരാന്‍, ഇളയരാജാവായ കാലം (1932) തൊട്ടേ ഇവര്‍ ശ്രദ്ധേയയായി. സ്ത്രീകളുടെ പൊതുസ്വഭാവമായ നേരം കൊല്ലാനുള്ള വര്‍ത്തമാനം പറച്ചിലിനോട് നേത്യാരമ്മയ്ക്ക് പുച്ഛമായിരുന്നു. ഹിന്ദി പ്രചാരസഭ, സാഹിത്യപരിഷത്ത് തുടങ്ങിയവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഗൈഡ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. മഹാറാണി ചമഞ്ഞിരിക്കാതെ എല്ലാവരോടും ഇടപഴകുന്ന സമീപനമായിരുന്നു നേത്യാരമ്മയ്ക്ക്. അതുകൊണ്ട് കോവിലകം എപ്പോഴും അതിഥികളെക്കൊണ്ട് സജീവമായിരുന്നു. ഹരികഥാപ്രസംഗം, സംഗീതസദസ്സുകള്‍ തുടങ്ങിയവയ്ക്ക് സ്ഥിരം വേദിയായി, കൊട്ടാരം. സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെയും അല്ലാതെയും തുന്നലും തുണിയിലുള്ള ചിത്രപ്പണികളും അവര്‍ സ്ത്രീകളിലും പെണ്‍കുട്ടികളിലും പ്രചരിപ്പിച്ചു. നേത്യാരമ്മയുടെ താല്പര്യം കണ്ട് അന്നത്തെ രാജാവ് ഈ വിഷയങ്ങള്‍ സ്‌കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ഭര്‍ത്താവില്‍നിന്നും അത്യാവശ്യം സംസ്‌കൃതവും വൈദ്യവുമെല്ലാം അവര്‍ പഠിച്ചു. മിടുക്കന്‍ തമ്പുരാന്റെ ഭരണകാലത്ത് നേത്യാരമ്മയുടെ പ്രേരണയാല്‍ രാജകുടുംബാംഗങ്ങള്‍ക്ക് സംഗീതവും സുകുമാരകലകളും പഠിക്കാന്‍ തുടങ്ങിയ സംരംഭമാണ്, പ്രശസ്ത സംഗീതകലാലയമായ ആര്‍.എല്‍.വി. കോളേജ് ആയി മാറിയത്. പിന്നീട് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് അടക്കം പലരും ഇവിടെനിന്നും പഠിച്ചിറങ്ങി. എറണാകുളം മഹിളാ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച പി.കെ. ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ ഷഷ്ടിപൂര്‍ത്തി സോവനീറില്‍ മഹാകവി ഉള്ളൂരിന്റേയും ജി. ശങ്കരക്കുറുപ്പിന്റേയും അടക്കം പലരുടേയും ആശംസകളും കുറിപ്പുകളും കാണാന്‍ കഴിയും. 
ലാളിത്യമായിരുന്നു മിടുക്കന്‍ തമ്പുരാന്റെ മുഖമുദ്ര. അധികാരകേന്ദ്രവും രമ്യഹര്‍മ്മ്യവുമായ ഹില്‍പ്പാലസിലേക്ക് അദ്ദേഹം പോയതുപോലുമില്ല. സ്വന്തം കോവിലകത്തുതന്നെ താമസിച്ചുകൊണ്ട് അത്യാവശ്യമുള്ള ഫയലുകള്‍ വരുത്തുകയായിരുന്നു, പതിവ്. ആഢ്യത്വത്തിനനുസരിച്ച് കുറച്ചൊക്കെ ആഡംബരമെല്ലാം ആകാം എന്നായിരുന്നു, നേത്യാരമ്മയുടെ നിലപാട്. ഇത് തമ്പുരാനുമായി ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ക്ക് ഇടവരുത്തി. തിമിരത്തിന്റെ അസുഖമുണ്ടായിരുന്ന തമ്പുരാന് കണ്ണിലൊഴിക്കാന്‍ എന്നും മുലപ്പാല്‍ വേണമായിരുന്നു. നിറയെ കോവിലകമുണ്ടായിരുന്നതിനാല്‍ പ്രസവിച്ച സ്ത്രീകള്‍ എന്നും എവിടെയെങ്കിലും ഉണ്ടാകും. ഗോകര്‍ണം കൊടുത്തുവിടേണ്ട കാര്യമേ ഉള്ളൂ. ഓടുകൊണ്ടുള്ളത് പോരാ. രാജാവിനുള്ളതാകുമ്പോള്‍ വെള്ളികൊണ്ടുള്ള ഗോകര്‍ണം വേണമെന്ന് നേത്യാരമ്മ. വെള്ളി ഗോകര്‍ണം ഉപയോഗിച്ച് കുറച്ച് ദിവസമേ ആയുള്ളൂ, അത് കളവ് പോയി. തമ്പുരാന്‍ ഇതുപറഞ്ഞ് ലക്ഷ്മിക്കുട്ടിയെ കുറ്റപ്പെടുത്തി. താമസിക്കുന്ന കോവിലകത്തെ അറ്റകുറ്റപ്പണികള്‍ക്ക് മാവിന്‍തടി മതിയെന്ന് തമ്പുരാന്‍ നിര്‍ദ്ദേശിക്കും. ''തമ്പുരാന്‍ അതൊക്കെ പറയും തേക്ക് തന്നെ വേണം, കേട്ടോ'' എന്ന് ഓവര്‍സിയര്‍ ഈച്ചരവാരിയരോട് നേത്യാരമ്മയുടെ കല്പന. സാമൂഹികാചാരം സൃഷ്ടിച്ച തൊട്ടുകൂട്ടായ്മകള്‍ പരിഗണിച്ച് നേത്യാരമ്മയും കുട്ടികളും താഴത്തെ നിലയിലും തമ്പുരാന്‍ മാളികയിലും ആയിരുന്നു താമസം.
ഒരു പുത്രിയടക്കം അഞ്ചുമക്കളായിരുന്നു, തമ്പുരാനും നേത്യാരമ്മയ്ക്കും. പഠിപ്പും പദവിയുംകൊണ്ട് എല്ലാവരും തന്നെ ഉയര്‍ന്ന നിലയിലെത്തി. മൂത്ത പുത്രന്‍ വി.കെ. കൃഷ്ണമേനോന്‍ ഇംഗ്ലണ്ടില്‍ പോയി നിയമം പഠിച്ചു വന്ന് എറണാകുളത്ത് അഭിഭാഷകവൃത്തിയായിരുന്നു. ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് രാജിവെച്ച് പ്രാക്ടീസ് തുടരുകയാണ് ചെയ്തത്. രണ്ടാമത്തെ പുത്രന്‍ മദിരാശിയില്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ച് എല്‍.എം.എസ്. ബിരുദം നേടി. ഡോ. ഗിരിജ വല്ലഭമേനോന്‍ (1955) എന്ന അദ്ദേഹം പിതാവില്‍നിന്നും പഠിച്ച ആയുര്‍വ്വേദമാണ് കൈകാര്യം ചെയ്തത്. കൊച്ചിയില്‍ ആയുര്‍വ്വേദ ഡയറക്ടറായി ഇരുന്ന് പിന്നീട് തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വ്വേദ കോളേജിന്റെ പ്രിന്‍സിപ്പലായി. നഗരമധ്യത്തിലുള്ള കോളേജിന്റെ ഇന്ന് കാണുന്ന കെട്ടിടസമുച്ചയം ഡോ. മേനോന്റെ  മേല്‍നോട്ടത്തിലാണ് പണിതത്. അന്നത്തെ മുഖ്യമന്ത്രി സി. കേശവനേയും  ആരോഗ്യമന്ത്രി ചന്ദ്രശേഖരന്‍ പിള്ളയേയും സ്വാധീനിച്ച് ആയുര്‍വ്വേദത്തിന്  പല കാര്യങ്ങളും നേടിയെടുത്തു. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ ആയുര്‍വ്വേദത്തില്‍ ഡിഗ്രി തുടങ്ങുന്നതിന് പുറകിലും ഡോ. മേനോന്റെ പരിശ്രമങ്ങളുണ്ടായി. ആള്‍ ഇന്ത്യ ആയുര്‍വ്വേദ കോണ്‍ഗ്രസ്സിന്റെ നാല്‍പ്പതാമത്തെ വാര്‍ഷികസമ്മേളനം തിരുവനന്തപുരം ആയുര്‍വ്വേദ കോളേജില്‍ കൂടുന്നതിനുള്ള  ഉത്സാഹത്തിനിടയിലുണ്ടായ ഡോ. മേനോന്റെ  മരണം സഹപ്രവര്‍ത്തകരിലുണ്ടാക്കിയ ദു:ഖം കുറച്ചൊന്നുമായിരുന്നില്ല. 
വി.കെ. രഘുനന്ദനമേനോന്‍ (1908-1952) എന്ന മറ്റൊരു പുത്രന്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ലണ്ടനില്‍ ഐ.സി.എസ്. നേടാന്‍ പോയെങ്കിലും തിരിച്ചുവന്നത് ഭൗതികശാസ്ത്രത്തില്‍ എം.എസ്.സി. ബിരുദം കൊണ്ടായിരുന്നു. 1934-ല്‍ മഹാരാജാസ് കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. പിതാവ് മഹാരാജാവായപ്പോള്‍ മകന്‍ സാര്‍വാധികാര്യക്കാരായി നിയമിതനായി. മിടുക്കന്‍ തമ്പുരാന്റെ നിര്യാണശേഷം പഞ്ചായത്ത് വകുപ്പിന്റെ ഡയറക്ടറായി. 1949-ല്‍ തിരുവിതാംകൂറും കൊച്ചിയും യോജിച്ചപ്പോള്‍ തിരു-കൊച്ചിയുടെ ഭക്ഷ്യവിതരണ ഡയറക്ടറായിത്തീര്‍ന്നു. ഒരു ബഹുമുഖപ്രതിഭ തന്നെയായിരുന്നു, മേനോന്‍- ചരിത്രം, സംഗീതം, ശാസ്ത്രം... ഇദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധിയാണ്. ദൗര്‍ഭാഗ്യവശാല്‍ സര്‍വ്വീസിലിരിക്കെ ഔദ്യോഗികമായ യാത്രയ്ക്കിടയില്‍ വിമാനാപകടത്തില്‍പ്പെട്ട് ദിവംഗതനായി. വിവിധ ഗവേഷണപത്രികകളില്‍ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ ചരിത്രലേഖനങ്ങള്‍ കണ്ടെടുത്തവ പുത്രിമാര്‍ ചേര്‍ന്ന് 2005-ല്‍ History of Medieval Kerala എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
വി.കെ. സുകുമാരമേനോന്‍ എന്ന പുത്രന്‍ ബിരുദപഠനത്തിനുശേഷം കൊച്ചി പൊലീസില്‍ ചേര്‍ന്നു. പുത്രി രാധ സംഗീതം പഠിച്ചിരുന്നു. ഈ പുത്രിയുടേയും അമ്മയുടേയും പേരിലാണ് ആര്‍.എല്‍.വി. (രാധാലക്ഷ്മി വിലാസം) കോളേജ്.
വിഷവൈദ്യം പഠിച്ചത് അവനവനില്‍ത്തന്നെ ഒതുക്കിനിര്‍ത്താതെ കുടുംബത്തില്‍ താല്പര്യമുള്ളവരേയും മിടുക്കന്‍ തമ്പുരാന്‍ പഠിപ്പിച്ചു. സ്വന്തം മരുമകനായ കേരള വര്‍മ്മത്തമ്പുരാന്‍ (1911-1955), മറ്റൊരു മരുമകനായ കൊച്ചുണ്ണിത്തമ്പുരാന്‍ (1897-1937) (എഴുത്തുകാരും സാഹിത്യപ്രവര്‍ത്തനുമായിരുന്ന കൈരളീവിധേയന്‍ അപ്പന്‍ തമ്പുരാന്റെ ജ്യേഷ്ഠന്‍) എന്നിവരായിരുന്നു തമ്പുരാന്റെ പ്രധാന ശിഷ്യന്മാര്‍. ചികിത്സാജ്ഞാനം സമൂഹത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാനായി വിഷചികിത്സയില്‍ കോഴ്സുകള്‍ നടത്താനും ഇളയരാജാവായിരിക്കെ മിടുക്കന്‍ തമ്പുരാന്‍ കൊച്ചി സര്‍ക്കാരിനെ പ്രേരിപ്പിച്ചു. മാത്രമല്ല, ഒരു വര്‍ഷം നീണ്ടുനിന്ന ഈ കോഴ്സിന് നേരിട്ട് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഇന്നത്തെ തൃശൂര്‍ ജില്ലാ ആയുര്‍വ്വേദാശുപത്രിയായിരുന്നു പഠനകേന്ദ്രം. അന്ന് സ്ഥാപനത്തിന്റെ പേര് രാമവര്‍മ്മ സെന്‍ട്രല്‍ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ എന്നായിരുന്നു. സാമാന്യ ചികിത്സയ്ക്ക് പുറമേ വിഷചികിത്സയ്ക്ക്  ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക വിഭാഗമുണ്ടായിരുന്നു ഈ ആശുപത്രിയില്‍.  അത് പഠനത്തിന് സൗകര്യമായി. അന്നത്തെ സര്‍ട്ടിഫിക്കറ്റില്‍ കോഴ്സ് ഇളയരാജാവിന്റെ മേല്‍നോട്ടത്തിലാണെന്ന് സൂചിപ്പിച്ചുകാണാം. ഒപ്പിട്ടിരിക്കുന്നത് പുത്രന്‍ ആയുര്‍വ്വേദ ഡയറക്ടര്‍ ഡോ. ഗിരിജാ വല്ലഭമേനോനും.
കൊച്ചി ഭാഷാ പരിഷ്‌ക്കരണക്കമ്മിറ്റി5യെക്കൊണ്ട് വിഷചികിത്സാഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിപ്പിക്കുന്നതിലും മിടുക്കന്‍ തമ്പുരാന്‍ മുന്‍കയ്യെടുത്തു. അഷ്ടാംഗഹൃദയത്തിന് പുറമേ ഹരമേഖലം ഉഢ്ഢീശം തുടങ്ങി ആറോളം ഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് കേരളീയ വിഷചികിത്സ. ഇതില്‍ പലതും രഹസ്യമാക്കി വെക്കാനുള്ള പ്രവണതകൊണ്ടോ എന്തോ പണ്ടേ ദുര്‍ലഭമായിക്കഴിഞ്ഞിരുന്നു. സംസ്‌കൃതത്തിലായതുകൊണ്ട് വേണ്ടത്ര പ്രചാരം ലഭിക്കാത്തതും ഒരു പ്രശ്‌നമായിരുന്നിട്ടുണ്ടാകാം. ലക്ഷണാമൃതം എന്ന വിഷചികിത്സാഗ്രന്ഥം കവിതിലകന്‍ ഒടുവില്‍ ശങ്കരന്‍കുട്ടി മേനോനെക്കൊണ്ട് മിടുക്കന്‍ തമ്പുരാന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യിച്ചു (1939). മൂലഗ്രന്ഥം തന്ന്, സംശയമുള്ള ഭാഗങ്ങളില്‍ വ്യക്തത വരുത്തിയതും തമ്പുരാനാണെന്ന് മേനോന്‍ അവതാരികയില്‍ പറയുന്നു. മാത്രമല്ല, പ്രസിദ്ധീകരിക്കാനുള്ള പണവും തമ്പുരാന്‍ കൊടുത്തു. ആദ്യശ്ലോകങ്ങളില്‍ ഈ കൃതജ്ഞത പ്രകടിപ്പിച്ചും കാണാം.
    ശ്രീമാനാം യുവമാടഭൂപതി സദാ 
        സത്തുക്കളാല്‍ പൂജിതന്‍
    സാമാന്യാധികവൈദ്യശാസ്ത്രകുശലന്‍
        സര്‍വ്വജ്ഞനെന്‍ തമ്പുരാന്‍
    ഈ മന്നില്‍ സകലര്‍ക്കുമൊപ്പമുപകാ-
        രാര്‍ത്ഥം നിയോഗിക്കയാ-
    ലീ മട്ടില്‍ കവനങ്ങളാക്കിടുവതി-
        ന്നീ ഞാന്‍ തുടങ്ങുന്നിതാ.
(യുവമാടഭൂപതി = കൊച്ചി ഇളയ രാജാവ്)
ഇന്ത്യയില്‍ത്തന്നെ പൊതുമേഖലയിലെ ഏറ്റവും വലിയ ആയുര്‍വ്വേദ ഔഷധനിര്‍മ്മാണക്കമ്പനിയാണ് ഔഷധി. ഇതിന്റെ തുടക്കവും (1941) മിടുക്കന്‍ തമ്പുരാന്റേതുതന്നെ. പിന്നീടെപ്പോഴോ ഇത് സഹകരണസ്ഥാപനമായി മാറി. കുറച്ചുകാലശേഷം വീണ്ടും സര്‍ക്കാര്‍ ഉടമസ്ഥതയിലെത്തി. ഇതിന്റെ കൃത്യമായ ഒരു ചരിത്രപശ്ചാത്തലം ലഭ്യമായില്ല.
അഷ്ടാംഗഹൃദയത്തിന്റെ വാക്യപ്രദീപിക എന്ന സംസ്‌കൃതവ്യാഖ്യാനം പുറത്തിറക്കിയതില്‍ (1933) മിടുക്കന്‍ തമ്പുരാന്റെ ഇംഗ്ലീഷിലുള്ള  അവതാരിക കാണാം. തൃക്കോവില്‍ അച്യുതവാരിയരും സ്വന്തം ശിഷ്യനാണെന്ന കാര്യം അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിഷവൈദ്യപ്രവേശിക എന്ന പേരില്‍ ഒരു ലഘുലേഖ തയ്യാറാക്കിയത് പൊതുജനങ്ങള്‍ക്കും സ്‌കൗട്ട് വിദ്യാര്‍ത്ഥികള്‍ക്കുമായി  വിതരണം ചെയ്തതും തമ്പുരാന്റെ ഒരു പ്രധാന പ്രവര്‍ത്തനമായിരുന്നു. പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷയെപ്പറ്റി ബോധവല്‍ക്കരണത്തിന് ഇത് സഹായകമായി.
സര്‍പ്പദംശമെന്നത് ആകസ്മികവും ആശങ്കയുളവാക്കുന്നതുമായ ഒന്നാണ്. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍6 പോലും കൊച്ചിയില്‍ ഇറക്കിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ മനോധൈര്യമുണ്ടാക്കാന്‍ മന്ത്രങ്ങളും ചികിത്സയോടൊപ്പം ഉപയോഗിച്ചിരുന്നു. എന്നാല്‍, മന്ത്രപ്രയോഗങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും അതുപയോഗിച്ചവര്‍ക്ക് അറിയാമായിരുന്നു. കേരളത്തിലെ വിഷചികിത്സയില്‍ കാരാട്ടു നമ്പൂതിരിയുടെ ശൈലിയില്‍ മന്ത്രങ്ങള്‍ക്കായിരുന്നു പ്രാധാന്യം. മിടുക്കന്‍ തമ്പുരാന്റെ ഗുരു കൊക്കരെ ഔഷധപ്രയോഗങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തിരുന്നത്. അല്പസ്വല്പം മന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. മിടുക്കന്‍ തമ്പുരാനും ഈ ശൈലിതന്നെ തുടര്‍ന്നുപോന്നു. അജ്ഞേയതയും ആകാംക്ഷയും മുറ്റിനിന്ന ഒരു മേഖലയായതുകൊണ്ട് കാര്യങ്ങളെ മുന്‍കൂട്ടി ഊഹിക്കാന്‍ ശകുനങ്ങളെ ഉപയോഗിച്ചിരുന്നു. വിഷചികിത്സാഗ്രന്ഥങ്ങളിലും ഇത് വിവരിച്ചുകാണാം. ഇപ്പോഴത്തെ ചിന്താഗതിക്ക് അവിശ്വസനീയമായി തോന്നാവുന്നതാണ്, ഇക്കാര്യം. എന്നാല്‍, ധാരാളം കേട്ടുകേള്‍വി ശകുനത്തെ സാധൂകരിക്കുന്നതായിട്ടുണ്ട്. തമ്പുരാന്‍ ശകുനങ്ങളെ ആശ്രയിച്ച് ഇന്ന് രാത്രി എത്ര വിഷം ബാധിച്ചവര്‍ വരുമെന്നും എത്രപേര്‍ സുഖപ്പെട്ടുപോകുമെന്നും മുന്‍കൂട്ടി പറഞ്ഞിരുന്നുവത്രേ ''പടിവാതില്‍ അടക്കേണ്ട. ഇനി ഒന്നുകൂടി വരും.'' ഒരിക്കല്‍ ''വേറിട്ട് ഒരെണ്ണം വരും.'' എന്നദ്ദേഹം പറഞ്ഞപ്പോള്‍ കുറച്ചുകഴിഞ്ഞ് വന്നത് ശരീരവും ആത്മാവും വേറിട്ട (മരണം സംഭവിച്ചു കഴിഞ്ഞ) ഒരു വിഷബാധിതനത്രേ. 
തൃപ്പൂണിത്തുറ കിഴക്കേക്കോട്ട വാതില്‍ക്കലുള്ള ആയുര്‍വ്വേദാശുപത്രി അന്നത്തെ ഇളയരാജാവിന്റെ (മിടുക്കന്‍ തമ്പുരാന്റെ) താല്പര്യത്തില്‍ കൊച്ചിസര്‍ക്കാര്‍ തുടങ്ങിയതാണ്. 1940-കളിലാകണം സ്ഥാപിതമായത്. വിഷചികിത്സയ്ക്കു വേണ്ടിയുള്ള കേന്ദ്രമായിരുന്നു അത്. മരുന്നുപുര കൂടാതെ ജലധാരയും മറ്റും ചെയ്യാന്‍ സൗകര്യപ്രദമായ രീതിയില്‍ പ്രത്യേകമായൊരു കിണര്‍ എന്നിവയുമുണ്ടായിരുന്നു. വിഷചികിത്സയ്ക്ക് ആവശ്യമായ ഔഷധസസ്യങ്ങളും നട്ടുവളര്‍ത്തിയിരുന്നു. പിന്നീട് നാട്ടുചികിത്സാവകുപ്പിന്റെ കീഴിലായ ആശുപത്രി 1965-ല്‍ ഗവണ്‍മെന്റ് ആയുര്‍വ്വേദ കോളേജിനു കൈമാറി. ചികിത്സയ്ക്കുള്ള സൗകര്യം നിലനിര്‍ത്തിക്കൊണ്ടേ സ്ഥലം മറ്റെന്തിനും വിനിയോഗിക്കാവൂ എന്ന് രാജാവിന്റെ നിര്‍ദ്ദേശങ്ങളുള്ളതായി കേള്‍ക്കുന്നുണ്ട്. ഇന്നവിടെ കേരള ആരോഗ്യസര്‍വ്വകലാശാലയുടെ ആയുര്‍വ്വേദ ഗവേഷണകേന്ദ്രം ഉയര്‍ന്നുവരുന്നു. വിഷചികിത്സയ്ക്കുവേണ്ടി അന്നു നട്ട അങ്കോലങ്ങള്‍ ഇന്നവിടെ വൃക്ഷങ്ങളായി  നില്‍ക്കുന്നത് കാണാം.
തമ്പുരാന്റെ ചികിത്സാരീതികളില്‍ ചിലത്, നേരത്തെ സൂചിപ്പിച്ച പുത്രന്‍ രഘുനന്ദനമേനോന്റെ പുസ്തകത്തില്‍ ഉദ്ധരിച്ചു കാണുന്നു. പുസ്തകത്തിലെ പതിനെട്ടാമധ്യായം 'Poisonous Snakes of  Malabar' സ്‌കൗട്ട് വിദ്യാര്‍ത്ഥികള്‍ക്കായി എഴുതിയതാണ്. പാമ്പുകളുടെ ജന്തുശാസ്ത്രപരമായ വിവരണങ്ങള്‍ക്കൊപ്പം വിഷചികിത്സയില്‍ ആയുര്‍വ്വേദത്തിന്റേയും അലോപ്പതിയുടേയും സമീപനങ്ങളെ താരതമ്യപ്പെടുത്തുന്നുമുണ്ട്. ശമനത്തെ ലക്ഷ്യമാക്കിയുള്ള  മരുന്നുകള്‍ക്കു പുറമേ ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള ചികിത്സകളും മേനോന്‍ എടുത്ത് ഉദാഹരിക്കുന്നു. ഈ പ്രയോഗങ്ങള്‍ ഇളയരാജാവിന്റേതാണെന്നും സൂചിപ്പിച്ചിട്ടുണ്ട്.
മറ്റു രാജാക്കന്‍മാരെ അപേക്ഷിച്ച് പല കാര്യങ്ങളിലും ഉദാസീനനായിരുന്നു, മിടുക്കന്‍ തമ്പുരാന്‍. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വല്ലപ്പോഴും മാത്രമാണ് ദര്‍ശനം നടത്തിയിരുന്നത്. ഉത്സവത്തിനും അങ്ങനെ തന്നെ. 'തിരുമുമ്പില്‍' 7മേളത്തിനും അദ്ദേഹം എഴുന്നള്ളിയിരുന്നില്ല. താടി വടിക്കല്‍ കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം. കൊച്ചി അഞ്ചലിന്റെ സ്റ്റാമ്പിനും മുദ്രപത്രത്തിനും വേണ്ടി ഫോട്ടോ എടുക്കാന്‍ ചെറിയാന്‍ എന്ന ഫോട്ടോഗ്രാഫര്‍ താടി വടിക്കുന്ന കാര്യം വിനീതനായി ഓര്‍മ്മിപ്പിച്ചു. തമ്പുരാന്‍ കുറച്ചൊന്നു ക്ഷുഭിതനായി. അങ്ങനെ കൊച്ചിയുടെ മുദ്രപത്രത്തിലും സ്റ്റാമ്പിലും വന്ന താടിവെച്ച ഏക രാജാവായിത്തീര്‍ന്നു മിടുക്കന്‍ തമ്പുരാന്‍.
ബന്ധങ്ങളില്‍ ആര്‍ദ്രത പുലര്‍ത്തിയിരുന്ന ഒരു മനുഷ്യന്‍ കൂടിയായിരുന്നു മിടുക്കന്‍ തമ്പുരാന്‍. മഹാരാജാവായാല്‍ മറ്റുള്ളവരോട് ഇടപഴകുന്നതില്‍ നിയന്ത്രണം വരുമല്ലോ. മക്കള്‍ ഓടിവന്ന് തൊട്ടാലും അശുദ്ധമായി. ഇങ്ങനെയൊന്നുണ്ടായാല്‍ അത് മറച്ചുവെയ്ക്കാനാണ് അദ്ദേഹം ശ്രമിക്കാറ്. സ്വന്തം അച്ഛന്‍ 'മുഖം കാണിക്കാന്‍' വരുന്ന ദിവസം തമ്പുരാന്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടത്രേ. ഏറെക്കുറേ ഒരേസമയത്താണ് തമ്പുരാനും നേത്യാരമ്മയും രോഗശയ്യയിലായത്. ആദ്യം ദിവംഗതനായത് രാജാവ് തന്നെ (1943-ല്‍ ഒക്ടോബര്‍ 23). നേത്യാമ്മയെ വിവരം അറിയിച്ചില്ല. അഞ്ചാം ദിവസം അവരും ഭര്‍ത്താവിനെ അനുഗമിച്ചു. 
ഇളയരാജാവ് എന്ന സ്ഥാനം അനൗദ്യോഗികമായ ഒന്നാണെങ്കിലും മിടുക്കന്‍ തമ്പുരാന്‍ ആ  പദവി വളരെ സാര്‍ത്ഥകമായി വിനിയോഗിച്ചു. ആയുര്‍വ്വേദത്തിന്റേയും വിഷചികിത്സയുടേയും പ്രോത്സാഹനത്തിന് ആവുന്നതെല്ലാം ഈ ഘട്ടത്തിലും തുടര്‍ന്നും ചെയ്തു. ദുരിതത്തിന്റെ കാലത്ത് കഷ്ടപ്പാട് ജനങ്ങളോടൊപ്പം പങ്കിട്ടു. ലളിതജീവിതവും സേവനതല്പരതയും ആ വ്യക്തിത്വത്തെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു.

കുറിപ്പുകളും കടപ്പാടും
1. ബുദ്ധദാസരാജാവ് എ.ഡി. 341-370 കാലത്ത് അനുരാധപുര കേന്ദ്രമാക്കി ശ്രീലങ്ക ഭരിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സാമികവും ഭൂതദയയും സംബന്ധിച്ച് ധാരാളം കഥകളുണ്ട്. ഒരിക്കല്‍ ആനപ്പുറത്ത് പോകവെ, രോഗബാധിതനായ ഒരു പാമ്പിനെക്കണ്ട് രാജാവ് താഴെയിറങ്ങി. പരിശോധിച്ചപ്പോള്‍ ഉദരത്തിലാണ് രോഗം. ശസ്ത്രക്രിയ വേണ്ടിവരും. അതിനിടെ പാമ്പ് കടിച്ചാലോ? ആ ജന്തു സ്വയം നിശ്ചയിച്ചതനുസരിച്ച് തല ഒരു ഉറുമ്പിന്‍ക്കൂട്ടിലിട്ട് കിടന്നു. ശസ്ത്രക്രിയകൊണ്ട് രോഗം സുഖമായി.
2. 1935-1941 കാലത്ത് കൊച്ചി ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടി (1892-1953) പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യമന്ത്രിയായി. ബ്രിട്ടീഷനുകൂലിയായിട്ടുകൂടി എതിര്‍പ്പുകളെ അവഗണിച്ച് ജവഹര്‍ലാല്‍ നെഹ്റു ഇദ്ദേഹത്തെ മന്ത്രിസഭയിലെടുത്തു. ആദ്യ ബജറ്റ് അവതരിപ്പിച്ച ശേഷമാണ്, കോയമ്പത്തൂരിലെ ചില മില്ലുടമകള്‍ക്ക് ചെയ്തുകൊടുത്ത സൗജന്യങ്ങളുടെ പേരില്‍ രാജിവെയ്‌ക്കേണ്ടിവന്നത്. തുടര്‍ന്നാണ് മലയാളിയായ റെയില്‍വേമന്ത്രി ജോണ്‍ മത്തായി (1866 - 1959) ധനകാര്യമന്ത്രിയാകുന്നത്. 
3. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നേവി ഈ ബങ്കറുകള്‍ പൊളിച്ചുമാറ്റാന്‍ ശ്രമിച്ചു. അത് ദുഷ്‌കരമെന്ന് ബോധ്യപ്പെട്ടതോടെയാണ് ഒരു മ്യൂസിയമാക്കാന്‍ തീരുമാനിച്ചത്. ഇതാണ് കൊച്ചിയിലുള്ള ഇന്ത്യന്‍ നേവല്‍ മാരിടൈം മ്യൂസിയം.
4. പുത്തേഴത്ത് രാമന്‍ മേനോന്‍ (1891 - 1973) കൊച്ചി രാജ്യത്ത് ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിച്ചിരുന്ന മേനോന്‍, ജില്ല, ഹൈക്കോടതി ജഡ്ജിയുമായിരുന്നിട്ടുണ്ട്. ചരിത്രവും സാഹിത്യവുമായി ബന്ധപ്പെട്ട കൃതികള്‍ക്ക് പുറമെ ടാഗോറിന്റെ കൃതികള്‍ വിവര്‍ത്തനവും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായിരുന്നിട്ടുണ്ട്.
5. കൊച്ചി ഭാഷാപരിഷ്‌കരണക്കമ്മിറ്റി 1913-ല്‍ മലയാള ഭാഷയുടെ ഉന്നമനത്തിനായി സ്ഥാപിതമായി. പുസ്തകപ്രസിദ്ധീകരണം, നല്ല ഗ്രന്ഥങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു, പ്രധാന പ്രവര്‍ത്തനങ്ങള്‍. ഉള്ളൂര്‍, അപ്പന്‍ തമ്പുരാന്‍, മഹാകവി ജി. എന്നിവരൊക്കെ ഇതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്ലാസ്സിക് കൃതികള്‍ പണ്ഡിതന്മാരെക്കൊണ്ട് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. 1940 വരെ കമ്മിറ്റി നിലനിന്നു. സാഹിത്യ അക്കാദമി രൂപീകരിച്ചപ്പോള്‍ അതില്‍ ലയിച്ചു.
6. 1048 തുലാം 16 (1873) കൊച്ചി ഗസറ്റില്‍ 'പാമ്പുകടിച്ചാല്‍ ചികിത്സിക്കേണ്ടുന്ന ക്രമങ്ങളുടെ ചുരുക്കം' നല്‍കിയിട്ടുണ്ട്. ഇത് പൊലീസ് സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.
7. തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തിലെ ഉത്സവമേളം നേരിട്ട് ആസ്വദിക്കാന്‍ രാജകുടുംബാംഗങ്ങള്‍ക്ക് വന്നിരിക്കാന്‍ അമ്പലത്തിന്റെ നാലമ്പലത്തില്‍ ഒരു മട്ടുപ്പാവുണ്ട്. ഇതില്‍ രാജാവിരിക്കുന്ന ഭാഗത്തെത്തുമ്പോള്‍ മേളക്കാര്‍ ഏറ്റവും ശ്രദ്ധാപൂര്‍വ്വം കൊട്ടിയിരുന്നു. ഇതാണ് 'തിരുമുമ്പില്‍ മേളം' അവിടെ വെച്ച് പഞ്ചാരിമേളം അഞ്ചാം കൊട്ടിത്തീര്‍ത്ത് പിന്നെ അടന്തയും കൊട്ടി, ചെമ്പടയോടെ നടപ്പുരയിലെത്തുന്നു.

വാമൊഴികള്‍:
ശ്രീമതി ഉഷാ വര്‍മ്മ (മിടുക്കന്‍ തമ്പുരാന്റെ മൂത്ത പുത്രന്‍ കെ.വി.കെ. മേനോന്റെ പുത്രി), ഡോ. കൊച്ചവര്‍മ്മ (കൊച്ചി രാജകുടുംബാംഗം, കൊച്ചി റോയല്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ മുഖ്യ സംഘാടകന്‍), അമ്മിണി രാമചന്ദ്രന്‍ (മിടുക്കന്‍ തമ്പുരാന്റെ മൂന്നാമത്തെ പുത്രന്‍  കെ.വി.ആര്‍. മേനോന്റെ പുത്രി), രവി അച്ചന്‍ (മന്ത്രികുടുംബാംഗമായ പാലിയത്തെ കൊച്ചുകുട്ടി കുഞ്ഞമ്മയുടേയും രാജകുടുംബാംഗമായ രാമവര്‍മ്മ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേയും പുത്രന്‍; തൃപ്പൂണിത്തുറപ്പഴമയുടെ വക്താവ്), ഇളമന ഹരി (1922 - 2015) (ഒടുവിലത്തെ കൊച്ചിരാജാവായ പരീക്ഷത്ത് തമ്പുരാന്റെ കാലത്ത് ഹില്‍പ്പാലസ് സൂപ്രണ്ടായിരുന്നു. കേരള സംസ്ഥാനം രൂപപ്പെട്ടപ്പോള്‍ കണയന്നൂര്‍ താലൂക്ക് തഹസീല്‍ദാറായി. തൃപ്പൂണിത്തുറയുടെ വികാസപരിണാമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വ്യക്തി.) രാമകുമാരന്‍ തമ്പുരാന്‍ (റിട്ട. പ്രൊഫസര്‍) പാലസ്: 16, തൃപ്പൂണിത്തുറ, ഡോ. കെ.വി. വാസുദേവന്‍ (റിട്ട. പ്രൊഫസര്‍) കാഞ്ഞാട്ട് മന, ചാലക്കുടി

മറ്റു രേഖകള്‍
1. Website: Cochin Royal Historical Society
2. സുബ്രഹ്മണ്യശര്‍മ എസ്: 'ആയുര്‍വ്വേദം കേരള കലാശാലകളില്‍', കോളേജ് ബുക്ക് ഹൗസ്, എം.ജി. റോഡ്, തിരുവനന്തപുരം 1977
3. ചരിത്രരശ്മികള്‍: കേരള സംസ്ഥാന ആര്‍ക്കൈവ്സ്, 2007
4. പെരുന്ന കെ.എന്‍. നായര്‍: കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം, കെ.പി.സി.സി (എസ്) പ്രസിദ്ധീകരണം, ചിറ്റൂര്‍ റോഡ്, എറണാകുളം
5. എസ്.കെ. വസന്തന്‍: കേരള സംസ്‌കാരചരിത്രനിഘണ്ടു, കേരളഭാഷാ ഇന്‍സ്റ്റിട്ട്യൂറ്റ്, തിരുവനന്തപുരം
6. കവിതിലകന്‍ ഒടുവില്‍ ശങ്കരന്‍കുട്ടിമേനോന്‍: ലക്ഷണാമൃതം, സരസ്വതി ഇലക്ട്രിക് പ്രിന്റിങ്ങ് & പബ്ലിഷിങ്ങ് ഹൗസ്, 1114 (1939)
7.വാക്യപ്രദീപിക: ശ്രീരുദ്ര ആയുര്‍വ്വേദ ഗ്രന്ഥാവലി: 1 പുസ്തകം 1,1108 ചിങ്ങം ലക്കം 1

ചിത്രങ്ങള്‍ 
1.മുദ്രപ്പത്രത്തിലെ മിടുക്കന്‍ തമ്പുരാന്‍
2.മിടുക്കന്‍ തമ്പുരാന്‍ രാജകീയവേഷത്തില്‍
3.വിഷചികിത്സാകോഴ്സിന്റെ സര്‍ട്ടിഫിക്കറ്റും
4, 5. മിടുക്കന്‍ തമ്പുരാന്റേയും ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടേയും ചിത്രം - രാജാരവിവര്‍മ്മയുടെ മകന്‍ രാമവര്‍മ്മ വരച്ചത്. 
6. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട വാതില്‍ക്കലുണ്ടായിരുന്ന വിഷചികിത്സാലയത്തിലെ മരുന്നുപുര
7. ഈ കോവിലകത്താണ് മിടുക്കന്‍ തമ്പുരാന്‍ താമസിച്ചിരുന്നത്
8. തമ്പുരാനും നേത്യാരമ്മയും - ചമയങ്ങളില്ലാതെ, കുട്ടികളോടൊത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com