പാഴായില്ല, ആ ഫിലിം സൊസൈറ്റി കാലം: ചെലവൂര്‍ വേണു സംസാരിക്കുന്നു

1920-ല്‍ പാരീസിലാണ് ആദ്യത്തെ സിനിമാസ്വാദക കൂട്ടായ്മ പിറന്നത് - ദി ഫ്രണ്ട്‌സ് ഓഫ് സെവന്‍ത് ആര്‍ട്ട്. റിച്ചിയോട്ടോ കന്യൂഡോ ഉണ്ടാക്കിയ ആ കൂട്ടായ്മ അധികകാലം നിന്നില്ല.
പാഴായില്ല, ആ ഫിലിം സൊസൈറ്റി കാലം: ചെലവൂര്‍ വേണു സംസാരിക്കുന്നു

1920-ല്‍ പാരീസിലാണ് ആദ്യത്തെ സിനിമാസ്വാദക കൂട്ടായ്മ പിറന്നത് - ദി ഫ്രണ്ട്‌സ് ഓഫ് സെവന്‍ത് ആര്‍ട്ട്. റിച്ചിയോട്ടോ കന്യൂഡോ ഉണ്ടാക്കിയ ആ കൂട്ടായ്മ അധികകാലം നിന്നില്ല. രണ്ടുവര്‍ഷത്തിനുശേഷം അതേ നഗരത്തില്‍ത്തന്നെ ലൂയി ഡെല്യൂക് സ്ഥാപിച്ച സിനി ക്ലബ്ബാണ് ലോകത്തെമ്പാടുമുള്ള സിനിമാസ്വാദക കൂട്ടായ്മകള്‍ക്കും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും വഴിയൊരുക്കിയത്. സത്യജിത് റേയും ഋത്വിക് ഘട്ടക്കും മൃണാള്‍ സെന്നും അടൂര്‍ ഗോപാലകൃഷ്ണനും ശ്യാം ബെനഗലുമടക്കം ഒരുകാലത്ത് ഇന്ത്യന്‍ സിനിമയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയവരെല്ലാം ഏതെങ്കിലും തരത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചവരായിരുന്നു.

1947-ലാണ് അക്കാലത്ത് പരസ്യക്കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന സത്യജിത് റേയും ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമായ ചിദാനന്ദ് ദാസ് ഗുപ്തയും ഉള്‍പ്പെടെയുള്ള ഒരു സംഘം കൊല്‍ക്കത്ത ഫിലിം സൊസൈറ്റിക്ക് രൂപം നല്‍കുന്നത്. അതിനും മുന്‍പേ തന്നെ ഇന്ത്യയില്‍ സിനിമാസ്വാദക ക്ലബ്ബുകള്‍ ഉണ്ടായിരുന്നു. വാണിജ്യ താല്പര്യങ്ങള്‍ക്കപ്പുറത്ത് നല്ല സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ സജീവമാക്കുന്നതിനും തദ്ദേശീയമായ യാഥാര്‍ത്ഥ്യങ്ങള്‍ സിനിമകളില്‍ എത്തിക്കുന്നതിനും അതിനനുസരിച്ച ഭാവുകത്വം രൂപപ്പെടുത്തുന്നതിലുമെല്ലാം ഫിലിം സൊസൈറ്റികള്‍ വഹിച്ച പങ്ക് പ്രധാനമാണ്. ഇന്ത്യന്‍ സിനിമ എന്നാല്‍ ഹിന്ദി മാത്രമല്ല എന്നും ലോകസിനിമ എന്നാല്‍ ഹോളിവുഡ് മാത്രമല്ല എന്നും സിനിമാപ്രേമികളെ ബോധ്യപ്പെടുത്തിയത് ഇത്തരം സൊസൈറ്റികളാണ്. മലയാളസിനിമയുടെ കാര്യവും വ്യത്യസ്തമല്ല. നമ്മുടെ സിനിമയെ വേറിട്ടതും മികവുറ്റതുമായ കലാരൂപമാക്കി മാറ്റാനും ലോകസിനിമയുടെ ജാലകങ്ങള്‍ മലയാളികള്‍ക്കു തുറന്നുകൊടുക്കാനും സൊസൈറ്റികള്‍ക്കു കഴിഞ്ഞു. കേരളത്തിലെ ഫിലിം സൊസൈറ്റി ചരിത്രത്തില്‍ എടുത്തുപറയേണ്ടതാണ് കോഴിക്കോടും അതിന്റെ സിനിമാക്കൂട്ടായ്മകളും. കോഴിക്കോട്ടെ ചലച്ചിത്രക്കൂട്ടായ്മകളില്‍ സുപ്രധാനമായ അശ്വിനി ഫിലിം സൊസൈറ്റി രൂപം കൊണ്ടിട്ട് 50 വര്‍ഷം പിന്നിട്ടു. 1965-ല്‍ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖ തിരുവനന്തപുരത്ത് തുടങ്ങിയതിന്റെ മൂന്നാം വര്‍ഷംതന്നെ കോഴിക്കോട്ടും സൊസൈറ്റി രൂപീകരിച്ചു. പലകാലങ്ങളില്‍ പലതും നിന്നുപോയപ്പോഴും 50 വര്‍ഷം പിന്നിട്ടിട്ടും മേളകളും പ്രദര്‍ശനങ്ങളുമായി സജീവമാണ് അശ്വിനി ഫിലിം സൊസൈറ്റി. അതിന്റെ ജനറല്‍ സെക്രട്ടറിയായി ചെലവൂര്‍ വേണുവും 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയണ്‍ വൈസ് പ്രസിഡന്റും ദൃശ്യതാളം മാസികയുടെ എഡിറ്ററുമാണ് അദ്ദേഹം. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ചും തന്റെ ചലച്ചിത്രാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
-----
എങ്ങനെയായിരുന്നു സിനിമയുടെ ലോകത്തേക്കുള്ള വരവ്? 
ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ മലയാള സിനിമകള്‍ കണ്ട് അതിന്റെ നിരൂപണം എഴുതുമായിരുന്നു. അത് 'ചന്ദ്രിക' വാരികയിലാണ് അച്ചടിച്ചുവന്നത്. അന്നു കഥകളും എഴുതിയിരുന്നു. അതു പക്ഷേ, പ്രസിദ്ധീകരിച്ചു വന്നില്ല. കഥകളൊന്നും അത്ര നിലവാരത്തില്‍ എത്തിയിട്ടുണ്ടാകില്ല. പേര് അച്ചടിച്ചുവരണം എന്നൊരു ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെയാണ് സിനിമാനിരൂപണം നടത്താന്‍ തീരുമാനിച്ചത്. സിനിക്കും കോഴിക്കോടനുമൊക്കെ മാതൃഭൂമിയില്‍ എഴുതുന്ന കാലമാണ്. അന്ന് ചന്ദ്രികയില്‍ സിനിമാനിരൂപണം ഇല്ല. അങ്ങനെയാണ് ചന്ദ്രികയിലേക്കു ഞാന്‍ എഴുതി അയച്ചത്. പടിയത്തിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ഉമ്മ എന്ന സിനിമയാണ് ആദ്യം നിരൂപണം ചെയ്തത്. അയച്ചുകൊടുത്തതിന്റെ പിറ്റേ ആഴ്ച അതു പ്രസിദ്ധീകരിച്ചു വന്നു. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അന്ന് അതിനു പ്രതിഫലമായി ആറു രൂപ അവര്‍ അയച്ചുതന്നു. അതും അദ്ഭുതമായിരുന്നു. 1960-കളിലാണ് ഇതെല്ലാം. അന്നത് വലിയ പ്രചോദനം ആയിരുന്നു. പത്രാധിപര്‍ക്കൊന്നും എന്നെ അറിയില്ല. അവര്‍ കരുതിയിട്ടുണ്ടാകുക ഏതെങ്കിലും മുതിര്‍ന്ന ആളായിരിക്കും എന്നാണ്. എട്ടാംക്ലാസ്സുകാരനാണ് എന്ന് അവര്‍ക്കറിയില്ലല്ലോ. എന്തായാലും കുട്ടികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും വലിയൊരു അംഗീകാരം അതിലൂടെ കിട്ടി. നാട്ടിലും ഒരു പേരായി. അങ്ങനെയാണ് ഞാന്‍ സിനിമ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് മലയാള സിനിമകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സിനിമ ഇങ്ങനെയല്ല വേണ്ടത് എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അന്നിറങ്ങിയ പല സിനിമകളേയും ചെറുപ്പത്തിന്റെ ഒരു ആവേശത്തില്‍ വളരെ മോശമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു.

സിനിമാക്കാരനാകണം, സിനിമ എടുക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ലേ? 
അതായിരുന്നു ആഗ്രഹം. അന്നു കണ്ട കൂട്ടത്തില്‍ രാമു കാര്യാട്ടിന്റെ സിനിമകളായിരുന്നു എനിക്കു കൂടുതല്‍ ഇഷ്ടപ്പെട്ടത്. നീലക്കുയില്‍, മൂടുപടം, മുടിയനായ പുത്രന്‍ ഒക്കെ അതിഭാവുകത്വമില്ലാതെ എടുത്ത ചിത്രങ്ങളായി തോന്നിയിരുന്നു. ജീവിതത്തോട് ബന്ധമുള്ള കഥകളാണ് രാമു കാര്യാട്ട് സിനിമകളുടെ പ്രത്യേകത. കാര്യാട്ടിന്റേതാണ് ശരിയായ സിനിമാ സ്‌റ്റൈല്‍ എന്നു മനസ്സിലാക്കിയ ഞാന്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റാവാന്‍ തീരുമാനിച്ചു. അങ്ങനെ മദ്രാസില്‍ പോയി ഒരു കൊല്ലം കാര്യാട്ടിനൊപ്പം നിന്നു. ആ സമയത്ത് കാര്യാട്ട് പക്ഷേ, സിനിമയൊന്നും ചെയ്തില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനെണ്ടാര്‍ന്ന്' സിനിമയാക്കാന്‍ അദ്ദേഹം അനൗണ്‍സ് ചെയ്തിരുന്നു. ഇന്നത്തെ മാതിരി തിരക്കഥ ടൈപ്പ് ചെയ്യലും പ്രിന്റ് എടുക്കലുമൊന്നും അന്നില്ലല്ലോ. എല്ലാം എഴുതി ഉണ്ടാക്കണം. 10-14 കോപ്പി വേണം. ബഷീറെഴുതിയ തിരക്കഥ പകര്‍ത്തിയെഴുതുന്ന ജോലിയിലൊക്കെ അസിസ്റ്റ് ചെയ്തു ഞാന്‍ അവിടെ നിന്നു. മദ്രാസിലെ അക്കാലത്താണ് ഞാന്‍ സത്യജിത് റേയുടെയൊക്കെ സിനിമകള്‍ കാണുന്നത്. ടി. നഗറില്‍ രാജകുമാരി തിയേറ്റര്‍ ഉണ്ടായിരുന്നു. ഇപ്പോഴില്ല. ഷോപ്പിംഗ് കോംപ്ലകസ് ഒക്കെയായി അതു മാറി. അവിടെ എല്ലാ ഞായറാഴ്ചയും ക്ലാസ്സിക് സിനിമകള്‍ വരും. ഒറ്റ ഷോയെ ഉള്ളൂ. കാണാനും വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ. റേയുടേയും ഘട്ടക്കിന്റേയും മൃണാള്‍സെന്നിന്റേയുമൊക്കെ സിനിമകള്‍ അങ്ങനെയാണ് ഞാന്‍ കാണുന്നത്. എന്റെ സങ്കല്പത്തിലുള്ളതുമായി വളരെ യോജിക്കുന്ന സിനിമകളായിരുന്നു അതൊക്കെ. റേയുടെയൊക്കെ ജീവിതകഥകളും മറ്റുമൊക്കെ അക്കാലത്തു വായിച്ചു. അദ്ദേഹം മറ്റാരുടേയും കൂടെ വര്‍ക്കുചെയ്യാതെ തന്നെ വളരെ കഷ്ടപ്പെട്ട് സിനിമയെടുത്തതൊക്കെ വായിച്ചു. സിനിമ എടുക്കാന്‍ മദ്രാസില്‍ വന്നു പഠിക്കേണ്ട കാര്യമൊന്നുമില്ലെന്ന് എനിക്കും തോന്നി തുടങ്ങി. കാര്യാട്ടിന്റെ സിനിമ തുടങ്ങിയതുമില്ല. അങ്ങനെ ഞാന്‍ മദ്രാസില്‍നിന്നും തിരിച്ചുപോന്നു. അടുത്ത സിനിമ തുടങ്ങുമ്പോള്‍ കത്തെഴുതാമെന്നും വരണമെന്നും പോരാന്‍ നേരത്ത് കാര്യാട്ട് പറഞ്ഞു. മദ്രാസിലേക്കു പോകുന്നതിനു മുന്‍പ് യുവഭാവന എന്ന ഒരു പ്രിന്റഡ് ആഴ്ചപ്പതിപ്പ് നടത്തിയിരുന്നു. കടവും മറ്റുമായി അതു നിര്‍ത്തേണ്ടിവന്നു. തിരിച്ചു വന്നപ്പോള്‍ ഞാന്‍ ആലോചിച്ചത് പ്രസിദ്ധീകരണങ്ങളൊക്കെ നടത്തി കാശൊക്കെ ഉണ്ടാക്കി സിനിമ എടുക്കാം എന്നായിരുന്നു. അങ്ങനെയൊരു മോഹം. വ്യാമോഹം എന്നും പറയാം. പിന്നീട് പ്രസിദ്ധീകരണങ്ങളുടെ ഒരു കാലമായിരുന്നു.

അശ്വിനി ഫിലിം സൊസൈറ്റിയുടെ പിറവി എങ്ങനെയായിരുന്നു? 
1968-ലാണ് അശ്വിനി ഫിലിം സൊസൈറ്റി രൂപീകരിക്കുന്നത്. 1969-ലാണ് അതു സജീവമായത്. ലോകസിനിമകള്‍ കാണാന്‍ തുടങ്ങിയതും അപ്പോഴായിരുന്നു. അന്നു തിയേറ്ററുകളില്‍ ഇംഗ്ലീഷ് സിനിമകള്‍ വരുമായിരുന്നെങ്കിലും മറ്റു ക്ലാസ്സിക് സിനിമകളൊന്നും കളിച്ചിരുന്നില്ല. അതിനു ഫിലിം സൊസൈറ്റി തന്നെ വേണ്ടിവന്നു. സൊസൈറ്റി രൂപീകരിച്ചതിനു പിന്നില്‍ കവി ആര്‍. രാമചന്ദ്രന്‍ മാഷിനെപ്പോലുള്ളവരാണ്. 1965-ലാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖ അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഉണ്ടാക്കുന്നത്. അതിനെ തുടര്‍ന്ന് കേരളത്തിന്റെ പല ഭാഗത്തും ഫിലിം സൊസൈറ്റികള്‍ ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കോഴിക്കോട്ടും ഫിലിം സൊസൈറ്റി വരുന്നത്. അടൂര്‍ ഗോപാലകൃഷ്ണനൊപ്പം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച ഒരു രവിവര്‍മ്മ ഉണ്ട്. മങ്കട രവിവര്‍മ്മയുടെ ബന്ധുകൂടിയാണ്. സ്‌ക്രിപ്റ്റ് റൈറ്റിങ് കോഴ്സ് പഠിച്ചിരുന്ന അദ്ദേഹം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ബിസിനസ്സിലേക്കു തിരിഞ്ഞു. കൊക്കക്കോളയുടെ മാനേജരായിട്ടാണ് അദ്ദേഹം അക്കാലത്ത് കോഴിക്കോട് എത്തിയത്. അദ്ദേഹമൊക്കെ ചേര്‍ന്നാണ് അശ്വിനി രൂപീകരിക്കുന്നത്. അശ്വിനിയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി ക്രിസ്ത്യന്‍ കോളേജിലെ അദ്ധ്യാപകനും സാഹിത്യകാരനുമായ കെ. ഗോപാലകൃഷ്ണന്‍ ആയിരുന്നു. ആദ്യ വര്‍ഷം അതു നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞില്ല. ആ സമയത്താണ് കേരള ട്രാവല്‍സിന്റെ മാനേജരും ഇസ്‌കസി (ഇന്‍ഡോ-സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി) ന്റെ പ്രവര്‍ത്തകനുമായിരുന്ന വി.ആര്‍.കെ. നമ്പ്യാരും എത്തുന്നത്. അപ്പോഴേക്കും ഫിലിം സൊസൈറ്റിയില്‍ ഞാനും സജീവമായി. നമ്പ്യാരുടെ കയ്യില്‍ 16 എം.എം. പ്രൊജക്ടര്‍ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ പൂനെ ഫിലിം ആര്‍ക്കൈവ്സില്‍നിന്നു സിനിമകള്‍ വരുത്തിച്ചു കാണിക്കാന്‍ തുടങ്ങി. 10 രൂപയായിരുന്നു ഒരു സ്‌ക്രീനിങ്ങിനു വാടക. മണി ഓര്‍ഡറായോ ഡ്രാഫ്റ്റായോ അയച്ചുകൊടുത്താല്‍ സിനിമയുടെ 16 എം.എം. പ്രിന്റ് ട്രെയിനില്‍ പാര്‍സലായി അയച്ചുതരും. ഹോട്ടല്‍ അളകാപുരിയിലോ മറ്റോ ചുരുങ്ങിയ ഒരു സദസ്സിന്റെ മുന്നില്‍ അതു പ്രദര്‍ശിപ്പിക്കും. അങ്ങനെയാണ് ലോക ക്ലാസ്സിക്കുകള്‍ കോഴിക്കോട്ടുകാര്‍ കാണാന്‍ തുടങ്ങിയത്. ഒന്നോ രണ്ടോ കൊല്ലത്തിനു ശേഷമാണ് ഞാന്‍ അതിന്റെ ജനറല്‍ സെക്രട്ടറിയാകുന്നത്. വല്ലപ്പോഴും സിനിമ കാണിക്കുക എന്നതു വിട്ട് എല്ലാ മാസവും സിനിമ കാണിക്കുക എന്ന പതിവിലേക്കു മാറി. 16 എം.എം. വിട്ട് തിയേറ്ററുകള്‍ വാടകക്കെടുത്ത് സിനിമ കാണിക്കാന്‍ തുടങ്ങി. കല്ലായിയിലെ ലക്ഷി തിയേറ്ററിലും വെസ്റ്റ്ഹില്‍ ഗീതാ തിയേറ്ററിലും ഒക്കെയായി ഞായറാഴ്ചകളില്‍ മോണിംഗ് ഷോ നടത്തി. ഘട്ടക്കിന്റെ സുവര്‍ണ്ണരേഖ എന്ന സിനിമ കാണിച്ചുകൊണ്ടാണ് തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചത്. ആ സമയത്ത് മെഡിക്കല്‍ കോളേജിലേയും എന്‍ജിനീയറിംഗ് കോളേജിലേയും വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം ധാരാളം പേര്‍ ഫിലിം സൊസൈറ്റിയില്‍ അംഗങ്ങളായി. 

അക്കാലത്ത് പ്രദര്‍ശിപ്പിക്കാന്‍ സിനിമകള്‍ എങ്ങനെയാണ് കിട്ടിക്കൊണ്ടിരുന്നത്? 
പൂനെ ഫിലിം ആര്‍ക്കൈവ്സിനു പുറമെ വിദേശ രാജ്യങ്ങളുടെ എംബസികളില്‍നിന്നു സിനിമകള്‍ കിട്ടുമായിരുന്നു. ഹംഗറി, ചെക്കോസ്ലോവാക്യ, റഷ്യ, ജര്‍മ്മനി തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ എംബസികളില്‍നിന്നു ധാരാളം സിനിമകള്‍ ലഭിച്ചിരുന്നു. എംബസികളിലൊക്കെ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കള്‍ വഴിയും സിനിമകള്‍ എത്തിച്ചു. വിദേശത്തേക്കു പോകുന്ന ആളുകളോടൊക്കെ കാസറ്റുകള്‍ വാങ്ങാന്‍ ഏല്പിക്കും. അന്നത് ഒരു ലഹരിയായിരുന്നു. ഫെഡറേഷന്‍ വഴിയും സിനിമകള്‍ കിട്ടും. 1970-ലാണ് ആദ്യമായി ഞങ്ങള്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ആ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ വന്നത് കന്നഡയിലെ പ്രഗത്ഭ സംവിധായകനായ പട്ടാഭിരാമ റെഡ്ഢിയായിരുന്നു. അതിനുശേഷം സത്യജിത് റേയുടെ ഏഴു സിനിമകളുടെ പ്രദര്‍ശനം നടത്തി. അത് റേയുടെ ജീവിതത്തില്‍ത്തന്നെ അക്കാലത്ത് അപൂര്‍വ്വ സംഭവമാണ്. റേയുടെ സിനിമകളുടെ മാത്രം ഒരു ഫെസ്റ്റിവെല്‍ അക്കാലത്ത് മറ്റെവിടെയെങ്കിലും നടന്നതായി അറിവില്ല. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ 'ജന ആരണ്യ' കൂടി ഫെസ്റ്റിവലില്‍ കാണിക്കുന്നുണ്ടായിരുന്നു. ഫെസ്റ്റിവല്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ ഡിസ്ട്രിബ്യൂട്ടറോട് പറഞ്ഞ് ഏര്‍പ്പാടാക്കിയിരുന്നു. അപ്പോഴാണ് കൊല്‍ക്കത്തയില്‍നിന്നു വിളി വന്നത്. ഈ സിനിമയുടെ ഒരു സ്‌ക്രീനിങ് കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു എന്നും അതു കഴിഞ്ഞ് ട്രെയിനില്‍ അയച്ചാല്‍ സിനിമ കോഴിക്കോട് എത്താന്‍ വൈകുമെന്നതിനാല്‍ ഫ്‌ലൈറ്റിലാണ് അയക്കുക എന്നും എയര്‍പോര്‍ട്ടില്‍ പോയി കൈപ്പറ്റണം എന്നുമാണ് അറിയിച്ചത്. നാളെ കളിക്കേണ്ട സിനിമയാണ്, ഇന്നാണ് മെസ്സേജ് വരുന്നത്. അന്ന് കോഴിക്കോട് എയര്‍പോര്‍ട്ടില്ല, എറണാകുളത്താണ്. ദേശാഭിമാനിയില്‍ അവിടുത്തെ എഡിഷനിലുണ്ടായിരുന്ന ലേഖകന്‍ പൂഞ്ചോല പത്മനാഭനോട് എയര്‍പോര്‍ട്ടില്‍ പോയി ഫിലിംപെട്ടി വാങ്ങി ടാക്‌സി എടുത്ത് കോഴിക്കോട്ടേക്ക് വരാന്‍ വിളിച്ചുപറഞ്ഞു. നാളെ മൂന്നു മണിക്കാണ് ഷോ. എനിക്കിപ്പോഴും അറിയില്ല, അതിന്റെ ഒരു രേഖകളും കയ്യിലില്ലാതെ പത്മനാഭന്‍ എങ്ങനെ എയര്‍പോര്‍ട്ടില്‍ പോയി ആ ഫിലിം പെട്ടി കൈപ്പറ്റി എന്ന്. പിറ്റേന്ന് ഫെസ്റ്റിവെല്‍ നടക്കുന്ന തിയേറ്ററിന്റെ മുന്‍പില്‍ ഞങ്ങളിങ്ങനെ ആകാംക്ഷാഭരിതരായി നില്‍ക്കുകയാണ്. ജോണ്‍ എബ്രഹാം അടക്കമുള്ള സുഹൃത്തുക്കളുമുണ്ട്. സംഗം തിയേറ്ററിന്റെ മുന്‍പില്‍ കാത്തുനില്‍ക്കുന്ന ഞങ്ങള്‍ക്കിടയിലേക്കു മഞ്ഞ പെയിന്റടിച്ച ഒരു ടാക്‌സി ഫിലിം പെട്ടിയുമായി ഇങ്ങനെ കടന്നുവരികയാണ്. ആളുകള്‍ ആഹ്ലാദഭരിതരായി കയ്യടിച്ചു സ്വീകരിക്കുകയായിരുന്നു. ഭയങ്കര ആവേശമായിരുന്നു അതൊക്കെ. ജോണ്‍ എബ്രഹാമും കെ.ജി. ജോര്‍ജ്ജും പി.എ.ബക്കറും അങ്ങനെ പലരും അശ്വിനിയുടെ ഫെസ്റ്റിവലിനുവേണ്ടി കാത്തിരിക്കുന്നവരായിരുന്നു. അരവിന്ദന്‍ കോഴിക്കോട്ടേക്ക് ട്രാന്‍സ്ഫര്‍ ആയി വന്നപ്പോള്‍ അദ്ദേഹവും ഇതിന്റെ സജീവ പ്രവര്‍ത്തകനായി. സിനിമ തുടങ്ങുന്നതിനു മുന്‍പ് അതിനെക്കുറിച്ചു ചെറിയൊരു വിശദീകരണം അരവിന്ദന്റെ വകയായി ഉണ്ടാകും.

പിന്നീട് ഒരുപാട് ഫിലിം ഫെസ്റ്റിവലുകള്‍ നടത്തി അല്ലേ? 
ഹംഗേറിയന്‍ സിനിമകളുടെ ഫെസ്റ്റിവല്‍, സ്മിതാപാട്ടീലിന്റെ സിനിമകള്‍ക്കായി ഒരു ഫെസ്റ്റിവല്‍, ഇന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളുടെ ദേശീയ ഫെസ്റ്റിവെല്‍, ശ്യാം ബെനഗലിന്റെ സിനിമകള്‍, അങ്ങനെ ഒരുപാട്. ഓര്‍മ്മക്കുറവ് കാരണം പലതും ഓര്‍ക്കുന്നില്ല. 1980-ല്‍ എന്‍.എഫ്.ഡി.സിയുമായി സഹകരിച്ച് ഒരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ നടത്തിയിരുന്നു. അതു നടത്താന്‍ വേണ്ടി പുഷ്പ തിയ്യേറ്റര്‍ വാടകയ്ക്കു ചോദിച്ചു. അന്നു ധാരാളം മലയാള സിനിമകളൊക്കെ വരുന്ന സമയമാണ്. തിയേറ്ററുകള്‍ക്കു വന്‍ ഡിമാന്റുള്ള സമയം. രണ്ടാഴ്ച തുടര്‍ച്ചയായി എടുക്കുകയാണെങ്കില്‍ മാത്രമേ തിയേറ്റര്‍ തരാന്‍ പറ്റൂള്ളൂ എന്നാണ് അവര്‍ അറിയിച്ചത്. അഞ്ച് ദിവസമോ ഒരാഴ്ചയോ ഒന്നും തരാന്‍ പറ്റില്ല എന്ന്. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് അവര്‍ പറഞ്ഞ പ്രകാരം 14 ദിവസത്തേക്കു തിയേറ്റര്‍ എടുത്തു. അന്നത്തെ കണക്കുപ്രകാരം വലിയ തുകയായിരുന്നു വാടക.

അക്കാലത്ത് 14 ദിവസത്തെ ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത് ഡല്‍ഹിയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മാത്രമാണ്. അന്ന് കേരളത്തിലോ ഇന്ത്യയിലെ മറ്റു നഗരങ്ങളിലോ ഒന്നും ഫെസ്റ്റിവെലുകള്‍ വന്നിട്ടില്ല. അങ്ങനെ അശ്വിനിയുടെ 14 ദിവസത്തെ ഫെസ്റ്റിവലിനായി കോര്‍പ്പറേഷനില്‍നിന്ന് അനുമതിയൊക്കെ വാങ്ങി. ടിക്കറ്റൊക്കെ അടിച്ചിരുന്നു.
ഫെസ്റ്റിവല്‍ തുടങ്ങുന്നതിനു രണ്ടുദിവസം മുന്‍പ് കോഴിക്കോട് ബീച്ച് ഹോട്ടലില്‍ ഇതിനെക്കുറിച്ചു പറയാന്‍ ഒരു പത്രസമ്മേളനം വിളിച്ചു. അതിനുവേണ്ടി ഓഫീസില്‍നിന്ന് ഇറങ്ങാന്‍ നേരത്ത് എന്‍.എഫ്.ഡി.സിയില്‍നിന്ന് ഒരു ടെലഗ്രാം വന്നു. കോഴിക്കോട്ടെ ഫെസ്റ്റിവെല്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മദ്രാസ് മാനേജരുമായി ബന്ധപ്പെടുക എന്നായിരുന്നു മെസ്സേജ്. ആകെ വിയര്‍ത്തുപോയി. അന്ന് ഇങ്ങനെ ഫോണൊന്നും വിളിക്കാന്‍ പറ്റില്ലല്ലോ. ട്രങ്ക് ബുക്ക് ചെയ്യണം. മദ്രാസിലേക്കു രാവിലെ ചെയ്താല്‍ വൈകുന്നേരമൊക്കെയാണ് ട്രങ്ക് കിട്ടുക. ആകെ പതറിപ്പോയി. മൂന്നാല് ദിവസം കളിക്കാനുള്ള പടങ്ങള്‍ ഞങ്ങളുടെ കയ്യില്‍ സ്റ്റോക്കുണ്ടായിരുന്നു. ആ ഒരു ധൈര്യത്തിനു ഗംഭീരമായി പത്രസമ്മേളനം നടത്തി.

തിരിച്ചുവന്ന് മദ്രാസിലേക്കു വിളിച്ചുനോക്കിയപ്പോഴാണ് കാര്യം അറിയുന്നത്. ഫെസ്റ്റിവെലിന്റെ പേരില്‍ ടിക്കറ്റൊക്കെ വെച്ച് ഇവിടെ ഭയങ്കര പണപ്പിരിവ് നടത്തുകയാണെന്നു ഞങ്ങള്‍ക്ക് അറിയാവുന്ന ആരോ തന്നെ എന്‍.എഫ്.ഡി.സിക്കു പരാതി അയച്ചിരിക്കുന്നു. സൊസൈറ്റി മെമ്പര്‍മാര്‍ക്ക് കാണിക്കാന്‍ എന്ന നിബന്ധനയിലാണ് ചെറിയ റേറ്റില്‍ പടം തരുന്നത് എന്നും ഇങ്ങനെ നടത്താന്‍ പറ്റില്ലെന്നും മദ്രാസ് മാനേജര്‍ പറഞ്ഞു. അവസാനം നിങ്ങളുടെ വരുമാനത്തിന്റെ പകുതി ഞങ്ങള്‍ക്ക് അയച്ചുതന്നാല്‍ സമ്മതിക്കാം എന്നായി. വേറെ ഒന്നും ആലോചിച്ചില്ല, അപ്പോള്‍ തന്നെ സമ്മതിച്ചു. നമ്മുടെ അഭിമാനം രക്ഷിക്കണ്ടേ. പിറ്റേ ദിവസം തന്നെ പടം അയച്ചുകിട്ടി. ആദ്യ ദിവസം മാര്‍ത്ത മെസരോസിന്റെ 'നയന്‍ മന്ത്സ്' എന്ന ഹംഗേറിയന്‍ പടമാണ് കാണിച്ചത്. പിന്നെ 'ദ ഗോട്ട് ഹോണ്‍' എന്ന ബള്‍ഗേറിയന്‍ പടം. അതോടെ തിയ്യേറ്ററില്‍ ഭയങ്കര ജനം. തിയ്യേറ്ററിനു മുന്നിലെ റോഡ് ക്ലിയര്‍ ചെയ്യാന്‍ പൊലീസ് വന്നു ലാത്തിയൊക്കെ വീശി. വലിയ വിജയമായിരുന്നു ആ ഫെസ്റ്റിവല്‍. മണികൗളായിരുന്നു ഉദ്ഘാടകന്‍. ബോംബെയില്‍ പോയി നേരിട്ടു ക്ഷണിച്ചാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. തിരുനന്തപുരത്ത് വന്ന് അവിടെനിന്ന് അടൂരിനൊപ്പമാണ് കോഴിക്കോടെത്തിയത്.

സ്വന്തമായി സിനിമ എടുക്കുക എന്ന ചിന്തയില്‍നിന്നു പിന്നീട് മാറിപ്പോയോ? 
ഫെസ്റ്റിവലുകളൊക്കെ നടത്തി ഫിലിം സൊസൈറ്റിയില്‍ സജീവമായതോടെ എനിക്കു ചുറ്റും സിനിമ എടുക്കുന്നവരുണ്ടായി. പിന്നെ അവരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുക, അതൊക്കെയായി എന്റെ സന്തോഷം. സിനിമ എടുക്കണം എന്നു ഞാന്‍ പല ഘട്ടത്തിലും ആഗ്രഹിച്ചിട്ടുണ്ട്. എനിക്കുവേണ്ടി രവി (ചിന്ത രവി) എഴുതിയ തിരക്കഥയായിരുന്നു 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍.' പക്ഷേ, പിന്നീട് അവന്‍ തന്നെ അതു സംവിധാനം ചെയ്തു. എനിക്കുവേണ്ടി എഴുതി എന്റെ കയ്യില്‍ ഇരുന്ന തിരക്കഥയാണ്. ആയിടയ്ക്ക് ഒരു പ്രൊഡ്യൂസര്‍ വന്ന് രവിയോട് സിനിമ എടുക്കാന്‍ ആവശ്യപ്പെട്ടു. അവന്റെ കയ്യില്‍ വേറെ തിരക്കഥകളൊന്നുമുണ്ടായില്ല. അവന്‍ എന്റടുത്തു വന്നു പറഞ്ഞു: ''വേണു, നീയിപ്പോ ആ സിനിമ എടുക്കുന്നില്ലല്ലോ, അതു ഞാന്‍ സിനിമയാക്കാം. നീ എടുക്കുമ്പോഴേക്കും നമുക്കു വേറെ ഒരു സ്‌ക്രിപ്റ്റ് എഴുതാം'' എന്ന്. അങ്ങനെ ഞാന്‍ അതു കൊടുത്തു. ആ സിനിമയുടെ ബാക്കി കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ സഹായത്തിനുണ്ടായിരുന്നു. അരവിന്ദന്റേയും ടി.വി. ചന്ദ്രന്റേയും ബക്കറിന്റേയും പവിത്രന്റേയും ഒക്കെ സിനിമകളില്‍ ഞാന്‍ സഹായത്തിനുണ്ടായിരുന്നു. ഗോപിനാഥിന്റെ ഇത്രമാത്രം എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി വര്‍ക്കു ചെയ്തിട്ടുണ്ട്.
പിന്നെ ഞാന്‍ പല പല വിദേശ സിനിമകളൊക്കെ കണ്ടപ്പോള്‍ അതുപോലെയൊന്നും സിനിമ എടുക്കാന്‍ നമുക്കു പറ്റില്ല എന്നൊരു തോന്നലായിരുന്നു. നമ്മുടെ കഴിവിനെപ്പറ്റി നമുക്കു തന്നെ ഒരു ബോധ്യം വന്നതുകൊണ്ട് ഞാന്‍ ആ ആഗ്രഹത്തില്‍നിന്നു പിന്മാറി. സിനിമ കാണലും സിനിമ എടുക്കുന്ന സുഹൃത്തുക്കള്‍ക്കു സഹായം ചെയ്യലുമൊക്കെയായി പിന്നീടുള്ള ജീവിതം. 'ഏഴുരാത്രികള്‍' എന്ന സിനിമ തുടങ്ങുന്ന ഘട്ടത്തില്‍ രാമു കാര്യാട്ട് കത്തെഴുതിയിരുന്നു. പക്ഷേ, പോയില്ല. കെ.എസ്. സേതുമാധവനും ആ സമയത്തു വിളിച്ചിരുന്നു. പ്രസിദ്ധീകരണങ്ങളിലായിരുന്നു ആ സമയത്തു ശ്രദ്ധ. ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ടായി. പലതരത്തില്‍ സഹായിക്കാനും പറ്റി. ജോണ്‍ എബ്രഹാം 'അഗ്രഹാരത്തില്‍ കഴുതൈ' തുടങ്ങുന്ന സമയം. ഷൂട്ടിംഗ് തുടങ്ങാന്‍ പൈസയില്ല. ഷൂട്ടിംഗ് തുടങ്ങിയാല്‍ മാത്രമേ ബാക്കി പൈസ സഹോദരി നല്‍കുകയുള്ളൂ. അങ്ങനെ ജോണിനു വേണ്ടി എഴുത്തുകാരന്‍ പട്ടത്തുവിള കരുണാകരന്റെ അടുത്തു കടം ചോദിക്കാന്‍ പോയി. അന്ന് അദ്ദേഹം പൈസ കടം കൊടുത്ത് ആളുകളെ സഹായിക്കാറുണ്ട് എന്നു കേട്ടിരുന്നു. അദ്ദേഹം ചായയൊക്കെ തന്നു രണ്ടു ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞു. പിന്നീട് പോയപ്പോള്‍ അകത്തുപോയി ഒരു കവറെടുത്തു കൊണ്ടുവന്നു നീട്ടി. ഞാന്‍ ജോണിനോട് വാങ്ങാന്‍ പറഞ്ഞു. ഇതു മടക്കിത്തരണ്ട എന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചത് ഏറിയാല്‍ ഒരായിരം രൂപ ആയിരിക്കും കവറില്‍ എന്നാണ്. 5000 രൂപയാണ് ചോദിച്ചത്. ഗേറ്റിനു പുറത്തിറങ്ങിയപാടെ എണ്ണിനോക്കിയപ്പോള്‍ 5000 തികച്ചുണ്ട്. പൈസ ജോണിന്റെ കയ്യില്‍നിന്നു ചെലവായിപ്പോകും എന്നറിയാമായിരുന്നതുകൊണ്ട് ഞങ്ങളുടെ ഒരു സുഹൃത്തിനേയും ഷൂട്ടിങ്ങില്‍ ജോണിനൊപ്പം വിട്ടു. പിശുക്കനായ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു സുഹൃത്ത്. അദ്ദേഹമാണ് ആ പൈസ ജോണിനുവേണ്ടി ചെലവഴിച്ചത്. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞപ്പോള്‍ ജോണിന്റെ സഹോദരിക്കും തോന്നി, ഇനി പൈസ കൊടുക്കാം എന്ന്. അങ്ങനെയാണ് 'അഗ്രഹാരത്തില്‍ കഴുതൈ' പൂര്‍ത്തിയാക്കിയത്.

സൈക്കോ, സ്റ്റേഡിയം, രൂപകല പോലെ മലയാളത്തില്‍ പലതരത്തിലുള്ള മാഗസിനുകള്‍ക്കു തുടക്കം കുറിച്ചിരുന്നല്ലോ ഇതിനിടയില്‍? 
യുവഭാവന ആയിരുന്നു ആദ്യം തുടങ്ങിയ മാഗസിന്‍. പിന്നീട് സ്പോര്‍ട്സ് മാസികയായ 'സ്റ്റേഡിയം' തുടങ്ങി. മലയാളത്തിലെ ആദ്യത്തെ സ്പോര്‍ട്സ് പ്രസിദ്ധീകരണമായിരുന്നു 'സ്റ്റേഡിയം.' മുഷ്താഖ് എന്ന പേരിലറിയപ്പെട്ട പി.എ. മുഹമ്മദ് കോയയെ ആണ് എഡിറ്ററായി നിയമിച്ചത്. മലയാളത്തിലെ ആദ്യത്തെ സ്പോര്‍ട്സ് ലേഖകന്‍ എന്നൊക്കെ പറയാവുന്ന ആളാണ് മുഷ്താഖ്. ഭാസി മലാപ്പറമ്പ്, സുകുമാരന്‍ വേങ്ങേരി, മാതൃഭൂമിയില്‍ ഉണ്ടായിരുന്ന വി. രാജഗോപാല്‍, വിംസി ഒക്കെയായിരുന്നു എഴുത്തുകാര്‍. അത് ഒന്നരക്കൊല്ലത്തോളം നടത്തി. പിന്നെ കടം വന്നു പൂട്ടിപ്പോയി. 'രൂപകല' എന്ന പേരിലുള്ളത് സ്ത്രീകളുടെ മാസികയാണ്. അന്നു സ്ത്രീകളുടെ മാസിക ഇവിടെയില്ല. ഇംഗ്ലീഷില്‍ ഇറങ്ങുന്ന 'ഫെമിന'യൊക്കെയാണ് ഇവിടെ വായിച്ചിരുന്നത്. മലയാളിപ്പെണ്ണുങ്ങള്‍ക്കു ഫാഷനും സൗന്ദര്യവും ഒന്നും കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളില്ല. അങ്ങനെയാണ് രൂപകല ഇറക്കുന്നത്. മലയാളത്തിലെ ആദ്യത്തെ മന:ശാസ്ത്ര മാഗസിന്‍ സൈക്കോ, രാഷ്ട്രീയ വാരികയായ 'സെര്‍ച്ച്ലെറ്റ്', 'സിറ്റി മാഗസിന്‍' എന്ന പേരില്‍ പ്രതിവാര പത്രം അങ്ങനെ ഏതാണ്ട് 10 പ്രസിദ്ധീകരണങ്ങള്‍ നടത്തി. വൈവിധ്യമാര്‍ന്ന പ്രസിദ്ധീകരണങ്ങളോടുള്ള ഒരു താല്പര്യം കൊണ്ട് സംഭവിച്ചതാണ്. മറ്റു മാഗസിനുകള്‍ക്കൊക്കെ തുടര്‍ച്ചകളുണ്ടായെങ്കിലും മനഃശാസ്ത്ര മാഗസിനു പിന്നീടും മലയാളത്തില്‍ അധികം തുടര്‍ച്ചകളുണ്ടായില്ല.
പലപ്പോഴും സുഹൃത്തുക്കളുടെ സിനിമകളുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് പല പ്രസിദ്ധീകരണങ്ങളും നിന്നുപോകുക. പി.എ. ബക്കറിന്റെ ചുവന്ന വിത്തുകള്‍ എന്ന സിനിമ തുടങ്ങിയപ്പോഴാണ് സൈക്കോ ഒരു തവണ നിന്നത്. കോഴിക്കോട് മൂന്നാലിങ്കലിലെ സൈക്കോയുടെ ഓഫീസില്‍ വന്ന് ബക്കര്‍ പറഞ്ഞു, നാളെയാണ് ഷൂട്ടിങ്, ഈ ഓഫീസും ലൊക്കേഷനാണെന്ന്. അങ്ങനെ പല സിനിമകള്‍ക്കും ഓഫീസ് സെറ്റ് ആവുകയോ കോഴിക്കോടാണ് ഷൂട്ടെങ്കില്‍ പ്രൊഡക്ഷന്‍ ഓഫീസായി ഇതിനെ മാറ്റുകയോ ഒക്കെ ചെയ്യും. ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് എല്ലാം പോയിക്കഴിഞ്ഞാല്‍ പിന്നെ വീണ്ടും തുടങ്ങണം നമ്മുടെ പണികള്‍.

അശ്വിനിയടക്കമുള്ള ഫിലിം സൊസൈറ്റികള്‍ ആളുകളെ/സമൂഹത്തെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുണ്ടാകുക? 
നല്ല സിനിമകള്‍ ഇവിടെ കൊണ്ടുവന്നു കാണിക്കുകയും ലോകസിനിമയില്‍ ഇങ്ങനെയൊക്ക സിനിമകളുണ്ടെന്ന് ആളുകള്‍ക്കു മനസ്സിലാകുകയും ചെയ്തത് ഫിലിം സൊസൈറ്റികളിലൂടെയാണ്. അക്കാലത്തെ പല ചെറുപ്പക്കാര്‍ക്കും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ചേരാനും പഠിക്കാനും ഒക്കെ പ്രചോദനം നല്‍കിയത് കേരളത്തിലെ ഫിലിം സൊസൈറ്റികളാണ്. സൊസൈറ്റികളിലൂടെ വ്യത്യസ്തമായ സിനിമകള്‍ കണ്ട പ്രചോദനത്തിലാണ് മലയാളത്തില്‍ പുതിയ തരത്തിലുള്ള സിനിമകള്‍ ഉണ്ടായത്. കേരളത്തില്‍ ചലച്ചിത്രോത്സവം വരുന്നത് ഫിലിം സൊസൈറ്റികളുടെ പ്രേരണകൊണ്ടാണ്. ചലച്ചിത്ര അക്കാദമി ഉണ്ടായതും. സര്‍ക്കാരില്‍ ചെലുത്തിയ സ്വാധീനം, അതിനുവേണ്ടി നടത്തിയ മുറവിളികള്‍ ഒക്കെ ഫിലിം സൊസൈറ്റികള്‍ നടത്തിയതാണ്. എന്നാല്‍, അത്തരം പ്രാധാന്യമൊന്നും കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ക്ക് ഇന്നു പത്രങ്ങള്‍ നല്‍കാറില്ല. അതു കാരണം ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അറിയില്ല. ഇവരെന്താണ് ചെയ്യുന്നത് എന്ന ആക്ഷേപങ്ങളുണ്ടാകാറുണ്ട്. ഒരു കാലത്തൊക്കെ താടിയും സഞ്ചിയും എന്നൊക്കെ പറഞ്ഞ് പരിഹസിച്ചിരുന്നു. കൊമേഴ്സ്യല്‍ സിനിമാരംഗത്തുള്ള വന്‍കിട നടന്മാര്‍ വരെ പരിഹസിച്ചിട്ടുണ്ട്. കുറച്ച് താടിക്കാരൊക്കെ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, അവര്‍ സമൂഹത്തിന്റെ പല അവസ്ഥകളോടും അവരുടെ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയിരുന്നത് ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിച്ചും കണ്ടും ഒക്കെയായിരുന്നു. വലിയ മാറ്റത്തിന്റെ ആദ്യത്തെ ആളുകളായിരുന്നു അവരൊക്കെ. അതിന്റെയൊക്കെ ഫലമായാണ് ദേശീയതലത്തിലൊക്കെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയ സിനിമകള്‍ ഉണ്ടാകുന്നത്. ഫിലിം സൊസൈറ്റിയുടെ പ്രാധാന്യവും അതുതന്നെയാണ്. അതൊരിക്കലും പാഴായില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. മലയാള സിനിമയെ മാറ്റിമറിക്കുന്നതില്‍ വലിയ പങ്ക് ഫിലിം സൊസൈറ്റികളുടേതാണ്. പക്ഷേ, വലിയൊരു ആസ്വാദകവൃന്ദത്തെ രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പരിമിതി തന്നെയാണ്. അവരിലേക്കെത്തിക്കാന്‍ തിയ്യേറ്റര്‍ സൗകര്യങ്ങളോ വലിയ ഹാളുകളോ കിട്ടാതെ പോയി എന്നത് ഒരു കാരണമാണ്. അതിന് ഒരു സൗകര്യം സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ നല്ല സിനിമകളുടെ വിളഭൂമിയായി കേരളം മാറുമായിരുന്നു. 

ഫിലിം സൊസൈറ്റികളുടെ തുടക്കം മുതല്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ/ സ്ത്രീകള്‍ എത്രത്തോളം ഫിലിം സെ്ാസൈറ്റി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്? 
ഫിലിം സൊസൈറ്റികളില്‍ കാണിച്ചിരുന്ന സിനിമകള്‍ സെന്‍സര്‍ ചെയ്യാത്തതായതിനാല്‍ സ്ത്രീകള്‍ക്കു വരാന്‍ പണ്ട് പ്രയാസമായിരുന്നു. പക്ഷേ, ഇപ്പോള്‍ അങ്ങനെ പറയാന്‍ കഴിയില്ല. പല ഫിലിം സൊസൈറ്റികളിലും സ്ത്രീകള്‍ സജീവമാണ്. കണ്ണൂരിലെ ക്യൂബ് ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റ് ഒരു സ്ത്രീയാണ്. എറണാകുളത്തെ മെട്രോ ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റും സ്ത്രീയാണ്. ഫെഡറേഷനില്‍ 11 പേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഫിലിം സൊസൈറ്റിയില്‍ മെമ്പര്‍മാരായും ധാരാളം സ്ത്രീകള്‍ വരുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തമില്ല എന്നതൊക്കെ പഴയ കഥകളാണ്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിയുടെ മുഖ മാസികയായ ദൃശ്യതാളത്തില്‍ ഏറ്റവും കൂടുതല്‍ എഴുതുന്നത് സ്ത്രീകളാണ്. സ്ത്രീകളെ ഈ രംഗത്തേക്കു കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. എല്ലാ രംഗത്തും എന്നപോലെ സ്ത്രീകളുടെതന്നെ പിന്നാക്കം വെക്കല്‍ ഇവിടെയുമുണ്ട്. നമുക്കു പിടിച്ചുകൊണ്ടുവരാന്‍ പറ്റുമോ. അവര്‍ക്ക് അവസരം കൊടുക്കാത്ത പ്രശ്‌നമില്ല. ഒരു സ്ത്രീക്കും മെമ്പര്‍ഷിപ്പും തടയുന്നില്ല. ഫെഡറേഷനിലേക്കു മത്സരിക്കാന്‍ തടസ്സം നില്‍ക്കുന്നില്ല. എല്ലാ വാതിലുകളും തുറന്നിട്ടിട്ടുണ്ട്. പരമാവധി കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സ്ത്രീകളുടേതു മാത്രമായ വിങ്ങുണ്ടാക്കുന്ന ഫിലിം സൊസൈറ്റികള്‍ക്ക് പ്രത്യേക ഗ്രാന്റ് നല്‍കാനും ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

പുതിയ തലമുറ ഫിലിം സൊസൈറ്റികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടോ? 
അതൊരു സങ്കടകരമായ കാര്യമാണ്. ഇതിന്റെ സംഘാടനത്തിലേക്കു പുതിയ തലമുറയില്‍നിന്ന് ആരും വരുന്നില്ല. അശ്വിനിയുടെ ജനറല്‍ സെക്രട്ടറിയാവാന്‍ ഒരാളെ കിട്ടാത്തതുകൊണ്ടാണ് ഞാന്‍ തന്നെ ഇത്രയും കാലം നില്‍ക്കേണ്ടിവരുന്നത്. ഇതൊക്കെ ചെറുപ്പക്കാര്‍ക്കു കഴിയുന്ന കാര്യങ്ങളാണ്. എന്നാല്‍, ചെറുപ്പക്കാരാരും ഇതില്‍ സജീവവുമല്ല. സിനിമ കാണാന്‍ ചിലര്‍ വരും. സിനിമ കാണും സ്ഥലം വിടും. ഭാരവാഹിയാകാന്‍ പറഞ്ഞാല്‍ ആവില്ല. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ സന്നദ്ധരല്ല. ഒരു ഫിലിം സൊസൈറ്റി എവിടെയെങ്കിലും രൂപീകരിക്കാനും അവര്‍ തയ്യാറല്ല. തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലിനൊക്കെ എത്രയോ ചെറുപ്പക്കാരും ചെറുപ്പക്കാരികളും വരുന്നുണ്ട്. അവരിലാരെങ്കിലും തിരിച്ചുപോയി ഒരു ഫിലിം സൊസൈറ്റിയില്‍ അംഗമാവുകയോ ഒരു ഫിലിം സൊസൈറ്റി രൂപീകരിക്കാന്‍ മുന്‍കൈ എടുക്കുകയോ ചെയ്യുന്നുണ്ടോ. ഇതൊക്കെ നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന സംഗതിയാണെന്നും നമ്മളതിന് ഒരു തിരി കൊടുക്കണം എന്നുമുള്ള ഒരു ചിന്ത ഇവര്‍ക്കാര്‍ക്കുമില്ല. വലിയ സങ്കടമാണ്. ലോക സിനിമകളടക്കം വളരെ എളുപ്പത്തില്‍ അവര്‍ക്കു ലഭ്യമാണ് എന്നത് ശരിയാണ്. എങ്കില്‍ക്കൂടി അതു മറ്റൊരാള്‍ക്കുക്കൂടി കാണാന്‍ സൗകര്യം കൊടുക്കണ്ടേ. അതല്ലേ സൊസൈറ്റി. ഫിലിം സൊസൈറ്റിയില്‍ ഒരു നിബന്ധനകളുമില്ല. സിനിമ കാണാന്‍ താല്പര്യമുള്ള ആര്‍ക്കും അംഗങ്ങളാകാം. വിദ്യാഭ്യാസമോ സാമൂഹ്യപദവിയോ ഒന്നും തടസ്സമല്ല. എന്നിട്ടും ആളുകള്‍ വരുന്നില്ല.

50 വര്‍ഷം പിന്നിട്ട ആദ്യത്തെ ഫിലിം സൊസൈറ്റിയാണ് അശ്വിനി. പല ഘട്ടങ്ങളിലും ഫിലിം സൊസൈറ്റികള്‍ കേരളത്തില്‍ നിന്നുപോയപ്പോള്‍ അശ്വിനി ഇത്ര സജീവമായി എങ്ങനെയാണ് മുന്നോട്ടുപോയത്? 
അശ്വിനി ആദ്യകാലത്ത് നടത്തിയ ഫിലിം ഫെസ്റ്റിവലുകള്‍ക്കൊക്കെ പത്രങ്ങള്‍ നല്ല കവറേജ് നല്‍കിയിരുന്നു. ഇതു കാരണം മലബാര്‍ മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍നിന്നുവരെയുള്ള ആളുകള്‍ ഫിലിം സൊസൈറ്റി രൂപീകരിക്കാന്‍ മുന്നോട്ടുവന്നു. അവര്‍ക്കു വേണ്ട എല്ലാ പ്രോത്സാഹനങ്ങളും ഞങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. മലബാര്‍ ഭാഗത്ത് അങ്ങനെ ഒരുപാട് ഫിലിം സൊസൈറ്റികള്‍ വന്നു. ആ കാലത്ത് ആളുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ വേദികളില്ലാത്ത ഒരവസ്ഥയുണ്ടായിരുന്നു. പ്രത്യേകിച്ചും അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലം. നക്സല്‍ മൂവ്മെന്റുകളിലൊക്കെ ഉണ്ടായിരുന്ന പല ആളുകളും ഫിലിം സൊസൈറ്റികള്‍ രൂപീകരിച്ച് അവരുടെ പ്രവര്‍ത്തനം ആ രീതിയിലേക്ക് മാറ്റി. 1990-കളില്‍ ടെലിവിഷന്റെ വരവോടെയാണ് ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ തുടങ്ങിയത്. വൈകുന്നേരങ്ങളിലൊന്നും സ്‌ക്രീനിങിന് ആളെ കിട്ടാത്ത അവസ്ഥയായി. അങ്ങനെ പലഭാഗത്തും സൊസൈറ്റിയുടെ പ്രവര്‍ത്തനം നിന്നുപോകുകയോ മന്ദഗതിയിലാകുകയോ ചെയ്തു. അശ്വിനി അപ്പോഴൊക്കെ പിടിച്ചു നിന്നു. അതിന് ഒരു പ്രധാന കാരണം എന്റെ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഓഫീസും സ്റ്റാഫും ഒക്കെ ഉണ്ടായിരുന്നതാണ്. ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനവും ഇതിനൊപ്പം അങ്ങനെ പൊയ്ക്കൊണ്ടിരുന്നു. മെമ്പര്‍മാരൊക്കെ കുറഞ്ഞിരുന്നു. മെമ്പര്‍മാര്‍ കുറഞ്ഞാലും നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തികശേഷി അശ്വിനിക്കുണ്ടായിരുന്നു. അത് ഈ പ്രസിദ്ധീകരണങ്ങളില്‍നിന്നൊക്കെയുള്ള വരുമാനം ഉപയോഗിച്ചായിരുന്നു. അശ്വിനിക്കു സ്വന്തമായി പ്രൊജക്ടറും സൗണ്ട് സിസ്റ്റവും ഒക്കെയുണ്ട്. സ്വന്തമായി ഒരു തിയ്യേറ്റര്‍ എന്നത് ഇപ്പോഴും സ്വപ്നമാണ്. അളകാപുരി ഹോട്ടലിലെ മിനി ഹാളിലാണ് കൂടുതലും പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. ഭൂവില കാരണം കോഴിക്കോട് നഗരത്തില്‍ സ്ഥലം കണ്ടെത്തി തിയ്യേറ്റര്‍ ഉണ്ടാക്കുക എന്നത് അശ്വിനിക്കു സാധ്യമല്ല.

കേരളത്തില്‍ ഇപ്പോഴും 160 ഫിലിം സൊസൈറ്റികള്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇതു സമീപകാലത്തുണ്ടായിട്ടുള്ള വലിയൊരു വളര്‍ച്ചയാണ്. നശിച്ചുപോയി എന്നു കരുതിയ ഫിലിം സൊസൈറ്റികളുടെ പുനര്‍ജീവനം തന്നെയാണ്. ഫിലിം സൊസൈറ്റി അഖിലേന്ത്യ ഫെഡറേഷന് കല്‍ക്കത്ത, ബോംബെ, മദ്രാസ് എന്നിങ്ങനെയായിരുന്നു റീജിയണ്‍. മദ്രാസ് റീജിയണിനു കീഴിലായിരുന്നു കേരളത്തിലെ സൊസൈറ്റികള്‍. കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ എണ്ണവും അവയുടെ പ്രവര്‍ത്തനവും പറഞ്ഞു ബോധ്യപ്പെടുത്തിയാണ് കേരളത്തിനു മാത്രമായി ഒരു റീജിയണ്‍ അനുവദിച്ചു കിട്ടുന്നത്. ഫെസ്റ്റിവലുകള്‍ കൂടുതല്‍ ജനകീയമാക്കാനും ആളുകള്‍ക്കു നന്നായി ഉള്‍ക്കൊള്ളാനും വേണ്ടി മലയാളം സബ്ടൈറ്റിലുകള്‍ ഉപയോഗിച്ചാണ് അശ്വിനി ഏറ്റവും ഒടുവില്‍ ഫെസ്റ്റിവല്‍ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com