ഒരു സമസ്യപോലെ രാജലക്ഷ്മി: ജോണ്‍ പോള്‍ എഴുതുന്നു

ഒരു സമസ്യപോലെ രാജലക്ഷ്മി: ജോണ്‍ പോള്‍ എഴുതുന്നു

തിനേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രാജലക്ഷ്മിയുടെ 'ഒരു വഴിയും കുറെ നിഴലുകളും' എന്ന നോവല്‍ ഒരു ടെലിവിഷന്‍ പരമ്പരയായി നിര്‍മ്മിക്കാനുള്ള നിയോഗം യാദൃച്ഛികമായി എന്നില്‍ വന്നുചേര്‍ന്നത്. രാജലക്ഷ്മിയുടെ ഒന്നര നോവലും ഒന്നു രണ്ടു കഥകളും വായിച്ചിട്ടുണ്ട്. താല്പര്യം തോന്നുന്ന ഒരെഴുത്തുശൈലിയായിരുന്നു അവരുടേത്. എഴുതിവന്ന നോവല്‍ ഖണ്ഡശ്ശ: പ്രസിദ്ധപ്പെടുത്തി വന്നത് അപേക്ഷാസ്വരത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഇടയ്ക്കുവച്ച് അവ നിറുത്തിച്ച് അതിന്റെ അമ്പരപ്പ് വായനക്കാരില്‍ നിറതേമ്പി നില്‍ക്കെ മരണത്തെ സ്വയം വരിച്ചു! മനസ്സില്‍ ഉറകൂടിയ തുടര്‍ക്കഥകള്‍ പറയാതെ രംഗത്തുനിന്നും സ്വയം പിന്‍വാങ്ങി വായനക്കാര്‍ക്ക് ആദ്യത്തേതിനേക്കാള്‍ വലിയ ആഘാതസമമായ അമ്പരപ്പ് പകുത്തു നല്‍കി. രാജലക്ഷ്മിയുടെ ജീവിതചിത്രം അവരെഴുതിയ കഥകളേക്കാള്‍  നാടകീയവും സംഘര്‍ഷസ്‌തോഭഭരിതവുമായി എനിക്ക് തോന്നിയിരുന്നു. 

രാജലക്ഷ്മിയുടെ ജീവിതരേഖയോടു സാമ്യം ആരോപിക്കപ്പെട്ട (നല്ല അര്‍ത്ഥത്തില്‍) നോവലാണ്, പെരുമ്പടവം ശ്രീധരന്റെ 'അഭയം.' രാമുകാര്യാട്ടിന്റെ സംവിധാനത്തില്‍ ശോഭന പരമേശ്വരന്‍ നായര്‍ അതേ പേരില്‍ ആ നോവല്‍ സിനിമയാക്കിയപ്പോള്‍ ഷീല അഭിനയിച്ച കഥാപാത്രത്തില്‍നിന്നും രാജലക്ഷ്മിയെ വായിച്ചെടുക്കാന്‍ വെമ്പിയവര്‍ക്കിടയില്‍ ഞാനുമുണ്ടായിരുന്നു. 

എന്റെ മൂത്ത ജേഷ്ഠന്റെ പത്‌നി മംഗലാപുരത്ത് ബി.എഡിനു പഠിക്കുമ്പോഴാണ് രാജലക്ഷ്മിയുടെ നോവല്‍ 'മാതൃഭൂമി'യില്‍ ഖണ്ഡശ്ശ: പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഓരോ ലക്കവും കാത്തിരുന്നു ഉദ്വേഗത്തോടെ വായിക്കുമ്പോള്‍ കഥയുടെ ഇറാമ്പലിലെവിടെയോ താനും കൂട്ടുകാരികളും തങ്ങളുടെ നിഴലുകള്‍കൂടി ചേര്‍ത്തു കണ്ടിരുന്ന കഥയും ചേട്ടത്തിയമ്മ പറഞ്ഞിട്ടുണ്ട്. പെട്ടെന്നാണ് നോവലിസ്റ്റിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം നോവല്‍ ഈ ലക്കം തൊട്ട് പ്രസിദ്ധീകരിക്കുന്നില്ല എന്ന പത്രാധിപക്കുറിപ്പോടെ നോവല്‍ മുന്നറിയിപ്പില്ലാതെ ആഴ്ചപതിപ്പില്‍ നിറുത്തുന്നത്. അത് വലിയ സങ്കടമായി അവര്‍ക്ക്. തൊട്ടുപുറകെ രാജലക്ഷ്മിയുടെ ആത്മഹത്യാവാര്‍ത്തകൂടി അറിഞ്ഞപ്പോള്‍ അവര്‍ക്കതു വലിയ ഞടുക്കമായി. ഏറ്റവും വേണ്ടപ്പെട്ട, തങ്ങളുടെ മനസ്സു തൊട്ടറിഞ്ഞ, ആരുടേയോ ദാരുണമരണം കേട്ടാലെന്നോണം ഒന്നുരണ്ടു ദിവസം ആ ആഘാതത്തിന്റെ മരവിപ്പില്‍നിന്നുണരാതെ കഴിച്ചുകൂട്ടി അവര്‍. ചേട്ടത്തിയമ്മയടക്കം പലരും ഈ ദുഃഖവാര്‍ത്തയറിഞ്ഞ ദിവസം ഭക്ഷണം കഴിക്കാന്‍ കൂടി മനസ്സുവരാത്ത അവസ്ഥയിലായി. 

ഇത്രമേല്‍ വായനാസമൂഹത്തിനിടയില്‍ എഴുത്തില്‍ വ്യാപരിച്ചിരുന്ന നാളുകളില്‍ സാത്മ്യാനുഭവ പ്രതീതി സൃഷ്ടിച്ച വേറെ എഴുത്തുകാരികള്‍ അധികമുണ്ടാകുമോ? മാധവിക്കുട്ടിയടക്കമുള്ളവര്‍ തീര്‍ത്തത് വിരുദ്ധശ്രുതിയില്‍ ഞടുക്കമുണര്‍ത്തുന്ന തിരിച്ചറിവുകളും അവയുടെ ഉള്‍വേവില്‍നിന്നുയര്‍ന്ന  കലാപബോധവുമായിരുന്നുവല്ലോ. 

തൃശൂരില്‍ ശോഭന പരമേശ്വരന്‍ നായര്‍ക്കും എനിക്കും പരിചിതനായ ഒരു നാരായണേട്ടനുണ്ടായിരുന്നു. അദ്ദേഹം എം.ടിയുടെ ഒരു ബന്ധുവുമായിരുന്നു. എം.ടി. വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. പരമുവണ്ണന്‍ (പരമേശ്വരന്‍ നായര്‍) വഴി സൗഹൃദം വളര്‍ന്നു. എം.ടി. രചനയും സംവിധാനവും നിര്‍വ്വഹിച്ചു ഞാന്‍ നിര്‍മ്മിച്ച 'ഒരു ചെറുപുഞ്ചിരി'യില്‍ അദ്ദേഹം ഒരു നാട്ടുകാരണവരുടെ ചെറു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. 

നാരായണേട്ടനു രാജലക്ഷ്മിയുടെ 'ഒരു വഴിയും കുറെ നിഴലുകളും' എന്ന നോവലിനോട് വല്ലാത്ത പ്രിയമായിരുന്നു. അതില്‍ പാതി ആത്മകഥാംശവും മറുപാതി ആ ആത്മകഥാംശത്തിന്റെ ഭൂമികയില്‍നിന്നും വിടര്‍ന്നുവന്ന ഭാവനയുമായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയത് പരമുവണ്ണനാണ്. 

സീരിയല്‍ എടുക്കാനുള്ള നീക്കം
ഒരിക്കല്‍ അണ്ണന്‍ ഇതു സിനിമയാക്കാന്‍ ഒരു ശ്രമം നടത്തിയതാണ്. ഒറ്റപ്പാലത്ത് രാജലക്ഷ്മിയുടെ സഹോദരിയെ ചെന്നുകണ്ടു. കഥയുടെ അവകാശം വാങ്ങുകയും ചെയ്തു. എന്തുകൊണ്ടോ ആ പദ്ധതി പിന്നീട് മുന്‍പോട്ടു പോയില്ല. നാരായണേട്ടന്‍ ഈ നോവലിന്റെ വിഷയം എടുത്തിട്ടപ്പോള്‍ പരമുവണ്ണനും ഉത്സാഹമായി. സിനിമയായിട്ടല്ല, ടെലിവിഷന്‍ പരമ്പരയായിട്ട് ചെയ്യുകയാണ് നല്ലത് എന്നും ധാരാണയായി. പരമ്പര സംപ്രേഷണം ചെയ്യാന്‍ ഒരു ചാനലും കണ്‍വെട്ടത്തില്ല. നാരായണേട്ടനും പരമുവണ്ണനും ഉത്സാഹി വേഷത്തിനേ ഉണ്ടാകൂ. നിര്‍മ്മാണവൃത്തം ഞാന്‍ ഏറ്റെടുക്കുകയോ ഏകോപിച്ചെടുക്കുകയോ ചെയ്ത് ഒരു ചാനലുമായി ധാരണയിലെത്തണം. പരമുവണ്ണന്‍ അന്ന് ഏഷ്യാനെറ്റിന്റെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളാണ്. പക്ഷേ, അവര്‍ക്കിത്തരം ഒരു പരമ്പരയില്‍ താല്പര്യമുണ്ടാകുമോ എന്നുറപ്പില്ല. പരമുവണ്ണനൊരു ധര്‍മ്മസങ്കടമുണ്ടാകാതിരിക്കാന്‍ ശ്രമം ആ വഴി വേണ്ടെന്നു മുന്‍പേ ഉറച്ചു. 
ഏതിനും ശ്രമം തുടങ്ങും മുന്‍പേ എം.ടിയോട് ഒന്നാലോചിക്കാം.
''നല്ല കഥയാണ്, സീരിയലിന്റെ പതിവു മസാലയൊന്നും അതില്‍ ചേരില്ല. അങ്ങനെയല്ലാതെ ഏതെങ്കിലും ചാനല്‍ സപ്പോര്‍ട്ട് ചെയ്യുമെങ്കില്‍ ആലോചിക്കാവുന്നതാണ്.''
ആയിടയ്ക്കാണ് ജീവന്‍ ടി.വി. സംപ്രേഷണത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത്. എന്തെങ്കിലും നല്ല പ്രോഗ്രാം അവര്‍ക്കുവേണ്ടി ചെയ്യണമെന്ന് ജിജോ അതിന്റെ തലപ്പത്തുണ്ടായിരുന്നപ്പോഴേ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴത്തെ സാരഥികളുടെ കൂട്ടത്തില്‍ വാര്‍ത്താവിഭാഗത്തിന്റെ ചുമതല ബാബു ജോസഫിനും ഫിക്ഷന്‍ വിഭാഗത്തിന്റെ ചുമതല മോഹന്‍ മേനോനുമാണ്. രണ്ടു പേരും സുഹൃത്തുക്കള്‍. രാജലക്ഷ്മിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരു പരമ്പര എന്നു പറഞ്ഞപ്പോള്‍ ജീവന്‍ ടി.വിയും താല്പര്യം കാണിച്ചു.  

ആദ്യം കഥയുടെ അവകാശം വാങ്ങണം. പരമുവണ്ണനുമായുണ്ടായിരുന്ന കരാറിന്റെ കാലാവധി പണ്ടേ കഴിഞ്ഞിരിക്കും. പുതുതായി വാങ്ങേണ്ടതുണ്ട്. സഹോദരിമാര്‍ ഇപ്പോള്‍ എവിടെയാണ് എന്നുറപ്പില്ല. ഒറ്റപ്പാലത്തു ചെന്ന് അന്വേഷിക്കണം. പരമുവണ്ണനേയും കൂട്ടി ഞാന്‍ ഒറ്റപ്പാലത്തെത്തി. ക്വാര്‍ട്ടേഴ്സ് പോലെ ഏതാനും വീടുകള്‍ റോഡിന്റെ ഒരോരത്തായി. അതിലൊന്നില്‍ ചെന്ന് അന്വേഷിച്ചു. അവര്‍ക്കറിയില്ല. അടുത്ത വീട്ടിലുള്ളവര്‍ പണ്ടവിടെ അങ്ങനെ ഒരു കൂട്ടര്‍ താമസിച്ചിരുന്നതായി കേട്ടിട്ടുണ്ട്. വഴിയുടെ അങ്ങേയറ്റത്ത് എതിര്‍വശത്തായൊരു ബംഗ്ലാവുണ്ട്. അവര്‍ കുറേക്കാലമായി ഇവിടെ താമസിക്കുന്നു. അന്വേഷിച്ചാല്‍ ചിലപ്പോള്‍ അവര്‍ക്കെന്തെങ്കിലും സൂചന നല്‍കാന്‍ കഴിഞ്ഞേക്കും. അവിടേയ്ക്കു നീങ്ങി. ക്വാര്‍ട്ടേഴ്സ് പോലുള്ള വീടുകളില്‍ ഒന്നിലൊഴികെ എല്ലാറ്റിലും താമസക്കാരുണ്ട്.  ഒന്നുമാത്രം പൂട്ടിക്കിടക്കുന്നു. കുറേക്കാലമായി ആള്‍പ്പെരുമാറ്റം ഇല്ലാത്ത ഒരു പ്രതീതി. 

ബംഗ്ലാവിലെത്തി. ആഗമനോദ്ദേശ്യം പറഞ്ഞു. സഹൃദയനായിരുന്നു വീട്ടുകാരന്‍. വായനാശീലമുണ്ട്. രാജലക്ഷ്മിയെക്കുറിച്ചു വലിയ ആദരവുമാണ്. കഥാകാരിയുടെ രണ്ട് സഹോദരിമാരില്‍ ഒരാളേ ജീവിച്ചിരിപ്പുള്ളൂ. അവര്‍ മദിരാശിയില്‍ മകനോടൊപ്പമാണ് താമസം. മകന്റെ പേര് പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പറഞ്ഞു. അത്രയും വച്ചു കണ്ടെത്താനായേക്കും. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ക്വാര്‍ട്ടേഴ്സുകളുടെ നിരയിലേക്കു കൈചൂണ്ടി അദ്ദേഹം പറഞ്ഞു:

''ആ പൂട്ടിക്കിടക്കുന്ന... അവിടെ വച്ചായിരുന്നു...''
കാറ് ആ വീടിനു മുന്‍പിലെത്തിയപ്പോള്‍ ഒന്നു നിറുത്തി. കാറിലിരുന്നുകൊണ്ട് ഒരു നിമിഷം ആ വീടിന്റെ നേര്‍ക്കൊന്നു നോക്കി. 
ഊഴമെത്തും മുന്‍പേ സ്വയം കഥ നിറുത്തി കഥാകാരി സമയതീരത്തിനപ്പുറത്തേയ്ക്കു പിന്‍വാങ്ങിയ നിമിഷം സങ്കല്പത്തില്‍ മനസ്സില്‍ ചൂട്ടുപൊള്ളി. 

എംടി
എംടി


കരിയില വീണു മൂടിക്കിടക്കുന്ന അവിടത്തെ മണ്ണിന്റെ നെഞ്ചകത്തില്‍ രാജലക്ഷ്മിയുടെ കാല്‍പ്പാടുകള്‍ ചൂടാറാതെ ഇപ്പോഴും കിടപ്പുണ്ടാകും. അവരുടെ നിശ്വാസങ്ങളും അമര്‍ത്തിയ തേങ്ങലുകളും അതിനിടയില്‍ വിതുമ്പിയും പ്രകാശിതമായ രൂപകങ്ങളുടെ ഓരത്തെ കണ്ണുനീരുപ്പും അവിടത്തെ കാറ്റിലിപ്പോഴും ഇടവേശിതമായി തികട്ടിനില്‍ക്കുന്നുണ്ടാകും... 
മദിരാശിയില്‍ പോകും മുന്‍പേ കമ്പനിവൃത്തത്തില്‍നിന്നും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. വിളിച്ചു. രാജലക്ഷ്മിയുടെ  സഹോദരി മകന്റെ കൂടെ അണ്ണാനഗറിലാണ് താമസം. 

നേരില്‍ ചെന്നുകണ്ടു. കാര്യങ്ങളില്‍ ധാരണയായി.  കരാറൊപ്പിട്ടു. വെള്ളിയിഴകള്‍ നിറഞ്ഞ മുടിയറ്റത്തു, പൂജാമുറിയില്‍ നിന്നെടുത്തതാവാം രണ്ടിതള്‍ പൂവുകള്‍. നെറ്റിയില്‍ ചന്ദനം. മുഖച്ഛായ രാജലക്ഷ്മിയുടേതില്‍നിന്നും വ്യത്യസ്തം. ഒരമ്മ മക്കള്‍ എല്ലാം ഒരേ ഛായയിലാകണമെന്നില്ലല്ലോ. പ്രായം സമ്മാനിച്ച മാറ്റവുമാകാം. 
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സഹോദരി ഒന്നേ പറഞ്ഞുള്ളു. 

എന്‍വി കൃഷ്ണവാരിയര്‍
എന്‍വി കൃഷ്ണവാരിയര്‍


''ജീവിച്ചിരുന്നപ്പോള്‍ ഓരോന്നു മനസ്സിലിട്ടു നീറ്റി സങ്കടപ്പെടാനേ അവള്‍ക്കു യോഗംണ്ടായുള്ളൂ... നിങ്ങളിത് അവതരിപ്പിക്കുമ്പോള്‍ അവള്‍ടെ ആത്മാവിനു അതുകണ്ട് ദുഃഖംണ്ട്വാവരുത്...'' 
അതിലും വലിയ മാര്‍ഗ്ഗനിര്‍ദ്ദേശം വേറെന്തു നല്‍കുവാന്‍!
സംവിധാനം ആരുവേണം? നോവലിന്റെ പശ്ചാത്തല സംസ്‌കൃതി ഉള്‍ക്കൊള്ളാനാകുന്ന ഒരാളാവണം. വെടിപ്പോടെ വേണം ആവിഷ്‌കാരം. 
മനസ്സില്‍ തോന്നിയത് സംവിധായകന്‍ മോഹന്റെ പേരാണ്. 
പരമുവണ്ണനും പിന്‍താങ്ങി. 
''അയാള്‍ക്ക് ഈ കഥ മനസ്സിലാകും. നന്നായി ചെയ്യാന്‍ പറ്റും.''
എം.ടിയും യോജിച്ചു.
ചാനലിന് എന്റെ തീരുമാനം എന്തോ അതു സ്വീകാര്യമായിരുന്നു. 
മോഹന് സമ്മതം, സന്തോഷം. 
മോഹനേയും കൂട്ടി കോഴിക്കോട് അളകാപുരിയിലെത്തി. 
എം.ടി. വന്നു. 

അദ്ദേഹത്തിന്റെ കൈകൊണ്ടാണ് മോഹന് ഒരു ചെറിയ അഡ്വാന്‍സ് നല്‍കിയതും. എന്റെ നിര്‍മ്മാണ ബാനറായിരുന്നു ജോണ്‍പോള്‍ ഫിലിംസ്. ആദ്യ ചിത്രം എം.ടിയുടെ 'ഒരു ചെറുപുഞ്ചിരി'യായിരുന്നു. ആ ബാനറില്‍ ഞാന്‍ വീണ്ടുമൊരു നിര്‍മ്മാണ യജ്ഞത്തിനിറങ്ങുകയാണല്ലോ. 
രണ്ടു ദിവസം പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. എം.ടി. വിലപ്പെട്ട പല നിര്‍ദ്ദേശങ്ങളും നല്‍കി.

ഡോ എം ലീലാവതി
ഡോ എം ലീലാവതി

 
നോവലിലെ ഒരു ഭാഗം മണി എന്ന (രമണിയുടെ വിളിപ്പേര്) കേന്ദ്ര കഥാപാത്രത്തിന്റെ ബാല്യകൗമാര നാളുകളില്‍ ആ മനസ്സില്‍ ദൃഢമായി പതിഞ്ഞ ചില തിക്താനുഭവങ്ങളും അവയോടുണര്‍ന്ന കലാപത്വരയും അവയ്ക്കിടയില്‍ ഏതാണ്ട് നിഷേധിപ്രകൃതത്തില്‍ത്തന്നെ വളര്‍ത്തിയെടുത്ത ചില ചായ്വുകളുമാണ്. ആ ഭൂമികയില്‍നിന്നാണ് അവളുടെ ജീവിതവീക്ഷണവും സമീപനപ്രകൃതവും രൂപമെടുത്തത്. അവ തെളിച്ച ചാലിലൂടെയാണ് കഥയുടെ ഉത്തരഭാഗത്തില്‍ അവളുടെ സഞ്ചാരം. പൂര്‍വ്വഭാഗം അതിനാല്‍ അനിവാര്യമാണ്. പ്രമുഖവും പ്രധാനവുമാണ്. ഉത്തരഭാഗം വേണ്ടവിധം ഉള്‍ക്കൊള്ളുവാന്‍ ഈ പൂര്‍വ്വഭാഗത്തിന്റെ ഊന്നല്‍ പശ്ചാത്തലം ആവശ്യമാണ്.

സീരിയല്‍ പരിവൃത്തത്തില്‍നിന്നുകൊണ്ടു  ചിന്തിക്കുമ്പോള്‍ എപ്പിസോഡുകളായാണ് അവതരണവും സംപ്രേഷണവും. കാലക്രമത്തില്‍ ലീനിയറായിട്ടാണ് ആഖ്യാനമെങ്കില്‍ ആദ്യത്തെ പത്ത് എപ്പിസോഡുകളിലെങ്കിലും ബാല്യകൗമാര നാളുകളാകും പ്രതിപാദ്യം, അവിടെ ക്യാരക്ടര്‍ വേഷങ്ങളിലുള്ളവര്‍ ഒഴിച്ചാല്‍ പിന്നുള്ളവരെല്ലാം ബാലകഥാപാത്രങ്ങളും താരതമ്യേന പുതിയ അഭിനേതാക്കളുമായിരിക്കും. മണി മുതിര്‍ന്നതില്‍ പിന്നെ മാത്രമേ ടെലിവിഷന്‍ പരിവൃത്തത്തിനു പ്രാപ്യമായ താരസാന്നിദ്ധ്യം എപ്പിസോഡുകളിലുണ്ടാകൂ. 

പാര്‍വതി
പാര്‍വതി


അറിയപ്പെടാത്തവര്‍ക്കു പ്രാമുഖ്യം നല്‍കി പത്തോളം എപ്പിസോഡുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്താല്‍ എത്രത്തോളം പ്രേക്ഷക ശ്രദ്ധ അതിലേക്കു തിരിഞ്ഞെത്തും എന്നത് ടെലിവിഷന്‍ സഹജമായ ആശങ്കയാണ്. 
ഓരോ എപ്പിസോഡിലും തുടക്കത്തിലും അവസാനവും മണി മുതിര്‍ന്ന ശേഷമുള്ള നിമിഷങ്ങളും അവയ്ക്കുണര്‍ത്താന്‍ കഴിയുന്ന പൂര്‍വ്വാശ്രമനിമിഷങ്ങള്‍  അതിനിടയിലുമായി ചേര്‍ത്തൊരു ആഖ്യാനഘടന അവലംബിക്കുക എന്നതാണ് അതിനു പരിഹാരം. നോണ്‍ ലീനിയറായിരിക്കെയും ലീനിയര്‍ പ്രകൃതം നഷ്ടപ്പെടാതെ നിലനിറുത്തുക ചെറിയ വെല്ലുവിളിയായിരുന്നില്ല. ഇരുപതിനോടു തൊട്ടു മിനിറ്റുകള്‍ മാത്രം വരുന്ന ഒരു എപ്പിസോഡില്‍ തുടരെത്തുടരെ ഫ്‌ലാഷ്ബാക്കുകള്‍ വന്നാല്‍ കാഴ്ചയനുഭവത്തിന്റെ നൈരന്തര്യത്തെ ബാധിക്കും. കാണുമ്പോള്‍ അനുഭവപ്പെടുന്ന ഒഴുക്കിനു ഭംഗമുണ്ടാവരുത്. അതേസമയം മറ്റു വ്യതിഭ്രംശങ്ങള്‍ ഒഴിവാക്കുകയും വേണം. അങ്ങനെയൊരു ഘടനാപ്രകൃതത്തിലെത്തിപ്പെടാനുള്ള ഊര്‍ജ്ജം ആവോളം പകര്‍ന്നുതന്നാണ് എം.ടി. ഞങ്ങളെ യാത്രയാക്കിയത്. 
പോകും മുന്‍പ് എം.ടി. രാജലക്ഷ്മിയുമായി ബന്ധപ്പെട്ട ഒരോര്‍മ്മ പങ്കുവച്ചു. 
രാജലക്ഷ്മിയുടെ നോവല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധപ്പെടുത്തി വരുന്നകാലം. 
എന്‍.വി. കൃഷ്ണവാരിയര്‍ ആയിരുന്നു അന്ന് ആഴ്ചപതിപ്പിന്റെ പത്രാധിപര്‍. എം.ടി. സഹപത്രാധിപരും. 
മാതൃഭൂമി ആഴ്ചപതിപ്പില്‍ സഹപത്രാധിപര്‍ ആയിരുന്നപ്പോഴും പിന്നീടു പത്രാധിപര്‍ ആയപ്പോഴും സ്വന്തം രചനകള്‍ വളരെ കുറച്ചു മാത്രമേ എം.ടി. പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ. രാജലക്ഷ്മിയുടെ നോവല്‍ പ്രസിദ്ധപ്പെടുത്തുന്ന കാലമെത്തുമ്പോഴേയ്ക്കും മറ്റു പലയിടത്തായി പ്രസിദ്ധപ്പെടുത്തിയ കഥകളുടെ ഒരു പരിവേഷം എം.ടിക്കു സ്വന്തമായിരുന്നു. കഥപറച്ചിലിന്റെ ആ രീതിയും അതില്‍ കടന്നുവരുന്ന കാഴ്ചകളും ശ്രാവ്യസൂചകങ്ങളും രൂപകങ്ങളും വായനക്കാര്‍ക്കു പ്രിയങ്കരമായി മാറിയിരുന്നു. പ്രിയങ്കരമായതിനൊപ്പം പരിചിതവുമായി തീര്‍ന്നിരുന്നു.

മാതൃഭൂമി ആഴ്ചപതിപ്പിലേയ്ക്കു നിരവധി വായനക്കാര്‍ കത്തുകളെഴുതി.
''എന്തിനാണ് എം.ടി. ഒരു സ്ത്രീയുടെ അപരനാമത്തിനു പിന്നില്‍ ഒളിച്ചിരുന്നുകൊണ്ട് മാതൃഭൂമി ആഴ്ചപതിപ്പില്‍ നോവലെഴുതുന്നത്?''
പത്രാധിപരായ എം.വിക്ക് രാജലക്ഷ്മി എന്നത് കള്ളപ്പേരല്ലെന്നും കഥാകാരി ഒറ്റപ്പാലത്തെ ഒരു അദ്ധ്യാപികയാണെന്നും വ്യക്തമാക്കി ഒരു കുറിപ്പ് പ്രസിദ്ധപ്പെടുത്തേണ്ടിവന്നിരിക്കും. 
എന്‍.വി. കൃഷ്ണവാരിയര്‍ സ്ഥലത്തില്ലാതിരുന്നപ്പോഴാണ് രാജലക്ഷ്മി തന്റെ നോവല്‍ പാതിവച്ചു പ്രസിദ്ധീകരണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷാസ്വരത്തില്‍ കത്തയച്ചതത്രെ. തീരുമാനമെടുക്കേണ്ട ചുമതല എം.ടിക്കായി. അദ്ദേഹം കഥാകാരിയുടെ അഭ്യര്‍ത്ഥന മാനിച്ചു. അതിനിടയില്‍ അപേക്ഷ ആവര്‍ത്തിച്ചുകൊണ്ട് രാജലക്ഷ്മി അയച്ച കമ്പി സന്ദേശങ്ങളും അദ്ദേഹത്തെ തേടിയെത്തി. അത്രമാത്രം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നിരിക്കണം അവര്‍. നോവല്‍ മാനുസ്‌ക്രിപ്റ്റ് എം.ടി. അവര്‍ക്കു തിരിച്ചയച്ചുകൊടുത്തു. ആഴ്ചപതിപ്പില്‍ നോവല്‍ നിറുത്തിവയ്ക്കുകയാണെന്ന കുറിപ്പും നല്‍കി. 
മാതൃഭൂമി ആഴ്ചപതിപ്പില്‍ ചെറുകഥകളുടേയും നോവലിന്റേയും ചുമതല എം.ടിക്കായിരുന്നതുകൊണ്ട് അദ്ദേഹം മാത്രമായിരിക്കും ആ നോവല്‍ പൂര്‍ണ്ണമായും വായിച്ചിട്ടുണ്ടാവുക; പരമാവധി എന്‍.വിയും. 
തന്റെ അസാന്നിദ്ധ്യത്തില്‍ സഹപത്രാധിപ സ്ഥാനത്തിരുന്നുകൊണ്ട് എം.ടി. അവലംബിച്ച നിലപാടിനോടും കൈക്കൊണ്ട തീരുമാനത്തോടും പിന്നീട് എന്‍.വി. എവ്വിധമാണ് പ്രതികരിച്ചതെന്നറിയില്ല.
ഇന്നായിരുന്നുവെങ്കില്‍ മേല്‍ത്തീരുമാനമെടുത്തതിനെതൊട്ടു തുടര്‍ന്ന് കഥാകാരിയുടെ ആത്മഹത്യാവാര്‍ത്തകൂടി വന്ന പശ്ചാത്തലത്തില്‍ ആ സഹതാപതരംഗം വഴി വര്‍ദ്ധിക്കാവുന്ന സര്‍ക്കുലേഷനില്‍ ലാഭക്കണ്ണുനട്ട്  ഏതു പ്രസിദ്ധീകരണ മാനേജ്‌മെന്റും കൈക്കൊള്ളാവുന്ന സമീപനം നമുക്കു സങ്കല്പിക്കുവാനാകും.

ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്നു തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയേശ ക്ഷേത്രത്തിനടുത്ത് ഒരു കോവിലകത്തിന്റെ താഴത്തെ നിലയിലാണ് താമസം. 
'ഒരു വഴിയും കുറെ നിഴലുകളും' നോവലിനെക്കുറിച്ച് സംസാരമദ്ധ്യേ പരാമര്‍ശിച്ചപ്പോള്‍ എം.എസ്. നായരാണ് നോവലിനുവേണ്ടി ആഴ്ചപതിപ്പില്‍ രേഖാചിത്രങ്ങള്‍ വരച്ചതെന്നു പറഞ്ഞ വരയുടെ തിരുമേനി തനിക്കു പരിചിതമായ, തന്റേതുകൂടിയ ജീവിതവരമ്പുകളില്‍ നിന്നുയര്‍ന്നുവന്ന കഥാപാത്രങ്ങളെ രേഖകളായി വരയാനുള്ള നിയോഗം ലഭിച്ചില്ലല്ലോ എന്നു ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

എറണാകുളം മഹാരാജാസ് കോളേജിലാണ് നോവലിലെ കഥാപാത്രമായ മണി പഠിക്കുന്നത്. രാജലക്ഷ്മി പഠിച്ചതും അവിടെയായിരുന്നു. അതുകൊണ്ട് പരമ്പരയുടെ ചിത്രീകരണം തുടങ്ങിയത് അവിടത്തെ ലാംഗ്വേജ് ഡിപ്പാര്‍ട്ട്‌മെന്റിലെ താഴത്തെ ക്ലാസ്സുമുറിയില്‍വച്ചായിരുന്നു. രാജലക്ഷ്മിയുടെ ചിത്രം മാലചാര്‍ത്തി അതിന്റെ മുന്‍പില്‍ നിലവിളക്കില്‍ തിരിതെളിച്ചുകൊണ്ടായിരുന്നു തുടക്കം. എം.ടി. ആദ്യ തിരി തെളിച്ചു. പിന്നെ എം. ലീലാവതി ടീച്ചര്‍ (ടീച്ചര്‍ ഒരു ഹ്രസ്വകാലമാണെങ്കില്‍ക്കൂടിയും, എം.ടിയുടെ അദ്ധ്യാപിക കൂടിയാണ്.) ശോഭന പരമേശ്വരന്‍ നായര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സംവിധായകന്‍ മോഹന്‍ എന്നിവരും. 
ചങ്ങമ്പുഴ വിദ്യാര്‍ത്ഥിയായിരുന്നു പഠിച്ച ക്ലാസ്സുമുറി എന്നൊരു സവിശേഷത കൂടിയുണ്ടായിരുന്നു ആ പൂജാവേദിക്ക്. അതു ചൂണ്ടിക്കാണിച്ചുതന്നത് പില്‍ക്കാലത്ത് അതേ ക്ലാസ്സുമുറിയില്‍ വിദ്യാര്‍ത്ഥിനിയും പിന്നീട് ദീര്‍ഘകാലം അദ്ധ്യാപികയുമായിരുന്ന ലീലാവതി ടീച്ചറാണ്. മറ്റൊരു പ്രസക്തികൂടി ഈ പൂജാവേളയില്‍ ടീച്ചറിന്റെ സാന്നിദ്ധ്യത്തിനുണ്ടായിരുന്നു. ടീച്ചറും രാജലക്ഷ്മിയും ഇതേ കോളേജില്‍ സഹപാഠിനികളായിരുന്നു. എം.എന്‍. വിജയനും അന്നവിടെ സഹപാഠിയായിരുന്നുവത്രെ. ''വല്ലാതെ അന്തര്‍മുഖയായിരുന്നു രാജലക്ഷ്മി. ഉള്ളില്‍ എന്തെല്ലാമോ ഇരമ്പുന്നുണ്ടായിരുന്നിരിക്കണം. പക്ഷേ, അതിന്റെ ഭാവം ഒന്നും കാണാനുണ്ടായിരുന്നില്ല. സാഹിത്യവാസനയോ എഴുതാനുള്ള സിദ്ധിയുടെ സൂചനയോ ഒന്നും കണ്ടിരുന്നുമില്ല.''
പഠിത്തം കഴിഞ്ഞു രണ്ടാളും രണ്ടു വഴിക്ക് പിരിഞ്ഞു. 
'മകള്‍' എന്ന പേരില്‍ ഒരു കഥ അച്ചടിച്ചുവന്നത് വായിച്ചപ്പോള്‍ ഒരമ്പരപ്പു തോന്നി. 
''ഇതെന്റെ കഥയാണല്ലോ. ഈ ദുഃഖപര്‍വ്വം ഞാനാരോടും പറഞ്ഞുനടന്നിട്ടില്ല. പിന്നെങ്ങനെ ഇത്ര കൃത്യമായി ഈ കഥയിലിതു വന്നു!'' 
ആ അത്ഭുതത്തോടെയാണ് കഥയെഴുതിയത് ആരെന്നു നോക്കിയത്. 
രാജലക്ഷ്മി. ആദ്യം അതാരെന്നു മനസ്സിലായില്ല. തന്റെ കൂട്ടുകാരി രാജലക്ഷ്മി എഴുത്തുകാരിയാകുമെന്ന വിദൂര സൂചനപോലും  ഉണ്ടായിരുന്നില്ലല്ലോ. രാജലക്ഷ്മിയുടെ ഉള്ളില്‍ നെഞ്ചകം നീറ്റി വാക്കുകളാക്കി ജീവിതനുറുങ്ങുകള്‍ കോര്‍ത്ത് ഇത്ര വിദഗ്ദ്ധമായി കഥകള്‍ രചിക്കുന്ന ഒരു കഥാകാരി ഇവ്വിധം മാറ്റുതെളിഞ്ഞു വെളിപ്പെടാന്‍ പാകത്തിന് ഒളിഞ്ഞിരുന്നു എന്നുറപ്പിക്കാന്‍ അവര്‍ പിന്നീടെഴുതിയ കഥകളുടെ സാക്ഷ്യം കൂടി വേണ്ടിവന്നിരിക്കും ലീലാവതി ടീച്ചര്‍ക്ക്. 

മഹാരാജാസ് കോളജ്
മഹാരാജാസ് കോളജ്

ജ്യോതിര്‍മയിയാണ് രമണിയായി ക്യാമറയുടെ മുന്നിലെത്തിയത്; ജ്യോതിര്‍മയിയുടെ രണ്ടാമത്തെ അഭിനയനിയോഗം. കുക്കു പരമേശ്വരന്‍ സംവിധാനം ചെയ്ത ഒരു ടെലിഫിലിമിന്റെ ഷൂട്ടിങ്ങ് ചോറ്റാനിക്കരയിലുള്ള ഒരു മനയില്‍ നടക്കുന്നുണ്ടായിരുന്നു. മോഹനേയും കൂട്ടി അവിടെ ചെന്നിട്ടാണ് ജ്യോതിര്‍മയിയെ കാണുന്നതും കരാര്‍ ചെയ്യുന്നതും. സമാന്തരമായിത്തന്നെ പ്രേം പ്രകാശ് ജൂഡ് അട്ടിപ്പേറ്റിയുടെ സംവിധാനത്തില്‍ നിര്‍മ്മിച്ച ഒരു സീരിയലിലേക്കും ജ്യോതിര്‍മയി കാസ്റ്റ് ചെയ്യപ്പെട്ടു. 'ഒരു വഴിയും കുറെ നിഴലുകളും' രണ്ട് ഷെഡ്യൂകളിലായി പതിന്നാല് എപ്പിസോഡുകളോളം ചിത്രീകരിച്ചു എങ്കിലും പല കാരണങ്ങളാലും തുടരാനാവാതെ മുടങ്ങുവാനായിരുന്നു ആ ശ്രമത്തിനു നിയോഗം. ജുഡ് അട്ടിപ്പേറ്റിയുടെ സീരിയലിലെ ജ്യോതിര്‍മയിയുടെ അഭിനയം ഏറെ ശ്ലാഘിക്കപ്പെട്ടു. പിന്നീടവര്‍ ടെലിവിഷനിലും സിനിമയിലും നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. രണ്ടു ധാരയിലും സംസ്ഥാന അവാര്‍ഡുകളടക്കം ബഹുമതികള്‍ നേടി. ഛായാഗ്രഹകനും സംവിധായകനുമായ അമല്‍ നീരദിന്റെ പത്‌നിയായി ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു. 

പാര്‍വതിയുമായുള്ള ആലോചന
ലീലാവതി ടീച്ചറുടെ കാലില്‍തൊട്ട് അനുഗ്രഹം വാങ്ങിയ ജ്യോതിര്‍മയിയുടെ ശിരസ്സില്‍ വാത്സല്യപൂര്‍വ്വം തഴുകി അവരുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ടീച്ചര്‍ പറഞ്ഞു:
''രാജലക്ഷ്മിയാവാന്‍ കുട്ടിക്കു പറ്റും. രാജലക്ഷ്മിയായാലേ രമണിയാകാന്‍ പറ്റൂ. അതിനു കണ്ണുകളില്‍ ഉള്ളിലെ പിടച്ചിലിന്റെ ഒരു നീറ്റല്‍ വേണം. ഒരെരിവും പിന്നെ ദുഃഖത്തിന്റെ ഘനീഭവിച്ച ഭാവവും ഒപ്പത്തിനൊപ്പം വേണം. അതു കുട്ടിക്കുണ്ട്.'' 
ജ്യോതിര്‍മയി നന്നായി അഭിനയിച്ചു. വെളിച്ചം കാണാതെ പോയ ഒരഭിനയ പ്രകാശനത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞിട്ടുമെന്താ!
പത്തുപതിനാറ് വര്‍ഷങ്ങള്‍ കടന്നുപോയി. 

ഒരു ദിവസം ഒരു ഫോണ്‍ കാള്‍. ഭരതന്റെ കൂടെയുണ്ടായിരുന്നു എന്ന പരിചയപ്പെടുത്തലോടെയാണ് ആവശ്യമുന്നയിച്ചത്. 
'ഒരു വഴിയും കുറെ നിഴലുകളും' അദ്ദേഹത്തിനു സിനിമയാക്കണം.
കഥയുടെ അവകാശം രാജലക്ഷ്മിയുടെ സഹോദരീപുത്രന്മാരില്‍നിന്ന് വാങ്ങേണ്ടതുണ്ട്. ഞാനുമായുള്ള കരാറിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. 
അദ്ദേഹം നേരില്‍വന്നു ഡി.സി. ബുക്സില്‍ ബന്ധപ്പെട്ടാല്‍ അവകാശികളുടെ വിലാസവും നമ്പറും കിട്ടും. ആ വഴി ചെന്ന് അവകാശം വാങ്ങാം. 
അങ്ങനെ ചെയ്യാമെന്ന് പറഞ്ഞു. 
''ഞാന്‍ തിരക്കഥയെഴുതണം.''
''ഒരിക്കല്‍ ദൃശ്യവിഭാവനം ചെയ്തതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവില്ല, കാര്യങ്ങള്‍ അടുത്തുവരട്ടെ. എന്നിട്ടു നമുക്കാലോചിക്കാം.''
പിന്നീട് അക്കൊല്ലം ഒന്നും സംഭവിച്ചില്ല. 
ഇക്കൊല്ലമാദ്യം വീണ്ടും ഒരു ഫോണ്‍ കാള്‍.
''വീട്ടിലേക്കു വരുന്നു.'' 
ഇക്കുറി വന്നതു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായാണ്. കാര്യങ്ങള്‍ രൂപത്തോടടുക്കുകയാവാം. 
''നായിക പാര്‍വ്വതി തിരുവോത്തുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് ക്യാരക്ടറില്‍ താല്പര്യം തോന്നി. കഥ ജോണ്‍പോള്‍ സാര്‍ പറഞ്ഞു കേള്‍ക്കണം.''
''ആവാം.''
പക്ഷേ, അവരുടെ അടുത്ത പ്രസ്താവം എന്നെ അമ്പരപ്പിച്ചു. 
''പാര്‍വ്വതി ഇപ്പോള്‍ ഇവിടേയ്‌ക്കെത്തും.''
പതിനാറു പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ ആ നോവല്‍ അവസാനമായി വായിച്ചത്. ചില മുഹൂര്‍ത്തങ്ങളും ചില കഥാപാത്രങ്ങളും ഓര്‍മ്മയില്‍ തുടരുന്നു എന്നതു മാറ്റിവച്ചാല്‍ മറ്റു വിശദാംശങ്ങളൊന്നും ഓര്‍മ്മയിലില്ല. അതില്ലാതെ എങ്ങനെയാണ് കഥപറയുക?
കൂടുതല്‍ തര്‍ക്കിക്കാന്‍ ഇടകിട്ടിയില്ല. ഗൂഗിള്‍ മാപ്പ് നോക്കി കൃത്യമായി പാര്‍വ്വതി വീട്ടുമുറ്റത്തെത്തി. 
ഞാനവരെ സ്വീകരിച്ചിരുത്തി. ഔപചാരികതകളില്ലാത്ത ഹൃദ്യമായ പെരുമാറ്റം. 
ഞാന്‍ സത്യം സത്യമായി ബോധിപ്പിച്ചു. 

പത്തുപതിനേഴുകൊല്ലം മുന്‍പാണ് വായിച്ചതും ദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിച്ചതും. ആ ഓര്‍മ്മയേയുള്ളൂ. അന്നത്തെ ദൃശ്യസംസ്‌കൃതിയും അതിന്റെ അനുപാതങ്ങളും പാടെ മാറിയിരിക്കുന്നു. തുടിതാളത്തില്‍ ആകെ നേര്‍ വിന്യസിപ്പിക്കേണ്ടതുണ്ട്. 
തികഞ്ഞ ധാരണയോടെ അവരതിനോടു യോജിച്ചു. 
''എന്നാലും അതിന്റെ സെന്‍ട്രല്‍ സ്ട്രക്ച്ചര്‍ പറയാമല്ലോ...''
ഒഴിഞ്ഞുമാറാന്‍ പിന്നെ വഴിയില്ല. 
ആപദ് സഹായിയായി ലീലാവതി ടീച്ചര്‍ ജ്യോതിര്‍മയിയോടു പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു. ഞാന്‍ അത് അതേപടി ആവര്‍ത്തിച്ചു: 
''രാജലക്ഷ്മിയായാലേ രമണിയാകാന്‍ പറ്റൂ.''
പാര്‍വ്വതി തലയാട്ടി. 

ഞാന്‍ രാജലക്ഷ്മിയുടെ ജീവിതം പറഞ്ഞു. അതില്‍ രമണിയുടെ ജീവിതം ചേര്‍ന്നു വന്നു. രാജലക്ഷ്മിയിലൂടെയല്ലാതെ എങ്ങനെയാണ് രമണിയിലെത്തുക! ലീലാവതി ടീച്ചര്‍ അതന്നു കൃത്യതയോടെ ചൂണ്ടിക്കാണിച്ചു തന്നിരുന്നു! രാജലക്ഷ്മിയുടെ ഏതു കഥയില്‍നിന്നും അവരിലേക്കെത്താം. കഥകളില്‍ വായിക്കാനാവുക കഥാകാരിയുടെ ജീവിതംതന്നെ! പാര്‍വ്വതി ദത്തശ്രദ്ധയായി കേട്ടിരുന്നു.

''ഇതില്‍ പലയിടത്തും രമണിയുണ്ട്. രാജലക്ഷ്മിയാണ് ുമൃലി േരവമൃമരലേൃ. രമണി അതില്‍ ചേര്‍ന്നും ആ മനസ്സിന്റെ നീറ്റലിലെ വീര്‍പ്പില്‍നിന്നുയര്‍ന്നു ഭാവനാസൃഷ്ടമായും തെളിഞ്ഞുവരുന്ന ഒരു ട്രീറ്റ്‌മെന്റാണ് മനസ്സില്‍. രണ്ടും രണ്ടായി വിഘടിക്കുമ്പോള്‍ അതു രണ്ടു വേഷങ്ങളാകും; ഒന്ന് ഒന്നിനോട് ഖൗഃമേുീലെറ ആയി. രാജലക്ഷ്മിയില്‍ രമണിയെ തേടുന്ന, തിരിച്ചു രമണിയിലൂടെ രാജലക്ഷ്മിയിലെത്തുന്ന സമാന്തര തലത്തിലുള്ള ഒരന്വേഷണമായിരിക്കും ചിത്രം.'' 

ആ പറഞ്ഞത് പാര്‍വ്വതിയിലെ അഭിനേത്രിയെ ആകര്‍ഷിച്ചിരിക്കാം. 
നിലവിലുള്ള കമ്മിറ്റ്‌മെന്റ്‌സ് കഴിഞ്ഞാലുടനെ നമുക്ക് ആലോചിക്കാം; അതിനിടയില്‍ ഇരുവരുടേയും സാവകാശത്തിന് ഇവമൃമരലേൃ ശിശെഴവ േകിട്ടുന്ന കൂടുതല്‍ ചര്‍ച്ചകളുമാകാം എന്നു പറഞ്ഞ് പാര്‍വ്വതി യാത്രയായി. 
അവരെ യാത്രയയച്ച് ഇരുവരും തിരിച്ചുവന്നത് ഒരു യുദ്ധം ജയിച്ച ആഹ്ലാദത്തോടെയാണ്. പ്രൊജക്ട് യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണല്ലോ. അതു ശരിവയ്ക്കും പോലെ ഗെയ്റ്റില്‍ ഒരു കാറിന്റെ ഹോണ്‍ മുഴങ്ങി. 
നിര്‍മ്മാതാവാണ്, ആഗതനെ അവര്‍ പരിചയപ്പെടുത്തി. 
പാര്‍വ്വതി ഇപ്പോഴിറങ്ങിയതേയുള്ളൂ എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിനു നിരാശ. അടിയന്തരമായി കാണാന്‍ വന്ന ആരെയോ പറഞ്ഞയച്ചശേഷം പുറപ്പെടാന്‍ അല്പം വൈകി. 
''സാരമില്ല, അങ്ങോട്ടുചെന്നു കാണാമല്ലോ...''
''അതെയതെ...''

അല്പനേരം സംസാരിച്ചിരുന്നു. 'ഒരു വഴിയും കുറെ നിഴലുകളും' അദ്ദേഹം പലവട്ടം വായിച്ചിരിക്കുന്നു; സന്തോഷം തോന്നി. 
വഴിയെ കാണാം എന്നു പറഞ്ഞു നിര്‍മ്മാതാവ് ഇറങ്ങി; കൂട്ടത്തില്‍ സംവിധായകനും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവും... പിന്നീട് ഇതുവരെ ഇവര്‍ മൂന്നുപേരെയും ഞാന്‍ കണ്ടിട്ടില്ല; ഫോണില്‍ പോലും അവര്‍ ബന്ധപ്പെട്ടിട്ടുമില്ല!
പാര്‍വ്വതിയെ മുഖാമുഖം പിന്നീട് കണ്ടില്ല. അതുകൊണ്ട് ''എന്തായി?'' എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പരുങ്ങേണ്ടിവന്നില്ല!
മദിരാശിയില്‍ അണ്ണാനഗറിലെ വീട്ടില്‍നിന്നുമിറങ്ങുമ്പോള്‍ രാജലക്ഷ്മിയുടെ സഹോദരി പറഞ്ഞ വാക്കുകളാണ് ഇപ്പോഴും എന്റെ മനസ്സില്‍. 
''ജീവിച്ചിരുന്നപ്പോള്‍ ഓരോന്നു മനസ്സിലിട്ടു നീറ്റി സങ്കടപ്പെടാനേ അവള്‍ക്കു യോഗം ഉണ്ടായിട്ടുള്ളൂ. നിങ്ങള്‍ ഇത് അവതരിപ്പിക്കുമ്പോള്‍ അവള്‍ടെ ആത്മാവിന് അതുകണ്ട് ദുഃഖമുണ്ടാവരുത്...''

രണ്ടു ശ്രമങ്ങളും നടന്നില്ല. ആരോ അപായക്കൊടി കാണിച്ചാലെന്നതുപോലെ വിഘ്‌നങ്ങള്‍ വന്നു ഭവിക്കുകയായിരുന്നു. 
രണ്ടാമൂഴത്തിലെ വിഭാവനം പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ രാജലക്ഷ്മിയുടെ മനോപ്രകൃതത്തോടും ക്ഷോഭത്തിന്റേയും സംഘര്‍ഷങ്ങളുടേയും ചുഴികളോടും കൂടുതല്‍ ചേര്‍ന്നു പോകുന്നതായി തോന്നി.  അങ്ങനെയൊരു ചിത്രം നിര്‍മ്മിക്കാനുതകുന്ന പരിവൃത്തമാകുമായിരുന്നില്ല ആ തുടക്കം. അവര്‍ പിന്നീട് ബന്ധപ്പെടാതിരുന്നത് നന്നായി. 

രാജലക്ഷ്മിയെ വര്‍ത്തമാനകാലത്തോടു ചേര്‍ത്ത് ദൃശ്യതലത്തില്‍ അടയാളപ്പെടുത്താനുള്ള ഊഴം എനിക്കോ മറ്റാര്‍ക്കെങ്കിലുമോ ലഭിക്കട്ടെ. ആ ഊഴം അവരോടു നീതിപുലര്‍ത്തുംവിധം നിവര്‍ത്തിതമാകട്ടെ. 
ജീവിച്ചിരുന്നുവെങ്കില്‍ രാജലക്ഷ്മിക്കു ഈ ജൂണില്‍ 89 തികയുമായിരുന്നു. അശീതി തലേ വര്‍ഷം. 

അവരെ കൂടുതല്‍ കൂടുതലായി അറിയാനും ആ നെഞ്ചിലെ നെരിപ്പോടില്‍നിന്നുതിര്‍ന്ന വീര്‍പ്പുകളിലെ ഭാവത്തനിമ കണ്ടെത്താനുള്ള ശ്രമം അവരോടുള്ള പ്രണാമാര്‍ച്ചനയുടെ ഭാഗമാണ്. ഫലശ്രുതിയല്ല, അതിനുള്ള പ്രേരകം; മനുഷ്യാവസ്ഥകളിലെ, മാനസിക ഭാവങ്ങളിലെ നിഗൂഢതകളെ തേടിയറിയാനുള്ള ജന്മദാഹത്തിന്റെ തുടിപ്പുതന്നെയാണ്.
രാജലക്ഷ്മി ആ വഴിയില്‍ ഒരു നിമിത്തം!
സ്വസ്തി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com