പുലരിയിലേക്ക് കൂവിയുണര്‍ത്തുന്ന കഥ: ഉണ്ണി ആറിന്റെ നോവലിനെക്കുറിച്ച് 

കാലത്തിന്റെ ഒരാവശ്യപ്പെടലെന്ന നിലയില്‍ എഴുതപ്പെട്ട ഒരു കൃതിയായിട്ടാണ് ഉണ്ണിയുടെ നോവലിനെ ഞാന്‍ നോക്കിക്കാണുന്നത്.
പുലരിയിലേക്ക് കൂവിയുണര്‍ത്തുന്ന കഥ: ഉണ്ണി ആറിന്റെ നോവലിനെക്കുറിച്ച് 

ണ്ണി ആര്‍. എന്ന മിടുക്കനായ കഥാകൃത്തില്‍നിന്ന് ആദ്യമായി നമുക്കൊരു ഒരു നോവല്‍ ലഭിച്ചിരിക്കുന്നു. ആ നോവലാണ് 'പ്രതി പൂവന്‍കോഴി.' കാലത്തിന്റെ ഒരാവശ്യപ്പെടലെന്ന നിലയില്‍ എഴുതപ്പെട്ട ഒരു കൃതിയായിട്ടാണ് ഉണ്ണിയുടെ നോവലിനെ ഞാന്‍ നോക്കിക്കാണുന്നത്. എന്നാല്‍, ഇങ്ങനെയൊരു രചനയായിരുന്നുവോ ആദ്യ നോവലായി ഉണ്ണിയില്‍നിന്നു ലഭിക്കേണ്ടിയിരുന്നത് എന്ന ചോദ്യവും എന്നിലുണ്ടായി. അതേസമയം ഉണ്ണി ഇങ്ങനെയൊരെണ്ണം ഈയവസരത്തില്‍ എഴുതിയല്ലോ എന്ന് ആശ്വാസം കൊള്ളുകയും ചെയ്തു. ഈ ആശ്വാസത്തെപ്പറ്റി ആദ്യം പറയാം. സമാനതകളില്ലാത്ത വിധം ആന്തരിക സംഘര്‍ഷത്തിലകപ്പെട്ട ഒരവസ്ഥയിലൂടെയാണ് നമ്മുടെ നാട് ഇന്നു കടന്നുപോവുന്നത്. നമുക്ക് എന്തെല്ലാമോ സംഭവിച്ചിരിക്കുന്നു. എന്തെല്ലാമോ നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടമായത് എന്തൊക്കെയാണ് എന്നു തിരിച്ചറിയാന്‍ പോലുമുള്ള കഴിവ് ഇന്നിപ്പോള്‍ നമുക്ക് ഇല്ലാതായിരിക്കുന്നു. ഒന്നുറപ്പാണ് മുന്‍പുണ്ടായിരുന്നതുപോലുള്ള ഒരു പരസ്പര വിശ്വാസം ഇന്നു നമുക്കിടയിലില്ല. നമ്മളില്‍ സംശയങ്ങള്‍ വര്‍ദ്ധിച്ചു തുടങ്ങിയിരിക്കുന്നു. നമുക്കിടയില്‍ അകലം ഉണ്ടായിരിക്കുന്നു. നമുക്കു സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു. നമുക്കു നമ്മളെത്തന്നെ വിശ്വാസം പോരാത്ത ഒരവസ്ഥ സംജാതമായിരിക്കുന്നു. നമ്മള്‍ എന്നത് ഭാരതീയരാണ്, അഥവാ ഇന്ത്യക്കാരാണ്. ഈ പശ്ചാത്തലത്തെ മനസ്സിലാക്കിക്കൊണ്ടുവേണം 'പ്രതി പൂവന്‍കോഴി' എന്ന ഉണ്ണിയുടെ നോവലിനെ വായിച്ചെടുക്കാന്‍. ഈ അവസ്ഥ ചെറിയൊരു കാലം കൊണ്ട് കൃത്രിമമായി നിര്‍മ്മിച്ചെടുത്തതാണ്. അതിന്റെ പുറകിലൊരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ നിശിതമായി അപഹസിക്കുക എന്ന ദൗത്യമാണ് ഈ നോവല്‍ ഏറ്റെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതൊരു അക്ഷേപഹാസ്യ കൃതിയാണ്. വ്യവസ്ഥിതിയുടെ ഉപരിതലത്തെ കൂവലെന്ന രൂപകത്തിലൂടെ തുറന്നുകാട്ടുകയാണ് നോവലിസ്റ്റ്. 

ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികാസം കൊള്ളുന്നത്. കഥാപാത്രങ്ങള്‍ എല്ലാം തന്നെ തികച്ചും ഗ്രാമീണരായവരാണ്. എന്നാല്‍, പൊതുവില്‍ ഗ്രാമീണരെപ്പറ്റി പറയാറുള്ളതുപോലെ ഇവരത്ര നിഷ്‌കളങ്കരാണോ? നോവല്‍ തരുന്ന ഉത്തരം അല്ലെന്നാണ്. അങ്ങനെ നിഷ്‌കളങ്കരായി നിലനില്‍ക്കാന്‍ കഴിയാത്ത ഒരവസ്ഥ അത്തരമൊരു ഗ്രാമത്തില്‍ എങ്ങനെ സംജാതമായി? ഉണ്ണി ഗ്രാമത്തെ പശ്ചാത്തലമാക്കിയതിനു പിന്നിലൊരു യുക്തിയുണ്ട്. പൊതുവില്‍ ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. മധ്യവര്‍ഗ്ഗത്തിന്റെ വെപ്രാളങ്ങളെ ചൂഷണം ചെയ്തു നടത്തപ്പെടുന്നവ. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിച്ചിരിക്കുന്നു. ഡിജിറ്റല്‍ കുരുക്കിലകപ്പെട്ട മനുഷ്യന്റെ മാത്രം പ്രശ്‌നമല്ല ഇത്. രാജ്യത്താകെ വര്‍ഗ്ഗീയ വിഷം വിതറിക്കഴിഞ്ഞു. ശ്രദ്ധിക്കുക, നോവലിലെ ഗ്രാമം ഡിജിറ്റല്‍ സ്വതന്ത്രമായ ഒരിടമാണ്. അവിടെയാരും പുതിയ കാലത്തെ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരല്ല. അതൊരു സുവ്യക്തമായ തെരഞ്ഞെടുപ്പാണ്. ഇന്ത്യയുടെ മനസ്സില്‍ ഇത്ര ആഴത്തില്‍ ഈ ദുരന്തം പിടിമുറുക്കിയതെങ്ങനെ? എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? നേരിട്ട് ഇതിനുത്തരം കാണാന്‍ ഉണ്ണി തയ്യാറാവുന്നില്ലെങ്കിലും കഥയ്ക്കു പിന്നിലെ തെളിച്ചങ്ങളിലൂടെ ചിലതൊക്കെ പറഞ്ഞു വെക്കുകയാണ് നോവലിസ്റ്റ്. ആ തെളിച്ചങ്ങളുടെ പ്രകാശത്തെപ്പറ്റി നമ്മള്‍ വായനക്കാര്‍ക്കിടയില്‍ തര്‍ക്കങ്ങളാവാം. വിയോജിപ്പുകളുണ്ടാവാം. അതു പ്രധാനമായും നോവലിന്റെ സര്‍ഗ്ഗാത്മക മികവുമായി ബന്ധപ്പെട്ട വിഷയമാണ്. ഈ രചന അലിഗറിയാണ്. അതുകൊണ്ടുതന്നെ സൗന്ദര്യാത്മക വിശകലനം ഈ കൃതിയുടെ വിമര്‍ശനത്തിന്റെ പ്രാഥമിക പരിഗണനയില്‍ വരേണ്ടതില്ല. അലിഗറി കലയുടെ സൗന്ദര്യാത്മക ചട്ടക്കൂടിനകത്തേക്കു കടക്കണമെന്നില്ല. പ്രതിഭാശാലികളായ എഴുത്തുകാര്‍ക്കു ചിലപ്പോള്‍ അതു സാധിച്ചെന്നു വരാമെന്നു മാത്രം. ലോക സാഹിത്യത്തില്‍പ്പോലും വിരളമായേ ഇങ്ങനെ സംഭവിച്ചു കണ്ടിട്ടുള്ളൂ. രാഷ്ട്രീയ സത്യം ആവിഷ്‌കരിക്കുന്നതില്‍ പരമ്പരാഗത നോവല്‍ പരാജയപ്പെടുന്നതില്‍ അദ്ഭുതമില്ല. കാരണം അത് നോവല്‍ ധര്‍മ്മമല്ല. എന്നാല്‍, കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സത്യങ്ങള്‍ പറഞ്ഞുവെക്കാന്‍ എഴുത്തുകാരന്റെ മുന്നിലെ മഹാസാധ്യതയാണ് അലിഗറി. അതില്‍ പ്രതിഷേധത്തിന്റെ ശബ്ദമുണ്ടാവാം. താക്കീതിന്റെ സ്വരമുണ്ടാവാം. നിസ്സഹായതയുടെ വേദനയുണ്ടാവാം. അടിസ്ഥാനപരമായി അതു ബുദ്ധികൊണ്ടുള്ള പ്രവൃത്തിയാണ്. എഴുത്തിലൂടെയുള്ള ധിഷണാപരമായ ഇടപെടലാണ്. 'പ്രതി പൂവന്‍കോഴി' എന്ന രചനയിലൂടെ അത്തരമൊരു ഇടപെടലിനാണ് ഉണ്ണി ആര്‍. ശ്രമിച്ചിരിക്കുന്നത്. 

അസംബന്ധ യുക്തിയെ സ്വീകരിക്കാന്‍ ഇന്ത്യയിലെ ഗ്രാമീണ മനസ്സുപോലും പാകപ്പെട്ടു എന്ന ദുഃഖസത്യത്തെയാണ് നോവല്‍ ആദ്യമേ പറഞ്ഞുവെക്കുന്നത്. കഥ നടക്കുന്നത് ഒരു സാധാരണ ഉള്‍നാടന്‍ ഗ്രാമത്തിലാണ്. തികച്ചും കേരളീയമായ പശ്ചാത്തലത്തില്‍. പ്രധാന കഥാപാത്രമായ കൊച്ചുകുട്ടന്‍ എല്ലാ അര്‍ത്ഥത്തിലും ഒരു ഗ്രാമീണ യുവാവാണ്. അയാളുടെ കാഴ്ചയിലൂടെ, അനുഭവങ്ങളിലൂടെ ആ ഗ്രാമത്തിലെ വിചിത്രമായ ചില സംഭവവികാസങ്ങളെ അനാവരണം ചെയ്യപ്പെടുകയാണ് ഇതിലെ 84 പുറങ്ങളില്‍. അയാളുടെ മനസ്സിനെ തുറന്നുവെച്ചുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. ആ ഭാഗത്ത് ഇങ്ങനെയൊരു സന്ദേഹം കാണാം.

''... ഇത്രനാളും ഒരു കുറ്റബോധവുമില്ലാതെ തുടരുന്ന ശീലത്തെ ആശയക്കുഴപ്പത്തില്‍ ആക്കുന്നതാരാണെന്ന് കൊച്ചുകുട്ടന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. നിനച്ചിരിക്കാത്തത് ജീവിതത്തിലുണ്ടാവുമെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ചിന്തയിലുമങ്ങനെ ഉണ്ടാവുമോ?''
ഒരു വ്യക്തി എന്ന നിലയില്‍ നോവലിസ്റ്റിനുണ്ടായ ഈ സന്ദേഹമാവാം ഈ രചനയുടെ കാതലായി പ്രവര്‍ത്തിച്ചത് എന്നു ഞാന്‍ കരുതുന്നു. രണ്ടു പ്രധാന പ്രശ്‌നങ്ങളാണ് ഇവിടെ മുന്നോട്ടു വെക്കുന്നത്. ഒന്ന്, അറിയാത്ത ആരോ നമ്മളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. രണ്ട്, നിനച്ചിരിക്കാത്തത് നമ്മുടെ ജീവിതത്തിലും ചിന്തയിലും സംഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇതാണ് വര്‍ത്തമാനകാല ഇന്ത്യയില്‍ സമീപകാലത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനോടുള്ള പ്രതികരണമായാണ് ഉണ്ണി ഈ അലിഗറി നിര്‍മ്മിച്ചിരിക്കുന്നത്. ഉടന്‍തന്നെ കൊച്ചുകുട്ടന്‍ തിരിച്ചറിയുന്ന മറ്റൊരു കാര്യം തന്റെ ചിന്തയുടെ ക്രമം തകിടംമറിഞ്ഞിരിക്കുന്നു എന്നതാണ്. അതെ, ഇന്ത്യയിലെ മനുഷ്യരുടെ ചിന്തയുടെ ക്രമം താറുമാറായിരിക്കുന്നു. അതു സാധിച്ചെടുത്ത ഒരു രാഷ്ട്രീയ ദര്‍ശനത്തെ തിരിച്ചറിയുക എന്ന ദൗത്യം നോവലിസ്റ്റിനുണ്ടായിരുന്നു. എന്നാല്‍, അതിനെ പൂര്‍ത്തിയാക്കുന്നതില്‍ അഥവാ അതിനെ അടയാളപ്പെടുത്തുന്നതില്‍ എഴുത്തുകാരന്‍ വേണ്ടത്ര വിജയിച്ചു എന്നു ഞാന്‍ പറയില്ല. അത് അയാള്‍ക്കു കഴിയാത്തതുകൊണ്ടല്ല; ഏതോ ഒരു ചിന്ത അതില്‍നിന്നു പിന്മാറാന്‍ അദ്ദേഹത്തില്‍ പ്രേരണ ചെലുത്തി എന്നു വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അതൊരു വലിയ പരിമിതിയാണ്. ഒരുവേള ആ പരിമിതി നിര്‍മ്മാണം മുകളില്‍ സൂചിപ്പിച്ച രാഷ്ട്രീയത്തിന്റെ വിജയമായും വായിച്ചെടുക്കാവുന്നതാണ്. 

നീതിയുടെ പുതിയ നടത്തിപ്പുകാര്‍ 

ഗ്രാമത്തിന്റെ സൈ്വര്യജീവിതത്തിനു ഭംഗം വരുത്തിക്കൊണ്ട് ഒരുനാള്‍ പൊലീസ് കടന്നുവരുന്നു. അവരുടെ അന്വേഷണം ഒറ്റയ്ക്കു ജീവിതം നയിക്കുന്ന നാണിയമ്മയെന്ന ഒരു പാവം വൃദ്ധയെത്തേടിയായിരുന്നു. അതോടെ നാട്ടിലൊരു പുതിയ താരോദയമുണ്ടാകുന്നു. മുന്‍ പട്ടാളക്കാരനെന്ന വ്യാജേനെ കഴിഞ്ഞുകൂടുന്ന നാണിയമ്മയുടെ അയല്‍ക്കാരന്‍ ചാക്കു. അയാളാണ് നാണിയമ്മയുടെ കോഴിക്കെതിരെ പരാതി കൊടുത്തത്. നാട്ടുകാര്‍ക്ക് ആര്‍ക്കുമില്ലാത്ത പരാതിയാണ് അയാള്‍ക്കുള്ളത്. മഹത്തായ ഒരു ദിവസം നാണിയമ്മയുടെ പൂവന്‍കോഴി അസമയത്തു കൂവി. പ്രശ്‌നം രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട വിഷയമായി അവതരിപ്പിക്കുന്നു. ചാക്കുവിന്റെ വീട്ടില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരെ ഓര്‍മ്മിക്കാനും തീവ്രവാദത്തെപ്പറ്റി ചര്‍ച്ച ചെയ്യാനുമായി ഒരൊത്തുകൂടല്‍ നടന്നിരുന്നു. അതിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാ സമയത്താണ് കോഴി കൂവിയത്. ആ ദിവസത്തിന്റെ മഹത്വത്തെ നശിപ്പിച്ച ആ കൂവല്‍ വെറും കൂവലല്ലെന്നും അത് അന്വേഷിക്കേണ്ടതാണെന്നുമാണ് വാദം. കേസ് കൊടുക്കേണ്ടി വന്ന സാഹചര്യം വിവരിക്കുന്നത് ഇങ്ങനെയാണ്: ''വളരെ വിചിത്രമെന്ന് തോന്നാവുന്ന, എന്നാല്‍, നമ്മുടെ രാജ്യരക്ഷയെ, ദേശാഭിമാനത്തെ ചോദ്യം ചെയ്യുംവിധമുള്ളൊരു അനുഭവം നാണിയമ്മയുടെ കോഴിയില്‍ നിന്നുണ്ടായി. അതിനാലാണ് ഇങ്ങനെയൊരു കേസ് കൊടുക്കേണ്ടി വന്നത്'' (പേജ് 33). ഇവിടെ നോവലിന്റെ രാഷ്ട്രീയം പ്രത്യക്ഷപ്പെടുന്നു. പ്രശ്‌നങ്ങളുടെ കൃത്രിമ നിര്‍മ്മിതി സമൂഹത്തില്‍ സംഭവിക്കുകയാണ്. രാജ്യസുരക്ഷയും ദേശാഭിമാനവുമാണ് അതിനായി ഉപയോഗിക്കുന്ന രാസത്വരകം. ചാക്കു ആരാണെന്നു കൂടി നോവലിസ്റ്റ് കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്. സദ്ദാം ഹുസൈന്‍ കൊല്ലപ്പെട്ടപ്പോള്‍ പായസം വെച്ചു വിതരണം ചെയ്തയാളാണയാള്‍. യുദ്ധമാണ് സമാധാനമുണ്ടാക്കുന്നതെന്ന് അയാള്‍ വിശ്വസിക്കുന്നു. അയാളെ കൃത്യമായി മനസ്സിലാക്കിയ ഒരാള്‍ കൊച്ചുകുട്ടനാണ്. ചാക്കുവിനും അതറിയാം. അയാള്‍ കൊച്ചുകുട്ടനെ വേട്ടയാടാനുള്ള ഒരവസരവും പാഴാക്കുന്നില്ല. നാണിയമ്മയെന്ന പാവത്തെ രക്ഷിക്കണം എന്നതു മാത്രമായിരുന്നു കൊച്ചുകുട്ടന്‍ ആഗ്രഹിച്ചതും ശ്രമിച്ചതും. അതോടെ അയാളുടെ ജീവിതം കുരുക്കിലാവുന്നു. ചാക്കുവും കൊച്ചുകുട്ടനും പ്രതീകങ്ങളാണ്. വര്‍ത്തമാനകാല ഇന്ത്യയിലെ രണ്ടു തരം മനുഷ്യരെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്. വിഭാഗീയതയും വര്‍ഗ്ഗീയതയും മനസ്സിലേറ്റി കപടജീവിതം നയിക്കുന്ന ചാക്കു മാറിയ കാലത്തെ മനുഷ്യരുടെ പ്രതിനിധി. സത്യസന്ധമായ സ്വാഭാവിക ജീവിതം നയിക്കുന്ന ഇന്നലത്തെ ഭാരതീയന്റെ പ്രതിനിധിയാണ് കൊച്ചുകുട്ടന്‍. 

നാട്ടിലാകെ അസത്യപ്രചരണം സംഭവിക്കുന്നു. നീതിബോധവും യുക്തിബോധവും അവഗണിക്കപ്പെട്ടു. ഇതിനായി മതത്തേയും ഭക്തിയേയും അന്ധവിശ്വാസത്തേയും കൂട്ടുപിടിക്കുന്നു. കൂവല്‍ എന്ന പ്രഹേളിക അപ്രതീക്ഷിത തലങ്ങളിലേക്കു കടക്കുന്നു. അത് ഗ്രാമവാസികളുടെ സാമാന്യ ബോധത്തെ തകിടംമറിക്കുന്നു. കൊച്ചുകുട്ടന്‍ ഒറ്റപ്പെടുന്നു. ചാക്കു പൊതുസമ്മതനാവുന്നു. കാര്യങ്ങള്‍ അയാള്‍ തീരുമാനിക്കുന്നു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ കടന്നുവരവാണ്. യുക്തിയെ വ്യാജ അനുഭവകഥകള്‍കൊണ്ട് മറച്ചുപിടിക്കുന്ന പുത്തന്‍ സമ്പ്രദായത്തിന്റെ പ്രതിനിധിയാണ് അയാള്‍. ഒരു ബദല്‍ വാസ്തവികത നിര്‍മ്മാണം സംഭവിക്കുന്നു. കൊച്ചുകുട്ടന്റെ ചിന്തകളിലൂടെ ഉണ്ണി ഇതൊക്കെ വ്യക്തമാക്കുന്നുണ്ട്. അയാള്‍ ഒരിക്കല്‍ ഇങ്ങനെ ചിന്തിക്കുന്നു. ഒരാളുടെ അനുഭവമാണോ വലുത്? അതോ മറ്റൊരാളുടെ യുക്തിയോ? ഞാന്‍ ദൈവത്തെ കണ്ടു എന്നൊരാള്‍ പറയുന്നത് ദൈവമില്ല എന്ന ശാസ്ത്രയുക്തിക്ക് ബദലാണ്. പ്രശ്‌നനിര്‍മ്മിതിയുടെ അടിസ്ഥാനവും ഈ ബദല്‍ തന്നെയാണ്. 

പരിഹാര നിര്‍മ്മാണം പുതിയ കാലം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. പ്രശ്‌നം സൃഷ്ടിച്ച മാസ് ഹിസ്റ്റീരിയയില്‍നിന്നു മോചനം നേടാതെ പരിഹാരത്തിലേക്കെങ്ങനെ എത്തിച്ചേരും? ആള്‍ക്കൂട്ടത്തിന്റെ മനസ്സിനെ വികല ബുദ്ധികളായ നേതൃത്വങ്ങള്‍ എങ്ങനെ ദുരന്തങ്ങളിലേക്ക് എത്തിക്കുന്നു എന്ന് ഈ നോവല്‍ കാണിച്ചുതരുന്നു. ചാക്കുവാണ് അവിടത്തെ പുതിയ നേതാവ്. അയാള്‍ക്കു ചുറ്റുമാണ് ആ ഗ്രാമം കറങ്ങുന്നത്. പൊലീസ് പോലും അയാളുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയാണ്. കാരണം, അയാള്‍ ദേശാഭിമാനത്തിന്റെ രാഷ്ട്രീയമാണ് ഏറ്റെടുത്തിരിക്കുന്നത്. ദേശാഭിമാനത്തിന്റെ അടുക്കളയില്‍നിന്നു പുറത്തുവരുന്ന പുക ആര്‍ക്കും ശ്വാസതടസ്സമുണ്ടാക്കുന്നില്ല. എന്നാല്‍, ആ പുക ശ്വസിച്ചതോടെ അവരെയെല്ലാം ഒരു വിഭ്രാന്തി പിടികൂടുന്നു. ആ വിഭ്രാന്തിയാണ് കോഴികൂവല്‍. ചാക്കുവിലെ രാജ്യസ്‌നേഹി ഉണര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ പിന്നെ കാര്യങ്ങള്‍ വേഗത്തില്‍ മുന്നേറുകയാണ്. കൂവല്‍ നിര്‍ത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഗ്രാമത്തിലെ എല്ലാ പൂവന്‍കോഴികളേയും ഉന്മൂലനം ചെയ്യാന്‍ തീരുമാനിക്കുന്നു. 'ഉന്മൂലനം ചെയ്യുക' അതാണ് വഴി. അത് ഫാസിസത്തിന്റെ വഴിയാണ്. കൂവല്‍ വിമത ശബ്ദത്തിന്റെ രൂപകമായി നിറഞ്ഞുനില്‍ക്കുകയാണ് നോവലിലാകെ. എതിര്‍പ്പിന്റെ യുക്തിയെ ഇല്ലാതാക്കുക എന്നതാണ് ഉന്നമിട്ടിരിക്കുന്നത്. ഭയത്തിന്റെ വിഭ്രാന്തി സൃഷ്ടിച്ച് അന്വേഷണത്തിന്റേയും അറിവിന്റേയും യുക്തിയെ ഉന്മൂലനം ചെയ്യുക. അതിനേറ്റവും ചേര്‍ന്ന രാസത്വരകം ഭക്തിയാണ്. സമുദായ ഭക്തി, ദേശഭക്തി, മതഭക്തി, ആചാരഭക്തി, വിശ്വാസഭക്തി, എല്ലാം സടകുടഞ്ഞെഴുന്നേല്‍ക്കും. നമ്മുടെ രാജ്യത്ത് ജനാധിപത്യത്തിന്റെ ഉന്മൂലനത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന ഭയം നോവലിസ്റ്റിനെ അലട്ടിയിട്ടുണ്ട്. ഒടുക്കം നാട്ടിലുള്ള പൂവന്‍കോഴികളെയെല്ലാം കണ്ടെത്തി കൊന്നുകളഞ്ഞിട്ടും കൂവലിനു ശമനമുണ്ടാവുന്നില്ല. പുതിയ പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടു. എല്ലാ പുരുഷന്മാരെക്കൊണ്ടും കൂവിപ്പിക്കുക. കോഴിയുടേതിനു സമാനമായ കൂവല്‍ കണ്ടെത്താന്‍ ചാക്കുവിന്റെ ബുദ്ധിയിലുദിച്ച പോംവഴിയാണ്. പൊലീസിന്റെ നേതൃത്വത്തില്‍ അതു നടത്തപ്പെട്ടു. ഒടുക്കം ശബ്ദസാമ്യത്തിലൂടെ പ്രതിസ്ഥാനത്ത് വരുന്നത് കൊച്ചു കുട്ടനാണ്. കാരണം, അവിടെ യുക്തിയോടെ ചിന്തിച്ച ഒരേ ഒരാള്‍ കൊച്ചുകുട്ടനാണ്. കഥ പിന്നെയും കുറച്ചു ദൂരം കൂടി മുന്നേറുന്നുണ്ട്. ജീവിത സ്വപ്നങ്ങളെല്ലാം തകര്‍ന്നു രോഗിയും ക്ഷീണിതനുമായ കൊച്ചുകുട്ടന്‍ നിസ്സഹായനായി നമുക്കു മുന്നില്‍ നില്‍ക്കുന്നു. അയാളില്‍ നമുക്കു നമ്മളെ കാണാന്‍ കഴിയും. ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകാന്‍ കഴിയാതെ പോകുന്ന നിസ്സഹായനായ ഇന്ത്യക്കാരന്‍. അയാളുടെ നിലവിളി കേള്‍ക്കാത്ത ഇന്ത്യയാണ് പുതിയ ഇന്ത്യ. 

നിസ്സഹായരുടെ കൂവല്‍  

ഈ രചനയ്‌ക്കൊരു ലക്ഷ്യമുണ്ട്. വര്‍ത്തമാനകാല ഇന്ത്യയില്‍ വ്യക്തി എന്ന നിലയില്‍ നമ്മളെത്ര മാത്രം നിസ്സഹായരായിപ്പോകുന്നു എന്ന് ബോദ്ധ്യപ്പെടുത്തലാണ് ആ ലക്ഷ്യം. നോവലിസ്റ്റ് പങ്കുവെയ്ക്കുന്ന ഉല്‍ക്കണ്ഠകള്‍ വിവേകബുദ്ധിയുള്ള ഓരോ വായനക്കാരന്റേതുമായി മാറുകയാണ്. പ്ലോട്ട് നിര്‍മ്മിച്ചിരിക്കുന്നതില്‍ കൗതുള്ള ഒരു ജാഗ്രത നോവലിലുടനീളം കാണാനുണ്ട്. എന്നാല്‍, രാഷ്ട്രീയ സൂചനകളില്‍ ഇടയ്‌ക്കൊക്കെ പതര്‍ച്ച സംഭവിച്ചിട്ടുമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഫാസിസം കടന്നുവരുന്നത് ചിത്രീകരിക്കുകയാണ് ശക്തമായ ഈ രാഷ്ട്രീയാക്ഷേപ കൃതിയിലൂടെ. അതേസമയം സമൂഹത്തിലെ  മറ്റു ചില മാറ്റങ്ങളെ ചെറുതായൊന്ന് ഓര്‍മ്മിക്കാനും നോവലിസ്റ്റ് അവസരം കണ്ടെത്തുന്നുണ്ട്. ലെസ്ബിയന്‍ സ്വഭാവമുള്ള സ്ത്രീ കഥാപാത്രങ്ങളെ ഉണ്ണി ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. കൊച്ചുകുട്ടന്റെ മാനസിക വ്യാപാരത്തിലൂടെ ഒരിന്ത്യന്‍ യുവാവിന്റെ ലൈംഗിക ഫാന്റസികളും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. വിപ്ലവകാരി ഭക്തിയിലേക്കു മാര്‍ഗ്ഗം കൂട്ടുന്നതും ഒരിടത്തു പറഞ്ഞുപോകുന്നുണ്ട്. ഒരു നാടോടിക്കഥയുടെ സ്വഭാവം വരുത്തിക്കൊണ്ട് ഈ അലിഗറിക്കു രക്ഷാക്കവചം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അതത്ര വിജയം കണ്ടു എന്നു ഞാന്‍ കരുതുന്നില്ല. കഥയെ വളരെ ദൂരം കൊണ്ടുപോവാതെ ചുരുക്കി പറഞ്ഞതു ബുദ്ധിയായി. ദീര്‍ഘിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോഴുള്ള ദൃഢത ഈ കൃതിക്കു കിട്ടുമായിരുന്നില്ല.
പ്രത്യാശയോടെയാണ് നോവല്‍ അവസാനിക്കുന്നത്. ഒരു സ്വാതന്ത്ര്യദിനത്തില്‍ കൊടിമരത്തിനു താഴെയിരിക്കുന്ന കൊച്ചുകുട്ടന്റെ മുന്നിലൂടെ ഒരു പൂവന്‍കോഴി ചിരിച്ചുകൊണ്ട് കടന്നു വരുന്നുണ്ട്. കൂവലും പൂവന്‍കോഴിയും അവസാനിക്കുന്നില്ല. വിമതശബ്ദം നിലയ്ക്കുന്നില്ല എന്നുമാണ് ഇതില്‍നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടത്. 

അലിഗറിയില്‍ പ്രമേയത്തിന്റെ സന്നിവേശത്തിനായി സൃഷ്ടിച്ചെടുക്കുന്നതാണ് കഥ. അതുകൊണ്ട് അതിന്റെ സൗന്ദര്യാംശത്തെപ്പറ്റി സൂക്ഷ്മതലത്തില്‍ ചര്‍ച്ചചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഉണ്ണി ഒരു രാഷ്ട്രീയ വികാരത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് ഈ രചന നടത്തിയിട്ടുള്ളത്. ഇതൊരുതരം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ചിന്തിക്കുന്ന എഴുത്തുകാരന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. അങ്ങനെയൊരു രാഷ്ട്രീയ നോവലിന്റെ ഭാവുകത്വം നിര്‍മ്മിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ സൃഷ്ടിക്കപ്പെട്ട വിടവുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധാലുവായ വായനക്കാരനു സാധിക്കും. എഴുത്തിന്റെ ഇടപെടല്‍ എന്നതിനപ്പുറം പ്രകടമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം നോവല്‍ വളര്‍ന്നുവോ? നോവലിന്റെ വ്യവഹാരരീതി എനിക്കിഷ്ടമായെങ്കിലും ഉണ്ണിയെന്ന കഥാകാരനില്‍നിന്നും മലയാളം കാത്തിരുന്ന പ്രഥമ നോവല്‍ ഇതിലും മികച്ച ഒരു സൗന്ദര്യാവിഷ്‌കാരമായിരുന്നു എന്നുപറയാന്‍ ഞാന്‍ മടിക്കുന്നില്ല. ആഴങ്ങളില്ലാത്ത നിരപ്പായ ഈ ആഖ്യാനം വര്‍ത്തമാനകാലത്തിനപ്പുറം നിലനില്‍ക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ കുരുക്കുകള്‍ നമ്മളെ മാറ്റാരോ ആക്കി മാറ്റുന്നു എന്ന് ഈ പൂവന്‍കോഴി പറഞ്ഞുവെക്കുന്നു. അതില്‍നിന്നുള്ള മോചനത്തിനായി നമ്മള്‍ നിരന്തരം കൂവേണ്ടതുണ്ട്. കരുത്തനായ ഈ പൂവന്‍കോഴി ജനാധിപത്യത്തിന്റെ നല്ല പുലരിയിലേക്കാണ്  നമ്മെ കൂവിയുണര്‍ത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com