മമതയുടെ പ്രതിരോധം ഇനി എത്രനാള്‍

മമതയുടെ പ്രതിരോധം ഇനി എത്രനാള്‍

രുക്കന്‍ പരുത്തിത്തുണികൊണ്ടുള്ള സാരി, കാലുകളില്‍ റബ്ബര്‍ ചെരുപ്പ്, തോളില്‍ ഇടയ്‌ക്കൊക്കെ കാണുന്ന ഒരു ബംഗാളി ഝോലാ സഞ്ചി -മമത എന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ വേഷം ഇതിലൊതുങ്ങും. സംസാരത്തിലാകട്ടെ, ഇസ്ലാമിക ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഈ രാഷ്ട്രീയ നേതാവിന് ബംഗാളി അഭിജാതവര്‍ഗ്ഗത്തിനു സഹജമായ യാതൊരു ധിഷണാനാട്യങ്ങളൊന്നുമില്ലതാനും. ആള്‍ക്കൂട്ടത്തെ ത്രസിപ്പിക്കുന്ന, തീപ്പൊരി ചിതറുന്ന വാഗ്‌ധോരണിയില്‍ മിക്കപ്പോഴും സ്ഥാനം കണ്ടെത്തുന്ന ടാഗോറിന്റെ വരികള്‍. മമതയുടെ രാഷ്ട്രീയമായ ചെയ്തികളില്‍ ഹിറ്റ്‌ലറുമായി സമാനതകള്‍ കണ്ടെത്തുന്ന എതിരാളികളും വിമര്‍ശകരും എടുത്തുപറയാറുള്ള ഫ്യൂററെപ്പോലെ ചിത്രകലയില്‍ അവര്‍ക്കുള്ള താല്പര്യവും. ചുരുക്കത്തില്‍ അധികാരത്തിനും പ്രശസ്തിക്കും പണത്തിനും പിറകേ പായുന്ന ഒരു സാധാരണ കോണ്‍ഗ്രസ്സ് രാഷ്ട്രീയക്കാരിയല്ല അവര്‍.

1970-കളില്‍ ജയപ്രകാശ് നാരായണന്റെ കാറിന്റെ ബോണറ്റിനുമുകളില്‍ നൃത്തം ചെയ്തു കുപ്രസിദ്ധി നേടിയ ഈ പഴയ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് മറ്റൊരു കാറിനു മുകളില്‍ കയറിയാണ് മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കു ചാടിക്കുതിച്ചത്. അതും സംഘടനാശേഷികൊണ്ടും ആള്‍ബലം കൊണ്ടും മൂന്നരദശകം നീണ്ട ഭരണം നല്‍കിയ അധികാരലഹരികൊണ്ടും മദം പൂണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ തൂത്തെറിഞ്ഞ്. ടാറ്റയുടെ നാനോ കാറായിരുന്നു അത്. കാര്‍ ഫാക്ടറിക്കായി ഇടതു സര്‍ക്കാര്‍ സിംഗൂരില്‍ കൃഷിഭൂമി ഏറ്റെടുത്ത നടപടിയോട് പ്രതിഷേധിച്ചു രൂപംകൊണ്ട രാഷ്ട്രീയ കോളിളക്കത്തിന്റെ തിരപ്പുറത്തേറിയാണ് അവര്‍ അധികാരത്തിലേയ്ക്കു വഞ്ചി അടുപ്പിക്കുന്നത്. തീര്‍ച്ചയായും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍നിന്നു ജനം ചവിട്ടിപ്പുറത്താക്കുന്നതിനു പ്രവര്‍ത്തിച്ച ഘടകങ്ങള്‍ വേറെയുമുണ്ടായിരുന്നു എന്നതു നേര്. സിംഗൂര്‍ മുതലുള്ള സംഭവവികാസങ്ങളുടെ ഒരു വലിയ ചിത്രം നല്‍കുന്ന ആത്യന്തിക ധാരണയും അതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കുന്നതിനു ശക്തമായ പ്രതിരോധ ദുര്‍ഗ്ഗം തീര്‍ക്കാനിടയുള്ള ഇടതുപക്ഷ രാഷ്ട്രീയത്തെ സംസ്ഥാനത്ത് പടിക്കു പുറത്തുനിര്‍ത്താനുള്ള ശ്രമങ്ങളില്‍ ഒരു ഇടക്കാല സംവിധാനം മാത്രമായിരുന്നു മമതയുടെ രാഷ്ട്രീയമെന്നും ഉറപ്പായും വരുംകാലം പറയും. എന്തായാലും മമത വംഗജനതയെ കൂട്ടിക്കൊണ്ടുപോയത് നെഹ്റുവിന്റെ കോണ്‍ഗ്രസ്സിന്റെ സവിധത്തിലേക്കല്ല. മന്‍മോഹന്‍ സിംഗിന്റേതുപോലുമല്ല. മറിച്ച് ആത്യന്തികമായി അത് ബങ്കിംചന്ദ്ര ചാറ്റര്‍ജിയും സവര്‍ക്കറുമൊക്കെ വിത്തെറിഞ്ഞ ഹിന്ദുദേശീയതയുടെ തീവ്രരാഷ്ട്രീയത്തിലേക്കാണ്.

കോണ്‍ഗ്രസ്സിന് അനുകൂലമായി ഹിന്ദുവികാരവും ദേശീയതാ രാഷ്ട്രീയവും നിലകൊണ്ട 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് മമത ദേശീയശ്രദ്ധയില്‍ വരുന്നത്. പില്‍ക്കാലത്ത് ലോക്സഭാ സ്പീക്കറൊക്കെയായ സോമനാഥ് ചാറ്റര്‍ജിയെ ജാദവ്പൂര്‍ മണ്ഡലത്തില്‍ തോല്‍പ്പിച്ചതോടെയാണ് ജയന്റ്കില്ലറെന്ന വിശേഷണം അവര്‍ക്കു കിട്ടുന്നത്. രാജീവ് ഗാന്ധിയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു അന്ന് യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ മമതാ ബാനര്‍ജി. 1980-കളില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഓവര്‍ടോണുള്ള ഇന്ദിരയുടെ ദേശീയോദ്ഗ്രഥന, അഖണ്ഡതാ പ്രചരണങ്ങളുടെ കൂടെയായിരുന്നു മമത. ഏതാണ്ട് ഇതേ കാലത്താണ് മേദിനിപ്പൂരിലെ ഒരു പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ അസ്സമിലെ ബംഗാളി കുടിയേറ്റവിരുദ്ധ പ്രക്ഷോഭകര്‍ ഇന്ത്യാവിരുദ്ധരെന്ന കാര്യം ഇന്ദിര എടുത്തുപറയുന്നതും അവരെ നേരിടാന്‍ കോണ്‍ഗ്രസ്സിനു ശക്തിപകരണമെന്നു ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതും. ബംഗാളിദേശീയതയുടേതായ വികാരം മുതലെടുക്കാനുള്ള സമര്‍ത്ഥമായ ശ്രമമായിരുന്നു അത്. കശ്മീരില്‍ വിഭജനത്തിനു മുന്‍പ് സംസ്ഥാനം വിട്ട് പാകിസ്താനിലേക്കു പോയവര്‍ക്കു തിരികെ വന്നാല്‍ പൗരത്വം നല്‍കാനുള്ള ഫാറൂഖ് അബ്ദുള്ളയുടെ നീക്കം തടഞ്ഞും പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദികളെ തീവ്രദേശീയവാദത്തിന്റെ ഭാഷയില്‍ സംസാരിച്ചുകൊണ്ട് അതേ നാണയത്തില്‍ നേരിട്ടും ഇന്ദിര ഹിന്ദുത്വവാദികളുടെ കയ്യടി വാങ്ങിച്ചിരുന്ന കാലമായിരുന്നു അത്. ഒരുപക്ഷേ 2019-ലെ തെരഞ്ഞെടുപ്പിനു ശേഷം, ഹിന്ദു സാംസ്‌കാരിക ദേശീയവാദത്തിനു മറുമരുന്നെന്നോണം ഭാഷാവിവാദത്തിലൂടെ ബംഗാളി ദേശീയവികാരമുണര്‍ത്താനുള്ള പാഠം മമത ഉള്‍ക്കൊണ്ടത് അവരുടെ പഴയ ഈ നേതാവില്‍നിന്നായിരിക്കണം. ഭാഷയുടെ പേരിലും കൂടിയായിരുന്നല്ലോ ബംഗാളി സംസാരിക്കുന്നവരുടെ ഭൂരിപക്ഷമേഖലയായ കിഴക്കന്‍ പാകിസ്താന്‍ ബംഗ്ലാദേശ് എന്നു രൂപാന്തരം പ്രാപിക്കുന്നത്. 

മമതയുടേത് എല്ലാക്കാലവും ഒരൊറ്റ പോയിന്റ് അജന്‍ഡയായിരുന്നു. ആദ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാരക്കുത്തക തകര്‍ക്കുക. പിന്നെ ബംഗാള്‍ പിടിക്കുക. കോണ്‍ഗ്രസ്സ് വിരുദ്ധവികാരം അലയടിച്ച 1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ തോറ്റു. 1991-ല്‍ ദക്ഷിണ കൊല്‍ക്കൊത്തയില്‍നിന്നു വീണ്ടും പാര്‍ലമെന്റ് അംഗമായി. നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായി. 1996, 1998, 1999, 2004, 2009 വര്‍ഷങ്ങളില്‍ പൊതുതെരഞ്ഞെടുപ്പില്‍ അവരെ തുണച്ചതും ഇതേ മണ്ഡലം തന്നെ. 2004-ല്‍ മറ്റെല്ലാ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടപ്പോള്‍ അവര്‍ മാത്രം ലോക്സഭയിലേക്കു ജയിച്ചുകയറി. 

1990-കളില്‍ പശ്ചിമബംഗാളിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെക്കുറിച്ച് ഏറെ പരാതികളുണ്ടായിരുന്നു മമതയ്ക്ക്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പ്പിക്കുന്ന കാര്യത്തില്‍ ഏതറ്റം വരെയും പോകാം എന്ന അഭിപ്രായക്കാരിയായിരുന്നു അവര്‍. തുടര്‍ച്ചയായി ബംഗാളിന്റെ ഭരണം കയ്യാളുന്ന ഇടതുമുന്നണി അധികാരത്തിലിരുന്ന സന്ദര്‍ഭത്തില്‍ ഭൂപരിഷ്‌കരണം, അധികാര വികേന്ദ്രീകരണം എന്നീ തുറകളില്‍ ഏറെക്കുറെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്ന തരത്തില്‍ മുന്നേറിയിരുന്നു. ജ്യോതിബാസു എന്ന പ്രായോഗികമതിയായ കമ്യൂണിസ്റ്റിന്റെ നേതൃത്വവും അശോക് മിത്രയെപ്പോലുള്ള ദീര്‍ഘദര്‍ശികളായ മന്ത്രിമാരുടെ സാന്നിധ്യവും പശ്ചിമബംഗാളിന്റെ വികസനശ്രമങ്ങള്‍ക്കു കാര്യമായ ദിശാബോധം നല്‍കിയിരുന്നു.

ബുദ്ധിജീവികള്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ ഏറിയകൂറും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഗവണ്‍മെന്റിന്റേയും കൂടെ നിലയുറപ്പിച്ചിരുന്നു. ഇന്ന് ബംഗാള്‍ ചിന്തിക്കുന്നതു നാളെ ഇന്ത്യ ചിന്തിക്കുമെന്ന ചൊല്ല് ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ രാജ്യത്തെ മറ്റിടങ്ങളിലും ആവര്‍ത്തിച്ചിരുന്ന കാലമായിരുന്നു അത്. ബംഗാളിനെപ്പോലെ ഒരു ഭരണത്തുടര്‍ച്ച ഉണ്ടാകണമെന്നായിരുന്നു അന്ന് കേരളത്തിലും മറ്റും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ആശിച്ചിരുന്നത്. എല്ലാ നിലയ്ക്കും ബംഗാളിനെച്ചൊല്ലി ഇടതുപക്ഷക്കാര്‍ക്ക് അഭിമാനിക്കാവുന്ന അവസ്ഥയുണ്ടായിരുന്നു, മറ്റു പാര്‍ട്ടിക്കാര്‍ക്കിടയില്‍ അസൂയ ഉണര്‍ത്താനും.

ബംഗാളിനിത്
തകര്‍ച്ചയുടെ കറുത്തകാലം 

പ്രത്യേകിച്ച് ഒരാദര്‍ശവും മുന്നോട്ടുവെയ്ക്കാനില്ലായിരുന്നങ്കിലും ഒരു കാര്യത്തില്‍ അവര്‍ക്കു തീര്‍പ്പുണ്ടായിരുന്നു. ബംഗാള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷമേല്‍ക്കൈ തകര്‍ക്കുകയും തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിച്ച് അധികാരം പിടിക്കുകയും ചെയ്യുക എന്ന തീര്‍പ്പ്. ഈ ലക്ഷ്യം സാധ്യമാകുമെങ്കില്‍ ഏതു ചെകുത്താനേയും കൂടെ കൂട്ടാമെന്ന ഒരൊറ്റ ആദര്‍ശം അവര്‍ ഒരുനാളും കൈയൊഴിഞ്ഞതേയില്ല. 1997-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ചതിനുശേഷം 1999-ല്‍ അവര്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലേക്കു ചേക്കേറുകയായിരുന്നു. 2001-ല്‍ എന്‍.ഡി.എ വിട്ട് കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നു. ഗുജറാത്തില്‍ ഭൂരിപക്ഷ മതവര്‍ഗ്ഗീയവാദികള്‍ അന്യമതസ്ഥരായ മറ്റ് ഇന്ത്യക്കാരെ കൂട്ടക്കശാപ്പിനിരയാക്കിയതിനുശേഷം രാജ്യമെമ്പാടും മതനിരപേക്ഷവാദികളുടെ ദു:ഖവും പ്രതിഷേധവും അലയടിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഈ പഴയ കോണ്‍ഗ്രസ്സുകാരി തന്റെ പാര്‍ട്ടിയെ വീണ്ടും ബി.ജെ.പിയുടെ തൊഴുത്തില്‍ കൊണ്ടുപോയിക്കെട്ടുന്നത്. പിന്നീട് വകുപ്പില്ലാ മന്ത്രിയും കല്‍ക്കരി മന്ത്രിയുമായി ഒരു വര്‍ഷം തുടര്‍ന്നു. 

2004-ല്‍ ഒരേ ഒരു തൃണമൂല്‍ സ്ഥാനാര്‍ത്ഥി മാത്രമാണ് ലോക്സഭയിലേക്കു ജയിച്ചത്. 2006-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 30 സീറ്റിലൊതുങ്ങി മമതയുടെ പാര്‍ട്ടി. എന്നാല്‍, സിംഗൂരിലെ കര്‍ഷകപ്രക്ഷോഭം അവര്‍ക്കു കിട്ടിയ ഏറ്റവും ശക്തമായ ആയുധമായി. വ്യവസായവല്‍ക്കരണം ബംഗാളിനെ സംബന്ധിച്ചിടത്തോളം അനിവാര്യമെന്നു ബോധ്യപ്പെട്ട ഇടതുപക്ഷ സര്‍ക്കാര്‍ അതിനെടുത്ത നടപടികളിലെ പാളിച്ചകളാണ് അവര്‍ക്കു പിടിവള്ളിയായത്. ഏറ്റവും കൂടുതല്‍ അരി ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായിരുന്നു അന്ന് പശ്ചിമബംഗാള്‍. ഒരേക്കര്‍ ഭൂമിയില്‍നിന്നു ലഭിക്കാവുന്ന പരമാവധി വിളവ് ഉല്പാദിപ്പിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞിരുന്നു. അതേസമയം മൂന്നുപേര്‍ പണിയെടുത്താലും അഞ്ചുപേര്‍ പണിയെടുത്താലും ഒരേ വിളവ് ലഭിക്കാവുന്ന അവസ്ഥയിലായിരുന്നു. ഒരു തമാശ എന്ന നിലയില്‍ പറഞ്ഞാല്‍ ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികളുടേതും. ഭരണപക്ഷത്തോടുള്ള എതിര്‍പ്പ് മുതലെടുക്കാന്‍ ഒന്നിലധികം പ്രതിപക്ഷ കക്ഷികള്‍ ഉണ്ടായിരുന്നു. എന്നാല്‍, എത്ര അദ്ധ്വാനിച്ചാലും അവര്‍ക്കു കിട്ടുന്ന രാഷ്ട്രീയനേട്ടം കൃഷിയില്‍നിന്നുള്ള വിളവ് പോലെ പരമാവധി ആയിരുന്നു. ഈ അവസ്ഥയ്ക്കു മാറ്റം വരുന്നത് സിംഗൂര്‍, നന്ദിഗ്രാം തുടങ്ങിയ പ്രക്ഷോഭങ്ങളായിരുന്നു. 2000-ത്തിന്റെ തുടക്കത്തില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്നവരെങ്കിലും സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായി സഹായിച്ച മാവോയിസ്റ്റുകള്‍ കര്‍ഷകപ്രക്ഷോഭത്തില്‍ സജീവമായി. ഒരുപക്ഷേ, സംസ്ഥാനത്തിന്റെ ശക്തമായ ഇടതുപക്ഷ രാഷ്ട്രീയം തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാനാകും എന്ന ധാരണയിലായിരിക്കണം അങ്ങനെയൊരു നിലപാട് മാവോയിസ്റ്റുകള്‍ കൈക്കൊണ്ടത്. എന്നാല്‍, മമതയ്ക്കാണ് അതു പ്രയോജനം ചെയ്തത്. സി.പി.ഐ.എമ്മിനൊപ്പം മുന്‍കാലങ്ങളില്‍ നിലകൊണ്ട എഴുത്തുകാരും ബുദ്ധിജീവികളും കര്‍ഷകജനസാമാന്യവും ന്യൂനപക്ഷവും മമതയുടെ മാ മതി മാനുഷ് മുദ്രാവാക്യത്തിനു പിന്തുണയുമായെത്തി. 2009-ല്‍ ലോക്സഭയിലേക്കു 19 സീറ്റുകള്‍ നേടി മമതയുടെ പാര്‍ട്ടി ബംഗാളിലെ ചുവന്ന കോട്ടകളെ വിറപ്പിച്ചു. തുടര്‍ന്നു നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും മിന്നുന്ന വിജയം മമത നേടി. അതേസമയം, മമതയുടെ കൂടെ ചേര്‍ന്നു നേട്ടത്തില്‍ പങ്കുപറ്റുകയെന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും കോണ്‍ഗ്രസ്സിനില്ലായിരുന്നു. 2011-ല്‍ മമതയുടെ പാര്‍ട്ടി ബംഗാളിലെ മൂന്നരദശകമായി തുടര്‍ന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ അധികാരക്കുത്തക അവസാനിപ്പിച്ചു. 

എന്നാല്‍, അധികാരത്തില്‍ വന്ന മമത മറ്റൊരു മുഖമാണ് പ്രദര്‍ശിപ്പിച്ചത്. തുടക്കം മുതല്‍ക്കേ അവരുടെ ഭരണത്തില്‍ ഏകാധിപത്യ പ്രവണതകള്‍ ദൃശ്യമായിരുന്നു. എതിരഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തിയും നിശ്ശബ്ദരാക്കിയും രാഷ്ട്രീയ എതിരാളികളെ അണികളെ കയറൂരിവിട്ട് അടിച്ചമര്‍ത്തിയും ബംഗാള്‍ കൊലക്കളമാക്കിയുമാണ് മമത കഴിഞ്ഞ എട്ടുവര്‍ഷം മുന്നേറിയത്. ആദ്യകാലത്ത് അവരുടെ കൂടെ നിന്നവരെല്ലാം അവരെ പതുക്കെ കൈയൊഴിയുകായിരുന്നു. ഒരുകാലത്ത് സി.പി.ഐ.എമ്മിനൊപ്പം നിന്ന സാമൂഹ്യവിരുദ്ധമെന്നു വിളിക്കാവുന്ന ശക്തികള്‍ തൃണമൂലിലേക്കു ചേക്കേറി. ഈ ശക്തികളുടെ മാത്രം പിന്തുണയിലും കയ്യൂക്കിലും അവര്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ പോരാട്ടങ്ങളിലും ജയിച്ചുകയറി. കാലം കഴിയുന്തോറും മമതയുടെ ഭരണത്തിനെതിരെയുള്ള വികാരം സംസ്ഥാനത്ത് ശക്തമായിക്കൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ നടന്ന ഡോക്ടര്‍മാരുടെ സമരം വരെ സൂചിപ്പിക്കുന്നത് ഇതാണ്. എന്നാല്‍, മമത തനിക്കെതിരെയുള്ള വികാരത്തെ വഴിതിരിച്ചുവിടുന്നതാകട്ടെ, വംഗജനതയെ മതപരമായി വിഭജിച്ചുകൊണ്ടാണ്. അവര്‍ക്കൊപ്പം നിന്ന ബുദ്ധിജീവികളും എഴുത്തുകാരും രാഷ്ട്രീയ അഭിപ്രായത്തെ രൂപീകരിക്കാന്‍ പ്രാപ്തരായവരുമൊക്കെ ഇന്നു നിശ്ശബ്ദരാണ്.

2019-ലെ പൊതുതെരഞ്ഞെടുപ്പ് നല്‍കുന്നതു ദുര്‍ബ്ബലയായ മമത എന്ന ചിത്രമാണ്. മുസ്ലിം ന്യൂനപക്ഷത്തോടു അവര്‍ കാണിച്ച അനുഭാവം ബി.ജെ.പിക്കാണ് ഗുണകരമായത്. സംസ്ഥാനത്ത് കാവിരാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ തടുക്കാന്‍ പര്യാപ്തമായ നിലപാടുകള്‍ മുന്നോട്ടുവെയ്ക്കുന്നതില്‍ മമത പരാജയപ്പെട്ടിരിക്കുന്നു. അവര്‍ക്കു ജനപിന്തുണ ഏറെക്കുറെ നഷ്ടമായിരിക്കുന്നു. 

തനിക്കെതിരെയുള്ള നീക്കങ്ങളോട് അസഹിഷ്ണുവാകുകയും പരസ്യമായി പൊട്ടിത്തെറിക്കുകയും ചെയ്യുന്നത് മമതയ്ക്കു പതിവായിരിക്കുന്നു. ഹിന്ദുത്വരാഷ്ട്രീയക്കാര്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി അവരെ വളയുകയും അവര്‍ കോപാകുലയായി പ്രതികരിക്കുകയും ചെയ്യുന്ന കാഴ്ചയും നാം കണ്ടു. ശബരിമല പ്രക്ഷോഭ കാലത്ത് ഇതുകണക്കൊരു പ്രതികരണത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയും നേരിട്ടതാണ്. സ്വാമിശരണം വിളികളുമായി പൊതുചടങ്ങുകള്‍ അലങ്കോലപ്പെടുത്താനെത്തിയവരെ എങ്ങനെയാണ് ഭരണകൂടവും കേരളത്തിലെ മുഖ്യമന്ത്രിയും കൈകാര്യം ചെയ്തതെന്നും കണ്ടു. കേരളത്തില്‍ ഹിന്ദുവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനാകില്ലെന്ന പ്രചരണം ഹിന്ദുത്വശക്തികള്‍ ഇതര സംസ്ഥാനങ്ങളില്‍ നടത്താന്‍ ദുര്‍ബ്ബലമായ ശ്രമം നടത്തി. ഓരോ തവണയും ജയ്ശ്രീറാം വിളികളോട് മമത അസഹിഷ്ണുവായപ്പോള്‍ അതു കൂടുതല്‍ കൂടുതല്‍ ഹിന്ദുത്വശക്തികള്‍ ആഘോഷമാക്കുകയായിരുന്നു.

സംസ്ഥാനത്തെ വിവിധ വിഭാഗങ്ങള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും സംഘടിക്കുകയും ചെയ്യുന്ന ഓരോ ഘട്ടത്തിലും മമത അവയെ തനിക്കെതിരെയുള്ള നീക്കമായി കാണുന്നതായി പതിവ്. ഡോക്ടര്‍മാരുടെ സമരത്തില്‍ ആക്രമിക്കപ്പെട്ട ഡോക്ടറോട് അനുഭാവം കാണിക്കുകയും അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതിനു പകരം ഡോക്ടര്‍മാരുടെ നീക്കങ്ങളെ ശക്തമായി നേരിടുമെന്ന മമതയുടെ നിലപാട് ബി.ജെ.പിക്കു ഗുണകരമാകുകയാണ് ചെയ്തത്. ഒരുകാലത്തു രാഷ്ട്രീയ പ്രബുദ്ധതയുടെ പര്യായമായിരുന്നു ബംഗാള്‍. ബാബറി മസ്ജിദ് തകര്‍ന്ന കാലത്തുപോലും കാര്യമായ വര്‍ഗ്ഗീയലഹളകളൊന്നും അവിടെയുണ്ടായില്ല. എന്നാല്‍, മമതയുടെ കീഴില്‍ ഇന്നു വര്‍ഗ്ഗീയമായ സംഘര്‍ഷങ്ങള്‍ സാധാരണയായി. ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യബോധത്തിന്റെ തീവ്രശബ്ദം മുഴങ്ങിയ വംഗനാടിനെ ഇന്ന് ബി.ജെ.പിയും മമതയും ഹിന്ദുവും മുസ്ലിമുമായി വിഭജിച്ചെടുത്തിരിക്കുന്നു. സമരങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമൊപ്പം സംഗീതവും സാഹിത്യവും വളര്‍ന്ന ആ നാട് ഇന്നു മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറിയിരിക്കുന്നു. ബംഗാളില്‍നിന്നുള്ള വാര്‍ത്തകള്‍ അത്ര സുഖകരമല്ല. സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ വന്‍ തകര്‍ച്ചയെയാണ് ആ സംസ്ഥാനം നേരിടുന്നത്. ഇന്ന് ബംഗാള്‍ ചിന്തിക്കുന്നതുപോലെ നാളെ രാജ്യം ചിന്തിക്കുന്നതായിരിക്കും അപകടകരം എന്ന അവസ്ഥ സംജാതമായിരിക്കുന്നു. 


മമതയെ ഇനിയും 
എഴുതിത്തള്ളാറായിട്ടില്ല

തിലോത്തമ മജുംദാര്‍ 
പ്രമുഖ ബംഗാളി എഴുത്തുകാരി

മമതയ്ക്കു രാഷ്ട്രീയമായി തിരിച്ചടി ഏറ്റിട്ടുണ്ട് എന്നതു നേരാണെങ്കിലും അവരെ ഇനിയും എഴുതിത്തള്ളാനായിട്ടില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. കാരണം ഇപ്പോഴും വംഗജനതയിലെ ഗ്രാമീണരില്‍ അവര്‍ക്കിപ്പോഴും നല്ല സ്വാധീനമുണ്ട്. അവര്‍ ഒരു ഡാമേജ് കണ്‍ട്രോളിനെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്നുണ്ട് എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. അധികാരത്തിലെത്തിയപ്പോള്‍ അവര്‍ മുസ്ലിങ്ങളോട് വലിയ ചായ്വ് പ്രകടിപ്പിക്കാന്‍ തുടങ്ങിയത് ഇവിടുത്തെ ഹിന്ദുക്കളെ വര്‍ഗ്ഗീയമായി ചിന്തിക്കുന്നതിനും വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനും മാത്രമാണ് പ്രയോജനപ്പെട്ടത്. ബംഗാളില്‍ വളര്‍ന്നുവരുന്ന വര്‍ഗ്ഗീയതയുടെ മനശ്ശാസ്ത്രം മുതലെടുക്കാനുള്ള സാമര്‍ത്ഥ്യം ഭാരതീയ ജനതാ പാര്‍ട്ടിക്കുണ്ടുതാനും. തീര്‍ച്ചയായും അസ്വാസ്ഥ്യജനകമാണ് ഈ പ്രവണത. 

ഹിന്ദു സാംസ്‌കാരിക ദേശീയതയെ ബംഗാളി ദേശീയതകൊണ്ട് പകരംവെച്ച് ബി.ജെ.പിയെ രാഷ്ട്രീയമായി മറികടക്കാനാകുമെന്ന് അവര്‍ കരുതുന്നതുപോലെയുണ്ട്. പക്ഷേ, അതത്ര സഹായകമാകുമെന്ന് എനിക്കു തോന്നുന്നില്ല. ബംഗാളി സംസ്‌കാരത്തോട് വലിയ പ്രതിപത്തിയൊന്നുമില്ലാത്ത ബംഗാളി ഇതര വിഭാഗങ്ങളാണ് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ഏറിയകൂറും നിയന്ത്രിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ബംഗാളികള്‍പോലും ബംഗാളി എന്ന സ്വത്വത്തെ കവിഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാനാകും. അവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നു. സാംസ്‌കാരികമായി ഹിന്ദിയെ പിന്തുടരുന്നു. ഒരുപക്ഷേ, ബംഗാളി വികാരത്തേക്കാള്‍ വംഗജനതയെ ഇപ്പോള്‍ നിലനില്‍പ്പിനു സഹായിക്കുക ഹിന്ദുത്വമുള്‍ക്കൊള്ളുന്നതാണ്. 

സി.പി.ഐ.എമ്മും സി.പി.ഐയുമൊക്കെ ഉള്‍പ്പെടുന്ന ഇടതുപക്ഷത്തിനു സംസ്ഥാനത്ത് ഒരു തിരിച്ചുവരവ് അസാധ്യമാണെന്നു തന്നെയാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വെച്ചുനോക്കുമ്പോള്‍ പറയാനാകുക. പക്ഷേ, എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ നമ്മുടെ രാജ്യത്ത് ഒരു ജനാധിപത്യ വ്യവസ്ഥ വളരണമെങ്കില്‍ ഇടതുപക്ഷാദര്‍ശങ്ങള്‍ ശക്തമാകണമെന്നു ഞാന്‍ വിചാരിക്കുന്നു. 

മതതീവ്രവാദത്തിന്റെ വളര്‍ച്ച നിര്‍ഭാഗ്യകരം

തൃഷ്ണ ബസക് 
ബംഗാളി സാഹിത്യകാരി

ഒരുകാലത്ത് പുരോഗമന മതനിരപേക്ഷ രാഷ്ട്രീയത്തിനു ശക്തമായ വേരുകളുണ്ടായിരുന്ന ബംഗാളില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച തീര്‍ച്ചയായും ചിന്തിപ്പിക്കുന്നതു തന്നെയാണ്. ബംഗാളിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യം തകരുന്നതും വര്‍ഗ്ഗീയലഹളകളിലേക്ക് അവ നയിക്കുന്നതും അസ്വാസ്ഥ്യജനകമാണ്. ഇന്നത്തെ ഈ അവസ്ഥയെ മുതലെടുത്ത് ബി.ജെ.പി ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലുള്ള മമതയുടെ പിടി അയയുക തന്നെയാണെന്നു ഞാന്‍ വിചാരിക്കുന്നു.

അവരുടെ ഇന്നത്തെ ഈ തകര്‍ച്ചയ്ക്കു വലിയൊരു കാരണം അവരൊരിക്കലും ഒരു നല്ല കേള്‍വിക്കാരിയാകാന്‍ തയ്യാറില്ല എന്ന സംഗതിയാണ്. തന്റെ പോരായ്മകളെ തിരിച്ചറിയുന്നതിനു പകരം ഹിന്ദുത്വദേശീയതയെ നേരിടാന്‍ ബംഗാളി ദേശീയത പറഞ്ഞു നോക്കാനൊക്കെയാണ് അവര്‍ ശ്രമിക്കുന്നത്. ഇതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ഇപ്പോഴേ തകര്‍ന്ന ക്രമസമാധാനനില കൂടുതല്‍ തകര്‍ച്ചയിലേക്കു പോകുകയേ ഉള്ളൂ. ഗുണ്ടകളെ കയറൂരിവിട്ട് നേരിടുന്നതാണല്ലോ അവരുടെ ഒരു രീതി. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാവഹമല്ല കാര്യങ്ങള്‍. സംഘടനാ സംവിധാനത്തില്‍ പുതുരക്തത്തിന്റെ ആവശ്യമുണ്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്. ലോകമെമ്പാടുമുള്ള സാങ്കേതികവും സാമൂഹികവുമായ മാറ്റങ്ങളോട് ധനാത്മകമായി പ്രതികരിക്കാനും മാറാനും ആ പാര്‍ട്ടികള്‍ തയ്യാറാകേണ്ടതുണ്ട്.

ബംഗാളിനു വേണ്ടത് വ്യവസായങ്ങള്‍

ബപ്പാദിത്യ ഘോഷ് 
പത്രപ്രവര്‍ത്തകന്‍

ബംഗാളില്‍ ഇടതുപക്ഷത്തിന്റെ ഒരു തിരിച്ചുവരവ് ഇനി പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും മമതയുടെ നിലനില്‍പ്പ് ഇവിടെ പരുങ്ങലിലാണ്. സംസ്ഥാനത്ത് ഇപ്പോള്‍ വളര്‍ന്നുവരുന്നത് ഹിന്ദുത്വരാഷ്ട്രീയമാണ്. മമതയുടെ അതിരുകവിഞ്ഞ മുസ്ലിം പ്രീണനം അവര്‍ക്കു വിനയായി ഭവിക്കുകയും ബി.ജെ.പിക്കു ഗുണകരമായി മാറുകയും ചെയ്തുവെന്നതാണ് വാസ്തവം. ജനാധിപത്യബോധത്തിന്റെ അഭാവം മമതയുടെ പ്രവൃത്തികളില്‍ ശക്തമായി നിഴലിച്ചുകാണുന്നുണ്ട്. സി.പി.ഐഎമ്മിനോടുള്ള മടുപ്പ് അവര്‍ക്കു മുതലെടുക്കാനായി എന്നത് ശരിയാണ്. എന്നാല്‍, അന്നാര്‍ജ്ജിച്ച പിന്തുണ നിലനിര്‍ത്താന്‍ അവര്‍ക്കു കഴിയുന്നില്ല എന്നതു നേരാണ്. 
സാമ്പത്തികമായും സാമൂഹികമായും ബംഗാള്‍ ഇന്നു തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ പെരുകുന്നു. ഗ്രാമീണജനതയില്‍ വലിയൊരു ഭാഗം നിരക്ഷരരാണ്. വ്യവസായവല്‍ക്കരണം വേണമെന്ന് ബംഗാളിലുള്ളവര്‍ ആഗ്രഹിക്കുന്നുണ്ട്. കൂടുതല്‍ വ്യവസായങ്ങള്‍ വരുന്നതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നു ജനം വിചാരിക്കുന്നുണ്ട്. ബി.ജെ.പിയെങ്കില്‍ ബി.ജെ.പി അതു ചെയ്യട്ടെ എന്നു തന്നെയാണ് അവര്‍ കരുതുന്നത്.

നയപരമായ പാളിച്ചകള്‍

ബിപ്ലബ് ബിശ്വാസ് 
സാമൂഹ്യപ്രവര്‍ത്തകന്‍

തീര്‍ച്ചയായും മമത ശക്തമായ വെല്ലുവിളിയെ നേരിടുന്നുണ്ട്. വംഗജനതയ്ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന വിഭാഗങ്ങളുമായും രാഷ്ട്രീയപ്പാര്‍ട്ടികളുമായും ചേര്‍ന്നാണ് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേറിയത്. എന്നാല്‍, പിന്നീട് അവരെ ഏകോപിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകുന്നതിന് അവരുടെ അഹന്തനിറഞ്ഞ സമീപനങ്ങള്‍ തടസ്സമായി. സംസ്ഥാനത്തു വ്യവസായവല്‍ക്കരണം അനിവാര്യമായ ഒരു ഘട്ടത്തിലാണ് ബുദ്ധദേബ് ഗവണ്‍മെന്റ് ചില നടപടികളെടുക്കുന്നത്. അവയുടെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ സി.പി.ഐഎമ്മിനും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും പിഴവുപറ്റിയെന്നതാണ് വാസ്തവം. 

തന്റെ കൂടെയുള്ള വിഭാഗങ്ങള്‍ തന്റെ സമീപനത്തിലെ ഏകപക്ഷീയത നിമിത്തം കൈയൊഴിയുന്നുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയപ്പോള്‍ അതു മറികടക്കാന്‍ മമത ചെയ്യുന്നത് ന്യൂനപക്ഷവിഭാഗങ്ങളെ അതിരുകടന്നു പ്രീണിപ്പിക്കലാണ്. ഒരുപക്ഷേ, അതുകൊണ്ട് ഗുണമുണ്ടാകുക ബി.ജെ.പിക്കാണ് എന്ന ബോധ്യം അവര്‍ക്കു നേരത്തെ തന്നെ ഉണ്ടാകാം. സംസ്ഥാനത്തെ മതനിരപേക്ഷ വാദികളും ന്യൂനപക്ഷങ്ങളും തന്റെ പക്ഷത്തും ഹിന്ദുത്വരാഷ്ട്രീയം മറുവശത്തും എന്ന നിലവന്നാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും അപ്രസക്തമാകുമെന്ന് അവര്‍ കരുതിക്കാണണം. എന്നാല്‍, ആ അടവില്‍ പിഴവ് വന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സില്‍നിന്ന് ഇപ്പോള്‍ ബി.ജെ.പിയിലേക്ക് ഒഴുക്കാണ്.

വളരെ അസ്വാസ്ഥ്യം ജനിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ബംഗാളില്‍നിന്നു രാജ്യം കേള്‍ക്കുന്നത്. ഞങ്ങളുടെ മതനിരപേക്ഷ പാരമ്പര്യത്തിനു വലിയ വെല്ലുവിളി ഉയര്‍ത്തി ഹിന്ദുത്വ രാഷ്ട്രീയം വളരുന്നു. ഇന്നത്തെ അവസ്ഥയ്ക്ക് അതിന് ഒരു എതിരാളിയായി ഇടതുപക്ഷ രാഷ്ട്രീയം വളരാനുള്ള സാധ്യതയും കുറവാണ്. തൊഴിലില്ലായ്മ, വിദ്യാഭ്യാസരംഗത്തെ തകര്‍ച്ച, ആരോഗ്യസംവിധാനങ്ങളുടെ തകര്‍ച്ച തുടങ്ങിയവയൊക്കെ ശക്തമായിരിക്കുന്നു. ഒരു ബദല്‍ പരിപാടി മുന്നോട്ടുവെയ്ക്കാന്‍ മമതയ്ക്കു കഴിയുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com