മൊഴിമാറ്റകലയിലെ ആല്‍ക്കെമിസ്റ്റ്: മുതിര്‍ന്ന വിവര്‍ത്തക രമാ മേനോന്റെ എഴുത്തും ജീവിതവും

നമ്മള്‍ ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് സാധ്യമാക്കാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കും എന്ന് എഴുതിവെച്ചപ്പോള്‍ തന്റെ ജീവിതത്തിലും അത് സത്യമായി
മൊഴിമാറ്റകലയിലെ ആല്‍ക്കെമിസ്റ്റ്: മുതിര്‍ന്ന വിവര്‍ത്തക രമാ മേനോന്റെ എഴുത്തും ജീവിതവും

ല്‍ക്കെമിസ്റ്റിലായിരുന്നു ആ തുടക്കം. ഈജിപ്തിലേക്ക് നിധി തേടിപ്പോയ സാന്റിയാഗോ അങ്ങനെ മലയാളം പറഞ്ഞു. 19 വര്‍ഷം മുന്‍പാണ് പൗലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റിനെ രമാ മേനോന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 1988-ല്‍ പുറത്തിറങ്ങിയ പുസ്തകം 2000- ത്തിലാണ് മലയാളത്തിലെത്തിയത്. ഈ പുസ്തകത്തിന് ഇന്ത്യന്‍ ഭാഷയിലുണ്ടായ ആദ്യ തര്‍ജ്ജമയും മലയാളത്തിലാണ്. നമ്മള്‍ ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് സാധ്യമാക്കാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കും എന്ന് എഴുതിവെച്ചപ്പോള്‍ തന്റെ ജീവിതത്തിലും അത് സത്യമായി വന്നതിന്റെ അത്ഭുതമുണ്ട് രമാ മേനോന്.

അന്‍പത്തിയാറാമത്തെ വയസ്സിലാണ് ആല്‍ക്കെമിസ്റ്റിലൂടെ വിവര്‍ത്തന സാഹിത്യത്തിലേക്ക് അവര്‍ കടന്നുവന്നത്. ലോകപ്രശസ്തമായ സൃഷ്ടികളടക്കം അമ്പതിലധികം പുസ്തകങ്ങള്‍ ഇതുവരെ മലയാളത്തില്‍ പുറത്തിറക്കി. ദക്ഷിണ കൊറിയന്‍ നോവലായ 'എ റിവര്‍ ഇന്‍ ഡാര്‍ക്ക്നസ്' എന്ന പുസ്തകത്തിന്റെ എഴുത്തിലാണിപ്പോള്‍. തൃശൂരിലെ മലയാളം മീഡിയം സ്‌കൂളില്‍ പത്താംക്ലാസ് വരെ മാത്രം പഠിച്ച രമാ മേനോന്‍ ലോകഭാഷയിലെ കൃതികള്‍ മലയാളിക്കു മുന്നിലെത്തിക്കുന്നത് ചെറുപ്പം തൊട്ടുള്ള ആഴമേറിയ വായനയിലൂടെ നേടിയ ഭാഷാ പ്രാവീണ്യം കൊണ്ടുകൂടിയാണ്. ഒരു ഘട്ടത്തില്‍ പൗലോ കൊയ്ലോ വഴിതിരിച്ചുവിട്ട ജീവിതമാണിതെന്നു തോന്നും. ഇഷ്ടമുള്ള കാര്യത്തിനായുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളും അതിനൊപ്പം നില്‍ക്കാന്‍ അവരുപോലുമറിയാതെ എത്തുന്ന കുറേ ആളുകളും. മലയാളം ആല്‍ക്കെമിസ്റ്റിന്റെ 48 എഡിഷനുകള്‍ ഇതുവരെ പുറത്തിറങ്ങി. ഖാലിദ് ഹൊസൈനിയുടെ 'ആന്റ് ദ മൗണ്ടെന്‍സ് എക്കോവ്ഡ്' എന്ന കൃതിയുടെ പരിഭാഷയായ പര്‍വ്വതങ്ങളും മാറ്റൊലികൊള്ളുന്നു എന്ന പുസ്തകത്തിലൂടെ 2017-ലെ വിവര്‍ത്തനത്തിലുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും രമാ മേനോനായിരുന്നു.

പൗലോ കൊയ്ലോ വഴിതിരിച്ച ജീവിതം 
ചെറുകഥകളായിരുന്നു രമാ മേനോന്റെ ആദ്യകാല എഴുത്തുകള്‍. എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായിരുന്ന പുത്തേഴത്ത് രാമന്‍ മേനോന്റെ മകളാണ് രമ. അതുകൊണ്ടുതന്നെ പുസ്തകങ്ങള്‍ക്കൊപ്പമായിരുന്നു കുട്ടിക്കാലം തൊട്ടുള്ള ജീവിതം. വീട് നിറയെ പുസ്തകങ്ങള്‍. വായന എഴുത്തിലേക്കും വഴിമാറി. എഴുതിയ ചെറുകഥകളൊക്കെ ഗൃഹലക്ഷ്മി, വനിത, കുങ്കുമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നു. സ്മാരകം, പൈതൃകം എന്നീ രണ്ട് ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെക്സ്‌റ്റൈല്‍ എന്‍ജിനീയറായ നാരായണമേനോനെ വിവാഹം കഴിച്ച് അഹമ്മദാബാദിലെത്തി. അവിടത്തെ സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നു. അക്കാലത്തൊക്കെ കഥകളെഴുതി. 1984-ല്‍ കുങ്കുമം നടത്തിയ ചെറുകഥ രചനാമത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടി. അതോടെ എഴുതാനുള്ള ആത്മവിശ്വാസവും കൂടി. എഴുത്ത് തുടര്‍ന്നു. ഭര്‍ത്താവ് റിട്ടയര്‍ ചെയ്തപ്പോള്‍ ജോലി ഉപേക്ഷിച്ച് നാട്ടില്‍ - തൃശൂരില്‍ സ്ഥിരതാമസമാക്കി. മകന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലായിരുന്നു ജോലി. ഒരു അവധിക്കാലത്ത് മകനൊപ്പം താമസിക്കാന്‍ പോയപ്പോഴാണ് ജീവിതം തന്നെ വഴിമാറ്റിച്ച ആല്‍ക്കെമിസ്റ്റ് വായിക്കുന്നത്.

പൗലോ കൊയ്‌ലോ രമാ മേനോന് ഒപ്പിട്ട് നല്‍കിയ ആല്‍ക്കെമിസ്റ്റിന്റെ മലയാളം വിവര്‍ത്തനം
പൗലോ കൊയ്‌ലോ രമാ മേനോന് ഒപ്പിട്ട് നല്‍കിയ ആല്‍ക്കെമിസ്റ്റിന്റെ മലയാളം വിവര്‍ത്തനം

''മകന്റെ ഭാര്യ ഫ്രെഞ്ചുകാരിയാണ്. രണ്ടുപേരും ധാരാളം വായിക്കും. അവര്‍ക്ക് പല ഭാഷകളും അറിയാം. അവര്‍ ഒരു ദിവസം പറഞ്ഞു സ്പാനിഷില്‍ ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകം വായിച്ചു. പൗലോ കൊയ്ലോ എഴുതിയതാണ്.  അവര്‍ക്കത് വളരെ ഇഷ്ടമായി. എന്നിട്ട് അതിന്റെ പ്രമേയം മകന്‍ ചുരുക്കി പറഞ്ഞുതന്നു. കേട്ടപ്പോള്‍ എനിക്കും ഇഷ്ടായി. അത് ഇംഗ്ലീഷില്‍ കിട്ടുകയാണെങ്കില്‍ വാങ്ങിച്ചുകൊണ്ടുവരൂ, എനിക്കും വായിക്കാലോ എന്ന് ഞാനും പറഞ്ഞു.  അവര്‍ എനിക്കത് കൊണ്ടുതന്നു. അര്‍ജന്റീനയില്‍ ഇരുന്നുതന്നെ അത് വായിച്ചു. പെട്ടെന്നു വായിച്ചു തീര്‍ത്തു. വളരെ വളരെ ഇഷ്ടപ്പെട്ടു. അതുവരെ വായിക്കാത്ത ഒരു പുസ്തകത്തിന്റെ പ്രതീതിയായിരുന്നു. നീയിത് കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ എനിക്കിത് വായിക്കാന്‍ പറ്റില്ലായിരുന്നല്ലോ എന്ന് ഞാന്‍ മകനോടും പറഞ്ഞു. ശൈലിയിലും പ്രമേയത്തിലും ആശയത്തിലും ബിംബങ്ങളിലും എല്ലാത്തിലും പുതുമ. അപ്പോള്‍ മകനാണ് ആദ്യമായി പറഞ്ഞത് അമ്മയ്ക്കിത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തൂടെ എന്ന്. ഇതുപോലുള്ള പുസ്തകങ്ങള്‍ മലയാളം മാത്രം അറിയുന്ന ആള്‍ക്കാര്‍ക്ക് ഒരു പുതുമയായിരിക്കും. അമ്മ ശ്രമിക്കൂ എന്ന്. പക്ഷേ, എനിക്കൊട്ടും ധൈര്യം ഉണ്ടായിരുന്നില്ല. അതുവരെ ചെറുകഥകളാണല്ലോ എഴുതിക്കൊണ്ടിരുന്നത്. എന്റെ വിചാരം അതുമാത്രമായിരിക്കും എന്റെ ജീവിതം എന്നാണ്. ഇങ്ങനെയൊരു വഴിത്തിരിവ് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. ആ പുസ്തകവുമായാണ് അര്‍ജന്റീനയില്‍നിന്ന് നാട്ടിലെത്തിയത്. ഒരു ദിവസം വെറുതെ എഴുതിത്തുടങ്ങി. തുടങ്ങിയപ്പോള്‍ എനിക്ക് നിര്‍ത്താന്‍ തോന്നിയില്ല. ഒരു ബുദ്ധിമുട്ടും കൂടാതെ പെട്ടെന്ന്  അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

രണ്ട് മൂന്ന് മാസത്തോളം അതെന്റെ കയ്യിലിരുന്നു. ഞാനിത് എന്തു ചെയ്യും എന്നായിരുന്നു ആലോചന. ആ സമയത്ത് ഡി.സി. ബുക്സിന്റെ ഒരു പരിപാടി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്നു. വെറുതെ പ്രസംഗം കേള്‍ക്കാന്‍ ഞാനും പോയി. രവി ഡി.സി. ആ പരിപാടിയിലുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് എന്റെ കയ്യില്‍ ഇങ്ങനെ ഒരു ട്രാന്‍സലേഷന്‍ ഉണ്ടെന്നും എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നും ചോദിച്ചു. എനിക്ക് അദ്ദേഹത്തേയും പരിചയമില്ല അദ്ദേഹത്തിന് എന്നെയും അറിയില്ല. ഞാന്‍ എന്തെങ്കിലും എഴുതാറുണ്ട് എന്നു പോലും അദ്ദേഹത്തിന് അറിയില്ല. വളരെ ഗൗരവത്തില്‍ അയക്കൂ ഞങ്ങള്‍ നോക്കട്ടെ എന്ന് പറഞ്ഞു. ഞാന്‍ അത് അയച്ചുകൊടുത്തു. കുറച്ചുദിവസം കഴിഞ്ഞ് ഞങ്ങളത് മലയാളത്തില്‍ പബ്ലിഷ് ചെയ്യാന്‍ പോകുകയാണ് എന്ന് പറഞ്ഞ് വിളിച്ചു. അതിന്റെ കോപ്പിറൈറ്റ്സും കാര്യങ്ങളുമൊക്കെ അവര്‍ ചെയ്‌തോളാം എന്നും പറഞ്ഞു. അങ്ങനെ 2000 സെപ്തംബറില്‍ മലയാളം ആല്‍ക്കെമിസ്റ്റ് പുറത്തിറങ്ങി. 

പരിഭാഷയെക്കുറിച്ച് മകന്റെ ഭാര്യ പൗലോ കൊയ്ലോയെ ഇ-മെയില്‍ വഴി അറിയിച്ചിരുന്നു. അദ്ദേഹം അതിനു സന്തോഷത്തോടെ മറുപടിയും നല്‍കിയിരുന്നു. മലയാള പരിഭാഷ പുറത്തിറങ്ങിയ സമയത്ത് മകന്‍ നാട്ടില്‍ വന്നിരുന്നു.  പഠിച്ചതൊക്കെ ഗുജറാത്തിലായതിനാല്‍ അവന് മലയാളം അത്ര നന്നായി വായിക്കാന്‍ അറിയില്ല. എന്നിട്ടും ഞാന്‍ പുസ്തകത്തിന്റെ ഒരു കോപ്പി അവനു കൊടുത്തു. അതുംകൊണ്ടാണ് തിരിച്ചുപോയത്. അപ്പോഴേക്കും അവന്‍ ലണ്ടനിലേക്ക് മാറിയിരുന്നു. ആയിടയ്ക്ക് പൗലോ കൊയ്ലോ ലണ്ടനില്‍ വന്നു. ഒരു പുസ്തകത്തിന്റെ പ്രമോഷനുവേണ്ടിയുള്ള ചടങ്ങായിരുന്നു. ചടങ്ങിലേക്ക് അദ്ദേഹം എന്റെ മകനേയും ഭാര്യയേയും ക്ഷണിച്ചു. ഞാന്‍ കൊടുത്ത പുസ്തകം മകന്‍ അദ്ദേഹത്തിനു കൊടുത്തു. കേരളം എന്ന സ്ഥലത്തെക്കുറിച്ചും മലയാളം എന്ന ഭാഷയെക്കുറിച്ചും അദ്ദേഹം ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും കേട്ടിരിക്കുക. ആ ചടങ്ങില്‍വെച്ച് ഇന്ത്യന്‍ ഭാഷയില്‍ ആല്‍ക്കെമിസ്റ്റിന്റെ ആദ്യത്തെ പരിഭാഷ മലയാളത്തിലാണെന്നും ഇദ്ദേഹത്തിന്റെ അമ്മയാണ് അത് ചെയ്തതെന്നും പറഞ്ഞു മകനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. 
അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങള്‍ ഒപ്പിട്ട് എനിക്ക് സമ്മാനമായി കൊടുത്തയയ്ക്കുകയും ചെയ്തു. അദ്ദേഹം കൊടുത്തയച്ച 'ദ ഡെവിള്‍ ആന്റ് മിസ് പ്രിം' പിന്നീട് ഞാന്‍ പരിഭാഷപ്പെടുത്തി. രമാ മേനോന്‍ പറഞ്ഞു.

വായനയും എഴുത്തും ഒരുമിച്ച്
രണ്ടുതരത്തിലാണ് രമാ മേനോന്റെ വിവര്‍ത്തനം. വായിച്ച് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഏറ്റവും ഇഷ്ടത്തോടെ തര്‍ജ്ജമ ചെയ്യുക. മറ്റൊന്ന് പബ്ലിഷേഴ്സിനുവേണ്ടി അവര്‍ തന്നയക്കുന്ന പുസ്തകങ്ങള്‍ ചെയ്തുകൊടുക്കുക. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തര്‍ജ്ജമയ്ക്കു മുന്‍പ് ഒരുവട്ടം വായന കഴിഞ്ഞിട്ടുണ്ടാകും. അല്ലാത്തവ വായനയും എഴുത്തും ഒരുമിച്ചാണ്. 

''പബ്ലിഷേഴ്സ് അയച്ചുതരുന്ന പുസ്തകങ്ങള്‍ ഞാന്‍ മുന്‍കൂട്ടി വായിക്കില്ല. ഞാന്‍ അത് ഇഷ്ടമുള്ള ഒരു ജോലിയായിട്ടേ എടുക്കാറുള്ളൂ. വായിക്കാത്തതിനു കാരണം വായിച്ചിട്ട് ആ പുസ്തകം ഇഷ്ടമായില്ലെങ്കില്‍ പിന്നെ കഷായം കുടിക്കുന്നപോലെയാകും. അത് ചെയ്താല്‍ ശരിയാകില്ല. ചിലപ്പോള്‍ തിരിച്ചുകൊടുക്കേണ്ടിവരും. അതുകൊണ്ട് ആദ്യത്തെ വരി വായിച്ചിട്ട് തന്നെ എഴുത്ത് തുടങ്ങും. അങ്ങനെ എന്റെ എഴുത്തും വേഗം കഴിയും. എഴുതാന്‍ ഞാന്‍ അധികം സമയം എടുക്കാറില്ല. കാര്യം മനസ്സിലായാല്‍ വേഗം ചെയ്യാം. എട്ടോ പത്തോ പേജൊക്കെ ഒരു ദിവസം ചെയ്യാം. എനിക്ക് ബുദ്ധിമുട്ടായി തോന്നിയ ഒരു പുസ്തകം ദലൈലാമയുടെ 'ദ പാത്ത് ഓഫ് ടിബറ്റന്‍ ബുദ്ധിസം' ആണ്. അത് കഥയല്ലല്ലോ. വളരെ സീരിയസ് ആയിട്ടുള്ള ബുദ്ധിസ്റ്റ് പ്രമാണങ്ങളും തത്ത്വങ്ങളും ചരിത്രങ്ങളും ഒക്കെയാണ്. അത് മനസ്സിലാക്കി എഴുതാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു. എനിക്ക് മനസ്സിലാകുന്ന പുസ്തകങ്ങളൊക്കെ ഒട്ടും ബുദ്ധിമുട്ടാതെ ആസ്വദിച്ച് സന്തോഷമായിട്ട് ചെയ്യും. വേറൊരാളുടെ പുസ്തകം എഴുതുന്നു എന്നെനിക്ക് തോന്നാറില്ല. എന്റെ മനസ്സിലുള്ളത് എഴുതുന്നു എന്നേ തോന്നാറുള്ളൂ. വാസ്തവത്തില്‍ വെച്ചുവിളമ്പുന്നതിനേക്കാളും എളുപ്പത്തില്‍ എനിക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമാണിത്. നാലാള് ഊണ് കഴിക്കാന്‍ വരുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ ആകെ പരിഭ്രമിച്ചുപോകും. ഇത് പക്ഷേ, അങ്ങനെയല്ല. ഏറ്റവും ഇഷ്ടമുള്ള കാര്യമായതുകൊണ്ടാകും. ആളുകള്‍ക്കും ഇഷ്ടമാവുന്നുണ്ടാവണം. അതുകൊണ്ടല്ലേ പിന്നെയും പിന്നെയും പുസ്തകങ്ങള്‍ കിട്ടുന്നത്. ചെയ്യാന്‍ പറ്റാത്ത പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്. ഗ്രീന്‍ ബുക്സ് ഒരിക്കല്‍ തന്ന പുസ്തകം. പേരുപോലും മറന്നുപോയി. നാലഞ്ച് പേജ് ചെയ്തു. പിന്നീട് എനിക്ക് ചെയ്യാന്‍ പറ്റുന്നില്ല. അതെന്റെ ഉള്ളിലേക്ക് കയറിയതേ ഇല്ല. അത് ചെയ്യാതെ തിരിച്ചുകൊടുക്കേണ്ടിവന്നു. ഒറിജിനല്‍ ട്രാന്‍സ്ലേഷന്‍ ചെയ്യാനാണ് സുഖം. വേറെ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതാണല്ലോ പൊതുവേ മലയാളത്തിലേക്ക് മാറ്റുന്നത്. പൗലോ കൊയ്ലോയുടെ പുസ്തകങ്ങളൊക്കെ ചെയ്യുമ്പോള്‍ ഒറിജിനല്‍ വായിച്ചിരുന്നെങ്കില്‍ ഞാന്‍ ഇതിലും ഭംഗിയായി ചെയ്‌തേനെ എന്ന് തോന്നാറുണ്ട്. ചിലയിടത്തൊക്കെ ഇങ്ങനെയായിരിക്കില്ലല്ലോ മൂലകൃതിയില്‍ ഉദ്ദേശിച്ചത് എന്നൊക്കെ തോന്നും. എന്റെ പരിഭാഷ വായിക്കുന്നവര്‍ക്കും ചിലപ്പോള്‍ ഇങ്ങനെയൊക്കെത്തന്നെ തോന്നുന്നുണ്ടാകും.''

പൗലോ കൊയ്ലോയുടെ അഞ്ച് പുസ്തകങ്ങള്‍ രമാ മേനോന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്- അലിഫ്, മാനുസ്‌ക്രിപ്റ്റ് ഫൗണ്ട് ഇന്‍ അക്ര, ആല്‍ക്കെമിസ്റ്റ്, ദ ഡെവിള്‍ ആന്റ് മിസ് പ്രിം, ദ ഫിഫ്ത് മൗണ്ടൈന്‍.

അഞ്ച് പുസ്തകങ്ങളില്‍ മൂന്നെണ്ണം എനിക്ക് വായിച്ച് ഇഷ്ടായതുകൊണ്ട് ഞാന്‍ ചെയ്തതാണ്. ബാക്കി രണ്ടെണ്ണം പബ്ലിഷേഴ്സ് ആവശ്യപ്പെട്ടതുകൊണ്ടും. പിന്നീട് ചെയ്യാന്‍ പറഞ്ഞെങ്കിലും ചെയ്തില്ല. ബാക്കിയുള്ള പുസ്തകങ്ങളൊന്നും എന്നെ അധികം ഇംപ്രസ് ചെയ്തില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടായിട്ടുണ്ടാകാം. 
പിന്നീട് ചെയ്തത് ഖാലിദ് ഹൊസൈനിയുടെ പുസ്തകങ്ങളാണ്. കൈറ്റ് റണ്ണര്‍, എ തൗസന്റ് സ്പ്ലെന്‍ഡിഡ് സണ്‍, ആന്റ് ദ മൗണ്ടന്‍സ് എക്കോവ്ഡ് അങ്ങനെയുള്ള പുസ്തകങ്ങള്‍.

പുത്തേഴത്ത് രാമന്‍ മേനോന്‍
പുത്തേഴത്ത് രാമന്‍ മേനോന്‍


ഓരോ തവണയും മകന്റെ അടുത്തുപോകുമ്പോള്‍ അവരുടെ ലൈബ്രറിയില്‍ നിന്നാണ് പുതിയ പുസ്തകങ്ങള്‍ കണ്ടെത്തുന്നത്. ഹൊസൈനിയുടെ പുസ്തകങ്ങളും അവിടെനിന്നാണ് വായിച്ചത്. 
ഹൊസൈനിയുടെ പുസ്തകത്തിനാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കിട്ടിയത്. സ്വെറ്റ്ലാന അലക്സിവിച്ചിന്റെ സെക്കന്റ് ഹാന്റ് ടൈം, വാര്‍സ് അണ്‍വുമണ്‍ലി ഫെയ്സ്, കാര്‍ലോസ് ലൂയിസ് സാഫോണിന്റെ ഷാഡോ ഓഫ് ദ വിന്‍ഡ്, നുജൂദ് അലിയുടെ ഐയാം നുജൂദ് അങ്ങനെ അന്‍പതോളം പുസ്തകങ്ങള്‍.

''പരിഭാഷപ്പെടുത്തുമ്പോള്‍ തീരെ മനസ്സിലാകാത്ത സാംസ്‌കാരിക - ഭൂമിശാസ്ത്രപരമായ കാര്യങ്ങളൊക്കെ ഗൂഗിളില്‍ നോക്കി കുട്ടികളാരെങ്കിലും പറഞ്ഞുതരും. ഞാന്‍ മൊബൈലും ഇന്റര്‍നെറ്റും ഒന്നും ഉപയോഗിക്കാറില്ല. എന്റെ ചെറുപ്പം തൊട്ടേ ധാരാളം വായിച്ചതുകൊണ്ട് ഇവിടെ ഇരുന്നുകൊണ്ടുതന്നെ ലോകത്തിന്റെ പലഭാഗത്തുള്ള സംസ്‌കാരങ്ങളും പുസ്തകങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പത്രം വായനയും നല്ലവണ്ണം സഹായിച്ചു. പലതരം വായനകളിലൂടെ ലോകത്തെക്കുറിച്ച് സാമാന്യമായ ഒരു ധാരണ ഉണ്ടായതുകൊണ്ട് എഴുതുമ്പോള്‍ വലിയ ബുദ്ധിമുട്ട് വരാറില്ല. സൈക്കിള്‍ ഓടിക്കാന്‍ പറ്റുന്നവര്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ എളുപ്പമാണ് എന്ന് പറയാറില്ലേ. അതുപോലെ തന്നെയാണ്. കഥകളെഴുതി സ്വന്തമായി ഒരു ഭാഷയും ശൈലിയും കൈവശം ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് എക്സ്പ്രസ് ചെയ്യാന്‍ വിഷമമില്ല. മലയാളം മാത്രം വായിക്കാനറിയാവുന്നവര്‍ക്കു വേണ്ടിയാണ് ഇതു ചെയ്യുന്നത് എന്ന് പരിഭാഷപ്പെടുത്തുന്ന സമയത്ത് ഞാന്‍ ഓര്‍ക്കും. ഇംഗ്ലീഷ് വായിക്കാനറിയാവുന്നവര്‍ അതല്ലേ വായിക്കൂ. വായിക്കുമ്പോള്‍ ഇതൊരു മലയാളം കൃതിയാണ് എന്ന് അവര്‍ക്കു തോന്നണം. അതുകൊണ്ട് പരമാവധി എന്റേതായ ഭാഷയിലും ശൈലിയിലും ആളുകള്‍ക്ക് സ്വീകാര്യമാവുന്ന തരത്തില്‍ ചെയ്യാനാണ് ശ്രമിക്കാറുള്ളത്.

ദ ഡെവിള്‍ ആന്റ് മിസ് പ്രിം എന്ന പുസ്തകത്തിലെ പ്രധാന കഥാപാത്രം ദ ഓള്‍ഡ് വുമണ്‍ ബര്‍ത്ത എന്നതാണ്. സാധാരണ തര്‍ജ്ജമ ചെയ്യുമ്പോള്‍ വൃദ്ധയായ ബര്‍ത്ത എന്നാണ് പറയുക. പക്ഷേ, അത് കേള്‍ക്കാന്‍ സുഖമില്ല. വൃദ്ധയാണ്, എല്ലാവര്‍ക്കും ആദരവുള്ള സ്ത്രീയാണ്, മുതിര്‍ന്ന ഒരാളാണ്- അപ്പോള്‍ ബര്‍ത്ത മുത്തശ്ശി എന്ന് ഞാന്‍ എഴുതി. അത് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് സ്വന്തമാണ് എന്ന് തോന്നും. വൃദ്ധയായ ബര്‍ത്ത എന്നെഴുതുമ്പോള്‍ കഥയുടെ രസം പോകും, ആ സ്ത്രീയുടെ പ്രാധാന്യം പോകും.
ചില പുസ്തകങ്ങളൊക്കെ പരിഭാഷപ്പെടുത്തുമ്പോള്‍ രാത്രിയിലൊക്കെ അതുതന്നെ ഓര്‍മ്മ വരും. സ്വെറ്റ്ലാന അലക്സിവിച്ചിന്റെ 'യുദ്ധഭൂമിയിലെ പോരാളികള്‍' എഴുതുമ്പോള്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. ഭയങ്കരമായ അനുഭവങ്ങളാണ്. കഠിനമായ യാതനകളിലൂടെ കടന്നുപോകുന്നവര്‍. സെക്കന്റ് വേള്‍ഡ് വാറില്‍ ആണുങ്ങളൊക്കെ മരിച്ചുകഴിഞ്ഞ് സ്ത്രീകള്‍ക്ക് നേരിട്ട് യുദ്ധം ചെയ്യേണ്ടിവന്ന അവസ്ഥയാണ്. നമ്മള്‍ പൊതുവെ വിചാരിക്കുന്നത് ആണുങ്ങളുടേതാണ് യുദ്ധം പെണ്ണുങ്ങള്‍ പിന്നിലാണെന്നാണ്. ഇത് മുന്‍പില്‍നിന്ന് യുദ്ധം ചെയ്ത സ്ത്രീകളുടെ അനുഭവങ്ങളാണ്. ശ്വാസം മുട്ടിപ്പോകും.

ചിലപ്പോഴൊക്കെ ഞാന്‍ ഓര്‍ക്കും, തര്‍ജ്ജമ ചെയ്യുമ്പോള്‍ ഓരോ രാജ്യത്തും എത്രയോ ദിവസം ഞാന്‍ താമസിക്കുകയാണെന്ന്. ടിബറ്റിലും ചൈനയിലും റഷ്യയിലും ഒക്കെ. അവരുടെ കൂടെ കളിച്ച് അവരുടെ കൂടെ നടന്ന് അവരുടെ കൂടെ കരഞ്ഞ് അവരുടെ ഭക്ഷണം കഴിച്ച്. നല്ല രസമല്ലേ. വള്ളത്തോളിന്റെ ഒരു വരിയില്ലേ, ''വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍ സങ്കല്പ വായു വിമാനത്തിലേറിയാലും... എന്ന്. ഞാനിങ്ങനെ വായു വിമാനത്തിലേറി പോകുകയാണ്. ചിലപ്പോള്‍ ഭയങ്കര തണുപ്പുള്ള സ്ഥലത്തായിരിക്കും, ചിലപ്പോള്‍ യുദ്ധഭൂമിയിലും.''

ആദ്യം വായിച്ചത് അച്ഛന്റെ പുസ്തകം
ഞാന്‍ ആദ്യമായി വായിച്ച പുസ്തകം ടാഗോര്‍ കഥകളാണ്. എന്റെ അച്ഛന്‍ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഏറ്റവും ആദ്യം വായിച്ചത് ഒരു പരിഭാഷാ ഗ്രന്ഥമാണ്. അപ്പോഴേ വേണമെങ്കില്‍ എന്റെ വിധി തീരുമാനിച്ചിട്ടുണ്ടാകണം. എന്റെ എഴുത്തില്‍ അച്ഛന്റെ സ്വാധീനം എനിക്കങ്ങനെ തോന്നിയിട്ടില്ല. അച്ഛന്‍ മരിച്ചതിനുശേഷമാണ് വാസ്തവത്തില്‍ ഞാന്‍ എഴുതാന്‍ തുടങ്ങിയത്. അതിനു മുന്‍പ് ബാലപംക്തിയിലൊക്കെ എഴുതാറുണ്ട് എന്നല്ലാതെ. ബാലപംക്തിയിലൊക്കെ എഴുതി കാണുമ്പോള്‍ അച്ഛന് സന്തോഷമാണ്. അച്ഛന്റെ പിന്നില്‍ ഒരാളുണ്ട് എന്നതില്‍. ഞങ്ങള്‍ പത്ത് മക്കളായിരുന്നു. ഞാന്‍ പത്താമത്തെയാളാണ്. എന്റെ കല്യാണം കഴിഞ്ഞ് പോകുമ്പോള്‍ എന്റെ അച്ഛനും അമ്മയ്ക്കും പ്രായമായിരുന്നു. അവര്‍ക്ക് എന്നെപ്പറ്റി വലിയ ആധിയായിരുന്നു. അന്നൊക്കെ അഹമ്മദാബാദ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ വളരെ ദൂരെയാണ്. നാല് ദിവസം ട്രെയിനില്‍ പോണം. പരിചയമില്ലാത്ത സ്ഥലം, ഭാഷ. വീട്ടുജോലികളൊന്നും എടുത്ത് വലിയ പരിചയമില്ല അങ്ങനെ പലതും. അവരുടെ പ്രായത്തിന്റേതായ ഒരു ആധിയും കൂടിയുണ്ടാവണം. കല്യാണം കഴിഞ്ഞ് പോകുമ്പോള്‍ അമ്മ എനിക്ക് വലിയ ഒരു പെട്ടി തന്നു വിട്ടു. അതില്‍ ഒരു മാസം വീട്ടില്‍ ഉപയോഗിക്കേണ്ട സാധനങ്ങളൊക്കെ വെച്ചിട്ടുണ്ടായിരുന്നു. അരി, പരിപ്പ്, പഞ്ചസാര, കാപ്പി അങ്ങനെ എല്ലാം. ഒരു മാസത്തേക്ക് വേണ്ടുന്ന വീട്ടുസാധനങ്ങള്‍. അറേഞ്ച്ഡ് മാരേജ് ആയിരുന്നു. പുതിയൊരാളുടെ കൂടെയുള്ള ജീവിതം. സാധനങ്ങള്‍ പുറത്തുപോയി വാങ്ങാന്‍ പറ്റുമോന്നറിയില്ല. അതുകൊണ്ട് കുടുംബജീവിതം നന്നായി പോകണം എന്നു കരുതി അമ്മ ചെയ്തത്. അതേ സമയത്ത് അച്ഛന്‍ എനിക്കൊരു പെട്ടി കൊണ്ടുതന്നു. അതില്‍ നിറച്ച് പുസ്തകങ്ങളായിരുന്നു. അവിടെ ചെന്നിട്ട് എനിക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടാതെ ബോറടിക്കരുത് എന്ന് വിചാരിച്ച് അച്ഛന്‍ തന്നുവിട്ടതാണ്. ടാഗോറിന്റെ ഗീതാഞ്ജലി, ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ, കാളിദാസ കൃതികള്‍ അങ്ങനെ ഒരുപാട് പുസ്തകങ്ങള്‍. അതൊക്കെയാണെന്റെ സ്ത്രീധനം. ഞാന്‍ പത്താംതരം വരെയേ പഠിച്ചിട്ടുള്ളൂ. ഇംഗ്ലീഷ് മീഡിയത്തിന്റേയോ കോളേജില്‍ പഠിച്ചതിന്റേയോ ഒന്നും അഡ്വാന്റേജ് എനിക്കില്ല. എല്ലാവരും എന്നോട് ചോദിക്കാറുണ്ട് എം.എ. ആണോ, പി.എച്ച്.ഡി. ആണോ, ലിറ്ററേച്ചര്‍ ആണോ പഠിച്ചത് എന്നൊക്കെ. വീട്ടില്‍ ഇരുന്ന് വായിച്ചതിന്റെ ഗുണം. നിറയെ പുസ്തകങ്ങളായിരുന്നു വീട്ടില്‍. അച്ഛനു വലിയ ലൈബ്രറി ഉണ്ടായിരുന്നു.

അഹമ്മദാബാദില്‍ സ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍ എനിക്കേറ്റവും ഇഷ്ടം കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാനാണ്. ഞാനിപ്പോഴും വിചാരിക്കുന്നത് അങ്ങനെയാണ്. ഞാന്‍ കഥ പറഞ്ഞു കൊടുക്കുകയാണ്. അത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ചെയ്യണം എന്ന്. പരിഭാഷ തുടങ്ങിയതില്‍ പിന്നെ സ്വന്തമായുള്ള എഴുത്ത് തീരെ ഇല്ലാതായി. എനിക്ക് തോന്നുന്നു അത് അതിന്റെ കാലത്ത് മരിച്ചുപോയി എന്നാണ്. ഞാന്‍ എഴുതിയിരുന്ന പോലത്തെ കഥകള്‍ ഇപ്പോള്‍ ആരും വായിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ കഥകളൊക്കെ അത്യന്താധുനികമാണ്, ശാസ്ത്രീയമാണ്, അബ്സ്ട്രാക്ടാണ്. അങ്ങനെയൊന്നും എനിക്ക് എഴുതാന്‍ അറിയില്ലായിരുന്നു. ഞാന്‍ ഒരു സാധാരണ വീട്ടമ്മയുടെ ചുറ്റുപാടില്‍നിന്നുള്ള എഴുത്താണ്. ഞാനെപ്പോഴും പറയാറുണ്ട്, കഥയുടെ കാര്യത്തില്‍ ഞാന്‍ ഒരു തള്ളക്കോഴിയാണ്. ചുറ്റുമുള്ള നെല്ലും പതിരും ഒക്കെ കൊത്തിപ്പെറുക്കി മക്കളുടെ വായില്‍ വെച്ചുകൊടുക്കുംപോലെ. വല്ലാതെ ഉയരത്തില്‍ പറക്കാനോ പൊങ്ങിപ്പറക്കാനോ വേഗത്തില്‍ പറക്കാനോ എനിക്ക് അറിയില്ല. ഞാനിങ്ങനെ കഥകളെഴുതിയിരുന്നു. അതിന് നല്ല അഭിപ്രായങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. അതുകൊണ്ടു വീണ്ടും എഴുതിക്കൊണ്ടിരുന്നു. വിവര്‍ത്തനത്തിലേക്ക് വന്നതോടെ സമയം കിട്ടാതായി. ഓരോ പുസ്തകം കഴിയുമ്പോഴേക്കും വേറൊന്നു കിട്ടും. എന്റെ തലയില്‍ ഒരു വരയുണ്ടായിരുന്നു, ഒരു സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടണം എന്ന്. കഥയെഴുതിക്കൊണ്ടിരുന്നാല്‍ അത് കിട്ടില്ലായിരുന്നു. എന്റെ മക്കളും പൗലോ കൊയ്ലോയും കൂടി എന്നെ ഈ വഴിയിലേക്ക് തട്ടിത്തെറിപ്പിച്ചതാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ആള്‍ എന്നെ വഴിതിരിച്ചുവിട്ടു എന്ന തോന്നല്‍. അതില്‍ പറയുംപോലെ മനസ്സുകൊണ്ട് ശരിക്കും ആഗ്രഹിച്ചാല്‍ നടക്കും. എങ്ങനെയെങ്കിലും തട്ടി തിരിച്ചുവരും. കൂടെ നില്‍ക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാകും.
ഫോട്ടോ- സാഞ്ച് ലാല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com