വിന്‍സെന്റിന്റെ ജീവിതത്തിലെ സ്ത്രീകള്‍: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ്് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

വെള്ളത്തില്‍ മുങ്ങിമരിക്കുക മാത്രമാണ് എനിക്ക് അന്ത്യമായിട്ടുള്ളത്.'' ആ പ്രതിജ്ഞ അവര്‍ പാലിച്ചു. 
വിന്‍സെന്റിന്റെ ജീവിതത്തിലെ സ്ത്രീകള്‍: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ്് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

1904. വിന്‍സന്റ് കഥാവശേഷനായിട്ട് അപ്പോള്‍ പത്തില്‍പ്പരം കൊല്ലങ്ങള്‍ (1890) പിന്നിട്ടിരുന്നു. വിന്‍സന്റിനു പിന്നാലെ തിയോയും വിടവാങ്ങിയിരുന്നു. അപ്പോള്‍ ആരും അറിഞ്ഞില്ല, വിന്‍സന്റിന്റെ കിടക്കയ്ക്ക് ചൂടു പകര്‍ന്നിരുന്ന സീന്‍ ഹൂര്‍ണിക്ക് എന്ന സ്ത്രീ ആത്മഹത്യ ചെയ്തത്. ഹേഗില്‍ വെച്ച് ഒരു പുഴയില്‍ ചാടി ജീവനൊടുക്കുമ്പോള്‍, 1883-ല്‍ വിന്‍സന്റിനു നല്‍കിയ ഒരു പ്രതിജ്ഞയായിരുന്നു നിരാധാരയായ ആ സ്ത്രീ നടപ്പാക്കിയത്. ''ശരിയാണ് ഞാനൊരു അഭിസാരികയാണ്. വെള്ളത്തില്‍ മുങ്ങിമരിക്കുക മാത്രമാണ് എനിക്ക് അന്ത്യമായിട്ടുള്ളത്.'' ആ പ്രതിജ്ഞ അവര്‍ പാലിച്ചു. 

ചിത്രരചനയ്ക്കായി മോഡലുകളെ കണ്ടെത്താന്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് മകളുമായി ഒരു സ്ത്രീയെ വിന്‍സന്റ് കണ്ടെത്തിയത്. അവരോടൊപ്പം ആ സ്ത്രീയുടെ അമ്മയുമുണ്ടായിരുന്നു. ''പാവങ്ങളാണ് അവര്‍. മോഡലിംഗിന് അവര്‍ തയ്യാറാണ്.'' അവരെ താമസസ്ഥലത്തു കൊണ്ടുവന്നു. ബന്ധങ്ങള്‍ മുറിഞ്ഞുപോയ ആ കൊച്ചുകുടുംബത്തെ സ്വന്തം കാലില്‍ നിറുത്താനുള്ള ശ്രമത്തില്‍  വിന്‍സന്റേര്‍പ്പെട്ടു. ഗര്‍ഭിണിയായിരുന്നു ആ സ്ത്രീ. അഭിസാരികയായി ജീവിച്ചിരുന്ന ആ സ്ത്രീയോടുള്ള തന്റെ സ്‌നേഹം തിയോയെ അറിയിച്ചിട്ട് അദ്ദേഹം എഴുതി: ''നിരവധി മാസങ്ങളായി അവളേയും അവളുടെ കുടുംബത്തേയും ഞാന്‍ പോറ്റുകയായിരുന്നു.'' വൈകാതെ അവളെ ഭാര്യയാക്കാന്‍ ഉദ്ദേശിക്കുന്നതായി അനുജനെ അദ്ദേഹം അറിയിച്ചെങ്കിലും ആ ആഗ്രഹം അലസിപ്പോകയാണുണ്ടായത്.

അഗസ്റ്റിന സെഗാറ്റൊറി
അഗസ്റ്റിന സെഗാറ്റൊറി

മോഡലുകളായി സ്ത്രീകളെ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിനിടയില്‍ ഒരു കൊച്ചു കുടുംബം ഉണ്ടാക്കണമെന്നത് വിന്‍സന്റിന്റെ തീവ്രാഭിലാഷമായിരുന്നു. നിരവധി സ്ത്രീകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെത്തിയിരുന്നു. അവരില്‍ പലരും അദ്ദേഹത്തിന്റെ ജീവിതം പങ്കിടുകയും ചെയ്യുകയുണ്ടായി. എന്നാല്‍, ഒരു കുടുംബം വിന്‍സന്റിന്റെ മോഹം മാത്രമായി അവശേഷിച്ചു. അതില്‍നിന്നുണ്ടായ പരിക്കുകളുമായി ജീവിക്കുന്നതിനിടയിലാണ് സീന്‍ എന്നു വിളിച്ചിരുന്ന ക്ലാസിന സീന്‍ ഹൂര്‍ണിക് വിന്‍സന്റിന്റെ ജീവിതത്തിലെത്തിയത്. അതിനു മുന്‍പ്, യുവാവായിരിക്കുമ്പോള്‍ ഒരു സ്ത്രീയില്‍ അനുരക്തനായ അദ്ദേഹം അവളെ ഭാര്യയാക്കാന്‍ പരിശ്രമിച്ചതാണ്. അതിനുവേണ്ടി അനുഭവിച്ച തടസ്സങ്ങള്‍, എതിര്‍പ്പുകള്‍, അപമാനങ്ങള്‍ വളരെയായിരുന്നു. വൈദികനായ പിതാവിന്റെ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പും അക്കാര്യത്തില്‍ വിന്‍സന്റിനു നേരിടേണ്ടിവന്നു.

ഇര്‍വിംഗ് സ്റ്റോണ്‍ എഴുതിയ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന നോവലില്‍ ഈ അനുരാഗ കഥ ഹൃദയസ്പൃക്കായി പ്രതിപാദിച്ചിട്ടുണ്ട്. ആ നോവല്‍ ചലച്ചിത്രമാക്കിയപ്പോള്‍ വിന്‍സന്റായി അഭിനയിച്ചത് കിര്‍ക്ക് ഡഗ്ലസ് എന്ന ഹോളിവുഡ് നടനായിരുന്നു. ആ നടനിലൂടെയാണ്, ലോകം വിന്‍സന്റ് വാന്‍ഗോഗുമായി പരിചയത്തിലാവുന്നത്.

കീയെന്ന വിധവയ്ക്കു വേണ്ടി
ബെല്‍ജിയത്തിലെ ബോറി നേജിലെ കല്‍ക്കരി ഖനിത്തൊഴിലാളികള്‍ക്കിടയില്‍  സുവിശേഷ പ്രസംഗകനായെത്തിയെങ്കിലും അധികനാള്‍ അവിടെ അദ്ദേഹത്തിനു തുടരാനായില്ല. പള്ളിമേലധികാരികള്‍ അദ്ദേഹത്തെ പിരിച്ചുവിട്ടു. അക്കാലത്താണ് താന്‍ താമസിക്കുന്നിടത്തുനിന്ന് വളരെ അകലെയുള്ള, ഫ്രഞ്ചുകാരനായ പെയിന്റര്‍ ജൂള്‍സ് ബ്രെറ്റനെ സന്ദര്‍ശിക്കാനായി എഴുപതു കിലോമീറ്റര്‍ നടന്നുപോയതും ബ്രെറ്റനെ സന്ദര്‍ശിക്കാനാവാതെ മടങ്ങിവന്നതും. തുടര്‍ന്ന് ബ്രസ്സല്‍സിലുള്ള ചിത്രരചനാ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയായെങ്കിലും അവിടെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാന്‍ വിന്‍സന്റിനു സാധിച്ചില്ല. 

അതിനുശേഷം എറ്റനില്‍ താമസിക്കുകയായിരുന്ന മാതാപിതാക്കളുടെ അടുത്ത് ഗ്രീഷ്മകാലത്തെത്തുമ്പോഴാണ്  വിന്‍സന്റിന്റെ ജീവിതത്തില്‍ മായ്ച്ചാലും മായാത്ത കരടായി മാറിയ ആ സംഭവം ഉണ്ടായത്. കീയെന്ന് വിളിച്ചിരുന്ന കൊര്‍ണിലിയ ആഡ്രിയാന വോസ് സ്ട്രിക്കര്‍ എന്ന മദ്ധ്യവയസ്‌കയെ അവിടെവെച്ച് അദ്ദേഹം വീണ്ടും കണ്ടുമുട്ടി. മൂന്നു കൊല്ലം മുന്‍പ് പരിചയപ്പെട്ട കീയുടെ ഭര്‍ത്താവ് രോഗം മൂലം മരിച്ചിരുന്നു. അഞ്ചു വയസ്സുള്ള മകന്റെ പരിപാലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയായിരുന്ന ബന്ധു കൂടിയായ ആ വിധവയെ തന്റെ ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിച്ച വിന്‍സന്റ് മുപ്പത്തിയഞ്ചുകാരിയായ അവരെ സന്ദര്‍ശിച്ച് തന്റെ മോഹം അറിയിച്ചു.

ക്ലാസിന സീന്‍ ഹൂര്‍ണിക്
ക്ലാസിന സീന്‍ ഹൂര്‍ണിക്

മറ്റു സ്ത്രീകളെപ്പോലെ അവര്‍ ആകര്‍ഷകമായ വേഷങ്ങള്‍ ധരിക്കുകയോ അണിഞ്ഞൊരുങ്ങുകയോ ചെയ്തിരുന്നില്ല. യാഥാസ്ഥിതികയായ വീട്ടമ്മ. വിന്‍സന്റിന്റെ ഇംഗിതം അറിഞ്ഞ കീയുടെ മറുപടി അപ്രതീക്ഷിതമായിരുന്നു. ''ഇല്ല, ഒരിക്കലും വയ്യ.'' അങ്ങനെ നിഷേധാത്മകമായ നിലപാട് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തിയോയ്‌ക്കെഴുതിയ കത്തില്‍ വിന്‍സന്റ് വെളിപ്പെടുത്തി. ''ഭൂതകാലവും ഭാവികാലവും തനിക്കില്ലാത്ത സാഹചര്യത്തില്‍ എന്റെ വികാരങ്ങളോട് പ്രതികരിക്കാനാവില്ലെന്ന കീയുടെ നിലപാടിനോട് എനിക്ക് യോജിക്കാനായില്ലെന്നും'' അദ്ദേഹമെഴുതി. ആ മറുപടിയോടെ എല്ലാമവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മറിച്ച് ''എന്നെ സ്‌നേഹിക്കും വരെ ഞാനവളെ സ്‌നേഹിക്കുമെന്ന'' പ്രഖ്യാപനത്തോടുകൂടി കീയുടെ മനസ്സുമാറ്റാന്‍ വിന്‍സന്റ് കഠിനമായി ശ്രമിച്ചു. ''എന്റെ ജീവിതവും എന്റെ പ്രേമവും ഒന്നുതന്നെയാണ്. എന്റെ ഹൃദയത്തില്‍ അമര്‍ത്തിവെച്ച് അലിയിക്കാവുന്ന ഒരു മഞ്ഞുകഷണമായാണ്, ''ഇല്ല ഒരിക്കലും വയ്യ'' എന്ന അവളുടെ വാക്കുകളെ ഞാന്‍ കാണുന്നത്. മഞ്ഞുകട്ടിയുടെ തണുപ്പോ, അതോ എന്റെ ഹൃദയത്തിന്റെ ചൂടോ ഏതാണ് അന്തിമമായി വിജയിക്കുക? നല്ല ഉദ്ദേശ്യത്തോടെയാണ് ഞാനീ കാര്യങ്ങളില്‍ ഇടപെടുന്നത്. എന്നിട്ടും മറ്റുള്ളവര്‍ എന്തിന് പഴിക്കുന്നു? മഞ്ഞുരുകുകയില്ലെന്നും എന്റെ സ്‌നേഹപ്രകടനം വെറും വിഡ്ഢിത്തമാണെന്നും അവര്‍ക്കെങ്ങനെ വിധിയെഴുതാനാവും? മഞ്ഞരുകുകയില്ലെന്നത് ഏതു ശാസ്ത്രത്തില്‍നിന്നാണ് അവര്‍ പഠിച്ചത്?''

ക്ലാസിന സീന്‍ ഹൂര്‍ണിക്
ക്ലാസിന സീന്‍ ഹൂര്‍ണിക്

''കീ ഒരാളെ സ്‌നേഹിച്ചിരുന്നു, അതുകൊണ്ടുതന്നെ മറ്റൊരാളുമായി സ്‌നേഹം ഒഴിവാക്കണമെന്ന് കീയുടെ തോന്നല്‍ മനസ്സാക്ഷി നിറഞ്ഞതാണ്. ഒരുതരത്തിലുള്ള ആത്മാര്‍പ്പണമാണ് അവള്‍ നടത്തിയിരിക്കുന്നത്.
''ആ വികാരത്തെ ഞാന്‍ ആദരിക്കുകയും അവളുടെ ദുഃഖത്തില്‍ ഞാന്‍ ഗാഢമായി സഹതപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വിധിക്കായി സ്വന്തം ജീവിതത്തെ അവള്‍ വിട്ടുകൊടുത്തതു വഴി വലിയൊരു വിഡ്ഢിത്തം കാണിച്ചിരിക്കുകയാണെന്ന് എനിക്ക് അവളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അതില്‍നിന്നു അവളെ ഉയര്‍ത്തിയെടുക്കാന്‍ ഞാന്‍ ശ്രമിക്കും. അവളല്ലാതെ, മറ്റാരും വേണ്ടെന്ന് തന്നെ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.'' ഇക്കാര്യത്തില്‍ അച്ഛന്റേയും അമ്മയുടേയും സഹായം ഉറപ്പാക്കണമെന്ന് തിയോയോട് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, ഒന്നും സംഭവിച്ചില്ല.

തന്നില്‍നിന്ന് ബോധപൂര്‍വ്വം കീ ഒഴിഞ്ഞുമാറുന്നതില്‍ വിന്‍സന്റ് തീവ്രമായി പരിതപിച്ചു. അവളെ ജീവിതപങ്കാളിയാക്കാനായി ആരും സഹായിക്കില്ലെന്ന് ബോദ്ധ്യമായ സാഹചര്യത്തില്‍ ആംസ്റ്റര്‍ഡാമിലെ വസതിയില്‍ച്ചെന്ന് കീയെ നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും മാതുലന്‍ കൂടിയായ അവളുടെ പിതാവ് റവറന്റ് സ്ട്രിക്കേഴ്‌സ് അതനുവദിച്ചില്ല. അത്താഴത്തിനുശേഷം തുടര്‍ച്ചയായി മൂന്നു ദിവസം വിന്‍സന്റ് അവിടെച്ചെന്നു. കീയുടെ അമ്മയും അച്ഛനും സഹോദരനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. തന്നില്‍നിന്ന് കീയെ തന്ത്രപൂര്‍വ്വം മാറ്റിയിരിക്കുകയാണെന്ന് വിന്‍സന്റ് മനസ്സിലാക്കി. അന്തസ്സുള്ള തൊഴിലോ സ്ഥിരമായൊരു വരുമാനമോ ഇല്ലാത്ത വിന്‍സന്റിനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ കീ തയ്യാറാവുകയില്ലെന്ന് അവളുടെ സഹോദരന്‍ പറയുക മാത്രമല്ല, വീട്ടില്‍നിന്നു പുറത്തുപോകാന്‍ അപ്പോള്‍ ആവശ്യപ്പെടുകയുമുണ്ടായി. തന്റെ അന്തസ്സിനു മുറിവേല്‍ക്കുന്നതാണെന്ന് അറിഞ്ഞെങ്കിലും കീയെ നേരില്‍ക്കണ്ട് സഹോദരന്റെ അഭിപ്രായമാണോ അവളുടേതെന്ന് അറിയാതെ പോവുകയില്ലെന്നു ശാഠ്യം പ്രകടിപ്പിച്ചുകൊണ്ട്, ദൈവരൂപത്തിനു മുന്‍പില്‍ കത്തിച്ചുവെച്ചിരുന്ന മെഴുകുതിരിയില്‍ കൈവെച്ചിട്ട് വിന്‍സന്റ് പറഞ്ഞു: ''അവളെ കാണുന്നതുവരെ എന്റെ കൈ ഈ ദീപത്തില്‍ ഇരിക്കും.'' എന്നാല്‍, പെട്ടെന്ന് ആരോ മെഴുകുതിരി ഊതിക്കെടുത്തിയതിനാല്‍ കയ്യിലേറ്റ പൊള്ളല്‍ ഗുരുതരമായില്ല. വിന്‍സന്റ് നിരാശനായി മടങ്ങി.

കൊഴിഞ്ഞുവീണ പ്രണയപുഷ്പം
ന്യൂവെന്നില്‍ വെച്ച് പരിചയപ്പെട്ട മാര്‍ഗററ്റ് ബെര്‍ഗ്മാനുമായി ഉണ്ടായ അടുപ്പവും കുറ്റപ്പെടുത്തലുകളിലും അപവാദത്തിലും അവസാനിച്ചതോടെ ഒരു സ്ത്രീയെ സ്വന്തമാക്കുക അസാദ്ധ്യമാണെന്ന വിചാരം വിന്‍സന്റിന്റെ ഉപബോധത്തില്‍ വേരോടിത്തുടങ്ങി.  ക്രിമോണ എന്ന പ്രശസ്ത ബ്രാന്റില്‍ അറിയപ്പെടുന്ന വിലമതിക്കാനാവാത്ത വയലിനോടായിരുന്നു മാര്‍ഗററ്റിനെ അദ്ദേഹം ഉപമിച്ചത്. ''കൈകാര്യം ചെയ്യാന്‍ അറിഞ്ഞുകൂടാത്ത ആരോ, ആ വയലിനെ ചീത്തയാക്കിയിരിക്കുന്നു. അതിനെ മികവുള്ളതാക്കി ഉപയോഗിക്കാന്‍ കഴിയുംവിധം ശരിയാക്കുകയാണ് തന്റെ ദൗത്യമെന്ന്'' തിയോയെ അദ്ദേഹം അറിയിച്ചു. ന്യൂവെന്നിലെ പ്രൊട്ടസ്റ്റന്റ് വിശ്വാസികളായ അതിസമ്പന്നമായ ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു അവള്‍. ആ മൂന്നുപേരും അവിവാഹിതകളായിരുന്നു.

കൊര്‍ണിലിയ ആഡ്രിയാന വോസ് സ്ട്രിക്കര്‍ മകനോടൊപ്പം
കൊര്‍ണിലിയ ആഡ്രിയാന വോസ് സ്ട്രിക്കര്‍ മകനോടൊപ്പം

വൈദികവൃത്തിയില്‍നിന്ന് വിരമിച്ച അവരുടെ പിതാവ് ന്യൂവെന്നില്‍ അതി ഗംഭീരമായ ഒരു വീട് പണിഞ്ഞിരുന്നു, അവിവാഹിതകളായ തന്റെ മക്കള്‍ക്കുവേണ്ടി. അവരാരും പഠിക്കുകയോ, വീടിനു പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്തിരുന്നില്ല. അങ്ങനെ അന്യപുരുഷന്റെ കാറ്റുപോലുമേല്‍ക്കാതെ വളര്‍ന്നുവന്ന അവരില്‍ മാര്‍ഗററ്റായിരുന്നു സുന്ദരി. ചെറുപ്പം പിന്നിട്ടിരുന്നുവെങ്കിലും അവളില്‍ പ്രസരിച്ചിരുന്ന നിഷ്‌കളങ്കത ആരെയും വശീകരിക്കുന്നതായി. 

കുടുംബവൃത്തത്തിനകത്തുതന്നെ ഒതുങ്ങി ജീവിച്ച അവള്‍ ആകസ്മികമായാണ് വിന്‍സന്റിനെ പരിചയപ്പെട്ടതെങ്കിലും വളരെ വേഗം ആ പരിചയപ്പെടല്‍ പ്രണയമായി പുഷ്പിച്ചു. ഒരു ദിവസം, വിജനമായ വീടിന്റെ മുന്‍വശത്തെ മുറിയിലെ സോഫയില്‍ വിന്‍സന്റുമായി പരിരംഭണം ചെയ്ത നിലയില്‍ മാര്‍ഗററ്റിനെ യാദൃച്ഛികമായി അവിടെ വന്ന ഒരു ബന്ധു കണ്ടതോടെ ആ കുടുംബം കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു. കുടുംബത്തിലെ മുതിര്‍ന്നവരുടെ മുന്‍പിലേക്ക് വിന്‍സന്റിനേയും മാര്‍ഗററ്റിനേയും ഹാജരാക്കി. ചെയ്തുപോയ കൊടിയ കുറ്റത്തിന് അവരെ ശിക്ഷിക്കുകയായിരുന്നു ആ വിചാരണയുടെ ഉദ്ദേശ്യം. അപ്പോള്‍ അവിടെ സന്നിഹിതരായിരുന്നവരോട് വിന്‍സന്റ് പറഞ്ഞു: ''മാര്‍ഗററ്റിനെ എനിക്കിഷ്ടമാണ്. അവളെ ഞാന്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.'' വിചാരണയ്‌ക്കെത്തിയ മുതിര്‍ന്നവര്‍ അത് അനുവദിച്ചില്ല. അപ്പോള്‍ അവര്‍ ഉല്‍ക്കണ്ഠപ്പെട്ടത്, മാര്‍ഗററ്റ് ഗര്‍ഭിണിയായിരിക്കുകയാണെന്നായിരുന്നു. എത്രയും വേഗം ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം വിന്‍സന്റിന്റെ അപേക്ഷകള്‍ നിരസിച്ചുകൊണ്ട് മാര്‍ഗററ്റിനെ അകലെയുള്ള ഒരു ബന്ധുഗൃഹത്തിലെത്തിക്കാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് തിയോയ്ക്ക് വിന്‍സന്റ് ഇങ്ങനെ എഴുതി: ''ഒരു ദിവസം അവളുമായി നടക്കാനിറങ്ങിയതാണ്. പെട്ടെന്നവള്‍ കാലിടറി നിലത്തുവീണു. കഴിഞ്ഞ ദിവസങ്ങളിലെ മാനസിക സംഘര്‍ഷത്തിന്റെ ഫലമായുള്ള ശാരീരികമായ അവശതയായിരിക്കും അതിന് കാരണമെന്ന് ഞാന്‍ ഊഹിച്ചെങ്കിലും പെട്ടെന്ന് അവള്‍ വിവശയായി. സംസാരിക്കാനായില്ല. വാക്കുകള്‍ മുറിഞ്ഞുപോയി. ഞെട്ടിവിറയ്ക്കാനും തുടങ്ങി. പെട്ടെന്ന് എനിക്കു സംശയം തോന്നി, കാരണമാരാഞ്ഞപ്പോഴാണ് ആത്മഹത്യ ചെയ്യാന്‍ വിഷം കഴിച്ചെന്ന് വിമ്മിവിമ്മി മാര്‍ഗററ്റ് വെളിപ്പെടുത്തിയത്.''
ഉടന്‍ തന്നെ ഡോക്ടറുടെ പരിചരണം ലഭ്യമാക്കാനായതുകൊണ്ട് മരണത്തില്‍നിന്ന് മാര്‍ഗററ്റ് രക്ഷപ്പെട്ടെങ്കിലും ആരോഗ്യം വീണ്ടെടുത്തു പഴയ നിലയിലെത്തുന്നതിനു മുന്‍പു തന്നെ അവളെ അവിടെനിന്നും മറ്റൊരിടത്തുള്ള ബന്ധുഗൃഹത്തിലേക്ക് കൊണ്ടുപോയി.

മാര്‍ഗറ്റ് ബെര്‍ഗ്മാന്‍
മാര്‍ഗറ്റ് ബെര്‍ഗ്മാന്‍

ക്രിസ്റ്റീന എന്ന സ്ത്രീ
മറ്റൊരിക്കല്‍ ഗര്‍ഭിണിയായ ക്രിസ്റ്റീനയെ രക്ഷപ്പെടുത്തേണ്ട ആവശ്യം തിയോയെ വിന്‍സന്റ് ഓര്‍മ്മിപ്പിക്കുകയുണ്ടായി. ''കഴിഞ്ഞ ഒന്നുരണ്ടു ആഴ്ചകളായി ശാരീരികമായി ഞാന്‍ പരിക്ഷീണനായിരിക്കുന്നു. രാത്രികാലങ്ങളില്‍ ഉറങ്ങാനാവുന്നില്ല. വിറയലും പനിയും. അതൊന്നും വകവയ്ക്കാതെ ജോലിയില്‍ മുഴുകാനാണ് എന്റെ ശ്രമം. രോഗിയായി വീഴാന്‍ എനിക്ക് അവകാശമില്ല. ക്രിസ്റ്റീനയും അവളുടെ അമ്മയും ചെറിയൊരു വീട്ടിലേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്. ലെയ്ഡനില്‍നിന്നും മടങ്ങിവന്നശേഷം എന്നോടൊപ്പം താമസിക്കാനാണ് അവളുടെ ഉദ്ദേശ്യം. എവിടെപ്പോയാലും എന്നോടൊപ്പം വരാന്‍ അവള്‍ ആഗ്രഹിക്കുന്നു. മാര്‍ച്ചില്‍ ഡോക്ടറെ സന്ദര്‍ശിച്ചപ്പോള്‍ പ്രസവം എപ്പോഴുണ്ടാവുമെന്ന് വ്യക്തമായി ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും ജൂണ്‍ അവസാനത്തോടെ അതുണ്ടാകുമെന്ന് ഇപ്പോള്‍ തീര്‍ച്ചയായിരിക്കുന്നു. അവള്‍ ആരോടൊപ്പമാണ് താമസിച്ചിരുന്നത്, മുന്‍പ് അവളുടെ സ്ഥിതി എന്തായിരുന്നു, അതൊന്നും ഞാന്‍ തിരക്കുന്നില്ല. ഒരു കാര്യത്തില്‍ എനിക്ക് നിശ്ചയമുണ്ട്. വീണ്ടും തെരുവിലിറങ്ങിയാല്‍ അവളുടെ മരണമായിരിക്കും അതിന്റെ ഫലം. ഇക്കഴിഞ്ഞ ശൈത്യകാലത്താണ് ഞാനവളെ കണ്ടുമുട്ടിയത്. എല്ലാ സഹായവും ഞാന്‍ ചെയ്തുകൊടുത്തു. ഇപ്പോള്‍ അവള്‍ ഉന്മേഷവതിയായിരിക്കുന്നു. കുട്ടിക്കുപ്പായവും തുന്നി കാത്തിരിക്കുകയാണ്.'' 

അത്തരം ബന്ധങ്ങള്‍ ഇടയ്ക്കുവെച്ച് മുറിഞ്ഞുപോവുകയോ അലസുകയോ ചെയ്തിരുന്നതിന്റെ ഫലമായി തനിക്കുണ്ടായ മാനസികാഘാതം, പക്ഷേ, വിന്‍സന്റ് ആരെയും അറിയിച്ചില്ല. സഹോദരനായ തിയോയ്ക്കല്ലാതെ ആര്‍ക്കും, അമ്മയും അച്ഛനും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കുപോലും തന്നെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പല കത്തുകളിലും, സങ്കടത്തോടെ വിന്‍സന്റ് വിഷാദിച്ചിട്ടുണ്ട്. ചിത്രമെഴുത്താണ് തന്റെ ഭാഗധേയമെന്ന വിശ്വാസം ഏതു പ്രാതികൂല്യങ്ങളിലും അത് അദ്ദേഹം ഉപേക്ഷിച്ചില്ല. എങ്കിലും അതില്‍ക്കൂടി യാതൊരു വരുമാനവും ഉണ്ടാക്കാനാവാത്തതില്‍  അദ്ദേഹം അതീവ ഖിന്നനായിരുന്നു.

പട്ടിണിക്കിടയിലും
സീന്‍ എന്ന സ്ത്രീയുമായുള്ള ബന്ധത്തെപ്പറ്റി എഴുതുമ്പോള്‍ തിയോയ്ക്കുപോലും പരിചിതമല്ലാത്ത വിന്‍സന്റാണ് ഉരുത്തിരിയുന്നത്. മനുഷ്യത്വത്തിന്റെ അവതാരമായി അദ്ദേഹം മാറുന്നു. യാതൊരു കലവറയുമില്ലാതെ, അദ്ദേഹം തിയോയ്ക്ക് ഇങ്ങനെ എഴുതി: ''ഞാന്‍ അവളോടും അവള്‍ എന്നോടും ശരിയായ അര്‍ത്ഥത്തില്‍ അടുപ്പത്തിലാണ്. കഴിഞ്ഞ കൊല്ലം കീയോടുണ്ടായതുപോലുള്ള സ്‌നേഹം സീനിനോട് എനിക്കില്ലെന്നത് വെറും സത്യം. എന്നാല്‍, എനിക്കു വീണ്ടും സ്‌നേഹിക്കാന്‍ സാധിക്കുമെന്നാണ് അവളോടുള്ള അടുപ്പം കാണിക്കുന്നത്. സന്തോഷം കെട്ട രണ്ടു ജീവിതങ്ങള്‍. അവര്‍ ഒരുമിച്ച് ജീവിതമെന്ന ഭാരം വഹിക്കുന്നു. അങ്ങനെ സന്തോഷമില്ലായ്മ സന്തോഷമായി മാറുന്നു. അസഹനീയമെന്നത് സഹനീയമാകുന്നതുപോലെ. അവളുടെ അമ്മ ചെറിയ ഒരു സ്ത്രീയാണ്. എട്ടു മക്കളെ അവര്‍ പ്രസവിച്ചു. വേലക്കാരിയായി ജോലിചെയ്ത് അവര്‍ കുടുംബത്തെ പരിപാലിച്ചു.

കുടുംബത്തിനു എതിര്‍പ്പാണെങ്കില്‍ സീനിയെ വിവാഹം ചെയ്യണമെന്ന് ഞാന്‍ ശഠിക്കുകയില്ല. അവളോട് വിശ്വാസപൂര്‍വ്വം ഞാന്‍ പെരുമാറും. ഇക്കാര്യത്തില്‍ വലിയ പ്രാധാന്യമാണ് അച്ഛന്‍ നല്‍കുന്നത്. അവളെ ഭാര്യയായി സ്വീകരിക്കുന്നതിനോട് അദ്ദേഹം യോജിക്കുന്നില്ല. അതേസമയം വിവാഹം ചെയ്യാതെ അവളോടൊപ്പം ഞാന്‍ ജീവിക്കുന്നതിനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്യുന്നു. അച്ഛനെപ്പോലുള്ളവര്‍ മുദ്രകുത്തുന്നതിങ്ങനെയാണ്: സ്വന്തം സ്ഥാനവും മാന്യതയും വിസ്മരിക്കലായിരിക്കും അവളെ വിവാഹം ചെയ്യുന്നതു വഴി ചെയ്യുന്നതെന്ന് എല്ലാവരും കരുതും. അതു മാത്രമല്ല, ഞാന്‍ ദരിദ്രനാണെന്നും അച്ഛന്‍ പരിഹസിക്കുന്നു. ശരിയാണത് -എങ്കിലും എന്റെ ജീവിതരീതി ലളിതമാണെന്നതിനാല്‍ ഒരാളിനുള്ള ചെലവു മതി രണ്ടുപേര്‍ക്കു ജീവിക്കാന്‍. 

കാത്തിരിക്കാനാണ് ഇപ്പോള്‍ അച്ഛന്‍ ആവശ്യപ്പെടുന്നത്. മുപ്പതു വയസ്സായി എനിക്ക്. എന്റെ നെറ്റിയില്‍ പ്രായത്തിന്റെ രേഖകള്‍ തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. നാല്‍പ്പതുകാരനെപ്പോലെയാണ് എന്റെ കൈകള്‍. എന്നെ പഠിപ്പിക്കാന്‍ ഒരുപാട് ചെലവാക്കിയെന്ന് അച്ഛന്‍ പരാതിപ്പെടാറുണ്ട്. ഞാന്‍ അദ്ദേഹത്തോട് പണമേ ചോദിച്ചിട്ടില്ല. എനിക്കും സീനിനും പരിമിത ആവശ്യങ്ങളേ ഉള്ളൂ. പെയിന്റിംഗുകള്‍ വില്‍ക്കാന്‍ ഇനിയും എനിക്കു സാധിച്ചിട്ടില്ല. നീ അയച്ചുതരുന്ന നൂറ്റി അന്‍പതു ഫ്രാങ്ക് മാത്രമാണ് എനിക്കുള്ളത്. വീട് വാടകയ്ക്കും ഭക്ഷണത്തിനും ചിത്രം വരയ്ക്കാനുള്ള സാധനങ്ങള്‍ക്കും മാത്രമേ അതുണ്ടാവൂ. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും ഞാന്‍ ആവശ്യപ്പെടുന്നത്. ദരിദ്രയും ദുര്‍ബ്ബലയുമായ അവളുമായി, എന്റെ പട്ടിണിയുമായി ജീവിക്കാന്‍ എന്നെ അനുവദിക്കണം. ദയവു ചെയ്ത്, ഞങ്ങളെ പിരിക്കരുത്.''

സീനിന്റെ സാന്നിധ്യം തനിക്കു മനസ്സമാധാനം പ്രദാനം ചെയ്യുന്നതായി വിന്‍സന്റ് എഴുതി. ''അവളുടെ ശരീരമല്ല ഞാന്‍ ആവശ്യപ്പെട്ടത്. ഒരു കുടുംബത്തിന്റെ സൗഖ്യവും പ്രശാന്തതയും അവളിലൂടെ എനിക്കു കിട്ടുന്നു.'' അവിഹിത ഗര്‍ഭത്തില്‍ അവള്‍ക്ക് ജനിച്ച കുട്ടിയെ സ്വീകരിക്കാന്‍ വിന്‍സന്റിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ആ കൊച്ചു കുടുംബത്തിന് താന്‍ നല്‍കുന്നത് ജീവിതമാണെന്ന് അദ്ദേഹം വിശ്വസിച്ചു. 'ദുഃഖം' എന്ന ശീര്‍ഷകത്തില്‍ വിന്‍സന്റ് വരച്ച സീനിന്റെ പോര്‍ട്രെയിറ്റില്‍ നിരാധാര ആയ ആ സ്ത്രീയോടുള്ള വാത്സല്യവും കരുണയും അദ്ദേഹം രേഖപ്പെടുത്തി.

ഇഷ്ടമുള്ള ഒരു സ്ത്രീയെ സ്‌നേഹപൂര്‍വ്വം വാരിപ്പുണര്‍ന്ന് ജീവിക്കണമെന്ന വിന്‍സന്റിന്റെ ആഗ്രഹം പക്ഷേ, ഒരു സ്വപ്നമായി മാത്രം അവശേഷിച്ചു. പില്‍ക്കാലത്ത് മനസ്സ് കീറിമുറിയാന്‍ കാരണമായ പല ഘടകങ്ങളില്‍ ഈ നിരാശയ്ക്കു വലിയൊരു പങ്കുണ്ടായിരുന്നു. പല കാര്യങ്ങളിലുമെന്ന പോലെ വ്യക്തിയെന്ന നിലയ്ക്കും കരിഞ്ഞു പൊലിഞ്ഞു കൊണ്ടിരുന്ന വിന്‍സന്റിനെ ആരും കണ്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com