വീടുകള്‍ പെണ്‍സര്‍ഗ്ഗവ്യാപാരത്തിന്റെ ജയിലറകളോ?: രാജലക്ഷ്മിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി ഒരു തിരിഞ്ഞുനോട്ടം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ജീവിച്ചിരുന്ന അമേരിക്കന്‍ കവിയായ സാറാ ടീസ്ഡെയിലിന്റെ ആത്മഹത്യാക്കുറിപ്പായി കണക്കാക്കിയിരുന്ന കവിത.
വീടുകള്‍ പെണ്‍സര്‍ഗ്ഗവ്യാപാരത്തിന്റെ ജയിലറകളോ?: രാജലക്ഷ്മിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി ഒരു തിരിഞ്ഞുനോട്ടം

''നിറയെ ഇലകളുള്ള മരങ്ങളെപ്പോലെ 
 ഞാന്‍ ശാന്തയായിരിക്കും,
 മരിച്ചുകിടക്കുന്ന എനിക്കു മുകളില്‍ ഏപ്രില്‍ 
 മാസം വീണു കിടക്കും
 മുടികളെ കാറ്റുവന്ന് ഉലര്‍ത്തിയിടും 
 ഹൃദയം നുറുങ്ങി നീ എന്നിലേക്ക്
 വീണുകിടക്കുന്നുണ്ടാകും
 ഞാനപ്പോള്‍ നിന്നെ ഒട്ടും 
 പരിഗണിക്കുകയേയില്ല''
                -സാറാ ടീസ്ഡെയ്ല്‍

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ജീവിച്ചിരുന്ന അമേരിക്കന്‍ കവിയായ സാറാ ടീസ്ഡെയിലിന്റെ ആത്മഹത്യാക്കുറിപ്പായി കണക്കാക്കിയിരുന്ന കവിത. വ്യക്തിപരമായ ജീവിതത്തില്‍ അവര്‍ തീരെ സന്തോഷവതിയായിരുന്നില്ല. കേവലം നാല്പത്തി ഒന്‍പതാമത്തെ വയസ്സില്‍ അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്തിരുന്ന അവരുടെ കൃതികള്‍ ഇന്നും ഏറെ പ്രസക്തിയുള്ളതും ആഘോഷിക്കപ്പെടുന്നവയുമാണ്. കുട്ടിക്കാലത്ത് വീട് അവര്‍ക്ക് തടവുമുറിപോലെയായിരുന്നു. വീട് ഇപ്പോഴും സര്‍ഗ്ഗാത്മകതയ്ക്ക് തടവുമുറിയാവുന്ന സ്ത്രീകളുണ്ടോ?

പത്തുവര്‍ഷത്തിനുള്ളില്‍ എഴുത്തുജീവിതത്തിന് സ്വയം പൂര്‍ണ്ണവിരാമമിട്ട ഒരു മലയാളി എഴുത്തുകാരി. അവരുടെ വാക്കുകള്‍ക്കു മുകളില്‍ വേനലും വര്‍ഷവും നിലാവും നിഴലും മാറി മാറി ഇപ്പോഴും കടന്നുപോകുന്നു. വാക്കുകള്‍കൊണ്ടാണ് അവര്‍ തനിക്ക് ശവക്കല്ലറ പണിഞ്ഞുവെച്ചത്. 'നമ്മെ ഒട്ടും പരിഗണിക്കാതെ', അവര്‍ അതിനുള്ളില്‍ ഒളിച്ചിരിപ്പുണ്ട്. 2019-ലാണ് അവര്‍ ജീവിച്ചിരുന്നതെങ്കിലോ? തികച്ചും അപ്രസക്തമായ ചോദ്യമെങ്കിലും സ്ത്രീക്ക് അവരുടെ സ്വതന്ത്രാവിഷ്‌കാരത്തിനും ലിംഗസമത്വത്തിലൂന്നിയ വ്യക്തിസ്വാതന്ത്ര്യത്തിനും ഊഷ്മളമായി സ്വയം വിരിഞ്ഞ് വികസിക്കാനുള്ള സമ്പൂര്‍ണ്ണാവകാശം ഇത്രയും വര്‍ഷത്തിനുള്ളില്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോ? സംഘടിതമായും അല്ലാതെയുമുള്ള സ്ത്രീമുന്നേറ്റസമരങ്ങളുടെ ഫലമായി ഏറെ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും എത്രത്തോളം, എന്തുകൊണ്ട് എന്നീ ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

ഭൂമിയുടെ രണ്ടറ്റങ്ങളില്‍, പിടയുന്ന മനസ്സുമായി, അത്രമേല്‍ സ്‌നേഹിച്ച ജീവിതത്തെ മരണത്തിലേക്ക് മുറിച്ചിട്ടുകൊണ്ട് ഒരേ കാലത്ത് രണ്ട് പേര്‍ കടന്നുപോയിട്ടുണ്ട്. 1930 മുതല്‍ 1962 വരെയുള്ള ജീവിതകാലം ഉന്മാദത്തിലും യാഥാര്‍ത്ഥ്യത്തിലും കെട്ടുപിണഞ്ഞുകിടക്കുന്ന മനസ്സുമായി 'ദ ബെല്‍ജാര്‍' എന്ന തന്റെ നോവല്‍ വീടിന്റെ പിന്‍മുറ്റത്ത് തീ കൂട്ടിക്കത്തിച്ചു കളഞ്ഞ 'സില്‍വിയ പ്ലാത്ത്'. 1930 മുതല്‍ 1965 വരെയുള്ള ജീവിതകാലത്ത് ജീവിതത്തോടുള്ള ആസക്തിയും പ്രണയവും നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഇടയ്ക്കുവച്ച് പ്രസിദ്ധീകരണം നിര്‍ത്തിവച്ച സ്വന്തം കൃതി ഒരു ചെറുകുറിപ്പു പോലും അവശേഷിപ്പിക്കാതെ കത്തിച്ചുകളയുന്ന രാജലക്ഷ്മി. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതുമായ രണ്ട് ദുരന്തമരണങ്ങള്‍. അരനൂറ്റാണ്ടുകള്‍ക്കു ശേഷവും എന്തുകൊണ്ടായിരിക്കും ഇവര്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്? സര്‍ഗ്ഗാത്മകതയുടെ കാണാച്ചരടുകള്‍ കൊണ്ട് ഇവര്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് മാത്രമാണോ? അമേരിക്കന്‍ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമൊക്കെയായി ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന സില്‍വിയ, മലയാളത്തിലെ ആദ്യകാല നോവലിസ്റ്റും ചെറുകഥാകാരിയുമായ രാജലക്ഷ്മി. ഒരാള്‍ മുപ്പതാമത്തെ വയസ്സിലും മറ്റൊരാള്‍ മുപ്പത്തിയഞ്ച് വയസ്സെത്തുന്നതിനു മുന്നേയും മരണത്തിന്റെ കറുത്ത ശലഭങ്ങളെ തേടിപ്പോയി. കാരണങ്ങള്‍ക്ക് സമാനതകളുണ്ടോ? ഭൂഗോളത്തില്‍ എവിടെയായാലും സ്ത്രീകള്‍ അസ്വതന്ത്രകളോ?

'കുട്ടിയായിരിക്കുമ്പോള്‍ നല്ല പ്രസരിപ്പും വായാടിയും സന്തോഷം നിറഞ്ഞവളുമായ ഒരു പെണ്‍കുട്ടി', 'നിന്റേത് വക്കീലാവാന്‍ പറ്റിയ നാവുതന്നെ' എന്നു പറയിച്ചിരുന്ന, അടങ്ങാത്ത പ്രസരിപ്പും നിര്‍ത്താതെയുള്ള സംസാരവും കാരണം 'കണ്ണുപറ്റുമെന്ന്' മറ്റുള്ളവര്‍ പറഞ്ഞിരുന്ന പെണ്‍കുട്ടി എപ്പോഴാണ് മൗനത്തിലേക്കിറങ്ങിപ്പോയത്? എന്തുകൊണ്ടാണ് ആത്മഹത്യയിലേക്കെത്തപ്പെട്ടത്? ഉത്തരം 1964-ല്‍ രാജലക്ഷ്മി അവസാനമെഴുതിയ 'ആത്മഹത്യ' എന്ന കഥയിലൂടെ 'നീരജ ചക്രവര്‍ത്തി' എന്ന കഥാപാത്രം വ്യക്തമായി പറയുന്നുണ്ട്. ''ഭീരുവായിട്ടല്ല, ഭീരുത്വം കൊണ്ടല്ല ഒരാള്‍ ആത്മഹത്യ ചെയ്തുപോകുന്നത്.

രാജലക്ഷ്മി
രാജലക്ഷ്മി

അതിലേക്ക് എത്തപ്പെടുന്നതുകൊണ്ട് മാത്രമാണ്'' സ്വയം ഒരാള്‍ അങ്ങനെയെത്തപ്പെടുമോ? ഇല്ലെങ്കില്‍ ആത്മഹത്യയിലേക്ക് ഓരോരുത്തരേയും തള്ളിവിടുന്നതില്‍ ആര്‍ക്കാണ് പങ്ക്? സമൂഹ വ്യവസ്ഥിതിയുടെ അപ്രമേയമായ അധികാരശാലകളിലെ കൊതിയടുക്കുകള്‍ മാത്രമല്ല, അതിന് വിവര്‍ത്തനാതീതമായ മറ്റു പല കാരണങ്ങളും മുന്നോട്ടുവയ്ക്കാനുണ്ടാകും. എന്നാല്‍, എഴുത്തുകാരിയായ, അത്രമേല്‍ പ്രതിഭാധനയായ സ്ത്രീയുടെ മനസ്സിലേക്ക് ആരാണ് ആസിഡ് വലിച്ചെറിഞ്ഞ്, അവളുടെ പാതിവെന്ത മനസ്സിനെ കനലടുക്കിലേക്ക് തള്ളിയിട്ട് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

സില്‍വിയ പ്ലാത്ത്
സില്‍വിയ പ്ലാത്ത്

2003-ല്‍ ക്രിസ്റ്റീന്‍ ഷെഫ് സംവിധാനം ചെയ്ത 'സില്‍വിയ' എന്ന ചിത്രത്തിലൂടെ കടന്നുപോയി 'ടെഡിന്റെ' കവിതകളിലൂടെ ഒന്നൂളിയിട്ടു. അദ്ദേഹമെഴുതിയ ഒരു വാക്യത്തില്‍ മനസ്സുടക്കി. ''അവളുടെ കഴുത്തില്‍ ചുംബിക്കാനൊരുങ്ങുമ്പോള്‍ കവിളില്‍ പല്ലടയാളങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് അവള്‍ ഒരു ഭ്രാന്തചുംബനം നല്‍കി ചോര പൊടിഞ്ഞത്.''
നിലാവിലേക്ക് മുറിഞ്ഞുവീഴാന്‍ പാകത്തില്‍ ആരാണ് രാജലക്ഷ്മിക്ക് അതുപോലൊരു ഭ്രാന്തചുംബനം നല്‍കിയത്? മരണമോ? അതോ ജീവിതം തന്നെയോ?

കെ സരസ്വതിയമ്മ
കെ സരസ്വതിയമ്മ


മനസ്സിനെ വരിഞ്ഞുമുറുക്കുന്ന ഭ്രമാത്മകമായ സര്‍ഗ്ഗശേഷിയുള്ള സ്ത്രീകള്‍ നീണ്ടവരികളായി മുന്നില്‍വന്നു നിന്നു. വെര്‍ജീനിയ, സില്‍വിയ, ആനി സെക്സ്റ്റണ്‍, സാറ ടീസ്ഡെയ്ല്‍, രാജലക്ഷ്മി. പങ്കുവയ്ക്കാത്ത ആത്മനൊമ്പരങ്ങള്‍ പേറി മരണത്തെ വാരിയടുപ്പിച്ച് അതില്‍ മുങ്ങിപ്പോയവര്‍.
സാഹിത്യലോകത്തിലേക്ക് സ്ത്രീകള്‍ വളരെയൊന്നും കടന്നുവരാത്ത ഒരു കാലം, എഴുത്തുകാരികളായ സ്ത്രീകളെ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ഒരു കാലഘട്ടത്തിലാണ് രാജലക്ഷ്മി എഴുതിത്തുടങ്ങുന്നത്.
സ്ത്രീ രചനകളെ വ്യക്തിജീവിതവുമായും ചുറ്റുപാടുകളുമായും കൂട്ടിച്ചേര്‍ത്ത് വായിക്കുകയും അവരെ അപഹസിക്കുകയും ചെയ്യുന്ന കാലത്ത് എഴുത്ത് സ്ത്രീകള്‍ക്ക് സ്വത്വരാഷ്ട്രീയത്തിന്റെ, ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി അംഗീകരിക്കാത്ത കാലത്ത് പുരുഷാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ശക്തമായി എഴുതിത്തെളിഞ്ഞ കെ. സരസ്വതിയമ്മ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തേയും സ്വത്വബോധത്തേയും എഴുത്തിലൂടെ ആദ്യമായി ശക്തിയായി പറഞ്ഞുവച്ച മലയാളി എഴുത്തുകാരിയായിരുന്നു. 'പെണ്ണെഴുതുന്നതെല്ലാം സ്വന്തം അനുഭവമാണെ'ന്ന് കരുതുന്ന നാല്‍പ്പതുകളിലെ കാലഘട്ടമാണ് കെ. സരസ്വതിയമ്മയുടെ എഴുത്തിനെ തളര്‍ത്തിയത്. കുടുംബവും സമൂഹവും അവരുടെ ധീരമായ റൊമാന്റിക് അല്ലാത്ത എഴുത്തിനെ എതിര്‍ത്തപ്പോള്‍ അവര്‍ ഒട്ടും കൂസലില്ലാതെ മുന്നോട്ടുപോയി. 

സരസ്വതിയമ്മയുടെ കഥകള്‍ സമൂഹത്തേയും ആണ്‍കോയ്മയേയും ശക്തമായി വിമര്‍ശിച്ചുകൊണ്ടുള്ള ധീരമായ എഴുത്തായിരുന്നെങ്കില്‍ രാജലക്ഷ്മിയുടെ എഴുത്തില്‍ ഏകാന്തത സ്വയംപീഡനമാക്കിയുള്ള തണുപ്പാര്‍ന്ന ഗതിയായിരുന്നു മുന്നിട്ടുനിന്നത്. പക്ഷേ, പ്രതിഷേധത്തിന്റെ തീവ്രജ്വാല ആ ഏകാന്തതയിലും തീയായ് ഉള്ളില്‍ നില്‍ക്കുന്നത് നമുക്ക് കാണാനാവുന്നുണ്ട്. വാക്കാലുള്ള പ്രതികരണമോ, എഴുത്തുവഴിയുള്ള പ്രതികരണമോ. പ്രതിവിധിയാവില്ലെന്നറിഞ്ഞതുകൊണ്ടാവണം അവര്‍ മരണത്തിലേക്ക് തിരിഞ്ഞുപോയത്.

രാജലക്ഷ്മി 'കുമിള' എന്ന തന്റെ ഗദ്യകവിതയില്‍ മൃത്യുവിനോടായി പറയുന്നുണ്ട്: ''ഒരു കാല്‍ പച്ചഭൂമിയില്‍ / മറുകാല്‍ കത്തുന്ന സൂര്യനില്‍ / എന്റെ ഈ കുനിയാന്‍ കൂട്ടാക്കാത്ത തലയിലും ത്രിവിക്രമാ / അങ്ങയുടെ കാല്‍ വെയ്ക്കൂ'' എന്ന്. 'നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു' എന്ന അവരുടെ മറ്റൊരു കവിതയില്‍: ''ആമയായിരുന്നു ഞാന്‍ / ബാഹ്യലോകത്തില്‍നിന്ന്/ അവയവങ്ങളെ ഉള്ളിലേക്ക് വലിക്കുന്ന ആമ'' - ഒരേ സമയം കുനിയാന്‍ കൂട്ടാക്കാത്ത ശിരസ്സുമായി തലയുയര്‍ത്തി നില്‍ക്കുമ്പോഴും ബാഹ്യലോകത്തില്‍നിന്ന് ഉള്‍വലിഞ്ഞുകൊണ്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന 'ദ്വന്ദ' മനസ്സ് സര്‍ഗ്ഗാത്മക മനസ്സിന്റെ വ്യതിരിക്തഭാവങ്ങളില്‍ ഒന്നാണ്.
''നിങ്ങള്‍ ചെവിയോര്‍ക്കൂ, നിങ്ങള്‍ക്ക് നിങ്ങളുടെ ആത്മാവിനെ കേള്‍ക്കാന്‍ കഴിയും. മറ്റാര്‍ക്കുമതിനാവില്ല'' വിഖ്യാത അമേരിക്കന്‍ കവി 'ആനി സെക്സ്റ്റണ്‍' പറയുന്നുണ്ട്. തനിക്ക് സ്വയം മറ്റുള്ളവരോട് പറഞ്ഞ് പ്രതിഫലിപ്പിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് രാജലക്ഷ്മി മരണത്തിലൂടെ പറഞ്ഞുതീര്‍ത്തത്.

ഇതേ കാലഘട്ടത്തില്‍ത്തന്നെയാണ് മറക്കുടകള്‍ക്കും മൂടുപടത്തിനുള്ളിലും കിടന്ന് നരകിക്കുന്ന നാലുകെട്ടുകള്‍ക്കുള്ളിലെ നമ്പൂതിരിസ്ത്രീ അനുഭവങ്ങള്‍ 'അഗ്‌നിസാക്ഷി' എന്ന നോവല്‍ രൂപത്തില്‍ എഴുതിയ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ജീവിതകാലവും. 1909-ല്‍ ജനിച്ച് 1937-ല്‍ 'ലളിതാഞ്ജലി' എന്ന കവിതാസമാഹാരത്തിലൂടെ എഴുതിത്തുടങ്ങിയ 'ലളിതാംബിക' അന്തര്‍ജ്ജനം, കവിതകള്‍, കഥകള്‍, നോവലുകള്‍, സിനിമ, തിരക്കഥ തുടങ്ങിയ എഴുത്തിന്റെ മിക്ക ഭാവങ്ങളിലൂടെയും തന്റെ ആത്മാവിഷ്‌കാരം ശക്തിയായി തുടര്‍ന്നു. നിറഞ്ഞൊഴുകുന്ന സര്‍ഗ്ഗാത്മകതയെ പിടിച്ചുകെട്ടാനാവാത്ത എഴുത്ത്.

1919-ല്‍ ജനിച്ച് 1938-ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ചുവന്നെങ്കിലും 1942-ലാണ് കെ. സരസ്വതിയമ്മ തുടര്‍ച്ചയായി എഴുതിത്തുടങ്ങിയത്. 1958-ല്‍ എഴുത്തു നിര്‍ത്തുമ്പോള്‍ 12 സമാഹാരങ്ങളിലായി തൊണ്ണൂറോളം കഥകളും 'പ്രേമഭാജനം' എന്ന നോവലെറ്റും 'പുരുഷന്മാരില്ലാത്ത ലോകം' എന്ന ലേഖനസമാഹാരം, 'ദേവദൂതി' എന്ന നാടകവും അവര്‍ എഴുതിക്കഴിഞ്ഞിരുന്നു. 1958-നുശേഷം എന്തുകൊണ്ടാണ്, നീണ്ട 17 വര്‍ഷം അവര്‍ തീരെ എഴുതാതിരുന്നത്? എപ്പോള്‍ മാത്രമാണ് മലയാള എഴുത്തില്‍ സ്ത്രീനോവലുകള്‍ ചര്‍ച്ചാവിഷയമാകുന്നത്? എന്തുകൊണ്ട്? എന്നീ ചോദ്യങ്ങള്‍ അപ്പോള്‍ മുന്നിലേക്ക് വരും. അന്‍പത്തിയെട്ടിനു ശേഷം എന്തുകൊണ്ട് കെ. സരസ്വതിയമ്മ എഴുത്തു നിര്‍ത്തി എഴുത്തില്‍നിന്നും പിന്‍തിരിഞ്ഞു നടന്നുപോയി? എന്തുകൊണ്ട് രാജലക്ഷ്മി ജീവിതം തട്ടിമറിച്ചിട്ട് ഇരുളിലേക്കു നടന്നുപോയി? കാലികസമൂഹം എങ്ങനെയായിരുന്നു എന്ന് സരസ്വതിയമ്മയും രാജലക്ഷ്മിയും തങ്ങളുടെ എഴുത്തിലൂടെ കൃത്യമായി കാണിച്ചുതരുന്നുണ്ട്. കേവലം ഭൗതിക ശരീരത്തിനേല്‍ക്കുന്ന മുറിവിനെക്കാള്‍ എത്രയോ വലുതാണ് തെളിച്ചമില്ലാത്ത ഇരുള്‍ക്കണ്ണുകളും ക്രൗര്യമാര്‍ന്ന വിരലുകളും സമൂഹം മനസ്സിനേല്പിക്കുന്ന മുറിവുകള്‍.


ശക്തിയായൊഴുകിവരുന്ന മലവെള്ളപ്പാച്ചിലില്‍ ഒരേ കാലത്ത് ശക്തിയായി എതിര്‍നീന്തല്‍ നടത്തി മുന്നോട്ടു കയറിപ്പോയവര്‍. അവര്‍ എഴുത്തു നിര്‍ത്തിയാലും തുടര്‍ന്നെഴുതിയാലും മരണത്തിലേക്ക് വഴിമാറിപ്പോയാലും അവരുടെ വാക്കുകളിപ്പോഴും കനലുകളായി ജ്വലിച്ചുകൊണ്ടിരിക്കുന്നു.
ഇരുപതാം വയസ്സില്‍ എഴുതിത്തുടങ്ങിയ സരസ്വതിയമ്മ, സ്ത്രീ സ്വതന്ത്രയായിരിക്കണം എന്ന ചിന്തയില്‍ ആണ്‍കോയ്മകളെ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത സ്ത്രീയായി തന്റെ എഴുത്തില്‍ നിറഞ്ഞുനിന്നു. തന്റെ അഭിപ്രായങ്ങള്‍, വിവാഹത്തെക്കുറിച്ചും കുട്ടികളുണ്ടാകുന്നതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കാമത്തെക്കുറിച്ചുമെല്ലാം അവര്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ ആരെയും ഭയപ്പെടാതെ തുറന്നടിച്ചു. 1940 കാലഘട്ടത്തില്‍ ഒരു സ്ത്രീ, സ്ത്രീകളുടെ അന്തഃസത്തയ്ക്കുവേണ്ടി എഴുത്തിലൂടെ തനിയെ സഞ്ചരിച്ച് പൊരുതുകയായിരുന്നു. സ്ത്രീകളുടെ ജീവിതവും അഭിലാഷങ്ങളും ആനന്ദങ്ങളും തീരുമാനിക്കേണ്ടത് പുരുഷനല്ലെന്നും, സ്വത്വം തിരിച്ചറിയപ്പെടുകയും സമൂഹത്തില്‍ സ്വതന്ത്രമായി ഇടപെടുന്നവരായി, ആരോഗ്യമുള്ള വ്യക്തിത്വത്തിനുടമകളായി ജീവിക്കേണ്ടവരാണ് സ്ത്രീകളെന്നും അവര്‍ എഴുതുകയും അഭിപ്രായപ്പെടുകയും തന്റെ കഥാപാത്രങ്ങളിലൂടെ പറയിക്കുകയും ചെയ്തു. പക്ഷേ, സമൂഹത്തില്‍നിന്നും കിട്ടുന്ന അപഹാസ്യമായ തിരിച്ചടികള്‍ ഏറെ കയ്പു നിറഞ്ഞതായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തില്‍, ഇപ്പോഴും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളികള്‍ അവസാനിക്കുന്നില്ല. അവരെ മൗനികളാക്കിയതാരാണ്, എഴുതാന്‍ തൂലികയെടുക്കാന്‍ സമ്മതിക്കാത്തവരാരാണ്? രാജലക്ഷ്മിയെ ആത്മഹത്യയിലേക്ക് നയിച്ചതാരാണ്? രണ്ടുപേരും അവിവാഹിതകളായി ജീവിതം നയിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്? ഉത്തരങ്ങള്‍ ഏറെക്കുറെ ഒന്നുതന്നെയായിരിക്കും.

ഈ കോണിപ്പടിയിലെവിടെയോ ഒളിച്ചു മറഞ്ഞുനിന്നാണ് 'മണി' എന്ന 'ഒരു വഴിയും കുറേ നിഴലുകളും' എന്ന നോവലിലെ കഥാപാത്രം കോളേജില്‍ മലയാളത്തിനു പുതിയതായി വന്ന മാഷെ മതിയാവോളം നോക്കിനിന്നിരുന്നത്, പ്രണയത്തിന്റെ മാസ്മരശക്തിയില്‍ വീണുപോയത്. ഒരിക്കലും തിരിച്ചു കയറിവരാന്‍ പറ്റില്ലെന്ന് അവസാനം തിരിച്ചറിയുമ്പോള്‍ അവള്‍ കൂട്ടുകാരി ഇന്ദിരയോട് പറയുന്നുണ്ട്: 'സാരമില്ല ഇന്ദിരേ, വിഡ്ഢികള്‍ വേദനിക്കണം' - ഏകാകിതയും വേദനയുമനുഭവിക്കുന്ന കഥാപാത്രങ്ങളാണ് രാജലക്ഷ്മിയുടെ നോവലുകളിലും ചെറുകഥകളിലുമേറെയും. 

''ഞാന്‍ മുട്ടുകുത്താന്‍ വന്നപ്പോള്‍ അങ്ങ് വാതിലടച്ചുകളഞ്ഞു, അല്ലേ?'' പുഷ്‌കിന്റെ ആ സമാഹാരമെവിടെ എന്നു  ചോദിച്ചുകൊണ്ട് പോള്‍ വര്‍ഗ്ഗീസ് വന്നു. ''നീ വീണ്ടും കുഴപ്പമുണ്ടാക്കിയോ പോള്‍?'' അവര്‍ ചോദിച്ചു.
ഹാന്‍ഡ്കര്‍ച്ചീഫിലെ പെണ്‍കുട്ടിയും തെറ്റുകളിലെ ലേഡിഡോക്ടറും ഓപ്പോളും കൃഷ്ണന്‍കുട്ടിയും 'ഉച്ച വെയിലും ഇളം നിലാവും' എന്ന നോവലിലെ ഡോക്ടര്‍ വിമലയും മിനിയും ദേവുവും രതിയും രാജേട്ടനും എല്ലാവരുമെത്തി.

''എന്തിനാണ് ജീവിതത്തില്‍നിന്നും ഒളിച്ചോടിയത്? ഞങ്ങളെയൊക്കെ അനാഥരാക്കിയിട്ട്,'' എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
''ഞാന്‍ ജീവിച്ചിരുന്നാല്‍ വീണ്ടുമെഴുതിപ്പോകും. അത് പലര്‍ക്കും ഉപദ്രവമാകും. ഇനിയതു വേണ്ട'' അവര്‍ പതുക്കെ പറഞ്ഞുകൊണ്ട് ചുണ്ടില്‍ മന്ദഹാസം നിറച്ച് മുന്നോട്ടു നടന്നു. കാറ്റില്‍ മുടിയിഴകള്‍ പാറിപ്പറന്നു. ശുഭ്രമായ വസ്ത്രത്തില്‍ നിന്നാണോ അവരുടെ ഉള്ളില്‍നിന്നാണോ എന്നറിയാതെ അവര്‍ക്കു ചുറ്റും വെളിച്ചം പരക്കുന്നുണ്ടായിരുന്നു. ഏതോ ഭയം മുന്‍പെപ്പോഴോ അവളില്‍ കുടിയേറിയിരുന്നു.

''മൃത്യോ, അങ്ങയില്‍ ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍'' എന്ന് 'കുമിള'യിലെ വരികളെല്ലാം അവള്‍ക്ക് മൃത്യുവിനോടുള്ള അഭിലാഷപ്രകടനമായി കാണാം. വളര്‍ന്ന് യൗവ്വനത്തിലേക്ക് എത്തിനിന്നപ്പോള്‍ ജീവിതം നല്‍കിയ കരിനിഴല്‍പ്പാടുകള്‍, ജ്യേഷ്ഠന്റെ മരണം, ജ്യേഷ്ഠത്തിയുടെ തകര്‍ന്ന വിവാഹജീവിതം എല്ലാം അവളില്‍ മായ്ക്കാത്ത മുറിപ്പാടുകളുണ്ടാക്കിയിരുന്നത്രെ.
''ഏകാകിയായിരിക്കാന്‍ ഒരു കുട്ടിയേയും വിടരുതെന്ന്'' അവര്‍ പറഞ്ഞിരുന്നത് അതുകൊണ്ടായിരിക്കാം.

'മകള്‍' എന്ന നീണ്ട കഥ, 'ഞാനെന്ന ഭാവം', 'ഒരു വഴിയും കുറേ നിഴലുകളും', 'ഉച്ചവെയിലും ഇളം നിലാവും' (അപൂര്‍ണ്ണം) എന്നീ നോവലുകളും ചെറുകഥകളും രണ്ട് കവിതകളും - എഴുത്തുകാരിയെ നോക്കിക്കാണാനുള്ള സ്റ്റെതസ്‌ക്കോപ്പുകളാണ്. കേള്‍ക്കാം അതില്‍ ഹൃദയതാളങ്ങളും ദ്രുതതാളങ്ങളും പിന്നെ നിലയ്ക്കുന്ന താളവും. എല്ലാം പറയുന്നുണ്ടവ.
അര നൂറ്റാണ്ടിലേറെ കാലം മുന്നോട്ടു പോയി. എഴുത്തിലും കാഴ്ചപ്പാടിലും സാങ്കേതികവിദ്യയിലും എല്ലാം മാറ്റത്തിന്റെ കാറ്റുവീശി. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. ''വീടുകള്‍ ജയിലറകളാവുന്നുണ്ടോ, ഇപ്പോഴും പെണ്‍ സര്‍ഗ്ഗവ്യാപാരത്തിന്റെ?''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com