''അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല'' 

പൊക്കം കുറഞ്ഞ് കുടുമകെട്ടിയ ഒരാള്‍. നാല്പതു നാല്പത്തഞ്ചു വയസ്സു പ്രായം കാണും. കുറച്ചു നരയുണ്ട് ചെവിക്കു മുകളില്‍. ഒറ്റ മുണ്ടും തോര്‍ത്തും ആണ് വേഷം. മടിയില്‍ മുറുക്കാന്‍ പൊതി ഉണ്ടാവും.
''അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല'' 

ഴരപ്പതിറ്റാണ്ടില്‍ അധികം പഴക്കം ഉള്ള കാര്യമാണ്. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയിട്ടില്ല. ആശാന്റെ അടുത്ത് നിലത്തെഴുത്തു പഠിക്കുന്ന കാലം. നാല് നാലര വയസ്സുണ്ടാവും. എന്നെ നിലത്തെഴുത്തു പഠിപ്പിച്ചതും കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പഠിപ്പിച്ചതും കുഞ്ഞന്‍പിള്ള ആശാനാണ്.  

പൊക്കം കുറഞ്ഞ് കുടുമകെട്ടിയ ഒരാള്‍. നാല്പതു നാല്പത്തഞ്ചു വയസ്സു പ്രായം കാണും. കുറച്ചു നരയുണ്ട് ചെവിക്കു മുകളില്‍. ഒറ്റ മുണ്ടും തോര്‍ത്തും ആണ് വേഷം. മടിയില്‍ മുറുക്കാന്‍ പൊതി ഉണ്ടാവും. തനി നാട്ടിന്‍പുറത്തുകാരന്‍. കാലത്ത് എട്ടുമണിയാവുമ്പോഴാണ് ആശാന്‍ എത്തുക. അപ്പോഴേക്കും ഞങ്ങള്‍ കുളികഴിഞ്ഞ് തയ്യാറായിട്ടുണ്ടാവണം. പത്തുമണിവരെയാണ് പഠനം. അച്ഛന്റെ തറവാടിന്റെ തെക്കെ ഇറയത്ത് കിഴക്കെ അറ്റത്ത്. ഞങ്ങള്‍ നാലു പേരാണ് പഠിക്കാനുള്ളത്. ഞാന്‍, അച്ഛന്റെ മരുമകന്‍. ഗിരിജന്‍, അയല്‍ക്കാരായ രാമചന്ദ്രന്‍, ആനന്ദം. ആശാന്‍ കാലു കഴുകി ഇറയത്തു കയറി ഒരു തടുക്കുപായില്‍ തൂണു ചാരി ഇരിക്കും. ആനന്ദം ചുവന്ന ചുട്ടി ഉള്ള ഒരു കച്ചമുണ്ടാണ് എന്നും ഉടുക്കുക. എനിക്കും രാമചന്ദ്രനും ചില ദിവസം കോണകം മാത്രമാവും വേഷം. ഗിരിജനും ഉണ്ടാവും ചുട്ടിയുള്ള മുണ്ട്. ആശാന്റെ മുന്നില്‍ നിലത്ത് മണല്‍ചൊരിഞ്ഞ് അതില്‍ ആശാന്‍ പറയുന്ന അക്ഷരങ്ങള്‍ എഴുതും. സ്ലേറ്റ് കേട്ടെഴുത്തിനാണ്. ഒന്‍പതുമണി കഴിഞ്ഞാല്‍ കണക്ക്. കൂട്ടല്‍, കുറക്കല്‍. ഗുണനപട്ടിക കാണാതെ പഠിക്കണം. മാഹാണി, കാല്‍, അര, മുക്കാല്‍ എന്നിവയുടെ ഗുണനപ്പട്ടികകള്‍ കൂടി പഠിക്കണം. ഒരു മാഹാണി മാഹാണി, ഇരു മാഹാണി അരയ്ക്കാല്‍, മുമ്മാഹാണി മുണ്ടാണി, നാന്‍മാഹാളികള്‍ എന്നിങ്ങനെ ചൊല്ലി ചൊല്ലി പതിനഞ്ചു മാഹാണി മുക്കാലേ മുണ്ടാണി, പതിനാറു മാഹാണി ഒന്ന് എന്നവസാനിപ്പിക്കും. ചില ദിവസങ്ങളില്‍ അല്പനേരമേ കണക്ക് പഠിപ്പിക്കൂ. ഒരാളുടെ സ്ലേറ്റില്‍ ആശാന്‍ നാലുവരി കവിത കുറിച്ചു തരും. മറ്റുള്ളവര്‍ പകര്‍ത്തി കാണാതെ പഠിച്ച് രണ്ടു ദിവസം കഴിഞ്ഞ് ചൊല്ലി കേള്‍പ്പിക്കണം. 'ഈ വല്ലിയില്‍നിന്നുചെമ്മേ...' 'പൂക്കുന്നിതാമുല്ല...' 'ദൈവമേ കൈതൊഴാം' തുടങ്ങിയ കവിതകള്‍ അങ്ങനെ പഠിച്ചതാണ്. കുറെ കഴിഞ്ഞാണ് 'മിന്നും പൊന്നിന്‍ കിരീടം തരിവളകടകം...' എന്ന ശ്ലോകം പഠിച്ചത് (ഞാന്‍ പഠിച്ച ആദ്യത്തെ ശ്ലോകം!) എല്ലാവരും അതു മനപ്പാഠമാക്കിയശേഷം ക്ലാസ്സു തുടങ്ങുമ്പോഴോ തീരുമ്പോഴോ ഇടയ്ക്കു വച്ചോ അത് എല്ലാവരും കൂടി ചൊല്ലണം. അക്ഷരം എഴുതുന്നത് പലവട്ടം തെറ്റിയാല്‍ അടികിട്ടും. സംശയം ഉണ്ടെങ്കില്‍ എഴുതില്ല. അപ്പോള്‍ ആശാന്‍ വിരല്‍ പിടിച്ച് എഴുതിക്കും. അടി ഇല്ല. അങ്ങനെ സൗമ്യമായാണ് അഭ്യസനം. 

ചില ദിവസങ്ങളില്‍ ആശാന്‍ ഒരു സഞ്ചിയും ആയിട്ടാണ് വരവ്. അതില്‍ ഞങ്ങള്‍ക്കു തിന്നാനുള എന്തെങ്കിലും ആവും. കൊട്ടത്തേങ്ങയും ശര്‍ക്കരയും, ചെറുപഴം, ഞാവല്‍പ്പഴം, പേരയ്ക്ക, കശുവണ്ടി ചുട്ടുതല്ലിയത്, മാമ്പഴം, ചക്കപ്പഴം അങ്ങനെ എന്തെങ്കിലും. മാമ്പഴവും ചക്കപ്പഴവും ആണെങ്കില്‍ വാസനകൊണ്ട് തിരിച്ചറിയും. ക്ലാസ്സു കഴിഞ്ഞേ തിന്നാന്‍ തരൂ. 
രസകരമായ കാര്യങ്ങള്‍ ഓര്‍ത്തുപോവുന്നു. പഴമോ മാമ്പഴമോ ഒക്കെ കൊണ്ടുവരുന്ന ദിവസം കേട്ടെഴുത്തുണ്ടാവും. പഴം ആണെങ്കില്‍ പൂവന്‍, നേന്ത്രന്‍, കദളി, പാളേങ്കോടന്‍, പടറ്റി, കുടപ്പന്‍ എന്നിങ്ങനെ അഞ്ചെട്ടു വാക്കുകള്‍. മാങ്ങ എങ്കില്‍, പുളിച്ചി, ഉപ്പുമാങ്ങ, അടമാങ്ങ, ചന്ത്രക്കാരന്‍... പലതരം വാഴകളുടെ പേരും പലതരം മാങ്ങളുടെ പേരും ഒക്കെ ഞങ്ങള്‍ പഠിച്ചത് അങ്ങനെയാണ്. നേന്ത്രന്‍, ചന്ത്രക്കാരന്‍, ഉപ്പുമാങ്ങ എന്നൊക്കെ എഴുതുമ്പോള്‍ തെറ്റും. ആശാന്‍ തിരുത്തിത്തരും. അഞ്ചു വാക്ക് ശരിയായാല്‍ അഞ്ചു പഴം, രണ്ടേ ശരിയായുള്ളൂ എങ്കില്‍ രണ്ടു പഴം - അതാണ് കണക്ക്. തെറ്റിനനുസരിച്ച് എണ്ണം കുറയും. അഞ്ചു പഴത്തിനു പകരം മൂന്നെണ്ണമേ കിട്ടിയുള്ളൂ എന്നു വന്നാല്‍ ഒരു ദുഃഖവും തോന്നില്ല. രണ്ടു പഴം തിന്നാല്‍ തന്നെ വയറു നിറയും. എന്നാല്‍ കശുവണ്ടിയോ കൊട്ടത്തേങ്ങക്കൊത്തോ കുറഞ്ഞാല്‍ സങ്കടം വരും! പഠിപ്പിക്കല്‍ അവസാനിച്ചാല്‍ പോകും മുന്‍പ് ആശാന്‍ കുറവു കിട്ടിയവര്‍ക്ക് ബാക്കി കൂടി കൊടുക്കും. രണ്ടു പഴം കിട്ടിയവന് മൂന്നെണ്ണം കൂടി; നാലെണ്ണം കിട്ടിയവന് ഒന്നുകൂടി. പക്ഷേ, അവിടെയും ഉണ്ട് വ്യവസ്ഥ.  അര്‍ഹിക്കാതെ കിട്ടിയത് എല്ലാവര്‍ക്കുമായി പങ്കുവയ്ക്കണം. ശിക്ഷ തെറ്റുതിരുത്തല്‍ കൂടി ആവുന്നതിന്റെ നാടന്‍ രീതി അതായിരുന്നു. 

ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ 'എല്ലാരും പോയി മൂത്രം ഒഴിച്ച് കാലും മുഖവും കഴുകിവരിന്‍' എന്നു കല്പന. ഞങ്ങള്‍ തിരിച്ചെത്തുമ്പോഴേക്കും ആശാന്‍ വിസ്തരിച്ച് മുറുക്കിയിട്ടുണ്ടാവും. ചിലപ്പോള്‍ എല്ലാവര്‍ക്കും ഓരോ തരി ഇരട്ടി മധുരം തരും. എന്തു മധുരം. 
ചില ദിവസങ്ങള്‍ കണക്കു പഠനം വെട്ടിച്ചുരുക്കി കഥ പറയും. പോളയില്‍ തമ്പുരാന് ഈരാറു പന്ത്രണ്ട് ആനകള്‍ ഉണ്ടായിരുന്നതും അതിലൊരാന മദിച്ചു മലകയറി പോയതും ചാത്തുക്കുട്ടി അതിനെ പിടിച്ചുകൊണ്ടുവന്നതും എന്നെ ഹരം പിടിപ്പിച്ചിട്ടുള്ള കഥയാണ്. ഞാന്‍ ആ കഥ ഇപ്പോഴും ഇടയ്ക്ക് സ്വപ്നം കാണാറുണ്ട്. മുയല്‍ സിംഹത്തെ കിണറ്റില്‍ ചാടിച്ചതാണ് മറ്റൊരു കഥ. ആശാന്റെ കഥകളിലൂടെ ആണ് ഞാന്‍ (ഞങ്ങള്‍) ആദ്യമായി മുയലിനേയും സിംഹത്തേയും 'കാണുന്നത്.' കുറുക്കന്‍ രാജാവായ  കഥ ആശാനാണ് പറഞ്ഞതന്നത് (കുറുക്കന്മാര്‍ മന്ത്രിമാരാവുന്ന കഥ ഇപ്പോള്‍ പത്രങ്ങളാണ് പറഞ്ഞുതരുന്നത്- കഥകള്‍ക്കു വല്ലാത്ത സമാനത.)

അവസാനമായി ഞാന്‍ ആശാനെ കണ്ടത് അദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തിക്കാണ്. നാട്ടുകാരാണ് അത് ആഘോഷമാക്കിയത് - എല്ലാ വീട്ടിലും ഉണ്ടായിരുന്നു ആശാന് ശിഷ്യന്മാര്‍. സദ്യയും കൈകൊട്ടിക്കളിയും സമ്മേളനവും. അന്ന് ഞാന്‍ കോളേജില്‍ അദ്ധ്യാപകന്‍ ആയി കഴിഞ്ഞിരുന്നു. വെറ്റിലയും അടക്കയും നാണ്യവും മുണ്ടും ദക്ഷിണയായി അര്‍പ്പിച്ച് ഞാന്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിച്ചു. നിറമിഴികളോടെ എന്റെ തലയില്‍ കൈവച്ച് അദ്ദേഹം അനുഗ്രഹിച്ചു. അല്പം ഇടറിയ സ്വരത്തില്‍ പറഞ്ഞു: ''നന്നായി വരും വിദ്യാദാനമാണ് ഏറ്റവും വലിയ ദാനം. ചിലര്‍ക്കേ അതിനു ഭാഗ്യം ഉണ്ടാവൂ'' (ആശാന്റെ ശിഷ്യന്മാരില്‍ കോളേജ് അദ്ധ്യാപകനായത് ഞാന്‍ മാത്രമാണ്).
ഇന്നും ഒരു ക്ലാസ് സാമാന്യം തൃപ്തികരമായി പഠിപ്പിച്ചു എന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍, എന്റെ മനസ്സില്‍ തിളങ്ങുന്നത് പില്‍ക്കാലത്ത് എന്നെ പഠിപ്പിച്ച മഹാപണ്ഡിതന്മാരായ അദ്ധ്യാപകരുടെ മുഖങ്ങളല്ല, നാട്ടിന്‍പുറത്തെ സാധാരണക്കാരില്‍ സാധാരണക്കാരനായ കുഞ്ഞന്‍പിള്ള ആശാന്റെ മുഖമാണ്. അദ്ധ്യാപനത്തിന് സ്‌നേഹസ്പര്‍ശത്താല്‍ സ്‌നിഗ്ദ്ധത വരുത്തിയ ആശാന്റെ മുഖം. 
''ചിലര്‍ക്കേ അതിനു ഭാഗ്യമുണ്ടാവൂ'' എന്ന് ആശാന്‍ പറഞ്ഞതു സത്യമാണ്. അദ്ധ്യാപനം ഒരു തൊഴിലു മാത്രമല്ല; അതിനപ്പുറം അത് വിശുദ്ധമായ ഒരു പൂജകൂടിയാണ്. 
പില്‍ക്കാലത്തെ ഒരനുഭവം കൂടി അനുബന്ധമായി കുറിക്കട്ടെ. ഞാന്‍ കോളേജില്‍ പഠിപ്പിക്കാന്‍ തുടങ്ങി രണ്ടു മാസം തികയും മുന്‍പാണ് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സെലര്‍ ഡോക്ടര്‍ ജോണ്‍ മത്തായി ഞങ്ങളുടെ കോളേജ് സന്ദര്‍ശിച്ചത്. തീരെ ചെറുപ്പമായിരുന്ന എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിക്കൊണ്ട് ഞങ്ങളുടെ പ്രിന്‍സിപ്പല്‍ പറഞ്ഞു: ''ഇതാണ് ഞങ്ങളുടെ പുതുമുഖം. ഇയാള്‍ ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടുമാസം ആകുന്നതേ ഉള്ളൂ.'' വൈസ് ചാന്‍സെലര്‍ എന്നോടു ചോദിച്ചു: ''എങ്ങനെ, ഈ പണി ഇഷ്ടപ്പെട്ടോ?''
''ഉവ്വ്. വളരെ വളരെ'' ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. അദ്ദേഹം എന്റെ പുറത്തു തട്ടി ചിരിച്ചു. അദ്ദേഹം സൂചിപ്പിച്ചത് ഇന്നെനിക്കു മനസ്സിലാവുന്നു. ''ഈ പണി മറുപണികള്‍ പോലെ അല്ല. ഇത് ഇഷ്ടപ്പെടാത്തവന്‍ ഇതിന് തുനിയരുത്.'' അദ്ദേഹം പറഞ്ഞ വാക്കുകള്‍: ''ട്രൈ ടു ബി എ ഗുഡ് സ്റ്റുഡന്റ്, യു മേ ബിക്കം എ ഗുഡ് ടീച്ചര്‍.''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com