ഇന്ദുലേഖയും അന്നാകരനീനയും പങ്കിടുന്ന സ്ത്രീപക്ഷ ചിന്തയിലെ സമാനതകള്‍

പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യന്‍ നോവലുകളില്‍ കഥാഘടനയ്ക്കപ്പുറത്ത് ആശയചര്‍ച്ചയ്ക്ക് ഒരു അധ്യായം മാറ്റിവയ്ക്കുക പതിവാണ്.
ഇന്ദുലേഖയും അന്നാകരനീനയും പങ്കിടുന്ന സ്ത്രീപക്ഷ ചിന്തയിലെ സമാനതകള്‍

ത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യന്‍ നോവലുകളില്‍ കഥാഘടനയ്ക്കപ്പുറത്ത് ആശയചര്‍ച്ചയ്ക്ക് ഒരു അധ്യായം മാറ്റിവയ്ക്കുക പതിവാണ്. ടോള്‍സ്റ്റോയിയുടെ അന്നാകരനീനയില്‍ അങ്ങനെ ഒരധ്യായമുണ്ട്, രണ്ടാം ഭാഗത്തിലെ 10-ാം അധ്യായം. ലക്ഷണയുക്തമായ ആദ്യ മലയാള നോവലെന്നു ഖ്യാതിനേടിയ ഇന്ദുലേഖയിലുമുണ്ട് ഇത്തരമൊരധ്യായം; 18-ാം അധ്യായത്തിലെ 45 പുറങ്ങള്‍. കഥാഘടനയുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ഈ അധ്യായങ്ങള്‍ കഥാഗാത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റിയാലും പ്രത്യേകിച്ച് കുറവൊന്നും നോവലുകള്‍ക്കു സംഭവിക്കുന്നില്ല. എന്നാല്‍, കഥാപാത്രങ്ങളുടെ മനോഗതിക്ക് അടിത്തറ പാകുന്ന ആശയങ്ങള്‍ പ്രസരിപ്പിക്കുന്നവയാണ്  ഈ അധ്യായങ്ങള്‍.

1876-ലാണ് ടോള്‍സ്റ്റോയിയുടെ അന്നാകരനീന പുറത്തുവരുന്നത്; 1889-ല്‍ ചന്തുമേനോന്റെ ഇന്ദുലേഖയും. സ്ത്രീപുരുഷ ബന്ധത്തിന്റെ വൈചിത്ര്യങ്ങളാണ് രണ്ടു നോവലുകളിലേയും വിഷയം. ഇന്ദുലേഖയില്‍ സ്ത്രീപുരുഷന്മാര്‍ പ്രണയസാഫല്യം നേടി ദാമ്പത്യത്തിനുള്ളിലേയ്ക്കു കടക്കുമ്പോള്‍ ദാമ്പത്യത്തിനു പുറത്ത് പ്രണയത്തിനുവേണ്ടി പോകുകയാണ്. അന്നാകരനീനയിലെ അന്ന എന്ന കഥാപാത്രം. രണ്ടു വാല്യങ്ങളിലായി എട്ടു ഭാഗങ്ങളില്‍ നിരവധി അധ്യായങ്ങളാണ് അന്നാകരനീനയിലുള്ളത്. ഓരോ ഭാഗത്തിലും 30 അധ്യായം വീതം. ഇതില്‍ ആദ്യവാല്യത്തിലെ നാലാം ഭാഗത്തിലെ 10-ാം അധ്യായമാണ് ചന്തുമേനോന്റെ ഇന്ദുലേഖയിലെ 18-ാം അധ്യായത്തിലെന്നപോലെ ചര്‍ച്ചകൊണ്ട് നിറയുന്നത്. നോവലില്‍ അതൊരനാവശ്യ ഘടകമെന്നു തോന്നാമെങ്കിലും കാലത്തിന്റെ ഗതിവിഗതികളോട് നോവലിസ്റ്റ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന, എഴുത്തുകാരന്‍ സ്വയം വെളിവാക്കപ്പെടുന്ന രചനാതന്ത്രമാണത്.

വിവാഹേതര ബന്ധത്തിലേയ്ക്കു കടക്കുന്ന അന്നയെ മുന്‍നിര്‍ത്തി, കുടുംബത്തിനകത്തും പുറത്തും സ്ത്രീയുടെ സാമൂഹിക പദവി ചര്‍ച്ചചെയ്യുന്ന അധ്യായമായി വേണമെങ്കില്‍ ഇതിനെ കണക്കാക്കാം. ഇന്ദുലേഖയില്‍ നായികയുടെ വ്യക്തിത്വം ഇഷ്ടപുരുഷനെ വരിക്കാനുള്ള നിശ്ചയദാര്‍ഢ്യമായി വികസിക്കുമ്പോള്‍ സമൂഹഘടനയുടെ പൊളിച്ചെഴുത്തിനു വഴിവയ്ക്കുന്ന ചര്‍ച്ചയ്ക്ക് ഈ കൃതിയില്‍ പ്രശസ്തിയേറും. രണ്ടു നോവലുകളിലും സ്ത്രീയാണ് കേന്ദ്രബിന്ദു. അവളുടെ ഇച്ഛയ്ക്കൊത്തു ലോകം മാറ്റാനുള്ള ശ്രമത്തിലാണ് ചര്‍ച്ച. വാദങ്ങളും പ്രതിവാദങ്ങളും ഇരു നോവലുകളിലും കാണാം.

ടോള്‍സ്റ്റോയിയുടെ അന്നാകരനീനയുടെ 10-ാം അധ്യായത്തില്‍ വിദ്യാഭ്യാസത്തെപ്പറ്റിയാണ് ആദ്യം സംസാരിച്ചുവരുന്നത്. അന്നയുടെ ഭര്‍ത്താവായ കരനീനാണ് ആദ്യം വിഷയം എടുത്തിടുന്നത്. യഥാര്‍ത്ഥ വിദ്യാഭ്യാസത്തിന്റെ ലക്ഷണത്തില്‍നിന്നാണ് തുടക്കം.
''ശുദ്ധമായ ക്ലാസ്സിക്കല്‍ വിദ്യാഭ്യാസം മാത്രമാണ് ഇപ്പോള്‍ യഥാര്‍ത്ഥ വിദ്യാഭ്യാസമായി പരിഗണിക്കപ്പെടുന്നത്. അതിനെതിരായ വാദമുഖങ്ങളും ശക്തമാണ്.'' ഇപ്രകാരം ഒരു സൂചനയാണ് ടോള്‍സ്റ്റോയി കരനീനയിലൂടെ ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നത്. കരനീനെക്കൂടാതെ പെസ്റ്റസോവ്, കൊസ്നിഷേവ് എന്നിവരാണ് ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുന്നവര്‍. 

ഇന്ദുലേഖയുടെ 18-ാം അധ്യായം ദീര്‍ഘമാണ്. 'ഒരു സംഭാഷണം' എന്ന ശീര്‍ഷകത്തില്‍ ബാബുകേസബചന്ദ്രന്റെ ഉന്നതമായ വെണ്‍മാടമേടയില്‍, ഹിമശുഭ്രദമായ ചന്ദ്രികയില്‍ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദന്‍കുട്ടി മേനോനും കൂടിയാണ് ചര്‍ച്ച ചെയ്യുന്നത്. ഇംഗ്ലീഷ് പഠനത്തിന്റെ ഗുണദോഷ വിചാരണയാണ് ചര്‍ച്ചയില്‍ സവിസ്തരം നടക്കുന്നത്. പിന്നീട് ഈശ്വരനിലേയ്ക്കു തിരിയുന്ന ചര്‍ച്ച വിശ്വാസത്തേയും ഉല്പത്തിയേയും നരവംശ പരിണാമസിദ്ധാന്തങ്ങളേയും പറ്റിയൊക്കെ വിശകലനം ചെയ്യുന്നു.
അന്നാകരനീനയിലാകട്ടെ, മുഖ്യമായും രണ്ട് വിഷയങ്ങളിലൂന്നിയാണ് ചര്‍ച്ച. നോവലിന്റെ കഥാസന്ദര്‍ഭങ്ങളുമായി ബന്ധമില്ലാത്ത ചര്‍ച്ചകളാണ് ഏതാണ്ട് പത്തോളം പുറത്തില്‍ നടക്കുന്നത്. വിദ്യാഭ്യാസം, ധനം, ആണ്‍-പെണ്‍ ബന്ധങ്ങള്‍ തുടങ്ങി ഇന്നും ലോകത്ത് പ്രസക്തമായ വിഷയങ്ങള്‍ അന്നാകരനീനയുടെ നാലാം ഭാഗത്തില്‍ പത്താം അധ്യായം മുതല്‍ ചര്‍ച്ച ചെയ്യുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ കാതലായ വിഷയമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ സൂക്ഷ്മാവലോകനമാണ്, വിശിഷ്യ സ്ത്രീ സ്വാതന്ത്ര്യ സങ്കല്പത്തിലൂന്നിയ ചിന്തയാണ് പരാമര്‍ശ വിഷയം. കുടുംബം സ്ഥാപനവല്‍ക്കരിക്കപ്പെടുമ്പോള്‍ സ്ത്രീയുടെ പങ്ക് അവിടെ നിര്‍ണ്ണായകമാവുകയും പുരുഷമേധാവിത്വത്തിന്റെ അസഹിഷ്ണുത അവളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന കാഴ്ച 19-ാം നൂറ്റാണ്ടിലെ കൃതികളില്‍ കാണാം. 

ടോള്‍സ്റ്റോയി അന്നാകരനീനയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് ലൈംഗിക സ്വാതന്ത്ര്യമായി അടയാളപ്പെടുത്താം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒരു സ്ത്രീ പ്രണയാര്‍പ്പണത്തോടെ ജീവിക്കുന്നത് കുടുംബബന്ധത്തിനേറ്റ കനത്ത ആഘാതമായി സമൂഹം കണ്ടപ്പോഴാണ് വിദ്യാഭ്യാസത്തേയും സ്ത്രീയുടെ പദവിയേയും പറ്റി നോവലിസ്റ്റ് ഒരു തുറന്ന സംവാദത്തിനു തയ്യാറാവുന്നത്. ഇന്ദുലേഖയിലാകട്ടെ, സ്ത്രീ സ്വാതന്ത്ര്യമെന്നതിനെക്കാള്‍ മാനവരാശിയുടെ മതബോധവും ഈശ്വരസങ്കല്പവും ഇതരമതങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചയാണ് നടത്തുന്നത്.
ഇതിന്റെ മറുപുറമാണ് അന്നാകരനീനയിലുള്ളത്.

ഒ ചന്തുമേനോന്‍
ഒ ചന്തുമേനോന്‍

കഥാപാത്രങ്ങളും അഭിപ്രായങ്ങളും
''ആധുനിക വിദ്യാഭ്യാസത്തെക്കാള്‍ മെച്ചപ്പെട്ടതാണ് ക്ലാസ്സിക്കല്‍ വിദ്യാഭ്യാസമെന്നതിനു തെളിവുകളില്ല''' എന്നാണ് കൊസ്നിഷേവിന്റെ അഭിപ്രായം. ഇത് അക്കാലത്തെ ഒരു തര്‍ക്കവിഷയമായിരുന്നു. പ്രകൃതിശാസ്ത്ര വിദ്യാഭ്യാസം വിപ്ലവത്തിനു കാരണമാകുന്നുവെന്നും അതിനു പ്രതിവിധി പരമ്പരാഗത ഗ്രീക്ക്-ലാറ്റിന്‍ വിദ്യാഭ്യാസമാണെന്നും റഷ്യയിലെ വിദ്യാഭ്യാസമന്ത്രിക്ക് അഭിപ്രായമുണ്ടായിരുന്നു. 
വിദ്യാഭ്യാസത്തിലും മനോവികാസത്തിലും പ്രകൃതിശാസ്ത്രം ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന വാദമാണ് പെസ്റ്റിസോവിനുള്ളത്. കരനീന്റെ അഭിപ്രായം ഇതാണ് ''ഭാഷയുടെ വികാസപരിണാമങ്ങളെപ്പറ്റി പഠിക്കുന്നത് ആത്മീയവികാസത്തിനു പ്രയോജനപ്പെടുമെന്നാണ്. അതുപോലെ ക്ലാസ്സിക്കുകള്‍ ധാര്‍മ്മികതലത്തില്‍ സ്വാധീനം ചെലുത്തുന്നത് നിഷേധിക്കാനും കഴിയില്ല. പക്ഷേ, പ്രകൃതിശാസ്ത്ര പഠനം ഇക്കാലത്തെ ആപല്‍ക്കരവും സത്യവിരുദ്ധവുമായ സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.''

ഇപ്രകാരം ഏതുതരം വിദ്യാഭ്യാസമാണ് മികച്ചത് എന്ന് അന്നാകരനീനയില്‍ ടോള്‍സ്റ്റോയി കഥാപാത്രങ്ങളിലൂടെ വിശകലനം ചെയ്യുമ്പോള്‍ ചന്തുമേനോന്‍ ഇന്ദുലേഖയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ അനുകൂലിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, അതിനുള്ള എതിര്‍വാദമായി ഗോവിന്ദപ്പണിക്കരിലൂടെ ചന്തുമേനോന്‍ സംസാരിക്കുന്നത് ഇപ്രകാരമാണ്: ''നിങ്ങളുടെ ഗുരുജനങ്ങളിലും ബന്ധുവര്‍ഗ്ഗങ്ങളിലും നിങ്ങള്‍ക്ക് എല്ലായ്പോഴും ഉണ്ടാകേണ്ടുന്ന ഭക്തി, വിശ്വാസം, സ്‌നേഹം ഇതുകള്‍ നിങ്ങള്‍ക്ക് ക്രമേണ നശിച്ച് കേവലം ഇല്ലാതായി വരുന്നു.''

മാധവന്‍ ചെയ്ത പ്രവൃത്തികളുടെ വെളിച്ചത്തിലാണ് ഈ അഭിപ്രായം. ഒപ്പം ഹൈന്ദവ ആചാരങ്ങളേയും വിശ്വാസങ്ങളേയും ഇംഗ്ലീഷ് വിദ്യാഭ്യാസം തകിടംമറിക്കുന്നു എന്ന വാദവും. എന്നാല്‍, മാധവന്റെ നിലപാട് ഇംഗ്ലീഷുകാര്‍ക്ക് അനുകൂലമാണ്. നിയമജ്ഞത, നിഷ്പക്ഷത, ദയ, ധീരത, ഉത്സാഹം, ക്ഷമ എന്നീ ആറു ഗുണങ്ങളാണ് ഇംഗ്ലീഷുകാരില്‍ മാധവന്‍ കണ്ടെത്തുന്ന മഹത്വം. 

അന്നാകരനീനയില്‍ വ്യത്യസ്ത വാദഗതികള്‍ വരുന്നുണ്ട്. കൊസ്നിഷേവ് പെസ്റ്റസോവിനെ എതിര്‍ത്തുകൊണ്ട് സ്വതസിദ്ധമായ പുഞ്ചിരിയോടെ പറയുന്നത് ഇപ്രകാരമാണ്: ''വ്യത്യസ്തമായ പഠനരീതികളുടെ ഗുണദോഷങ്ങള്‍ കൃത്യമായി വിവേചിച്ചറിയാന്‍ പ്രയാസമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ഏതാണ് കൂടുതല്‍ സ്വീകാര്യമെന്നു ചോദിച്ചാല്‍ ക്ലാസ്സിക്കല്‍ വിദ്യാഭ്യാസത്തിനനുകൂലമായി നിങ്ങള്‍ ഇപ്പോള്‍ സൂചിപ്പിച്ച പ്രയോജനങ്ങള്‍-ധാര്‍മ്മികവും ശൂന്യതാവാദത്തിനെതിരായ സ്വാധീനവും ചൂണ്ടിക്കാണിക്കാം.'' ശൂന്യതാവാദത്തെ മറികടക്കുന്ന വിദ്യാഭ്യാസ രീതിയാണ് അവര്‍ക്ക് ഏവര്‍ക്കും സ്വീകാര്യമായിരുന്നത്.

ഇന്ദുലേഖയുടെ പതിനെട്ടാം അധ്യായത്തില്‍ ആധുനിക വിദ്യാഭ്യാസം മാത്രമല്ല; ഡാര്‍വിന്‍, സോക്രട്ടീസ്, ഹെര്‍ബര്‍ട്ട്, സ്പെന്‍സര്‍, കപിലമഹര്‍ഷിയുടെ സാംഖ്യം, ഭഗവദ്ഗീത, പതഞ്ജലിയുടെ യോഗസൂത്രം, വ്യാസന്റെ ഉത്തരമീമാംസ, ഗൗതമബുദ്ധന്റെ നൈയാമിക സിദ്ധാന്തം, കണാരന്റെ വൈശേഷിക സിദ്ധാന്തം, ഷേക്സ്പിയര്‍, ഹക്‌സ്ലി തുടങ്ങിയ വിഷയങ്ങള്‍ വരെ മാധവനിലൂടെ ചന്തുമേനോന്‍ വായനക്കാര്‍ക്ക് പകരുന്നു. ഹിന്ദുദര്‍ശനത്തിന്റെ ഉല്പത്തി മാത്രമല്ല, കോണ്‍ഗ്രസ്സും ചര്‍ച്ചയില്‍ പ്രധാന വിഷയമാകുന്നുണ്ട്.
''ജാതിമത ധര്‍മ്മങ്ങളും സ്ത്രീകള്‍ക്കു വിദ്യാഭ്യാസമില്ലായ്മയും മറ്റും കോണ്‍ഗ്രസ്സുകാരുടെ അപേക്ഷകളെ നിരാകരിക്കുന്നതിന് കാരണമായി വരാന്‍ പാടില്ല.''

അന്നാകരനീനയില്‍ രണ്ടാമത് അവര്‍ സംസാരിക്കുന്നത് സ്ത്രീകളുടെ വിദ്യാഭ്യാസത്തെപ്പറ്റിയാണ്. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസവും സ്ത്രികളുടെ സാമൂഹികപദവി ഉയര്‍ത്തുക എന്ന പ്രശ്‌നവുമായി കൂട്ടിക്കുഴക്കുമ്പോഴുള്ള വിഷയമാണ് അവര്‍ ചര്‍ച്ചയ്ക്കെടുത്തത്. കരനീനാണ് വിഷയം അവതരിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസമുണ്ടായാല്‍ മാത്രമേ അവരുടെ പദവി ഉയരുകയുള്ളു എന്ന വാദമാണ് കരനീനിന്റേത്. എന്നാല്‍, പെസ്റ്റ്സോവ് പറയുന്നത് ഇപ്രകാരമാണ്:
''അതൊരു ദൂഷിതവലയമാണ്. സ്ത്രീകള്‍ക്കു വിദ്യാഭ്യാസമില്ലാത്തതു കാരണം അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. അവകാശങ്ങളില്ലാത്തതുകൊണ്ട് അവര്‍ക്ക് വിദ്യാഭ്യാസവും ലഭിക്കുന്നില്ല.''
''ക്ലാസ്സിക്കല്‍ വിദ്യാഭ്യാസമെന്ന ഗുളികയ്ക്ക് ശൂന്യതാവാദനിഷേധമെന്ന ഗുണമുള്ളതുകൊണ്ട് നമ്മുടെ രോഗികള്‍ക്ക് അതു ധൈര്യമായി ശുപാര്‍ശ ചെയ്യാം.''

ടോള്‍സ്‌റ്റോയ്
ടോള്‍സ്‌റ്റോയ്

കൊസ്നിഷേവിന്റെ ആ ഗുളികപ്രയോഗത്തിലൂടെ ആ വിഷയത്തിന്റെ ചര്‍ച്ച തീരുകയാണ്. പെസ്റ്റ്സോവ് ബൗദ്ധികമായി സംസാരിക്കുമ്പോള്‍ കൊസ്റ്റിഷേവ് തമാശരൂപത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. 
കഥാപാത്രങ്ങളുടെ വൈചിത്ര്യവും ആശയങ്ങളുടെ സുതാര്യതയും വായനക്കാര്‍ക്ക് ബോധ്യം വരുത്തുന്ന ആഖ്യാനരീതിയാണ് ടോള്‍സ്റ്റോയിയുടേത്. ഒരേ ആശയം വിഭിന്ന ജീവിതാവസ്ഥയിലുള്ളവര്‍ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആവിഷ്‌കരിക്കുമ്പോള്‍ ആശയവ്യക്തത കൈവരികയാണ്. സ്ത്രീകളുടെ അടിമത്തത്തെപ്പറ്റിയുള്ള മറ്റൊരു വാദം ഇതാണ്: 
''വ്യാപകവും ചിരപുരാതനവുമാണ് സ്ത്രീകളുടെ അടിമത്തം. നമ്മില്‍നിന്നും അവരെ അകറ്റി നിര്‍ത്തുന്ന ഈ വിടവ് എത്ര വലുതാണെന്ന് നാം അറിയുന്നില്ല.''

സ്ത്രീവിദ്യാഭ്യാസവും സ്വാതന്ത്ര്യവും
സ്ത്രീ വിദ്യാഭ്യാസം തര്‍ക്കവിഷയമായ കാലത്താണ് ഈ ചര്‍ച്ച നോവലില്‍ നടക്കുന്നത്. ഇന്ദുലേഖയില്‍ മനുഷ്യോല്പത്തി മുതല്‍ 'കോണ്‍ഗ്രസ്സ് സഭ' വരെയുള്ള നെടുങ്കന്‍ ചര്‍ച്ചകള്‍ക്ക് സൂക്ഷ്മതയെക്കാള്‍ സ്ഥൂലതയാണുള്ളത്. അനേകം പുസ്തകങ്ങളും ആശയങ്ങളും കുത്തിനിറച്ചൊരു വിജ്ഞാനവണ്ടിയെപ്പോലെ തോന്നും പതിനെട്ടാം അധ്യായം. എന്നാല്‍, ടോള്‍സ്റ്റോയ് രസകരമായി ആഖ്യാനം ചെയ്യുന്ന പത്താം അധ്യായത്തില്‍ സ്ത്രീയുടെ മുലയൂട്ടല്‍ പ്രക്രിയ പുരുഷന്മാര്‍ക്ക് അസാധ്യമാണെന്ന്  രസനീയ മാതൃകയിലൂടെ വ്യക്തമാക്കുന്നുണ്ട്. 

ജീവിതത്തെ തൊട്ടുനില്‍ക്കുന്ന ആഖ്യാനരീതിയാണ് ടോള്‍സ്റ്റോയിയുടേത്. ചന്തുമേനോന്‍ പതിനെട്ടാം അധ്യായത്തില്‍ ഇംഗ്ലീഷ് രീതികളില്‍ ഊറ്റം കൊള്ളുകയും ബ്രിട്ടീഷ് മാതൃകയോട് ആഭിമുഖ്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് ആരാധന ഇന്ദുലേഖയില്‍ കൂടുതലാണ്, ''ആ ഗുണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത്രയധികം രാജ്യങ്ങള്‍ ഈ ലോകത്തില്‍ സ്വാധീനമാക്കി രക്ഷിച്ചുവരുന്നത്. ഇങ്ങനെ ഉല്‍കൃഷ്ടബുദ്ധികളായ മനുഷ്യരാല്‍ ഭരിക്കപ്പെടുവാന്‍ സംഗതിവരുന്നത് ഇന്ത്യയുടെ ഒരു മഹാഭാഗ്യമാണെന്നുള്ളതിനു സംശയമില്ല.'' ഈ പ്രസ്താവം അധികാരവും ബുദ്ധിയും സമ്മേളിക്കുന്നിടത്തു തോന്നുന്ന ആരാധനാ മനോഭാവമാണ്. പുരോഗമനം ബ്രിട്ടീഷ് ചിട്ടയില്‍ മാത്രമാണുള്ളതെന്ന പരോക്ഷഭാവവും ഇന്ദുലേഖ എന്ന നോവല്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, സ്ത്രീ സ്വാതന്ത്ര്യത്തിലേക്ക് സൂക്ഷ്മമായി നോക്കുകയാണ് ടോള്‍സ്റ്റോയി. ഭരണ കാര്യങ്ങളില്‍ ആധുനിക സ്ത്രീക്കുള്ള നൈപുണിയെപ്പറ്റിയും ഇതില്‍ സൂചനയുണ്ട്; ''അവകാശങ്ങള്‍ എന്നു പറയുമ്പോള്‍ ജൂറിയിലും കൗണ്‍സിലിലും അംഗമാകാം. തദ്ദേശസ്ഥാപനങ്ങളുടെ പ്രസിഡന്റാകാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാര്‍ലമെന്റ് അംഗങ്ങളുമാകാനുമുള്ള അവകാശങ്ങളാണല്ലോ.'' കൊസ്നിഷോവിന്റെ ചോദ്യം അങ്ങനെയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളേയും കടമകളേയും പറ്റിയുള്ള സൂക്ഷ്മ ചര്‍ച്ചകളും അന്നാകരനീനയിലുണ്ട്.

''അപൂര്‍വ്വം ചില അവസരങ്ങളില്‍ സ്ത്രീകള്‍ക്ക് ഈ പദവി സഹിക്കാന്‍ കഴിയുമെങ്കിലും അതിനെ 'അവകാശ'മെന്നു പറയാനാവില്ല. 'കടമകള്‍' എന്നു പറയുന്നതാവും കൂടുതല്‍ ശരി. പല മേഖലകളില്‍ സ്ത്രീകള്‍ എത്തപ്പെടുന്നത് കടമ നിറവേറ്റാനുള്ള അവസരം തേടലാണ്. സമൂഹത്തിനുവേണ്ടിയുള്ള പുരുഷന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ള ഈ മനോഭാവത്തെ നാം അനുഭാവത്തോടെയാണ് കാണേണ്ടത്'' എന്നാണ് കൊസ്സിഷോവിന്റെ വാദം. ഇത് കരനീന്‍ ശരിവയ്ക്കുന്നു. എന്നാല്‍, പുരുഷപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് കരനീന്‍ ഒരു സന്ദേഹം ഉന്നയിക്കുന്നുണ്ട്. ''ഈ കടമകള്‍ നിറവേറ്റാനുള്ള കഴിവ് അവള്‍ക്കുണ്ടോ എന്നതാണ് പ്രശ്‌നം.''

അവള്‍ക്കു കൂടുതല്‍ വിദ്യാഭ്യാസം നല്‍കിയാല്‍ അതിന് അവര്‍ പ്രാപ്തരാകും എന്ന വാദത്തില്‍ ഒബ്ലോന്‍സ്‌കി ഉറച്ചുനില്‍ക്കുന്നു. അക്കൂട്ടത്തില്‍ ഒരു പിന്തിരിപ്പന്‍ അഭിപ്രായം വയസ്സന്‍ പ്രിന്‍സ് പറയുന്നുണ്ട്: ''എന്റെ പെണ്‍മക്കള്‍ പിണങ്ങില്ലെങ്കില്‍ ഞാനൊരു സത്യം പറയാം. ഒരു പഴഞ്ചൊല്ലുണ്ട്, 'പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന്'.''
പെസ്റ്റ്സോവ് ദേഷ്യം കൊണ്ട് പറയുന്നു: ''പണ്ട് നീഗ്രോകളെക്കുറിച്ചും ഇതുതന്നെയാണ് പറഞ്ഞത്.'' ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗത്തെപ്പറ്റി, സ്ത്രീകളെപ്പറ്റിയുള്ള സാഹിത്യത്തില്‍ നടത്തുന്ന ആദ്യത്തെ ചോദ്യം ചെയ്യലാണ് ടോള്‍സ്റ്റോയ് പെസ്റ്റ്സോവിലൂടെ നടത്തുന്നത്.
പുരുഷന്മാര്‍ സ്വന്തം ചുമതലകളില്‍നിന്ന് ഒഴിവാകാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ പുതിയ ചുമതലകളേറ്റെടുക്കാന്‍ മുന്നോട്ടു വരുന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന്  കൊസ്നിഷോവ് പറയുന്നു. ചുമതലകള്‍, അവകാശങ്ങള്‍, അധികാരം, പണം, ബഹുമതികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ത്രീയുടെ ആകര്‍ഷണം എന്നൊരു വാദം പെസ്റ്റ്സോവ് തട്ടിവിടുന്നുണ്ട്. മുലയൂട്ടല്‍ പ്രശ്‌നം അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ചിബിസോവ് എന്ന നര്‍ത്തകിയുടെ പ്രശ്‌നം ഒബ്ലോവ്സ്‌കി ചര്‍ച്ചയ്ക്കു വിധേയമാക്കുന്നു. ''സ്വന്തമായൊരു വീടില്ലാത്ത പെണ്‍കുട്ടിയുടെ ഗതിയെന്താവും'', ഒബ്ലോവ്സ്‌കിയാണ് ആ വിഷയം എടുത്തിടുന്നത്.

''ആ പെണ്‍കുട്ടിയുടെ കഥ സൂക്ഷ്മമായി പരിശോധിക്കുന്ന പക്ഷം ഒരു സ്ത്രീയുടെ ജോലി ചെയ്തു ജീവിക്കാന്‍ മടിച്ച് സ്വന്തം കുടുംബത്തെയോ സഹോദരിയുടെ കുടുംബത്തെയോ ഉപേക്ഷിച്ചു പോന്നതാണവളെന്നു നിനക്കു ബോധ്യമാകും'' - ഡോളി എന്ന സ്ത്രീ രോഷത്തോടെയാണതു പറഞ്ഞത്. ഒടുവില്‍ ആ ചര്‍ച്ച സമാപിക്കുന്നത് ഇപ്രകാരമാണ്: ''സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവുമാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. ഇതു രണ്ടും അവര്‍ക്കില്ലെന്ന ബോധ്യം അവരെ അലട്ടിക്കൊണ്ടിരിക്കുന്നു. 
കിറ്റിയും ലെവിനും ഒഴിച്ച് എല്ലാവരും ആ സംഭാഷണത്തില്‍ പങ്കുചേരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റിയും അവരുടെ വിദ്യാഭ്യാസത്തെപ്പറ്റിയും പറയാന്‍ ഓരോരോ കാര്യങ്ങളും കാരണങ്ങളുമുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് രാഷ്ട്രനിര്‍മ്മാണം അവര്‍ വിഷയമാക്കുന്നത്. ഒരു രാഷ്ട്രം മറ്റൊന്നിന്റെ സ്വാധീനത്തിലാകുന്നതിനെപ്പറ്റി പതിനൊന്നാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നു.

ഇന്ദുലേഖയില്‍ താത്ത്വിക ചര്‍ച്ചകളും യുക്തിപൂര്‍വ്വമുള്ള സമര്‍ത്ഥനങ്ങളും നടത്തുമ്പോള്‍ അന്നാകരനീനയില്‍ സ്ത്രീയുടെ മുലയൂട്ടല്‍ വരെ ചര്‍ച്ചാവിഷയമാകുന്നു. വരണ്ട ചര്‍ച്ചകള്‍ക്കിടയില്‍ നര്‍മ്മം വിതറി പ്രിന്‍സ് എന്ന കഥാപാത്രവുമുണ്ട്. ഒരിക്കല്‍ അയാള്‍ മുലയൂട്ടാന്‍ ശമിച്ചതും സ്ത്രീകള്‍ക്കു മാത്രം കഴിയുന്ന പ്രതിഭാസത്തിലേയ്ക്ക് അഭിമാനപൂര്‍വ്വം കൊടി ഉയര്‍ത്തിയതും അന്നാകരനീനയില്‍ രസനീയമായ ചര്‍ച്ചയ്ക്കു വഴിതെളിക്കുന്നു.
ഇന്ദുലേഖയുടെ പതിനെട്ടാം അധ്യായം പ്രബന്ധസ്വഭാവം ഉള്‍ക്കൊള്ളുന്നതാണെങ്കില്‍ അന്നാകരനീനയുടെ പത്താം അധ്യായത്തിലൂടെ സംഘര്‍ഷഭരിതമായ ഒരു സ്വാതന്ത്ര്യ സങ്കല്പത്തിന്റെ വാതിലുകള്‍ ടോള്‍സ്റ്റോയി തുറന്നിടുകയാണ്. സ്ത്രീയെ കെട്ടിപ്പിണഞ്ഞുകിടക്കുന്ന സമൂഹനീതിയുടെ നേര്‍ക്കാണ് ചര്‍ച്ചകളെല്ലാം ചെന്നെത്തുന്നത്. പുരുഷകേന്ദ്രിത സമൂഹത്തിന്റെ നേര്‍ക്ക് ടോള്‍സ്റ്റോയി വിരല്‍ചൂണ്ടുമ്പോള്‍ ചന്ദുമേനോന്‍ ആ വിഷയത്തെപ്പറ്റി മൗനം പാലിക്കുകയാണ്. മറിച്ച് പൗരമതബോധത്തേയും കോണ്‍ഗ്രസ്സ് സഭയേയും പരാമര്‍ശിക്കാന്‍ ഉത്സാഹം കാട്ടുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലെ മറ്റു നോവലുകളില്‍ ഇത്തരം ചര്‍ച്ചകള്‍ കടന്നു വരുന്നുണ്ടെങ്കിലും 18-ാം അധ്യായം തീര്‍ക്കാന്‍ ചന്തുമേനോനു പ്രേരണയായത് അന്നാകരനീനയാകാം.

ഒബ്ലോവ്സ്‌കിയുടെ വീട്ടിലാണ് ആ പരിപാടി നടക്കുന്നത്. കൊസ്നിഷേവ്, കരനീന്‍, പെസ്റ്റ്സോവ് എന്നിവര്‍ ആദ്യമേ ചര്‍ച്ച തുടങ്ങുകയാണ്. പോളണ്ടിനെ റഷ്യയില്‍ ലയിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച പെട്ടെന്നു നിര്‍ത്തി. റഷ്യന്‍ ഭരണകൂടത്തിന്റെ മൂല്യാധിഷ്ഠിത നടപടിയിലൂടെ വേണം ലയനം സാധ്യമാക്കാന്‍ എന്ന പക്ഷത്ത് പെസ്റ്റ്സോവ് നിലയുറപ്പിക്കുന്നു. കൂടുതല്‍ ജനസംഖ്യയുള്ള ഒരു രാജ്യത്തില്‍ ജനസംഖ്യ കുറഞ്ഞ രാജ്യത്തെ ലയിപ്പിക്കണമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. രണ്ട് വാദഗതികളേയും യോജിപ്പിച്ചുകൊണ്ട് കൊസ്നിഷേവ് പുതിയൊരഭിപ്രായമാണ് പറയുന്നത്, ''കഴിയുന്നിടത്തോളം കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുകയെന്നതാണ്  ഇതിനുള്ള ഒരേയൊരു പോംവഴി.''

ഒന്‍പതാം അധ്യായത്തില്‍ തുടങ്ങുന്ന ബൗദ്ധിക ചര്‍ച്ച പത്താം അധ്യായത്തില്‍ പ്രസക്ത വിഷയങ്ങളിലേയ്ക്കു കടക്കുന്നു. ഇന്ദുലേഖയുടെ പതിനെട്ടാം അധ്യായത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഇന്ദുലേഖയ്ക്ക് 13 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ അന്നാകരനീനയില്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞിരുന്നു. ടോള്‍സ്റ്റോയിയുടെ ആഖ്യാനരീതി കടംകൊണ്ടിട്ടാവാം നോവലിന്റെ ജൈവഘടനയില്‍നിന്ന് മാറിനില്‍ക്കുന്ന 18-ാം അധ്യായം ഇന്ദുലേഖയില്‍ ചന്തുമേനോന്‍ എഴുതിയത്. നോവലിന്റെ പശ്ചാത്തലമായ ആശയതലം വേറിട്ടൊരധ്യായത്തില്‍ സവിസ്തര ചര്‍ച്ചയിലൂടെ വിശകലനവിധേയമാക്കുന്ന തന്ത്രം ഒരടിത്തറപോലെയാണ് രണ്ടു നോവലിസ്റ്റുകളും സ്വീകരിച്ചിരിക്കുന്നത്.
സ്ത്രീപുരുഷ ബന്ധത്തിന് പുതുഭാഷ്യങ്ങള്‍ ചമച്ചു തുടങ്ങിയ കാലത്ത് എഴുതിയ നോവലുകളാണ് അന്നാകരനീനയും ഇന്ദുലേഖയും. ഇന്ദുലേഖയെക്കാള്‍ ഒരുപടികൂടി കടന്ന് അന്ന, സ്‌നേഹശീലനും മാന്യനുമായ കരനീന്‍ എന്ന ഭര്‍ത്താവിനെ ഉപേക്ഷിച്ച് പ്രണയാതുരനായ വ്രോണ്‍സ്‌കിയോടൊപ്പം സ്‌നേഹം പങ്കുവയ്ക്കുന്ന അവസ്ഥയെ ലോകമാകമാനം ഉല്‍ക്കണ്ഠയോടെയാണ് നോക്കിക്കണ്ടത്. സ്ത്രീയുടെ പ്രണയാഭിനിവേശം ഭര്‍ത്താവിനപ്പുറം ഒരു പുരുഷനിലേക്കു ചാലുകീറാന്‍ ഒരുങ്ങുന്ന 'പിഴ'വിന് ഇന്നു സാധൂകരണം നിയമത്തിന്റെ വഴിക്കും ലഭ്യമായിരിക്കുന്നു. വിവാഹേതര ബന്ധങ്ങള്‍ നിയമവഴിയും അംഗീകരിച്ചിരിക്കുന്നു. അതോടൊപ്പം സ്ത്രീയുടെ പദവിയെ സംബന്ധിച്ചുള്ള നിയമനിര്‍മ്മാണങ്ങളും ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. 
സ്ത്രീയുടെ പ്രശ്‌നങ്ങളെപ്പറ്റി ഗൗരവതരമായ ചര്‍ച്ചകള്‍ക്കു വഴിതുറന്ന രണ്ടു നോവലുകള്‍ പുറത്തിറങ്ങിയിട്ട് ഒന്നര പതിറ്റാണ്ടോളമായി. അവയിലൊന്ന് വിവാഹേതര ബന്ധങ്ങളിലേയ്ക്കു ചായുന്ന സ്ത്രീയുടെ സ്വാതന്ത്ര്യവാഞ്ഛ പ്രമേയവല്‍ക്കരിക്കുമ്പോള്‍ മറ്റൊന്ന് മാമൂലുകളില്‍നിന്ന് ധൈര്യപൂര്‍വ്വം കുതറിമാറി ഇഷ്ടപുരുഷനെ വരിക്കുന്ന സ്ത്രീകാമന വിഷയമാക്കുന്നു. രണ്ടും സമകാല സാഹചര്യത്തില്‍ ഏറെ പ്രസക്തമായ വിഷയങ്ങള്‍. അതിനു വഴിയൊരുക്കുന്ന ചര്‍ച്ചകളുടെ തുടക്കമായിരുന്നു നോവലിനോടു ചേര്‍ന്ന്, എന്നാല്‍, ചേരാതെ നില്‍ക്കുന്ന അധ്യായങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com