'കാവേരിയോടൊപ്പം എന്റെ യാത്രകള്‍' എന്ന പുസ്തകത്തെക്കുറിച്ച് ഗ്രേസി

ദക്ഷിണേന്ത്യയിലെ രാജവംശങ്ങളുടെ ഉദയാസ്തമയങ്ങള്‍ വിശദമായിത്തന്നെ ഒ.കെ. ജോണി രേഖപ്പെടുത്തുന്നുണ്ട്.
'കാവേരിയോടൊപ്പം എന്റെ യാത്രകള്‍' എന്ന പുസ്തകത്തെക്കുറിച്ച് ഗ്രേസി

ന്ത്യന്‍ ജനതയ്ക്ക് ചരിത്രബോധമില്ലെന്നൊരു ആരോപണം പണ്ടേയുണ്ട്. അതു പക്ഷേ, നമ്മുടെ അക്കാദമിക് ചരിത്രകാരന്മാരുടെ പിഴവുകൊണ്ടു കൂടിയാണ് എന്നത്രെ ഒ.കെ. ജോണിയുടെ വിശ്വാസം. ഈ ചരിത്രജീവികള്‍ വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാന്‍ വിമുഖരാവുകയോ കണ്ടെത്തിയ തെളിവുകള്‍ ചരിത്രത്തോട് നീതിപുലര്‍ത്തും വിധം അപഗ്രഥിക്കാന്‍ തയ്യാറാവാതിരിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് കാവേരിയോടൊപ്പം യാത്രചെയ്തപ്പോള്‍ ഒ.കെ. ജോണി കണ്ടെത്തിയത്. സഞ്ചാരത്തിലൂടെ ചരിത്രത്തിലേക്കെത്തുകയും തുടര്‍ന്ന് ചരിത്രത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന രീതിയാണ് ഈ പുസ്തക രചനയില്‍ അവലംബിച്ചിരിക്കുന്നത്. അത് അക്കാദമിക് ചരിത്രകാരന്മാരുടെ ശ്രദ്ധ ക്ഷണിക്കുക തന്നെ ചെയ്യും. 

കാവേരി ഗുണ്ടിക എന്നറിയപ്പെടുന്ന ഉറവയാണ് കാവേരിയുടെ ആദ്യ സ്രോതസ്സെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍, ഈ ഉറവയല്ല, തലക്കാവേരിയിലെ പുരാതന ക്ഷേത്രത്തിനും പിന്നിലായി കുറച്ചകലെയാണ് യഥാര്‍ത്ഥത്തില്‍ കാവേരിയുടെ ഉദ്ഭവസ്ഥാനം. ഒക്ടോബര്‍ മാസത്തിലെ തുലാസംക്രമണനാളില്‍ കാവേരി ഗുണ്ടികയിലേക്ക് ഗംഗാപ്രവാഹമുണ്ടാകുമെന്ന് കരുതുന്നതിനാല്‍ അന്നാണ് പതിനായിരക്കണക്കിനു ഭക്തര്‍ ഈ പുണ്യതീര്‍ത്ഥം പാത്രങ്ങളില്‍ ശേഖരിക്കാനും കാവേരീപൂജയ്ക്കും തലക്കാവേരിയിലെത്തുക. തീര്‍ത്തും ആഹ്ലാദകരമായ ഈ അനുഷ്ഠാനങ്ങളിലെ ഒരേയൊരു സങ്കടക്കാഴ്ച വഴിയിലുടനീളം ഭിക്ഷാപാത്രവുമായിരിക്കുന്ന അഗതികള്‍ക്കും ഭിക്ഷുക്കള്‍ക്കും നാണയത്തുട്ടുകള്‍ നല്‍കി നഗ്‌നപാദരായി മലകയറിപ്പോകുന്ന കാവിച്ചുവപ്പുടുത്ത, വിഷാദമുഖികളായ, ദരിദ്ര വിധവകളുടെ ചെറുസംഘങ്ങളത്രെ. ഈ കാഴ്ചയുടെ തുടര്‍ച്ചയെന്നോണം മാസ്തിക്കല്ലുകളെ അഥവാ സതിക്കല്ലുകളെ തിരഞ്ഞുപോകുന്ന ഗ്രന്ഥകാരന്‍ നടുക്കുന്ന ചില സത്യങ്ങള്‍ കണ്ടെത്തുന്നുണ്ട്. എടത്തൊറെ എന്ന പുരാതന കര്‍ഷകഗ്രാമത്തിന്റെ ദേശാടയാളമായ അര്‍ക്കേശസ്വാമി ക്ഷേത്രത്തില്‍നിന്നുള്ള മടക്കയാത്രയിലാണ് കുത്തിനിര്‍ത്തിയ ഒരു ശിലാപാളി ഗ്രന്ഥകാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റനോട്ടത്തില്‍ നാഴികക്കല്ലാണെന്ന് തോന്നിയെങ്കിലും ചികഞ്ഞുനോക്കിയപ്പോഴാണ് അതൊരു മാസ്തിക്കല്ലാണെന്ന് മനസ്സിലായത്. കാവേരിയുടെ ആദ്യത്തെ പ്രധാന പോഷകനദിയായ കബനിയുടെ തീരഗ്രാമങ്ങള്‍ മുതല്‍ കാവേരി കടലില്‍ ചേരുന്ന പൂംപുഹാര്‍ എന്ന പുരാതന തുറമുഖം വരേയും സതി വ്യാപകമായിരുന്നു എന്നതിന്റെ തെളിവായി ആയിരക്കണക്കിനു മാസ്തിക്കല്ലുകള്‍ ഗ്രന്ഥകാരന്‍ കാണുകയുണ്ടായി. ആ കല്ലുകളിലൊന്നും ഹതഭാഗ്യകളായ വിധവകളുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഏതോ നൂറ്റാണ്ടില്‍ ആര്‍ക്കോവേണ്ടി ബലിയര്‍പ്പിക്കപ്പെട്ട നിസ്സഹായരായ സ്ത്രീകളുടെ നിശ്ശബ്ദ മന്ത്രണങ്ങളും നിലവിളികളും കാലം പാഴ്ശിലയാക്കി മാറ്റിയ മാസ്തിക്കല്ലുകളിലുറഞ്ഞു കിടക്കുന്നത് അസാധാരണമായ മിഴിവോടെയാണ് ഗ്രന്ഥകാരന്‍ പകര്‍ത്തുന്നത്. കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും കൃഷിയിടങ്ങളിലും ക്ഷേത്രോപാന്തങ്ങളിലും വിജനപ്രകൃതിയിലും വനാന്തരങ്ങളിലും എന്നുവേണ്ട അപ്രതീക്ഷിതമായ ഇടങ്ങളില്‍പ്പോലും ചിതറിക്കിടക്കുന്ന ആയിരക്കണക്കിനു മാസ്തിക്കല്ലുകള്‍ നിഷ്ഫലവും ക്രൂരവുമായ അനുഷ്ഠാനത്തിന്റെ ദുരന്തസ്മാരകങ്ങളായി നിലകൊള്ളുന്നു. സതിയനുഷ്ഠാനത്തെ ആദര്‍ശവല്‍ക്കരിക്കുന്ന ചടങ്ങുകളും അടയാളങ്ങളും പാടില്ലെന്ന നിയമം നിലവിലുണ്ടെങ്കിലും മാസ്തിക്കല്ലുകളെ മാസ്തമ്മ എന്ന മൂര്‍ത്തിയായി സങ്കല്പിച്ചു പൂജിക്കുന്ന പതിവ് ഗ്രാമങ്ങളിലുണ്ടെന്ന അറിവ് ഹൃദയാലുക്കളില്‍ നടുക്കമുണ്ടാക്കും. 

സതി; ചില സൂചനകള്‍
ബി.സി. നാലാം നൂറ്റാണ്ടില്‍ പഞ്ചാബിലെത്തിയ അലക്സാണ്ടറുടെ സൈന്യത്തിന്റെ രേഖയിലാണ് ഇന്ത്യയിലെ സതിയെക്കുറിച്ചുള്ള ആദ്യ സൂചന. വര്‍ണ്ണവ്യവസ്ഥയിലെ ഉന്നതകുലജാതര്‍ക്കിടയില്‍ മാത്രമായിരുന്നില്ല സതി നിലവിലുണ്ടായിരുന്നതെന്നു വ്യക്തമാക്കുന്ന ഒരപൂര്‍വ്വ സ്മാരകശിലയെക്കുറിച്ചു ഗ്രന്ഥകാരന്‍ വിസ്മരിക്കുന്നുണ്ട്. ദെക്കബ്ബെ എന്ന സ്ത്രീക്കുവേണ്ടി അവളുടെ പിതാവ് പ്രതിഷ്ഠിച്ച ഈ മാസ്തിക്കല്ലിന് ഇന്ത്യയില്‍ത്തന്നെ പൂര്‍വ്വമാതൃകകളോ പില്‍ക്കാല അനുകരണങ്ങളോ ഇല്ലെന്നും അദ്ദേഹം കരുതുന്നു. ദക്ഷിണേന്ത്യന്‍ ആര്‍ക്കിയോളജിയുടേയും പുരാലിഖിത പഠനത്തിന്റേയും ഉപജ്ഞാതാവായ ബഞ്ചമിന്‍ ലെവിസ് റൈസ് (1837  1927) എഡിറ്റ് ചെയ്ത എപ്പിഗ്രാഫിയ കര്‍ണ്ണാട്ടിക്കയുടെ (1898) നാലാം വോള്യത്തിലാണ് ദെക്കബ്ബെ മാസ്തിക്കല്ലിനെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം. സംഘകാല കവയിത്രികളില്‍ ശ്രദ്ധേയയായ പെരുങ്കോ പെണ്ടു എഴുതിയ പുറനാനൂറിലെ കവിതയില്‍ വിധവകള്‍ ആചരിക്കേണ്ട കഠിന നിഷ്ഠകളെക്കുറിച്ച് പറയുന്നുണ്ട്. അതിലും ഭേദം സതിയാവുകയാണെന്ന് വിധവകള്‍ കരുതിയതില്‍ അതിശയമേതുമില്ല. ഇറ്റാലിയന്‍ സഞ്ചാരിയായ ദെല്ല വെയ്ല്ലെ ജിയാക്കാവ എന്ന വിധവ സതിയനുഷ്ഠിക്കുന്നതിനു ദൃക്സാക്ഷിയായിട്ടുണ്ട്. റോമില്‍ തിരിച്ചെത്തിയ ദെല്ല വെയ്ല്ലെ ആ വിധവയെ അഭിസംബോധന ചെയ്തുകൊണ്ട് രചിച്ച അപ്രകാശിത ഗീതകം വത്തിക്കാനിലുണ്ടെന്നും ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു. അത്രയും വേദനാജനകമായ ഈ ദുരാചാരവര്‍ണ്ണന ഇന്ത്യ എത്ര പ്രാകൃതമായ ഒരു രാജ്യമായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ഇപ്പോഴും സതി രഹസ്യമായി അനുഷ്ഠിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ രാജസ്ഥാനില്‍ സതിയനുഷ്ഠിച്ച രൂപ്കന്‍വാറാണ് ഈ ദുരാചാരത്തിന്റെ ഒടുവിലത്തെ ഇരയായി പുറംലോകമറിയുന്നത്. നമ്മള്‍ പിന്തിരിഞ്ഞു നടക്കുന്ന ഒരു ജനതയായതുകൊണ്ട് സതി മടങ്ങിവരാന്‍ സാധ്യതയുണ്ടെന്ന ഭീതിദമായ ഒരു മുന്നറിയിപ്പ് വരികള്‍ക്കിടയില്‍ തിരുകിവയ്ക്കാന്‍ ഗ്രന്ഥകാരന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 

ദക്ഷിണേന്ത്യയിലെ രാജവംശങ്ങളുടെ ഉദയാസ്തമയങ്ങള്‍ വിശദമായിത്തന്നെ ഒ.കെ. ജോണി രേഖപ്പെടുത്തുന്നുണ്ട്. ടിപ്പുസുല്‍ത്താനെക്കുറിച്ചുള്ള കെട്ടുകഥകളുടെ പൊളിച്ചെഴുത്തും നടത്തുന്നുണ്ട്. കാള്‍ മാര്‍ക്സ് 1850-കളില്‍ എഴുതിയ കുറിപ്പുകളില്‍ ഹൈദരാലിയും ടിപ്പുവും നടത്തിയ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ സൂക്ഷ്മവും വിശദവുമായ നാള്‍വഴിരേഖയുണ്ടെന്ന വിവരം പലര്‍ക്കും അജ്ഞാതമായിരിക്കും. കര്‍ണ്ണാടകയിലെ പ്രശസ്തങ്ങളായ പക്ഷിസങ്കേതങ്ങളേയും ഗ്രന്ഥകാരന്‍ തന്റെ സഞ്ചാരപഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളെക്കുറിച്ച് ഇത്രമേല്‍ വിശദമായ ഒരു പഠനം മറ്റെവിടെയും കണ്ടെത്താനാവില്ല എന്ന വസ്തുത എടുത്തു പറയേണ്ടിയിരിക്കുന്നു. സോമനാഥപുരയിലെ ചെന്നകേശവക്ഷേത്രം ഹൊയ്‌സാലരുടെ വാസ്തുനിര്‍മ്മാണ വൈഭവത്തിന്റെ ഉത്തമ നിദര്‍ശനമത്രെ. അര്‍ക്കേശ്വരക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം, ഹാലേബീട് ഹൊയ്‌സാലക്ഷേത്രം, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രാചീനമായ നടരാജക്ഷേത്രം, തഞ്ചാവൂര്‍ ബൃഹദേശ്വരക്ഷേത്രം, മേല്‍ക്കോട്ടെ നരസിംഹസ്വാമിക്ഷേത്രം, ചിദംബരം കോയില്‍ എന്നിങ്ങനെയുള്ള ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളെക്കുറിച്ചും അവയുടെ ചരിത്രപ്രാധാന്യത്തെക്കുറിച്ചുമൊക്കെ ഈ സഞ്ചാരകൃതിയില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ചുവര്‍ച്ചിത്രങ്ങളെക്കുറിച്ചാകട്ടെ, ചില ചുവര്‍ച്ചിത്ര വിദഗ്ദ്ധന്മാരുടേതിനെക്കാള്‍ വിശ്വസനീയമായ വിവരണവും ലഭ്യമാണ്. നൃത്തത്തെക്കുറിച്ചും അസാധാരണമായ മെയ്വഴക്കത്തോടെ ഈ കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യാ-പാക് വിഭജനം
പുരാലിഖിതങ്ങള്‍, സ്മാരകശിലകള്‍, പ്രാചീന കൃതികള്‍ എന്നിവയുടെ അപഗ്രഥനത്തിലൂടെ തന്റേതായ ചില നിഗമനങ്ങളില്‍ ഗ്രന്ഥകര്‍ത്താവ് എത്തിച്ചേരുന്നു എന്നതാണ് ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷത. സഞ്ചാരത്തിനിടയില്‍ കണ്ടെത്തിയ ചില യാദൃച്ഛികതകളും ഒ.കെ. ജോണി പങ്കുവയ്ക്കുന്നുണ്ട്. കനകഗിരിയിലിരുന്ന് ആചാര്യപൂജ്യപാദ എഴുതിയ ഒരു കൃതിയുടെ വിവര്‍ത്തനം അതേ മലയിലിരുന്ന് ആയിരത്തഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു ദിഗംബര മുനി നിര്‍വ്വഹിക്കുന്ന അവിശ്വസനീയമായ യാദൃച്ഛികത അവയിലൊന്ന് മാത്രമാണ്. ആ വൈരാഗിയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ അജ്ഞാതമായ ഏതോ ഭയവിഷാദങ്ങള്‍ വന്ന് മൂടി ഹൃദയഭാരം അനുഭവപ്പെടുന്നുണ്ടെന്ന് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ സഹൃദയത്വത്തിന്റെ തെളിവാണ് ഈ കൃതിയിലുടനീളം കാണുന്ന തെളി മലയാളം. 

ചൈനീസ് അധിനിവേശത്തില്‍ പ്രതിഷേധിച്ച് 1959-ല്‍ തിബത്തില്‍നിന്നു പലായനം ചെയ്ത ദലൈലാമയേയും അനുയായികളേയും പുനരധിവസിപ്പിക്കാന്‍ ഇന്ത്യയില്‍ മുപ്പത്തിയാറ് സെറ്റില്‍മെന്റുകള്‍ തുറക്കേണ്ടിവന്നു എന്ന വസ്തുത ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ സമീപകാലത്തെ നന്ദികെട്ട ഒരു പരാമര്‍ശത്തിലേക്ക് വായനക്കാര്‍ കടന്നുചെല്ലാന്‍ സാധ്യതയുണ്ട്. ഈയിടെയാണ് ഇന്ത്യാ - പാക് വിഭജനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ദലൈലാമ നെഹ്‌റുവിന്റെ തലയില്‍ കെട്ടിവച്ചത്. അണക്കെട്ടുകള്‍ വിഴുങ്ങിയ നൂറുകണക്കിനു ഗ്രാമങ്ങളിലെ ലക്ഷോപലക്ഷം ജനങ്ങളും മറ്റു തരത്തിലുള്ള വികസനത്തിന്റെ ഇരകളായിത്തീര്‍ന്നവരും ഉടുതുണിക്കു മറുതുണിയില്ലാതേയും തലയ്ക്കു മുകളില്‍ ഒരു കൂരയുടെ തണലില്ലാതേയും ചത്തു ജീവിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ദലൈലാമ വിസ്മരിച്ചുകളഞ്ഞു.  വിഭജനത്തിന്റെ ഉത്തരവാദിത്വം ജിന്നയ്ക്കും കൂടി വച്ചുകൊടുത്തിരുന്നെങ്കില്‍ ദലൈലാമയുടെ വിമര്‍ശനം ചരിത്രവസ്തുതകളോട് നീതിപുലര്‍ത്തുന്നതാവുമായിരുന്നു. ഒരു ദരിദ്രരാജ്യമായ ഇന്ത്യയുടെ ''കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കട്ടെ!'' എന്ന മട്ടിലുള്ള നയം ഇന്ത്യയില്‍ത്തന്നെ അഭയാര്‍ത്ഥികളായിത്തീര്‍ന്ന ഇന്ത്യാക്കാരുടെ ചോരയിലും കണ്ണീരിലും ചവിട്ടിനില്‍ക്കുന്നതാണ് എന്ന ദയനീയ സത്യം ആരും കണക്കിലെടുക്കുന്നില്ല!

ഈ കൃതിയില്‍ സാന്ദര്‍ഭികമായി കടന്നുവരുന്ന ചില കഥാപാത്രങ്ങളെക്കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്. പ്രകൃതിധ്യാനം തന്നെയാണ് ഈശ്വരപൂജ എന്ന് വിശ്വസിക്കുന്ന സ്വാമി ആനന്ദതീര്‍ത്ഥയാണ് ഒന്നാമന്‍. ഒരു രാജാവിന്റെ മകളായിരുന്ന വിക്ടോറിയ ഗൗരമ്മ എന്ന കഥാപാത്രത്തിന്റെ ചരിതം ഗൗരവമേറിയ ചില ചിന്തകളിലേക്ക് നമ്മെ നയിക്കും. ഇന്ത്യന്‍ സംസ്‌കാരം എന്ന് ഇന്ന് നമ്മള്‍ ഘോഷിക്കുന്നതൊന്നുമല്ല യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌കാരം എന്ന് ഈ ദുരന്തനായിക നമ്മെ ബോധ്യപ്പെടുത്തും. രണ്ട് ദേവദാസികള്‍ക്കും ഒ.കെ. ജോണി ഈ പുസ്തകത്തില്‍ ഇടം നല്‍കുന്നുണ്ട്. നര്‍ത്തകിയായ ബംഗളൂര്‍ നാഗരത്‌നമ്മയ്ക്കും കവയിത്രിയായ മുദ്ദുപളനിയ്ക്കും. ദേവദാസികള്‍ക്കിടയിലെ ഈ വിപ്ലവകാരികളുടെ വീര്യം ഇന്നത്തെ സ്ത്രീവാദികളെപ്പോലും അമ്പരപ്പിക്കും. 

നമുക്ക് വേണ്ടത്ര ചരിത്രകാരന്മാരും ചരിത്രകൃതികളും ഉണ്ടെങ്കിലും ഇത്രമേല്‍ നമ്മളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കൃതിയില്ല. ചരിത്രകാരനല്ലാത്ത ഒരാള്‍ തുടര്‍ സഞ്ചാരത്തില്‍ ഏര്‍പ്പെട്ട് രചിച്ച ഈ കൃതി ചരിത്രകാരന്മാരുടെ നെറ്റിപ്പട്ടം കെട്ടി നടക്കുന്നവരെ ലജ്ജിപ്പിക്കുക തന്നെ ചെയ്യും. ചരിത്രത്തില്‍ താല്പര്യമുള്ള സാധാരണക്കാരേയും ഈ കൃതി നിരന്തരം വായിക്കാന്‍ പ്രേരിപ്പിക്കും. അലഞ്ഞും അന്വേഷിച്ചും ഉരുവംകൊണ്ട ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് നാല് മാസം കൊണ്ട് വിറ്റ് തീര്‍ന്നതില്‍ തീരെയുമില്ല അതിശയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com