യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (തുടര്‍ച്ച)

അടിയന്തരാവസ്ഥക്കാലത്ത് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വവിരുദ്ധമായ നടപടികള്‍ സമാന്തര പ്രസിദ്ധീകരണങ്ങളിലൂടെയാണ് അധികവും പ്രചരിക്കപ്പെട്ടിരിക്കുന്നത്.
യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (തുടര്‍ച്ച)

ടിയന്തരാവസ്ഥയെക്കുറിച്ചുള്ള പലതരം വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരുന്നത്. ഭരണം കയ്യാളുന്നവര്‍, പ്രത്യേകിച്ചും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ അനുയായികള്‍ പലയിടത്തും മേല്‍ക്കോയ്മ സ്ഥാപിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അവയൊന്നും നിയമകൈയേറ്റങ്ങളായി വ്യാഖ്യാനിക്കപ്പെട്ടിരുന്നില്ല. അതേസമയം പൊതുവെ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം, അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായ ഒരു ചിന്താഗതി പൊതുസമൂഹത്തില്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വവിരുദ്ധമായ നടപടികള്‍ സമാന്തര പ്രസിദ്ധീകരണങ്ങളിലൂടെയാണ് അധികവും പ്രചരിക്കപ്പെട്ടിരിക്കുന്നത്. സെന്‍സര്‍ഷിപ്പ് ശക്തമായി നിലനില്‍ക്കുന്നതുകൊണ്ട് മലയാളപത്ര മാധ്യമങ്ങളില്‍ അത്തരം വാര്‍ത്തകളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എങ്കിലും അടിയന്തരാവസ്ഥ അത്ര നല്ലതല്ലെന്ന അഭിപ്രായം ജനാധിപത്യചേരികളില്‍ വ്യാപകമായിരുന്നു. ഏതുതരം അധികാര കേന്ദ്രീകരണവും അത്ര ഗുണകരമല്ല എന്ന അഭിപ്രായത്തിനായിരുന്നു വീക്ഷണത്തില്‍ മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ പ്രത്യക്ഷമായി അത് പ്രകടിപ്പിക്കുവാന്‍ ആരും തയ്യാറായിരുന്നില്ല.

വീക്ഷണം വാരികയില്‍ പ്രശസ്തരായ പലരും എഴുതുന്നുണ്ടായിരുന്നു. അവരില്‍ പലരും അടിയന്തരാവസ്ഥയ്ക്ക് വിരുദ്ധമായ നിലപാടുകളാണ് എടുത്തിരുന്നത്. അവരയയ്ക്കുന്ന രചനകളില്‍ പലതിലും അത് പ്രകടനവുമായിരുന്നു. എം. ഗോവിന്ദന്റേയും സച്ചിദാനന്ദന്റേയും വിവര്‍ത്തന രചനകള്‍ പലതും വാരികയില്‍ വരുന്നുണ്ടായിരുന്നു. മിക്കതിലും ഏകാധിപത്യവിരുദ്ധമായ അഭിപ്രായങ്ങള്‍ ഒളിച്ചുനിന്നു.

ആനന്ദ്
ആനന്ദ്

വ്യക്തിപരമായി അടിയന്തരാവസ്ഥയെ ഞാന്‍ അനുകൂലിച്ചിരുന്നില്ല. അമിതാധികാരങ്ങള്‍ ഏകാധിപത്യത്തിലേക്ക് വഴിവെക്കുമെന്ന വിശ്വാസമായിരുന്നു കാരണം. എന്നാല്‍, വീക്ഷണം വാരിക അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പ്രചാരണവേദിയാക്കാനും ഉദ്ദേശ്യമില്ലായിരുന്നു. അതേസമയം സര്‍ഗ്ഗാത്മക രചനകളെ ആ രീതിയില്‍ വിലയിരുത്താന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. കലയെ ഏതു രീതിയിലും വ്യാഖ്യാനിക്കാം. നിലപാടിനെ സംബന്ധിച്ച ഒരു വ്യക്തതയ്ക്കുവേണ്ടി ഞാന്‍ പത്രാധിപരോട് ആരാഞ്ഞു: 

''പ്രത്യക്ഷത്തില്‍ അടിയന്തരാവസ്ഥയെ അനുകൂലിക്കുന്നതോ എതിര്‍ക്കുന്നതോ ആയ രചനകള്‍ കൊടുക്കേണ്ട. അതേസമയം സാഹിത്യത്തെ നമ്മള്‍ അങ്ങനെ വിലയിരുത്തുകയും വേണ്ട. നല്ലതെല്ലാം വരട്ടെ.'' അദ്ദേഹം നിലപാട് വ്യക്തമാക്കി.
അടിയന്തരാവസ്ഥയുടെ മോശം ഇടപെടലുകളില്‍ അദ്ദേഹത്തിനും ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു. ആനന്ദ് ആദ്യമായി എഴുതിയ ശവഘോഷയാത്ര എന്ന നാടകം പുറത്തുവന്നത് വീക്ഷണത്തിലൂടെയാണ്. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിന്റെ കൈയെഴുത്തുപ്രതി വായിച്ചപ്പോള്‍ തന്നെ മനസ്സിലായി, അധികാര വ്യവസ്ഥയെ പരോക്ഷമായി എതിര്‍ക്കുന്ന ഒരു രചനയാണത്. അടിയന്തരാവസ്ഥ സൃഷ്ടിച്ച ഊഷരമായ ഒരു കാലത്തെ അതില്‍ പരോക്ഷമായി വിമര്‍ശിക്കുന്നു. നാടകത്തിലെ ഒരു കഥാപാത്രം പറയുന്നത് ഇങ്ങനെയാണ്: ''ഈ മണ്ണ് ഉഴാം, വിതയ്ക്കാം എന്നല്ലാതെ ഒന്നും വളരില്ല, വളര്‍ന്നാല്‍ കായ്ക്കുകയുമില്ല.''

സമകാലിക രാഷ്ട്രീയ അവസ്ഥയെ വിമര്‍ശനപരമായി സമീപിക്കുന്നതായിരുന്നു നാടകം. എന്നാല്‍, നാടകത്തിലെ ആ ഒരു തലം അക്കാലത്ത് കാണാതെ പോവുകയും നാടകത്തിന്റെ രചനയിലെ പ്രത്യേകതകള്‍ മാത്രം വിലയിരുത്തുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ എന്‍.എന്‍. കക്കാടിന്റെ 'പട്ടിപ്പാട്ട്' എന്ന കവിതയുടെ അവസ്ഥ അങ്ങനെയായിരുന്നില്ല. സമകാലീന അവസ്ഥയെ പരിഹസിച്ചുകൊണ്ടുള്ള ഒരു കവിതയായിരുന്നു അത്. പുരാവൃത്തങ്ങളുമായി ചേര്‍ത്തുനിര്‍ത്തിയും അതിനെ വായിക്കാമായിരുന്നു. കവിത വാരികയില്‍ ചേര്‍ത്ത് ആദ്യ ചില ഫോറങ്ങള്‍ അച്ചടിച്ചുതുടങ്ങിയപ്പോഴാണ് പ്രിന്റിംഗ് യൂണിറ്റിലെ ഒരാസ്വാദകന്‍ കവിത അടിയന്തരാവസ്ഥയ്ക്ക് എതിരാണെന്നും വാരികയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയത്. മറ്റുള്ളവരും അതിനെ ന്യായീകരിച്ചു. പ്രശ്‌നം മാനേജിങ്ങ് ഡയറക്ടര്‍ പി.സി. ചാക്കോയുടെ മുന്‍പിലെത്തി. അദ്ദേഹം എന്നെ വിളിപ്പിച്ചു. അക്ഷരങ്ങള്‍ കമ്പോസ് ചെയ്തു, ഫ്‌ലോങ്ങില്‍ പതിപ്പിച്ചു, ഈയത്തില്‍ വാര്‍ത്തെടുത്തു പ്ലെയ്റ്റുകളിലാക്കിയാണ് അക്കാലത്ത് പത്രവും വാരികയും അച്ചടിച്ചിരുന്നത്.  ഈയത്തില്‍ അക്ഷരം പതിഞ്ഞ ഭാഗം ചെത്തിക്കളഞ്ഞാല്‍ പിന്നെ കവിത കാണില്ല. കവിത ആ രീതിയില്‍ ഒഴിവാക്കണമെന്നതായിരുന്നു മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശം. കവിതയെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ച് അത് നിലനിര്‍ത്താന്‍ ഞാന്‍ ഏറെ ശ്രമിച്ചിട്ടും കവിത ഒഴിവാക്കണമെന്നതായിരുന്നു അവിടെ ഇരിക്കുന്ന ഭൂരിപക്ഷം പേരുടേയും അഭിപ്രായം. എന്‍.എന്‍. കക്കാടിന്റെ പട്ടിപ്പാട്ട് ഇല്ലാതെയാണ് ആ ലക്കം വീക്ഷണം വാരിക പുറത്തിറങ്ങിയത്. കവിത ചേര്‍ത്തിരുന്നത് അടുത്തടുത്ത രണ്ട് പേജുകളുടെ മുകള്‍ഭാഗത്തായിരുന്നു. അക്ഷരങ്ങള്‍ നീക്കിയതോടെ ആ ഭാഗം വെളുത്തു ശൂന്യമായി കിടന്നു. അതൊരു പുതിയ ലേഔട്ടായിട്ടാണ് പലരും കണ്ടത്. അതിന്റെ പേരില്‍ ധാരാളം പ്രശംസകള്‍ ലഭിക്കുകയും ചെയ്തു.


പ്രശസ്തരായ എഴുത്തുകാരുടെ രചനകള്‍ വീക്ഷണത്തിന് മുടങ്ങാതെ ലഭിച്ചുകൊണ്ടിരുന്നു. അതോടൊപ്പം തന്നെ പുതിയവര്‍ക്കും അത്രതന്നെ പ്രാധാന്യം നല്‍കുകയും ചെയ്തു. പുതിയവരെ ബാലപംക്തികളില്‍ മാത്രം ഒതുക്കുമ്പോള്‍, വീക്ഷണം അതിന് വിരുദ്ധമായ ഒരു നിലപാടാണ് എടുത്തിരുന്നത്. പുതിയവരാണെങ്കില്‍പ്പോലും വ്യത്യസ്തമായ ഒരു രചന കിട്ടിയാല്‍ അത് അത്രതന്നെ പ്രാധാന്യത്തോടെ കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഒരു ദിവസം അങ്ങനെയൊരു രചന മുന്നില്‍ എത്തുകയുണ്ടായി. ഓണം അടുത്തുവരുന്ന സന്ദര്‍ഭമായിരുന്നു അത്. വീക്ഷണം ഒരു ഓണപ്പതിപ്പ് പുറത്തിറക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയായിരുന്നു. രചനകള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖരായ എഴുത്തുകാര്‍ക്ക് കത്തുകള്‍ എഴുതിക്കഴിഞ്ഞു. അതിനിടയില്‍ പത്രാധിപര്‍ എന്നോട് പറഞ്ഞു, എന്റെ കഥയോ, ചെറിയ നോവലോ അതില്‍ ചേര്‍ക്കണമെന്ന്.


ഞാന്‍ ഒരു ചെറിയ നോവല്‍ എഴുതിത്തീര്‍ത്ത സമയമായിരുന്നു അത്. വീക്ഷണം ഓണപ്പതിപ്പില്‍ നോവല്‍ ചേര്‍ക്കാമെന്ന് ഞാനും വിചാരിച്ചു. അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ ഉച്ചനേരത്ത് എന്റെ മുന്‍പില്‍ എത്തുന്നത്. എം. തോമസ് മാത്യു മാസ്റ്റര്‍ കൊടുത്തയച്ച കത്തുണ്ടായിരുന്നു അയാളുടെ കൈയില്‍. ''ഈ ചെറുപ്പക്കാരനെ സഹായിക്കാന്‍ പറ്റുമോ'' എന്ന ഒരു വരി മാത്രമായിരുന്നു ആ കത്തില്‍. തോമസ് മാത്യു മാസ്റ്റര്‍ എനിക്ക് ഏറെ ആദരണീയനാണ്. ആ ചെറുപ്പക്കാരന്റെ കൈയില്‍ ഒരു മാറ്ററുമുണ്ടായിരുന്നു. ഞാന്‍ അയാളോട് വിവരങ്ങള്‍ തിരക്കി.  പറവൂര്‍ നന്ത്യാട്ട്കുന്നം സ്വദേശി. മാതൃഭൂമി ബാലപംക്തിയില്‍ അയാളുടെ കവിതകള്‍ വായിച്ച പരിചയമുണ്ട്. മാറ്റര്‍ വായിച്ചുനോക്കി വിവരം അറിയിക്കാമെന്ന് ചെറുപ്പക്കാരനോട് ഞാന്‍ പറഞ്ഞു. കൗതുകം തോന്നിയതുകൊണ്ട് അന്നു രാത്രിതന്നെ മാറ്റര്‍ വായിച്ചു. 'ഹിരണ്യം' നോവലെറ്റ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വ്യത്യസ്തമായി ഒരു രചന. അപ്പോള്‍ തന്നെ ഞാനൊരു തീരുമാനവുമെടുത്തു. പിറ്റേന്ന് കാലത്ത് പത്രാധിപരോട് പറഞ്ഞു: ''ഓണപ്പതിപ്പില്‍ എന്റെ നോവലെറ്റ് വേണ്ട. അതിനു പകരം മറ്റൊരാളുടേത് കൊടുക്കാം.''
''ആരാണത്?''
''ബാലചന്ദ്രന്‍ ചുള്ളിക്കാട്. ബാലപംക്തിയിലൊക്കെ ധാരാളം എഴുതാറുണ്ട്. അയാളുടെ ഒരു നോവലെറ്റ് കിട്ടിയിട്ടുണ്ട്.  'ഹിരണ്യം' നല്ലൊരു രചനയാണ്. നമുക്കത് കൊടുക്കാം.''

ചുള്ളിക്കാടും ജോര്‍ജ് ജോസഫും
പത്രാധിപര്‍ക്ക് എന്റെ തീരുമാനം ഇഷ്ടമായോ ഇല്ലയോ എന്നറിയില്ല. ഓണപ്പതിപ്പില്‍ എന്റെ നോവലെറ്റിന് പകരം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഹിരണ്യം കൊടുക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. കമ്പോസിങ്ങിന് കൊടുക്കാന്‍ തയ്യാറാക്കിവെച്ചിരുന്ന എന്റെ നോവലെറ്റിന് പകരം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഹിരണ്യം എടുത്തുവെച്ചു. അതിനുശേഷം ബാലചന്ദ്രന്റെ അഭയാര്‍ത്ഥികള്‍ അടക്കം ധാരാളം കവിതകള്‍ വാരികയില്‍ വരുകയുണ്ടായി. എല്ലാം വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. പിന്നീടാണ് മറ്റു മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ മുഖ്യധാരയില്‍പ്പെടുത്തി ബാലചന്ദ്രന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. മറ്റൊരു സന്ദര്‍ഭത്തിലും ഇതുപോലൊരു അനുഭവമുണ്ടായി.

പിസി ചാക്കോ
പിസി ചാക്കോ


ഒരു നാള്‍ വൈകുന്നേരം മുഷിഞ്ഞ വസ്ത്രവും ധരിച്ചു ഒരു ചെറുപ്പക്കാരന്‍ ഓഫീസിലേക്ക് വന്നു. വന്നപാടെ അഴുക്കുനിറഞ്ഞ കുറെ കടലാസുകള്‍ മേശപ്പുറത്ത് വെച്ചു. എന്നിട്ട് ചോദ്യങ്ങളൊന്നുമില്ലാതെ പറഞ്ഞുതുടങ്ങി: ''ഞാന്‍ കലൂരില്‍നിന്നും വരികയാണ്. ഒരു വാര്‍ക്കപ്പണിക്കാരനാണ്.'' എറണാകുളത്തിന്റെ തനതു സംസാരശൈലി. ഞാന്‍ ചോദിച്ചു:
''എന്താ വന്ന കാര്യം?''
''ഈ കഥയൊന്നു നോക്കാമോ? ജോലിക്കിടെ ഒഴിവ് കിട്ടിയപ്പോള്‍ എഴുതിയതാണ്.''
കഥ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അയാളെ മടക്കി അയച്ചു.
രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ വീണ്ടും വന്നു. അതിനിടയില്‍ കഥ ഞാന്‍ നോക്കിവെച്ചിരുന്നു. നല്ല കഥ. എന്നാല്‍ കഥാകൃത്തിന്റെ സ്ഥാനത്ത് മറ്റൊരു പേരാണ് ഉണ്ടായിരുന്നത്. നുണ്ണന്‍. ഞാന്‍ അയാളോട് ചോദിച്ചു:
''എന്തിനാണ് ഇങ്ങനെ ഒരു പേര് കൊടുത്തത്?''
''എന്റെ അമ്മച്ചി എന്നെ അങ്ങനെയാണ് വിളിക്കുക.''
''അമ്മച്ചി അങ്ങനെ വിളിച്ചോട്ടെ. നിങ്ങള്‍ക്ക് നിങ്ങളുടെ പേര് കൊടുത്താല്‍ എന്താണ് കുഴപ്പം? ആ പേരല്ലേ കുറേക്കൂടി നല്ലത്.''
അയാളതിന് മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അമ്മയോട് അയാള്‍ക്ക് അത്രയേറെ സ്‌നേഹമുണ്ടായിരുന്നു.

അയ്യപ്പപ്പണിക്കരുടെ കവിത
അയ്യപ്പപ്പണിക്കരുടെ കവിത


അയാളുടെ യഥാര്‍ത്ഥ പേരുതന്നെയാണ് കഥയില്‍ ചേര്‍ത്തത്. ജോര്‍ജ് ജോസഫ് കെ. പിന്നീട് ജോര്‍ജ് ജോസഫ് ധാരാളം കഥകള്‍ എഴുതി ശ്രദ്ധേയനായി. 
പേരുകള്‍പോലും കേള്‍ക്കാത്ത പുതിയ എഴുത്തുകാരുടെ  രചനകള്‍ ധാരാളം വാരികയില്‍ വരികയുണ്ടായി. അവയൊക്കെ വായിച്ചു. നല്ലത് തെരഞ്ഞെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്ന് തുടക്കക്കാരായിരുന്നവരില്‍ പലരും പിന്നീട് ശ്രദ്ധേയരായ എഴുത്തുകാരായി വളര്‍ന്നു. വി.പി. ശിവകുമാര്‍, ടി.വി. കൊച്ചുബാവ, ഗ്രേസി, രഘുനാഥ് പലേരി, പായിപ്ര രാധാകൃഷ്ണന്‍, പി.കെ. പാറക്കടവ്, കെ.ജി. രഘുരാമന്‍, കെ.വി. മോഹന്‍കുമാര്‍, വി.ആര്‍. സുധീഷ്, സി. അയ്യപ്പന്‍, വി.ബി. ജ്യോതിരാജ്, എന്‍.ടി. ബാലചന്ദ്രന്‍, സി.പി. വത്സന്‍, കെ.എം. രാധ, ജോണ്‍ സാമുവല്‍, അഷിത, ശ്രീധരന്‍ ചമ്പാട്, ബാലകൃഷ്ണന്‍ മാങ്ങാട്, കെ.ജെ. നളിനി, ആര്‍. ഗോപാലകൃഷ്ണന്‍, തോമസ് മാത്യു എം., ഗോവര്‍ദ്ധന്‍ തുടങ്ങിയവരുടെ ആദ്യകാലരചനകളോ ആദ്യരചനയോ പ്രസിദ്ധീകരിച്ചത് വീക്ഷണത്തിലായിരുന്നു.

സച്ചിദാനന്ദന്റെ വിവര്‍ത്തന കവിതകള്‍
സച്ചിദാനന്ദന്റെ വിവര്‍ത്തന കവിതകള്‍

എഴുത്തില്‍ അത്രയൊന്നും സജീവമാകാതിരുന്നവരെ എഴുത്തിന്റെ സജീവ മേഖലയിലേക്ക് കൊണ്ടുവരാനും പിന്തുടര്‍ന്നുവരുന്ന രചനാരീതിയില്‍നിന്നും സമഗ്രമായ വ്യതിയാനം കുറിക്കുന്ന മറ്റൊരു എഴുത്തിലേക്ക് വഴിമാറ്റാനും വീക്ഷണം എങ്ങനെയോ നിമിത്തമായിട്ടുണ്ട്. സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന എം.സി. സുഭാഷ് ചന്ദ്രന്‍ വീക്ഷണം വാരികയില്‍ കവിതകള്‍ എഴുതുമായിരുന്നു. കേരള സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ ഒന്നാംറാങ്ക് ലഭിച്ചു വിജയിച്ച അദ്ദേഹത്തിന് പത്രപ്രവര്‍ത്തനത്തോടും അതീവ താല്പര്യമായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം വാരികയില്‍ വരും. ഒരുനാള്‍ അദ്ദേഹം പറഞ്ഞു:

''പള്ളിമുക്കില്‍ യതി വന്നിട്ടുണ്ട്. നമുക്കൊന്ന് കാണാന്‍ പോയാലോ?'' യതിയെക്കുറിച്ച് ഞാന്‍ ധാരാളം വായിച്ചിട്ടുണ്ട്. തത്ത്വചിന്താമേഖലയില്‍ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിത്വം. എന്നാല്‍, എഴുത്തിന്റെ മേഖലയില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആത്മീയമേഖലയോട് എനിക്ക് വളരെയൊന്നും ആഭിമുഖ്യവുമുണ്ടായിരുന്നില്ല. അതുകൊണ്ടാകാം യതിയെ ചെന്നുകാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഞാനത്ര താല്പര്യം കാട്ടിയില്ല. എന്നാല്‍, എതിര്‍പ്പ് പറഞ്ഞതുമില്ല. ഒടുവില്‍ അദ്ദേഹത്തിന് വഴങ്ങി ഞാന്‍ കൂടെ പുറപ്പെട്ടു. പള്ളിമുക്കിലെ ഒരു വീട്ടില്‍ യതി വിശ്രമിക്കുകയാണ്. യതിക്ക് വളരെ പ്രിയപ്പെട്ട ഒരാളാണ് സുഭാഷ് ചന്ദ്രന്‍ മാഷെന്ന് യതി നല്‍കിയ സ്വീകരണത്തില്‍നിന്നും മനസ്സിലായി. ധാരാളം പേര്‍ അദ്ദേഹത്തെ വലയം ചെയ്തുനിന്നിരുന്നു. എന്നിട്ടുപോലും യതി ഞങ്ങളുമായി കുറേ നേരം സംസാരിച്ചു. കലയും സാഹിത്യവും തന്നെയായിരുന്നു വിഷയം. ഇടയ്ക്ക് സമയം കിട്ടിയപ്പോള്‍ ഞാന്‍ മാഷോട് തിരക്കി: ''നമുക്ക് യതിയെക്കൊണ്ട് വീക്ഷണത്തിലേക്ക് എന്തെങ്കിലും എഴുതിച്ചാലോ?''

എന്‍എന്‍ കക്കാട്
എന്‍എന്‍ കക്കാട്


ഞാന്‍ പറഞ്ഞുതീരുംമുമ്പേ മാഷ് യതിയോട് ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. തെല്ലുനേരത്തേയ്ക്ക് യതിയൊന്നും മിണ്ടിയില്ല. പിന്നെ ചുണ്ടുകള്‍ അനക്കി: ''ഞാനങ്ങനെയൊന്നും എഴുതാറില്ല. എഴുത്തുകാരനുമല്ല. എങ്കിലും സുഭാഷ് ആവശ്യപ്പെട്ട സ്ഥിതിക്ക് നോക്കട്ടെ. മറ്റന്നാള്‍ വൈകീട്ട് നമുക്ക് കാണാം.''
ഒരു ദിവസം കഴിഞ്ഞ് ആകാംക്ഷയോടെ വീണ്ടും ചെന്നപ്പോള്‍ മേശപ്പുറത്ത് യതിയുടെ ഒരു കവര്‍ കാത്തുകിടപ്പുണ്ടായിരുന്നു. അതില്‍ ലേഖനവും. വാന്‍ഗോഗിന്റെ പെയിന്റിങ്ങുകളെക്കുറിച്ചുള്ള ഒരു പഠനമായിരുന്നു അത്. തുടര്‍ന്നും അദ്ദേഹം വീക്ഷണത്തില്‍ ലേഖനങ്ങള്‍ എഴുതി. ആശാന്റെ കവിതകള്‍,  ആധുനിക വിദ്യാഭ്യാസരീതി തുടങ്ങിയവയെക്കുറിച്ചായിരുന്നു അവ. യതി പിന്നീട് മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരെഴുത്തുകാരനായി മാറുകയായിരുന്നു. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി. 

യുഎ ഖാദര്‍
യുഎ ഖാദര്‍


യു.എ. ഖാദര്‍ അക്കാലത്ത് ധാരാളം എഴുതിയിരുന്നു. ചങ്ങല, വള്ളൂരമ്മ എന്നീ നോവലുകള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കഥകളൊന്നും അത്രമേല്‍ ശ്രദ്ധനേടുകയുണ്ടായില്ല. ആ സമയത്താണ് 'ഒരു വടക്കന്‍ പുരാണം' എന്ന കഥ വീക്ഷണത്തിന് അയച്ചുകിട്ടുന്നത്. വടക്കന്‍പാട്ടിന്റെ ശൈലിയില്‍ വ്യത്യസ്ത രീതിയില്‍ എഴുതിയ ഒരു കഥ. കഥ വായിച്ച ഉടനെ പ്രതികരണമെന്ന നിലയില്‍ എഴുതിയ കത്തില്‍ ഇങ്ങനെ ഒരഭിപ്രായം കുറിച്ചു. ''താങ്കളുടെ ഈ ശൈലി വളരെ വ്യത്യസ്തമാണ്. ഇതിലൂടെ താങ്കള്‍ക്ക് ഏറെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.'' യു.എ. ഖാദറിനെ പിന്നെ നാം കാണുന്നത് തൃക്കോട്ടൂര്‍ കഥകളിലാണ്. കേരളീയ ദ്രാവിഡസ്വത്വത്തെ വടക്കന്‍പാട്ടിന്റെ ഈണത്തോട് ചേര്‍ത്തുനിര്‍ത്തിയുള്ള തികച്ചും വേറിട്ട ഒരു ഭാഷാരീതി  അദ്ദേഹം കഥകളില്‍ ആവിഷ്‌ക്കരിക്കുകയുണ്ടായി. അതോടെ യു.എ. ഖാദര്‍ എന്ന എഴുത്തുകാരന്‍ മലയാളത്തിന്റെ ഉയരങ്ങളിലേക്ക് വളരുന്ന കാഴ്ചയാണ് കണ്ടത്.

ജോര്‍ജ് ജോസഫ് കെ
ജോര്‍ജ് ജോസഫ് കെ


അടിയന്തരാവസ്ഥ അതിന്റെ സൗമ്യമായ നിര്‍വ്വചനങ്ങളില്‍നിന്നും കുതറിമാറി, പലപ്പോഴും ഭീതിപ്പെടുത്തുന്ന ഏതോ ചില അവസ്ഥകളിലേക്ക് നമ്മെ എത്തിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ചില അധികാരകേന്ദ്രങ്ങള്‍ സവിശേഷമായ ആധിപത്യം പുലര്‍ത്തുന്നുവെന്നും തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥക്കാലം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. കെ.പി.സി.സി. പ്രസിഡന്റിനും അതേ അഭിപ്രായം തന്നെയായിരുന്നുവെന്ന് തോന്നി. അദ്ദേഹം അതു തുറന്നു പറഞ്ഞില്ലെങ്കിലും സൂചനകള്‍ അതുതന്നെയായിരുന്നു. ഇതിന്റെ പരസ്യപ്രഖ്യാപനമായിരുന്നു ഗോഹട്ടി എ.ഐ.സി.സി. സമ്മേളനത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചത്.

ബാലചന്ദ്രന്‍ ചുള്ളിക്കാട്
ബാലചന്ദ്രന്‍ ചുള്ളിക്കാട്

അടിയന്തരാവസ്ഥയോടുള്ള വിയോജിപ്പ് തന്നെയായിരുന്നു അത്. ''അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് തങ്ങള്‍ വിശേഷാധികാരം ഉള്ളവരാണെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ കരുതുന്നു. അതനുസരിച്ച് ഏകപക്ഷീയമായും അധികാരമെന്ന നിലയിലും പെരുമാറുന്നു. അധികാരം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്യുന്നു.''
അടിയന്തരാവസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ്സിന്റെ ഉന്നതമായ ഒരു വേദിയില്‍ നിന്നുള്ള ഈ പരസ്യവിമര്‍ശനം ജനാധിപത്യവിശ്വാസികളെ ഏറെ സന്തോഷിപ്പിച്ചു. അടിയന്തരാവസ്ഥ ഏറെക്കാലം അങ്ങനെ നിന്നില്ല. സര്‍ക്കാര്‍ അത് പിന്‍വലിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com