രക്തം ചുവപ്പിച്ച മണ്ണിലെ  വിലാപങ്ങള്‍: ഇറാഖിലെ കര്‍ബലയിലേക്കുള്ള യാത്ര

ഇരുവശങ്ങളും നിറയെ പച്ചപ്പുള്ള വലിയ റോഡ് നീണ്ടുപോകുന്നത് കര്‍ബലയിലേക്കാണെന്ന് പച്ചനിറത്തിലുള്ള ചൂണ്ടുപലകകള്‍ പറയുന്നുണ്ടായിരുന്നു.
രക്തം ചുവപ്പിച്ച മണ്ണിലെ  വിലാപങ്ങള്‍: ഇറാഖിലെ കര്‍ബലയിലേക്കുള്ള യാത്ര

''അപരനെ പീഡിപ്പിക്കുമ്പോള്‍ മൗനം ഭുജിക്കുന്നവര്‍  
അപരാധികളായി സ്വയം പീഡനമേല്‍പ്പിക്കുകയാണ്.'' 
ഇമാം ഹുസൈന്‍...

ര്‍ബലയാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍നിന്നും കാര്‍മാര്‍ഗ്ഗം ഒന്നര മണിക്കൂര്‍  ദൂരം യാത്രയുണ്ട്. ഇരുവശങ്ങളും നിറയെ പച്ചപ്പുള്ള വലിയ റോഡ് നീണ്ടുപോകുന്നത് കര്‍ബലയിലേക്കാണെന്ന് പച്ചനിറത്തിലുള്ള ചൂണ്ടുപലകകള്‍ പറയുന്നുണ്ടായിരുന്നു. ഇറാക്ക് സ്വദേശികളായ നാലു കൂട്ടുകാരോടൊപ്പമാണ് ഞങ്ങള്‍ കര്‍ബല ലക്ഷ്യമാക്കി നീങ്ങുന്നത്. വഴിയിലുടനീളം പുരോഗതിയുടെ അടയാളങ്ങളൊന്നുമില്ലെങ്കിലും ഇന്ന് മദ്ധ്യ പൗരസ്ത്യദേശത്തെ ഏറ്റവും ജനത്തിരക്കുള്ള സ്ഥലങ്ങളിലൊന്നാണ് കര്‍ബല. ഇറാക്കിന്റെ യുദ്ധക്കെടുതികള്‍ കാര്യമായി ബാധിക്കാത്ത ഒരിടം.

സുരക്ഷാ പരിശോധനയുണ്ടാകുമെന്നതിനാല്‍ പാസ്പോര്‍ട്ടും മറ്റു രേഖകളും കയ്യില്‍ കരുതിയിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ കണ്ണീരില്‍ കുതിര്‍ന്ന ഒട്ടേറെ ചരിത്രസ്മൃതികളുള്ളതിനാല്‍ വര്‍ഷം തോറും ലക്ഷോപലക്ഷം ആളുകളാണ് കര്‍ബല സന്ദര്‍ശിക്കുന്നത്. ഇന്ന് കര്‍ബലയെ പ്രത്യേകമാക്കുന്നത്  ശിയാക്കളുടെ (ഇസ്ലാമിലെ അവാന്തര വിഭാഗം) ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്. മുഹറം (ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസം) പിറക്കുന്നതോടെ ഇറാക്കില്‍ ഏറ്റവും തിരക്കുള്ള സ്ഥലമായി മാറുകയായി കര്‍ബല. മുഹറം പത്ത് മുതല്‍ നാല്‍പ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ശീഈ ആചാരങ്ങളുടെ കൊടിയിറക്കം. ഒന്നര കോടി മുതല്‍ രണ്ട് കോടി വരെ തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നതായാണ് കര്‍ബല ഗവര്‍ണറേറ്റ് നല്‍കുന്ന കണക്കുകള്‍. അത്രമേല്‍ തിക്കും തിരക്കുമുള്ള വിശേഷവേള. 2018 ഓക്ടോബര്‍ 29-നാണ് ഈ വര്‍ഷത്തെ ആചാരങ്ങള്‍ അവസാനിച്ചത്. 

ഭക്തിസാന്ദ്രമാണ് അന്തരീക്ഷം. പ്രായലിംഗഭേദമെന്യേ ഒരു കുടക്കീഴില്‍ എല്ലാവര്‍ക്കുമൊരു വര്‍ണ്ണം. ചോരയില്‍ ചാലിച്ച വിലാപത്തിന്റെ ഓര്‍മ്മകള്‍ മീട്ടിയ സ്‌നേഹത്തിന്റേയും ഭക്തിയുടേയും വര്‍ണ്ണമാണത്. നൂറ്റാണ്ടുകള്‍ക്കു പിറകില്‍നിന്നുള്ള ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ അവരുടെ വീരമരണത്തിന്റെ ഗാഥകളുയര്‍ത്തുന്ന ഊര്‍ജ്ജം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പൗത്രനായ ഇമാം ഹുസൈനു ബിനു അലിയുടെ രക്തംകൊണ്ട് ചുവപ്പിച്ച കര്‍ബലയുടെ മണ്ണിനു രക്തം കൊണ്ട് തന്നെയാണ് ആചാരങ്ങള്‍ തീര്‍ക്കുന്നത്. സ്വന്തം ശരീരത്തില്‍ വെട്ടിയും കുത്തിയും മുറിവേല്‍പ്പിച്ചും ശരീരത്തില്‍നിന്ന് രക്തമൊഴുക്കിയും 'യാ ഹുസൈന്‍' 'യാ ഹുസൈന്‍' 'ലബ്ബൈക്ക് യാ ഹുസൈന്‍' (ഹുസൈനിന്റെ ഓര്‍മ്മയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു) ധ്വനികളുടെ പശ്ചാത്തലത്തില്‍ പാട്ടുകള്‍ പാടിയും നെഞ്ചത്തടിച്ചും ലോകമെമ്പാടുമുള്ള ശിയാ വിശ്വാസികള്‍ വലിയ നിരകളായും കൂട്ടമായും  കര്‍ബലയെ ആത്മീയ നിര്‍വൃതിയുടെ ആവേശം അലതല്ലുന്ന സംഗമഭൂമിയാക്കുന്നു. കറുത്ത വസ്ത്രധാരികള്‍ ആടിപ്പാടിയും നൃത്തം ചെയ്തും പുറകില്‍ വാള്‍ കൊണ്ടും ചങ്ങലകൊണ്ടും മര്‍ദ്ദിക്കുന്നതും കാണുമ്പോള്‍ കളങ്കമില്ലാത്ത വിശ്വാസ ദാര്‍ഢ്യതയുടേയും സമര്‍പ്പണത്തിന്റേയും ശീഈ മുദ്രകളും അവരുടെ കൊടിയടയാളങ്ങളും നമുക്ക് വായിച്ചെടുക്കാനാവുന്നതാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ ഉത്തരാധികാരി പേരമകന്‍ കൂടിയായ അലിയാണെന്നും എന്നാല്‍, ചരിത്രത്തിലെ ചില കറുത്ത അധ്യായങ്ങളിലത് ചേര്‍ക്കപ്പെടാതെ പോയെന്നും അദ്ദേഹത്തിന്റെ മകന്‍ ഇമാം ഹുസ്സൈന്റെ വീരമരണമാണ് (ശഹാദത്ത്) തങ്ങളുടെ ഈ ദിവസങ്ങളിലെ യാതനകളെന്നും അവര്‍ കരുതുന്നു. സ്വയം മര്‍ദ്ദനമെന്നത് വലിയ വെല്ലുവിളിയും തങ്ങളുടെ പ്രതിരോധമാര്‍ഗ്ഗവുമാണെന്ന് അവര്‍ വിശ്വസിക്കുന്നു.  

പ്രവാചക പൗത്രന്‍ ഇമാം ഹുസൈന്റേയും ഇമാം അബ്ബാസിന്റേയും സമാധിപീഠം സ്ഥിതി ചെയ്യുന്ന പുണ്യസ്ഥലമെന്നതാണ് കര്‍ബലയുടെ ഏറ്റവും വലിയ പ്രത്യേകത. ആത്മീയ നിര്‍വൃതി തേടി ലോകമെമ്പാടുമുള്ള ശിയാക്കള്‍ അവരുടെ തീര്‍ത്ഥാടന കേന്ദ്രമായ കര്‍ബലയിലേക്ക് എത്തുന്നു.  ഇമാം ഹുസൈന്റെ ഖബറിടമെന്നത്  ഭൂരിപക്ഷം ശിയാക്കള്‍ക്കും ലോകത്തിലേറ്റവും പുണ്യമുള്ള തീര്‍ത്ഥാടന കേന്ദ്രമാണ്. എന്നാല്‍, ചില ശിയാ വിഭാഗങ്ങള്‍ക്ക് സൗദി അറേബ്യയിലെ പുണ്യതീര്‍ത്ഥാടന സ്ഥലമായ മക്ക കഴിഞ്ഞിട്ടേ കര്‍ബല പുണ്യ കേന്ദ്രമാകുന്നുള്ളൂ. അവര്‍ക്കാകട്ടെ, മക്കയില്‍ ചെയ്യുന്ന ഹജ്ജ് പൂര്‍ത്തിയാകണമെങ്കില്‍ ഇറാക്കിലെ കര്‍ബല കൂടി സന്ദര്‍ശിക്കണമെന്ന നിബന്ധനയുമുണ്ട്. ശിയാക്കളുടെ 'ഹജ്ജ്' നടക്കുന്ന സ്ഥലമെന്നു തന്നെയാണ് ഇന്ന് പലരും കര്‍ബലയെ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ അധിനിവേശാനന്തരം ഐസിസിന്റെ പതനം വരെ കര്‍ബലയിലേക്ക് ആളുകളുടെ ഒഴുക്കിനു കുറവ് വന്നെങ്കിലും ഐസിസിനു ശേഷം ലക്ഷോപലക്ഷം ആളുകളാണ് ഈ പുണ്യകേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്നത്. 

അര്‍ബഈനാത്ത്
''ഉഗ്രമായ സ്‌നേഹത്തിലേക്കുള്ള ദുര്‍ഘടമായ വഴിയാണ് അര്‍ബഈനാത്ത്'' മുഹറം പത്ത് മുതല്‍ തൊട്ടടുത്ത മാസമായ സഫര്‍ ഇരുപത് വരെയുള്ള നാല്‍പ്പത് ദിനങ്ങളെയാണ് 'അര്‍ബഈനാത്ത്' എന്ന് വിളിക്കുന്നത്. ഈ ദിനങ്ങളിലാണ് ഇമാം ഹുസൈന്‍(റ)ന്റെ ധീരമൃത്യുവിന്റെ ദു:ഖാചരണം. മുഹറം മാസത്തിലെ ആദ്യ പത്ത് ദിനങ്ങള്‍ ഇമാം ഹുസൈനോടുള്ള തങ്ങളുടെ ഭക്തിയും സ്‌നേഹവും അറിയിക്കുന്നതിനും പത്ത് മുതലുള്ള നാല്‍പ്പത് ദിനങ്ങള്‍  അവരുടെ വീര മരണത്തിനു അതീവ ദു:ഖം രേഖപ്പെടുത്താനുമുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു.  

വിലാപവും ആഘോഷവും
ഒരേസമയം വിലാപവും ആഘോഷവുമാണത്. ''കര്‍ബലയില്‍ ജീവത്യാഗം ചെയ്യേണ്ടിവന്ന ഇമാം ഹുസൈന് ജീവനും ചോരയും  നല്‍കാന്‍ ഞങ്ങളുണ്ടായിരുന്നില്ല'' എന്ന് ഉദ്‌ഘോഷിച്ചാണ് ശിയാക്കള്‍ ദേഹ പീഡ ചെയ്യുന്നത്. ഇത് വിലാപം. ഞങ്ങളുടെ പുണ്യനേതാവിനെ സ്മരിക്കാന്‍ ലോകത്തുടനീളമുള്ള ശിയാ വിശ്വാസികള്‍ കര്‍ബലയില്‍ സംഗമിക്കുന്നുവെന്നത് ആഘോഷവും. മുഹറത്തിലെ ഈ പുണ്യദിനങ്ങളില്‍ ഇവയിലേതെങ്കിലുമൊക്കെയായി ഇറാക്കിനു അകത്തും പുറത്തുമുള്ള ശിയാക്കളില്‍ അധികപേരും എങ്ങനെയും കര്‍ബലയില്‍ എത്താന്‍ ശ്രമിക്കുന്നു. ഈ ദിനങ്ങളില്‍ ഇമാം ഹുസൈന്‍ സമാധിപീഠം ഭക്തജന പ്രവാഹത്താല്‍ ആത്മപ്രഹര്‍ഷത്തിന്റെ കരിംകടലായി മാറുന്നു. (ദു:ഖം പ്രകടിപ്പിക്കാന്‍ സ്ത്രീ പുരുഷ ഭേദമെന്യേ കറുത്ത വസ്ത്രധാരികളായാണ് ആചാരങ്ങള്‍ക്ക് എത്തുന്നത്) ജീവിതത്തില്‍ ഒരിക്കലെങ്കിലും കര്‍ബല സന്ദര്‍ശിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ അപരിചിതരാവില്ലെന്ന് ലോകമെമ്പാടുമുള്ള ശിയാക്കള്‍ വിശ്വസിക്കുന്നു.

ശിയാ ഭൂരിപക്ഷമുള്ള ഇറാക്കില്‍ അവരുടെ ആരാധനകള്‍ക്ക് സര്‍വ്വ സുരക്ഷിതത്വവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇറാക്കിലെ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്നതുവരെ ശിയാക്കളുടെ കര്‍ബല തീര്‍ത്ഥാടനം ഏറെ ഭയപ്പാടോടുകൂടിയാണ് നടക്കുന്നത്. എന്നാല്‍, കര്‍ബലയില്‍ ആക്രമണം നടത്തുന്നവരോട് വിശുദ്ധ യുദ്ധം നടത്തുമെന്ന്  കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശിയാക്കള്‍ വെല്ലുവിളിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ പിന്നിടും തോറും കര്‍ബലയിലേക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആത്മീയോത്സവത്തിനും അനുഷ്ഠാനാചാരങ്ങള്‍ക്കും മാറ്റ് കൂടിവരികയുമാണ്. 

വിതാനങ്ങളാല്‍ തിളങ്ങുന്ന ആരാധനാലയം
കര്‍ബലയുടെ ഹൃദയഭാഗത്ത് അമ്പരപ്പിക്കുന്ന ആകാരഗരിമയുടെ തിളക്കത്തില്‍ രണ്ടു സ്വര്‍ണ്ണ കുബ്ബകളിലായി ഉയര്‍ന്നുനില്‍ക്കുന്ന ഇമാം ഹുസൈന്‍ പള്ളിയാണ്  ആരാധനകളുടെ പ്രധാന കേന്ദ്രം. ഈ പള്ളിയുടെ കുബ്ബകളും മിനാരങ്ങളും പ്രകാശിച്ചുനില്‍ക്കുന്ന അതിന്റെ അലങ്കാരങ്ങളുമാണ് സന്ദര്‍ശകരുടെ ആദ്യ ശ്രദ്ധ ക്ഷണിക്കുന്നത്. ഇമാം ഹുസൈന്റെ ശ്മശാനത്തിനടുത്തെത്തുമ്പോഴേക്കും സംവിധാനങ്ങളിലെ പൊലിമയും വര്‍ണ്ണാലങ്കാരങ്ങളും കൂടിവരുന്നതായി നമുക്ക് കാണാം. അത്രകണ്ട് ആകര്‍ഷണീയമാണ് അതിന്റെ ക്രമവിതാനം. ഇമാം ഹുസൈനു ബിനു അലിയ്യു ബ്നു അബീത്വാലിബ് എന്ന് നാമകരണവും ഈ പ്രധാന ആരാധനാലയത്തിനു മുന്നില്‍ വിളങ്ങിനില്‍ക്കുന്നതായി കാണാം. മുഹറമായാല്‍ ഈ പള്ളിയുടെ അലങ്കാരങ്ങള്‍ക്ക് ചെമപ്പുനിറമായിരിക്കും. വിശുദ്ധ നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മരത്തൂണുകളില്‍ പണിത വരിവരിയായി നില്‍ക്കുന്ന കുറേ വീടുകള്‍ കാണാം. പുരാതന വാസ്തുവിദ്യയില്‍ പണികഴിപ്പിച്ച കെട്ടിടങ്ങളും അവിടെ എമ്പാടുമുണ്ട്. സെക്യൂരിറ്റി ഗേറ്റ് കടന്ന് പത്ത് മിനിട്ടുകള്‍ നടന്നപ്പോള്‍ ഇമാം ഹുസൈന്റെ സമാധിപീഠം സ്ഥിതിചെയ്യുന്ന പുണ്യ സങ്കേതത്തിലെത്തി. ചെരുപ്പുകളും മൊബൈലും സൂക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങളുണ്ട്. പലയിടങ്ങളിലും പടമെടുപ്പ് അനുവദിക്കുന്നില്ല. മരത്തില്‍ പണികഴിപ്പിച്ച അതിര്‍ത്തി കവാടത്തിന്റെ ചുറ്റുമതിലിനു സ്ഫടികം കൊണ്ടുള്ള കീര്‍ത്തിമുദ്രയുണ്ട്. അതിലൂടെ പ്രവേശിച്ചു കഴിഞ്ഞാല്‍ ചെറിയ മുറികളുള്ള വിശാലമായ ചുറ്റുമതിലുള്ള പ്രദേശത്തെത്താം. അതിനു നടുവിലാണ് ഹുസൈന്റെ ഖബറിടം. നയനം കുളിര്‍പ്പിക്കുന ഇസ്ലാമിക കാലിഗ്രാഫിയുടെ വൈവിധ്യങ്ങളാല്‍ പണിത ശ്രീകോവിലില്‍ അല്പസമയം ചെലവഴിക്കുമ്പോള്‍ ആത്മീയതയുടെ അനുഭൂതിയാസ്വദിക്കാം. ബഹുമുഖ ശാഖകളാലലങ്കരിച്ച വെള്ളിവെളിച്ചങ്ങള്‍ക്കു ചുവട്ടില്‍ അല്പസമയം ചെലവഴിച്ചും അലംകൃത വാതിലുകള്‍ തൊട്ടുതലോടിയും ഭക്തജനം പ്രിയ ഹുസൈനെ ഓര്‍മ്മകളുടെ ഉച്ചിയിലെത്തിക്കുന്നു. ചിത്രകലയുടെ കീര്‍ത്തിമുദ്രകള്‍ പള്ളിയങ്കണത്തെ അഴകാര്‍ന്നതാക്കുന്നു. സ്വര്‍ണ്ണത്തിളക്കമുള്ള കൊത്തുപണികളാല്‍  പണികഴിപ്പിച്ച മാര്‍ബിള്‍ നിലങ്ങളിലിരുന്നും നിന്നും തീര്‍ത്ഥാടകര്‍ നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഇമാം ഹുസൈന്റെ ഓര്‍മ്മയില്‍ നെഞ്ചത്തടിച്ച് നടന്നും ആടിയും പാട്ടുകള്‍ പാടി തിമിര്‍ക്കുന്നു.     

ഇമാം ഹുസൈന്റെ പള്ളി
ഇമാം ഹുസൈന്റെ പള്ളി

ചതിയുടെ രാഷ്ടീയചരിതം
കര്‍ബലയില്‍ സംഭവിച്ച ഇമാം ഹുസൈന്റെ മരണത്തിനു പിന്നില്‍ ചതിയുടെ രാഷ്ട്രീയം കൂടിയുണ്ട്. ചതിക്കും കരാര്‍ലംഘനത്തിനും അറബികള്‍ പൊതുവെ  ഉപമ പറയാറുള്ളത് ഇറാഖിലെ കൂഫക്കാരെയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സച്ചരിതരായ നാലു ഖലീഫമാര്‍ക്ക് ശേഷമാണ് ഇസ്ലാമിക ചരിത്രത്തില്‍ രാജവാഴ്ച ആരംഭിക്കുന്നത്. അമവി ഭരണകൂടത്തിന്റെ ഒന്നാം അധിപനായിരുന്ന  മുആവിയയുടെ മരണശേഷം ഇറാക്കിലെ കൂഫയിലെ ജനങ്ങള്‍ മുസ്ലിങ്ങളുടെ ഭരണം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇമാം ഹുസൈനെ അങ്ങോട്ട് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് കുടുംബവുമായി കൂഫക്ക് പുറപ്പെടുന്നതിനു മുന്‍പ് മകനെ വിട്ട് അന്വേഷിക്കുകയും തൃപ്തികരമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, മുആവിയയുടെ ശേഷം അധികാരക്കൈമാറ്റം ലഭിച്ച മകന്‍ യസീദ് അദ്ദേഹത്തെ കൂഫയില്‍ എത്തുന്നത് തടയാനുള്ള നിര്‍ദ്ദേശം നല്‍കി. അതേസമയം, യസീദിനോട് ഇമാം ഹുസൈനു വിരോധമുണ്ടായിരുന്നില്ല. മറിച്ച് 'ഖിലാഫത്ത്' (ഇസ്ലാമിലെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന ജനാധിപത്യരീതി) തിരിച്ചുകൊണ്ട് വരിക എന്നതായിരുന്നു ഇമാം ഹുസ്സൈന്‍ ആഗ്രഹിച്ചത്. അത് ഭരണം അനന്തരമായി കിട്ടിയ യസീദിന്റെ അധികാരത്തെ ചോദ്യം ചെയ്യുമെന്ന് യസീദ് കണക്കുകൂട്ടി.  പക്ഷേ, കൂഫക്കാര്‍ അദ്ദേഹത്തിനു വലിയൊരു കെണിയൊരുക്കിയിരുന്നു. ഭരണമേറ്റെടുക്കാനുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചുവരുത്തിയ ഇമാം ഹുസൈനെ കൂഫയിലേക്കുള്ള വഴിയിലുള്ള കര്‍ബല എന്ന ചരിത്രപ്രസിദ്ധമായ സ്ഥലത്ത് (കൂഫയിലെ ഗവര്‍ണറുടെ നേതൃത്വത്തില്‍) നടന്ന യുദ്ധത്തില്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ചരിത്രം.

ഇമാം ഹുസൈന്റെ സ്മൃതികുടീരം
ആതിഥ്യമര്യാദയില്‍ പ്രവാചക നഗരി മദീനയോട്  മത്സരിക്കുന്ന സ്വീകരണം. സ്‌നേഹം പകരാന്‍ പരിശീലനം നേടിയ പരിചരണം. ഹുസൈന്‍ ശ്മശാനം സമചതുരത്തില്‍ വേറിട്ട് നിര്‍ത്തിയിട്ടുണ്ട്. അതിനു ചുറ്റും ചുകപ്പിലും വജ്രനിറത്തിലും വെട്ടിത്തിളങ്ങുന്ന പ്രകാശങ്ങളുടെ അലങ്കാരങ്ങള്‍. ഖബറിടത്തിനു ചുറ്റും സ്വര്‍ണ്ണജനാലകളാല്‍ അലങ്കരിച്ചിട്ടുണ്ട് ശ്മശാനത്തിന്റെ ആവരണങ്ങളും അതിലെ മഞ്ചത്തിന്റെ ക്രമീകരണവും ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. 'റവാഖ്' എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. മുകളിലും നാലുവശങ്ങളിലും മനോഹരമായ മറ്റലങ്കാരങ്ങളും ശ്മശാനത്തിനു ചുറ്റും നമുക്ക് കാണാം. വിശ്വാസികള്‍ ഹുസൈന്‍ (റ) ഖബറിടത്തെ ചുംബിച്ചും ആംഗ്യം കാണിച്ചും സ്പര്‍ശിച്ചും പ്രാര്‍ത്ഥിച്ചും അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്നു. ഇമാം ഹുസൈന്റെ ചാരത്തെത്തുമ്പോള്‍ തീര്‍ത്ഥാടകര്‍ കരഞ്ഞ് കണ്ണീര്‍ വാര്‍ക്കുന്നു. പുണ്യാത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി നെഞ്ചത്തടിച്ച് നിലവിളിക്കുന്നു. ചില വിശ്വാസികള്‍ അവരുടെ ആവശ്യങ്ങള്‍ ചോദിച്ചും തെറ്റുകള്‍ ഏറ്റുപറഞ്ഞും അശ്രു പൊഴിക്കുന്നു. പുറത്ത് നമസ്‌കരിക്കാനും ഇരുന്ന് പ്രാര്‍ത്ഥിക്കാനും സ്ഥലമുണ്ട്. ഖുര്‍ആനിലെ പ്രാരംഭ അധ്യായമെങ്കിലും പാരായണം ചെയ്ത് ഐച്ഛികമായി അല്പം നമസ്‌കരിക്കാന്‍ ആളുകള്‍ കാത്തുനില്‍ക്കുന്നതും കാണായി. 

മുന്നോട്ട് അഞ്ച് മിനിട്ടുകള്‍ നടന്നാല്‍ ജുംഹൂരിയയിലെത്താം. ഇമാം ഹുസൈന്‍ ക്യാമ്പ് ചെയ്ത സ്ഥലമാണിത്. ഖൈമഗാഹ് എന്നാണതിന്റെ പേര്. ഇവിടെ ഒരു സ്മാരകമന്ദിരം പണി കഴിപ്പിച്ചിട്ടുണ്ട്. ഇമാം ഹുസൈനും കുടുംബവും വിശ്രമിച്ച ടെന്റുകള്‍ ഇവിടെ കാണാം. ഇവിടെ ഖബറുകള്‍ ഇല്ല. സന്ദര്‍ശകത്തിരക്ക് പരിഗണിച്ച് ആളുകളെ വേഗം മുന്നോട്ട് നീക്കുന്നതില്‍ ബദ്ധശ്രദ്ധരാണ് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍. ഇമാം ഹുസൈന്റെ സ്മരണ പുതുക്കാനുതകുന്നവിധം   ഫ്‌ലക്സും ബാനറുകളും തോരണങ്ങളും തങ്ങളുടെ ഇമാമിനെ പുകഴ്ത്തിക്കൊണ്ട് കര്‍ബലക്ക് ചുറ്റും ഉയര്‍ത്തി നാട്ടിയിട്ടുണ്ട്. കറുപ്പും ചുകപ്പും നിറങ്ങളില്‍ വലിയ ഫ്‌ലക്സുകളില്‍ ഹുസൈന്‍ (റ), അബ്ബാസ് എന്നിവരുടെ പടവുമുണ്ട്. അകത്ത് കടന്നാല്‍ ഇമാമിന്റെ തിരുവചനങ്ങള്‍, ഇമാം അബ്ബാസ് ഇമാം  അലിയുടേയും വാക്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  

പള്ളിയിലേക്കുള്ള നടവഴിയിലെ തിരക്ക്
പള്ളിയിലേക്കുള്ള നടവഴിയിലെ തിരക്ക്


ഇമാം ഹുസൈന്റെ പള്ളിയില്‍നിന്ന് ഇമാം അബ്ബാസിന്റെ പേരിലുള്ള പള്ളിയിലേക്ക് മിനിട്ടുകളുടെ ദൂരമേയുള്ളൂ 'വിശുദ്ധ സങ്കേതങ്ങള്‍ക്കിടയില്‍' എന്ന് അര്‍ത്ഥം വരുന്ന ബൈനാല്‍ ഹറമൈന്‍ എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. വിശേഷ വേളകളില്‍ ഈ സ്ഥലങ്ങളെല്ലാം ഭക്തജനങ്ങളുടെ 'ലബ്ബൈക യാ ഹുസൈന്‍' വിളികളില്‍ മുഖരിതമാണ്. തീര്‍ത്ഥാടകര്‍ അല്പസമയമെങ്കിലും ഇവിടെ ഇരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്തും സുന്നത്ത് (ഐച്ഛികം) നമസ്‌കരിച്ചും കഴിച്ചുകൂട്ടുന്നു. ക്ഷീണം ബാധിച്ചവര്‍ ഒഴിവിനനുസരിച്ച് തൂണുകള്‍ ചാരിയുറങ്ങുന്നു. ജനത്തിരക്ക് കാരണം ഈ നാല്‍പ്പതു ദിവസങ്ങളില്‍ ഇവിടങ്ങളില്‍ നിയന്ത്രണമുണ്ട്. എന്നാലും കൂടിയിരുന്ന് തലയാട്ടിയും നെഞ്ചത്തടിച്ചും സ്ത്രീ പുരുഷ ഭേദമെന്യേ ഹുസൈന്‍ കീര്‍ത്തിഗാനങ്ങള്‍ ആലപിക്കാന്‍ ആളുകള്‍ വെമ്പല്‍ കാട്ടുന്നൊരിടമാണിത്. കട്ടികൂടിയ കാര്‍പ്പറ്റുകള്‍കൊണ്ട് ഇതിന്റെ നടപ്പാത മനോഹരമാക്കിയിട്ടുണ്ട്. ബൈനല്‍ ഹറമൈനിലെ നടപ്പാതയൊഴിച്ച് ബാക്കിയിടങ്ങളിലെല്ലാം ജനക്കൂട്ടമുണ്ട്. വിവിധ ദേശങ്ങളില്‍ നിന്നെത്തിയവരുടെ വ്യത്യസ്ത ഭാഷകളിലുള്ള ഹുസൈന്‍ ഗീതികളാല്‍ (ഇമാം ഹുസൈനെ പുകഴ്ത്തുന്ന ഗാനങ്ങള്‍) മുഖരിതമാണ് ഈ സ്ഥലം.  

ബൈനല്‍ ഹറമൈന്‍ നടന്നെത്തുന്നത് ഇമാം അലിയുടെ പുത്രനും ഹുസൈന്റെ സഹോദരനുമായ അബ്ബാസിന്റെ പള്ളിയിലും സമാധിപീഠത്തിലുമാണ്. ഹുസൈനോടൊപ്പം കര്‍ബലയില്‍ വീരമരണം വരിക്കുകയായിരുന്നു ഇമാം അബ്ബാസും. ഇമാം ഹുസൈന്റെ ഖബറിടത്തിന് അഭിമുഖമായാണ് അബ്ബാസിന്റെ ഖബറിടവും നിലകൊള്ളുന്നത്. ഇവിടെയും നല്ല തിരക്കുണ്ട്. അലങ്കാര വെളിച്ചങ്ങള്‍ ഇവിടെയും മനോഹരമായി വിതാനിച്ചിരിക്കുന്നു.  ശക്തമായ സുരക്ഷാക്രമീകരണങ്ങളിവിടെയുമുണ്ട്. രണ്ട് ശ്മശാനങ്ങളും ഒന്നിച്ച് സന്ദര്‍ശിക്കാവുന്ന രീതിയിലാണ് മറ്റു സജ്ജീകരണങ്ങള്‍. മൊബൈലുകള്‍ക്ക് ഇവിടെയും നിയന്ത്രണമാണ്. ആളുകള്‍ ഇവിടെയെത്തി രണ്ട് റക്കാത്ത് നമസ്‌കരിച്ച് പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുന്നതു കാണാം. 

കറുപ്പണിഞ്ഞെത്തുന്ന വിശ്വാസികള്‍
കറുപ്പണിഞ്ഞെത്തുന്ന വിശ്വാസികള്‍


400 കി.മീ വരെ നടന്നുകൊണ്ട് തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നുവെന്നത് അത്ഭുതകരമാണ്. ബാഗ്ദാദാണ് ഏറ്റവും അടുത്തുള്ളതെങ്കിലും നജഫ്, ബസറ എന്നീ വിമാനത്താവളങ്ങളും കര്‍ബലയിലേക്കെത്താന്‍ തീര്‍ത്ഥാടകര്‍ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍, കാല്‍നടയായി ബാഗ്ദാദില്‍നിന്ന് മൂന്ന് ദിവസം കൊണ്ട് കര്‍ബലയില്‍ എത്തുന്നവര്‍; കൂഫയില്‍നിന്ന് മൂന്ന് ദിവസം നടന്ന് കര്‍ബലയില്‍ എത്തുന്നവര്‍; ബസ്രയില്‍നിന്ന് പതിമൂന്നു ദിവസം നടന്നു ഈ പുണ്യനഗരിയില്‍ എത്തുന്നവര്‍; ഇറാനിന്റെ അതിര്‍ത്തിയില്‍നിന്ന് മുപ്പത്തിമൂന്ന് ദിവസം നടന്നു കര്‍ബലയില്‍ എത്തുന്നവരുമെല്ലാമുണ്ട്. മുഹറം മാസത്തില്‍ കര്‍ബലയില്‍ നടന്നെത്തിയാല്‍ അതിനു പ്രത്യേകം പുണ്യമുണ്ടെന്നാണ് വിശ്വസം. മൂന്ന് എന്ന അക്കത്തിനും വിശ്വാസപരമായി പ്രാധാന്യമുണ്ടത്രെ. ഇമാം ഹുസൈന്‍ നടന്നുകൊണ്ടാണ് കര്‍ബലയില്‍ എത്തിയത്, ഹുസൈന്റെ കുടുംബവുമായി ശാമിലെക്ക് (ഇന്നത്തെ സിറിയയിലെ ദമാസ്‌കസിലേക്ക്) നടന്നാണ് തിരികെ പോയത് തുടങ്ങിയ ചരിത്രങ്ങളാണ് ഈ നടത്തത്തിന് ആധാരമാക്കുന്നത്. നടന്നെത്തുന്നത് തീര്‍ത്ഥാടനത്തിനും അവിടെ നിര്‍വ്വഹിക്കുന്ന അനുഷ്ഠാനങ്ങള്‍ക്കും മാറ്റുകൂട്ടുമെന്നും അവര്‍ കരുതുന്നു. പ്രശ്‌നസാധ്യതകള്‍ കണക്കിലെടുത്ത് മൂന്നും നാലും കിലോമീറ്റര്‍ പരിധികളില്‍ കര്‍ശനമായ പരിശോധനകളുമുണ്ട്. സ്ത്രീകളും കുട്ടികളുമെല്ലാം നടന്നു ക്ഷീണമേല്‍ക്കാതിരിക്കാന്‍ ഭരണകൂടം ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവശ്യസാധനങ്ങളും ഭക്ഷണവും മാത്രമല്ല, തലചായ്ക്കാന്‍ വിശ്രമകേന്ദ്രങ്ങള്‍ വരെ റെഡിയാണ്. വഴിയോരത്ത് വിശ്രമിക്കാനുള്ള ടെന്റുകളില്‍ കുളിമുറികളുള്‍പ്പെടെ അവശ്യം വേണ്ട എല്ലാം ഒരുക്കിയിട്ടുണ്ട്. അതിഥി തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വഴിയോരങ്ങളില്‍ സ്വന്തമായ സംവിധാനങ്ങളൊരുക്കി നാട്ടുകാരും തീര്‍ത്ഥാടകരെ സഹായിക്കുന്നു. ചില നാട്ടുകാര്‍ വിശുദ്ധ ഭൂമിയിലെത്തുന്നവരെ അതിഥിയായി വീട്ടിലേക്ക് കൊണ്ടുപോകുന്നു. അതിഥികളെ അറബ് ആതിഥേയത്വം അനുഭവിപ്പിക്കാന്‍ രണ്ടും മൂന്നും ദിവസങ്ങള്‍ കൂടെ താമസിപ്പിക്കുന്നു. റെഡിമെയ്ഡ് ടെന്റുകള്‍ കെട്ടി ഒഴിഞ്ഞ സ്ഥലത്ത് രാത്രി കഴിച്ചുകൂട്ടുന്ന തീര്‍ത്ഥാടകരേയും കാണാം. 

കര്‍ബലയിലെ ഭോജനശാലകള്‍
വിമാനത്താവളങ്ങളില്‍നിന്നും കര്‍ബലയിലേക്കുള്ള വഴിയോരങ്ങളില്‍  മുഹറം സഫര്‍ മാസങ്ങളില്‍ തിരക്കൊഴിഞ്ഞ നേരമില്ല. വഴിയോരങ്ങളില്‍ വിഭവങ്ങളൊരുക്കാന്‍  ഓരോ വീട്ടുകാര്‍ക്കും ഭരണകൂടം 800 ഡോളര്‍ വരെ അനുവദിക്കുന്നു. വലിയ ചെമ്പുകളില്‍ ചോറും കീമയും (ഇറച്ചിയരച്ചത്) മറ്റു വിഭവങ്ങളുമായി തീര്‍ത്ഥാടകരെ വീട്ടുകാര്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. ഇറാക്കിലെ പ്രത്യേക ഭക്ഷണമായ കബാബും ഡോള്‍മയുമെല്ലാം (പച്ചക്കറികളിലും മുന്തിരിയിലയിലും ഇറച്ചിച്ചോറുനിറച്ചുണ്ടാക്കുന്ന വിഭവം) ഉണ്ടാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ഒരു മാസം മുന്നേ ആരംഭിക്കുമെന്ന് പ്രായമായ, എന്നാല്‍ ചുറുചുറുക്കുള്ള ഒരു വീട്ടമ്മ ഞങ്ങളോട് പറഞ്ഞു.  എന്നാല്‍ വെള്ളവും അവശ്യ സഹായങ്ങളും ഭരണകൂടം തന്നെ പാതയോരങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. കൈവണ്ടികളില്‍ ഘടിപ്പിച്ച കഫ്തീരിയകളും മൊബൈല്‍ റസ്റ്റോറന്റുകളും കര്‍ബലയെത്തും വരെയും കാണാവുന്നതാണ്. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഈ വഴികളില്‍ സുലഭമാണ്. തണുപ്പിന്റെ ആരവങ്ങള്‍ ഉള്ളതിനാല്‍ സ്വെറ്റര്‍ കച്ചവടക്കാരും ആവശ്യത്തിനുള്ള ടെക്സ്റ്റൈല്‍സ് ഉല്പന്നങ്ങളും മറ്റു വഴിവാണിഭ വില്‍പ്പനക്കാരുമുണ്ട്. ഉദാരതയുടെ കൊടിയടയാളങ്ങളും ഇവിടെ പ്രകടമാണ്. സര്‍വ്വീസ് സ്റ്റേഷനുകളില്‍ തീര്‍ത്ഥാടകര്‍ക്ക് ഫ്രീ ആയി ഭക്ഷണം ലഭിക്കുന്ന കൗണ്ടറുകളുണ്ട്.  

തീര്‍ത്ഥാടകപ്രവാഹം
തീര്‍ത്ഥാടകപ്രവാഹം


കര്‍ബലയിലെത്തിയാല്‍ വലിയ പാചകശാലകള്‍ കാണാം. ഇവിടന്നാണ് തീര്‍ത്ഥാടകര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. വലിയ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും ഭക്ഷണമൊരുക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. പതിനായിരം ആളുകള്‍ക്ക് ഇരുന്നു കഴിക്കാനുള്ള പന്തലുമുണ്ട്. സൗജന്യമായി കിട്ടുന്ന സ്ഥലങ്ങള്‍ പാവങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളതാണ്. ഈ ദിവസങ്ങളിലെ കച്ചവടത്തെക്കുറിച്ച് വെറുതെ ഒന്ന് ചോദിച്ചു. തിരക്കുള്ള ദിവസങ്ങളില്‍ ഒരു ലക്ഷം ഡോളര്‍ വരെ പന്തലിനകത്ത് കച്ചവടം ചെയ്യുന്നവര്‍ക്ക് കിട്ടുന്നുണ്ട്. അതില്‍നിന്ന് നിശ്ചിത ശതമാനം അവിടെ കൊടുക്കണമെന്ന് കൂട്ടുകാരില്‍ ഒരാള്‍ കാതില്‍ പറഞ്ഞു. വ്യത്യസ്ത തരം ഭക്ഷണങ്ങള്‍ ഒരുക്കിയ ഭോജനശാലകള്‍ കുറച്ചു നീങ്ങിയാല്‍ കാണാം. തുര്‍ക്കിഷ് വിഭവങ്ങള്‍ക്കും ഇറാഖി പരമ്പരാഗത ഭക്ഷണയിനങ്ങള്‍ക്കുമാണ് പ്രിയം. എല്ലാ അറബി ദേശങ്ങളിലേയും കൗണ്ടറുകള്‍ ഉണ്ട്. പാകിസ്താനില്‍നിന്നു എത്തിയവര്‍ക്കുള്ള പ്രത്യേക ഭക്ഷണശാലയും ശ്രദ്ധേയമായി അനുഭവപ്പെട്ടു.  

സൈനബിന്റെ പള്ളി
ഇമാം ഹുസൈന്റെ പള്ളിക്കടുത്തായി സൈനബിന്റെ പള്ളിയും കാണാനായി. കര്‍ബലയില്‍ യസീദിനെ വെല്ലുവിളിച്ച സൈനബ് ചരിത്രത്തിലെ സ്ത്രീ നവോത്ഥാന നായികയും സത്യത്തിനുവേണ്ടീ പോരാടിയ ധീരവനിതയുമാണ്. തന്റെ സഹോദരനെ വധിക്കുന്നതിലേക്ക് നയിച്ച കര്‍ബല സംഭവങ്ങള്‍ കൂടെയുണ്ടായിരുന്ന പ്രവാചക പിതൃവ്യന്‍ അലിയ്യുബിനു അബീത്വാലിബിന്റെ പുത്രി സൈനബിനെ വല്ലാതെ വേദനിപ്പിച്ചു.  ഇമാം ഹുസൈന്‍ പോരാടിയ സ്ഥലം സഹോദരിയായ സൈനബ് നോക്കിക്കാണുകയും ഭരണാധികാരിയായ യസീദിനെ വെല്ലുവിളിക്കുകയും ചെയ്ത സ്ഥലത്ത് അവരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച മനോഹരമായ പള്ളിയാണ് മസ്ജിദ് ബിന്‍ത്തു അലിയ്യുബിനു അബീതാലിബ്.  താല്‍ അല്‍ സൈനബ് എന്നാണതിന് അവിടെ പറയുന്നത്. യുദ്ധം കൊടുമ്പിരികൊണ്ട പ്രദേശത്താണ് ഈ പള്ളി പണികഴിപ്പിച്ചിട്ടുള്ളത്. കര്‍ബല സന്ദര്‍ശിക്കുന്നവര്‍ ഈ പള്ളിയും ആരാധനയോടെ സന്ദര്‍ശിക്കുന്നു.   

ഒരു രാജ്യത്തും പല രാജ്യങ്ങളിലുമായി ചിന്നിച്ചിതറിക്കഴിയുന്നവരെല്ലാം ഇവിടെയെത്തുമ്പോള്‍ ഐക്യത്തിന്റെ ഒരുമയില്‍ വീണമീട്ടുന്നു. ഇറാന്‍ അതിര്‍ത്തിയിലെ കൂറ്റന്‍ കമ്പിവേലികളെല്ലാം 'യാ ഹുസൈന്‍' വിളികള്‍ക്കു മുന്‍പില്‍ വഴിമാറുന്നു.  കര്‍ബലയില്‍നിന്നും മടങ്ങുമ്പോള്‍ നിലവിളികള്‍ ചിതറിത്തെറിച്ച ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ മനസ്സില്‍ മിന്നിമറഞ്ഞു. നന്മയുടെ തിരുവടയാളങ്ങള്‍ക്ക് എന്നും ചതിയുടേയും അധികാരദുരയുടേയും കറുത്ത രാഷ്ട്രീയങ്ങള്‍ പ്രതിബന്ധമായിട്ടുണ്ട്. വീരഗാഥകള്‍ നിലക്കുന്നില്ല; നന്മകള്‍ അവസാനിക്കുന്നുമില്ല...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com