അതിര്‍ത്തിപ്രദേശങ്ങളും അയല്‍രാജ്യങ്ങളും: ചൈന, പാകിസ്താന്‍ അതിര്‍ത്തികളെക്കുറിച്ച് സേതു

അതിര്‍ത്തിപ്രദേശങ്ങളും അയല്‍രാജ്യങ്ങളും: ചൈന, പാകിസ്താന്‍ അതിര്‍ത്തികളെക്കുറിച്ച് സേതു

യല്‍രാജ്യങ്ങളുടെ നോട്ടം എപ്പോഴും തങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേക്കാവും ചെല്ലുകയെന്ന് കേട്ടിട്ടുണ്ട്. പണ്ടത്തെ നാട്ടുരാജ്യങ്ങളുടെ കാലത്ത് ഇത്തരം നോട്ടങ്ങളുടെ പരിധിക്കു പരിമിതിയുണ്ടായിരുന്നു. പക്ഷേ, ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ലോകം മുഴുവനും ഒറ്റ നോട്ടത്തില്‍ കിട്ടുമ്പോള്‍ അത്തരം കാഴ്ചകള്‍ക്കു പരിധിയും പരിമിതിയും നിശ്ചയിക്കുക അസാദ്ധ്യം. അയല്‍ക്കാരില്‍ ചിലര്‍ സാമാന്യം ചുറ്റുപാടും കൈമിടുക്കുമുള്ളവരാകുമ്പോള്‍ പ്രത്യേകിച്ചും. പണ്ട് നാട്ടിന്‍പുറത്തെ ചില കാരണവന്മാര്‍ രാവുക്ക്രാവ് അതിരുകളിലിരുന്ന് മണ്ണ് മാന്തിയതിന്റേയും അതിര്‍ത്തിക്കല്ലുകള്‍ മാറ്റിക്കുത്തിയതിനെപ്പറ്റിയുമൊക്കെയുള്ള കഥകള്‍ നിരവധിയാണ്.  തുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങള്‍ അടിപിടിയിലും കത്തിക്കുത്തിലുമൊക്കെ അവസാനിക്കുക സ്വാഭാവികവും. ഇത് അതിന്റെ സാമാന്യം വലിയ പതിപ്പാണെന്നു മാത്രം. 

അത്തരത്തില്‍ 'നാം നമ്മുടേതും അവര്‍ അവരുടേതുമെന്ന്' അവകാശപ്പെടുന്ന അത്തരം പല പ്രദേശങ്ങളും, അതേച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്.  ഇന്ത്യയുടെ കാര്യത്തിലാണെങ്കില്‍ ചൈനയും പാകിസ്താനുമായുള്ള ഇത്തരം തര്‍ക്കങ്ങള്‍ അതത് മേഖലയിലെ സമാധാനത്തിനു തന്നെ എക്കാലത്തേക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് പറയാതെ വയ്യ.  1914-ല്‍ ബ്രിട്ടീഷുകാര്‍ അന്നത്തെ ടിബറ്റന്‍ സര്‍ക്കാരുമായി ഒപ്പിട്ട സിംല കരാറിനേയും അതിന്റെ ഭാഗമായി ഉണ്ടായ മക്മോഹന്‍ രേഖയേയും ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ല. അന്നത് ഒപ്പിടുമ്പോള്‍ ഒരുകാലത്ത് നാട്ടു മൂപ്പന്മാര്‍ ഭരിച്ചിരുന്ന ടിബറ്റ് ഒരു പരമാധികാര റിപ്പബ്ലിക് അല്ലാതിരുന്നതുകൊണ്ട് അവര്‍ക്കതിന് അധികാരമില്ലായിരുന്നുവെന്നാണ് ചൈനയുടെ വാദം. അതേച്ചൊല്ലി 1962-ല്‍ നടന്ന യുദ്ധം നമുക്കുണ്ടാക്കിയ നാശനഷ്ടങ്ങള്‍ ചെറുതല്ല. കുറേക്കാലം 'ഭായി ഭായി' പറഞ്ഞ് തോളത്തു കൈയിട്ടു നടന്നവര്‍ നടത്തിയ പടപ്പുറപ്പാട്  രാജ്യത്തിന്റെ സ്വാഭിമാനത്തിനു വലിയ മുറിവേല്‍പ്പിക്കുകയും ചെയ്തു. 
ഇന്ത്യ-ചൈന അതിര്‍ത്തിയുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളിലേയും ഉന്നതര്‍ പിന്നീട് നിരവധി സന്ധിസംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നത് സത്യമാണ്. ഇപ്പോള്‍ അതിന്റെ നിഴല്‍ നമ്മുടെ അരുണാചല്‍പ്രദേശ് സംസ്ഥാനത്തിലേക്കും  നീണ്ടു കിടക്കുന്നുണ്ട്. നാം നമ്മുടേതെന്നും അവര്‍ അവരുടേതുമെന്നും അവകാശപ്പെടുന്ന പ്രദേശം. മക്മോഹന്‍ തര്‍ക്കത്തിന്റെ മറ്റൊരു ശേഷിപ്പ്. ചൈനയെ സംബന്ധിച്ചിടത്തോളം ഇത് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണ്; അതുകൊണ്ട് ആ പ്രദേശത്തെ തങ്ങളുടെ  ഒരു സംസ്ഥാനമാക്കാന്‍ ഇന്ത്യക്ക് യാതൊരു  അവകാശവുമില്ലെന്ന് അവര്‍ വാദിക്കുന്നു. ഈയിടെ നമ്മുടെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പറയാന്‍ അരുണാചലില്‍ പോയപ്പോള്‍ ചൈനയുണ്ടാക്കിയ പുകില് വലുതായിരുന്നു. കൈ പിടിച്ചു കുലുക്കലും കെട്ടിപ്പിടിത്തവുമൊക്കെ വേറെ. ഇത് വകുപ്പ് മറ്റൊന്ന്. 

പൊതുവെ സങ്കീര്‍ണ്ണമായൊരു മേഖലയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടേത്. ഏഴ് സഹോദരിമാര്‍ എന്ന പേരിലാണ് ഈ ഏഴ് സംസ്ഥാനങ്ങളും അറിയപ്പെടുന്നതെങ്കിലും വലിയ ചേര്‍ച്ചയില്ല ഈ സഹോദരിമാര്‍ തമ്മില്‍. അവരുടെയെല്ലാം  ആവശ്യങ്ങളും പ്രശ്‌നങ്ങളും വ്യത്യസ്തമാണ്. ചില സാമ്യങ്ങളുണ്ടെങ്കിലും സംസ്‌കാരത്തിലും മൊഴികളിലും ചില ചെറിയ വ്യത്യാസങ്ങളുമുണ്ട്. മിക്കവാറും എല്ലാ സംസ്ഥാനങ്ങള്‍ക്കും അന്താരാഷ്ട്ര അതിര്‍ത്തികളുണ്ടെന്നത് അവിടത്തെ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. കാരണം, ജനങ്ങളുടെ ചെറിയ പ്രശ്‌നങ്ങളെപ്പോലും പെരുപ്പിച്ച് അവരുടെ ഇടയില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ കെല്‍പ്പുള്ള  അയല്‍ക്കാര്‍ ഉണ്ടെങ്കില്‍ ശത്രുക്കള്‍ വേറെ വേണ്ടല്ലോ. 

വിരലിലെണ്ണാവുന്നത്ര അംഗീകൃത ഭാഷകളേ ആ മേഖലയില്‍ ഉള്ളുവെങ്കിലും ഇരുന്നൂറിലേറെ തനത് മൊഴികളുണ്ടെന്നാണ് പറയപ്പെടുന്നത്. അത്രയേറെ വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളുള്ള ഗോത്രവര്‍ഗ്ഗങ്ങള്‍ അവിടെയുണ്ടത്രെ. പ്രധാന ഭാഷകള്‍ ആസാമീസ്, മണിപ്പുരി, ബംഗാളി തുടങ്ങിയവയാണെങ്കിലും ഓരോ പ്രദേശവും തങ്ങളുടെ മൊഴികളെ വളരെയേറെ വൈകാരികമായി സ്‌നേഹിക്കുന്നു. കലയ്ക്കും സാഹിത്യത്തിനും വളക്കൂറുള്ള നാടാണ് ബ്രഹ്മപുത്രയൊഴുകുന്ന ദേശങ്ങള്‍. പക്ഷേ, ഭാഷയും ഗോത്രങ്ങളുമുള്ളതു പോലെ അസംഖ്യം വിഘടനവാദി സംഘടനകളുമുണ്ട് ഈ മേഖലയില്‍. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തുമില്ലാത്തത്ര സംഘടനകള്‍. അവര്‍ക്ക് പണവും  മുന്തിയ കോപ്പുകളും കൊടുക്കാന്‍ തയ്യാറായ അയല്‍ക്കാരുമുണ്ട്, പ്രത്യേകിച്ചും ചൈന. പന്തിയില്‍ പക്ഷഭേദമില്ലെന്ന മട്ടില്‍ എല്ലാ പ്രദേശങ്ങള്‍ക്കുമുണ്ട് അവരുടേതായ തീവ്രവാദി സംഘടനകള്‍. അവയുടെ ചുരുക്കപ്പേരുകള്‍ക്കായി ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയിലെ പ്രധാന അക്ഷരങ്ങള്‍ മിക്കവാറും തീര്‍ന്നിരിക്കുന്നു. HPCD, HNLC, KLNLF, NDFB, NSCN, NCLT, NLFT, PLA, ULFA, UNLF, UPDS... അങ്ങനെ അങ്ങനെ... കേട്ടാല്‍ ആരും കൈകൂപ്പിപ്പോകും.

അസ്വസ്ഥമായൊരു ജനത
കാര്യമായൊരു രാഷ്ട്രീയമാറ്റത്തിനു വഴിതെളിച്ചത് ഏതാണ്ട് ആറ് വര്‍ഷക്കാലത്തോളം അസമില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമായിരുന്നു. അസമിലെ ആ പ്രക്ഷോഭത്തിനു  പുറകിലുള്ള പ്രധാന കാരണം ബംഗ്ലാദേശില്‍നിന്ന് നുഴഞ്ഞുകയറുന്ന അഭയാര്‍ത്ഥികളായിരുന്നെങ്കിലും മറ്റു ചില ഘടകങ്ങളേയും കാണാതെ വയ്യ. മണ്ണിന്റെ മക്കള്‍ വാദം രാജ്യത്തിന്റെ പല ഭാഗങ്ങളിലും അലയടിച്ചു വന്നിരുന്ന കാലത്ത് താരതമ്യേന തൊഴില്‍ സാദ്ധ്യതകള്‍ കുറഞ്ഞ സംസ്ഥാനത്തേക്ക് മറ്റുള്ളവരുടെ തള്ളിക്കയറ്റം അവരെ സ്വാഭാവികമായും അസ്വസ്ഥരാക്കി. അസമിലെ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ താരതമ്യേന വിദ്യാസമ്പന്നരായ ബംഗാളികളുടെ കൈയിലായിരുന്നെങ്കില്‍ കച്ചവടരംഗം ഏതാണ്ട് പൂര്‍ണ്ണമായും ബംഗാളി കൂടി സംസാരിക്കുന്ന മാര്‍വാഡികളുടെ കുത്തകയായിരുന്നു. അസമുമായി യാതൊരു ബന്ധവുമില്ലാത്ത, വരത്തരും സമര്‍ത്ഥരുമായ മാര്‍വാഡികള്‍ തങ്ങളെ പതിറ്റാണ്ടുകളായി ചൂഷണം ചെയ്യുകയായിരുന്നെന്ന തിരിച്ചറിവ് ന്യായമായും അവരെ അസ്വസ്ഥരാക്കി. എന്തായാലും, ആ പ്രക്ഷോഭത്തിലൂടെ 1985-ല്‍ രൂപംകൊണ്ട അസംഗണ പരിഷത്ത് എന്ന സംഘടന പ്രഫുല്ല കുമാര്‍ മഹന്തയുടെ നേതൃത്വത്തില്‍ രണ്ടു തവണ സംസ്ഥാനത്ത് അധികാരത്തില്‍ വരികയുമുണ്ടായെന്നത് ശ്രദ്ധേയമാണ്.

അങ്ങനെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പറയാനുണ്ടായിരുന്നു അവരുടേതായ കദനകഥകള്‍. ഇതില്‍ വളരെ പ്രധാനമായിരുന്നു എന്നും സംഘര്‍ഷഭരിതമായ മണിപ്പൂരിലെ സ്ഥിതി. ഏകദേശം ആറോളം പ്രാദേശിക  തീവ്രവാദി സംഘടനകള്‍ അവിടെ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ടത്രെ. ഇവര്‍ക്ക് ഒരു ഏകോപനസമിതിയുമുണ്ട്. മാത്രമല്ല, ഇവര്‍ക്കു  വേണ്ട സന്നാഹങ്ങള്‍ സമയാസമയങ്ങളില്‍ ഒരുക്കിക്കൊടുക്കാനായി അയല്‍പ്രദേശങ്ങളുമുണ്ട്. രാഷ്ട്രീയമായ സമവായം ഏറെക്കുറെ അസാദ്ധ്യമായപ്പോള്‍ പൊലീസിനേയും പട്ടാളത്തിനേയും ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തല്‍ സാധാരണമായി. പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇത്തരം ഏറ്റുമുട്ടലുകളില്‍ ഇരുവശത്തുമായി ആയിരക്കണക്കിനു ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ്  കണക്ക്. നിരന്തരമായ പൊട്ടിത്തെറികളും വെടിയൊച്ചകളും സാധാരണമായിരുന്നു മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാല്‍ പട്ടണത്തില്‍... ഇംഗ്ലീഷിലും മണിപ്പൂരിയിലും നന്നായി കവിതയെഴുതുന്ന എന്റെ പഴയൊരു സുഹൃത്ത് റോബര്‍ട്ട് ന്‌ഗോം മുന്‍പ് പറഞ്ഞത് ഓര്‍മ്മ വരുന്നു  ''എന്റെ കവിതയുടെ ഉറവ് വറ്റിവരണ്ടു പോകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. നാലുചുറ്റും വെടിയൊച്ചകള്‍ കേള്‍ക്കുമ്പോള്‍  എങ്ങനെ കവിത എഴുതാനാണ്? ജീവരക്ഷയാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രശ്‌നം.'' തീവ്രവാദികളും സൈന്യവും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ അങ്ങനെ കൊല്ലപ്പെടുന്നവരുടെ കൂട്ടത്തില്‍ നിരപരാധികളും പെടാതെ യിരിക്കില്ല. തിരിച്ചറിയാനുള്ള കഴിവില്ലല്ലോ കൈവിട്ട വെടിയുണ്ടകള്‍ക്ക്. അങ്ങനെ മണിപ്പൂരിലെ മണ്ണ് ആയിരക്കണക്കിന് വിധവകളുടെ കണ്ണീര്‍ വീണ് കുതിര്‍ന്നിരിക്കുന്നുവത്രെ.

ഇത്തരമൊരു ചുറ്റുപാടില്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ വടക്ക് കിഴക്കന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനായി മൂന്ന് വര്‍ഷം മുന്‍പ് അവിടെ പോയത് ഓര്‍മ്മ വരുന്നു. നഗരത്തിലെ അന്നത്തെ അവസ്ഥയെപ്പറ്റി പേടിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്. നഗരം ഏതാണ്ട് പട്ടാളത്തിന്റെ നിയന്ത്രണത്തിലായിരുന്നു. രാത്രി കര്‍ഫ്യൂവാണെങ്കില്‍ പകല്‍ 144-ാം വകുപ്പനുസരിച്ചുള്ള നിരോധനാജ്ഞയുണ്ട്. അങ്ങനെയുള്ള അന്തരീക്ഷത്തില്‍ സമ്മേളനം നടക്കുമോയെന്ന കാര്യം തന്നെ സംശയമായിരുന്നു. ടിക്കറ്റുകള്‍ എത്തിയിരുന്നെങ്കിലും സംഘാടകരുമായി തലേ ദിവസം വൈകിട്ട് വരെ തുടര്‍ച്ചയായ ബന്ധം പുലര്‍ത്തി ഉറപ്പ് വരുത്തിയിട്ടാണ് ഒടുവില്‍ കൊച്ചിയില്‍നിന്ന് വിമാനം കയറിയത്. 

പൗരത്വം പുകയുന്ന പ്രശ്‌നം
അവിടെ ചെന്നപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന ആ സമ്മേളനത്തിന് അധികാരികളുടെ പ്രത്യേകാനുമതി കിട്ടിയിട്ടുണ്ടെന്നറിഞ്ഞു. പക്ഷേ, നഗരത്തില്‍ നിരോധനാജ്ഞയുള്ളതുകൊണ്ട് പുറത്ത് അധിക നേരം ചുറ്റിക്കറങ്ങരുതെന്ന കര്‍ശനമായ നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രധാന നിരത്തുകളില്‍ അവിടവിടെയായി ആയുധധാരികളായ പട്ടാളവും സി.ആര്‍.പി.എഫും കാവല്‍നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്കുള്ള കവചമായി പല  മൂലകളിലും മണല്‍ച്ചാക്കുകളും അട്ടിയിട്ടിട്ടുണ്ട്. രാത്രിയില്‍ കര്‍ഫ്യൂ ഉള്ളതു കൊണ്ട് പുറത്തിറങ്ങാതെ സൂക്ഷിക്കേണ്ടിവന്നുവെങ്കിലും വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ കഴിച്ചുകൂട്ടി. 

വടക്ക് കിഴക്കന്‍ മേഖലയിലെ തീവ്രവാദി സംഘടനകള്‍ക്കെല്ലാം പൊതുവെ ഒരു ഇന്ത്യാ വിരുദ്ധ മനോഭാവമുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അവരുടെ പ്രാദേശിക വികാരങ്ങളെ മാനിക്കാതെ, സാമാന്യ ജനതയെ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി കാലാകാലങ്ങളായി കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ഭരണകൂടങ്ങളും വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നതും പ്രസക്തമാണ്. അന്തമില്ലാത്ത സന്ധിസംഭാഷണങ്ങള്‍ അങ്ങനെ നീണ്ടു പോയന്നു മാത്രം. കുറേക്കൂടി സാന്ദ്രമായ തിരിച്ചറിവ് കിട്ടിയപ്പോഴേക്കും വളരെ വൈകിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് വരുമ്പോള്‍ എല്ലാം പൊലീസിനു വിട്ടുകൊടുക്കുകയെന്ന നയം പലപ്പോഴും തിരിച്ചടിക്കുന്നതും നാം കണ്ടുകഴിഞ്ഞു.   

ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍  കൊണ്ടുവന്ന പൗരത്വ ബില്‍ വിവിധ മതവിഭാഗങ്ങള്‍ ക്കിടയില്‍ വിഭാഗീയ ചിന്തകള്‍ പരത്തുമെന്ന ആശങ്കകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പരന്നിട്ടുണ്ട്. പ്രതിഷേധ സൂചകമായി നിരവധി പ്രകടനങ്ങളും നടന്നുകഴിഞ്ഞു. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ബംഗ്ലാദേശികളില്‍നിന്നു കുടിയേറുന്ന ഹിന്ദുക്കളെ എളുപ്പത്തില്‍ ഇന്ത്യന്‍ പൗരന്മാരാക്കാനുള്ള വ്യവസ്ഥകള്‍ അതിലുണ്ടെന്നാണ് ആരോപണം. ലോക്സഭ പാസ്സാക്കിക്കഴിഞ്ഞ ഈ ബില്‍ മറ്റു കടമ്പകളും കടന്ന് ഒടുവില്‍ നിയമമാകുമോയെന്ന് കണ്ടറിയണം. എന്തായാലും, കലുഷിതമായൊരു അന്തരീക്ഷമുള്ള മേഖലയില്‍, അകത്തുനിന്നും പുറത്തുനിന്നുമുള്ള  ഒട്ടേറെ ക്ഷുദ്രശക്തികളുടെ കണ്‍മുന്‍പില്‍, മതസ്പര്‍ദ്ധയുണ്ടാക്കുന്ന നീക്കങ്ങള്‍ തീകൊണ്ടുള്ള കളിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മിക്കവാറും എല്ലാ സംസ്ഥാനങ്ങള്‍ക്കും വിദേശരാജ്യങ്ങളുമായുള്ള അതിര്‍ത്തിയുള്ളതുകൊണ്ട് ഇതിനെ ലാഘവബോധത്തോടെ കാണാനാവില്ല.  ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ വിഷയങ്ങളില്‍ ചെറിയൊരു തിരിച്ചടി കിട്ടിയ ചൈന ഭാവിയില്‍ കിട്ടിയേക്കാവുന്ന  അവസരങ്ങള്‍ പാഴാക്കാനുമിടയില്ല. എന്തായാലും, പ്രദേശവാസികളുടെ സഹായമില്ലാതെ തീവ്രവാദികള്‍ക്ക് ഇതുപോലെ സൈ്വര്യമായി വിഹരിക്കാനാവില്ലെന്നത് ഉറപ്പാണ്.

വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലേതിനെക്കാള്‍    വളരെ സങ്കീര്‍ണ്ണമാണ് കശ്മീരിലെ കാര്യങ്ങള്‍. സ്വാതന്ത്യ്രാനന്തര കാലഘട്ടത്തിലെ  ഒരിക്കലും ഉണങ്ങാത്ത മുറിവായി അത് ഇന്നും അവശേഷിക്കുന്നു. പ്രാദേശികതയും രാഷ്ട്രീയവും മതവും വിദേശനയവുമെല്ലാം കൂടിക്കുഴഞ്ഞ് കിടക്കുമ്പോള്‍ മുന്‍പോട്ടുള്ള പാത എളുപ്പമല്ല... ഇവിടെ ഇത്തിരി പഴയ ചരിത്രം, ആവര്‍ത്തനമാണെങ്കിലും... വിഭജന സമയത്ത് നാട്ടുരാജാക്കന്മാരെല്ലാം തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടിരുന്നപ്പോള്‍ അന്നത്തെ കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങ് ഒരു തീരുമാനവുമെടുക്കാതെ നിഷ്പക്ഷത പാലിക്കുകയായിരുന്നു. കാരണം, രാജാവ് ഹിന്ദുവും പ്രജകളില്‍ ഭൂരിപക്ഷവും മുസ്ലിങ്ങളുമായിരുന്നു. രാജഹിതവും ജനഹിതവും വിപരീതമാകുമ്പോള്‍ എന്താകണം നേരായ രാജധര്‍മ്മം എന്ന പഴയ ചോദ്യം അദ്ദേഹത്തെ അലട്ടിയിരിക്കണം. തെക്ക് ഹൈദരാബാദിലായിരുന്നെങ്കില്‍ നേരെ മറിച്ചായിരുന്നു സ്ഥിതി. അവിടെ നൈസാം മുസ്ലിമും പ്രജകളിലെ ഭൂരിപക്ഷവും ഹിന്ദുക്കളുമായിരുന്നു. നൈസാമിനായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. രാജഹിതം തന്നെയാവില്ലേ ജനഹിതവും എന്ന ഉറപ്പില്‍ 'സ്വതന്ത്ര ഹൈദരാബാദിന്' വേണ്ടി വാദിക്കാന്‍ മൂപ്പര്‍ക്ക് മടിയുണ്ടായിരുന്നില്ല. പക്ഷേ, സര്‍ദാര്‍ പട്ടേലിന് അത് തീരെയങ്ങ്  ഏറ്റില്ലെന്നത് വേറെ കാര്യം. എന്തായാലും, കശ്മീരി ജനനേതാവായ  ഷേഖ് അബ്ദുള്ളയ്ക്ക് പാകിസ്താനോട് തീരെ അനുഭാവമുണ്ടായിരുന്നില്ല. ആ കുടുംബം എന്നും ഇന്ത്യയിലെ ശക്തമായ ജനാധിപത്യത്തോടാണ് ആഭിമുഖ്യം പുലര്‍ത്തിപ്പോന്നത്. അതേ നിലപാട് തന്നെയായിരുന്നു ഹരി സിങ്ങിന്റെ മകനായ  കരണ്‍സിങ്ങിനും. പില്‍ക്കാലത്ത് അദ്ദേഹം കേന്ദ്രമന്ത്രിയുമായി. തികഞ്ഞ ദേശീയവാദിയും ഗ്രന്ഥകാരനുമായ കരണ്‍സിങ്ങ് ഇന്ന് ഡല്‍ഹിയിലെ പല ചടങ്ങുകളിലേയും സജീവ സാന്നിദ്ധ്യമാണ്.

ഇവിടെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെന്നപോലെ  സാധാരണ ജനങ്ങളെ മുഖ്യധാരയോട് അടുപ്പിക്കാന്‍ നടന്ന ശ്രമങ്ങളൊന്നും ഫലിച്ചില്ലെന്നത് നേരാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും കശ്മീരിലേയും നല്ലൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഇന്ത്യാക്കാരല്ലെന്ന ബോധം അടിച്ചുറപ്പിക്കാന്‍ വിഘടനവാദികള്‍ക്കു സാധിച്ചിട്ടുണ്ടെങ്കില്‍ അവരുടെ മനസ്സ് കുറച്ചൊക്കെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ക്കൂടി മാത്രമേ കഴിയൂ. മാത്രമല്ല, കുറെക്കൂടി തീവ്രമാണ് കശ്മീരികളുടെ പരാതികളും. ഭരണകൂടത്തിന്റെ അവഗണന ഒരു വശത്ത്. പട്ടാളത്തിന്റേയും പൊലീസിന്റേയും അതിക്രമങ്ങളുടെ എരിവും പുളിയും ചേര്‍ത്ത വിവരണങ്ങള്‍ മറുവശത്ത്. ടൂറിസമല്ലാതെ കാര്യമായ വരുമാനമാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത അവരെ സംബന്ധിച്ചിടത്തോളം വികസനമെന്നത് ഒരു സ്വപ്നം മാത്രമാണെന്ന് അവര്‍ പരാതിപ്പെടുന്നു. അവരുടെ ഇന്നത്തെ പ്രധാന ആവശ്യങ്ങളിലൊന്ന് അവിടത്തെ സാധാരണക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയെന്നത് തന്നെയാണ്. ഇതില്‍ സര്‍ക്കാരിന്റെ പ്രത്യേക പരിഗണന കിട്ടിയേ തീരൂ.  ഇത്തരം വാദങ്ങള്‍ തന്നെയാണ് പാകിസ്താന്‍ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നതും. നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഗോവയില്‍ വച്ചു നടന്ന ഒരു സാഹിത്യ ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോഴുള്ള അനുഭവം ഓര്‍മ്മ വരുന്നു. അന്ന് കശ്മീരില്‍നിന്നു വന്ന ചില പത്രപ്രവര്‍ത്തകര്‍ കശ്മീരികളോട് ഇന്ത്യ കാണിക്കുന്ന അനീതികളെപ്പറ്റി ക്ഷോഭത്തോടെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. അവര്‍ തീവ്രവാദികളോടോ പാകിസ്താനോടോ അനുഭാവമുള്ളവരല്ലെന്ന് സംഘാടകര്‍ സൂചിപ്പിച്ചിരുന്നു. ഇന്ത്യാ സര്‍ക്കാര്‍ കാലാകാലങ്ങളായി അവിടെ കൊണ്ടുപോയി ചൊരിഞ്ഞിരുന്ന നിക്ഷേപങ്ങളെപ്പറ്റി സദസ്സില്‍നിന്നു ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അവര്‍ ശരിക്കും കത്തിക്കയറുകയായിരുന്നു. സര്‍ക്കാര്‍ കണക്കുകളില്‍ വിശ്വാസമില്ല ഞങ്ങള്‍ക്ക്. വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് എവിടെയൊക്കെയാണെന്നു കാട്ടിത്തരൂ, അവര്‍ വെല്ലുവിളിച്ചു. 

എന്തായാലും, രാഷ്ട്രീയ നേതാക്കളുടെ സ്ഥിരം അവകാശവാദങ്ങള്‍ ഏല്‍ക്കാതായ കാലത്ത് ഭരണപര, വികസന നീക്കങ്ങള്‍ക്കപ്പുറമായി, സംഘര്‍ഷങ്ങള്‍ക്കു കുറച്ചൊക്കെ അയവ് വരുത്താന്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. കേന്ദ്രത്തിന്റെ കീഴിലുള്ള സാഹിത്യ, സംഗീത നാടക അക്കാദമികളും എന്‍.ബി.ടിയും  ഇക്കാര്യത്തില്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് പറയാതെ വയ്യ. ഇവര്‍ക്കെല്ലാം വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ക്കായി പ്രത്യേക ബജറ്ററി അലോട്ട്‌മെന്റ് തന്നെയുണ്ട്. സാഹിത്യ അക്കാദമി ഈ സംസ്ഥാനങ്ങളിലെല്ലാം ഈ മേഖലയിലെ എഴുത്തുകാരുടെ പല ക്യാമ്പുകളും സെമിനാറുകളും നടത്താറുണ്ട്. അവിടെയെല്ലാം നാട്ടുകാരുടെ, പ്രത്യേകിച്ചും സ്ത്രീകളുടേയും വിദ്യാര്‍ത്ഥികളുടേയും നല്ല പങ്കാളിത്തവുമുണ്ടാകാറുണ്ട്. വിഘടന ശക്തികളുടെ 'ബ്രെയിന്‍ വാഷിങ്ങിന്' എളുപ്പത്തില്‍ വിധേയരാകാന്‍ സാദ്ധ്യതയുള്ള ചെറുപ്പക്കാരിലുള്ള പ്രത്യേക ശ്രദ്ധ ഇത്തരം കാര്യങ്ങളില്‍ വളരെ പ്രധാനമാണ്. മാത്രമല്ല, ഇന്ത്യയിലെ പല ഭാഗത്തും ഈ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇത്തരം സമ്മേളനങ്ങളും നടത്താറുണ്ട്. അതുപോലെ തന്നെ സംഗീത നാടക അക്കാദമി ഈ പ്രദേശത്തെ ചെറുതും വലുതുമായ ഒട്ടേറെ കലാകാരന്മാര്‍ക്ക്  നാടിന്റെ പല ഭാഗങ്ങളിലും വേദികള്‍ ഒരുക്കിക്കൊടുക്കാറുമുണ്ട്. അവരുടെ 'പാക്കേജിലെ' ഒരു പ്രധാന ഇനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നാടന്‍ കലകളാണ്.

കശ്മീര്‍ താഴ്‌വരയിലെ പുസ്തകോത്സവം
കുറേക്കൂടി വിശാലമാണ് എന്‍.ബി.ടിയുടെ പ്രവര്‍ത്തനമേഖല. ഇന്ത്യയിലെ അംഗീകൃത ഭാഷകള്‍ ഇരുപത്തിരണ്ടാണെങ്കിലും ഏതാണ്ട് മുപ്പതോളം ഭാഷകളില്‍ എന്‍.ബി.ടി പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇവയില്‍ അവരുടെ ലിപികൂടിയില്ലാത്ത ചില തനതു മൊഴികളും ഉള്‍പ്പെടുന്നു. ഇതിനു പുറമെ ഒട്ടേറെ വിദേശ രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ക്കു പുറമെ ലക്ഷക്കണക്കിനു സന്ദര്‍ശകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഏഷ്യയിലെ തന്നെ വലിയ പുസ്തകോത്സവങ്ങളില്‍ ഒന്നാണ്.  അവിടെ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മൂന്ന് വര്‍ഷങ്ങളിലെ ഉത്സവങ്ങള്‍ക്കും ചുക്കാന്‍പിടിക്കാനായത് എന്റെ ജീവിതത്തിലെ മറക്കാനാവാത്തൊരു അനുഭവമായി മാറി. ഒരു വര്‍ഷത്തെ പ്രധാന തീം തന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സാഹിത്യ സാംസ്‌കാരികത്തനിമയായിരുന്നു. 'കേള്‍ക്കാത്ത ശബ്ദങ്ങള്‍ക്കു' വേണ്ടിയുള്ള ആ സെഷനുകള്‍ വളരെ സജീവമായിരുന്നു. വിവിധ പ്രസാധകരുടേതായ അവരുടെ ഭാഷയിലെ പുസ്തകങ്ങള്‍ക്കു പുറമെ അവിടത്തെ ഗ്രാമീണത്തനിമയേയും കലാരൂപങ്ങളേയും എടുത്തു കാണിക്കുന്ന കുറേയേറെ ഇന്‍സ്റ്റലേഷനുകളുമുണ്ടായിരുന്നു. പ്രമുഖ എഴുത്തുകാരും ചലച്ചിത്രകാരന്മാരടക്കമുള്ള കലാസാംസ്‌കാരിക പ്രവര്‍ത്തകരും ഇതില്‍ പങ്കെടുത്തിരുന്നു. കാഴ്ചക്കാരുടെ മികച്ച പങ്കാളിത്തവുമുണ്ടായിരുന്നു. ഇതിനു പുറമെ ഈ മേഖലയിലെ പലയിടത്തും ചെറുതും വലുതുമായ പുസ്തകോത്സവങ്ങളും നടത്തിയിരുന്നു. 

അക്കാലത്തു തന്നെയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലുമായി ചില പുസ്തക വികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. വിവിധ ഭാഷകളുടേയും സംസ്‌കാരങ്ങളുടേയും സമന്വയം ഈ കേന്ദ്രത്തിലൂടെയെന്നതായിരുന്നു അതിനു പുറകിലുള്ള ആശയം. അവ തുറന്ന സംവാദങ്ങള്‍ക്കുള്ള വേദികൂടിയാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അത്തരത്തിലുള്ള ആദ്യ കേന്ദ്രം തുടങ്ങിയത് സ്വാഭാവികമായും അസമിലെ ഗോഹട്ടിയിലായിരുന്നു. പിന്നീട് കൊച്ചിയിലടക്കം അഞ്ച് കേന്ദ്രങ്ങളില്‍ക്കൂടി അവ തുടങ്ങുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരെണ്ണം ആരംഭിച്ചത് ത്രിപുരയിലെ അഗര്‍ത്തലയിലായിരുന്നു. അന്നവിടെ അത് ഉദ്ഘാടനം ചെയ്തത് പുസ്തകപ്രേമികൂടിയായ മുഖ്യമന്ത്രി മണിക് സര്‍ക്കാറായിരുന്നു. 

അതുപോലെ തന്നെ 2014-ലെ ഫെസ്റ്റിവലില്‍ കശ്മീരി ജീവിതത്തിനു  പ്രാധാന്യം കൊടുക്കുന്ന ചില സെഷനുകളുമുണ്ടായിരുന്നു. കശ്മീരി ഭാഷയിലെ എട്ട് പുസ്തകങ്ങള്‍ അവിടെ വച്ച് ഫാറൂഖ് അബ്ദുള്ളയെക്കൊണ്ട്  പ്രകാശനം ചെയ്യിക്കാനും തീരുമാനിച്ചിരുന്നു. നിറഞ്ഞ മനസ്സോടെയാണ് അദ്ദേഹം ആ ക്ഷണം സ്വീകരിച്ചത്. ഡല്‍ഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളെ സദസ്സിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. ജമ്മുവിലെ പണ്ഡിറ്റുമാര്‍ മാത്രമല്ല, ധാരാളം മുസ്ലിം കുട്ടികളുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. പ്രത്യേക സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ ഡോക്ടര്‍ ഫാറൂഖ് അബ്ദുള്ള ആ ചടങ്ങിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനും പ്രസംഗം കേള്‍ക്കാനും മുന്‍പൊന്നും കാണാത്ത തരത്തിലുള്ള ആള്‍ക്കൂട്ടമായിരുന്നു.  സെക്യൂരിറ്റിക്കാരെ മാറ്റിനിറുത്തി ആ കശ്മീരി കുട്ടികളോട് വാത്സല്യപൂര്‍വ്വം സംസാരിക്കാനും പടമെടുക്കാനും അദ്ദേഹം താല്പര്യമെടുത്തത് വലിയ ഉത്സാഹത്തോടെയാണ്. അതിനിടയില്‍ അദ്ദേഹത്തെ സ്റ്റേജിലേക്ക് കയറ്റിയിരുത്താന്‍ ഞങ്ങള്‍ക്ക് വളരെ പാടുപെടേണ്ടിവന്നു. ആവേശം നിറഞ്ഞ പ്രസംഗത്തില്‍ സംഘാടകര്‍ ചെയ്യുന്നത് വളരെ വലിയ കാര്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന ബോധം ആദ്യം വളര്‍ത്തേണ്ടത് വരും തലമുറയുടെ മനസ്സിലാണ്; അല്ലാതെ പ്ലാറ്റ്‌ഫോമുകളില്‍നിന്നു വെറുതെ പ്രസംഗിച്ചാല്‍ പോരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികാരവിക്ഷോഭംകൊണ്ട് പലപ്പോഴും അദ്ദേഹത്തിന്റെ തൊണ്ടയിടറിയിരുന്നു. പിന്നീട് തെല്ലു നേരത്തെ സൗഹൃദ സംഭാഷണത്തിനിടയില്‍ പൊതുവെ സമാധാനപ്രിയരായ തെക്കേ ഇന്ത്യക്കാരോട് തനിക്ക് സ്‌നേഹവും ആദരവുമാണെന്ന് അദ്ദേഹം  എടുത്തുപറഞ്ഞു. ഇന്നും ഒരു നല്ല കോഫി കുടിക്കണമെങ്കില്‍ തെക്കോട്ട് പോകാതെ വയ്യെന്ന് അദ്ദേഹം തമാശരൂപത്തില്‍ പറഞ്ഞു.

പിന്നീട് വളരെ പ്രയാസപ്പെട്ടാണ് ഞങ്ങള്‍ ശ്രീനഗറിലും വളരെ ഉയരത്തിലുള്ള ലേയിലും പുസ്തകോത്സവങ്ങള്‍ നടത്തിയത്. 'ഇന്ത്യക്കാര്‍' ഉത്സവം നടത്താന്‍ പോകുന്നുവെന്ന പ്രചാരണമുണ്ടായപ്പോള്‍  സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം ഒരുക്കാനായി  ഞങ്ങളുടെ ഒരു പ്രതിനിധിക്ക് ജെ.കെ.എല്‍.എഫ് നേതാവായ യാസിന്‍ മാലിക്കിനോട് സംസാരിക്കേണ്ടിയും വന്നു. കാരണം, യാതൊരു തടസ്സവുമില്ലാതെ പരിപാടി നടത്തണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബ്ബന്ധവുമുണ്ടായിരുന്നു.

ഡോക്ടര്‍ അബ്ദുള്ള അന്ന് അല്പം വൈകാരികതയോടെ പറഞ്ഞതിന്റെ പ്രസക്തിയെപ്പറ്റി ഈ ദുര്‍ഘട ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചു  പോകാറുണ്ട്. ബാഹ്യശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായുള്ള പിന്തുണയോടെ  വിഘടനവാദികള്‍ അന്തരീക്ഷം സംഘര്‍ഷമയമാക്കുമ്പോള്‍ അവിടത്തെ സാമാന്യ ജനങ്ങളെ ഒപ്പം നിറുത്തുകയെന്നത് എളുപ്പമേയല്ല. അത്രയേറെ ശക്തമാണ് അവരുടെ പ്രചാരണ യന്ത്രം, പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയുടെ പ്രസക്തി വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത്.  അത്തരം ചുറ്റുപാടുകളില്‍ ഇന്ത്യയിലെ പല നഗരങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും പലതരം തൊഴില്‍ ചെയ്തു ജീവിക്കുന്ന സാധാരണ കശ്മീരികളേയും ആള്‍ക്കൂട്ടം ഒറ്റപ്പെടുത്തുന്നതിനേയും ഉപദ്രവിക്കുന്നതിനേയും പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. 
ഇന്നത്തെ സ്ഥിതിയില്‍ വിദേശ ശക്തികളുടെ പിന്തുണയോടെ നടത്തുന്ന അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസിന്റേയും പട്ടാളത്തിന്റേയും ശക്തമായ ഇടപെടല്‍ കൂടാതെ വയ്യെന്നത് സത്യമാണ്. പക്ഷേ, അതോടൊപ്പം തന്നെ ഒരു ദീര്‍ഘകാല പദ്ധതിപോലെ അവരില്‍ കുറേ പേരെയെങ്കിലും ഒപ്പം നിറുത്താനുള്ള സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്താതെ വയ്യ. 

(അനുബന്ധം: ഇന്ത്യയുടെ പലയിടങ്ങളിലുമുള്ള കശ്മീരികളില്‍ ഒരാളെ ഉപദ്രവിച്ചാല്‍ അകന്നു പോകുന്നത് അയാളുടെ കുടുംബവും വേണ്ടപ്പെട്ടവരുമടക്കം പത്തോ പതിനഞ്ചോ പേരായിരിക്കുമെന്ന് ഓര്‍ത്തേ പറ്റൂ. നാളെ അവരില്‍ ചിലര്‍ തീവ്രവാദികളുടെ സഹായികളാവില്ലെന്ന് ആരു കണ്ടു? അവിടത്തെ  'ബ്രെയിന്‍ വാഷിങ്ങി'നെ നേരിടാന്‍ കുറച്ചു സാംസ്‌കാരിക 'ബ്രെയിന്‍ ക്ലീനിങ്ങും' കൂടിയേ തീരൂ.)
    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com