ആരെയാണ് ഞങ്ങള്‍ വിശ്വസിക്കുക?: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ നേരിടുന്നത് കടുത്ത പ്രതികാരനടപടികള്‍

''ഒന്നു പേടിപ്പിച്ചു നോക്കുകയാണ് അവര്‍. പുറത്താക്കരുതേ, നിങ്ങള്‍ പറയുന്നതുപോലെ നിന്നുകൊള്ളാം എന്നു പറഞ്ഞു ഞങ്ങള്‍ പേടിച്ചു ചെല്ലണമല്ലോ, സാധാരണഗതിയില്‍.
ആരെയാണ് ഞങ്ങള്‍ വിശ്വസിക്കുക?: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ നേരിടുന്നത് കടുത്ത പ്രതികാരനടപടികള്‍

''ഒന്നു പേടിപ്പിച്ചു നോക്കുകയാണ് അവര്‍. പുറത്താക്കരുതേ, നിങ്ങള്‍ പറയുന്നതുപോലെ നിന്നുകൊള്ളാം എന്നു പറഞ്ഞു ഞങ്ങള്‍ പേടിച്ചു ചെല്ലണമല്ലോ, സാധാരണഗതിയില്‍. പല ഗൂഢാലോചനയുമുണ്ട് ഇതിന്റെയൊക്കെ പുറകില്‍. ഞങ്ങള്‍ അതിലൊന്നും വീഴില്ല.'' പറയുന്നത് കത്തോലിക്കാ സഭയിലെ ബിഷപ്പിന്റെ പീഡനത്തിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കു വേണ്ടി ലോകത്താദ്യമായി പരസ്യപ്രക്ഷോഭത്തിന് ഇറങ്ങിയ കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മഠത്തിലെ ആ നാല് കന്യാസ്ത്രീകള്‍. സിസ്റ്റര്‍ അനുപമ കെളമംഗലത്തുവേലി, സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍, സിസ്റ്റര്‍ ആല്‍ഫി പള്ളാശ്ശേരില്‍, സിസ്റ്റര്‍ ആന്‍സിറ്റ ഉറുമ്പില്‍. പിന്തുണ നല്‍കുന്ന അഞ്ചാമത്തെ സിസ്റ്റര്‍ നീനാ റോസും പീഡനത്തിന് ഇരയായ കന്യാസ്ത്രീയും ഇവിടെത്തന്നെയുണ്ട്; ഇവരും അവരും 'യേശുവിന്റെ ദൗത്യ പ്രചാരകര്‍' (മിഷനറീസ് ഓഫ് ജീസസ്) തന്നെ. 'അവര്‍' എന്നു പറഞ്ഞാല്‍ സഹോദരിക്കു നീതി കിട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ട ഈ പാവപ്പെട്ട സന്ന്യാസിനിമാരെ പേടിപ്പിച്ചു സ്വന്തം വഴിക്കു കൊണ്ടുവന്നു കുറ്റവാളി ബിഷപ്പിനെ രക്ഷിക്കുക എന്ന ദൗത്യം ഏറ്റെടുത്തവര്‍. സ്വസ്ഥമായും സമാധാനത്തോടെയുമല്ല ജീവിക്കുന്നതെങ്കിലും നാലു പേരേയും സ്ഥലം മാറ്റി ചിതറിക്കാനും ദുര്‍ബ്ബലരാക്കാനുമുള്ള ശ്രമങ്ങള്‍ അവസാനിച്ചിട്ടില്ലെങ്കിലും പതറാന്‍ ഇവര്‍ തയ്യാറല്ല. 'ഞങ്ങള്‍ അതിലൊന്നും വീഴില്ല' എന്ന തീരുമാനം താല്‍ക്കാലിക വികാരപ്രകടനവുമല്ല. 

തെളിവുകളെല്ലാം എതിരായപ്പോള്‍ ബലാത്സംഗക്കേസില്‍ കുടുങ്ങിയ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിനും കുറച്ചു ദിവസത്തെ ജയില്‍വാസത്തിനും ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി ജലന്തറിലേക്കു തിരിച്ചുപോയി. പരാതി നല്‍കിയ കന്യാസ്ത്രീയുടേയും ബന്ധുക്കളുടേയും ഉള്‍പ്പെടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ ഈ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. വൈകാതെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്നു. അതിനിടെയാണ് ബിഷപ്പിന്റെ പീഡനത്തിനെതിരെ ഇരയ്ക്കുവേണ്ടി മുന്‍പേതന്നെ രഹസ്യമൊഴി നല്‍കിയ സിസ്റ്റര്‍ ലിസിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത് ''ഞാന്‍ മൊഴി നല്‍കിയത് അറിഞ്ഞ സഭാ അധികൃതര്‍ മാസങ്ങളായി എന്നെ മഠത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.'' സഹോദരനെ വിവരം അറിയിച്ച് പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെട്ട സിസ്റ്റര്‍ ലിസിയെക്കുറിച്ച് കൂടുതല്‍ അറിയാനാണ് സിസ്റ്റര്‍ അനുപമയെ വിളിച്ചത്. സിസ്റ്റര്‍ ലിസിയും കുടുംബാംഗങ്ങളും മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇപ്പോള്‍ തയ്യാറല്ല എന്ന് അറിയിച്ച കൂട്ടത്തില്‍ സിസ്റ്റര്‍ അനുപമ ഒരു സാധാരണ കാര്യം പോലെ പറഞ്ഞു: ''ഫലത്തില്‍ ഞങ്ങളും തടവില്‍ത്തന്നെയാണല്ലോ, അപ്രഖ്യാപിത തടവില്‍.'' തീരുമാനത്തിന്റേയും നിലപാടിന്റേയും കരുത്തുകൊണ്ട് ലോകത്തെ അമ്പരപ്പിച്ചവരെങ്കിലും ഉള്ളിലെ സങ്കടം മുഴുവനുണ്ടായിരുന്നു ആ വാക്കുകളില്‍. അതിനു പിന്നാലെ പോയാണ് നാലു പേര്യും നേരില്‍ കണ്ടു സംസാരിച്ചത്.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍

''എന്റെ ചേട്ടന്‍ കഴിഞ്ഞ ദിവസം വന്നപ്പോഴും അപമാനിച്ചു വിട്ടു. കാണാന്‍ ആരു വന്നാലും മോശമായി പെരുമാറുന്ന സ്ഥിതിയാണിവിടെ. വന്നുകഴിഞ്ഞപ്പോള്‍ മുന്‍പൊക്കെ ചെയ്തിരുന്നതു പോലെ മഠത്തിലെ പച്ചക്കറിക്കൃഷിയുടെ വലയൊക്കെ വലിച്ചുകെട്ടാനും മറ്റും ചേട്ടന്‍ സഹായിച്ചിരുന്നു. അവര്‍ ഒളിച്ചുനിന്ന് അതിന്റെ ഫോട്ടോയെടുത്ത് പരാതി കൊടുത്തു. ചേട്ടനാണെങ്കിലും ആരാണെങ്കിലും വന്നിട്ടങ്ങ് പോയാല്‍ മതീന്നു പറഞ്ഞ് മദറും മറ്റും ബഹളമുണ്ടാക്കി. ഞങ്ങളില്‍ ആരുടെ വീട്ടുകാര് വന്നാലും അപമാനിച്ചു വിടുക എന്നൊരു രീതിയാണ്'' സിസ്റ്റര്‍ അനുപമ പറയുന്നു. മറ്റു മൂന്നു പേരും അതു ശരിവച്ചു. അനുപമയുടെ ചേട്ടന്‍ കൃഷികാര്യത്തില്‍ സഹായിച്ചത് ഇഷ്ടപ്പെടാതെ മദര്‍ കുറവിലങ്ങാട് എസ്.ഐയെ വിളിച്ചു. പിന്നാലെ സിസ്റ്റര്‍ അനുപമയും വിളിച്ചു. ബന്ധുക്കളെ മാത്രമല്ല, മാധ്യമങ്ങള്‍ക്കും ഇവിടെ 'സ്വീകരണം' അനുവദിക്കരുത് എന്നാണ് മദറും കൂടെയുള്ളവരും പൊലീസിനോട് ആവശ്യപ്പെട്ടത്. ''ടി.വി ചാനലുകള്‍ ക്യാമറയുമൊക്കെയായിട്ട് വരുമ്പോള്‍ ഞങ്ങള്‍ പുറത്തേയ്ക്കു പോയാണ് സംസാരിക്കാറ്. പക്ഷേ, പത്രങ്ങളിലും മാഗസിനുകളില്‍നിന്നുമൊക്കെ എഴുതാന്‍ വരുന്നവരെ പുറത്തു നിര്‍ത്തി സംസാരിക്കണോ എന്ന് എസ്.ഐയോടു തിരിച്ചു ചോദിച്ചു. അതു ഞങ്ങള്‍ടെ മര്യാദയല്ല എന്നും പറഞ്ഞു.''

അതിഥികള്‍ക്ക് സ്വീകരണം കൊടുക്കണമെന്നൊന്നും തങ്ങള്‍ പറയുന്നില്ലെന്നു കന്യാസ്ത്രീകള്‍ വിശദീകരിക്കുന്നു. ''പക്ഷേ, അവരെ അപമാനിക്കരുത്. സ്വീകരണ മുറിയിലാണല്ലോ ഇരുത്തുന്നത്. അതിനുപോലും പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. കാണാന്‍ വരുന്നവര്‍ മുറ്റത്തുനിന്നു സംസാരിച്ചാല്‍ മതിയെന്നു പറഞ്ഞാല്‍ നടക്കുമോ. നിങ്ങള്‍ വരുമ്പോള്‍ ഞങ്ങള്‍ മുറ്റത്തു നിര്‍ത്തി സംസാരിച്ചാല്‍ നിങ്ങളെ അപമാനിക്കുന്നതിനു തുല്യമല്ലേ. ഞങ്ങള്‍ക്കും അത് അപമാനകരമാണ്. ഞങ്ങളെ കാണാന്‍ വന്നിട്ട് നിങ്ങള്‍ അപമാനിക്കപ്പെടുന്നത് ഞങ്ങളെ അപമാനിക്കല്‍ തന്നെയാണ്.''
ഈ വിഷയങ്ങള്‍ വല്ലാതെ മാനസികമായി വിഷമിപ്പിക്കുന്നു എന്ന് അവര്‍ തുറന്നു സമ്മതിക്കുന്നു. ''കുറേയൊക്കെ മഠത്തിനുള്ളിലെ പ്രശ്‌നങ്ങളാണ്. ഞങ്ങളെ കാണാനും സംസാരിക്കാനുമൊന്നും ആരെങ്കിലും വരുന്നതും ബലാത്സംഗക്കേസ് വീണ്ടും വീണ്ടും ചര്‍ച്ചയാകുന്നതും അവര്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ടാണല്ലോ ഈ പെരുമാറ്റം. അതൊക്കെ വല്ലാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്നു.''

ലോകശ്രദ്ധ നേടിയ സമരത്തിനു മുന്നില്‍ നിന്ന നിര്‍ഭയരായ കന്യാസ്ത്രീകള്‍ ഇപ്പോള്‍ ഭയപ്പെടുന്നുവെന്നാണോ. സിസ്റ്റര്‍ ലിസിയുടെ അനുഭവമാണോ കാരണം?
ബോള്‍ഡ്നെസ്സൊക്കെ സാഹചര്യങ്ങള്‍കൊണ്ട് വന്നുചേര്‍ന്നതാണ്. അത്രയ്‌ക്കൊന്നും ബോള്‍ഡായതുകൊണ്ടല്ല. ഒരു പ്രതിസന്ധി വരുമ്പോള്‍ കൂടുതല്‍ കരുത്തരാകും. പ്രതിസന്ധി തുടരുമ്പോള്‍ കരുത്തും കൂടും. പിന്നെ, പീഡനം നേരിട്ട സിസ്റ്റര്‍ക്കൊപ്പം നില്‍ക്കുക എന്ന ഒരു നല്ല കാര്യത്തിന്റെ ഭാഗമായാണല്ലോ ഇതെല്ലാം. സിസ്റ്റര്‍ ലിസി മൊഴി നല്‍കിയ വിവരം പുറത്തു വന്നത് ഇപ്പോഴാണെങ്കിലും അറിയേണ്ടവര്‍ നേരത്തെ അറിഞ്ഞിരുന്നു. അതോടെ അവരെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. കുറ്റപത്രം കൊടുത്തുകഴിയുമ്പോള്‍ത്തന്നെ ആരൊക്കെ വണ്‍ സിക്സ്റ്റി ഫോര്‍ സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടുണ്ടെന്ന് (ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിനു കൊടുക്കുന്ന മൊഴി) പുറത്തു വരും. അപ്പോഴുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചു പേടിയുള്ളതുകൊണ്ടാണ് മൊഴി കൊടുത്തിട്ടുണ്ട് എന്ന കാര്യം നേരത്തേതന്നെ പ്രൊവിന്‍ഷ്യാളിനെ അറിയിച്ചത്. അതോടെ പ്രശ്‌നമായി. സിസ്റ്ററിനെ അവര്‍ ബുദ്ധിമുട്ടിച്ചു, തടവില്‍ വയ്ക്കുന്നതുപോലെ താമസിപ്പിച്ചു. അതു സഹിക്കാന്‍ വയ്യാതായപ്പോഴാണ് സഹോദരന്‍ മുഖേന പൊലീസിനെ അറിയിച്ചതും പൊലീസ് എത്തി രക്ഷപ്പെടുത്തിയതും. പക്ഷേ, അതുമായി ബന്ധപ്പെട്ടു കൂടുതല്‍ എന്തെങ്കിലും പുറത്തു പറയാന്‍ സിസ്റ്ററും കുടുംബവും തയ്യാറല്ല. പേടിതന്നെ കാരണം. ആങ്ങളയുടെ വീട്ടിലാണ് സിസ്റ്റര്‍ ഇപ്പോള്‍ താമസിക്കുന്നത്.

നാലു പേരേയും സ്ഥലം മാറ്റാനുള്ള ശ്രമത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?
നാലു പേരേയും നാലിടത്തേക്ക് ചിതറിക്കുകയായിരുന്നു സ്ഥലം മാറ്റത്തിലൂടെ ലക്ഷ്യമിട്ടത്. ഒരാളെ ജലന്തറിലേക്ക്, മറ്റൊരാളെ ഝാര്‍ഖണ്ഡിലേക്ക്, മൂന്നാമത്തെയാളെ ബിഹാറിലേക്കും നാലാമത്തെയാളെ കണ്ണൂരിലേക്കും. ഞങ്ങളെ പലയിടത്താക്കി സാക്ഷിമൊഴി കൊടുക്കുന്നത് തടസ്സപ്പെടുത്തി പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, സംസ്ഥാന വനിതാ കമ്മിഷന്‍, ദേശീയ വനിതാ കമ്മിഷന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി കൊടുത്തു. അതിനുശേഷം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വന്നു മൊഴിയെടുത്തു. സ്ഥലംമാറ്റിക്കൊണ്ട് ലഭിച്ച കത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍ നിന്നൊരു അറിയിപ്പ് കിട്ടി. അതനുസരിച്ച് കത്ത് അയച്ചുകൊടുത്തിരിക്കുകയാണ്. പരാതി തുടര്‍നടപടികള്‍ക്ക് മുഖ്യമന്ത്രിക്കു കൈമാറിയെന്ന് ദേശീയ വനിതാ കമ്മിഷനില്‍നിന്ന് അറിയിപ്പ് കിട്ടി. 
സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയിട്ടില്ല. പക്ഷേ, സ്ഥലംമാറ്റത്തെ എതിര്‍ത്ത ജലന്തര്‍ അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എന്നാണ് അറിഞ്ഞത്. അദ്ദേഹവുമായി ഞങ്ങള്‍ സംസാരിച്ചില്ല. പക്ഷേ, ഇടപെട്ടു സംസാരിച്ച മറ്റു പലരോടും അദ്ദേഹം പറഞ്ഞത് നിലപാടില്‍ മാറ്റമില്ല എന്നാണ്. ആ ഒരു വാക്കാണ് നമുക്കു കിട്ടിയിരിക്കുന്നത്. അതൊരു പ്രധാനപ്പെട്ട കാര്യമാണ്. 

സഭയുടെ അധികാരം ഉപയോഗിച്ച് സാക്ഷികളെ പലവഴിക്കാക്കിയും ഭീഷണിപ്പെടുത്തിയും നിയമപ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കരുത് എന്ന തീരുമാനം അദ്ദേഹത്തിനുണ്ട്?
അത് അറിയില്ല. സത്യം പുറത്തുവരണം എന്ന ആഗ്രഹത്തോടെയാണ് ഈ നിലപാട് എടുത്തത് എന്നാണ് മനസ്സിലാകുന്നത്. സഭയിലെ ചിലര്‍ക്ക് ഫ്രാങ്കോയെ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേയുള്ളു. സ്ഥലംമാറ്റാനുള്ള ശ്രമമൊക്കെ അതിന്റെ ഭാഗമാണ്. വത്തിക്കാനില്‍ മാര്‍പ്പാപ്പ വിളിച്ചുകൂട്ടിയിരിക്കുന്ന ആര്‍ച്ചു ബിഷപ്പുമാരുടെ ഉച്ചകോടിയില്‍ ഇത്തരം കാര്യങ്ങളും വരുമോ, അവര്‍ ഇതും സംസാരിക്കുമോ എന്നു കാത്തിരിക്കുകയാണ് ഞങ്ങള്‍. അതില്‍ വലിയ പ്രതീക്ഷയാണുള്ളത്. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ് സമ്മേളനമെന്നും അതല്ല എല്ലാത്തരത്തിലുള്ള ലൈംഗിക പീഡനങ്ങളും ചര്‍ച്ചയില്‍ വരുമെന്നും പറയുന്നുണ്ട്. ഇത്രയും വിവാദമായ സംഭവമായതുകൊണ്ട് പരാമര്‍ശമുണ്ടായേക്കും എന്നു പ്രതീക്ഷിക്കുന്നവരുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ വന്ന ശേഷം കന്യാസ്ത്രീകളുടെ സുരക്ഷയുടേയും അവകാശങ്ങളുടേയും ഭാഗത്തുനിന്നുകൊണ്ടും ലൈംഗിക പീഡനങ്ങള്‍ക്കെതിരേയും പല രാജ്യങ്ങളിലേയും മെത്രാന്മാര്‍ക്കെതിരെ ഉള്‍പ്പെടെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. (മലയാളം വാരികയുമായി അവര്‍ ഇതു സംസാരിച്ചതിന്റെ പിറ്റേന്നാണ് നാലു ദിവസത്തെ ഉച്ചകോടി സമാപിച്ചത്. ബാല ലൈംഗിക പീഡനം മനുഷ്യക്കുരുതിക്കു തുല്യമായ കുറ്റമാണെന്നും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടിയെടുക്കും എന്നും മാത്രമാണ് സമാപന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്പ്പാപ്പ പറഞ്ഞത്). 

ഫാദര്‍ കുര്യാക്കോസ് കാട്ടുതര. സാക്ഷിപട്ടികയിലുണ്ടായിരുന്ന ഫാദറിനെ ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
ഫാദര്‍ കുര്യാക്കോസ് കാട്ടുതര. സാക്ഷിപട്ടികയിലുണ്ടായിരുന്ന ഫാദറിനെ ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

സഭ ഫ്രാങ്കോയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. അല്ലെങ്കില്‍ ചര്‍ച്ച് അതോറിറ്റിക്ക് ഇക്കാര്യത്തില്‍ വിശദമായ കത്തു കൊടുത്തിട്ട് അതു കിട്ടിയതായിപ്പോലും അറിയിക്കാതിരുന്ന സമീപനം സ്വീകരിക്കില്ലായിരുന്നു. അന്വേഷിക്കാം, കേസ് നടക്കുകയല്ലേ, സത്യം പുറത്തുവരട്ടെ എന്നൊരു വാക്കുപോലും ചര്‍ച്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അതിനിടയിലാണ് സ്ഥലം മാറ്റത്തിനെതിരായ അഡ്മിനിസ്ട്രേറ്ററുടെ നിലപാട് വെള്ളിവെളിച്ചമായത്. 

അറസ്റ്റ് നടന്നതോടെ കന്യാസ്ത്രീക്കു നീതി ലഭിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകമായ ഒരു ഘട്ടം കടന്നുകിട്ടിയല്ലോ. ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമം ഇനി ഏതുവഴിക്കൊക്കെ ഉണ്ടാകാം എന്നാണ് പ്രതീക്ഷിക്കുന്നത്?
ഇനി ഏതായാലും അന്വേഷണത്തില്‍ അട്ടിമറി നടക്കില്ല. പക്ഷേ, പണവും സ്വാധീനവും ഉപയോഗിച്ച് മുന്നോട്ടുള്ള നടപടികളില്‍ പലരേയും സ്വാധീനിക്കാന്‍ സാധിക്കില്ലേ എന്നാണ് ആശങ്ക. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരും മറ്റു സാക്ഷികളും അതിനു വഴങ്ങുമെന്നല്ല. എങ്കിലും ബിഷപ്പ് എന്ന സ്ഥാനം ഇപ്പോഴും മാറിയിട്ടില്ലല്ലോ. ജലന്തറില്‍ നിന്നൊക്കെ വരുന്ന സഭാ പ്രസിദ്ധീകരണങ്ങളിലൊക്കെ ഇപ്പോഴും പേട്രണായി വച്ചിരിക്കുന്നത് ഇദ്ദേഹത്തിന്റെ പേരാണ്. മാറ്റിയിട്ടില്ല. പദവിയുടെ സ്വാധീനത്തിനു പുറമേ ആവശ്യത്തിനു പണവുമുണ്ട്. അതുപയോഗിച്ച് ഒത്തിരിപ്പേരെ സ്വാധീനിക്കാന്‍ ശ്രമിക്കും. ആളുകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ വലിയ മിടുക്കുമാണ്. അതാണ് ഇത്രയും കാലം സംഭവിച്ചത്. വത്തിക്കാനില്‍പ്പോലും പോയി സഭാ മേലധികാരികളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്. കേരളത്തിലായിട്ടുകൂടി എത്രയോ ഉന്നതരായ ആളുകളാണ് ജയിലില്‍ പോയി കണ്ടത്. ഇപ്പോഴും സ്വാധീനം നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതിനു തെളിവാണ് അതൊക്കെ. 

മുഖ്യമന്ത്രിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നിലപാടിനെ എങ്ങനെ കാണുന്നു?
കേരള മുഖ്യമന്ത്രിയും സര്‍ക്കാരും ശക്തമായ നിലപാട് എടുത്തുവെന്നാണ് ഇപ്പോള്‍ നോക്കുമ്പോള്‍ മനസ്സിലാകുന്നത്. ആദ്യം അങ്ങനെയൊരു നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇല്ലായിരുന്നു. അറസ്റ്റ് വൈകിയല്ലോ. ഞങ്ങളായിട്ട് മുഖ്യമന്ത്രിയെ കാണാന്‍ പോയില്ല. പരാതിക്കാരിയായ സിസ്റ്ററിന്റെ വീട്ടുകാര്‍ കണ്ടിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായ അഭിഭാഷകന്‍ ഞങ്ങളെ വന്നു കണ്ടിരുന്നു. അദ്ദേഹത്തില്‍ ഞങ്ങള്‍ക്ക് ഉറച്ച പ്രതീക്ഷയാണുള്ളത്. അന്വേഷണവും കേസിന്റെ തുടര്‍നടപടികളും സംബന്ധിച്ചു നല്ല അഭിപ്രായമാണ് ഇപ്പോഴുള്ളത്. അടുത്തയാഴ്ചയോടെ കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് പ്രതീക്ഷ.


കേസ് കഴിഞ്ഞാലും മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നവരാണല്ലോ മറുവശത്ത്?
കേസിന്റെ വിധിയും മറ്റും കഴിഞ്ഞു ഞങ്ങളുടെ സ്ഥിതി എന്താകും എന്നൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. ആദ്യം കേസ് നടക്കട്ടെ. അതുംകൂടി ചിന്തിച്ച് വെറുതേ എന്തിനാ ടെന്‍ഷനടിക്കുന്നത്. അതുകൊണ്ടാണ് ചിന്തിക്കാത്തത്. എങ്കിലും ഇടയ്ക്ക് ആ ചിന്ത വരും; പിന്നെ അതങ്ങ് തള്ളിക്കളയും. അതിന്റെ ആവശ്യമില്ല എന്നു മനസ്സിലുറപ്പിക്കും. ഇപ്പോഴത്തെ പ്രശ്‌നം, സ്ഥലംമാറ്റം താല്‍ക്കാലികമായി നടന്നില്ലെങ്കിലും ഞങ്ങള്‍ക്കെതിരായി ആളുകള്‍ വന്നുംപോയും നില്‍ക്കുകയാണ്. മദര്‍ രണ്ടാഴ്ചത്തേക്ക് പഞ്ചാബില്‍ പോയിരിക്കുകയാണെങ്കിലും പകരക്കാരുണ്ട്. കേസില്‍ സാക്ഷി പറയിക്കാതിരിക്കാന്‍ നേരിട്ട് സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴില്ല. അതുകൊണ്ടു കാര്യമില്ലെന്നും തിരിച്ചടിയുണ്ടാകുമെന്നും അവര്‍ക്കറിയാം. മറ്റുവിധത്തില്‍ മാനസികമായി ബുദ്ധിമുട്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പുതിയ മദര്‍ വന്നശേഷം ഞങ്ങള്‍ക്ക് അസുഖമെന്തെങ്കിലും വന്നിട്ട് ആശുപത്രിയില്‍ പോകാന്‍ പണം ചോദിച്ചാല്‍പ്പോലും തരില്ലായിരുന്നു. അതും മാധ്യമങ്ങളില്‍ വന്നപ്പോഴാണ് തരാന്‍ തുടങ്ങിയത്. എല്ലാ വര്‍ഷവും ക്രിസ്മസിന് സഭയുടെ ഭാഗത്തുനിന്ന് എല്ലാവര്‍ക്കും വസ്ത്രങ്ങളെന്തെങ്കിലും സമ്മാനമായി തരാറുണ്ട്. ഉടുപ്പിനു തുണിയോ സ്വെറ്ററോ എന്തെങ്കിലും. ഇത്തവണ അതു വാങ്ങാന്‍ ആയിരം രൂപാ വീതം മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കും കൊടുത്തു. ഞങ്ങള്‍ക്കിതേവരെ തന്നില്ല. ചോദിക്കുമ്പോള്‍ പറയുന്നത് ഞങ്ങളും എടുത്തിട്ടില്ല എന്നാണ്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്നതേയുള്ളു. പരാതിക്കാരിയായ സിസ്റ്ററുള്‍പ്പെടെ ആറു പേര്‍ക്കും തന്നില്ല. പലരും മാറി മാറി ചോദിച്ചു. തന്നില്ല. ഞങ്ങള്‍ക്ക് നാണമുള്ളതുകൊണ്ട് എപ്പോഴും തെണ്ടിനടക്കുന്നതു നിര്‍ത്തി. വേറെ വരുമാനം ഞങ്ങള്‍ക്കില്ല എന്ന് അവര്‍ക്കും അറിയാം. അവര്‍ നോക്കുമ്പോള്‍ ഞങ്ങളിവിടെ കോഴിക്ക് തീറ്റ വാങ്ങിക്കുകയൊക്കെ ചെയ്യുന്നു. ഇതിന് എവിടുന്നു പണം എന്നൊരു ചോദ്യം അവര്‍ക്കുണ്ടായിരിക്കും. സത്യത്തില്‍ ഞങ്ങളുടെ വീട്ടില്‍നിന്ന് ആരെങ്കിലുമൊക്കെ വരുമ്പോള്‍ കുറച്ചു കാശ് തരുന്നതാണ് കയ്യിലുള്ളത്. പക്ഷേ, ആ ഒരു പരിഗണന ഞങ്ങളോട് ഇവര്‍ക്കില്ല. 

മദറിന്റെ ഭാഗത്തുനിന്ന് ഇത്ര വലിയ ശത്രുത വരാനെന്താ കാരണം. അവര്‍ കൂടെ നില്‍ക്കേണ്ടയാളല്ലേ?
ബിഷപ്പിനെതിരെ പരാതി കൊടുക്കുന്നതിന്റെ തലേന്നു വരെ സിസ്റ്ററിനൊപ്പം വലംകയ്യായി നിന്നയാളാണ് മദര്‍. കേസ് കൊടുത്തപ്പോള്‍ അപ്പുറത്തേക്കു ചാടി. അധികാരത്തിന്റെ സ്വാധീനമാണ്. ജനറാളാക്കാം എന്നു വാഗ്ദാനമുണ്ടാകും. ഇപ്പോള്‍ ഞങ്ങളെയാരേയും കൂട്ടിമുട്ടിയാല്‍പ്പോലും മിണ്ടില്ല. സൗഹൃദത്തില്‍ പെരുമാറാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നെങ്കില്‍ നേരത്തെ കഴിയുമായിരുന്നു. അതിനു പകരം ഫ്രാങ്കോയ്ക്കുവേണ്ടി വലിയ ആവേശം കാണിക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി ആവശ്യപ്പെടുകപോലും ചെയ്യാതെയാണ് ജനറാളും സംഘവും മൊഴി കൊടുക്കാന്‍ അങ്ങോട്ടു ചെന്നത്. മുഖ്യമന്ത്രിയെ ഡല്‍ഹിയില്‍ച്ചെന്നു കാണാന്‍ 17 പേരാണ് പോയത്. എന്തിനാണ് പോകുന്നതെന്ന് അവരില്‍ പലരേയും അറിയിക്കുകപോലും ചെയ്യാതെയാണ് കൊണ്ടുപോയത്. അങ്ങനെ അന്നു കൊണ്ടുപോയവര്‍തന്നെ പിന്നീട് സത്യം മനസ്സിലാക്കി നിലപാട് മാറ്റിയിട്ടുണ്ട്.

ഒരേ കൂരയ്ക്കു കീഴില്‍ ഈ പിരിമുറുക്കം ഒഴിവാക്കി പഴയതുപോലെ സൗഹൃദത്തില്‍ കഴിയുക എന്നത് ഇനി സാധ്യമാണോ?
ഞങ്ങള്‍ എന്തിന്റെ പേരിലാണ് ഇവരെ വിശ്വസിക്കുക. അതാണ് ഞങ്ങളുടെ പ്രശ്‌നം. പലരും പറയുന്നുണ്ട്, നിങ്ങള്‍ക്കൊരുമിച്ചു പോയിക്കൂടേ എന്ന്. പക്ഷേ, എന്തടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഒന്നിച്ചു പോകേണ്ടത്? ആരെയാണ് ഞങ്ങള്‍ വിശ്വസിക്കേണ്ടത്? ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങളാണ് അവരില്‍നിന്നുള്ളത്. അതിന്റെയൊക്കെ തുടര്‍ച്ചയായിട്ടാണ് പലവിധത്തില്‍ ബുദ്ധിമുട്ടിക്കുന്നത്. ഇതൊന്നും ചെയ്യാതെ അനങ്ങാതിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് വിശ്വസിക്കാമായിരുന്നു. ആദ്യവും രണ്ടാമതും താക്കീതു തന്നിട്ട് മൂന്നാമത് ഡിസ്മിസ് ചെയ്യുക എന്നതാണ് രീതി. പക്ഷേ, ഞങ്ങളെ പെട്ടെന്നങ്ങനെ പറഞ്ഞുവിടാനും കഴിയില്ല. കാരണം, ഞങ്ങളെല്ലാവരും നിത്യവ്രതം കഴിഞ്ഞവരാണ്. സിസ്റ്ററായി നിശ്ചിത കാലം കഴിഞ്ഞിട്ട് ശിരോവസ്ത്രത്തിനു പിന്നില്‍ കറുപ്പു കിട്ടുന്നത് നിത്യവ്രതം കഴിയുമ്പോഴാണ്. അതുവരെ വെള്ളയായിരിക്കും. പുറത്താക്കണമെങ്കില്‍ അവിടുത്തെ രൂപതയിലെ മെത്രാന്റെ രേഖാമൂലമുള്ള അനുമതിയോടുകൂടിയേ പറ്റുകയുള്ളു. അല്ലാതെ മദര്‍ ജനറാളിനു തോന്നുന്നതുപോലെയൊന്നും പുറത്താക്കാന്‍ പറ്റില്ല. ഒന്നു പേടിപ്പിച്ചു നോക്കുകയാണ്. പുറത്താക്കരുതേ, നിങ്ങള്‍ പറയുന്നതുപോലെ നിന്നുകൊള്ളാം എന്നു പറഞ്ഞു ഞങ്ങള്‍ പേടിച്ചു ചെല്ലണമല്ലോ, സാധാരണഗതിയില്‍. പല ഗൂഢാലോചനയുമുണ്ട് ഇതിന്റെയൊക്കെ പുറകില്‍. ഞങ്ങള്‍ അതിലൊന്നും വീഴില്ല. ഞങ്ങളെ തോല്പിക്കാന്‍ ഇങ്ങനെയെന്തെങ്കിലുമൊക്കെ ചെയ്താലേ പറ്റുകയുള്ളു. വേറൊന്നുകൊണ്ടും ഞങ്ങള്‍ തോല്‍ക്കില്ല. അതാണ് ആ സ്ഥലംമാറ്റ കത്തിലൂടെ അവര്‍ ശ്രമിച്ചു നോക്കിയത്. 

സാക്ഷിയും ഇരയെപ്പോലെ സുരക്ഷിതരായിരിക്കണം: സാക്ഷി സംരക്ഷണ പദ്ധതി നിര്‍ണ്ണായകം

ബിഷപ്പിന്റെ പീഡനത്തിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കു നീതി ലഭിക്കുന്നതിനു പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ നാല് കന്യാസ്ത്രീകളെ സ്ഥലംമാറ്റാന്‍ ശ്രമിച്ചപ്പോള്‍ സാക്ഷി സംരക്ഷണ സ്‌കീം പ്രകാരം സുരക്ഷ നല്‍കണമെന്നാണ് അവര്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ നീതിനിര്‍വ്വഹണരംഗത്തെ ഉജ്ജ്വലമായ ചുവടുവയ്പുകളിലൊന്നായാണ് സാക്ഷി സംരക്ഷ സ്‌കീം വിശേഷിപ്പിക്കപ്പെടുന്നത്. ഇരകളെപ്പോലെ തന്നെ സാക്ഷികളും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നതാണ് 2018 ഡിസംബര്‍ അഞ്ചിന് സുപ്രീംകോടതി അംഗീകരിച്ച വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്‌കീമിന്റെ കാതല്‍. കേസിലെ സാക്ഷികള്‍ സംരക്ഷണം ആവശ്യപ്പെട്ട് അതാതു ജില്ലകളിലെ ബന്ധപ്പെട്ട അധികാരിക്കു നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ സംരക്ഷണം നല്‍കണം എന്നാണ് ചട്ടം. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ അധികാരപരിധിയില്‍പ്പെട്ട ജില്ലകളില്‍ ഇത് ഒരു വര്‍ഷത്തിനകം നടപ്പാക്കണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. 

ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ചരിത്രപ്രധാന വിധി പുറപ്പെടുവിച്ചത്. പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ ഇതു സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തുന്നതുവരെ ഈ സ്‌കീം ഭരണഘടനയുടെ 141, 142 വകുപ്പുകള്‍ പ്രകാരം 'നിയമം' തന്നെ ആയിരിക്കും എന്ന് അവര്‍ വ്യക്തമാക്കി. ദുര്‍ബ്ബലരായ സാക്ഷികള്‍ക്ക് നിര്‍ഭയം മൊഴി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമപ്രക്രിയ അട്ടിമറിക്കപ്പെടും. അതുകൊണ്ട് അവരെ താമസിക്കുന്നിടങ്ങളില്‍നിന്നു മാറ്റാന്‍ പാടില്ല. അല്ലെങ്കില്‍ സുരക്ഷിതരായി താമസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സ്ഥലം സജ്ജീകരിക്കണം. അത് ഈ വര്‍ഷം അവസാനത്തോടെ തന്നെ സജ്ജമായിരിക്കുകയും വേണമെന്നാണ് നിര്‍ദ്ദേശം.
ആള്‍ദൈവം ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗ കേസിലെ സാക്ഷികള്‍ക്കു സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഒരു പൊതുതാല്പര്യ ഹര്‍ജിയെത്തുടര്‍ന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു സ്‌കീം തയ്യാറാക്കി സമര്‍പ്പിച്ചത്. ഭീഷണിയുടെ സാഹചര്യങ്ങള്‍ കണ്ടെത്തുക, പൊലീസ് മേധാവി 'ഭീഷണി അവലോകന റിപ്പോര്‍ട്ട്' തയ്യാറാക്കുക, സാക്ഷിയും പ്രതിയും അന്വേഷണ കാലയളവില്‍ മുഖാമുഖം കാണേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവ സംരക്ഷണ നടപടികളില്‍പ്പെടും. 

മൂന്നു തരത്തില്‍ സാക്ഷികളുള്ളതായാണ് സ്‌കീമില്‍ പറയുന്നത്. അന്വേഷണകാലത്തോ വിചാരണാവേളയിലോ അതിനുശേഷമോ തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ജീവഹാനി സംഭവിക്കാവുന്ന തരത്തില്‍ ഭീഷണിയുള്ളവര്‍, അന്വേഷണകാലത്തോ വിചാരണവേളയിലോ പിന്നീടോ സുരക്ഷിതത്വവും സാമൂഹികാംഗീകാരവും സ്വത്തും തകര്‍ക്കപ്പെടാവുന്ന തരം ഭീഷണി നേരിടുന്നവര്‍, അന്വേഷണകാലത്തോ വിചാരണവേളയിലോ പിന്നീടോ തന്നെയോ കുടുംബാംഗങ്ങളേയോ പീഡിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ സ്വത്തിനും മാനത്തിനും ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുമെന്ന തരത്തിലുള്ള ഭീഷണികള്‍ നേരിടുന്നവര്‍. 

ജില്ലാ, സെഷന്‍സ് ജഡ്ജി അധ്യക്ഷനും ജില്ലാ പൊലീസ് മേധാവി അംഗവും ജില്ലയിലെ പ്രോസിക്യൂഷന്‍ മേധാവി മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് എല്ലാ ജില്ലകളിലും സ്‌കീം നടപ്പാക്കാന്‍ രൂപീകരിക്കേണ്ടത്. ഈ സമിതിക്കാണ് സാക്ഷി പരാതി നല്‍കേണ്ടത്. പരാതി കിട്ടിയാല്‍ പൊലീസില്‍നിന്നു ഭീഷണി അവലോകന റിപ്പോര്‍ട്ട് ആവശ്യപ്പെടണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാക്ഷിക്കു പറയാനുള്ളത് കേള്‍ക്കും. പിന്നീടാണ് ഏതു തരത്തിലുള്ള സംരക്ഷണമാണ് കൊടുക്കേണ്ടത് എന്നു തീരുമാനിക്കുന്നത്. 

'ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ഓര്‍മ്മകള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നു'

(സ്ഥലംമാറ്റ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് സിസ്റ്റര്‍ അനുപമ കെളമംഗലത്തുവേലി, സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍, സിസ്റ്റര്‍ ആല്‍ഫി പള്ളാശ്ശേരില്‍, സിസ്റ്റര്‍ ആന്‍സിറ്റ ഉറുമ്പില്‍ എന്നിവര്‍ നല്‍കിയ പരാതി)

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ഞങ്ങള്‍ മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്രഗേഷനിലെ സന്ന്യാസിനികളാണ്. കോട്ടയം കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹൗസിലാണ് ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്. കത്തോലിക്കാ ബിഷപ്പ് പ്രതിയായി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 342, 376 (2)(കെ), 376 (2)(എന്‍), 377, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരം കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 746/2018 കേസിലെ പരാതിക്കാരിയും ഇരയുമായ സന്ന്യാസിനിയും ഞങ്ങള്‍ക്കൊപ്പം ഇതേ കോണ്‍വെന്റിലാണ് താമസിക്കുന്നത്. കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തുടക്കത്തില്‍ നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ എറണാകുളത്ത് അതിനെതിരെ നടന്ന ബഹുജനപ്രക്ഷോഭത്തില്‍ ഞങ്ങളും പങ്കെടുക്കുകയും നീതിക്കുവേണ്ടി പൊരുതുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി അറസ്റ്റിലും ചെറിയ കാലയളവില്‍ റിമാന്‍ഡിലുമായ ബിഷപ്പ് ഫ്രാങ്കോ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഇപ്പോള്‍ അദ്ദേഹം പഞ്ചാബിലെ ജലന്ധറിലാണ് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അദ്ദേഹം പഞ്ചാബിലെത്തി ഏതാനും ദിവസങ്ങള്‍ക്കുശേഷം ഈ കേസിലെ പ്രധാനപ്പെട്ട ഒരു സാക്ഷിയായ ഫാ. കുര്യാക്കോസ് കാട്ടുതറ സംശയകരമായ സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ബന്ധുക്കള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

ഇരയ്ക്കു പിന്തുണയും സഹായവും നല്‍കിയതിന്റെ പേരില്‍ ഞങ്ങളും അതേ കോണ്‍വെന്റിലെ മറ്റൊരു അന്തേവാസിയായ സിസ്റ്റര്‍ നീന റോസും ഞങ്ങളുടെ സ്വന്തം കോണ്‍ഗ്രഗേഷന്‍ അധികൃതരുടെ മൗനാനുവാദത്തോടെ വന്‍തോതിലുള്ള ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ സഹപ്രവര്‍ത്തകയും സഹോദരിയുമായ ബലാത്സംഗക്കേസ് ഇരയ്ക്കു പിന്തുണ നല്‍കുകയും കൂടെ നില്‍ക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ചുമതലയാണെന്നു ഞങ്ങള്‍ കരുതുന്നു. മറുഭാഗത്തിന്റെ അധികാരവും സ്വാധീനവും 'മുന്‍കാല പ്രവൃത്തികളും' കണക്കിലെടുക്കുമ്പോള്‍ ഞങ്ങള്‍ ഒരുതരത്തിലും സുരക്ഷിതരല്ല എന്നാണ് സമീപകാല സംഭവവികാസങ്ങള്‍ കാണിക്കുന്നത്. പ്രതിയായ ബിഷപ്പ് ഫ്രാങ്കോ എല്ലാ വിധത്തിലും വളരെ സ്വാധീനശക്തിയുള്ള ആളാണെന്നത് പറയേണ്ടതില്ല. കേസ് അട്ടിമറിച്ച് ഏതുവിധവും രക്ഷപ്പെടുകയും കേസില്‍നിന്നു സ്വതന്ത്രനാവുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
പ്രതിയായ ബിഷപ്പ് ഫ്രാങ്കോയുടെ താളത്തിനൊത്തു തുള്ളുന്ന കോണ്‍ഗ്രഗേഷന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെജീനയില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ക്ക് സ്ഥലംമാറ്റ ഉത്തരവുകള്‍ ലഭിച്ചു. ആ ഉത്തരവ് പ്രകാരം സിസ്റ്റര്‍ അനുപമ പഞ്ചാബിലേക്കും സിസ്റ്റര്‍ ജോസഫൈന്‍ ഝാര്‍ഖണ്ഡിലേക്കും സിസ്റ്റര്‍ ആല്‍ഫി ബിഹാറിലേക്കും സിസ്റ്റര്‍ ആന്‍സിറ്റ കണ്ണൂരിലേക്കുമാണ് മാറ്റപ്പെട്ടത്. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള കരുത്തും പിന്തുണയും കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ഈ കേസിലെ ഇര ജീവിക്കുന്നത്. ചര്‍ച്ച് അധികൃതരായ ചിലരുടേയും മറ്റും പിന്തുണ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ലഭിക്കുന്നുണ്ട്. അവര്‍ ഞങ്ങള്‍ക്കെതിരെ കുപ്രചരണവും വ്യക്തിഹത്യയും നടത്തുകയാണ്. ഈ കേസിലെ പ്രധാനപ്പെട്ട സാക്ഷികളായ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും ഭീഷണിപ്പെടുത്താനുമാണ് ഇപ്പോഴത്തെ 'സ്ഥലംമാറ്റം.' ഞങ്ങളെ ചിതറിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളിലാക്കി മാറ്റുകയാണ് അവരുടെ ആവശ്യം. അത്തരം സാഹചര്യങ്ങളില്‍ വിചാരണാ ഘട്ടത്തില്‍ വേണ്ടവിധം കോടതിയില്‍ ഹാജരായി തെളിവുകള്‍ നല്‍കാന്‍ ഞങ്ങള്‍ അപ്രാപ്തരാകും. വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റപ്പെട്ടാല്‍ ഞങ്ങളുടെ ജീവിതഗതി തന്നെ എന്തായിത്തീരും എന്നത് പ്രവചിക്കാനാകാത്ത കാര്യമാണ്. ഫാ. കുര്യാക്കോസ് കാട്ടുതറയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നു. ഞങ്ങളെ എല്ലാവരേയും സമ്മര്‍ദ്ദത്തിലാക്കുക എന്ന തന്ത്രമാണ് സ്ഥലംമാറ്റ ഉത്തരവ്. സ്ഥലംമാറ്റം നടപ്പാവുകയാണെങ്കില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കില്ല; വൈകാരികമായും മാനസികമായും ഞങ്ങള്‍ തകര്‍ക്കപ്പെടും. ഞങ്ങളുടെ ജീവിതം തന്നെ അപകടത്തിലാകും. 

ഞങ്ങള്‍ താമസിക്കുന്ന കോണ്‍വെന്റിന്റെ പ്രാദേശിക അധികാരിയായ സിസ്റ്റര്‍ അനിത് കൂവാലൂര്‍ ഇപ്പോള്‍ത്തന്നെ മിക്കപ്പോഴും ചികിത്സ അടക്കമുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലുമുള്ള പണം അനുവദിക്കാറില്ല. ഞങ്ങള്‍ക്കു പോകാന്‍ മറ്റൊരിടവുമില്ല, മറ്റൊരു വരുമാനവുമില്ല. ഞങ്ങളെ കേരളത്തിനു പുറത്തേയ്ക്ക് അയച്ചുകഴിഞ്ഞാല്‍ അതു നിശ്ചയമായും നീതി നിര്‍വ്വഹണത്തെ ബാധിക്കുകയും നീതിയുക്തമായ വിചാരണ അസാധ്യമാവുകയും ചെയ്യും; നീതി നടപ്പാവുകയില്ല. 'ഇരയെ ഒറ്റക്കാക്കി മാറ്റി' അവരെ ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയുമാണ് അവരുടെ ലക്ഷ്യം. അത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് അവരുടെ ജീവനെത്തന്നെ അപകടത്തിലാക്കും. ഇരയേയും ഞങ്ങളേയും ഗവണ്‍മെന്റ് വക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാന്‍ പോവുകയാണെന്ന് 30.10.2018-ന് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെജീന പൊലീസിനു നല്‍കിയ കത്തില്‍ പറഞ്ഞത് ഞങ്ങളെക്കുറിച്ചുള്ള അവരുടെ മനോഭാവം പ്രകടമാക്കുന്നുണ്ട്. അവര്‍ ആഗ്രഹിക്കുന്ന വിധത്തിലേക്ക് കേസ് മാറ്റിത്തീര്‍ക്കാനുള്ള അവരുടെ ഉന്നത്തിനു ഞങ്ങളൊരിക്കലും വശംവദരാവുകയില്ലെന്നു മനസ്സിലാക്കി ഞങ്ങളെ അഗാധമായ മനപ്രയാസത്തിലും അതുവഴി ഭയത്തിലും ഉത്ക്കണ്ഠയിലുമാക്കാനാണ് ശ്രമിക്കുന്നത്. അധികാര കേന്ദ്രത്തിന്റേയും ബിഷപ്പ് ഫ്രാങ്കോയുടേയും കരുത്തിനോട് പൊരുതാന്‍ മതിയായ ശക്തിയും പ്രാപ്തിയുമില്ലെന്നു ഞങ്ങള്‍ സമ്മതിക്കുന്നു. 

ഈ സ്ഥിതിവിശേഷത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇരയ്‌ക്കൊപ്പം കോട്ടയം കുറവിലങ്ങാട്ടെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമില്‍ത്തന്നെ തുടര്‍ന്നും താമസിക്കാന്‍ കഴിയുമെന്ന് ഉറപ്പു വരുത്താന്‍ അങ്ങയുടെ ഇടപെടല്‍ ഉണ്ടാകണമെന്നു വിനീതമായി അപേക്ഷിക്കുന്നു. ഞങ്ങളുടെ സുരക്ഷ കൂടി പ്രത്യേകമായി കണക്കിലെടുത്ത് അധികം വൈകിപ്പിക്കാതെ കേസില്‍ കുറ്റപത്രം പൊലീസ് സമര്‍പ്പിക്കും എന്നാണ് പ്രതീക്ഷ. മേല്‍ വിവരിച്ച സാഹചര്യങ്ങളാല്‍ ഞങ്ങള്‍ക്കും ഇരയ്ക്കും നീതി ലഭ്യമാകുന്നതിനുവേണ്ടി ഇടപെടണമെന്ന് ഒരിക്കല്‍ക്കൂടി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്കു പോകാനും പിന്തുണ തേടാനും വേറൊരിടമില്ല. ആയതിനാല്‍ ഞങ്ങളോട് അനുകമ്പ ഉണ്ടാകണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com